സ്വാഗതം
WELCOME

News Update..

Monday, February 4, 2013

മെഡിക്കല്‍ കോളജില്‍ വക്കീല്‍ ഏജന്‍റുമാര്‍ വിലസുന്നു Madhyamam News Feeds

മെഡിക്കല്‍ കോളജില്‍ വക്കീല്‍ ഏജന്‍റുമാര്‍ വിലസുന്നു Madhyamam News Feeds

Link to

മെഡിക്കല്‍ കോളജില്‍ വക്കീല്‍ ഏജന്‍റുമാര്‍ വിലസുന്നു

Posted: 04 Feb 2013 12:47 AM PST

ഗാന്ധിനഗര്‍: വാഹനാപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കേസ് ഷീറ്റിന്‍െറ ഫോട്ടോകോപ്പി ജീവനക്കാരുടെ സഹായത്തോടെ വക്കീല്‍ ഏജന്‍റുമാര്‍ കൈവശപ്പെടുത്തുന്നു. 11, 12 വാര്‍ഡുകളിലാണ് സംഭവം. 11ാം വാര്‍ഡ് പുരുഷന്മാരുടെയും 12 സ്ത്രീകളുടേതുമാണ്. അപകടങ്ങളില്‍ തലക്ക് പരിക്കേല്‍ക്കുന്നവരെ ട്രോമാകെയര്‍ (തീവ്രപരിചരണവിഭാഗം) യൂനിറ്റിലും പ്രവേശിപ്പിക്കും. അപകടഘട്ടം കഴിയുമ്പോള്‍ ഇവരെ ഏഴാം വാര്‍ഡിലേക്ക് മാറ്റുകയാണ് രീതി.
 ആശുപത്രിയിലെ ഈ വാര്‍ഡുകളില്‍ ദിവസേന എത്തുന്ന വക്കീല്‍ ഏജന്‍റുമാര്‍ ചില ജീവനക്കാരെ സ്വാധീനിച്ച് രോഗികളേയോ ബന്ധുക്കളേയോ തെറ്റിദ്ധരിപ്പിച്ച് കേസ്ഷീറ്റിന്‍െറ കോപ്പി കൈവശപ്പെടുത്തുന്നു. കോപ്പി കൈവശപ്പെടുത്തികഴിഞ്ഞാല്‍ കേസ് നടപ്പിനായുള്ള സമ്മതപത്രത്തില്‍ ഒപ്പ് ഇടിയിപ്പിച്ചശേഷമാണ് ഇവര്‍ ആശുപത്രി വിടുന്നത്.
ചികിത്സയില്‍ കഴിയുന്ന രോഗികളുടെമൊഴി രേഖപ്പെടുത്താന്‍ എത്തുന്ന ചില പൊലീസ് ഉദ്യോഗസ്ഥരോടൊപ്പവും ഏജന്‍റുമാര്‍ എത്തുന്നുണ്ട്. കേസ് ഷീറ്റിന്‍െറ കോപ്പി ആശുപത്രിക്ക് വെളിയില്‍ കൊണ്ടുപോകരുതെന്നാണ് ചട്ടം.
എന്നാല്‍, ആരോഗ്യ സുരക്ഷാ ഇന്‍ഷുറസന്‍സ് പദ്ധതി വന്നതുമുതല്‍ സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള രോഗികള്‍ വിവിധ പരിശോധനകള്‍ക്കായി കേസ്ഷീറ്റിന്‍െറ കോപ്പി എടുത്ത് ഇന്‍ഷുറന്‍സ് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനായി ഫോട്ടോകോപ്പി എടുക്കുമ്പോഴാണ് ജീവനക്കാര്‍ മുഖേന ഏജന്‍റുമാര്‍ കോപ്പി കൈക്കലാക്കുന്നത്.
സ്മാര്‍ട്ട് കാര്‍ഡ് ഇല്ലാത്ത രോഗികളാണെങ്കില്‍ കേസ് ഷീറ്റ് നേരിട്ട് വാങ്ങി ഫോട്ടോ കോപ്പി എടുക്കുകയാണ് പതിവ്. ആശുപത്രി പരിസരത്തും വിവിധ വാര്‍ഡുകളിലും പലവിധത്തിലുള്ള ഏജന്‍റുമാരുടെ എണ്ണംവര്‍ധിക്കുകയാണ്. ബന്ധപ്പെട്ടഅധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആക്ഷേപം.

സരോവരം ബയോപാര്‍ക്ക് രണ്ടാംഘട്ടം 10ന്

Posted: 04 Feb 2013 12:25 AM PST

കോഴിക്കോട്: സരോവരം ബയോപാര്‍ക്ക് രണ്ടാംഘട്ടത്തിന്‍െറ ഉദ്ഘാടനം ഫെബ്രുവരി 10ന്. വൈകുന്നേരം ആറിന് ടൂറിസം മന്ത്രി എ.പി.അനില്‍ കുമാറാണ് ഉദ്ഘാടനം നിര്‍വഹിക്കുക. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍  ഒരുക്കുന്ന കുമാരനാശാന്‍െറ ‘കരുണ’യുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. ഒരു മണിക്കൂര്‍ 10 മിനിറ്റ് നീളുന്ന സംഗീതാത്മകമായ പരിപാടിയില്‍ 45 കലാകാരന്മാരാണ് വേദിയില്‍ അണിനിരക്കുക.
3.75 കോടി രൂപ ചെലവിലാണ് രണ്ടാംഘട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള ഇന്‍റര്‍പ്രട്ടേഷന്‍ സെന്‍റര്‍, കാഫറ്റീരീയ, ടോയ്ലറ്റ്, കരകൗശലവസ്തുക്കള്‍ക്കായുളള സെന്‍റര്‍, കരിങ്കല്‍ പാകിയ നടപ്പാതകള്‍, റെയിന്‍ ഹട്ടുകള്‍, തടാകത്തില്‍ യാത്രചെയ്യാനുളള സംവിധാനം എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വരുന്ന പ്രധാനപ്പെട്ടവ. കുട്ടികള്‍ക്കായി ചെറിയ അമ്യൂസ്മെന്‍റ് പാര്‍ക്കും നിര്‍മിക്കും. മൂന്നാം ഘട്ടത്തില്‍ ബട്ടര്‍ഫൈ്ള പാര്‍ക്ക്, പക്ഷിസങ്കേതകേന്ദ്രം എന്നിവയാണ് വരുന്നത്. രണ്ടാം ഘട്ട ഉദ്ഘാടനത്തിന്‍െറ സ്വാഗതസംഘയോഗം ശനിയാഴ്ച സരോവരം ബയോപാര്‍ക്കില്‍ നടന്നു. എ.പ്രദീപ്കുമാര്‍ എം.എല്‍.എ, അസി.കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ലെനിന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സരോവരത്തിന്‍െറ നടത്തിപ്പ് വളരെ മോശമായ രീതിയിലാണെന്നും പാര്‍ക്ക് ഇനി മുതല്‍ ഫുഡ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ക്ക് നല്‍കില്ലെന്നും എ. പ്രദീപ് കുമാര്‍ എം.എല്‍. പറഞ്ഞു. ഇവിടെനിന്നുള്ള വരുമാനം ഉപയോഗിച്ച് മനോഹരമായി പാര്‍ക്ക് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കും. പാര്‍ക്കിന്‍െറ പൂര്‍ണമായ നവീകരണത്തിനായി 242 ഏക്കറും ഏറ്റെടുക്കണം.  രണ്ടാം ഘട്ടത്തോടനുബന്ധിച്ച് കൂടൂതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുമെന്നും എ.പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആംഫി തിയേറ്റര്‍, കവാടം നടപ്പാത എന്നിവയായിരുന്നു മൂന്നരകോടി രൂപ ചെലവിട്ട ആദ്യഘട്ടത്തിലുണ്ടായിരുന്നത്.
 

പൊതുമാപ്പ് ഇന്ന് തീരും; പരിശോധന തുടങ്ങി

Posted: 03 Feb 2013 11:04 PM PST

Image: 

ദുബൈ: യു.എ.ഇയില്‍ പ്രാബല്യത്തിലുള്ള നാലാമത്തെ പൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിക്കും. പൊതുമാപ്പ് നീട്ടുന്നത് സംബന്ധിച്ച് ഞായറാഴ്ച രാത്രി വരെ വിവരം ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്ത് ബാക്കിയുള്ള നിരവധി അനധികൃത താമസക്കാര്‍ രണ്ടാഴ്ചയെങ്കിലും സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
അതേസമയം, രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈകിട്ട് പരിശോധന നടന്നു. ഷാര്‍ജയിലാണ് വ്യാപക പരിശോധനയുള്ളത്. ഇവിടെ പതിനായിരക്കണക്കിന് അനധികൃത താമസക്കാര്‍ ഇപ്പോഴുമുണ്ട്. വ്യാജ സീഡി-മൊബൈല്‍ ഫോണ്‍ വില്‍പന, മൊബൈല്‍ ക്രെഡിറ്റ് കൈമാറ്റം തുടങ്ങിയവക്ക് പുറമെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഈ മേഖലയിലുണ്ട്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക. പൊതുമാപ്പ് നീട്ടിയില്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യാപക പരിശോധനയും അറസ്റ്റുണ്ടാകും.
പൊതുമാപ്പില്‍ രാജ്യം വിടാത്ത അനധികൃത താമസക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.  ഇവരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു. വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ 80080 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ-കുടിയേറ്റ വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അല്‍ അവാദി അല്‍ മിന്‍ഹാലി പറഞ്ഞു.
ഫെബ്രുവരി നാലിന് ശേഷം അനധികൃത താമസക്കാര്‍ക്ക് ജോലി, താമസം, മറ്റു സഹായങ്ങള്‍ എന്നിവ ലഭിക്കുന്നത് തടയാന്‍ ആഭ്യന്തര മന്ത്രാലയം ശക്തമായ നിരീക്ഷണം നടത്തും. ഇങ്ങനെ സഹായം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. നുഴഞ്ഞുകയറ്റക്കാരെയും അനധികൃത താമസക്കാരെയും ഏതെങ്കിലും രീതിയില്‍ സഹായിക്കുക, താമസ സൗകര്യമോ ജോലിയോ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ലക്ഷം ദിര്‍ഹം പിഴ ചുമത്തും. അനധികൃത താമസക്കാരെ ജോലിക്ക് നിയമിക്കരുതെന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളോടും വ്യക്തികളോടും മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചാല്‍ നടപടിയുണ്ടാകും.
 

കാലാവധി തിരുത്തി മിഠായി വില്‍പന: ഗുജറാത്തികള്‍ അറസ്റ്റില്‍

Posted: 03 Feb 2013 10:07 PM PST

Image: 

മസ്കത്ത്: കാലാവധി കഴിഞ്ഞ മിഠായികളും കുട്ടികള്‍ക്കായുള്ള ഭക്ഷ്യഉല്‍പന്നങ്ങളും വിപണിയിലെത്തിച്ച് വന്‍ തട്ടിപ്പ് നടത്തിയിരുന്ന കമ്പനിയുടെ ഉടമകള്‍ അറസ്റ്റിലായി. മത്രയില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരകദാസ് കല്യാണ്‍ജി എന്ന കമ്പനിയുടെ ഉടമകളായ മൂന്ന് ഗുജറാത്ത് സ്വദേശികളാണ് പിടിയിലായത്. ജയ്സിങ് ദ്വാരകദാസ് അഷാര്‍, രഞ്ജിത് കുമാര്‍ ദ്വാരകദാസ്, രത്തന്‍സിങ് ദ്വാരകദാസ്് കല്യാണ്‍ജി എന്നിവരാണ് ഉടമകള്‍.
1.8 ദശലക്ഷം കാലാവധി കഴിഞ്ഞ മിഠായികളാണ് ഇവരുടെ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയത്. വര്‍ഷങ്ങളായി കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ തീയതി മാറ്റി വില്‍പന നടത്തുകയായിരുന്നു ഇവരെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലാവധി തിരുത്തിയ ഉല്‍പന്നങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് കമ്പനിയുടെ വാഹനങ്ങളില്‍ തന്നെയാണ് വിതരണം ചെയ്തിരുന്നതെന്ന് ഇപഭോക്തൃസംരക്ഷണ സമിതി അധികൃതര്‍ അറിയിച്ചു.
ജോബ്രേക്കര്‍-ഫയര്‍ബാള്‍സ്, ഫ്ളിക്സ്, സണ്‍ഫ്ളവര്‍ സീഡ്സ്, വൈറ്റ് ആന്‍ഡ് ബ്ളാക്, സോര്‍ പൗഡര്‍-സ്ട്രോബെറി, ചെറി ജെല്ലി, റൂസ്റ്റര്‍ ലോലിപോപ്പ്, എസ്കോ കോഫി കാന്‍ഡി, ഒമാനി ഫ്ളാഗ് കാന്‍ഡി, മാംഗോ ഗ്രേപ്പ് പുഡിങ്, ബിഗ്ബ്ളോ, റോയല്‍ ടിപ്സ് ചോക്ളേറ്റ്, കാന്‍ഡി ഫ്രൂട്ട്സ് ഫ്ളേവര്‍, പഞ്ച് മില്‍ക്ക് ചേക്ളേറ്റ് ബാര്‍, മാംഗോ ഗ്രേപ്പ്, സെറോടെസ് ചോക്ളേറ്റ്, ചോചോ ക്രീം ചോക്ളേറ്റ്, ജോളിബാള്‍ സ്ട്രോബറി ചോക്ളേറ്റ് എന്നീ ഉല്‍പന്നങ്ങളാണ് തീയതി തിരുത്തി വിപണിയിലെത്തിച്ചിരുന്നത്.
വര്‍ഷങ്ങളായി ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്ന വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടച്ചുപൂട്ടി സീല്‍ വെച്ചു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ സ്ഥാപനം ഇപ്പോള്‍ പൊലീസ് കാവലിലാണ്.  1020579 രജിസ്ട്രേഷനില്‍ വര്‍ഷങ്ങളായി മത്രയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദാരകദാസ് കല്യാണ്‍ജി എന്ന സ്ഥാപനം.
ഇന്ത്യയിലും ചൈനയിലൂം നിര്‍മിക്കുന്ന ഉല്‍പന്നങ്ങളാണ് കാലാവധി തിരുത്തി ഇവര്‍ ഒമാന്‍ വിപണിയില്‍ വിറ്റഴിച്ചിരുന്നത്. ഒമാന്‍ കമ്പനി നിയമം, വാണിജ്യ നിയമം, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയവ ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒരു രാജ്യത്തിന്‍െറ പുതുതലമുറയുടെ ആരോഗ്യം തകര്‍ക്കുന്ന വിധമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഒ.ഐ.സി ഉച്ചകോടി ഈജിപ്തില്‍

Posted: 03 Feb 2013 09:53 PM PST

Image: 
Subtitle: 
സെക്രട്ടറി ജനറലായി ഇയാദ് മദനിക്ക് സാധ്യത

റിയാദ്: മുസ്ലിംരാഷ്ട്രങ്ങളുടെ പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍െറ പുതിയ സെക്രട്ടറി ജനറലായി മുന്‍ സൗദി ഹജ്ജ് മന്ത്രി ഇയാദ് മദനിക്ക് സാധ്യത. സെക്രട്ടറി ജനറല്‍ പദവിയിലേക്ക് രംഗത്തുണ്ടായിരുന്ന മറ്റു മൂന്ന് പ്രതിനിധികള്‍ പിന്‍വലിഞ്ഞതോടെയാണ് സൗദിയുടെ പ്രതിനിധി ഇയാദ് മദനിക്ക് സാധ്യത തെളിഞ്ഞത്. അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈജിപ്തില്‍ നടക്കുന്ന ഒ.ഐ.സി ഉച്ചകോടിയില്‍ ഇതുസംബന്ധമായ ധാരണയുണ്ടായേക്കും. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നിലവിലെ സെക്രട്ടറി ജനറല്‍ പ്രൊഫ. അക്മലുദ്ദീന്‍ ഇഹ്സാനോഗ്ലുവിന്‍െറ കാലാവധി കഴിയുന്ന മുറക്കാകും പുതിയ സെക്രട്ടറി ജനറലിന്‍െറ നിയമനം ഉണ്ടാവുക. അംഗരാജ്യങ്ങളുടെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമാക്കി 1970 മുതല്‍ പ്രവര്‍ത്തിക്കുന്ന വേദിക്ക് ഇതുവരെയായി ഒമ്പത് സെക്രട്ടറി ജനറല്‍മാരുണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സൗദിയില്‍നിന്ന് ഒരാള്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്ക് എത്താന്‍ പോകുന്നത്്. 2005 വരെ ഹജ്ജ് മന്ത്രിയായും പിന്നീട് നാലു വര്‍ഷം സാംസ്കാരിക വാര്‍ത്താവിനിമയ മന്ത്രിയായും സേവനം ചെയ്തതുള്‍പ്പെടെ ഇയാദ് മദനി രാജ്യത്തെ ഒട്ടെറെ ഉന്നത പദവികള്‍ അലങ്കരിച്ചുണ്ട്.
‘മുസ്ലിംലോകം വെല്ലുവിളികളും സാധ്യതകളും’ എന്ന പ്രമേയത്തില്‍ ഊന്നിയ ഒ.ഐ.സിയുടെ ദ്വിദിന ഉച്ചകോടിക്കുള്ള അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെ നേരിടല്‍, മുസ്ലിംലോകത്തെ മനുഷ്യാവകാശ സാഹചര്യങ്ങള്‍, അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കല്‍, ആഭ്യന്തരയൂദ്ധത്താല്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സിറിയന്‍ പ്രശ്നം എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി മുഖ്യവിഷയമായി ചര്‍ച്ച നടത്തും. മാലി, സോമാലിയ, സുഡാന്‍, അഫ്ഗാനിസ്താന്‍, കശ്മീര്‍ തുടങ്ങിയ മുസ്ലിംലോകത്തെ മറ്റു വിഷയങ്ങളും കൈറോ ഉച്ചകോടി ചര്‍ച്ചക്കെടുക്കും.
അതിനിടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി അറ്റുകിടക്കുന്ന ഇറാന്‍ - ഈജിപ്ത് നതയന്ത്രബന്ധം വിളക്കിച്ചേര്‍ക്കുന്നത് കൂടിയായിരിക്കും  ഒ.ഐ.സി ഉച്ചകോടിയുടെ വേദി. ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ബുധനാഴ്ച ഈജിപ്തിലെത്തും. 1979 നു ശേഷം ഇതാദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്‍റ് ഈജിപ്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇറാന്‍ ഇസ്ലാമിക ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇസ്രായേലുമായി ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക് ഉണ്ടാക്കിയ കരാറുകളെ തുടര്‍ന്നാണ് മേഖലയിലെ ഏറെ സ്വാധീനമുള്ള രണ്ട് രാജ്യങ്ങള്‍ നയതന്ത്രമേഖലയില്‍ വഴിപിരിഞ്ഞത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം ഈജിപ്തിലും ജനാധിപത്യരീതിയില്‍ പുതിയ ഭരണകൂടം അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെടുന്നത് അറബ് മുസ്ലിം ലോകത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തുന്നത്. ജനാധിപത്യപ്രക്രിയകള്‍ക്കു ശേഷമുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈജിപ്തിനുള്ള മുസ്ലിം ലോകത്തിന്‍െറ ഐക്യദാര്‍ഢ്യം കൂടിയാകും മറ്റന്നാള്‍ മുതല്‍ ആരംഭിക്കുന്ന 12ാമത് ഒ.ഐ.സി ഉച്ചകോടി.

സുലൈമാന്‍ ബൂഗൈസിനെ വിട്ടുതരാന്‍ ആവശ്യപ്പെടില്ല -കുവൈത്ത്

Posted: 03 Feb 2013 09:44 PM PST

Image: 

കുവൈത്ത് സിറ്റി: തുര്‍ക്കിയില്‍ പിടിയിലായ കുവൈത്ത് സ്വദേശിയായ അല്‍ ഖാഇദ നേതാവ് സുലൈമാന്‍ ബൂഗൈസിനെ വിട്ടുതരാന്‍ ആവശ്യപ്പെടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ബുഗൈസിന്‍െറ പൗരത്വം റദ്ദാക്കിയതാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം കുവൈത്ത് പൗരനായി പരിഗണിക്കപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം വാക്താവ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് തുര്‍ക്കി തലസ്ഥാനമായ അങ്കറയില്‍ പിടിയിലായ ബൂഗൈസിനെ പിടികൂടിയ വിവരം സ്ഥിരീകരണത്തിനും ചോദ്യം ചെയ്യലിനും ശേഷം കഴിഞ്ഞദിവസമാണ് തുര്‍ക്കി അധികൃതര്‍ പുറത്തുവിട്ടത്. ബൂഗൈസ് ഇറാന്‍ വഴി തുര്‍ക്കിയിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന വിവരം അമേരിക്കന്‍ രഹസ്യ ഏജന്‍സിയാണ് തുര്‍ക്കി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് തുര്‍ക്കി അധികൃതര്‍ നടത്തിയ അന്വേഷണത്തൊടുവിലാണ് അങ്കറയിലെ ഹോട്ടലില്‍വെച്ച് ബൂഗൈസ്  പിടിയിലായത്.
വ്യാജ പാസ്പോര്‍ട്ടാണ് അദ്ദേഹം കൈവശം വെച്ചിരുന്നത്. തുര്‍ക്കിയിലെ അമരിക്കന്‍ എംബസിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മനുഷ്യബോംബ്  ആക്രമണം ഇതിനെത്തുടര്‍ന്നാണെന്ന് വിലയിരുത്തപ്പെടുന്നു. തുര്‍ക്കിയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു  അദ്ദേഹത്തിന്‍െറ ലക്ഷ്യമെന്നും ബൂഗൈസിനെ അമേരിക്കക്ക് കൈമാറിയേക്കുമെന്നും തുര്‍ക്കി അധികൃതര്‍ അറിയിച്ചു. 2001ലാണ് ബൂഗൈസും കൂട്ടാളികളും അഫ്ഗാനിസ്ഥാനില്‍നിന്ന് ഇറാനില്‍ അഭയം പ്രാപിച്ചത്. ഉസാമ ബിന്‍ ലാദിന്‍െറ മകളെ വിവാഹം കഴിച്ച ഇദ്ദേഹത്തിന്‍െറ കുടുംബത്തെ കുറിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.

പന്തിന് പിറകെ കേരളം

Posted: 03 Feb 2013 09:40 PM PST

Image: 

കൊച്ചി: എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വിരുന്നെത്തുന്ന രാജ്യാന്തരഫുട്ബാള്‍ മത്സരത്തിന് ഇനി രണ്ട് ദിനം മാത്രം ശേഷിക്കെ, ആവേശം പകര്‍ന്ന്  ഇന്ത്യന്‍ താരങ്ങള്‍ കൊച്ചിയുടെ മണ്ണില്‍ പരിശീലനം തുടങ്ങി. മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് നായകന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ടീം മൈതാനത്തിറങ്ങിയത്.
കോച്ച് വിം കൂവര്‍മാന്‍സ് നിര്‍ദേശങ്ങളുമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഛേത്രി, നിര്‍മല്‍ ഛേത്രി, ജുവല്‍രാജ്, സയ്യിദ് റഹീം നബി, ഡെന്‍സില്‍ ഫ്രാങ്കോ, സന്ദിപ് നന്ദി എന്നിവര്‍  ശനിയാഴ്ച കൊച്ചിയിലെത്തിയിട്ടുണ്ട്. ഐ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം മലയാളി താരം സി.കെ. വിനീത് അടക്കമുള്ള താരങ്ങളും ഞായറാഴ്ചയെത്തി. എറണാകുളത്തെ എം.ആര്‍.വി.സി (മെന്‍റലി റീഹാബിറ്റേഷന്‍ വിഷ്വലി ചലഞ്ചഡ്)എന്ന സംഘടനയുടെ പ്രോജക്ട് കോഓഡിനേറ്റര്‍ സുനില്‍ മാത്യുവിന്‍െറ നേതൃത്വത്തില്‍ ഫുട്ബാള്‍ കളി പരിശീലിക്കുന്ന  അന്ധരുടെ സംഘം മൈതാനത്തിറങ്ങി. തുടര്‍ന്ന്  കോച്ച് വിം കോവര്‍മാനും ഇന്ത്യന്‍ ടീമംഗങ്ങളും  അരമണിക്കൂറോളം ഇവരുമായി സംവദിച്ചു.  തങ്ങളുടെ കണ്ണ് മൂടിക്കെട്ടി ഇവരുമായി അല്‍പനേരം പന്തുതട്ടി.
ഇന്ത്യന്‍ ടീമില്‍ കന്നി മത്സരംതന്നെ നാട്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ ആവേശഭരിതനാണെന്ന് മലയാളി താരം വിനീത് പരിശീലനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഫലസ്തീനുമായി കളിക്കാനുള്ള അന്തിമ ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ.  താമസസൗകര്യം ഒരുക്കിയിരിക്കുന്ന വൈറ്റിലയിലെ  ഹോട്ടലില്‍  വിശ്രമിച്ച ശേഷമാണ് വൈകുന്നേരത്തോടെ ഇന്ത്യന്‍ സംഘം പരിശീലനത്തിനിറങ്ങിയത്. ഒന്നര മണിക്കൂറോളം പരിശീലനം നടത്തി. ഫലസ്തീനുമായുള്ള മത്സരം കടുത്തതായിരിക്കുമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ സട്രൈക്കര്‍ ആയ സയ്യിദ് റഹീം നബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിനീത് ഉള്‍പ്പെടെയുള്ള പുതിയ കളിക്കാരുടെ വരവ് ടീമിന്‍െറ പ്രകടനത്തിന് കൂടുതല്‍ കരുത്താകുമെന്നാണ് പ്രതീക്ഷ. 4-3-3 എന്ന ശൈലിയില്‍തന്നെയാവും ഫലസ്തീനെതിരെയും ഇന്ത്യ മത്സരിക്കുക. മത്സരം ജയിക്കുകയെന്നതുതന്നെയായിരിക്കും ലക്ഷ്യമെന്നും സയ്യിദ് റഹീം നബി.   രണ്ടുപേരെ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കിയതായി ടീം മീഡിയ മാനേജര്‍ നിരഞ്ജന്‍ ദാസ് പറഞ്ഞു.  ആന്‍റണി പെരേര (മിഡ്ഫീല്‍ഡര്‍), കരജിത് സിങ് (ഗോള്‍കീപ്പര്‍) എന്നിവരെയാണ് ഒഴിവാക്കിയത്. പകരം ജോക്കിം അബ്രാഞ്ചസ് (മിഡ്ഫീല്‍ഡ്), സുഭാഷ്  റായ് (ഗോള്‍ കീപ്പര്‍) എന്നിവരെ  ഉള്‍പ്പെടുത്തിയതായും ഇവര്‍ ഇന്ന് ടീമിനൊപ്പം ചേരുമെന്നും നിരഞ്ജന്‍ ദാസ് പറഞ്ഞു.
 ഫലസ്തീന്‍ ടീം തിങ്കളാഴ്ച വൈകുന്നേരം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ദോഹ വഴിയാണ് ടീം കൊച്ചിയിലെത്തുന്നത്. അബ്ദുല്ല അല്‍ഫറയാണ് സംഘത്തെ നയിക്കുന്നത്. ഫെബ്രുവരി ആറിന് വൈകുന്നേരം ആറരക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഫലസ്തീന്‍ ഫിഫ റാങ്കിങ് സൗഹൃദമത്സരം. മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും സ്റ്റേഡിയത്തില്‍ പുതിയ ഗോള്‍പോസ്റ്റ് സ്ഥാപിച്ചതായും സംഘാടകള്‍ അറിയിച്ചു.

സോളിസിറ്റര്‍ ജനറല്‍ നരിമാന്‍ രാജിവെച്ചു

Posted: 03 Feb 2013 09:37 PM PST

Image: 

ന്യൂദല്‍ഹി: ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ആര്‍.എഫ് നരിമാന്‍ തല്‍സ്ഥാനത്തു നിന്നും രാജിവെച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി കാരണം വ്യക്തമല്ല. 2011 ജൂലൈയില്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജിവെച്ചതിനെ തുടര്‍ന്നാണ്  നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ ആയി ചുമതലേയറ്റത്. അന്നത്തെ നിയമമന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ് ആണ് നരിമാന്റെ പേര് നിര്‍ദേശിച്ചത്. പ്രമുഖ നിയമവിദഗ്ധന്‍ ഫലി എസ് നരിമാന്റെ മകനാണ്.
 

കോമണ്‍വെല്‍ത്ത് അഴിമതി: കല്‍മാഡിക്കെതിരെ കുറ്റം ചുമത്തി

Posted: 03 Feb 2013 09:35 PM PST

Image: 

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സംഘാടകസമിതി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിക്കു മേല്‍ നാളെ ദല്‍ഹി കോടതി കുറ്റം ചുമത്തി. കല്‍മാഡിക്ക് പുറമെ സംഘാടക സമിതിയിലെ മറ്റു ഒമ്പത് അംഗങ്ങള്‍ക്കും സംഘാടകസമിതി സെക്രട്ടറി ജനറലായിരുന്ന ലളിത് ഭാനോട്ടിനു മേലുമാണ് പ്രത്യകേ സി ബി ഐ ജഡ്ജി രവീന്ദര്‍ കൗര്‍ കുറ്റം ചുമത്തിയത്. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍,സര്‍ക്കാര്‍ ഖജനാവിന് 90 കോടിയുടെ നഷ്ടം വരുത്തല്‍ എന്നീ  കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
2010ല്‍ നടന്ന ഗെയിംസില്‍ സമയം,സ്കോറും ഫലവും പ്രഖ്യാപിക്കുന്ന സംവിധാനത്തിന്റെകരാര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സ്ഥാപനമായ 'സ്വിസ് ടൈമിങ്' ന്  അനധികൃതമായി നല്‍കിയതില്‍ സര്‍ക്കാരിന് 90 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് കേസ്.

ഗെയിംസ് സംഘാടക സമിതി ഡയറക്ടര്‍ ജനറല്‍ വി.കെ.വര്‍മ, സംഭരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ സുര്‍ജിത് ലാല്‍, കായിക വിഭാഗം ജോ.ഡയറക്ടര്‍ എ.എസ്.വി. പ്രസാദ്, ട്രഷറര്‍ എം.ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
 കേസ് അതിവേഗ വിചാരണ നടത്താനാണ് കോടതി ഉത്തരവ്. അടുത്ത വിചാരണ വ്യാഴാഴ്ചയാണ് നടക്കുക. ഡിസംബര്‍ 21നായിരുന്നു ഇവര്‍ക്കുമേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

സംഘാടനമികവിന്‍െറ ‘യു.പി’ സ്കൂള്‍ മീറ്റ്

Posted: 03 Feb 2013 09:13 PM PST

Image: 

ഇറ്റാവ (ഉത്തര്‍പ്രദേശ്): ഇന്ത്യന്‍ കായിക രംഗത്തിന്‍െറ ഭാവി ശോഭനമാണെന്ന് തെളിയിച്ച് യു.പി ഇറ്റാവയിലെ സയ്ഫായി സ്റ്റേഡിയത്തില്‍ 58ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് കൊടിയിറങ്ങി. കൊടുംതണുപ്പിനെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് കേരളം വീണ്ടും നേടിയ കിരീടത്തിന് പത്തരമാറ്റ്. 17 പുതിയ റെക്കോഡുകള്‍ പിറന്ന മീറ്റില്‍ ആറെണ്ണവും നമ്മുടെ താരങ്ങള്‍ സ്വന്തമാക്കിയെന്നതിലും  കായികകേരളത്തിന് അഭിമാനിക്കാം. ഒപ്പം യു.പി സര്‍ക്കാറിന്‍െറ സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഈ മീറ്റ്.

മരുന്നിനു ചില വിവാദങ്ങളും
ആശാസ്യമല്ലാത്ത പല പ്രവണതകളും സ്കൂള്‍ കായികമേളയിലുണ്ടാകുന്നതിലെ ആശങ്കയും വലുതാണ്. ഉത്തേജകമരുന്നിന്‍െറ ഉപയോഗവും പ്രായത്തട്ടിപ്പും കായികമേളയില്‍ വര്‍ധിച്ചുവരുന്നതായാണ് ഈ ദേശീയ സ്കൂള്‍ കായികമേളയും തെളിയിച്ചത്. പോള്‍വാള്‍ട്ടില്‍ റെക്കോഡ് നേട്ടം കൈവരിച്ച ഹരിയാനക്കാരനെയും ലോങ്ജമ്പില്‍ വെള്ളി നേടിയ ത്രിപുരക്കാരിയെയും അയോഗ്യരാക്കിയെങ്കിലും പല ഇനങ്ങളിലും മത്സരിച്ചവരുടെ പ്രായത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ മീറ്റിന് കൊടിയിറങ്ങിയിട്ടും അവസാനിച്ചിട്ടില്ല. സ്റ്റേഡിയത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഉത്തേജകമരുന്ന് കുപ്പികളും സിറിഞ്ചും കണ്ടെത്തിയതും മീറ്റില്‍ മരുന്നടി സജീവമാണെന്ന് വ്യക്തമാക്കുന്നു. കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് മീറ്റിനെത്തുന്ന കേരളത്തെ പോലുള്ള ടീമുകള്‍ക്കാണ് മറ്റ് ചില സംസ്ഥാനങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചടിയുണ്ടാകുന്നത്.  കഴിഞ്ഞതവണ ലുധിയാനയില്‍ നടന്ന മീറ്റില്‍ നേടിയ 29 സ്വര്‍ണം ഉള്‍പ്പെടെ 265 പോയന്‍റിന്‍െറ ഓവറോള്‍ കിരീടത്തിനേക്കാള്‍ മികച്ച പ്രകടനത്തോടെയാണ് ഇക്കുറി കിരീടം ചൂടിയത്.

പ്രതിഫലിച്ചത് കേരളത്തിന്‍െറ കരുത്ത്
33 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 304 പോയന്‍റുമായി തൊട്ടുപിന്നിലുള്ള മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് വലിയ വ്യത്യാസത്തിലാണ് കേരളം ആധികാരികമായി കിരീടം നിലനിര്‍ത്തിയത്. മികച്ച വ്യക്തിഗത പ്രകടനത്തോടെ കേരളത്തിന്‍െറ പി.യു. ചിത്ര, പി. മുഹമ്മദ് അഫ്സല്‍ എന്നിവര്‍ നാനോ കാറും സ്വന്തമാക്കിയാണ് കേരളത്തിലേക്ക് മടങ്ങുന്നത്. കഴിഞ്ഞതവണ ഒരു റെക്കോഡ് മാത്രം നേടാന്‍ കഴിഞ്ഞതിലെ വിഷമം പൂര്‍ണമായും മാറ്റാനും ഇക്കുറി ഇറ്റാവയില്‍ കേരളത്തിനായി.  ആറ് മീറ്റ് റെക്കോഡാണ് കേരളത്തിന്‍െറ പട്ടികയിലുള്ളത്. കേരളത്തിലെ താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ കായിക രംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന ഒട്ടേറെ മികച്ച താരങ്ങളെ ഈ മീറ്റില്‍ കാണാന്‍ കഴിഞ്ഞു. സ്പ്രിന്‍റ് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒഡിഷയുടെ ദ്യുതിചന്ദ്, മിഡില്‍ ഡിസ്റ്റന്‍സ് ഇനങ്ങളില്‍ ശ്രദ്ധേയമാകുന്ന നാസിക്കിലെ കായിക അക്കാദമിയിലെ അംഗങ്ങളായ അഞ്ജന താംകെ, അപൂര്‍വ ഗാഗ്രെ, ദുര്‍ജ ദേവ്ര, ദല്‍ഹിയുടെ നുസ്രത്, ലളിത് മഥുര തുടങ്ങിയവരെല്ലാം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
സംഘാടനത്തിലൂടെ കായിക വികസനത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും സൈക്കിള്‍, സ്പോര്‍ട്സ് കിറ്റ്, മികച്ച താരങ്ങള്‍ക്ക് നാനോ കാറുകള്‍, അതിലും നിര്‍ത്താതെ അടുത്തവര്‍ഷവും മീറ്റ് സംഘടിപ്പിക്കാന്‍ തയാറാണെന്ന മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ പ്രഖ്യാപനവും. സയ്ഫായി പോലൊരു കുഗ്രാമത്തില്‍ രണ്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.  കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാ ക്കാവുന്നതാണ് യു.പി സര്‍ക്കാറിന്‍െറ സംഘാടന മികവും താരങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാ ഹനവും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP