ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിന് വധശിക്ഷ Posted: 28 Feb 2013 01:04 AM PST ധാക്ക: 1971ലെ സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി ബംഗ്ളാദേശില്‍ മറ്റൊരു ജമാഅത്ത് നേതാവിന്ക്കൂടി പ്രത്യേക ട്രൈബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചു. പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ദെല്‍വാര്‍ സഈദിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൂട്ടക്കൊല, മാനഭംഗം, മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന്‍െറ മേല്‍ ചുമത്തിയിരിക്കുന്നത്. ഈ മാസം ആദ്യം ജമാഅത്ത് അസിസ്റ്റന്‍്റ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ മുല്ലക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. |
ഈന്തപ്പന തോട്ടങ്ങളില്‍ ഇത് പരപരാഗണ കാലം Posted: 27 Feb 2013 10:48 PM PST സൂര്‍: ഈന്തപ്പനകള്‍ പൂവിട്ടു തുടങ്ങി. ഇനി ഒമാനിലെ ഈന്തപ്പഴ തോട്ടങ്ങളില്‍ പരപരാഗണത്തിന്‍െറ കാലമാണ്. കൃത്രിമ പരാഗണത്തിനായുള്ള പൂമ്പൊടികളുടെ വില്‍പനയും ഒമാനില്‍ സജീവമായി. ചെടികളില്‍ പരാഗണം നടത്താനുള്ള ആണ്‍ പൂമ്പൊടികളാണ് ഒമാനിലെ ഗ്രാമീണ ചന്തകളില്‍ വില്‍ക്കുന്നത്. പല സസ്യങ്ങളിലും പൂങ്കൂലകളില്‍ തന്നെ പ്രകൃതി സ്വയം പരാഗണം നടത്താനുതകുന്ന വിധം ആണ്‍, പെണ്‍ പൂക്കളെ പ്രത്യേകമായി ക്രമീകരിചിട്ടുണ്ടെങ്കിലും ഈന്തപ്പനയുള്‍പ്പെടെയുള്ള ചിലതില്‍ പരാഗണം നടക്കണമെങ്കില്‍ കാറ്റ്, വണ്ട്, തേനീച്ച എന്നിവയുടെ സഹായം വേണം. പരപരാഗണം എന്ന് വിളിക്കുന്ന പ്രകൃതിയുടെ ഈ സംവിധാനത്തിന് കാത്തിരുന്ന ഈന്തപ്പനകളില്‍ നിന്ന് കര്‍ഷകര്‍ക്ക് മെച്ചമുള്ള വിളവ് കിട്ടില്ല. അതുകൊണ്ട് തന്നെ ഈന്തപ്പഴ കൃഷിയുടെ അറിയപ്പെടുന്ന ചരിത്രത്തിന്‍െറ തുടക്കം മുതലേ കൃത്രിമ പരാഗണമാണത്രെ നടക്കുന്നത്. പ്രവാചകന്‍െറ കാ ഘട്ടത്തില്‍ ഇത്തരം കൃത്രിമ രീതികള്‍ ഈന്തപന ചെടികളില്‍ നടത്തിയിരുന്നതായി ചരിത്രം രേഖകള്‍ പറയുന്നു. ഇടത്തരം ഈന്ത പന തോട്ടത്തിലുണ്ടാകുന്നനാല്‍പതു ചെടികള്‍ക്ക് ഒന്നോ രണ്ടോ ആണ്‍ചെടികളിലെ പൂമ്പോടി മതിയാകുമെങ്കിലും ചില തോട്ടങ്ങളില്‍ മെച്ചപ്പെട്ട വിളവെടുപ്പിനായി നല്ല ചെടികളുടെ പൂമ്പൊടികള്‍ ശേഖരിക്കാറുണ്ട്. നല്ലയിനം ആണ്‍ചെടികളുടെ പൂങ്കുലകള്‍ പ്രത്യേക രീതിയില്‍ ഉണക്കി പാകപ്പെടുത്തി പെന്‍പൂങ്കുലകളില്‍ നിക്ഷേപിക്കും. പൂമ്പൊടി നഷ്ടപ്പെടാതിരിക്കാന്‍ അവിടെ തന്നെ പ്രത്യക രീതിയില്‍ കെട്ടിയിടും. ബാക്കി പ്രകൃതി കൈകാര്യം ചെയ്യും. സുല്‍ത്താനേറ്റില്‍ ഏകദേശം 75,000 ഏക്കര്‍ സ്ഥലത്ത് വ്യവസ്ഥാപിതമായ രീതിയില്‍ 250 വ്യത്യസ്ത ഇനത്തിലുള്ള ഈന്തപ്പഴം കൃഷി ചെയ്യുന്നുണ്ട്. ഒരു മരത്തില്‍ നിന്ന് ശരാശരി 41 കിലോ പഴം കിട്ടുമത്രെ. ജനുവരി, ഫെബ്രുവരി മാസത്തില്‍ പൂത്തുതുടങ്ങുന്ന ഈന്ത പനകളുടെ വിളവെടുപ്പ് നടക്കുന്നത് വേനല്‍ചൂട് കത്തി നില്‍ക്കുന്ന മെയ്, ജൂണ്‍ മാസങ്ങളിലാണ്. ഈവര്‍ഷം നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ നല്ലവിളവിന് സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നതു. ശക്തമായ കാറ്റോ മഴയോ വന്നാലെ പ്രശ്നമുള്ളവെന്നാണ് പഴമക്കാരുടെ പക്ഷം. കനത്തവേനല്‍ പലര്‍ക്കും ആശങ്കയാണ് സമ്മാനക്കാറെങ്കിലും ഈന്തപ്പഴ കര്‍ഷകര്‍ക്ക് വേനല്‍ പ്രതീക്ഷയുടേതാണ്. ഒമാനിലെ പ്രധാന ഗ്രാമീണ ചന്തകളായ സൂര്‍, അല്‍ കാമില്‍ , ജഅ്ലാന്‍ ബനീ ബൂആലി, ഇബ്ര, സോഹാര്‍, ബര്‍ക്ക ,മുസന്ന , റുസ് താഖു ,സുവൈഖ് , മുദൈബി നിസവ തുടങ്ങിയിടങ്ങളിലെല്ലാം പൂമ്പൊടി ലഭ്യമാണെങ്കിലും ഇബ്രി ചന്തയിലാന്നത്രേ മേല്‍ത്തരം പൂമ്പൊടി ലഭിക്കുന്നത്. തോട്ടം മേഖലകളില്‍ പണിയെടുക്കുന്നവരില്‍ സ്വദേശികള്‍ക്കൊപ്പം ബംഗാളികളും മലയാളികളുമാന്നു കൂടുതലുള്ളത് . ചിലരില്‍ ഈന്തപനയുടെ പൂക്കള്‍ മാരകമായ തോതില്‍ അലര്‍ജിയും അസ്വസ്ഥ കളുമുണ്ടാക്കാറുണ്ട്. |
ബജറ്റ് അവതരിപ്പിച്ചു; ആദായ നികുതി നിരക്കില്‍ മാറ്റമില്ല Posted: 27 Feb 2013 09:38 PM PST ന്യൂദല്‍ഹി: രാജ്യത്തിന്റെ82ാമത് ബജറ്റ് ധനമന്ത്രി പി.ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ചു. ബജറ്റില്‍ ആദായ നികുതി സ്ളാബുകളില്‍ മാറ്റമില്ല. രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ 2500 രൂപ ഇളവ് ലഭിക്കും. വിദേശ നിക്ഷേപം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് ധനമന്ത്രി പി. ചിദംബരം ബജറ്റ് അവതരണത്തില്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനേയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത് ചൈനക്കും ഇന്തോനേഷ്യക്കും മാത്രമാണ്. നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.പി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കില്‍ക്കൂടി, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെയുള്ള കാലത്തേക്ക് വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് അടുത്ത ഫെബ്രുവരിയില്‍ അവതരിപ്പിക്കുക. അതുകൊണ്ട് ജനപ്രിയ നടപടികളുടെ ഏറ്റവും യോജിച്ച സന്ദര്‍ഭമെന്ന നിലയിലാണ് സാമ്പത്തിക വിദഗ്ധര്‍ ഈ ബജറ്റിനെ കാണുന്നത്. |
ത്രിപുരയില്‍ ഇടതുമുന്നേറ്റം: നാഗാലാന്‍്റില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ് Posted: 27 Feb 2013 08:38 PM PST ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ കഴിഞ്ഞ 40 മണ്ഡലങ്ങളില്‍ 35 സീറ്റുകളില്‍ ഇടപതുപക്ഷം വിജയിച്ചു. 14 സീറ്റുകളില്‍ ലീഡ് തുടരുകയാണ്. അഞ്ചു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ആറു സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. പശ്ചിമബംഗാളിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ട ഇടതുപക്ഷം ത്രിപുര തിരിച്ചു പിടിച്ച് മുന്നേറുകയാണ്. വന്‍ ഭൂരിപക്ഷത്തോടെ അഞ്ചാമതും മാണിക് സര്‍കാരിന്റെ നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്തും. മൂന്നാം തവണയും നാഗാ പീപിള്‍സ് ഫ്രണ്ട് ഭരണത്തിലേറാന്‍ ഒരുങ്ങിയിരിക്കുന്നു. നാഗാലാന്‍്റില്‍ 31 മണ്ഡലങ്ങളിലെ ഫലങ്ങള്‍ പുറത്തു വന്നു. 21 സീറ്റുകളില്‍ നാഗാ പീപിള്‍സ് ഫ്രണ്ട് വിജയിച്ചു. 10 സീറ്റുകളില്‍ എന്‍.പി.എഫ് മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് നാലു സീറ്റുകളില്‍ വിജയിച്ചു. മൂന്നു സീറ്റുകളില്‍ ലീഡ് തുടരുന്നു. രണ്ടു സീറ്റുകള്‍ എന്‍.സി.പി നേടി. അഞ്ചു മണ്ഡലങ്ങളില്‍ മറ്റുള്ള പാര്‍ട്ടികള്‍ നേടി. മേഘാലയയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് നീങ്ങുകയാണ്. 12 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആറു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 24 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് തുടരുകയാണ്. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നു സീറ്റുകള്‍ നേടി. എന്‍.സി.പി ഒരു മണ്ഡലത്തില്‍ വിജയിച്ചു. 16 സീറ്റുകളില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികള്‍ മുന്നേറുന്നു. 60 സീറ്റുകളിലേക്കാണ് മൂന്ന് സംസ്ഥാനത്തും വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിന് മുന്നോടിയായി കര്‍ശന സുരക്ഷയാണ് മൂന്ന് സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. |
സാങ്കേതിക വിദ്യയും ശാസ്ത്രവും ഇന്ത്യയില്‍ Posted: 27 Feb 2013 08:15 PM PST ശാസ്ത്രസാങ്കേതിക വിദ്യയില്‍ മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സിന്ധു നദീതട സംസ്കാരത്തില്‍ ഉദ്ഭവിച്ച പ്രാചീന സമൂഹമാണ് ലോകത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വിത്തുപാകിയത്. ഇന്ത്യയില്‍ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സമൂഹത്തിന്‍െറ സംഭാവനകള്‍ വേദകാല സാഹിത്യങ്ങളില്‍ പറയുന്നുണ്ട്. അവരുടെ പ്രധാന സംഭാവനകള്‍ കാര്‍ഷികവൃത്തി, സമൂഹജീവിതം, നഗരാസൂത്രണം, പ്രകൃതി സംരക്ഷണം തുടങ്ങിയവയായിരുന്നു. പ്രപഞ്ചത്തിന്‍െറയും മാനവരാശിയുടെയും ഉല്‍പത്തിയെക്കുറിച്ചുള്ള ചില അടിസ്ഥാന നിഗമനങ്ങള്‍ വേദകാല സാഹിത്യങ്ങളില്‍ കാണാം. വേദങ്ങളിലെയും ഉപനിഷത്തുകളിലെയും ചില ഭാഗങ്ങള്‍ സൂക്ഷ്മാണു ഘടനയില്‍നിന്ന് പൂര്‍ണ മനുഷ്യനിലേക്കുള്ള വളര്‍ച്ചയെ പ്രതിപാദിക്കുന്നുണ്ട്. ആധുനിക പരിണാമ സിദ്ധാന്തങ്ങളും ഇതുതന്നെയാണ് പറയുന്നത്. അക്കാലത്ത് നിലനിന്നിരുന്ന അറിവ് സമഗ്രമായിരുന്നു എന്നതിന്‍െറ സൂചനകളാണ് ഇതെല്ലാം. വേദകാലത്തെ തുടര്‍ന്ന് ഉപനിഷത്തുകളുടെയും പുരാണങ്ങളുടെയും കാലമെത്തി. 1500 ബി.സി മുതല്‍ 600 എ.ഡി വരെയായിരുന്നു ഇത്. ശക്തമായ സാമ്രാജ്യങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്. ഈ ഭരണാധികാരികള്‍ സാഹിത്യ, ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. ലിപികളുടെ ആവിര്‍ഭാവവും വിജ്ഞാനം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങളും ഇന്ത്യക്കകത്തുമാത്രമല്ല ലോകമെങ്ങുമുള്ള ജനങ്ങളിലേക്ക് അറിവെത്തിക്കുന്നതിന് സാഹചര്യമൊരുക്കി. ചെമ്പ്, ടിന്‍, ഇരുമ്പ് എന്നിവ ലോകത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. അയിര് ഖനനം ചെയ്യുന്നതും അവയെ ഉന്നത ഊഷ്മാവില്‍ സംസ്കരിച്ചെടുക്കുന്നതും ഇവിടെ കണ്ടെത്തിയതാണ്. ഈ ലോഹങ്ങള്‍ കുന്തങ്ങളും അമ്പുകളുമുണ്ടാക്കുന്നതിനും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനും ഉപയോഗിച്ചു. ഈ നേട്ടങ്ങള്‍ ഇന്ത്യയില്‍നിന്ന് അറബികള്‍ വഴി ലോകത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. പൂജ്യത്തിന്‍െറ കണ്ടുപിടിത്തംഉള്‍പ്പെടെ ഗണിതശാസ്ത്രത്തിലെ പല നിര്‍ണായക സംഭാവനകളും ഇന്ത്യന്‍ സമൂഹത്തില്‍നിന്നുണ്ടായതാണ്. എ.ഡി 600 വരെ ഈ മുന്നേറ്റങ്ങള്‍ തുടര്‍ന്നു. ആര്യഭട്ട, ഭാസ്കര, മാധവാചാര്യ തുടങ്ങിയവര്‍ ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഗണ്യമായ സംഭാവനകള്‍ നല്‍കി. ആയുര്‍വേദത്തിലും സങ്കീര്‍ണമായ ശസ്ത്രക്രിയകളിലും ശുശ്രുതന്‍െറ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ശാസ്ത്ര മുന്നേറ്റങ്ങളില്‍ ഇക്കാലത്ത് ഇന്ത്യ മുന്‍നിരയിലായിരുന്നു. പിന്നീട്, വിവിധഭാഗങ്ങളില്‍നിന്നുണ്ടായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് ഇന്ത്യയിലെ ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ആദ്യം ഗ്രീസില്‍നിന്ന് അലക്സാണ്ടര്‍ ചക്രവര്‍ത്തി വന്ന് പലനഗരങ്ങളും തകര്‍ത്തു. പിന്നീട് മുഗളന്മാരും യൂറോപ്യന്മാരും ബ്രിട്ടീഷുകാരുമെത്തി. രണ്ടര നൂറ്റാണ്ടുകാലം ഇന്ത്യക്കാരുടെ ജീവിതത്തെ അവര്‍ നിയന്ത്രിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇരുണ്ട കാലഘട്ടമായി ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയില്‍നിന്നും മധ്യേഷ്യയില്‍നിന്നുമുള്ള അറിവുകള്‍ ചൂഷണം ചെയ്ത് യൂറോപ്യന്‍മാര്‍ നേട്ടങ്ങളുണ്ടാക്കി. യൂറോപ്പും അമേരിക്കയും റഷ്യയും ജപ്പാനുമൊക്കെ ഉള്‍പ്പെടുന്ന വികസിതരാജ്യങ്ങള്‍ ശാസ്ത്രഗവേഷണങ്ങളിലെ തങ്ങളുടെ നിക്ഷേപങ്ങളുടെ നേട്ടംകൊയ്ത് മുന്നേറി. ഇന്ന് ലോകത്തെ സാങ്കേതിക വിദ്യയുടെ നിയന്ത്രണം വികസിതരാജ്യങ്ങളുടെ കൈയിലാണെന്നതാണ് ഇതിന്‍െറ ഫലം. എങ്കിലും ഇക്കാലത്തും പല ശാസ്ത്ര മഹാരഥന്മാരും ഇവിടെ ജീവിച്ചിരുന്നു. അവര്‍ നിര്‍ണായകമായ പല സംഭാവനകളും ലോകത്തിന് നല്‍കി. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും ഐന്‍സ്റ്റൈനും ചേര്‍ന്ന് രൂപംനല്‍കിയ ബോസ്ഐന്‍സ്റ്റൈന്‍ സിന്താന്തം 1920കളിലെ പ്രധാന കണ്ടുപിടിത്തമായിരുന്നു. ഡോ. ജെ.സി. ബോസ് ശാസ്ത്രത്തെ വാണിജ്യവത്കരിക്കാതെ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്. സി.വി. രാമന്‍ അതിപ്രഗല്ഭനായ ശാസ്ത്രജ്ഞനായിരുന്നു. ശാസ്ത്രരംഗത്തെ നാഴികക്കല്ലായ ‘രാമന്‍ പ്രഭാവ’ത്തെ അനുസ്മരിച്ചാണ് ഇന്ന് രാജ്യമെങ്ങും ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. മേഘ്നാഥ് സാഹ, പി.സി. റോയ്, ശ്രീനിവാസ രാമാനുജം, ഹര്‍ഗോവിന്ദ് ഖുരാന, ഡോ. എസ്. ചന്ദ്രശേഖര്‍ എന്നിവരുടെ നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചു. ഉന്നതനിലവാരത്തിലുള്ള ശാസ്ത്രീയ അറിവുകളും സാങ്കേതിക വൈദഗ്ധ്യവും സ്വന്തമാക്കുന്നതിലൂടെ മാത്രമാണ് ഇന്ത്യക്ക് ശക്തമായൊരു രാഷ്ട്രമാകാന്‍ കഴിയുകയെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കി. ഇതിന്‍െറ ഫലമായി രാജ്യമെങ്ങും ഗവേഷണ ലബോറട്ടറികളും ഐ.ഐ.ടികള്‍ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ലബോറട്ടറി, പ്രതിരോധ, ആണവ, ബഹിരാകാശ രംഗങ്ങളിലെ ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായിരുന്നു. ഈ നിക്ഷേപങ്ങള്‍ ജീവിതത്തിന്‍െറ വിവിധതുറകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്ര ഗവേഷണത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാകാന്‍ ഇത് ഇന്ത്യയെ സഹായിച്ചു. ഡോ. എം.എസ്. സ്വാമിനാഥന്‍െറ നേതൃത്വത്തിലുള്ള ഹരിതവിപ്ളവമാണ് ഇതിനൊരുദാഹരണം. പുതിയ ഇനം വിത്തുകളും വളപ്രയോഗങ്ങളും കൃഷിരീതികളും ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. ഡോ. വര്‍ഗീസ് കുര്യന്‍െറ നേതൃത്വത്തിലുണ്ടായ ക്ഷീരവിപ്ളവം മറ്റൊരുദാഹരണമാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാലുല്‍പാദക രാജ്യമായി ഇന്ത്യയെ മാറ്റാന്‍ ഇത് വഴിതെളിച്ചു. ഹോമി ജെ. ഭാഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ ആണവോര്‍ജ രംഗത്തും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ബഹിരാകാശ പദ്ധതികള്‍ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്നതില്‍ ഇന്ത്യ ആര്‍ക്കും പിന്നിലല്ലെന്ന് തെളിയിച്ചു. ശക്തിയേറിയ റോക്കറ്റുകള്‍ രാജ്യത്തുതന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിക്കുന്നു. ബഹിരാകാശത്തേക്കും അതിനുമപ്പുറം ചന്ദ്രനിലേക്കുംവരെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഈ റോക്കറ്റുകളാണ് ഉപയോഗിക്കുന്നത്. ചാന്ദ്രയാന്‍ ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം അയക്കാന്‍ കഴിഞ്ഞതും ചന്ദ്രോപരിതലത്തിന്‍െറ പ്രത്യേകതകള്‍ പഠിക്കാനായതും ചന്ദ്രോപരിതലത്തില്‍ ജലത്തിന്‍െറ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കാനായതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നേതൃത്വത്തില്‍ റോക്കറ്റ് സാങ്കേതിക വിദ്യയും മിസൈല്‍ സാങ്കേതിക വിദ്യയുംവികാസം പ്രാപിച്ചു. ഇതിന്‍െറ ഫലമായാണ് ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്ന ആറാമത്തെ രാജ്യമാകാന്‍ 1980ല്‍ ഇന്ത്യക്കായത്. ഇന്ന് 5000 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് കൃത്യമായി ആക്രമണം നടത്താനാകുന്ന മിസൈലുകള്‍ നമുക്കുണ്ട്. ശാസ്ത്ര ഗവേഷണങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരാണ് പ്രഫ. സി.എന്‍.ആര്‍. റാവു, പ്രഫ. യു.ആര്‍. റാവു, പ്രഫ. എം.ജി.കെ മേനോന്‍ തുടങ്ങിയവര്‍. അതേസമയം, ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ഇന്ത്യയുടെ ഇന്നത്തെ കുതിപ്പ് താഴോട്ടാണ്. ഈ മേഖലയിലേക്ക് യുവപ്രതിഭകളെ ആകര്‍ഷിക്കാന്‍ പ്രയാസം നേരിടുന്നു എന്നതാണ് ഒന്നാമത്തെകാര്യം. മിക്കവര്‍ക്കും താല്‍പര്യം ഐ.ടി, മാര്‍ക്കറ്റിങ്, മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളാണ്. ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോലുള്ള മികച്ച സ്ഥാപനങ്ങളുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് നിരവധി സ്കോളര്‍ഷിപ്പുകളും ഗ്രാന്‍റുകളും നല്‍കിവരുന്നു. ഇതൊക്കെയാണെങ്കിലും പുതുതലമുറ ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. പല സ്ഥാപനങ്ങളിലും മതിയായ ലബോറട്ടറി സൗകര്യമില്ലാത്തതും പോരായ്മയാണ്. മികച്ച ഗവേഷണത്തിന് അത്യാധുനിക ലബോറട്ടറികള്‍ ആവശ്യമാണ്. പുസ്തകങ്ങളിലും ഇന്‍റര്‍നെറ്റിലും കാണുന്നതിനപ്പുറം ഗവേഷണം നടത്തുന്നതിന് യുവ പ്രതിഭകളെ പ്രാപ്തരാക്കാന്‍ സര്‍വകലാശാലകളിലെയും കോളജുകളിലെയും ഗവേഷണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. സൗകര്യങ്ങളും അന്തരീക്ഷവുമൊരുക്കി ഗവേഷണ മനസ്സ് രൂപപ്പെടുത്തണം. ഗവേഷണങ്ങള്‍ ലബോറട്ടറിയുടെ നാലു ചുവരുകള്‍ക്കുള്ളിലൊതുക്കാതെ അതിന്‍െറ ഫലങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുകയും വേണം. ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും വൈദഗ്ധ്യം വളര്‍ത്തുന്നതിനുമെല്ലാം ശാസ്ത്രീയ അറിവുകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 200 കോടി ജനങ്ങളെ പോറ്റാന്‍ ഒരു രണ്ടാം ഹരിതവിപ്ളവം ആവശ്യമാണ്. ഗ്രാമങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശീയമായ മാര്‍ഗങ്ങളും കണ്ടെത്തണം. ശാസ്ത്ര സാങ്കേതികവിദ്യ വ്യാവസായിക രംഗത്ത് കൂടുതലായി പ്രയോജനപ്പെടുത്തണം. ഇന്ന് മിക്ക ഗവേഷണങ്ങളും സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്ഥാപനങ്ങളിലാണ് നടക്കുന്നത്. എല്ലാ മേഖലകളിലും ഉദാരീകരണം നടക്കുന്ന ഇക്കാലത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അവഗണിക്കാനാവില്ല. സര്‍ക്കാര്‍ സഹായം നല്ലതാണെങ്കിലും ബ്യൂറോക്രസിയുടെ നിയന്ത്രണങ്ങളും ശാസ്ത്ര വകുപ്പുകളുടെ കാര്യശേഷിയില്ലാത്ത മാനേജ്മെന്‍റും കാരണം സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നല്ലൊരും ഭാഗം ഉപയോഗിക്കാതെ പോകുന്നു. ഇതിന് മാറ്റം വേണമെങ്കില്‍ സമഗ്രമായൊരു പരിവര്‍ത്തനം ആവശ്യമാണ്. മുന്നോട്ടുകുതിക്കുന്ന ഇന്ത്യയെ മുന്നില്‍ക്കണ്ട് ശാസ്ത്ര, സാങ്കേതിക മേഖലയില്‍ ഒരു ദേശീയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കണം. ഈ കാഴ്ചപ്പാട് നടപ്പാക്കുന്നതിന് ഡോ. ഹോമി ജെ. ഭാഭയെയും ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെയും ഡോ. വിക്രം സാരാഭായിയെയും ഡോ. സി.വി. രാമനെയും ഡോ. സ്വാമിനാഥനെയും പോലുള്ള മഹാരഥന്മാരെ നമുക്കാവശ്യമാണ്. ആധുനിക ലോകത്തിന്‍െറ ആവശ്യങ്ങള്‍ സങ്കീര്‍ണമാണ്. ചൈനയില്‍നിന്നും മറ്റുമുള്ള മത്സരങ്ങള്‍ അതിശക്തമാണ്. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യക്കാര്‍ക്കാകണം. പുതു തലമുറയില്‍ ചെറുപ്പത്തിലേതന്നെ ശാസ്ത്രീയാഭിരുചി വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളുണ്ടാകണം. സ്കൂള്‍തലം മുതല്‍തന്നെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ അവര്‍ക്ക് പരിശീലനം നല്‍കണം. ലബോറട്ടറികളിലൂടെ പ്രായോഗിക പരിശീലനവും വേണം. അതുവഴി, പുതിയ ആശയങ്ങളിലേക്കും സിദ്ധാന്തങ്ങളിലേക്കും അവരെ നയിക്കണം. വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ച് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ സമയം കണ്ടെത്തണം. മികവിനെ കണ്ടെത്തുന്നതിന് സുതാര്യമായ സംവിധാനമുണ്ടാകണം. അവാര്‍ഡുകളിലൂടെയും മറ്റും അവരെ അംഗീകരിക്കുകയും വേണം. |
പടിയിറങ്ങുന്ന പാപ്പ Posted: 27 Feb 2013 08:10 PM PST സ്വന്തം ജ്യേഷ്ഠന്‍ റാറ്റ്സിങ്ങറച്ചന്‍ ഒഴികെയുള്ള മാലോകരെയാകെ അദ്ഭുതസ്തബ്ധരാക്കിക്കൊണ്ട് ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം പ്രഖ്യാപിച്ചപ്പോള്‍ ഒരു വലിയ പ്രഹേളികയാണ് ലോകമനസ്സാക്ഷിയുടെ മുമ്പാകെ അനാവരണം ചെയ്തത്. പരിശുദ്ധാത്മാവാണ് സ്ഥാനസ്ഥിതനാക്കുന്നത്. എങ്കില്‍ സ്വയം സ്ഥാനത്യാഗം ചെയ്യാവുന്നതാണോ? അല്ല എന്നാണ് വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ വ്യക്തമായി പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്കപ്പുറം ഭാഗ്യവാനായ അന്ത്യോഖ്യപാത്രിയാര്‍ക്കീസ് സഭാ പ്രഥമന്‍ ബാവയും അതുതന്നെ പറഞ്ഞു, ഒരു വൈയക്തിക സംഭാഷണത്തില്‍. എന്‍െറ സഭയിലെ കാതോലിക്കാ സ്ഥാനത്യാഗംചെയ്യാന്‍ മോഹിച്ചതിനെക്കുറിച്ച് പറയവെ ജോണ്‍പോളിന്‍െറ വാക്കും മാതൃകയും ഉദ്ധരിച്ചുകൊണ്ട് അത്തരം സ്ഥാനത്യാഗം സ്ഥാനമോഹം പോലെത്തന്നെ പരിശുദ്ധാത്മാവിനെതിരായുള്ള പാപം ആണെന്ന് ബാവ എന്നെ പഠിപ്പിച്ചു. ഇപ്പോള്‍ ബനഡിക്ട് മാര്‍പാപ്പ മറ്റൊരു വശം ചൂണ്ടിക്കാണിക്കുന്നു. വേദശാസ്ത്രവിചക്ഷണന്മാര്‍ക്ക് ബൗദ്ധിക കുരുക്ഷേത്രങ്ങള്‍ തുറക്കാന്‍ വഴിതുറന്നിരിക്കുകയാണ് മാര്‍പാപ്പ ഈ പ്രഖ്യാപനത്തിലൂടെ. പേപ്പസിയുടെ ചരിത്രത്തില്‍ കറുത്ത അധ്യായങ്ങളുടെ ഭാഗമായോ അവ അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായോ അല്ലാതെ ഉണ്ടായിട്ടുള്ള ഏക സ്ഥാനത്യാഗം സെലസ്റ്റൈന്‍ അഞ്ചാമന്‍ പാപ്പായുടേതാണ്. ഒട്ടകക്കാരനായ ഇഗ്നാത്തിയോസിന്‍െറ മേല്‍ അന്ത്യോഖ്യാസിംഹാസനം അടിച്ചേല്‍പിക്കപ്പെട്ടതുപോലെ ആയിരുന്നു ഈ പാപ്പായുടെയും കഥ. കയറിയപ്പോള്‍ മുതല്‍ എങ്ങനെയാണ് ഇറങ്ങേണ്ടത് എന്നായിരുന്നു ചിന്ത. ഇറങ്ങാവുന്നതാണ് എന്ന് പ്രഖ്യാപിച്ചു. വൈകാതെ ഇറങ്ങുകയും ചെയ്തു. കാലം ക്രി. വ. 1294. വിശുദ്ധനായി ജനം തിരിച്ചറിഞ്ഞ ആ മഹാത്മാവിന്‍െറ ജനസമ്മതി വര്‍ധിക്കുകയും പിന്‍ഗാമിക്ക് അത് തലവേദനയാവും എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോള്‍ സെലസ്റ്റൈന്‍ ഒരു കൊവേന്തയില്‍ പ്രാര്‍ഥനാനിരതനായി ശിഷ്ടായുസ്സ് ചെലവഴിക്കാന്‍ നിര്‍ബന്ധിതനായി (പൂട്ടിയിട്ടു എന്ന് പച്ചമലയാളം!). ഈ മാര്‍പാപ്പയുടെ പേര് സ്വീകരിക്കാന്‍ ആരും തയാറാകാറില്ല. അദ്ദേഹത്തിന്‍െറ ഖബറിടം സന്ദര്‍ശിക്കാനും മാര്‍പാപ്പമാര്‍ പോകാറുണ്ടായിരുന്നില്ല, ബനഡിക്ട് പോകുവോളം. ബനഡിക്ട് പാപ്പാ രണ്ടുതവണ സെലസ്റ്റൈന്‍െറ ഖബറിടം സന്ദര്‍ശിച്ചു. രണ്ടാംവട്ടം തന്‍െറ പാലിയം ആ ഖബറിങ്കല്‍ സമര്‍പ്പിച്ച് ഭക്തിപൂര്‍വം തിരിച്ചെടുക്കുകയും സെലസ്റ്റൈന്‍ പാപ്പയെ ശ്ളാഘിച്ച് സംസാരിക്കുകയും ചെയ്തു. അത് ഈ സ്ഥാനത്യാഗത്തിന്‍െറ മുന്നോടിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ലെങ്കിലും ഇപ്പോള്‍ ചിത്രം തെളിയുന്നുണ്ട്; തെളിഞ്ഞ ആകാശം പകലിനെ നിര്‍വചിക്കുമ്പോള്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുണ്ടാകുന്ന ഒരു ഇടിവെട്ടുപോലെ ഈ പ്രഖ്യാപനം വന്നപ്പോള്‍. വാഴ്ചയുടെ തുടക്കത്തില്‍ ചില കല്ലുകടികള്‍ ഉണ്ടായിയെന്ന് നമുക്കറിയാം. കത്തോലിക്കാസഭ ഒഴികെ മറ്റൊരിടത്തും ദൈവഹിതം സമ്പൂര്‍ണമായി ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്ന ചിന്ത സഭക്ക് പുറത്ത് പാപ്പായുടെ സ്വീകാര്യതക്ക് ശോഷണം സൃഷ്ടിച്ചു. ഇസ്തംബൂളില്‍ ചെന്ന് ഒഴിവാക്കാമായിരുന്ന ഒരുദ്ധരണിയിലൂടെ മുസ്ലിംകളെ പ്രകോപിപ്പിച്ചു. ട്രൈഡന്‍ൈറന്‍ ആരാധനാക്രമങ്ങള്‍ പ്രോത്സാഹിപ്പിച്ചത് യഹൂദരെ പിണക്കി. തെക്കേ അമേരിക്കയില്‍ ചെന്ന് അവരുടെ ആദിമസംസ്കാരത്തെക്കുറിച്ച് പറഞ്ഞത് അവിടെ കോലാഹലം സൃഷ്ടിച്ചു. മാര്‍ തോമാശ്ളീഹാ കേരളത്തില്‍ വന്നില്ല എന്ന പ്രസ്താവനയിലൂടെ നമ്മെയും ഒട്ട് പ്രകോപിപ്പിച്ചു. ജര്‍മന്‍ ബൗദ്ധികവ്യായാമങ്ങളുടെ രീതിശാസ്ത്രം പരിചയിച്ചാണ് ബനഡിക്ട് ബൗദ്ധിക ഗൗരീശങ്കരങ്ങള്‍ കീഴടക്കിയതെന്ന് ഓര്‍മിക്കുമെങ്കില്‍ ഇപ്പറഞ്ഞതിനൊക്കെ ന്യായീകരണമല്ലെങ്കില്‍ വിശദീകരണമെങ്കിലും കണ്ടെത്താന്‍ കഴിയും. ഇതിലൊന്നുപോലും ഈ പരിശുദ്ധ പിതാവിനെ നിര്‍വചിക്കാന്‍ പോന്നതല്ലതാനും. പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകളും പ്രവൃത്തികളും ബനഡിക്ടിനെ പച്ചപ്പാപ്പ (The Green Pope) എന്നുവിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. 266ാമത്തെ മാര്‍പാപ്പയായി ബനഡിക്ട് സ്ഥാനമേല്‍ക്കുമ്പോള്‍ യാഥാസ്ഥിതികനായ ഒരു ജര്‍മന്‍ പണ്ഡിതനും വിശ്വാസത്തിന്‍െറ കാവല്‍നായയും (‘ഗോഡ്സ് റോട്ട്വീലര്‍’) എന്നാണ് ഒരിടത്ത് വായിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും കരുത്തനായ കാവല്‍നായ ആണ് റോട്ട്വീലര്‍. ജര്‍മനിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തെ ഒരു നഗരമാണ് റോട്ട്വീല്‍ (ഭാരതീയ ശുനകരില്‍ രാജപാളയം ഹൗണ്ട് എന്നതുപോലെയാണ് കാവലിന് ജര്‍മന്‍ ശുനകവൃന്ദത്തില്‍ റോട്ട്വീലര്‍). എന്നതിലുപരി ശുദ്ധജലം, സൗരോര്‍ജം, കാര്‍ബണ്‍ എമിഷന്‍ തുടങ്ങിയവയെക്കുറിച്ച് സാരോപദേശം നല്‍കുകയും ‘ഭൂഗ്രഹത്തെ രക്ഷിക്കുക’ സേവ് ദ പ്ളാനറ്റ് എന്ന പരിസ്ഥിതിപ്രേമജന്യ മുദ്രാവാക്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞനായി മാര്‍പാപ്പ വര്‍ത്തമാനകാല ചരിത്രത്തിന്‍െറ ഭൂമികയില്‍ പ്രത്യക്ഷപ്പെടുമെന്ന് ആരും തന്നെ കരുതിയിരിക്കാനിടയില്ല. എങ്കിലും സ്ഥാനാരോഹണവേളയില്‍തന്നെ സൂക്ഷ്മദൃക്കുകള്‍ക്ക് ഈ വാസന ദൃശ്യമായിരുന്നു. ‘അന്തര്‍ഭാഗത്തെ മരുഭൂമികള്‍ വിപുലമാകുന്നതിന്‍െറ ഫലമാണ് ബാഹ്യലോകത്തെ മരുഭൂമികള്‍ വലുതാവുന്നത്. സമസ്ത ജനത്തിനും വസിക്കാന്‍ പോന്ന ദൈവികോദ്യാനം നിര്‍മിക്കാന്‍ ഭൂമുഖത്തെ വിഭവങ്ങള്‍ പോരാതെവരുന്നത് ചൂഷണവും നശീകരണവും ആയുധങ്ങളാക്കുന്ന കിരാതശക്തികള്‍ അവയെ നിയന്ത്രിക്കുന്നതിനാലാണ്. ഈ മരുഭൂമിയില്‍നിന്ന് ജീവന്‍െറ നാട്ടിലേക്കും ദൈവപുത്രനുമായുള്ള സ്നേഹബന്ധത്തിലേക്കും ജീവസ്രോതസ്സിലേക്കും സമൃദ്ധിയായ ജീവനിലേക്കും ജനങ്ങളെ നയിക്കാന്‍ സഭ ഒന്നാകെയും അതിലെ സകല ഇടയന്മാരും പരിശ്രമിക്കേണ്ടിയിരിക്കുന്നു’ എന്ന് എന്‍െറ സ്വതന്ത്രപരിഭാഷയില്‍ ഇവിടെ കുറിക്കുന്നത് 2005 ഏപ്രില്‍ 24ന് സ്ഥാനാരോഹണദിവ്യബലിയില്‍ പരിശുദ്ധപിതാവ് പറഞ്ഞ സംഗതിയാണ് (വത്തിക്കാന്‍െറ വെബ്സൈറ്റില്‍ ഇത് വായിക്കാം). മനുഷ്യനും ഭൂമിയും തമ്മിലുള്ള ദൃഢബന്ധം പുന$സൃഷ്ടിക്കാനുതകുന്ന ധീരമായ തീരുമാനങ്ങളെടുക്കാന്‍ കാലമായി എന്നും സൃഷ്ടിയുടെ സംരക്ഷണത്തിനുവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും മടങ്ങിവരവില്ലാത്ത അപായഗര്‍ത്തങ്ങളിലേക്ക് നയിക്കുന്ന ജീവിതശൈലികള്‍ അടിയന്തരമായി പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും വേണമെന്നും പ്രസംഗിച്ച മഹാപുരോഹിതനാണ് പടിയിറങ്ങിയത്. |
വരുന്നു, ആര്‍ക്കും പരിക്കില്ലാത്ത അഞ്ചാമത്തെ ജെ.പി.സി Posted: 27 Feb 2013 08:05 PM PST ന്യൂദല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ രണ്ടാമത്തെ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി) പിറന്നതിനൊപ്പം ഇതുവരെയുള്ള ജെ.പി.സി അന്വേഷണങ്ങളുടെ ഫലപ്രാപ്തി ഒരിക്കല്‍ക്കൂടി ചോദ്യചിഹ്നമായി. രാഷ്ട്രീയ പ്രതിസന്ധിയില്‍ അള മുട്ടുമ്പോള്‍ പരിക്കില്ലാതെ രക്ഷപെടാനുള്ള സര്‍ക്കാര്‍ ഉപായമെന്ന നിലയില്‍ ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കുന്നത് രീതിയായി മാറിയിട്ടുണ്ട്. കോപ്ടര്‍ ഇടപാടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്ന സര്‍ക്കാര്‍ തന്നെയാണ്, ജെ.പി.സി അന്വേഷണത്തിന് മുന്നിട്ടിറങ്ങിയത്. അതുകൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ലെന്ന തിരിച്ചറിവോടെ തന്നെ, എം.പിമാരുടെ പുതിയ അന്വേഷണ സമിതിയേയും രാഷ്ട്രീയലോകം ഏറ്റുവാങ്ങുന്നു. ഹെലികോപ്ടര്‍ കോഴയിടപാടില്‍ രൂപവത്കരിക്കുന്ന 30 അംഗ സമിതി സ്വതന്ത്ര ഇന്ത്യയിലെ അഞ്ചാമത്തെ ജെ.പി.സിയാണ്. ജെ.പി.സി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഫലപ്രാപ്തിയേക്കാള്‍, അഴിമതി ആരോപണത്തിന്‍െറ ഗൗരവത്തിന് കൂടുതല്‍ മൂര്‍ച്ച വന്നുവെന്നതാണ് പ്രതിപക്ഷത്തിന് പ്രധാന നേട്ടം. 2ജി ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ 2011 ഫെബ്രുവരിയില്‍ രൂപവത്കരിച്ച ജെ.പി.സി ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കാലാവധി നീട്ടിക്കിട്ടിക്കൊണ്ടിരിക്കുന്ന ഈ സമിതി, നടപ്പു പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ഏറ്റവുമൊടുവിലത്തെ വാക്ക്. കോണ്‍ഗ്രസിനെ കുരുക്കിയ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസുകാരന്‍ അധ്യക്ഷനായി രൂപവത്കരിച്ച ജെ.പി.സിയുടെ റിപ്പോര്‍ട്ട് പുറത്തുവരും മുമ്പേ, 2ജി അഴിമതി വിവാദത്തിന്‍െറ പൊടിയടങ്ങിക്കഴിഞ്ഞു. അതിലെ കാതലായ വിഷയങ്ങളില്‍നിന്ന് പുതിയ വിഷയങ്ങളിലേക്ക് രാഷ്ട്രീയം മാറിക്കഴിഞ്ഞു. ജെ.പി.സിയില്‍ വിശദീകരിക്കാന്‍ ഒരു അവസരം കാത്തു നടക്കുകയാണ് പ്രധാന പ്രതി എ. രാജ. പ്രതിപക്ഷത്തെ മുരളീമനോഹര്‍ ജോഷി അധ്യക്ഷനായ എം.പിമാരുടെ മറ്റൊരു സമിതിയായ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയെന്ന സ്ഥിരം സംവിധാനത്തിന് 2ജി ഇടപാട് പരിശോധിക്കാനുള്ള അധികാരവും ജെ.പി.സി വന്നതോടെ ചോദ്യം ചെയ്യപ്പെട്ടു. അതേ സ്ഥിതി തന്നെ പുതിയ ജെ.പി.സിയേയും കാത്തിരിക്കുന്നു. രണ്ടു ജെ.പി.സികള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന സ്ഥിതി ഇതാദ്യമാണ്. 2ജി ജെ.പി.സിയുടെ റിപ്പോര്‍ട്ട് പൊതുതെരഞ്ഞെടുപ്പിനു മുമ്പേ പുറത്തുവന്നേക്കുമെങ്കിലും, പുതിയ ജെ.പി.സി റിപ്പോര്‍ട്ട് അതിനുമുമ്പ് പുറത്തുവരുമോ എന്ന സംശയം ബാക്കി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പി.സി. ചാക്കോയുടെ ജെ.പി.സിക്ക് ആറു മാസം മാത്രമായിരുന്നു കാലാവധി. 1987ല്‍ രാജീവ്ഗാന്ധിയെ കുടുക്കിയ ബോഫോഴ്സ് പീരങ്കി ഇടപാടാണ് ആദ്യത്തെ ജെ.പി.സി അന്വേഷണത്തിന് വിധേയമായത്. ബി. ശങ്കരാനന്ദ് അധ്യക്ഷന്‍. 50 സിറ്റിങ്. കോണ്‍ഗ്രസുകാരെ കുത്തിനിറച്ച കമ്മിറ്റിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ബഹിഷ്കരിച്ച സമിതിയായിരുന്നു ഇത്. റിപ്പോര്‍ട്ട് പ്രതിപക്ഷം തള്ളുകയും ചെയ്തു. ’92ല്‍ ഹര്‍ഷദ് മത്തേ കാളക്കൂറ്റനായി മാറിയ ഓഹരി കുംഭകോണം അന്വേഷിക്കാനാണ് രണ്ടാമത്തെ ജെ.പി.സി പിറന്നത്. കോണ്‍ഗ്രസ് നേതാവ് രാംനിവാസ് മിര്‍ധ അധ്യക്ഷന്‍. ജെ.പി.സിയുടെ ശിപാര്‍ശ വെറും കടലാസുകൂട്ടമായതു മിച്ചം. ശിപാര്‍ശകളൊന്നും നടപ്പായില്ല. 2001ല്‍ എന്‍.ഡി.എയും രൂപവത്കരിച്ചു, ജെ.പി.സി. വിഷയം ഓഹരിവിപണിയിലെ അടുത്ത കുംഭകോണം. ബി.ജെ.പി നേതാവും മുന്‍ ലഫ്. ജനറലുമായ പ്രകാശ്മണി ത്രിപാഠി ചെയര്‍മാനായ കമ്മിറ്റി 105 സിറ്റിങ്ങുമായി അന്വേഷണം പൊടിപാറിച്ചു. കാര്യമായ ശിപാര്‍ശകളൊന്നും നടപ്പാകാതെ റിപ്പോര്‍ട്ട് വെള്ളത്തില്‍ കുതിര്‍ന്നു. ലഘുപാനീയങ്ങളിലെ കീടനാശിനി അംശം കണ്ടുപിടിക്കാന്‍ എന്‍.ഡി.എ 2003ല്‍ ശരദ്പവാറിന്‍െറ നേതൃത്വത്തില്‍ ജെ.പി.സിയുണ്ടാക്കി. 17 സിറ്റിങ്ങുകൊണ്ട് ശരദ്പവാറും സംഘവും അന്വേഷണം പൂര്‍ത്തിയാക്കി. കോളകളിലും മറ്റും കീടനാശിനി അംശമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിച്ചു. കര്‍ക്കശമായ ഗുണനിലവാര നിയന്ത്രണ നടപടികളും നിര്‍ദേശിച്ചു. കോളക്കമ്പനികളെ പക്ഷേ, ആരും തൊട്ടില്ല. |
റെയില്‍വേ അവഗണന ‘വണ്ടി പോയ ശേഷം’ പ്രതിഷേധ കോലാഹലം Posted: 27 Feb 2013 07:34 PM PST ന്യൂദല്‍ഹി: റെയില്‍വേ ബജറ്റിലെ അവഗണനക്ക് പിന്നാലെ ദല്‍ഹിയില്‍ കേരള എം.പിമാരുടെ പ്രതിഷേധ കോലാഹലം. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കണ്ടു. ഇടത് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തി. പ്രധാനമന്ത്രിയോട് പരാതി പറയാന്‍ ഇരുസംഘവും അനുമതി തേടിയെങ്കിലും ലഭിച്ചില്ല. പവന്‍കുമാര്‍ ബന്‍സലിനെ കണ്ട യു.ഡി.എഫ് എം.പിമാര്‍ക്ക് ഉറപ്പൊന്നും കിട്ടിയില്ല. കേരളത്തിന്‍െറ പരാതികള്‍ കേട്ട മന്ത്രി, ഉദ്യോഗസ്ഥരുമായി സംസാരിക്കാമെന്ന മറുപടിയാണ് എം.പിമാരുടെ സംഘത്തിന് നല്‍കിയത്. അതിനിടെ, റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും ദല്‍ഹിയിലെത്തും. പവന്‍കുമാര്‍ ബന്‍സലുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. റെയില്‍വേ ബജറ്റില്‍ തഴയപ്പെട്ട കേരളത്തിന്‍െറ നിരാശ റെയില്‍വേ മന്ത്രിയെ ശക്തമായി അറിയിച്ചതായി കൂടിക്കാഴ്ചക്കുശേഷം മന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. ചാക്കോ എം.പി എന്നിവര്‍ പറഞ്ഞു. കേരളത്തിന്‍െറ സുപ്രധാന ആവശ്യങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന വസ്തുത മന്ത്രിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച മന്ത്രി പ്രത്യേക യോഗം വിളിക്കാമെന്ന് സമ്മതിച്ചു. എം.പിമാരും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍െറ വീട്ടില്‍ ബുധനാഴ്ച രാവിലെ യോഗം ചേര്‍ന്നാണ് യു.ഡി.എഫ് എം.പിമാര്‍ ബജറ്റ് അവഗണനയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന് പുറമെ, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ കണ്ട് പ്രതിഷേധം അറിയിക്കാനും പരാതി നല്‍കാനുമാണ് യു.ഡി.എഫ് എം.പിമാരുടെ തീരുമാനം. മന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി എന്നിവരൊഴികെയുള്ള യു.ഡി.എഫ് എം.പിമാര്‍ യോഗത്തില്‍ പങ്കെടുത്തു. എ.കെ. ആന്‍റണിയുടെ നിര്‍ദേശപ്രകാരമാണ് റെയില്‍വേ മന്ത്രിയെ കണ്ട് കേരളത്തിന്‍െറ പ്രതിഷേധം അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് എം.പിമാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പാണ് എല്‍.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയത്. കേരളത്തിന് കൂടുതല്‍ വണ്ടി, കേരളത്തോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്ളകാര്‍ഡുകളുമായായിരുന്നു ധര്‍ണ. |
സന്തോഷ് ട്രോഫി ആദ്യ സെമി ഇന്ന്: മലയാളിക്കരുത്തിനെതിരെ കേരളം Posted: 27 Feb 2013 07:14 PM PST കൊച്ചി: ‘തൃശൂര്‍ പേടി’യില്‍ മലയാളിക്കരുത്തിനെതിരെ സന്തോഷ്ട്രോഫിയിലെ ആദ്യ ക്ളാസിക് പോരാട്ടത്തിന് കേരളം ഇന്നിറങ്ങുന്നു. കലാശപ്പോരിന് യോഗ്യത തേടി വ്യാഴാഴ്ച വൈകുന്നേരം ആറരക്ക് മഹാരാഷ്ട്രയുമായി കേരളം പോരടിക്കും. 2000 ല്‍ തൃശൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനലില്‍ മലയാളിയായ നജീബിന്‍െറ ഏക ഗോളില്‍ കേരളം പരാജയപ്പെട്ടിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ അന്ന് ഫൈനലായിരുന്നെങ്കില്‍ വ്യാഴാഴ്ച സെമി. ഇക്കുറി നായകന്‍ തന്നെ മലയാളി; എന്‍.പി. പ്രദീപ്. ഒപ്പം മുഹമ്മദ് റാഫിയും അനസും. കേരളത്തിന്‍െറ പരിശീലക സംഘത്തിനാണെങ്കില്‍ മാറ്റവുമില്ല. ഇത്തവണയും മുഖ്യകോച്ചായി എം.എം. ജേക്കബും അസിസ്റ്റന്‍റ് കോച്ചായി പി.കെ. രാജീവും. ഈ ഓര്‍മകള്‍ക്ക് മറുപടി നല്‍കാനിറങ്ങുന്ന കേരളത്തിന് കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയെ തോല്‍പ്പിച്ചതിന്‍െറ ആത്മവിശ്വാസം മാത്രമാണ് കൂട്ട്. വളപട്ടണക്കാരനായ നജീബ് മഹീന്ദ്രക്കായി കളിക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ ബാനറില്‍ കളത്തിലിറങ്ങിയത്. ഇക്കുറി പ്രദീപും റാഫിയും മുംബൈ ഡോസല്‍ എഫ്.സിയുടെ താരങ്ങളാണ്. ഇരുവരും ക്ളസ്റ്റര്‍ മത്സരങ്ങള്‍ മുതല്‍ ഗോളടിച്ച് കൂട്ടിയാണ് മഹാരാഷ്ട്രയെ സെമിയില്‍ എത്തിച്ചത്. ചൊവ്വാഴ്ച തമിഴ്നാടിനെ പ്രദീപിന്‍െറ ഇരട്ട ഗോള്‍ കരുത്തിലാണ് മഹാരാഷ്ട്ര മറികടന്നത്. റാഫയുടെ ഹാട്രിക്കില്‍ ഝാര്‍ഖണ്ഡിനെ 41ന് തോല്‍പിച്ച മറാത്തികള്‍ ഗോവയെ 30ത്തിനും തമിഴ്നാടിനെ 21നും തോല്‍പിച്ച് ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇത്തവണ ആദ്യമായി കൊച്ചിയിലിറങ്ങുന്നത്. ഫൈനല്‍ പ്രതീക്ഷകളുമായി കേരളം സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ആദ്യ മത്സരത്തില്‍ പരിക്കേറ്റ രാകേഷിന് ചാമ്പ്യന്‍ഷിപ്പില്‍ ഇനി കളിക്കാനാകില്ല. അതിനിടെ ക്യാപ്റ്റന്‍ രാഹുലിനും പരിക്കേറ്റു. പകരം കളിപ്പിക്കാന്‍ മികച്ചൊരു താരമില്ലാത്തതിനാല്‍ ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്മെന്‍റ്. വേദന കുറഞ്ഞാല്‍ രാഹുലിനെത്തന്നെ കളത്തിലിറക്കാനാണ് ആലോചന. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മധ്യനിര പരാജയമായിരുന്നു. പ്രതിരോധത്തില്‍നിന്ന് സുര്‍ജിത്തും ജോണ്‍സണും മുന്നേറ്റനിരക്ക് പന്തെത്തിച്ച് നല്‍കിയാണ് ഒരുപരിധി വരെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. ക്വാര്‍ട്ടറിലെ മുഴുവന്‍ മത്സരങ്ങളും ജയിച്ചെത്തുന്ന മഹാരാഷ്ട്രക്കെതിരെ ഇത് സാധ്യമാകുമോയെന്നറിയില്ല. മധ്യനിര ഉണര്‍ന്നില്ലെങ്കില്‍ ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. റിസര്‍വ് ബെഞ്ചില്‍ മികച്ച താരങ്ങളില്ലാത്തതും കേരളത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കണ്ണന്‍ നാലുഗോളുകള്‍ സ്വന്തമാക്കിയെങ്കിലും ആതിഥേയ മുന്നേറ്റ നിര ഇനിയും മെച്ചപ്പെടണം. ഉസ്മാന് ഗോളുകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. മികച്ച പ്രകടനം നടത്തുന്ന പ്രതിരോധമാണ് കേരളത്തിന്‍െറ പ്ളസ് . സസ്പെന്‍ഷന്‍ കഴിഞ്ഞ് സ്റ്റോപ്പര്‍ ബാക് ഷെറിന്‍ സാം സെമിയില്‍ ബൂട്ടണിയും. അതേസമയം, മഹാരാഷ്ട്രയെ ഭയക്കാനൊന്നുമില്ലെന്ന് കേരള കോച്ച് എം.എം. ജേക്കബ് പറഞ്ഞു. ക്ളസ്റ്ററില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് മഹാരാഷ്ട്ര ക്വാര്‍ട്ടറിലെത്തിയത്. മഹാരാഷ്ട്ര ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒന്നാമതെത്തിയ യു.പിയെ കേരളം കഴിഞ്ഞകളിയില്‍ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ കശ്മീരിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ യു.പിയോട് വിയര്‍ത്താണ് (32) ജയിച്ചത്. മൂന്നാം മത്സരത്തില്‍ 1 1ന് ഹരിയാനയോട് സമനില പാലിക്കുകയും ചെയ്തു. ക്വാര്‍ട്ടറിലെ മൂന്ന് മത്സരങ്ങളിലായി മഹാരാഷ്ട്ര എതിര്‍വല ഒമ്പതുവട്ടം കുലുക്കിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. കേരളം ആറുഗോളുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണം വഴങ്ങി. കഴിഞ്ഞ വര്‍ഷം കട്ടക്കില്‍ നടന്ന ക്വാര്‍ട്ടറില്‍ പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ കേരളം മഹാരാഷ്ട്രയെ 3 1ന് തോല്‍പിച്ചാണ് സെമിയിലെത്തിയത്. മത്സരത്തില്‍ കണ്ണന്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ സുര്‍ജിത്താണ് മൂന്നാം ഗോള്‍ നേടിയത്. കൊച്ചിയില്‍ 1993ല്‍ നടന്ന സന്തോഷ ്ട്രോഫിയില്‍ മഹാരാഷ്ട്രയെ തകര്‍ത്താണ് കുരികേശ് മാത്യുവിന്‍െറ നേതൃത്വത്തിലുള്ള കേരള സംഘം സ്വന്തം നാട്ടില്‍ അവസാനമായി കപ്പ് ഉയര്‍ത്തിയത്. |
വിലപേശല്‍ ശേഷി നഷ്ടപ്പെട്ട കേരളം Posted: 27 Feb 2013 07:02 PM PST ദല്‍ഹി ഭരണ സിരാകേന്ദ്രത്തില്‍ കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്ന മലയാളികളായ ഉദ്യോഗസ്ഥമേധാവികളുടെ കണക്കെടുത്താല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ അസൂയപ്പെട്ടു പോകും. കേന്ദ്രഭരണത്തിന്‍െറ ഗതി നിയന്ത്രിക്കുന്നതില്‍ കേരളീയരുടെ പങ്ക് നിര്‍ണായകമാണ്. ചരിത്രത്തിലൊരിക്കലും ലഭിക്കാത്ത പ്രാതിനിധ്യമാണ് രണ്ടാം യു.പി.എ മന്ത്രിസഭയില്‍ കേരളത്തിന് ലഭിച്ചത്. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, പ്രവാസം, വ്യോമയാനം തുടങ്ങി മര്‍മപ്രധാനമായ വകുപ്പുകളില്‍ കേരളത്തിന് കൈയൊപ്പ് ചാര്‍ത്താന്‍ ഭാഗ്യം കൈവന്നപ്പോള്‍ എല്ലാവരും ആഹ്ളാദിച്ചു. നമുക്ക് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ അത് കാരണമായി.കേന്ദ്രവും കേരളവും ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണികളാണെന്ന അനുകൂലാവസ്ഥ സംസ്ഥാനത്തിന്‍െറ ശിരോലിഖിതം തിരുത്തിയെഴുതാന്‍ സഹായകമാവുമെന്ന് പലരും കണക്കുകൂട്ടി. ദല്‍ഹി ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താനും തീരുമാനങ്ങളെടുപ്പിക്കാനും ശേഷിയുള്ള ഉഗ്രപ്രതാപികളായ മലയാളി നേതാക്കളുള്ളപ്പോള്‍ എന്തിനു കേരളം പിറകോട്ടടിക്കണം എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കപ്പെട്ടു. പക്ഷേ, കേരളത്തിന്‍െറ വിലപേശല്‍ ശേഷിയെ കുറിച്ചുള്ള സകല അവകാശവാദങ്ങളും പൊള്ളയായ വീരസ്യം പറച്ചിലാണെന്നും ദല്‍ഹിയിലെ രാഷ്ട്രീയ പ്രമാണിമാരുടെ മുന്നില്‍ കേരളീയര്‍ തൃണം മാത്രമാണെന്നും സമര്‍ഥിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളം പൂര്‍ണമായും അവഗണിക്കപ്പെട്ടുവെന്നും നിരാശമാത്രമാണ് മിച്ചമെന്നും കക്ഷിപക്ഷം മറന്ന് പരിദേവനം കൊള്ളുകയാണിപ്പോള്‍. എന്നാല്‍, സമീപ കാലത്ത് കേരളത്തിന്‍െറ ശബ്ദം ഏതെങ്കിലും രംഗത്ത് ഗൗനിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിഷ്പക്ഷമായി പരിശോധിക്കുന്നത് നന്നായിരിക്കും. നമ്മുടെ വിലപേശല്‍ ശേഷി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ചോദിക്കാനും പറയാനും ആളില്ലാത്ത ഒരു ജനക്കൂട്ടമായി മാറിയിരിക്കുകയാണ് എന്നതല്ലേ വാസ്തവം? ഇതിന്‍െറ ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. രാഷ്ട്രീയഭരണ നേതൃത്വത്തിന് ഇച്ഛാശക്തിയോ പ്രതിബദ്ധതയോ ഇല്ലെങ്കില്‍ ആര് ആരോട് എന്ത് ചോദിച്ചുവാങ്ങാന്‍? റെയില്‍വേ ബജറ്റ് ഒരു സുപ്രഭാതത്തില്‍ പൊട്ടിവീണതൊന്നുമല്ലല്ലോ? കേരളത്തിന്‍െറ അടിയന്തര ആവശ്യങ്ങളെന്തൊക്കെയാണെന്നോ അടിസ്ഥാന വികസന കാര്യത്തില്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നോ മുന്‍ഗണന നല്‍കേണ്ടത് ഏതിലാണെന്നോ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞ്, ഭരണപ്രതിപക്ഷഭേദം മറന്ന് കൂട്ടായ ശ്രമം നടത്തിയിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ? സംസ്ഥാനത്തിന്‍െറ പൊതുതാല്‍പര്യങ്ങള്‍ എന്തുകൊണ്ട് കൊടിയുടെ നിറം നോക്കാതെ, ഒന്നിച്ചിരുന്ന് ആലോചിച്ചുകൂടാ? ഇത്തരം വിഷയങ്ങളില്‍, ഭരണകൂടത്തിന്‍െറ അലംഭാവവും പ്രതിപക്ഷത്തിന്‍െറ നിര്‍ജീവതയും ഒരുപോലെ പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നുണ്ട്. നാടിനോടും നാട്ടാരോടും പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയഭരണനേതൃത്വത്തിന്‍െറ കാഴ്ചപ്പാട് മാറാത്ത കാലത്തോളം നാം വല്ലതും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഇച്ഛാശക്തിയാണ് പ്രധാനം. ഗള്‍ഫ് മലയാളികളുടെ ചിരകാലാഭിലാഷമായ ‘എയര്‍ കേരള’ എന്ന സംസ്ഥാനത്തിന്‍െറ സ്വന്തം വിമാന കമ്പനിയെ കുറിച്ചുള്ള മോഹം പൊലിഞ്ഞത് കേന്ദ്രവ്യോമയാന അതോറിറ്റി ഉയര്‍ത്തുന്ന തടസ്സവാദങ്ങളില്‍ പെട്ടാണ്. പ്രവാസികളുടെ യാത്രാക്ളേശം സംബന്ധിച്ച നെടുനാളത്തെ നിലവിളിക്കു അന്ത്യമാവുമെന്ന് കരുതിയ ഒരു പദ്ധതിയാണ് ഗര്‍ഭത്തിലേ അലസിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന് അനുവദിക്കുന്ന ഇളവ് എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തി സംസ്ഥാന സര്‍ക്കാറിന് വാങ്ങിയെടുക്കാന്‍ കഴിയുന്നില്ല? ഇവിടെയാണ് നമ്മുടെ പ്രാപ്തിക്കുറവും കഴിവുകേടും അനാവൃതമാകുന്നത്. ബംഗാളികള്‍ക്കും ഗുജറാത്തികള്‍ക്കും തമിഴര്‍ക്കും നേടിയെടുക്കാന്‍ കഴിയുന്നതിന്‍െറ പത്തിലൊന്നു പോലും നമുക്ക് ലഭിക്കുന്നില്ല. പ്രബുദ്ധതയുടെയോ വിദ്യാഭ്യാസത്തിന്‍െറയോ കുറവുകൊണ്ടല്ല അത്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലെ ഇടുങ്ങിയ ഒരു ഭൂപ്രദേശത്തിരുന്ന് പരസ്പരം കടിച്ചുകീറാനും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുമാണ് എല്ലാവര്‍ക്കും താല്‍പര്യം. മാധ്യമങ്ങളാവട്ടെ, ഈ അപഥസഞ്ചാരത്തെ തിരുത്തുന്നതിനു പകരം നിഷേധാത്മക പ്രവണതകള്‍ക്ക് അമിത പ്രാധാന്യം നല്‍കി ജനശ്രദ്ധ തിരിച്ചുവിടുകയുമാണ്. അതിനിടയില്‍, ജനം ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും വിസ്മരിക്കപ്പെടുന്നത് സ്വാഭാവികം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധമായ എല്ലാ നയപരിപാടികളുടെയും ദുരിതങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ജനത്തിന് എന്തുകൊണ്ട് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന ചോദ്യം ഉച്ചത്തില്‍ മുഴക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. |
No comments:
Post a Comment