സ്വാഗതം
WELCOME

News Update..

Thursday, February 7, 2013

വയനാട്ടില്‍ പിടിയിലായ കടുവ കര്‍ണാടക വനപാലകര്‍ വിട്ടയച്ചതെന്ന് Madhyamam News Feeds

വയനാട്ടില്‍ പിടിയിലായ കടുവ കര്‍ണാടക വനപാലകര്‍ വിട്ടയച്ചതെന്ന് Madhyamam News Feeds

Link to

വയനാട്ടില്‍ പിടിയിലായ കടുവ കര്‍ണാടക വനപാലകര്‍ വിട്ടയച്ചതെന്ന്

Posted: 07 Feb 2013 12:32 AM PST

കല്‍പറ്റ: കാടിറങ്ങി പരാക്രമം നടത്തി ഒടുവില്‍ മയക്കുവെടി വെച്ച് പിടിയിലായ കടുവ കര്‍ണാടക വനപാലകര്‍ വിട്ടയച്ചതാണെന്ന് വിവരം ലഭിച്ചു. നാഗര്‍ഹോളയില്‍നിന്ന് പിടികൂടിയശേഷം ഡിസംബര്‍ 23ന് വിട്ടയച്ച പെണ്‍കടുവയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് തഹസില്‍ദാര്‍ ഉള്‍പ്പെടെ നാലുപേരെ ആക്രമിക്കുകയും വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തത്.
ഗര്‍ഭിണിയായ പെണ്‍കടുവയുടെ ദേഹത്ത് മുമ്പ് നാടന്‍ തോക്കില്‍നിന്ന് വെടിയേറ്റതിന്‍െറ പാടുകളുണ്ട്. ഇതും ദുരൂഹത സൃഷ്ടിക്കുന്നു. വയനാട്ടിലെ ജനവാസകേന്ദ്രത്തില്‍  കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഈ കടുവയെത്തിയത്. കര്‍ണാടകയില്‍ വളര്‍ത്തുമൃഗങ്ങളെ അക്രമിച്ച  കടുവയെ അവര്‍ പിടികൂടിയ ശേഷം പേരിന് ചികിത്സ നല്‍കി കേരള വനാതിര്‍ത്തിയില്‍ വിടുകയായിരുന്നുവത്രെ. ഈ കടുവയാണ് ഇവിടെയെത്തി ശല്യക്കാരിയായത്.
ബത്തേരി തഹസില്‍ദാര്‍ കെ.കെ. വിജയനുള്‍പ്പെടെ നാലുപേരെയാണ് കടുവ കടിച്ച് പരിക്കേല്‍പിച്ചത്. ഇവര്‍ ചികിത്സയിലാണ്.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനുശേഷം രണ്ടുതവണ മയക്കുവെടിവെച്ച് പിടികൂടിയ കടുവ തൃശൂര്‍ മൃഗശാലയിലാണ് ഇപ്പോഴുള്ളത്. വയനാട്ടില്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ചത്. പത്തുവയസ്സ് മതിക്കുന്ന പെണ്‍കടുവയുടെ കൈകള്‍ക്കും വലതുകാലിനും പരിക്കുണ്ട്.
രണ്ടാഴ്ച ഭീകരത സൃഷ്ടിച്ച മറ്റൊരു കടുവയെ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ബത്തേരി മൂലങ്കാവിനടുത്ത് വെടിവെച്ചു കൊന്നിരുന്നു.
പൊടുന്നനെ കടുവയുടെ പരാക്രമങ്ങള്‍ വര്‍ധിച്ചതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് കഴിഞ്ഞ രണ്ടാം തീയതി ഇവിടെ പിടികൂടിയ കടുവ കര്‍ണാടക വനപാലകര്‍ വിട്ടയച്ചതാണെന്ന വിവരം അറിയുന്നത്.

കോഴിക്കോട് വിഷന്‍ 2030: കുടിവെള്ളത്തിനും ടൂറിസത്തിനും മുന്‍ഗണന

Posted: 07 Feb 2013 12:30 AM PST

കോഴിക്കോട്:  കുടിവെള്ളം, ടൂറിസം, ആരോഗ്യം, വ്യവസായം, കൃഷി, ഗതാഗതം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി കോഴിക്കോട് വിഷന്‍ -2030. ഇതിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും നഗരാസൂത്രണ വകുപ്പും സംയുക്തമായാണ് വിഷന്‍ 2030ന്‍െറ ആലോചന യോഗം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.പി. രമാദേവി അധ്യക്ഷത വഹിച്ചു. പ്രാദേശിക തലത്തില്‍ തയാറാക്കുന്ന ദീര്‍ഘ-ഹ്രസ്വകാല പദ്ധതികള്‍ ക്രോഡീകരിച്ചാണ് ജില്ലാതലത്തില്‍ സമഗ്രവികസന മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുക.
ടൗണ്‍ പ്ളാനര്‍ ജി. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഊര്‍ജസംരക്ഷണം, ജല മാനേജ്മെന്‍റ്, വനസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള കാര്‍ഡ് ഏര്‍പ്പെടുത്തല്‍, പരമ്പരാഗത ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം, കോഴിക്കോട് മെഡിക്കല്‍ കോളജിന്‍െറ അടിസ്ഥാന വികസനം, കാര്‍ഷിക മേഖലക്കും വിനോദസഞ്ചാര വികസനത്തിനും ഊന്നല്‍ നല്‍കുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുടെയും അടിസ്ഥാന സൗകര്യ വികസനം, മലയോര പ്രദേശങ്ങളില്‍ കാര്‍ഷിക വികസനത്തിന് പ്രാധാന്യം നല്‍കല്‍,  വിദേശ മലയാളികളുടെ മൂലധനനിക്ഷേപം ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കല്‍, ചാലിയാറിന്‍െറ സംരക്ഷണം, കാര്‍ഷിക മേഖലയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വ്യാപിപ്പിക്കല്‍, വയല്‍ നികത്തല്‍ തടയുക എന്നിവയാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങര്‍.
2031ല്‍ അഴിയൂര്‍, ഏറാമല, വില്യാപ്പള്ളി, പയ്യോളി, ബാലുശ്ശേരി, കുന്ദമംഗലം, ചേമഞ്ചേരി, ചേളന്നൂര്‍, പേരാമ്പ്ര, കൊടുവള്ളി, മുക്കം, മാവൂര്‍, പെരുവയല്‍, കടലുണ്ടി, രാമനാട്ടുകര, ഫറോക്ക്, ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ നഗരവത്കരിക്കുമെന്നും കോഴിക്കോട്, വടകര, കൊയിലാണ്ടി നഗരങ്ങളുടെ സമഗ്ര ആസൂത്രണരേഖ തയാറാക്കിയതായും ടൗണ്‍ പ്ളാനര്‍ ജി. ശശികുമാര്‍ പറഞ്ഞു.
അസിസ്റ്റന്‍റ് കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സി.ഡബ്ള്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. പി.എസ്. ഹരികുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. രമേഷ്കുമാര്‍, ഫറോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വാളക്കട സരസു, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. പവിത്രന്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.അസ്മാബി, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അയിഷ ഉമ്മര്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ശൈലജ, ജില്ലാ പഞ്ചായത്തംഗങ്ങളായ കമല ആര്‍. പണിക്കര്‍, വി.ഡി. ജോസഫ്, ദിനേശ് പെരുമണ്ണ, കാവില്‍ പി. മാധവന്‍, ജമീല ഉസ്മാന്‍, വാണിമേല്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അശ്റഫ് കോട്ടാല എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി സ്വാഗതവും അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

തുനീഷ്യയില്‍ ഇസ്ലാമിക സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി

Posted: 06 Feb 2013 10:55 PM PST

Image: 

തൂനിസ്:  തുനീഷ്യയില്‍ ഇസ്ലാമിക സര്‍ക്കാറിനെ പിരിച്ചുവിട്ട് ദേശീയ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി ഹമാദി ജബലി പ്രഖ്യാപിച്ചു.
ഇടത് ആഭിമുഖ്യമുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ശുക്രി ബെലെയ്ദ് കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാജ്യം ഭരിക്കാന്‍ സാങ്കേതിക വിദഗ്ദരുടെ മന്ത്രിസഭ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളുമായി യോജിപ്പിലെത്താന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചത്. രാജ്യത്ത് തിരഞ്ഞെടുപ്പ് ഇടന്‍ നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഡമോക്രാറ്റിക് പാട്രിയറ്റ്സ് പാര്‍ട്ടി നേതാവായിരുന്ന ശുക്രി ബെലെയ്ദ്  തലസ്ഥാന നഗരിയായ തൂനിസിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങവെയാണ്  വെടിയേറ്റു മരിച്ചത്.
നേതാവിന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന്  പാട്രിയറ്റ്സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തൂനിസില്‍ പ്രകടനം നടത്തി. പ്രതിഷേധക്കാര്‍ പൊലീസുകാരുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. നിരവധി പേരെ പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശുക്രി ബെലെയ്ദ് കൊല്ലപ്പെട്ട സാഹചര്യം പരിഗണിച്ച് ഫ്രാന്‍സ് സന്ദര്‍ശനത്തിലായിരുന്ന പ്രസിഡന്‍റ് മുന്‍സിഫ് മര്‍സൂഖി പര്യടനം റദ്ദാക്കി രാജ്യത്ത് മടങ്ങിയെത്തി. അന്നഹ്ദ സര്‍ക്കാറിന്‍െറ കടുത്ത വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട ബെലെയ്ദ്.
 

കാവേരിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന് സുപ്രിംകോടതി

Posted: 06 Feb 2013 10:52 PM PST

Image: 

ന്യൂദല്‍ഹി: കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് 2.44 ടി.എം.സി ജലം കര്‍ണാടക വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര ജല കമ്മീഷന്റെറിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

കനത്ത വരള്‍ച്ച നേരിടുന്നതിനാല്‍ 30 ടി.എം.സി വെള്ളം നല്‍കണമെന്നായിരുന്നു തമിഴ്നാട് ആവശ്യപ്പെട്ടത്.
കേന്ദ്ര ജലകമ്മീഷന്‍ തമിഴ്നാട്ടിലെ കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അതേസമയം, ട്രൈബ്യൂണല്‍ ഉത്തരവ് ഫെബ്രുവരി 20 നകം വിജ്ഞാപനം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാവേരി ട്രൈബ്യൂണല്‍ ഉത്തരവ് വിജ്ഞാപനം ചെയ്യാത്തതിന് കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കം സുപ്രീംകോടതിയിലെത്തുകയായിരുന്നു.

തമിഴ്നാടിന് വെള്ളം വിട്ടു നല്‍കിയാല്‍ സംസ്ഥാനത്ത് കുടിവെള്ളക്ഷാമമുണ്ടാകുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

മുസഫയില്‍ വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ

Posted: 06 Feb 2013 09:56 PM PST

Image: 

അബൂദബി: മുസഫയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ അഗ്നിബാധയില്‍ വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. വിവാഹ സല്‍ക്കാരത്തിന് ആവശ്യമായ ടെന്‍റ്, കസേരകള്‍, മേശകള്‍, മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവ വാടകക്ക് കൊടുക്കുന്ന കമ്പനിയുടെ വെയര്‍ഹൗസില്‍ പുലര്‍ച്ചെ 4.24ഓടെയാണ് തീപിടിത്തമുണ്ടായത്. ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ മുസഫ, എം 14, എം 33, മുഹമ്മദ് ബിന്‍ സായിദ്, അല്‍ ഖുബെസാത് എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. സിവില്‍ ഡിഫന്‍സിന്‍െറ സമയോചിതമായ ഇടപെടല്‍ മൂലം സമീപത്തെ വെയര്‍ഹൗസുകളിലേക്ക് തീ പടരുന്നത് ഒഴിവായെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് സെന്‍ററുകളുടെ മേധാവി ലഫ്. കേണല്‍ ഹമദ് സഈദ് അല്‍ റിയാമി പറഞ്ഞു.
വെയര്‍ഹൗസ് ഉടമകളും അത് വാടകക്ക് എടുക്കുന്നവരും സ്റ്റോറേജ് നിയമങ്ങളും വൃത്തിയും പാലിക്കണമെന്നും തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും ഉണ്ടായാല്‍ അണക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
രാവിലെ 10.10ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായതെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡിപാര്‍ട്ട്മെന്‍റ് പബ്ളിക് റിലേഷന്‍സ് വിഭാഗം മേധാവി കാപ്റ്റന്‍ അബ്ദുല്ല അല്‍ തമീമി പറഞ്ഞു. തീപിടിത്തത്തിന്‍െറ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  
 

പെണ്‍കുട്ടികളുടെ റോക് ബാന്‍ഡ് സംഘത്തെ ഭീഷണിപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

Posted: 06 Feb 2013 09:54 PM PST

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ  പെണ്‍കുട്ടികളുടെ ആദ്യ റോക് ബാന്‍ഡ് സംഘത്തെ ഇന്‍്റര്‍നെറ്റിലൂടെ ഭീഷണിപ്പെടുത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബതാമലൂയിലെ എസ്.ഡി കോളനി സ്വദേശി ഇര്‍ഷാദ് അഹമ്മദ് ചര, ദക്ഷിണ കശ്മീരിലെ ബിജ്ബെഹാരയിലെ താരീഖ് ഖാന്‍, മധ്യ കശ്മീരിലെ ഗന്ദര്‍ബലില്‍ നിന്ന് റമീസ് ഖാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ്  ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. റോക് ബാന്‍ഡ് സംഘത്തിലെ രണ്ട് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാന്‍ ജമ്മു കശ്മീര്‍ ഡി.ജി.പി അശോക് പ്രസാദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോക് ബാന്‍ഡ് സംഘത്തിനെതിരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച 900 അഭിപ്രയങ്ങളില്‍ 26 പേരെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ കടുത്ത ഭീഷണിയും വിമര്‍ശനവും വന്നതിനാല്‍ ജമ്മു കശ്മീരിലെ  പെണ്‍കുട്ടികളുടെ ആദ്യ റോക് ബാന്‍ഡ് സംഘം 'പ്രകാശ്' തിങ്കളാഴ്ച പിരിച്ചു വിട്ടിരുന്നു. റോക് ബാന്‍ഡ് സംഘത്തിലെ അംഗങ്ങളായ ഫറാ ദീബ, അനീക ഖാലിദ്, നോമ നസീര്‍ എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റോക് ബാന്‍ഡിനെതിരെ  ജമ്മു കശ്മീര്‍ ഗ്രാന്‍്റ് മുഫ്തി ഫത്വ പുറപ്പെടുവിച്ചതിനാല്‍ സ്കൂള്‍ വിദ്യാര്‍ഥിനികളായ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

റോഡപകടം: കഴിഞ്ഞവര്‍ഷം മരിച്ചവരില്‍ 78.8 ശതമാനം പ്രവാസികള്‍

Posted: 06 Feb 2013 09:50 PM PST

Image: 

ദോഹ: കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ റോഡപകടങ്ങളില്‍ മരിച്ചവരില്‍ 78.8 ശതമാനവും പ്രവാസികള്‍. അതേസമയം അപകടമരണത്തിനിരയായ സ്വദേശികളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായും ട്രാഫിക് വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞവര്‍ഷം പരിക്കിന് കാരണമായ 4216 റോഡപകടങ്ങളുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.6 ശതമാനം കൂടുതലാണിത്. അപകടങ്ങളില്‍ 204 പേര്‍ (3.4 ശതമാനം) മരിച്ചപ്പോള്‍ 605 പേര്‍ക്ക് (10 ശതമാനം) ഗുരുതര പരിക്കും 5216 പേര്‍ക്ക് (86.6 ശതമാനം) നിസ്സാര പരിക്കും സംഭവിച്ചു. മരിച്ചവരില്‍ 184 പേര്‍ പുരുഷന്‍മാരും 20 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 44 സ്വദേശികള്‍ (21.6 ശതമാനം) ഉള്‍പ്പെടുന്നു. മരിച്ച 78.8 ശതമാനം പ്രവാസികളില്‍ 19.6 ശതമാനം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും 58.8 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. മരിച്ച സ്വദേശികളുടെ എണ്ണം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.2 ശതമാനം കുറഞ്ഞു.
പരിക്കിന് കാരണമായ 65.2 ശതമാനം അപകടങ്ങളും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ളതായിരുന്നു. മരണകാരണമായ 52 ശതമാനം അപകടങ്ങള്‍ക്കും പരിക്കിന് കാരണമായ 45.8 ശതമാനം അപകടങ്ങള്‍ക്കും കാരണം അശ്രദ്ധമായ ഡ്രൈവിംഗാണ്. മരിച്ചവരില്‍ 71.6 ശതമാനം പേര്‍ 18നും 39നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. കഴിഞ്ഞവര്‍ഷം മരിച്ചവരില്‍ 72 പേര്‍ (35.3 ശതമാനം) ഡ്രൈവര്‍മാരും 76 പേര്‍ (37.3 ശതമാനം) വാഹനയാത്രക്കാരും 56 പേര്‍ (27.4 ശതമാനം) കാല്‍നടയാത്രക്കാരുമാണ്. 2011ല്‍ ഇത് യഥാക്രമം 84ഉം 62ഉം 61ഉം ആയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം 7.6 ശതമാനവും ട്രാഫിക് നിയമലംഘനങ്ങള്‍ 39.2 ശതമാനവും കൂടിയിട്ടുണ്ട്.
പതിനായിരം വാഹനങ്ങള്‍ക്ക് 46.4 അപകടങ്ങള്‍ എന്നതായിരുന്നു 2011ലെ നിരക്ക്. ഇത് കഴിഞ്ഞവര്‍ഷം 48.1 ആയി. ഒരുലക്ഷം പേരില്‍ 26.6 പേര്‍ക്ക് റോഡപകടം മൂലം ഗുരുതരമായ പരിക്ക് സംഭവിക്കുന്നുണ്ട്. അതേസമയം, 2011ല്‍ ഒരുലക്ഷം പേര്‍ക്ക് 9.8 ആയിരുന്ന റോഡപകട മരണം കഴിഞ്ഞവര്‍ഷം ഒമ്പതായി. 8.1 ശതമാനം കുറവാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മസ്കത്തില്‍ ഫുട്ബാള്‍ മല്‍സരത്തിനിടെ ബശ്ശാര്‍ അനുകൂലികളും വിമതരും ഏറ്റുമുട്ടി

Posted: 06 Feb 2013 09:44 PM PST

Image: 

മസ്കത്ത്: സിറിയയിലെ ആഭ്യന്തരപോരാട്ടം മസ്കത്തിലെ ഫുട്ബാള്‍ സ്റ്റേഡിയത്തെയും സംഘര്‍ഷഭരിതമാക്കി. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെ അനുകൂലിക്കുന്നവരും വിമതരും മസ്കത്തിലെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടി. ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ ഒമാന്‍-സിറിയ ഏഷ്യാകപ്പ് യോഗ്യതാ ഫുട്ബാള്‍ മല്‍സരം പുരോഗമിക്കുമ്പോഴാണ് സംഘര്‍ഷം.
കളി ആസ്വദിക്കാനെത്തിയ സിറിയന്‍ ആരാധകര്‍ തമ്മില്‍ നേരത്തേ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിമതപക്ഷത്തെ അനുകൂലിക്കുന്ന സിറിയന്‍ ആരാധകരിലൊരാള്‍ ഗ്രൗണ്ടിലേക്ക് പതാകയുമായി ചാടിയിറങ്ങി. ഇയാള്‍ ഗോള്‍ വലയത്തിനടുത്തെത്തി ബശ്ശര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ഇയാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഡിയത്തില്‍ ഇരുപക്ഷവും ഏറ്റുമുട്ടലാരംഭിച്ചു.
ഇവരെ ശാന്തരാക്കാനും സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവരെ പിടികുടാനും പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. സൈന്യവും രംഗത്തിറങ്ങി.  മിനുറ്റുകള്‍ക്കകം അക്രമികളെ വരുതിയിലാക്കി രംഗം ശാന്തമാക്കാന്‍ പൊലീസിനും സേനക്കും കഴിഞ്ഞതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. ആഭ്യന്തരസംഘര്‍ഷം തുടരുന്ന സിറിയയില്‍ നടത്താനിരുന്ന മല്‍സരങ്ങള്‍ ഇറാനിലേക്ക് മാറ്റുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പൊതുവെ സമാധാനം നിലനില്‍ക്കുന്ന ഒമാനില്‍ ഇരുപക്ഷവും മല്‍സരം സംഘര്‍ഷഭരിതമാക്കിയത്.
മല്‍സരത്തില്‍ ഒമാന്‍ സിറിയയെ പരാജയപ്പെടുത്തി. സ്കോര്‍ (1-0). ആവേശകരമായ ഫുട്ബാള്‍ മല്‍സരത്തിന്‍െറ 68ാം മിനിറ്റിലാണ് സ്റ്റേഡിയം സംഘര്‍ഷ ഭരിതമായത്.

തീര്‍ഥാടന സൗകര്യങ്ങളെ ശാസ്ത്രീയമായി ഏകോപിപ്പിക്കും-ഹജ്ജ് മന്ത്രി

Posted: 06 Feb 2013 09:38 PM PST

Image: 

ജിദ്ദ: ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയാസരഹിതവും സുരക്ഷിതവുമായ തീര്‍ഥാടനം ഉറപ്പുവരുത്താന്‍ വിശുദ്ധസ്ഥലങ്ങളും തീര്‍ഥാടകമാര്‍ഗങ്ങളും ശാസ്ത്രീയമായ രീതിയില്‍ ഏകോപിപ്പിക്കുമെന്ന് സൗദി ഹജ്ജ് കാര്യമന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജ്ജാര്‍. ഈയര്‍ഥത്തില്‍ സാങ്കേതികമികവില്‍ കൂടുതല്‍ വിപുലമായ സന്നാഹങ്ങളായിരിക്കും ഈ വര്‍ഷത്തെ ഹജ്ജിന് ഒരുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിലെ യാത്രികര്‍ക്കുള്ള സംവിധാനം മുതല്‍ പുണ്യസ്ഥലങ്ങളിലെ തീര്‍ഥാടനചടങ്ങുകള്‍ വരെ ഒരേ ചരടില്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു. ഹജ്ജിന്‍െറ താമസസ്ഥല സംവിധാനങ്ങളുടെയും ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളുടെയും വികസനരീതികള്‍ പരിചയപ്പെടുത്താന്‍ മന്ത്രാലയം സംഘടിപ്പിച്ച ശില്‍പശാലയുടെ സമാപനചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു മന്ത്രി ഡോ. ബന്ദര്‍. ജ്യോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി തീര്‍ഥാടകര്‍ കടന്നുപോകുന്ന 6670 പോയിന്‍റുകള്‍ കണിശമായി നിരീക്ഷണത്തില്‍ കൊണ്ടുവരാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാജിമാരുടെ താമസസ്ഥലങ്ങള്‍, വിവിധ ഹജ്ജ് മിഷന്‍ സ്ഥാപനങ്ങളുടെ ഓഫിസുകള്‍, ഹജ്ജ്, ആഭ്യന്തര, ഇതര അനുബന്ധ മന്ത്രാലയങ്ങളുടെ ഓഫിസുകള്‍, ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം സുരക്ഷയും സജ്ജീകരണങ്ങളും ഏകോപിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നു തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതാണെന്ന് മന്ത്രി അറിയിച്ചു. അല്ലാഹുവിന്‍െറ അതിഥികളെ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ പഴുതടച്ച സുരക്ഷാസംവിധാനങ്ങളോടെ പരിപാലിക്കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. ഇക്കാര്യത്തില്‍ ഇരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് പ്രത്യേകതാല്‍പര്യമെടുക്കുന്നുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന ഇരുഹറമുകളുടെയും വികസനം അദ്ദേഹത്തിന്‍െറ മുന്‍കൈയില്‍ ആരംഭിച്ചതാണ്-മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉംറക്ക് തീര്‍ഥാടകര്‍ വര്‍ധിച്ചിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. സുഗമമായ രീതിയില്‍ ഉംറ നിര്‍വഹിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. റമദാനിലും അടുത്ത മാസങ്ങളിലും തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിന് അനുസൃതമായ വിപുല സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ സൗകര്യാര്‍ഥം മന്ത്രാലയമൊരുക്കുന്ന ഓണ്‍ലൈന്‍ വിവരവിനിമയ സംവിധാനം പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കും. കുറ്റമറ്റ ഹജ്ജ് ഉറപ്പുവരുത്താന്‍ അനുമതിയില്ലാത്ത തീര്‍ഥാടകരെ ഏതുവിധവും തടയുമെന്നും ഇക്കാര്യത്തില്‍ രാജ്യത്തെ പ്രവാസിസമൂഹം സഹകരിക്കണമെന്നും മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.
ഇരുഹറമുകളിലെയും തീര്‍ഥാടനസൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍െറ ഭാഗമായി നടന്ന ശില്‍പശാലയുടെ രണ്ടാംഘട്ടത്തില്‍ ഹജ്ജ്, ആഭ്യന്തരമന്ത്രാലയങ്ങളിലെ വകുപ്പുതല മേധാവികള്‍, ട്രാഫിക് വിഭാഗം മേധാവികള്‍, ജിദ്ദ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുവേണ്ടി പുണ്യസ്ഥലങ്ങളുടെ വികസനകാര്യങ്ങളുടെ സാങ്കേതികസംവിധാനങ്ങളൊരുക്കുന്ന വകുപ്പുകളുടെ തലവന്മാരും പങ്കെടുത്തു. ഹജ്ജ്മന്ത്രാലയം മക്ക നഗര അധികൃതര്‍, ജിദ്ദ മുനിസിപ്പല്‍ അതോറിറ്റി, മക്കയിലെ ഉമ്മുല്‍ഖുറാ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര സാങ്കേതികവിഭാഗം എന്നിവരുമായി മന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.  
 

ചെക്ക് തട്ടിപ്പ് തികഞ്ഞ ആസൂത്രണത്തോടെയും പ്രഫഷനല്‍ മികവോടെയും

Posted: 06 Feb 2013 09:31 PM PST

Image: 

മനാമ: ബഹ്റൈന്‍ മാര്‍ക്കറ്റില്‍നിന്ന് ലക്ഷക്കണക്കിന് ദിനാറിന്‍െറ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ചെക്ക് തട്ടിപ്പ് നടത്തി മുങ്ങിയ സംഘം എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ബഹ്റൈനില്‍ എത്തിയതെന്ന് വ്യക്തമായി. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനായി സാഫി മനിയാത്ത്, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ മാത്രമാണ് വിസ സമ്പാദിച്ചിട്ടുള്ളത്. അമ്പതോളം വരുന്ന ജീവനക്കാരെ ഇന്ത്യയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും വിസിറ്റിങ് വിസക്ക് കൊണ്ടു വന്നതാണ്. കഴിഞ്ഞ വ്യാഴാഴ്ച വരെ ബഹ്റൈനിലുണ്ടായിരുന്ന ജീവനക്കാര്‍ ഒറ്റയടിക്ക് ഇവിടുന്ന് അപ്രത്യക്ഷമായിരിക്കയാണ്. ഒരേ സമയമാണ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമായത്. ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്ത മലയാളി യുവതിയും പാകിസ്താന്‍ യുവതിയും മാത്രമാണ് ഇപ്പോള്‍ ബഹ്റൈനിലുള്ളതെന്നാണ് അറിയുന്നത്. മറ്റുള്ളവരെല്ലാം സ്ഥലം വിട്ടിരിക്കയാണ്. ഇന്ത്യയില്‍നിന്നടക്കം വിസിറ്റിങ് വിസയില്‍ കൊണ്ടുവന്ന ചില ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ജീവനക്കാരെ കൊണ്ടുവരുന്നതിനാണ് മനാമയിലെ ട്രാവല്‍സുകളില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. രണ്ട് ട്രാവല്‍സുകളില്‍നിന്ന് 10000ഓളം ദിനാറിന്‍െറ ടിക്കറ്റ് വാങ്ങിയിരുന്നു. ഇവര്‍ക്കും ചെക്കാണ് നല്‍കിയിരുന്നത്.
അല്‍ മൊഅയ്യിദ് ടവറില്‍ പ്രവര്‍ത്തിച്ച സാഫി മിഡിലീസ്റ്റ് കമ്പനിക്ക് ചുക്കാന്‍ പിടിച്ച കണ്ണൂര്‍ സ്വദേശി സാഫി മനിയാത്ത് കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് വിസ എടുത്തിരിക്കുന്നത്. ജനറല്‍ മാനേജര്‍ ഡയറക്ടര്‍ എന്ന തസ്തികയിലുള്ള ഇയാളുടെത് ഇന്‍വസ്റ്റര്‍ വിസയാണ്. മലേഷ്യയിലടക്കം ബിസിനസ് സ്ഥാപനങ്ങളുണ്ടെന്ന് പരിചയപ്പെടുത്തിയാണ് ബഹ്റൈനില്‍നിന്ന് ഇയാള്‍ ലോക്കല്‍ പാര്‍ട്ണറെ തരപ്പെടുത്തിയത്. സീഫിലെ ജാസ്കൊ ബില്‍ങ്ങില്‍ പ്രവര്‍ത്തിച്ച ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ ഡയറക്ടറായി മംഗലാപുരം സ്വദേശിയായ ഇബ്രാഹിം ഖലീല്‍ വിസയെടുത്തത് കഴിഞ്ഞ ഒക്ടോബര്‍ 27നാണ്. ഇന്‍വസ്റ്റര്‍ വിസയിലാണ് ഇയാളും എത്തിയത്. ഒരേ ലോക്കല്‍ പാര്‍ട്ണറെ തന്നെയാണ് ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ തമ്മിലെ ബന്ധം വ്യക്തമാണ്. എന്നാല്‍, പരസ്പരം ബന്ധമില്ലാത്ത രീതിയില്‍ രണ്ട് കമ്പനികളായി പ്രവര്‍ത്തിച്ചത് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് തിട്ടപ്പെടുത്താനാകാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും ലക്ഷങ്ങളുടെ ദിനാറുമായി മുങ്ങുന്നതിനുമായിരുന്നു. എന്നാല്‍, തട്ടിപ്പിന് കളമൊരുങ്ങിയപ്പോള്‍ തന്നെ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതോടെ ഇവരുടെ ആസൂത്രണങ്ങള്‍ പാളി. എന്നിട്ടും പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 28 കണ്ടെയിനര്‍ സാധനങ്ങള്‍ ദുബൈയിലേക്ക് കയറ്റി അയച്ചെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനുതന്നെ ലക്ഷങ്ങള്‍ വില വരും. സാധനങ്ങള്‍ കയറ്റി അയക്കുന്നതിന് മുമ്പുതന്നെ ഇതിനാവശ്യമായ രേഖകളെല്ലാം ബന്ധപ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്പനി മുഖേന തരപ്പെടുത്തിയിരുന്നു. രാവിലെ ഒരു സ്ഥാപനത്തില്‍നിന്ന് വാങ്ങിയ എയര്‍കണ്ടീഷനുകള്‍ അന്നു വൈകീട്ടു തന്നെ കോസ്വേ കടന്ന് സൗദിയിലൂടെ കടത്തിയതിലൂടെ തട്ടിപ്പ് കമ്പനികളുടെ ആസൂത്രണം എത്രത്തോളമായിരുന്നുവെന്ന് വ്യക്തമാണ്. ബഹ്റൈന്‍ പൗരത്വമുള്ള ബ്രിട്ടീഷുകാരായ ലോക്കല്‍ പാര്‍ട്ണറും തട്ടിപ്പ് നടത്തി മുങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ബഹ്റൈനിലെ പ്രമുഖരും പ്രശസ്തരുമായ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ഇന്‍വോയിസ് കാണിച്ചാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ വെട്ടില്‍ വീഴ്ത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാത്രം വിപണിയില്‍ എത്തിയ സ്ഥാപനങ്ങള്‍ക്ക് ഒരു ചെക്കിന്‍െറ മാത്രം ബലത്തില്‍ ആയിരക്കണക്കിന് ദിനാറിന്‍െറ സാധനങ്ങള്‍ നല്‍കിയ പല വ്യപാരികളുടെയും നടപടിയാണ് അദ്ഭുതകരമായിരിക്കുന്നത്. അതേസമയം, തട്ടിപ്പു കമ്പനികള്‍ സമീപിച്ച മറ്റു ചില പ്രമുഖ സ്ഥാപനങ്ങള്‍ അവരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നപ്പോള്‍ അവര്‍ സാധനങ്ങളും നല്‍കിയില്ല. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ ചതിയില്‍നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണിപ്പോള്‍.
ഇറാഖിലും സൗദി അറേബ്യയിലുമുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നതെന്നും കമ്പനികള്‍ പ്രചരിപ്പിച്ചിരുന്നു. വിശ്വാസം ആര്‍ജിക്കുന്നതിന് അവരുടെ വെബ്സൈറ്റില്‍ ചില വര്‍ക്ക് സൈറ്റുകളുടെ ഫോട്ടോയടക്കം നല്‍കി. ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനി കഴിഞ്ഞ മാസം നടന്ന എം.ഇ.പി എക്സിബിഷനിലും പങ്കാളിയായിരുന്നു. പ്രൊഫഷനല്‍ രീതിയിലുള്ള വിപണിയിലെ ഇടപെടലാണ് പല വ്യാപാരികളെയും വെട്ടിലാക്കിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP