സ്വാഗതം
WELCOME

News Update..

Sunday, February 10, 2013

എ.ടി.എം കൗണ്ടറില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍ Madhyamam News Feeds

എ.ടി.എം കൗണ്ടറില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍ Madhyamam News Feeds

Link to

എ.ടി.എം കൗണ്ടറില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍

Posted: 10 Feb 2013 12:48 AM PST

തിരുവനന്തപുരം: എ.ടി.എം കൗണ്ടറുകളില്‍നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. രാജ്യത്താകെ അറുപതോളം എ.ടി.എം കൗണ്ടറുകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ച ഝാര്‍ഖണ്ഡ് സ്വദേശി മനീഷ്കുമാര്‍ സിങ് (22), ബംഗളൂരു സ്വദേശി അരുണ്‍കുമാര്‍ (24) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടി മ്യൂസിയം പൊലീസിന് കൈമാറിയത്.
രണ്ട് എ.ടി.എം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍നിന്നാണ് ഇരുവരും ലക്ഷങ്ങള്‍ കവര്‍ന്നത്. രാവിലെ കറങ്ങിനടന്ന് എ.ടി.എം കൗണ്ടറുകള്‍ കണ്ടുവെച്ച് ഉച്ചക്ക്ശേഷമാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. എ.ടി.എം കൗണ്ടറുകളില്‍ പ്രവേശിച്ച് എന്‍റര്‍കീ തീപ്പെട്ടിക്കൊള്ളിയും പശയും ഉപയോഗിച്ച് അമര്‍ത്തിവെക്കും. തുടര്‍ന്നുള്ള കൗണ്ടറില്‍ തന്നെയുള്ള രണ്ടാമത്തെ മെഷീനില്‍ പണമെടുക്കാനെന്ന വ്യാജേന നില്‍ക്കും.
 മറ്റ് ഇടപാടുകാര്‍ എ.ടി.എം ഉപയോഗിക്കുമ്പോള്‍ പ്രവര്‍ത്തനം നടക്കില്ല. ഇവര്‍ പണം എടുക്കാനാവാതെ മടങ്ങുമ്പോള്‍ പ്രതികള്‍ എത്തി തീപ്പെട്ടിക്കൊള്ളി ഊരിമാറ്റി പണം പിന്‍വലിക്കുകയാണ് പതിവ്. എ.ടി.എമ്മില്‍നിന്ന് പണം നഷ്ടപ്പെടുന്നെന്ന പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസിന്‍െറ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്്.
 

വാഗ്ദാനങ്ങള്‍ പാഴാകുന്നു; കനാലുകള്‍ അടഞ്ഞുതന്നെ

Posted: 10 Feb 2013 12:43 AM PST

ശാസ്താംകോട്ട: ഒരുദിവസത്തേക്ക് മാത്രമായി തുറന്നശേഷം കല്ലടപദ്ധതി കനാലുകള്‍ അടച്ചതോടെ കുന്നത്തൂര്‍ താലൂക്ക് കൊടുംവരള്‍ച്ചയുടെ പിടിയിലായി. കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്‍െറ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല.
കല്ലട പദ്ധതിയുടെ കനാല്‍ തുറക്കണമെന്ന ആവശ്യത്തിന്  ആഴ്ചകളുടെ പഴക്കമുണ്ട്. കനാലില്‍ വെള്ളമെത്തിയാല്‍ മേഖലയിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളില്‍ വെള്ളം നിറയുമെന്നാണ് പ്രതീക്ഷ. കുടിവെള്ളക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് കുന്നത്തൂരില്‍ ഇതിനകം പത്ത് ഹോട്ടലുകള്‍ അടച്ചുപൂട്ടിയിരുന്നു.
അതെസമയം കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കാര്യമായ കൃഷിനാശമാണ് കുന്നത്തൂരില്‍ ഉണ്ടായിരിക്കുന്നത്. നെല്‍പാടങ്ങള്‍ കരിഞ്ഞുണങ്ങിയ നിലയിലാണ്. ഇടവിളയും വാടിക്കരിഞ്ഞുകഴിഞ്ഞു.
കനാലുകള്‍ വെള്ളമെത്തിക്കാനും ടാങ്കര്‍ വഴിയുള്ള കുടിവെള്ളവിതരണം തുടങ്ങാനും ഇനിയും അമാന്തിക്കുന്ന പക്ഷം കുന്നത്തൂരിലെ സാധാരണജീവിതം കൂടുതല്‍ അസഹ്യമാകുമെന്നാണ് സൂചന.
 

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ ആന്റണി

Posted: 10 Feb 2013 12:36 AM PST

Image: 

കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ഗ്രൂപ്പുകള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നെങ്കിലും ലക്ഷ്മണരേഖ കടന്നുപോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ചാനല്‍ ചര്‍ച്ചകളിലും മറ്റും കോണ്‍ഗ്രസുകാര്‍ പരസ്പരം പോരടിക്കുകയാണ്. ഇത് അനുവദനീയമല്ല. പറയാനുള്ളത് അകത്ത് പറഞ്ഞ് തീര്‍ക്കണം. അതിനുള്ള അവസരം കൊടുക്കണം. അരയും തലയും മുറുക്കി മനസ്സിലെ മാറാലകള്‍ നീക്കി വേണം പ്രവര്‍ത്തകര്‍ കടന്നുവരാനെന്നും ആന്റണി വ്യക്തമാക്കി.

സ്ത്രീയുടെ മാനം കാക്കാന്‍ ഏതറ്റം വരെയും പോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പൈശാചിക പ്രവൃത്തി ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ലോക്പാല്‍, ഭക്ഷ്യസുരക്ഷാ ബില്ലുകളും സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
 

എം.എല്‍.എ വസതികള്‍ ഉപരോധിച്ചു

Posted: 09 Feb 2013 11:32 PM PST

തൊടുപുഴ: സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണികള്‍ പട്ടിക വിഭാഗക്കാരെ വഞ്ചിച്ചെന്നും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും ആറടി മണ്ണുപോലും ഈ വിഭാഗങ്ങള്‍ക്ക് സ്വന്തമായിട്ടില്ലെന്നും പട്ടികജാതി-വര്‍ഗ സംയുക്ത സമിതി സംസ്ഥാന കണ്‍വീനര്‍ പി.കെ. സജീവ് പറഞ്ഞു.
വിവേചനങ്ങള്‍ക്കെതിരെ ജനാധിപത്യ പോരാട്ടം എന്ന മുദ്രാവാക്യം ഉയര്‍ത്തി പട്ടികജാതി-വര്‍ഗ സംയുക്ത സമിതി സംസ്ഥാനത്തെ എം.എല്‍.എ മാരുടെയും മന്ത്രിമാരുടെയും വസതികളിലേക്ക് നടത്തിയ മാര്‍ച്ചിന്‍െറ ഭാഗമായി മന്ത്രി പി.ജെ. ജോസഫിന്‍െറ വസതിയിലേക്കുള്ള മാര്‍ച്ച് പുറപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കി ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുക, കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, ആദിവാസി കരാര്‍ നടപ്പാക്കുക, മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, സര്‍വകലാശാലകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുക, വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം അവസാനിപ്പിക്കുക, വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. മന്ത്രിക്ക് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കി.
വി.ജി. ഭാസ്കരന്‍ (എസ്.സി/എസ്.ടി  സംയുക്ത സമിതി), സാബു കൃഷ്ണന്‍, സി.ആര്‍. ദിലീപ്കുമാര്‍, വി.ഇ. കമലാക്ഷി, കെ.കെ. ഭാസ്കരന്‍, കെ. ബാബു, കെ.എം. ദാസന്‍, കെ.ഐ. മണി, ടി.കെ. ഹരിദാസ്, പത്മനാഭന്‍, എം.കെ. പരമേശ്വരന്‍, വി.എന്‍. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
ചെറുതോണി: റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് പട്ടികജാതി-വര്‍ഗ സംയുക്ത സമരസമിതി നടത്തിയ മാര്‍ച്ച് സമിതി സംസ്ഥാന കമ്മിറ്റിയംഗം വി.എ. വാസു ഉദ്ഘാടനം ചെയ്തു.
ടി.ടി. സാബു അധ്യക്ഷത വഹിച്ചു. പട്ടികജാതി-വര്‍ഗ സംയുക്ത സമിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. രാജന്‍, എം.കെ. രാമചന്ദ്രന്‍, വി.ആര്‍. ഗോപാലന്‍, രാഹുല്‍, പി. രാജന്‍ ബാബു, ലീലാ മോഹനന്‍, കെ.കെ. മോറിസ്, ശിവന്‍ കോഴിക്കമാലി എന്നിവര്‍ സംസാരിച്ചു.
മൂന്നാര്‍: പട്ടികജാതി-വര്‍ഗ സംയുക്ത സമരസമിതി ദേവികുളം താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഭാരതീയ വേലന്‍ സഭ സംസ്ഥാന കമ്മിറ്റിയംഗം പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ടൗണില്‍ നിന്നും ആരംഭിച്ച ജാഥ ഗെസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. സമരക്കാരോട് നേരിട്ട് സംസാരിക്കാന്‍ എം.എല്‍.എ എത്തിയിരുന്നു. കെ.പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എ.കെ. മണി, ടി.സി. രാജേന്ദ്രന്‍,എ.കെ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം

Posted: 09 Feb 2013 11:27 PM PST

പത്തനംതിട്ട: ജില്ലയിലെ 54 ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷികപദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, അടൂര്‍ നഗരസഭ, ബ്ളോക് പഞ്ചായത്തുകളായ മല്ലപ്പള്ളി, പുളിക്കീഴ്, പറക്കോട്, ഗ്രാമപഞ്ചായത്തുകളായ കുറ്റൂര്‍, കടമ്പനാട്, നെടുമ്പ്രം, ഏഴംകുളം, കോട്ടാങ്ങല്‍, പ്രമാടം, നിരണം, നാറാണംമൂഴി, ഇരവിപേരൂര്‍, പെരിങ്ങര, പന്തളം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിക്കാണ് അംഗീകാരമായത്.
തിരുവല്ല മുനിസിപ്പാലിറ്റി, ബ്ളോക് പഞ്ചായത്തുകളായ ഇലന്തൂര്‍, പന്തളം, റാന്നി, കോയിപ്രം എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് ആസൂത്രണ സമിതി മുമ്പാകെ വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാനുള്ളത്. അടുത്ത ആസൂത്രണ സമിതി യോഗം ഈ മാസം 15ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ബാബുജോര്‍ജ് അധ്യക്ഷത വഹിച്ചു. കലക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.വിജയമ്മ, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.ജി.കണ്ണന്‍, അഡ്വ.ഹരിദാസ് ഇടത്തിട്ട, റോബിന്‍ പീറ്റര്‍, കെ.ജി.അനിത, ശോശാമ്മ തോമസ്, റിസര്‍ച്ച് ഓഫിസര്‍ സി.എന്‍.സുഭാഷ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

വെരിറ്റോ എക്സിക്യൂട്ടിവ്

Posted: 09 Feb 2013 11:25 PM PST

Image: 

ലോഗന്‍ എന്ന പേരും ചതുരപ്പെട്ടി രൂപവും മാറിയതോടെ രക്ഷപ്പെട്ടുപോയ ജന്മമാണ് വെരിറ്റോയുടേത്.
മുന്നില്‍ ക്രോമിയത്തില്‍ ആറാടിയ പുതിയ ഗ്രില്‍, ഹെഡ്ലൈറ്റ്, ഫോഗ് ലാമ്പ്, എയര്‍ഡാം, ഉരുണ്ട അരികുകളുള്ള ബമ്പര്‍ എന്നിവയൊക്കെ വെരിറ്റോയെ ലോഗനില്‍നിന്ന് വ്യത്യസ്തമാക്കി. പിന്നിലെ നമ്പര്‍പ്ളേറ്റ് ബൂട്ടിന് നടുവിലേക്കെത്തിച്ച് ഒരു ക്രോം സ്ട്രിപ്പുകൂടി നല്‍കിയപ്പോള്‍ സംഗതി ഗംഭീരം. 5.27 ലക്ഷം മുതല്‍ 7.14 ലക്ഷം വരെയായിരുന്നു വില.
ഈ മോഡലിന്‍െറ വന്‍ വിജയത്തെ തുടര്‍ന്ന് വെരിറ്റോയുടെ എക്സിക്യൂട്ടിവ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കോര്‍പറേറ്റ് എക്സിക്യൂട്ടിവുകളെയും പ്രഫഷനലുകളെയും വ്യവസായികളെയും ലക്ഷ്യംവെച്ച് നിരത്തിലെത്തിച്ച വെരിറ്റോ എക്സിക്യൂട്ടിവിന് 7.75 ലക്ഷമാണ് ദല്‍ഹിയിലെ വില. റിനോയുടെ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന മോഡലിന് ലിറ്ററിന് 21.03 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇറ്റാലിയന്‍ ലതര്‍ സീറ്റിങ്, ലതര്‍ റാപ്പിഡ് സ്റ്റിയറിങ് വീല്‍, അതിനോട് ഇണങ്ങുന്ന ഡോര്‍ ഇന്‍സെര്‍ട്ട് എന്നിവ കാറിന്‍െറ ഉള്‍ഭാഗത്തിന്് എക്സിക്യൂട്ടിവ് കാഴ്ച സമ്മാനിക്കുന്നു.  ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ സിസ്റ്റമാണ് എക്സിക്യൂട്ടിവ് എഡിഷന്‍െറ മറ്റൊരു  പ്രത്യേകത.  സ്പെഷല്‍ എഡിഷന് ഇണങ്ങും വിധം ബ്ളൂടൂത്ത് എന്‍റര്‍ടെയ്ന്‍മെന്‍റ് സിസ്റ്റവും ഉള്‍പ്പെടുത്തിയിരിക്കുന്നു. അലോയ് വീല്‍, എക്സിക്യൂട്ടിവ് എഡിഷന്‍ ബാഡ്ജിങ്, ബോഡി ഗ്രാഫിക്സ് തുടങ്ങിയവ പുറംകാഴ്ചയെ വശ്യമാക്കുന്നു. ഇതോടൊപ്പം ബ്ളൂ വിഷന്‍ ഹെഡ്ലാമ്പും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. വെരിറ്റോയുടെ മറ്റ് എല്ലാ പ്രത്യേകതകളും എക്സിക്യൂട്ടിവ് എഡിഷനിലുമുണ്ട്.
എന്നാലും എക്സൈസ് നികുതിയില്‍  ഇളവുനേടാനായി നാലു മീറ്ററില്‍ താഴെ നീളത്തില്‍ നിര്‍മിക്കുന്ന ‘വെരിറ്റോ’യുടെ വരവാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈ വഴിക്ക് ചിന്തിച്ച മറ്റെല്ലാ കമ്പനികളെയും പോലെ ഇപ്പോള്‍ വില്‍ക്കുന്ന വെരിറ്റോ സെഡാന്‍െറ പിന്‍ഭാഗം വെട്ടിക്കുറച്ചാണ് മഹീന്ദ്രയും പുതിയ കാറുണ്ടാക്കുന്നത്. എന്നാല്‍, പെട്രോള്‍ എന്‍ജിന്‍െറ ശേഷി 1200 സി.സിയിലും ഡീസല്‍ എന്‍ജിന്‍െറ ശേഷി 1500 സി.സിയിലും കുറവായിരിക്കണമെന്ന വ്യവസ്ഥ തല്‍ക്കാലം പാലിക്കപ്പെടില്ല. അതിനാല്‍ നിലവിലെ എന്‍ജിനുകളും ഗിയര്‍ബോക്സുമൊക്കെയാണ് ഇതിലുമുണ്ടാവുക. വാലുമുറിച്ച വകയില്‍ 50,000 മുതല്‍ 70,000 രൂപ വരെ വിലകുറയുമെന്നതാണ് ഏകപ്രതീക്ഷ.

രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്കീമിലൂടെ ഓഹരി വിപണിയിലേക്ക്

Posted: 09 Feb 2013 11:23 PM PST

Image: 

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പുതിയ നിക്ഷേപകരെ ഓഹരിവിപണിയിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്കീമിന് (ആര്‍.ജി.ഇ.എസ്.എസ്) ഏറെ കാത്തിരിപ്പിനൊടുവില്‍  തുടക്കം. ശനിയാഴ്ച ധനമന്ത്രി പി. ചിദംബരം പദ്ധതി ഉദ്ഘാടനം ചെയ്തു.
ഓഹരിവിപണിയിലെ നിക്ഷേപങ്ങളുടെ നേട്ടം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ വഴിയൊരുക്കുന്നതിനൊപ്പം നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവും ലഭിക്കുന്നതാണ് പദ്ധതി. എന്നാല്‍, നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും നിക്ഷേപിക്കാവുന്ന ഓഹരികള്‍ക്കും നിയന്ത്രണമുണ്ട്.
ഏറെ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ കഴിയുന്നത്ര സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ആര്‍ക്ക്, എവിടെ നിക്ഷേപിക്കാം
വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയില്‍ താഴെയുള്ള, ഓഹരികളില്‍ ആദ്യമായി നിക്ഷേപിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ് സ്കീമില്‍ പങ്കെടുക്കാം. 2012 നവംബര്‍ 23നാണ് പദ്ധതിയുടെ നോട്ടിഫിക്കേഷന്‍ ഇറങ്ങിയത്. അതിനുമുമ്പ് ഫസ്റ്റ് ഹോള്‍ഡറായി ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാത്തവരെയാണ് ആദ്യമായി ഓഹരികളില്‍ നിക്ഷേപം നടത്തുന്നവരായി പരിഗണിക്കുക.
നിക്ഷേപകന്‍ മുമ്പ് സെക്കന്‍ഡ് ഹോള്‍ഡറായി ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെങ്കിലും കുഴപ്പമില്ല. 2012 നവംബര്‍ 23ന് മുമ്പ് ഓഹരികളില്‍ ഇടപാട് നടത്തിയിട്ടില്ലെന്ന് കാണിച്ച് ഫോറം ‘എ’ പൂരിപ്പിച്ചുനല്‍കിയാല്‍ മതി. ഈ ഫോറം എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങളിലും ലഭിക്കും. ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റായ ബ്രോക്കര്‍ ഇത് ഫോറം ഡെപ്പോസിറ്ററിക്ക് അയച്ചുകൊടുക്കുന്നതോടെ അവര്‍ നിങ്ങളെ പുതിയ ചില്ലറ നിക്ഷേപകനായി പ്രഖ്യാപിക്കും. ഇതോടെ നിശ്ചിത ഓഹരികള്‍ വാങ്ങിത്തുടങ്ങാം.
ബി.എസ്.ഇ 100, സി.എന്‍.എക്സ് 100 സൂചികകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഹരികള്‍ മാത്രമാവും ഇത്തരം നിക്ഷേപകര്‍ക്ക് വാങ്ങാന്‍ കഴിയുക.  ഇതുവഴി മഹാ നവരത്ന, നവരത്ന, മിനി നവരത്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും 4000 കോടിയിലേറെ വിറ്റുവരവുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരിയിലും ഐ.പി.ഒയിലും നിക്ഷേപകര്‍ക്ക് പണം മുടക്കി ആദായനികുതി ഇളവ് നേടാനാവും. ചില മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലും നിക്ഷേപിക്കാന്‍ കഴിയും.

പിന്‍വലിക്കല്‍ നിയന്ത്രണം
ആര്‍.ജി.ഇ.എസ്.എസില്‍ നിക്ഷേപങ്ങള്‍ക്ക് പിന്‍വലിക്കല്‍ നിയന്ത്രണമുണ്ട്. ഇത് രണ്ടായി തിരിച്ചിട്ടുണ്ട്. ആദ്യവര്‍ഷം നിക്ഷേപകര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഓഹരികള്‍ വില്‍ക്കാനോ ഈടുവെക്കാനോ കഴിയില്ല.
അടുത്ത· രണ്ട് വര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. രണ്ടാം വര്‍ഷം നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്‍ക്കാം. എന്നാല്‍, അതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് പദ്ധതി അനുസരിച്ച് വാങ്ങാവുന്ന ഓഹരികള്‍ തന്നെ വാങ്ങണം. ആദായ നികുതി ഇളവ് ലഭിക്കാന്‍ ആവശ്യമായ നിക്ഷേപത്തില്‍ കൂടുതല്‍ പണം മുടക്കാന്‍ നിക്ഷേപകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇടപാടുകള്‍ നടത്തി ഒരു മാസത്തിനകം ഫോറം ബി പൂരിപ്പിച്ചു നല്‍കണം.
ഈ നിയമങ്ങള്‍ തെറ്റിച്ചാല്‍ പദ്ധതിപ്രകാരം മുടക്കുന്ന പണം നഷ്ടമാകും.

നികുതി ഇളവുകള്‍
എത്ര തുകയുടെ ഓഹരി വേണമെങ്കിലും പദ്ധതിപ്രകാരം തുറന്ന ഡീമാറ്റ് അക്കൗണ്ടുകളിലൂടെ വാങ്ങാമെങ്കിലൂം 50,000 രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കേ നികുതി ഇളവ് ലഭിക്കൂ. ഇതുപ്രകാരം 20 ശതമാനം നികുതിയുടെ പരിധില്‍ വരുന്നവര്‍ക്ക് 5000 രൂപ വരെയും 10 ശതമാനം നികുതിയുടെ പരിധിയില്‍ വരുന്നവര്‍ക്ക് 2500 രൂപയുടെയും ഇളവാണ് ലഭിക്കുക. 80സി വകുപ്പുപ്രകാരം ലഭിക്കുന്ന 1,00,000 രൂപ ഇളവിന് പുറമെയാണിത്.

മ്യൂച്വല്‍ ഫണ്ടുകളുംപദ്ധതിയില്‍
ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ക്ക് വൈദഗ്ധ്യം ആവശ്യമാണ്. കൂടാതെ 50,000 രൂപകൊണ്ട് മികച്ച നിക്ഷേപം ഉണ്ടാവുകയുമില്ല. ഇത്തരക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളാവും ഏറ്റവും ഉചിതം. പല എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇ.ടി.എഫ്) പദ്ധതി പ്രകാരം നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമാണ്. പല മ്യൂച്വല്‍ ഫണ്ടുകളും ആര്‍.ജി.ഇ.എസ്.എസ് പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ അവതരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ന്യൂ ഫണ്ട് ഓഫറുകളുമായി വിപണിയില്‍ ഇറങ്ങാനും സാധ്യതയുണ്ട്.

അജ്ഞാതരോഗം;2000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

Posted: 09 Feb 2013 11:22 PM PST

വൈക്കം: അജ്ഞാതരോഗം ബാധിച്ച് 2000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. തലയാഴം കോഴിത്തറയില്‍ ടോമിച്ചന്‍െറ കോഴിഫാമിലെ 45 ദിവസം പ്രായമുള്ള ‘ഗ്രാമപ്രിയ’ ഇനത്തില്‍പ്പെട്ട കോഴികളാണ് ചത്തൊടുങ്ങിയത്. രോഗം കണ്ടുതുടങ്ങിയവ്യാഴാഴ്ച 60 കോഴികളാണ് ചത്തത്. പിന്നാലെ വെള്ളി, ശനി ദിവസങ്ങളിലായി രണ്ടായിരത്തിലധികം ചത്തു. പൊടുന്നനെ തളര്‍ന്നുവീഴുന്ന കോഴികള്‍ രണ്ട് മണിക്കൂറിനുള്ളില്‍ ചത്തൊടുങ്ങുന്നു. ചങ്ങനാശേരി തോട്ടുങ്കല്‍ ജോയിയുടെ ഹാച്ചറിയില്‍നിന്ന് 32 രൂപ നിരക്കിലാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയത്.
  45 ദിവസം പ്രായമായ ഇവയെ 80 രൂപ പ്രകാരം വീടുകളില്‍ വിതരണം ചെയ്യാന്‍ തയാറെടുക്കവെയാണ് ചത്തത്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നേരത്തെ  രോഗംവന്ന് രണ്ടായിരത്തോളം താറാവുകളും ചത്തിരുന്നു. ഇത് അവസാനിപ്പിച്ച് കോഴികൃഷി ആരംഭിച്ച് മൂന്ന് മാസത്തിനകം കോഴികളും ചത്തൊടുങ്ങിയത് ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

കായംകുളം ക്രിമിനലുകളുടെ വിഹാരകേന്ദ്രമാകുന്നു

Posted: 09 Feb 2013 11:16 PM PST

കായംകുളം: അക്രമികളുടെയും സ്ത്രീപീഡകരുടെയും വിഹാര കേന്ദ്രമായി  കായംകുളം നഗരം മാറുന്നു. ഡിവൈ.എസ്.പി ഓഫിസ് പരിധിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ കേസു കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കായംകുള ത്താണ്.  സി.കെ. സദാശിവന്‍ എം.എല്‍. എയുടെ നിയമസഭയിലെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി നല്‍കിയ മറുപടിയിലാണ് നഗരവാസികളെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
2012 മാര്‍ച്ച് മുതല്‍ നടന്ന 271 സ്ത്രീ പീഡന കേസുകളില്‍ 101ഉം കായംകുളം സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരീലകുളങ്ങര സ്റ്റേഷനില്‍  72ഉം കനകക്കുന്ന് സ്റ്റേഷനില്‍ 22ഉം കേസുകളും എടുത്തിട്ടുണ്ട്. ഹരിപ്പാട് സര്‍ക്കിള്‍ പരിധിയിലെ ഹരിപ്പാട് സ്റ്റേഷനില്‍ 33ഉം തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ 43 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇക്കാലയളവില്‍ കായംകുളം സര്‍ക്കിള്‍ പരിധിയില്‍ നടന്ന 11 ബലാത്സംഗ കേസുകളില്‍ ആറും കായംകുളത്താണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരീലകുളങ്ങരയില്‍ മൂന്നും കനകക്കുന്ന് സ്റ്റേഷനില്‍ രണ്ടും കേസുകള്‍ എടുത്തപ്പോള്‍ ഹരിപ്പാട് സി.ഐ ഓഫിസ് പരിധിയില്‍ ഒരു കേസുമുണ്ടായില്ല. മൂന്ന് കൊലപാതക കേസുകളില്‍ രണ്ടും കായംകുളം സ്റ്റേഷന്‍ അതിര്‍ത്തിയിലായിരുന്നു. ഒരെണ്ണം ഹരിപ്പാടും രജിസ്റ്റര്‍ ചെയ്തു. ഒമ്പത് വധശ്രമക്കേസുകളും കായംകുളത്ത് നടന്നു.
കുട്ടികള്‍ക്കെതിരെയുള്ള പത്ത് ആക്രമണ കേസുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ മൂന്ന് ആക്രമണങ്ങളും ഇവിടെ നടന്നിട്ടു ണ്ട്. കരീലകുളങ്ങരയില്‍ വധശ്രമത്തിന് ഒരു കേസാണ് എടുത്തത്. കനകക്കുന്നില്‍ രണ്ടും ഹരിപ്പാട് ഒന്നും തൃക്കുന്നപ്പുഴയില്‍ മൂന്നും വധശ്രമങ്ങളാണ് നടന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന് കരീലക്കുളങ്ങരയില്‍ അഞ്ചും കനകക്കുന്നില്‍ രണ്ടും ഹരിപ്പാട് മൂന്നും തൃക്കുന്നപ്പുഴയില്‍ ഏഴും കേസുകളാണുള്ളത്. കായംകുളം ഒഴിച്ചുള്ള മറ്റ് സ്റ്റേഷനുകളില്‍ ക്വട്ടേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.  കേസുകള്‍ പലതും ഒതുക്കിയതും ഒഴിവാക്കിയതുമാണ് രേഖകളില്‍ എണ്ണം കുറയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നഗരത്തില്‍ ക്വട്ടേഷന്‍-ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് തടസ്സമെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സമ്മര്‍ദങ്ങള്‍ ഒഴിവാക്കിയാല്‍ കേസുകളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം. കേസുകള്‍ എടുക്കുന്നതിലും പ്രതികളെ പിടിക്കുന്നതിലും രാഷ്ട്രീയ സമ്മര്‍ദം ഇവിടെ ശക്തമാണ്. ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഏറെക്കാലം ഇരിക്കാന്‍ കഴിയില്ലെന്നതും കായംകുളത്തിന്‍െറ ശാപമാണ്. ഇതോടൊപ്പം കായംകുളം സ്റ്റേഷന്‍ നേരിടുന്ന പരിമിതികളും കേസുകളുടെ വര്‍ധനക്ക് കാരണമാണ്.  രാഷ്ട്രീയ വടംവലികള്‍ കാരണം കായംകുളം സ്റ്റേഷനില്‍ കസേരകള്‍ ദീര്‍ഘകാലം ഒഴിഞ്ഞുകിടക്കുന്നത് പതിവാണ്. സി.ഐ കസേര മാസങ്ങളോളമാണ് ഒഴിഞ്ഞുകിടന്നത്.

റിലീസ് ദിന തിയറ്റര്‍പോലെ തിമിര്‍ത്താടി ആരാധകക്കൂട്ടം; ‘ഫസ്റ്റ് ഷോ’ ഹൗസ്ഫുള്‍

Posted: 09 Feb 2013 11:09 PM PST

കൊച്ചി: മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ റിലീസ് ദിന തിയറ്റര്‍പോലെ ആര്‍പ്പുവിളികളും വിസില്‍ നാദങ്ങളുമായി ആരാധകര്‍ തിമിര്‍ത്താടിയപ്പോള്‍  സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍െറ ‘ഫസ്റ്റ് ഷോ ’ ഹൗസ് ഫുള്‍; കൊച്ചിയുടെ മണ്ണില്‍ സി.സി.എല്‍ മൂന്നാം പതിപ്പിന്  ‘സൂപ്പര്‍ഹിറ്റ്’ തുടക്കം. ഉത്സവചിത്രത്തിന്‍െറ റിലീസ് ദിവസം പോലെയായിരുന്നു ശനിയാഴ്ച കലൂര്‍ സ്റ്റേഡിയവും പരിസരവും. ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നതും കാത്ത്  ശനിയാഴ്ച രാവിലെ മുതല്‍ സ്റ്റേഡിയത്തിലെ വാതിലുകള്‍ക്ക് മുന്നില്‍ ആരാധകര്‍ കാത്തുനിന്നു. കുപ്പി തട്ടിയും കപ്പലണ്ടി കൊറിച്ചും സമയം തള്ളി നീക്കിയ ഇവര്‍ കൂടുതല്‍ പേര്‍ എത്തിയതോടെ ആവേശത്തിമിര്‍പ്പിലായി. ചെണ്ടമേളത്തിനൊപ്പം ഇളകിയാടിയും ലാലേട്ടന് ജയ് വിളിച്ചും സ്റ്റേഡിയത്തിന് ചുറ്റും   ആരാധകര്‍ വലംവെച്ചു. രാവിലെ മുതല്‍ തന്നെ ആരാധകര്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ബസുകളിലും മറ്റും  കലൂര്‍ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. എത്തുന്ന ഓരോ സംഘത്തെയും  പുറത്ത് കാത്തുനില്‍ക്കുന്നവര്‍ ആര്‍പ്പുവിളികള്‍ ഉയര്‍ത്തി സ്വീകരിച്ചതോടെ സ്റ്റേഡിയത്തിന്‍െറ പരിസരത്ത്  ആര്‍പ്പുവിളികളും ആരവങ്ങളും മാത്രം. രാവിലെ സ്റ്റേഡിയത്തിന്‍െറ സമീപത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചെങ്കിലും  മണിക്കൂറുകള്‍ കൊണ്ട് കാലിയായി.  ഉച്ചക്ക് 12ന് സ്റ്റേഡിയത്തിലേക്ക് പ്രവേശം അനുവദിച്ചതോടെ ആവേശം അതിരുവിട്ടു.  മോഹന്‍ലാലിന്‍െറ ചിത്രങ്ങളുമായാണ് പലരും എത്തിയത്. സ്റ്റേഡിയത്തില്‍ എത്തിയിട്ടും വാദ്യോപകരണങ്ങളുമായി ആരാധകര്‍ തിമിര്‍ത്താടി. മോഹന്‍ലാല്‍ ഫാന്‍സുകാരായിരുന്നു ഏറെയും. മൂന്നരയോടെ ആദ്യമത്സരം ആരംഭിച്ചപ്പോഴേക്കും സ്റ്റേഡിയത്തിന്‍െറ പകുതിഭാഗം നിറഞ്ഞു. ചെന്നൈ റൈനോസ്- ഭോല്‍പുരി ദബാങും പുരോഗമിക്കുന്നതിനിടെ മത്സരം 12 ഓവര്‍ എത്തിയപ്പോള്‍ കേരള സ്ട്രൈക്കേഴ്സ് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി.  നായകന്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ എത്തിയതോടെ ഒരു നിമിഷംകാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ മാത്രം. ഇവര്‍ മത്സരം   കാണാന്‍ ആരംഭിച്ചതോടെ  അത്ര സജീവമല്ലാതിരുന്ന ഗാലറിയും ഉണര്‍ന്നു. പ്രിയദര്‍ശനും മറ്റുതാരങ്ങളുമെല്ലാം ആദ്യമത്സരം കണ്ടു. വലിയ ബഹളങ്ങളില്ലാതെ മത്സരം പുരോഗമിക്കുന്നതിനിടെ ഭോജ്പുരിയുടെ ആദിത്യ ഓജ തിമിര്‍ത്താടിയതോടെ കാണികളും ഊര്‍ജം വീണ്ടെടുത്തു. അദ്യമത്സരം അവസാനിച്ചതോടെ സ്റ്റേഡിയവും നിറഞ്ഞു. മലയാളി താരങ്ങള്‍ മൈതാനം തൊട്ടതോടെ രാവില്‍ ആരവം മാത്രം. തുടര്‍ന്ന് മന്ത്രി ഗണേഷ്കുമാര്‍ പതാകയുയര്‍ത്തി. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ മുഖ്യാതിഥിയായിരുന്നു.
കാത്തിരുന്ന മത്സരം ആരംഭിച്ചതോടെ ആരാധകര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടിമാര്‍ക്കൊപ്പം ഇളകിയാടി. 8.30നാണ് കേരള സ്ട്രൈക്കേഴ്സ്- മുബൈ ഹീറോസ് മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഹീറോസിന്‍െറ ഓപ്പണര്‍ ആദ്യ ഓവറില്‍പുറത്തായതോടെ ഗാലറിയില്‍ കൊടികളുടെ സംഘനൃത്തം .മണിക്കുട്ടന്‍െറ നാലാം പന്തില്‍ ക്ളീന്‍ ബൗള്‍ഡായി വരുണ്‍ ബദോലയാണ് പുറത്തായത്. വിവേക് ഗോപന്‍ രണ്ടാം വിക്കറ്റ് വീഴ്ത്തിയപ്പോഴും ആദ്യ ആരവങ്ങള്‍ ആവര്‍ത്തിച്ചു. 12 ാം ഓവറില്‍ കാത്തിരുന്ന നിമിഷം. ലാല്‍ ബൗളിങ് കുപ്പായത്തില്‍. ആവേശത്തിന് പിന്നെ ഒരു മിനിറ്റ് ‘ലെക്ക’് നഷ്ടപ്പെട്ടു. ലാലിന്‍െറ ആദ്യമൂന്ന് പന്തുകള്‍ വൈഡായതോടെ കാണികള്‍ നിരാശരായി. പൂര്‍ണ നിശ്ശബ്ദത. അഫ്താബ് ലാലിനെ സിക്സര്‍ തൂക്കിയതോടെ ആരാധകര്‍ക്ക് പിന്നെ മിണ്ടാട്ടമില്ലാതായി. ലാലിന്‍െറ ഓവറിന്‍െറ അവസാനപന്തില്‍ സണ്ണി സിങ്ങിന്‍െറ ക്യാച്ച് മണിക്കുട്ടന് കൈലൊതുക്കാനായില്ല. ഇത് ആരാധകരെ പ്രകോപിപ്പിച്ചു. ഇതിന് മണ്ണിക്കുട്ടന് കിട്ടി കണക്കിന് കൂവല്‍. മുംബൈ ബാറ്റിങ് അവസാനത്തിലേക്ക് നീങ്ങുന്നതിനിടെ മമ്മൂട്ടി സ്റ്റേഡിയത്തിലെത്തി.തിങ്ങിനിറഞ്ഞ ഗാലറി ആര്‍പ്പുവിളികളോടെ മമ്മൂക്കയെ വരവേറ്റു. കേരള സ്ട്രൈക്കേഴ്സിന്‍െറ ബാറ്റിങ് തുടങ്ങിയതോടെ ഗാലറിയില്‍ കൊടികളുടെ ഉത്സവം. ഓരോതാരത്തിനും കിട്ടി നിറഞ്ഞ ആര്‍പ്പുവിളികള്‍. ചലച്ചിത്ര താരങ്ങളായ സോണിയ അഗര്‍വാള്‍,കാര്‍ത്തിക,  പ്രിയാമണി, ഗോപിക,ഭാവന, മംമ്ത മോഹന്‍ദാസ്,ആസിഫലി തുടങ്ങി നിരവധി താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. മെഗാതാരനിശ കണ്ട സംതൃപ്തിയോടെയായിരുന്നു ആരാധകര്‍ വൈകി കൊച്ചി വിട്ടത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP