സുര്യനെല്ലി പെണ്‍കുട്ടിക്കെതിരായ സുധാകരന്റെ പരാമര്‍ശം: പ്രതിഷേധം വ്യാപകമാവുന്നു Posted: 16 Feb 2013 10:22 PM PST കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായി കെ.സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. മസ്‌കത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചത്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവുമായ പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സുധാകരനെതിരെ പുതിയ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടു. നാടുനീളെ നടന്ന് വ്യഭിചരിച്ച് കാശും പാരിതോഷികവും വാങ്ങിയശേഷം അഭിമാനബോധമില്ലാതെ അത് ചാനലുകളിലൂടെ വിളിച്ചുപറഞ്ഞ് ആളുകളെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്ന സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. ജസ്റ്റീസ് ആര്‍.ബസന്ത് പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഓടിപ്പോകാന്‍ നിരവധി അവസരങ്ങളുണ്ടായിട്ടും പെണ്‍കുട്ടി ഓടിപ്പോയില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി് 17 വര്‍ഷത്തിനുശേഷവും അച്യുതാനന്ദനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പി.ജെ കുര്യനെ വേട്ടയാടുകയാണെന്നും സുധാകരന്‍ പറഞ്ഞു. |
വീരപ്പന്റെ കൂട്ടാളികളുടെ ഹരജി സുപ്രീംകോടതി നിരസിച്ചു Posted: 16 Feb 2013 08:46 PM PST ന്യൂദല്‍ഹി: ദയാഹരജി തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീരപ്പന്റെ കൂട്ടാളികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി നിരസിച്ചു. വധശിക്ഷയുടെ തീയതി നിശ്ചയിച്ചതായി തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഹരജി മുന്‍ഗണനാടിസ്ഥാനത്തില്‍ കേള്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹരജി പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. 26 പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കര്‍ണാടകയിലെ ബെല്‍ഗ്രാം ജയിലില്‍ കഴിയുന്ന ജ്ഞാനപ്രകാശ്, മീശേകര്‍ മദയ്യ, സൈമണ്‍, ബിലവേന്ദ്രന്‍ എന്നിവരാണ് വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ദയാഹരജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വിചാരണകോടതി നല്‍കിയ വധശിക്ഷ 2004ല്‍ സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. |
കുടിവെള്ളക്ഷാമത്തിന് പിന്നാലെ തീരദേശത്ത് പകര്‍ച്ചവ്യാധി ഭീതിയും Posted: 16 Feb 2013 08:34 PM PST പൂന്തുറ: തീരദേശം പകര്‍ച്ചവ്യാധി ഭീഷണിയില്‍. ജനങ്ങളില്‍ ആശങ്കയുണര്‍ത്തി ബീമാപള്ളി, വള്ളക്കടവ്, മാണിക്യംവിളാകം, മുട്ടത്തറ, വലിയതുറ, വേളി ഭാഗങ്ങളിലാണ് ഡെങ്കിയും അതുപോലുള്ള പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നത്. ആരോഗ്യവകുപ്പിന്‍െറ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്തതും പ്രദേശത്ത് ശുദ്ധജലം ലഭിക്കാത്തതുമാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ തീരദേശത്ത് ചിലയിടങ്ങളില്‍ ബ്ളീച്ചിങ് പൗഡര്‍ വിതറുക മാത്രമാണ് ചെയ്തിട്ടുള്ളത്. സ്വകാര്യ ടാങ്കറുകളില്‍ വരുന്ന ശുദ്ധമല്ലാത്ത കുടിവെള്ളം വിലകൊടുത്ത് വാങ്ങി ദിവസങ്ങളോളം സൂക്ഷിച്ചാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുകയാണ്. ഇതുമൂലവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. മാലിന്യം കുന്നുകൂടിക്കിടക്കുന്നതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. ഡെങ്കിക്ക് പിന്നാലെ മലേറിയയും തീരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ദിവസവും ജില്ലയുടെ തീരദേശമേഖലകളില്‍ 50ഓളം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒഴുക്ക് നിലച്ചുകിടക്കുന്ന പാര്‍വതീപുത്തനാറില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ അനധികൃത കശാപ്പ് ശാലകളും തീരത്ത് പകര്‍ച്ചവ്യാധികള്‍ പരത്താന്‍ കാരണമാകുന്നു. |
മെസിക്ക് 301 ഗോള്‍ Posted: 16 Feb 2013 08:31 PM PST മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസി ബാര്‍സക്കായി 300 ഗോള്‍ തികച്ചു. സ്പാനിഷ് ലീഗില്‍ ഗ്രാനഡെക്കെതിരെ ഇരട്ട ഗോള്‍ നേടിയ മെസിയുടെ ഗോള്‍ നേട്ടം 301 ആയി. ഒരു ഗോളിന് പിന്നിട്ട് നിന്നശേഷമാണ് മെസിയുടെ ഇരട്ട ഗോളുകള്‍ ഗ്രാനഡയെ പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ മത്സരത്തിനിറങ്ങിയ മെസി 50ാം മിനിട്ടില്‍ ഒഡിയോന്‍ ഇഗാലോയുടെ ഗോളിന് മറുപടി നല്‍കിക്കൊണ്ടാണ് 300ാം ഗോള്‍ നേടിയത്. കളിയുടെ 73ാം മിനിറ്റില്‍ ഗ്രാനഡയുടെ വലയിലേക്ക് രണ്ടാമതും പന്തെത്തിച്ചതോടെ മെസിയുടെ ഗോള്‍ നേട്ടം 301 ആയി. ഈ വിജയത്തോടെ സ്പാനിഷ് ലീഗില്‍ 15 പോയിന്‍്റ് ഉയര്‍ത്താന്‍ ബാഴ്സക്കായി. 24 കളില്‍ നിന്നുള്ള 65 പോയിന്‍്റാണ് ബാഴ്സക്കുള്ളത്. 366 മത്സരത്തില്‍ നിന്നാണ് മെസി 301 ഗോള്‍ നേടിയത്. തുടര്‍ച്ചയായ പതിനാലാമത്തെ മത്സരത്തിലും എതിരാളികളുടെ വല ചലിപ്പിക്കാന്‍ മെസി ക്കായി. ഇതോടെ സീസണിലെ ഗോള്‍ നേട്ടം 37 ആയി ഉയര്‍ത്തി ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഫുട്ബോള്‍ താരമെന്ന ഖ്യാതി നേടാന്‍ ബാഴ്സയുടെ അഭിമാന താരത്തിനു കഴിഞ്ഞു. |
ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ് Posted: 16 Feb 2013 08:27 PM PST കൊല്ലം/പുനലൂര്‍: അതിര്‍ത്തികടന്നെത്തുന്ന ചരക്കുവാഹനങ്ങളില്‍നിന്നും മറ്റും ആര്യങ്കാവ് എക്സൈസ്, സെയില്‍സ്ടാക്സ്, ആര്‍.ടി.ഒ ചെക്പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങുന്നതായ പരാതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ റെയ്ഡ് ഒമ്പതുവരെ നീണ്ടു. കണക്കില്‍പെടാത്ത പണം മൂന്ന് ചെക്പോസ്റ്റുകളില്‍നിന്നും കണ്ടെടുത്തു. സെയില്‍സ്ടാക്സ് ചെക്പോസ്റ്റില്‍ റെയ്ഡ് നടക്കവെ വാഹനത്തില്‍ വെട്ടിച്ചുകടക്കാന്‍ ശ്രമിച്ച ആര്‍.ടി.ഒ ചെക്പോസ്റ്റിലെ ഏജന്‍റായ സുനിലിനെ തെന്മല പൊലീസ് പിടികൂടി വിജിലന്‍സിനെ ഏല്‍പ്പിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ മഹേഷ്കുമാര്‍ സിന്‍ഹളയുടെ ഉത്തരവിനെതുടര്‍ന്ന് വിജിലന്‍സ് സതേണ്‍ റേഞ്ച് പൊലീസ് സൂപ്രണ്ട് എസ്.എസ്. ഫിറോസിന്‍െറ നിര്‍ദേശപ്രകാരമാണ് സംഘം പരിശോധനക്കെത്തിയത്. ടെമ്പോ ട്രാവലറില്‍ യാത്രക്കാരെന്ന വ്യാജേന കൊല്ലം കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ എം.എ. റഹിം ഉള്‍പ്പെട്ട സംഘം പുലര്‍ച്ചെ അഞ്ചോടെ സെയില്‍സ് ടാക്സ് ചെക്പോസ്റ്റും അതിനടുത്ത എക്സൈസ് ചെക്പോസ്റ്റും നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് സെയില്‍സ്ടാക്സ് ചെക്പോസ്റ്റില്‍ ലോറി ഡ്രൈവര്‍മാരും ഉടമകളും കൈക്കൂലി ഇനത്തില്‍ കൊടുത്ത 4,070 രൂപ ന്യൂസ്പേപ്പറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. കൂടാതെ ലോറിഡ്രൈവര്‍മാര്‍ ഉപഹാരമായി നല്‍കുന്ന തണ്ണിമത്തങ്ങ, ഓറഞ്ചുകള്‍, കരിമ്പ് എന്നിവയും ഓഫിസില്‍ കണ്ടെത്തി. വിജിലന്‍സ് പരിശോധന നടത്തവെ ഓറഞ്ചും കൈക്കൂലിയും കൊടുക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് എക്സൈസ് ചെക്പോസ്റ്റ് പരിശോധിച്ചസംഘം മേശപ്പുറത്ത് കണ്ട 1,890 രൂപയും കണ്ടെടുത്തു. ഇതിനിടെ ആര്‍.ടി.ഒ ചെക്പോസ്റ്റ് ഏജന്‍റായ സുനില്‍ കൈക്കൂലി ഇനത്തില്‍ ലഭിച്ച പണവുമായി വിജിലന്‍സ് സംഘത്തെ വെട്ടിച്ച്കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പട്രോളിങ് നടത്തിയ തെന്മല പൊലീസിന്‍െറ പിടിയില്‍ അകപ്പെട്ടത്. ഇയാളില്‍നിന്ന് 3,500 രൂപയും കാറില്‍ പല ഭാഗങ്ങളില്‍ ചുരുട്ടിയും മടക്കിയുംവെച്ച 3,170 രൂപയും കണ്ടെടുത്തു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗോപന്‍ എന്ന ഏജന്‍റും പിടിയിലായി. ഇവര്‍ ആര്‍.ടി.ഒ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യകാറുകളിലെ ഡ്രൈവര്‍മാര്‍ എന്ന വ്യാജേന ഏജന്‍റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി റെക്സ് ബോബി അര്‍വിന്‍, സി.ഐമാരായ സിനി ഡെന്നീസ്, എസ്. ഷെരീഫ്, എ. പ്രദീപ്കുമാര്‍, ഷൈനുതോമസ്, എസ്.ഐ മാരായ ഓമനക്കുട്ടന്‍പിള്ള, ജയകുമാര്‍, സുധാകരന്‍, എ.എസ്.ഐ മാരായ എല്‍. ജോണ്‍, ശിവപ്രസാദ്, എസ്.സി.പി.ഒമാരായ സുധീഷ്, ജേക്കബ്, എഡിസണ്‍, റഊഫ്, ഷാഫി, നെജീബ്, സെബാസ്റ്റ്യന്‍, രാമദാസ് തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. |
ഏലം എസ്റ്റേറ്റ് ഉടമ തോട്ടില്‍ തടയണ നിര്‍മിച്ചു; കുടിവെള്ളമില്ലാതെ 200 കുടുംബങ്ങള്‍ Posted: 16 Feb 2013 08:20 PM PST അടിമാലി: സ്വകാര്യ ഏലം എസ്റ്റേറ്റ് ഉടമയുടെ നേതൃത്വത്തില്‍ പൊതുതോട്ടില്‍ അനധികൃത തടയണ നിര്‍മിച്ച് ഇരുനൂറിലധികം കുടുംബങ്ങളുടെ കുടിവെള്ളം നിഷേധിച്ചതായി നാട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പള്ളിവാസല്‍ പഞ്ചായത്തിലെ 11 ാം വാര്‍ഡിലെ മൂന്നാംമൈല്‍ പ്രദേശത്താണ് കുടിവെള്ളം മുടങ്ങിയത്. നാട്ടുകാര്‍ മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കി. ലക്ഷ്മി-മീനാക്ഷി-അമ്പഴച്ചാല്‍ തോടാണ് പ്രദേശത്തെ മീനാക്ഷി ഏലം എസ്റ്റേറ്റ് ഉടമ അടച്ചുകെട്ടിയത്. കരിങ്കല്ലുപയോഗിച്ച് തോടിനിരുവശവും സംരക്ഷണ ഭിത്തിയും നീരൊഴുക്ക് തടഞ്ഞ് സിമന്‍റും കോണ്‍ക്രീറ്റും ഉപയോഗിച്ച് തടയണയും നിര്‍മിച്ചെന്നാണ് പരാതി. ഇവിടെ ശേഖരിക്കുന്ന വെള്ളം മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് എസ്റ്റേറ്റിലെ കുളങ്ങളിലേക്കും സംഭരണികളിലേക്കും സംഭരിക്കുകയാണ്. ഇവിടെ നിന്ന് വലിയ ഹോസുകളുപയോഗിച്ച് ഏല കൃഷിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വന്‍തോതില്‍ വെള്ളം ഉപയോഗിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. ഈ തോടുകളില്‍നിന്നാണ് 200 ല്‍ അധികം കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി കുടിക്കാനും കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം കണ്ടെത്തിയത്. എന്നാല്‍, തടയണ മൂലം തോട്ടില്‍ നീരൊഴുക്ക് ഇല്ലാതെ വറ്റി വരണ്ടു. കുടിവെള്ളം ഇല്ലാതായതോടെ പ്രദേശത്തെ അങ്കണവാടി, പി.എച്ച്.സി സബ് സെന്‍റര്‍, ഐ.സി.ഡി.എസ് സബ് സെന്‍റര്‍, കൃഷി ഓഫിസ് എന്നിവയുടെ പ്രവര്‍ത്തനം താളം തെറ്റി. പ്രദേശവാസികള്‍ എസ്റ്റേറ്റ് ഉടമയെ സമീപിച്ചെങ്കിലും ഇവരെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും ഇവരെ എസ്റ്റേറ്റില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. നാട്ടുകാര്‍ കുടിവെള്ളത്തിനായി സ്ഥാപിച്ച ഹോസുകള്‍ തോട്ടമുടമ നശിപ്പിച്ചതായും പരാതിയുണ്ട്. പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ബഹുജനങ്ങളുടെ നേതൃത്വത്തില്‍ തടയണ പൊളിച്ച് തോട് പൂര്‍വ സ്ഥിതിയിലാക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തംഗം സൂസന്‍ ഏലിയാസ്, എം.എം. റഹീം, സണ്ണി തോമസ് പുതുവ, ഉണ്ണികൃഷ്ണന്‍ നമ്പിശേരി, സിബി ജോണ്‍ പടിഞ്ഞാറേല്‍ എന്നിവര്‍ സംബന്ധിച്ചു. |
സുരക്ഷ അവഗണിച്ച് സഞ്ചാരികള്‍; മൂന്നാറില്‍ അപകടം പെരുകുന്നു Posted: 16 Feb 2013 08:18 PM PST മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ അലസ സമീപനം അപകടങ്ങള്‍ക്ക് കാരണമാകുന്നു. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനമേഖലയിലും ജലാശയങ്ങളിലും മുന്നറിയിപ്പ് അവഗണിച്ച് സഞ്ചരിക്കുന്നത് മേഖലയില്‍ പതിവായി. വന്യമൃഗങ്ങളുടെ മുന്നില്‍ സഞ്ചാരികള്‍ അകപ്പെട്ടാല്‍ ജീവഹാനിയാകും ഫലം. അപകട മുന്നറിയിപ്പ് നല്‍കാന്‍ വനംവകുപ്പ് വാച്ചര്‍മാരും ഡ്രൈവര്‍മാരും ഗൈഡുകളുമെല്ലാം ഉണ്ടെങ്കിലും സഞ്ചാരികള്‍ ഇവരെ അവഗണിക്കുകയാണ് പതിവ്. കുറച്ചുദിവസം മുമ്പ് മാട്ടുപ്പെട്ടി ഷൂട്ടിങ് പോയന്‍റില്‍ മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളെ ആന എടുത്തെറിഞ്ഞതാണ് ഒടുവിലത്തെ സംഭവം. വൈകുന്നേരം ആനകള്‍ സഞ്ചരിക്കുന്ന സമയത്ത് വാഹനത്തില്‍നിന്ന് ഇറങ്ങിയവരെ പ്രദേശത്തുള്ളവര്‍ തടഞ്ഞിരുന്നു. എന്നാല്‍, ഇത് അവഗണിച്ച് ചിത്രമെടുക്കാന്‍ നീങ്ങിയ ഇവരില്‍ ഭാര്യയെ കാട്ടുകൊമ്പന്‍ തുമ്പിക്കൈയില്‍ ചുരുട്ടി എറിയുകയായിരുന്നു. പുല്‍മേട്ടില്‍ വീണതിനാല്‍ പരിക്കില്ലാതെ രക്ഷപ്പെട്ട സംഘം ഉടന്‍ മൂന്നാര്‍ വിടുകയും ചെയ്തു. ദൃശ്യഭംഗിയില്‍ മതിമറക്കുന്നവര്‍ സ്വയം അപകടത്തില്‍ ചാടുകയാണെന്നാണ് സമീപവാസികള്‍ പറയുന്നത്. റോഡ് മുറിച്ചുകടക്കുകയും ആഹാരം ശേഖരിക്കുകയും ചെയ്യുന്ന ആനകളെ ഫോട്ടോയെടുത്തും ശബ്ദമുണ്ടാക്കിയും പ്രകോപിപ്പിക്കുന്നതും പല സന്ദര്‍ശകരുടെയും പതിവാണ്. മൂന്നുവര്‍ഷം മുമ്പ് എക്കോ പോയന്‍റില്‍ രോഗം ബാധിച്ച് കിടന്ന കാട്ടുകൊമ്പനെ തമിഴ്നാട്ടില്‍നിന്നുള്ള യുവാക്കള്‍ ബിയര്‍ കുപ്പിയും കല്ലുമെറിഞ്ഞ് ഉപദ്രവിച്ചതോടെ ആന നിലവിട്ട് പെരുമാറിയിരുന്നു. ഇവര്‍ സഞ്ചരിച്ച മിനി ബസ് അടക്കം നാല്‍പ്പതോളം വാഹനങ്ങളാണ് നിമിഷനേരം കൊണ്ട് തകര്‍ത്തത്. അന്ന് രാത്രി ആന ചെരിയുകയും ചെയ്തു. തേയിലത്തോട്ടങ്ങളും നിബിഡ വനങ്ങളും കാണുമ്പോള്‍ ഇതിനിടയിലൂടെ നടക്കാനും ഫോട്ടോയെടുക്കാനും സ്വദേശികളും വിദേശികളും മത്സരിക്കുകയാണ്. മാട്ടുപ്പെട്ടി, സൈലന്‍റ്വാലി, ദേവികുളം ഭാഗങ്ങളില്‍ കടുവയും പുലിയും നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പ് മാട്ടുപ്പെട്ടിയില്‍ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചിരുന്നു. ഈ കടുവ ചത്തെങ്കിലും പിന്നീടും മേഖലയില്‍ കടുവയെ നിരവധി പേര്‍ കണ്ടു. മാട്ടുപ്പെട്ടി ബോട്ടിങ് കേന്ദ്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ പുലിയെ പലവട്ടം കണ്ടവരുണ്ട്. നാലുവര്‍ഷം മുമ്പ് തിരുവനന്തപുരത്തുനിന്ന് മൂന്നാറിലെത്തിയ അഞ്ച് യുവാക്കള്‍ കുണ്ടള ജലാശയത്തില്‍ മുങ്ങിമരിച്ചതും മുന്നറിയിപ്പ് അവഗണിച്ചത് മൂലമാണ്. ബോട്ടിങ്ങിനെത്തുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധിച്ചാല്‍ ഭീഷണിപ്പെടുത്തുന്നവരുമുണ്ടത്രേ. അവധിക്കാലം ആസ്വദിക്കാനെത്തുന്നവര്‍ അപകടമൊഴിവാക്കാനുള്ള മനസ്സുകൂടി കാണിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാകും ഫലം. |
അപേക്ഷ നല്‍കുന്ന എല്ലാ വാര്‍ഡിലും പൈപ്പ്ലൈന്‍ നീട്ടും Posted: 16 Feb 2013 08:13 PM PST പത്തനംതിട്ട: അപേക്ഷ നല്‍കുന്ന കൗണ്‍സില്‍ അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് പൈപ്പ്ലൈന്‍ നീട്ടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. വരള്‍ച്ചാ ദുരിതാശ്വാസമായി നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കൂടിയ കൗണ്‍സിലിലാണ് തീരുമാനം. രാഷ്ട്രീയം നോക്കി കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികള്‍ ഭരണസമിതി അട്ടിമറിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍െറ ആക്ഷേപത്തെ തുടര്‍ന്നാണ് അപേക്ഷ നല്‍കുന്ന എല്ലാ വാര്‍ഡിലും പൈപ്പ്ലൈന്‍ നീട്ടാനുള്ള തീരുമാനത്തില്‍ എത്തിയത്. ഭരണപക്ഷത്തെ 17 അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രം പൈപ്പ്ലൈന്‍ നീട്ടാനുള്ള ഏകപക്ഷീയ നടപടി ശരിയല്ലെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ടി.സക്കീര്‍ഹുസൈനാണ് ശ്രദ്ധയില്‍ കൊണ്ടുവന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇതുവരെ ചെയ്ത നടപടികള്‍ എന്താണ്, സര്‍ക്കാര്‍ അനുവദിച്ച തുക എന്തു ചെയ്തു, മാനദണ്ഡങ്ങള്‍ പാലിച്ചാണോ എസ്റ്റിമേറ്റ് എടുത്തത് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ അറിയാതെയാണ് എസ്റ്റിമേറ്റ് എടുക്കുന്നതെന്നും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കണമെന്നും എല്‍.ഡി. എഫ് അംഗം വി.എ.ഷാജഹാന്‍ പറഞ്ഞു. യു.ഡി.എഫുകാര്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയെന്നാണ് ചെയര്‍മാന്‍ തീരുമാനിക്കുന്നതെന്ന് എല്‍.ഡി.എഫ് അംഗം ആര്‍.സാബു വിമര്‍ശിച്ചു. പൈപ്പ്ലൈന്‍ നീട്ടുന്ന കാര്യത്തില്‍ കൗണ്‍സിലര്‍മാര്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് പി.കെ. അനീഷ് അഭിപ്രായപ്പെട്ടു.കുടിവെള്ള പ്രശ്നത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മോശമാണെന്നും എല്ലാ പ്രദേശത്തും വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും ബി.ജെ.പി അംഗം കെ.ജി. പ്രകാശ് പറഞ്ഞു. പൈപ്പ്ലൈന്‍ നീട്ടാന്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് മാത്രം എസ്റ്റിമേറ്റ് എടുക്കുന്നത് വിചിത്രമാണെന്ന് കെ.അനില്‍കുമാര്‍ പറഞ്ഞു. എതൊക്കെ വാര്‍ഡിലാണ് എസ്റ്റിമേറ്റ് എടുത്തതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ അംഗം ലാലി രാജു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശം കൗണ്‍സിലര്‍മാരെ അറിയിച്ചില്ലെന്നും കുടിവെള്ള വിഷയത്തില്‍ ഒരുമിച്ച് തീരുമാനമെടുക്കണമെന്നും സ്വതന്ത്ര അംഗം മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ പറഞ്ഞു. എല്‍. ഡി.എഫ് അംഗങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നും രണ്ട് വര്‍ഷമായി എല്‍.ഡി.എഫ് അംഗങ്ങളുടെ ആവശ്യമാണ് കൂടുതല്‍ പരിഗണിച്ചതെന്നും യു.ഡി.എഫ് അംഗം എം.സി.ഷെരീഫ് പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലത്തേതുപോലെ ഇത്തവണയും ഭംഗിയായി കുടിവെള്ള വിതരണം നടത്തണമെന്ന് കോണ്‍ഗ്രസ് അംഗം കെ. ആര്‍.അരവിന്ദാക്ഷന്‍ നായര്‍ ആവശ്യപ്പെട്ടു.കുടിവെള്ള വിതരണത്തില്‍ ജനങ്ങളെ ഭരണസമിതി ഒന്നായാണ് കാണുന്നതെന്ന് കെ.ജാസിംകുട്ടി പറഞ്ഞു. വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചെന്നും മാര്‍ച്ച് ഒന്ന് മുതല്‍ വിതരണം ചെയ്യുമെന്നും ചെയര്‍മാന്‍ എ.സുരേഷ്കുമാര്‍ മറുപടി നല്‍കി. പൊതുകുളങ്ങളും ജലാശയങ്ങളും വൃത്തിയാക്കി ജലവിതരണത്തിനുള്ള ശ്രമങ്ങള്‍ തുടരും. കലക്ടറേറ്റിനടുത്തുള്ള പുരയിടത്തിലെ കിണര്‍ വൃത്തിയാക്കി ഇതിലെ വെള്ളം വിതരണം ചെയ്യാനുള്ള സാധ്യത ആരായും. കഴിഞ്ഞ വര്‍ഷം 1.5 ലക്ഷം രൂപയാണ് കുടിവെള്ള വിതരണത്തിനായി ലഭിച്ചത്. ഇത്തവണ 2.25 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായും ചെയര്‍മാന്‍ പറഞ്ഞു. |
മാലിന്യ ‘നിര്‍മാര്‍ജനം’ വഴിയരികില്‍; ചങ്ങനാശേരി പുകയുന്നു Posted: 16 Feb 2013 08:10 PM PST ചങ്ങനാശേരി: നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് നഗരസഭയുടെ വക വിഷപ്പുക സൗജന്യം. പ്രഭാതം മുതല്‍ ഉച്ചവരെ നഗരം പുകമയമാണ്. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരുടെ വകയാണ് പ്ളാസ്റ്റിക് ഉള്‍പ്പെടെ കത്തിച്ചുള്ള ക്രൂരവിനോദം. നഗരസഭയുടെ ഫാത്തിമാപുരത്തെ ഡമ്പിങ് കേന്ദ്രത്തില്‍ തള്ളേണ്ട മാലിന്യമാണ് നഗരത്തില്‍ പലയിടങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. പെരുന്ന നഗരസഭ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡ്, ടി.ബി റോഡ്, എം.വൈ.എം.എ റോഡ്, താലൂക്കാശുപത്രി റോഡ്, മാര്‍ക്കറ്റ് റോഡ്, എസ്.ബി കോളജ് റോഡ്, അസംപ്ഷന്‍ കോളജ് റോഡ് , റെയില്‍വേ സ്റ്റേഷന് സമീപം, ബൈപാസ്, കാവാലം ബസാര്‍, മുനിസിപ്പല്‍ ആര്‍ക്കേഡ് കോംപ്ളക്സ്, പി.പി. ജോസ് റോഡ്, എ.പി.ജെ. അബ്ദുല്‍കലാം റോഡ് എന്നിവിടങ്ങളിലെല്ലാം മാലിന്യം കത്തിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാവിലെ യാത്ര ചെയ്യുന്നവര്‍ വിഷപ്പുക ശ്വസിച്ചാണ് കടന്നുപോവുന്നത്. വെള്ളിയാഴ്ച രാവിലെ പത്തോടെ പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ വാഹനത്തിലെത്തിച്ച മാലിന്യം കത്തിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഗരസഭയുടെ മാലിന്യകേന്ദ്രത്തില്‍ നിലവിലുള്ള മാലിന്യം സംസ്കരിക്കാനോ നീക്കം ചെയ്യാനോ സാധിക്കാത്തതിനാലാണ് മാലിന്യം വഴിയിലിട്ട് കത്തിക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. |
കോപ്ടര്‍ കോഴ: സി.ബി.ഐ അന്വേഷണ സംഘം ഇറ്റലിയിലേക്ക് തിരിക്കും Posted: 16 Feb 2013 07:48 PM PST ന്യൂദല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് 3,600 കോടി മുടക്കി 12 അത്യാധുനിക ഹെലികോപ്ടര്‍ വാങ്ങാനുള്ള കരാറിലെ കോഴ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ അന്വേഷണ സംഘം ഞായറാഴ്ച ഇറ്റലിയിലേക്ക് തിരിക്കും. സി.ബി.ഐയില്‍ നിന്നും ഡി.ജി.പി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനും ഒരു നിയമോദ്യോഗസ്ഥനുമാണ് സംഘത്തിലുണ്ടാവുക. പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ജോയിന്‍്റ് സെക്രട്ടറി അരുണ്‍ കുമാര്‍ ബാലും സംഘത്തിലുണ്ടാകും. ഇടപാടു സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച രേഖകള്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമല്ലാത്തതിനാലാണ് ഉദ്യോഗസ്ഥരെ സി.ബി.ഐ ഇറ്റലിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ കമ്പനി ഇന്ത്യയില്‍ കോഴ നല്‍കിയെന്ന വിവരം ഇറ്റലിയിലെ കോടതി മുമ്പാകെയാണ് പുറത്തു വന്നത്. അതു സംബന്ധിച്ച് ഇറ്റാലിയ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ കേസ് പരിഗണിച്ച ഇറ്റാലിയന്‍ കോടതി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇറ്റലിയിലെ പ്രോസിക്യൂട്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കോഴ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പുകള്‍, കോപ്ടര്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയം പിന്തുടരുന്ന നടപടിക്രമങ്ങള്‍ എന്നിങ്ങനെയുള്ള രേഖകള്‍ മാത്രമാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് സി.ബി.ഐക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഈ രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഇന്‍്റര്‍പോളിനും അന്വേഷണത്തെ സഹായിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. 3600 കോടി രൂപയുടെ കരാറില്‍ 326 കോടി ഇന്ത്യയില്‍ കോഴയായി നല്‍കിയെന്നാണ് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ റദ്ദാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇടപാട് റദ്ദാക്കാതിരിക്കാന്‍ ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ തുകയായ 3600 കോടിയില്‍ 1300 കോടി നല്‍കി ഓര്‍ഡര്‍ ചെയ്ത 12 ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഇന്ത്യ വാങ്ങിയിരുന്നു. കോഴ തെളിഞ്ഞാല്‍ ഇടപാട് റദ്ദാക്കി നല്‍കിയ പണം പലിശ സഹിതം തിരിച്ചുചോദിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ബജറ്റ് സമ്മേളനം അടുത്താഴ്ച തുടങ്ങാനിരിക്കെ, പ്രതിപക്ഷ ആക്രമണം മുന്നില്‍ കണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാനും കരാര്‍ റദ്ദാക്കാനും കേന്ദ്രം ഒരുങ്ങുന്നത്. |
No comments:
Post a Comment