മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ജയ്റ്റ്ലി Posted: 18 Jan 2015 01:30 AM PST ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലി. പ്രമാദ കേസുകളില്‍ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ജയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ജഡ്ജിയും ജൂറിയും വിചാരണ നടത്തുന്നവരുമാകുന്നു. വ്യക്തികളുടെ സ്വകാര്യതയെ മാധ്യമങ്ങള്‍ മാനിക്കണം. വൈകാരിക ബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഉന്നത ബന്ധമുള്ള കേസുകളില്‍ മാധ്യമങ്ങള്‍ നടത്തുന്ന സമാന്തര വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ നിരോധം ഏര്‍പ്പെടുത്തുകയല്ല, മാധ്യമങ്ങളുടെ സമാന്തര വിചാരണ കേസ് പരിഗണിക്കുന്ന കോടതിയെ സമര്‍ദത്തിലാക്കുമെന്നതിനാല്‍ ചുണ്ടിക്കാണിക്കുകയാണെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. രാഷ്ട്രത്തിന്‍്റെ ഒരുമക്കായി മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
സെല്‍ഫിയോത്സവം Posted: 18 Jan 2015 01:01 AM PST |
സെല്‍ഫിയുത്സവം Posted: 18 Jan 2015 12:53 AM PST സംസ്ഥാന സ്‌കൂള്‍ കലോത്സവം ഈ പ്രാവശ്യം 'സെല്‍ഫി മേള'യാണ്. മേളയിലെങ്ങും സെല്‍ഫികളുടെ പ്രളയം. കോഴിക്കോട്ടെ കലാമേള ഒരുപക്ഷേ വേറിട്ട് നില്‍ക്കുക സെല്‍ഫിക്കാലത്തിന്റെ തുടക്കത്തിലെ കൗമാരമേള എന്ന പേരിലായിരിക്കും. കലോത്സവത്തിന് പങ്കെടുക്കാനത്തെിയവരും കാണാനത്തെിയവരും സകലരും സെല്‍ഫിയിലാണ്. വേദിയിലേക്ക് കയറുന്നതിന് മുമ്പ് കലാകാരന്‍മാരും സെലിബ്രിറ്റികളുടെ കൂടെ കാണികളും സെല്‍ഫിയെടുത്ത് ദൃശ്യങ്ങള്‍ വാട്‌സ്ആപിലും ഫെയ്‌സ്ബുക്കിലും അപ് ലോഡ് ചെയ്ത് നിര്‍വൃതിയടയുന്നു. ഇത് നേരത്തെ മണത്തറിഞ്ഞ മാധ്യമപ്പടയാകട്ടെ സെല്‍ഫി മത്സരങ്ങല്‍ പ്രഖ്യാപിച്ച് ഒരു മുഴം മുന്നേ എറിഞ്ഞു. മുഖത്ത് ചായം പൂശി പരിപാടിക്കൊരുങ്ങുന്ന കലാകാരന്‍മാര്‍ മുമ്പ് കണ്ണാടിയില്‍ നോക്കിയാണ് വേദിയില്‍ കയറിയിരുന്നതെങ്കില്‍ ഇന്ന് സെല്‍ഫിയെടുത്ത് അതില്‍ നോക്കി തൃപ്തി വരുത്തിയാണ് തട്ടകത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ഒരുപക്ഷേ കണ്ണാടിയേക്കാള്‍ സെല്‍ഫി ക്‌ളിക്ക് അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കാം. മേളയിലെ വിപണിയിലേക്ക് സെല്‍ഫി സ്റ്റിക്കത്തെിച്ചാല്‍ ചൂടപ്പം പോലെ വിറ്റഴിയും എന്നതില്‍ സംശയമില്ല. ചില രസകരമായ സെല്‍ഫി കാഴ്ചകള്‍: |
പുരുഷാധിപത്യം വേണ്ട; സ്ത്രീകളുടെ ആശയങ്ങള്‍ ഉള്‍കൊള്ളൂ^ പോപ്പ് Posted: 18 Jan 2015 12:48 AM PST മനില: സ്ത്രീകളുടെ ആശയങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളണമെന്നും പുരുഷാധിപത്യ പ്രവണതകള്‍ അരുതെന്നും പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനത്തെിയ മാര്‍പാപ്പ കത്തോലിക്കാ സര്‍വകലാശാലയില്‍ നടന്ന യുവജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഇവിടെ തന്നെ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇക്കാലത്ത് സമൂഹത്തെ കുറിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പറയാന്‍ കഴിയും. നമ്മള്‍ സ്ത്രീക്കള്‍ക്ക് അവസരം കൊടുക്കാറില്ല. എന്നാല്‍ അവര്‍ക്ക് കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ കഴിയും. ആണുങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തതില്‍ നിന്നു പോലും വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സ്ത്രീകള്‍ക്ക് കഴിവുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സ്റ്റേജില്‍ തന്നോട് ചോദ്യങ്ങള്‍ ഉന്നയിച്ച അഞ്ചില്‍ നാലുപേരും പുരുഷന്‍മാരാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മാര്‍പാപ്പ് തന്‍്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചോദ്യമുന്നയിച്ച നാല് ആണുങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു 12 കാരിയായ പെണ്‍കുട്ടിയുടെ ചോദ്യമെന്ന കാര്യം മാര്‍പാപ്പ കുട്ടിച്ചേര്‍ത്തു. കുട്ടികള്‍ ഉപേക്ഷിക്കപ്പെടാന്‍ ദൈവം അനുവദിക്കുന്നത് എന്തിനെന്നായിരുന്ന പെണ്‍കുട്ടി മാര്‍പാപ്പയോട് ചോദിച്ചത്. |
രാജപക്സെയെ വീഴ്ത്തിയത് ഇന്ത്യ Posted: 18 Jan 2015 12:33 AM PST കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ ഇതിനു ഉപയോഗിച്ചതായാണ് അഭ്യൂഹം.. രാജപക്സെ ചൈനയുമായി അടുക്കുന്നതു ഇന്ത്യക്ക് ഭീഷണി ആകുമെന്ന തിരിച്ചറിയലാണത്രേ കാരണം. പ്രതിപക്ഷവുമായി കൂടുതല്‍ അടുപ്പം കാട്ടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊളംബോയിലെ റോ ഏജന്‍റിനെ തിരിച്ചു വിളിക്കാന്‍ ശ്രീലങ്ക ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യ ഉദ്യോഗസ്ഥനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട് . എന്നാല്‍ സാധാരണ നിലയിലുള്ള സ്ഥലം മാറ്റമാണതെന്നും അസ്വാഭാവികത ഒട്ടുമില്ളെന്നുമാണ് വിദേശകാര്യ വകുപ്പിന്‍റെ നിലപാട് . ഇന്ത്യന്‍ ഏജന്‍സിക്ക് പ്രതിപക്ഷവുമായി അടുത്ത ബന്ധമുണ്ടെന്ന് ചില ശ്രീലങ്കന്‍ പത്രങ്ങള്‍ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജപക്സെയെ തോല്‍പ്പിച്ച പുതിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി റോ ഉദ്യോഗസ്ഥന്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. രാജപക്സെയുടെ പക്ഷത്തു നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കുന്നതിനു ഇദ്ദേഹം സഹായിച്ചു. മുന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ, മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരെ റോ എജന്‍്റ് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട് . ഇന്ത്യയുടെ തെക്ക് ഭാഗത്ത് ഏറ്റവും തന്ത്രപ്രധാന മേഖലയില്‍ ചൈനീസ് സാന്നിധ്യം അടുത്തയിടെ വര്‍ധിച്ചു വരുന്നത് ആശങ്കയോടെയാണ് രാജ്യം നിരീക്ഷിച്ചത്. രണ്ടു ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് ലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ രാജപക്സെ സര്‍ക്കാര്‍ അനുമതി കൊടുത്തിരുന്നു. രാജപക്സെ എട്ടു കൊല്ലത്തിനിടയില്‍ ഏഴു തവണയാണ് ചൈന സന്ദര്‍ശിച്ചത്. മേഖലയില്‍ ഇന്ത്യക്ക് ഏറ്റവും ഭീഷണിയായ രാജ്യവുമായുള്ള ഈ അടുപ്പം ഇന്ത്യ അതീവ ഗൗരവമായി എടുത്തിരുന്നു. തെരഞ്ഞെടുപ്പില്‍ അത് സമര്‍ഥമായി പ്രവര്‍ത്തിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. പുതിയ പ്രസിഡന്‍്റ് സിരിസേനയെ സ്ഥാനമേറ്റു ആറു മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ വി കെ സിന്‍ഹ സന്ദര്‍ശിച്ച് ആശംസ നേര്‍ന്നു. ഇതേ സമയം ,ലങ്കന്‍ അംബാസര്‍ക്ക് അനുമതി കിട്ടിയത് ആറു ദിവസം കഴിഞ്ഞാണ്. താന്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് പ്രസിഡന്‍്റ് സിരിസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. |
രോഹിതിന് സെഞ്ച്വറി; ഓസീസിന് 268 റണ്‍സ് വിജയലക്ഷ്യം Posted: 17 Jan 2015 11:05 PM PST മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് 268 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും റെയ്നയുടെ അര്‍ധസെഞ്ച്വറിയും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ബാറ്റ്സ് മാന്‍മാര്‍ക്ക് കാര്യമായി റണ്‍സെടുക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെ ചിറകിലേറിയാണ് തരക്കേടില്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയത്. രോഹിത് 139 പന്തില്‍ 138 റണ്‍സെടുത്ത് പുറത്തായി. ഉജ്ജ്വല ബൗളിംഗ് കാഴ്ചവെച്ച മിച്ചല്‍ സ്റ്റാര്‍ക് ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ പിഴുതു. ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യത്യസ്തമായി സുരേഷ് റെയ്ന മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. റെയ്ന 51 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ എം.എസ് ധോണി 18 റണ്‍സെടുത്തു. സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സുള്ളപ്പോള്‍ തന്നെ ഇന്ത്യക്ക് ഓപണര്‍ ശിഖര്‍ ധവാന്‍െറ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ട് റണ്‍സെടുത്ത ധവാന്‍ സ്റ്റാര്‍കിന്‍െറ പന്തില്‍ ഫിഞ്ച് പിടിച്ചാണ് പുറത്തായത്. സ്കോര്‍ ബോര്‍ഡില്‍ 33 റണ്‍സുള്ളപ്പോള്‍ രഹാനെയും പിന്നാലെ വിരാട് കോഹ് ലിയും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി. പിന്നീട് ഒന്നിച്ച രഹാനെയും റെയ്നയും ടീമിനെ പതിയെ കരകയറ്റുകയായിരുന്നു. ഓസീസിനുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക് മൂന്നും ഗുരീന്ദര്‍ സന്ധു, ജെയിംസ് ഫോള്‍ക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ വംശജനായ സന്ധുവിന്‍െറ അരങ്ങേറ്റ മത്സരമാണ് ഇത്. ത്രിരാഷ്ട്ര ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനെ തോല്‍പ്പിച്ച് ബോണസ് പോയിന്‍റ് നേടിയ ആത്മവിശ്വാസത്തിലാണ് ആസ്ട്രേലിയ ഇന്ന് കളിക്കാനിറങ്ങുന്നത്. |
പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ ടെറസില്‍ നിന്നു തള്ളിയിട്ട പൊലീസുകാരന്‍ അറസ്റ്റില്‍ Posted: 17 Jan 2015 10:31 PM PST ലഖ്നോ: ഉത്തര്‍പ്രദേശില്‍ പീഡനശ്രമം എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനു മുകളില്‍ നിന്നുമെറിഞ്ഞ പൊലീസുകാരന്‍ അറസ്റ്റില്‍. ബദൗനിലെ ഉജാനി പൊലീസ് സ്റ്റേഷനിലെ ടെറസില്‍ നിന്നാണ് പെണ്‍കുട്ടിയെ താഴേക്കെറിഞ്ഞത്. ജനുവരി 15 നായിരുന്നു കേസിനാസ്പദമായ സംഭവം.വൈകിട്ട് വീട്ടില്‍ നിന്നും ട്യൂഷനു പോകാനായി ഇറങ്ങിയ പ്ളസ് ടൂ വിദ്യാര്‍ഥിനിയെ പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്ത പെണ്‍കുട്ടിയെ ഇയാള്‍ ടെറസില്‍ നിന്നും തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബറേലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലക്കും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസുകാരന്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മാനഭംഗത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. |
ബാര്‍ കോഴ: കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു^ ബിജു രമേശ് Posted: 17 Jan 2015 10:04 PM PST തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാറിന് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ബിജു രമേശ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്. ഉദ്യോഗസ്ഥരെ നിയമവകുപ്പ് സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നു. വിജിലന്‍സ് അന്വേഷണത്തിലെ വിവരങ്ങള്‍ ചോരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും രമേശ് പറഞ്ഞു. ജോസ് കെ. മാണിക്കെതിരെയും ബിജു രമേശ് ആരോപണമുന്നയിച്ചു. മാണി കോഴ വാങ്ങിയില്ലെന്ന് പറയാന്‍ ജോസ് കെ. മാണി നേരിട്ട് ആവശ്യപ്പെട്ടു. ബാറുടമകള്‍ പണം കൈമാറിയത് പറയാതിരിക്കാനാണ് ജോസ് കെ. മാണി ആവശ്യപ്പെട്ടത്. കെ. ബാബു, രമേശ് ചെന്നിത്തല എന്നിവരാണ് കോഴ വാങ്ങിയതെന്ന പ്രതിപക്ഷ നേതാവിന്‍െറ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജു രമേശ് വ്യക്തമായ ഉത്തരം നല്‍കിയില്ല. ശബ്ദരേഖകളടക്കമുള്ള തെളിവുകളെല്ലാം തിങ്കളാഴ്ച വിജിലന്‍സ് എസ്.പി ഓഫീസിലെ ത്തി കൈമാറും. താന്‍ നേരിട്ടെത്തിയല്ല തെളിവുകള്‍ നല്‍കുകയെന്നും ബിജു രമേശ് പറഞ്ഞു. |
കായംകുളത്ത് വീണ്ടും ഘര്‍വാപസി Posted: 17 Jan 2015 10:01 PM PST ആലപ്പുഴ: കായംകുളത്ത് വീണ്ടും പുനര്‍ മതപരിവര്‍ത്തനം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ചു കുടുംബങ്ങളിലെ 27 പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് വി.എച്ച്.പി അവകാശപ്പെട്ടു. പുതുപ്പള്ളി വാരാണപ്പള്ളിക്കു സമീപമുള്ള കുടുംബക്ഷേത്രത്തില്‍ വെച്ചാണ് മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്. ചെട്ടിക്കുളങ്ങര പ്രദേശത്തുനിന്നുള്ള ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരാണ് പുന:പരിവര്‍ത്തനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മതം മാറിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ വി.എച്ച്.പി തയാറായിട്ടില്ല. ഇതിനുമുമ്പ് മൂന്ന് മുസ്ലിം കുടുംബങ്ങളിലെ 11 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന് സംഘടന അവകാശവാദം നടത്തിയിരുന്നു. കായംകുളത്തെ രണ്ടും ആറാട്ടുപുഴയിലെ ഒന്നും കുടുംബങ്ങളിലെ അംഗങ്ങള്‍ മതംമാറിയെന്നാണ് വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂര്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. കായംകുളം പുതുപ്പള്ളി കിഴാവൂര്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മതംമാറ്റ ചടങ്ങിന്‍്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അന്വേഷണത്തിലും പൊലീസിന് മതംമാറിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. |
ബാര്‍ കോഴ: മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി Posted: 17 Jan 2015 09:35 PM PST തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹൈകമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം അട്ടിമറിക്കപ്പെട്ടത്. ബാര്‍ കോഴയെക്കുറിച്ച് എ.കെ ആന്‍റണിക്ക് വ്യക്തമായ അറിവുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കുറച്ചുനാളുകള്‍ക്കുമുമ്പ് സംസ്ഥാന കോണ്‍ഗ്രസില്‍ സ്ഫോടനാത്മകമായ അവസ്ഥ ഉണ്ടായിരുന്നു എന്ന് എ.കെ ആന്‍റണി ശനിയാഴ്ച പറഞ്ഞിരുന്നു. പാര്‍ട്ടിയെയും സര്‍ക്കാറിനെയും പിടിച്ചുലക്കുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തിയിരുന്നു എന്നും ആന്‍റണി പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. |
വെറ്ററിനറി സര്‍വകലാശാല: എല്‍.ഡി.എഫ് സത്യഗ്രഹ സമരം നടത്തി Posted: 17 Jan 2015 09:28 PM PST പൂക്കോട്: വെറ്ററിനറി സര്‍വകലാശാല ചുരമിറക്കാനുള്ള നീക്കത്തിനെതിരെ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല ഗേറ്റിന് മുമ്പില്‍ നടന്ന സത്യഗ്രഹ സമരം നടത്തി. പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായത്തെി. സര്‍വകലാശാലാ കെട്ടിട നിര്‍മാണം നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിയുടെ മറവില്‍ ആസ്ഥാനം മാറ്റുമെന്ന് വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടും നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്ത എം.പിക്കും എം.എല്‍.എക്കുമെതിരെ സമരത്തില്‍ പ്രതിഷേധമുയര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഹരിത ട്രൈബ്യൂണല്‍ വിധി വന്നതിനാല്‍ കാമ്പസില്‍ നിര്‍മാണ പ്രവൃത്തി നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. നിരോധം നീക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയതിന് മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് സി.എം. ശിവരാമന്‍, ജനതാദള്‍-എസ് ജില്ലാ പ്രസിഡന്‍റ് കെ. മുഹമ്മദ്കുട്ടി, കോണ്‍ഗ്രസ്-എസ് ജില്ലാ പ്രസിഡന്‍റ് പി.കെ. ബാബു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി.ജെ. കാതറിന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.വി. മോഹനന്‍, കെ.സി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പി. ഗഗാറിന്‍ സ്വാഗതവും സി. കുഞ്ഞമ്മദ്കുട്ടി നന്ദിയും പറഞ്ഞു. |
വിഴിഞ്ഞം തുറമുഖത്തെ ആധുനിക ക്രെയിന്‍ തുരുമ്പെടുത്ത് നശിക്കുന്നു Posted: 17 Jan 2015 09:21 PM PST വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖവകുപ്പിന് അനുവദിച്ച അത്യാധുനിക ക്രെയിന്‍ തുരുമ്പെടുത്ത് നശിക്കുന്നു. കോടിക്കണക്കിന് രൂപ വിലയുള്ള ക്രെയിന്‍ മാസങ്ങളായി പ്രവര്‍ത്തിക്കാതെ വാര്‍ഫിലെ ട്രാന്‍സിറ്റ് ഷെഡില്‍ കിടക്കുകയാണ്. ഇതിനിടെ വിഴിഞ്ഞത്തേക്ക് പുതിയ ക്രെയിന്‍ വാങ്ങാന്‍ 15 കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഉപയോഗിക്കാത്തതിനാല്‍ ക്രെയിനിന്‍െറ ബാറ്ററി ചാര്‍ജ് നഷ്ടമായി. ഗിയര്‍ ബോക്സില്‍നിന്ന് എണ്ണചോര്‍ന്ന് പ്രവര്‍ത്തിക്കാതായി. ഓപറേറ്ററില്ലാത്തതാണ് ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് കാരണമായി അധികൃതര്‍ പറയുന്നത്. സ്വന്തമായി ക്രെയിന്‍ ഉണ്ടെങ്കിലും നിലവില്‍ തുറമുഖ വാര്‍ഫില്‍ പല ആവശ്യങ്ങള്‍ക്കും വാടക ക്രെയിനാണ് ഉപയോഗിക്കുന്നത്. 'ഹൈഡ്ര' എന്ന പേരിലുള്ള 10 ടണ്ണിലേറെ ശേഷിയുള്ള ക്രെയിന്‍ വിഴിഞ്ഞത്ത് എത്തിയിട്ട് നാലു വര്‍ഷത്തോളമായി. കുറേക്കാലം അഗ്നിശമന സേനാ സ്റ്റേഷന് സമീപത്തെ തുറമുഖ വകുപ്പിന്‍െറ പഴയ ഓഫിസ് മുറ്റത്ത് കുറ്റിക്കാട്ടിനുള്ളില്‍ അനാഥമായി കിടന്നു. വാര്‍ത്തയും വിവാദവുമായതോടെയാണ് ഇവിടെ നിന്നുമാറ്റി പുതുതായി പണിത ഷെഡിലേക്ക് മാറ്റിയത്. 75 ലക്ഷം മുടക്കിയാണ് ട്രാന്‍സിറ്റ് ഷെഡ് പണിതത്. വൈദ്യുതിയും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കാത്തതിനാല്‍ ഇവിടെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. ക്രെയിന്‍െറ ദുരവസ്ഥ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് കഴിഞ്ഞ ദിവസം ഇത് പരിശോധിക്കാന്‍ ഡയറക്ടറേറ്റില്‍ നിന്ന് സാങ്കേതിക വിദഗ്ധരത്തെിയിരുന്നു. |
താലപ്പൊലി നാലാം നാളിലേക്ക് Posted: 17 Jan 2015 09:15 PM PST കൊടുങ്ങല്ലൂര്‍: ഉത്സവപ്രേമികള്‍ക്ക് ആനന്ദാനുഭൂതി പകര്‍ന്ന താലപ്പൊലി സമാപനത്തിലേക്ക്. തിങ്കളാഴ്ച പുലരും വരെ നീളുന്ന നാലാം താലപ്പൊലിയോടെ ശ്രീകുരുംബക്കാവില്‍ ആരവമൊഴിയും. ഒന്നാം താലപ്പൊലി കഴിഞ്ഞാല്‍ നാലാം നാളിലായിരിക്കും ജനത്തിരക്കേറുക എന്ന പതിവ് ധാരണ മൂന്നാം താലപ്പൊലി ദിവസമായ ശനിയാഴ്ച ജനക്കൂട്ടം തെറ്റിച്ചു. പൂരത്തോടൊപ്പം കാര്‍ണിവലും കലാവിരുന്നും താലപ്പൊലിക്ക് പൊലിമ പകരുകയാണ്. രാത്രി ഒമ്പതിന് താലപ്പൊലിയിലെ സവിശേഷമായ ശ്രീകുരുംബാമ്മക്കുള്ള ഗുരുതി നടന്നു. രാത്രി പൂരം പതിനെട്ടരയാള എന്നറിയപ്പെട്ടിരുന്ന എടവിലങ്ങ് വില്ളേജ് ഓഫിസ് പരിസരത്തുനിന്നായിരുന്നു. നാലാം താലപ്പൊലി നാളില്‍ രാവിലെ പത്തിന് പാരമ്പര്യമായി നടക്കുന്ന അക്ഷരശ്ളോക സദസ്സ് നവരാത്രി മണ്ഡപത്തില്‍ നടക്കും. ഒന്നിന് എഴുന്നള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാകും. കിഴക്കൂട്ട് അനിയന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, ചേറൂര്‍ രാജപ്പന്‍ എന്നിവരായിരിക്കും മേളം നയിക്കുക. ഉത്സവം കഴിയുന്നതോടെ കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് ലോകമലേശ്വരം എന്‍.എസ്.എസ് കരയോഗത്തിന്‍െറ തിരുവാതിരക്കളിയും തിരുവനന്തപുരം സംഗവേദിയുടെ ഉത്സവ കൊടിയേറ്റ് നാടന്‍പാട്ടും. തുടര്‍ന്ന് നടയ്ക്കല്‍ തായമ്പക, രാത്രി ഒന്നിന് എഴുന്നള്ളിപ്പ്. പുലര്‍ച്ചെ ആറിന് വെടിക്കെട്ടോടെ സമാപിക്കും. |
സി.പി.എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും Posted: 17 Jan 2015 09:12 PM PST ഒറ്റപ്പാലം: സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും. സമ്മേളനത്തിന്‍െറ രണ്ടാം ദിവസമായ ശനിയാഴ്ച സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലനെതിരെ പ്രതിനിധികള്‍ കടുത്ത വിമര്‍ശമാണുന്നയിച്ചത്. ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ പ്രതികള്‍ നെല്ലിയാമ്പതിയില്‍ വന്നതുമായി ബന്ധപ്പെട്ട് സംശയമുന്നയിച്ച അംഗങ്ങളോട് വളരെ മോശമായാണ് ബാലന്‍ പെരുമാറിയതെന്ന് കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്ളീനത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് വിവാദ വ്യവസായിയുടെ പരസ്യം പാര്‍ട്ടി മുഖപ്പത്രം പ്രസിദ്ധീകരിച്ചതിനെ ന്യായീകരിച്ച നേതൃത്വത്തിന്‍െറ നിലപാടും വിമര്‍ശത്തിന് വഴിവെച്ചു. മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ഉണ്ണിക്കെതിരെയും വിമര്‍ശമുണ്ടായി. അട്ടപ്പാടി വിഷയത്തില്‍ സി.പി.എം-സി.പി.ഐ സമരം ചേരിതിരിഞ്ഞ് നടത്തിയത് ശരിയായില്ളെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പൊതുചര്‍ച്ചക്ക് ശേഷം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറുപടി പറഞ്ഞു. ഞായറാഴ്ച രാവിലെ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും. സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുക്കുന്ന റെഡ് വളന്‍റിയര്‍ മാര്‍ച്ച് വൈകീട്ട് നടക്കും. തുടര്‍ന്ന് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി 'രക്തസാക്ഷികള്‍ പറയുന്നത്' നാടകത്തിന്‍െറ ആദ്യ പ്രദര്‍ശനം നടന്നു. നാടകത്തിന്‍െറ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പൊതുസമ്മേളന നഗരിയില്‍ ഞായറാഴ്ച 'ജന നയന'യുടെ നാടന്‍ പാട്ടുത്സവവും അരങ്ങേറും. |
കാത്തിരിപ്പിന് അറുതി; മൂര്‍ക്കനാട് പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യും Posted: 17 Jan 2015 09:07 PM PST കൊളത്തൂര്‍: മങ്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ ജനങ്ങളുടെ 16 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിയാകുന്നു. ജല അതോറിറ്റിക്ക് കീഴിലെ ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ മൂര്‍ക്കനാട് ബൃഹത് ശുദ്ധജല പദ്ധതി ഭാഗികമായി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യും. വൈദ്യുതി കണക്ഷന്‍ ലഭിച്ചതോടെ മൂര്‍ക്കനാട്ടെ പ്രധാന ജലസംഭരണി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്്. മൂര്‍ക്കനാട്, കുറുവ, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട പഞ്ചായത്തുകള്‍ക്കായാണ് പദ്ധതി. 3.3 കെ.വിയുടെ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ പദ്ധതിക്കായി സ്ഥാപിച്ചിട്ടുണ്ട്. കുന്തിപ്പുഴയോരത്ത് മൂര്‍ക്കനാട് നിലാപറമ്പിലെ പമ്പ്ഹൗസ്, ചുടിയാട്ടുകുന്നിലെ ശുദ്ധജല സംഭരണ കേന്ദ്രം എന്നിവിടങ്ങളിലാണ് ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചത്. വിവിധ പഞ്ചായത്തുകളിലായി ജലസംഭരണികളുടെ പ്രവൃത്തി വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ പൂര്‍ത്തിയായിട്ടുണ്ട്. മൂര്‍ക്കനാട്ട് താഴ്ന്ന പ്രദേശങ്ങളില്‍ 10 കിലോമീറ്ററില്‍ പൈപ്പ്ലൈന്‍ പ്രവൃത്തി പൂര്‍ത്തിയായി. പുഴക്കാട്ടരി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലായി 40 കിലോമീറ്റര്‍ പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലാണ് മാര്‍ച്ചില്‍ ജലവിതരണം തുടങ്ങുക. കുറുവയില്‍ 70 കിലോമീറ്ററില്‍ പൈപ്പ്ലൈന്‍ പ്രവൃത്തിക്കായി ടെന്‍ഡര്‍ കഴിഞ്ഞു. മങ്കട പഞ്ചായത്തില്‍ 30 കിലോമീറ്ററില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. കൂട്ടിലങ്ങാടിയില്‍ 40 കിലോമീറ്ററില്‍ ടെന്‍ഡറായിട്ടുണ്ട്. മേയ്, ജൂണ്‍ മാസങ്ങളിലായി പദ്ധതി പൂര്‍ണതോതില്‍ കമീഷന്‍ ചെയ്യാനാകുമെന്ന് ജലഅതോറിറ്റി അധികൃതര്‍ പറയുന്നു. 1998ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാരംഭ നടപടികള്‍ 2002ലാണ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ 24 കോടിയാണ് പദ്ധതിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് തുക 28 കോടിയായി വര്‍ധിപ്പിച്ചു. |
ജില്ലാ കലക്ടര്‍ ഉരുണ്ടുകളിക്കുന്നു Posted: 17 Jan 2015 08:48 PM PST പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയില്‍ കരിമാരം തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്ന വിഷയത്തില്‍ കലക്ടര്‍ നടത്തുന്നത് ഉരുണ്ടുകളിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം കലക്ടര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞ പല കാര്യങ്ങളും പച്ചക്കള്ളമാണെന്നതിന് വിമാനത്താവളവിരുദ്ധ ഏകോപന സമിതി തെളിവു നിരത്തുന്നു. മണ്ണ് നീക്കം ചെയ്യുന്നത് ചര്‍ച്ച ചെയ്യാന്‍ 22ന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിക്കുമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞിരുന്നു. മണ്ണ് നീക്കും മുമ്പ് വിമാനത്താവള നിര്‍മാണ കമ്പനിയുടെ വാദം കേള്‍ക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ട് എന്നും അതിനാലാണ് യോഗം വിളിക്കുന്നതെന്നുമാണ് കലക്ടര്‍ പറഞ്ഞത്. കമ്പനിയുടെ വാദം കലക്ടര്‍ ഒരിക്കല്‍ കേട്ടതാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ വാദം പരിഗണിക്കണമെന്ന് കാട്ടി കമ്പനി നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി കാര്യങ്ങള്‍ കലക്ടറോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് തള്ളി. അതിന്‍െറ പകര്‍പ്പ് കലക്ടര്‍ക്കെതിരെ കേസ് നല്‍കിയ വി. മോഹനന്‍ കഴിഞ്ഞ ഡിസംബര്‍ 19ന് രജിസ്റ്റേര്‍ഡ് തപാലില്‍ കലക്ടര്‍ക്ക് അയച്ചിരുന്നു. അത് ഡിസംബര്‍ 22ന് കലക്ടര്‍ക്ക് ലഭിച്ചതായും രേഖയുണ്ട്. എന്നിട്ടും കലക്ടര്‍ പറയുന്നത് താന്‍ അത് അറിഞ്ഞത് ജനുവരി ആറിന് കെ.ജി.എസ് അധികൃതര്‍ ഉത്തരവിന്‍െറ പകര്‍പ്പ് എത്തിച്ചപ്പോള്‍ മാത്രമാണെന്നാണ്. ഇതില്‍നിന്ന് കലക്ടറുടെ ഉരുണ്ടുകളി വ്യക്തമാണെന്ന് സമരസമിതിക്കാര്‍ പറയുന്നു. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ കരിമാരംതോട് മണ്ണ് നീക്കി പൂര്‍വ സ്ഥിതിയിലാക്കണമെന്ന സംസ്ഥാന ലാന്‍ഡ് റവന്യൂ കമീഷണറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കലക്ടറെയും അഡീഷനല്‍ തഹസില്‍ദാറെയും പ്രതികളാക്കിയാണ് ആറന്മുള സ്വദേശി വി. മോഹനന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ആ ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എം. ഷഫീഖ് മണ്ണ് നീക്കി തോട് പുന$സ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ട ശേഷം മണ്ണ് നീക്കണമെന്നാണ് ഉത്തരവില്‍ ഹൈകോടതി പറഞ്ഞത്. അതനുസരിച്ച് കമ്പനിക്കും കേസ് നല്‍കിയ മോഹനനും വാദം കേള്‍ക്കാന്‍ എത്തണമെന്ന് കാട്ടി കലക്ടര്‍ നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. അന്ന് വാദങ്ങള്‍ കേട്ടു. അതിനുശേഷം 2014 ജൂലൈ 31ന് മണ്ണ് നീക്കുന്നതിന് നാലുമാസം കൂടി സമയം ചോദിച്ച് കലക്ടര്‍ ഹൈകോടതിയില്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തു. അതില്‍ കമ്പനി നിരത്തിയ വാദങ്ങള്‍ കലക്ടര്‍ വിവരിക്കുന്നുണ്ട്. തോട് സ്ഥിതിചെയ്യുന്നത് സ്വകാര്യ കമ്പനിയായ കെ.ജി.എസിന്‍െറ ഭൂമിയാല്‍ ചുറ്റപ്പെട്ടാണ്. തോട്ടിലെ മണ്ണ് നീക്കണമെങ്കില്‍ അതിനുള്ള മെഷീനുകളും വാഹനങ്ങളും കെ.ജി.എസിന്‍െറ ഭൂമിയിലൂടെ കടന്നുപോകേണ്ടതുണ്ട്. അത് അനുവദിക്കില്ളെന്ന് കെ.ജി.എസ് അറിയിച്ചിട്ടുണ്ട്. ഈ തടസ്സം നീക്കണമെന്നുള്ളതടക്കം ഏഴുകാര്യങ്ങളാണ് കലക്ടര്‍ അഫിഡവിറ്റില്‍ വിവരിച്ചത്. മണ്ണ് നീക്കണമെന്ന ഹൈകോടതി വിധിക്കെതിരെ കെ.ജി.എസ് 2014 ജൂണ്‍ 16ന് ഫയല്‍ ചെയ്ത കേസില്‍ നവംബര്‍ 26ന് ജസ്റ്റിസ് എ.എം. ഷഫീഖ് വിധി പറഞ്ഞത് മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കെ.ജി.എസ് കക്ഷിയല്ലാത്തതിനാല്‍ അവരുടെ ഹരജി പരിഗണിച്ച് താന്‍ നേരത്തെ പുറപ്പെടുവിച്ച മണ്ണ് നീക്കി തോട് പുന$സ്ഥാപിക്കണമെന്ന ഉത്തരവ് പുന$പരിശോധിക്കേണ്ട ആവശ്യമില്ല എന്നാണ്. കെ.ജി.എസിന് അവരുടെ ആവശ്യങ്ങള്‍ കലക്ടറുടെ മുന്നില്‍ പറയാന്‍ അവസരമുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. ഈ വിധിപ്പകര്‍പ്പാണ് ഡിസംബര്‍ 19ന് രജിസ്റ്റേര്‍ഡ് തപാലില്‍ കലക്ടര്‍ക്ക് അയച്ചത്. അത് കൈപ്പറ്റിയിട്ട് ഇപ്പോള്‍ ജനുവരി ആറിന് കെ.ജി.എസ് നല്‍കിയ വിധിപ്പകര്‍പ്പ് കിട്ടിയപ്പോഴാണ് താന്‍ വിവരമറിഞ്ഞതെന്ന് കലക്ടര്‍ പറയുന്നത് ശുദ്ധതട്ടിപ്പാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. ഒരു വിഷയത്തില്‍ ഒരു കക്ഷിയുടെ വാദം ഒരിക്കല്‍ കേട്ടു കഴിഞ്ഞിട്ട് പിന്നീട് വീണ്ടും കേള്‍ക്കുന്നു എന്ന് പറയുന്നതിലെ ന്യായം മനസ്സിലാവുന്നില്ല. ഇത് കമ്പനിയെ പരമാവധി സഹായിക്കുക എന്ന കലക്ടറുടെ തന്ത്രമാണെന്നാണ് സമരസമിതിയുടെ ആരോപണം. സ്ഥലത്തെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ മിച്ച ഭൂമിയായി പ്രഖ്യാപിച്ചതാണ്. ആ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് വന്നിട്ടില്ല. മിച്ച ഭൂമിയായി പ്രഖ്യാപിച്ചതിനെതിരെ കെ.ജി.എസ് ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. അതില്‍ വിധി വന്നിട്ടുമില്ല. അതിനാല്‍ ആ ഭൂമിയിലൂടെ മണ്ണുമായി പോകുന്ന വാഹനങ്ങള്‍ തടയാന്‍ കെ.ജി.എസിനാവില്ല. ഇതറിയാമായിരുന്നിട്ടും കലക്ടര്‍ ഹൈകോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ കെ.ജി.എസിന്‍െറ ഭൂമിയാണ് തോടിനോട് ചേര്‍ന്നുള്ളതെന്ന് പറയുന്നതും കമ്പനിയെ സഹായിക്കാനാണ്. പദ്ധതി പ്രദേശത്തെ പുറമ്പോക്ക് ഭൂമി മുഴുവന്‍ കമ്പനിക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കമുണ്ട്. അതില്‍ തോടു പുറമ്പോക്ക് ഭൂമിയുടെ സര്‍വേ നമ്പറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. തോട് പുറമ്പോക്കില്ലാതെ വിമാനത്താവള പദ്ധതി നടപ്പാക്കാനാവില്ല. അതിനാലാണ് തോട് പുന$സ്ഥാപിക്കുന്നതിന് തടയിടാന്‍ കമ്പനിയും കലക്ടറും ശ്രമിക്കുന്നത്. ജനങ്ങളെ മറന്ന് കോര്‍പറേറ്റ് കമ്പനിക്ക് ഒത്താശ ചെയ്യുന്ന നടപടിയില്‍നിന്ന് കലക്ടര്‍ പിന്തിരിയണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. |
പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം ഇന്ന് Posted: 17 Jan 2015 08:42 PM PST കോട്ടയം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നതിന് ജനുവരി 18, ഫെബ്രുവരി 22 തീയതികളില്‍ രാജ്യത്തുടനീളം നടക്കുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കോട്ടയം ജില്ലാ ആശുപത്രിയില്‍ രാവിലെ എട്ടിന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിക്കും. കലക്ടര്‍ അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ കുര്യന്‍, മുനിസിപ്പല്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജേക്കബ് എന്നിവര്‍ സംസാരിക്കും. ജില്ലയില്‍ അഞ്ചുവയസ്സിന് താഴെയുള്ള 1,28,892 കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ പോളിയോ തുള്ളിമരുന്ന് നല്‍കും. പരിശീലനം സിദ്ധിച്ച 3086 സന്നദ്ധ പ്രവര്‍ത്തകരാണ് തുള്ളിമരുന്ന് നല്‍കുക. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയില്‍ 42 ട്രാന്‍സിറ്റ് ബൂത്തുകള്‍, 20 മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1,529 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ ജനുവരി 19, 20, 21 ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനം എത്തുന്ന സ്ഥലങ്ങളിലത്തെി മരുന്ന് നല്‍കാനാണ് മൊബൈല്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ വളന്‍റിയര്‍മാരായിരിക്കും. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ആരോഗ്യകേരളം, സാമൂഹികനീതി വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരത മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി, ലയണ്‍സ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. |
മഞ്ചേശ്വരത്ത് കോടികളുടെ വ്യാജ മണല്‍ പാസ് വിറ്റു Posted: 17 Jan 2015 08:40 PM PST മഞ്ചേശ്വരം: മണല്‍ ലോബി മഞ്ചേശ്വരം മേഖലയിലും വ്യാജ മണല്‍ പാസ് വിതരണം ചെയ്തതായി വിവരം. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ വിദഗ്ധ സമിതിക്കാണ് ജില്ലയില്‍ മണല്‍ കടവുകളെ നിയന്ത്രിക്കാനുള്ള അധികാരമുള്ളത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മേധാവി അനുവദിക്കുന്ന മണല്‍ പാസില്‍ വിദഗ്ധ സമിതി ചെയര്‍മാന്‍, തദ്ദേശ ഭരണകാര്യ സെക്രട്ടറി എന്നിവരുടെ സീലും ഒപ്പും പതിച്ചാണ് മണല്‍ പാസിന് സാധുത നല്‍കുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യാജ സീലും ഒപ്പും മുദ്രണം ചെയ്താണ് ജില്ലയുടെ വിവിധ പഞ്ചായത്തുകളിലെ കടവ് വഴി വ്യാജ മണല്‍ പാസുകള്‍ വിതരണം ചെയ്യുന്നത്. മംഗല്‍പാടി, പൈവളിഗെ, കുമ്പള എന്നീ പഞ്ചായത്തുകളിലെ കടവുകളിലാണ് ഇത്തരത്തിലുള്ള വ്യാജ പാസുകള്‍ വിതരണം ചെയ്തത്. രാഷ്ട്രീയ നേതാക്കളും ബന്ധുക്കളുമാണ് കടവുകള്‍ നടത്തുന്നത്. അറസ്റ്റ് ചെയ്ത ബദിയടുക്കയിലെ നേതാവുമായി സാമ്പത്തിക ഇടപാടുള്ള മഞ്ചേശ്വരത്തെയും കുമ്പളയിലെയും ജനപ്രതിനിധികളായ നേതാക്കള്‍ വഴിയാണ് ഈ പഞ്ചായത്തുകളിലെ കടവുകളില്‍ വ്യാജ മണല്‍ പാസുകള്‍ വിതരണം ചെയ്യുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ പാസ് ഉപയോഗിച്ച് മണല്‍ കടത്താന്‍ ശ്രമിച്ച വാഹനം മൂന്നുമാസം മുമ്പ് ഉപ്പള മുസോടിയില്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പിച്ചിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ വാഹനം വിട്ടുകൊടുക്കുകയായിരുന്നു. പിറ്റേ ദിവസം കടവ് നടത്തിപ്പുകാര്‍ക്ക് ഈ പാസ് പൊലീസ് ഉദ്യോഗസ്ഥര്‍ കൈമാറുകയും ചെയ്തു. അന്വേഷണം പോലും നടത്താതെ പാസ് തിരികെ ഏല്‍പിച്ചത് വ്യാജ പാസ് മാഫിയയുടെ സമ്മര്‍ദം മൂലമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മംഗല്‍പാടിയിലെ ഇച്ചിലങ്കോട് കടവില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം നടത്തിയ റെയ്ഡില്‍ പിടികൂടിയ പാസ് വ്യാജമാണെന്നും തുടര്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടും പൂഴ്ത്തിവെച്ചിരിക്കുകയാണ്. വ്യാജ പാസുകള്‍മൂലം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ റിവര്‍ മാനേജ്മെന്‍റ് ഫണ്ടിലേക്കും ലഭിക്കേണ്ട കോടികളാണ് നഷ്ടമാകുന്നത്. |
മത്സ്യ മേഖലയിലെ പ്രശ്നം: ചര്‍ച്ച വീണ്ടും അലസി Posted: 17 Jan 2015 08:37 PM PST കണ്ണൂര്‍: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും വില്‍പനക്കാരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നത്തിന് ശനിയാഴ്ച നടന്ന നാലാംവട്ട അനുരഞ്ജന ചര്‍ച്ചയിലും തീരുമാനമായില്ല. മത്സ്യം പിടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാലപരിധിയില്‍ ഉടക്കിയാണ് ഇന്നലെ നടന്ന ചര്‍ച്ചയും അലസിപ്പിരിഞ്ഞത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് 15 വരെ പുറത്തുനിന്നുള്ള വള്ളക്കാര്‍ മീന്‍പിടിക്കുന്നത് ഒഴിവാക്കി തദ്ദേശീയര്‍ മാത്രം പിടിക്കണമെന്ന നിര്‍ദേശം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അംഗീകരിച്ചില്ല. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കാലപരിധി നീട്ടണമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ വില്‍പനക്കാരും തയാറായില്ല. ഇതത്തേുടര്‍ന്നാണ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടത്. നേരത്തെ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിനത്തെുടര്‍ന്ന് ജനുവരി നാലുമുതല്‍ വില്‍പനക്കാര്‍ സമരത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ പിടിവാശി അംഗീകരിക്കാനാവില്ളെന്നാണ് കച്ചവടക്കാരുടെ വാദം. ജില്ലയിലെ കടല്‍തീരങ്ങളില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള വള്ളക്കാര്‍ വന്ന് മീന്‍ പിടിക്കുന്നതിന് പരമ്പരാഗത മത്സ്യത്തൊഴിലാളി കോ ഓഡിനേഷന്‍ കമ്മിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതാണ് മത്സ്യ പിടിത്ത വിപണന രംഗത്ത് പ്രശ്നം ഉടലെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്‍െറ സാന്നിധ്യത്തിലാണ് ഇന്നലെ ചര്‍ച്ച നടന്നത്. മത്സ്യഫെഡ് അസിസ്റ്റന്‍റ് മാനേജര്‍ ഗംഗാധരന്‍ കല്ലടന്‍, മത്സ്യ വ്യാപാരികളെ പ്രതിനിധാനംചെയ്ത് പി. സുബൈര്‍, കെ. മുഹമ്മദ്കുഞ്ഞി, വി.കെ. മൊയ്തു, ബി.ടി. സിറാജുദ്ദീന്‍, കെ.പി.സി. ഹാഷിം, തൊഴിലാളികളെ പ്രതിനിധാനംചെയ്ത് വി. പ്രഭാകരന്‍, കുഞ്ഞിരാമന്‍ തലശ്ശേരി, രഘു അഴീക്കോട്, വലക്കാരെ പ്രതിനിധാനംചെയ്ത് ലാലു അഴീക്കോട്, നാസര്‍ വടകര, സലാം കണ്ണൂര്‍, മധു പഴയങ്ങാടി എന്നിവര്‍ പങ്കെടുത്തു. |
മുനമ്പം ആശുപത്രിയിലെ ഡോക്ടറെ മാറ്റണമെന്ന് മനുഷ്യാവകാശ കമീഷന്‍ Posted: 17 Jan 2015 08:29 PM PST കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയമായ മുനമ്പം സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറെ അടിയന്തരമായി മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. നിരന്തരം അവധിയെടുക്കുന്നു എന്ന പരാതിയത്തെുടര്‍ന്നാണ് നടപടി. ജില്ലാ കലക്ടറാണ് വിഷയം കമീഷന്‍െറ ശ്രദ്ധയില്‍പെടുത്തിയത്. വൈപ്പിന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സൗജത്ത് അബ്ദുല്‍ ജബ്ബാര്‍ ജില്ലാ കലക്ടര്‍ക്ക് അയച്ച പരാതി കമീഷന് കൈമാറുകയായിരുന്നു. 2011 ജൂലൈ 23ന് മുനമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ച വനിതാ ഡോക്ടര്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് ജോലിക്കത്തെിയത്. ആദ്യ നാലുമാസം ജോലിചെയ്ത ശേഷം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഒരു ദിവസം മാത്രമാണ് ഇവര്‍ ജോലിക്ക് ഹാജരായത്. ചെറിയ കാലയളവില്‍ ലീവെടുക്കുന്നതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ല. ഇത്രയും കാലം ശൂന്യവേതന അവധി അനുഭവിക്കുന്നത് ഏത് കാരണത്താലാണെന്ന് കമീഷന്‍ ചോദിച്ചു. ആരോഗ്യവകുപ്പ് അവശ്യ സര്‍വിസാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ നിരീക്ഷിച്ചു. അവധി സമയത്ത് ഡോക്ടര്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നോ എന്ന് അറിയേണ്ടതുണ്ടെന്നും കമീഷന്‍ പറഞ്ഞു. ഡോക്ടര്‍ക്ക് നല്‍കിയ അവധി നിയമപ്രകാരമാണോ എന്ന് അറിയിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശദീകരണം സമര്‍പ്പിക്കണം. ഫെബ്രുവരി 16നകം കമീഷന്‍ ആസ്ഥാനത്ത് വിശദീകരണം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസ് ഫെബ്രുവരി 20ന് രാവിലെ 11ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കുമെന്ന് കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. |
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു Posted: 17 Jan 2015 08:22 PM PST ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപാറിലെ സയിദ്പൂര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവര്‍ ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയില്‍പെട്ടവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ പേര്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന. പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. |
രോഗനിയന്ത്രണം: ഭരണിക്കാവ് പഞ്ചായത്ത് പദ്ധതി മാതൃകയാകുന്നു Posted: 17 Jan 2015 08:22 PM PST കായംകുളം: ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് ഹോമിയോപതി വകുപ്പുമായി സഹകരിച്ചുള്ള ഭരണിക്കാവ് പഞ്ചായത്തിന്‍െറ പദ്ധതി മാതൃകയാകുന്നു. 21വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതി വന്‍സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. പഞ്ചായത്തിലെ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജെ. ബോബന്‍െറ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി പഞ്ചായത്ത് അംഗീകരിച്ചതോടെയാണ് ഇതിന്‍െറ പ്രവര്‍ത്തനം ഊര്‍ജിതമായത്. 21വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്. ഹോമിയോപതി ജീവനക്കാര്‍ക്കൊപ്പം 21വളന്‍റിയേഴ്സിന്‍െറ കൂടി സേവനവും ഇതിന് പ്രയോജനപ്പെടുത്തുന്നു. പഞ്ചായത്തിന്‍െറ വിവിധ വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുത്ത വളന്‍റിയേഴ്സിന് വിദഗ്ധ പരിശീലനം നല്‍കിയാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടും സന്ദര്‍ശിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടത്തെിയത്. 30 വയസ്സിന് മുകളിലുള്ളവര്‍ക്ക് ജീവിതശൈലീ രോഗങ്ങളിലെ ബോധവത്കരണമായിരുന്നു ആദ്യപരിപാടി. തുടര്‍ന്ന് വളന്‍റിയേഴ്സ് ശേഖരിച്ച ആരോഗ്യ വിവരങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ പരിശോധിച്ച് വിലയിരുത്തല്‍ നടത്തിയ ശേഷം മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് രൂപംനല്‍കി. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്ന തരത്തിലെ ചികിത്സയാണ് ക്യാമ്പുകളിലൂടെ ലക്ഷ്യമിട്ടത്. പഞ്ചായത്തിന്‍െറ വിവിധ കേന്ദ്രങ്ങളിലായി 10 ക്യാമ്പുകളാണ് ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. മൂന്നുമാസത്തെ ഇടവേളകളിലായി ഇത്തരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ കണ്ടത്തെുന്നതിന് വിദഗ്ധ പരിശോധനകളും ലഭ്യമാക്കുന്നുണ്ട്. അഞ്ച് ക്യാമ്പുകള്‍ ഇതിനകം നടത്തി. ഓരോ ക്യാമ്പുകള്‍ക്കുശേഷവും നടക്കുന്ന വിശദ അവലോകനമാണ് ഇതിന്‍െറ മറ്റൊരു പ്രത്യേകത. ഇവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത ക്യാമ്പ് രൂപപ്പെടുത്തുന്നത്. ആറുലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്. ശനിയാഴ്ച ഇലിപ്പക്കുളം മങ്ങാരത്ത് 15 ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പില്‍ മുന്നൂറോളം പേരാണ് ചികിത്സതേടി എത്തിയത്. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസിന്‍െറ നിര്‍ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരാണ് സേവനത്തിന് എത്തിയത്. ഇവരെ കൂടാതെ ഫാര്‍മസി ജീവനക്കാരും വളന്‍റിയേഴ്സും അടക്കം 30പേരുടെ സേവനവും രോഗികള്‍ക്ക് ലഭ്യമായിരുന്നു. ക്യാമ്പിന്‍െറ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ.എം. ഹാഷിര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ അഡ്വ. ഇ. നാസര്‍, അസീസ് വല്ലാറ്റില്‍, വസന്ത ഗോപാലകൃഷ്ണന്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജെ. ബോബന്‍ എന്നിവര്‍ സംസാരിച്ചു. |
പോരാട്ടവും പ്രതിരോധവും അരങ്ങിലത്തെിയ രാപ്പകലുകള്‍ക്ക് വിട Posted: 17 Jan 2015 07:30 PM PST Subtitle: മലയാള നാടകങ്ങള്‍ക്ക് വേണ്ടത്ര ഇടമുണ്ടായില്ളെന്ന വിമര്‍ശത്തോടെയാണ് 'ഇറ്റ്ഫോക്കി'ന്‍െറ തിരശ്ശീല താഴുന്നത് തൃശൂര്‍: കുടിയിറക്കിന്‍െറ ക്രൂരതയും വംശീയയുദ്ധത്തിന്‍െറ കെടുതികളും ഇവയെ വെല്ലുന്ന ഭരണകൂട ഭീകരതയും അവയോടുള്ള പോരാട്ടങ്ങളും പ്രതിരോധങ്ങളും മലയാളത്തിന്‍െറ അരങ്ങിലത്തെിയ രാപ്പകലുകള്‍ക്ക് വിട. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര നാടകോത്സവത്തില്‍ അരങ്ങേറിയത് ലോകത്തിന്‍െറ വിവിധയിടങ്ങളിലെ ചെറുത്തുനില്‍പിന്‍െറ ആത്മാവിഷ്കാരങ്ങളായ നാടകങ്ങളാണ്. ‘തിയറ്റര്‍ ഓഫ് റെസിസ്റ്റന്‍സ്, തിയറ്റര്‍ ഓഫ് ടുഡെ’ എന്ന പ്രമേയത്തില്‍ അരങ്ങേറിയ നാടകങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായി. ലബനാന്‍, സിറിയ, ഫലസ്തീന്‍, ശ്രീലങ്ക, ഈജിപ്ത്, ടുനീഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാടകസംഘങ്ങളിലെ 113 പേരാണ് തൃശൂരിലത്തെിയത്. 28 അവതരണങ്ങളും വിദേശികളടക്കമുള്ള ആസ്വാദകരുടെ നിറഞ്ഞ സദസ്സിലായിരുന്നു. ‘ലുസീന/ഒബീഡിയന്‍സ് ട്രെയ്നിങ്’ എന്ന ലബനാന്‍ നാടകത്തോടെയാണ് ‘ഇറ്റ്ഫോക്’ തുടങ്ങിയത്. ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ ജീവിതാനുഭവം അരങ്ങിലത്തെിച്ച ‘ദി ഐലന്‍ഡ്’, ജപ്പാനില്‍ നിന്നുള്ള ‘മഹാഭാരത’, ‘ഹാപ്പി ഡെയ്സ്’, ലബനാന്‍ തിയറ്റര്‍ ഗ്രൂപ്പുകളുടെ ‘ഹി ഹു സോ എവരിതിങ്’, ‘ഡത്തെ് കംസ് ത്രൂ ദി ഐസ്’, ജര്‍മനിയില്‍ നിന്നുള്ള ‘മെയ്ഡ് ഇന്‍ ബംഗ്ളാദേശ്’, ഡെന്‍മാര്‍ക്കില്‍ നിന്ന് ‘ഫാഷന്‍ സോംബീ ആന്‍ഡ് ടച്ച് സ്ക്രീന്‍’, സിംഗപ്പൂരില്‍ നിന്ന് ‘സോഫ്ട് മെഷീന്‍’, ഈജ്പ്ഷ്യന്‍ നാടകമായ ‘ഹൗസ് ഓഫ് ലൈറ്റ്’, ശ്രീലങ്കയില്‍ നിന്ന് ‘ഹിസ്റ്റ്റി ഓഫ് ഹിസ്റ്ററീസ് ആന്‍ഡ് ട്രെയ്ട്രൈറ്റ്’ എന്നിവ അരങ്ങിലത്തെി. അഞ്ച് ഇന്ത്യന്‍ നാടകങ്ങള്‍ക്കു പുറമെ ഏഴ് മലയാള നാടകങ്ങളും ആറ് റേഡിയോ നാടകങ്ങളും അവതരിപ്പിച്ചു. മാറുന്ന രാഷ്ട്രീയ- സാംസ്കാരിക സാഹചര്യങ്ങളില്‍ മനുഷ്യന്‍ നേരിടുന്ന യാതനയിലേക്ക് വിരല്‍ ചൂണ്ടുന്നുവയായിരുന്നു നാടങ്ങളില്‍ അധികവും. മലയാള നാടകങ്ങള്‍ക്ക് വേണ്ടത്ര ഇടമുണ്ടായില്ളെന്ന വിമര്‍ശത്തോടെയാണ് ‘ഇറ്റ്ഫോക്കി’ന്‍െറ തിരശ്ശീല താഴുന്നത്. മലയാളത്തില്‍ മികച്ച പ്രഫഷനല്‍ നാടകങ്ങള്‍ ഉണ്ടായിട്ടും അന്തര്‍ദേശീയ നാടകോത്സവത്തില്‍ അതിന് ഇടം കിട്ടിയില്ളെന്ന പരാതി ഉയര്‍ന്നു. സാങ്കേതിക മികവിന്‍െറ പുത്തന്‍ പരീക്ഷണങ്ങളാണ് നാടകോത്സവത്തില്‍ കണ്ടത്. |
പുറംശക്തികളുടെ അജണ്ടക്ക് സി.പി.എം വഴങ്ങില്ളെന്ന് തെളിയിച്ച് കോഴിക്കോടും എറണാകുളവും Posted: 17 Jan 2015 07:28 PM PST തിരുവനന്തപുരം: വിമതര്‍ക്കും പുറംശക്തികള്‍ക്കും പാര്‍ട്ടി അജണ്ട നിശ്ചയിക്കാന്‍ കഴിയില്ളെന്ന് വ്യക്തമാക്കി സി.പി.എം കോഴിക്കോട്, എറണാകുളം ജില്ലാ സമ്മേളനങ്ങള്‍. സംഘടനാപരമായ വീഴ്ചകള്‍ക്ക് ജില്ലാ സെക്രട്ടറിമാര്‍ കണക്ക് പറയേണ്ടിവരുമെന്നുകൂടി തെളിയിച്ചാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് നേതൃത്വം വഴങ്ങില്ളെന്നതിന്‍െറ ഉദാഹരണമാണ് കോഴിക്കോട് പി. മോഹനനും എറണാകുളത്ത് പി. രാജീവും സെക്രട്ടറിമാരായത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 573 ദിവസം ജയിലില്‍ കഴിഞ്ഞ മോഹനനെ ജില്ലാ സെക്രട്ടറിയാക്കുന്നതിലൂടെ സംസ്ഥാന നേതൃത്വം തങ്ങളുടെ അജണ്ടയാണ് വ്യക്തമാക്കിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സംഘടനാപരമായി ഉണ്ടായേക്കാവുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടിയായിരുന്നു മോഹനനെ ചിലര്‍ എതിര്‍ത്തത്. സമ്മര്‍ദ, മത്സര ഭീഷണിയുടെ സ്വരം ഉയര്‍ത്തിയിട്ടും പാര്‍ട്ടിയുടെ പരീക്ഷണ കാലത്ത് ഒപ്പമുണ്ടായിരുന്ന ആള്‍ സെക്രട്ടറിയാകട്ടെ എന്ന തീരുമാനമായിരുന്നു സംസ്ഥാന നേതൃത്വത്തിന്. എ. പ്രദീപ്കുമാര്‍, എം.കെ. രാധ, സതീദേവി എന്നിവരായിരുന്നു എതിര്‍പ്പിന്‍െറ മുന്‍പന്തിയില്‍. ടി.പി. രാമകൃഷ്ണന്‍െറ പിന്തുണയുമുണ്ടായി. അണിയറയില്‍ എം. ഭാസ്കരനെ മത്സരിപ്പിക്കാന്‍ നീക്കം നടന്നു. ജില്ലാ കമ്മിറ്റിയില്‍ 20പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നാലുപേര്‍ മോഹനനെ പിന്തുണച്ചു. ബാക്കിയുള്ളവര്‍ സംസ്ഥാന നേതൃത്വത്തിനൊപ്പവും. കോടിയേരി ബാലകൃഷ്ണന്‍ നയം വ്യക്തമാക്കിയതോടെ അജണ്ട നേതൃത്വം നിശ്ചയിക്കുന്നതായി. ജില്ലാ കമ്മിറ്റിയംഗങ്ങളെ നിശ്ചയിച്ചതിലും ഇത് പ്രകടമായി. പുതുതായി എത്തിയ നാലില്‍ മൂന്നുപേരും ജില്ലയിലെ ശക്തനായ എളമരം കരീമിന് ഒപ്പമുള്ളവരായി. വി.എസ് പക്ഷത്തിന്‍െറ ആശ്രയങ്ങളിലൊന്നായിരുന്ന എറണാകുളത്ത് പി. രാജീവിനെ സെക്രട്ടറിയാക്കിയതിലും നേതൃത്വത്തിന്‍െറ ഈ നിലപാടാണ് വ്യക്തമായത്. സംസ്ഥാന സെക്രട്ടറികൂടി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തെ വെല്ലുവിളിച്ച പാരമ്പര്യമാണ് എറണാകുളത്തെ വി.എസ് പക്ഷത്തിന്. എന്നാല്‍, ഇത്തവണ ഒൗദ്യോഗിക പക്ഷം ഏരിയാ സമ്മേളനം മുതല്‍ പിടിമുറുക്കി. 20ല്‍ 11 ഏരിയാ കമ്മിറ്റിയും അവരുടെ നിയന്ത്രണത്തിലാക്കി. അതോടെ ജില്ലാ സമ്മേളനത്തില്‍ മത്സരം വന്നാലും നേരിടാന്‍ നേതൃത്വം തയാറായി. സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഒൗദ്യോഗിക പാനലില്‍ മേധാവിത്വം നേടാമെന്ന കണക്കുകൂട്ടലും വി.എസ് പക്ഷത്തിന് തെറ്റി. കളംമാറിയ കടുത്ത വി.എസ് പക്ഷക്കാരായ ടി.കെ. മോഹനന്‍, പി.എം. ഇസ്മാഈല്‍ അടക്കം മൂന്നുപേരാണ് സമവാക്യം തിരുത്തിയത്. ഗ്രൂപ് നേതാക്കളായ എസ്. ശര്‍മക്കും കെ. ചന്ദ്രന്‍പിള്ളക്കും എതിരായ കടുത്ത ആരോപണം കൂടിയായതോടെ വി.എസ് പക്ഷം വഴങ്ങി. വിഭാഗീയത കൊടികുത്തുന്ന ജില്ലയില്‍ മത്സരം ഒഴിവാക്കണമെന്ന പിണറായിയുടെ താല്‍പര്യവും കാര്യങ്ങള്‍ എളുപ്പമാക്കി. കെ.എ. ചാക്കോച്ചനെ ഉള്‍പ്പെടുത്തണമെന്ന വി.എസ് പക്ഷ ആവശ്യം അംഗീകരിക്കുന്നതില്‍ അതുകൊണ്ടുതന്നെ നേതൃത്വത്തിന് വൈമനസ്യം ഉണ്ടായതുമില്ല. ഇതുവരെ നടന്ന സമ്മേളനങ്ങളില്‍ ജില്ലാ സെക്രട്ടറിമാര്‍ ഏറ്റവും അധികം വിമര്‍ശം ഏറ്റുവാങ്ങിയതും കോഴിക്കോട്ടും എറണാകുളത്തുമായിരുന്നു. ടി.പിയുടെ വധത്തിനുശേഷം പാര്‍ട്ടി വെല്ലുവിളി നേരിട്ടപ്പോള്‍ അവധി എടുത്ത് ചൈന സന്ദര്‍ശിച്ചതിന് ടി.പി. രാമകൃഷ്ണനെ പ്രതിനിധികള്‍ വെറുതെ വിട്ടില്ല. നിര്‍ണായക ഘട്ടങ്ങളില്‍ രാമകൃഷ്ണന്‍ അവധിയെടുക്കുന്നത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വെറും ഒന്നര വര്‍ഷത്തിനുശേഷം ജില്ലാ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയേണ്ടി വന്ന സി.എം. ദിനേശ് മണിക്ക് ഗ്രൂപ് ഭേദമന്യേ ആയിരുന്നു വിമര്‍ശം. പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുത്ത 42 പേരില്‍ ഒരാള്‍ പോലും പ്രതിരോധിക്കാനുണ്ടായില്ല. പുരക്ക് സ്വയം തീകൊളുത്തിയിട്ട് ഓടിവായോ, രക്ഷിക്കണേ എന്ന് നിലവിളിക്കുന്നയാളാണ് ജില്ലാ സെക്രട്ടറിയെന്ന തരത്തിലായിരുന്ന വിമര്‍ശം. |
കിരണ്‍ ബേദിക്കും ഷാസിയക്കുമെതിരെ ആപ്പിന്‍െറ ‘ട്വീറ്റ് ബോംബ്' Posted: 17 Jan 2015 07:18 PM PST ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന കിരണ്‍ ബേദി, ഷാസിയ ഇല്‍മി എന്നിവര്‍ക്കെതിരെ ഇരുവരുടെയും മുന്‍ ട്വീറ്റുകള്‍ ആയുധമാക്കി ആം ആദ്മി പാര്‍ട്ടി രംഗത്ത്. നേരത്തേ, കിരണ്‍ ബേദി അണ്ണാ ഹസാരെയുടെ ലോക്പാല്‍ മൂവ്മെന്‍റിന്‍െറ ഭാഗമായിരുന്നപ്പോഴും ഷാസിയ ഇല്‍മി ആം ആദ്മിയില്‍ ആയിരുന്നപ്പോഴും മോദിക്കും ബി.ജെ.പിക്കുമെതിരെ ഉന്നയിച്ച ആക്ഷേപങ്ങളാണ് ആം ആദ്മി എടുത്തുകാട്ടുന്നത്. ഷാസിയയുടെയും ബേദിയുടെയും മുന്‍ ട്വീറ്റുകള്‍ ആം ആദ്മി നേതാക്കളായ അരവിന്ദ് കെജ്രിവാളും കുമാര്‍ ബിശ്വാസും റീ ട്വീറ്റ് ചെയ്തു. ഇതോടെ ഷാസിയ ഇല്‍മി തന്‍െറ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു. ‘‘ബി.ജെ.പിക്ക് ഫണ്ട് കിട്ടുന്നത് എവിടെ നിന്നാണ്? എന്തുകൊണ്ടാണ് വിവരാവകാശ നിയമത്തില്‍ വരാന്‍ പാര്‍ട്ടി ഭയക്കുന്നത്’’, 2013 ആഗസ്റ്റ് 22ന് ഷാസിയയുടെ ട്വീറ്റുകളിലൊന്ന് ഇതായിരുന്നു. 2013 നവംബര്‍ 22ന് ഷാസിയ കുറിച്ചത് ഇങ്ങനെ. ‘‘കപടനാട്യം, അതാണ് ബി.ജെ.പി’’ ഒരു സ്ത്രീയും ബി.ജെ.പിയിലോ കോണ്‍ഗ്രസിലോ ചേരില്ളെന്നും മോശമായ സ്ത്രീ വിരുദ്ധ മനോഭാവമാണ് ഇരുപാര്‍ട്ടികള്‍ക്കുമെന്നും 2013 സെപ്റ്റംബര്‍ മൂന്നിന് ട്വീറ്റ് ചെയ്തു. ഇക്കാര്യം എടുത്തുകാട്ടി ഷാസിയ ബി.ജെ.പിയില്‍ ചേര്‍ന്നത് ‘നന്നായിരിക്കുന്നു’ എന്നാണ് കുമാര്‍ ബിശ്വാസ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. കിരണ്‍ ബേദി അണ്ണാ ഹസാരെക്കൊപ്പം നിന്ന കാലത്ത് നടത്തിയ ട്വീറ്റ് മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നതാണ്. ‘‘മോദീ.. എസ്.ഐ.ടിയുടെ പരീക്ഷ നിങ്ങള്‍ ജയിച്ചേക്കാം. നിങ്ങളുടെ മേല്‍നോട്ടത്തില്‍ നടന്ന ഗുരുതര സംഭവങ്ങളെച്ചൊല്ലി പൊതുകാഴ്ചപ്പാട് ഇനിയും മാറേണ്ടതുണ്ട്’‘ കോടതി ക്ളീന്‍ ചിറ്റ് നല്‍കിയാലും കലാപത്തിനും കൂട്ടക്കുരുതിക്കും ഒരു ദിവസം മോദി മറുപടി പറയേണ്ടി വരുമെന്ന് 2013 മാര്‍ച്ച് 16ന് ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ നേതൃത്വ മികവ് അംഗീകരിച്ചാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് വിശദീകരിച്ച ബേദിക്ക് മുന്‍നിലപാടിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. എന്നാല്‍, ബേദിയും ഷാസിയയും പ്രതികരിച്ചിട്ടില്ല. അതിനിടെ, സ്വകാര്യ ചാനല്‍ നടത്തിയ സര്‍വേയില്‍ ഡല്‍ഹിയില്‍ ഇക്കുറിയും തൂക്കുസഭയാണെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 34, ആം ആദ്മിക്ക് 28, കോണ്‍ഗ്രസിന് എട്ട് എന്നിങ്ങനെ കഴിഞ്ഞ വര്‍ഷത്തെ അതേനില തുടരുമെന്നാണ് സര്‍വേ പറയുന്നത്. ഒരുമാസം മുമ്പ് ഇവര്‍ തന്നെ നടത്തിയ സര്‍വേയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നു. പോളിങ് അടുക്കുമ്പോള്‍ ബി.ജെ.പി പിന്നാക്കം പോകുന്നതിന്‍െറ സൂചനയാണ് സര്‍വേ നല്‍കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. എത്ര സീറ്റില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ശിവസേനക്ക് സ്വാധീനമില്ളെങ്കിലും മോദിയുടെ അഭിമാന പോരാട്ടമായ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിക്കും ശിവസേനക്കും ഇടയില്‍ തുടരുന്ന ഉള്‍പ്പോരിന്‍െറ തുടര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. |
No comments:
Post a Comment