സ്വാഗതം
WELCOME

News Update..

Saturday, January 3, 2015

കോട്ടാങ്ങലില്‍ ഭരണം നിലനിര്‍ത്താന്‍ തന്ത്രങ്ങളുമായി മുന്നണികള്‍ Madhyamam News Feeds

കോട്ടാങ്ങലില്‍ ഭരണം നിലനിര്‍ത്താന്‍ തന്ത്രങ്ങളുമായി മുന്നണികള്‍ Madhyamam News Feeds

Link to

കോട്ടാങ്ങലില്‍ ഭരണം നിലനിര്‍ത്താന്‍ തന്ത്രങ്ങളുമായി മുന്നണികള്‍

Posted: 03 Jan 2015 12:40 AM PST

മല്ലപ്പള്ളി: കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും തന്ത്രങ്ങള്‍ മെനയുന്നു. പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. യു.ഡി.എഫിലെ വൈസ് പ്രസിഡന്‍റ് കുഞ്ഞമ്മ ദേവസ്യ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതിനെ ത്തുടര്‍ന്ന് പ്രസിഡന്‍റ് ജോസഫ് ജോണിനെതിരെ എല്‍.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കേയാണ് ഇരുമുന്നണിയിലും രഹസ്യ യോഗങ്ങളും മറ്റു തന്ത്രങ്ങളുമായി പരക്കം പായുന്നത്. പിന്തുണപിന്‍വലിച്ച് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചെങ്കിലും കുഞ്ഞമ്മ ദേവസ്യയെ എങ്ങനെയും കൂടെ കൂട്ടി ഭരണം നിലനിര്‍ത്താമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടലെന്ന് അറിയുന്നു.
എന്നാല്‍, കുഞ്ഞമ്മ ദേവസ്യയുടെ പിന്തുണ തങ്ങള്‍ക്ക് വേണ്ടെന്ന് പരസ്യമായി പറയുന്ന എല്‍.ഡി.എഫ് രഹസ്യമായി കുഞ്ഞമ്മ ദേവസ്യയുടെ പിന്തുണ നേടി യു.ഡി.എഫ് ഭരണം താഴെയിട്ട് പിടിച്ചെടുക്കാനുള്ള അണിയറ നീക്കങ്ങളിലാണ്. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതമാണുള്ളത്. കുഞ്ഞമ്മ ദേവസ്യയുടെ പിന്തുണയുള്ളവര്‍ക്ക് മാത്രമെ ഭരണം ലഭിക്കൂ. ഇത് മുതലാക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞമ്മയും. തന്‍െറ വാര്‍ഡില്‍ പാറമടക്ക് ലൈസന്‍സ് നല്‍കിയതാണ് പിന്തുണ പിന്‍വലിച്ച് വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
പാറമട ലോബിയെ സഹായിക്കുന്ന നടപടിയാണ് യു.ഡി.എഫിലെ ഒരു ഘടകകക്ഷിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനിടെ, എല്‍.ഡി.എഫ് അംഗങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമവും യു.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി സൂചനയുണ്ട്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒന്നരപ്പതിറ്റാണ്ടിലേറെയായി പഞ്ചായത്ത് ഭരണം തുലാസിലാണ്. ഭരണം നിലനിര്‍ത്താന്‍ അംഗങ്ങളെ തട്ടിക്കൊണ്ടുപോയ സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പേരുകേട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കാലങ്ങളായി ഭരണം നിയന്ത്രിക്കുന്നത് സ്വതന്ത്ര അംഗങ്ങളാണ്.

എയര്‍ ഏഷ്യ വിമാനത്തിന്‍റെ രണ്ടു വലിയ ഭാഗങ്ങള്‍ കണ്ടെത്തി

Posted: 02 Jan 2015 11:36 PM PST

Image: 

ജകാര്‍ത്ത: കടലില്‍ കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍റെ രണ്ടു വലിയ ഭാഗങ്ങള്‍  കണ്ടെത്തി യതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ജാവ കടലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വിമാനത്തിന്‍റെ രണ്ട് ഭാഗങ്ങള്‍  കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ താഴെയാണ് വസ്തുക്കളെ കണ്ടത്. വിമാനത്തിന്‍റെ ഓയില്‍ സ്പില്ലും മറ്റു രണ്ടു ഭാഗങ്ങളുമാണ്  കണ്ടെത്തിയിരിക്കുന്നത്. കടലിനടിയില്‍ കണ്ട ഏറ്റവും വലിയ ഭാഗത്തിന് 10 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവയുടെ ചിത്രങ്ങള്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എടുത്ത് പരിശോധിച്ചു വരികയാണെന്ന് ദൗത്യ സേനാ തലവന്‍ അറിയിച്ചു.

അതേസമയം വിമാനത്തിനായുള്ള  കടലിന്‍െറ അടിത്തട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കടലില്‍ നിന്ന് വെള്ളിയാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മൊത്തം  കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 30 ആയി. നാലുപേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 162 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ സുരബായയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ഞായറാഴ്ചയാണ് തകര്‍ന്നുവീണത്.
 

റേഷന്‍ കാര്‍ഡ് പുതുക്കല്‍: അപേക്ഷഫോറം വിതരണം തുടങ്ങി, ഫോട്ടോയെടുപ്പ് 19 മുതല്‍

Posted: 02 Jan 2015 11:28 PM PST

കോട്ടയം: റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷഫോറങ്ങളുടെ വിതരണം റേഷന്‍ കടകളിലൂടെ തുടങ്ങി. 17 വരെ അതത് റേഷന്‍ കടകളില്‍നിന്ന് ഫോറം സൗജന്യമായി ലഭിക്കും. പൂരിപ്പിക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖയും അപേക്ഷക്കൊപ്പം ലഭിക്കും. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് സിവില്‍ സപൈ്ളസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. തെറ്റുവന്നാല്‍ വീണ്ടും അപേക്ഷഫോറം ലഭിക്കില്ളെന്നും ഇവര്‍ അറിയിച്ചു. ഭയമുള്ളവര്‍ ഫോറത്തിന്‍െറ ഫോട്ടോ കോപ്പിയെടുത്ത് പൂരിപ്പിച്ച് തെറ്റില്ളെന്ന് ഉറപ്പുവരുത്തിയശേഷമെ യഥാര്‍ഥ ഫോറം പൂരിപ്പിക്കാവൂ. കാര്‍ഡ് പുതുക്കാനുള്ള അപേക്ഷഫോറത്തില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടത്തെിയാല്‍ ഒരുവര്‍ഷം വരെ തടവും പിഴയും ഉള്‍പ്പെടെ ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വീട്ടിലെ മുതിര്‍ന്ന വനിത അംഗത്തിന്‍െറ പേരിലായിരിക്കും പുതിയ കാര്‍ഡ് നല്‍കുക. മുതിര്‍ന്ന അംഗം കിടപ്പിലാണെങ്കില്‍ പ്രായം കൂടിയ രണ്ടാമത്തെയാളുടെ പേരിലാവും കാര്‍ഡ്. സ്ത്രീകള്‍ ആരുമില്ളെങ്കില്‍ മാത്രമെ പുരുഷന്മാരുടെ പേരില്‍ കാര്‍ഡ് നല്‍കൂ. മുതിര്‍ന്ന വനിത അംഗത്തിന്‍െറ സമ്മതപ്രകാരം മറ്റൊരു വനിത അംഗത്തിന്‍െറ പേരില്‍ കാര്‍ഡ് എടുക്കാനും സൗകര്യമുണ്ട്. ഗൃഹനാഥ കുടുംബത്തോടൊപ്പം സ്ഥിര താമസമില്ളെങ്കില്‍ പുരുഷ അംഗത്തിന്‍െറ പേരില്‍ കാര്‍ഡ് ലഭിക്കും.
അപേക്ഷഫോറം പൂരിപ്പിക്കാന്‍ റേഷന്‍ കടയുടമകളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹായം തേടാം. പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടകള്‍ക്ക് സമീപം കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍
നടത്തുന്ന ക്യാമ്പുകളിലൂടെ തിരികെ വാങ്ങും. ഇതിനൊപ്പം ഫോട്ടോയെടുക്കലും നടക്കും. സമീപത്തെ കടകളെ ചേര്‍ത്ത് ആയിരം പേര്‍ക്കായിട്ടാകും ക്യാമ്പ്. ക്യാമ്പുകളുടെ വിവരങ്ങള്‍ റേഷന്‍ കടകള്‍ വഴിയും മാധ്യമങ്ങളിലൂടെയും അറിയിക്കും. പേരുമാറ്റി മറ്റ് കാര്‍ഡുകളില്‍ ചേര്‍ക്കലും പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കലും പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നശേഷമെ ചെയ്യാനാകൂ. വിലാസം മാറിയവര്‍ പുതിയ വിലാസം കാര്‍ഡ് ഉള്‍പ്പെടുന്ന താലൂക്കില്‍ തന്നെയാണെങ്കില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫിസുകളില്‍നിന്ന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുതുക്കല്‍ അപേക്ഷക്കൊപ്പം നല്‍കണം. 2015 ജനുവരി ഒന്നിന് രണ്ടുവയസ്സ് തികയുന്ന കുട്ടികളുടെ പേര് കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ പുതുക്കല്‍ അപേക്ഷ ഫോറത്തില്‍ പേരുചേര്‍ത്ത് ജനനസര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. മുതിര്‍ന്നവരാണെങ്കില്‍ മറ്റൊരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ളെന്ന രേഖ നല്‍കണം.
സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ e-service login എന്നിവ വഴി ഓണ്‍ലൈനായും പുതുക്കലിന് അപേക്ഷിക്കാം.
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ ഡ്യൂപ്ളിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷ സഹിതമാണ് പുതുക്കല്‍ അപേക്ഷ നല്‍കേണ്ടത്. നിലവിലെ റേഷന്‍ കാര്‍ഡില്‍നിന്ന് വരുമാനം കുറക്കേണ്ടവര്‍ വില്ളേജ് ഓഫിസില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ അപേക്ഷക്കൊപ്പം ഹാജരാക്കണം. പേരിലും വിലാസത്തിലും മാറ്റമുണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ പുതുക്കല്‍ അപേക്ഷയോടൊപ്പം നല്‍കി തിരുത്താം. നിലവിലെ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന താലൂക്ക്/ ജില്ല ഇവയിലല്ല ഇപ്പോള്‍ താമസമെങ്കില്‍ പഴയ വിലാസത്തില്‍ ഫോറം വാങ്ങുകയും പുതുക്കല്‍ നടപടി അവസാനിച്ച ശേഷം പുതിയ ജില്ലയില്‍ കാര്‍ഡിന് അപേക്ഷിക്കുകയും വേണം. നിലവിലെ കാര്‍ഡിന്‍െറ നമ്പര്‍ മാറാനുള്ള സാധ്യത വിരളമാണ്. പുതുക്കിയ കാര്‍ഡുകള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നതാണെന്ന് തിരിച്ചറിയാന്‍ വ്യത്യസ്ത നിറങ്ങളിലായിരിക്കും.
ഫോട്ടോ ക്യാമ്പുകള്‍ മാര്‍ച്ച് നാലുവരെ വിവിധ സ്ഥലങ്ങളിലായി നടക്കും. കരട് മുന്‍ഗണന പട്ടിക മേയ് 11 മുതല്‍ 21 വരെ പ്രസിദ്ധീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ് വിതരണം ജൂലൈ ഒന്നുമുതല്‍ നടത്താനാണ് സിവില്‍ സപൈ്ളസ് വകുപ്പ് ലക്ഷ്യമിടുന്നത്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് 1800-425-1550/1967 എന്ന ടോള്‍ ഫ്രീ നമ്പറും വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

പാചകവാതക ഉപഭോക്താക്കള്‍ സമരവേദി രൂപവത്കരിക്കുന്നു

Posted: 02 Jan 2015 11:19 PM PST

കൊടുങ്ങല്ലൂര്‍: മേഖലയിലെ പാചകവാതക ഉപഭോക്താക്കള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് അറുതിതേടി സംയുക്ത സമരവേദി രൂപവത്കരിക്കുന്നു. ആലോചനായോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂര്‍ കിഴക്കേനടയിലെ ഒ.കെ യോഗം ഓഫിസ് ഹാളില്‍ ചേരും.
ഉപഭോക്താക്കള്‍ക്ക് പുറമെ സംഘടനകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ഒപ്പം നിര്‍ത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കും.
ഇന്‍ഡേന്‍ പാചകവാതക ക്ഷാമം, വര്‍ഷത്തില്‍ 12 സബ്സിഡി സിലിണ്ടറുകള്‍ ലഭിക്കാനുള്ള ഉപഭോക്താവിന്‍െറ അവകാശം നിഷേധിക്കല്‍, മുന്‍ഗണനാക്രമം തെറ്റിച്ച് റീഫില്‍ സിലിണ്ടറുകളുടെ വിതരണം, ഉപഭോക്താക്കളോടുള്ള ഏജന്‍സി നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും മോശം പെരുമാറ്റം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുന്നതിന് ആനുപാതികമായി ഡീസല്‍, പെട്രോള്‍ വില കുറക്കാത്ത ഓയില്‍ കമ്പനികളുടെ നിലപാട്, പാചകവാതക ക്ഷാമത്തിന് പരിഹാരമാകുന്ന പുതുവൈപ്പിനിലെ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്ന ഐ.ഒ.സി അധികൃതരുടെ നിലപാട് എന്നിവക്കെതിരെ സമരമാര്‍ഗങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കുമെന്ന് സംഘാടകരായ കൊടുങ്ങല്ലൂര്‍ ആപ്ളിക്കന്‍സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് ഫോറം ഭാരവാഹികളായ എം.ആര്‍. നായര്‍, സി.എസ്. തിലകന്‍ എന്നിവര്‍ അറിയിച്ചു.

ഭീകരാക്രമണ ശ്രമം: നിഷേധിച്ച് പാകിസ്താന്‍

Posted: 02 Jan 2015 11:08 PM PST

Image: 

ഇസ് ലാമാബാദ്: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിനടുത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തില്‍ ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്താന്‍ രംഗത്തത്തെി. പാകിസ്താനിലെ കേതി ബന്ദറില്‍ നിന്ന് ഒരു ബോട്ടും പുറപ്പെട്ടിട്ടില്ളെന്ന് പാകിസ്താന്‍ വ്യക്തമാക്കിയതായി ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍ വിദേശകാര്യ വക്താവ് തസ്നീം അസ് ലമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കേതി ബന്ദറില്‍ നിന്ന് ഒരു ബോട്ടും പുറപ്പെട്ടിട്ടില്ല. പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇന്ത്യ സൃഷ്ടിക്കുന്ന പ്രചാരണങ്ങളാണിത്’-അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാകിസ്താനില്‍നിന്ന് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയത് രണ്ട് ബോട്ടുകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ബോട്ട് തകര്‍ന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും രണ്ടാമത്തെ ബോട്ടിനെ പിന്തുടരാനോ കൂടുതല്‍ വിവരങ്ങള്‍ പിടിച്ചെടുക്കാനോ കഴിഞ്ഞില്ല. രണ്ടാമത്തെ ബോട്ടുപയോഗിച്ച് ശ്രദ്ധ തിരിച്ചുവിട്ട് ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. രണ്ടാമത്തെ ബോട്ടിനുവേണ്ടി തെരച്ചില്‍ ശക്തമാക്കി. തകര്‍ത്ത ബോട്ടിലുണ്ടായിരുന്നവര്‍ രണ്ടാമത്തെ ബോട്ടില്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുണ്ട്.
 

പുതുവര്‍ഷ ദിനത്തിന്‍െറ തലേദിവസമാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഗുജറാത്ത് തീരത്ത് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ചയാണ് പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. പാകിസ്താനില്‍ നിന്ന് വന്ന ബോട്ടാണ് കോസ്റ്റ് ഗാര്‍ഡ് പിന്തുടരുന്നതിനിടെ പൊട്ടിത്തെറിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കറാച്ചിയില്‍ നിന്നും വന്ന ബോട്ടില്‍ നാലുപേരുണ്ടായിരുന്നു. നാലുപേരും കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. പോര്‍ബന്തര്‍ തീരത്തുനിന്ന് 350 കിലോമീറ്റര്‍ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സംഭവം.
 

 

 

നവീകരണം : കാഞ്ഞങ്ങാട് നഗരസഭാ കെട്ടിടം പൊളിച്ച് തുടങ്ങി

Posted: 02 Jan 2015 10:46 PM PST

കാഞ്ഞങ്ങാട്: നവീകരണത്തിനായി അരനൂറ്റാണ്ട് പഴക്കമുള്ള നഗരസഭയുടെ ഇരുനില കെട്ടിടം പൊളിച്ച് തുടങ്ങി. നിലവിലെ കെട്ടിടത്തിന്‍െറ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് ലോകബാങ്ക് സഹായത്തോടെ നിര്‍മിക്കുന്നത്. 1984ല്‍ കാഞ്ഞങ്ങാട് നഗരസഭയായി മാറുന്നതുവരെ പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പൊളിക്കുന്നത്.
കെട്ടിടം നവീകരിക്കണമെന്ന ഏറെ നാളായുള്ള ആവശ്യമാണ് പ്രാവര്‍ത്തികമാകുന്നത്. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ 2012 മുതല്‍ കെട്ടിടം നവീകരിക്കാന്‍ ലോകബാങ്ക് സഹായത്താല്‍ ലഭിച്ച തുക നഷ്ടമായിരുന്നു. ഇത്തരത്തില്‍ നഗരസഭക്ക് 1.4 കോടിയുടെ നഷ്ടം വന്നതായാണ് കണക്ക്. നഗരസഭാ കെട്ടിടത്തിന്‍െറയും ടൗണ്‍ഹാളിന്‍െറയും നവീകരണത്തിനായി വകയിരുത്തിയ തുകയാണ് നഷ്ടപ്പെട്ടത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്കായി 83 ലക്ഷം രൂപ വകയിരുത്തിയിരുന്നു. അത് സമയബന്ധിതമായി നടപ്പാക്കാനാവാത്തതിനാല്‍ ഫണ്ട് വകമാറ്റി. തുടര്‍ന്ന് 15 ശതമാനം വര്‍ധനയോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 1.380 കോടി രൂപ ഇതുവരെ ചെലവഴിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ നഗരസഭാ കെട്ടിടത്തിന്‍െറ ഒരുഭാഗം പൊളിച്ച് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരുടെ ഓഫിസ് മുറി പൊളിക്കുന്നതില്‍ നിലനിന്ന എതിര്‍പ്പായിരുന്നു നവീകരണത്തിന് തടസ്സമായത്. എന്നാല്‍, തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഇതിന് അനുമതി നല്‍കിയതോടെ ഏറെ നാളായുള്ള തടസ്സം നീങ്ങുകയായിരുന്നു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് ഓഫിസ് നവീകരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ്. സുബോധ് പറഞ്ഞു. നിലവിലെ കെട്ടിടത്തിലെ സ്ഥലപരിമിതി ഏറെ ദുരിതമായിരുന്നു. രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്കായി ഒരു ഓഫിസ് മുറി എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. ഇതുകൂടാതെ നിരവധി സെക്ഷന്‍ ഓഫിസുകളും പൊളിക്കുന്ന ഭാഗത്താണ് പ്രവര്‍ത്തിക്കുന്നത്. റവന്യൂ, ഹെല്‍ത്ത്, തൊഴിലുറപ്പ് ഓഫിസുകള്‍, സ്റ്റോര്‍ റൂം എന്നിവയും ഈ ഭാഗത്തായിരുന്നു. രണ്ടുപേര്‍ക്ക് ഒന്ന് എന്ന നിലയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ഓഫിസ് സ്ഥലം പരിമിതിപ്പെടുത്തിയായിരുന്നു ഇത്രയും സെക്ഷന്‍ ഓഫിസുകള്‍ക്ക് ഇവിടെ സൗകര്യമൊരുക്കിയത്. പുതിയ കെട്ടിടം നിലവില്‍വരുന്നതോടെ നഗരസഭയിലെ സ്ഥലപരിമിതി ഒഴിവാകുകയും ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
കാസര്‍കോട് സ്വദേശി അഷ്റഫാണ് 45,000 രൂപക്ക് ഇരുനില കെട്ടിടം പൊളിക്കാന്‍ കരാറെടുത്തത്. പുതിയ കെട്ടിടത്തിനായി 71 ലക്ഷം രൂപയുടെ ടെന്‍ഡറില്‍ വടകര സ്വദേശി മുഹമ്മദിനാണ് നിര്‍മാണ കരാര്‍. പുതിയ കെട്ടിടത്തില്‍ വാഹന പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടാകും. അടുത്ത ആഴ്ചയോടെ പുതിയ കെട്ടിടത്തിന്‍െറ നിര്‍മാണമാരംഭിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

കുടുംബശ്രീ ആട് ഉല്‍പാദന കമ്പനി ഉദ്ഘാടനം നാലിന്

Posted: 02 Jan 2015 10:42 PM PST

കണ്ണൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ കണ്ണൂര്‍ ഗോട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനവും ജില്ലാ പഞ്ചായത്തിന് സ്നേഹജ്യോതി ഫണ്ട് കൈമാറലും ജനുവരി നാലിന് കണ്ണൂരില്‍ നടക്കുമെന്ന് മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എം.വി. പ്രേമരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച സി.ഡി.എസിനുള്ള അവാര്‍ഡു വിതരണം പി.കെ. ശ്രീമതി എം.പി, പ്രൊഡ്യൂസര്‍ കമ്പനി ആദ്യ ഓഹരി വിതരണം കെ.എം. ഷാജി എം.എല്‍.എ, സംരംഭകര്‍ക്കുള്ള സബ്സിഡി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള, മാച്ചിങ് ഗ്രാന്‍റ് വിതരണം കുടുംബശ്രീ എക്സി. ഡയറക്ടര്‍ കെ.ബി. വത്സലകുമാരി എന്നിവര്‍ നിര്‍വഹിക്കും.
സ്നേഹജ്യോതി നിധിയിലേക്ക് മുഴുവന്‍ അയല്‍കൂട്ടങ്ങളില്‍നിന്നും ഫണ്ട് സ്വരൂപിച്ച സി.ഡി.എസുകള്‍ക്ക് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അവാര്‍ഡ് നല്‍കും. തുടര്‍ന്ന് നടക്കുന്ന ആട് കര്‍ഷകസെമിനാര്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്യും. വൃക്കരോഗികളെ സഹായിക്കാനുള്ള ജില്ലാ പഞ്ചായത്തിന്‍െറ സ്നേഹജ്യോതി പദ്ധതിയിലേക്ക് കുടുംബശ്രീ 55 ലക്ഷം രൂപയാണ് സ്വരൂപിച്ചു നല്‍കുന്നത്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍നിന്നും ആടുവളര്‍ത്തലില്‍ താല്‍പര്യമുള്ളവരെ കണ്ടത്തെി അഞ്ചുപേരടങ്ങിയ സംഘങ്ങളാക്കി ബാങ്ക് വായ്പ വഴിയാണ് ആട് പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തിക്കുക. ഒരു പഞ്ചായത്തില്‍ 25 യൂനിറ്റുകളിലായി 500 ആടുകളെ വളര്‍ത്തും. തുടക്കത്തില്‍ 60 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുപേരടങ്ങിയ ഗ്രൂപ്പിന് 1,50,000 രൂപ വായ്പ ലഭ്യമാക്കും. 19 പെണ്ണാടും ഒരു മുട്ടനാടുമടക്കം 20 ആടുകളെ വാങ്ങും. കുടുംബശ്രീ മിഷന്‍ 50,000 രൂപ സബ്സിഡി അനുവദിക്കും. ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസി. ജില്ലാ കോഓഡിനേറ്റര്‍ സി. ഉസ്മാനും പങ്കെടുത്തു.

തൃപ്പൂണിത്തുറയില്‍ ചരിത്രപ്രദര്‍ശനത്തിന് ഇന്ന് തുടക്കം

Posted: 02 Jan 2015 10:31 PM PST

കൊച്ചി: അയ്യങ്കാളി നയിച്ച കര്‍ഷകത്തൊഴിലാളി സമരത്തിന്‍െറ ശതാബ്ദി ആചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന ശക്തി ചരിത്രപ്രദര്‍ശനം ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കും.
തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആചരണകമ്മിറ്റി പ്രസിഡന്‍റ് പ്രഫ. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും. 11ന് നടക്കുന്ന ചരിത്രരചന കൂട്ടായ്മ ചിത്രകാരന്‍ ടി. കലാധരന്‍ ഉദ്ഘാടനം ചെയ്യും.
പ്രമുഖരായ ചിത്രകാരന്മാര്‍ കൂട്ടായ്മയില്‍ പങ്കെടുക്കും. നവോത്ഥാനം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന-പ്രബന്ധരചനാ മത്സരങ്ങളും ഇതോടൊപ്പം നടക്കും. വൈകുന്നേരം മൂന്നിന് 'അയ്യങ്കാളിയും കേരള നവോത്ഥാനവും' വിഷയത്തില്‍ നടക്കുന്ന സെമിനാറിന്‍െറ ഉദ്ഘാടനം ഡോ. കെ.ജി. പൗലോസ് നിര്‍വഹിക്കും. മുഖ്യാതിഥിയായി സി.കെ. ലൂക്കോസ് പങ്കെടുക്കും. ആചരണകമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ജി.എസ്. പത്മകുമാര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം ഏഴിന് നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഉദ്ഘാടനം ചെയ്യും.
നവോത്ഥാനകാലത്തെ കേരളത്തിന്‍െറ ചരിത്രം, സ്വാമി വിവേകാനന്ദനെക്കൊണ്ട് കേരളത്തെ 'ഭ്രാന്താലയ'മെന്ന് വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ച പ്രാകൃത സമ്പ്രദായങ്ങള്‍, കേരള നവോത്ഥാന നായകരെയും പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍, കേരള നവോത്ഥാന പ്രക്ഷോഭത്തിലെ പ്രധാന ഏടുകള്‍, അപൂര്‍വ ചരിത്ര രേഖകളും ചിത്രങ്ങളും എന്നിവ 83 ഫ്രെയിമുകളിലായി പ്രദര്‍ശിപ്പിക്കും. ഈമാസം അഞ്ചുവരെയാണ് പ്രദര്‍ശനം.

നടന വിസ്മയങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം

Posted: 02 Jan 2015 10:26 PM PST

കോട്ടക്കല്‍: പൂരപ്പെരുമയുടെ തട്ടകത്തില്‍ അഞ്ച് രാവുകള്‍ നീണ്ട കൗമാര കേളികൊട്ടിന് ഞായറാഴ്ച തുടക്കമാവും. കരവിരുതിന്‍െറ ചടുതലയോടെ കോല്‍ക്കളിയും മൈലാഞ്ചി മൊഞ്ചണിഞ്ഞ മണവാട്ടിയും തോഴിമാരും അമ്പിളിപ്പൂചൂടി മങ്കമാരും കൈമുദ്രകളില്‍ നടന മനോഹാരിത ചാര്‍ത്തിയ നര്‍ത്തകരും ഇനിയുള്ള രാവില്‍ കലയുടെ സുഗന്ധം പരത്തും. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമത്തെുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രാജാങ്കണത്തില്‍ ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലയുടെ 27ാം മേളപ്പെരുക്കം.
സ്കൂളിലും സമീപ ഭാഗത്തുമായി 16 വേദികളിലും 21 ഹാളിലും മത്സരാര്‍ഥികള്‍ മാറ്റുരക്കും. 17 ഉപജില്ലകളില്‍ നിന്നുമായി ആറായിരത്തോളം മത്സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ രജിസ്ട്രേഷന്‍ ആരംഭിക്കും. വൈകുന്നേരം മൂന്നിന് ആയുര്‍വേദ കോളജ് പരിസരത്ത് നിന്നുമാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയില്‍ വിവിധ സ്കൂള്‍, ക്ളബ്, സംഘടനകള്‍ എന്നിവയുടെ പ്ളോട്ടുകള്‍ അണിനിരക്കും. ബാന്‍ഡ്മേളം, മുത്തുക്കുടകള്‍, ചെണ്ടമേളം എന്നിവ അകമ്പടിയേകും. നാലിന് ഒന്നാംവേദിയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ അധ്യക്ഷത വഹിക്കും. പത്മഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ കെ.ടി. ജലീല്‍, സി. മമ്മുട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് എച്ച്.എസ്, എച്ച്.എസ്.എസ് ആണ്‍, പെണ്‍, ഗ്രൂപ്പ് വിഭാഗങ്ങളുടെ കഥകളി ഒന്നാംവേദിയില്‍ അരങ്ങേറും.

കോയാറോഡ് മദ്യശാല പൂട്ടി

Posted: 02 Jan 2015 10:16 PM PST

കോഴിക്കോട്: പുതിയങ്ങാടി-കോയാ റോഡ് പ്രദേശത്തിന്‍െറ തലവേദനയായി മാറിയ അത്താണിക്കല്‍ ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന പൂട്ടാന്‍ ഉത്തരവിറങ്ങിയത് നാടിന് ആശ്വാസമായി. ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പിന്‍െറ വിജയം കൂടിയായി തീരുമാനം. 14 കൊല്ലത്തോളമായി നാടിന്‍െറ ഉറക്കംകെടുത്തിയ മദ്യശാല പൂട്ടിയത് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ജനങ്ങള്‍. അടുത്തയാഴ്ച ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മദ്യ വിരുദ്ധ ബോധവത്കരണ സമിതിയും കേരള മദ്യനിരോധന സമിതിയും കഴിഞ്ഞ 108 ദിവസമായി ഷോപ്പിന് മുന്നില്‍ പന്തല്‍കെട്ടി പ്രക്ഷോഭം നടത്തിവരുകയായിരുന്നു.
നാട്ടുകാരുടെ എതിര്‍പ്പ് മുഖവിലക്കെടുക്കാതെ തുടങ്ങിയ ഒൗട്ട്ലെറ്റിന് സമീപം നട്ടുച്ചക്കുപോലും വഴി നടക്കാനാവാത്ത സ്ഥിതിയായിരുന്നു. ആഘോഷ വേളകളിലും അവധിക്ക് തലേന്നും മറ്റും മദ്യം വാങ്ങാനത്തെുന്നവരുടെ നീണ്ടനിര ദേശീയ പാതയോരത്ത് മാര്‍ഗ തടസ്സമുണ്ടാക്കി. കോയാ റോഡ് പരസ്യ മദ്യപാനത്തിന്‍െറയും മയക്കുമരുന്ന് മാഫിയയുടെയും പിടിച്ചുപറിയുടെയും കേന്ദ്രമാകാന്‍ അധികനാള്‍ വേണ്ടി വന്നില്ല. നഗരത്തിലെ ഏറ്റവും സമാധാനമുള്ള പ്രദേശമായി അറിയപ്പെട്ടിരുന്ന കോയാ റോഡിന് വന്നുപെട്ട ദുര്‍ഗതിക്കെതിരെ സഹികെട്ട നാട്ടുകാര്‍ ഒടുവില്‍ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു. അഞ്ചുകൊല്ലം മുമ്പ് തായാട്ട് ബാലന്‍ രക്ഷാധികാരിയും കെ. അഫ്താജ് കണ്‍വീനറും എം. രാജേഷ് പ്രസിഡന്‍റുമായി രൂപവത്കരിച്ച മദ്യ വിരുദ്ധ ബോധവത്കരണ സമിതി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിരന്തര ബോധവത്കരണ ഭാഗമായി 2013 ആഗസ്റ്റ് മുതല്‍ കെട്ടിട ഉടമ ഷോപ്പ് നടത്താനുള്ള അനുമതി പിന്‍വലിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭാവ്യാപാര ലൈസന്‍സ് പുതുക്കുന്നത് തടസ്സപ്പെട്ടു. അനധികൃതമായി മാറിയ ഷോപ്പ് പൂട്ടാന്‍ നഗരസഭ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമിതി കോര്‍പറേഷന്‍ ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും അനുമതി നിഷേധിച്ച് നഗരസഭാ ഉത്തരവിറങ്ങി. ഇതിനെതിരെ ബിവറേജസുകാര്‍ ഹൈകോടതിയില്‍ കൊടുത്ത പരാതിയില്‍ ബോധവത്കരണ സമിതി സെക്രട്ടറി കെ.കെ. അഷ്റഫ് കക്ഷിചേര്‍ന്നു. ഇതോടെ, രാഷ്ട്രീയ കക്ഷികളടക്കം പ്രദേശത്തെ മൊത്തം സംഘടനകളും പ്രക്ഷോഭത്തില്‍ അണിനിരക്കുകയായിരുന്നു. നവംബര്‍ 18ന് ഷോപ്പിലേക്ക് കൂടുതല്‍ മദ്യമിറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗത്തില്‍ ഇനി ലോഡ് ഇറക്കില്ളെന്ന് ഉറപ്പും ലഭിച്ചു.
ഏറ്റവുമൊടുവില്‍ കൊല്ലം തോറും 10 ശതമാനം മദ്യ വില്‍പനശാല പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍െറ ചുവടുപിടിച്ച് സംസ്ഥാനത്ത് 13 എണ്ണം പൂട്ടുന്നതില്‍ കോയാ റോഡിനെയും ഉള്‍പ്പെടുത്തുകയായിരുന്നു.

പള്ളിക്കുള്ളില്‍ കണങ്കാല്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോയെടുത്ത സെലീന ഗോമസ് വിവാദത്തില്‍

Posted: 02 Jan 2015 09:59 PM PST

Image: 

വാഷിങ്ടണ്‍: അബുദാബിയിലെ പള്ളി സന്ദര്‍ശനത്തിനിടെ കണങ്കാല്‍ കാണിച്ച് ഫോട്ടോക്ക് പോസ് ചെയ്ത അമേരിക്കന്‍ ഗായികയും ചലച്ചിത്രനടിയുമായ സെലീന ഗോമസ് വിവാദത്തില്‍.  ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക്ക് സന്ദര്‍ശനിക്കാനത്തെിയ 22 കാരിയായ പോപ്പ് താരം പള്ളികകത്ത് കൂട്ടുകാരനൊപ്പം നിന്നാണ് ഫോട്ടോക്ക് പോസ് ചെയ്തത്.
ഗ്രാന്‍്റ് മോസ്ക്കിനുള്ളില്‍ കണങ്കാല്‍ പ്രദര്‍ശിപ്പിച്ച് പോസ് ചെയ്തെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരോപണമുയര്‍ന്നതോടെ എടുത്തുമാറ്റിയിട്ടുണ്ട്. മോസ്ക്കിലെ നിയമങ്ങളും ചട്ടങ്ങളും മറികടന്നു കൊണ്ടാണ് സെലീന ചിത്രം പകര്‍ത്തിയതെന്നും അനാദരവോടെ പെരുമാറിയെന്നും മോസ്ക്ക് അധികൃതര്‍ ആരോപിച്ചു. പള്ളിക്കുള്ളില്‍ നിശബ്ദത പാലിക്കാതെ ചിരിച്ചും സംസാരിച്ചുമാണ് സെലീന നടന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
 മോസ്ക്ക് പരിസരത്ത് സ്ത്രീകളും പുരുഷന്‍മാരും കൈകളും കാലുകളും പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ് നിയമം.  ഇത്തരം വസ്ത്രങ്ങള്‍ പള്ളിക്ക് പുറത്തു തന്നെ നല്‍കുന്ന സംവിധാനമുണ്ട്.
കഴിഞ്ഞ വര്‍ഷം ഗ്രാന്‍്റ് മോസ്ക് സന്ദര്‍ശിക്കാനത്തെിയ പോപ്പ് താരം റിഹാനയും ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്ത വിവാദമായിരുന്നു.
 

പി.കെ ഡൗണ്‍ലോഡ് ചെയ്ത് കണ്ട അഖിലേഷ് വെട്ടിലായി

Posted: 02 Jan 2015 09:18 PM PST

Image: 

ലഖ്നൗ: ആമിര്‍ഖാന്‍ ഹിറ്റ് ചിത്രം പി.കെയുടെ വ്യാജന്‍ കണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ആരോപണം. ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ അഖിലേഷിനെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. ഡിസംബര്‍ 31ന് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് അഖിലേഷിന് അബദ്ധം പിണഞ്ഞത്.

‘പി.കെ കാണാനായി എന്നോട് കുറേ പേര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം ഞാന്‍ കുറച്ചു ദിവസം മുമ്പ് ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിരുന്നു. പക്ഷേ ഇന്നലെ രാത്രിയാണ് പി. കെ എനിക്ക് കാണാനായത്. ഈ ചിത്രം എനിക്ക് ഏറെ ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണമെന്നതിനാല്‍ സംസ്ഥാനത്ത് പി.കെ യെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്’. പി.കെ സിനിമക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് അഖിലേഷ് ഇങ്ങനെ പറഞ്ഞത്.
 

സിനിമ ഇന്‍റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതാണ് എന്ന പരാമര്‍ശമാണ് അഖിലേഷിന് വിനയായത്. മുഖ്യമന്ത്രി ആന്‍റി പൈറസി നിയമം വ്യക്തമായി ലംഘിച്ചിരിക്കുകയാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ നേരായ രീതിയില്‍ പണമടച്ചാണ് സിനിമ കണ്ടെതെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കാണാന്‍ സാധിക്കുകയെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.
 

 

അന്താരാഷ്ട്ര വിമാനത്താവള ഹബ് പട്ടിക: കേരളത്തിന് നഷ്ടങ്ങളേറെ

Posted: 02 Jan 2015 09:02 PM PST

Image: 

ദുബൈ: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും ‘അന്താരാഷ്ട്ര ഹബ്’ പട്ടികയില്‍ നിന്നൊഴിവാക്കിയത് സംസ്ഥാനത്തിന് വലിയ നഷ്ടംവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത രണ്ടു പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍ വ്യേമയാന മേഖലയില്‍ നടക്കാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം  അന്താരാഷ്ട്ര ഹബ്’ പട്ടികയില്‍പ്പെടുന്ന ആറു വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. ലക്ഷകണക്കിന് പ്രവാസി മലയാളികളെ  പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ കേരള സര്‍ക്കാരും ജനപ്രതിനിധികളും പ്രവാസി സംഘടനകളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
 ഈ മാസം ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടങ്ങുന്ന ‘പ്രവാസി ഭാരതീയ ദിവസ്’ സംഗമം കേരളത്തിന്‍െറ പ്രതിഷേധം അറിയിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ്. അമൃത്സറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി,കൊല്‍ക്കത്ത, ഹൈദരബാദ്,ചെന്നൈ,ബംഗളൂരു വിമാനത്താവളങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍  അന്താരാഷ്ട്ര ഹബ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചെന്നൈയേക്കാള്‍ കൂടുതല്‍ വിദേശ യാത്രക്കാര്‍ യാത്രചെയ്യുന്നവയാണ് കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങള്‍. 20ലേറെ വിദേശ വിമാനക്കമ്പനികള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുമുണ്ട്്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് അന്താരാഷ്ട്ര ഹബ് പട്ടിക തയാറാക്കിയത്.
ഈയിടെ 43 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഇന്ത്യയിലെ ഒമ്പതു വിമാനത്താവളങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നായിരുന്നു. വിദേശ സഞ്ചാരികളുടെ എണ്ണം കണക്കിലെടുത്തായിരുന്നു ഈ പരിഗണന കേരളത്തിന് ലഭിച്ചത്. എന്നാല്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും കുടുതല്‍ വിമാന സര്‍വീസുകള്‍ക്കും വഴിവെക്കുന്ന ഹബ് പട്ടികയില്‍ കേരളം പൂര്‍ണമായും തഴയപ്പെടുകയായിരുന്നു. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും മറ്റും ഇനി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് നിരവധി കടമ്പകള്‍ കടക്കേണ്ടിവരും.
ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍, യാത്രക്കാര്‍ കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 500 പേരെ കയറ്റാവുന്ന എ 380 വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള പരിപാടിയിലാണ്. തിരക്കുള്ള സീസണില്‍ വലിയ വിമാനങ്ങള്‍ പറപ്പിക്കുന്നത് യാത്രാനിരക്കിലും കുറവുവരുത്തുമെന്ന് ദുബൈ ദേര ട്രാവല്‍ ആന്‍റ് ടൂറിസ്റ്റ് ഏജന്‍സി ജനറല്‍ മാനേജര്‍ ടി.പി.സുധീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മുകളില്‍ പറഞ്ഞ ആറു വിമാനത്താവളങ്ങളായിരിക്കും ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര യാത്രക്കുള്ള പ്രധാന കേന്ദ്രങ്ങളെന്ന് വ്യോമയാന നയത്തിന്‍െറ കരട് രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടേക്ക് ഏതു വിദേശ വിമാനകമ്പനിക്കും എളുപ്പത്തില്‍ സര്‍വീസ് ആരംഭിക്കാനാകുമെന്ന് സുധീഷ് പറഞ്ഞു.
അന്താരാഷ്ട്ര ഹബ് വിമാനത്താവളങ്ങളില്‍ വലിയതോതിലുള്ള വികസനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. ഈ വിമാനത്താവളങ്ങളിലേക്ക് റെയില്‍, മെട്രോ,ബസ്,കണക്ടിവിറ്റി സൗകര്യവും സഞ്ചാരികള്‍ക്കുള്ള താമസസൗകര്യവുമെല്ലാം ഒരുക്കാന്‍ പരിപാടിയുണ്ട്.
യാത്രക്കാര്‍ക്ക് ഏറെ എളുപ്പത്തില്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് ചെക്ക് ഇന്‍ സൗകര്യം, സ്മാര്‍ട്ട് ഗേറ്റുകള്‍, ബാഗേജ് കൈകാര്യം ചെയ്യാന്‍ യന്ത്രവത്കൃത സംവിധാനം തുടങ്ങിയവ നടപ്പാക്കാനും ലക്ഷ്യമിടുന്നതായി നയത്തില്‍ പറയുന്നു.
വ്യോമയാന മേഖലയുടെ വികസനം അതത് രാജ്യങ്ങളിലെ സമ്പദ്ഘടനയില്‍ വര്‍ധിച്ചതോതില്‍ അനുകൂലമായ ഗുണഫലമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ പഠനത്തില്‍ പറയുന്നത്.
വിമാനത്താവള വികസനം വഴി വിമാന കമ്പനികളിലും താവളങ്ങളിലും മാത്രമല്ല അനുബന്ധമായി നിരവധി മേഖലകളിലും തൊഴിലവസരങ്ങളും വരുമാനവും വര്‍ധിക്കും. നിര്‍മാണ മേഖല, ഗതാഗതം, ടൂറിസം, ഹോട്ടല്‍ തുടങ്ങിയ മേഖലകളിലെല്ലാം വ്യോമയാനമേഖലയുടെ വളര്‍ച്ച പ്രതിഫലിക്കും. വിമാനയാത്രക്കായി ചെലവാക്കുന്ന ഓരോ 100 രൂപയും 325 രൂപയുടെ ഫലം സമ്പദ്ഘടനയിലുണ്ടാക്കും. 100 പേര്‍ക്ക് പ്രത്യക്ഷ ജോലി നല്‍കിയാല്‍ 610 പേര്‍ക്കാണ് ഫലത്തില്‍  ജോലി ലഭിക്കുന്നത്.
പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി)ത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ചെന്നൈ,കൊല്‍ക്കത്ത, അഹമ്മദാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ വികസനം നടപ്പാക്കുക. നിലവില്‍ ഡല്‍ഹി,മുംബൈ, ബംഗളൂരു, ഹൈദരബാദ് വിമാനത്താവളങ്ങള്‍ പി.പി.പി മാതൃകയില്‍ വികസിപ്പിച്ചുകഴിഞ്ഞു.
 

കുവൈത്തിന്‍െറ കഥാകാരന്‍ യാത്രയാവുന്നു

Posted: 02 Jan 2015 08:50 PM PST

Image: 

കുവൈത്ത് സിറ്റി: പ്രവാസത്തിന്‍െറ ഊഷരതയിലും അക്ഷരങ്ങളുടെ ഊഷ്മളത കാത്തുസൂക്ഷിച്ച എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍ കുവൈത്തിനോട് വിടപറയുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് സാഹിത്യ സപര്യയിലൂടെ ഗരിമ പകര്‍ന്നതിനൊപ്പം സാമൂഹിക, സാംസ്കാരിക രംഗത്ത് വേറിട്ട വ്യക്തിത്വമായി ജ്വലിച്ചുനിന്നു എന്നതാണ് കൈപ്പട്ടൂര്‍ എന്ന പേരിലറിയപ്പെടുന്ന തങ്കച്ചനെ വ്യത്യസ്തനാക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരില്‍ പരേതനായ സ്കറിയയുടെയും അന്നമ്മയുടെയും മകനായി 1948 ആഗസ്റ്റ് 10നാണ് തങ്കച്ചന്‍ ജനിച്ചത്. ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമായി മിസോറാം, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, കലിംപോങ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്ത ശേഷം 1980 ജനുവരിയിലാണ് കുവൈത്തിലത്തെുന്നത്. അന്നു മുതല്‍ ഇന്നുവരെ മറാഫി സണ്‍സ് കമ്പനിയില്‍ ജോലിചെയ്യുന്ന തങ്കച്ചന്‍ ഇറാഖിന്‍െറ കുവൈത്ത് അധിനിവേശകാലത്ത് നാട്ടിലേക്ക് പോകാത്ത അപൂര്‍വം ചിലരില്‍പ്പെടുന്നു. സദ്ദാം ഹുസൈന്‍െറ സൈന്യം ഇറാഖില്‍ താണ്ഡവമാടുമ്പോള്‍ കുവൈത്തില്‍ തന്‍െറ സ്പോണ്‍സറോടൊപ്പം തങ്ങിയ തങ്കച്ചന്‍െറ വരികളിലൂടെയാണ് പിന്നീട് മലയാളികള്‍ അധിനിവേശ കാലത്തെ ജീവിതം അറിഞ്ഞത്. അക്കാലത്തെ അദ്ദേഹത്തിന്‍െറ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് ‘റുമൈലയിലെ കരിമഴ’ എന്ന പുസ്തകം.
തങ്കച്ചന്‍െറ പ്രവാസ ജീവിതത്തിന് 35 വയസ്സാണ് പ്രായമെങ്കില്‍ സാഹിത്യ ജീവിതം സുവര്‍ണ ജൂബിലിയോടടുക്കുകയാണ്. 1968ലാണ് ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. കുരിശ് ചുമക്കുന്നവന്‍, മരുഭൂമി, നേര്‍ച്ചപ്പെട്ടി, ഉച്ചയിരുട്ട്, അനന്തരം എന്നിവയാണ് ഇദ്ദേഹത്തിന്‍െറ തൂലികയില്‍ പിറന്ന നോവലുകള്‍. നിലാവിനെ പ്രേമിച്ച പെണ്‍കുട്ടി, ഉറങ്ങുന്നവരും ഉറങ്ങാത്താവരും, മരുഭൂമിയിലെ മഴ, പേപ്പട്ടികള്‍ രാത്രിയില്‍ ഓടുന്നു, യൂദാസ് നല്ലവന്‍, അതിരാവിലെ തിരുസന്നിധിയില്‍, പാര്‍പ്പിടം, കണ്ണുപൊത്തിക്കളി, കാര്‍നിക്കോബാറിലെ കടല്‍, കാലത്തിന്‍െറ ചിറകടികള്‍, വെയില്‍ മേയുന്ന പാതകള്‍, തിരുശേഷിപ്പുകള്‍ വില്‍പനക്ക് എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാംബല്‍ബെ, നാടുകാണി, ഈ തെരുവിലെ കാവല്‍ക്കാര്‍ മയക്കത്തിലാണ്, കാലം കണ്ണാടി നോക്കുന്നു എന്നീ കുറിപ്പുകളും റുമൈലയിലെ കരിമഴ എന്ന അനുഭവക്കുറിപ്പും തങ്കച്ചന്‍േറതായുണ്ട്. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ടിജു, ടിനു, ടിബു.
എന്നും ഒറ്റയാനാണ് തങ്കച്ചന്‍. എഴുത്തിലും സംസാരത്തിലുമെല്ലാം തന്‍െറ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. താന്‍ എഴുതുന്നത് തന്‍െറ അനുഭവമാണെന്നും വായനക്കാരനുവേണ്ടിയല്ല തനിക്കുവേണ്ടിയാണ് എഴുതുന്നതെന്നും വ്യക്തമാക്കുന്ന തങ്കച്ചന്‍, തനിക്ക് പറയാനുള്ളതാണ് തന്‍െറ നോവലുകളും കഥകളുമെന്ന് അവകാശപ്പെടുമ്പോള്‍ വായനക്കാരന് നിഷേധിക്കാനാവില്ല. അദ്ദേഹത്തിന്‍െറ കൃതികള്‍ വായിച്ചുതീരുമ്പോള്‍ കാണുന്നതും മാനവികതയുടെ അഴകുള്ള മുഖമാവണമെന്നില്ല. പച്ച മനുഷ്യന്‍െറ ജീവിതവും വിചാരവികാരങ്ങളും അവയില്‍ ദര്‍ശിക്കാം. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായ തങ്കച്ചന്‍ അവിടെയും വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്ന അദ്ദേഹത്തിന്‍െറ വാക്കുകള്‍ക്ക് കുവൈത്തിലെ എല്ലാ സംഘങ്ങളും കാതോര്‍ക്കാറുണ്ട്. പലപ്പോഴും തങ്ങള്‍ക്ക് യോജിക്കാനാവാത്ത കാര്യങ്ങളാവും തങ്കച്ചന്‍െറ വാക്കുകളിലൂടെ പുറത്തേക്കുവരിക എന്നറിയാമെങ്കിലും അദ്ദേഹത്തിന്‍െറ സാന്നിധ്യം ഏത് സാമൂഹിക, സാംസ്കാരിക പരിപാടിയിലും ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടുതന്നെയാണ് കൈപ്പട്ടൂര്‍ തങ്കച്ചന്‍ പ്രവാസം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ പകരംവെക്കാനാവാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നതും.
 

നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയില്ല, പ്രവാസികള്‍ക്ക് ആശ്വാസം

Posted: 02 Jan 2015 08:45 PM PST

Image: 

മസ്കത്ത്: പുതിയ ബജറ്റില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഒഴിവാക്കിയത് വിദേശികള്‍ക്ക് ആശ്വാസംപകര്‍ന്നു. പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് മജ് ലിസു ശൂറയാണ് നിര്‍ദേശംവെച്ചത്. എണ്ണവില കുത്തനെ കുറയുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍െറ സാമ്പത്തിക രംഗത്തെ രക്ഷപ്പെടുത്താന്‍ മജ് ലിസു ശൂറ നിരവധി നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയെന്നത് അതില്‍ പ്രധാന നിര്‍ദേശമായിരുന്നു. മജ് ലിസു ശൂറയില്‍ നിന്ന് ഈ നിര്‍ദേശം വന്നപ്പോള്‍ തന്നെ പ്രവാസികള്‍ ആശങ്കയിലായിരുന്നു. നാട്ടിലയക്കുന്ന പണത്തിന്‍െറ ഒരു ഭാഗം നികുതിയടക്കേണ്ടി വരുന്നത് ചെറിയ വരുമാനക്കാരെയാണ് ഏറെ അസ്വസ്ഥരാക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം ഉപരിസഭയായ സ്റ്റേറ്റ് കൗണ്‍സില്‍ നിര്‍ദേശം തള്ളിയതോടെ തന്നെ പ്രവാസികള്‍ ആശ്വാസത്തിലായിരുന്നു. എന്നാലും, അവസാന നിമിഷത്തില്‍ നികുതി നിര്‍ദേശവുമായി മുമ്പോട്ട് പോവുമെന്ന ആശങ്കയിലായിരുന്നു പലരും. പുതിയ ബജറ്റില്‍ ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ളെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
എണ്ണ വില കുറയുമ്പോള്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ട് ശതമാനം റമിറ്റന്‍സ് നികുതി, ടെലികോം കമ്പനികളുടെ റോയല്‍റ്റി ഏഴ് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തല്‍, എല്‍. എന്‍. ജിയുടെ കയറ്റുമതി നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ മജ് ലിസു ശൂറ മുമ്പോട്ടുവെച്ചിരുന്നെങ്കിലും അവ സ്റ്റേറ്റ് കൗണ്‍സില്‍ തന്നെ തള്ളുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഒമാന്‍ ബിസിനസ് എഡിറ്റര്‍ എ.ഐ. ജെയിംസ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. മുന്‍കാല ബജറ്റുകളില്‍ എണ്ണവില നിശ്ചയിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ വരുമാനം കണ്ടത്തെുകയുമായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷം 85 ഡോളറായിരുന്നു ഒമാന്‍ അസംസ്കൃത എണ്ണയുടെ വില. എന്നാല്‍ പുതിയ ബജറ്റില്‍ എണ്ണ വില നിശ്ചയിക്കാത്തതും അതനുസരിച്ച് വരുമാന മാര്‍ഗങ്ങള്‍ കണ്ടത്തൊത്തതും അവ്യക്തതയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
9.6 ശതകോടി റിയാലാണ് എണ്ണയില്‍ നിന്ന് കണ്ടെത്തേണ്ടത്. അതോടൊപ്പം, ആവശ്യമായിവന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ സാമ്പത്തിക നടപടികള്‍ എടുക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് തെളിയിച്ച് പറയാത്തതും അവ്യക്തതയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. സാധാരണ ബജറ്റുകളില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കാറുണ്ട്.
പ്രവാസി നികുതി നിര്‍ദേശം ബജറ്റില്‍ വരാത്തത് പ്രവാസികള്‍ക്ക് വന്‍ ആശ്വാസം പകര്‍ന്നതായി ഒമാന്‍ യു.എ.ഇ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ടോണി ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു. ഈ നിര്‍ദേശം അവ്യക്ത നിറഞ്ഞതായതിനാല്‍ അത് നടപ്പാക്കാന്‍ പ്രയാസമാണെന്ന് അപ്പോള്‍ തന്നെ അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നിര്‍ദേശം പ്രയോഗവത്കരിക്കുന്നത് ഏറെ പ്രയാസമുണ്ടാക്കുമെന്ന് അറിയാമായിരുന്നു.
മറ്റ് ജി സി സി രാജ്യങ്ങളിലൊന്നുമില്ലാത്ത നികുതി നിര്‍ദേശം ഒമാനില്‍ നടപ്പാക്കാന്‍ എളുപ്പമല്ല. നികുതി ഏര്‍പ്പെടുന്നതിന്‍െറ രീതി, നികുതി ദായകരെ കണ്ടത്തെല്‍, നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള പരിധി തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. ഇവക്കൊന്നും വ്യക്തമായ ഉത്തരം മജ്ലിസ ശൂറ നല്‍കിയിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി നാട്ടിലയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന നിര്‍ദേശം ബജറ്റിലില്ലാത്തത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായി അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന ഈ നിയമം അവസാന നിമിഷത്തില്‍ നടപ്പാക്കുമെന്ന പേടി പലര്‍ക്കുമുണ്ടായിരുന്നു. നിയമം നടപ്പായാല്‍ ഹവാല ഇടപാടുകള്‍ വീണ്ടും സജീവമാവാനും അത് വിനിമയ സ്ഥാപനങ്ങളെ ബാധിക്കാനും സാധ്യതയുണ്ടായിരുന്നു. മാത്രമല്ല ഒമാനില്‍ നികുതി നടപ്പായാല്‍ മറ്റ് ജി സി സി രാജ്യങ്ങളിലേക്ക് ഇവ വ്യാപിക്കാനും സാധ്യതയുണ്ടായിരുന്നു.

ക്രിസ്മസ്, പുതുവത്സരം: ബഹ്റൈന്‍ കോസ് വേ വഴി പോയത് 2,33,774 യാത്രക്കാര്‍

Posted: 02 Jan 2015 08:40 PM PST

Image: 

ദമ്മാം: സൗദി-ബഹ്റൈന്‍ അതിര്‍ത്തിയായ കിങ് ഫഹദ് കോസ് വേയിലൂടെ ക്രിസ്മസ്, പുതുവത്സര ദിനങ്ങളില്‍ 2,33,774 യാത്രക്കാര്‍ സഞ്ചരിച്ചതായി കോസ്വേ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 25നും ജനുവരി ഒന്നിനുമിടയില്‍ ഈ റൂട്ടില്‍ യാത്ര ചെയ്തവരുടെ കണക്കാണിത്. പുതുവത്സരാഘോഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയതാണ് അഭൂതപൂര്‍വമായ തിരക്കിന് ഇടയാക്കിയത്. വാഹനങ്ങളുടെ അമിത തിരക്കു കാരണം എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാകാന്‍ മണിക്കൂറുകളാണ് എടുത്തത്. അക്ഷമരായ യാത്രക്കാര്‍ പലരും ഹോണ്‍ അടിച്ചാണ് കാത്തിരിപ്പിന്‍െറ അമര്‍ഷം തീര്‍ത്തത്. എല്ലാ കൗണ്ടറുകളും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും തിരക്കു നിയന്ത്രിക്കാന്‍ എമിഗ്രേഷന്‍ അധികൃതര്‍ നന്നേ പാടുപെട്ടു. ബഹ്റൈന്‍െറയും സൗദിയുടെയും ചെക്പോയന്‍റുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. കോസ്വേക്ക് സമാന്തരമായി റെയല്‍ പാത കൂടി അടങ്ങുന്ന പുതിയ പാലം നിര്‍മിക്കുമെന്ന് ബഹ്റൈന്‍ രാജാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ കോസ്വേയിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്.

പലിശ മാഫിയക്കെതിരെ യോജിച്ച പോരാട്ടത്തിന് നീക്കം

Posted: 02 Jan 2015 08:30 PM PST

Image: 

മനാമ: ബഹ്റൈനില്‍ വര്‍ധിച്ചു വരുന്ന പലിശ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ങ്ങള്‍ക്കെതിരെ കൂടുതല്‍ സംഘടനകളെ അണിനിരത്താന്‍ പലിശ വിരുദ്ധ ജനകീയ സമിതി തീരുമാനിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളില്‍ സജീവമായ കൊള്ളപ്പലിശക്കാരെ അതാത് സംഘടനകളില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാട്ടിലെ ബ്ളേഡ് മാഫിയക്കു സമാനമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെയും നടക്കുന്നത്. ഭീഷണി, വീടുകയറി ആക്രമണം, പാസ്പോര്‍ട്ട് പിടിച്ചു വക്കല്‍, വ്യാജമുദ്രപത്രം ഉപയോഗിച്ചുള്ള കള്ളക്കേസ് തുടങ്ങിയ മാര്‍ഗങ്ങള്‍ക്ക് ഇരയായ നിരവധി പേരുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും സ്ത്രീകളെ ഉപയോഗിച്ചും പലിശക്കാര്‍ ഇടപാട് നടത്തുന്നുണ്ട്. സാമ്പത്തിക പ്രയാസമുള്ളവരെ കണ്ടത്തെുകയും അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയുമാണ് പതിവ്. തുടര്‍ന്ന് കച്ചവടക്കാരോട് ദിവസപ്പിരിവും മറ്റുള്ളവരോട് മാസപ്പിരിവും നടത്തുന്നു. നൂറ് ദിനാറിന് എട്ട് ദിനാര്‍ എന്ന കണക്കിലാണ് മാസത്തില്‍ പലിശ. പലിശ മുടങ്ങാതെ നല്‍കുന്നവര്‍ക്ക് വീണ്ടും വീണ്ടും പണം നല്‍കി അവരെ കെണിയിലാക്കുകയാണ് പതിവ്. പലര്‍ക്കും പലിശ കൊടുക്കുമ്പോള്‍ മുതലിലേക്ക് ഒന്നും നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടാകില്ല. ഇത് ആജീവനാന്തര ബാധ്യതയിലേക്ക് നയിക്കുകയാണ്.
ചിലയിടങ്ങളില്‍ തൊഴിലാളികളുടെ എ.ടി.എം കാര്‍ഡ് പാസ്പോര്‍ട്ടിനൊപ്പം വാങ്ങിവക്കുന്ന രീതിയുമുണ്ട്. ഇത്തരത്തില്‍ എ.ടി.എം കാര്‍ഡ് വാങ്ങി വക്കുന്ന ഒരു പലിശക്കാരന്‍െറ കടക്കുമുന്നില്‍ മാസം അവസാനം  വലിയ തിക്കും തിരക്കും കാണാം. ശമ്പളം ബാങ്കിലത്തെുമ്പോള്‍ പലിശക്കാരന്‍ പണം പിന്‍വലിക്കുകയും പലിശ കഴിച്ചുള്ള തുക ഇടപാടുകാരന് നല്‍കുകയുമാണ് പതിവ്. താന്‍ അധ്വാനിച്ചതിന്‍െറ കൂലി പലിശക്കാരന്‍ വഴി കൈപ്പറ്റാനാണ് ഇവര്‍ ഈ കടക്ക് മുന്നിലത്തെുന്നത്.
ഒടുക്കം പലിശക്കാരന്‍െറ കെണിയില്‍ പെട്ട വടകര സ്വദേശി ശ്രീജിത്തിന്‍െറ വിഷയം പലിശ വിരുദ്ധ മുന്നണി ഏറ്റെടുക്കുകയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബഹ്റൈനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കേരളത്തില്‍ തിരിച്ചത്തെിയ ശേഷം ചെന്നിത്തല വിഷയം ഏറ്റെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. എന്നാല്‍ ശ്രീജിത്തിന്‍െറ സ്വദേശമായ വടകരയിലും പലിശക്കാരന്‍െറ നാടായ കൊല്ലത്തു നിന്നും ചില പൊലീസുകാര്‍ ശ്രീജിത്തിന്‍െറ വീടുമായി ബന്ധപ്പെടുകയും ബഹ്റൈനിലെ പലിശ വിരദ്ധ സമിതിയുമായി ചര്‍ച്ചകള്‍ നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ ഒരു പൊലീസുകാരന്‍ സസ്പെന്‍ഷനിലുള്ള ആളാണ്. പലിശക്കാരന്‍ നാട്ടിലെ പൊലീസ് വഴിയും തന്ത്രങ്ങള്‍ മെനയുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പലിശക്കാരുടെ ഇരകളായവരുടെ സംഗമം നടത്താനും ആവശ്യക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് രൂപവത്കരിക്കനും ഇവര്‍ ആലോചിക്കുന്നുണ്ട്.
സലാം മമ്പാട്ടുമൂല, ഇ.പി.അനില്‍, യോഗാനന്ദ്, സി.പി.അബ്ദുറഹ്മാന്‍, സഈദ് റമദാന്‍ എന്നിവര്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്: രണ്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു.

Posted: 02 Jan 2015 08:23 PM PST

Image: 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും ആരംഭിച്ചു. ജമ്മുവിലെ ഹിരാനഗര്‍, സാംബ, കത് വ സെക്ടറുകളിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ആക്രമണമുണ്ടായത്. ഇന്ത്യന്‍ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഉത്തരവിട്ടിരുന്നു.

10 ദിവസത്തിനുള്ളില്‍ ഒമ്പതാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. വ്യാഴാഴ്ച നടന്ന ആക്രമണങ്ങളില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
 

രക്ഷകനായത്തെിയ ആ ഡോക്ടര്‍ ‘തീവ്രവാദി’യെന്ന് അവരറിഞ്ഞില്ല

Posted: 02 Jan 2015 06:54 PM PST

Image: 

മാലേഗാവ് (മഹാരാഷ്ട്ര): മുഖത്തും കഴുത്തിലും കൈകാലുകളിലുമേറ്റ മുറിവുകള്‍ വേദനയായി പടരുമ്പോള്‍ തങ്ങളുടെ രക്തസമ്മര്‍ദവും മിടിപ്പും നേരെയാക്കാന്‍ പരിശ്രമിക്കുകയായിരുന്ന ആ താടിക്കാരന്‍ ഡോക്ടര്‍ ഒരു സ്ഫോടനക്കേസ് പ്രതിയായിരുന്നുവെന്ന് കര്‍ഷകനായ ചിന്ദാമണ്‍ ഗോയിക്കറിനൊ സഹായി വിത്തല്‍ ഷിണ്ഡെക്കൊ അറിയുമായിരുന്നില്ല. താന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ സ്ഫോടനത്തില്‍ പരിക്കേറ്റവരാണെന്ന് ഡോ. സല്‍മാന്‍ ഫാരിസിയും അറിഞ്ഞില്ല.
കഴിഞ്ഞ ബുനനാഴ്ച മാലേഗാവിലെ രാജ്വാഡിയിലാണ് സംഭവം. 2006ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ (എ.ടി.എസ്) കുറ്റപത്രപ്രകാരം നാലാം പ്രതിയാണ് ഡോ. സല്‍മാന്‍ ഫാരിസി.

എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയും സ്ഫോടനം നടത്തിയത് ഹിന്ദുതീവ്രവാദ സംഘടനയാണെന്ന് കണ്ടത്തെുകയും ചെയ്തതോടെ ജാമ്യത്തിലിറങ്ങിയതാണ് അദ്ദേഹം. രണ്ടുമാസം മുമ്പാണ് ഇവിടത്തെ ആശുപത്രിയില്‍ എമര്‍ജന്‍സി ഡോക്ടറായി എത്തിയത്.
ബുധനാഴ്ച ഉച്ചക്ക് മൂന്നിന് രാജ്വാഡിയിലെ തന്‍െറ പറമ്പില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചാണ് ചിന്താമണ്‍ ഗോയിക്കറിനും സഹായിക്കും പരിക്കേറ്റത്. പന്നിയെ പിടിക്കാന്‍ നാടോടിയായ ദിനേശ് പവാര്‍ താഴ്ന്ന മരച്ചില്ലയില്‍ കവറിലാക്കി തൂക്കിയിട്ട ബോംബ് വടികൊണ്ട് നീക്കംചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്ഫോടനം. 15 ജലാറ്റിന്‍ സ്റ്റിക്കുകളാണ് ദിനേശ് പവാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ഗോയിക്കറിനും സഹായിക്കും അടിയന്തരചികിത്സ നല്‍കാനായി പുറപ്പെടാന്‍ വിളിവരുമ്പോള്‍ ഡോ. സല്‍മാന്‍ ഫാരിസി വായനയിലായിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുമ്പോഴാണ് ഇവര്‍ക്ക് സ്ഫോടനത്തിലാണ് പരിക്കേറ്റതെന്ന് ഫാരിസി അറിയുന്നത്.

2006 സെപ്റ്റംബര്‍ എട്ടിനാണ് ഡോ. സല്‍മാന്‍ ഫാരിസി പ്രതിയായ സ്ഫോടന പരമ്പര നടന്നത്. ഹാമിദിയാ മസ്ജിദിനും ബഡേ ഖബര്‍സ്ഥാനിലും മുശാവറത്ത് ചൗക്കിലുമായി നടന്ന സ്ഫോടനത്തില്‍ 31പേര്‍ മരിച്ചിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ സിമിയാണ് സ്ഫോടനം നടത്തിയതെന്ന് ആരോപിച്ച എ.ടി.എസ് ഫാരിസി ഉള്‍പ്പെടെ മാലേഗാവിലെ ഒമ്പത് മുന്‍ സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 2006 നവംബര്‍ അഞ്ചിന് മാലേഗാവിലെ സ്വന്തം ക്ളിനിക്കില്‍ രോഗികളെ പരിശോധിക്കുന്ന സമയത്താണ് എ.ടി.എസ് ഫാരിസിയെ കസ്റ്റഡിയിലെടുത്തത്. പാകിസ്താനികളെ സഹായിക്കുകയും സ്ഫോടനത്തിന് ഉപയോഗിച്ച ആര്‍.ഡി.എക്സ് കടത്തുകയും ചെയ്തെന്നാണ് കുറ്റം. എന്നാല്‍, 2011ല്‍ കേസ് ഏറ്റെടുത്ത എന്‍.ഐ.എ ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയും കൂട്ടാളികളുമാണ് സ്ഫോടനത്തിനു പിന്നിലെന്ന് കണ്ടത്തെി. അതോടെ, ഫാരിസി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കും ജാമ്യം നല്‍കി. കേസില്‍നിന്ന് കുറ്റമുക്തനാക്കി പ്രഖ്യാപിക്കാനുള്ള നിയമപോരാട്ടത്തിലാണിപ്പോള്‍ ഫാരിസി. അഞ്ചു വര്‍ഷമാണ് ജയിലില്‍ കിടന്നത്. ജീവിതത്തിലെ ഭയാനകമായ ആ അനുഭവം ഓര്‍ക്കാന്‍ ഇഷ്ടമില്ളെന്ന് അദ്ദേഹം പറയുന്നു.

ജയില്‍ മോചിതനായ ഉടന്‍ ജസ്റ്റിസ് ലീഗല്‍ വോയിസ് എന്ന പേരില്‍ സന്നദ്ധ സംഘടക്ക് രൂപം നല്‍കിയിട്ടുണ്ട്. കേസില്‍ അകപ്പെടുന്ന നിരപരാധികള്‍ക്ക് ജാതി-മതം നോക്കാതെ സഹായിക്കലാണ് ലക്ഷ്യം. മാത്രമല്ല, കള്ളക്കേസില്‍ ആളുകളെ കുടുക്കുന്ന നിയമപാലകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കലും ലക്ഷ്യമാണ്.

‘സന്തോഷ വാര്‍ത്ത’യുമായി മാവോവാദികള്‍ കുറിച്യ കോളനിയില്‍

Posted: 02 Jan 2015 06:46 PM PST

Image: 
Subtitle: 
ആദിവാസികളോട് ഇനിയും വരുമെന്ന് പറഞ്ഞ് യാത്ര

നിടുംപൊയില്‍ (കണ്ണൂര്‍): പേര്യ ചുരം റോഡിനോട് ചേര്‍ന്നുള്ള ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍ ഓഫിസ് അടിച്ചുതകര്‍ത്ത് വനത്തിലൂടെ രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ച് ചെക്യേരി കുറിച്യ കോളനിയിലാണ് മാവോവാദികള്‍ എത്തിയത്.  ഇത് രൂപേഷും കൂട്ടരുമാണെന്ന് വെള്ളിയാഴ്ച രാവിലെ പൊലീസ് സ്ഥിരീകരിച്ചു.
വനിതയടക്കം അഞ്ചുപേരാണ് ക്രഷര്‍ ആക്രമണത്തില്‍ പങ്കെടുത്തതെങ്കിലും കോളനിയിലത്തെുമ്പോള്‍ സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നതായും   രണ്ടുപേര്‍ വനിതകളാണെന്നും ആദിവാസികള്‍ പറഞ്ഞു. മാവോവാദികള്‍ പട്ടാള യൂനിഫോമില്‍ കോളനിയിലെ ബിന്ദുവിന്‍െറ വീടിന്‍െറ വാതില്‍ മുട്ടുമ്പോള്‍ സമയം പുലര്‍ച്ചെ 4.30. ആദ്യം ബിന്ദുവിന് ഒന്നും മനസിലായില്ല. പരിചിതരെ പോലെ പുറത്തുനിന്ന് സംസാരിച്ചപ്പോള്‍ വാതില്‍ തുറന്നു. ബിന്ദുവിന്‍െറ മകള്‍ ഡിഗ്രി വിദ്യാര്‍ഥിനി ജിഷ്ണയും വീട്ടിലുണ്ടായിരുന്നു.

മാവോയിസ്റ്റുകളാണെന്ന് പരിചയപ്പെടുത്തിയ സംഘം, പ്രദേശത്തിന് ഭീഷണിയായ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്ന ഓഫിസ് തകര്‍ത്ത സന്തോഷ വാര്‍ത്ത അറിയിക്കാനാണെന്നും ടി.വി തുറന്നാല്‍ വാര്‍ത്ത കാണാമെന്നും പറഞ്ഞു. കുറച്ചു കഴിയുമ്പോള്‍ പൊലീസും മറ്റും സ്ഥലത്തത്തെുമെന്നതിനാല്‍  പോവുകയാണെന്ന് പറഞ്ഞ അവര്‍, അരിയും പച്ചക്കറിയും ശേഖരിച്ചു. അല്‍പം കഴിഞ്ഞ് പഞ്ചസാരയും ആവശ്യപ്പെട്ടു.

മൂന്നുപേര്‍ ബിന്ദുവിന്‍െറ വീട്ടുമുറ്റത്ത് നിന്നപ്പോള്‍ നാലുപേര്‍ വഴിയില്‍ തോക്കുമായി കാവല്‍ നിന്നു. സുവോളജിയില്‍ ബിരുദ വിദ്യാര്‍ഥിനിയായ ജിഷ്ണയോട് നന്നായി പഠിക്കണമെന്ന്  പറഞ്ഞു. ഒരാഴ്ചത്തെ ഭക്ഷ്യസാധനങ്ങളുണ്ടെന്നും തീരുമ്പോള്‍ വരുമെന്നും  അറിയിച്ചതായും ബിന്ദു പറഞ്ഞു.കോളനിയിലെ രാകേഷ്, രവീന്ദ്രന്‍, മൂത്രാടന്‍ കുമ്പ എന്നിവരുടെ വീടുകളിലും  സംഘം എത്തിയിരുന്നു. കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായി രാകേഷ് വെളിപ്പെടുത്തി.

ജില്ലാ പൊലീസ് മേധാവി ഉണ്ണിരാജനും സ്പെഷല്‍ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച കോളനിയിലത്തെി വിവരങ്ങള്‍ അന്വേഷിച്ചു. രൂപേഷിന്‍െറ ചിത്രം കാണിച്ചപ്പോള്‍ ആദിവാസികള്‍ തിരിച്ചറിഞ്ഞു.
കഴിഞ്ഞയാഴ്ച ചെക്യേരി കോളനിയില്‍ ആറംഗ മാവോവാദി സംഘം എത്തിയിരുന്നു. അന്ന് ക്വാറി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ആറുമാസം മുമ്പും രൂപേഷിന്‍െറ നേതൃത്വത്തില്‍ വനിതയടക്കം കോളനിയിലത്തെി മടങ്ങിയിരുന്നു.
ഈയിടെ ചെക്യേരി കോളനിയിലത്തെിയ സംഘത്തിലുള്ളവരുടെ പക്കല്‍  ഒന്നിലേറെ തോക്കുകള്‍ ഉണ്ടായിരുന്നതായി  ആദിവാസി യുവാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.  

അച്ചടിച്ച നോട്ടീസുകളും സ്ക്രീന്‍ പ്രിന്‍റ് ചെയ്ത പോസ്റ്ററുകളും മാവോവാദികള്‍ ആക്രമണം നടത്തിയ ക്രഷര്‍ ഓഫിസിന് മുന്നില്‍ പതിച്ചിട്ടുണ്ട്. പശ്ചിമഘട്ട പ്രത്യക മേഖലാ കമ്മിറ്റിയുടെ പേരിലാണിത്.
 

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം: സര്‍ക്കാറിന്‍െറ ഒളിച്ചുകളി വ്യക്തമാക്കുന്ന തെളിവ് പുറത്ത്

Posted: 02 Jan 2015 06:43 PM PST

Image: 

ആലപ്പുഴ: അവിഹിത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ടോമിന്‍ ജെ.തച്ചങ്കരിയെ അഡീഷനല്‍ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമായിരിക്കെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തിയതായി തെളിയുന്നു.
സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ആഭ്യന്തര വകുപ്പിനോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫയല്‍ കേന്ദ്രത്തിന് അയച്ചിരിക്കുകയാണെന്നായിരുന്നു സര്‍ക്കാറിന്‍െറ വിശദീകരണം. വാസ്തവത്തില്‍ അങ്ങനെയൊന്നിന്‍െറ ആവശ്യമില്ലായിരുന്നു. എന്നാല്‍, കേന്ദ്രവുമായി അത്തരത്തിലൊരു കത്തിടപാട് നടന്നതായി അറിവില്ളെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശ നിയമപ്രകാരം എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ഡി.ബി. ബിനു സമ്പാദിച്ച രേഖകളില്‍നിന്ന് വ്യക്തമാവുന്നത്. തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

ബന്ധപ്പെട്ട എല്ലാ രേഖകളും നല്‍കാന്‍ ആവശ്യപ്പെട്ട അപേക്ഷകന് ലഭിച്ച മറുപടിയില്‍ അത്തരമൊരു ആവശ്യം നാളിതുവരെ ലഭിച്ചിട്ടില്ളെന്ന് 2014 ഡിസംബര്‍ 17ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായ ഡെപ്യൂട്ടി സെക്രട്ടറി (പൊലീസ്) ജി.സി. യാദവ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

1987 ഐ.പി.എസ് ബാച്ചില്‍പ്പെട്ട ടോമിന്‍ തച്ചങ്കരിക്ക് ഇനിയും പത്ത് വര്‍ഷം സര്‍വീസുണ്ട്.നേരത്തെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രമോഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

തച്ചങ്കരിയുടെ പ്രമോഷന്‍െറ കാര്യത്തിലും കേന്ദ്ര സര്‍ക്കാറാണ് തീരുമാനമെടുക്കുന്നതെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.
എന്നാല്‍, പുറത്തുവന്ന രേഖകള്‍ പ്രകാരം കേരളം കേന്ദ്രത്തിന് മുന്നില്‍ ഇക്കാര്യം ധരിപ്പിച്ചിട്ടില്ളെന്ന് വേണം കരുതാന്‍. അതിനിടെ തച്ചങ്കരിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് തനിക്ക് വിവരമില്ളെന്നും മുഖ്യമന്ത്രിയാണ് തീരുമാനിച്ചതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തന്നെയുമല്ല ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്നാണത്രേ പ്രമോഷന്‍ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനമുണ്ടായത്.
അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശത്തിന്‍െറ വെളിച്ചത്തിലാണ് ഈ തീരുമാനമെന്ന് പറയുന്നു. എന്നാല്‍, അങ്ങനെ എ.ജിയുടെ ഉപദേശം സ്വീകരിക്കുന്ന കീഴ്വഴക്കമില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുമ്പൊരിക്കല്‍ വിമാന യാത്രക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടിക്കറ്റില്‍ പേരിലെ ഇനിഷ്യലിനുപകരം പിതാവിന്‍െറ പേര് വിപുലപ്പെടുത്തി വീട്ടുപേരിനോപ്പം ചേര്‍ത്തത് വിവാദമായിരുന്നു. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് സസ്പെന്‍ഷനില്‍ കഴിയവെ പുതിയ പാസ്പോര്‍ട്ടിന് ടോമിന്‍ തച്ചങ്കരി നല്‍കിയ അപേക്ഷയുമായി ബന്ധപ്പെട്ട് റീജനല്‍ പാസ്പോര്‍ട്ട് ഓഫിസ് കൊച്ചി സിറ്റി പൊലീസിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 

നിതി ആയോഗിലൂടെ വരുന്നത് നല്ല നാളുകളോ?

Posted: 02 Jan 2015 06:36 PM PST

Image: 

1950 മാര്‍ച്ചില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യക്ഷേമത്തിനും വികസനത്തിനുമായി രൂപവത്കരിച്ച ആസൂത്രണ കമീഷന്‍ അവസാനിപ്പിച്ചുകൊണ്ട്, ഘടനയിലും സ്വഭാവത്തിലും ലക്ഷ്യങ്ങളിലും തികച്ചും ഭിന്നമായ ‘നിതി ആയോഗ്’ എന്ന പേരില്‍ പുതിയ സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതനിരപേക്ഷ ജനാധിപത്യവാദിയും സോഷ്യലിസ്റ്റ് വീക്ഷണഗതിക്കാരനുമായിരുന്ന നെഹ്റു പൊതുമേഖലക്ക് പ്രാമുഖ്യവും ഒപ്പം സ്വകാര്യമേഖലക്ക് പരിഗണനയും നല്‍കുന്ന പഞ്ചവത്സര പദ്ധതികളിലൂടെയാണ് ഇന്ത്യയുടെ വളര്‍ച്ചയും വികാസവും സ്വപ്നം കണ്ടതെങ്കില്‍, വി.ഡി. സവര്‍ക്കറും എം.എസ്. ഗോള്‍വാള്‍ക്കറും വരഞ്ഞുകാട്ടിയ ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിന്‍െറ സാക്ഷാത്കാരം തേടുന്ന നരേന്ദ്ര മോദി പൂര്‍ണമായും ഭാരതീയ ഭരണമാതൃകയാണ് ‘ഇന്ത്യ പരിവര്‍ത്തന സ്ഥാപന’ത്തിന്‍െറ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ) രൂപവത്കരണത്തിലൂടെ ഉന്നംവെക്കുന്നതെന്ന്  ഇതുസംബന്ധിച്ച മന്ത്രിസഭാ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അറുപത്തിയഞ്ച് സംവത്സരക്കാലത്തിനിടെ പന്ത്രണ്ട് പഞ്ചവത്സര പദ്ധതികളാണ് ആസൂത്രണ കമീഷന്‍െറ മാര്‍ഗദര്‍ശനത്തില്‍ രാജ്യം നടപ്പാക്കിയിരുന്നത്. 200 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു. എന്നിട്ടെന്തുനേടി  എന്ന് ചോദിച്ചാല്‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സാങ്കേതിക രംഗങ്ങളില്‍ രാജ്യം നേടിയ വന്‍ പുരോഗതിയും വികാസവും തന്നെയാണ്  അതിനുള്ള മറുപടി. സംസ്ഥാനങ്ങളിലെ പ്ളാനിങ് ബോര്‍ഡുകള്‍ ശിപാര്‍ശചെയ്യുന്ന പദ്ധതികളില്‍നിന്ന് യോജനഭവന്‍ തെരഞ്ഞെടുക്കുന്നവ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നീക്കിവെക്കുന്ന തുക ഉപയോഗപ്പെടുത്തി നിശ്ചിത കാലയളവില്‍ നടപ്പാക്കുകയാണ് ഇതുവരെ പിന്തുടര്‍ന്നുവന്ന രീതി. അതിപ്രധാനമായ ഈ പ്രക്രിയ യഥോചിതം കൃത്യമായും കാര്യക്ഷമമായും പൂര്‍ത്തിയായിരുന്നെങ്കില്‍ സംശയമില്ല ഇതിനകം വികസിത രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമായിരുന്നു. പക്ഷേ, ഭീകരമായ ദുര്‍വിനിയോഗവും അഴിമതിയും കെടുകാര്യസ്ഥതയുംമൂലം പദ്ധതികള്‍ക്കായി നീക്കിവെച്ച ഭീമന്‍ തുകയില്‍ പകുതിപോലും ലക്ഷ്യസാക്ഷാത്കാരത്തിന് ഉപയോഗപ്പെട്ടില്ല. തത്ഫലമായി 30-40 കോടി ജനങ്ങള്‍ ഇന്നും ദാരിദ്ര്യരേഖക്ക് താഴെ ജീവിതമെന്ന ശിക്ഷ അനുഭവിച്ചു തീര്‍ക്കുന്നു. മധ്യവര്‍ഗക്കാരായി കണക്കാക്കപ്പെടുന്നവരില്‍തന്നെ 20 കോടിയിലധികം പേര്‍ക്ക് ഒരുവക തൃപ്തികരമായ ജീവിതംപോലും വിധിക്കപ്പെട്ടിട്ടില്ല. ന്യൂനാല്‍ ന്യൂനമായ ഒരു ന്യൂനപക്ഷം ധനത്തിന്‍െറയും ധനസ്രോതസ്സുകളുടെയും സിംഹഭാഗവും കൈയടക്കി വികസിത മുതലാളിത്ത രാജ്യങ്ങളിലെ അതികായന്മാരെപോലും തോല്‍പിച്ച് ഫലത്തില്‍ നാടു ഭരിക്കുകയാണ്. സോഷ്യലിസത്തിന്‍െറ മേല്‍വിലാസത്തിലാണ് പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചതെങ്കിലും രാജ്യത്തെ സാമൂഹിക നീതിയുടെ സമീപത്തൊന്നുമത്തെിക്കാന്‍ അതിനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ആസൂത്രണ കമീഷനെയും വികസന പദ്ധതികളെയും ഉടച്ചുവാര്‍ക്കണമെന്ന അഭിപ്രായങ്ങള്‍ നേരത്തേ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, മോദിസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിതി ആയോഗ് പ്രത്യാശാജനകവും ക്രിയാത്മകവും വിപ്ളവകരവുമായ ബദല്‍ ആവുമോ?

ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്ന് ഇതുസംബന്ധിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്്. തദടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ വിജയം അളക്കപ്പെടുക എന്നും വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് അനുകൂലമായ അജണ്ട, പൗരപങ്കാളിത്തം, സമഗ്രമായ സ്ത്രീ ശാക്തീകരണം, യുവാക്കള്‍ക്ക് അവസര സമത്വവും സുതാര്യതയും, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും നേരെ പ്രത്യേക ശ്രദ്ധ തുടങ്ങിയ കാര്യങ്ങള്‍ ഫലപ്രദമായ ഭരണത്തിന്‍െറ ലക്ഷ്യമായി പ്രഖ്യാപനത്തില്‍ പ്രതിപാദിക്കുന്നു. വ്യവസായിക, സേവനരംഗങ്ങളില്‍ ഭരണകൂടം ഇറങ്ങിക്കളിക്കുന്നതിനുപകരം നിയമനിര്‍മാണം, നയരൂപവത്കരണം, ക്രമീകരണം എന്നിവയിലാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നേണ്ടതെന്നാണ് ഭാരതീയ മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്. സൂക്ഷ്മമായ വിലയിരുത്തലില്‍ വ്യവസായ, സേവന മേഖലകള്‍ സ്വദേശി, വിദേശി കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് അവരുടെ മാര്‍ഗം സുഗമമാക്കുന്നതിനാണ് മോദിസര്‍ക്കാര്‍ സര്‍വ ശ്രദ്ധയും ചെലുത്തുക എന്ന്. അതിന് സഹായിക്കുംവിധം ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമവും തൊഴില്‍ നിയമ ഭേദഗതിയും മറ്റ് പലതും ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു. തനിക്ക് അധികാരം പിടിച്ചടക്കാന്‍ അക്ഷീണം പ്രയത്നിച്ച കോര്‍പറേറ്റുകളെ ഒരു കാരണവശാലും മോദി പിണക്കുകയില്ളെന്നര്‍ഥം. ‘നിതി ആയോഗി’ന്‍െറ വിശദ ചിത്രം പുറത്തുവന്നില്ളെങ്കിലും പൂര്‍ണമായും പ്രധാനമന്ത്രിയുടെ പിടിയിലൊതുങ്ങുന്ന വിധമാണ് പുതിയ ആസൂത്രണ സംവിധാനം രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സ്പഷ്ടമായിരിക്കുന്നു. ആയോഗിന്‍െറ ചെയര്‍മാനായ പ്രധാനമന്ത്രിതന്നെ നിശ്ചയിക്കുന്ന ഒരു ഡെപ്യൂട്ടി ചെയര്‍മാനും സി.ഇ.ഒയുമാവും തലപ്പത്ത്. ഭരണസമിതിയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരെയും ഉള്‍പ്പെടുത്തുമെങ്കിലും അവരൊക്കെ വെറും നോക്കുകുത്തികളാവും. ഒന്നോ അതിലധികമോ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പ്രാദേശിക ഭരണസമിതികള്‍ രൂപവത്കരിക്കുമെങ്കിലും അവയുടെയും മേല്‍നോട്ടം പ്രധാനമന്ത്രിക്കുതന്നെ. ചുരുക്കത്തില്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ് സര്‍ക്കാറിന്‍െറ സമഗ്രാധിപത്യ പ്രവണതയുടെ നിദര്‍ശനമാവും നിതി ആയോഗ്. അതുവഴി മോദി വാഗ്ദാനം ചെയ്ത നല്ല നാളുകള്‍ വരുമെങ്കില്‍ അതൊരദ്ഭുതമായിരിക്കും.
 

പ്രകാശം പരത്തുന്ന ദൈവദൂതന്‍

Posted: 02 Jan 2015 06:33 PM PST

Image: 

പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. നോഹയുടെയും അബ്രഹാമിന്‍െറയും മോസസിന്‍െറയും യേശുവിന്‍െറയും മറ്റനവധി പ്രവാചകന്മാരുടെയും പിന്‍ഗാമി. എല്ലാ പ്രവാചകന്മാരും ഒരേയൊരു ദൈവത്തില്‍നിന്നുള്ളവര്‍. അവര്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശമാണ് ഇസ്ലാം.മുഹമ്മദ് നബി ഒരു പുതിയ മതവുമായി രംഗപ്രവേശം ചെയ്തിട്ടില്ല. മുന്‍ഗാമികള്‍ കൊളുത്തിവെച്ച ദീപത്തെ പുന$പ്രകാശിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയിലും മുന്‍ പ്രവാചകന്മാരിലും വിശ്വസിക്കാതെ ഒരാള്‍ മുസ്ലിമാവുകയില്ല.

തിന്മക്ക് മേല്‍ക്കോയ്മയുണ്ടായിരുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് പ്രവാചകന്‍ വളര്‍ന്നത്. ആറാം നൂറ്റാണ്ടിലെ അറേബ്യ അപരിഷ്കൃതരുടേതായിരുന്നു. അവര്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി. സ്ത്രീകള്‍ക്ക് ആത്മാവില്ളെന്ന് വാദിച്ചു. ഗോത്ര പക്ഷപാതവും  വര്‍ഗസംഘട്ടനങ്ങളും പതിവാക്കി. തീര്‍ഥാടക സംഘങ്ങളെയും വണിക്കുകളെയും ആക്രമിച്ചു. അന്യന്‍െറ മുതല്‍ അപഹരിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി. മണ്‍മറഞ്ഞ വ്യക്തികളെ വിഗ്രഹങ്ങളാക്കി പൂജിച്ചു.

കലാപകലുഷിതമായ അറേബ്യയെ സമാധാന ഗേഹമാക്കി മാറ്റാന്‍ പ്രവാചകന്‍ അത്യധ്വാനം ചെയ്തു. അദ്ദേഹം പ്രബോധനം ചെയ്ത ഇസ്ലാമിന് സമാധാനം, സമര്‍പ്പണം എന്നൊക്കെയാണ് അര്‍ഥം. പരസ്പരം പോരടിച്ചിരുന്ന ഗോത്രസമൂഹങ്ങളെ അദ്ദേഹം സമഭാവനയുടെ ചരടില്‍ കോര്‍ത്തിണക്കി. നീതി, ഗുണകാംക്ഷ, കാരുണ്യം എന്നിവയില്‍ അധിഷ്ഠിതമായ പ്രവാചകന്‍െറ പ്രബോധനം കലഹംമൂലം ഛിന്നഭിന്നമായ ജനങ്ങളെ ഒരുമിപ്പിച്ചു. ഏകനായ ദൈവത്തിന്‍െറ മുന്നില്‍ സര്‍വവും സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ സമാധാനം പുലരൂ എന്ന് അദ്ദേഹം പ്രായോഗികമായി തെളിയിച്ചു. എല്ലാവര്‍ക്കും ശാന്തി, എല്ലാവര്‍ക്കും നീതി-അതായിരുന്നു നബിയുടെ ദൗത്യത്തിന്‍െറ അന്തസ്സത്ത.

അനീതിക്കും അക്രമത്തിനുമെതിരെ പൊരുതുന്നതിന് അറിവുവേണം. അറിവിന്‍െറ ചക്രവാളം വികസിപ്പിക്കാന്‍ മുഹമ്മദ് നബി ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രവാചകന് ഒന്നാമതായി ലഭിച്ച ദിവ്യസന്ദേശം വായനയെ കുറിച്ചായിരുന്നു. ദൈവം സ്വതന്ത്രനായി സൃഷ്ടിച്ച മനുഷ്യനെ സകലവിധ അടിമത്വത്തില്‍നിന്ന് വിമോചിപ്പിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലോകസമാധാനത്തിന് ഇസ്ലാം നല്‍കിയ സംഭാവന ചെറുതല്ല. പക്ഷേ, ഇസ്ലാം ഇന്ന് പ്രതിക്കൂട്ടിലാണ്. മുസ്ലിംകള്‍ തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തപ്പെടുന്നു. ഇസ്ലാമിന്‍െറ അനുയായികള്‍ യുദ്ധക്കൊതിയന്മാരും കൊലയാളികളുമാണ്. ഇവിടെ പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുതയുണ്ട്. ഇസ്ലാം യുദ്ധം ചെയ്തതെന്തിന്? രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയെന്ന സാമ്രാജ്യത്വ ഗൂഢാലോചനയായിരുന്നോ ഇതിന്‍െറ പിന്നില്‍? അങ്ങനെ ആഗോള ഇസ്ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നോ യുദ്ധത്തിന്‍െറ താല്‍പര്യം? അല്ളെങ്കില്‍, യുദ്ധഭീതി പരത്തി നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വേഗംകൂട്ടുകയോ? രണ്ടുമല്ല. ഇസ്ലാം ആരെയും ആക്രമിച്ചിട്ടില്ല. പ്രത്യുത ആക്രമിക്കപ്പെട്ടപ്പോള്‍ ആയുധമെടുക്കുക മാത്രമാണ് ചെയ്തത്. ഇസ്ലാം പ്രചരിച്ചത് വാള്‍കൊണ്ടാണെന്ന പടിഞ്ഞാറന്‍ ജല്‍പനം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മക്കയില്‍ നീണ്ട 13 വര്‍ഷക്കാലം മുസ്ലിംകള്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരായി. അവിടെ അവര്‍ ആയുധമെടുത്തില്ല. മദീനയിലേക്ക് ഹിജ്റ ചെയ്ത ശേഷവും സൈ്വരജീവിതം നിഷേധിക്കപ്പെട്ടപ്പോഴാണ് തിരിച്ചടിക്കാന്‍ ഖുര്‍ആന്‍ അനുമതി നല്‍കിയത്.

ഇസ്ലാം വളര്‍ത്തിയെടുത്ത യുദ്ധസംസ്കാരം അന്നോളം ലോകത്തിന് പരിചയമുണ്ടായിരുന്നില്ല. ഭീതിജനകമായ യുദ്ധാന്തരീക്ഷം സമൂഹത്തിന്‍െറ സൈ്വരജീവിതം അപകടപ്പെടുത്തുമെന്നും സമാധാനം സംസ്ഥാപിക്കുന്നതിന് യുദ്ധം അനിവാര്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ടെന്നും നാം തിരിച്ചറിയണം. കുഴപ്പം യുദ്ധത്തേക്കാള്‍ സങ്കീര്‍ണമാണെന്നും പ്രതികാരനടപടിയില്‍ അതിജീവനമുണ്ടെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതിന്‍െറ പൊരുള്‍ ഇതാണ്.

യുദ്ധരംഗത്ത് ഇസ്ലാം നിഷ്കര്‍ഷിച്ച സവിശേഷമായ മൂല്യവിചാരം ശ്രദ്ധേയമാണ്. പ്രവാചകരും അദ്ദേഹത്തിന്‍െറ ഉന്നതരായ ഖലീഫമാരും യുദ്ധവേളയില്‍ ശത്രുക്കളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കരുതെന്നും സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും വധിക്കരുതെന്നും ഫലം നല്‍കുന്ന മരങ്ങള്‍ മുറിച്ചുകളയുകയോ ചുട്ടുകരിക്കുകയോ ചെയ്യരുതെന്നും അണികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആരാധനയില്‍ കഴിഞ്ഞുകൂടുന്ന അന്യമതസ്ഥരെ ഉപദ്രവിക്കരുതെന്നു മാത്രമല്ല, അവരെ സംരക്ഷിക്കണമെന്നുകൂടി പട്ടാളക്കാരോട് കല്‍പിക്കുകയും ചെയ്തു.

ശത്രുഹത്യ പ്രവാചകന്‍െറ ലക്ഷ്യമായിരുന്നില്ളെന്ന് ഇസ്ലാമിന്‍െറ യുദ്ധങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടും. 27 യുദ്ധങ്ങളായിരുന്നു പ്രവാചകന്‍ നേരിട്ട് നയിച്ചത്. അനുയായികളുടെ സംഘങ്ങളെ അയച്ച സംഭവങ്ങള്‍ 54. മൊത്തം 81 യുദ്ധങ്ങളിലായി രക്തസാക്ഷികളായ മുസ്ലിംകള്‍ 259. ശത്രുപക്ഷത്തുനിന്ന് കൊല്ലപ്പെട്ടവര്‍ 759. ജീവഹാനി നേരിട്ടവര്‍ ആകെ 1018. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ലക്ഷങ്ങള്‍ വരും. ഇക്കാലത്ത് വാര്‍ത്താപ്രാധാന്യമില്ലാത്ത സംഘട്ടനങ്ങളില്‍പോലും കൊല്ലപ്പെടുന്നവരുടെ എണ്ണം അസംഖ്യമാണ്. രണ്ടാംലോക  യുദ്ധാനന്തരം 40 വര്‍ഷത്തിനിടയില്‍ 146 യുദ്ധങ്ങളിലായി മൂന്നുകോടി ജനങ്ങള്‍ മരിച്ചതായി ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ‘യൂണിത്ത്’ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഇസ്ലാം മുന്നോട്ടുവെച്ച ജനാധിപത്യവും മതേതര കാഴ്ചപ്പാടും ശ്രദ്ധേയമാണ്. ആധുനിക മതേതര-ജനാധിപത്യ വീക്ഷണങ്ങളേക്കാള്‍ ഉത്കൃഷ്ടവും അനുകരണീയവുമാണത്. ‘മതത്തില്‍ ബലാല്‍ക്കാരമില്ളെന്നും’ ‘അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ അധിക്ഷേപിക്കരുതെന്നും’ ഖുര്‍ആന്‍ അടിവരയിടുന്നു. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്‍െറ മതം’ എന്ന പോളിസിയാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. നിര്‍ബന്ധ മതപരിവര്‍ത്തനത്തിലൂടെ ആളെക്കൂട്ടാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ ദീര്‍ഘകാലം ലോകത്തിന്‍െറ വിവിധ പ്രദേശങ്ങള്‍ ഭരിച്ച മുസ്ലിം രാജാക്കന്മാര്‍ക്ക് അത് എളുപ്പമായിരുന്നു. പക്ഷേ, മുസ്ലിം ഭരണാധികാരികള്‍ക്കു കീഴില്‍ അധികാരം പങ്കിട്ട എത്രയെത്ര അന്യമതസ്ഥരെയാണ് ലോകത്തിന് പരിചയമുള്ളത്!

അറഫയിലെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്‍ പ്രഖ്യാപിച്ചു: ‘മാനവ സമുദായമേ, നിങ്ങളുടെ ദൈവം ഒന്ന്. പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍നിന്നുണ്ടായതാണ്. ആദമോ മണ്ണില്‍നിന്നും. കൂടുതല്‍ ഭയഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അറബിയല്ലാത്തവനെക്കാളോ അനറബിക്ക് അറബിയേക്കാളോ ദൈവഭക്തി കൊണ്ടല്ലാതെ ഒരു മഹത്ത്വവുമില്ല.’

മദ്യത്തില്‍ മുങ്ങിക്കുളിച്ച അറേബ്യയെ പ്രവാചകന്‍ മദ്യവിമുക്തമാക്കി. നബിയുടെ മദ്യനയം ആധുധിക സമൂഹത്തിന് അനുകരണീയമാണ്. ആദര്‍ശമാറ്റമില്ലാതെ കേവലം മദ്യവര്‍ജനവും മദ്യനിരോധവും ഫലപ്രാപ്തി കൈവരിക്കയില്ളെന്നത് ആധുനിക സമൂഹം സാക്ഷിയാണ്. സമൂഹഗാത്രത്തെ ആമൂലാഗ്രം ഗ്രസിച്ചുകഴിഞ്ഞ മദ്യപാനം പ്രവാചകന്‍ ഘട്ടംഘട്ടമായാണ് ഇല്ലാതാക്കിയത്. മദ്യവിമുക്തമായ കുടുംബത്തിലും സമൂഹത്തിലും മാത്രമേ ശാന്തി കൈവരുകയുള്ളൂവെന്ന് അദ്ദേഹം പ്രായോഗികമായി തെളിയിച്ചു. പലിശക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രവാചകന്‍ പലിശയെന്ന തിന്മയുമായി ബന്ധപ്പെടുന്നവരെ ഒന്നടങ്കം ശപിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന കൊടിയ വിപത്തായ പലിശക്കെതിരെ ശബ്ദിക്കുക മാത്രമല്ല, സ്വപിതൃവ്യന്‍ അബ്ബാസിന് കുടിശ്ശികയുള്ള പലിശമുതല്‍ എഴുതിത്തള്ളുകകൂടി ചെയ്തു അദ്ദേഹം. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച പ്രവാചകന്‍ നീതിയുടെ പക്ഷത്ത് അണിചേരണമെന്ന് അനുയായികളെ ഉദ്ബോധിപ്പിച്ചു. മോഷണം നടത്തിയ ഉന്നതകുലജാതയായ ‘മഖ്സൂം’ ഗോത്രക്കാരിക്കുവേണ്ടി ശിപാര്‍ശയുമായി സമീപിച്ച അനുചരനോട് നബി പ്രഖ്യാപിച്ചു: ‘മുഹമ്മദിന്‍െറ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ ഞാനവളെ ശിക്ഷിക്കുകതന്നെ ചെയ്യും’.

ആരംഭഘട്ടത്തില്‍ കൊടിയ പരീക്ഷണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും വിധേയരായ പ്രവാചകനും അനുയായികളും അവസാനം വിജയം കണ്ടത്തെി. ഹിജ്റ 8ാം വര്‍ഷം മക്ക മുസ്ലിംകള്‍ക്ക് അധീനമായി. അതോടെ അറേബ്യ മുഴുവന്‍ പ്രവാചകന് കീഴ്പ്പെട്ടു. അഴിമതിമുക്തവും മാതൃകാപരവുമായ സദ്ഭരണം കാഴ്ചവെക്കാന്‍ നബിക്കും ഖലീഫമാര്‍ക്കും സാധ്യമായി.
സ്നേഹവും കരുണയും വിട്ടുവീഴ്ചയും നിറഞ്ഞതായിരുന്നു പ്രവാചകന്‍െറ ജീവിതം. മനുഷ്യരെയും മൃഗങ്ങളെയും അചേതനവസ്തുക്കളെപ്പോലും അദ്ദേഹം സ്നേഹിച്ചു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘ഉഹ്ദ് മലയെ നാം സ്നേഹിക്കുന്നു.’ അദ്ദേഹത്തിന്‍െറ സ്നേഹം തലമുറകളിലേക്ക് നീണ്ടു. പക്ഷിക്കുഞ്ഞുങ്ങളെ ബന്ദിയാക്കിവെച്ച അനുചരനോട് അവയെ സ്വതന്ത്രമാക്കാന്‍ പ്രവാചകന്‍ കല്‍പിച്ചു. ദേശസ്നേഹം വിശ്വാസത്തിന്‍െറ ഭാഗമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.

രാജകൊട്ടാരത്തിലെ അരമനയില്‍ വിശ്രമിച്ച് അനുയായികളെ യുദ്ധത്തിനയക്കുന്ന രാജാവായിരുന്നില്ല മുഹമ്മദ് നബി. അദ്ദേഹത്തിന് കൊട്ടാരമുണ്ടായിരുന്നില്ല. അദ്ദേഹം പനയോലക്കീറുകളില്‍ അന്തിയുറങ്ങി. സ്വയം ചെരിപ്പ് തുന്നി. കാട്ടില്‍ പോയി വിറക് ശേഖരിച്ചു. അധ്വാനിച്ച് ആഹാരം കഴിച്ചു. ആരോടും പ്രതിഫലം വാങ്ങിയില്ല.

ഫിലിപ് കെ. ഹിറ്റി എഴുതുന്നു: ‘മുഹമ്മദ് ചെയ്ത യുദ്ധങ്ങള്‍, എടുത്ത തീരുമാനങ്ങള്‍, വരിച്ചനേട്ടങ്ങള്‍ എല്ലാം കാണിക്കുന്നത് ഒരു കരുത്തുള്ള വ്യക്തിത്വത്തെയും ദൃഢമായ ബോധ്യങ്ങളെയും ആത്മസമര്‍പ്പണത്തെയും നേതാക്കള്‍ക്ക് വേണ്ട മറ്റു ഗുണങ്ങളെയുമാണ്. ’ മുഹമ്മദ് ചരിത്രഗതി തിരിച്ചുവിട്ടെന്ന് എച്ച്.ജി. വെല്‍സും നിരീക്ഷിച്ചിട്ടുണ്ട്.
l
 

അഞ്ച് പരിസ്ഥിതി നിയമങ്ങള്‍ തിരുത്താന്‍ പുതിയ ബില്‍

Posted: 02 Jan 2015 11:56 AM PST

Image: 
Subtitle: 
പരിസ്ഥിതി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, ഇന്ത്യന്‍ വനനിയമം, ജലനിയമം, വായുനിയമം എന്നിവയിലാണ് മാറ്റം വരുത്തുന്നത്

ന്യൂഡല്‍ഹി: അഞ്ച് പരിസ്ഥിതി നിയമങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ പുതിയ ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. എല്ലാ പദ്ധതികള്‍ക്കും പാരിസ്ഥിതിക അനുമതി എളുപ്പത്തില്‍ ലഭിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാറിന്‍െറ പുതിയ നീക്കം.
പരിസ്ഥിതി നിയമഭേദഗതി സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യത്തിന്‍െറ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, ഇന്ത്യന്‍ വനനിയമം, ജലനിയമം, വായുനിയമം എന്നിവയിലാണ് മാറ്റം വരുത്തുന്നതെന്നും ഇതിനായി സര്‍ക്കാര്‍ ഒരു ബില്‍ പാര്‍ലമെന്‍റിന്‍െറ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം തുടര്‍ന്നു. ഈ വിഷയങ്ങളില്‍ കോടതി ഇടപെടല്‍ പരമാവധി കുറക്കാനാണ് നിയമഭേദഗതികള്‍ കൊണ്ടുവരുന്നത്. ഏതു തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുകയെന്ന് വിശദീകരിക്കാന്‍ മന്ത്രി തയാറായില്ല.  
പരിസ്ഥിതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ കോടതികള്‍ക്ക് മേല്‍ സര്‍ക്കാറിന് പരമാധികാരം ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. അഞ്ച് നിയമഭേദഗതികള്‍ക്കുള്ള ബില്ലിന്‍െറ കരട് തയാറാക്കികൊണ്ടിരിക്കുകയാണെന്നും അടുത്ത മാസം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്നും വനം, പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. എല്ലാ മാറ്റങ്ങളും സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും അവര്‍ പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP