സ്വാഗതം
WELCOME

News Update..

Friday, February 1, 2013

ദേശീയ സ്കൂള്‍ മീറ്റ്: കേരളം കുതിക്കുന്നു Madhyamam News Feeds

ദേശീയ സ്കൂള്‍ മീറ്റ്: കേരളം കുതിക്കുന്നു Madhyamam News Feeds

Link to

ദേശീയ സ്കൂള്‍ മീറ്റ്: കേരളം കുതിക്കുന്നു

Posted: 31 Jan 2013 11:28 PM PST

ഇറ്റാവ: ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് വീണ്ടും  സ്വര്‍ണനേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തില്‍ കേരളത്തിന്റെതാരം എ.എം ബിന്‍സിയും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാസിമുദ്ദീനും സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി.എസ് ആര്യ സ്വര്‍ണ്ണവും പി.മെര്‍ലിന്‍  വെള്ളിയും നേടി.
5000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെതന്നെ അക്ഷയക്കാണ് വെള്ളി. മേളയില്‍ ഇതുവരെയായി കേരളം 21 സ്വര്‍ണവുമായി  ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര എട്ടു സ്വര്‍ണവുമായി പിറകിലാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ കായികമേളയില്‍ കേരളം 26 സ്വര്‍ണം നേടിയിരുന്നു.

സൂപ്പര്‍സ്റ്റാറുകള്‍ക്കു ശേഷം വരുന്നു ഗായകന്‍ ദുല്‍ഖര്‍

Posted: 31 Jan 2013 10:41 PM PST

Image: 

 

സിനിമാ നടന്‍മാര്‍ പാട്ട്പാടുന്നത് മലയാളത്തില്‍ പുതിയ വാര്‍ത്തയല്ല. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പല ചിത്രങ്ങളിലും പാടി ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍്റെ ‘ആറ്റുമണല്‍പായയില്‍’ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. അതില്‍ ശ്രദ്ധേയമായവയും അല്ലാത്തവയുമുണ്ട്. എന്നാല്‍ മലയാളത്തിലെ ഒരു മെഗാസ്റ്റാറിന്‍്റെ മകന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനം കവരുന്ന വേളയില്‍ത്തന്നെ പാടുന്നത് ഒരു പുതിയ പുതുമയുള്ള വാര്‍ത്തയാണ്; അതായത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ പാടുന്നു. 
അടുത്തകാലത്ത് വമ്പന്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകന്‍ ഗോപീസുന്ദറാണ് ദുല്‍ഖറെക്കൊണ്ട് പാടിക്കുന്നത്. നടീ നടന്‍മാരെക്കൊണ്ട്  പാടിക്കുന്നത് ഗോപീസുന്ദറിന് പുതുമയല്ല. മമ്താ മോഹന്‍ദാസിനെക്കൊണ്ട് അന്‍വര്‍ എന്ന ചിത്രത്തില്‍ പാടിച്ച ഗാനം ശ്രദ്ധേയമായിരുന്നു. യുവതലമുറയിലെ ശ്രദ്ധേയനായ നടന്‍ പ്രൃഥിരാജിനെക്കൊണ്ട് രണ്ട് പാട്ടുകള്‍ ഗോപി സുന്ദര്‍ പാടിച്ചു. 
വെറുതെയല്ല മമ്മൂട്ടിയുടെ മകനെ സംഗീതസംവിധായകന്‍ സെലക്ട് ചെയ്തത്; ദുല്‍ഖറിന്‍്റെ ശ്രദ്ധേയമായ ചിത്രം ഉസ്താദ് ഹോട്ടലില്‍ ‘സുബ്ഹാനള്ളല്ലാ....’എന്ന ഗാനത്തിന് മൂമ്പുള്ള ദുല്‍ഖറിന്‍്റെ ‘ഇസ് ദുനിയാ മേം’ എന്ന് തുടങ്ങുന്ന ഹിന്ദി ഡയലോഗാണ് സംഗീസംവിധായകനെ ഞെട്ടിച്ചത്. ശബദ്ത്തിന്‍്റെ മനോഹാരിത അദ്ദേഹം ശ്രദ്ധച്ചതപ്പോഴാണ്. അപ്പോഴേ തീരുമാനിച്ചതാണ് പാടിക്കണമെന്ന്. പ്രതീക്ഷിച്ചതുപോലെ പാടി എല്ലാവരെയും ദുല്‍ഖര്‍ ഞെട്ടിച്ചെന്നാണ് വാര്‍ത്തകള്‍. ‘എ.ബി.സി.ഡി (അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)’ എന്ന ന്യൂ ജനറേഷന്‍ ചിത്രത്തിനുവേണ്ടിയാണ് ദുല്‍ഖര്‍ പാടുന്നത്. മറ്റൊരു സ്റ്റാര്‍ ഹിറ്റിന് കാത്തിരിക്കുകയാണ് മമ്മൂട്ടി-ദുല്‍ഖര്‍ ആരാധകര്‍.  
features: 
Facebook

ലോക്പാല്‍ ഭേദഗതി ബില്ലിന് കിരണ്‍ ബേദിയുടെ പിന്തുണ

Posted: 31 Jan 2013 10:31 PM PST

Image: 

ന്യൂദല്‍ഹി: കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ലോക്പാല്‍ ഭേദഗതി ബില്ലിനെ പിന്തുണച്ച് മുന്‍ ഐ.പി.എസ് ഓഫീസറും അഴിമതി വിരുദ്ധ പ്രവര്‍ത്തകയുമായ കിരണ്‍ ബേദി രംഗത്തെത്തി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ബില്ലിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയത്. തന്നെപ്പോലുള്ള അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയതായി അവര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ, ബില്ലിനെതിരെ അണ്ണാ ഹസാരെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യസഭാ സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ടുള്ള ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസാരെ പ്രഖ്യാപിച്ചിരുന്നു.
സെലക്ട് കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി സഭ ബില്ലിന് അംഗീകാരം നല്‍കിയത്. പുതുക്കിയ ലോക്പാല്‍ ബില്‍ പാര്‍ലമെന്‍്റിന്റെബജറ്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.
 

ചൈനയിലെ ദേശീയപാതയില്‍ സ്ഫോടനം: പാലം തകര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടു

Posted: 31 Jan 2013 10:19 PM PST

Image: 

ബെയ്ജിംങ്: ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ദേശീയപാതയില്‍  പടക്കനിര്‍മ്മാണത്തിനുള്ള സ്ഫോടകവസ്തുക്കള്‍  നിറച്ച ലോറി പൊട്ടിത്തെറിച്ച് 26 പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു.

 ദേശീയപാതയിലെ പാലത്തിലൂടെ ഓടിക്കൊണ്ടിരുന്ന  ലോറി   പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ എക് സ്പ്രസ് വേ പാലം 80 മീറ്റര്‍ നീളത്തില്‍ തകരുകയും പാലത്തിലൂടെ  ഓടിക്കൊണ്ടിരുന്ന നിരവധി വാഹനങ്ങള്‍ താഴെ വീഴുകയും ചെയ്തു.  
ചൈനയിലെ ഏറ്റവും വലിയ റോഡായ ജി30 എക്സ്പ്രസ്വേയിലെ പാലമാണ് തകര്‍ന്നത്.
ഫെബ്രുവരി 10 വരെ നീണ്ടു നില്‍ക്കുന്ന പുതുവര്‍ഷ ആഘോഷങ്ങള്‍ക്കുവേണ്ടിയാണ് ചൈനയില്‍ കൂടുതലായി പടക്കങ്ങള്‍ നിര്‍മ്മിക്കാറുള്ളത്.

 

നഗരത്തിലെ മൂന്ന് മണ്ഡലങ്ങളിലും മാലിന്യപ്ളാന്‍റുകള്‍

Posted: 31 Jan 2013 10:17 PM PST

തിരുവനന്തപുരം. ചാലക്ക് പുറമെ നഗരത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്കരണ പ്ളാന്‍റുകള്‍ക്കുള്ള സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണ. കക്ഷി നേതാക്കളും മറ്റും ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളില്‍ യോജ്യമായവ കണ്ടെത്താന്‍ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി. ഉള്ളൂര്‍ മാര്‍ക്കറ്റില്‍ പ്ളാന്‍റ് സ്ഥാപിച്ച് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മാലിന്യം സംസ്കരിക്കാനും ധാരണയായി. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, വി.എസ്. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
നേമം നിയോജക മണ്ഡലത്തില്‍ പൂജപ്പുര ജയില്‍വളപ്പ്, പാപ്പനംകോട് എന്‍ജിനീയറിങ് കോളജിന് എതിര്‍വശം, നെടുങ്കാട് കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥലം എന്നിവയിലേതെങ്കിലും ഒരിടത്ത് സ്ഥാപിക്കാനാണ് തീരുമാനം.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുടപ്പനക്കുന്നിലെ മൃഗസംരക്ഷണ വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലവും പി.ടി.പി നഗര്‍, മലമുകള്‍ എന്നിവയും നിര്‍ദേശമായി വന്നു. കഴക്കൂട്ടത്ത് ശ്രീകാര്യത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രം, ആനയറ മാര്‍ക്കറ്റ്, കാര്യവട്ടം കാമ്പസ് എന്നീ സ്ഥലങ്ങളാണ് നിര്‍ദേശിച്ചത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന, ഗ്യാസിഫിക്കേഷന്‍ രീതിയില്‍ മാലിന്യം സംസ്കരിക്കുന്ന ചാല മോഡല്‍ പ്ളാന്‍റുകളാണ് സ്ഥാപിക്കുകയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. വട്ടിയൂര്‍ക്കാവില്‍ പ്ളാന്‍റ് സ്ഥാപിക്കാന്‍ പി.ടി.പി നഗര്‍, കുടപ്പനക്കുന്ന് പ്രദേശങ്ങള്‍ യോജ്യമാണെന്ന് സ്ഥലം എം.എല്‍.എ കൂടിയായ കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. നേമം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലങ്ങളില്‍ നിന്ന് ജനപ്രതിനിധികളും റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തപ്പോള്‍ കഴക്കൂട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സംബന്ധിച്ചത്.മേയര്‍ കെ.ചന്ദ്രിക, എം.എല്‍.എമാരായ വി.ശിവന്‍കുട്ടി, കെ. മുരളീധരന്‍, എം.എ. വാഹിദ് തുടങ്ങിയവരും പങ്കെടുത്തു.
 

കൊല്ലം തുറമുഖത്ത് പാസഞ്ചര്‍ ടെര്‍മിനലിന് അനുമതി

Posted: 31 Jan 2013 10:13 PM PST

കൊല്ലം: കൊല്ലം തുറമുഖത്ത് യാത്രാകപ്പലുകള്‍ക്കുള്ള പാസഞ്ചര്‍ ടെര്‍മിനലിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നല്‍കിയ പ്രൊപ്പോസലിന് കേന്ദ്രം അനുമതിനല്‍കി.  പ്രാരംഭഘട്ടമെന്ന നിലയില്‍ പത്ത് കോടി  അനുവദിക്കുകയും ചെയ്തു.  രണ്ട് ഘട്ടമായാണ് പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കുക.
ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ 150 മീറ്റര്‍ നീളമുള്ള വാര്‍ഫ് നിര്‍മിക്കും. രണ്ടാംഘട്ടത്തിലാണ് കെട്ടിട നിര്‍മാണം. പാസഞ്ചര്‍ ടെര്‍മിനല്‍ പൂര്‍ത്തിയായാല്‍ മാലിദീപില്‍ നിന്നുള്ള യാത്രാകപ്പലുകള്‍ കൊല്ലത്തെത്തും.
രണ്ട് ചരക്കുകപ്പലുകള്‍ക്കും നങ്കൂരമിടാന്‍ കഴിയുംവിധം  തുറമുഖം വികസിപ്പിക്കുകയും ചെയ്യും. ഇതിന്‍െറ ഭാഗമായി കപ്പല്‍ ചാനലിന്‍െറയും തുറമുഖത്തിന്‍െറയും ആഴംവര്‍ധിപ്പിക്കും. ഡ്രെഡ്ജിങ് പൂര്‍ത്തിയാകുന്നതോടെ 300 മുതല്‍ നാനൂറ് കണ്ടെയ്നറുകള്‍ വഹിക്കുന്ന കപ്പലുകള്‍ക്ക്  തുറമുഖത്തെത്താന്‍ കഴിയും. ചാനല്‍, ബെയ്സ്, തുറമുഖം എന്നിവിങ്ങളിലാണ് ഡ്രെഡ്ജിങ് നടക്കുന്നത്. ഒമ്പത് മീറ്റര്‍ വരെ ആഴം കൂട്ടും. കേരള സ്റ്റേറ്റ് മാരിടൈം ഡവലപ്മെന്‍റ് കോര്‍പറേഷന്‍െറ നേതൃത്വത്തിലാണ് ഡ്രഡ്ജിങ്.അഞ്ച് മാസം കൊണ്ട് ഇത് പൂര്‍ത്തിയാകും.
 ഇവിടെ നിന്ന് ലഭിക്കുന്ന മണ്ണ് വാട്ടര്‍ ടാങ്കിന് സമീപത്ത് നിക്ഷേപിച്ച് നികത്തിയെടുക്കുന്ന പ്രദേശം സിമന്‍റ് ടെര്‍മിനലിന് നല്‍കും.
 തുറമുഖത്ത് സിമന്‍റ് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നേരത്തെ നല്‍കിയിരുന്നു. കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന സിമന്‍റ് കപ്പല്‍ വഴി കൊല്ലത്തെത്തിച്ച് ബാഗുകളിലോ കണ്ടെയ്നറുകളിലും നിറച്ച് വിതരണംചെയ്യാനാണ് പദ്ധതി. സിമന്‍റുമായി 33 വെസലുകള്‍ പ്രതിവര്‍ഷം തുറമുഖത്ത് എത്തുമെന്നാണ്  കണക്കാക്കുന്നത്.കൂടാതെ കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കാനായി കാര്‍ഗോ ചരക്ക് നിരക്ക് കുറക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്.
കണ്ടെയ്നര്‍ ഹാന്‍ഡലിങ് ക്രെയിന്‍ രണ്ട് മാസത്തിനകം എത്തുമെന്നാണ് പ്രതീക്ഷ. ഇതെത്തിയാല്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
തുറമുഖ വകുപ്പിനാകട്ടെ പാട്ടത്തുക, തുറമുഖ ഫീസ് തുടങ്ങിയ ഇനങ്ങളിലായി പ്രതിവര്‍ഷം 1.25 കോടി ലഭിക്കും.
കശുവണ്ടി മേഖലയിലുള്ളവരായിരിക്കും കൂടുതലായും തുറമുഖത്തെ ആശ്രയിക്കുകയെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ കൊച്ചി,തൂത്തുകുടി തുറമുഖങ്ങളെയാണിവര്‍ ആശ്രയിക്കുന്നത്. ഇവിടെനിന്ന് റോഡുകള്‍ ഉപയോഗപ്പെടുത്തേണ്ടതിനാല്‍  50 കോടി രൂപയാണ് അധിക ചെലവ്.  കൊല്ലം തുറമുഖം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ അത് 10 കോടിയില്‍ താഴെയാകും.വാര്‍ഫ്, കണ്ടെയ്നര്‍ ട്രാന്‍സിറ്റി ഷെഡ് , ഹൈമാസ്റ്റ് ലൈറ്റ്, ഗോഡൗണ്‍, ഫോര്‍ക്ക് ലിഫ്റ്റ് എന്നിവ സജ്ജമായിട്ടുണ്ട്. ഡ്രെഡ്ജിങ്, ശുദ്ധജലവിതരണം, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നവയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് നടക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍  സുരേഷ്, മന്ത്രിമാരായ കെ.ബാബു, ഷിബുബേബി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മറയൂരില്‍ നിന്ന് ലക്ഷങ്ങളുടെ ചന്ദന മരങ്ങള്‍ കടത്തി

Posted: 31 Jan 2013 10:09 PM PST

മറയൂര്‍: മറയൂരിലെ കരുമുട്ടി ഭാഗത്തുള്ള മുഹമ്മദ് ഇസ്മായീലിന്‍െറ പട്ടയഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴ് ചന്ദന മരങ്ങള്‍ മോഷണം പോയി.
ചിന്നാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഭൂമിയിലെ ചന്ദനക്കൊള്ളയെക്കുറിച്ച് വനംവകുപ്പ് അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. 24 മണിക്കൂറും കാവലുള്ള ചിന്നാര്‍ വന്യജീവി സങ്കേതത്തിന് തൊട്ടടുത്തുള്ള ഈ  പട്ടയഭൂമിയിലാണ് ചന്ദനക്കൊള്ള. അന്വേഷണം ആരംഭിച്ചിട്ടില്ല. കാലങ്ങളായി മറയൂര്‍ ചന്ദന റിസര്‍വ് കേന്ദ്രീകരിച്ചും റവന്യൂ, പട്ടയ ഭൂമികള്‍ കേന്ദ്രീകരിച്ചും വന്‍ ചന്ദനക്കടത്ത് വ്യാപകമാണ്.
മറയൂരിലെ റവന്യൂ ഭൂമികളില്‍ നിന്നുള്‍പ്പെടെ മുറിക്കുന്ന ചന്ദന മരം ചിന്നാര്‍ വന്യജീവി സങ്കേതം വഴിയും മറയൂര്‍ റിസര്‍വിലൂടെയും മാത്രമേ കടത്താന്‍ സാധിക്കൂ. റോഡ് മാര്‍ഗം കടത്തിക്കൊണ്ടുപോകണമെങ്കില്‍ പോലും വനം-വന്യജീവി വകുപ്പിന്‍െറ ചെക്പോസ്റ്റുകള്‍ കടന്നേ കൊണ്ടുപോകാനാകൂ.
 

സൂര്യനെല്ലി: കുര്യന്‍ വീണ്ടും കുരുക്കില്‍

Posted: 31 Jan 2013 10:08 PM PST

Image: 

തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ജെ. കുര്യന്‍ തന്നെ കുമളി ഗസ്റ്റ്ഹൗസില്‍ പീഡിപ്പിച്ചെന്നും പൊലീസിലെ സ്വാധീനമുപയോഗിച്ച് കേസില്‍നിന്ന് കുര്യന്‍ രക്ഷപ്പെടുകയാണുണ്ടായതെന്നും സൂര്യനെല്ലി പെണ്‍കുട്ടി. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ കൊണ്ടുവരാന്‍ കേസില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന് പെണ്‍കുട്ടി കത്തയച്ചു.

കുമളി ഗസ്റ്റ്ഹൗസില്‍വെച്ച് പി.ജെ. കുര്യന്‍ തന്നെ ബലാത്സംഗം ചെയ്തതായി കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പെണ്‍കുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് കുര്യനെ കേസില്‍ പ്രതിചേര്‍ക്കാതെ രക്ഷപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. പിന്നീട് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍, കുര്യനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സ്വകാര്യ ഹരജി ഫയല്‍ ചെയതു. കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കുര്യനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പീരുമേട് കോടതി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുര്യന്‍ ഹൈകോടതിയില്‍ ഹരജി നല്‍കുകയാണുണ്ടായത്. ഹൈകോടതി ഹരജി തള്ളിയപ്പോള്‍ കുര്യന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അന്ന് കുര്യന് അനുകൂലമായ വിധി നല്‍കിയതോടെയാണ് കേസില്‍നിന്ന് കുര്യന്‍ സമര്‍ഥമായി രക്ഷപ്പെട്ടത്. പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി കുര്യന്റെ ഹരജി അനുവദിച്ചത്.

കുര്യനെതിരായ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പീരുമേട് കോടതിയിലെ നടപടികള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന$പരിശോധനാ ഹരജി നല്‍കാന്‍ സാധ്യതയുണ്ടോ എന്നും പരിശോധിക്കണമെന്നുമാണ് അഭിഭാഷകന് നല്‍കിയ കത്തിലെ ആവശ്യം.
കേസില്‍നിന്നും കുര്യനെ രക്ഷപ്പെടുത്താന്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുവിനുമേല്‍വരെ സമ്മര്‍ദം ഉയര്‍ന്നിരുന്നതായി നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു. കുര്യന്‍ തന്നെ പീഡിപ്പിച്ചതായി പറഞ്ഞ സമയത്ത് തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി എന്‍.എസ്.എസിന്റെ ഒരു മുന്‍ പ്രമുഖ നേതാവ് പൊലീസിന് നല്‍കിയ മൊഴി കേസില്‍നിന്ന് രക്ഷപ്പെടാന്‍ കുര്യന് പിടിവള്ളി ആയിരുന്നു. കുര്യന് എന്‍.എസ്.എസുമായുള്ള അഭേദ്യബന്ധവും പുതിയ സാഹചര്യത്തില്‍ വിവാദമാവുകയാണ്.

 

ഉറവ വറ്റിയ പാറമടക്കുകളില്‍ തെളിനീര് തേടി കോളനിവാസികള്‍

Posted: 31 Jan 2013 10:05 PM PST

പത്തനംതിട്ട: നഗരസഭാ ശാരദാമഠം അഞ്ചാം വാര്‍ഡിലെ മുണ്ടുകോട്ടക്കല്‍ വട്ടമുരുപ്പേല്‍ കോളനി നിവാസികള്‍ കുടിവെള്ളം കിട്ടാതെ നെട്ടോട്ടത്തില്‍. എഴുപത്തഞ്ചോളം കുടുംബങ്ങളാണ് ഇവിടെ മലമുകളില്‍ താമസിക്കുന്നത്. മഴക്കാലത്ത് പോലും ഇവിടെ വീടുകളില്‍ വെള്ളം ലഭ്യമല്ല. പാറ വ്യാപിച്ചു കിടക്കുന്ന സ്ഥലമായതിനാല്‍ വീടുകളില്‍ കിണറുമില്ല. പൈപ്പ് ലൈനുകളും ഈ കോളനി പ്രദേശത്തുകൂടി വന്നിട്ടില്ല. കോളനി പ്രദേശത്ത് ഒരു ഓലിയുള്ളതില്‍ മഴക്കാലത്ത് മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഈ ഓലി കല്ല് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കടുത്ത വരള്‍ച്ചയിലും ഊറി വരുന്ന വെള്ളം ശേഖരിക്കാന്‍ കോളനിവാസികള്‍ എത്താറുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്നാല്‍ അരക്കലം കിട്ടിയേക്കാം.
മലയുടെ അടിവാരത്ത് മുണ്ടുകോട്ടല്‍ റോഡിനോടുചേര്‍ന്ന  തോട്ടുങ്കല്‍ വീട്ടിലെ കിണറാണ് കോളനിനിവാസികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇവിടെനിന്ന്  കലങ്ങളിലും  കുടങ്ങളിലും വെള്ളം ശേഖരിച്ച് മലമുകളില്‍ എത്തുക എന്നത്   ദുഷ്കരമാണ്. നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇങ്ങനെ വെള്ളം ചുമന്നുകൊണ്ടുപോകാനും കഴിയൂ. കല്ല് നിറഞ്ഞ ചെറിയ നടപ്പാതയിലൂടെ കോളനിയിലെ വീടുകളില്‍ വെള്ളവും ചുമന്നുഎത്തുമ്പോഴേക്കും പലരും തളര്‍ന്ന് വീഴും. പല വീടുകളിലും വൃദ്ധരും രോഗികളുമാണ് താമസിക്കുന്നത്. ഇവര്‍ക്ക് വെള്ളം ചുമന്ന് കൊണ്ട് മല കയറാനും കഴിയില്ല.  പലരും പണം കൊടുത്താണ് കുടിവെള്ളം ശേഖരിക്കുന്നതെന്നും കോളനിവാസികള്‍ പറഞ്ഞു.
വെള്ളം കിട്ടാതെ വന്നതോടെ വസ്ത്രങ്ങ ള്‍ അലക്കാനും മറ്റും  ബുദ്ധിമുട്ടാണ്. വേള്‍ ഡ് വിഷന്‍ നേതൃത്വത്തില്‍ ഇവിടങ്ങളിലെ വീടുകളുടെ മുറ്റത്ത് മഴവെള്ള സംഭരണി നിര്‍മിച്ചെങ്കിലും വേനല്‍ക്കാലത്ത് പ്രയോജനം ചെയ്യുന്നില്ല. ഇതില്‍ ചിലത് തകര്‍ന്നു. കിണര്‍ ഇല്ലാത്തതിനാല്‍ മഴക്കാലത്ത് ജലസംഭരണിയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ വേനല്‍ക്കാലത്ത് വെള്ളം ലഭ്യമല്ലാതെ ഇത് ഉപയോഗശൂന്യമാകും.
വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ ദുരിതം അനുഭവിക്കുമ്പോഴും ഫലപ്രദമായ  നടപടി  ആവിഷ്കരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വാര്‍ഡുസഭകളില്‍  കുടിവെള്ളപ്രശ്നം സ്ഥിരമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
വട്ടമുരുപ്പേല്‍ കോളനി കേന്ദ്രീകരിച്ച് പട്ടികജാതി വികസന വകുപ്പിന്‍െറ സഹായത്തോടെ  കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ. ജാസിംകുട്ടി പറഞ്ഞു. ഇതിന്‍െറ രൂപരേഖ തയാറായി വരുകയാണ്. മലയുടെ അടിവാരത്തില്‍ കുളം നിര്‍മിച്ച് അതില്‍നിന്ന് വെള്ളം മലമുകളില്‍ നിര്‍മിക്കുന്ന ടാങ്കില്‍ നിറച്ച്  വിതരണം ചെയ്യലാണ് ലക്ഷ്യം. വരള്‍ച്ച രൂക്ഷമായതോടെ നഗരസഭയുടെ ചുമതലയില്‍ എത്രയും വേഗം ഈ മേഖലകളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കണമെന്നും ജാസിംകുട്ടി പറഞ്ഞു.
 

15 ലോഡ് മണലും ജെറ്റ്പമ്പ് ഘടിപ്പിച്ച നാല് വള്ളവും നാല് ലോറിയും പിടിച്ചെടുത്തു

Posted: 31 Jan 2013 10:02 PM PST

കോട്ടയം: മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിന്‍െറ മറവില്‍ കാഞ്ഞിരം പാറേച്ചാല്‍ പാടത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന അനധികൃത മണല്‍ഖനനം റവന്യൂവകുപ്പ് അധികൃതര്‍ കണ്ടെത്തി.
മണിക്കൂറുകള്‍നീണ്ട പരിശോധനയില്‍ 15 ലോഡ് മണലും മണല്‍ നിറച്ച നാല് ജെറ്റ്പമ്പ് ഘടിപ്പിച്ച വള്ളങ്ങളും ടിപ്പര്‍ അടക്കം നാല് ലോറിയും ഉപകരണങ്ങളും പിടിച്ചെടുത്തു. ഒരോലക്ഷം വിലവരുന്ന നാല് ജെറ്റ്പമ്പാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ പ്രദേശത്ത് പരിശോധനക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ മണലൂറ്റ് ഉപകരണങ്ങളും വള്ളങ്ങളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം മണല്‍മാഫിയ ചെറുത്തുനിന്നത് നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു.
പിന്നീട്, പൊലീസ് സ്ഥലത്തെത്തിയതോടെ സംഘാംഗങ്ങള്‍ ആറ്റില്‍ചാടി രക്ഷപ്പെടുകയായിരുന്നു. റവന്യൂവകുപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വൈകുന്നേരം ആറുവരെ പൊലീസ് സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.
വേളൂര്‍ മുല്ലശേരിയില്‍ ബൈജുവിന്‍െറ ഒരേക്കറോളംവരുന്ന പാടശേഖരം കേന്ദ്രീകരിച്ച് ഉഗ്രശക്തിയുള്ള ജെറ്റ്പമ്പ് വള്ളങ്ങളില്‍ ഘടിപ്പിച്ച് രാത്രിയും പകലും അനധികൃത മണലൂറ്റ് നടത്തുകയായിരുന്നു. രഹസ്യസന്ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ രണ്ടുദിവസം പ്രദേശത്ത് നിരീക്ഷണം നടത്തിയശേഷമാണ് പരിശോധന ആരംഭിച്ചത്.  
വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മണല്‍നിറച്ച ടിപ്പറും നാല് വള്ളവും നാല് ജെറ്റ്പമ്പും മോട്ടറുകളും 25ലിറ്റര്‍ മണ്ണെണ്ണയും ആദ്യം പിടിച്ചെടുത്തു. പിന്നീട് പരിശോധന വ്യാപിച്ചതോടെ പൂഴിനിറച്ച മൂന്ന്ലോറികൂടി കണ്ടെത്തി. പൂഴിയും ലോറികളും കുമരകം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
യാത്രാസൗകര്യം കുറവായ പ്രദേശത്ത് കണ്ടെത്തിയ ജെറ്റ്പമ്പുകളും കുഴലുകളും മറ്റ് ഉപകരണങ്ങളും അടങ്ങുന്ന നാല് വള്ളവും കൂട്ടികെട്ടി ബോട്ടിന്‍െറ സഹായത്തോടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
വെസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ച വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന ജെറ്റ്പമ്പുകള്‍ ക്രെയിന്‍െറ സഹായത്തോടെ അഴിച്ചുമാറ്റി സ്റ്റേഷനില്‍ ഏല്‍പ്പിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
പാടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് മണല്‍വില്‍പ്പന നടത്തിയിരുന്നത്. പൂട്ടിക്കിടന്ന വീടിന്‍െറ വാതില്‍തകര്‍ത്ത് അകത്തുകയറിയ പൊലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ കൊട്ടയും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. മീന്‍വളര്‍ത്തല്‍കേന്ദ്രം ആരംഭിക്കാനാണ് പാടത്ത് കുഴിയെടുക്കുന്നതെന്ന് പറഞ്ഞാണ് 2011 മുതല്‍ മണലൂറ്റ് നടത്തിയിരുന്നത്. പരിശോധനക്ക് ആര്‍.ഡി.ഒ വി.ആര്‍. മോഹനന്‍പിള്ള, കോട്ടയം തഹസില്‍ദാര്‍  മോന്‍സി പി. അലക്സാണ്ടര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശ്കുമാര്‍, അലക്സ്ജോസഫ്, കുമരകം വില്ലേജോഫിസര്‍ മോഹന്‍ദാസ്, തിരുവാര്‍പ്പ് വില്ലേജോഫിസര്‍ രമ്യ എസ്. നമ്പൂതിരി, സ്ക്വാഡിലെ അംഗങ്ങളായ തോമസുകുട്ടി, നിമേഷ്, പ്രവീണ്‍,ഹരി,നിസാര്‍,കലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ജനുവരി 25 മുതല്‍ ആര്‍.ഡി.ഒയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിവിധസ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ അനധികൃതമായി മണല്‍കടത്തിയ 50 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് എക്സ്കവേറ്ററും നാല് വലിയ ടോറസ് ലോറിയും ടിപ്പറുകളും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.
ചങ്ങനാശേരി പ്രദേശത്ത് മണല്‍കടത്തിയ 30 ലോറിയും കറുകച്ചാല്‍, ചിങ്ങവനം, കുമരകം, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് 20 ലോറിയുമാണ് പിടികൂടിയത്.പിടിച്ചെടുത്ത വാഹനങ്ങള്‍ ചങ്ങനാശേരി, കറുകച്ചാല്‍,ചിങ്ങവനം, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും കോട്ടയം താലൂക്കോഫിസിലും സൂക്ഷിച്ചിരിക്കുകയാണെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP