ജയലളിതയുടെ ജാമ്യപേക്ഷ: വാദം തുടങ്ങി Posted: 07 Oct 2014 12:34 AM PDT ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും മൂന്നു കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി പരിഗണിക്കുന്നു. ജാമ്യഹരജിയില്‍ വാദം കോടതി വാദം കേള്‍ക്കുന്നു. പ്രമുഖ അഭിഭാഷകന്‍ രാം ജത്മലാനിയാണ് ജയലളിതക്ക് വേണ്ടി ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് രാംജത്മലാനി കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ ജയലളിത ഒളിവില്‍ പോകുമെന്ന പ്രോസിക്യൂഷന്‍െറ വാദത്തേയും രാംജത്മലാനി എതിര്‍ത്തു. നിയമം അനുസരിക്കുന്ന ആളാണ് ജയലളിതയെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിനെ കോടതി ശിക്ഷിച്ചിരുന്നെങ്കിലും ജാമ്യം നല്‍കിയിരുന്നെന്നും മലാനി ചൂണ്ടിക്കാട്ടി. ജയലളിതക്ക് പ്രമേഹം പൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നും രാംജത്മലാനി കോടതിയെ അറിയിച്ചു. ജയലളിത വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകുമെന്നും സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജി. ഭവാനി സിങും വാദിച്ചു. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകരും ജയലളിതയെ അനുകൂലിക്കുന്ന അഭിഭാഷകരും കോടതിക്ക് പുറത്ത് വിധി കേള്‍ക്കാന്‍ കാത്തിരിക്കുന്നുണ്ട്. രാവിലെ 11.55നാണ് വാദം കോടതി കേള്‍ക്കല്‍ തുടങ്ങിയത്. നേരത്തെ, ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ജയിലിനു സമീപത്തും കോടതി പരിസരത്തും ഒരു കിലോമീറ്റര്‍ പരിധിയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി 500ഓളം പൊലീസുകാരെ ഇവിടങ്ങളില്‍ അധികമായി വിന്യസിക്കും. ജാമ്യം ലഭിച്ചില്ളെങ്കില്‍ ജയലളിതയെ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാനുള്ള സൂചനയുണ്ട്. ജയലളിതയെ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. |
കേന്ദ്ര മന്ത്രിസഭയിലെ സമ്പന്നന്‍ ജയ് റ്റ്ലി; ആസ്തി 72 കോടിയിലധികം Posted: 06 Oct 2014 11:51 PM PDT ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ പ്രതിരോധ-ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 72.10 കോടിരൂപയാണ് അദ്ദേഹത്തിന്‍്റെ സമ്പാദ്യം. ഏറ്റവും കുറവ് സമ്പാദ്യം. ഗ്രാമവികസന മന്ത്രി വെങ്കയ്യ നായിഡുവിനാണ് ഏറ്റവും കുറവ് സമ്പാദ്യം. 20.45 ലക്ഷമാണ് അദ്ദേഹത്തിന്‍്റെ സമ്പാദ്യം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 44 അംഗ കൗണ്‍സില്‍ മന്ത്രിമാര്‍ ആണ് സ്വത്ത് വിവര കണക്ക് പുറത്ത് വിട്ടത്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. 1.26 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പാദ്യം. കൂടാതെ ഒരുലക്ഷം രൂപയുടെ സ്വര്‍ണവും അദ്ദേഹത്തിന്‍െറ പേരിലുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദിയുടെ ആസ്തി 1.66 കോടി രൂപയായിരുന്നു. വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി മനേക ഗാന്ധിക്ക് 37.68 കോടിയുടെ ആസ്തിയുണ്ട്. കല്‍ക്കരി-വൈദ്യുതി വകുപ്പ് മന്ത്രി പീയുഷ് ഗോയലിന് 31.67 കോടിയുടെ സ്വത്തും ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നജ്മ ഹിബതല്ലക്ക് 29.70 കോടിയുടെ സമ്പാദ്യവുമുണ്ട്. വെങ്കയ്യ നായിഡു, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍, തൊഴില്‍ വകുപ്പ് മന്ത്രി നരേന്ദ്ര സിങ്, ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍, ആനന്ദ് കുമാര്‍ എന്നിവരാണ് കോടിപതികളല്ലാത്ത അഞ്ച് മന്ത്രിമാര്‍. പാസ്വാന് 39.88 ലക്ഷവും നരേന്ദ്ര സിങിന് 44.90 ലക്ഷവും ഹര്‍ഷ വര്‍ധന് 48.54 ലക്ഷവും ആനന്ദ് കുമാറിന് 60.62 ലക്ഷവുമാണ് സമ്പാദ്യം. 22 ക്യാബിനറ്റ് മന്ത്രിമാരില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 17 പേര്‍ കോടിപതികളാണ്. |
കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം : സ്കൂള്‍ തുറക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍; ഇല്ളെങ്കില്‍ സമരം Posted: 06 Oct 2014 11:16 PM PDT തിരുവനന്തപുരം: അഞ്ചുവയസ്സുകാരനെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തത്തെുടര്‍ന്ന് പൂട്ടിയ സ്കൂള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് രക്ഷാകര്‍ത്താക്കള്‍. നാലുദിവസത്തിനകം സ്കൂള്‍ തുറന്നില്ളെങ്കില്‍ വിദ്യാഭ്യാസമന്ത്രിയുടെ വസതിക്ക് മുന്നിലും ഡി.പി.ഐ ഓഫിസ് പടിക്കലും സമരം ആരംഭിക്കും. പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളിയില്‍ അഭിഷേക് ജോമോനെന്ന യു.കെ.ജി വിദ്യാര്‍ഥിയെ മണിക്കൂറുകളോളം പട്ടിക്കൂട്ടില്‍ അടച്ചിട്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ അധികൃതര്‍ പൂട്ടിയ ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടു. കുടപ്പനക്കുന്ന് സ്വാതന്ത്ര്യസമരസേനാനി ഭവനില്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രക്ഷാകര്‍ത്താക്കള്‍ ആവശ്യമുയര്‍ത്തിയത്. മുന്‍കാലങ്ങളില്‍ ഈ സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തിയാണ് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ത്തത്. സാധാരണക്കാരായ തങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചുള്ള ഫീസാണ് സ്കൂളിലുള്ളത്. സാധാരണക്കാര്‍ക്ക് സി.ബി.എസ്.ഇ പഠനം അപ്രാപ്യമാകുന്ന കാലത്ത് തുച്ഛമായ ഫീസില്‍ പ്രദേശത്തുള്ളവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സ്ഥാപനം നല്‍കുന്നത്. കുറച്ച് ദിവസങ്ങളായി സ്കൂളിനെക്കുറിച്ചും മാനേജ്മെന്‍റിനെക്കുറിച്ചും പ്രചരിപ്പിക്കുന്ന അവിശ്വസനീയമായ കഥകള്‍ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. പെട്ടെന്നുണ്ടായ ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ കാരണം ആ ദിവസംതന്നെ മുഴുവന്‍ വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും പുറത്താക്കി സ്കൂള്‍ പൂട്ടുകയാണുണ്ടായത്. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയോ അവരുടെ ഭാവിയെക്കുറിച്ചോ ഇവിടത്തെ രാഷ്ട്രീയനേതാക്കള്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും യാതൊരു ഉത്കണ്ഠയും ഇല്ളെന്നാണ് തെളിയുന്നത്. ബഹളത്തിനിടയില്‍ ഭയന്നുവിറച്ചുനിന്നിരുന്ന കുട്ടികളില്‍ പലരും ആ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. അവരുടെ മുന്നില്‍വെച്ച് മര്‍ദനം ഏറ്റുവാങ്ങേണ്ടിവന്ന രക്ഷാകര്‍ത്താക്കളുടെ മാനസികാവസ്ഥയും വ്യത്യസ്തമല്ല. തുടര്‍ച്ചയായ അവധികള്‍ കഴിഞ്ഞ് ചൊവ്വാഴ്ച മറ്റ് സ്കൂളുകള്‍ തുറക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ അധ്യയന വര്‍ഷം തുടര്‍ന്നും ഇതേ സ്കൂളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാറും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷാകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സംയുക്തമായി ആവശ്യപ്പെട്ടു. നാലുദിവസത്തിനകം സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചില്ളെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നിലും ഡി.പി.ഐ ഓഫിസ് പടിക്കലും കുട്ടികളുമായി സമരം ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. ഭൂരിഭാഗം രക്ഷാകര്‍ത്താക്കളും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിനിധികളായ അശോക്കുമാര്‍, എസ്.ആര്‍. രാജേഷ്, ജാന്‍സി തോമസ്, എസ്. തുളസി എന്നിവര്‍ സംസാരിച്ചു. |
മോദി ഭൗതികശുചീകരണം മാത്രം ശ്രദ്ധിച്ചാല്‍ പോര: തരൂരിന്‍െറ പുതിയ ട്വീറ്റ് Posted: 06 Oct 2014 11:10 PM PDT തിരുവനന്തപുരം: ബി.ജെ.പി പ്രശംസാ വിവാദം കൊഴുക്കുന്നതിനിടെ നിലപാട് മയപ്പെടുത്തി തരൂരിന്‍െറ പുതിയ ട്വീറ്റ്. പുറമെയുള്ള വൃത്തി മാത്രമല്ല, മനസും ഹൃദയവും ആത്മാവും വൃത്തിയായിരിക്കണമെന്നാണ് മഹാത്മാഗാന്ധിയുടെ അധ്യാപനമെന്ന് തരൂര്‍ വ്യക്തമാക്കി. അതിനാല്‍ മതഭ്രാന്ത്, വിദ്വേഷം, അസഹിഷ്ണുത, വിഭാഗീയത എന്നിവ ഇല്ലാത്ത ശരിക്കും വൃത്തിയായ ഒരിന്ത്യക്ക് വേണ്ടി ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു ^തരൂര്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തരൂര്‍ കാട്ടുന്ന അമിത സ്നേഹത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളാണ് പരസ്യമായി രംഗത്തെത്തിയത്. കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാരായ എം.എം. ഹസന്‍, വി.ഡി. സതീശന്‍, ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, എം. ലിജു എന്നിവരും രൂക്ഷവിമര്‍ശമാണ് നടത്തിയത്. ഇതിന് പിന്നാലെ തരൂരിന്‍െറ നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ഇന്ന് മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. പ്രശ്നം സംബന്ധിച്ച് കെ.പി.സി.സി നാളെ നിലപാട് അറിയിക്കുമെന്ന് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിവാദത്തില്‍ നിന്ന് തടിയൂരാന്‍ തരൂരിന്‍െറ ട്വീറ്റ്. |
സന്തോഷപ്പെരുക്കത്തിലൊരു ത്യാഗ പെരുന്നാള്‍ Posted: 06 Oct 2014 10:41 PM PDT ചാവക്കാട്: ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികള്‍ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്കരിച്ചു. മുതുട്ടൂര്‍ ഈദ്ഗാഹില്‍ മഹല്ല് ഖതീബ് സുലൈമാന്‍ അസ്ഹരി, ചാവക്കാട് വടക്കേ ബൈപാസ് ജങ്ഷനു സമീപം സംഘടിപ്പിച്ച ഈദ് ഗാഹില്‍ ടൗണ്‍ ജുമാമസ്ദിദ് ഖതീബ് ഷംസുദ്ദീന്‍ നദ്വി, ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഈദ് ഗാഹില്‍ നിഷാല്‍ വാടനാപ്പള്ളി, അണ്ടത്തോട് ഹിറാ മസ്ജിദ് പരിസരത്ത് നടന്ന ഈദ് ഗാഹില്‍ ഹിറാ മസ്ജിദ് ഖതീബ് സൈനുദ്ദീന്‍ ഫലാഹി, കടപ്പുറം ഈദ് ഗാഹ് സല്‍വ ഓഡിറ്റോറിയം പരിസരത്ത് അസീസ് മാറമ്പള്ളി, തിരുവത്ര കോട്ടപ്പുറത്തെ സലഫി ഈദ് ഗാഹില്‍ സഗീര്‍ സലഫി എന്നിവര്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചാവക്കാട് ടൗണ്‍ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഹംസ ബാഖവി, മണത്തല ജുമാ മസ്ജിദില്‍ ഖതീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, ബ്ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ ഖതീബ് എം.മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, ബ്ളാങ്ങാട് സിദ്ദീഖ് പള്ളിയില്‍ കെ.മുഹമ്മദ് ബാഖവി, തൈക്കടവ് അബ്ദുല്‍ ലത്തീഫ് അഹ്സനി, തൊട്ടാപ്പ് ഫോക്കസ് മസ്ജിദില്‍ കെ.കെ അബൂബക്കര്‍ മൗലവി, അഞ്ചങ്ങാടി മുഹ്യിദ്ദീന്‍ മസ്ജിദില്‍ സുലൈമാന്‍ അന്‍വരി, കടപ്പുറം ഉപ്പാപ്പ ജുമാഅത്ത് പള്ളിയില്‍ സ്വാലിഹ് ബാഖവി, കടപ്പുറം ബുഖാറ പള്ളിയില്‍ പി മുഹമ്മദ് ബാഖവി, തെക്കന്‍ പാലയൂര്‍ ബദരിയ്യ സിദ്ദീഖ് ബദരി, തൊഴിയൂര്‍ പാലേമാവ് പള്ളിയില്‍ മുഹ്യിദ്ദീന്‍ ദാരിമി, എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ദാരിമി, എടക്കഴിയൂര്‍ ഖാദരിയ്യ മസ്ജിദില്‍ മുഹമ്മദ്കുട്ടി ദാരിമി, കറുകമാട് ജുമാ മസ്ജിദില്‍ ബാപ്പു മുസ്ലിയാര്‍ മുക്കം വട്ടേക്കാട് ജുമാ മസ്ജിദില്‍ അബ്ദുല്‍ ഹക്കീം, അകലാട് താഹാപള്ളിയില്‍ മുഹമ്മദ് നൗമി, അകലാട് മുഹ്യിദ്ദീന്‍ പള്ളിയില്‍ അബൂബക്കര്‍ ജമാലി, അകലാട് ബദര്‍ പള്ളിയില്‍ ഉമര്‍ സീതിക്കോയ തങ്ങള്‍ അരീക്കോട്, അകലാട് ജുമാഅത്ത് പള്ളിയില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍, അകലാട് കാട്ടിലെപള്ളിയില്‍ മുഹമ്മദ് മുസ്ലിയാര്‍ അകലാട് ഖാദിരിയ്യ മസ്ജ്ദില്‍ മുഹമ്മദ് മുസ്ലിയാര്‍ എരമംഗലം, മന്ദലാംകുന്ന് ജുമാഅത്ത് പള്ളിയില്‍ എം.വി കുഞ്ഞിമുഹമ്മദ് മൗലവി, അണ്ടത്തോട് ജുമാഅത്ത് പള്ളിയില്‍ മുഹമ്മദ് അഷ്റഫി, അണ്ടത്തോട് തഖ്വ മസ്ജിദില്‍ അബ്ദുല്ല ബാഖവി, തങ്ങള്‍പ്പടി ജുമാമസ്ജിദില്‍ ഹുസൈന്‍ അഷറഫി, അണ്ടത്തോട് ബീച്ച് മസ്ജിദില്‍ അബൂബക്കര്‍ ഖാസിമി എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍: തൈക്കാട് ജുമാമസ്ജിദില്‍ ഖതീബ് ഷാഫി ദാരിമി പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. ഗുരുവായൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ ഹാജി അബ്ദുല്‍ ഖാദര്‍ ദാരിമിയുടെ നേതൃത്വത്തിലായിരുന്നു നമസ്കാരം. ചൂല്‍പുറം ജുമാമസ്ജിദില്‍ മുജീബ് റഹ്മാന്‍ ലത്തീഫിയും അരിയന്നൂര്‍ ജുമാമസ്ജിദില്‍ അബ്ദുല്‍ റഊഫും നമസ്കാരത്തിന് നേതൃത്വം നല്‍കി. കുന്നംകുളം: ടൗണ്‍ ജുമാമസ്ജിദില്‍ നടന്ന ഈദ്ഗാഹിന് സലീം മമ്പാടും, കേച്ചേരി അല്‍ ഇസ്ലാഹ് സ്കൂള്‍ ഗ്രൗണ്ടില്‍ നഹ്മത്തുല്ലയും പെരുമ്പിലാവ് അന്‍സാര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഈദ് ഗാഹിന് ശാക്കീര്‍ വി. മൂസയും നേതൃത്വം നല്‍കി. വടുതല ഉള്ളിശേരി ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുല്‍ അസീസ് മൗലവി, മുതുവമ്മല്‍ ജുമാമസ്ജിദില്‍ യൂസഫ് സഅദി, ചമ്മന്നൂര്‍ ജുമാമസ്ജിദില്‍ അലി ദാരിമി, കുന്നംകുളം ടൗണ്‍ സുന്നി ജുമാമസ്ജിദില്‍ അബ്ദുസ്സമദ് ഫൈസി എന്നിവരും നേതൃത്വം നല്‍കി. പെരുമ്പിലാവ് സലഫി മസ്ജിദുല്‍ ഫുര്‍ഖാന്‍െറ നേതൃത്വത്തില്‍ മസ്ജിദ് പരിസരത്ത് നടന്ന ഈദ് ഗാഹില്‍ നമസ്കാരത്തിനും ഖുതുബക്കും നൂറുല്‍ ഹഖ് മൗലവി നേതൃത്വം നല്‍കി. പുന്നയുര്‍ക്കുളം: വന്ദേരി ഹൈസ്കൂള്‍ അങ്കണത്തില്‍ ഈദ്ഗാഹിന് നസീര്‍ എരമംഗലം നേതൃത്വം നല്‍കി. ആല്‍ത്തറ നെസ്റ്റ് കോളജ് പരിസരത്ത് ഈദ്ഗാഹിന് ജാഫര്‍ സലഫിയും ചമ്മന്നൂര്‍ അമല്‍ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ സൈനുദ്ദീന്‍ മൗലവിയും വടക്കേകാട് നാലാംകല്ല് എം ആന്‍ഡ് ടി ഹാള്‍ അങ്കണത്തില്‍ ലുഖ്മാന്‍ മൗലവിയും നേതൃത്വം നല്‍കി. |
കോബേനില്‍ ഐ.എസും കുര്‍ദ് സൈന്യവും തമ്മില്‍ തെരുവ് യുദ്ധം Posted: 06 Oct 2014 10:37 PM PDT ബഗ്ദാദ്: തുര്‍ക്കി അതിര്‍ത്തിയുടെ അടുത്ത പട്ടണമായ കോബേന്‍ കയ്യടക്കിയ ഐ.എസ് തീവ്രവാദികളും കുര്‍ദ് സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നു. കൊബേനിനടുത്ത മൂന്ന് മേഖലകള്‍ ഐ.എസ് കൈയ്യടക്കിയിട്ടുണ്ട്. തെരുവ് യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ടായിരത്തോളം സിവിലിയന്‍മാരാണ് പലായനം ചെയ്തത്. തിങ്കളാഴ്ചയാണ് കിഴക്കന്‍ മേഖലയിലേക്ക് കടന്ന ഐ.എസ് പ്രദേശത്തെ കെട്ടിടങ്ങളിലും കുന്നിനും മുകളിലും ഐ.എസ് പതാക ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് കുര്‍ദുകളോട് ഒഴിയാന്‍ അറിയിച്ചിട്ടുണ്ടെന്ന് കുര്‍ദ് സൈനിക വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. |
ഇബ്രാഹീം നബിയുടെ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു Posted: 06 Oct 2014 10:31 PM PDT കല്‍പറ്റ: പ്രിയപ്പെട്ടതെന്തും ദൈവത്തിന്‍െറ മാര്‍ഗത്തില്‍ ത്യജിക്കാന്‍ തയാറായ ഇബ്രാഹീം നബിയുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഹാളുകളിലുമായി ഈദ് നമസ്കാരം നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ നമസ്കാരത്തില്‍ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ ഈദ്ഗാഹുകള്‍ ഹാളുകളിലാണ് നടന്നത്. നമസ്കാരത്തിന് ശേഷം ഉടന്‍ തന്നെ പള്ളികള്‍ കേന്ദ്രീകരിച്ച് ബലികര്‍മം നടന്നു. ബലി മാംസം ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിതരണം ചെയ്തു. കല്‍പറ്റ വലിയ പള്ളിയില്‍ ഇമാം സലീം മൗലവി പെരുന്നാള്‍ സന്ദേശം നല്‍കി. എം.സി.എഫ് പബ്ളിക് സ്കൂളില്‍ നടന്ന ഈദ്ഗാഹിന് കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നേതൃത്വം നല്‍കി. രാഷ്ട്രത്തിന്‍െറയും സമൂഹത്തിന്‍െറയും പുന$സൃഷ്ടിക്ക് ത്യാഗസന്നദ്ധരാവാനും മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എന്‍.എം ഈദ്ഗാഹ് കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. അബ്ദുല്‍റസാഖ് സലഫി എടവണ്ണ നേതൃത്വം നല്‍കി. കല്‍പറ്റ മസ്ജിദുല്‍ ഫലാഹില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഖുതുബ നിര്‍വഹിച്ചു. പിണങ്ങോട് ഐഡിയല്‍ കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ഈദ്ഗാഹിന് നാസര്‍ മൗലവി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ മാനന്തവാടി മിസ്ബ കോംപ്ളക്സില്‍ നടന്ന ഈദ്ഗാഹിന് അബ്ദുല്ല ദാരിമി നേതൃത്വം നല്‍കി. താഴെയങ്ങാടി ന്യൂമാന്‍സ് കോളജില്‍ നടന്ന ഈദ്ഗാഹിന് അന്‍വര്‍ സുല്ലമി നേതൃത്വം നല്‍കി. പാണ്ടിക്കാട് ജുമാ മസ്ജിദില്‍ ജാഫര്‍ ബാഖഫിയും മാനന്തവാടി ടൗണ്‍ പള്ളിയില്‍ മമ്മുട്ടി നിസാമിയും തവിഞ്ഞാല്‍ 44ല്‍ ഉസ്മാന്‍ സഖാഫിയും നമസ്കാരത്തിന് നേതൃത്വം നല്‍കി. തലപ്പുഴ ചുങ്കത്ത് ഉമ്മര്‍ ദാരിമി, തലപ്പുഴ ടൗണ്‍ ജുമാ മസ്ജിദില്‍ അബ്ദുറഹ്മാന്‍ അമാനി എന്നിവരും നേതൃത്വം നല്‍കി. |
ആഘോഷത്തിന്‍െറ ‘പെരും’നാള്‍ Posted: 06 Oct 2014 10:28 PM PDT മലപ്പുറം: ദൈവസമര്‍പ്പിത ജീവിതത്തിനായി ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍െറ മാതൃക ഒരിക്കല്‍കൂടി അനുസ്മരിച്ച് നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ പുലരി മുതല്‍ തക്ബീര്‍ ധ്വനികളുയര്‍ന്നുതുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി ഈദ്ഗാഹില്‍ പങ്കുചേര്‍ന്നു. പ്രളയദുരിതം പേറുന്ന കശ്മീര്‍ ജനതയോടും ഗസ്സയിലും മറ്റും യുദ്ധക്കെടുതി അനുഭവിക്കുന്ന നിരപരാധികളോടും ഐക്യദാര്‍ഢ്യപ്പെട്ട് ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി മാതൃകയാകാന്‍ പെരുന്നാള്‍ ഖുതുബയില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു. പെരുന്നാള്‍ നമസ്കാരാനന്തരം ഒട്ടേറെ കേന്ദ്രങ്ങളില്‍ ബലികര്‍മം നടന്നു. കുടുംബങ്ങളിലും അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും മാംസവിതരണം നടത്തി. തുടര്‍ന്ന് കുടുംബ സന്ദര്‍ശനവും സുഹൃദ് സന്ദര്‍ശനവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയാണ് ആഘോഷം കേമമാക്കിയത്. കോട്ടപ്പടി സ്റ്റേഡിയം ഗ്രൗണ്ടിലെ സംയുക്ത ഈദ്ഗാഹില്‍ മൗലവി സമീര്‍ വടുതല, വാഴക്കാട് ഐഡിയല്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി, മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തുടങ്ങിയവര്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. വൈകീട്ട് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴപെയ്തത് കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുള്ള വിനോദയാത്രാ പരിപാടികള്‍ക്ക് ചെറിയ മങ്ങലേല്‍പ്പിച്ചു. മഞ്ചേരി: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ അബ്ദുല്‍ ലത്തീഫ് ബസ്മല ഈദ്ഗാഹിന് നേതൃത്വം നല്‍കി. മഞ്ചേരി വി.പി ഹാളില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ടി.കെ. അഷ്റഫ് നമസ്കാരത്തിന് നേതൃത്വം നല്‍കി. മഞ്ചേരി ചുള്ളക്കാട് സ്കൂള്‍ മൈതാനിയില്‍ ഈദ്ഗാഹിന് അബ്ദുറഹ്മാന്‍ ഫാറൂഖിയും പയ്യനാട് എം.ഇ.ടി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിന് അബൂബക്കര്‍ കാരകുന്നും നേതൃത്വം നല്‍കി. സംയുക്ത ഈദ്ഗാഹ് പൊന്നാനി ഹാര്‍ബറില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നു പൊന്നാനി: ഐക്യത്തിന്‍െറ സന്ദേശം വിളച്ചോതി പൊന്നാനിയില്‍ ഇത്തവണയും സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു. പുലര്‍ച്ചെ കാര്‍മേഘങ്ങളുണ്ടായെങ്കിലും രാവിലെ ഏഴോടെ തെളിഞ്ഞ മാനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പൊന്നാനി ഫിഷിങ് ഹാര്‍ബറിലെ സംയുക്ത ഈദ്ഗാഹില്‍ പങ്കെടുക്കാനത്തെിയത്. ജമാഅത്തെ ഇസ്ലാമി-മുജാഹിദ് വിഭാഗങ്ങള്‍ സംയുക്തമായാണ് ഇത്തവണയും പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ഈദ്ഗാഹ് ഒരുക്കിയത്. പതിനയ്യായിരത്തിലധികം പേര്‍ ഈദ്ഗാഹിലത്തെി. ഇത് ഏഴാം തവണയാണ് ഫിഷിങ് ഹാര്‍ബറില്‍ സംയുക്ത ഈദ്ഗാഹ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി പ്രതിനിധി പി.കെ. ജമാല്‍ ആണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കി ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാവിലെ ഏഴരക്ക് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന നമസ്കാരം വിശ്വാസികളുടെ നിലക്കാത്ത പ്രവാഹത്താല്‍ 20 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. രാവിലെ നേരത്തെതന്നെ ഈദ്ഗാഹുകളിലും പള്ളികളിലും വിശ്വാസികള്‍ ഒഴുകിയത്തെി. പെരുന്നാള്‍ നമസ്കാരത്തിനായി ഈദ്ഗാഹുകളിലും പള്ളികളിലും വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. |
സൈറ നുജുമുദ്ദീന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സിയുടെ അന്ത്യശാസനം Posted: 06 Oct 2014 10:22 PM PDT കായംകുളം: കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കണമെന്ന് സൈറ നുജുമുദ്ദീന് ഡി.സി.സി നേതൃത്വത്തിന്‍െറ അന്ത്യശാസനം. ചൊവ്വാഴ്ച ഉച്ചക്കുമുമ്പ് രാജി സമര്‍പ്പിക്കണമെന്നുള്ള ഡി.സി.സിയുടെ രേഖാമൂലമുള്ള നിര്‍ദേശം തിങ്കളാഴ്ച വൈകുന്നേരം ജനറല്‍ സെക്രട്ടറി എം.എം. ബഷീര്‍ വീട്ടിലത്തെി സൈറക്ക് കൈമാറി. തുടര്‍ന്ന് പാര്‍ട്ടി നിലപാട് സൈറയെ ബോധ്യപ്പെടുത്താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി.ആര്‍. ജയപ്രകാശ്, അഡ്വ. ബി. ബാബുപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി എന്നിവര്‍ സൈറയെ വീട്ടിലത്തെി കണ്ട് സംസാരിച്ചു. എന്നാല്‍, കരാര്‍പ്രകാരം ജനുവരി 31 വരെ കാലാവധിയുള്ള താന്‍ ഈ മാസം 31ന് രാജിവെക്കാന്‍ തയാറാണെന്ന് സൈറ നുജുമുദ്ദീന്‍ നേതാക്കളോട് വ്യക്തമാക്കി. കഴിഞ്ഞ രണ്ടുതവണ സ്ഥാനം വഹിച്ച ചെയര്‍പേഴ്സണ്‍മാരോട് സ്വീകരിക്കാത്ത സമീപനമാണ് ന്യൂനപക്ഷ വിഭാഗക്കാരിയായ തന്നോട് പാര്‍ട്ടി നേതൃത്വം കാട്ടുന്നതെന്ന വിവരവും ഇവര്‍ ധരിപ്പിച്ചു. കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടുമാസം കൂടി അധികമായി ഭരിച്ചിട്ടും ഒരു നോട്ടീസും അന്നിരുന്ന ചെയര്‍പേഴ്സണ്‍മാര്‍ക്ക് നല്‍കിയില്ല. അന്നില്ലാത്ത ജാഗ്രത പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ കാട്ടുന്നത് ശരിയായ സമീപനമല്ല. ഈ സാഹചര്യത്തില്‍ 31ന് മുമ്പ് രാജിവെക്കില്ളെന്നും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുശേഷം രാജിവെക്കാന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പിന്‍െറ അവിശ്വാസം നേരിടാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി. ഇതേ നിലപാടിലുള്ള മറുപടിയാണ് ഡി.സി.സി പ്രസിഡന്‍റിനും രേഖാമൂലം നല്‍കിയിട്ടുള്ളത്. നഗരസഭാ ചെയര്‍പേഴ്സണിന്‍െറ രാജിവിഷയം വഷളായതോടെ ചൊവ്വാഴ്ച വൈകുന്നേരം അടിയന്തര പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കാനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള കത്ത് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി. ഡി.സി.സി ഭാരവാഹികളായ കോശി എം. കോശി, എന്‍. രവി എന്നിവര്‍ക്കാണ് യോഗത്തിന്‍െറ ചുമതല നല്‍കിയിരിക്കുന്നത്. |
തരൂരിന്‍െറ മോദി സ്തുതി: തീരുമാനം നാളെയെന്ന് ചെന്നിത്തല Posted: 06 Oct 2014 09:55 PM PDT കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ വക്താവും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസിന്‍െറ തീരുമാനം നാളെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശശി തരൂര്‍ നിരവധി തവണ മോദിയെ പ്രശംസിച്ച് സംസാരിച്ചു. ഇത് കോണ്‍ഗ്രസിന് ചേര്‍ന്നതല്ല. തരൂരിന്‍്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. മോദിയുടെയും ആര്‍.എസ്.എസിന്‍്റെയും അജണ്ട ഒരു കോണ്‍ഗ്രസുകാരനും പിന്തുണക്കേണ്ടതില്ളെന്നും മന്ത്രി പറഞ്ഞു. വിവാദം സംബന്ധിച്ച് കെ.പി.സി.സിയുടെ തീരുമാനം നാളെയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു. മോദി മാറിയെന്നും ഇപ്പോള്‍ മറ്റൊരു മോദിയെയാണ് കാണുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ആധുനികതയുടെയും പുരോഗതിയുടെയും അവതാരമാണ് മോദിയെന്നും തരൂര്‍ പറഞ്ഞിരുന്നു. തുര്‍ന്ന് മോദിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാവാനുള്ള ക്ഷണം തരൂര്‍ സ്വീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക വക്താവ് തന്നെ മോദിയെ അനുകൂലിച്ചത് കടുത്ത അമര്‍ഷമാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം.ഹസന്‍, എം.ലിജു തുടങ്ങിയവര്‍ തരൂരിനെതിരെ രംഗത്തുവന്നിരുന്നു |
ട്രെയിലറുകള്‍ക്കിടയില്‍ വാഹനം ഞെരിഞ്ഞമര്‍ന്ന് മലയാളി മരിച്ചു Posted: 06 Oct 2014 09:45 PM PDT ദോഹ: ട്രെയിലറുകള്‍ക്കിടയില്‍പ്പെട്ട് വാഹനം ഞെരിഞ്ഞമര്‍ന്ന് മലയാളി മരിച്ചു. വെള്ളിയാഴ്ച രാത്രി തുമാമയിലുണ്ടായ അപകടത്തില്‍ കൊല്ലം കാവനാട് മുക്കാട് ധന്യ നിവാസില്‍ ജോസഫിന്‍െറ മകന്‍ പ്രജോ (26) ആണ് മരിച്ചത്. രാത്രി പതിനൊന്നോടെയായിരുന്നു അപകടം. പ്രജോ സഞ്ചരിച്ചിരുന്ന കാര്‍ രണ്ട് ട്രെയിലറുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമരുകയായിരുന്നു. തല്‍ക്ഷണം മരിച്ച പ്രജോയെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ട്രയിലറുകള്‍ നീക്കി വാഹനത്തില്‍നിന്ന് പുറത്തെടുത്തത്. മുന്നില്‍ പോയ ട്രെയിലര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിന്നില്‍ വന്ന ട്രെയിലര്‍ പ്രജോയുടെ കാറും ചേര്‍ത്ത് മുന്നിലെ ട്രെയിലറില്‍ ഇടിച്ചമര്‍ത്തുകയായിരുന്നു. ദോഹയിലെ ബൂം ജനറല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായ പ്രിജോ ഏഴു വര്‍ഷമായി ഖത്തറിലുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ഭാര്യ ജാനറ്റ്. ഭാര്യയെ 23ന് ദോഹയിലേക്ക് കൊണ്ടുവരാനായി ടിക്കറ്റ് എടുത്തിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രിയിലെ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ പത്തിന് മുക്കാട് ഹോളി ഫാമിലി പള്ളിയില്‍ നടക്കും. ഇന്ന് രണ്ടിന് ഹമദ് മോര്‍ച്ചറിയില്‍ പ്രാര്‍ഥന നടക്കും. |
സ്വര്‍ണവില കുറഞ്ഞു; ജ്വല്ലറികളില്‍ വന്‍ തിരക്ക് Posted: 06 Oct 2014 09:32 PM PDT മസ്കത്ത്: സ്വര്‍ണവില കുത്തനെ താഴ്ന്നതോടെ ഒമാനിലെ ജ്വല്ലറികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഒരു ഗ്രാം സ്വര്‍ണത്തിന് 14 റിയാല്‍ 700 ബൈസയാണ് തിങ്കളാഴ്ച ഒമാനിലെ ജ്വല്ലറികള്‍ ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായ നിരക്കത്തെിയിരുന്നെങ്കിലും ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമാണ് ഈ നിരക്ക് ലഭിച്ചിരുന്നത്. സ്വര്‍ണവില കുറഞ്ഞതോടെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി സ്വര്‍ണ വില കുറഞ്ഞുവരുകയായിരുന്നു. പെരുന്നാളിന് നീണ്ട അവധി ലഭിച്ചതും സ്വര്‍ണക്കടകളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഡോളര്‍ ശക്തിപ്രാപിച്ചതും ഷെയര്‍ മാര്‍ക്കറ്റ് ശക്തമായതുമാണ് വില കുറയാന്‍ കാരണമെന്ന് മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ നജീബ് പറഞ്ഞു. സ്വര്‍ണവില കുറഞ്ഞതും പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചതും തങ്ങളുടെ ജ്വല്ലറിയില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായതായും അദ്ദേഹം പറഞ്ഞു. സ്വര്‍ണവില കുറഞ്ഞതു കാരണം കഴിഞ്ഞ ഒരാഴ്ചയായി ജ്വല്ലറിയില്‍ നല്ല തിരക്കാണെന്ന് ദുബൈ ഗോള്‍ഡ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ബഷീര്‍ അഹമ്മദ് പറഞ്ഞു. സ്വര്‍ണവില കുറഞ്ഞതോടെ ബാങ്കില്‍ നിക്ഷേപമുള്ള പലരും പണം പിന്‍വലിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതായും ഇതും കടകളിലെ തിരക്കിന് കാരണമായതായും അദ്ദേഹം പറഞ്ഞു. വില ഇനിയും കുറഞ്ഞേക്കാമെന്നും 14. 500 വരെ എത്താന്‍ സാധ്യതയുണ്ടെന്നുംബഷീര്‍ അഹമ്മദ് പറഞ്ഞു. ഇപ്പോള്‍ സ്വര്‍ണത്തിന് മികച്ച നിരക്കാണ് ലഭിക്കുന്നതെന്ന് എലൈറ്റ് ജ്വല്ലറി മാനേജര്‍ രാജു ചാക്കോ പറഞ്ഞു. ഇനി സ്വര്‍ണവില കൂടാനാണ് സാധ്യത. പെരുന്നാള്‍ അവധിക്കാലമായതിനാല്‍ കടയില്‍ നല്ല തിരക്കായിരുന്നു. അവധി ആയതിനാല്‍ ഒമാന്‍െറ ഉള്‍ഭാഗത്തുനിന്ന് നിരവധി പേര്‍ റൂവിയില്‍ എത്തുന്നുണ്ട്. ഈ തിരക്ക് ശനിയാഴ്ച വരെ തുടരാനാണ് സാധ്യത. ദീപാവലി കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ഫെസ്റ്റിവല്‍ മൂഡിലാണ്. ഡിസംബറില്‍ നാട്ടില്‍ പോവുന്നവരും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. വില പരമാവധി കുറഞ്ഞു എന്ന ധാരണ വന്നതോടെയാണ് പലരും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ഈ മാസം മൂന്നു മുതല്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ 50 റിയാലിന്‍െറ സ്വര്‍ണം വാങ്ങുമ്പോഴും കൂപ്പണുകള്‍ ലഭിക്കുന്നുണ്ട്. ഓരോ നാലു ദിവസത്തില്‍ നടന്ന നറുക്കെടുപ്പില്‍ കാല്‍ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 300 റിയാലിന്‍െറ ഡയമണ്ട് വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണ നാണയം സമ്മാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010 ജൂലൈയില്‍ സമാനമായ നിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു. 2011 ഒക്ടോബറില്‍ സ്വര്‍ണവില ഉയര്‍ന്ന് ഗ്രാമിന് 23 റിയാല്‍ വരെ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ് തിങ്കളാഴ്ച 14.700 വരെ എത്തുകയായിരുന്നു. |
സ്വര്‍ണവില പവന് 120 രൂപ കൂടി Posted: 06 Oct 2014 09:00 PM PDT കൊച്ചി: സ്വര്‍ണവില കൂടി. പവന് 120 രൂപ വര്‍ധിച്ച് 20,200 രൂപയായി. സ്വര്‍ണം ഗ്രാമിന് 15 രൂപ കൂടി 2,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണം പവന് 22,080 രൂപയും ഗ്രാമിന് 2,510 രൂപയുമായിരുന്നു. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1.89 ഡോളര്‍ കുറഞ്ഞ് 1,190.31 ഡോളറിലത്തെി. |
യു.എ.ഇക്കെതിരായ പ്രസ്താവന: യു.എസ് വൈസ് പ്രസിഡന്‍റ് മാപ്പു പറഞ്ഞു Posted: 06 Oct 2014 08:44 PM PDT അബൂദബി: യു.എ.ഇക്കെതിരായി നടത്തിയ പ്രസ്താവന പിന്‍വലിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മാപ്പുപറഞ്ഞു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ ടെലിഫോണില്‍ വിളിച്ചാണ് ബൈഡന്‍ ഖേദം പ്രകടിപ്പിച്ചത്. സിറിയയിലെ തീവ്രവാദികള്‍ക്ക് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ സഹായം നല്‍കിയെന്ന ബൈഡന്‍െറ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഖേദ പ്രകടനം. ബൈഡന്‍െറ പ്രസ്താവന അമ്പരപ്പുളവാക്കുന്നതാണെന്നും ഇതിനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടിരുന്നു. ഖേദപ്രകടനം നടത്തിയ വാര്‍ത്ത ബൈഡന്‍െറ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതില്‍ യു.എ.ഇയുടെ ചരിത്രപരമായ പങ്കാളിത്തത്തെ അമേരിക്ക വിലമതിക്കുന്നതായി ശൈഖ് മുഹമ്മദുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ജോ ബൈഡന്‍ അഭിപ്രായപ്പെട്ടതായി യു.എ.ഇയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. അമേരിക്കയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന മികച്ച ഉഭയകക്ഷി ബന്ധം അനുസ്മരിച്ച അദ്ദേഹം ഭാവിയിലും സഹകരണം തുടരണമെന്ന് അഭിപ്രായപ്പെട്ടു. ഭീകര സംഘടനകളെ നേരിടുന്നതിന് ഇരുരാജ്യങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഭീകര സംഘടനകളെ തുടച്ചുനീക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കാനും അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ ഫോറത്തില്‍ സംസാരിക്കവെയാണ് ജോ ബൈഡന്‍െറ വിവാദ പ്രസ്താവനയുണ്ടായത്. തുര്‍ക്കി, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അമേരിക്കന്‍ സഖ്യ രാജ്യങ്ങള്‍ അസദ് ഭരണകൂടത്തിനെതിരെ പൊരുതുന്ന സിറിയന്‍ സുന്നി വിമതര്‍ക്ക് പണവും ആയുധങ്ങളും നല്‍കി സഹായിക്കുന്നുവെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ കടുത്ത ഭാഷയിലാണ് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പ്രതികരിച്ചത്. ഭീകരവാദത്തിനെതിരെ യു.എ.ഇ സ്വീകരിച്ച കടുത്ത നിലപാടുകളും നടപ്പാക്കിയ കടുത്ത നടപടികളും മറന്നാണ് ബൈഡന്‍ അഭിപ്രായ പ്രകടനം നടത്തിയത്. യു.എ.ഇയെക്കുറിച്ച് മോശം ചിത്രം സൃഷ്ടിക്കാനേ പ്രസ്താവന ഉപകരിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രസ്താവന വിവാദമായതോടെ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനോടും ബൈഡന്‍ ക്ഷമാപണം നടത്തിയിരുന്നു. |
അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു Posted: 06 Oct 2014 08:39 PM PDT ശ്രീനഗര്‍:അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ, രജോരി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെപ്പ് തുടരുന്നത്. തിങ്കളാഴ്ച രാത്രി നിയന്ത്രണ രേഖയിലെ 40 ഓളം ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയതായി ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ മൂന്നു ഗ്രാമീണര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് അതിര്‍ത്തി നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന ഷെല്ലാക്രമണം തുടങ്ങിയത്. തിങ്കളാഴ്ചയും തുടര്‍ന്ന ഷെല്ലാക്രമണത്തിലും വെടിവെപ്പിലും അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. |
അമേരിക്കാനാ ഇറച്ചിയില്‍ അണുബാധ; ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് Posted: 06 Oct 2014 08:33 PM PDT കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉപയോഗിക്കുന്ന ‘അമേരിക്കാനാ’ ഇറച്ചിയില്‍ അണുബാധ കണ്ടത്തെിയതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്‍െറ കീഴിലുള്ള ഫുഡ് ആന്‍റ് ന്യൂട്രീഷ്യന്‍ വിഭാഗമാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. പ്രമുഖ കാറ്ററിങ് കമ്പനിക്ക് നല്‍കിയ ലാബ് പരിശോധനാ റിപ്പോര്‍ട്ടിലാണ് അണുബാധ കണ്ടത്തെിയതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇറക്കുമതി ചെയ്യുന്ന നുറുക്കിയ കീമയിലാണ് സാല്‍മൊണെല്ല ജി എന്ന അണുബാധ കണ്ടത്തെിയത്. വിവിധ മന്ത്രാലയങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കരാര്‍ കമ്പനിയോടാണ് അണുബാധയുള്ള ഇറച്ചി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. സാല്‍മൊണെല്ല ജി അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനം അതിസാരത്തിനും ടൈഫോയ്ഡിനും കാരണമാകും. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജംഇയ്യകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഉല്‍പന്നം പിന്‍വലിച്ചിട്ടുണ്ട്. |
‘ഇതാകുന്നു ബഹ്റൈന്‍’ ബര്‍ലിനിലും Posted: 06 Oct 2014 08:24 PM PDT മനാമ: രാജ്യത്തിന്‍െറ വികസന നേട്ടങ്ങളും പരസ്പര സൗഹാര്‍ദവും പ്രതിഫലിപ്പിക്കുന്ന ‘ഇതാകുന്നു ബഹ്റൈന്‍’ പരിപാടി ബര്‍ലിനിലും. സാമൂഹികക്ഷേമകാര്യ മന്ത്രാലയമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഫോറിന്‍ കമ്മ്യൂണിറ്റീസ് യൂനിയന്‍ അറബ്-ജര്‍മന്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ബഹ്റൈനില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദം, വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ അവബോധം സൃഷ്ടിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. സമാനമായ പരിപാടി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ സംഘടിപ്പിച്ചിരുന്നു. സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം സമൂഹത്തിന്‍െറ ഉന്നമനത്തിനും വളര്‍ച്ചക്കുമായി ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പ്രദര്‍ശനവുമുണ്ടായിരുന്നു. അറബി ഇംഗ്ളീഷ് ഭാഷകളിലുള്ള ബ്രോഷറുകളും ലീഫ്ലെറ്റുകളൂം വിതരണം ചെയ്തു. സാമൂഹിക സംഘടനകള്‍ക്ക് മന്ത്രാലയം ചെയ്തുകൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങള്‍ മെച്ചപ്പെട്ടതാണെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ എന്‍.ജി.ഒ സപ്പോര്‍ട്ട് വിദഗ്ധ ഡോ. ലതീഫ അല്‍മന്നാഇ വിശദീകരിച്ചു. 2006ലാണ് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം എന്‍.ജി.ഒ സപ്പോര്‍ട്ട് സെന്‍റര്‍ സ്ഥാപിച്ചത്്. രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ എന്‍.ജി.ഒകള്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് സെന്‍റര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായും അവര്‍ വ്യക്തമാക്കി. സിവില്‍ സമൂഹത്തില്‍ നിന്നുള്ള ധാരാളം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. |
'പുരക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും..': തരൂരിനെതിരെ വീക്ഷണം മുഖപ്രസംഗം Posted: 06 Oct 2014 08:02 PM PDT കൊച്ചി: ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നടത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം. 'പുരക്ക് മീതെ ചാഞ്ഞാല്‍ പൊന്‍മരവും' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് തരൂരിനെ പേരെടുത്ത് പറയാതെ വീക്ഷണം വിമര്‍ശിച്ചത്. സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്നതിനേക്കാള്‍ മ്ലേഛവും അശ്ലീലവുമാണ് സ്വന്തം കിടപ്പറയിലിരുന്ന് ജാരനുനേരെ കടക്കണ്ണെറിയുന്നത് എന്ന് പറഞ്ഞാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. മോദി ഫാന്‍സ് സംഘടനയില്‍ അംഗത്വമെടുക്കാന്‍ തിരക്ക് കൂട്ടുന്നവരില്‍ ഇത്തരം ആള്‍ക്കാര്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് ട്വിറ്ററില്‍ മോദിക്ക് വേണ്ടി പ്രണയഗീതങ്ങള്‍ രചിക്കുകയാണ്. ഇത്തരക്കാരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണ്. പൊന്‍മരമായാലും പുരക്ക് ചാഞ്ഞാല്‍ വെട്ടണം; അല്ലെങ്കില്‍ കമ്പിയിട്ട് കെട്ടണം. ഒരു തെരഞ്ഞെടുപ്പ് പരാജയം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഈ വിശുദ്ധ പശുക്കള്‍ എത്രകാലം കോണ്‍ഗ്രസിന്‍െറ കൂടെയുണ്ടാകും. ഇവരെ ബി.ജെ.പിയുടെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാകും എന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. വിദേശ പാണ്ഡിത്യത്തിന്‍െറ അവസാന വാക്ക് തങ്ങളാണെന്ന് ധരിക്കുന്ന ഇവര്‍ കോണ്‍ഗ്രസിലിരുന്ന് ബി.ജെ.പിയുടെ ക്യാമ്പ് സെലക്ഷന് വേണ്ടി പരിശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നും മുഖപ്രസംഗം പരിഹസിക്കുന്നു. പറ്റിയ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പുരനിറഞ്ഞുനില്‍ക്കുന്ന ഇത്തരക്കാരെ കെട്ടിച്ചയക്കുന്നതാകും ഉചിതം എന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്. ശശി തരൂരിന്‍െറ ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. താന്‍ ബി.ജെ.പി അനുകൂലിയാണെന്ന് വരുത്തിത്തീര്‍ക്കുന്നത് വിഷമിപ്പിക്കുന്നു എന്ന് തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. |
മല്‍സര മനസ്സില്ലാതെ ഇനി പ്രീജ Posted: 06 Oct 2014 07:10 PM PDT Subtitle: 'ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതല്ളേ ഈ ഓട്ടം, 20 വര്‍ഷമായി, ഇനിയൊന്ന് റെസ്റ്റ് എടുക്കട്ടെ -പുഞ്ചിരി തൂവിക്കൊണ്ട് പ്രീജ പറഞ്ഞു. പാലക്കാട്: ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ ഇനി പരിശീലനങ്ങളും മത്സരങ്ങളുമൊഴിഞ്ഞ വീടിന്‍െറ ശാന്തതയിലേക്ക്. ‘ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതല്ളേ ഈ ഓട്ടം, 20 വര്‍ഷമായി, ഇനിയൊന്ന് റെസ്റ്റ് എടുക്കട്ടെ -പുഞ്ചിരി തൂവിക്കൊണ്ട് പ്രീജ പറഞ്ഞു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത്, പാലക്കാട് റെയില്‍വേ കോളനിയിലെ ക്വാര്‍ട്ടേഴ്സില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രീജ തിരിച്ചത്തെിയത്. വിരമിക്കല്‍ തീരുമാനം ആലോചിച്ചെടുത്തതാണെന്ന് അവര്‍ പറഞ്ഞു. ‘ദൈവം സഹായിച്ച് ഒത്തിരി ചെയ്യാന്‍ പറ്റി, ഈ നിലയില്‍ എത്താന്‍ പറ്റി, ഇതില്‍ സംതൃപ്തയാണ്’ -പ്രീജ പറഞ്ഞു. വര്‍ഷങ്ങളായി വീട്ടിലും നാട്ടിലും ഒരുവിധ ചടങ്ങുകളിലും മനസ്സൊഴിഞ്ഞ് കൂടാന്‍ പറ്റിയിട്ടില്ലായിരുന്നു. നീണ്ട പരിശീലനങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമിടയില്‍ കിട്ടുന്ന ഏതാനും ഒഴിവുദിനങ്ങള്‍ മാത്രമായിരുന്നു ആകെയുണ്ടായിരുന്നത്. 2012ലാണ് കല്യാണം കഴിഞ്ഞത്. ഇതിനുശേഷവും തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ദീപുവേട്ടനും (ഭര്‍ത്താവ് ഡോ. ദീപക്) അമ്മയും നല്ല സപ്പോര്‍ട്ടീവാണ്. ഇതുകൊണ്ടാണ് ഇത്രയും മുന്നോട്ടുപോകാനായത്. ഇനി കുടുംബകാര്യങ്ങളില്‍ പൂര്‍ണമായും ശ്രദ്ധിക്കണമെന്നാണ് ആഗ്രഹം -പ്രീജ മനസ്സുതുറന്നു. നാലുമാസം കഴിഞ്ഞ് കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുത്തശേഷം ട്രാക്കിനോട് പൂര്‍ണമായും വിടപറയും. 10,000 മീറ്ററില്‍ മത്സരിക്കും. 5,000ത്തില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല. ഇതിനുമുമ്പ് ഒരിക്കല്‍കൂടി ഡല്‍ഹി മാരത്തണില്‍ പങ്കെടുക്കണമെന്നും ആഗ്രഹമുണ്ട്. കഴിഞ്ഞ തവണ താനായിരുന്നു മാരത്തണില്‍ ഒന്നാമതത്തെിയത്. ഏതായാലും ഇനി ദേശീയ ഗെയിംസിനുള്ള ക്യാമ്പിലേക്കില്ല. പകരം ബംഗളൂരു സായ് സെന്‍ററില്‍ സ്വന്തം നിലയില്‍ പ്രാക്ടീസ് ചെയ്യണമെന്നാണ് ആഗ്രഹം. വിരമിച്ചതിനുശേഷം പാവപ്പെട്ട താരങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്ന് പ്രീജ പറഞ്ഞു. താന്‍ ഒരുപാട് കഷ്ടപ്പെട്ട് വന്നതല്ളേ, അതേപോലെ കഷ്ടപ്പെടുന്ന കുട്ടികളെ കൈപിടിച്ചുകയറ്റണമെന്നത് ഉള്ളിലുള്ള മോഹമാണ്. ഇതിനായി എന്തുചെയ്യാനാവുമെന്ന് കാര്യമായി ആലോചിക്കുന്നുണ്ട്. 12 വര്‍ഷം മുമ്പാണ് റെയില്‍വേയില്‍ ചേര്‍ന്നതെങ്കിലും മത്സരത്തിരക്കില്‍ ഇതുവരെയും ഓഫിസില്‍ പോയിട്ടില്ല. റെയില്‍വേയും സഹപ്രവര്‍ത്തകരും തനിക്ക് തന്ന പിന്തുണ അളവറ്റതാണ്. ഇപ്പോള്‍ പാലക്കാട് ഡിവിഷനല്‍ ഓഫിസില്‍ കമേഴ്സ്യല്‍ ബ്രാഞ്ചില്‍ ചീഫ് ഓഫിസ് സൂപ്രണ്ടായ തനിക്ക് തിരക്കുകളൊഴിഞ്ഞ് ഓഫിസില്‍ പോവണമെന്നുണ്ട്. ദേശീയ ഗെയിംസിനുശേഷം സ്ഥിരമായി ഡ്യൂട്ടിക്ക് പോകണമെന്ന ആഗ്രഹവും സഫലീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പരിശീലനത്തിന്‍െറ കുറവും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിട്ടും ഇഞ്ചിയോണ്‍ ഗെയിംസില്‍ മോശമല്ലാത്ത സമയം കുറിക്കാനായതില്‍ തൃപ്തിയുണ്ട്. അഞ്ച് വര്‍ഷത്തോളം തന്നെ പരിശീലിപ്പിച്ച ബിലാറൂസിലെ ഡോ. നിക്കോളായ് സെന്‍സെരാവ് കഴിഞ്ഞ ദേശീയ ഗെയിംസിനുശേഷം ഖത്തറിലേക്ക് പോയി. ഇഞ്ചിയോണ്‍ ഗെയിംസിന് ആറുമാസം മുമ്പാണ് കോച്ച് തിരിച്ചത്തെിയത്. കോച്ചിന് കീഴില്‍ തുടര്‍ച്ചയായി പരിശീലനം ലഭിച്ചിരുന്നെങ്കില്‍ ഇഞ്ചിയോണിലും മെഡല്‍ സാധ്യത ഉണ്ടായിരുന്നുവെന്ന് പ്രീജ ശ്രീധരന്‍ പറഞ്ഞു. മികച്ച കോച്ചുകളെ ഏര്‍പ്പെടുത്തുന്നതോടൊപ്പം ഇവരെ നിലനിര്‍ത്തുകയും കൂടി ചെയ്താലേ ഗുണം ലഭിക്കുകയുള്ളൂ. 2010ല്‍ ചൈനയിലെ ഗ്വാങ്ഷൂവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണവും 5,000ത്തില്‍ വെള്ളിയും നേടിയതാണ് പ്രീജയുടെ കരിയറിലെ മികച്ച നേട്ടം. ഏഷ്യന്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്, ഇന്‍റര്‍ യൂനിവേഴ്സിറ്റി മീറ്റ്, സാഫ് ഗെയിംസ് ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമടക്കം കരസ്ഥമാക്കിയിട്ടുണ്ട്. ഇടുക്കി രാജാക്കാടിനടുത്ത് മുല്ലക്കാനത്ത് നടുവിലാത്ത് രമണിയുടെയും ശ്രീധരന്‍െറയും മകളായി 1982 മാര്‍ച്ച് 13നാണ് പ്രീജ ജനിച്ചത്. പ്രീതിയും പ്രദീപുമാണ് സഹോദരങ്ങള്‍. |
ഇ.പി. ഉണ്ണിയുടെ ചരിത്ര ‘രേഖ’കള്‍ Posted: 06 Oct 2014 07:05 PM PDT എന്‍.എസ്. മാധവന്‍ ‘ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍’ എഴുതുംമുമ്പ് ബോസ് കൃഷ്ണമാചാരി ബിനാലെ കൊണ്ട് ഫോര്‍ട്ട് കൊച്ചിയെ ‘ആര്‍ട്ട്’ കൊച്ചിയാക്കുംമുമ്പ് ഒരു സ്റ്റോണ്‍ഡ് ഉച്ചക്കാണ് അവന്‍ ക്രിസ്തുവിനെ നോക്കി ഇങ്ങനെ അദ്ഭുതപ്പെട്ടത്, അതും തനി ഫോര്‍ട്ട് കൊച്ചി ഭാഷയില്‍: ‘ഇത് ക്രിസ്തു ആള് ഫ്രീക്കാണ് കേട്ടാ, ബെയര്‍ ബോഡിയില്‍, സിക്സ് പായ്ക്കൊക്കെ കാണിച്ച്, കൈയൊക്കെ സ്പ്രെഡ് ചെയ്ത്, താടീം മുടീമൊക്കെ വളര്‍ത്തി, ഹോ, എന്തൊരു പൊളി മച്ചാനാണ് മച്ചാനേ ഇത്’ കര്‍ത്താവിനെപ്പോലും കുരിശില്‍നിന്നിറക്കി ഇതെന്തൊരു ‘സാധനാ കര്‍ത്താവേ’ എന്ന് പറയിപ്പിക്കും വിധമുള്ളൊരു അരുളപ്പാടായിരുന്നു അത്. ആ വെളിപ്പെടലാണ് ഫോര്‍ട്ട് കൊച്ചിക്കാരനെ ആ തുരുത്തിനപ്പുറവും ഇപ്പുറവുമുള്ളവരില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. ഫോര്‍ട്ട് കൊച്ചിക്കാരന്‍ നില്‍ക്കുന്നത് കെട്ടഴിഞ്ഞതും കെട്ടഴിയാത്തതുമായ ചരിത്രവലക്ക് മുകളിലാണ്. ഈ ചരിത്രമറിഞ്ഞും അറിയാതെയുമാണ് കേരളം ഭ്രമണംചെയ്യുന്നത്. എന്‍.എസ്. മാധവന്‍ ഭ്രമണത്തിന്‍െറ ആരക്കാലുകളില്‍ ഒന്നില്‍ മഷിവെച്ചു. അതാണ് ഭാവനയുടെ സഞ്ചാരം പൂര്‍ത്തിയാക്കി ‘ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍’ ആയത്. ഭാവനയുടെ യാത്ര ബ്രുസ് ചാറ്റ്വിനെപ്പോലെ അധികവും ഏകാന്ത യാത്രയാണ്. അത് ചരിത്രത്തിന്‍െറ ദിശകളെ മാറ്റിക്കെട്ടും. ചിലപ്പോള്‍ നാറാണത്തെ ഭ്രാന്തനെപ്പോലെ മന്ത് ഇടതിലേക്കും വലതിലേക്കും കാല്‍മാറ്റം ഉണ്ടാകും. മാധവന്‍ ചരിത്രത്തില്‍നിന്നും ഭാവനയില്‍നിന്നും മറ്റൊരു കരസൃഷ്ടിക്കുകയായിരുന്നു; അതിലേക്ക് മനുഷ്യനെ ഊതി ജീവന്‍വെപ്പിച്ചു. മാധവന്‍െറ നോവല്‍ വായിച്ചശേഷം ഫോര്‍ട്ട് കൊച്ചിയിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് വഴിമുട്ടും. ആ വഴിമുടക്കത്തില്‍നിന്നാണ് ചരിത്ര ‘സത്യ’ത്തെ മാധവന്‍ ഭാവനാ ‘നുണ’യിലേക്ക് വഴിമാറ്റിക്കെട്ടിയതെന്ന് മനസ്സിലാവുക. ചരിത്രകാരനില്‍നിന്ന് നോവലിസ്റ്റിലേക്കുള്ള ദൂരം ‘സത്യ’ത്തിനും ‘നുണ’ക്കുമിടയിലെ ദൂരമാണ്. ഈ ദൂരത്തിന്‍െറ അളവ് അറിയണമെങ്കില്‍ ഫോര്‍ട്ട് കൊച്ചിയിലൂടെ നടക്കുകതന്നെ വേണം. ചരിത്രം താമസമാക്കിയ നിരവധി മിത്തുകളുടെ ലാബ്രിന്തായ, ‘കോട്ട’യെന്ന പേരില്‍ ‘കോട്ട’യില്ലാത്തൊരു ലാന്‍ഡ്. ഇവിടെയാണ് നുണകള്‍ കുഴിച്ചെടുക്കാന്‍ ഭാവനാശാലിയായ ഒരു സഞ്ചാരിക്കും (നോവലിസ്റ്റിന്) ‘സത്യ’ങ്ങള്‍ കുഴിച്ചെടുക്കാന്‍ ഒരു ചരിത്രകാരനും കഴിയുന്നത്. `Yves Bonnefoy’ എന്ന ഫ്രഞ്ച് കവിയെ ‘ക്രോസ് റോഡ്സ്’ എന്ന ആശയം പിന്‍തുടര്‍ന്നിരുന്നു. ചരിത്രത്തിലെ ഈ ക്രോസ് റോഡ്സ് ലന്തന്‍ ബത്തേരിയുടെ വഴികളാണ്. യാഥാര്‍ഥ്യവും അയാഥാര്‍ഥ്യവും പിണയുന്ന കുരിശുവഴികള്‍. കേരളത്തിന്‍െറ ഭൂപടത്തിലൊരിടത്തും ഈ കെട്ടുപിണഞ്ഞ വഴികളിത്രയേറെ ഇല്ല. അതുകൊണ്ടുതന്നെ കേരള ചരിത്രത്തില്‍ ഫോര്‍ട്ട് കൊച്ചിക്ക് മറ്റൊരു ചരിത്രമുണ്ട്. ചരിത്രകാരനിലെ ‘ര’ മായുമ്പോള്‍ തെളിയുന്ന ചിത്രകാരനാണ് ഇ.പി. ഉണ്ണി. ഫോര്‍ട്ട് കൊച്ചിയുടെ ചരിത്രത്തെ ‘രേഖ’പ്പെടുത്തുകയാണ് `santa and the scribes: The making of fort Kochi’ എന്ന പുസ്തകത്തില്‍ ഉണ്ണി. ഉണ്ണി ഹിസ്റ്റോറിയനല്ല. ഒരു ‘സ്കെച്ചോറിയനാ’ണ്. മാധവന്‍ സഞ്ചരിച്ച ഭാവനാ യാത്രക്ക് എതിരെയുള്ള സഞ്ചാരമാണ് ഉണ്ണി ഈ പുസ്തകത്തില്‍ നടത്തുന്നത്. ചരിത്രത്തെ ‘രേഖപ്പെടുത്തുകയും തൊട്ടപ്പുറത്ത് സമകാലിക കാഴ്ചകള്‍ പകര്‍ത്തുകയും ചെയ്യുന്ന ഒരു ഇരുകൈ പ്രയോഗം! രണ്ടും രണ്ടുതരം ‘രേഖ’പ്പെടുത്തലുകള്‍! ഉണ്ണിയുടെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിലെ ചില ‘ഇരുണ്ട’ ചിരികള്‍ ഈ പുസ്തകത്തിലില്ല. വെയില്‍, രാത്രി, സന്ധ്യ നേരങ്ങളിലൂടെയുള്ള ഒരു കാല്‍നട സഞ്ചാരത്തിന്‍െറ കൂട്ടിവെപ്പുകളാണ് പുസ്തകത്തില്‍. അധികവും ചരിത്രത്തിലേക്ക് തിരിച്ചു സഞ്ചരിക്കുന്ന ഒരു ഘടികാരം ഫോര്‍ട്ട് കൊച്ചിയിലെ എടുപ്പുകളിലുണ്ട്. ആ ഘടികാര സമയത്തിനൊപ്പം സഞ്ചരിക്കുകയും അതേസമയം, തന്‍െറ ‘റിയല്‍’ ടൈമിലേക്ക് തിരിച്ചത്തെുകയും ചെയ്യുന്ന കാല്‍നടയാണ് ഈ സ്കെച്ചുകളെ ടൈംഫോര്‍ട്ടിന് പുറത്തത്തെിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയെ സ്കെച്ചിലേക്ക് ആവാഹിക്കുന്ന നേരത്ത്, ഉണ്ണിയുടെ ചുമലിനു മുകളിലൂടെ എത്ര കണ്ണുകള്‍ ആകാംക്ഷകൊണ്ട് ആ കടലാസിലേക്ക് വീണുപോയിട്ടുണ്ടാവും? ഈ ആകാംക്ഷയാണ് അപരിചിതനായ ഒരു സഞ്ചാരിയെ ഒരു കാന്തമെന്ന പോലെ ഫോര്‍ട്ട് കൊച്ചി ആകര്‍ഷിക്കുന്നതിനു പിന്നിലെ ഊര്‍ജതന്ത്രം. ഈ ഊര്‍ജത്തെ ‘രേഖ’പ്പെടുത്തുമ്പോഴാണ് പ്രാദേശിക ചരിത്രം മറ്റൊരു ‘കര’യായി രൂപംകൊള്ളുന്നത്. വാമൊഴിയില്‍ രൂപപ്പെടുന്ന കേരളം, കുഴിച്ചെടുക്കപ്പെടുന്ന കേരളം, എഴുതപ്പെട്ട കേരളം അങ്ങനെ അസംഖ്യം കേരളത്തിനകത്താണ് നമ്മള്‍. ഫോര്‍ട്ട്കൊച്ചിയുടെ ഉള്‍നടപ്പുകളില്‍നിന്ന് ഉണ്ണി ‘കണ്ട്’ എത്തുന്നത് മറ്റൊരു ചരിത്രമാണ്. അത് ഒരു ഹിസ്റ്റോറിയന്‍െറ അളവുകോലുകള്‍ക്ക് പുറത്താവാം. ഉണ്ണിതന്നെ ഈ പുസ്തകത്തില്‍ പറയുന്നതുപോലെ മരങ്ങളുടെ തലപ്പുകള്‍ വഴിതെറ്റുന്ന യാത്രികര്‍ക്ക് വഴികാണിക്കുന്നതുപോലെ ഒരു വഴിമാറി നടക്കലിന്‍െറയും വഴിതിരിഞ്ഞുപോയവര്‍ക്ക് ഒരു വഴി കണ്ടത്തെലായുമാണ് ‘The making of Fort Kochi’. when Vasco da Gama came back after the discovery of India, the Count asked him what goods were there to be brought back, and what goods they wanted from here in exchange for them. And on Vasco da Gama saying to him that what was brought back from there was pepper, cinnamon, ginger, amber, and musk, and that what they wanted from us was gold, silver, velvet, scarlets, the Count said to him: -In this Fashion, it is they who have discovered us... (16th -centuary Portugees anecdote) . സഞ്ജയ് സുബ്രഹ്മണ്യ(കര്‍ണാടക സംഗീതജ്ഞനല്ല)ന്‍െറ ‘ദി കരിയര്‍ ആന്‍ഡ് ലെജന്‍ഡ് ഓഫ് വാസ്കോ ഡ ഗാമ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിന്‍െറ തുടക്കത്തില്‍നിന്നാണ് ഈ അനക്ഡോട്ട് വായിച്ചത്. ഈ സംഭവ/കെട്ടുകഥ ഇന്ന് വായിക്കുമ്പോള്‍ നമ്മളെ ചിരിപ്പിക്കുന്ന ആ ‘ഡിസ്കവറി’യുണ്ടല്ളോ ആ ചെറുചിരി ഫോര്‍ട്ട് കൊച്ചിയില്‍ എപ്പോഴുമുണ്ട്. അത് ഉണ്ണിയുടെ ചില സ്കെച്ചിനുള്ളില്‍ സക്സസ് എന്ന കപ്പലിന് ചുവട്ടിലെ ‘സ്റ്റോണ്‍ഡ്’ മനുഷ്യന്‍െറ കാഴ്ചയില്‍പോലുമുണ്ട്! |
സഭയുടെ ഏതെല്ലാം വാതിലുകളാണ് ഫ്രാന്‍സിസ് പാപ്പ തുറക്കുന്നത്? Posted: 06 Oct 2014 06:55 PM PDT Byline: ഫാ. വിന്‍സന്റ് കുണ്ടുകുളം കുടുംബ ജീവിതം, ഗര്‍ഭച്ഛിദ്രം, വിവാഹമോചനം, ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാടുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അസാധാരണ സൂനഹദോസ് വത്തിക്കാനില്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ മാര്‍പാപ്പ പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ചൊരു വിശകലനം. മാര്‍പാപ്പയും 200ല്‍പരം മെത്രാന്മാരും സംബന്ധിക്കുന്ന സൂനഹദോസ് ഈ മാസം 19 വരെ നീണ്ടുനില്‍ക്കും. ഏകദേശം രണ്ടു ദശകങ്ങളായി ലോകമെമ്പാടുമുള്ള സഭാസ്നേഹികള്‍ ഒരു മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. സമകാലിക ലോകത്ത് അര്‍ഥവത്തായ രീതിയില്‍ വിശ്വാസം ജീവിക്കാന്‍ സഹായകമായ ഒട്ടേറെ കാഴ്ചപ്പാടുകള്‍ സംഭാവനചെയ്ത രണ്ടാം വത്തിക്കാന്‍ കൗന്‍സില്‍ (1962-65) ഉണര്‍ത്തിവിട്ട ഉന്മേഷം ഏതാണ്ട് കെട്ടടങ്ങിയിരുന്നു എന്നതാണ് അതിനുകാരണം. ക്രൈസ്തവ ദൈവശാസ്ത്രജ്ഞരും അജപാലകരും ഇതരമതങ്ങളും സംസ്കാരങ്ങളും ദര്‍ശനങ്ങളുമായി നടത്തിയ ക്രിയാത്മകമായ സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട സാംസ്കാരികാനുരൂപണം, മതാന്തരസംഭാഷണം, വിമോചന ദൈവശാസ്ത്രം, ഗോത്രദലിത്-സ്ത്രീസ്വത്വ മുന്നേറ്റങ്ങള്‍ എന്നീ സംരംഭങ്ങളെല്ലാം ചില അച്ചടക്കനടപടികള്‍ മൂലം മുരടിച്ച അവസ്ഥയിലത്തെിയിരിക്കുന്നു. അതിനുപുറമെയാണ് സാമ്പത്തിക ക്രമക്കേടുകളെയും ലൈംഗിക വീഴ്ചകളെയും കുറിച്ചുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍. ഇങ്ങനെ, കത്തോലിക്കാ വിശ്വാസികള്‍ മനസ്സിടിഞ്ഞിരിക്കുമ്പോഴാണ് ഒരു ചരിത്രനിയോഗം പോലെ ക്രിസ്ത്യാനിറ്റിയുടെ അതിര്‍വരമ്പുകളില്‍നിന്ന് കര്‍ദിനാള്‍ ബെര്‍ഗോളിയോ മാര്‍പാപ്പയായി സ്ഥാനമേറ്റത്. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളും പ്രവൃത്തികളും എല്ലാവരിലും ആവേശം സൃഷ്ടിക്കുന്നുണ്ടെങ്കിലും സഭ ഇതുവരെ പഠിപ്പിച്ചുപോന്ന പ്രബോധനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും അദ്ദേഹം പഠിപ്പിച്ചതായി തോന്നുന്നില്ല. ഒരു ഉദാഹരണമെടുക്കാം, അദ്ദേഹം നടത്തിയ വിശ്വാസസംബന്ധമായ പ്രസ്താവനകളില്‍ ഏറെ ആശ്ചര്യംജനിപ്പിച്ച ഒന്നായിരുന്നല്ളോ ‘എന്‍െറ ദൈവം കത്തോലിക്കനല്ല’ എന്നത്. അര്‍ജന്‍റീനയിലെ ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു മാര്‍പാപ്പയുടെ ബാല്യം. ഹോര്‍ഹെ എന്ന ആ ബാലന്‍ ഇന്ന് സഭയുടെ അമരത്താണ്. എന്നുവെച്ച്, മനുഷ്യവംശത്തിന്‍റ മുഴുവന്‍ പിതാവായ ദൈവത്തെ തന്‍െറ ഈശ്വരാനുഭവത്തിന്‍െറ അച്ചുകല്ലിലേക്ക് ഒതുക്കാനാവില്ല എന്നാണ് മാര്‍പാപ്പ പറഞ്ഞതിനര്‍ഥം. ‘ദൈവം ഒന്നേയുള്ളൂ; ലോകത്തിലെ എല്ലാ ജനതകളും അവനില്‍നിന്ന് വരുന്നു, അവനിലേക്ക് യാത്രചെയ്യുന്നു; ക്രിസ്തു മരിച്ചത് എല്ലാവരുടെയും രക്ഷക്കാണ്’ തുടങ്ങിയ സഭയുടെ പരമ്പരാഗത പ്രബോധനങ്ങളില്‍നിന്ന് ഒട്ടും വ്യതിചലിക്കുന്നതല്ല ‘എന്‍െറ ദൈവം കത്തോലിക്കനല്ല’ എന്ന പോപ്പിന്‍െറ പ്രസ്താവന. ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനങ്ങള്‍ സഭാപാരമ്പര്യത്തോട് ചേര്‍ന്നുപോകുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇന്നിന്‍െറ തലമുറ അദ്ദേഹത്തിലേക്ക് ഹഠാദാകര്‍ഷിക്കപ്പെടുന്നു എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. അതിനൊരു കാരണം വിവാദവിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന തുറന്ന സമീപനമാണ്. പരസ്യമായി ചര്‍ച്ചചെയ്യുന്നത് അപകടകരമെന്നു കരുതി അടച്ചുവെച്ചിരുന്ന പൗരോഹിത്യബ്രഹ്മചര്യം പോലുള്ള പ്രമേയങ്ങള്‍ പലതും അദ്ദേഹം പൊതുജനമധ്യത്തിലേക്ക് എടുത്തിടുന്നു. ‘ബ്രഹ്മചര്യം ഒരു കൂദാശയല്ല’ എന്ന് പ്രസ്താവിച്ചതിലൂടെ പൗരോഹിത്യത്തോട് നിര്‍ബന്ധമായും ചേര്‍ന്നുകിടക്കുന്ന ഒന്നല്ല ബ്രഹ്മചര്യം എന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്. ഇതില്‍ വിപ്ളവകരമായി ഒന്നുമില്ല. കത്തോലിക്കാ സഭയില്‍പ്പെട്ട ഏതാനും പൗരസ്ത്യസഭകളില്‍ വിവാഹിതരായ വൈദികരുണ്ട്. അതേസമയം, റോമിന്‍െറ കീഴിലുള്ള ഭൂരിഭാഗം സഭകളിലും പുരോഹിതര്‍ ബ്രഹ്മചാരികളായതിനാലും അവിവാഹിതാവസ്ഥ വൈദിക ശുശ്രൂഷക്ക് ഏറെ ഗുണപ്രദമായതിനാലും ബ്രഹ്മചര്യത്തെ വിശ്വാസികള്‍ വളരെ വിലമതിക്കുന്നതിനാലും അതിനെ പൗരോഹിത്യത്തില്‍നിന്ന് വേര്‍പെടുത്തുന്നതിനെപ്പറ്റിയുള്ള ഒരു പരസ്യസംവാദത്തിന് ആരും തയാറാകാറില്ല. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് പാപ്പ വ്യത്യസ്തനാകുന്നത്. ലൈംഗികതക്ക് വ്യക്തിസാക്ഷാത്കാരത്തിലുള്ള പങ്ക്, ലൈംഗികതയെപ്പറ്റി മാറിവന്ന ഭാവാത്മക കാഴ്ചപ്പാടുകള്‍, പാശ്ചാത്യനാടുകളില്‍ വൈദികാര്‍ഥികളുടെ കുറവ്, ബ്രഹ്മചാരികള്‍ക്കുണ്ടാവുന്ന അപചയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ വിഷയത്തെപ്പറ്റി ക്രിയാത്മകമായ ഒരു സംവാദത്തിന് വാതില്‍ തുറന്നിടുകയാണ് അദ്ദേഹം ചെയ്തത്. സഭയെ നയിക്കുന്നത് ആത്യന്തികമായി ദൈവാത്മാവാണെന്നും പ്രതിസന്ധികളെ തുറന്ന മനോഭാവത്തോടെ നേരിട്ടാല്‍ ആ ആത്മാവ് തന്നെ സഭയെ സഹായിക്കുമെന്നുമുള്ള പ്രത്യാശയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈമുതല്‍. വ്യതിരിക്തമായതിനെ മാത്രമല്ല, ശത്രുപക്ഷത്ത് നില്‍ക്കുന്നതിനെക്കൂടി ഉള്‍കൊള്ളാനുള്ള ആര്‍ജവമാണ് ഇറ്റലിയിലെ ‘ദ റിപ്പബ്ളിക്’ എന്ന പത്രത്തിന്‍െറ നിരീശ്വരത്വ സഹയാത്രികനായി അറിയപ്പെടുന്ന സ്കള്‍ഫാരിയുമായി സംഭാഷണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയെ ധൈര്യപ്പെടുത്തിയത്. ആ അഭിമുഖത്തില്‍, കമ്യൂണിസത്തില്‍ വിശ്വസിച്ചിരുന്ന സുഹൃത്തായ ഒരു അധ്യാപകനെപ്പറ്റി മാര്‍പാപ്പ ആദരവോടെ പറയുന്നുണ്ട്. സാമൂഹിക വ്യവസ്ഥിതിയെപ്പറ്റി ആ ഗുരുവില്‍നിന്ന് പല നല്ല കാര്യങ്ങളും പഠിച്ചെന്നും പിന്നീടവ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ ഉള്ളതായി കണ്ടുവെന്നും അദ്ദേഹം ചേര്‍ത്തുപറയുന്നു. നിരീശ്വരവാദിയോട് സംസാരിക്കുക, കമ്യൂണിസ്റ്റുകാരില്‍നിന്ന് പലതും പഠിക്കാനുണ്ടെന്ന് സമ്മതിക്കുക.. ഇത്രയൊക്കെ ഒരു മാര്‍പാപ്പയില്‍നിന്ന് ലോകം പ്രതീക്ഷിച്ചിരുന്നില്ലപോലും! അതേസമയം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വായിച്ച ക്രിസ്ത്യാനിക്ക് ഫ്രാന്‍സിസിന്‍െറ സ്കള്‍ഫാരിയുമായുള്ള സംഭാഷണത്തില്‍ വിപ്ളവകരമായി ഒന്നും കാണാനുണ്ടാവുകയില്ല. ‘സഭ ആധുനിക ലോകത്തില്‍’ എന്ന ഡിക്രിയില്‍ ശത്രുപക്ഷത്തുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ‘എല്ലാവരും ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സാമൂഹികമോ രാഷ്ട്രീയമോ മാത്രമല്ല, മതപരമായ മണ്ഡലത്തില്‍പോലും നാം ചിന്തിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യുന്നവരുടെ നേരെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കണം (നമ്പര്‍ 28).’ പലതരം സമ്മര്‍ദങ്ങള്‍ മൂലം കൗണ്‍സിലിലെ വിശാലവും നവീനവുമായ നിലപാടുകളെ പലപ്പോഴും പരവതാനിക്കുകീഴെ പൂഴ്ത്തിവെക്കുകയാണ് പതിവ്. അവയെ വെളിച്ചത്തുകൊണ്ടുവരുകമാത്രമാണ് പാപ്പ ചെയ്യുന്നത്. സഭയെ നവീകരിക്കാനും കാലോചിതമാക്കാനും ഇനിയുമൊരു സാര്‍വത്രിക കൗണ്‍സിലിന്‍െറ ആവശ്യം ഇപ്പോഴില്ല. ഫ്രാന്‍സിസ് പാപ്പ എന്ന കണ്ണാടിയിലൂടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍െറ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും പ്രാവര്‍ത്തികമാക്കിയാല്‍ മതിയാകും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാസ്മരികതക്ക് പിന്നിലെ ചൈതന്യം അന്വേഷിച്ചുചെല്ലുമ്പോള്‍ നമ്മളത്തെുന്നത് ക്രിസ്തുവില്‍ തന്നെയാണ്; അവിടുത്തെ വാക്കുകളിലും ചെയ്തികളിലും. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഫലസ്തീനിലെ നിവാസികള്‍ തൊട്ടറിഞ്ഞ കാരുണ്യത്തിന്‍െറയും സമാധാനത്തിന്‍െറയും തൂവല്‍സ്പര്‍ശമാണ് ആ സാന്നിധ്യം. സ്വവര്‍ഗഭോഗികളോടുള്ള അദ്ദേഹത്തിന്‍െറ സമീപനം ചിലര്‍ക്ക് സ്വീകാര്യവും മറ്റുചിലര്‍ക്ക് അസ്വീകാര്യവും ആയത് അതുകൊണ്ടുതന്നെയാണ്. ‘അവരെ വിധിക്കാന്‍ ഞാനൊരു’ എന്ന നിലപാടില്‍ ‘സ്ത്രീയേ ഞാനും നിന്നെ വിധിക്കുന്നില്ല’ (യോഹ എട്ട്, 11) എന്ന യേശു വചനമാണ് ലോകം കേട്ടത്. ഇതിനെതിരെയുണ്ടായ യാഥാസ്ഥിതികവാദികളുടെ വിമര്‍ശം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഒരു മറുചോദ്യം ഉന്നയിച്ചാണ്; കര്‍ത്താവ് സ്വവര്‍ഗഭോഗിയായ ഒരുവനെ കണ്ടുമുട്ടിയിരുന്നെങ്കില്‍ അയാളെ വിധിക്കുമായിരുന്നോ? കാനോനിക നിയമത്തിന്‍െറ കാര്‍ക്കശ്യത്തില്‍നിന്നും അധികാരപ്രയോഗത്തിന്‍െറ മര്‍ക്കടമുഷ്ടിയില്‍ നിന്നും വിടുവിച്ച് യേശു വിഭാവനംചെയ്ത ദൈവരാജ്യത്തോട് സഭയെ അടുപ്പിക്കാനാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ ബുവെനോസ് ഐരേസില്‍നിന്നും വത്തിക്കാനിലത്തെിയിട്ടുള്ളത്. അരുതുകളെപ്പറ്റി നിരന്തരം ഓര്‍മിപ്പിക്കുന്ന പൊലീസായിരിക്കാനുള്ളതല്ല സഭ; മറിച്ച് വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും മാതൃകയിലൂടെ ലോകത്തിന്‍െറ മുറിവുണക്കുന്ന സത്രമാകേണ്ടവളാണ്. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് വിപ്ളവമാണോ? ആകാം ആകാതിരിക്കാം. എന്തായാലും, മനുഷ്യന്‍ എത്തിച്ചേരേണ്ട പ്രവാചക-മിസ്റ്റിക് ഭാവങ്ങളുടെ ആള്‍രൂപമാണ് ഫ്രാന്‍സിസ് പാപ്പ. |
മരുന്നുവില നിയന്ത്രണം തുടരണം Posted: 06 Oct 2014 06:51 PM PDT ചികിത്സച്ചെലവ് കുത്തനെ കൂട്ടുംവിധം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികള്‍ ജനദ്രോഹത്തില്‍ കുറഞ്ഞ ഒന്നുമല്ല. ഏറ്റവും കൂടുതല്‍ സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാണ് മരുന്നുകളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി. അര്‍ബുദം, രക്തസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയുടെ മരുന്നുവിലയാണ് വിദേശകമ്പനികളുടെ സമ്മര്‍ദത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുന്നതോടെ ഉയരുന്നത്. എയിഡ്സ് ചികിത്സയും ചെലവേറിയതാകും. പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ 108 മരുന്നുകളുടെ വിലനിര്‍ണയാധികാരം ദേശീയ ഒൗഷധ വിലനിര്‍ണയ അതോറിറ്റിയില്‍ (എന്‍.പി.പി.എ)നിന്ന് എടുത്തുമാറ്റിയത്. യു.എസ് സന്ദര്‍ശനത്തിനൊരുങ്ങവേ പ്രധാനമന്ത്രി നല്‍കിയ പ്രത്യേക നിര്‍ദേശപ്രകാരം വിലനിര്‍ണയാധികാരം എന്‍.പി.പി.എയില്‍നിന്ന് എടുത്തുകളയുകയായിരുന്നു. മുമ്പ് ഈ നിയന്ത്രണാധികാരമുപയോഗിച്ച് ഒൗഷധവിപണിയില്‍ നടത്തിയ ഇടപെടല്‍മൂലം യു.എസ് കമ്പനികള്‍ക്ക് മുഖ്യ മരുന്നുകളുടെ വില അന്യായമായി ഉയര്‍ത്താന്‍ പറ്റിയിരുന്നില്ല. വിലനിയന്ത്രണം ഇല്ലാതാക്കാന്‍ വര്‍ഷങ്ങളായി കമ്പനികളും യു.എസ് സര്‍ക്കാറും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മരുന്നുകമ്പനികളുടെ നിര്‍ബന്ധത്തിന് ഇന്ത്യ കീഴടങ്ങിയതോടെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത തോതില്‍ മരുന്നുവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ചിലതരം അര്‍ബുദങ്ങള്‍ക്കുള്ള മരുന്നായ ‘ഗ്ളിവെകി’ന്‍െറ വില 8500 രൂപയില്‍നിന്ന് 1.08 ലക്ഷമായി. മുമ്പ് ഒന്നേകാല്‍ ലക്ഷം രൂപയുണ്ടായിരുന്ന ഈ മരുന്നിന്‍െറ വില എന്‍.പി.പി.എയുടെ നിയന്ത്രണത്തിന് വിധേയമായതോടെ ഗണ്യമായി കുറക്കേണ്ടിവന്നതായിരുന്നു. വിലനിയന്ത്രണം പോയതോടെ വീണ്ടും കമ്പനികളുടെ തീരുമാനം രോഗിക്കുമേല്‍ അടിച്ചേല്‍പിക്കുകയായി. മറ്റു മരുന്നുകളുടെ വിലയും ഗണ്യമായി ഉയരുമെന്നുറപ്പായിരിക്കുന്നു. കേന്ദ്രത്തിന്‍െറ ഇപ്പോഴത്തെ നടപടിക്ക് ദൂരവ്യാപകമായ വേറെയും പ്രത്യാഘാതങ്ങളുണ്ടാകും. ഇന്ത്യ-യു.എസ് വ്യാപാരബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ കൈയൊഴിയുകയും പകരം യു.എസിനുകൂടി പങ്കാളിത്തമുള്ള ഉഭയകക്ഷി സമിതിയുണ്ടാക്കുകയും ചെയ്യുന്നതാണ് മറ്റൊരു തീരുമാനം. ഇത് ഇന്ത്യയിലെ പേറ്റന്‍റ് നിയമത്തെ സാരമായി ബാധിക്കും. മരുന്നിന്‍െറ കാര്യത്തിലെന്നപോലെ മറ്റനേകം കാര്യങ്ങളിലും അമേരിക്കന്‍ നിലപാടുകള്‍ അടിച്ചേല്‍പിക്കാന്‍ ഇത് സൗകര്യമാകും. മരുന്നുകളുടെ കാര്യത്തില്‍തന്നെ ഇപ്പോഴെടുത്ത നിലപാട് ഇതുസംബന്ധിച്ച് നിലവിലുള്ള കേസുകള്‍ ദുര്‍ബലപ്പെടുത്തും. സര്‍ക്കാറിന്‍െറ വിലനിയന്ത്രണാധികാരത്തിനെതിരെ കമ്പനികള്‍ മുംബൈ, ദല്‍ഹി കോടതികളില്‍ നല്‍കിയ കേസുകളാണ് തോല്‍ക്കാന്‍ പോകുന്നത്. ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളിലെ തീരുമാനാധികാരംകൂടി കൈയൊഴിയുന്നതോടെ വന്‍കിട കമ്പനികള്‍ -പ്രത്യേകിച്ച് യു.എസ് സ്ഥാപനങ്ങള്‍- ഏകപക്ഷീയമായ അധികാരം നേടിയെടുക്കും. മരുന്നുകളുടെ വിലനിയന്ത്രണം എടുത്തുകളയുന്നു എന്ന വാര്‍ത്ത പുറത്തുവരേണ്ട താമസം കമ്പനികളും ഇടനിലക്കാരും മരുന്നുവില ഉയര്‍ത്തി. വിലനിയന്ത്രണം നീക്കുകയല്ല, 108 മരുന്നുകളെ നിയന്ത്രണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന മാര്‍ഗനിര്‍ദേശം പിന്‍വലിക്കുക മാത്രമാണ് ചെയ്തത് എന്ന സാങ്കേതിക ന്യായീകരണത്തില്‍ കാര്യമില്ല. മരുന്നുവില കുതിക്കുന്നു എന്നത് സത്യം. സര്‍ക്കാര്‍ നിസ്സഹായമായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. കമ്പനികളുടെ ഓഹരിമൂല്യം കുതിച്ചുയരുന്ന മുറക്ക് രോഗികള്‍ കൂടുതല്‍ ദൈന്യതയിലേക്ക് വലിച്ചെറിയപ്പെടുന്നു. മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനം വീണ്ടെടുക്കുക മാത്രമാണ് പോംവഴി. ഐ.എം.എ അടക്കമുള്ള സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ആരോഗ്യരംഗം വെറും വ്യാപാര നിയമങ്ങള്‍ അനുസരിച്ചല്ല നടത്തേണ്ടതെന്ന് സര്‍ക്കാറിനെ ഉണര്‍ത്താന്‍ വിവിധ പാര്‍ട്ടികളും ജനപ്രതിനിധികളും രംഗത്തിറങ്ങണം. പൊതുജനാരോഗ്യം അവശ്യസേവന മേഖലയാണ്. വിപണിയും വ്യാപാരബന്ധങ്ങളുമല്ല, ചികിത്സാരീതികളും ചികിത്സച്ചെലവും നിശ്ചയിക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇക്കാര്യത്തില്‍ ജനങ്ങളുടെ പക്ഷത്ത് നിലകൊള്ളണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. ശക്തമായ പ്രക്ഷോഭം നടന്നില്ളെങ്കില്‍ മരുന്നു കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായി സാധാരണക്കാരായ രോഗികളും ചികിത്സാ സംവിധാനങ്ങളും മാറും. യു.എസുമായി വ്യാപാരബന്ധം മെച്ചപ്പെടുത്തേണ്ടത് രോഗികളെ ബന്ദിയാക്കിക്കൊണ്ടാകരുതല്ളോ. |
ഹജ്ജ് പരിസമാപ്തിയിലേക്ക്; തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിന് Posted: 06 Oct 2014 12:19 PM PDT മക്ക: പാപക്കറകള്‍ കഴുകിയെടുത്ത ജന്മവിശുദ്ധി ഭാവിജീവിതത്തില്‍ മുറുകെപ്പിടിക്കുമെന്നും തീര്‍ഥാടനത്തിന്‍െറ മാനവികമൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും പ്രതിജ്ഞചെയ്ത് രണ്ടു ദശലക്ഷം തീര്‍ഥാടകര്‍ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിച്ചുതുടങ്ങിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് സമാപനത്തിലേക്ക്. ദുല്‍ഹജ്ജ് 13 ആയ ഇന്നാണ് ഹജ്ജ് ഒൗദ്യോഗികമായി അവസാനിക്കുക. പിശാചിന്‍െറ പ്രതീകമായ ജംറ സ്തൂപങ്ങളില്‍ ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ ദിനങ്ങളില്‍ കല്ളേറ് പൂര്‍ത്തിയാക്കിയ ഹാജിമാരുടെ ബഹുഭൂരിപക്ഷം തിങ്കളാഴ്ച കഅ്ബയിലത്തെി വിടവാങ്ങല്‍ പ്രദക്ഷിണം (ത്വവാഫുല്‍ വിദാഅ്) നിര്‍വഹിച്ചു. തിങ്കളാഴ്ചയും മിനായില്‍ തങ്ങുന്നവര്‍ കൂടി ചൊവ്വാഴ്ച ഉച്ചക്കു ശേഷം അവസാന കല്ളേറും കഴിഞ്ഞ് ത്വവാഫുല്‍ വിദാഅ് നിര്‍വഹിച്ച് മക്കയോട് വിടപറയും. അതോടെ തല്‍ബിയത്തിന്‍െറയും തക്ബീറിന്‍െറയും മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍നിന്ന് മക്ക ശാന്തതയുടെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുകയായി. ഇനി മദീനയിലേക്കുള്ള തീര്‍ഥയാത്രയുടെ തിരക്കുപിടിച്ച ദിനങ്ങളാണ്. ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീനയിലേക്കുള്ള പ്രയാണം ഒമ്പതിന് വ്യാഴാഴ്ച ആരംഭിക്കും. മദീന സന്ദര്‍ശനം ഹജ്ജിനു മുമ്പ് പൂര്‍ത്തീകരിച്ച ഹാജിമാരുടെ ജിദ്ദ വഴി ഇന്ത്യയിലേക്കുള്ള മടക്കയാത്രയും അന്നു തുടങ്ങും. ഹജ്ജ് കമ്മിറ്റി മുഖേന വന്ന മലയാളി ഹാജിമാര്‍ എല്ലാവര്‍ക്കും മദീന സന്ദര്‍ശനം പൂര്‍ത്തീകരിക്കാനുണ്ട്. സ്വദേശത്തേക്ക് തിരിക്കുന്നതിന് 10 നാള്‍ മുമ്പാണ് വിവിധ ഗ്രൂപ്പുകളായി ഇവര്‍ മക്കയില്‍നിന്ന് മദീനയിലേക്കു തിരിക്കുക. |
അഞ്ചു കളികളില്‍ മൂന്നാം ഹാട്രിക്കുമായി റോണോ Posted: 06 Oct 2014 11:37 AM PDT മഡ്രിഡ്: ഗാരത് ബെയിലിനു പിറകെ റോഡ്രിഗസും ടോണി ക്രൂസും എത്തിയതോടെ റയല്‍ മഡ്രിഡില്‍ ക്രിസ്റ്റ്യാനോ മാജിക്കിന്‍െറ കാലം കഴിഞ്ഞെന്ന് വാതുവെച്ചവര്‍ക്ക് ഇനി മിണ്ടാതിരിക്കാം. ലോകത്തെ ഏറ്റവും സമ്പന്നമായ ക്ളബിന്‍െറ പൊന്നും വിലയുള്ള താരനിരയില്‍ തനിക്ക് പകരക്കാരില്ളെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ ലാലിഗ പുതിയ സീസണില്‍ ടീം ആദ്യമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. അത്ലറ്റികോ ബില്‍ബാവോയെ ആണ് റയല്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കിയത്. റയല്‍ കളിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ റോണോക്കിത് മൂന്നാം ഹാട്രിക്കാണ്. കരിയറില്‍ റയലിനുവേണ്ടി 22ാമത്തെയും. ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയുടെയും ടെല്‍മോ സാറയുടെയും പേരിലുള്ള റെക്കോഡിനൊപ്പമത്തെിയ റോണോ ഇത് ഏറെ വൈകാതെ മറികടക്കാന്‍ സാധ്യതയേറെ. |
ഇറാന്‍ ആണവ രഹസ്യങ്ങള്‍ സ്വന്തമാക്കാന്‍ ഐ.എസ് പദ്ധതിയിട്ടതിന് തെളിവെന്ന് Posted: 06 Oct 2014 11:02 AM PDT Subtitle: ഐ.എസിന്‍െറ മുതിര്‍ന്ന കമാന്‍ഡറുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ഇറാഖ് പ്രത്യേക സേനക്ക് ലഭിച്ച രേഖയിലാണ് രഹസ്യപദ്ധതികളുടെ വിശദാംശങ്ങള്‍ ലണ്ടന്‍: ഇറാഖിലെ ഐ.എസ് തീവ്രവാദികള്‍ ഇറാന്‍െറ ആണവ രഹസ്യങ്ങള്‍ പിടിച്ചെടുക്കാനും അവരുടെ ലോകോത്തര പേര്‍ഷ്യന്‍ പരവതാനി വ്യവസായം അടക്കമുള്ളവ തകര്‍ക്കാനും പദ്ധതിയിട്ടതിന് തെളിവുകള്‍ ലഭിച്ചെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഐ.എസിന്‍െറ മുതിര്‍ന്ന കമാന്‍ഡറുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ഇറാഖ് പ്രത്യേക സേനക്ക് ലഭിച്ച രേഖയിലാണ് രഹസ്യപദ്ധതികളുടെ വിശദാംശങ്ങള്‍ ഉള്ളത്. ഐ.എസ് സൈദ്ധാന്തിക നേതാവ് അബ്ദുല്ല അഹ്മദ് അല്‍മശ്ഹദാനി എഴുതിയതാണെന്ന് കരുതുന്ന 70 നിര്‍ദേശങ്ങളാണ് പിടിച്ചെടുത്ത രേഖയിലുള്ളത്. അതില്‍ ശിയ മുസ്ലിംകളെ വംശീയമായി ഇല്ലാതാക്കാനുള്ള വിപുല പദ്ധതിയെപ്പറ്റിയും വിശദീകരിക്കുന്നുണ്ട്. ഇറാനില്‍നിന്ന് വിവിധ മാര്‍ഗത്തില്‍ സ്വന്തമാക്കുന്ന ആണവ രഹസ്യം അതിനായി ഉപയോഗിക്കും. ഇറാനിലെ പ്രശസ്തമായ മത്സ്യമുട്ട വിഭവ വ്യവസായത്തെ തകര്‍ക്കുകയാണ് മറ്റൊരു പദ്ധതി. അഫ്ഗാനില്‍നിന്ന് പരവതാനി-കമ്പളങ്ങള്‍ വലിയ തോതില്‍ ഇറക്കുമതിചെയ്ത് ഇറാന്‍െറ പരവതാനി വ്യവസായം തകര്‍ക്കുകയാണ് മറ്റൊന്ന്. ഇസ്ലാമിക ഖിലാഫത്തിനെപ്പറ്റി പറയുന്ന തീവ്രവാദികളുടെ പദ്ധതിയില്‍ ഇറാന്‍െറ എല്ലാ അധികാരങ്ങളും ഇല്ലാതാക്കണമെന്ന് പറയുന്നുണ്ട്. ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍, വ്യവസായികള്‍, അധ്യാപകര്‍ എന്നിവരെ കൊല്ലാനും കണ്ടെടുത്ത രേഖ ആഹ്വാനം ചെയ്യുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെയും ഇറാനിലെ ആണവ പദ്ധതികളും കൈയൊഴിയാന്‍ റഷ്യയെ പ്രേരിപ്പിക്കാനുള്ള പദ്ധതിയെപ്പറ്റിയും രേഖ വിശദമാക്കുന്നുണ്ട്. ഇറാഖിലെ പ്രകൃതിവാതക പാടത്തിന് മേല്‍ റഷ്യക്കുള്ള അവകാശം ഐ.എസ് ഉറപ്പുനല്‍കും. ഇതിന് പകരമായി ഇറാന്‍െറ ആണവ രഹസ്യങ്ങള്‍ റഷ്യ തങ്ങള്‍ക്കും നല്‍കുകയും സിറിയയിലെ ബശ്ശാര്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുകയും വേണം. പിടിച്ചെടുത്ത രേഖ അമേരിക്കന്‍, ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. |
No comments:
Post a Comment