സ്വാഗതം
WELCOME

News Update..

Friday, November 7, 2014

ബാര്‍ കോഴ: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ് Madhyamam News Feeds

ബാര്‍ കോഴ: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ് Madhyamam News Feeds

Link to

ബാര്‍ കോഴ: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബിജു രമേശ്

Posted: 07 Nov 2014 12:53 AM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് മന്ത്രി കെ.എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബാറുടമ ബിജു രമേശ്. ആരോപണത്തെ കുറിച്ച് വിശദമായ മൊഴിയാണ് വിജിലന്‍സ് സംഘത്തിന് മുമ്പാകെ നല്‍കിയത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണത്തെ കുറിച്ച് വിശദമായ മൊഴിയാണ് നല്‍കിയത്. കൂടുതല്‍ രേഖകള്‍ ഇന്നുതന്നെ വിജിലന്‍സ് സംഘത്തിന് കൈമാറുമെന്നും ബിജു രമേശ് വാര്‍ത്താലേഖകരോട് പറഞ്ഞു.

വിഷയത്തില്‍ ആരുമായും ഒത്തുതീര്‍പ്പിനില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ ശേഖരിച്ച ശേഷം സമിതി തന്നെ വിജിലന്‍സ് സംഘത്തിന് നേരിട്ടു കൈമാറുമെന്നും ബിജു പറഞ്ഞു.

രാവിലെ പത്തരയോടെയാണ് മൊഴി നല്‍കാന്‍ ബിജു രമേശ് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ എത്തിയത്. 2.15ഓടെ മൊഴി രേഖപ്പെടുത്തി പുറത്തിറങ്ങിയ ബിജുവിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച ബിജുവിനെ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് മറുപടി പറയിക്കുകയായിരുന്നു.

അടഞ്ഞുകിടക്കുന്ന പത്ത് ബാറുകള്‍ തുറക്കാന്‍ അനുമതി

Posted: 06 Nov 2014 11:02 PM PST

Image: 

കൊച്ചി: അടഞ്ഞുകിടക്കുന്ന 418 ബാറുകളില്‍ പത്തെണ്ണം തുറക്കാന്‍ ഹൈകോടതിയുടെ അനുമതി. ത്രീ, ഫോര്‍ സ്റ്റാര്‍ ലൈസന്‍സുള്ള ബാറുകള്‍ തുറക്കാനാണ് കോടതിയുടെ അനുമതി.  ഗുണനിലവാരമില്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ 418 ബാറുകള്‍ അടച്ചുപൂട്ടിയത്. ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടേതാണ് ഉത്തരവ്.

2007ല്‍ ബാറുകളുടെ കണക്കെടുത്തപ്പോള്‍ സ്റ്റാര്‍ പദവി ഇല്ലാത്ത 50 ഓളം ബാറുകള്‍ പിന്നീട് ത്രീ, ഫോര്‍ സ്റ്റാര്‍ പദവി നേടിയിരുന്നു. ഇതില്‍പ്പെട്ട ബാറുടമകളാണ് കോടതിയെ സമീപിച്ചത്. ഈ ബാറുകളുടെ ലൈസന്‍സ് രണ്ടാഴ്ചക്കുള്ളില്‍ പുതുക്കി നല്‍കണമെന്നാണ് കോടതി ഉത്തരവ്.

ഫൈവ് സ്റ്റാര്‍ ബാറുകളെ ഒഴിവാക്കി മദ്യനയം നടപ്പാക്കിയ സര്‍ക്കാര്‍ നിലപാടിനെ നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കും

Posted: 06 Nov 2014 10:59 PM PST

Image: 

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കാന്‍  ജുഡീഷ്യല്‍ കമ്മീഷന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്ക് സോളാര്‍ കേസിലെ സരിതാ നായരുമായി ബന്ധമുണ്ടെന്ന ആരോപണവും അന്വേഷിക്കും. കേസ് അന്വേഷണം വഴി തെറ്റിച്ചെന്ന മന്ത്രി തിരുവഞ്ചൂരിനെതിരായ ആരോപണവും തിരുവഞ്ചൂരിന്‍റെ ഫോണ്‍കോളുകളും പരിശോധിക്കും.

സോളാര്‍ കേസില്‍ സഭക്കകത്തും പുറത്തും ഉയര്‍ന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ കമ്മീഷന്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഈ ഉത്തരവ്.

കമ്മീഷന്‍ കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്ന ആറു പേരോടും തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. 20 ദിവസത്തിനകം സാക്ഷിപ്പട്ടിക ഹാജരാക്കണമെന്നും കമ്മീഷന്‍ കക്ഷികളോട് ആവശ്യപ്പെട്ടു.

സരിതാ നായരെയും ശാലു മേനോനെയും തിരുവഞ്ചൂര്‍ സഹായിച്ചുവെന്നും  മുഖ്യമന്ത്രിയുടെ ഒഫീസിലുള്ളവര്‍ സരിതാ നായരുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നതും അടക്കമുള്ള കാര്യങ്ങള്‍ സഭക്കകത്തും പുറത്തും ഉയര്‍ന്നിരുന്നു.

മഅ്ദനിയുടെ ജാമ്യകാലാവധി ഒരാഴ്ചത്തേക്ക് നീട്ടി

Posted: 06 Nov 2014 10:53 PM PST

Image: 

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യകാലാവധി ഒരാഴ്ചത്തേക്ക് നീട്ടി. ചികിത്സ തുടരാന്‍ ജാമ്യ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ജാമ്യം നീട്ടിയത്. വിചാരണ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി.

മാധ്യമങ്ങളെ കാണുന്നത് മഅ്ദനി നിയന്ത്രിക്കണമെന്നും കോടതി അനുവദിച്ച ജാമ്യത്തിലാണെന്ന കാര്യം മഅ്ദനി ഓര്‍ക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഒരു മാസത്തെ ജാമ്യ കാലാവധി അവസാനിച്ചതോടെ ഒക്ടോബര്‍ 31ന് ഇതേ ആവശ്യവുമായി മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജാമ്യ കാലാവധി ഒരാഴ്ചത്തേക്കാണ് കോടതി നീട്ടി നല്‍കിയത്.

പ്രമേഹനിരക്ക് അനിയന്ത്രിതമായതിനാല്‍ കണ്ണ് ചികിത്സ നടത്താനായിട്ടില്ളെന്നും ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാനായിട്ടില്ളെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നേത്ര ചികിത്സക്ക് എറണാകുളത്തെ ശ്രീധരീയം ആശുപത്രിയുടെ പേര് മഅ്ദനി നിലവില്‍ ചികിത്സ തുടരുന്ന ബംഗളൂരുവിലെ സഹായ ഹോളിസ്റ്റിക് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
 

സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ചെന്നിത്തല

Posted: 06 Nov 2014 10:22 PM PST

Image: 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. സര്‍ക്കാറിനെ അട്ടിമറിക്കാമെന്നത് മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.

പരാതിയുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ തെളിവുകള്‍ ഹാജരാക്കണം. വെറും ആരോപണം ഉന്നയിച്ചതുകൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബാറുടമകളുടേത് അവ്യക്തമായ ആരോപണങ്ങള്‍ ^വി.എം സുധീരന്‍

Posted: 06 Nov 2014 10:01 PM PST

Image: 

കണ്ണൂര്‍: ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ അന്തര്‍ദേശീയ മദ്യ കുത്തകകളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അവ്യക്തമായ ആരോപണമാണ് ബാറുടമകള്‍ ഉന്നയിക്കുന്നത്. തെളിവുകളുണ്ടെന്ന് പറയുന്നവര്‍ അത് പുറത്തുവിടണമെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തില്‍ ശക്തമായ നടപടികളുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് മദ്യ കുത്തകകള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങള്‍ക്കൊന്നും സര്‍ക്കാരിന്‍െറ മദ്യനയത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ളെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഐ.എസ്.ഐ.എസ് എന്ന പേര് ബെല്‍ജിയന്‍ ചോക്ലേറ്റ് കമ്പനി മാറ്റി

Posted: 06 Nov 2014 09:54 PM PST

Image: 

ബ്രസല്‍സ്: ഐ.എസ്.ഐ.എസ് എന്ന ബ്രാന്‍ഡ് നെയിം വിനയായി ബെല്‍ജിയന്‍ ചോക്ലേറ്റ് കമ്പനി. ഇസ് ലാമിക് സ്റ്റേറ്റ് ഓഫ്  ഇറാഖ് ആന്‍ഡ് സിറിയ(ഐ.എസ്.ഐ.എസ്)യുടെ പേരുമായുള്ള സാമ്യമാണ് കമ്പനിക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് കമ്പനി പേര് ലിബീര്‍ട്ട് എന്നാക്കി മാറ്റി. ഐ.എസ്.ഐ.എസ് എന്ന പേര് കാരണം സീസണായിട്ടും ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല എന്നതിനാലാണ് പേര് മാറ്റിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കമ്പനി പേര് മാറ്റുന്നത്. ഇറ്റാലോ സ്വിസെ എന്നായിരുന്നു കമ്പനിക്ക് ഒരു വര്‍ഷം മുമ്പുള്ള പേര്. ഇറ്റലിയുമായി കമ്പനിക്ക് ബന്ധമുണ്ട് എന്ന് ചര്‍ച്ച വന്നതോടെ ഇറ്റാലോ സ്വിസെയുടെ പേര് ഐ.എസ്.ഐ.എസ് എന്നാക്കി മാറ്റി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പേര് വീണ്ടും പാരയാവുകയായിരുന്നു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചോക്ലേറ്റ് നിര്‍മാതാക്കള്‍ക്ക്.

ഇറാഖിലും സിറിയയിലുമുള്ള ഐ.എസ്.ഐ.എസ്, പേര് മാറ്റി ഐ.എസ് (ഇസ് ലാമിക് സ്റ്റേറ്റ്)എന്നാക്കിയെങ്കിലും ചോക്ലേറ്റ് കമ്പനിക്ക് കഷ്ടകാലം മാറിയില്ല. 1923ലാണ് കമ്പനി സ്ഥാപിച്ചത്. കമ്പനി ഉടമസ്ഥരുടെ കുടുംബ പേരാണ് ലിബീര്‍ട്ട്.

യുവാവിന്‍െറ ആത്മഹത്യ പൊലീസ് പീഡനത്തില്‍ മനംനൊന്തെന്ന്

Posted: 06 Nov 2014 09:39 PM PST

വിതുര: പൊലീസിന്‍െറ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ചെറ്റച്ചല്‍ ഇടമുക്ക് മുപ്രയില്‍ തടത്തരികത്ത് വീട്ടില്‍ അന്‍സാരിയുടെ (29) മൃതദേഹം ഖബറടക്കി. മകന്‍െറ മരണത്തിന് ഉത്തരവാദിയായ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന്‍ എസ്.ഐക്കും മറ്റുമെതിരെ ഉന്നതര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് സുലൈമാന്‍ പറഞ്ഞു.
ബുധനാഴ്ച വൈകീട്ടോടെയാണ് അന്‍സാരിയെ താമസസ്ഥലത്തിനടുത്തെ പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്. സമീപവാസിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് നാല് ദിവസമായി വിതുര സ്റ്റേഷനിലത്തെി ഒപ്പുവെച്ചു വരികയായിരുന്നു ഐ.എന്‍.ടി.യു.സി തൊഴിലാളി കൂടിയായ അന്‍സാരി. ഗള്‍ഫിലേക്ക് പോകാന്‍ മെഡിക്കല്‍ പരിശോധന കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഇദ്ദേഹം. സ്റ്റേഷനിലുണ്ടായ സംഭവങ്ങളെക്കുറിച്ച്് സുലൈമാന്‍ വിശദമായ മൊഴി നല്‍കിയിട്ടുണ്ടെന്ന് പാലോട് സി.ഐ വേലായുധന്‍ നായര്‍ പറഞ്ഞു.
31നാണ് സുലൈമാനെയും അന്‍സാരിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പരാതിക്കാരിയും ബന്ധുവായ മറ്റൊരു സ്റ്റേഷനിലെ പൊലീസുകാരനും ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നു.
എല്ലാവരുടെയും മുന്നില്‍ വെച്ച് അന്‍സാരിയുടെ പിന്‍ കഴുത്തില്‍ ചൂരല്‍ വടി വെച്ച് കൈകള്‍ അതിന് മുകളിലൂടെ നീട്ടി നിര്‍ത്തിച്ചതായും പിതാവിനെയും മകനെയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സുലൈമാന്‍െറ മൊഴിയില്‍ പറയുന്നു. യുവതി തനിക്കെതിരെ നേരത്തേയും കള്ളപ്പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇതു തുടര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി ആത്മഹത്യ ചെയ്യുമെന്നും അന്‍സാരി എസ്.ഐയോട് പറഞ്ഞു. യുവതിയുടെ വീട്ടിലല്ല, സ്വന്തം വീട്ടില്‍ പോയി ചത്തോളൂ എന്നായിരുന്നു എസ്.ഐയുടെ മറുപടി. മഹസറെഴുതാന്‍ താന്‍ എത്തിക്കോളാമെന്ന് എസ്.ഐ പറഞ്ഞതായും സുലൈമാന്‍െറ മൊഴിയില്‍ പറയുന്നു.
പിന്നീട് 200 പേജ് ബുക്കും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി പിറ്റേദിവസം ഹാജരാകണമെന്ന താക്കീതോടെ അന്‍സാരിയെ പറഞ്ഞയച്ചു.
ഇതനുസരിച്ച് ഈ മാസം ഒന്ന് മുതല്‍ നാല് വരെ സ്റ്റേഷനിലത്തെി ഒപ്പ് വെച്ചിരുന്നു. ഈ ദിവസങ്ങളിലും പീഡനമുറകള്‍ അന്‍സാരിക്ക് ഏല്‍ക്കേണ്ടിവന്നിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഇതില്‍ മനംനൊന്താണ് അഞ്ചാം ദിവസം അന്‍സാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജനമൈത്രി സ്റ്റേഷനുകളിലത്തെുന്ന പരാതികള്‍ അന്വേഷിക്കുന്നത് സംബന്ധിച്ച് ചില വ്യവസ്ഥകള്‍ ഉണ്ടെന്നും അന്‍സാരിക്കെതിരായ പരാതിയില്‍ ഇതൊന്നും പാലിച്ചിട്ടില്ളെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത അന്‍സാരിയുടെ മൃതദേഹം വസതിയിലും ചെറ്റച്ചല്‍ പ്രിയദര്‍ശിനി ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ സാമൂഹിക നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനത്തെി. മൃതദേഹം ഉച്ചക്ക് രണ്ടിന് മരുതുംമൂട് സിറാജുല്‍ ഇസ്ലാം ജമാഅത്ത് ഖബര്‍സ്ഥാനില്‍ അടക്കി.

സഹോദരങ്ങളെ തീകൊളുത്തി കൊന്ന കേസില്‍ യുവാവും കൂട്ടാളിയും അറസ്റ്റില്‍

Posted: 06 Nov 2014 09:34 PM PST

വണ്ടിപ്പെരിയാര്‍: അമ്മയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത സഹോദരങ്ങളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കൂട്ടാളിയും അറസ്റ്റില്‍.
അരണക്കല്‍ എസ്റ്റേറ്റ് ധര്‍മാവാലി ഡിവിഷന്‍ ആറുമുറി ലയത്തില്‍ മാരിമുത്തു (21), തമിഴ്നാട് കമ്പം സ്വദേശി സെന്തില്‍ (34) എന്നിവരാണ് കട്ടപ്പനയില്‍ പിടിയിലായത്.
2013 മാര്‍ച്ച് 21നാണ് വള്ളക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിന് സമീപത്തെ പൊന്‍നഗര്‍ കോളനിയില്‍ താമസിക്കുന്ന തങ്കവേലു-വെണ്ണില ദമ്പതികളുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവര്‍ക്ക് പൊള്ളലേറ്റത്. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഇവര്‍ പുലര്‍ച്ചെ മൂന്നോടെ ശരീരത്തില്‍ തീപടര്‍ന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഈ സമയം മാതാപിതാക്കളും ഇളയ സഹോദരനും തങ്കവേലുവിന്‍െറ മാതാവിന്‍െറ വീട്ടിലായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭഗവതിയുടെ സുഹൃത്തായ മാരിമുത്തു വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
ഈ അടുപ്പം വെണ്ണിലയുമായുള്ള ബന്ധത്തിലേക്ക് വളര്‍ന്നു. ഇതോടെ മാരിമുത്തു വീട്ടില്‍ വരുന്നത് ഭഗവതി വിലക്കി. തുടര്‍ന്നാണ് കുട്ടികളെ ഒഴിവാക്കാന്‍ മാരിമുത്തു പദ്ധതിയിട്ടത്.
സെന്തില്‍ വഴി പെട്രോള്‍ വാങ്ങിയ മാരിമുത്തു സംഭവ ദിവസം കോളനിയിലത്തെി ഭഗവതിയും ശിവയും ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം പന്തം കത്തിച്ച് വീടിനുള്ളിലേക്ക് എറിയുകയും പെട്രോള്‍ മുറിയില്‍ ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി.
ഭഗവതിയും മാരിമുത്തുവും തമ്മിലെ വാക്കുതര്‍ക്കം നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. സംഭവ ദിവസം മാരിമുത്തുവിനെ കോളനി പരിസരത്ത് കണ്ടതും സംശയത്തിനിടയാക്കി. തുടര്‍ന്ന് മാരിമുത്തു വള്ളക്കടവില്‍നിന്ന് അപ്രത്യക്ഷമായി. രണ്ട് തവണ സത്രം ഭാഗത്ത് തോട്ടം തൊഴിലാളി സ്ത്രീകള്‍ മാരിമുത്തുവിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തെരഞ്ഞെങ്കിലും കണ്ടത്തൊനായില്ല.
പ്രതിയുടെ ചിത്രം ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസ്സമായി. 'ഓര്‍ഡിനറി' സിനിമയില്‍ എക്സ്ട്രാ നടനായി അഭിനയിച്ച മാരിമുത്തുവിന്‍െറ പോസ്റ്റര്‍ ചിത്രമാണ് ലുക്ക്ഒൗട്ട് നോട്ടീസായി ഉപയോഗിച്ചത്.
നിരവധി മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.
തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കടത്തുന്നതിനിടെയാണ് സെന്തിലുമായി പരിചയത്തിലായത്. മാരിമുത്തുവിന്‍െറ കമ്പിളി പുതപ്പ് കോളനിക്ക് സമീപത്തെ തേയില തോട്ടത്തില്‍നിന്ന് സംഭവ ദിവസം കണ്ടത്തെിയിരുന്നു.
പൊന്‍നഗര്‍ കോളനിയിലെ വീട്ടിലത്തെിച്ച പ്രതി ഒരു ഭാവഭേദവും കൂടാതെയാണ് പൊലീസിനോട് വിശദീകരിച്ചത്.
എറണാകുളം ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിങ് എസ്.പി കെ.ജി. സൈമണിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ വി.ജി. രവീന്ദ്രനാഥ്, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. അനില്‍കുമാര്‍, എസ്.ഐ കെ.എച്ച്. നസീര്‍, എസ്.ഐ കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, എ.എസ്.ഐമാരായ എ.ഇ. ബാബു, നാരായണന്‍ ഉണ്ണി, സീനിയര്‍ സി.പി.ഒമാരായ സന്തോഷ് എബ്രഹാം, സജിമോന്‍, വി.എസ്. സിജു എന്നിവരുമുണ്ടായിരുന്നു.

പഞ്ചായത്ത് നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് സ്വകാര്യ ലോറി സ്റ്റാന്‍ഡായി

Posted: 06 Nov 2014 09:29 PM PST

മൂന്നാര്‍: പഞ്ചായത്ത് പണിത പഴ മൂന്നാറിലെ ബസ് സ്റ്റാന്‍ഡ് സ്വകാര്യ ലോറി സ്റ്റാന്‍ഡായി. ട്രാഫിക് കുരുക്കിന് പരിഹാരമായി മൂന്നാര്‍ പഞ്ചായത്ത് 1994ല്‍ ജെ.ആര്‍.വൈ സ്കീമില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡാണ് സ്വകാര്യ ലോറി സ്റ്റാന്‍ാഡായി മാറിയത്.
നീലക്കുറിഞ്ഞി പൂത്തപ്പോള്‍ സഞ്ചാരികളുടെ തിരക്ക് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പഴയ മൂന്നാറില്‍ സ്റ്റാന്‍ഡ് നിര്‍മിച്ചത്. 30 കടകളും രണ്ട് വെയ്റ്റിങ് ഷെഡും നിര്‍മിക്കുകയും ടെന്‍ഡര്‍ വിളിച്ച് കടകള്‍ മൂന്നാറിലെതന്നെ കച്ചവടക്കാര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും മൂന്നാറില്‍ ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. മാസം കുറഞ്ഞത് ഒരുലക്ഷത്തിലധികം സഞ്ചാരികളത്തെുന്ന മൂന്നാറിലെ ട്രാഫിക് കുരുക്ക് മാറ്റമില്ലാതെ തുടരുമ്പോഴാണ് പഞ്ചായത്ത് വക സ്റ്റാന്‍ഡ് സ്വകാര്യ ലോറികളുടെ കേന്ദ്രമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗം മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി സ്റ്റാന്‍ഡ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ലോറിയുടമകളുടെ എതിര്‍പ്പിനത്തെുടര്‍ന്ന് പിന്മാറുകയായിരുന്നു. മൂന്നാറിലെ വന്‍കിടക്കാരുടെ അന്യസംസ്ഥാന ലോറികളടക്കം ഇവിടെയാണ് രാപകല്‍ വ്യത്യാസമില്ലാതെ പാര്‍ക്ക് ചെയ്യുന്നത്. മാസങ്ങളോളം സ്റ്റാന്‍ഡ് നിറഞ്ഞ് വാഹനങ്ങള്‍ കിടക്കുന്നതിനെക്കുറിച്ച് അന്വേഷണവുമില്ല. സ്റ്റാന്‍ഡില്‍ പഞ്ചായത്ത് നിര്‍മിച്ച വെയ്റ്റിങ് ഷെഡുകള്‍ സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിരിക്കുകയാണ്.

മെഡിക്കല്‍ കോളജില്‍ കോടികളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Posted: 06 Nov 2014 09:26 PM PST

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയും ന്യായവില ഷോപ്പും കേന്ദ്രീകരിച്ച് കോടികളുടെ ക്രമക്കേട് നടന്നതായി അക്കൗണ്ട്സ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് ന്യായവില ഷോപ്പില്‍ 2.15 കോടിയുടെ മരുന്ന് വാങ്ങിയത് നിയമ വിരുദ്ധമായാണെന്നും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ക്വട്ടേഷന്‍ പോലുമില്ലാത്ത ഇടപാടുകളാണ് നടന്നതെന്നും എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകള്‍ വാങ്ങിയതിന്‍െറ പേരില്‍ വ്യാജ ബില്ലുകളാണ് അക്കൗണ്ട് ചെയ്തിരിക്കുന്നതെന്നും 44 ലക്ഷം രൂപ ബാധ്യതയുണ്ടെന്നും പരാമര്‍ശമുണ്ട്. ബാധ്യതയുടെ കാരണം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 2013 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2014 ആഗസ്റ്റ് മൂന്നുവരെയുള്ള ഇടപാടുകളെക്കുറിച്ച ഓഡിറ്റ് റിപ്പോര്‍ട്ടാണിത്. ആശുപത്രി വികസന സമിതിയുടെ വരവ് ചെലവ് കണക്കുകള്‍ തയാറാക്കി ഓഡിറ്റിന് വിധേയമാക്കാനാകാത്ത സ്ഥിതിയാണുള്ളത്. സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി ഇല്ല. കാഷ് ബുക്കിലും രസീത് ബുക്കിലും രേഖപ്പെടുത്തിയ ഇടപാടുകളില്‍ വലിയ വ്യത്യാസം കാണപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടുകള്‍ കാഷ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്താതെ ബില്ലുകള്‍ക്ക് രസീത് നല്‍കുന്നതായും സ്റ്റോക്കില്‍ വന്‍ ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാങ്ക് പാസ് ബുക്കിലും കാഷ് ബുക്കിലും വ്യത്യാസം കണ്ടുപിടിച്ചിട്ടുണ്ട്. ചികിത്സാ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്താത്തത് മൂലം സര്‍ക്കാറിന് 18 കോടിയുടെ നഷ്ടം വരുത്തിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചികിത്സ നേടിയ 2647 രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കിയിട്ടില്ല. എസ്.സി - എസ്.ടി ആനുകൂല്യങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചു. സി.ടി സ്കാന്‍ വാങ്ങുന്നതിന് രണ്ടു കോടി രൂപ സ്വകാര്യ കമ്പനിക്ക് മുന്‍കൂറായി നല്‍കി ഒന്നര വര്‍ഷം പിന്നിട്ടിട്ടും യൂനിറ്റ് ലഭിച്ചില്ല. ഇത് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരത്തിലെ റോഡുകള്‍ ടാറിങ് തുടങ്ങി

Posted: 06 Nov 2014 09:18 PM PST

കണ്ണൂര്‍: ഏറെ മുറവിളിക്കും സമരങ്ങള്‍ക്കും ഒടുവില്‍ നഗരത്തിലെ റോഡുകളുടെ ടാറിങ് തുടങ്ങി.
കാല്‍ടെക്സ് പരിസരം, ടൗണ്‍ സ്ക്വയര്‍ മുതല്‍ പൊലീസ് സയന്‍റിഫിക് ലാബ് വരെയുള്ള റോഡുകളാണ് വ്യാഴാഴ്ച ടാറിങ് നടത്തിയത്. തിരക്കുള്ള സമയം ടാറിങ് പ്രവൃത്തി നടത്തിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. പൈപ്പിടല്‍ പ്രവൃത്തിക്കായി രാത്രി കാലങ്ങളിലാണ് നഗരത്തില്‍ റോഡ് വെട്ടിപ്പൊളിച്ചിരുന്നത്.
എന്നാല്‍, ഇവയുടെ അറ്റകുറ്റപ്പണി പകല്‍ സമയത്താണ് നടത്തുന്നത്. ഇതും രാത്രി കാലങ്ങളില്‍ നടത്തിയാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരുഭാഗത്ത് ഗതാഗതം തടഞ്ഞാണ് ഇന്നലെ ടാറിങ് നടത്തിയത്.
ഇതുകാരണം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സ്പെഷല്‍ സ്കൂള്‍ സംസ്ഥാന കലോത്സവം നടന്ന മുനിസിപ്പല്‍ സ്കൂളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടി.
മുനിസിപ്പല്‍ ഹൈസ്കൂളിനു മുന്നിലെ റോഡ് ടാറിങ്, കഴിഞ്ഞ ഞായറാഴ്ച നടത്തേണ്ടതായിരുന്നുവെന്നും എന്നാല്‍, ശനിയാഴ്ചത്തെ കനത്ത മഴകാരണമാണ് ടാറിങ് വൈകിയതെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍ പറഞ്ഞു. ഏതാനും ദിവസം വെയില്‍കൊണ്ട് റോഡ് ഉണങ്ങിയശേഷം മാത്രമേ ടാറിങ് നടത്താന്‍ കഴിയുകയുള്ളൂവെന്നും അതേതുടര്‍ന്നാണ് ഇന്നലെ ടാറിങ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിക്കാത്ത റോഡുകള്‍ നഗരത്തിലില്ല. മാസങ്ങളായി ഈ പ്രവൃത്തി നടത്തി വരുകയാണ്. കാല്‍നടയാത്രപോലും ദുഷ്കരമാക്കിയായിരുന്നു പ്രവൃത്തി. ഇത് വ്യാപക പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കാലവര്‍ഷം നഗരത്തിലെ റോഡുകളുടെ ദു$സ്ഥിതിക്ക് ആക്കംകൂട്ടുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ റോഡുകളുടെ ടാറിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫിസിനു മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു.
ഉടന്‍ നടപടിയെടുക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കാന്‍ പ്രത്യേക കാമ്പയിന്‍

Posted: 06 Nov 2014 08:58 PM PST

മലപ്പുറം: വോട്ടര്‍പട്ടികയില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കുറവുള്ള മണ്ഡലങ്ങളില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക കാമ്പയിന്‍ നടത്താന്‍ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലാണ് സ്ത്രീ വോട്ടര്‍മാര്‍ കുറവുള്ളത്. കുടുംബശ്രീ വഴിയാണ് കൂടുതല്‍ സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കുക. ഇതിനായി പ്രത്യേക പ്രചാരണം നടത്തും. കാമ്പസുകള്‍ കേന്ദ്രീകരിച്ചും വിപുലമായ പ്രചാരണം നടത്തും. കാമ്പസ് അംബാസഡര്‍മാര്‍ക്കാണ് ഇതിന്‍െറ ചുമതല. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍ക്കും കാമ്പസ് അംബാസഡര്‍മാര്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും നവംബര്‍ 25 വരെയാണ് പേര് ചേര്‍ക്കാന്‍ അവസരം. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവര്‍ക്ക് പേര് ചേര്‍ക്കാം. ceo.kerala.gov.in/eregistration ലാണ് പേര് ചേര്‍ക്കേണ്ടത്. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകളിലത്തെി രേഖകള്‍ പരിശോധിക്കും. വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഇവര്‍ക്ക് പരിശോധനക്ക് നല്‍കണം. വോട്ടര്‍പട്ടികയിലെ ഫോട്ടോ മാറ്റാനും സംവിധാനം ഉപയോഗപ്പെടുത്താം.

മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ്: നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍

Posted: 06 Nov 2014 08:55 PM PST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കല്കടര്‍ സി.എ. ലത അറിയിച്ചു. ഇഖ്റ ആശുപത്രി മുതല്‍ മലാപ്പറമ്പ് യു.പി സ്കൂള്‍ വരെയുള്ള അഞ്ചാമത്തെ സ്ട്രെച്ചില്‍ ഉള്‍പ്പെട്ട സ്ഥലമുടമകളുടെ പ്രയാസങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചാമത്തെ സ്ട്രെച്ചില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആശ്വാസ തുകയും പലിശയും അടക്കം 15,10,130 രൂപയാണ് സെന്‍റിന് തറവിലയായി നിശ്ചയിച്ചത്. ചര്‍ച്ചകള്‍ക്കു ശേഷം 10 ശതമാനം വര്‍ധിപ്പിച്ച് അന്തിമ തുകയായി 16.50 ലക്ഷം രൂപയാണ് സെന്‍റിന് തറവിലയായി കലക്ടര്‍ നിര്‍ദേശിച്ചത്. വിലനിര്‍ണയത്തിനായി മൊത്തം ആറ് പ്രമാണങ്ങളാണ് കമ്മിറ്റി പരിഗണിക്കുന്നത്.
വില അംഗീകരിച്ചവരുടെ സമ്മതപത്രം സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥതല പരിശോധനകള്‍ക്കു ശേഷം എല്ലാ സ്ട്രെച്ചിലും ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്കുള്ള വിലയും തൊഴിലാളികളുടെ പുനരധിവാസവും ചര്‍ച്ചചെയ്ത് നടപടിയെടുക്കും.
വിട്ടുനില്‍ക്കുന്ന സ്ഥലമുടമകളുടെയും മതിയായ രേഖകള്‍ ഇല്ലാത്തവരുടെയും ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കും. വില അംഗീകരിച്ചവര്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ റിവ്യൂ കേസിന് പോകാന്‍ അനുവാദമില്ല. നവംബര്‍ 14നകം ജില്ലാതല പര്‍ച്ചേസ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കും. വിലനിര്‍ണയം സംബന്ധിച്ച് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തയാറാക്കുന്ന ശിപാര്‍ശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിക്ക് കൈമാറും. കമ്മിറ്റിയുടെ ഉത്തരവ് ലഭിച്ചാല്‍ റോഡ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
യോഗത്തില്‍ എ.ഡി.എം കെ. രാധാകൃഷ്ണന്‍, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ ജെസി ഹെലന്‍ ഹമീദ്, ആര്‍.ഡി.ഒ ഹിമാന്‍ഷുകുമാര്‍ റായ്, സ്പെഷല്‍ തഹസില്‍ദാര്‍ റംല, കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്‍റ് ഉദ്യോഗസ്ഥരായ സാബു കെ. ഫിലിപ്പ്, കെ. ലേഖ, കെ.പി. കോയമോന്‍ എന്നിവര്‍ പങ്കെടുത്തു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,400 രൂപ

Posted: 06 Nov 2014 08:49 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,400 രൂപയിലും ഗ്രാമിന് 2,425 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന്‍ വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച 200 രൂപ കുറഞ്ഞ് പവന്‍ വില 19,400ല്‍ എത്തി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 02.57 ഡോളര്‍ താഴ്ന്ന് 1,139.73 ഡോളറിലെത്തി.

യു.എ.ഇ സമ്പദ് മേഖല അതിവേഗം കരകയറുന്നതായി ഐ.എം.എഫ് റിപ്പോര്‍ട്ട്

Posted: 06 Nov 2014 08:38 PM PST

Image: 

അബൂദബി: അറബ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ യു.എ.ഇ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അതിവേഗം കരകയറുന്നതായി അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്).  നിര്‍മാണ മേഖല, ലോജിസ്റ്റിക്സ്, ഹോസപിറ്റാലിറ്റി മേഖലകളുടെ പിന്തുണയുടെ കരുത്തിലാണ് യു.എ.ഇ സമ്പദ് മേഖല കുതിക്കുന്നതെന്ന് അടുത്തിടെ രാജ്യം സന്ദര്‍ശിച്ച ഐ.എം.എഫ് സംഘം വ്യക്തമാക്കി.
എണ്ണ സമ്പന്നമായ അബൂദബിയിലെ നിര്‍മാണ പദ്ധതികളും ദുബൈയിലെ സേവന മേഖലയിലെ വളര്‍ച്ചയുമാണ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് സഹായകമാകുന്നത്.  
ഈ വര്‍ഷം യു.എ.ഇയുടെ സാമ്പത്തിക വളര്‍ച്ച 4.2 ശതമാനമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ഇത് 5.2 ശതമാനമായിരുന്നു. അതേസമയം, എണ്ണയിതര മേഖല 5.5 ശതമാനം വളര്‍ച്ച കൈവരിക്കും.  അസംസ്കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന കുറവ് തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.  
2008-09 കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്ന ദുബൈയും സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാധ്യതകള്‍ നേരത്തേ തന്നെ അടച്ചുതീര്‍ത്ത് തുടങ്ങിയിട്ടുണ്ട്.
അതേസമയം, ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബാധ്യത പഴയ പോലെ നിലനില്‍ക്കുകയാണ്. ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖല സ്ഥിരത കൈവരിച്ചതും നിര്‍ണായക നേട്ടമാണെന്ന് ഐ.എം.എഫ് വ്യക്തമാക്കി.
 

ഫട്നാവിസിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാവീഴ്ച

Posted: 06 Nov 2014 08:29 PM PST

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ ഫട്നാവിസ് സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ വേദിയില്‍ ഗുരുതര സുരക്ഷാ വീഴ്ച. ബീഹാറില്‍ നിന്നുള്ളയാളാണ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത്. ബി.ജെ.പി അംഗമാണെന്ന് പരിചയപ്പെടുത്തിയ അനില്‍ മിശ്രയാണ് വേദിയില്‍ കയറിപ്പറ്റിയത്.

ചടങ്ങിനിടക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുമായി അനില്‍ മിശ്ര കൂടിക്കാഴ്ച നടത്തി. മോദിയോടൊപ്പം ഇയാള്‍ ഫോട്ടോയെടുക്കുകയും ചെയ്തു. സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് വേദിയില്‍ കയറാനും മിശ്രക്ക് കഴിഞ്ഞു.

വി.വി.ഐ.പികളുടെ പട്ടികയിലോ സ്റ്റേജില്‍ കയറാന്‍ അനുമതിയുള്ളവരുടെ പട്ടികയിലോ അനില്‍ മിശ്രയുടെ പേരില്ലായിരുന്നു എന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ എങ്ങനെയാണ് വി.വി.ഐ.പി മേഖലയില്‍ കയറിപ്പറ്റിയതെന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഒക്ടോബര്‍ 31നാണ് ഫട്നാവിസ് സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു.

മസ്ജിദുല്‍ അഖ്സ വിമോചനത്തിന് അറബ് രാജ്യങ്ങള്‍ പിന്തുണ നല്‍കണം -ഖാലിദ് മിശ്അല്‍

Posted: 06 Nov 2014 08:15 PM PST

Image: 

ദോഹ: മസ്ജിദുല്‍ അഖ്സയുടെ മോചനത്തിന് ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ആത്മാര്‍ഥമായ പിന്തുണ നല്‍കണമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍. ഖുദ്സ് വിമോചനം ഫലസ്തീന്‍ ജനതയുടെ മാത്രം ആവശ്യമായി കാണുന്നത് ആത്മഹത്യാപരമായിരിക്കും. അഖ്സ ഫലസ്തീനികളുടെ മാത്രം പുണ്യഗേഹമാണെന്ന് ആരും വിചാരിക്കരുത്. മുസ്ലിം ലോകത്തിന്‍െറ ആദ്യ ഖിബ്ലയാണിതെന്ന കാര്യം വിസ്മരിക്കരുതെന്നും ഖാലിദ് മിശ്അല്‍ അഭിപ്രായപ്പെട്ടു.
അല്‍ദുസ് വിമോചനമാണ് ഫലസ്തീന്‍ വിഷയത്തിന്‍െറ കാതല്‍. ഇന്ന് അല്‍അഖ്സ ഭീഷണിക്ക് നടുവിലാണ്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്. ഇസ്ലാമിക ലോകത്തെ ഏറ്റവും പ്രമുഖ രാജ്യമെന്ന് നിലക്ക് സൗദി അറേബ്യയില്‍ നിന്ന് വലിയ പിന്തുണയാണ് ഫലസ്തീന്‍ ജനത പ്രതീക്ഷിക്കുന്നത്.
അയല്‍ രാജ്യമെന്ന നിലക്ക് ഈജിപ്ത് ഫലസ്തീന്‍ വിമോചനത്തിന് മുന്നില്‍ നില്‍ക്കേണ്ട രാജ്യമാണ്.
ജോര്‍ദാന്‍ നല്‍കി വരുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നും തുടര്‍ന്നും ഇത് പ്രതീക്ഷിക്കുന്നതായും ഹമാസ് നേതാവ് വ്യക്തമാക്കി. അല്‍ ഖുദ്സ് മതപരമായി ലോകത്തിന്‍െറ ആസഥാനമായാണ് അറിയപ്പെടുന്നത്.
ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്ന് ഖുദ്സിനെ മോചിപ്പിക്കാന്‍ ഇസ്ലാമിക ലോകം സര്‍വ പിന്തുണയും നല്‍കണമെന്ന് ഖാലിദ് മിശ്അല്‍ ആവശ്യപ്പെട്ടു.
 

തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ചര്‍ച്ച നടത്തി

Posted: 06 Nov 2014 08:15 PM PST

Image: 

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ജി.കെ വാസന്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി. തമിഴ്നാട് പി.സി.സി പ്രസിഡന്‍റ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അടക്കം 12 മുതിര്‍ന്ന നേതാക്കളുമായാണ് സോണിയ തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചയില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവര്‍ പങ്കെടുത്തു.

തമിഴ്നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി ഇളങ്കോവന്‍ പറഞ്ഞു. ജനങ്ങളുടെ പിന്തുണ നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വാര്‍ത്താലേഖകരെ അറിയിച്ചു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ പി. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തി ചിദംബരം വിമര്‍ശം ഉയര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍െറ നിര്‍ദേശം പ്രാദേശിക നേതാക്കള്‍ കാത്തിരിക്കേണ്ട ആവശ്യമില്ളെന്നാണ് കാര്‍ത്തി അഭിപ്രായപ്പെട്ടത്.

എണ്ണവിലയില്‍ റെക്കോഡ് തകര്‍ച്ച

Posted: 06 Nov 2014 08:07 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ സമ്പദ്ഘടനയുടെ അടിസ്ഥാന സ്രോതസ്സായ പെട്രോളിയത്തിന്‍െറ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായ ഇടിവ്. വ്യാഴാഴ്ച ഒരു ബാരല്‍ കുവൈത്ത് പെ¤്രടാളിയത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ വില 75.79 ഡോളറാണ്. ബുധനാഴ്ചത്തെ 76.76 ദിവസത്തേതിനേക്കാള്‍ 0.93 ഡോളറിന്‍െറ കുറവിലാണ് ഇന്നലത്തെ പെട്രോള്‍ വില സൂചിക കടന്നുപോയത്. ചൊവ്വാഴ്ചത്തേതില്‍നിന്ന് 1.94 ഡോളര്‍ കുറവായിരുന്നു ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് കഴിഞ്ഞ രണ്ടുദിവസവും പെട്രോള്‍ വില സൂചികയിലുണ്ടായത്. ഇത് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2010 ഒക്ടോബര്‍ 18നാണ് കുവൈത്ത് പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ സമാനമായ ഇടിവ് രേഖപ്പെടുത്തിയത്. 76.74 ഡോളറാണ് അന്ന് ഒരു ബാരല്‍ കുവൈത്ത് പെട്രോളിന് ലഭിച്ചത്.
ഈവര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയ അടിസ്ഥാന വിലയില്‍നിന്നും 32.15 ഡോളറിന്‍െറ കുറവാണ് പെട്രോളിന്‍െറ വിലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ഒരു ബാരല്‍ പെട്രോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റഴിച്ചിരുന്നത് 108.91 ഡോളറിനാണ്. കുവൈത്ത് പെട്രോളിന്‍െറ വിലയില്‍ സമാനമായ തകര്‍ച്ച നേരിട്ടത് 2012 മാര്‍ച്ചിലാണ്. ആവര്‍ഷം മാര്‍ച്ചില്‍ ഒരു ബാരല്‍ കുവൈത്ത് പെട്രോളിന്‍െറ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 123.52 ഉണ്ടായിരുന്നേടത്ത് 35.27 ഡോളര്‍ കുറഞ്ഞ് ജൂണ്‍ ആയപ്പോഴേക്ക് 88.25 ഡോളറിലത്തെുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഇറാന്‍െറ ഭീഷണിയും തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് അന്ന് പെട്രോളിന്‍െറ വിലയില്‍ തകര്‍ച്ച നേരിടാനുണ്ടായ കാരണം. അമേരിക്കയില്‍ പുതിയ പെട്രോള്‍ ശേഖരങ്ങള്‍ കണ്ടത്തെിയതിനാല്‍ അവര്‍ എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ തീരുമാനമെടുത്തതുള്‍പ്പെടെയുള്ള കാരണങ്ങളാണ് നിലവില്‍ രാജ്യത്തിന്‍െറ എണ്ണവിലയില്‍ ഇത്ര കുറവ് അനുഭവപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉപഭോഗ രാജ്യമായ അമേരിക്ക എണ്ണയുടെ ഇറക്കുമതി ഗണ്യമായി കുറക്കാന്‍ തീരുമാനിച്ചതിനാല്‍ കുവൈത്ത് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ കയറ്റുമതികളെയാണ് അത് ബാധിക്കുക.
ഇതുകൂടാതെ, വിവിധ കാരണങ്ങളാല്‍ പെട്രോളിയം ഉപഭോഗ രാജ്യങ്ങളില്‍ ലോക തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഉണര്‍വുകളും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുന്നതിന് ഇടയാക്കുന്നുണ്ടെന്ന് ഈ മേഖലയിലെ പ്രമുഖ ഗവേഷകനായ മുഹമ്മദ് അല്‍ശത്തി അഭിപ്രായപ്പെട്ടു. കുവൈത്തുപോലെ എണ്ണയെ മാത്രം ആശ്രയിച്ച് സാമ്പത്തിക ഘടന സ്ഥാപിക്കപ്പെട്ട രാജ്യങ്ങള്‍ക്ക് എണ്ണവിലയില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഇടിവുകള്‍ കനത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്.
 

ഇറാന്‍ പരമോന്നത നേതാവിന് ഒബാമയുടെ കത്ത്

Posted: 06 Nov 2014 07:49 PM PST

Image: 

വാഷിങ്ടണ്‍: ഐ.എസിനെതിരേ പോരാടുന്നതിന് പിന്തുണ തേടി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ കത്ത്. നവംബര്‍ 24ന് ആണവ നിരായുധീകരണം സംബന്ധിച്ച് ഇറാനും അഞ്ച് ലോക രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് ഒബാമയുടെ പുതിയ നീക്കം ഗുണം ചെയ്യുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ വിലയിരുത്തുന്നത്. പുതിയ നയതന്ത്ര നീക്കങ്ങള്‍ ഇറാനുമായുള്ള ആണവ ഉടമ്പടി യാഥാര്‍ഥ്യമാകാന്‍ സഹായിക്കുമെന്നാണ് സൂചന.

അതേസമയം, ഐ.എസിനെതിരായ നീക്കത്തില്‍ ഇറാനുമായി സൈനിക സഹകരണമില്ളെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏര്‍ണസ്റ്റ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മില്‍ രഹസ്യവിവരങ്ങള്‍ കൈമാറില്ളെന്നും അദ്ദേഹം അറിയിച്ചു.

യു.എസ് നേതൃത്വം നല്‍കുന്ന സഖ്യത്തിന്‍െറ ഭാഗമല്ലാത്ത ഇറാന്‍ ഒറ്റക്കാണ് ഐ.എസിനെതിരായ പോരാട്ടം നടത്തുന്നത്.  

 

വെസ്റ്റ് എക്കറില്‍ മലയാളികളുടെ കോള്‍ഡ് സ്റ്റോര്‍ കത്തിനശിച്ചു; 45,000 ദിനാറിന്‍െറ നഷ്ടം

Posted: 06 Nov 2014 07:40 PM PST

Image: 

മനാമ: വെസ്റ്റ് എക്കറില്‍ മലയാളികള്‍ നടത്തുന്ന കോള്‍ഡ് സ്റ്റോര്‍ കത്തിനശിച്ചു. സാധനങ്ങളും ഉപകരണങ്ങളുമടക്കം 45000 ദിനാര്‍ നഷ്ടം കണക്കാക്കുന്നു. വടകര എടച്ചേരി സ്വദേശി അബ്ദുല്‍ അസീസും പാര്‍ട്ണര്‍മാരും കഴിഞ്ഞ 25 വര്‍ഷമായി നടത്തുന്ന അല്‍ജാബ്രി കോള്‍ഡ് സ്റ്റോറാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്. മൂന്ന് ഷട്ടറുകളുള്ള വലിയ കോള്‍ഡ് സ്റ്റോറിലെ വിലപിടിപ്പുള്ള മുഴുവന്‍ സാധനങ്ങളും ഉപകരണങ്ങളും നശിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷിക്കുന്നുണ്ട്. പതിവുപോലെ ബുധനാഴ്ച രാത്രി 11 മണിക്ക് ഷോപ്പ് അടച്ചതായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഫയര്‍ഫോഴ്സിന്‍െറയും മറ്റും ശബ്ദകോലാഹലങ്ങള്‍ കേട്ട് ഏതാനും വാര അകലെ താമസിക്കുന്ന ജീവനക്കാര്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ തങ്ങളുടെ ഷോപ്പില്‍ തീയണക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്.
തുടര്‍ന്ന് ഷോപ്പില്‍ എത്തിയപ്പോഴേക്കും എല്ലാം കത്തിയമര്‍ന്നിരുന്നു. 12 മണിയോടെ തീപിടിത്തം ആരംഭിച്ചുവെന്നാണ് കരുതുന്നത്.
ഈ സമയത്ത് ഇതുവഴി പോയ അറബി പുക ഉയരുന്നതുകണ്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും കുതിച്ചത്തെി തീയണച്ചതിനാല്‍ തൊട്ടടുത്ത ഷോപ്പുകളിലേക്ക് തീ പടര്‍ന്നില്ല. കെട്ടിടത്തിന്‍െറ മുകള്‍നിലയില്‍ രണ്ട് മാസം മുമ്പുവരെ ഒരു കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്നു. ഇവര്‍ മാറിപ്പോയതോടെ മുകള്‍നില കാലിയായിക്കിടക്കുകയാണ്.
താഴത്തെ നിലയില്‍ ഇലക്ട്രിക് കട, സലൂണ്‍, കോള്‍ഡ് സ്റ്റോര്‍, ഹോട്ടല്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. ഫയര്‍ഫോഴ്സിന്‍െറ അവസരോചിത ഇടപെടല്‍ തീ പടരാതിരിക്കാന്‍ സഹായിച്ചു.
അല്‍ജാബ്രി കോള്‍ഡ് സ്റ്റോറിന് മറ്റ് ഗോഡൗണുകളില്ലാത്തതിനാല്‍ ലേബര്‍ ക്വാര്‍ട്ടേഴ്സിലേക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ ഉള്‍പ്പെടെ ഇവിടത്തെന്നെയാണ് സ്റ്റോക്ക് ചെയ്യുന്നത്.
സ്റ്റേഷനറി സാധനങ്ങളും പെര്‍ഫ്യൂമുകളും കോസ്മെറ്റിക് ഉല്‍പന്നങ്ങളും ഉള്‍പ്പെടെ 30000 ദിനാറിന്‍െറ സാധനങ്ങള്‍ കത്തിനശിച്ചു. പുറമെ 10 ഫ്രീസറുകള്‍, എട്ട് ഫ്രിഡ്ജ്, നാല് എ.സി തുടങ്ങിയ ഉപകരണങ്ങളും നഷ്ടമായി.

സൗദി-ബഹ്റൈന്‍ കോസ് വേ എമിഗ്രേഷന്‍ ഏകീകരിക്കും

Posted: 06 Nov 2014 07:04 PM PST

Image: 

റിയാദ്: സൗദിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ എമിഗ്രേഷന്‍ സംവിധാനം ഏകീകരിക്കുമെന്നും നിലവിലുള്ള രണ്ട് പോയിന്‍റിലെ പരിശോധനക്ക് പകരം ഒന്നായി കുറക്കുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പുതിയ സംവിധാനത്തിന്‍െറ ഗുണഫലം പ്രത്യക്ഷത്തില്‍ ലഭിക്കുക. എന്നാല്‍ കോസ്വേ അതിര്‍ത്തിയില്‍ തിരക്ക് ഗണ്യമായി കുറക്കാന്‍ പുതിയ തീരുമാനം കാരണമാവുമെന്നതിനാല്‍ എല്ലാ യാത്രക്കാര്‍ക്കും ഇത് അനുഗ്രഹമായിത്തീരും.
സൗദി, ബഹ്റൈന്‍ ജവാസാത്ത് - എമിഗ്രേഷന്‍ സംവിധാനം ഇലക്ട്രോണിക് രീതിയില്‍ ഏകീകരിച്ചുകൊണ്ടാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സൗദിയില്‍ നിന്ന് ബഹ്റൈനിലേക്ക് പോകുന്നവര്‍ക്ക് സൗദി ജവാസാത്ത് കൗണ്ടറിലും ബഹ്റൈനില്‍ നിന്ന് സൗദിയിലേക്കുന്ന യാത്രക്കാര്‍ക്ക് ബഹ്റൈന്‍ ജവാസാത്ത് കൗണ്ടറിലും പരിശോധനക്ക് വിധേയമായാല്‍ മതിയാവും. എന്നാല്‍ ജി.സി.സി ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രണ്ട് രാജ്യത്തിന്‍െറ ജവാസാത്ത് നടപടികളും പൂര്‍ത്തിയാക്കേണ്ടി വരും. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഏതെങ്കിലും ഒരു രാജ്യത്തിന്‍െറ ഇലക്ട്രോണിക് സംവിധാനം തകരാറിലാവുന്ന സാഹചര്യത്തില്‍ ഇതര രാജ്യത്തിന്‍െറ കൗണ്ടറിനെ അവലംബിക്കാവുന്നതാണ് എന്നതും പുതിയ സംവിധാനത്തിന്‍െറ പ്രത്യേകതയാണ്.
നാല് മാസത്തിനകം പ്രാബല്യത്തില്‍ വരുന്ന പുതിയ സംവിധാനം ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. 1986ല്‍ നിര്‍മിച്ച കിങ് ഫഹദ് കോസ്വേ കടക്കുന്നവരുടെ എണ്ണത്തില്‍ അടുത്തകാലത്തുണ്ടായ വന്‍ വര്‍ധനവിനത്തെുടര്‍ന്ന് സൗദിയും ബഹ്റൈനും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത്. കഴിഞ്ഞ ബലി പെരുന്നാള്‍ ഒഴിവു ദിനങ്ങളില്‍ ലക്ഷം പേര്‍ കോസ്വേ കടന്നിട്ടുണ്ടെന്നാണ് ജവാസാത്തിന്‍െറ കണക്ക്.

ജീവിത സായന്തനത്തില്‍ മനം നിറച്ച് അവര്‍ മടങ്ങി....

Posted: 06 Nov 2014 06:55 PM PST

Image: 

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞും പരസ്യ ചുംബനമേള നടത്തിയും ഒരു വിഭാഗം ‘ന്യൂ ജനറേഷന്‍’ ഫേസ്ബുക് താളുകളില്‍ ലൈക്കിന് മത്സരിക്കുമ്പോള്‍, ഉറ്റവര്‍ നടതള്ളിയ വന്ദ്യവയോധികര്‍ക്ക് മാനസികോല്ലാസം പകര്‍ന്നു നല്‍കി നഗരത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോട്ടൂളി ‘ഹോം ഓഫ് ലവ്’ വൃദ്ധസദനത്തിലെ 60ഓളം അന്തേവാസികളെ സ്വന്തം ചെലവില്‍ നഗരത്തില്‍ കൊണ്ടുവന്ന് സിനിമയും കടലും കാണിച്ച കോട്ടൂളി യുവധാര ക്ളബ് അംഗങ്ങള്‍ അങ്ങനെ യുവതലമുറക്ക് മാതൃകയായി. ഡി.വൈ.എഫ്.ഐ നേതാവുകൂടിയായ പ്രമോദ് കോട്ടൂളിയുടെ നേതൃത്വത്തിലാണ് ക്ളബ് അംഗങ്ങള്‍ വേറിട്ട സാമൂഹിക സേവനത്തിന് തയാറായത്.  ക്രിസ്തുദാസി സന്യാസിനി വിഭാഗം നടത്തുന്ന ഹോം ഓഫ് ലവില്‍ മൊത്തം തൊണ്ണൂറിലധികം അന്തേവാസികളുണ്ട്. സമ്പന്നരായ ബന്ധുക്കള്‍ ശല്യം സഹിക്കാതെ നടതള്ളിയവരും പൊലീസും ആശുപത്രി അധികൃതരും എത്തിച്ചവരും ഇതില്‍പെടും. ഇതില്‍ ചലനശേഷിയുള്ള 58 പേരെ ക്ളബ് അംഗങ്ങള്‍ സ്വന്തം വാഹനത്തില്‍ ഇന്നലെ നഗരത്തില്‍ കൊണ്ടുവന്നു. കൈരളി തിയറ്ററില്‍ ‘സപ്തമശ്രീ തസ്കരാഹ’ സിനിമക്ക് കയറിയ അന്തേവാസികളില്‍ ആദ്യമായി സിനിമ കാണുന്നവരുമുണ്ട്.  നടക്കാന്‍ കഴിയാത്ത ചിലരെ വീല്‍ചെയറുകളിലാണ് കൊണ്ടുവന്നത്. മൂത്രംപോകുന്നതിനുള്ള ട്യൂബും സഞ്ചിയും വീല്‍ചെയറില്‍ കെട്ടിവെച്ച് അവര്‍ പൃഥ്വീരാജ് നായകനായ സിനിമ മതിയാവോളം ആസ്വദിച്ചു.
സിനിമക്കുശേഷം വാഹനത്തില്‍ നേരെ കടപ്പുറത്തേക്ക്. മനോവൈകല്യമുള്ളവരും അന്തേവാസികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നടക്കാന്‍ കഴിയാത്തവരെ ‘യുവധാര’ പ്രവര്‍ത്തകര്‍ എടുത്ത് പാര്‍ക്കിലത്തെിച്ചു. താമരശ്ശേരിക്കടുത്ത മൈക്കാവ് സ്വദേശിനി ബീന ആദ്യമായാണ് കടല്‍ കാണുന്നത്. ആര്‍ത്തിരമ്പിയത്തെുന്ന തിരകള്‍ പോലെ മനസ്സില്‍ സന്തോഷം അലതല്ലുന്നത് ബീനയുടെ മുഖത്ത് കാണാനായി. ആദ്യം ബന്ധുക്കളും പിന്നെ സഹായി ചമഞ്ഞത്തെിയ ഓട്ടോ ഡ്രൈവറും ചതിച്ച് തെരുവില്‍ ഉപേക്ഷിച്ച റിട്ട. അധ്യാപിക ഗൗരിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഗവ. അച്യുതന്‍സ് ഗേള്‍സ് സ്കൂളിലെ മുന്‍ അധ്യാപികയായ ഗൗരി വീല്‍ചെയറിലിരുന്നാണ് കടല്‍ കണ്ടത്.
ചക്കിട്ടപാറ പൂഴിത്തോട് സ്വദേശിയായ പാറക്കല്‍ ജോസഫ് ചേട്ടന് (78)  ഭാര്യയും നാല് പെണ്‍മക്കളുമുണ്ട്. മൂത്തവള്‍ കന്യാസ്ത്രീയായി. ബാക്കി മൂന്നിനെയും കെട്ടിച്ചയച്ചു. ഇനി മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യാമെന്നുകരുതിയാണ് ഇദ്ദേഹം ഹോം ഓഫ് ലവില്‍ സഹായിയായത്തെിയത്. ബാക്കിയുള്ള കാലം ഇവരെ സഹായിച്ച് ഹോമില്‍തന്നെ കഴിയും. ക്രിസ്മസിനും ഈസ്റ്ററിനും വീട്ടില്‍ പോയി തിരിച്ചത്തെും -ജോസഫ് ചേട്ടന്‍ പറഞ്ഞു. അളകാപുരിക്കടുത്ത് ബ്രദേഴ്സ് മ്യൂസിക് ട്രൂപ്പിലെ ഹാര്‍മോണിസ്റ്റായിരുന്ന പുതിയറ സ്വദേശി സണ്ണി (80), കുറ്റിച്ചിറ സ്വദേശി എ.പി. അഹമ്മദ് (76), മിഠായിത്തെരുവില്‍ വെള്ളിയാഭരണ നിര്‍മാണം നടത്തിയിരുന്ന പാലക്കാട് സ്വദേശി പഴനിയപ്പന്‍ (66), അനുജന്‍ കൃഷ്ണന്‍ (64) തുടങ്ങിയവരും ഹോം ഓഫ് ലവില്‍ അന്തേവാസികളാണ്. ഭാര്യ മരിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് ഇവിടെ എത്തിയതാണ് സണ്ണി. എ.പി. അഹമ്മദിന് മക്കളില്ളെങ്കിലും ബന്ധുക്കള്‍ ധാരാളമുണ്ട്. ‘എല്ലാവരുമുണ്ട്. പക്ഷേ, കൈയില്‍ പണമില്ളെങ്കില്‍ ആര്‍ക്കും വേണ്ട’ -നാടിനുവേണ്ടി സമരം ചെയ്തതിന് നിരവധി വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഈ പഴയ കമ്യൂണിസ്റ്റ്  വേദനയോടെ പറയുന്നു.
ജീവിത സായന്തനത്തില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഇവരെല്ലാം അറബിക്കടലിന്‍െറ ഭംഗി ആസ്വദിച്ചും നിലക്കടല കൊറിച്ചും മനസ്സു നിറഞ്ഞ സന്തോഷവുമായി വ്യാഴാഴ്ച സായംസന്ധ്യയില്‍ ഹോം ഓഫ് ലവിലേക്ക് മടങ്ങി. പിങ്കി പ്രമോദ്, ഷിജിത് കൃഷ്ണന്‍, സുര്‍ജിത് തുടങ്ങി യുവധാര വളന്‍റിയര്‍മാര്‍ നേതൃത്വം നല്‍കി.
 

ബാറുടമകളുടെ നിലപാട് കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി

Posted: 06 Nov 2014 06:27 PM PST

Image: 

കോട്ടയം: ധനമന്ത്രി കെ.എം. മാണിയെ കോഴ ആരോപണക്കെണിയിലാക്കിയ സംഭവത്തില്‍നിന്ന് പിന്നാക്കമില്ളെന്ന ബാര്‍ ഉടമകളുടെ നിലപാട് കേരള കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇടതുപക്ഷം അന്വേഷണ വിഷയത്തില്‍ തമ്മിലടിക്കുമ്പോള്‍ പാര്‍ട്ടി നേതാവ് പൊതുസമൂഹത്തില്‍ കളങ്കിത പ്രതിഛായയോടെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ് പാര്‍ട്ടിക്ക് മാനഹാനിയുണ്ടാക്കുന്നത്. ആരോപണം ഉന്നയിച്ച ബിജു രമേശിനെയും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതൃത്വത്തെയും അനുനയിപ്പിക്കാന്‍ ഭരണകക്ഷിയിലെ ചില പ്രമുഖര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.
 മാണിക്കെതിരായ ആരോപണത്തില്‍ ആവശ്യമായ തെളിവുകള്‍ വിജിലന്‍സിന് നല്‍കാനുള്ള ബാര്‍ ഉടമകളുടെ തീരുമാനം പാര്‍ട്ടിയില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തന്‍െറ നിരപരാധിത്വം കെ.എം. മാണി നേതാക്കള്‍ക്ക് മുമ്പില്‍ നിരത്തിയിരുന്നു.  
ബിജു രമേശുമായി തനിക്ക് ഒരു തരത്തിലുള്ള അടുപ്പവുമില്ളെന്ന് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇത്രയും കാലത്തെ തന്‍െറ പൊതുജീവിതത്തില്‍ ആരില്‍നിന്നും എന്തെങ്കിലും ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ടില്ളെന്നും മാണി അവകാശപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ താല്‍പര്യപ്രകാരമാണ് ബാറുകള്‍ പൂട്ടുന്ന നിലപാട് എടുത്തത്. അത് പൊതുസമൂഹത്തിന്‍െറ താല്‍പര്യം കൂടി കണക്കിലെടുത്തായിരുന്നു. ഒരു ബാര്‍ പൂട്ടിയാല്‍ അത്രയും നന്ന് എന്ന് താന്‍ പറഞ്ഞിരുന്നു. അതില്‍ പരിഭവമുള്ളവരാകാം ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്ന് മാണി യോഗത്തില്‍ സംശയം പ്രകടിപ്പിച്ചു.
പണം നല്‍കിയതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും പണം വാങ്ങിയ എല്ലാവരുടെയും പേരുകള്‍ വെളിപ്പെടുത്തുമെന്നുമാണ് ബാര്‍ ഉടമകളുടെ മുന്നറിയിപ്പ്. ഇത് വല്ലാത്ത പ്രതിസന്ധിയും ആകുലതയുമാണ്  കേരള കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള ഗൂഢാലോചനയായി വ്യാഖ്യാനിക്കുകയും മദ്യനിരോധ നയത്തെ അനുകൂലിച്ചതിന്‍െറ രക്തസാക്ഷി പരിവേഷം അണിയുകയും ചെയ്ത് സമൂഹത്തിന് മുന്നില്‍ മികച്ച പ്രതിഛായ ഉണ്ടാക്കാനുള്ള  കേരള കോണ്‍ഗ്രസിന്‍െറ ശ്രമത്തിനാണ് ബാര്‍ ഉടമകളുടെ ഭാഗത്തുനിന്ന് തിരിച്ചടിയേറ്റത്.
തല്‍ക്കാലം മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമായി കോഴ ആരോപണത്തെ വ്യാഖ്യാനിച്ച് തലയൂരാനുള്ള ശ്രമമാണ്  കേരള കോണ്‍ഗ്രസ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP