സ്കൂള്‍ വിദ്യാര്‍ഥികളെ അയല്‍വാസികള്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു Posted: 12 Feb 2013 10:37 PM PST കാട്ടാക്കട: സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേരെ അയല്‍വാസി വീട്ടമ്മയും രണ്ട് മക്കളും ചേര്‍ന്ന് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. വീട്ടിലെ സ്ഥിരം സന്ദര്‍ശകരും കുടുംബസുഹൃത്തുക്കളുമായ ദമ്പതികളുടെ മക്കളെയാണ് മിഠായിയും രസ്നയും മോഷ്ടിച്ചെന്ന കുറ്റത്തിന് അയല്‍വാസികള്‍ ശിക്ഷിച്ചത്. ആര്യനാട് പറണ്ടോട് ബൗണ്ടര്‍മുക്ക് അഖില്‍ ഭവനില്‍ അഖില്‍ രാജ് (12), ബൗണ്ടര്‍മുക്ക് മിനിഭവനില്‍ ജോഷി എം.ശ്രീകുമാര്‍ (13) എന്നിവര്‍ പൊള്ളലേറ്റ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസി ബൗണ്ടര്‍മുക്ക് ഗിഫ്റ്റ് ഹൗസില്‍ ഏലിയാമ്മ ഡാര്‍ളിന്‍െറ മക്കളായ ഗില്‍ബര്‍ട്ട് (24), ഗൈസണ്‍(27) എന്നിവരെ ആര്യനാട് എസ്.ഐ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തു. അഖില്‍രാജും ജോഷിയും ഏലിയാമ്മയുടെ വീട്ടിലെ നിത്യ സന്ദര്‍ശകരും സഹായികളും ഇവരുടെ മാതാപിതാക്കള്‍ കുടുംബസുഹൃത്തുക്കളുമാണ്. തിങ്കളാഴ്ച വൈകുന്നേരം കുട്ടികള്‍ ഏലിയാമ്മയുടെ വീട്ടിലെത്തിയപ്പോള്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മിഠായിയും രസ്നയും എടുത്ത് കഴിച്ചു. ഇത് ഏലിയാമ്മ കണ്ട് ഇവരെ വിരട്ടിയശേഷം മക്കളെ വിവരം അറിയിച്ചു. തുടര്‍ന്നാണ് ഏലിയാമ്മയും ഗില്‍ബര്‍ട്ടും ഗൈസണും ചേര്‍ന്ന് കുട്ടികളെ അടുക്കളയിലെത്തിച്ച് ഗ്യാസ് അടുപ്പില്‍ ചട്ടുകം പഴുപ്പിച്ച് അടിവസ്ത്രം വരെ ഊരിമാറ്റിയശേഷം പൊള്ളലേല്‍പ്പിച്ചത്. നിലവിളിച്ച കുട്ടികളെ വിരട്ടി വായടപ്പിച്ചശേഷവും മര്‍ദിച്ചു. ഇതിനിടെ വസ്ത്രം ഊരിമാറ്റി മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പരാതി കൊടുക്കില്ലെന്നും ഇനി മോഷ്ടിക്കില്ലെന്നും പേപ്പറില്‍ എഴുതിവാങ്ങിയതായും ബന്ധുക്കളോട് കുട്ടികള്‍ പറഞ്ഞു. രാത്രി വൈകിയും മക്കള്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് ബ്ളോക്ക് പഞ്ചായത്ത് അംഗം കിഷോറിന്‍െറ നേതൃത്വത്തില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആര്യനാട് പൊലീസില്‍ പരാതി നല്‍കി. |
കെ.സി. രാജന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് Posted: 12 Feb 2013 10:36 PM PST കൊല്ലം: ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റായി കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.സി. രാജനെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്‍െറ 19 അംഗ ബോര്‍ഡില്‍ മൂന്നംഗങ്ങളുള്ള സി.എം.പി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. കോണ്‍ഗ്രസിന് 15ഉം സി.എം.പിക്ക് മൂന്നും കേരളാ കോണ്‍ഗ്രസ് -ബിക്ക് ഒന്നുമായിരുന്നു അംഗങ്ങള്‍. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തും പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്കായിരുന്നതിനാല്‍ ഇത്തവണയും അത് കിട്ടണമെന്ന നിലപാടിലായിരുന്നു സി.എം.പി. ബോര്‍ഡ് തെരഞ്ഞെടുപ്പിന്ശേഷം പ്രസിഡന്‍റ് സ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ധാരണയെങ്കിലും അവസാനനിമിഷം കോണ്‍ഗ്രസ് വാക്ക് മാറ്റുകയായിരുന്നുവെന്നാണ് സി.എം.പിയുടെ പരാതി. ജില്ലയില്‍ 178 സംഘങ്ങള്‍ സി.എം.പിയുടെ അധീനതയിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. വൈസ് പ്രസിഡന്‍റ് സംസ്ഥാന സഹകരണബാങ്ക് പ്രതിനിധി, ഏഴ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്‍റ് ചിതറ മധുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊടിയൂര്‍ രാമചന്ദ്രന്‍, കെ.സി. രാജന്‍െറ പേര് നിര്‍ദേശിക്കുകയും കെ. മുഹമ്മദ് കുഞ്ഞ് പിന്താങ്ങുകയും ചെയ്തു. കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ കരുനാഗപ്പള്ളി സ്വദേശിയായ കെ.സി. രാജന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കൊല്ലം ഡി.സി.സി പ്രസിഡന്‍റായിരുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനായും ബാംമ്പു കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിച്ചെങ്കിലും പി.കെ. ഗുരുദാസനോട് പരാജയപ്പെടുകയായിരുന്നു. എസ്.ബി.ടി മാനേജര്‍ എല്‍.കെ. ശ്രീദേവിയാണ് കെ.സി. രാജന്‍െറ ഭാര്യ. അരുണ്‍ ആര്‍.എസ്, വരുണ്‍ ആര്‍.എസ്, കിരണ്‍ ആര്‍.എസ് എന്നിവര്‍ മക്കളാണ്. |
വയനാട് റെയില്‍വേ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്താന്‍ ശ്രമിക്കും -ആന്‍റണി Posted: 12 Feb 2013 09:57 PM PST സുല്‍ത്താന്‍ ബത്തേരി: അടുത്ത റെയില്‍വേ ബജറ്റില്‍ വയനാട് റെയില്‍വേ പദ്ധതിക്ക് തുക വകയിരുത്താന്‍ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി കോഴിക്കോട്ടു നടന്ന ചര്‍ച്ചയിലാണ് ആന്‍റണി ഉറപ്പു നല്‍കിയത്. നിര്‍ദിഷ്ട നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്ക് പ്രത്യേക പരിഗണന ലഭ്യമാക്കാന്‍ ശ്രമം നടത്തും. 2010ല്‍ നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്ക് പ്ളാനിങ് കമീഷന്‍, റെയില്‍വേ ബോര്‍ഡ്, റെയില്‍വേ മന്ത്രാലയം എന്നിവയുടെ അനുമതി ലഭിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെ അനുമതികൂടി മാത്രമേ പദ്ധതി നടപ്പാക്കാന്‍ ആവശ്യമുള്ളൂ. ഈ കമ്മിറ്റിയില്‍ അംഗമാണ് എ.കെ. ആന്‍റണി. പിന്നാക്ക ജില്ല എന്ന നിലയില്‍ വയനാട് ഏറെക്കാലമായി ആഗ്രഹിക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കും. ഇന്ത്യയുടെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ ഊട്ടിയില്‍നിന്നും രാജ്യത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമായി ഈ പാത ഉപയോഗപ്പെടുത്താനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അടുത്ത റെയില്‍വേ ബജറ്റില്‍ കേരളത്തിന്‍െറ റെയില്‍വേ പദ്ധതികളില്‍ മുഖ്യപരിഗണന നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയില്‍ നഞ്ചന്‍കോട് മുതല്‍ സുല്‍ത്താന്‍ബത്തേരി വരെയുള്ള ഒന്നാം ഘട്ടത്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ തുക ഈ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കേന്ദ്ര റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു. കുടിയൊഴിപ്പിക്കല്‍ ആവശ്യമില്ലാത്തതും കയറ്റിറക്കങ്ങളും കൊടും വളവുകളുമില്ലാത്തതുമായ നിര്‍ദിഷ്ട ഒന്നാംഘട്ട പാതക്ക് 72 കിലോമീറ്ററാണ് ദൈര്‍ഘ്യം. കോഴിക്കോട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, കെ.പി. അനില്‍കുമാര്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു എന്നിവര്‍ ആന്‍റണിയോടൊപ്പമുണ്ടായിരുന്നു. ആക്ഷന്‍ കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് ജനറല്‍ കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, ഭാരവാഹികളായ കെ.ജെ. മാണി, പി.വൈ. മത്തായി, ഒ.കെ. മുഹമ്മദ്, അഡ്വ. ജോസ് വി. തണ്ണിക്കോട്, സി. അബ്ദുല്‍ റസാഖ് എന്നിവര്‍ പങ്കെടുത്തു. |
ബി.പി.എല്‍ റേഷന്‍ കാര്‍ഡ്: ഒന്നരലക്ഷത്തോളം അപേക്ഷകള്‍ ചുവപ്പുനാടയില്‍ Posted: 12 Feb 2013 09:47 PM PST കോഴിക്കോട്: റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുന്നതിന് നല്‍കിയ ഒന്നരലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ജില്ലാ കലക്ടര്‍ക്ക് നേരിട്ട് നല്‍കിയതും പഞ്ചായത്തുകള്‍ മുഖാന്തരം സ്വീകരിച്ചതുമായ ഒന്നരലക്ഷത്തോളം അപേക്ഷകളാണ് ജില്ലാ സപൈ്ള ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. 2009ലെ ബി.പി.എല്‍ ലിസ്റ്റില്‍പ്പെട്ടവര്‍ കഴിഞ്ഞ മേയ് മുതല്‍ നല്‍കിയ അപേക്ഷകളാണിവ. ഈ അപേക്ഷകളില്‍നിന്ന് 7634 കാര്‍ഡുകള്‍ മാത്രമാണ് അനുവദിച്ചത്. ഇവ തീര്‍പ്പുകല്‍പിക്കുന്നതിനായി ആവശ്യമായ സംവിധാനങ്ങള്‍ ജില്ലയില്‍ ഒരുക്കാത്തതാണ് അപേക്ഷകള്‍ കുന്നുകൂടാന്‍ കാരണം. ബി.പി.എല്‍ കാര്‍ഡ് നല്‍കുമ്പോള്‍ ഇവര്‍ അതിന് അര്‍ഹരാണോ എന്ന പരിശോധനയും ജില്ലയില്‍ നടക്കുന്നില്ല. ഒരാളുടെതന്നെ നിരവധി അപേക്ഷകളുള്ളതായും പറയുന്നു. കലക്ടര്‍ക്ക് നേരിട്ട് കിട്ടിയവയില്‍ മാത്രമാണ് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കണമെന്ന് പറഞ്ഞ് സപൈ്ള ഓഫിസിലേക്ക് കൈമാറിയത്. മറ്റു ജില്ലകളില്‍ കലക്ടറുടെ ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് സപൈ്ള ഓഫിസിലേക്ക് പരിശോധനക്ക് നല്‍കുകയാണ്. റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ബി.പി.എല്‍ കാര്‍ഡ് അനുവദിക്കുകയുള്ളൂ. എന്നാല്‍, ജില്ലയില്‍ കലക്ടറുടെ ഓഫിസില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ ബി.പി.എല്‍ കാര്‍ഡ് അനുവദിക്കണമെന്ന് സീല്‍ ചെയ്ത് അപേക്ഷകരുടെ കൈയില്‍തന്നെ സപൈ്ള ഓഫിസിലേക്ക് അയക്കുകയാണ്. പിന്നീട് ഇവിടെ നിന്ന് താലൂക്ക് സപൈ്ള ഓഫിസിലേക്കും അയക്കും. ഇതിനിടയില്‍ ഇവര്‍ അര്‍ഹരാണോ എന്ന് പരിശോധിക്കേണ്ടതാണെങ്കിലും ഇതൊന്നും നടക്കുന്നില്ല. 2009ല്‍ ബി.പി.എല്‍ ലിസ്റ്റില്‍ അപാകതകള്‍ ഉള്ളതിനാല്‍ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പുതുതായി എ.പി.എല്‍ കാര്‍ഡുകള്‍ മാത്രമേ ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ. ഇവര്‍ ബി.പി.എല്‍ കാര്‍ഡിനര്‍ഹരാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണം. നിലവില്‍ ഇത്തരം അപേക്ഷകള്‍പോലും പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അനിയന്ത്രിതമായി ലഭിക്കുന്ന അപേക്ഷയെക്കുറിച്ച് കഴിഞ്ഞ ജൂണില്‍ തന്നെ ജില്ലാ സപൈ്ള ഓഫിസര്‍ സിവില്‍ സപൈ്ളസ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഇത്രയും അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പിക്കാനായി ജില്ലാ സപൈ്ള ഓഫിസില്‍ ഉള്ളത് രണ്ട് കമ്പ്യൂട്ടര്‍ മാത്രമാണ്. 75 പഞ്ചായത്തുകളില്‍നിന്നും മൂന്ന് നഗരസഭകളില്‍നിന്നും ലഭിച്ച അപേക്ഷകളെല്ലാം കലക്ടര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍, ഈ അപേക്ഷകളില്‍ ഒന്നുപോലും തീര്‍പ്പുകല്‍പിച്ചിട്ടില്ല. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 26,000 അപേക്ഷകളുമുണ്ട്. വ്യക്തമായ ഉത്തരവ് ലഭിക്കാത്തതിനാല്‍ ഈ അപേക്ഷകളിലൊന്നിലും തീരുമാനമായില്ല. ഇവരില്‍ ഭൂരിഭാഗവും പിന്നീട് അപേക്ഷിക്കുകയായിരുന്നു. |
പാക് പൗരന്‍െറ കൊല: വധശിക്ഷ ഒഴിവായ 17 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി Posted: 12 Feb 2013 09:22 PM PST ദുബൈ: ഷാര്‍ജയില്‍ പാകിസ്താന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷ ഒഴിവായ 17 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. എല്ലാവരും ചൊവ്വാഴ്ച നാട്ടിലെത്തി. പഞ്ചാബികളായ 16 പേരും ഹരിയാനക്കാരനുമാണ് പ്രതികള്‍. യു.എ.ഇയിലും ഇന്ത്യയിലും മാത്രമല്ല, അന്തര്‍ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ കേസില്‍ നാല് വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷമാണ് ഇവര്‍ക്ക് മോചനം ലഭിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 34 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയതോടെയാണ് 17 പേരുടെ ജീവന്‍ തിരിച്ചുകിട്ടിയത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. 2009 ജനുവരിയിലാണ് ഷാര്‍ജയിലെ സജ വ്യവസായ മേഖലയില്‍ കൊലപാതകം നടന്നത്. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തമ്മില്‍ മദ്യം ഒളിച്ചു കടത്തുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ഇത് പാക് പൗരന്‍ മിസ്രി ഖാന്‍െറ കൊലയില്‍ കലാശിക്കുകയുമായിരുന്നു. സംഘട്ടനത്തില്‍ ഇദ്ദേഹത്തിന്‍െറ അടുത്ത ബന്ധുക്കളായ മുശ്താഖ് അഹ്മദ്, ശാഹിദ് ഇഖ്ബാല്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതത്തേുടര്‍ന്ന് 17 ഇന്ത്യക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് ഷാര്‍ജ പ്രാഥമിക കോടതി കണ്ടെത്തുകയും 2010 മാര്‍ച്ചില്‍ എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തു. ഒരു കേസില്‍ ഒരേ രാജ്യക്കാരായ 17 പേര്‍ക്ക് വധശിക്ഷ വിധിച്ചതാണ് കേസ് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. യു.എ.ഇയിലെ പ്രമുഖ മാധ്യമങ്ങളിലും ഇന്ത്യന്‍ സമൂഹത്തിലും കേസ് പ്രധാന ചര്‍ച്ചയായതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുകയും പ്രതികള്‍ക്കുവേണ്ടി അഭിഭാഷക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സാണ് കേസ് ഏറ്റെടുത്തത്. അഡ്വ. ബിന്ദു എസ്. ചേറ്റൂരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, ദുബൈയില്‍ ഹോട്ടല്‍ വ്യവസായിയായ എസ്.പി. സിങ് ഒബ്റോയി കേസില്‍ എല്ലാ സഹായവും നല്‍കാന്‍ തയാറായി മുന്നോട്ടുവന്നു. ഇദ്ദേഹത്തിന്‍െറ ശ്രമഫലമായി, പാക് പൗരന്‍െറ കുടുംബവുമായി പല തവണ ചര്‍ച്ച നടന്നു. ഒടുവില്‍, ശരീഅത്ത് നിയമ പ്രകാരം നഷ്ടപരിഹാരം (ദിയ) ലഭിച്ചാല്‍ തങ്ങള്‍ പ്രതികള്‍ക്ക് മാപ്പു നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 34 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. ഈ വിവരം ഇരുവിഭാഗവും കോടതിയെ അറിയിക്കുകയും പണം കൈമാറുകയും ചെയ്തു. ഷാര്‍ജ കോടതിയില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ നഷ്ടപരിഹാര സംഖ്യയാണിത്. 2011 സെപ്റ്റംബര്‍ 12ന് ഷാര്‍ജ അപ്പീല്‍ കോടതി വധശിക്ഷ ഒഴിവാക്കുകയും പ്രതികള്‍ക്ക് രണ്ടു വര്‍ഷത്തെ തടവും തുടര്‍ന്ന് നാടുകടത്തലും വിധിക്കുകയും ചെയ്തു. എന്നാല്‍, നേരത്തെ അറസ്റ്റിലായ പ്രതികള്‍ ഇതിനകം രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മോചനത്തിന് വഴിതെളിഞ്ഞു. അതിനിടെ, ഷാര്‍ജ അപ്പീല്‍ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ കാര്യവും പ്രതികള്‍ മദ്യം കൈവശം വെച്ച കുറ്റവും പരിഗണിച്ചില്ലെന്നായിരുന്നു വാദം. എന്നാല്‍, മദ്യം കടത്തിയ കേസ് മാത്രം പുനരവലോകനം നടത്താനാണ് ഫെഡറല്‍ കോടതി, ഷാര്‍ജ അപ്പീല്‍ കോടതിയോട് നിര്‍ദേശിച്ചത്. ഈ കേസില്‍ പ്രതികള്‍ക്ക് ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. പക്ഷേ, ഇതും പ്രതികള്‍ വിചാരണക്കാലത്ത് അനുഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മോചന സാധ്യത തെളിഞ്ഞെങ്കിലും വീണ്ടും തടസ്സമുണ്ടായി. സംഭവത്തില്‍ പരിക്കേറ്റ പാകിസ്താന്‍കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2011 സെപ്റ്റംബര്‍ 23ന് വെവ്വേറെ നല്‍കിയ സിവില്‍ കേസുകള്‍ കാരണം പ്രതികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പെടുത്തി. 15 ലക്ഷം ദിര്‍ഹം വീതമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരിയില്‍ രണ്ടു പേര്‍ക്കും ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ 34 ലക്ഷം ദിര്‍ഹം സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയ എസ്.പി. സിങാണ് ഈ സംഖ്യ അടച്ചത്. തിങ്കളാഴ്ച ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് 17 പേരെയും ജയിലില്‍നിന്ന് മോചിപ്പിച്ചു. രാത്രി 12:05ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂദല്‍ഹിയിലേക്ക് തിരിച്ച ഇവര്‍ക്ക് സര്‍ക്കാറാണ് ടിക്കറ്റ് നല്‍കിയത്. ഇവരോടൊപ്പം എസ്.പി. സിങും നാട്ടിലേക്ക് പോയി. ന്യൂദല്‍ഹിയില്‍നിന്ന് ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് ഇവര്‍ പഞ്ചാബിലേക്ക് പോയത്. ജീവന്‍ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാവാതെ... ദുബൈ: തങ്ങളുടെ ജീവന്‍ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു 17 പേരും. വധശിക്ഷ വിധിച്ചപ്പോള്‍ ഇനി രക്ഷപ്പെടില്ലെന്നാണ് കരുതിയത്. പക്ഷേ, ഇതില്‍ ഇളവ് വന്നതോടെ ആശ്വാസമായി. എങ്കിലും നിയമക്കുരുക്ക് പിന്നെയും നീണ്ടതോടെ ആശങ്ക വര്‍ധിച്ചു. കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതോടെ മോചന സാധ്യത തെളിഞ്ഞപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തുനിന്നു. രണ്ടോ മൂന്നോ തവണ മോചനം ഉറപ്പായപ്പോഴും വഴിമാറിപ്പോയി. ഒടുവില്‍, തിങ്കളാഴ്ച രാത്രി 12:05ന് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന ശേഷമാണ് ഇവര്‍ക്ക് ആശ്വാസമായത്. അതേസമയം, മദ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പലരെയും ജയിലില്‍ അകപ്പെടുത്തുന്നുണ്ട്. ഇതുപോലെ, ഇന്ത്യക്കാരും പാകിസ്താനികളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ പാകിസ്താനി കൊല്ലപ്പെട്ടത് കാരണമാണ് തിരുവനന്തപുരം ജില്ലയിലെ മണമ്പൂര്‍ ഒറ്റൂര്‍ ‘കനക മന്ദിര’ത്തില്‍ ഷൈന്‍ തുളസീധരന്‍ (32) അബൂദബിയില്‍ ജയിലിലായത്. കോടതി വിധിയനുസരിച്ച് രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം (ദിയ) നല്‍കാന്‍ സാധിക്കാത്തതിനാല്‍ ശിക്ഷാ കാലാവധി തീര്‍ന്നിട്ടും ഒരു വര്‍ഷത്തോളം അല്‍വത്ബ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. 2008 ഒക്ടോബര്‍ ഒന്നിന് രാത്രി 10:30ന് മുസഫയിലെ ലേബര്‍ ക്യാമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. നഷ്ടപരിഹാരം റെഡ് ക്രസന്‍റ് നല്‍കിയതിനെ തുടര്‍ന്നാണ് ഈ യുവാവിന് മോചനം ലഭിച്ചത്. ഇതുപോലെ മറ്റൊരു കേസും സമീപ കാലത്ത് അബൂദബിയിലുണ്ടായി. |
കോപ്ടര്‍ കോഴ: ആറ് സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍- ആന്‍റണി Posted: 12 Feb 2013 09:19 PM PST ന്യൂദല്‍ഹി: 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധമുള്ള ആറ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയതായി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.ബി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിങ് അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ഉടനെ പൂര്‍ത്തിയാക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ആന്‍റണി പറഞ്ഞു. പ്രധാനമന്ത്രി അടക്കം പ്രമുഖ വ്യക്തികള്‍ക്ക് യാത്ര ചെയ്യാന്‍ ഇറ്റലിയില്‍നിന്ന് അത്യാധുനിക ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010 ഫെബ്രുവരിയില്‍ ഉണ്ടാക്കിയ കരാറില്‍ അഴിമതി നടന്നതായാണ് ആരോപണം. കരാര്‍ കിട്ടുന്നതിനു ഇന്ത്യാ ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ടവരുള്‍പ്പെടെയുള്ള ഇടനിലക്കാര്‍ക്ക് 362 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് ആക്ഷേപം. ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍ മെക്കാനിക്കയില്‍നിന്ന് 12 അത്യാധുനിക ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു കരാര്‍. കോഴ ഇടപാട് പുറത്തുവന്നതിനെ തുടര്‍ന്ന് ഇറ്റലിയില്‍ ഫിന്‍ മെക്കാനിക്ക കമ്പനിയുടെ സി.ഇ.ഒ ജിയു സെപ്പി ഒര്‍സിയെ പൊലീസ് അറസ്റ്റു ചെയ്തു. ഒരു ദിവസം കൊണ്ട് തീരുമാനിച്ചതല്ല ഹെലികോപ്ടര്‍ കരാറെന്നും 10 വര്‍ഷത്തെ പഴക്കം അതിനുണ്ടെന്നും ആന്‍റണി പറഞ്ഞു. അഴിമതി വിവരങ്ങള്‍ അറിഞ്ഞ ഉടനെ അന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചു. മുന്‍ വ്യോമ സേനാ മേധാവിക്ക് ഇതുമായി ബന്ധമുണ്ടോ എന്നറിയില്ല. സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കും. ഇടപാടില്‍ പങ്കുള്ളവര്‍ ആരായാലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആന്‍റണി പറഞ്ഞു. |
ആവേശം വിതറി കായികദിനാഘോഷം Posted: 12 Feb 2013 09:11 PM PST ദോഹ: രണ്ടാമത് ദേശീയ കായികദിനം പ്രൗഢിയും ആവേശവും തുളുമ്പുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഖത്തര്‍ ആഘോഷിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന കായിക പരിപാടികളില്‍ തലമുറകളുടെയും വേഷ, ഭാഷകളുടെയും സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും വ്യത്യാസമില്ലാതെ സ്വദേശികളും പ്രവാസികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. രാജ്യത്തിന്‍െറ കായികസ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറവും ആവേശവും ഊര്‍ജവും പകര്‍ന്ന പരിപാടികള്‍ കായികപ്രവര്‍ത്തനങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കാനും അതിലൂടെ ജനങ്ങളുടെ ശാരീരികക്ഷമതയും കൂട്ടായ്മയും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനുമുള്ള ആഹ്വാനം കൂടിയായിരുന്നു. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും സ്വകാര്യ-പൊതു മേഖലാ സ്ഥാപനങ്ങളും വിവിധ പ്രായക്കാരായവര്‍ക്ക് വേണ്ടി സംഘടിപ്പിച്ച വ്യത്യസ്തയിനം കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ ഇതിനായി ഒരുക്കിയ വേദികളിലേക്ക് രാവിലെ മുതല്‍ ട്രാക്ക് സ്യൂട്ടും ബര്‍മുഡയും ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോര്‍ണിഷ്, അസ്പെയര്‍ സോണ്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, വെസ്റ്റ് ബെ, അല്‍ ബിദ പാര്‍ക്ക്, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, ദോഹയിലെ വിവിധ സ്റ്റേഡിയങ്ങള്‍, വക്റ, ഗറാഫ, അല്‍ഖോര്‍, മിസഈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നടന്ന നടത്തവും ഓട്ടവും ജോഗിങ്ങും മുതല്‍ ഫുട്ബാളും വോളിബാളും ഹാന്‍റ്ബാളും ക്രിക്കറ്റും ടേബിള്‍ ടെന്നീസും പരമ്പരാഗത മല്‍സരങ്ങളും വരെയുള്ള പരിപാടികളില്‍ സ്വദേശികളും വിദേശികളും ആവേശപൂര്‍വം പങ്കെടുത്തു. അതത് സംഘടനകളും കമ്പനികളും കായിക അസോസിയേഷനുകളും സംഘടിപ്പിച്ച പരിപാടികളിലാണ് മിക്കവരും ശ്രദ്ധ കേന്ദീകരിച്ചതെങ്കിലും കോര്‍ണിഷിലും അസ്പെയര്‍ സോണിലും സ്റ്റേഡിയങ്ങളിലൂം നടന്ന പരിപാടികളിലും വന്‍ ജനപങ്കാളിത്തമുണ്ടായി. കോര്‍ണിഷ് കടപ്പുറത്ത് നടക്കാനും ഓടാനും എത്തിയവരില്‍ മൂന്ന് വയസ്സുള്ളവര്‍ മുതല്‍ 70 പിന്നിട്ട വൃദ്ധര്‍ വരെയുണ്ടായിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയവരെ കൊണ്ട് കോര്‍ണിഷ് തീരം രാവിലെ തന്നെ ജനനിബിഡമായി. കൂട്ട നടത്തത്തോടെയാണ് കോര്‍ണിഷിലെ പരിപാടികള്‍ ആരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെയും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളും അത്ലറ്റുകളും അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അണിനിരന്നു. എല്ലാ സ്പോര്‍ട്സ് ക്ളബ്ബുകളുടെയും ഫെഡറേഷനുകളുടെയും സ്റ്റേഡിയങ്ങളും ഹാളുകളും ഇന്നലെ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. സിദ്ര മെഡിക്കല്‍ ആന്‍റ് റിസര്‍ച്ച് റെന്‍റര്‍ (എസ്.എം.ആര്‍.സി) കോര്‍ണിഷില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. കായികദിന പരിപാടികളില്‍ ജനപങ്കാളിത്തം പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നെന്ന് എസ്.എം.ആര്‍.സി കമ്യൂണിക്കേഷന്‍സ് പ്രൊജക്ട് ഡയറക്ര്‍ ഖാലിദ് അല്‍ മുഹന്നദി പറഞ്ഞു. അസ്പെയര്‍ സോണിലെ ട്രാക്കുകളും ഫീല്‍ഡുകളും വിവിധ പരിപാടികള്‍ കൊണ്ട് ഇന്നലെ മുഴുവന്‍ സജീവമായിരുന്നു. ഖലീഫ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച നാല് കിലോമീറ്റര്‍ ‘ഫണ്‍ റണ്ണില്‍’ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ധനകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, കഹ്റമ, റാസ് ഗ്യാസ്, സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍, സിവില്‍ ഡിഫന്‍സ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, ജനറല്‍ റിട്ടയര്‍മെന്‍റ് ആന്‍റ് സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോറിറ്റി, ഖത്തര്‍ ചേമ്പര്‍, ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍, ഖത്തര്‍ വനിതാ കായിക സമിതി, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ എയര്‍വെയ്സ്, യൂത്ത് സെന്‍ററുകള്‍, വിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, പ്രമുഖ ഹോട്ടലുകള്‍, കമ്പനികള്‍ എന്നിവക്ക് പുറമെ ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളും പ്രവാസി സംഘടനകളും കായികപരിപാടികള്‍ സംഘടിപ്പിച്ചു. എല്‍.ജി ആന്‍റ് ജമ്പോ ഇലക്ട്രോണിക്സ് വക്റ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍, ടേബിള്‍ ടെന്നീസ്, ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ അഞ്ഞൂറോളം ജീവനക്കാര്‍ പങ്കെടുത്തു. മറ്റ് ടീമുകളെ കൂടി പങ്കെടുപ്പിച്ച് ഇത്തരം ടൂര്‍ണമെന്‍റുകള്‍ പതിവായി സംഘടിപ്പിക്കുമെന്ന് ജമ്പോ ഡയറക്ടറും ജനറല്‍ മാനേജരുമായി സി.വി റപ്പായി പറഞ്ഞു. വിദേശകാര്യം, നീതിന്യായം എന്നീ മന്ത്രാലയങ്ങളുടെയും സുപ്രീം ആരോഗ്യ കൗണ്‍സിലിന്‍െറയും (എസ്.സി.എച്ച്) പരിപാടികള്‍ അല്‍ രിഫാ സ്ട്രീറ്റിലാണ് നടന്നത്. വിദേശകാര്യമന്ത്രാലയത്തിന്‍െറ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നടന്ന ചടങ്ങില്‍ അസിസ്റ്റന്‍റ് വിദേശകാര്യമന്ത്രി അലി ബിന്‍ ഫഹദ് അല്‍ ഹാജ്രി, ഖത്തറിലെ ഐരിത്രിയന്‍ അംബാസഡര്‍ അലി ഇബ്രാഹിം അഹമദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മാര്‍ച്ചിലും ഫുട്ബാള്‍, വോളിബാള്‍, ടേബിള്‍ ടെന്നീസ്, സൈക്ളിങ്, ഒട്ടക സവാരി മല്‍സരങ്ങളിലും മന്ത്രാലയത്തിലെ നിരവധി ജീവനക്കാര്‍ പങ്കെടുത്തു. നീതിന്യായ മന്ത്രാലയത്തിന്‍െറ പരിപാടികള്‍ നീതിന്യായ മന്ത്രി ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികളും തൈക്കോണ്ടോ, കരാട്ടെ മല്‍സരങ്ങളും നടന്നു. ഒരു കിലോമീറ്റര്‍ നടത്തത്തോടെയായിരുന്നു എസ്.സി.എച്ച് പരിപാടികളുടെ തുടക്കം. ഫുട്ബാള്‍, വോളിബാള്‍, ടേബിള്‍ ടെന്നീസ്, എയ്റോബിക്സ് തുടങ്ങിയ മല്‍സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. പൊതുജനാരോഗ്യമന്ത്രിയും എസ്.സി.എച്ച് സെക്രട്ടറി ജനറലുമായ അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി കോര്‍ണിഷില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു. |
‘ഹാഫിസ്’ പദ്ധതി വിശദാംശങ്ങള്‍ അറിയിക്കണമെന്ന് വ്യവസായ പ്രമുഖര്‍ Posted: 12 Feb 2013 08:59 PM PST റിയാദ്: ‘ഹാഫിസ്’ തൊഴില്‍പ്രേരക പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് വ്യവസായികളടക്കമുള്ള പ്രമുഖര്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് വേണ്ടി തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതുവഴി പ്രയോജനം ലഭിച്ചവരുടെയും വിവരം ലഭിക്കണമെന്നാണ് കിങ് അബ്ദുല്‍അസീസ് വാഴ്സിറ്റി മാര്‍ക്കറ്റിങ് വിഭാഗം പ്രഫ. ഡോ. ഹബീബുല്ല തുര്‍ക്കിസ്താനി, വ്യവസായ പ്രമുഖരായ മുഹമ്മദ് ഹസന്‍ യൂസുഫ്, അഹ്മദ് ബഗ്ദാദി, സ്വകാര്യകമ്പനിയുടെ എച്ച്. ആര്‍ മാനേജര്‍ ഡോ. അമര്‍ ശീറ, ഹനാന്‍ മദനി തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശീയരായ യുവതീയുവാക്കളില്‍ തൊഴില്‍ സംസ്കാരം വളര്‍ത്താനാണ് ‘നിതാഖാത്ത്’ പദ്ധതി ആവിഷ്കരിച്ചത്. തൊഴിലുടമയുടെ അവകാശങ്ങള്‍ മാനിക്കുക, തൊഴിലിനോട് കൂറും പ്രതിബദ്ധതയും കാണിക്കുക, അന്യായമായി തൊഴിലുപേക്ഷിച്ച് പോകാതിരിക്കുക തുടങ്ങിയ തൊഴില്‍ സംസ്കാരങ്ങള്‍ ഉണ്ടാക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഡോ. തുര്‍ക്കിസ്താനി അനുസ്മരിച്ചു. ഇത് നേടിയെടുക്കുന്നതില്‍ പദ്ധതി എത്രത്തോളം വിജയിച്ചെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹാഫിസ് പദ്ധതി സദുദ്ദേശ്യപരമാണെങ്കിലും തൊഴിലുപേക്ഷിക്കാന്‍ അത് യുവാക്കളെ പ്രേരിപ്പിക്കുന്നുവെന്ന് മുഹമ്മദ് ഹസന്‍ യൂസുഫ് ആശങ്ക പ്രകടിപ്പിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ലോക ബാങ്ക് മുന്നോട്ടുവെച്ച പഠനം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ 11 ലക്ഷം പേര്‍ക്കായി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും തൊഴില്‍ പരിശീലനം നല്‍കുന്നതിനും പ്രതിമാസം നല്‍കിവന്ന രണ്ടായിരം റിയാല്‍ സാമ്പത്തികസഹായം വഴി കഴിഞ്ഞ ഒരു വര്‍ഷം ‘ഹാഫിസ്’ പദ്ധതി വഴി ലഭിച്ച തൊഴിലവസരങ്ങള്‍, നടത്തിയ പരിശീലനപരിപാടികള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിലര്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചത് സങ്കടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റും പുതിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ ‘ഹാഫിസ്’ പദ്ധതി തൊഴിലില്ലായ്മയും ‘നിതാഖാത്ത്’ വ്യാജ സൗദിവത്കരണവും വര്‍ധിപ്പിക്കുകയാണുണ്ടായതെന്ന് അഹ്മദ് അല്‍ ബഗ്ദാദി ചൂണ്ടിക്കാട്ടി. പദ്ധതി പ്രഖ്യാപിച്ചതിനപ്പുറം പ്രവൃത്തിപഥത്തില്‍ എന്തായെന്ന് അന്വേഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്നതിനെക്കുറിച്ച് ഒരുപുനര്‍വായന ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം തന്നെയാണ് ഡോ. അമല്‍ ശീറയും പങ്കുവെക്കുന്നത്. ‘ഹാഫിസ്’ പദ്ധതി തൊഴിലില്ലായ്മക്കാണ് പ്രേരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. 3000 റിയാല്‍ വേതനവ്യവസ്ഥയില്‍ ജോലിചെയ്തിരുന്ന സ്വദേശി യുവതീയുവാക്കള്‍ ‘ഹാഫിസ്’ പദ്ധതിയില്‍ ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് ജോലി ഉപേക്ഷിച്ച അനുഭവം അവര്‍ പങ്കുവെച്ചു. തൊഴിലിനെക്കുറിച്ച അവബോധമില്ലായ്മ, യോഗ്യതയെക്കുറിച്ച വിശ്വാസമില്ലായ്മ തുടങ്ങിയവ യുവാക്കളില്‍ കാണുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് മൂന്ന് തൊഴിലുകള്‍ പരിചയപ്പെടുത്തണമെന്നും അതില്‍നിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായിരിക്കണം സാമ്പത്തിക സഹായം നല്‍കേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഹാഫിസ് പദ്ധതി തൊഴിലില്ലായ്മ പരിഹരിച്ചിട്ടില്ലെന്ന് വ്യവസായി ഹനാന്‍ മദനി പറഞ്ഞു. സാമ്പത്തിക സഹായ വിതരണത്തിലൂടെ തൊഴിലാളികളുടെ യോഗ്യത, പരിശീലനം, പാര്‍ട്ടൈം ജോലി, തൊഴില്‍ അവബോധം ഇതൊക്കെ സാധ്യമാക്കുന്നതിനായിരിക്കണം ധനസഹായം നല്‍കേണ്ടിയിരുന്നതെന്നും പദ്ധതി ഈ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് മാത്രമല്ല, തൊഴില്‍ രംഗത്ത്നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുകയാണുണ്ടായതെന്നും അവര്‍ ആരോപിച്ചു. |
തായ് ലന്‍ഡില്‍ സൈനിക ആസ്ഥാനത്ത് ഏറ്റുമുട്ടല്‍: 17 മരണം Posted: 12 Feb 2013 08:57 PM PST ബാങ്കോക്ക്: തെക്കന്‍ തായ് ലന്‍ഡില്‍ സൈനിക ആസ്ഥാനത്ത് നുഴഞ്ഞുകയറിയ വിമത പോരാളികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പോരാളികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചയാണ് മലേഷ്യയുടെ അതിര്‍ത്തിക്കടുത്തുള്ള ബചോ നരാതിവത് പ്രവിശ്യയില്‍ ആക്രമണം നടന്നത്. നൂറോളം പോരാളികളാണ് 60 മറീനുകളുള്ള സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക മേധാവി പറദോണ്‍ പതനതബ്തുര്‍ പറഞ്ഞു. സൈനികരുടെ ഭാഗത്ത് ആള്‍നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല. യാല,പത്തനി,നരാതിവത് തുടങ്ങിയ തെക്കന്‍ പ്രവിശ്യകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈ മേഖലകളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 5000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. |
ബിദ്ബിദ്-സൂര്‍ ഇരട്ട ഹൈവേ മൂന്നുവരി പാതയാക്കും Posted: 12 Feb 2013 08:54 PM PST മസ്കത്ത്: നിര്‍മാണം പുരോഗമിക്കുന്ന ബിദ്ബിദ്-സൂര്‍ ഇരട്ടഹൈവേ മൂന്നുവരി പാതയാക്കാന്‍ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. തെക്കന്‍, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വികസനം കണക്കിലെടുത്താണ് നിര്‍ണായക തീരുമാനമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈശി പറഞ്ഞു. സാമ്പത്തിക, വാണിജ്യം, ടൂറിസം മേഖലയില്‍ വന്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയുള്ള ശര്‍ഖിയ മേഖലയിലെ ജനസംഖ്യയും അവിടേക്കുള്ള ഗതാഗതവും ഭാവിയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. വളരെ ദുര്‍ഘടമായ മലമ്പ്രദേശത്ത് കൂടിയാണ് ബിദ്ബിദ്-സൂര്‍ ഹൈവേ കടന്നുപോകുന്നത്. നിലവില്‍ ബിദ്ബിദ്-സൂര്‍ ഹൈവേയുടെ ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഇതിനായി മലകളും പാറകളും വെട്ടി സൗകര്യമൊരുക്കുന്ന ജോലി ഏറ്റെടുത്ത കരാര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മൂന്നാമത് ലൈനിന് വേണ്ടിയുള്ള ജോലിയും അവരെ ഏല്‍പിക്കുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകരമാണ്. ഇപ്പോള്‍ അല്‍സഹ്വ ടവര്‍, ബിദ്ബിദ് റോഡില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പഠനം നടത്തിയ കണ്‍സള്‍ട്ടന്‍സിയും മൂന്ന് ലൈനുകള്‍ക്കായി നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ബിദ്ബിദ്-സൂര്‍ ഹൈവേയുടെ ആദ്യഘട്ടമായ ബിദ്ബിദ്-ഇബ്ര 115 കിലോമീറ്റര്‍ റോഡിന്‍െറ പണി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. റുസൈല്‍-നിസ്വ റോഡില്‍ തുടങ്ങി സമൈല്‍, മുദൈബി, ദിമാ അല്‍ താഇന്‍ എന്നീ വിലായത്തുകള്‍ താണ്ടി ഇബ്രയിലെ മസ്റൂന്‍ റൗണ്ട് എബൗട്ട് വരെയാണ് ആദ്യഘട്ടം. മേല്‍പാലങ്ങളും ബഹുനില ക്രോസ് റോഡുകളും ഉള്‍പ്പെടെ വലിയ പദ്ധതിയാണിത്. ഇബ്രയില്‍ നിന്ന് സൂര്‍ വരെയുള്ള രണ്ടാംഘട്ട പദ്ധതിയുടെ ടെന്‍ഡര്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ തുടങ്ങി ശര്‍ഖിയ, ദാഖിലിയ, വുസ്ത ഗവര്‍ണറേറ്റകളിലൂടെ കടന്ന് ദോഫാറിലേക്ക് പോകാവുന്ന റോഡ് ശൃംഖലയായി ഇത് വളരും. ദാഖിലിയ ഗവര്‍ണര്‍ ഡോ. ഖലീഫ ബിന്‍ ഹമദ് അല്‍ സഅദി, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. |
No comments:
Post a Comment