സ്വാഗതം
WELCOME

News Update..

Thursday, January 17, 2013

ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് Madhyamam News Feeds

ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് Madhyamam News Feeds

Link to

ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക്

Posted: 17 Jan 2013 12:25 AM PST

Image: 

ന്യൂദല്‍ഹി: ഡീസല്‍ വില നിയന്ത്രണാധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മരന്തിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി എം.വീരപ്പമൊയ്ലിയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരമനുസരിച്ചായിരിക്കും ഇനി രാജ്യത്തെ ഡീസല്‍ വിലയെന്ന് അദ്ദേഹം പറഞ്ഞു. ഡീസലിന് ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് രൂപയുടെ വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ, ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഡീസലിന് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കുമെന്ന് റിപ്പോര്‍ട്ടുകളീണ്ടായിരുന്നു.

 

ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ

Posted: 17 Jan 2013 12:13 AM PST

Image: 

ന്യൂദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രി സഭ ശിപാര്‍ െചെയ്തു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സയ്യിദ് അഹമ്മദ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് ശിപാര്‍ശ.
കഴിഞ്ഞയാഴ്ച, ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) പിന്തുണ പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ഇതിനകം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിച്ചിരുന്നില്ല. മന്ത്രിസഭ രൂപവത്കരിക്കുന്നതുമായി ബബന്ധപ്പെട്ട്  കഴിഞ്ഞ ദിവസം ജെ.എം.എം നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പുതിയ സര്‍ക്കാര്‍ സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇീ സാഹചര്യത്തിലാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

 

അതിര്‍ത്തിയിലെ വെടിവെപ്പ്: മന്‍മോഹന്‍ - ഖുര്‍ശിദ് കൂടിക്കാഴ്ച ഇന്ന്

Posted: 16 Jan 2013 11:45 PM PST

Image: 

ന്യൂദല്‍ഹി: നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇന്ത്യക്കും പാകിസ്താനും ഇടയിലുണ്ടായിരുക്കുന്ന പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. ഹിനയുടെ ക്ഷണം സ്വീകരിക്കണമോ എന്ന വിഷയത്തിലാണ് ഖുര്‍ശിദ് മന്‍മോഹന്‍ സിങുമായി പ്രധാനമായും ചര്‍ച്ച നടത്തുക.
ചര്‍ച്ച നടത്താനുള്ള പാകിസ്താന്‍െറ ക്ഷണം ഇന്ത്യ സ്വീകരിക്കുമെന്നാണ് സൂചന. ചര്‍ച്ചയില്‍ പാകിസ്താന്‍ മുന്നോട്ട് വെക്കാന്‍ സാധ്യതയുള്ള വിഷയങ്ങളെക്കുറിച്ച് നയതന്ത്ര തലത്തില്‍ മുന്‍കൂട്ടി അറിയാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാല്‍, പ്രധാനമന്ത്രി തല ചര്‍ച്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നും സുചനയുണ്ട്. രണ്ട് ഇന്ത്യന്‍ സൈനികരെ അതിക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്ര വാര്‍ത്താ വിനമയ സഹമന്ത്രി മനീഷ് തിവാരി വ്യാഴാഴ്ച വ്യക്തമാക്കി. ഇന്ത്യയുടെ വികാരം പാകിസ്താന്‍ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനാകില്ല

Posted: 16 Jan 2013 11:38 PM PST

Image: 

ഇസ്ലാമാബാദ്: അഴിമതി കേസില്‍ കുറ്റാരോപിതനായ പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്റഫിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്ന് രാജ്യത്തെ അഴിമതി നിരോധ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി)തലവന്‍ സുപ്രീംകോടതിയെ അറിയിച്ചു.

രാജാ അശ്റഫിനെതിരായ പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ തെളിവില്ലെന്നും അതുകൊണ്ടുതന്നെ അറ്സ്റ്റ് സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് എന്‍.എ.ബി തലവന്‍ ഫസീഹ് ബുഖാരി കോടതിയെ അറിയിച്ചത്.
വൈദ്യുതി പദ്ധതികള്‍ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതാണ് രാജാ പര്‍വേസിനെതിരായ ആരോപണം. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, കേസന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന എന്‍.എ.ബി ആവശ്യത്തെ ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ ചൗധരി വിമര്‍ശിച്ചു. കേസ് വൈകുന്നേരം വീണ്ടും പരിഗണിക്കും.

 

സ്മാര്‍ട്ട്സിറ്റി: ദല്‍ഹി യോഗം നിര്‍ണായകം

Posted: 16 Jan 2013 11:37 PM PST

Image: 

 കൊച്ചി: സ്മാര്‍ട്ട്സിറ്റി നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍- ദുബൈ ടീകോം തര്‍ക്കം പരിഹരിച്ചെങ്കിലും വെള്ളിയാഴ്ച ദല്‍ഹിയില്‍ ചേരുന്ന സെസ് അപ്രൂവല്‍ ബോര്‍ഡ് യോഗം നിര്‍ണായകമാകും. നിര്‍മാണം നിശ്ചിതസമയത്ത് തുടങ്ങണമെങ്കില്‍ പദ്ധതി പ്രദേശത്തിന് ഒറ്റ സെസ് ലഭിക്കണമെന്ന ആവശ്യത്തില്‍ ടീകോം ഉറച്ചുനില്‍ക്കുന്നതിനാലാണിത്. ഒറ്റസെസ് ലഭിക്കാതെ നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിലുള്ള സാങ്കേതികത്വം ചൊവ്വാഴ്ച ദുബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ടീകോം ഉന്നയിച്ചിരുന്നു.
 ഒറ്റ സെസിനുള്ള അനുമതി വാങ്ങിക്കൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ടീകോമിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ടീകോമിന്‍െറ തലപ്പത്തുണ്ടായ മാറ്റത്തെ തുടര്‍ന്ന് നിര്‍മാണച്ചുമതല ടീകോമിന്‍െറ മാതൃസ്ഥാപനമായ ദുബൈ ഹോള്‍ഡിങ്ങിന് കൈമാറാനുള്ള നീക്കവും ശക്തമാണ്.  ഇത് അംഗീകരിക്കാനാവില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍  ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യന്‍ വ്യക്തമാക്കിയെങ്കിലും ചുമതല ദുബൈ ഹോള്‍ഡിങ്ങിന് നല്‍കണമെന്ന നിലപാടിലാണ് ടീകോം. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ദുബൈ ഹോള്‍ഡിങ്ങില്‍ നിന്നാകും.
 ദുബൈ ഹോള്‍ഡിങ്ങിന് ചുമതല കൈമാറുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ഉണ്ടായില്ലെങ്കിലും ടീകോം ഈ നിലയില്‍ നടപടികള്‍ നീക്കുന്നതായുള്ള സൂചനകള്‍ ഐ.ടി വകുപ്പ് നല്‍കി. ദുബൈ ഹോള്‍ഡിങ്ങിന്‍െറ ബിസിനസ് ഡെവലപ്മെന്‍റ് മേധാവിയായി ചുമതലയേറ്റ ടീകോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല ഇതുസംബന്ധിച്ച നിലപാട് വ്യവസായ മന്ത്രിയെയും ഐ.ടി സെക്രട്ടറിയെയും കഴിഞ്ഞ ദിവസം ധരിപ്പിച്ചിരുന്നു. ദുബൈ ഹോള്‍ഡിങ്ങിന് സ്മാര്‍ട്ട്സിറ്റിയുടെ ചുമതല കൈമാറിയാല്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണകളെല്ലാം തകിടം മറിയുമെന്നും പുതിയ കരാര്‍ ഉണ്ടാക്കേണ്ടിവരുമെന്നും ഐ.ടി അധികൃതര്‍ ടീകോമിനെ അറിയിച്ചുകഴിഞ്ഞു.
പദ്ധതിയുമായി തുടക്കത്തില്‍ സഹകരിക്കുന്നതിന് തയാറായിരുന്ന പല സ്ഥാപനങ്ങളും പിന്‍മാറിയതും ടീകോമിന് തിരിച്ചടിയായിട്ടുണ്ട്. പല ഐ.ടി സ്ഥാപനങ്ങളും ഇതിനകം തന്നെ കേരളത്തില്‍ ഓഫിസുകള്‍ തുറന്നതും പല സ്ഥാപനങ്ങളും പുതിയ ഓഫിസ് സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കുന്നതും സ്മാര്‍ട്ട്സിറ്റിയുടെ സാധ്യത ഇല്ലാതാക്കിയെന്നും ടീകോം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പദ്ധതി എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ടീകോമിന് കത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്.
ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യന്‍ സര്‍ക്കാറിന് വേണ്ടി ഒന്നിലേറെ  തവണ ഈ ആവശ്യമുന്നയിച്ച് ടീകോമിന് കത്ത് നല്‍കുകയും ചെയ്തു.
ദുബൈയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിലും സര്‍ക്കാറിന് അതൃപ്തിയുണ്ട്. നിര്‍മാണം ആരംഭിക്കുന്നില്ലെങ്കില്‍ കരാര്‍ റദ്ദാക്കി ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തെക്കുറിച്ചുപോലും ഉന്നതതലത്തില്‍ ആലോചന നടന്നിരുന്നു. പദ്ധതി വൈകിയതോടെയാണ് സര്‍ക്കാറും ടീകോമും തമ്മിലുള്ള ബന്ധം വഷളായത്.

എയര്‍ കേരള: തടസ്സങ്ങള്‍ നീക്കും -കുഞ്ഞാലിക്കുട്ടി

Posted: 16 Jan 2013 10:16 PM PST

Image: 

ദുബൈ: ഗള്‍ഫ് മേഖലയിലുള്ളവരുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിച്ച എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതിനുള്ള തടസ്സങ്ങള്‍ തട്ടിമാറ്റുമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എയര്‍ കേരളയുടെ കാര്യത്തില്‍ കേരള സര്‍ക്കാറിന് നിശ്ചയദാര്‍ഢ്യമുണ്ടെന്നും അദ്ദേഹം ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എയര്‍ കേരള പദ്ധതി ആവിഷ്കരിക്കുമ്പോള്‍ തന്നെ അതിന്‍െറ സാക്ഷാത്കാരത്തിന് നിരവധി പ്രയാസങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. വ്യോമയാന നിയമ പ്രകാരം ചുരുങ്ങിയത് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ള ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ വിദേശ സര്‍വീസിന് അനുമതി ലഭിക്കുകയുള്ളൂ. ഈ നിബന്ധനയില്‍ എയര്‍ കേരളക്ക് ഇളവ് ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും ആദ്യ ഘട്ടത്തില്‍ കുറച്ചുകാലമെങ്കിലും ആഭ്യന്തര സര്‍വീസ് നടത്തിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിമാന കമ്പനി തുടങ്ങാന്‍ രംഗത്തുവരുന്നത് ആദ്യമാണ്. ഏപ്രിലില്‍ എയര്‍ കേരള സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത് അദ്ദേഹത്തിന്‍െറ ആത്മാര്‍ഥത കൊണ്ടാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഏറെ താല്‍പര്യമുണ്ട്. അതേസമയം, പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലേക്ക് കൂടുതല്‍ ബജറ്റ് എയര്‍ലൈനുകള്‍ക്ക് സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം. ഇതിനുവേണ്ടി ശ്രമിക്കും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

മത്രയില്‍ അഗ്നിബാധ; ആറ് ഫ്ളാറ്റുകള്‍ കത്തി

Posted: 16 Jan 2013 10:08 PM PST

Image: 

മസ്കത്ത്: മത്ര സൂഖിലെ പഴയ ബഹുനില കെട്ടിടമായ താലിബ് ബിള്‍ഡിങില്‍ അഗ്നിബാധ. രാജസ്ഥാന്‍ സ്വദേശി യൂനുസിന് പൊള്ളലേറ്റു. പുകശ്വസിച്ച് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഏഴരക്ക് ആരംഭിച്ച തീപ്പിടുത്തം രാത്രി വൈകിയും പൂര്‍ണമായി അണക്കാനായിട്ടില്ല. രണ്ടും മൂന്നും നിലകളിലെ ആറ് ഫ്ളാറ്റുകള്‍ കത്തിനശിച്ചു. മൂന്നാം നിലയിലെ മധ്യഭാഗത്തെ മുറിയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. നിമിഷങ്ങള്‍ക്കകം തീ മറ്റു ഭാഗങ്ങളിലേക്ക് ആളി പടര്‍ന്നുവെന്ന് സ്ഥലവാസികള്‍ പറയുന്നു. മൂന്നാം നിലയിലെ ആറ് ഫ്ളാറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. കെട്ടിടത്തിന്‍െറ പഴക്കവും പഴയ ഫര്‍ണിച്ചറുകളും തീ ആളിപ്പടരാന്‍ കാരണമായി. സിലിണ്ടുറുകളും മറ്റും ഇലക്ട്രിക് ഉപകരണങ്ങളും പൊട്ടിതെറിക്കുന്നത് കേള്‍ക്കാമായിരുന്നു. കെട്ടിടത്തിലെ മറ്റ്  മറ്റ് റൂമുകളിലുള്ള താമസക്കാര്‍ ചാടി പുറത്ത് പോയത് കാരണം വന്‍ ദുരന്തം ഒഴിവായി.
അഗ്നി ശമനസേന കുതിച്ചെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനം  തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനും കെട്ടിടത്തിന് മുകളില്‍ കുടുങ്ങിപോയ രണ്ട് പേരെ രക്ഷപ്പെടുത്താനും സഹായകമായി. കെട്ടിടത്തിന്‍െറ മുകളില്‍ കുടുങ്ങിപോയ രണ്ട് പേരെ അഗ്നിശമന സേനയുടെ ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. കെട്ടിടത്തില്‍ താമസിക്കുന്ന ബംഗ്ളാദേശ് സ്വദേശികളുടെ ഉടുതുണിയടക്കമുള്ളതെല്ലാം കത്തി നശിച്ചു.വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളുമടക്കം നിരവധി വസ്തുക്കള്‍ കത്തി നശിച്ചതിനാല്‍ താമസക്കാര്‍ക്ക് വന്‍ നാശനഷ്ടമുണ്ടായി.
താമസസ്ഥലത്ത് നിന്ന് സാധനങ്ങള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കവെയാണ് യൂനുസിന് പൊള്ളലേറ്റത്. പുകശ്വസിച്ച ഇദ്ദേഹത്തിന് ശ്വാസ തടസ്സവും അനുഭവപ്പെട്ടിരുന്നു.
കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ 15 ലധികം കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെ അഗ്നിബാധിച്ചില്ല. മത്ര നഗരത്തിലെ ഏറ്റവും പഴയ ബഹുനില കെട്ടിടമായ താലി്ബ് ബിള്‍ഡിങ് 1960 ല്‍ നിര്‍മിച്ചതാണെന്ന് മുന്‍ കാല താമസക്കാര്‍ പറയുന്നു.

ചെക്ക് തട്ടിപ്പ്: കൂടുതല്‍ വ്യാപാരികള്‍ പരാതിയുമായി രംഗത്ത്

Posted: 16 Jan 2013 09:58 PM PST

Image: 

മനാമ: സാധനങ്ങള്‍ വാങ്ങി ചെക്ക് നല്‍കി വഞ്ചിക്കുന്ന സംഘത്തിനെതിരെ പരാതിയുമായി നിരവധി വ്യാപാരികള്‍ രംഗത്ത് എത്തി. ഇത്തരം സംഘങ്ങള്‍ ബഹ്റൈനില്‍ വിലസുന്നതായ ഇന്നലത്തെ ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്തയെ തുടര്‍ന്നാണ് ചെക്ക് വാങ്ങിവെച്ച നിരവധി വ്യാപാരികള്‍ ഈ സംഘത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 10000 ദിനാറിന് മുകളില്‍ വിലവരുന്ന സാധനങ്ങള്‍ നല്‍കി ചെക്ക് വാങ്ങി വെച്ചവരും കൂട്ടത്തിലുണ്ട്. മിക്ക വ്യാപാരികള്‍ക്കും ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവും തീയിതിയിട്ടാണ് ചെക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, ചെറിയ തുകക്ക് ചെക്ക് നല്‍കിയവര്‍ക്ക് അക്കൗണ്ടില്‍നിന്ന് പണം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ വിശ്വാസം ആര്‍ജിച്ച ശേഷം പിന്നീട് വലിയ സംഖ്യക്ക് സാധനങ്ങള്‍ വാങ്ങി ചെക്ക് നല്‍കി മുങ്ങുന്ന രീതിയാണ് ഒമാനിലും ഖത്തറിലും കുവൈത്തിലുമെല്ലാം തട്ടിപ്പു സംഘങ്ങള്‍ നടത്തിയത്. ഇതേ രീതിതന്നെ പിന്തുടരാനാണ് ഇവിടെയും പദ്ധയിട്ടതെന്നാണ് വ്യാപാരികളുടെ ആശങ്ക.
അടുത്ത കാലത്ത് ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികളെക്കുറിച്ചാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. ചെറുകിട കച്ചവടക്കാരില്‍നിന്നുവരെ ഹോള്‍സെയിലായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണിവര്‍. ഇറാഖിലേക്കും കുവൈത്തിലേക്കും കയറ്റി അയക്കാനാണെന്നാണ് പറയുന്നത്. ഫര്‍ണിച്ചറുകള്‍, വാച്ചുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ലെതര്‍ ഗ്ളൗസ്, ലാപ്ടോപ് തുടങ്ങി എന്ത് സാധനങ്ങളും ഇവര്‍ വാങ്ങുന്നുണ്ട്. ഇവരുടെ രണ്ട് ഗോഡൗണുകളില്‍ സൂക്ഷിച്ചാണ് സാധനങ്ങള്‍ മറിച്ചു വില്‍ക്കുന്നത്. പുറത്തേക്ക് കയറ്റി അയച്ച് വില്‍പന നടത്തുന്നതിന് പുറമെ ചില സാധനങ്ങള്‍ ബഹ്റൈന്‍ മാര്‍ക്കറ്റിലും വില്‍ക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം സല്‍മാനിയയിലെ ഒരു സ്റ്റോറില്‍ ബള്‍ക്കായി എനര്‍ജി ഡ്രിങ്കുകള്‍ ഇറക്കുത് ഒരു വിതരണക്കാരന്‍െറ ശ്രദ്ധയില്‍പെട്ടു. ഇത് എവിടുന്നാണ് ഇറക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് വിതരണക്കാരന്‍ വില ചോദിച്ചു. ഇദ്ദേഹം 4.100ന് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന എനര്‍ജി ഡ്രിങ്ക് 3.800നാണ് ഇറക്കിക്കൊടുക്കുന്നതെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തന്‍െറ സെയില്‍സ് എക്സിക്യൂട്ടീവുമാരെ വിളിക്ക് കാര്യം അന്വേഷിച്ചു. മറ്റൊരു ഡീലര്‍ മുഖേനയാണ് ഇപ്പോള്‍ സംശയത്തില്‍ നില്‍ക്കുന്ന കമ്പനിക്ക് എനര്‍ജി ഡ്രിങ്കുകള്‍ ലഭിച്ചതെന്ന് മനസ്സിലായി. ഡീലറില്‍നിന്ന് യഥാര്‍ഥ നിരക്കില്‍ തന്നെയാണ് ഇവര്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങിയിരിക്കുന്നത്. ഇവര്‍ക്കും ചെക്കാണ് നല്‍കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുപോലെ കഴിഞ്ഞ ദിവസം ഒരു ബില്‍ഡിങ് മെറ്റീരിയല്‍ ഷോപ്പില്‍ ഹോള്‍സെയില്‍ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ‘അര്‍ജന്‍റ് ഗ്ളൂ’ വില്‍ക്കാന്‍ കൊണ്ടുവന്നിരുന്നു. വാങ്ങിയ വിലയേക്കാള്‍ കുറച്ച് മാര്‍ക്കറ്റില്‍ വിതരണം ചെയ്യുന്നതില്‍നിന്നുതന്നെ ഇതിനു പിന്നില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്മാണ്. ഹോള്‍സെയില്‍ വിലയേക്കാള്‍ വില കുറച്ച് കൊണ്ടുവരുന്ന ഇത്തരം സാധനങ്ങള്‍ വാങ്ങിയാല്‍ ഭാവിയില്‍ കേസില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപാരികള്‍ ഇത്തരം സാധനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മനാമയിലെ ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍നിന്ന് ഒരു കമ്പനി 1.2 ലക്ഷം ദിനാറിന്‍െറ ക്വട്ടേഷനാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍, പി.ഡി.സി ചെക്ക് സ്വീകാര്യമല്ലെന്നും ബാങ്ക് ഗ്യാരണ്ടി നല്‍കുകയോ എല്‍.സി ഓപണ്‍ ചെയ്യുകയോ വേണമെന്നും പറഞ്ഞതിനാല്‍ ഇവരുടെ ഷോപ്പില്‍നിന്ന് സാധനങ്ങള്‍ എടുത്തിട്ടില്ല. അടുത്ത കാലത്ത് സ്ഥാപിതമായ ട്രേഡിങ് കമ്പനി ലക്ഷങ്ങളുടെ സാധനങ്ങള്‍ വാങ്ങി മാര്‍ക്കറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന ചോദ്യം പ്രസക്തമാണ്. ഇങ്ങനെ ചിന്തിച്ച് സാധനങ്ങള്‍ നല്‍കാതിരുന്ന വ്യാപാരികള്‍ ആശ്വസിക്കുകയാണിപ്പോള്‍. അതേസമയം, ഇതിനകം ചെക്ക് വാങ്ങിയ ചിലര്‍ കമ്പനിക്ക് നല്‍കിയ സാധനങ്ങള്‍ തിരിച്ചു വാങ്ങാനും ശ്രമം നടത്തുന്നുണ്ട്. ഇവയില്‍ പലതും ഇതിനകം മറിച്ചു വിറ്റാതായാണ് അറിയുന്നത്. ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്തയെ തുടര്‍ന്ന് ചില വ്യാപാരികള്‍ ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ എത്തി ഫസ്റ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, പ്രവര്‍ത്തകരായ സുബൈര്‍ കണ്ണൂര്‍, നാസര്‍ മഞ്ചേരി, ബഷീര്‍ അമ്പലായി എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
 

കേരള എന്‍ട്രന്‍സ് ഏപ്രില്‍ 22 മുതല്‍ 25 വരെ

Posted: 16 Jan 2013 09:57 PM PST

Image: 

2013ലെ കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശ പരീക്ഷ ഏപ്രില്‍ 22, 23 തീയതികളില്‍ നടക്കും. ഏപ്രില്‍ 22ന് ഫിസിക്സ്, കെമിസ്ട്രി (പേപ്പര്‍ ഒന്ന്), ഏപ്രില്‍ 23ന് മാത്തമാറ്റിക്സ് (പേപ്പര്‍ രണ്ട്).
മെഡിക്കല്‍ പ്രവേശ പരീക്ഷ ഏപ്രില്‍ 24, 25 തീയതികളിലാണ്. കെമിസ്ട്രി ,ഫിസിക്സ് (പേപ്പര്‍ ഒന്ന്) ഏപ്രില്‍ 24ന് നടക്കും. 25നാണ് ബയോളജി (പേപ്പര്‍ രണ്ട്). എല്ലാ പരീക്ഷകളും രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. കൂടാതെ, ന്യൂദല്‍ഹിയും ദുബൈയും പരീക്ഷാ കേന്ദ്രങ്ങളാണ്. ദുബൈ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍, സെന്‍റര്‍ ഫീസായി  10,000 രൂപ അടക്കണം.
ഓരോ പേപ്പറിലും 120 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. എന്‍ജിനീയറിങ്ങിന്‍െറ പേപ്പര്‍ ഒന്നില്‍ ഫിസിക്സില്‍നിന്ന് 72ഉം കെമിസ്ട്രിയില്‍നിന്ന് 48ഉം ചോദ്യങ്ങളുണ്ടാകും. മെഡിക്കല്‍ പേപ്പര്‍ ഒന്നില്‍ കെമിസ്ട്രിയില്‍നിന്ന് 72ഉം ഫിസിക്സില്‍നിന്ന് 48ഉം ചോദ്യങ്ങള്‍ ചോദിക്കും.
ഓപ്ടിക്കല്‍ മാര്‍ക്ക് റീഡിങ് (OMR) ഉത്തരക്കടലാസില്‍ നീല അല്ലെങ്കില്‍ കറുത്ത മഷിയുള്ള ബോള്‍ പോയന്‍റ് പേനയുപയോഗിച്ച് പൂര്‍ണമായും കറുപ്പിച്ചാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. പേന ഉപയോഗിച്ച് ഉത്തരം രേഖപ്പെടുത്തുന്നതിനാല്‍ തിരുത്താനാവില്ല. അതിനാല്‍ ആലോചിച്ച് ഉറപ്പാക്കിയശേഷം മാത്രമേ ഉത്തരം രേഖപ്പെടുത്താവൂ. ശരിയുത്തരത്തിന് നാലു മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റാണെങ്കില്‍ ഒരു മാര്‍ക്ക് നഷ്ടമാകും. ഓരോ പേപ്പറിന്‍െറയും പരമാവധി മാര്‍ക്ക് 480 ആയിരിക്കും. ഓരോ പേപ്പറിലും 10 മാര്‍ക്കെങ്കിലും ലഭിച്ചാലേ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കുകയുള്ളൂ.  പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് ഈ മിനിമം മാര്‍ക്ക് വ്യവസ്ഥ ബാധകമല്ല.
കേരളത്തിലെ 2013ലെ മെഡിക്കല്‍ പ്രവേശന പരീക്ഷ, എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകള്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശത്തിന് റാങ്ക് പട്ടിക തയാറാക്കുന്നത് ദേശീയ തലത്തില്‍ നടത്തുന്ന ‘നീറ്റ്’ ഫലം അടിസ്ഥാനമാക്കിയാണ്.
എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ യോഗ്യതാ പരീക്ഷയുടെ മൂന്ന് വിഷയങ്ങളുടെ 12ാം ക്ളാസ് പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിക്കും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് 12ാം ക്ളാസില്‍ ലഭിച്ച മാര്‍ക്ക് ഓരോന്നും 100ലേക്ക് മാറ്റി പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ പ്രകാരം സമീകരിച്ച് മൊത്തത്തില്‍ 300ല്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും യോഗ്യതാ പരീക്ഷയുടെ മാര്‍ക്കായി പരിഗണിക്കുക. പ്രവേശ പരീക്ഷയില്‍ രണ്ട് പേപ്പറിനുംകൂടി 960ല്‍ ലഭിക്കുന്ന മാര്‍ക്ക് 300ലേക്ക് മാറ്റും. ഈ രണ്ട് മാര്‍ക്കുംകൂടി (പ്രവേശ പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും 300ലുള്ള മാര്‍ക്ക്) കൂടി , മൊത്തത്തില്‍ 600ല്‍ ഉള്ള മാര്‍ക്ക് പരിഗണിച്ചാവും എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക. മെഡിക്കല്‍പ്രവേശ പരീക്ഷയുടെ രണ്ടു പേപ്പറിന്‍െറയും മൊത്തം മാര്‍ക്ക് പരിഗണിച്ചായിരിക്കും എം.ബി.ബി.എസ്/ബി.ഡി.എസ്  ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകളിലെ പ്രവേശത്തിനുള്ള റാങ്ക് തീരുമാനിക്കുക.

ആര്‍കിടെക്ചര്‍
പ്രവേശത്തിന് NATA

ബി.ആര്‍ക് പ്രവേശം ആഗ്രഹിക്കുന്നവര്‍  കേരള എന്‍ട്രന്‍സിന് അപേക്ഷ നല്‍കണം. കൂടാതെ, അവര്‍ NATA അഭിമുഖീകരിച്ച് യോഗ്യത നേടണം. കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ചര്‍ നടത്തുന്ന ആര്‍കിടെക്ചര്‍ അഭിരുചി പരീക്ഷയാണ് നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ (NATA). www.nata.in എന്ന സൈറ്റില്‍ ഇതിന്‍െറ വിശദാംശങ്ങള്‍ ലഭിക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും NATA സ്കോറും പരിഗണിച്ചാണ് ആര്‍കിടെക്ചര്‍ റാങ്ക് പട്ടിക പ്രവേശ പരീക്ഷാ കമീഷണര്‍ തയാറാക്കുക.

KEAM: ഈ വര്‍ഷത്തെ സവിശേഷതകള്‍

ഈ വര്‍ഷത്തെ പ്രഫഷനല്‍ കോഴ്സ് പ്രവേശത്തില്‍ നിരവധി സവിശേഷതകളുണ്ട്.
പ്രവേശപരീക്ഷാ കമീഷണര്‍ ഈ വര്‍ഷം നടത്തുന്ന മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ പരിധിയില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് എന്നീ കോഴ്സുകള്‍ ഉള്‍പ്പെടുന്നില്ല. സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ കേരളത്തിനുവേണ്ടി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം. പക്ഷേ, KEAM വഴി ഇവര്‍ അപേക്ഷിക്കണം. സമയപരിധി ഫെബ്രുവരി എട്ട്.

കേരളീയന്‍ എന്ന ആനുകൂല്യം ലഭിക്കാന്‍ അപേക്ഷാര്‍ഥിയോ അപേക്ഷാര്‍ഥിയുടെ അച്ഛനോ അമ്മയോ കേരളത്തില്‍ ജനിച്ചിരിക്കണം. എട്ട് മുതല്‍ 12 വരെ ക്ളാസുകളില്‍ കേരളത്തില്‍ പഠിച്ചതിന്‍െറ അടിസ്ഥാനത്തിലും കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ അഞ്ചു വര്‍ഷമെങ്കിലും കേരളത്തില്‍ താമസിച്ചതിന്‍െറ അടിസ്ഥാനത്തിലും ഇത്തവണ ‘കേരളീയന്‍’ എന്ന പരിഗണന ലഭിക്കുന്നതല്ല.

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് സ്പെഷല്‍ റിസര്‍വേഷന്‍ സീറ്റുകളില്‍ പ്രവേശത്തിനായി പരിഗണിക്കണമെങ്കില്‍ അവര്‍ നീറ്റ്-യു.ജി 2013ന്‍െറ കേരള റാങ്ക് പട്ടികയില്‍ സ്ഥാനം നേടിയിരിക്കണം. അതിനാല്‍ ആയുര്‍വേദ ഡിഗ്രി/ഡിപ്ളോമക്കാര്‍,ഹോമിയോപ്പതി/ഡിപ്ളോമക്കാര്‍, സര്‍വീസിലുള്ള നഴ്സുമാര്‍ എന്നിവരും മറ്റു വിഭാഗക്കാരും എം.ബി.ബി.എസ്,ബി.ഡി.എസ് വിശേഷാല്‍ സംവരണ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ അവര്‍  നീറ്റ്-യു.ജി 2013 എഴുതി കേരളത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടണം. അതിലെ റാങ്ക് എത്രതന്നെയായാലും പ്രവേശത്തിന് അര്‍ഹതയുണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍  നിശ്ചിത റാങ്ക് പരിധിയില്‍ ഉള്‍പ്പെടുന്നവരെ മാത്രമേ പ്രവേശത്തിന് പരിഗണിക്കുമായിരുന്നുള്ളൂ.

രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ അവസാന അലോട്ടുമെന്‍റില്‍ അനുവദിച്ച സീറ്റ് സ്വീകരിക്കാതിരുന്നാല്‍, എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റാണെങ്കില്‍ 10 ലക്ഷം രൂപയും മറ്റ് കോഴ്സുകളിലെ സീറ്റാണെങ്കില്‍ അമ്പതിനായിരം രൂപയും പിഴ നല്‍കേണ്ടിവരും. വരുമാനപരിധി, സംവരണ ആനുകൂല്യം, നേറ്റിവിറ്റി എന്നിവ പരിഗണിച്ച് ഇതില്‍ ഒരു ഇളവും അനുവദിക്കുന്നതല്ല.

സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലും പ്രവേശ പരീക്ഷാ കമീഷണറുടെ അലോട്ടുമെന്‍റ് വഴി പ്രവേശം നേടുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍/ഡെന്‍റല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലും പ്രവേശം നേടിയവര്‍, പ്രവേശ നടപടികള്‍ പൂര്‍ത്തിയായശേഷം ആ വര്‍ഷം പഠനം തുടരാതിരിക്കുന്നപക്ഷം പത്തു ലക്ഷം രൂപ, ലിക്വിഡേറ്റഡ് ഡാമേജായി നല്‍കേണ്ടിവരും. പരമാവധി രണ്ടു വര്‍ഷത്തേക്ക് ഇവര്‍ക്ക് പ്രവേശ പരീക്ഷാ കമീഷണറുടെ അലോട്ട്മെന്‍റിലും പ്രവേശ പ്രക്രിയയിലും പങ്കെടുക്കുന്നതില്‍ വിലക്കു കല്‍പിക്കുകയും ചെയ്യും.

റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ യോഗ്യതാ പരീക്ഷയില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ 12ാം ക്ളാസില്‍ ബോര്‍ഡ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കുകൂടി പരിഗണിക്കും. ഈ മാര്‍ക്കുകള്‍ ഓരോന്നും നൂറിലാക്കി, സമീകരണത്തിന് വിധേയമാക്കി പരിഗണിക്കും. ഈ പ്രക്രിയയില്‍ globen mean, global standard deviation എന്നിവ കണക്കാക്കാന്‍ 2009 മുതല്‍ 2013 വരെയുള്ള ബന്ധപ്പെട്ട വിവരങ്ങളായിരിക്കും പരിഗണിക്കുക.

എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശത്തിന് മാത്രമായി ഒരു പ്രത്യേക കേന്ദ്രീകൃത അലോട്ടുമെന്‍റ് പ്രക്രിയ ഉണ്ടായിരിക്കും. നീറ്റ് 2013 ന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന കേരളത്തിനുവേണ്ടിയുള്ള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ഈ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്തുക.

എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

Posted: 16 Jan 2013 09:44 PM PST

Image: 

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ആറ് ബോയിങ് 787 ഡ്രീം ലൈനര്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്. വിവിധ രാജ്യങ്ങളിലായി ഇത്തരത്തിലുള്ള 50 വിമാനങ്ങള്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനസ്ട്രേഷന്‍ വിതരണം ചെയ്തിരുന്നു. സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ വിമാനങ്ങളുടെയെല്ലാം സര്‍വ്വീസ് നിര്‍ത്താലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
സാങ്കേതിക തകരാറുകള്‍ കാരണം ബുധനാഴ്ച ജപ്പാനില്‍ രണ്ട് എയര്‍ലൈന്‍സുകളുടെ 24 വിമാനങ്ങള്‍ സര്‍വ്വീസ് അവസാനിപ്പിച്ച് അടിയന്തിരമായി നിലത്തിറക്കിയിരുന്നു. ആള്‍ നിപ്പോണ്‍ എയര്‍വേയ്സ്, ജപ്പാന്‍ എയര്‍ലൈന്‍സ് എന്നിവയുടെ വിമാനങ്ങളാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്.
അതേസമയം, ഡ്രീംലൈനര്‍ വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നത് പ്രധാന സര്‍വ്വീസുകളെ ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP