സ്വാഗതം
WELCOME

News Update..

Sunday, February 3, 2013

ഇറാഖിലെ പൊലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം: 30 കൊല്ലപ്പെട്ടു Madhyamam News Feeds

ഇറാഖിലെ പൊലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം: 30 കൊല്ലപ്പെട്ടു Madhyamam News Feeds

Link to

ഇറാഖിലെ പൊലീസ് ആസ്ഥാനത്ത് ചാവേര്‍ ആക്രമണം: 30 കൊല്ലപ്പെട്ടു

Posted: 03 Feb 2013 12:56 AM PST

Image: 

ബാഗ്ദാദ്: ഇറാഖിലെ വടക്കന്‍ നഗരമായ കിര്‍ക്കുക്കിലെ പൊലീസ് ആസ്ഥാനത്തിനു നേരെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 70 ഓളം ആളുകള്‍ക്ക്  ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാവിലെ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊലീസ് ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മരിച്ചവരില്‍ കൂടുതലും പൊലീസുകാരാണ്. സ്ഫോടനം നടന്നത് തിരക്കേറിയ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യത.
ആക്രമണത്തില്‍ പൊലീസ് ആസ്ഥാനവും തൊട്ടടുത്ത കെട്ടിടങ്ങളും തകര്‍ന്നു.

ബോംബ് സ്ഫോടനത്തിനു ശേഷം പൊലീസുകാര്‍ക്കെതിരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
രണ്ടാഴ്ചക്കു മുമ്പ് കിര്‍കുക്കിലെ ഖുര്‍ഷിദ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫീസിനു നേരെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

എയ്ഡഡ് പദവി വിഷയത്തില്‍ വാശിപിടിക്കില്ലെന്ന് ലീഗ്

Posted: 03 Feb 2013 12:53 AM PST

Image: 

കോഴിക്കോട്: ഏരിയ ഇന്റന്‍സീവ് പദ്ധതിക്ക് കീഴിലുള്ള മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന കാര്യത്തില്‍ വാശി പിടിക്കില്ലെന്ന് മുസ്ലീംലീഗ്. എയ്ഡഡ് പദവി പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും സ്‌കൂളിലെ അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഉന്നതാധികാര സമിതി അംഗം ഇ.ടി മുഹമ്മദ് ബഷീറും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലീഗ് ഹൗസില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പ്രവര്‍ത്തന സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. ഇതിന്റെ ഭാഗമായി എട്ട് ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ചു.

സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളോടും എന്‍.എസ്.എസ് വിഷയത്തിലും പ്രതികരിക്കാനില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
 

2019 ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ വേദിക്കായി യു.എ.ഇ രംഗത്ത്

Posted: 02 Feb 2013 11:32 PM PST

Image: 

അബൂദബി: 2019ലെ ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ വേദിയാകാന്‍ യു.എ.ഇയും രംഗത്ത്. ഇതിനായി ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനില്‍ (എ.എഫ്.സി) അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഈ ലക്ഷ്യം കൈവരിക്കാനും ഏഷ്യന്‍ കപ്പ് നേടാനും യു.എ.ഇക്ക് കഴിയുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ യൂസുഫ് അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു. പല പ്രാദേശിക, അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളിലും വിജയികളായ യു.എ.ഇയുടെ പുതു തലമുറ ഫുട്ബാള്‍ ടീം അതിന് പ്രാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ, ഇറാന്‍, ലബനാന്‍, ബഹ്റൈന്‍, ഒമാന്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണ് വേദിക്കായുള്ള മത്സരത്തില്‍ യു.എ.ഇയുടെ എതിരാളികള്‍. ഏഷ്യന്‍ കപ്പിന് വേദിയാകാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ളതിനാല്‍ യു.എ.ഇക്ക് സാധ്യതയേറെയാണെന്ന് യൂസുഫ് അബ്ദുല്ല പറഞ്ഞു. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങി മികച്ച രീതിയില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും യു.എ.ഇയിലുണ്ട്. യൂത്ത് വേള്‍ഡ് കപ്പ്, ക്ളബ് വേള്‍ഡ് കപ്പ് എന്നിവ വിജയകരമായി സംഘടിപ്പിച്ച് അത് ലോകത്തിന് മുന്നില്‍ തെളിയിച്ചിട്ടുമുണ്ട്. ഇനിയുള്ള ആറ് വര്‍ഷം ഇതിനേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ ശ്രമങ്ങള്‍ക്ക് സൗഹൃദ രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. വേദിയാകാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ അവകാശവാദം തെളിയിക്കുന്നതിന് സൗകര്യങ്ങളും പ്രത്യേകതകളും വിവരിക്കുന്ന അന്തിമ ബ്രോഷര്‍ സമര്‍പ്പിക്കാന്‍ 2014 മേയ് ഒന്ന് വരെ സമയമുണ്ട്. ജൂലൈയില്‍ നടക്കുന്ന എ.എഫ്.സി ജനറല്‍ അസംബ്ളിയിലാണ് വേദി പ്രഖ്യാപിക്കുക.
2015ലെ ഏഷ്യന്‍ കപ്പ് ആസ്ത്രേലിയയിലാണ് നടക്കുന്നത്. അതുകഴിഞ്ഞുള്ള അവസരം പശ്ചിമേഷ്യന്‍ രാജ്യത്തിനാണ് ലഭിക്കുക. ഇതിനുമുമ്പ് 1996ല്‍ യു.എ.ഇ ഏഷ്യന്‍ കപ്പിന് വേദിയായിട്ടുണ്ട്. സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സൗദി അറേബ്യയോട് തോറ്റ കയ്പേറിയ അനുഭവവും ആ വര്‍ഷമുണ്ടായി. മനാമയില്‍ നടന്ന ഗള്‍ഫ് കപ്പില്‍ ജേതാക്കളായ യു.എ.ഇക്ക് സ്വന്തം മണ്ണില്‍ ഏഷ്യന്‍ കപ്പ് നേടാനുള്ള അവസരം കൈവരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍.

കായികദിനം: കത്താറയില്‍ വിവിധ പരിപാടികള്‍

Posted: 02 Feb 2013 11:29 PM PST

Image: 

ദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് ഈ മാസം 12ന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വിവിധ കായിക, സാംസ്കാരിക പരിപാടികള്‍ നടക്കും. സ്പോര്‍ട്സിലൂടെ ആരോഗ്യകരമായ ജീവിത ശൈലി എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ കായിക ഫെഡറേഷനുകളുടെ ആഭിമുഖ്യത്തിലാണ് കത്താറയില്‍ പരിപാടികള്‍ ഒരുക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ ഖത്തര്‍ സെയ്ലിങ് ആന്‍റ് റോവിങ് ഫെഡറേഷന്‍ തുഴച്ചില്‍ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മുതല്‍ ഉച്ച വരെ വിവിധ അത്ലറ്റിക്സ് ഇനങ്ങള്‍, രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ ഖത്തര്‍ സൈക്ളിങ് ഫെഡറേഷന്‍ ഒരുക്കുന്ന സൗജന്യ സൈക്കിള്‍ സവാരി, ബാസ്കറ്റ്ബാള്‍ ഫെഡറേഷന്‍െറ വകയായി ഏകദിന ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റ്, രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നാഷനല്‍ ഹാന്‍റ്ബാള്‍ ഫെഡറേഷന്‍െറ ഹാന്‍റ്ബാള്‍, ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍െറ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സൗജന്യ ടേബിള്‍ ടെന്നീസ് പരീശീലന സെഷനുകളും മല്‍സരങ്ങളും, രാവിലെ മുതല്‍ വൈകിട്ട് വരെ ഗോള്‍ഫ് അസോസിയേഷന്‍ ഒരുക്കുന്ന മിനി ഗോള്‍ഫ് എന്നിവയാണ് പ്രധാന പരിപാടികള്‍.
ഇതിന് പുറമെ ഉച്ചക്ക് ഒരു മണി മുതല്‍ വെയ്റ്റ്ലിഫ്റ്റിങ്-ബോഡി ബില്‍ഡിങ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍, ഖത്തര്‍ റെസ്ലിങ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മല്‍സരങ്ങള്‍, ബോക്സിങ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍, രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ചെസ് ഫെഡറേഷന്‍െറ ഡെമോണ്‍സ്ട്രേഷന്‍ ഗെയിമുകള്‍ എന്നിവയുമുണ്ട്. ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്കും കത്താറ വേദിയാകും. കത്താറയുടെ ബീച്ച് ഫുട്ബാള്‍ ഗ്രൗണ്ടുകള്‍ 12ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്കായി തുറക്കും.
ഇവിടെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ എയ്റോബിക്സ് ക്ളാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ചൈല്‍ഡ്ഹുഡ് സെന്‍റര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍, ഹമദ് മെഡിക്കല്‍ സെന്‍ററിന്‍െറ വകയായി എഗ്ഗ് ആന്‍റ് സ്പൂണ്‍, ചാക്കിലോട്ടം മല്‍സരങ്ങള്‍, പ്രാഥമികാരോഗ്യ കോര്‍പറേഷന്‍െറ വിവിധ പരിപാടികള്‍ എന്നിവയും കത്താറയില്‍ അരങ്ങേറും.

ആര്‍ദ്രത എന്ന ആയുധം

Posted: 02 Feb 2013 10:49 PM PST

Image: 

സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ആധികള്‍ പെരുകുമ്പോള്‍ നാം സ്വപ്നത്തിലും ജാഗ്രത്തിലും നമ്മുടെ എഴുത്തുകാരിലേക്കാണ് ശ്രദ്ധ തിരിക്കാറുള്ളത്. സാമൂഹിക ജീവിതത്തിന്‍െറ ലയവും താളവും തകര്‍ന്നു പോകുമ്പോള്‍ അതിന്‍െറ വസ്തുതകളിലേക്ക് ഇറങ്ങിപ്പോവുകയും ലയതാളങ്ങളെ തകര്‍ക്കുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങള്‍ സാമൂഹിക ജീവിതത്തിന് പകര്‍ന്നു കൊടുക്കുകയും ചെയ്യുക എന്നത് നമ്മുടെ എഴുത്തുകാര്‍ എന്നും അനുവര്‍ത്തിച്ചു പോന്നിട്ടുമുണ്ട്. അത് പ്രത്യക്ഷമായ ഇടപെടലിലൂടെയും പരോക്ഷമായ സാന്നിധ്യ പ്രകടനത്തിലൂടെയും സംഭവിക്കാം. ഈ രണ്ടു വഴിയിലൂടെയും ഇത്തരത്തില്‍ കഥയിലൂടെ സാന്നിധ്യമാകുന്നു കെ.പി. രാമനുണ്ണി. രാമനുണ്ണിയുടെ ‘തന്തപ്പറത്തെയ്യം’ എന്ന കൃതിയിലെ പതിനാലു കഥകളും ഈ അര്‍ഥത്തില്‍ ഇന്നിന്‍െറ മുഖം പൊളിച്ചു കാണിക്കുന്ന അദ്ഭുതങ്ങള്‍ കൂടിയാണ്.
പ്രവചനാതീതം എന്ന് നമുക്ക് നമ്മുടെ കാലത്തിനെ വിളിക്കുക വയ്യ. കാരണം തൊട്ടപ്പുറത്ത് എന്തു സംഭവിക്കും എന്ന് നമുക്ക് ഇന്ന് ഉറപ്പിച്ചു പറയാം. ഒരു വ്യക്തിയുടെ ജീവിതവും മറു വ്യക്തിയുടെ ജീവിതവും വ്യക്തവും ഭിന്നവുമായിരുന്നിടത്ത് നിന്ന് ഒറ്റ ജീവിതമായി എല്ലാം സമീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ സമീകരണത്തില്‍ കാലങ്ങളായി സാമൂഹിക ജീവിതത്തിന്‍െറ വളര്‍ച്ചയില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളില്ലാതെ സമൂഹം ഒരു കൂട്ടായ്മയായി മാറിയിരുന്നു. ഈ കൂട്ടായ്മ തകരുകയും സദാചാര മൂല്യങ്ങളെന്ന പേരില്‍ സംഭവിക്കുന്ന ചതികളും കെണികളും നിത്യജീവിതത്തിന്‍െറ ഭാഗമായി മാറിപ്പോവുകയും ചെയ്തു. ഈ അവസ്ഥയില്‍ ആദ്യം പരാജയപ്പെടുക ഈ അവസ്ഥകളെ നേരിടുന്ന അധ്വാനങ്ങള്‍ ആയിരിക്കും. എന്നാല്‍, ഈ അവസ്ഥകളുടെ നേര്‍ നടുവില്‍ നിന്നു കൊണ്ട് അവയെ നിര്‍ഭയം ആഖ്യാനം ചെയ്യുകയാണ് തന്തപ്പറത്തെയ്യത്തിലെ കഥകളില്‍ രാമനുണ്ണി ചെയ്യുന്നത്. ഈ സമാഹാരത്തിലെ മുഴുവന്‍ കഥകളും ഈ വസ്തുതയെ സാധൂകരിക്കുന്നുണ്ട്.

സമൂഹത്തെ നിര്‍ണയിക്കുന്ന സാമൂഹിക ബന്ധങ്ങള്‍, രാഷ്ട്രീയ ബന്ധങ്ങള്‍, സ്ത്രീ-പുരുഷ ബന്ധങ്ങള്‍, സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ എല്ലാ വസ്തുതകളും തന്തപ്പറത്തെയ്യത്തിലെ പതിനാലു കഥകള്‍ക്കും ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ പ്രമേയമോ കാരണമോ ആയിത്തീരുന്നുണ്ട്. മുന്‍കാല കഥകളില്‍ സൂക്ഷിക്കുന്ന നിശിത പരിഹാസത്തിന്‍െറ മുദ്രകളെപ്പോലും ഭാഷയില്‍ ചേറിക്കളഞ്ഞ് ഇന്ന് സംഭവിച്ചു പോകുന്ന സംഗതികളുടെ നടുവില്‍ നിന്ന് അവയെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ് ഈ കഥകളില്‍ രാമനുണ്ണി ചെയ്യുന്നത്. അനുഭവിക്കുന്ന ലോകത്തെ അതു പോലെ മുന്നോട്ടുവെക്കുകയാണ് ഇതിന്‍െറ രചനാ തന്ത്രം.
പ്രോബ്ളംസ് പ്രോബ്ളം എന്ന കഥ നോക്കുക. ഒരു കൗമാരക്കാരിയുടെ ലോകം എന്ന ത്രെഡില്‍ നിന്നാണ് ഈ കഥ വികസിക്കുന്നത്. എം.ടിയുടെ രചനാകാലം മുതല്‍ ആധുനികരും ആധുനികാനന്തരരും പല മട്ടില്‍ ഉപയോഗിച്ച ഈ ത്രെഡില്‍ കേരളീയ പെണ്‍കുട്ടികളുടെ ജീവിതത്തെ ഫിക്ഷന്‍ തന്ത്രങ്ങളുപയോഗിച്ച് പുതിയ ഒരാഖ്യാനമായി ഈ കഥ മാറ്റുന്നുണ്ട്. ഇതിനു മുമ്പുണ്ടായ രചനകളില്‍ പെണ്‍കുട്ടിയുടെ ജീവിതത്തെ പിന്തുടര്‍ന്ന എഴുത്തുകാര്‍, സ്ത്രീ എഴുത്തുകാര്‍ ഉള്‍പ്പെടെ ചില വസ്തുതകളെ അരുതായ്മകളായി മാറ്റിനിര്‍ത്തുകയോ ആവിഷ്കരണത്തില്‍ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തു. അവിടെയാണ് രാമനുണ്ണി ആഖ്യാനത്തിലും ആവിഷ്കരണത്തിലും വ്യത്യസ്തനാവുന്നത്. പുതിയ കാലത്തെ കൗമാരക്കാരി എന്ന പ്രയോഗത്തിന്‍െറ ഏറ്റവും വലിയ പ്രശ്നം നാല്‍പതുകാരുടെ തലമുറ ഇവരെ ഇന്‍റര്‍നെറ്റിന്‍െറ നെറ്റിലെ ലൈംഗിക വ്യവസായത്തിന്‍െറ  പ്രയോക്താക്കള്‍ എന്ന് കരുതിപ്പോരുന്നു. എന്നാല്‍, പുതിയ തലമുറക്ക് നഷ്ടമായത് പഴയകാലത്തെ തലമുറക്ക് നിത്യമായി ലഭിച്ചുകൊണ്ടിരുന്ന മുതിര്‍ന്നവരുടെ പോസിറ്റീവായ ഇടപെടലായിരുന്നു എന്ന വസ്തുത ആരും പരിഗണനക്കെടുക്കുന്നില്ല. ആ ഇടപെടലിലൂടെ സ്വാഭാവിക ലൈംഗിക ചോദനകള്‍ക്കുവരെ നിര്‍ദോഷമായ പരിഹാരങ്ങള്‍ ഉണ്ടായിരുന്നു എന്ന വസ്തുതയും തമസ്കരിക്കപ്പെടുന്നു. മനുഷ്യജീവിതം സമൂഹ ജീവിതമാകുമ്പോള്‍ ഒളിച്ചുപിടിച്ചു കൊണ്ടുതന്നെ തിന്നു തീര്‍ക്കുന്ന ചില മധുരങ്ങള്‍ ഉണ്ടെന്നും അവ അത്തരത്തില്‍ തന്നെ തിന്നു തീര്‍ക്കുന്നതാണ് ഉചിതമെന്നും സാമൂഹിക ജീവിതത്തെ ആ സംഗതികള്‍ അതിഘര്‍ഷണത്തില്‍ നിന്നും സംരക്ഷിക്കുന്നുണ്ടെന്നുമുള്ള തുറന്നുപറച്ചില്‍ ഈ കഥയില്‍ രാമനുണ്ണി നിര്‍വഹിക്കുന്നുണ്ട്. അത്തരമൊരു തുറന്നു പറച്ചിലിന്‍െറ വേദിയായി മലയാള കഥ മാറുന്ന ഇടം കൂടിയാണ് ഇത്.
കാറ്റ് രാഘവന്‍ ഈ കാലത്തിന്‍െറ പ്രതിനിധിയാകുന്നു. ഒരു വ്യക്തി അയാളുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ രൂപപ്പെട്ടു വരുന്നതിനിടയില്‍ അയാളുടെ വ്യക്തിത്വത്തിന് വന്നുഭവിക്കുന്ന വൈകല്യങ്ങള്‍ ചേര്‍ന്നു നിന്ന് അനുഭവിക്കുന്ന ഒരു സമൂഹമല്ല നമ്മുടെത്. കാരുണ്യരഹിതമായി അത്തരം വ്യക്തിത്വങ്ങളോട് പെരുമാറുമ്പോള്‍ കാഴ്ചക്കാരനാവുന്നവരുടെ പ്രതിനിധിയായി ആഖ്യാതാവ് മാറുന്ന കാഴ്ചയാണ് നാളിതുവരെ നമ്മുടെ കഥാലോകം കണ്ടത്. എന്നാല്‍, അതില്‍ നിന്ന് ഭിന്നമായി ആ വ്യക്തിയുടെ ഓരോ ചലനത്തിനുമൊപ്പം സഞ്ചരിച്ചു കൊണ്ട്  അയാളുടെ മനോലോകങ്ങളുടെ സൂക്ഷ്മസ്പന്ദം ഗ്രഹിച്ചു കൊണ്ട് അപാരമായ കാരുണ്യത്തോടെ തന്‍െറ കഥാപാത്രത്തെ സമൂഹ ശരീരത്തില്‍ തന്നെ നിഗ്രഹിക്കുകയെന്ന ജോലിയാണ് എഴുത്തുകാരന്‍ ഇവിടെ നിര്‍വഹിക്കുന്നത്. എന്നും സമൂഹത്തിന്‍െറ സദാചാര ബോധം നിഗ്രഹിക്കലാണെന്നും അതിനെതിരെ ഒച്ചകൂട്ടലാണ് എഴുത്തുകാരന്‍െറ ധര്‍മമെന്നും നമുക്കറിയാം. പക്ഷേ, ‘കാറ്റ് രാഘവനി’ലും ‘പ്രോബ്ളംസ് പ്രോബ്ളം’ എന്ന കഥയിലും ‘മാറിടം ഉണ്ടാവുന്നത്’ എന്ന കഥയിലുമെല്ലാം സമൂഹം ഏതു മാറിയ സാഹചര്യത്തിലും അതിന്‍െറ തുരുമ്പിച്ച ആയുധം തന്നെ സ്ഥിരമായി എടുത്തുപയോഗിക്കുന്നുവെന്ന് രാമനുണ്ണി രേഖപ്പെടുത്തുന്നു. ഈ ആയുധങ്ങള്‍ മാറേണ്ടതുണ്ടെന്നും ആര്‍ദ്രത ഈ ആയുധങ്ങള്‍ക്ക് പകരം ഇടപെടേണ്ടതുണ്ടെന്നും പുതിയ കുട്ടികളുടെ ലോകം പഴയ ആയുധങ്ങളെ വിലക്കെടുക്കാന്‍ ഇടയില്ലെന്നും ഈ രേഖപ്പെടുത്തലിലൂടെ രാമനുണ്ണി പറയാതെ പറയുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരന്‍െറ വധം ഈ അര്‍ഥത്തില്‍ വായിച്ചെടുക്കേണ്ട ഒരു കഥ തന്നെയായി ഈ സമാഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘തന്തപ്പറത്തെയ്യ’മാണ് ആ കഥ. ‘മനുഷ്യനെയും ജീവിതത്തെയും നിര്‍മിക്കുന്ന എഴുത്ത്’ എന്ന് തന്‍െറ എഴുത്തുജീവിതത്തെ രാമനുണ്ണി വിശദീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തന്‍െറ എഴുത്തിന്‍െറ ജൈവികതയെ മുറിപ്പെടുത്തുന്ന ഏതൊന്നിനെയും കൃത്യമായി ഡോക്യുമെന്‍റ് ചെയ്യുക എന്ന ധര്‍മം രാമനുണ്ണി അനുഷ്ഠിക്കുന്നുമുണ്ട്. അത്തരമൊരു അനുഷ്ഠാന ധര്‍മമാണ് തന്തപ്പറത്തെയ്യം എന്നു പറയാന്‍ മടിക്കേണ്ടതില്ല.
ഒരു യഥാര്‍ഥ സംഭവത്തിന്‍െറ, മാധ്യമങ്ങള്‍ മുന്നോട്ടു നീട്ടിവെച്ച് കാണിച്ചു തന്ന അനേകങ്ങളുടെ നടുവില്‍ നിന്നു കൊണ്ടാണ് തന്തപ്പറത്തെയ്യം ആരംഭിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍െറ വധം എന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് മുളപൊട്ടുന്ന ഒരു ഫിക്ഷന്‍ ത്രെഡിലേക്ക് കഥയുടെ ആദ്യത്തെ വരിയുടെ രണ്ടാം ഭാഗം തന്നെ ചേര്‍ത്തുവെക്കപ്പെടുന്നു. ഒരു തരത്തിലുള്ള അത്യുക്തിയുമില്ലാതെ, ഒരു മാധ്യമ പ്രവര്‍ത്തകന്‍ രൂപപ്പെടുത്തി എടുക്കുന്ന ഒരു ത്രെഡിനെ അയാള്‍ വിശദമാക്കുന്ന തരത്തില്‍ കഥ രൂപപ്പെട്ടുവരുന്നു. ചന്ദ്രശേഖരന്‍, രമ, അഭിനന്ദ് എന്നിവര്‍ കഥയില്‍ അതേ പോലെ രേഖപ്പെടുത്തുമ്പോള്‍ അതിന് ഒരു മറുപുറം പോലെ സൃഷ്ടിക്കപ്പെട്ട സി.പി.എം ഏരിയാ കമ്മിറ്റി അംഗം പുഷ്കരനും ഭാര്യയും മകന്‍ സുനിലും കഥയുടെ ശരീരത്തില്‍ വളരുന്നു. പിന്നീട് കേരളീയാന്തരീക്ഷത്തില്‍ സംഭവിച്ച യഥാര്‍ഥ സംഭവങ്ങളുടെ രേഖപ്പെടുത്തലിലൂടെ മാധ്യമങ്ങള്‍ ഒരു സംഭവത്തെ ‘മറന്നുപോകുന്നതിനെ’ കൃത്യമായി ആഖ്യാനം ചെയ്യുന്നു. പുഷ്കരന്‍ വധം വാര്‍ത്ത മെലിഞ്ഞ് മറന്നുപോകുന്നു. ഇത്രയും ആഖ്യാനത്തിലെ യഥാര്‍ഥ വര്‍ത്തമാനകാലമാണ്. ഈ വര്‍ത്തമാന കാലത്തിലേക്ക് വടക്കന്‍ കേരളം വന്നു ഭവിക്കേണ്ടുന്ന ആര്‍ദ്രതയുടെയും തിരിച്ചറിവുകളുടെയും ആഖ്യാനമാണ്. മനുഷ്യ ജീവിതത്തെ ചേര്‍ത്തുവെച്ചു ഇന്ന് വടക്കന്‍ കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ അസംബന്ധങ്ങളെയും മനുഷ്യഉന്മൂലനത്തെയും ഒരെഴുത്തുകാരന് പൊളിച്ചു കാട്ടാന്‍ കഴിയുക എന്നത്, അതും തന്‍െറ മാധ്യമത്തിലൂടെ ശക്തമായിത്തന്നെ സാധിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
ഏതുകാലത്തും രാമനുണ്ണി എഴുത്തില്‍ പ്രസ്ഥാനവക്താവായിരുന്നില്ല. മറിച്ച് മനുഷ്യന്‍െറ, ജീവിതത്തിന്‍െറ, മനുഷ്യനോടും ജീവിതത്തോടും നിറഞ്ഞ് പെയ്യേണ്ടുന്ന ആര്‍ദ്രതയുടെ വക്താവായിരുന്നു. കെട്ട കാലത്തിന്‍െറ നടുവിലിരുന്നു കൊണ്ട് ആ കാലത്തെ ആഖ്യാനം ചെയ്യുമ്പോഴും ഈ നയനിലപാട് കൈവിടുന്നില്ല എന്ന ആഹ്ളാദമാണ് തന്തപ്പറത്തെയ്യത്തെ 2012ലെ മികച്ച പുസ്തകങ്ങളില്‍ ഒന്നാക്കുന്നത്.

ഐ പി എല്‍ ലേലം: ഗ്ളെന്‍ മാക്സ്വെല്‍ 5.3 കോടിക്ക് മുംബൈ ഇന്ത്യന്‍സിന്

Posted: 02 Feb 2013 10:40 PM PST

Image: 

ചെന്നൈ:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം സീസണിനുള്ള കളിക്കാരുടെ ലേലം പുരോഗമിക്കുന്നു. ലേലത്തില്‍ ആസ്ട്രേലിയന്‍ ഓള്‍ റൗണ്ടറായ ഗ്ളെന്‍ മാക്സ്വെല്ലിനെ 5.3 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ലേലത്തില്‍ മലയാളിയായ അഭിഷേക് നായരെയും പേസ് ബോളര്‍ ആര്‍.പി സിംങിനെയും  സ്വന്തമാക്കാനാണ് ടീമുകള്‍ മത്സരിച്ചത് . ഓള്‍ റൗണ്ടര്‍ അഭിഷേക് നായരെ 3.5 കോടി രൂപ നല്‍കിയാണ് പൂണെ വാരിയേര്‍സ് വാങ്ങിയത്. ശ്രീലങ്കന്‍ താരം തിസര പെരേരയെ 3.5 കോടി നല്‍കി ഹൈദരബാദ് സണ്‍റൈസസും സ്വന്തമാക്കി. എന്നാല്‍ ഫാസ്റ്റ് ബോളറായ ആര്‍.പി സിംങിനെ ബംഗളൂര്‍ റോയല്‍ ചാലഞ്ചേഴ്സ് വാങ്ങിയത്  2.1 കോടി രൂപക്കാണ്.

റിക്കി പോണ്ടിങ്ങിനെ 2.1കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്ക് ഈ സീസണില്‍ പൂണെ വാരിയേര്‍സിനു വേണ്ടിയാണ് കളിക്കുക. 2.1 കോടി രൂപക്കാണ് വാരിയേര്‍സ് ക്ളാര്‍ക്കിനെ വാങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറായ ജൊഹാന്‍ ബോത്തയെ 2.3 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത്. ലുക്ക് പോമര്‍ബാഷിനെ 1.69 കോടി രൂപക്ക്  കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമില്‍ സ്ഥാനം ഉറപ്പിച്ചു.  

 ഡാരന്‍ ബ്രാവോ, ഡഗ് ബോലിഞ്ചര്‍, ഹെര്‍ഷല്‍ ഗിബ്സ് തുടങ്ങി എട്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങളും ലേല പട്ടികയിലുണ്ട്. 108 അംഗ ലേലപ്പട്ടിയ തയ്യറാക്കിയപ്പോള്‍ പാകിസ്താന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയില്ല. പാകിസ്താന്‍ താരങ്ങളെ ഇക്കുറി ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലുണ്ടായ നയതന്ത്ര ഉലച്ചിലുകളോടെ ഇത് മുടങ്ങി.

 

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: കല്‍മാഡിക്ക് മേല്‍ നാളെ കുറ്റം ചുമത്തും

Posted: 02 Feb 2013 10:30 PM PST

Image: 

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സംഘാടകസമിതി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡിക്കു മേല്‍ നാളെ ദല്‍ഹി കോടതി കുറ്റം ചുമത്തും.കല്‍മാഡിക്ക് പുറമെ സംഘാടക സമിതിയിലെ മറ്റു ഒമ്പത് അംഗങ്ങള്‍ക്കും സംഘാടകസമിതി സെക്രട്ടറി ജനറലായിരുന്ന ലളിത് ഭാനോട്ടിനു മേലും പ്രത്യേക സി ബി ഐ ജഡ്ജി രവീന്ദര്‍ കൗര്‍ കുറ്റം ചുമത്തും. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍,സര്‍ക്കാര്‍ ഖജനാവിന് 90 കോടിയുടെ നഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തുക.

2010ല്‍ നടന്ന ഗെയിംസില്‍ സമയം,സ്കോറും ഫലവും പ്രഖ്യാപിക്കുന്ന സംവിധാനത്തിന്റെ കരാര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സ്ഥാപനമായ 'സ്വിസ് ടൈമിങ്' ന്  അനധികൃതമായി നല്‍കിയതില്‍ സര്‍ക്കാരിന് 90 കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് കേസ്.

ഗെയിംസ് സംഘാടക സമിതി ഡയറക്ടര്‍ ജനറല്‍ വി.കെ.വര്‍മ, സംഭരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ സുര്‍ജിത് ലാല്‍, കായിക വിഭാഗം ജോ.ഡയറക്ടര്‍ എ.എസ്.വി. പ്രസാദ്, ട്രഷറര്‍ എം.ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തും.

 

മരണം വരെ പാടാനാണ് എനിക്കിഷ്ടം

Posted: 02 Feb 2013 10:28 PM PST

Image: 

ഒറ്റപ്പാലം തോട്ടക്കര ചേരിക്കുന്നിലെ സാധാരണക്കാരനായ എന്‍.കെ. ചന്ദ്രന്‍െറ വീട്ടിലെ സ്വീകരണമുറിയില്‍ ‘വാസന്ത പഞ്ചമിനാളു’പോലുള്ള നിലാവുള്ള ദിവസം ഒരു സൂര്യകാന്തിയെത്തി. ദശലക്ഷക്കണക്കിന് സംഗീത പ്രേമികളെ ശബ്ദമാധുര്യംകൊണ്ട് കുളിരണിയിച്ച എസ്. ജാനകിയായിരുന്നു ആ ‘സൂര്യകാന്തി’!
ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം പാടിയിട്ടുള്ള എസ്. ജാനകി ഹിന്ദി, ബംഗാളി, ഒറിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡുഗ എന്നീ ഭാഷകള്‍ കൂടാതെ സിംഹള, ജര്‍മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. 20,000ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുള്ള ജാനകിക്ക്, അവരുടെ വാക്കുകള്‍തന്നെ കടമെടുത്താല്‍, ഓരോ ഭാഷക്കാരും ഓരോ പാട്ട് കഴിയുമ്പോഴും ഒരു ‘നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്’ നല്‍കും. ഇത് തങ്ങളുടെ ഭാഷ ആഴത്തില്‍ പഠിച്ച ഒരാള്‍ പാടിയതാണെന്ന വിലയിരുത്തല്‍.
എസ്. ജാനകിയുമായുള്ള കൂടിക്കാഴ്ചക്ക് പോവുമ്പോള്‍ ഒറ്റ ചിന്തമാത്രമായിരുന്നു മനസ്സില്‍. കൂടിക്കാഴ്ച അവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതേയെന്ന്. വേണ്ട, പറ്റില്ല എന്നൊക്കെയുള്ള നെഗറ്റിവ് ഉത്തരം നല്‍കേണ്ട വ്യക്തികളോടുപോലും ചിരിച്ച മുഖത്തോടെ സ്വാഗതമരുളുന്ന അവര്‍ പത്മഭൂഷണ്‍ ബഹുമതി തിരസ്കരിച്ചിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും.
ചോദ്യത്തിനുമുമ്പേ, മലയാളി തന്‍െറ പാട്ടിനെ സ്വീകരിച്ചതിലുപരി തനിക്ക് നല്‍കിവരുന്ന സ്നേഹത്തെക്കുറിച്ച് അവര്‍ വാചാലയാവുന്നതാണ് കണ്ടത്. നക്ഷത്ര സൗകര്യമുള്ള പട്ടണത്തിലെ ഹോട്ടല്‍മുറി വേണ്ടെന്നുവെച്ച് നാട്ടിന്‍പുറത്തെ സാധാരണ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത് അഞ്ചുദിവസം താമസിക്കാന്‍ അവര്‍ തീരുമാനിച്ചതിന് പിന്നിലെ പ്രചോദനവും മറ്റൊന്നായിരുന്നില്ല.  പുത്രതുല്യനായ ഒറ്റപ്പാലത്തുകാരന്‍ സുജേഷിന്‍െറ കല്യാണം കൂടാനായിരുന്നു ഈ വരവ്.
പത്മഭൂഷണ്‍ പുരസ്കാരം തിരസ്കരിക്കുമെന്ന് വെളിപ്പെടുത്തുകയും എന്നാല്‍, ഭാരതരത്നം നല്‍കിയാല്‍ സ്വീകരിക്കുമെന്നും പറഞ്ഞ് ജാനകിയമ്മയുടെ ചില ആരാധകരെപ്പോലും നെറ്റിചുളിപ്പിച്ച സംഭവമായില്ലേയെന്ന് ചോദിച്ചാണ് തുടങ്ങിയത്. സദാ ചിരിച്ച മുഖഭാവമുള്ള അവരുടെ മുഖം പതുക്കെ ഗൗരവമുള്ളതായി. മറുപടി ഇതായിരുന്നു:
‘55 വര്‍ഷമായി ഞാന്‍ ഗാനാലാപന രംഗത്തുണ്ട്. ഇപ്പോള്‍ 75 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്നു. ഇതിനിടെ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണ ലഭിച്ചു. തമിഴ്നാട് സര്‍ക്കാറിന്‍േറത് ഏഴുതവണയും ആന്ധ്ര സര്‍ക്കാറിന്‍േറത് 10 തവണയും ലഭിച്ചു. മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നാലുതവണയും ലഭിച്ചു. കലൈമാമണി അവാര്‍ഡുള്‍പ്പെടെ ലഭിച്ച പുരസ്കാരങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. അങ്ങനെയുള്ള എനിക്ക് 75ാമത്തെ വയസ്സില്‍ ലഭിക്കേണ്ടതല്ല പത്മപുരസ്കാരം...’

  • അപ്പോള്‍ ഭാരതരത്നം സ്വീകരിക്കുമെന്ന് പറഞ്ഞതോ?

 രാഷ്ട്രം നല്‍കുന്ന ഏത് ബഹുമതിയും ഏറെ വലുതാണ്. ഒരിക്കലും ഭാരതരത്നം പുരസ്കാരത്തെ ഇകഴ്ത്താന്‍ വേണ്ടി പറഞ്ഞതല്ല. പലപ്പോഴും പത്മ ബഹുമതിപോലുള്ള പുരസ്കാരങ്ങള്‍ക്കായി ദക്ഷിണേന്ത്യക്കാരെ പരിഗണിക്കുന്നതിലുള്ള അവഗണനയോടുള്ള എതിര്‍പ്പാണ് ഞാന്‍ പ്രകടിപ്പിക്കാനുദ്ദേശിക്കുന്നത്. ചിലര്‍ക്ക് ലഭിക്കുന്നതാകട്ടെ, മരണാനന്തരവും. ഇതിലെ വൈരുധ്യം സഹിക്കാവുന്നതിലും അപ്പുറമാണ്.
(ഇത് പറയുമ്പോഴേക്കും തിളക്കമുള്ള ആ കണ്ണുകള്‍ കണ്ണീരണിഞ്ഞു.)
ഒരിക്കലും എന്‍േറതു മാത്രമായ പ്രശ്നമായി ഇതിനെ കാണരുത്. ഗാനങ്ങളുടെ വിവിധ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും 71 വയസ്സുവരെ ജീവിച്ചിരിക്കുകയും ചെയ്ത പി. ലീലക്ക് മരണാനന്തര ബഹുമതിയായാണ് 2006ല്‍ പത്മഭൂഷണ്‍ നല്‍കിയത്. മികച്ച ഗായികക്കുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും എണ്ണിയാലൊടുങ്ങാത്ത തരത്തില്‍ സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഇതേ ഗണത്തിലുള്ള പി. സുശീലക്ക് ഇതേവരെ നല്‍കിയുമില്ല.
മലയാളത്തിന്‍െറ ഭാവഗായകന്‍ സാക്ഷാല്‍ പി. ജയചന്ദ്രനും ഇതുതന്നെയല്ലോ അവസ്ഥ? കുറച്ചുമുമ്പ് അദ്ദേഹം എന്നെ കാണാന്‍ ഇവിടെ വന്നപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നു.  ഒരുതവണ ഗായകനുള്ള ദേശീയ അവാര്‍ഡും നാലുതവണ കേരള സംസ്ഥാന അവാര്‍ഡും തമിഴ്നാട് സംസ്ഥാന അവാര്‍ഡും കലൈമാമണി പുരസ്കാരവും ജയന് ലഭിച്ചിട്ടുണ്ട്. മികച്ചൊരു നടന്‍ കൂടിയാണദ്ദേഹം. എന്നിട്ടും പത്മ പുരസ്കാരം അപ്രാപ്യമായി തുടരുകയാണ്.

  • ഗാനരംഗത്തുള്ളവര്‍ക്ക് മാത്രമാണോ ഈ അവഗണന?

 ഗായികയെന്നുള്ള നിലക്ക് ആദ്യം ആ രംഗത്തുള്ളവരുടെ കാര്യം പറഞ്ഞുവെന്നേയുള്ളൂ. ഈ വര്‍ഷം രാജേഷ് ഖന്നക്ക് മരണാനന്തര ബഹുമതിയായാണ് പത്മപുരസ്കാരം സമ്മാനിച്ചത്. കലാരംഗത്തോ മറ്റോ കത്തിനില്‍ക്കുന്ന കാലത്ത് ആകസ്മികമായി മരണം സംഭവിക്കുകയാണെങ്കില്‍ മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കാവുന്നതാണ്. യുദ്ധത്തില്‍ മരിച്ചവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നല്‍കുന്നതില്‍ ഇതേവരെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. പക്ഷേ, കലാകാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവര്‍ക്ക് തങ്ങളുടെ മേഖലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും ആരോഗ്യത്തോടെയിരിക്കുമ്പോഴുമാണ് ഇത്തരം ബഹുമതികള്‍ ലഭിക്കേണ്ടത്.

  • ജാനകിയമ്മ പത്മഭൂഷണ്‍ തിരസ്കരിച്ചത് പ്രതീകാത്മകമാണെന്ന് പി. ജയചന്ദ്രനും തനിക്ക് ലഭിച്ച പത്മശ്രീ സ്വീകരിക്കണമോയെന്ന് പുനര്‍വിചിന്തനം  നടത്തുമെന്ന് നടന്‍ മധുവും അഭിപ്രായപ്പെട്ടതിന് പിന്നില്‍?

 പ്രണയാതുരനായ കാമുകനും ക്ഷുഭിതയൗവനക്കാരനുമായി സിനിമയിലെത്തിയ മധുവിന് കറുത്തമ്മയെ മനസ്സില്‍ കുടിയിരുത്തിയ പ്രണയതരളമായ മനസ്സുമായി ജീവിച്ച ചെമ്മീനിലെ പരീക്കുട്ടി എന്ന ഒറ്റ കഥാപാത്രം അനശ്വരമാക്കിയതിനു മാത്രം പത്മശ്രീ നല്‍കാമെന്നിരിക്കെ, പത്മഭൂഷണ് പരിഗണിക്കാന്‍ നല്‍കിയ പട്ടികയില്‍നിന്ന് താഴേക്കിറക്കി 80ാം വയസ്സില്‍ പത്മശ്രീ പുരസ്കാരമാണ് നല്‍കിയത്. അടുത്തകാലത്ത് സിനിമയിലെത്തിയ നടന്മാര്‍ക്കും സംവിധായകര്‍ക്കും മറ്റും പത്മശ്രീ വര്‍ഷങ്ങള്‍ക്കുമുമ്പേ ലഭിച്ചിട്ടുള്ള അവസ്ഥയിലാണിത് ചൂണ്ടിക്കാട്ടുന്നതെന്നും ഓര്‍ക്കണം. സംഗീതവും അഭിനയവും ജീവിതവ്രതമായി കണ്ട് ഔത്യത്തിലേറിയവര്‍ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയെന്താകും?

തന്നെ സ്നേഹിക്കുന്നവരുടെയും സംഗീതത്തെ ഇഷ്ടപ്പെടുന്നവരുടെയും പരിലാളനകള്‍ക്കും സ്നേഹപ്രകടനങ്ങള്‍ക്കുമുപരി മറ്റൊന്നും ആവശ്യംപോലുമല്ലാത്ത മാനസികാവസ്ഥയിലാണിപ്പോള്‍ എസ്. ജാനകി.  അഞ്ചുദിവസം നീണ്ട ഒറ്റപ്പാലത്തെ വീട്ടിലെ താമസം മാത്രം മതി ഇതിനുദാഹരണമായി. അഞ്ചുദിവസവും പുലര്‍ച്ചെ രണ്ടുമണിക്കുശേഷമാണ് അവര്‍ക്ക് കിടന്നുറങ്ങാന്‍ മുറിയിലേക്ക് പോകാനായത്. പ്രായഭേദമന്യേ അവരെ കാണാനെത്തിയവര്‍ നൂറുകണക്കിനായിരുന്നു. ഒരുവേള, താമസിച്ച വീട്ടിലെ ‘സദസ്യര്‍’ക്ക് മുന്നില്‍ അവര്‍ ഒരു കുട്ടിയെപ്പോലെ ശാസ്ത്രീയമായ നൃത്തച്ചുവടുകള്‍ വെച്ചു. മലയാളിയെ വിസ്മയിപ്പിച്ച ആ കൊച്ചു ശബ്ദത്തില്‍ അവര്‍ പാടി. ചേച്ചിയുടെ മകനും സന്തതസഹചാരിയും നൃത്താധ്യാപകനുമായ ബദരി ഇതിന് പ്രചോദനമാവുകയും ചെയ്തു.
 

  • സമൂഹത്തിന്‍െറ നാനാതുറകളില്‍പെട്ടവര്‍ പ്രായഭേദമന്യേ അനുഗൃഹീതയായ പ്രിയ ഗായികയെ കഴിഞ്ഞ നാലു ദിവസമായി കാണാനെത്തുന്നു. സംഗീത ലോകത്ത് ഇപ്പോള്‍ അത്രയധികം സജീവമല്ലാതിരുന്നിട്ടും മറ്റുള്ളവര്‍ക്ക് അസൂയ തോന്നുമാറുള്ള ഈ സ്നേഹാദരവിന്‍െറ കാരണമെന്താണ്?

 എനിക്കെപ്പോഴും ആരാധകര്‍ക്കിടയിലും വേണ്ടപ്പെട്ടവരുടെയിടയിലും ഇഴചേര്‍ന്ന് കഴിയാനാണിഷ്ടം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍പെട്ട പള്ളിപട്ല എന്ന സ്ഥലത്ത് ജനിച്ച എനിക്ക് ഒരു പക്കാ വള്ളുവനാട്ടുകാരിയാവാന്‍ ഒരു പ്രശ്നവുമില്ല. പ്രായദേമന്യേ എല്ലാവരോടും അവര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ പെരുമാറാനും കഴിയും. എന്തിനേറെ, പുളിയിഞ്ചി കൂട്ടിയുള്ള നാടന്‍ ശാപ്പാട് കഴിക്കുന്നതില്‍പോലും എനിക്കു മുന്നില്‍ മലയാളി തോറ്റുപോകും. നാടന്‍ രുചിഭേദങ്ങള്‍ കുറച്ചുദിവസം കൂടി അനുഭവിക്കാന്‍ അല്‍പമൊക്കെ കൂടെ കൊണ്ടുപോകുന്നുമുണ്ട്. ജാനകിയമ്മക്ക് ഇഷ്ടമുള്ളവ സംഘടിപ്പിക്കാന്‍ വീട്ടുകാരും അയല്‍വാസികളും തമ്മില്‍ മത്സരം വരെ നടക്കുന്നു. അപ്പോഴാണ് എനിക്ക് പത്മഭൂഷണ്‍ ജനങ്ങള്‍ എന്നേ നല്‍കിക്കഴിഞ്ഞതായി പറയാന്‍ കഴിയുന്നത്.

  • ആദ്യമായി സിനിമക്കുവേണ്ടി പാടിയതും അവസാനമായി പാടിയതും ഒന്നോര്‍ത്തെടുക്കാമോ?

 മാസങ്ങള്‍ക്കു മുമ്പ് കുളിമുറിയില്‍ വീണു പരിക്കുപറ്റിയതോടെ ഇനി പാടാനാവുമോയെന്ന് ആശങ്കപ്പെട്ടിരുന്നു. പക്ഷേ, കഴിഞ്ഞ ജനുവരി നാലിന് യേശുദാസിനോടൊപ്പം ഒരു യുഗ്മഗാനം ആലപിച്ച് റെക്കോഡ് ചെയ്തു. ധനുഷിന്‍െറ ഏറ്റവും പുതിയ തമിഴ് ചിത്രത്തിനുവേണ്ടിയാണിത്. 1957ല്‍ 19ാം വയസ്സില്‍ ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് സിനിമക്കുവേണ്ടി  ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനമാലപിച്ചാണ് പിന്നണി ഗാനരംഗത്തെത്തിയത്.

  • ഇനിയും സിനിമാ ഗാനങ്ങള്‍, വിശേഷിച്ച് മലയാള ഗാനങ്ങള്‍ പ്രതീക്ഷിക്കാമോ?

 തീര്‍ച്ചയായും. എന്‍െറ ശബ്ദം കേള്‍ക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്കുമുന്നില്‍ മരണം വരെ പാടാനാണെനിക്കിഷ്ടം.

  • ലളിതമായ ഈ വേഷവിധാനം ചെറുപ്പം മുതലേ ശീലമാക്കിയതാണോ?

 ചെറുപ്പം മുതലേ ആഡംബരങ്ങളോട് വലിയ മമതയില്ല; ആഭരണങ്ങളോട് പ്രത്യേകിച്ചും. 12 വര്‍ഷംമുമ്പ് ഭര്‍ത്താവ് വി. രാമപ്രസാദ് മരിച്ചതോടെ നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട് ചന്ദനംകൊണ്ടും ഭസ്മം കൊണ്ടും നീട്ടിവരച്ച കുറികള്‍ക്ക് വഴിമാറി. കൂടുതല്‍ നേരം പ്രാര്‍ഥനയാണ്. പിന്നെ ആരാധകര്‍ക്കുവേണ്ടി സംഗീതവും.

  • മറ്റു കുടുംബാംഗങ്ങള്‍?

 ഏക മകന്‍ മുരളീകൃഷ്ണ. മരുമകള്‍ ഉമ. അവര്‍ക്ക് അമൃതവര്‍ഷിണി, അപ്സര എന്നീ മക്കള്‍. കുടുംബത്തോടൊപ്പമുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. ചേച്ചിയുടെ മകന്‍ ബദരീനാഥ് യാത്രകളിലൊക്കെ കൂടെയുണ്ടാവും. ബദരീനാഥിന്‍െറ കൂട്ടുകാരനായ സുജേഷ് എനിക്ക് മകനെപ്പോലെയാണ്.

ആന്ധ്രക്കാരിയായി വന്ന് വള്ളുവനാട്ടുകാരിയായാണ് എസ്. ജാനകി മടങ്ങിയത്. യാത്രയാക്കാനെത്തിയത് നിഷ്കളങ്കരായ ഗ്രാമീണരായിരുന്നു. അവരുടെ സ്നേഹവായ്പിനുമുന്നില്‍ ജാനകിയമ്മയുടെയും കണ്ണ് നിറഞ്ഞു. തെല്ലിട പക്വത വീണ്ടെടുത്ത അവര്‍ പറഞ്ഞു: വൈകാതെ ഞാന്‍ വീണ്ടും വരും.
l

ഡി.ഐ.ജി ശ്രീജിത്തിനെതിരെ നടപടിവേണമെന്ന് ഡി.ജി.പി

Posted: 02 Feb 2013 10:24 PM PST

Image: 

തിരുവനന്തപുരം: ഡി.ഐ.ജി ശ്രീജിത്തിനെതിരെ നടപടിവേണമെന്ന് ഡി.ജി.പി യുടെ റിപ്പോര്‍ട്ട്. ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്ത് അദ്ദേഹത്തിനെതിരായ ആരോപണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഡി.ജി.പി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ കെ.എ റഊഫ് നടത്തിയ ഇടപെടലുകളില്‍ ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നടപടിയെടുക്കണമെന്ന് ഡി.ജി.പി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കുമാണ് ഡി.ജി. പി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്തി ഉന്നതപൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട്  അന്വേഷിപ്പിക്കണമെന്നാണ് ഡി.ജി.പി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ജോയിന്‍്റ് ഡയറക്ടറായ ശ്രീജിത്തിനെതിരെയുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഐസ്ക്രീം കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ റഊഫുമായി ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഊഫുമായി ചേര്‍ന്ന് ഡി.ഐ.ജി ശ്രീജിത്ത് കുടകിലുള്ള ഒരാളുടെ ഭൂമി തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് റഊഫുമായി നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ഡി.വൈ.എസ്.പി അഭിലാഷിനെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിലും ശ്രീജിത്തിന്റെ പങ്കിനെ കുറിച്ചും ഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയ്ഞ്ച് ഐ.ജി ഗോപിനാഥ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ശ്രിജിത്തില്‍ നിന്നും ഡിവൈഎസ്പി അഭിലാഷില്‍ നിന്നും ഗോപിനാഥ് മൊഴിരേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഐജി ഗോപിനാഥ് ഡിജിപി കെ.എസ്.ബാലസുബ്രമണ്യത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സൂര്യനെല്ലി കേസ് പുനരന്വേഷണം: നിയമോപദേശത്തിന് ശേഷം തീരുമാനം

Posted: 02 Feb 2013 09:54 PM PST

Image: 

തിരുവന്തപുരം: സൂര്യനെല്ലിക്കേസില്‍ നിയമോപദേശം കിട്ടിയശേഷം തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 17 വര്‍ഷം മുമ്പ് നടന്ന സംഭവം പലരും അന്വേഷിച്ചതാണ്. വീണ്ടുമൊരു അന്വേഷണം വേണമോയൊന്ന് വിദഗ്‌ധോപദേശത്തിന് ശേഷം മാത്രമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ എ.ജിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന സിബി മാത്യൂസിന്റെയും കെ.കെ. ജോഷ്വായുടേയും പ്രശ്‌നത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടില്ല. കുര്യനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കരുതുന്നത്. ഒരാളെ വ്യക്തിപരമായി ഇത്തരത്തില്‍ അധിക്ഷേപിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ജോഷ്വക്കെതിരെ കുര്യന്റെ പരാതി ലഭിച്ചിരുന്നു. ജോഷ്വക്കെതിരെ നടപടിയെടുക്കാതിരുന്നതിന് കാരണങ്ങളുണ്ട്. കുര്യന്റെ പരാതി ലഭിക്കുമ്പോള്‍ ജോഷ്വ വിജിലന്‍സ് വിഭാഗത്തില്‍ ആയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ജോഷ്വക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ബോധ്യമായിരുന്നു. അക്കാരണത്താലാണ് ജോഷ്വക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കുര്യന്‍ തന്നെ പീഡിപ്പിച്ചെന്നും ഇക്കാര്യത്തില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് ഫാക്‌സ് അയച്ചിരുന്നു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP