സ്വാഗതം
WELCOME

News Update..

Saturday, February 16, 2013

കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമില്ലെന്ന് തിരുവഞ്ചൂര്‍ Madhyamam News Feeds

കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമില്ലെന്ന് തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമില്ലെന്ന് തിരുവഞ്ചൂര്‍

Posted: 15 Feb 2013 10:37 PM PST

Image: 

തിരുവനന്തപുരം: കേരളത്തിനുള്ളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.  ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തിലാണ് തിരുവഞ്ചൂര്‍  ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടിന്‍ മേല്‍ ആഭ്യന്തരമന്ത്രി ഡി.ജി.പി യുമായും  ഇന്‍്റലിജന്‍സ് ഡി.ജി.പിയുമായും ചര്‍ച്ച നടത്തി.

കേരള കര്‍ണാടക അതിര്‍ത്തി വനമേഖലയില്‍ മാവോയിസ്റ്റ് വേട്ട  സംയുക്തമായി നടത്താന്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏഴു അതിര്‍ത്തി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കുമെന്നും  കൂടുതല്‍ പൊലീസ് സേനയെ അതിര്‍ത്തിയിലയക്കുമെന്നും മന്ത്രി അറിയിച്ചു.
മാവോയിസ്റ്റുകളെ സഹായിക്കുന്ന ചില ഗ്രൂപ്പുകള്‍ സംസ്ഥാനത്തുണ്ടെന്നും അവരെ നിരീക്ഷിച്ചുവരികയാണെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  അറിയിച്ചു.കേരള വാര്‍ത്ത

പ്രത്യേക പരിശീലനം നേടിയ കേരളാ പൊലീസ് സേനാ വിഭാഗം തണ്ടര്‍ ബോള്‍ട്ടിന്റെപരിശോധന തുടരുകയാണ്.  പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കര്‍ണാടകയിലെയും  കേരളത്തിലെയും ഉന്നത പൊലീസ് മേധാവികളുമായി  പങ്കുവെച്ച് ദൗത്യവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
 

പിടിയിലായ കുറ്റവാളികളില്‍ ഹെഡ്ലി ഒന്നാമനെന്ന് യു.എസ്

Posted: 15 Feb 2013 10:00 PM PST

Image: 

വാഷിങ്ടണ്‍: നാല് വര്‍ഷത്തിനിടെ യു.എസില്‍ അറസ്റ്റിലായ അഞ്ച് പ്രധാന കുറ്റവാളികളില്‍ പ്രധാനി മുംബൈ ആക്രമണത്തിന്റെമുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ആണെന്ന് യു.എസ് സര്‍ക്കാരിന്റെഭീകരവിരുദ്ധ പദ്ധതികളുടെ ഉപദേശകന്‍ ജോണ്‍ ബ്രണ്ണന്‍ വ്യക്തമാക്കി. 2009 ജനുവരിക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട കുറ്റവാളികളെ സംബന്ധിച്ച് ബ്രണ്ണന്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

നാല് വര്‍ഷത്തിനുള്ളില്‍ ഭീകരവാദികളെന്ന് സംശയിക്കുന്ന നിരവധി പേരെ യു.എസ് അറസ്റ്റ് ചെയ്യുകയും തടവിലിടുകയും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രണ്ണന്‍ റിപോര്‍ട്ടില്‍ പറയുന്നു. ഹെഡ്ലിക്ക് പുറമെ മന്‍സൂര്‍ അര്‍ബാബ്സിയര്‍, നജീബുള്ള സസീ, ഫൈസല്‍ ഷഹസാദ്, ഉമര്‍ ഫാറൂഖ് അബ്ദുല്‍ മുത്തലബ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രധാനികള്‍.

അഹമ്മദ് ഗീലാനി, ജീസെ കുര്‍തീസ് മോര്‍ട്ടന്‍, മുഹമ്മദ് ഇബ്രാഹീം, ബെതിം കസിയു എന്നിവരെ യു.എസ് വിദേശത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വെള്ളിയാഴ്ച സെനറ്റ് ഇന്‍്റലിജന്‍സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

യു.എസ് പൗരന്‍ ആണെങ്കിലും അല്‍ഖാഇദയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ അവരെ രാജ്യത്തിന്റെസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നവരായാണ് കാണുകയെന്നും ബ്രണ്ണന്‍ വ്യക്തമാക്കി.

മുംബൈ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതിയായ ഹെഡ്ലിയെ ജനുവരിയില്‍ ഷിക്കാഗോ കോടതി 35 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
 

കശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

Posted: 15 Feb 2013 09:54 PM PST

Image: 

ശ്രീനഗര്‍: പാര്‍ലമെന്‍്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ  പിന്‍വലിച്ചു.
ഒരാഴ്ചയായി കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധാജ്ഞ പിന്‍വലിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് അറിയിച്ചത്. എന്നാല്‍ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി വിന്യസിച്ച സുരക്ഷാ സേനയെ പിന്‍വലിച്ചിട്ടില്ല. അടുത്ത രണ്ടുദിവസങ്ങളിലായി മേഖലയിലെ  വിമത സംഘടനകള്‍  ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് സുരക്ഷാ സേനയെ നിലനിര്‍ത്തിയിരിക്കുന്നത്.

നിരോധാജ്ഞയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ  ഇന്‍്റര്‍നെറ്റ്, കേബിള്‍ ടി.വി സര്‍വ്വീസുകള്‍  പുന:സ്ഥാപിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് കശ്മീരില്‍  കര്‍ഫ്യൂ  ഏര്‍പെടുത്തിയത്. കര്‍ഫ്യൂ ലംഘിച്ച്  ശ്രീനഗില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും പൊലീസുകാരടക്കം 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.   ഫെബ്രുവരി ഒമ്പതിന് രാവിലെ ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അതീവ രഹസ്യമായാണ് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

 

ധര്‍മരാജനെ കോടതി റിമാന്‍ഡ് ചെയ്തു

Posted: 15 Feb 2013 08:33 PM PST

Image: 

കോട്ടയം: കര്‍ണാടകയില്‍ പിടിയിലായ സൂര്യനെല്ലിക്കേസിലെ മൂന്നാംപ്രതി ധര്‍മരാജനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ താത്കാലികമായി കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി. സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്ന കാര്യം പിന്നീട് തീരുമാനിക്കും. പൊലീസുകാര്‍ക്കെതിരെ പരാതിയൊന്നുമില്ലെന്ന് ധര്‍മരാജന്‍ കോടതിയില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ കനത്ത പൊലീസ് കാവലിലാണ് ഇയാളെ കോട്ടയത്തെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവന്നത്. അറസ്റ്റ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ധര്‍മരാജന്‍ പ്രതികരിച്ചില്ല.

മധ്യകര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ സാഗറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പ്രത്യേക അന്വേഷണ സംഘം ധര്‍മരാജനെ അറസ്റ്റു ചെയ്തത്. പൊലീസ് സംഘം വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ധര്‍മരാജനുമായി കേരളത്തിലേക്ക് തിരിച്ചു.

നാലുദിവസത്തെ തിരച്ചിലിനുശേഷം സാഹസികമായായിരുന്നു ധര്‍മരാജനെ അറസ്റ്റ് ചെയ്തതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സി. രാജഗോപാല്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച ധര്‍മരാജനെ 2000 സെപ്റ്റംബര്‍ 17ന് കര്‍ണാടകയില്‍ കരിങ്കല്‍ ക്വാറിയില്‍നിന്നാണ് ആദ്യം അറസ്റ്റ് ചെയ്തത്. 2002 ജൂലൈ 13ന് ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. എന്നാല്‍, 2005 ജനുവരി 20ന് ധര്‍മരാജനൊഴികെ മറ്റു പ്രതികളെ  ഹൈകോടതി വിട്ടയച്ചു. ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമാക്കി ഇളവുചെയ്യുകയും ചെയ്തു. എന്നാല്‍, 2005 ഏപ്രിലില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ പരോളില്‍ ഇറങ്ങിയ ധര്‍മരാജന്‍ മുങ്ങി.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ തന്റെ അംബാസഡര്‍ കാറിലാണ് കുമളി ഗെസ്റ്റ് ഹൗസില്‍ എത്തി സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ധര്‍മരാജന്‍ മാതൃഭൂമി ചാനലിനോട് അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വഴിത്തിരിവായത്. ഇതോടെ, ഡി.ജി.പിയുടെ നിര്‍ദേശാനുസരണം കൊച്ചിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ധര്‍മരാജന്‍ കീഴടങ്ങുംമുമ്പ് പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.

 

സര്‍ക്കാറിന്റെ ഭീരുത്വം

Posted: 15 Feb 2013 08:11 PM PST

Image: 

നരബലി നടത്തിക്കൊണ്ടാണ് മധ്യകാല യുഗങ്ങളില്‍ ഗോത്രങ്ങളും നാട്ടുരാജ്യങ്ങളും യുദ്ധങ്ങള്‍ക്ക് തുടക്കംകുറിക്കാറുള്ളത്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് രണാങ്കണത്തില്‍ പ്രവേശിക്കാനിരിക്കുന്ന ഇന്ത്യയും നരബലിയോടെ അങ്കപ്പുറപ്പാട് ആരംഭിച്ചിരിക്കുന്നു. അഫ്സല്‍ ഗുരുവിന്‍െറ ജീവബലിയുടെ രാഷ്ട്രീയമാനം അതാണെന്ന് കരുതാനേ ന്യായമുള്ളൂ. ഒരു ദലിത് ആഭ്യന്തരമന്ത്രിയുടെ അനുമതിയോടെ, സിഖുകാരനായ സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയുടെ ഭരണകൂടത്തിനുവേണ്ടി, വലതുവര്‍ഗീയശക്തികളുടെ തെരഞ്ഞെടുപ്പിലെ മുന്നേറ്റം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രാകൃതമായ കഴുവേറ്റല്‍ എന്ന് ഈ ശിക്ഷയെ ഹ്രസ്വമായി സംഗ്രഹിക്കാം.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ശിഥിലീകൃതമാകാതെ കാത്തുപോരുന്ന ഭരണകുടുംബത്തിന്‍െറ കരങ്ങളുടെ കരുത്തും ഈ കരുനീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഭരണകുടുംബത്തെ വാഴിക്കുന്നവരും ശ്ളാഘിക്കുന്നവരും നിരവധി. അഫ്സല്‍ ഗുരു എന്ന ഇന്ത്യന്‍ പൗരന് വധശിക്ഷ നടപ്പാക്കിയ രീതി നാടുവാഴുന്ന അധികാരശക്തികളുടെ ധര്‍മശൂന്യ നിലപാടുകളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരം സമീപനത്തെ പുഷ്ടിപ്പെടുത്താന്‍ ഇതര പാര്‍ട്ടികള്‍ കക്ഷിഭേദം മറന്ന് ഒന്നിക്കുന്ന പ്രവണതയും ആര്‍ക്കും അനായാസം ദര്‍ശിക്കാം.
വധശിക്ഷ തിടുക്കത്തില്‍ നടപ്പാക്കിയതിനെ നീതിയുടെയും ജനാധിപത്യത്തിന്‍െറയും വികൃതാനുകരണമായി സി.പി.ഐ എം.പി വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍, കൂടുതല്‍ ജനസ്വാധീനമുള്ള മുഖ്യധാരാ ദേശീയ പാര്‍ട്ടിയായ സി.പി.എം നികൃഷ്ടമായ രീതിയില്‍ വധശിക്ഷയെ സാധൂകരിക്കുകയായിരുന്നു. ‘രാജ്യത്തെ നിയമവാഴ്ച ശരിയായ ദിശയിലൂടെ സഞ്ചരിക്കുകയും 11 വര്‍ഷം പിന്നിട്ട പാര്‍ലമെന്‍റ് ആക്രമണക്കേസിന് സമ്പൂര്‍ണ സമാപ്തി കൈവരുകയും ചെയ്തു’ എന്നായിരുന്നു സി.പി.എം നേതാക്കളുടെ പ്രതികരണം.
വേണ്ടത്ര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ നിര്‍വഹിക്കപ്പെട്ട ശിക്ഷയെ അപലപിക്കാന്‍ സി.പി.എം തയാറായിരുന്നെങ്കില്‍ ബി.ജെ.പിയെ പഴിക്കാന്‍ രാജ്യത്തിന് അവസരം ലഭിക്കുമായിരുന്നു. കാരണം, പ്രതീക്ഷിക്കപ്പെട്ട രീതിയിലുള്ള പതിവു വലതുപക്ഷ ന്യായീകരണ പ്രസ്താവനയാണ് ബി.ജെ.പി പുറത്തുവിട്ടത്.
‘കാലതാമസം  ഉണ്ടായെങ്കിലും സ്വാഗതാര്‍ഹമാണ് ഈ വധശിക്ഷ. ഭീകരതക്കെതിരെ ഇന്ത്യ ധീരനടപടി സ്വീകരിച്ചു എന്ന സന്ദേശമാണ് നാം ഇതുവഴി ലോകത്തിന് നല്‍കിയിരിക്കുന്നത്’ എന്ന പ്രതികരണത്തിലൂടെ ബി.ജെ.പി വക്താവ് രാജീവ് പ്രതാപ് അഫ്സലിന്‍െറ വധശിക്ഷക്ക് സമ്പൂര്‍ണ പിന്തുണതന്നെ പ്രഖ്യാപിക്കുകയുണ്ടായി.
വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ ദയാഹരജി രാഷ്ട്രപതി നിരസിക്കുന്നപക്ഷം, സാങ്കേതികമായി പറഞ്ഞാല്‍ ഗവണ്‍മെന്‍റിന് ഏതുനേരവും ആ ശിക്ഷ നടപ്പാക്കാം. എന്നാല്‍, ഇവിടെ ദയാഹരജി നിരാകരിക്കപ്പെട്ട വിവരം സര്‍ക്കാര്‍ സര്‍വരില്‍നിന്നും മറച്ചുപിടിച്ചു (അഫ്സലിന്‍െറ ബന്ധുക്കള്‍പോലും ടി.വി ചാനലില്‍ തൂക്കിലേറ്റിയ വാര്‍ത്ത കണ്ടപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ ഗ്രഹിക്കുന്നത്). മനുഷ്യാവകാശ സംരക്ഷണ ചട്ടങ്ങളുടെ അന്തസ്സത്തക്ക് നിരക്കാത്ത ഇത്തരം നിഗൂഢതകള്‍ നമ്മുടെ മന$സാക്ഷിയെ വേദനിപ്പിക്കുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ പാക് പൗരന്‍ അജ്മല്‍ കസബിന്‍െറ വധശിക്ഷ അതിവെളുപ്പാന്‍കാലത്ത് നടത്തിയതും ഇതേ നിഗൂഢതയുടെ മറവിലായിരുന്നു. തൂക്കിലേറ്റല്‍ അവസാന നിമിഷംവരെ രഹസ്യമാക്കിവെച്ചത് ഹീനപ്രവണതയാണെന്ന് അന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുകയുണ്ടായി.
രണ്ടു വധശിക്ഷകളും നിയമങ്ങളുടെ ഭാഷയില്‍ ശരിയായിരിക്കാമെങ്കിലും രണ്ടിലും പ്രതിഫലിക്കുന്നത് സര്‍ക്കാറിന്‍െറ കടുത്ത ഭീരുത്വ മനോഭാവമാണെന്ന് നിസ്സംശയം പറയാം. സംവാദകേന്ദ്രങ്ങളിലും ചാനല്‍ സ്റ്റുഡിയോകളിലും വാദവിവാദങ്ങള്‍ മുറുകിയിരിക്കുന്നു. വധശിക്ഷ തന്നെ ഉപേക്ഷിക്കണമെന്ന വാദം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു.
കസബിന്‍െറ വധശിക്ഷയെ അനുകൂലിക്കുന്ന മനസ്സാണ് പൊതുവില്‍ ഇന്ത്യന്‍ ജനത പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, അഫ്സലിന്‍െറ കേസില്‍ പൊതുജനങ്ങള്‍ അവ്വിധം ആഗ്രഹിച്ചിരുന്നില്ല. അയാള്‍ക്ക് വക്കീലിനെ നിയമിച്ചിരുന്നില്ല. അയാളെ ജയിലില്‍തന്നെ സൂക്ഷിക്കാന്‍ ഭീമമായ ചെലവും ആവശ്യമായിരുന്നില്ല. ബി.ജെ.പി ഇടക്ക് ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അഫ്സലിനെ തടവില്‍ സൂക്ഷിക്കുന്നതുകൊണ്ട് കോണ്‍ഗ്രസിന് പ്രത്യേക പ്രയാസങ്ങള്‍ വന്നുഭവിക്കാനിടയില്ലായിരുന്നു. കസബിനെ അനായാസം വധിച്ചതിലൂടെ നേടിയ ഇച്ഛാശക്തി കൈമുതലാക്കി അധികൃതര്‍ അഫ്സലിന്‍െറ ചേതനയിലും കൊലക്കയര്‍ കുരുക്കുകയായിരുന്നു.
രണ്ടു വധശിക്ഷകള്‍ തമ്മിലുള്ള നിര്‍ണായക വൈജാത്യങ്ങള്‍ക്കും സര്‍ക്കാര്‍ പരിഗണന നല്‍കിയില്ല. കസബ് പാക് പൗരനായിരുന്നു; അഫ്സല്‍ ഇന്ത്യന്‍ പൗരനും. കസബിന്‍െറ ഭീകരപ്രവൃത്തിയെ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭ്യമായിരുന്നു. അഫ്സലിനെതിരെ ദുര്‍ബലമായ സൂചനകള്‍ മാത്രമാണ് ലഭിച്ചത്. അഫ്സല്‍ ഗുരു ഒരുതവണ നിയന്ത്രണരേഖ മുറിച്ചുകടന്ന് പാകിസ്താനില്‍ പരിശീലന ക്യാമ്പില്‍ സംബന്ധിക്കുകയുണ്ടായി. ആ കുറ്റം അയാള്‍ സമ്മതിക്കുകയും പശ്ചാത്തപിക്കുകയുമുണ്ടായി. കശ്മീരിനുവേണ്ടി സായുധസമരം എന്ന തീവ്രവാദികളുടെ ആശയത്തോട് യോജിപ്പില്ലാത്തതുകൊണ്ടായിരുന്നു അയാള്‍ പരിശീലന ക്യാമ്പ് വിട്ടത്. കസബാകട്ടെ, അത്തരം ഏറ്റുപറച്ചിലുകള്‍ക്കൊന്നും തയാറായില്ല.
കോടതി നിശ്ചയിച്ച തീയതിക്കുമുമ്പേ ലാഹോര്‍ ഗൂഢാലോചനാ കേസില്‍ ഭഗത്സിങ്ങിനെ തൂക്കിലേറ്റിയ ബ്രിട്ടീഷ്രാജിന്‍െറ നടപടിയെ അനുസ്മരിപ്പിക്കുന്നുണ്ട് അഫ്സല്‍ വധം. വധശിക്ഷ വിധിക്കപ്പെട്ട് തടവറകളില്‍ കഴിയുന്നവരില്‍ അവസാന പേരുകളില്‍ ഒരാളായിരുന്നു അഫ്സല്‍ ഗുരു.

(ഗ്രന്ഥകര്‍ത്താവും കോളമിസ്റ്റുമാണ് ലേഖകന്‍. റോയിട്ടേഴ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. മുംബൈയില്‍ സ്ഥിരതാമസം).
l

 

പരസ്യങ്ങള്‍ക്കും വേണം നിയന്ത്രണരേഖ

Posted: 15 Feb 2013 07:55 PM PST

Image: 

ദല്‍ഹി സംഭവം ഉല്‍പാദിപ്പിച്ച സ്ത്രീപീഡന വിരുദ്ധ വികാരങ്ങളുടെയും പ്രതിഷേധ പ്രതികരണങ്ങളുടെയും പശ്ചാത്തലത്തില്‍, സ്ത്രീയെ വില്‍പനച്ചരക്കും ഉപഭോക്തൃവസ്തുവുമാക്കി മാറ്റിയ മുതലാളിത്ത സംസ്കാരത്തിന്‍െറ ഭാഗമായി നിര്‍ബാധം തുടരുന്ന പല അധാര്‍മികകൃത്യങ്ങളും ശക്തമായി വിചാരണ ചെയ്യപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരവും ശുഭസൂചകവുമാണ്. അതില്‍പെട്ടതാണ് കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും സമിതി തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്. സ്ത്രീനഗ്നത പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് സമിതി നിയമസഭക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. നഗ്നത പ്രദര്‍ശന പരസ്യങ്ങള്‍ സമൂഹത്തിലും കുട്ടികളിലും ദൂഷ്യസ്വഭാവം വളരാന്‍ ഇടവരുത്തുമെന്ന് നിയമസഭാ സമിതി ചൂണ്ടിക്കാട്ടുന്നു. സെന്‍സര്‍ സംവിധാനം കര്‍ക്കശമാക്കുകയും സഭ്യേതര പരസ്യങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുകയും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്.
എന്തു വിലകൊടുത്തും ഏത് അവിഹിതമാര്‍ഗേണയും പണമുണ്ടാക്കുക ലക്ഷ്യമായി പ്രഖ്യാപിച്ച്, അതിനായി അതീവ വികസിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നാനാവിധ തന്ത്രങ്ങള്‍ ലോകത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന നവഉദാരീകരണ സാമ്പത്തിക നയത്തിന്‍െറ പ്രണേതാക്കള്‍ മനുഷ്യസമൂഹത്തിന് സമ്മാനിച്ച ശാപങ്ങളിലൊന്നാണ് പരസ്യങ്ങളില്‍ സ്ത്രീശരീര പ്രദര്‍ശനത്തിന്‍െറ സാധ്യതകള്‍. അനേക ലക്ഷം കോടി മുതലിറക്കി ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പരസ്യക്കമ്പനികള്‍, നഗ്നമേനി പ്രദര്‍ശനമാണ് തങ്ങളുടെ ലക്ഷ്യസാഫല്യത്തിന് മുഖ്യമായും അവലംബിച്ചുകാണുന്നത്. സിനിമ, ടെലിവിഷന്‍, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പാതയോരങ്ങളിലും വ്യോമ, റെയില്‍, റോഡ് ഗതാഗത സിരാകേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന ബോര്‍ഡുകള്‍ മുതല്‍ സ്കൂള്‍കുട്ടികള്‍ ഉപയോഗിക്കുന്ന നോട്ട്ബുക്കുകള്‍വരെ എല്ലാമിന്ന് പരസ്യമയമാണ്. ക്രിക്കറ്റ്, ഫുട്ബാള്‍, ടെന്നിസ് തുടങ്ങിയ വിനോദമേളകള്‍ സംഘടിപ്പിക്കപ്പെടുന്നതുതന്നെ പരസ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് തോന്നും. നിത്യോപയോഗ സാധനങ്ങളാകട്ടെ, ആഡംബര വസ്തുക്കളാകട്ടെ എല്ലാറ്റിന്‍െറയും പുറംപൊതിച്ചിലുകള്‍ പരസ്യങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഈ പരസ്യങ്ങളില്‍ സിംഹഭാഗത്തിന്‍െറയും വശ്യത ഭാഗികമോ പൂര്‍ണമോ ആയ സ്ത്രീശരീര നഗ്നതയായിരിക്കണമെന്ന് പരസ്യക്കമ്പനികള്‍ തീരുമാനിച്ചപോലെയാണ്. കാണികളുടെയും അനുവാചകരുടെയും കണ്ണുകളെ റാഞ്ചിയെടുത്ത് അവരുടെ അധമവികാരങ്ങളെ പരമാവധി ഉദ്ദീപിപ്പിച്ച് കാര്യം നേടുകയെന്നതാണ് അജണ്ട. കിടമത്സരം തീവ്രതരമായ പരസ്യമേഖലയില്‍ പിടിച്ചുനില്‍ക്കാനും ആധിപത്യം നേടാനുമുള്ള ത്വരയില്‍ പ്രയോഗിക്കപ്പെടുന്ന ഹീനതന്ത്രങ്ങളുടെ ഭാഗമാണ് പലയിടത്തും പലപ്പോഴും പലപേരിലും ആഘോഷമായി നടക്കാറുള്ള വിശ്വസുന്ദരി മത്സരങ്ങള്‍. മിസ് വേള്‍ഡ്, മിസ് യൂനിവേഴ്സ്, മിസ് അമേരിക്ക, മിസ് യൂറോപ്പ്, മിസ് പെസഫിക് തുടങ്ങിയ പട്ടങ്ങള്‍ക്കായി കൊണ്ടാടപ്പെടുന്ന സൗന്ദര്യമത്സരങ്ങളില്‍ മുക്കാലേമുണ്ടാണിയും നഗ്നമായി പ്രത്യക്ഷപ്പെടുന്ന വനിതകള്‍ യുദ്ധംജയിച്ച ഗമയോടെയാണ് അണിനിരക്കുന്നത്. എന്നാല്‍, അനേകലക്ഷം സഹോദരിമാരുടെ നിഷ്കളങ്ക ശരീരങ്ങള്‍ കൊത്തിവലിക്കാന്‍ കഴുകക്കണ്ണുകളെ പ്രേരിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ ഓര്‍ക്കുന്നില്ല. സൗന്ദര്യമത്സരം പുരോഗമിച്ച് ഓരോ അവയവങ്ങള്‍ക്കും പ്രത്യേക മത്സരം സംഘടിപ്പിക്കുന്നിടത്തോളം വഷളായിത്തീര്‍ന്നിട്ടുണ്ട് ഈ രംഗമെന്നതും പരമാര്‍ഥമാണ്. പരിഷ്കരണത്തിന്‍െറയും സ്വാതന്ത്ര്യത്തിന്‍െറയും ആസ്വാദനത്തിന്‍െറയും പേരിലാണ് ഈ അവിശുദ്ധ കൃത്യങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്. സത്യത്തില്‍, ഏതാനും കോര്‍പറേറ്റ് ഭീമന്മാരുടെ അനന്തമായ ലാഭേച്ഛയല്ലാതെ മറ്റൊന്നും ഇതിന്‍െറ പിന്നിലില്ല.
വ്യവസായവും ഉല്‍പാദനവും വ്യാപാരവുമെല്ലാം വളരണം, വികസിക്കണം. അതിന് പരസ്യങ്ങളുടെ പിന്‍ബലം അനുപേക്ഷ്യമാണെന്നും സമ്മതിക്കാം. പരസ്യങ്ങളുടെ ആവിഷ്കാരത്തിലും രൂപകല്‍പനയിലും നൂതനപരീക്ഷണങ്ങളും സ്വാഭാവികമാണ്. പക്ഷേ, സംസ്കാരവും സദാചാരവും മാന്യതയും സഭ്യതയും സര്‍വോപരി സ്ത്രീസുരക്ഷയും ബലികഴിച്ചുതന്നെ വേണമോ പരസ്യവിപണി കൊഴുപ്പിക്കാന്‍ എന്നതാണ് ചോദ്യം. ഭാവനയും സദാചാരവും ഒപ്പം സ്ത്രീവ്യക്തിത്വത്തോട് ആദരവുമുണ്ടെങ്കില്‍ നാരീശരീരപ്രദര്‍ശനം കൂടാതെതന്നെ പരസ്യക്കമ്പോളം ചലനാത്മകവും വശ്യവും മനോഹരവുമാക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. അതിന് ഉദാഹരണങ്ങള്‍ ഇപ്പോള്‍തന്നെ പരസ്യങ്ങളുടെ ലോകത്തുണ്ടുതാനും. ആഗോളതലത്തിലോ ദേശീയതലത്തിലോ ഇക്കാര്യത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ നമുക്ക് ഒരുവേള സാധിച്ചില്ലെങ്കില്‍തന്നെ നിയമസഭാ സമിതിയുടെ ശിപാര്‍ശകള്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്താല്‍ വലിയൊരളവില്‍ അത് പ്രശ്നപരിഹാരമാവും. സ്ത്രീപീഡനത്തിന്‍െറ മാര്‍ഗങ്ങളിലൊന്ന് അടയ്ക്കുക മാത്രമല്ല പരസ്യങ്ങളുടെ സെന്‍സര്‍ഷിപ് കര്‍ശനമാക്കുന്നതിലൂടെ സാധിക്കുക. ഭയാനകമായി പെരുകുന്ന റോഡപകടങ്ങളുടെ ഒരു മുഖ്യവില്ലന്‍ കവലകളില്‍ സ്ഥാപിക്കപ്പെട്ട സ്ത്രീശരീര പ്രദര്‍ശന മുഖമുള്ള പരസ്യബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തട്ടിയെടുക്കുന്നതാണെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. ലൈംഗികതയുടെ അനാരോഗ്യകരമായ അതിപ്രസരത്തിലേക്ക് നേരത്തേ കാലത്തേ ഇളംതലമുറയെ വലിച്ചിഴക്കുന്നതിലും ഇത്തരം പരസ്യങ്ങള്‍ വഹിക്കുന്ന അനിഷേധ്യപങ്ക് കണക്കിലെടുക്കണം.

സഹായം ലഭിച്ചില്ല; കെ.എസ്.ആര്‍.ടി.സി കൂടുതല്‍ പ്രതിസന്ധിയിലേക്ക്

Posted: 15 Feb 2013 07:41 PM PST

Image: 

കൊച്ചി: ഡീസലിന്‍െറ അധിക വിലഭാരം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 28 കോടിയുടെ ധനസഹായം ഒരുമാസമായിട്ടും ലഭിക്കാത്തത് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നു. കഴിഞ്ഞ മാസം 18നാരംഭിച്ച പ്രതിസന്ധി കോര്‍പറേഷന് 20 കോടിയോളം രൂപയുടെ  അധിക നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സര്‍വീസുകള്‍ അനുദിനം വെട്ടിക്കുറക്കേണ്ടിവന്നതോടെയാണ് താല്‍ക്കാലിക പരിഹാരമായി ഒരുമാസം വേണ്ടിവരുന്ന അധികച്ചെലവായ 14 കോടി വീതം രണ്ടുമാസത്തേക്ക് 28 കോടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
പണം ഉടന്‍ കൈമാറുമെന്ന് ഗതാഗതമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ധനവകുപ്പില്‍നിന്നുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് കോര്‍പറേഷന്‍െറ ഉന്നത വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.  സര്‍ക്കാര്‍ സഹായം ഇനിയും ലഭിച്ചില്ലെങ്കില്‍ മുന്നോട്ടുപോകാനാവില്ലെന്ന് കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജനുവരിയിലെ പെന്‍ഷനും ഫെബ്രുവരിയിലെ ശമ്പളവും പെന്‍ഷനും എം.എ.സി.ടി കേസുകളിലെ കോടികളുടെ നഷ്ടപരിഹാരവും അടക്കം വേണ്ടിവരുന്ന 70 കോടിയോളം രൂപ അടിയന്തരമായി നല്‍കണമെന്നും കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മുടങ്ങും. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പയുടെ പലിശയും കുടിശ്ശികയായതോടെ കടം വാങ്ങാനുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ ക്ഷേമനിധിയില്‍നിന്ന് പണം എടുത്താണ് കഴിഞ്ഞ മാസം പെന്‍ഷന്‍ നല്‍കിയത്.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതി രണ്ടുതവണ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടില്ല. പുറത്തുനിന്ന് ഡീസല്‍ നിറക്കുകയാണ് സമിതിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം. കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്  ഇതിനോട്  അത്ര യോജിപ്പില്ല. സപൈ്ളകോ പമ്പുകളില്‍നിന്ന് ഡീസല്‍ നിറക്കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍, സംസ്ഥാനത്ത് സപൈ്ളകോക്ക് 17 പമ്പേയുള്ളൂ. മുന്‍കൂര്‍ പണം നല്‍കിയാല്‍ മാത്രം കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നല്‍കിയാല്‍ മതിയെന്നാണ് സപൈ്ളകോ തീരുമാനം. എണ്ണക്കമ്പനികളുമായി അടുത്തദിവസം വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി താല്‍ക്കാലിക ഇളവ് അനുവദിക്കണമെന്ന് ദല്‍ഹിയിലുള്ള മുഖ്യമന്ത്രി പെട്രോളിയം മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നേരത്തേ, ഗതാഗതമന്ത്രി ഇതിന് ദല്‍ഹിയില്‍ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.
അതിനിടെ, ഡീസല്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി പല ഡിപ്പോകളിലും സര്‍വീസ് റദ്ദാക്കല്‍ തുടരുകയാണ്. മൊത്തമുള്ള 5300 ഓളം ഷെഡ്യൂളുകളില്‍ 4500നടുത്ത് മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
 

മങ്ങിയ കാഴ്ചയുമായി മഅ്ദനി വീണ്ടും ജയിലിലേക്ക്

Posted: 15 Feb 2013 07:40 PM PST

Image: 

ബംഗളൂരു: സൗഖ്യ ഇന്‍റര്‍നാഷനല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്‍ററിലും അഗര്‍വാള്‍ കണ്ണാശുപത്രിയിലുമായി ഒരു മാസത്തിലധികം നീണ്ട ചികിത്സക്കു ശേഷവും മങ്ങിയ കാഴ്ചയുമായി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങുന്നു. ഫെബ്രുരി 21ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുമെന്ന് ഡോ. ഐസക് മത്തായി നൂറനാല്‍ മാധ്യമത്തോട് പറഞ്ഞു. ഇതിനു മുമ്പായി ഫെബ്രുവരി 19ന് മഅ്ദനിയെ പരിശോധനക്കായി വീണ്ടും അഗര്‍വാള്‍ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും. കാഴ്ച പൂര്‍ണമായും നഷ്ടമായ വലതു കണ്ണിന്‍െറ റെറ്റിനക്കു മുന്നിലെ പാട ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം എടുത്തു മാറ്റിയിരുന്നു. 20 ശതമാനം കാഴ്ചയുള്ള ഇടതു കണ്ണിന് ലേസര്‍ ചികിത്സയും നടത്തി. ഇതിന്‍െറ പുരോഗതി വിലയിരുത്തുന്നതിനാണ് അദ്ദേഹത്തെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
വലതു കണ്ണിന്‍െറ കാഴ്ച നേരിയ തോതിലെങ്കിലും വീണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഓപറേഷനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതു പൂര്‍ണമായി വിജയിച്ചാലും 20 ശതമാനം കാഴ്ച മാത്രമേ തിരിച്ചു കിട്ടാന്‍ സാധ്യതയുള്ളൂവെന്ന് ഡോക്ടര്‍ പറഞ്ഞു. ഇടതുകണ്ണിന്‍െറ കാഴ്ച 40 ശതമാനമെങ്കിലും തിരിച്ചു കിട്ടിയേക്കും. എന്നാല്‍, പ്രമേഹത്തിന്‍െറ അളവ് താഴുന്നതിനും കൂടുന്നതിനും അനുസരിച്ച് കാഴ്ച വീണ്ടും മങ്ങും. ചുരുക്കത്തില്‍ മങ്ങിയ കണ്ണുകളുമായി അദ്ദേഹത്തിന് വീണ്ടും ജയിലില്‍ കഴിയേണ്ടി വരും. സമയത്ത് ചികിത്സ കിട്ടാത്തതുകൊണ്ടു മാത്രമാണ് കാഴ്ച നഷ്ടമായതെന്ന് ഡോക്ടര്‍ ഐസക് മത്തായി പറഞ്ഞു. തുടര്‍ ചികിത്സ മുടങ്ങിയാല്‍ ഇടതു കണ്ണിന്‍െറ നിലയും പരിതാപകരമാവും. കണ്ണ്  ചികിത്സക്കു ശേഷം ആയുര്‍വേദ ചികിത്സ പൂര്‍ണമായി നല്‍കാനായിട്ടില്ല. എങ്കിലും അദ്ദേഹം ആരോഗ്യവാനാണെന്ന് ഡോക്ടര്‍ പറഞ്ഞു. മഅ്ദനിക്ക് ലഭ്യമാക്കിയ ചികിത്സ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചതിന്‍െറ ഫലമായാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ തുടര്‍ ചികിത്സക്ക് മുടക്കം വരാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ലേസര്‍ ചികിത്സ നടത്തിയതിനാല്‍ ആയുര്‍വേദ ചികിത്സാ മുറകള്‍ ചിലത് നല്‍കാനാവുന്നില്ലെന്ന് മഅ്ദനിയോടൊപ്പമുള്ള ഭാര്യ സൂഫിയ പറഞ്ഞു. .

ധര്‍മരാജന്‍ അഭിഭാഷകനാകാന്‍ കൊതിച്ച കുറ്റവാളി

Posted: 15 Feb 2013 07:29 PM PST

Image: 

പൊന്‍കുന്നം: അഭിഭാഷകനായി തിളങ്ങാന്‍ കൊതിച്ച് ഒടുവില്‍ എത്തിയത് കുറ്റവാളിയുടെ വേഷത്തില്‍. സൂര്യനെല്ലികേസിലെ മുഖ്യപ്രതി ധര്‍മരാജന്‍േറതാണ് ഈ വിചിത്രവിധി. കോട്ടയം ജില്ലയിലെ ചിറക്കടവ് സ്വദേശിയാണ് ധര്‍മരാജന്‍. അഭിഭാഷകന്‍െറ മകനായ ധര്‍മരാജനും എല്‍.എല്‍.ബി പൂര്‍ത്തിയാക്കി കാഞ്ഞിരപ്പള്ളി കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. മികച്ച സംഘാടകനും പ്രാസംഗീകനുമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.ഡി കോളജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട് തിരുവനന്തപുരം ലോ കോളജില്‍ നിയമവിദ്യാര്‍ഥിയായിരിക്കെ യൂനിറ്റ് ജനറല്‍ സെക്രട്ടറിയായി. വിദ്യാര്‍ഥിയായിരിക്കെ ശാന്തശീലനും സൗമ്യനും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു ധര്‍മരാജ്.
 1996 ജനുവരി 16ന് പതിവ്പോലെ സൂര്യനെല്ലിയില്‍നിന്ന് സ്കൂളിലേക്ക്പോയ ഒരു വിദ്യാര്‍ഥിനി മടങ്ങിയെത്തിയില്ല. ഇതാണ് പിന്നീട് കേരളത്തെ പിടിച്ചുകുലുക്കിയ സൂര്യനെല്ലി കേസിന്‍െറ തുടക്കം. പിന്നീടുള്ള നാളുകളില്‍ ഇത് ധര്‍മരാജന്‍െറ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. കേസില്‍ മൂന്നാംപ്രതിയായ ധര്‍മരാജന്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ 99ല്‍ ഒളിവില്‍പോയി. അന്നും കര്‍ണാടകയായിരുന്നു ഒളിത്താവളം. അവിടെ പാറമട തൊഴിലാളിയായി കഴിയുന്നതിനിടെ പൊലീസ് പിടിയിലായി. ഇംഗ്ളീഷ് ദിനപത്രം വായിക്കുന്ന പാറമട തൊഴിലാളിയെ കണ്ട് സംശയംതോന്നിയ മലയാളി തന്നെയാണ് രഹസ്യവിവരം നല്‍കിയത്. പ്രത്യേക കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചെങ്കിലും ഹൈകോടതി ഇത് അഞ്ച്വര്‍ഷമായി ഇളവ്ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയവേ 2002 ഒക്ടോബര്‍ 25 ന് പരോളിലിറങ്ങിയ  ധര്‍മരാജന്‍ വീണ്ടും മുങ്ങി. പത്ത്വര്‍ഷത്തിലധികം ഒളിവ്ജീവിതത്തിന്ശേഷമാണ്  പിടിയിലാകുന്നത്.

യൂറോപ ലീഗ്: ലിവര്‍പൂളിനും അത്ലറ്റികോക്കും തോല്‍വി; ചെല്‍സിക്കും ഇന്‍ററിനും ജയം

Posted: 15 Feb 2013 10:02 AM PST

Image: 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടിലെത്താതെ ഇടറിവീണ ചെല്‍സിക്ക് യൂറോപ ലീഗ് ഫുട്ബാളില്‍ ജയത്തുടക്കം. നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമായപ്പോള്‍ ചെക് ടീമായ സ്പാര്‍ട്ടാ പ്രാഗിനെതിരെ എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം നേടിയ ചെല്‍സി പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. കളി തീരാന്‍ എട്ടു മിനിറ്റ് ബാക്കിയിരിക്കേ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഓസ്കാറാണ് ചെല്‍സിക്കുവേണ്ടി നിര്‍ണായക ഗോള്‍ നേടിയത്. രണ്ടാംപാദ മത്സരം ഈ മാസം 21ന് ചെല്‍സിയുടെ തട്ടകത്തില്‍ നടക്കും. മുന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഇന്‍റര്‍ മിലാനും ചെല്‍സിക്കൊപ്പം ആദ്യപാദ മത്സരം ജയിച്ച് മുന്‍തൂക്കം നേടി. ഇരു പകുതികളിലായി റോഡ്രിഗോ പലാസിയോ നേടിയ ഇരട്ടഗോളുകളില്‍ ഇന്‍റര്‍ മിലാന്‍ 2-0ത്തിന്  റുമേനിയന്‍ ടീമായ സി.എഫ്.ആര്‍ ക്ളുയിയെ കീഴടക്കി.
അതേസമയം; നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡിനും കരുത്തരായ ലിവര്‍പൂളിനും ആദ്യപാദത്തില്‍ കാലിടറി. റഷ്യയില്‍ നടന്ന മത്സരത്തില്‍ സെനിത് സെന്‍റ് പീറ്റേഴ്സ്ബര്‍ഗാണ് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തത്. 69ാം മിനിറ്റില്‍ ഹള്‍കും മൂന്നു മിനിറ്റിനുശേഷം സെര്‍ജി സെമാക്കുമാണ് ഇംഗ്ളീഷ് ക്ളബിന്‍െറ വല കുലുക്കിയത്. ഇതോടെ ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയിക്കേണ്ടത് ലിവര്‍പൂളിന് അനിവാര്യമായി.
അത്ലറ്റികോയാകട്ടെ, സ്വന്തം തട്ടകത്തിലാണ് റഷ്യന്‍ ക്ളബായ റൂബിന്‍ കസാനു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുട്ടുമടക്കിയത്. ആറാം മിനിറ്റില്‍ ഗോക്ഡെനിസ് കരാഡെനിസിന്‍െറ ഗോളില്‍ മഡ്രിഡിലെ വിസെന്‍െറ കാല്‍ഡെറോണ്‍ സ്റ്റേഡിയത്തില്‍ ആതിഥേയരെ ഞെട്ടിച്ച റൂബിന് ഇഞ്ചുറി ടൈമിന്‍െറ അവസാന നിമിഷത്തില്‍ ഒരു ഗോള്‍കൂടി വീണുകിട്ടി. മത്സരം തീരാനിരിക്കേ കോര്‍ണര്‍ കിക്കില്‍ സമനില ഗോള്‍ നേടാന്‍ ഗോളി സെര്‍ജിയോ അസെന്‍യോ അടക്കം മുഴുവന്‍ പേരും റൂബിന്‍ ബോക്സില്‍ തമ്പടിച്ചു. ഈ സമയം ഉടനടി പ്രത്യാക്രമണത്തിന് അവസരം കിട്ടിയപ്പോള്‍ പന്തുമായി ഓടിക്കയറിയ ഓര്‍ബായിസ് ആളില്ലാ പോസ്റ്റിലേക്ക് അനായാസം പന്ത് തള്ളി നീക്കുകയായിരുന്നു. ഇതോടെ സ്പാനിഷ് നിരയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം ത്രിശങ്കുവിലായി.
ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ നാപ്പോളി സ്വന്തം ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ നാണംകെട്ട തോല്‍വി വഴങ്ങി. ചെക് ടീമായ വിക്ടോറിയ പ്ളസനാണ് നാപ്പോളിയെ അട്ടിമറിച്ചത്.
സാമുവല്‍ എറ്റൂ ലക്ഷ്യം കണ്ട മത്സരത്തില്‍ റഷ്യയിലെ അന്‍ഷി മഖച്കാല 3-0ത്തിന് ജര്‍മന്‍ ടീമായ ഹാനോവറിനെ കീഴടക്കി. ഓസ്കാര്‍ കാര്‍ഡോസോയുടെ ഗോളില്‍ ബെന്‍ഫിക്ക 1-0ത്തിന് ബയേര്‍ ലെവര്‍കുസനെതിരെ എവേ ജയം സ്വന്തമാക്കി. ഗാരെത് ബെയ്ലിന്‍െറ മനോഹരമായ രണ്ടു ഫ്രീകിക്ക് ഗോളുകള്‍ വിധിയെഴുതിയ മത്സരത്തില്‍ ടോട്ടന്‍ഹാം സ്വന്തം ഗ്രൗണ്ടില്‍ 2-1ന് ജയിച്ചുകയറി. ഇഞ്ചുറി ടൈമിലായിരുന്നു ബെയ്ലിന്‍െറ രണ്ടാം ഗോള്‍. ന്യൂകാസില്‍ യുനൈറ്റഡ് ഹോം മത്സരത്തില്‍ മെറ്റലിസ്റ്റ് ഖാര്‍കീവിനെതിരെ ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍, അരഡസന്‍ ഗോളുകള്‍ പിറന്ന ആവേശകരമായ കളിയില്‍ ലാസിയോ 3-3ന് ജര്‍മന്‍ ടീമായ മോണ്‍ഷെങ് ഗ്ളാബാക്കിനെ പിടിച്ചുകെട്ടി. ഇഞ്ചുറി ടൈമിന്‍െറ നാലാം മിനിറ്റില്‍ ലിബോര്‍ കൊസാക്കാണ് ലാസിയോക്കുവേണ്ടി സമനിലഗോള്‍ നേടിയത്.
അയാക്സ് ആംസ്റ്റര്‍ഡാം 2-0ത്തിന് സ്റ്റ്യൂവ ബുക്കാറസ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ സ്വിസ് നിരയായ എഫ്.സി.ബാസെല്‍ അതേ സ്കോറിന് എഫ്.സി ദിനിപ്രോയെ കീഴ്പെടുത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP