തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയരും Posted: 18 Feb 2013 11:26 PM PST മുംബൈ: സ്വകാര്യ വാഹനങ്ങളുടേതുള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക കുത്തനെ ഉയര്‍ത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷം നിലവില്‍ വരുന്ന പ്രീമിയം വര്‍ധനക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) തത്വത്തില്‍ അനുമതി നല്‍കി. വര്‍ധന നിലവില്‍ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 38.87 ശതമാനം ഉയരും. അതേസമയം വാണിജ്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം 10 ശതമാനം വര്‍ധിക്കും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഐ.ആര്‍.ഡി.എ പ്രീമിയം തുകയില്‍ വന്‍ വര്‍ധന വരുത്തുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ വിവിധ വിഭാഗങ്ങളിലെ കാറുകള്‍ക്ക് വ്യത്യസ്ഥ നിരക്കിലുള്ള പ്രീമിയം ചുമത്തുന്നതും ഇല്ലാതാകും. എല്ലാ തരം കാറുകള്‍ക്കും ഏകീകൃത നിരക്കില്‍ പ്രീമിയം ചുമത്താനാണ് തീരുമാനം. ഇനിമുതല്‍ പണപ്പെരുപ്പസൂചിക അടിസ്ഥാനമാക്കി ഇന്‍ഷുറന്‍സ് പ്രീമിയം എല്ലാ വര്‍ഷവും വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി ലഭിക്കുന്ന തുകയുടെ 200 ശതമാനത്തോളമാണെത്രെ നഷ്ടപരിഹാരമായി ഓരോ വര്‍ഷവും അനുവദിക്കുതെന്നാണ് ഐ.ആര്‍.ഡി.എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനപരമായ പല മാറ്റങ്ങളും നടപ്പാക്കിയിരുന്നു. ഇതു പ്രകാരം തേര്‍ഡ് പാര്‍ട്ടി പോളിസികളുടെ നഷ്ടപരിഹാരം സംയുക്ത പൂള്‍ ഇല്ലാതാക്കി. ഇതിനു പകരം ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിരക്ഷ ലഭ്യമാക്കാത്ത അപകട സാധ്യതകള്‍ക്കായി നിധി രൂപവത്കരിച്ചു. 2012 ഏപ്രിലില്‍ 7000 കോടി രൂപ ഈ നിധിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിത് 125 കോടി രൂപയായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്ക് കുത്തനെ ഉയര്‍ത്താന്‍ തീരുമാനിച്ചത്. പ്രീമിയം നിരക്കിലെ വര്‍ധന കുറഞ്ഞ സി.സിയുള്ള വാഹനങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍. ആള്‍ട്ടോ, ഇയോണ്‍, സ്പാര്‍ക്ക്, നാനോ തുടങ്ങിയ മോഡലുകള്‍ക്ക് പ്രീമിയത്തില്‍ 85 ശതമാനത്തോളം വര്‍ധനയുണ്ടാവും. സ്വിഫ്റ്റ്, റിറ്റ്‌സ്, ബീറ്റ്, സാന്‍ട്രോ, ഐ10 തുടങ്ങിയ മോഡലുകള്‍ക്ക് 43 ശതാമാനത്തോളമായിരിക്കും വര്‍ധന. വാണിജ്യ വാഹനങ്ങളുടെ പ്രീമിയത്തിലെ വര്‍ധന 30 ശതമാനമായിരിക്കും. ചില വിഭാഗം വാണിജ്യ വാഹനങ്ങളുടെ പ്രീമിയം തുക കുറയുകയും ചെയ്യും. |
കോപ്റ്റര്‍ കോഴ: എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെക്കാം -ആന്റണി Posted: 18 Feb 2013 11:13 PM PST ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെക്കാമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും കൈകള്‍ ശുദ്ധമാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറ്റലിയില്‍നിന്ന് രേഖകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതിന് ആവശ്യമായ തെളിവുകള്‍ കിട്ടണം. വിദേശമന്ത്രാലയവുമായി പ്രതിരോധ മന്ത്രാലയത്തിന് അഭിപ്രായഭിന്നതയില്ല. സര്‍ക്കാറിന് ഈ വിഷയത്തില്‍ രണ്ട് അഭിപ്രായമില്ല. എത്ര വലിയ കരാര്‍ ആയാലും അഴിമതി ഉണ്ടെന്ന് കണ്ടാല്‍ റദ്ദാക്കും. കരാര്‍ റദ്ദാക്കാനുള്ള തീരുമാനം ആന്റണി തനിയെ കൈക്കൊണ്ടതായ ആക്ഷേപം പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. അതിവിശിഷ്ട വ്യക്തികള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റലിയില്‍നിന്ന് 12 അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിന്റെ മറവില്‍ പത്തുശതമാനം കോഴ ഇടപാട് നടന്നെന്ന ആരോപണം യു.പി.എ സര്‍ക്കാറിനെ ഉലച്ച സാഹചര്യത്തിലാണ് ആന്റണി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത്. ഇറ്റലിയില്‍ അന്വേഷണവും അറസ്റ്റും നടന്നതിന് പിന്നാലെ ആന്റണി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇറ്റലിയില്‍നിന്ന് രേഖകള്‍ സംഘടിപ്പിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അവിടേക്ക് പുറപ്പെടുകയും ചെയ്തു. ഇറ്റലിയില്‍ അന്വേഷണം ആരംഭിച്ച് എത്രയോ കഴിഞ്ഞാണ് ഇന്ത്യ അനങ്ങിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ നടപടി ആരംഭിച്ചെന്നാണ് ആന്റണി പറഞ്ഞത്. ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടതില്ലെന്നും ആന്റണി വ്യക്തമാക്കി. മറ്റന്നാള്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോപ്റ്റര്‍ കോഴ വലിയ വിഷയമാകും. |
വേലുപ്പിള്ള പ്രഭാകരന്റെ മകനെ കൊന്നത് സൈന്യത്തിന്റെ കസ്റ്റഡിയില്‍ Posted: 18 Feb 2013 10:01 PM PST ലണ്ടന്‍: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെമകന്‍ വെടിയേറ്റു മരിക്കുന്നതിനു മുമ്പ് സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു. ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോറാണ് വേലുപ്പിള്ള പ്രഭാകരന്റെമകന്‍ ബാലചന്ദ്രന്‍ പ്രഭാകരന്‍ മരിക്കുന്നതിനു മുമ്പുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. പന്ത്രണ്ടുകാരനായ ബാലചന്ദ്രന്‍ സൈന്യത്തിന്റെകസ്റ്റഡിയില്‍ ഇരിക്കുന്നതും വെടിയേറ്റു മരിച്ചു കിടക്കുന്നതുമായ ചിത്രങ്ങളാണ് ചാനല്‍ ഫോര്‍ നടത്തിയ ഡിജിറ്റല്‍ ഇമേജ് അനാലിസിലൂടെ പുറത്തുവിട്ടത്. ഒരേ ക്യാമറ ഉപയോഗിച്ച് രഹസ്യമായി പകര്‍ത്തിയ ചിത്രങ്ങളില്‍ ബാലചന്ദ്രന്‍ പ്രഭാകരന്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുന്നതും, സൈനികര്‍ കൊടുത്ത ബിസ്കറ്റ് കഴിക്കുന്നതും പിന്നീട് വെടിയേറ്റു മരിച്ചു കിടക്കുന്നതുമായ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ശ്രീലങ്കന്‍ സേന പിടികൂടിയതിനുശേഷം കുട്ടിയെ മണല്‍ ചാക്കുകള്‍ നിറച്ച ബങ്കറില്‍ ഇരുത്തി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപ്പെത്തിയിരിക്കുന്നത്. അടുത്തമാസം ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലില്‍ അവതരിപ്പിക്കാനിരിക്കുന്ന ‘നോ വാര്‍ സോണ്‍: ദ കില്ലിങ് ഫീല്‍ഡ്സ് ഓഫ് ശ്രീലങ്ക’ എന്ന ഡോക്യൂമെന്‍്ററിയുടെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. ഡോക്യുമെന്‍്ററിയുടെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന് തലവേദനയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയിലെ തമിഴ്വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ നടപടിയുണ്ടാക്കുന്നതിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പുതിയ തെളിവുകള്‍ സഹായകമാകുമെന്നാണ് സൂചന. |
നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് രാജിവെച്ചു Posted: 18 Feb 2013 09:58 PM PST കൊഹിമ: നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപയും ആയുധങ്ങളും അസം റൈഫിള്‍സ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് നാഗ പീപ്പിള്‍സ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്നു രാജിവെക്കാന്‍ ആഭ്യന്തര മന്ത്രി തീരുമാനമെടുത്തത്. രാജിക്കത്ത് മുഖ്യമന്ത്രി നെയ്ഫിയു റിയൊവിനു കൈമാറി. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കൂടിയായ ഇംചെന്നിനെ അയോഗ്യനാക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച ഇംചെന്‍ ആയുധ നിയമപ്രകാരം കടുത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഇംചെന്നിനെതിരേ എന്‍.ഐ.എ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്വന്തം നിയോജകമണ്ഡലമായ കൊറിദംഗയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപക്ക് പുറമെ അഞ്ച് തോക്കുകളും 140 വെടിയുണ്ടകളുമാണ് അസം റൈഫിള്‍സ് പിടികൂടിയത്. വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. |
നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ സജീവം Posted: 18 Feb 2013 08:58 PM PST പൂന്തുറ: പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ വിപണനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വിപണികളില്‍ നിരോധിത പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വിറ്റ്പോകുന്നു. ജനുവരി ഒന്ന് മുതലാണ് നഗരത്തില്‍ നഗരസഭ പ്ളാസ്റ്റിക് ബഹിഷ്കരണം കര്‍ശനമാക്കിയത്. മാലിന്യത്താല്‍ വീര്‍പ്പ്മുട്ടുന്ന നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന വിപത്ത് മാരകമാണ്. ഇത് മുന്‍നിര്‍ത്തിയാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല മോഡലില്‍ നഗരത്തില്‍ പ്ളാസ്റ്റിക് ബഹിഷ്കരണം നടപ്പിലാക്കിയത്. പ്ളാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ മാലിന്യം വലിച്ചെറിയുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന്‍െറയും കൂടി അടിസ്ഥാനത്തിലായിരുന്നു ബഹിഷ്കരണം പ്രഖ്യാപിച്ചത്. നഗരത്തിലും തീരദേശത്തും ഒട്ടുമിക്ക സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും നിരോധിച്ച പ്ളാസ്റ്റിക് കവറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മുപ്പത് മൈക്രോണില്‍ താഴെയുള്ള പാസ്റ്റിക് ഉല്‍പന്നങ്ങള്‍ പോലും വിപണിയില്‍ സുലഭമാണ്. മുപ്പത് മൈക്രോണില്‍ കുറവ് കനമുള്ള പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധം നേരത്തെ നടപ്പിലാക്കിയിരുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക പരിസ്തിതിക്ക് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലുള്ള ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പോലും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം മൂലം ഫലവത്തായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ് നഗരസഭക്കുള്ളത്. ഇതിന് പുറമെയാണ് ഒരു നിയന്ത്രണവും ഇല്ലാതെ വീണ്ടും പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യങ്ങള്‍ പൊതുവഴികളില്‍ തള്ളുന്നത്. അറവ്ശാലകളിലെ മാംസത്തിന്‍െറ അവശിഷ്ടങ്ങള്‍പോലും പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് റോഡിന്‍െറ വശങ്ങളില്‍ വലിച്ചെറിയുന്നത് നഗരത്തിന്‍െറയും തീരത്തിന്‍െറയും വിവിധഭാഗങ്ങളില്‍ ഇപ്പോഴും സ്ഥിരം കാഴ്ചയാണ്. കവറുകള്‍ പോലെ തന്നെ തലസ്ഥാന നഗരം നേരിടുന്ന മറ്റൊരു സാമൂഹിക വിപത്താണ് പ്ളാസ്റ്റിക് കുപ്പിമാലിന്യങ്ങള്‍. കുടിവെള്ള കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊതുകുളങ്ങള്‍, കായലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ മലിനപ്പെടുത്താറുണ്ട്. ഇവ ഫലവത്തായി സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. അതേ സമയം നഗരസഭയുടെ പ്ളാസ്റ്റിക് നിയന്ത്രണം ചെറുകിട വ്യാപാരികളില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന പരാതിയും വ്യാപകമാണ്. ചെറുകിട വ്യാപാരികളില്‍ കര്‍ശനമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമ്പോഴും നഗരത്തിലെ വന്‍കിട വ്യാപാരകേന്ദ്രങ്ങളില്‍ പ്ളാസ്റ്റിക് കവറുകള്‍ യഥേഷ്ടം വിതരണം ചെയ്യുകയാണ്. നിരോധിച്ച പ്ളാസ്റ്റിക് കവറുകളുടെ വന്‍ശേഖരമാണ് പലവ്യാപാര സ്ഥാപനങ്ങളിലും ഇപ്പോഴുമുള്ളത്. അതേ സമയം നിരോധിത പ്ളാസ്റ്റിക് കണ്ടെത്തുന്നതിനായി നഗരസഭ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പരിശോധനകള്‍ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമാണ്. |
സൈബര്‍ കുറ്റകൃത്യം: തലസ്ഥാനനഗരം മുന്നില്‍ Posted: 18 Feb 2013 08:57 PM PST തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങളില്‍ തലസ്ഥാന നഗരം മുന്നില്‍. കഴിഞ്ഞവര്‍ഷം നടന്ന സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 4000 പരാതികള്‍. മൊബൈല്‍ ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് തലസ്ഥാന നഗരത്തില്‍ ഏറ്റവുമധികം കേസുകളുള്ളത്. ഇതിലേറെയും പെണ്‍കുട്ടികളെ വഞ്ചിക്കാനും ശല്യം ചെയ്യാനും ശ്രമിച്ച കേസുകളാണ്. തലസ്ഥാന നഗരത്തിന് തൊട്ടുപിന്നില്‍ കൊച്ചിയാണ്- 3500 കേസുകള്‍. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് -300 പരാതികള്‍. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് കഴിഞ്ഞവര്‍ഷം കൈമാറിയ 3000ത്തോളം കേസുകളില്‍ കൂടുതലും തലസ്ഥാന നഗരത്തില്‍ നിന്നാണ്. നഗരത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളിലേറെയും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട കേസുകളാണ്. ഭീഷണിപ്പെടുത്തല്‍, അശ്ളീല സംഭാഷണം തുടങ്ങി മിസ്ഡ്കോള്‍ വരെ പരാതി പട്ടികയിലുണ്ട്. മൊബൈല്‍ മോഷണം, നഷ്ടപ്പെടല്‍ എന്നിവയും നിരവധിയാണ്. പ്രണയം നടിച്ച് പെണ്‍കുട്ടികളുടെ വീഡിയോ ക്ളിപ്പിങ് കൈമാറുന്ന സംഭവങ്ങളുമുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളും തലസ്ഥാനനഗരത്തില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഫേസ്ബുക്ക് വ്യാജ പ്രൊഫൈലുമായി ബന്ധപ്പെട്ട കേസുകള്‍, ഇന്‍റര്‍നെറ്റ് ദുരുപയോഗങ്ങള്‍ എന്നീ പരാതികളുമുണ്ട്. പരാതികള്‍ പെരുകുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്. അതീവ ഗുരുതരമായ 50ഓളം കേസുകള്‍ ജില്ലാ സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ടെങ്കിലും കുറ്റപത്രം തയാറായത് വളരെ കുറച്ച് മാത്രമാണ്. ഇതിന് കാരണമായി നിരവധി തടസ്സങ്ങളും അധികൃതര്‍ പറയുന്നുണ്ട്. പല കുറ്റകൃത്യങ്ങളിലും അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ പരാതി പിന്‍വലിക്കുകയോ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യപ്പെടുന്നു. കേരളത്തിന് പുറത്തേക്ക് അന്വേഷണം നീളുന്ന കേസുകളില്‍ അതിനുള്ള ശക്തമായ സംവിധാനങ്ങള്‍ ഇവിടെയില്ല. ഇതിനാല്‍ വിദേശ സെര്‍വറുകളെ ആശ്രയിക്കുമ്പോള്‍ ആവശ്യത്തിനുള്ള വിശദാംശങ്ങള്‍ കിട്ടാതെവരുന്നു. ഹാര്‍ഡ് ഡിസ്ക് സംബന്ധിച്ച കേസുകള്‍ കണ്ടെത്താന്‍ സ്വന്തമായി ഡിജിറ്റല്‍ ഫോറന്‍സിക് ലാബുകളുണ്ടെങ്കിലും ഇപ്പോഴും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സി-ഡാക്കിനെ ആശ്രയിക്കേണ്ടിവരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മാത്രം തന്നെ ഇത്തരം നിരവധി കേസുകള്‍ ഉണ്ടായതായി അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റവാളികളെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവിഷ്കരിക്കേണ്ടിവരും. |
മാരകായുധങ്ങളുമായെത്തിയ സംഘം വീടുകള്‍ തകര്‍ത്തു Posted: 18 Feb 2013 08:54 PM PST ഇരവിപുരം: മാരകായുധങ്ങളുമായെത്തിയ സംഘം വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിനടുത്ത് രണ്ട് വീടുകള്‍ അടിച്ചുതകര്‍ത്തു. വീടിനകത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ നശിപ്പിച്ച സംഘം വീട്ടുപുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. ചൂരാങ്ങല്‍ പാലത്തിനടുത്ത് പെരുങ്കുളം നഗര്‍ ചരുവിള വീട്ടില്‍ ശശികല, വിജയമ്മ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതികളെ പിടികൂടുന്നതിനായി ഇരവിപുരം പൊലീസും കൊല്ലം എ.സി.പിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. |
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്ന് പറഞ്ഞിട്ടില്ല -ആര്യാടന്‍ Posted: 18 Feb 2013 08:49 PM PST തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. എ.കെ ബാലനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. |
ഭവാനി വധം: പ്രതി മണികണ്ഠന്‍ കുറ്റക്കാരന്‍ Posted: 18 Feb 2013 08:45 PM PST തൊടുപുഴ: മൂന്നാര്‍ വാഗുവരൈ എസ്റ്റേറ്റില്‍ നേവല്‍ ഡിവിഷന്‍ ആറുമുറി ലയത്തില്‍ മുരുകന്‍െറ ഭാര്യ ഭവാനിയെ (36) കഴുത്ത് മുറുക്കി കൊലപ്പെടുത്തി 64 ഗ്രാം സ്വര്‍ണവും 5000 രൂപയും കവര്‍ന്ന കേസിലെ പ്രതി എട്ടുമുറി ലയത്തില്‍ മണിയെന്ന മണികണ്ഠന്‍ (22) കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.കെ. അരവിന്ദ ബാബു വിധി പ്രസ്താവിച്ചു. 2005 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മുരുകന്‍ തമിഴ്നാട്ടില്‍ ഡ്രൈവറാണ്. ഭാര്യ ഭവാനി ഒറ്റക്കാണ് ലയത്തില്‍ താമസം. ഏഴിന് വൈകുന്നേരം മുതല്‍ ഭവാനിയുടെ മുറി പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസി അറിയിച്ചതനുസരിച്ച് ഭവാനിയുടെ പിതാവ് ചെല്ലയ്യയും മറ്റും 10 ന് പൂട്ട് പൊളിച്ച് മുറിക്കകത്ത് കടന്നപ്പോഴാണ് ഭവാനിയെ കൊല്ലപ്പെട്ട നിലയിലും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും മനസ്സിലായത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് സംഭവത്തിന് ഒരുവര്‍ഷം കഴിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതി സ്വര്‍ണം പണയം വെക്കുകയും വില്‍ക്കുകയും ചെയ്ത സ്ഥാപനങ്ങളിലും പണം ഉപയോഗിച്ച് വാഹനം വാങ്ങിയ സ്ഥാപനത്തിലും പൊലീസ് അന്വേഷണം നടത്തി. കേസില്‍ 28 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 25 പ്രമാണവും 18 തൊണ്ടി മുതലും കോടതി തെളിവായി സ്വീകരിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മൂന്നാര്‍ സി.ഐ പി.ടി. കൃഷ്ണന്‍കുട്ടി, ഡിവൈ.എസ്.പി പി. മുഹമ്മദ് ഫൈസല്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.പി. ഫിലിപ്പ്,എം.കെ. പുരുഷോത്തമന്‍, കെ. ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ.പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. നൂര്‍ സമീര്‍ കോടതിയില്‍ ഹാജരായി. ശിക്ഷയെപ്പറ്റി വാദം കേള്‍ക്കുന്നതിന് കേസ് 19 ലേക്ക് അവധിക്ക് വെച്ചു. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. |
പമ്പയില്‍ നീരൊഴുക്ക് കുറഞ്ഞു; കുടിവെള്ളക്ഷാമം രൂക്ഷം Posted: 18 Feb 2013 08:42 PM PST കോഴഞ്ചേരി: പമ്പയിലെ നീരൊഴുക്ക് നിശ്ചലാവസ്ഥയിലെത്തിയതോടെ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെ നദീതീര ഗ്രാമങ്ങള്‍ കുടിവെള്ളത്തിന് പരക്കം പായുകയാണ്. അയിരൂര്‍, ചെറുകോല്‍, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം, മല്ലപ്പുഴശേരി, ആറന്മുള തുടങ്ങിയ പഞ്ചായത്തുകളിലാണ് ശുദ്ധജലക്ഷാമം ഭീതിജനകമായ അവസ്ഥയിലെത്തിയത്. അയിരൂര്‍ പഞ്ചായത്തിലെ വെള്ളിയറ, മതാപ്പാറ, കാഞ്ഞീറ്റുകര, പുത്തന്‍ശബരിമല, തടിയൂര്‍, കാവുംമുക്ക്, മലമ്പാറ, തോട്ടപ്പുഴശേരി പഞ്ചായത്തിലെ പൊന്മല, പരുത്തിമുക്ക്, ചരല്‍ക്കുന്ന്, ചേറ്റുതടം, മൈലാടുംപാറ, കള്ളിപ്പാറ, പ്രമാടം, നെല്ലിമല, ചെറുകോല്‍ പഞ്ചായത്തിലെ കൊറ്റനല്ലൂര്‍, ചണ്ണമാങ്കല്‍, കാട്ടൂര്‍, കിളിയാനിക്കല്‍, വയലത്തല, കച്ചേരിപ്പടി, കാട്ടൂര്‍ പേട്ട, കോഴഞ്ചേരി പഞ്ചായത്തിലെ വെണ്ണപ്രപാറ, മേലുകര, കീഴുകര, മേലുകര ലക്ഷംവീട്, കുരങ്ങുമല, ചേക്കുളം, വഞ്ചിത്രമല, ആറന്മുള പഞ്ചായത്തിലെ ഉറുമ്പുമല, മുടിമല, പരുത്തുപാറ, മലമോടി, മയ്യാവ്, ശബരിമാന്‍തടം, ശാന്തിക്കുഴി, നീര്‍വിളാകം, മല്ലപ്പുഴശേരി പഞ്ചായത്തിലെ പുന്നയ്ക്കാട്, കുറുന്താര്‍, കാരംവേലി, നെല്ലിക്കാല, ഓന്തേകാട്, കാഞ്ഞിരവേലി തുടങ്ങിയ ഗ്രാമങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. മുന്‍കാലങ്ങളില്‍ വേനല്‍ ആരംഭിക്കുന്നതോടെ സംസ്ഥാന സര്‍ക്കാറിന്‍െറയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിച്ചിരുന്നു. വരണ്ട ഭൂമിക്ക് മുന്നില്‍ കണ്ണീരോടെ കാത്തിരിക്കുന്ന നാട്ടിന്‍പുറങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ഭരണാധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അയിരൂരിലെ നീലംപ്ളാവിലിലും ചെറുകോലിലെ പുതമണ്ണിലും കോഴഞ്ചേരിയിലെ കീഴുകരയിലും തോട്ടപ്പുഴശേരി പഞ്ചായത്തിലെ പ്രമാടത്തും മല്ലപ്പുഴശേരി പഞ്ചായത്തിലെ പരപ്പുഴയിലും ആറന്മുള പഞ്ചായത്തിലെ മാലക്കരയിലും ശുദ്ധജലപദ്ധതി കിണറുകള്‍ ഉണ്ടെങ്കിലും നദിയില്‍ മതിയായ നീരൊഴുക്കില്ലാത്തതുമൂലം ശുദ്ധജലം പമ്പ് ചെയ്യാന്‍ കഴിയുന്നില്ല. ചരിത്രത്തിലാദ്യമായാണ് നദിയിലെ നീരൊഴുക്ക് ഇത്ര കുറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ചെറുകോല്‍പ്പുഴയിലെ കണ്ണീര്‍ച്ചാലുപോലെ നേര്‍ത്ത ജലപ്രവാഹം കോഴഞ്ചേരി പാലത്തിത്തോട് ചേര്‍ന്ന തടയണയുടെ സമീപമെത്തുമ്പോള്‍ അപൂര്‍വമായി മാത്രമാണ് ഒഴുകി താഴേക്ക് നീങ്ങുന്നത്. കയങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളവും നാമമാത്രമായി ഒഴുകിയെത്തുന്ന വെള്ളവും പോഷക തോടുകളിലെ അപൂര്‍വ ജലസാന്നിധ്യവും കൊണ്ട് മാത്രമാണ് പമ്പാനദി നിലനില്‍ക്കുന്നത്. വൃഷ്ടിപ്രദേശങ്ങളിലെ ചെറുതും വലുതുമായ പതിനാലോളം ഡാമുകളുടെ ബാഹുല്യവും വന്‍തോതില്‍ നടന്ന മരംമുറിക്കലും മഴയുടെ അളവില്‍ വന്ന കുറവും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് പമ്പാനദിയെ ദോഷകരമായി ബാധിച്ചത്. വേനല്‍ കൂടുതല്‍ കടുക്കുന്നതോടെ നദി വരണ്ടുണങ്ങുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. ഇതിനിടയില്‍ നാടോടി സംഘങ്ങള്‍ വിഷ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കയങ്ങളില്‍ മീന്‍ പിടിക്കുന്നതുമൂലം ശേഷിക്കുന്ന ജലവും മലിനമാവുകയാണ്. അപൂര്‍വമായി മാത്രം എത്തുന്ന കുടിവെള്ളത്തിലൂടെ പകര്‍ച്ചവ്യാധികള്‍ പടരാനും ഇത് ഇടയാക്കുന്നു. ത്രിതല പഞ്ചായത്തുകളും ജലവിഭവവകുപ്പും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനം ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാട്ടുകാര്‍ പറയുന്നു. |
No comments:
Post a Comment