സ്വാഗതം
WELCOME

News Update..

Wednesday, February 6, 2013

സൂര്യനെല്ലി: നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം Madhyamam News Feeds

സൂര്യനെല്ലി: നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം Madhyamam News Feeds

Link to

സൂര്യനെല്ലി: നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം

Posted: 05 Feb 2013 11:17 PM PST

Image: 

തിരുവനന്തപുരം: സൂര്യനെല്ലി വിഷയത്തില്‍ നിയമസഭക്ക് അകത്തും പുറത്തും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം രംഗത്തെത്തി. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രാജിവെക്കണമെന്നവാശ്യപ്പെട്ട് സഭക്ക് പുറത്ത് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരം നടത്തുമ്പോള്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു.

അഞ്ചേരി ബേബി, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകള്‍ പുനരന്വേഷിക്കുന്നത് പോലെ സൂര്യനെല്ലിക്കേസും പുനരന്വേഷിക്കണം. കേസില്‍ പുനരന്വേഷണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാട് ധാര്‍ഷ്ട്യമാണെന്നും വി.എസ് പറഞ്ഞു. കേസില്‍ കുര്യനെതിരായി സുഹൃത്ത് ഇടിക്കുളയുടെ ഭാര്യ അന്നമ്മയും ബി.ജെ.പി നേതാവ് കെ.എസ് രാജനും മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജോഷ്വയും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്ന് പ്രതിപക്ഷം സഭയില്‍ വ്യക്തമാക്കി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

എന്നാല്‍ സുപ്രീം കോടതി പരിഗണിച്ച് തള്ളിയ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സബ്മിഷന് മറുപടിയായി പറഞ്ഞു. കേസില്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം മാത്രമേ കേസില്‍ നടപടി എടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്യാത്ത ആളെ കേസില്‍ കുടുക്കുന്നത് നീചമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കേസില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. നിയമോപദേശം ലഭിച്ച ശേഷം കേസിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
 

കുര്യനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

Posted: 05 Feb 2013 11:12 PM PST

Image: 

കുമളി: സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരെ ഒരു വെളിപ്പെടുത്തല്‍കൂടി. 1996 ഫെബ്രുവരി 19ന് രാത്രി കുമളി ഗസ്റ്റ്ഹൗസില്‍ കുര്യന്‍ ഉണ്ടായിരുന്നതായി സി.ഐ.ടി.യു.സി പ്രവര്‍ത്തകന്‍ അച്ചന്‍കുഞ്ഞാണ് ടി.വി ചാനലുകളോട് പുതുതായി വെളിപ്പെടുത്തിയത്.

യു.ടി.യു.സി ജില്ലാ കമിറ്റി യോഗത്തിനെത്തിയ താന്‍ രാത്രി കുര്യന്റെ കറുത്ത കാര്‍ ഗസ്റ്റ്ഹൗസിനുമുന്നില്‍ കിടക്കുന്ന് കണ്ടായി അച്ചന്‍കുഞ്ഞ് പറഞ്ഞു. കുര്യന്‍ വരുന്നതുകൊണ്ട് വേഗത്തില്‍ മുറി ഒഴിഞ്ഞുതരണമെന്ന് യു.ടി.യു.സി പ്രവര്‍ത്തകരോട് ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ ആവശ്യപ്പെട്ടത്രെ. സൂര്യനെല്ലി പെണ്‍കുട്ടി പീഡിപ്പിച്ചതായി പറയുന്ന ദിവസം താന്‍ കുമളിയില്‍ പോയിട്ടില്ലെന്ന പി.ജെ. കുര്യന്റെ വാദംപൊളിയുന്ന മട്ടിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. അന്നേദിവസം രാത്രി താന്‍ സുഹൃത്ത് ഇടിക്കുളയുടെ തിരുവല്ലയിലെ വീട്ടില്‍ ഉണ്ടായിരുന്നെന്ന കുര്യന്റെ വാദം ഇടിക്കുളയുടെ ഭാര്യ ചാനലുകള്‍ക്കുമുന്നില്‍ നടത്തിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. കുര്യന് അനുകൂലമായി നേരത്തേ സാക്ഷിമൊഴി നല്‍കിയ ബി.ജെ.പി നേതാവ് രാജനും മൊഴി തിരുത്തി.

കുര്യന് അനുകൂലമായി മാത്രമാണ് സിബി മാത്യൂസ് മൊഴിയെടുത്തതെന്ന റിട്ട. എസ്.പി ജോഷ്വയുടെ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കേസ് അട്ടിമറിച്ചെന്ന സംശയം ബലപ്പെടുത്തുന്നു. കുര്യനെതിരെ പെണ്‍കുട്ടി കുമളി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലെ സാക്ഷികളില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുത്തില്ല. അതേസമയം, കുര്യന് അനുകൂലമായ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ കുര്യനെ രക്ഷിക്കാന്‍ സമര്‍ഥമായ കരുനീക്കം അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. കോടതികള്‍ തന്നെ കുറ്റ വിമുക്തനാക്കിയെന്ന കുര്യന്റെ വാദഗതിയും അസ്ഥാനത്താണ്. രാജ്യത്തെ ഒരു കോടതിയിലുംകേസ് വിചാരണയിലൂടെ കുര്യന്‍ കടന്നുപോയിട്ടില്ല. സമര്‍ഥമായി നിയമത്തിനുമുന്നില്‍നിന്ന് വഴുതിമാറുകയാണുണ്ടായത്. അതേസമയം, സൂര്യനെല്ലി കേസില്‍ പുനരന്വേഷണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. കുര്യനെ സംരക്ഷിച്ചുനിര്‍ത്തുന്നതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും നാണക്കേടില്‍ മുങ്ങിത്താഴുകയാണ്.

 

മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted: 05 Feb 2013 10:54 PM PST

Image: 

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.  ഗുജറാത്തില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഗുജറാത്തിന്റെവികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മോഡി അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മോഡി ശ്രീ രാം കോളേജ് ഓഫ് കൊമേഴ്സിലെ കുട്ടികളുമായി സംസാരിക്കും. ‘ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ബിസിനസ് സംരഭങ്ങള്‍’ എന്ന വിഷയത്തിയലാണ് മോഡി കുട്ടികളുമായി സംവദിക്കുക.
അടുത്ത ആഴ്ച അലഹബാദില്‍ മഹാകുഭമേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 

യു.എസില്‍ സിഖ് കുടുംബം മരിച്ച നിലയില്‍

Posted: 05 Feb 2013 10:00 PM PST

Image: 

വാഷിങ്ടണ്‍: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ സിഖ് കുടുംബത്തെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജിയയിലെ ജോണ്‍സ് ക്രീക്കിലുള്ള വസതിയിലാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥനായ ശിവീന്ദര്‍ സിങ് ഗ്രോവറിനെ(52) തൂങ്ങി മരിച്ച നിലയിലും ഭാര്യ ദമന്‍ജിത് കൗര്‍ ഗ്രോവറിനെ (47) തലക്ക് മുറിവേറ്റ നിലയിലും മക്കളായ സര്‍തജ്(12) ഗുര്‍തജ് (5) എന്നിവരെ കഴുത്തില്‍ മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്. ജോണ്‍സ് ക്രീക്കിലെ അലിസ്ബറി ഫാംസ് അപാര്‍ട്ട്മെന്‍്റ് വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കളെയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ശിവീന്ദര്‍ സിങ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ജോണ്‍സ് ക്രീക്ക് പൊലീസ് മേധാവി എഡ് ഡെന്‍സ്മോര്‍ പറഞ്ഞു. മിചിഗണ്‍ സര്‍വകലാശാലയില്‍ പഠിച്ച ശിവീന്ദര്‍ ഗ്രോവര്‍ അറ്റ്ലാന്‍്റയില്‍ സാങ്കേതിക സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. 

പാപ്ളശ്ശേരി കവലമറ്റത്ത് കടുവ പശുവിനെ ആക്രമിച്ചു

Posted: 05 Feb 2013 09:32 PM PST

കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ പാപ്ളശ്ശേരി കവലമറ്റത്ത് കറവ പശുവിനെ കടുവ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചു.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് പാമ്പ്ര കാപ്പി തോട്ടത്തിനോട് ചേര്‍ന്ന കവലമറ്റത്ത് കടുവ ഇറങ്ങിയത്. വെട്ടിക്കാട്ടില്‍ പൗലോസിന്‍െറ വീടിനടുത്ത് കെട്ടിയിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ പൗലോസ് കടുവ ഓടിപ്പോകുന്നത് കണ്ടു. പശുവിന്‍െറ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
ചൊവാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ അജിത് കെ. രാമന്‍, ഫോറസ്റ്റര്‍ അജികുമാര്‍, വെറ്ററിനറി ഡോക്ടര്‍ കെ.എസ്. പ്രേമന്‍,  കേണിച്ചിറ എസ്.ഐ. എ. ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ പൊലീസുമെത്തി.
 പശുവിനെ പരിശോധിച്ച ഡോക്ടര്‍ രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്ന് അറിയിച്ചു. ഇതോടെ പശുവിന് 60,000 രൂപ നഷ്ടപരിഹാരം  വേണമെന്ന് പൗലോസും നാട്ടുകാരും ആവശ്യപ്പെട്ടു. ഏഴുവയസ്സുള്ള പശു ഗര്‍ഭിണിയാണെന്നും നിലവില്‍ 24 ലിറ്റര്‍ കറവയുള്ളതാണെന്നും ഉടമ പറഞ്ഞു. 60,000 കൊടുക്കാന്‍ സാധ്യമല്ലെന്നും 30,000 നല്‍കാമെന്നും വനംവകുപ്പുകാര്‍ പറഞ്ഞതോടെ ബഹളമായി. ഇതിനിടയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി പി. തോമസ് എത്തി.
ചര്‍ച്ചയില്‍ നഷ്ടപരിഹാരം 50,000 രൂപയായി ഉയര്‍ന്നതോടെ ഉച്ചക്ക് ഒരു മണിയോടെ സംഘര്‍ഷാവസ്ഥ അയഞ്ഞു. എട്ടുദിവസത്തിനകം പഞ്ചായത്ത് മെംബര്‍ പശുവിന്‍െറ ഉടമയെ  തുക ഏല്‍പിക്കാനും ധാരണയായി. പശുവിനെ പൂക്കോട് വെറ്ററിനറി കോളജിലേക്ക് ചികിത്സക്കായി മാറ്റി.
സ്ഥലത്തെ പാറക്കല്‍ മുഹമ്മദിന്‍െറ ആടിനെ അജ്ഞാത ജീവി നാലു മാസം മുമ്പ് കൊന്നിരുന്നു. പ്രദേശത്ത് കടുവ ആളുകളെ ഓടിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ വനപാലകര്‍ അന്ന് കാട്ടുപൂച്ചയാണെന്നാണ് വിശദീകരിച്ചത്.
പശുവിനെ ആക്രമിച്ച കടുവയെ കണ്ടെത്താന്‍ പാപ്ളശ്ശേരി, തൊപ്പിപ്പാറ, കവലമറ്റം, മരിയനാട് ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകിയും വനപാലകര്‍  തെരച്ചില്‍ നടത്തുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി: സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് ആര്യാടന്‍

Posted: 05 Feb 2013 09:28 PM PST

Image: 
Subtitle: 
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സി നേരിടുന്ന ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സ്വകാര്യ പമ്പുകളില്‍ നിന്നു ഡീസല്‍ നിറക്കുന്ന കാര്യം പരിഗണനയിലാണെന്നും ഇതിന്റെ പ്രായേഗികത പരിശോധിച്ച് വരികയാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍   പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെങ്കിലും ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് അനുകൂലമായ പ്രതികരണമല്ല കേന്ദ്രത്തില്‍ നിന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രിയുമായി നിശ്ചയിച്ച കൂടിക്കാഴ്ച നടന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. മുന്‍ ഗതാഗതമന്ത്രി മാത്യു ടി. തോമസാണ് നോട്ടീസ് നല്‍കിയത്. 40 ലക്ഷത്തോളം യാത്രക്കാരും 42000ത്തോളം ജീവനക്കാരും 32000 പെന്‍ഷന്‍ പറ്റിയവരും കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്നതായി മാത്യു ടി തോമസ് ചൂണ്ടികാണിച്ചു. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് പ്രതിസന്ധി മറികടക്കാമെന്ന ഭ്രാന്തന്‍ ആശയമാണ് കെ.എസ്.ആര്‍.ടി.സി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്നും പിന്നോട്ടു പോയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആരോപിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി.യില്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ ഇത് മറികടക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും നോട്ടീസിന് മറുപടി പറയവെ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ആര്യാടന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതേഷിധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

 

മാറാട് സ്പര്‍ശം: ജില്ലാ ഭരണകൂടം അനാസ്ഥ കാണിച്ചില്ല -കലക്ടര്‍

Posted: 05 Feb 2013 09:23 PM PST

കോഴിക്കോട്: മാറാട് സ്പര്‍ശം പദ്ധതിയില്‍ ഒരു അനാസ്ഥയും ജില്ലാ ഭരണകൂടം കാണിച്ചില്ലെന്ന് കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍. പദ്ധതിക്ക് ഈ വര്‍ഷം തുകയൊന്നും വകയിരുത്തിയില്ലെന്നും മുമ്പ് അനുവദിച്ചതില്‍ 1500 രൂപ മാത്രമാണ് ശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി വീണ്ടും സജീവമാക്കുന്നത് ആലോചിക്കാന്‍ ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചിന് ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്നും കലക്ടര്‍ അറിയിച്ചു.
പദ്ധതിയിലെ മൂന്ന് യൂനിറ്റുകള്‍ നിലക്കാനിടയായത് അനാസ്ഥകൊണ്ടല്ല. കടലിനോട് ചേര്‍ന്ന് സ്ഥാപിച്ച യൂനിറ്റുകളിലെ യന്ത്രങ്ങള്‍ ഉപ്പുകാറ്റേറ്റ് തുരുമ്പെടുത്തതാണ് കാരണം. പ്രവര്‍ത്തന മൂലധനം പദ്ധതിയില്‍ വകയിരുത്താതിരുന്നതാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ജില്ലാ കലക്ടറായി ചുമതലയേറ്റ് വൈകാതെ മാറാട് സ്പര്‍ശം പദ്ധതി സന്ദര്‍ശിച്ചിരുന്നു. സോപ്പ് നിര്‍മാണ യൂനിറ്റും ടൈലറിങ് യൂനിറ്റും പ്രവര്‍ത്തനരഹിതമായത് അന്നു ശ്രദ്ധയില്‍പെട്ടതാണ്. ബൈന്‍ഡിങ് യൂനിറ്റാണ് പിന്നീട് നിലച്ചത്.
ഡോ. പി.ബി. സലീം ജില്ലാ കലക്ടറായിരിക്കെ 2010ലാണ് സ്പര്‍ശം പദ്ധതി തുടങ്ങിയത്. 15 ലക്ഷം രൂപയാണ് വ്യവസായ വകുപ്പ് പദ്ധതിക്ക് അനുവദിച്ചത്. ഇതില്‍ 11 ലക്ഷം രൂപയിലധികം കെട്ടിട നിര്‍മാണത്തിനായി ചെലവഴിച്ചു. ശേഷിച്ച നാല് ലക്ഷം വൈദ്യുതി, പരിശീലനം, ഉദ്ഘാടന ചെലവ്, യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണി, അടിസ്ഥാന സൗകര്യ വികസനം എന്നിവക്കായി ചെലവാക്കി. അക്കൗണ്ടില്‍ 1500 രൂപയില്‍ താഴെയാണ് ഇപ്പോഴുള്ളത് -കലക്ടര്‍ പറഞ്ഞു.
യൂനിറ്റുകളില്‍നിന്നുള്ള വരുമാനം കൊണ്ടുതന്നെ ഭാവിപരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടാവാം ഈ സാമ്പത്തിക വര്‍ഷം തുക വകയിരുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

ഭോപ്പാലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്: 40 കോടി രൂപയുടെ സ്വത്ത് കണ്ടെത്തി

Posted: 05 Feb 2013 09:16 PM PST

Image: 

ഭോപ്പാല്‍: മധ്യപ്രദേശില്‍ വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററുടെ രണ്ട് വസതികളിലായി ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡില്‍ 40 കോടി രൂപയുടെ സ്വത്ത് കണ്ടെത്തി. ചീഫ് കണ്‍സര്‍വേറ്റര്‍ ബി.കെ സിങിന്റെ ഉജ്ജയ്നിലെയും ഭോപ്പാലിലെയും വസതികളിലാണ് ലോകായുക്ത ഒരേസമയം റെയ്ഡ് നടത്തിയത്. ഇയാളുടെ പേരില്‍ വാരണാസിയില്‍ ആഡംബര വീടും പെട്രോള്‍ പമ്പും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വസതിയില്‍ നിന്ന് ഏഴ് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 1987ല്‍ വനംവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച സിങിനെ ആറു മാസം മുന്‍പാണ് ഉജ്ജയ്നില്‍ നിയമിച്ചത്.
 

അല്‍ഐന്‍ അപകടത്തിന് കാരണം ട്രയ്ലറിന്‍െറ ബ്രേക്ക് തകരാര്‍

Posted: 05 Feb 2013 08:45 PM PST

Image: 

അബൂദബി: ഇന്ത്യക്കാരനടക്കം 24 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ അല്‍ഐന്‍ അപകടത്തിന് കാരണമായത് ട്രയ്ലറിന്‍െറ ബ്രേക്ക് തകരാര്‍ ആണെന്ന് അബൂദബി പൊലീസ്. ട്രയ്ലര്‍ മുന്നില്‍ പോകുന്ന ബസുമായി സുരക്ഷിതമായ അകലം പാലിച്ചിരുന്നുമില്ല. ട്രയ്ലര്‍ ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ആണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്‍െറ നിഗമനം.
ട്രയ്ലറിന്‍െറ ബ്രേക്കുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരീസി പറഞ്ഞു. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ മികച്ച പ്രവര്‍ത്തനക്ഷമതയുള്ളവയാണെന്ന് അബൂദബി പൊലീസ് ഉറപ്പ് വരുത്താറുണ്ട്. എന്നാല്‍, അത് നിരന്തരം പരിശോധിക്കുകയും അറ്റകുറ്റപണി നടത്തുകയും വേണ്ടത് കമ്പനികളുടെ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡില്‍ ഇറക്കും മുമ്പ് വാഹനത്തിന്‍െറ സുരക്ഷിതത്വം പരിശോധിക്കണമെന്ന് എല്ലാ ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്കും മറ്റ് ഓപറേറ്റര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രേക്ക് പോലുള്ള അത്യാവശ്യ ഘടകങ്ങള്‍ എപ്പോഴും പരിശോധിക്കുകയും അറ്റകുറ്റപണി നടത്തുകയും ചെയ്യേണ്ടതാണ്. ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മതിയായ വിശ്രമം എടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അവര്‍ അമിത ജോലി ചെയ്യരുത്. ഒരു ദിവസം എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ല. ക്ഷീണിതനായ ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പെട്ടന്നുണ്ടാകുന്ന അപകടത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ക്കാകില്ല. സുരക്ഷിതമായി വാഹനമോടിക്കുന്നതിനെ കുറിച്ച് ഡ്രൈവര്‍മാര്‍ക്കായി അബൂദബി പൊലീസ് പതിവായി ബോധവത്കരണ ക്ളാസുകള്‍ നടത്താറുണ്ടെന്നും ഇത് വ്യാപകമാക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാരീസി പറഞ്ഞു.   
അല്‍ഐനില്‍ റൗദ കൊട്ടാരത്തിന് സമീപം തിങ്കളാഴ്ച രാവിലെ 7.50ഓടെയുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനടക്കം 24 തൊഴിലാളികളാണ് മരിച്ചത്. അല്‍ ഹഖീം ഡെകറേഷന്‍ കമ്പനിയിലെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസ് പിന്നാലെ വന്ന ട്രയ്ലര്‍ ഇടിച്ച് മറിയുകയും ബസിന് മുകളിലേക്ക് ട്രയ്ലര്‍ പതിക്കുകയുമായിരുന്നു.
പശ്ചിമ ബംഗാള്‍ സ്വദേശി അജ്ബുല്‍ ശൈഖ് (24) ആണ് മരിച്ച ഇന്ത്യക്കാരന്‍. രണ്ട് മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച തിരിച്ചറിഞ്ഞതോടെ മരിച്ച ബംഗ്ളാദേശ് സ്വദേശികളുടെ എണ്ണം 18 ആയി. ഇനിയും അഞ്ച് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.
മണ്ണും കെട്ടിട അവശിഷ്ടങ്ങളുമായി 75 ടണ്‍ ലോഡ് ട്രയ്ലറില്‍ ഉണ്ടായിരുന്നു. ഇത് വന്ന് പതിച്ച ആഘാതത്തിലും മണ്ണിനും കെട്ടിട അവശിഷ്ടങ്ങള്‍ക്കുമടിയില്‍പ്പെട്ട് ശ്വാസംമുട്ടിയുമാണ് തൊഴിലാളികളുടെ ദാരുണ അന്ത്യം. 22 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
 

കുര്യന്റെ രാജി: നിയമസഭയിലേക്ക് മഹിളാ മാര്‍ച്ച്

Posted: 05 Feb 2013 08:38 PM PST

Image: 

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്. 50ഓളം വരുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് രാവിലെ 9.30ഓടെ മുന്നറിയിപ്പില്ലാതെ നിയമസഭാ കവാടത്തിലേക്ക് മാര്‍ച്ച് നടത്തിയത്. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ടി.എന്‍.സീമ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

നിയമസഭാ മന്ദിരത്തിന് സമീപമുള്ള പി.എം.ജി സ്റ്റുഡന്റ്‌സ് സെന്റര്‍ പരിസരത്ത് സംഘടിച്ച സ്ത്രീകള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രധാന കവാടത്തിന്റെ മുന്നിലേക്ക് എത്തുകയായിരുന്നു. പൊലീസും വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്ന് സഭയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ ചിലര്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. വനിതാ പൊലീസെത്തി ഏതാനും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇവരെ കൊണ്ടുപോകുന്നതിനെതിര മറ്റുള്ളവര്‍ പൊലീസ് വാഹനത്തിനു മുന്നില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചു.

അപ്രതീക്ഷിതമായി പ്രവര്‍ത്തകര്‍ കൂട്ടമായി സഭയുടെ കവാടത്തിലേക്ക് എത്തിയത് പൊലീസുകാരെയും അതിശയിപ്പിച്ചു. മൂന്നു വനിതാ പൊലീസുകാര്‍ മാത്രമാണ് സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരെ നേരിടാന്‍ പ്രയാസപ്പെടേണ്ടി വന്നു. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ ബലമായി അറസ്റ്റു ചെയ്തു വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി.

ഇതോടെ കെ.കെ ലതിക അടക്കമുള്ള വനിതാ എം.എല്‍.എമാര്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രവര്‍ത്തകര്‍ സഭക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചുവെന്ന് ആരോപിച്ച് എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി.  

അറസ്റ്റ്് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ ശ്രീമതി, ടി.എന്‍ സീമ, കെ.കെ ഷൈലജ, ഐഷാ പോറ്റി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിയമസഭക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. 12.30 ഓടെ വനിതാ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സമരം അവസാനിപ്പിച്ചു. ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ മറ്റ് സിപിഎം എം.എല്‍.എമാരും പ്രതിഷേധക്കാര്‍ക്ക്് പിന്തുണയുമായെത്തി.

പ്രതിപക്ഷ നേതാക്കളായ വി.എസ്.അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷണന്‍ എന്നിവര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവര്‍ത്തകരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകരെ വിട്ടയച്ചത്. ഇവരില്‍ പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരനും സന്ദര്‍ശിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.പി.ഐയുടെ മഹിളാ സംഘം പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. എം.എല്‍.എമാരായ ഇ.എസ്.ബിജിമോള്‍, ഗീതാ ഗോപി, മുന്‍ എം.എല്‍.എ ലതാദേവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തിയത്. മാര്‍ച്ച് ജി.വി രാജ സ്റ്റേഡിയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകരെ കയറ്റിയ പൊലീസ് വാഹനത്തിന് മുന്നില്‍ ബിജിമോള്‍ കുത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി ബിജിമോളെ മാറ്റാന്‍ ശ്രമിക്കവെ ബിജിമോള്‍ക്ക് കൈക്ക് പരിക്കേറ്റു.

ഈ സമയം നിയമസഭക്ക് അകത്ത് എം.എല്‍.എമാരെ അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പുറത്ത് വന്ന് ബിജിമോളെ നിയമസഭയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിജിമോളോടും ഗീതാഗോപിയോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ബിജിമോളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും വി.എസ് പറഞ്ഞു. വനിത എം.എല്‍.എമാരെ മര്‍ദിച്ച് പൊലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നു. എം.എല്‍.എമാരെ മര്‍ദിച്ച സംഭവം എ.ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജിമോള്‍ക്ക് സ്പീക്കറുടെ അനുമതിയോടെ വൈദ്യസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സ്പീക്കര്‍ സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ബിജിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP