ഓട്ടോ ഡ്രൈവറുടെ കൊല: പ്രതി പിടിയില്‍ Posted: 19 Feb 2013 10:23 PM PST ബാലരാമപുരം:ഓട്ടം വിളിച്ച് പോകാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. പാറക്കുഴി സെറ്റില്‍മെന്‍റ് കോളനിയില്‍ മോഹനന്‍ (48) മരിച്ച കേസില്‍ പാറക്കുഴി ഹരിജന്‍ കോളനിയില്‍ ശോഭനന്‍ (40) ആണ് പിടിയിലായത്. ബാലരാമപുരം കാട്ടാക്കട റോഡിലെ ഓട്ടോ ഡ്രൈവറാണ് മോഹനന്‍. തിങ്കളാഴ്ച രാത്രി 9.30ന് പാറക്കുഴി എസ്.എന്‍.ഡി.പി മന്ദിരത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് പാറക്കുഴി ഹരിജന്‍ കോളനിയിലെ താമസക്കാരനായ ശോഭനന്‍ മോഹനന്‍െറ ഓട്ടോ വിളിച്ചു. മറ്റൊരു ഓട്ടമുണ്ടെന്നും വരാന്‍ കഴിയില്ലെന്നും മോഹനന്‍ പറഞ്ഞു. ഇരുവരുമായി വാക്കുതര്‍ക്കമുണ്ടായതിനെതുടര്‍ന്ന് മോഹനനെ ആക്രമിക്കാന്‍ ശ്രമിച്ചത് ഭാര്യ തടഞ്ഞു. രാത്രി 8.30 ഓടെ ചായകുടിക്കാന്‍ വില്ലിക്കുളത്തുവന്ന മോഹനനെ ശോഭനന്‍ കമ്പിപ്പാരകൊണ്ട് തലക്കും മുഖത്തും അടിച്ചു. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ അജികുമാറിന്‍െറ കാലിനും പരിക്കേറ്റു.നിരവധി കേസിലെ പ്രതിയായ ശോഭനന്‍ മക്കളുടെ മുന്നിലായിരുന്നു മോഹനനെ ആക്രമിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തിയാണ് രക്തം വാര്‍ന്നുകിടന്ന മോഹനനെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശോഭനനെ വെടിവെച്ചാന്‍ കോവിലിന് സമീപത്തെ കോളനിയില്‍നിന്നാണ് ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷുഭിതരായ നാട്ടുകാര്‍ ശോഭനന്‍െറ വീട്ടിലെ ടി.വി, അലമാര തുടങ്ങിയ ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രദേശത്തെ സ്ഥിരം ക്രിമിനലാണ് ശോഭനനെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.ആദ്യ ഭാര്യസുജിതയുമായി പിണങ്ങികഴിയുന്ന മോഹനന്‍ രണ്ടാം ഭാര്യ ലതയുമൊത്തായിരുന്നു താമസം. മക്കള്‍: അജികുമാര്‍, രാജേഷ്, മിന്നു, മീനു. |
മലപ്പുറത്ത് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നു Posted: 19 Feb 2013 10:04 PM PST പെരിന്തല്‍മണ്ണ: അടുത്ത അധ്യയന വര്‍ഷം മലപ്പുറത്ത് ഡിജിറ്റല്‍ ലൈബ്രറിയും ഇതിനെ ബന്ധിപ്പിച്ച് ജില്ലയിലെ എല്ലാ സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളിലും സൗജന്യ ഇന്‍റര്‍നെറ്റ് വൈ-ഫൈ കണക്റ്റിവിറ്റിയും സ്ഥാപിക്കുന്നു. 2013-14 അധ്യയന വര്‍ഷം മലപ്പുറത്തോടൊപ്പം പത്തനംതിട്ട ജില്ലയിലും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. 60 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിക്ക് ആകെ ചെലവ്. മുഴുവന്‍ തുകക്കും ബജറ്റ് അംഗീകാരം ലഭിച്ചാല്‍ കൂടുതല്‍ ജില്ലകളിലേക്ക് പദ്ധതി വ്യാപിക്കുന്നത് ആലോചനയിലുണ്ട്. സംസ്ഥാന സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകള്‍ക്കും സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കും ഒറ്റത്തവണ വ്യവസ്ഥയില്‍ പണമടച്ച് പദ്ധതിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. 150 എം.ബി.പി.എസ് (മെഗാബൈറ്റ്സ് പെര്‍ സെക്കന്‍ഡ്) ആണ് വൈ-ഫൈ കണക്ഷന്‍െറ സ്പീഡ്. കുട്ടികള്‍ക്ക് ഒന്നു മുതല്‍ 12ാം ക്ളാസ് വരെയുള്ള സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് മെറ്റീരിയലുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വൈ-ഫൈ കണക്ടിവിറ്റി വന്നാല്‍ അധ്യാപകര്‍ക്ക് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രോജക്ടര്‍ ഉപയോഗിച്ച് ഐ.ടി. ക്ളാസുകള്‍ നടത്താം. കമ്പ്യൂട്ടറുകള്‍ എല്ലാ ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറിയിലുമുള്ളതിനാല്‍ ഇത് വന്‍ വിജയമാവുമെന്നാണ് പ്രതീക്ഷയെന്ന് ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ അബ്ദുന്നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു. 140 മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത ഒരോ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റ് പി.സി നല്‍കാനുള്ള വിദ്യഭ്യാസ വകുപ്പ് പദ്ധതിയും ധനകാര്യവകുപ്പ് പരിഗണനയിലാണ്. |
തുനീഷ്യന്‍ പ്രധാനമന്ത്രി ഹമദി ജബലി രാജിവെച്ചു Posted: 19 Feb 2013 09:42 PM PST തൂനിസ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തുനീഷ്യയില്‍ പ്രധാനമന്ത്രി ഹമദി ജബലി രാജിവെച്ചു. ചൊവ്വാഴ്ച തൂനിസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഹമദി ജബലിയുടെ രാജിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് ഞാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്’ -പ്രസിഡന്‍്റ് മുന്‍സിഫ് മര്‍സൂകിക്ക് രാജിക്കത്ത് സമര്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ആറിന് പ്രതിപക്ഷ നേതാവ് ശുക്രി ബെലെയ്ദ് കൊല്ലപ്പെട്ടതോടെയാണ് രാജ്യത്ത് ഭരണകൂടവിരുദ്ധ വികാരം രൂപപ്പെട്ടത്. ഇതിനെ മറികടക്കുന്നതിന് ടെക്നോക്രാറ്റുകളെക്കൂടി ഉള്‍പ്പെടുത്തി പുതിയ മന്ത്രി സഭക്ക് രൂപം നല്‍കുമെന്ന് ജബലി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെഅന്നഹ്ദ പാര്‍ട്ടി ഈ പ്രഖ്യാപനം തള്ളുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പുതിയ മന്ത്രിസഭയില്ലെങ്കില്‍ രാജിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇതിനിടെ, പ്രസിഡന്‍റ് മര്‍സൂകിയുടെ പാര്‍ട്ടി മന്ത്രിസഭയില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ പിന്‍വലിക്കുകയും ചെയ്തു. രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കുമെന്നും ജബലി തല്‍സ്ഥാനത്തു തന്നെ തുടരണമെന്നും കഴിഞ്ഞ ദിവസം അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂഷി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജബലിയുടെ രാജി വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗനൂഷി ബുധനാഴ്ച പ്രസിഡന്‍്റിനെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. |
മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും Posted: 19 Feb 2013 09:29 PM PST ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞത് കാരണം തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി,കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ കൂടാതെ ഫിഷറീസ് വകുപ്പ്്, അഡാക് എന്നിവ മുഖേന നടത്തുന്ന ഞണ്ട് കൃഷി, കൂടുകളിലെ കരിമീന്‍, ഒരുനെല്ലും ഒരുമീനും തുടങ്ങിയ പദ്ധതികള്‍ അഡാക് വഴി അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളും തണ്ണീര്‍മുക്കം ബണ്ട് അശാസ്ത്രീയമായി അടക്കുന്നതും തുറക്കുന്നതും മൂലം മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് കലക്ടര്‍ പി. വേണുഗോപാല്‍ കഴിഞ്ഞദിവസം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം. ഹൗസ്ബോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം കായലില്‍ ജലമലിനീകരണം ഏറിവരികയാണെന്ന് യോഗം വിലയിരുത്തി. ചില ഹൗസ് ബോട്ടുകള്‍ മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകള്‍ക്കും ചീനവലകള്‍ക്കും നാശനഷ്ടമുണ്ടാക്കുന്നതായും അംഗങ്ങള്‍ അറിയിച്ചു. വേമ്പനാട്ടുകായലിന്‍െറ സംരക്ഷണത്തിനും കായലില്‍ നിന്നുള്ള മത്സ്യത്തിന്‍െറ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഡോ. സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. അതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഫിര്‍മ (ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ് സൊസൈറ്റി), അഡാക് എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആറ്റുകൊഞ്ച് വിത്തും ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെയും വളര്‍ത്തി വലുതാക്കി വിടുന്ന പദ്ധതി നടപ്പാക്കാനും മത്സ്യസംരക്ഷണത്തിനും കക്ക വംശവര്‍ധനക്കുമായി മത്സ്യസങ്കേതങ്ങളും കക്ക സംരക്ഷണ സങ്കേതങ്ങളും കായലില്‍ പല പ്രദേശങ്ങളിലായി സ്ഥാപിക്കാനും ഫിഷറീസ് വകുപ്പിനെയും ഫിര്‍മയെയും ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒആയ അശോക ട്രസ്റ്റിനെയും ചുമതലപ്പെടുത്തി. പ്ളാസ്റ്റിക് മാലിന്യങ്ങളുടെ മലിനീകരണം കുറക്കുന്നതിനുവേണ്ടി ഹൗസ് ബോട്ടുകളില്‍ നിന്ന് പുറംതള്ളുന്ന കുപ്പികളും മറ്റും ശേഖരിക്കാനും മത്സ്യത്തൊഴിലാളികളെ ബോധവത്കരിക്കാനും തീരുമാനിച്ചു. ഹൗസ്ബോട്ടുകളില്‍ നിന്നുള്ള മാലിന്യം നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രത്യേക പദ്ധതികള്‍ അടിയന്തരമായി തയാറാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കടല്‍ മേഖലയില്‍ അനുവര്‍ത്തിച്ചുവരുന്നതുപോലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും എന്‍ജിനും മണ്ണെണ്ണ പെര്‍മിറ്റും അനുവദിച്ച് നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. അനധികൃത മത്സ്യബന്ധനം, കായലില്‍ നിന്നുള്ള ചളിയെടുപ്പ് എന്നിവ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനെ ചുമതലപ്പെടുത്തി. ഉള്‍നാടന്‍ മത്സ്യമേഖലയില്‍ നിന്ന് കുട്ടനാട് പാക്കേജിന്‍െറ പ്രോസ്പെരിറ്റി കൗണ്‍സിലില്‍ പ്രതിനിധികള്‍ ഇല്ലാത്തത് മേഖല കൂടുതല്‍ അവഗണിക്കപ്പെടാന്‍ കാരണമാകുന്നതിനാല്‍ പ്രോസ്പെരിറ്റി കൗണ്‍സിലില്‍ ഈ മേഖലയില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനും സര്‍ക്കാറിനോട് ആവശ്യപ്പെടും. യോഗത്തില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. രാജന്‍, ജലകൃഷി വികസന ഏജന്‍സി റീജനല്‍ എക്സിക്യൂട്ടീവ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ് സൊസൈറ്റി, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍, ധീവരസഭ, ഉള്‍നാടന്‍ മത്സ്യസംഘം, അശോക ട്രസ്റ്റ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. |
മാലിന്യനീക്കം നിലച്ചു; കൊച്ചിക്കാര്‍ മൂക്കുപൊത്താന്‍ തുടങ്ങി Posted: 19 Feb 2013 09:25 PM PST കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും മാലിന്യനീക്കം നിലച്ചതോടെ കൊച്ചി നഗരം മാലിന്യത്തില്‍ മുങ്ങുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ജനജീവിതവും ദുരിതത്തിലേക്ക് നീങ്ങുകയാണ്. രണ്ട് ദിവസത്തെ പണിമുടക്ക് കൂടിയായതോടെ ഇനി വ്യാഴാഴ്ച വരെ മാലിന്യ നീക്കം നടക്കില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയോടെ മാലിന്യങ്ങള്‍ പലഭാഗത്തും റോഡിലേക്ക് ഒലിച്ചിറങ്ങിയത് ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്ളാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പിന്നീട്, ബ്രഹ്മപുരത്ത് മാലിന്യവുമായി വന്ന ലോറികള്‍ സമരക്കാര്‍ തകര്‍ത്തതും പ്രതിസന്ധി രൂക്ഷമാക്കി. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ നഗരസഭ അടിയന്തരമായി സ്വീകരിക്കുമെന്ന് മേയര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുമിഞ്ഞു കൂടുന്ന മാലിന്യം നീക്കാന്‍ ഇതുവരെ ഒരുനടപടിയും എടുത്തിട്ടുമില്ല. ചില ഭാഗങ്ങളില്‍ ലോറികളില്‍ തന്നെ മാലിന്യം സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 12 ലോഡ് മാലിന്യം ബ്രഹ്മപുരത്ത് നിക്ഷേപിച്ചതിനെതുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി തിരുവനന്തപുരത്ത് ചര്‍ച്ചക്ക് വിളിച്ചിരുന്നു. മാലിന്യനീക്കത്തില്‍ നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നുമുണ്ട്. ഇടറോഡുകളിലെല്ലാം മാലിന്യക്കൂമ്പാരമാണ്. ചില റോഡുകളിലൂടെ മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്.നഗരത്തിലെ കാറ്റിന് പോലും ദുര്‍ഗന്ധമാണ്. നഗരത്തിലെ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്തവിധം മാലിന്യം നിറഞ്ഞിരിക്കുന്നു. പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡുകണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ നഗരത്തിലെ മിക്ക മാലിന്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. കലൂര്‍ മാര്‍ക്കറ്റില്‍ സ്ഥിതി ഇതിലും ദയനീയമാണ്. മാലിന്യനീക്കത്തിന് നടപടി വൈകുന്തോറും ജനങ്ങളും ആശങ്കയിലേക്ക് നീങ്ങുകയാണ്. കൊതുക് ശല്യവും വര്‍ധിച്ചു. കാനകളില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതാണ് ഇതിന് കാരണം. വെള്ളത്തിന്‍െറ കുറവുമൂലം ഒഴുക്കില്ലാതായതും ഓടകളില്‍ കൊതുക് നിറയാന്‍ കാരണമായി. കൊതുക് നിര്‍മാര്‍ജനത്തിനുള്ള എല്ലാ പദ്ധതികളും ഇപ്പോള്‍ അവതാളത്തിലാണ്. |
സ്വകാര്യ റോഡ് റോളറുകള്‍ സജീവം ഗവ. റോളറുകള്‍ നോക്കുകുത്തി Posted: 19 Feb 2013 09:20 PM PST മാനന്തവാടി: അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവരുന്ന, രേഖകളില്ലാത്ത റോഡ് റോളറുകളുടെ ഉപയോഗം ജില്ലയില്‍ വ്യാപകമാകുന്നു. ഇതുമൂലം സര്‍ക്കാര്‍ റോളറുകള്‍ നോക്കുകുത്തികളായി മാറുകയാണ്. ജീവനക്കാരും റോളറും വെറുതെയിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. ഇതേസമയം, സ്വകാര്യ റോഡ് റോളറുകള്‍ക്ക് തിരക്കാണുതാനും. മൈസൂരില്‍നിന്ന് മാസം 20,000ത്തോളം രൂപക്കാണ് റോളറുകള്‍ കൊണ്ടുവരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന റോളറുകള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടാകാറില്ല. റോളറുകള്‍ കൊണ്ടുവരുന്ന കരാറുകാര്‍ അവരുടെ ആവശ്യം കഴിഞ്ഞ് മറ്റുള്ളവര്‍ക്ക് വാടകക്ക് നല്‍കുകയാണ് പതിവ്. ഇതോടെ, സര്‍ക്കാര്‍ മേഖലയിലുള്ള റോളറുകള്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്. മാനന്തവാടി, പനമരം, പുല്‍പള്ളി പഞ്ചായത്തുകളിലും പടിഞ്ഞാറത്തറ, മാനന്തവാടി, കല്‍പറ്റ, ബത്തേരി എന്നീ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിലും റോളറുകളുണ്ട്. സ്വകാര്യമേഖല കൂടി കണക്കിലെടുത്താല്‍ 20ല്‍ താഴെ റോളറുകള്‍ മാത്രമാണ് ജില്ലയിലുള്ളത്. സര്‍ക്കാര്‍ മേഖലയിലെ റോളറുകള്‍ക്ക് 2060 രൂപ ദിവസ വാടകയും ഇന്ധന ചെലവും കൂടിയാകുമ്പോള്‍ 3000 രൂപ മാത്രമേ ആകുന്നുള്ളൂ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന റോളറുകള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാനും നടപടിയില്ല. സ്വകാര്യ റോളറുകള്‍ക്ക് ഒത്താശചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. |
വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ ആറ് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു Posted: 19 Feb 2013 08:54 PM PST ന്യൂദല്‍ഹി: വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ ആറ് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വീരപ്പന്റെ കൂട്ടാളികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രപതി ദയാ ഹരജി തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നാവശ്യപ്പെട്ടാണ് വീരപ്പന്റെ കൂട്ടാളികള്‍ വീണ്ടും ഹരജി സമര്‍പ്പിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് കര്‍ണാടകയിലെ ബെല്‍ഗ്രാം ജയിലില്‍ കഴിയുന്ന ജ്ഞാനപ്രകാശ്, മീശേകര്‍ മദയ്യ, സൈമണ്‍, ബിലവേന്ദ്രന്‍ എന്നിവരുടെ ദയാ ഹരജി ഫെബ്രുവരി 13 ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ച് സുപ്രീംകോടതി മൂന്നു ദിവസത്തേക്ക് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഒമ്പതു വര്‍ഷത്തോളം വധശിക്ഷക്കു വിധിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 1993 ല്‍ പൊലീസുകാരടക്കം 26 പേരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണകോടതി വിധിച്ച വധശിക്ഷ 2004 ലാണ് സുപ്രീംകോടതി ശരിവെച്ചത്. കര്‍ണാടകയിലെ പലാറില്‍ മൈന്‍ സ്ഫോടനം നടത്തി 21 പൊലീസുകാരെയാണ് കൊലപ്പെടുത്തിയത്. |
വൈദ്യുതി വിഛേദിച്ചു; സൂഖ് ഖാലിദ് പ്രവര്‍ത്തനം നിലച്ചു Posted: 19 Feb 2013 08:39 PM PST ദോഹ: റെയില്‍വെ പദ്ധതിക്ക് വേണ്ടി പൊളിച്ച് മാറ്റുന്നതിന് മുന്നോടിയായി ക്രെയ്സി സിഗ്നലിന് സമീപത്തെ സൂഖ് ഖാലിദിലെ സ്ഥാപനങ്ങളുടെ വൈദ്യുതി വിഛേദിച്ചു. 20 വര്‍ഷത്തോളം പഴക്കമുള്ള സൂഖിലെ 70ഓളം സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിയാണ് ഇന്നലെ വിഛേദിച്ചത്. ജലവിതരണം ഇന്ന് വിഛേദിക്കും. വൈദ്യുതി വിഛേദിക്കുന്ന കാര്യം തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ ആവശ്യമായ മുന്‍കരുതലുകളെടക്കാന്‍ കഴിഞ്ഞില്ലെന്നും വ്യാപാരികള്‍ പരാതിപ്പെട്ടു. സൂഖിലെ കടകള്‍ പൊളിക്കുന്നതിന് മുന്നോടിയായി രണ്ട് മാസം മുമ്പ് മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രാലയം അധികൃതര്‍ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനുവരി 11നകം കെട്ടിടങ്ങള്‍ ഒഴിയണമെന്നായിരുന്ന നോട്ടീസിലെ നിര്‍ദേശം. ഇതിനെതുടര്‍ന്ന് ചിലര്‍ പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും മറ്റ് ചിലര്‍ കണ്ടെത്തിയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. പുതിയ സ്ഥലം കണ്ടെത്താനും കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് മാറാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ വൈദ്യുതി വിഛേദിച്ചത്. മുനിസിപ്പല്‍ മന്ത്രാലയം നല്‍കിയ നോട്ടീസിനെ അന്തിമനോട്ടീസായി കണ്ട് പലരും ഗൗരവത്തിലെടുത്തിരുന്നില്ല. കൂടുതല്‍ സാവകാശം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പല വ്യാപാരികളും. വൈദ്യുതി വിഛേദിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിന് പ്രത്യേക നോട്ടീസ് ലഭിക്കുമെന്ന വ്യാപാരികളുടെ കണക്കുകൂട്ടലുകളും തെറ്റി. വൈദ്യുതി വിഛേദിക്കുന്നത് സംബന്ധിച്ച നോട്ടീസ് അധികൃതര്‍ യഥാസമയം കെട്ടിടമുടമക്ക് കൈമാറിയതായാണ് അറിയുന്നത്. എന്നാല്‍, ഇക്കാര്യം കെട്ടിടമുടമ തങ്ങളെ അറിയിച്ചില്ലെന്നാണ് ചില വ്യാപാരികളുടെ പരാതി. പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് സമയം നീട്ടിവാങ്ങാന്‍ വ്യപാരികള്‍ അവസാനവട്ട ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വൈദ്യുതി വിഛേദിച്ചതോടെ ഇവിടുത്തെ കച്ചവടസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജനുവരി 11നകം ഒഴിഞ്ഞുപോകണമെന്നാണ് മുനിസിപ്പല്‍ മന്ത്രാലയം വ്യാപാരികള്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമായി നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ച് ഒരു മാസം കഴിഞ്ഞിട്ടും ചില വ്യാപാരികള്‍ ഒഴിഞ്ഞുപോകാതിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ വൈദ്യുതി ബന്ധം വിഛേദിച്ചത്. ഏതാനും വ്യാപാരികള്‍ മാത്രമാണ് നിശ്ചിത സമയപരിധിക്കകം പുതിയ സ്ഥലത്തേക്ക് മാറിയിട്ടുള്ളത്. മറ്റുള്ളവര്‍ ജല, വൈദ്യുതി ബന്ധം വിഛേദിക്കുന്നതുവരെ കാത്തിരിക്കാനുള്ള തീരുമാനത്തിലായിരുന്നു. കുറഞ്ഞ വാടകക്ക് പുതിയ സ്ഥലം കണ്ടെത്തുക എന്നത് വ്യപാരികളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. സൂഖ് ഖാലിദില്‍ 12,000 റിയാല്‍ വാടക നല്‍കിയവര്‍ക്ക് അതേ സൗകര്യം പുറത്തുകിട്ടാന്‍ ചുരുങ്ങിയത് 20,000 റിയാലെങ്കിലും നല്‍കേണ്ടിവരും. ഇതിനാകട്ടെ അഞ്ച് വര്‍ഷത്തേക്ക് ഒരുലക്ഷം റിയാല്‍ നിക്ഷേപമായി വേറെയും നല്‍കണം. സൂഖിലെ ഭൂരിഭാഗം വ്യാപാരികളും ജോലിക്കാരും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. ഷാലിമാര്‍ പാലസ് അടക്കം രണ്ട് പ്രമുഖ റെസ്റ്റോറന്‍റുകള്‍, കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസ്, ഫാര്‍മസി, ട്രാവല്‍ ഏജന്‍സിയുടെയും നിര്‍മാണ കമ്പനികളുടെയും ഓഫീസുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ വന്‍ തുക മുടക്കി അറ്റകുറ്റപ്പണി നടത്തിയ സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചുരുക്കത്തില്‍ പല വ്യാപാരികളും നിലവിലുള്ളതിനേക്കാള്‍ ഇരട്ടി തുക ഇനി വാടകയിനത്തില്‍ കണ്ടെത്തേണ്ടിവരുന്ന അവസ്ഥയാണ്. സൂഖ് ഖാലിദിന് പുറമെ നജ്മ, ഓള്‍ഡ് എയര്‍പോര്‍ട്ട്, അല്‍ സദ്ദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ കെട്ടിടങ്ങളും റെയില്‍വെ പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. |
യാമ്പുവിന്‍െറ പൂക്കാലത്തിന് വര്‍ണശബളമായ തുടക്കം Posted: 19 Feb 2013 08:16 PM PST യാമ്പു: യാമ്പുവില്‍ പുഷ്പങ്ങളുടെ വര്‍ണോത്സവത്തിന് തുടക്കമായി. വര്‍ണവൈവിധ്യം നിറഞ്ഞ പൂക്കളും അലങ്കാര ചെടികളുമായി മരുഭൂമിയില്‍ വസന്തം വിരിയിച്ച ഏഴാമത് പുഷ്പമേള കഴിഞ്ഞ ദിവസം റോയല്‍ കമീഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അലാ അബ്ദുല്ല നാസിഫ് ഉദ്ഘാടനം ചെയ്തു. യാമ്പു ജിദ്ദാ ഹൈവേയുടെ സമീപമുള്ള വിശാലമായ ഒക്കേഷന്‍ പാര്‍ക്കില്‍ ഇനി രണ്ടാഴ്ചക്കാലം ജനകീയ പുഷ്പമേളയുടെ ആഘോഷക്കാഴ്ചകള്‍ക്കായി സന്ദര്‍ശകര്‍ പ്രവഹിക്കും. ഓരോ ദിവസവും പതിനായിരങ്ങള്‍ സന്ദര്‍ശകരായെത്തുന്ന മേളയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ മത്സരങ്ങളും കലാവിരുന്നുകളും ഒരുക്കിയിരുന്നു. അലങ്കാരദീപങ്ങളാല്‍ ആകര്‍ഷകമാക്കിയ ആഘോഷനഗരി നയനാനന്ദകരമായ കാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിച്ചത്. ഉദ്യാനനിര്‍മാണത്തില്‍ വിദഗ്ധരായ വിവിധ സ്ഥാപനങ്ങളുടെ കൗണ്ടറുകള്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കളുടെയും അലങ്കാര മത്സ്യങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിട്ടുണ്ട്. യാമ്പുവിലെ പ്രശസ്തമായ റെസ്റ്റോറന്‍റുകളുടെ ഫുഡ് കോട്ടേജുകള്‍ നഗരിക്ക് രുചി പകരും. നഗരിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ കുടുംബസമേതം സന്ദര്‍ശനം നടത്താം. അതിവിശാലമായ പുഷ്പ പരവതാനിയാണ് യാമ്പു പുഷ്പമേളയിലെ പ്രധാന ആകര്‍ഷണം. ഏഴു വീതം പൂക്കളുള്ള രണ്ട് ലക്ഷത്തി എണ്‍പതിനായിരം ചെടികളാല്‍ നിര്‍മിച്ച പുഷ്പ പരവതാനി ഏഴായിരത്തോളം ചതുരശ്ര മീറ്ററില്‍ വ്യാപിച്ച് കിടക്കുന്നു. വൈവിധ്യംനിറഞ്ഞ പൂക്കളുടെ നിറക്കാഴ്ചയോടൊപ്പം പരിമളം പരത്തുന്ന ഫ്ളവര്‍ കാര്‍പറ്റിന്‍െറ പശ്ചാത്തലത്തില്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. സൗദി അറേബ്യയുടെ വ്യവസായനഗരമായ യാമ്പുവിലെ സ്വദേശികളും വിദേശികളുമായ പതിനായിരങ്ങള്‍ക്ക് ജോലിയുടെ വിരസതയില്‍ നിന്നും ആശ്വാസമേകാന്‍ കാഴ്ചയുടെ വിസ്മയലോകം ഒരുക്കിയിരിക്കുന്നത് യാമ്പു റോയല്‍ കമീഷന്‍െറ മേല്‍നോട്ടത്തിലാണ്. റോയല്‍ കമീഷനു കീഴിലുള്ള ലാന്‍ഡ് സ്കേപിങ് വിഭാഗമാണ് മനോഹരമായ നഗരി സംവിധാനിച്ചിരിക്കുന്നത്. പ്രശസ്തമായ ടൈറ്റാനിയം ഡയോക്സൈഡ് കമ്പനിയായ ക്രിസ്റ്റലാണ് മേളയുടെ മുഖ്യപ്രായോജകര്‍. |
അപകടം പതിയിരിക്കുന്ന കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ച് തൊഴിലാളികള്‍ Posted: 19 Feb 2013 08:02 PM PST മനാമ: തകര്‍ന്നു വീഴാറായ ചുമരുകള്‍, ഏതു നിമിഷവും അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്റ്റവുകളും ഗ്യാസ് സിലിണ്ടറുകളും നിരത്തിയ അടുക്കള, വായു സഞ്ചാരമില്ലാത്ത കിടപ്പു മുറികള്‍, ദുര്‍ഗന്ധം വമിക്കുന്ന വൃത്തിഹീനമായ കക്കൂസുകള്‍.... ഈ സാഹചര്യത്തില്‍ കഴിയുമ്പോഴും ഇന്ത്യന്‍ അംബാസഡറോട് ഇന്ത്യന്‍ പൗരന്മാര്‍ പറഞ്ഞു. ‘ഞങ്ങളിവിടെ സന്തുഷ്ടരാണ് സാര്‍...’ അംബാസഡര്‍ ഇടപെട്ട് താമസ സ്ഥലം മാറ്റുമോയെന്ന ആശങ്കയിലായിരുന്നു പലരും. നിങ്ങളിവിടെ എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടോയെന്ന അംബാസഡറുടെ വെറുതേയുള്ള ചോദ്യത്തോട് ഒരു സങ്കോചവുമില്ലാതെ ‘സന്തുഷ്ടകരമായ ജീവിതം’ എന്നായിരുന്നു അവരുടെ മറുപടി. ഇതുകേട്ട് മൂക്കത്ത് വിരല്‍വെച്ച അംബാസഡര്‍ അടുത്ത നിലയിലേക്ക് കയറി അവിടെയുള്ളവരോടും തിരക്കി, 150 ദിനാര്‍ ശമ്പളം വാങ്ങിക്കുന്ന നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം മാറ്റിക്കൂടേയെന്ന്. അവര്‍ക്കും ഒരേ മറുപടിയായിരുന്നു. ‘ഇല്ല സാര്‍, ഞങ്ങള്‍ക്കിവിടെ സുഖമാണ്...!’. ഇവിടെ കഴിയുന്നവരിലധികവും അംബാസഡറുടെ നാട്ടുകാര്‍ കൂടിയായിരുന്നു, തമിഴ്നാട്ടില്‍നിന്നുള്ളവര്‍. മറ്റു ചിലര്‍ ആന്ധ്രക്കാരും. മനാമയിലെ അല്‍മിഹ്സ റോഡില്‍ 13 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായതിന്‍െറ തൊട്ടടുത്ത കെട്ടിടങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ ഇന്നലെ വൈകീട്ടായിരുന്നു ഫസ്റ്റ് സെക്രട്ടറി നിര്‍മല്‍കുമാര്‍ ചൗധരിക്കൊപ്പം അംബാസഡറുടെ സന്ദര്‍ശനം. എംബസിയില്‍നിന്ന് പുറപ്പെടും മുമ്പ് കെട്ടിടങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പലരും അംബാസഡറെ ധരിപ്പിച്ചിരുന്നു. പക്ഷേ, ഇത്ര ദയനീയമായിരിക്കും അവസ്ഥയെന്ന് അദ്ദേഹവും കരുതിയിരുന്നില്ല. പുറത്തുനിന്ന് നോക്കിയാല്‍ മിനുങ്ങുന്ന കെട്ടിടം. പക്ഷേ, ആദ്യ നിലയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍തന്നെ കെട്ടിടത്തിന്‍െറ ദുരവസ്ഥ അംബാസഡര്‍ക്ക് മനസ്സിലായി. മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്ഥ. ഇടുങ്ങിയ മുറികളില്‍ ആറും ഏഴും പേരെ കുത്തി നിറച്ചിരിക്കുന്നു. ഏതു നിമിഷവും അപകടമുണ്ടാക്കും വിധം മണ്ണെണ്ണ സ്റ്റവുകളും സിലിണ്ടറുകളും അടുക്കിവെച്ചത് അടുക്കളയിലെ പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഒന്നാം നിലയിലേക്ക് കയറിയപ്പോള്‍ അതിനേക്കാള്‍ ദുരവസ്ഥ. താമസക്കാരോട് കാര്യങ്ങള്‍ അന്വേഷിച്ച് രണ്ടാം നിലയിലേക്ക് നടന്നു കയറുമ്പോള്‍ അംബാസഡര്‍ വികാരാധീനനായി. ഒപ്പമുണ്ടായിരുന്ന ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ജോണ്‍ ഐപ്പിനോട് അത് പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നാം നിലയിലേക്ക് അംബാസഡര്‍ കയറേണ്ടതില്ലെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. എന്നാല്‍, എല്ലാം കണ്ടിട്ടു തന്നെ കാര്യമെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചിരുന്നു. മൂന്നാം നിലക്കുമപ്പുറം ടറസില്‍ നിര്‍മിച്ച താമസ സ്ഥലവും അപകടം പിടിച്ച കോണിയിലൂടെ കയറിയിറങ്ങിയാണ് അംബാസഡര്‍ തന്‍െറ സന്ദര്‍ശനം അവസാനിപ്പിച്ചത്. ഒരു കമ്പനിയുടെയും താമസ സ്ഥലമല്ല ഈ കെട്ടിടം. ഫ്രീ വിസയില്‍ എത്തി പുറത്ത് ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഇവിടുത്തെ താമസക്കാര്‍. എട്ടും പത്തും ദിനാര്‍ വീതം ഷെയര്‍ ചെയ്ത് താമസിക്കുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയില്ലെന്നാണ് താമസക്കാരുടെ വാദം. അതാണ് അപകടം പിടിച്ച സാഹചര്യത്തിലും ഈ കെട്ടിടത്തില്‍ താമസം മുന്നോട്ട് കൊണ്ടുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഒരു തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാന്‍ പോലും വഴിയില്ലാത്ത കെട്ടിടത്തില്‍ താമസിക്കുന്നതിന്‍െറ പ്രത്യാഘാതം അവര്‍ ചിന്തിക്കുന്നുമില്ല. ഐ.സി.ആര്‍. എഫ് പ്രവര്‍ത്തകരായ രാജു കല്ലുംപുറം, സുബൈര്‍ കണ്ണൂര്‍, നാസര്‍ മഞ്ചേരി, എന്‍. ഗോവിന്ദന്‍ എന്നിവരും അംബാസഡര്‍ക്കൊപ്പമുണ്ടായിരുന്നു. ഭരണകൂടം അടിയന്തരമായി ഇടപെടണം -ചൗധരി മനാമ: അതി ദയനീയമാണ് പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലെ തൊഴിലാളികളുടെ താമസമെന്നും ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നിര്‍മല്‍കുമാര്‍ ചൗധരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കുറച്ച് മുമ്പ് 13 ബംഗ്ളാദേശ് പൗരന്മാര്‍ തീപിടിത്തത്തില്‍ മരിക്കാനിടയായ സംഭവത്തിന്‍െറ പശ്ചാതലത്തില്‍ ഇനിയും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഇതുപോലുള്ള നിരവധി കെട്ടിടങ്ങള്‍ ബഹ്റൈന്‍െറ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് അറിവ്. കെട്ടിടം ഉടമകളുമായി ബന്ധപ്പെട്ട് ഇവ പുതുക്കിപ്പണിയാനൊ പൊളിച്ചു നീക്കാനോ നടപടിയുണ്ടാകണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. |
No comments:
Post a Comment