സിയാചിനില്‍ സൈനികന്‍െറ മൃതദേഹം 21 വര്‍ഷത്തിനുശേഷം കണ്ടെത്തി Posted: 18 Oct 2014 12:38 AM PDT ന്യൂഡല്‍ഹി: 21 വര്‍ഷം മുമ്പ് സിയാചിനില്‍ കാണാതായ സൈനികന്‍െറ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഘം സൈനികര്‍ മൃതദേഹം കണ്ടെത്തിയത്. 1993ല്‍ മഞ്ഞുപരപ്പിലുള്ള വിടവിലേക്ക് വീണ് കാണാതായ ഹവില്‍ദാര്‍ ടി. വി പാട്ടീലിന്‍െറ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതാകുമ്പോള്‍ 30 വയസായിരുന്നു പാട്ടീലിനുണ്ടായിരുന്നത്. താപനില പൂജ്യത്തിനും താഴെയായതിനാല്‍ മൃതദേഹം അഴുകിയിരുന്നില്ല. പോക്കറ്റിലുണ്ടായിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വീട്ടില്‍ നിന്നുള്ള കത്തും പരിശോധിച്ചാണ് ജവാനെ തിരിച്ചറിഞ്ഞത്. 1987ല്‍ ഇദ്ദേഹത്തിന്‍െറ സഹോദരനെയും സിയാചിനില്‍ കാണാതായിരുന്നു. അന്നുണ്ടായ മഞ്ഞുവീഴ്ചയില്‍ കാണാതായ ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹെലികോപ്റ്ററില്‍ നിന്ന് താഴേക്കിട്ടുകൊടുത്ത സാധനങ്ങള്‍ ശേഖരിക്കുമ്പോഴാണ് പാട്ടീല്‍ അപകടത്തില്‍പ്പെട്ടത്. പാട്ടീലിനെ കൂടെയുള്ളവര്‍ കൈപിടിച്ച് വലിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ കൈയുറ ഊരി അദ്ദേഹം മഞ്ഞുവിടവിലേക്ക് വീഴുകയായിരുന്നു. 1996ല്‍ സിയാചിനില്‍ കാണാതായ ഹവില്‍ദാര്‍ ഗയാ പ്രസാദിന്‍െറ മൃതദേഹം കഴിഞ്ഞ ആഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. വസ്ത്രത്തിലുള്ള രേഖകള്‍ കണ്ടാണ് ഇദ്ദേഹത്തേയും തിരിച്ചറിഞ്ഞത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാചിന്‍. 5,700 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. |
ആറളം ഫാമില്‍ അഞ്ചര കോടിയുടെ ജലനിധി പദ്ധതി നടപ്പാക്കും Posted: 18 Oct 2014 12:03 AM PDT കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുനരധിവാസ മേഖലയിലെ വിവിധ ബ്ളോക്കുകളില്‍ ജലനിധി പദ്ധതി നടപ്പാക്കും. ആറ് ബ്ളോക്കുകളിലായി എട്ട് പദ്ധതികളാണ് നടപ്പാക്കുക. അഞ്ചര കോടി രൂപ ചെലവില്‍ പുനരധിവാസ മേഖല ബ്ളോക് ഏഴില്‍ ഒന്നും ഒമ്പതാം ബ്ളോക്കിലെ വളയഞ്ചാല്‍, കാളികയം, പത്താം ബ്ളോക്കിലെ കോട്ടപ്പാറ, കാളിപ്പാറ, 11, 12, 13 ബ്ളോക്കുകളില്‍ ഓരോ പദ്ധതികളുമാണ് നടപ്പാക്കുക. ആറളം ഗ്രാമ പഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 32 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവയില്‍ എട്ട് പദ്ധതികള്‍ ആദിവാസി പുനരധിവാസ മേഖലക്ക് അനുവദിച്ചെങ്കിലും ഗുണഭോക്തൃ വിഹിതം അടക്കാത്തതിനാല്‍ വൈകുകയായിരുന്നു. ആദിവാസി മേഖലക്ക് പ്രത്യേക പരിഗണന നല്‍കി ഗുണഭോക്തൃ വിഹിതമായ, പദ്ധതി ചെലവിന്‍െറ അഞ്ച് ശതമാനം തുക കൂടി സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് പദ്ധതി നടത്തിപ്പിനുള്ള കുരുക്കഴിഞ്ഞത്. അഞ്ച് ശതമാനം തുക ഗുണഭോക്തൃ വിഹിതവും 15 ശതമാനം തുക പഞ്ചായത്ത് വിഹിതവും 80 ശതമാനം തുക സര്‍ക്കാറുമാണ് വഹിക്കേണ്ടത്. ഗുണഭോക്തൃ വിഹിതം സര്‍ക്കാര്‍ വഹിക്കുന്നത് പുനരധിവാസ കുടുംബങ്ങള്‍ക്ക് അനുഗ്രഹമാകും. ജലനിധി പദ്ധതി നടപ്പാകുന്നതോടെ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 1442 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും കുടിവെള്ളം ലഭ്യമാവുകയും ചെയ്യും. 2015 മാര്‍ച്ച് 31നകം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ ഗുണഭോക്തൃ കമ്മിറ്റികളും സബ് കമ്മിറ്റികളും രൂപവത്കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ ജലനിധി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് മെംബര്‍ റഹിയാനത്ത് സുബി വ്യക്തമാക്കി. |
കരുത്തു കാട്ടാന്‍ ഐ ഗ്രൂപ്പ്; ചെന്നിത്തല ലീഡര്‍ Posted: 17 Oct 2014 10:58 PM PDT തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ ധ്രുവീകരണം. കെ. കരുണാകരന്‍െറ കാലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പിനെ അതേ പടി പുനരുജ്ജീവിപ്പിക്കാന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടക്കാലത്ത് ഭിന്നിച്ചുപോയ പഴയ ഐ ഗ്രൂപ്പിലെ വിവിധ വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ സംബന്ധിച്ചു. കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍, എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ തുടങ്ങി സംസ്ഥാനത്ത് അറിയപ്പെടുന്ന പഴയ കരുണാകര വിഭാഗം നേതാക്കള്‍ ഒറ്റക്കെട്ടായി രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ചു. പുര്‍ണ മനസ്സോടെയാണ് താന്‍ ഈ വികാരത്തിനൊപ്പം നില്‍ക്കുന്നതെന്ന് കെ. മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു. മുമ്പ് കെ. കരുണാകരനെ അംഗീകരിച്ചതു പോലെ ചെന്നിത്തലയെ അംഗീകരിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കി. കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസിന്‍െറ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍ എന്നിവരെത്തി. മന്ത്രിമാരായ അടൂര്‍ പ്രകാശ് ദല്‍ഹിയിലും സി.എന്‍. ബാലകൃഷ്ണന്‍ ഒൗദ്യോഗിക തിരക്കുകളിലും ആയതിനാല്‍ എത്തിയില്ല. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശനും ഐ ഗ്രൂപ്പിന്‍െറ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും ഏഴ് ഡി.സി.സി. പ്രസിഡന്‍റുമാരും യോഗത്തിനെത്തി. എം.എല്‍.എമാരെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. ഐ ഗ്രൂപ്പിന്‍െറ അക്കൗണ്ടില്‍ ജനറല്‍ സെക്രട്ടറിയായ കെ.പി. അനില്‍ കുമാറിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിനാല്‍ ക്ഷണിച്ചില്ല. കോണ്‍ഗ്രസ് ബൂത്ത് തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ ഐ ഗ്രൂപ്പ് പിടിച്ചെടുത്തതായി യോഗം വിലയിരുത്തി. കോണ്‍ഗ്രസിന്‍െറ പാരമ്പര്യം വളച്ചൊടിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. പഴയ ഐയുടെ ശക്തി വീണ്ടെടുത്ത് പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കുകയോ സര്‍ക്കാറിനെ അട്ടിമറിക്കുകയോ അല്ല ലക്ഷ്യമെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനു പിന്തുണ നല്‍കും. സുധീരന്‍െറ കേരളയാത്രയെ പാര്‍ട്ടി ശക്തിപ്പെടുത്താനായി ഉപയോഗിക്കും. വയലാര്‍ രവിയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പും വൈകാതെ ഐ ഗ്രൂപ്പിന്‍െറ ഭാഗമാകുമെന്നാണ് സൂചന. |
തുലാമാസത്തിന് തുടക്കം കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു; വ്യാപക നഷ്ടം Posted: 17 Oct 2014 10:57 PM PDT പുലാമന്തോള്‍: ഗ്രാമപഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വ്യാപക നഷ്ടം. ചെമ്മല, ചെമ്മലശ്ശേരി, പാലൂര്‍, കുരുവമ്പലം ഭാഗങ്ങളിലാണ് വ്യാഴാഴ്ച രാത്രി ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നത്. ചെമ്മലശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ പന വീണ് വീട് തകര്‍ന്നു. ചെമ്മല പൊതുവാച്ചോല അലവി, പൊതുവാച്ചോല വീരാന്‍കുട്ടി, പൊതുവാച്ചോല ഹനീഫ, മണ്ണേങ്ങല്‍ സെയ്തലവി എന്ന കുഞ്ഞാപ്പ, തേളത്ത് സക്കീന, ചെമ്മലശ്ശേരിയില്‍ മഠത്തില്‍ വിനു, കീരിത്തൊടി അയ്യപ്പന്‍, താണിയില്‍ അലി എന്നിവരുടെ വീടുകളാണ് മരംവീണ് ഭാഗികമായി തകര്‍ന്നത്. പെരിന്തല്‍മണ്ണ: കനത്ത ഇടിയും പേമാരിയും മിന്നലും കാറ്റുമായി തുലാമാസത്തലേന്നാള്‍. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ ഒരു മണിക്കൂറോളം തിമിര്‍ത്തുപെയ്ത മഴയും കനത്ത കാറ്റും കാരണം പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. പെരിന്തല്‍മണ്ണ ഊട്ടി റോഡിലും അങ്ങാടിപ്പുറത്തും റോഡില്‍ വെള്ളംനിറഞ്ഞ് ഗതാഗതം പ്രയാസമായി. സ്കൂളുകളും കോളജുകളും വിടുന്ന സമയത്തെ ശക്തമായ ഇടിയും മിന്നലും ഇരുട്ടുമൂടലും വിദ്യാര്‍ഥികളില്‍ ഭീതിപരത്തി. ശക്തമായ മഴ കാരണം വാഹനയാത്രപോലും ഏറെനേരം നിശ്ചലമായി. പതിവില്‍നിന്ന് വിപരീതമായി ഇത്തവണ കന്നിമാസം പകുതി മുതലേ വൈകുന്നേരങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇടിയും മിന്നലും ശക്തമായിരുന്നു. ഇന്ന് തുലാമാസം പിറക്കുന്നതോടെ മഴയുടെയും ഇടിയുടെയും ഊക്ക് കൂടും. |
120 കോടി ജനങ്ങള്‍ ദിവസം ചെലവഴിക്കുന്നത് ഒന്നേകാല്‍ ഡോളര്‍ ^യു.എന്‍ Posted: 17 Oct 2014 10:45 PM PDT ജെനീവ: ലോകത്ത് 120 കോടിയിലധികം ജനങ്ങള്‍ ഒരു ദിവസം കഴിയുന്നത് 1.25 ഡോളറിലും താഴെ ചെലവഴിച്ചാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. 240 കോടിയോളം ജനങ്ങള്‍ നിത്യ ചെലവിനു കണ്ടെത്തുന്നത് രണ്ടു ഡോളറിനും താഴെ മാത്രം. 1.25 ഡോളറിലും താഴെ നിത്യജീവിതത്തിനു ചെലവിടുന്ന ദരിദ്രരുടെ വാര്‍ഷിക വരുമാനം മെച്ചപ്പെടുത്തുന്നതിന് 6600 കോടി ഡോളര്‍ ചെലവഴിക്കേണ്ടി വരും. ഇവരുടെ ജീവിത ചെലവുകള്‍ ഇരട്ടിയാക്കുന്നതിന് വികസിത രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ സഹായം നല്‍കണം. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മാര്‍ജന ദിനത്തിന്‍റെ ഭാഗമായി നടത്തിയ നിരീഷണത്തിലാണ് ബാന്‍ കി മൂണ്‍ പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. 1990 നും 2010 നുമിടയില്‍ കൊടും ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന 700 ദശലക്ഷം പേരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ യു.എന്നിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2008 ലെ സാമ്പത്തിക പ്രതിസന്ധി വരെയും അസമത്വവും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള വിവേചനവും അനീതിയും തുടര്‍ന്നിരുന്നു. ലോകത്തെ ദാരിദ്രവും സമ്പത്ത് കൈക്കലാക്കാനുള്ള ദുരാഗ്രഹവും ദരിദ്ര്യനും സമ്പന്നനും തമ്മിലുള്ള അകലവും കുറച്ചാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ കഴിയുമെന്നും ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. |
എം.ജി കോളജ് കേസ്: തുടരന്വേഷണ സാധ്യത സര്‍ക്കാര്‍ തേടുന്നു Posted: 17 Oct 2014 10:29 PM PDT തിരുവനന്തപുരം: എം.ജി കോളജ് ആക്രമണക്കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യത തേടുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആക്രമണ കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി വി.എന്‍ ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. എം.ജി കോളജില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ വേണ്ടി 30 പേര്‍ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ അടക്കമുള്ളവര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് കേസ് പിന്‍വലിച്ചത് നടപടി ക്രമങ്ങള്‍ പാലിച്ചാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചത്. |
കാട്ടുനായ്ക്ക പാക്കേജ് : വീടുനിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് Posted: 17 Oct 2014 10:15 PM PDT പുല്‍പള്ളി: കാട്ടുനായ്ക്ക പാക്കേജുകളില്‍ ഉള്‍പ്പെടുത്തി ഇരുളം മരിയനാട് നിര്‍മിച്ച വീടുകളില്‍ വ്യാപക ക്രമക്കേടുകള്‍. മൂന്നര ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മിച്ചത് എസ്റ്റിമേറ്റ് പ്രകാരമല്ല. ജില്ലക്ക് പുറത്തുള്ള ട്രസ്റ്റിനായിരുന്നു ഭൂരിഭാഗം വീടുകളുടെയും നിര്‍മാണച്ചുമതല. ട്രസ്റ്റ് നിര്‍മിച്ച മിക്ക വീടുകളുടെയും മേല്‍ക്കൂരയില്‍ ഓടിനു പകരം വിലകുറഞ്ഞ ടിന്‍ ഷീറ്റാണ്. അതും ടോയ്ലറ്റിന്‍െറ ഭാഗത്ത് ഇട്ടിട്ടില്ല. ബത്തേരിയിലെ ഒരു കരാറുകാരന്‍ എടുത്ത വീടുകള്‍ക്ക് ഇനി 85,000 രൂപയേ ലഭിക്കാനുള്ളൂ. ബാക്കിത്തുക മുഴുവന്‍ കൈപറ്റി. എന്നാല്‍, വീടുകളുടെ പണി പകുതിപോലും തീര്‍ത്തിട്ടില്ല. തേപ്പ്, ജനല്‍, വാതിലുകള്‍ സ്ഥാപിക്കല്‍, ഓട് മേയല്‍, ടൈല്‍ പതിക്കല്‍ എന്നിങ്ങനെ പണികള്‍ ഏറെ ബാക്കിയാണ്. ഇനി ലഭിക്കുന്ന തുകക്ക് ഇത്രയും പണി തീര്‍ക്കാനുമാവില്ല. ഇതോടെ ഭാഗികമായി തീര്‍ത്ത വീടുകളില്‍ കഴിയേണ്ട ഗതികേടിലാണ് പല ആദിവാസി കുടുംബങ്ങളും. ഇവിടെ നിര്‍മിച്ച പല വീടുകളും ചോര്‍ന്നൊലിക്കുന്നുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീട് പരിശോധിച്ചശേഷമാണ് പണം കൈമാറിയത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഭവന നിര്‍മാണ രംഗത്തെ അഴിമതി അരങ്ങേറുന്നതെന്ന് ആരോപണം ശക്തമാണ്. ഇതു സംബന്ധിച്ച പരാതികളില്‍ കാര്യക്ഷമമായ അന്വേഷണവും ഉണ്ടാകുന്നില്ല. |
ഗാലറികളില്‍ ഇരുന്ന് അവര്‍ ആര്‍ത്തുവിളിക്കുന്നു Posted: 17 Oct 2014 10:12 PM PDT ഒരിക്കല്‍ സര്‍ക്കസിലെ അഭ്യാസികളായ സ്ത്രീകളുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ ഒരു കാര്യം പങ്കുവെച്ചു. ‘ഞങ്ങള്‍ ഇന്ത്യയുടെ നാനായിടങ്ങളില്‍ സര്‍ക്കസ് കളിച്ചിട്ടുണ്ട്. ഇതുപോലൊരു ഓഡിയന്‍സിനെ രാജ്യത്തെവിടെയും കണ്ടിട്ടില്ല. വയറ്റുപ്പിഴപ്പിനു വേണ്ടിയാണ് ഞങ്ങള്‍ ഈ പണിക്കിറങ്ങിയത്. എന്നാല്‍, വളരെ മോശം കമന്‍റുകള്‍ മാത്രമാണ് കേരളത്തിലെ ഗാലറികളില്‍ നിന്ന് ഞങ്ങള്‍ക്കുനേരെ ഉയരുന്നത്. കേട്ടാല്‍ തൊലിയുരിയുന്നതരം വാക്കുകള്‍..’- കേരളത്തിന്‍റെ സാമൂഹ്യ പരിസരം വിസര്‍ജിക്കുന്ന വാക്കുകളില്‍ മനംപിരട്ടിയാണ് അവര്‍ ഇതു പറഞ്ഞവസാനിപ്പിച്ചതെന്ന് തോന്നിപ്പോയി. അത്രമേല്‍ വൈകാരിക പക്വതയില്ലാത്ത മലയാളിയെ കുറിച്ചുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ ആ മനംപിരട്ടല്‍ അടുത്തിരുന്നവരിലേക്കും പടര്‍ന്നപോലെ തോന്നി. ഇത് ഏതാനും വര്‍ഷം മുമ്പായിരുന്നു. ഇന്ന് അതില്‍ നിന്നും ഒട്ടും പിറകോട്ടു പോയിട്ടില്ളെന്നും നവ പരിസരങ്ങളില്‍ പൂര്‍വാധികം ശക്തിയാര്‍ജ്ജിച്ചിട്ടുണ്ടെന്നും കണ്‍മുന്നിലെ പലതും വിളിച്ചു പറയുന്നു. നമ്മള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചാപരിസരങ്ങള്‍ നിരീക്ഷിച്ചാല്‍ ഇതു ബോധ്യമാവും. യഥാര്‍ഥത്തില്‍ ആരായിരുന്നു സരിത എസ്. നായര്‍ എന്നും അവര്‍ നടത്തിയ തട്ടിപ്പെന്താണെന്നും ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉത്തരം മറന്നുപോയിരിക്കുന്നു. അതിനുമേല്‍ പിന്നീടുണ്ടായ ആഘോഷങ്ങളില്‍ സംഭവിച്ചു കഴിഞ്ഞ പല യാഥാര്‍ഥ്യങ്ങളും മറഞ്ഞുപോയിരിക്കുന്നു. സോളാര്‍ ചിത്രം സോളാര്‍ പവര്‍ പ്ളാന്‍റും വിന്‍റ് മില്‍ ഫാമും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ രണ്ടാമത്തെ കുറ്റാരോപിതയാണ് സരിത എസ്. നായര്‍. കേരളത്തിനകത്തും അന്യസംസ്ഥാനങ്ങളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ 2013 ജൂണ്‍ മൂന്നിന് ചങ്ങനാശേരി വട്ടപ്പാറ പടിഞ്ഞാറേതില്‍ വീട്ടില്‍ സോമരാജന്‍െറ മകള്‍ സരിത എസ്. നായര്‍ (35) അറസ്റ്റിലാവുന്നത്. ലക്ഷ്മി നായര്‍ എന്ന വ്യാജ പേരിലായിരുന്നു ഈ തട്ടിപ്പ്. ഇതിനായി എറണാകുളം ചിറ്റൂര്‍ റോഡില്‍ ടീം സോളാര്‍ റിന്യുവബ്ള്‍ എനര്‍ജി സെലൂഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. ഈ സ്ഥാപനത്തിലും തിരുവനന്തപുരത്ത് ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലും തെളിവെടുപ്പ് നടത്തിയ പൊലീസ് നിരവധി രേഖകള്‍ പിടിച്ചെടുത്തു. കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണന്‍ ആയിരുന്നു കേസിലെ പ്രഥമ കുറ്റാരോപിതന്‍. തിരുവനന്തപുരം കവടിയാര്‍ ഭാഗത്ത് ക്രഡിറ്റ് ഇന്ത്യ എന്ന സ്ഥാപനത്തിന്‍െറ മറവില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഇരുവരും ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് ഇവര്‍ ചേര്‍ന്ന് എറണാകുളത്ത് ആര്‍.ബി നായര്‍, ലക്ഷ്മി നായര്‍ എന്ന വ്യാജപേരില്‍ ടീം സോളാര്‍ സ്ഥാപനം തുടങ്ങുന്നത്. നിരവധി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ കോടികള്‍ തട്ടിയെടുത്തതായി ആരോപണമുയര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ വാടകവീടുകള്‍ മാറിമാറി താമസിച്ച് ഒളിവില്‍ കഴിയവെയാണ് സരിത പിടിയിലാവുന്നത്. ഈ വിവരം അറിഞ്ഞതോടെ തട്ടിപ്പിനിരയായ നിരവധി പേര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണെന്നുമായിരുന്നു പിടിയിലായ സരിത പൊലീസിനോട് ആദ്യം പറഞ്ഞത്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സരിതയുമായി ബിജു ഒന്നിക്കുന്നത് ഭാര്യയുടെ മരണശേഷമാണ്. ഭാര്യ മരണപ്പെട്ട സംഭവത്തില്‍ ബിജുവിനെതിരെ ആ സമയത്ത് കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. 2012 സെപ്റ്റംബറില്‍ മുടിക്കല്‍ കുറ്റപ്പാലില്‍ വീട്ടില്‍ സജാദില്‍ നിന്ന് 40,50,000 രൂപ ഇവര്‍ വാങ്ങിയിരുന്നു. തമിഴ്നാട്ടില്‍ വിന്‍റ് മില്‍ ഫാമും, സോളാര്‍ പവര്‍ പ്ളാന്‍റും നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. രണ്ടുമാസം മുമ്പ് എറണാകുളത്തെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങിയതോടെ സജാദ് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തട്ടിപ്പിന്‍െറ പേരില്‍ എറണാകുളം റേഞ്ച് ഐ.ജിക്കും മുഖ്യമന്ത്രിക്കും നിരവധി പരാതികള്‍ ലഭിച്ചതായി പൊലീസ് പിന്നീട് പറയുകയുണ്ടായി. പിന്നീടു സംഭവിച്ചത് എന്നാല്‍, ഈ കഥകള്‍ മറന്നുപോയ മലയാളി പിന്നീട് മറ്റു പലതും മനസില്‍ നിന്ന് മായ്ക്കാതെ കൊണ്ടു നടന്നു. ഒന്നര വര്‍ഷത്തിനുശേഷവും സരിത എന്ന വ്യക്തി മാധ്യമങ്ങളുടെ ചൂടേറിയ വിഷയമായി തുടരുന്നു. അപ്പോഴേക്കും അവരുടെ പേരിനൊപ്പം ഉണ്ടായിരുന്ന ‘സോളാര്‍’ മാഞ്ഞുപോയിരുന്നു. പിന്നീട് ഒരോ കേസുകളില്‍ നിന്നും സരിത ജാമ്യം നേടിയിറങ്ങി. ചാനലുകള്‍ക്കു മുന്നില്‍ ആദ്യമാദ്യം തല താഴ്ത്തി കുറ്റവാളിയുടെ ഭാവത്തിലും സ്വരത്തിലും സംസാരിച്ച അവര്‍ പിന്നീട് ശക്തയാവുകയായിരുന്നു. കുറ്റവാളി മുഖത്തില്‍ നിന്നും തിളക്കമാര്‍ന്ന വേഷ ഭാവങ്ങളിലേക്കുള്ള ആ ദൂരത്തിനിടയില്‍ പലതും സംഭവിച്ചു കഴിഞ്ഞിരുന്നു. അതില്‍ മലയാളി അറിഞ്ഞതും കണ്ണെറിഞ്ഞതും ഒരു സ്ത്രീയുടെ ‘അഴകളവു’കളെ മാത്രമായിരുന്നു. സര്‍ക്കസുകാരികള്‍ പങ്കുവെച്ച അനുഭവം ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. അടച്ചു പിടിച്ച സദാചാരത്തിന്‍റെ കെട്ടുചീയലുകള്‍ ആണ് പെണ്‍ ശരീരങ്ങള്‍ക്കുമേല്‍ കുതിര കയറാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത് എന്ന നിരീക്ഷണം അത്ര പുതിയതല്ല. നവ കാലത്തിന്‍റെ സൗകര്യങ്ങളിലേക്ക് ഈ ബോധത്തെ പതിച്ചുവെക്കുമ്പോള്‍ പൊതു ഇടങ്ങളിലെ ചീഞ്ഞുനാറ്റം അസഹ്യമാവുന്നു. സരിതയുടെ ചെയ്തികളെ വലിയ വായില്‍ ചീത്ത വിളിക്കുന്നവര്‍ തിരിച്ചറിയാത്തതോ അറിഞ്ഞിട്ടും അംഗീകരിക്കാത്തതോ ആയ കാര്യമുണ്ട്. ആ സ്ത്രീയെ ഇത്രമേല്‍ വളരാനും ആഘോഷിക്കപ്പെടാനും വിട്ടു കൊടുത്തത് ഇവിടുത്തെ കാഴ്ചാപരിസരങ്ങള്‍ തന്നെയാണ്. തന്‍റെ ഉടലിലേക്കുള്ള ഒരോ നോട്ടങ്ങളുടെയും വാക്കുകളുടെയും അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ ഒരുക്കിയ മറ്റൊരു തട്ടിപ്പിലേക്ക് മലയാളി തല വെച്ചുകൊടുക്കുകയായിരുന്നു. സരിത വിരിച്ച വലയില്‍ അന്തംകെട്ട് വീണുപോയ രാഷ്ട്രീയക്കാരെ നോക്കി ചിരിച്ച പൊതുജനങ്ങളെയും അവര്‍ അതിലും സമര്‍ഥമായി പറ്റിച്ചു. ആ സമയമത്രെയും അതിനു മറുപുറത്ത് സംഭവിക്കുന്നതിലൊന്നും ആരും ശ്രദ്ധ വെച്ചില്ല. ഭരണപക്ഷം-പ്രതിപക്ഷം എന്ന അതിര്‍വരമ്പുകള്‍ നിഷ്പ്രഭമായി. പ്രതിപക്ഷം ഏറ്റെടുത്താല്‍ ഭരണംവരെ താഴെ പോവുമായിരുന്ന ഒരു കേസില്‍ ഇരു കൂട്ടരും തമ്മിലുള്ള ഒത്തുതീര്‍പ്പുകളിലൂടെയും കുതിരക്കച്ചവടങ്ങളിലുടെയും മറപിടിച്ച് സരിതയെന്ന തട്ടിപ്പുകാരിയും അവര്‍ക്ക് വളംവെച്ചു കൊടുത്ത അധികാരികളും സുന്ദരമായി രക്ഷപ്പെട്ടു. ഇങ്ങനെ മറുപുറത്ത് ഉപകാര-പ്രത്യുപകാര നാടകങ്ങള്‍ അരങ്ങേറുമ്പോള്‍ മാധ്യങ്ങള്‍ കൃത്യമായി സരിതയുടെ ഉടലിലേക്ക് സൂം ചെയ്ത് കച്ചവടങ്ങള്‍ക്ക് കുടപിടിച്ചു. അതോടെ അവര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ അരികിലേക്കു മാറി. തട്ടിപ്പു നടത്തിയെന്നു തെളിയിക്കപ്പെട്ടാല്‍ നിയമത്തിന്‍റെ ഒരു ആനുകൂല്യവും ലഭിക്കാന്‍ പാടില്ലാത്ത ഒരു കുറ്റവാളിയായിരിക്കും സരിത എന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം അവരെ സഹായിച്ച ഒരാള്‍ പോലും രക്ഷപ്പെടാനും അര്‍ഹരല്ല. കുറ്റവാളിയെന്ന ആരോപണം തെളിഞ്ഞു കഴിഞ്ഞ് ശിക്ഷിക്കപ്പെടേണ്ട കാലയളവില്‍ എതിര്‍ത്തും അനുകൂലിച്ചും സമൂഹം അവരെ മറ്റൊരു വിധത്തില്‍ കൊണ്ടാടുകയാണുണ്ടായത്. സരിതയുടെ വേഷത്തെ കുറിച്ചും ഉടലിനെകുറിച്ചും പെണ്ണുങ്ങള്‍ പരസ്യമായി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ആണുങ്ങളുടെ സ്വകാര്യ സദസുകളില്‍ ചര്‍ച്ചകളും കമന്‍റുകളും നിറഞ്ഞു. ആണുങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതെന്ന് സമൂഹം ധരിച്ചുപോന്ന ബുദ്ധിസാമര്‍ഥ്യത്തിന്‍റെ ഉടമയെ പല സ്ത്രീകളും ആദരവോടെ നോക്കി. രാഷ്ട്രീയ പ്രമുഖരെ പുല്ലുപോലെ കൈകാര്യം ചെയ്ത ഒരു സത്രീയില്‍ നിന്ന് ഓട്ടോഗ്രാഫ് വരെ വാങ്ങുന്നതില്‍ എത്തിച്ചു ആ ആരാധന. തങ്ങളില്‍ പലര്‍ക്കും കഴിയാതെ പോയ ഇഛാശക്തിക്കും വാക്ചാതുരിക്കുമുള്ള അംഗീകാരമായി ചില സ്ത്രീകളെങ്കിലും ഇതിനെ പിന്താങ്ങി. ഇങ്ങനെ താരപ്പൊലിമയോടെ പൊതു ഇടത്തിലേക്ക് ആനയിക്കപ്പെട്ട സരിത ചാനല്‍ ചര്‍ച്ചകളിലെ പോലും ക്ഷണിതാവായി. ഇതിനിടയിലാണ് സരിതയുടേതെന്ന പേരില്‍ വീഡിയോ ക്ളിപ്പിങ്ങുകള്‍ പുറത്താവുന്നത്. ഇതിനെ രണ്ടു തരത്തില്‍ വീക്ഷിക്കുന്നവരുണ്ട്. ആരോപണങ്ങളില്‍ നിന്ന് വിമുക്തയായി പൊതുസമൂഹത്തില്‍ ജീവിതം കണ്ടെത്തുന്ന സരിത യഥാര്‍ഥത്തില്‍ ഇരയാക്കപ്പെടുകയാണെന്നാണ് അതില്‍ ഒന്ന്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ തൊടുത്തു വിടുന്ന കമന്‍റുകള്‍ ഒരു വ്യക്തിയെന്ന നിലയില്‍ അവരുടെ സ്വകാര്യതയുടെ നേര്‍ക്കുള്ള അതിനീചമായ ആക്രമണമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇരകള്‍ ആയി മാറുന്ന സ്ത്രീകളെ എങ്ങനെയും കൈകാര്യം ചെയ്യാം എന്ന നിലയില്‍ ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവെക്കുന്ന തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് ഇത് വഴിമരുന്നിടുമെന്നും ഇവര്‍ ഭയക്കുന്നു. ഒരു കാലത്ത് ഷക്കീല സിനിമകള്‍ ആസ്വദിക്കുകയും ഒരേ സമയം അവരെ തെറിപറയുകയും ചെയ്യുന്ന തലമുറയെ അനുസ്മരിപ്പിക്കുന്ന വിധമാണ് സരിതയെ ആഘോഷിക്കുന്ന പുരുഷ പരിസരങ്ങള്‍ എന്ന് പുതുതലമുറയിലെ പെണ്‍കുട്ടികളും ഒച്ചയുയര്‍ത്തുന്നു. അവനവന്‍റെ ആനന്ദത്തിനുപയോഗിക്കാന്‍ എല്ലാ കാലത്തും ഇങ്ങനെയുള്ള ഉടലുകളെ അവര്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഉടലിന്‍റ സാധ്യതകള്‍ മാര്‍ക്കറ്റ് ചെയ്യുന്നവള്‍ എന്ന് സരിതക്കു നേരെ തെറിവാക്കുകള്‍ പ്രയോഗിക്കുമ്പോഴും ആ സാധ്യതകളെ പരിപാലിക്കാന്‍ സൗകര്യം ഒരുക്കുന്ന സാമൂഹികാവസ്ഥയെ ആരും കുറ്റപ്പെടുത്തുന്നില്ല. കുറ്റവാളിയാണെങ്കില്‍ പോലും ഒരു വ്യക്തിയോട് മിനിമം പാലിക്കേണ്ട മര്യാദയുടെ അതിര്‍വരമ്പുകള്‍ പച്ചയായി ലംഘിക്കപ്പെട്ടു കഴിഞ്ഞു എന്ന യാഥാര്‍ഥ്യം അംഗീകരിച്ചാല്‍ തന്നെയും ഇത്തരം കാഴ്ചകളും ഇതിനെ കുറിച്ചുള്ള ചര്‍ച്ചാ പരിസരങ്ങളും സമൂഹത്തിനേല്‍പിക്കുന്ന പരിക്ക് അത്ര ചെറുതല്ല. ന്യൂജെന്‍ തരംഗങ്ങളുടെ കാലത്ത് പതിനെട്ട് വയസുപോലും തികയാത്ത കുട്ടികളുടെ മുമ്പിലേക്ക് പച്ചയായ കാഴ്ചകളും വാക്കുകളുമായി ഇവയെത്തുമ്പോള്‍ വരും തലമുറയെ ദിവ്യസൂക്തങ്ങള്‍ ചൊല്ലി നന്നാക്കാമെന്ന് വെറുതെ പോലും മോഹിക്കേണ്ടതില്ല. |
മടപ്പള്ളി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് : ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അക്രമം Posted: 17 Oct 2014 10:06 PM PDT വടകര: മടപ്പള്ളി ഗവ. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് നടന്ന അക്രമത്തില്‍ എ.എസ്.പിയുള്‍പ്പെടെ പൊലീസുകാര്‍ക്കും എസ്.എഫ്.ഐ നേതാക്കള്‍ക്കും പരിക്ക്. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും എസ്.എഫ്.ഐ നിലനിര്‍ത്തി. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിക്കലും ആഹ്ളാദപ്രകടനവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസിനകത്ത് കടക്കാന്‍ ശ്രമിച്ചത് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ നീക്കാന്‍ പൊലീസ് ലാത്തിവീശി. ഇതിനിടെ, എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി കെ. അശ്വന്ത്, ജില്ലാ സെക്രട്ടറി എം.കെ. നിഗേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതോടെ, നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാദാപുരം റോഡില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം ശനിയാഴ്ച ഉച്ചവരെ ഒഞ്ചിയം പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എ.എസ്.പി. യതീഷ് ചന്ദ്ര, ഗണ്‍മാന്‍ ബാലു, എം.എസ്.പിക്കാരായ സജിന്‍, അഖിലേഷ്, മനേഷ് എന്നിവര്‍ക്കും എസ്.എഫ്.ഐ നേതാക്കളായ ആര്‍. ജഗത്, എന്‍. നിധിന്‍, രജീഷ്, എം. നിഖില്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലേക്കും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്തതിനാല്‍ നോമിനേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ളെന്നും അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ചിലര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതിന്‍െറ തുടര്‍ച്ചയായാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവായത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ 'ഇന്‍ക്വിലാബ്' എന്ന പേരിലാണ് മത്സരിച്ചത്. എസ്.എഫ്.ഐയുടെ വിജയം അംഗീകരിക്കുമ്പോള്‍ തന്നെ കഴിഞ്ഞകാലങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ ഫാഷിസ്റ്റ് സമീപനത്തിന് അറുതിവരുത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ വിജയമെന്ന് 'ഇന്‍ക്വിലാബി'ന്‍െറ ഭാരവാഹികള്‍ പറഞ്ഞു. യൂനിവേഴ്സിറ്റി പ്രതിനിധികളായ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ (പി.എം. സ്നേഹിത്ത്), യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ (കെവിന്‍ സോമന്‍, സ്വരൂപ് സുനില്‍), സ്റ്റുഡന്‍റ് എഡിറ്റര്‍ (എം.എസ്. അഭിജിത്ത്), ഫിസിക്സ് അസോസിയേഷന്‍ റെപ്രസന്‍േററ്റിവ് (കെ.ടി. അശ്വിന്‍), പി.ജി റെപ്രസന്‍േററ്റിവ് (പി.വി. അര്‍ജുന്‍), സെക്കന്‍ഡ് ഡി.സി റെപ്രസന്‍േററ്റിവ് (എം. ഗോകുലന്‍) എന്നീ സ്ഥാനങ്ങളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി തുടങ്ങിയ പദവികളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ നേരത്തേ എസ്.എഫ്.ഐ വിജയിച്ചിരുന്നു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,640 രൂപ Posted: 17 Oct 2014 09:48 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 20,640 രൂപ. ഗ്രാമിന് 2,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ചാണ് സ്വര്‍ണവില 160 രൂപ കൂടി 20,640 രൂപയില്‍ എത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഈ വില തുടര്‍ന്നു. ചൊവ്വാഴ്ച 20,480 രൂപയായിരുന്നു പവന്‍ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.30 ഡോളര്‍ കുറഞ്ഞ് 1,238.00 ഡോളറിലെത്തി. |
പുഞ്ചില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ് Posted: 17 Oct 2014 09:40 PM PDT ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. പൂഞ്ചിലെ ഹാമിര്‍പൂര്‍ സെക്ടറിലേക്കാണ് വെള്ളിയാഴ്ച രാത്രി വെടിവെപ്പുണ്ടായത്. ഒരു മണിക്കൂറോളം തുടര്‍ച്ചയായി വെടിവെപ്പുണ്ടായെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴച രാത്രിയും ഹാമിര്‍പൂര്‍ സെക്ടറിലെ ഇന്ത്യന്‍ സെനിക പോസ്റ്റുകള്‍ക്ക് വെടിവെപ്പുണ്ടായി. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് പാക്സേന നടത്തിയ വെടിവെപ്പ് 90 മിനിട്ട് നീണ്ടുനിന്നു. ഒക്ടോബറില്‍ നിരവധി തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചിരുന്നു. |
വീട്ടമ്മമാര്‍ നിലമൊരുക്കി; മന്ത്രി വിതച്ചു Posted: 17 Oct 2014 08:42 PM PDT ദോഹ: കൃഷി മന്ത്രി തലയില്‍ തോര്‍ത്തും കെട്ടി ചെളിയിലിറങ്ങിയപ്പോള്‍, മരുഭൂമി പച്ചവിരിച്ച പാടമായ പ്രതീതി. കൃഷിയിലും മൃഗസംരക്ഷണത്തിലും താല്‍പര്യമുള്ള മുഹമ്മദ് അല്‍ ദൂസരി എന്ന സഹൃദയനായ സ്വദേശി സൗജന്യമായി അനുവദിച്ച ഭൂമിയില്‍ മലയാളി വീട്ടമ്മമാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ നെല്‍വിത്തെറിഞ്ഞപ്പോള്‍ ഖത്തറിന് പുതുമയുള്ള അനുഭവമായി. ഹ്രസ്വ സന്ദര്‍നത്തിന് ദോഹയിലത്തെിയ കൃഷി മന്ത്രി കെ.പി. മോഹനനാവട്ടെ മനസ് നിറഞ്ഞ ആഹ്ളാദവും. നാട്ടിന്‍പുറത്തുകാരനായ മന്ത്രി നിലമൊരുക്കലും വിത്തെറിയലുമെല്ലാം ശരിക്കുമാസ്വദിച്ച് തനി കര്‍ഷകനായി മാറി. കേരളത്തില്‍ ഇത്തരം ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും പുറത്ത്, അതും ഗള്‍ഫ് നാട്ടില്‍ ഇത് ആദ്യാനുഭവമാണെന്ന് മന്ത്രി. വിത്തും കൈക്കോട്ടുമായി തങ്ങളേക്കാളേറെ ഉല്‍സാഹത്തോടെ മണ്ണിലിറങ്ങിയ മന്ത്രിയെ കണ്ട് ‘അടുക്കളത്തോട്ട’ത്തിലെ അംഗങ്ങള്‍ക്ക് ആവേശം ഇരട്ടിച്ചു. എല്ലാം കണ്ടുംകേട്ടും അത്യാവശ്യത്തിന് മാര്‍ഗനിര്‍ദേശവുമായി ദൂസരി പാര്‍ക്കിന്‍െറ ഉടമസ്ഥന്‍ മുഹമ്മദ് അല്‍ ദൂസരിയും. അടുക്കളത്തോട്ടം പ്രവര്‍ത്തകര്‍ക്ക് കേരള ഗവണ്‍മെന്‍റിന്‍െറ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി കെ.പി. മോഹനന്‍ പറഞ്ഞു. ‘ഇതൊരു വലിയ സന്ദേശമാക്കി മാറ്റണം. ഇവിടെ മാത്രം ഒതുക്കരുത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. കേരളത്തിന്‍െറ മേന്‍മയുള്ള പഴങ്ങളും പച്ചക്കറികളും നമുക്ക് ഈ ഗള്‍ഫ് നാട്ടില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. കൂടുതല്‍ ഖത്തര്‍ സ്വദേശികളെ ഇതിലേക്ക് സഹകരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും’ - മന്ത്രി പറഞ്ഞു. കേരളത്തിലും പുറത്ത് പല രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ‘അടുക്കളത്തോട്ടം’ ഫേസ്ബുക് കൂട്ടായ്മയുടെ ദോഹയിലെ പ്രവര്‍ത്തകര്‍ നെല്‍കൃഷി ചെയ്യാനൊരുങ്ങുന്നുവെന്ന് കേട്ടതുമുതല്‍ ഈ മരുഭൂമിയിലോ എന്നായിരുന്നു മിക്കവര്‍ക്കും സംശയം. നെല്ല് ഇവിടെ വിളയുമോ എന്നാണ് പലര്‍ക്കും ശങ്ക. ഒരു സംശയവും വേണ്ടെന്നാണ് ഈ കൂട്ടായ്മയുടെ മറുപടി. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങുന്ന കൂട്ടായ്മയുടെ ഉല്‍സാഹ കമ്മിറ്റി കാണുമ്പോള്‍ നെല്ല് വിളയുമെന്ന് തന്നെ പ്രതീക്ഷിക്കാം. മൂന്ന് കണ്ടങ്ങളാക്കി തിരിച്ച ഭൂമിയില്‍ മൂന്ന് തരം വിത്തുകളാണ് നട്ടത്. ഓണമട്ടന്‍, പാല്‍തണ്ടി, മരത്താണ്ടി എന്നീ നെല്‍വിത്തുകള്‍ കൊണ്ടുവന്നത് വയനാട്ടിലെ വിത്ത് രാമന്‍ എന്ന് പ്രശസ്തനായ ചെറുവയല്‍ രാമന്‍െറ അടുത്ത് നിന്നാണ്. ദൂസരി പാര്‍ക്കില്‍ മാസങ്ങള്‍ക്ക് മുമ്പേ അടുക്കളത്തോട്ടം നടത്തിയ കുടുംബ സംഗമമാണ് ഇത്തരമൊരു സംരംഭത്തിന് വഴിതെളിച്ചത്. ഒട്ടേറെ മലയാളി കൂട്ടായ്മകള്‍ പാര്‍ക്കില്‍ നടത്താറുള്ള സംഗമങ്ങളിലെല്ലാം സജീവമായി പങ്കെടുക്കാറുള്ള ഉടമസ്ഥന്‍ മുഹമ്മദ് അല്‍ ദൂസരി കൃഷിയിലുള്ള ഇവരുടെ താല്‍പര്യം കണ്ടറിഞ്ഞാണ് നെല്‍കൃഷി ചെയ്യാന്‍ ഭൂമി നല്‍കിയത്. അങ്ങനെ കേരളത്തില്‍ നിന്ന് വിത്ത് എത്തിച്ച് കൃഷി ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ് നിമിത്തം പോലെ കൃഷിമന്ത്രിയെ തന്നെ കിട്ടിയത്. നിലത്ത് പാകാനുള്ള ചകിരിച്ചോറ് അടക്കം നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന അംബര പവിത്രനും ജിഷ കൃഷ്ണനും ദിവസവും ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെയുള്ള ശഹാനിയയിലത്തെിയാണ് കൃഷിക്ക് നിലമൊരുക്കിയത്. ഇതിനിടെ നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷുഗര്‍ ഫ്രീ കപ്പയും മറ്റും ഇവിടെ നടുകയും ചെയ്തു. ‘നേന്ത്ര വാഴ, ചേമ്പ്, ചേന, പയര്‍, പാവലം, കുമ്പളങ്ങ തുടങ്ങി നിരവധി ഇനങ്ങളുടെ തൈകളും റെഡിയായിട്ടുണ്ട്. തണുപ്പ് കാലം തുടങ്ങിയിട്ട് നടാമെന്ന് കരുതിയിരിക്കുകയാണ്. എല്ലാ പച്ചക്കറികളും ഇവിടെ ഉണ്ടാക്കും. തെങ്ങിന്‍ തൈകളും കശുമാവും അടക്കം കെണ്ടുവന്നിട്ടുണ്ട്. ഇവിടെ ഒരു കൊച്ചു കേരളമാക്കണമെന്നാണ് ആഗ്രഹം’- കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന അംബര പവിത്രന്‍ പറയുന്നു. കൂട്ടായ്മയിലെ അംഗങ്ങള്‍ പലരും ദോഹയിലെ താമസസ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നവരാണെന്ന് ഗ്രൂപ്പ് അഡ്മിനായ ജിഷ കൃഷ്ണ പറഞ്ഞു. മറ്റൊരു അഡ്മിനായ മീന ഫിലിപ്പ്, സജീവാംഗങ്ങളായ അമീര്‍ കോയ, റംല സമദ്, സിയാദ് തുടങ്ങിയവരെല്ലാം ഗള്‍ഫിന്‍െറ പരിമിതികള്‍ വെച്ച് കൃഷി നടത്തുന്നവരാണ്. മുഹമ്മദ് അല്‍ ദൂസരി തുറന്നിട്ട അവസരമാണ് തങ്ങള്‍ക്ക് അനുഗ്രഹമായതെന്നും അവര്‍ പറഞ്ഞു. |
തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ മുണ്ടെ Posted: 17 Oct 2014 08:26 PM PDT മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പിയില്‍ തര്‍ക്കം തുടങ്ങി. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെയാണ് മുഖ്യമന്ത്രി പദത്തിന് പരസ്യമായി ആവകാശവാദം ഉന്നയിച്ചത്. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയാകണമെന്നാണെന്നും പങ്കജ വാര്‍ത്താലേഖകരോട് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയായി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസിനെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്തുണക്കുന്നത്. ആര്‍.എസ്.എസിന്‍െറ പിന്തുണയും ഫട്നാവിസിനാണ്. പിന്നാക്ക വിഭാഗമായ വഞ്ചാര സമുദായക്കാരിയാണ് 35കാരിയും എം.ബി.എക്കാരിയുമായ പങ്കജ മുണ്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും പൂര്‍ണമായി വഴങ്ങുന്ന ഒരാളാകും മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്നു. മറാത്ത് വാഡയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മോദിയും അമിത് ഷായും പങ്കജക്ക് അനുകൂലമായ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, വിദര്‍ഭയിലെ പര്യടനത്തിനിടെ ഫട്നാവിസിന്‍െറ പേരാണ് പരാമര്‍ശിക്കപ്പെട്ടത്. മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ട് പേരുകള്‍ പരാമര്‍ശിച്ചത് പാര്‍ട്ടിക്കകത്തുതന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ നിയമസഭാ പ്രതിപക്ഷ നേതാവ് ഏക്നാഥ് കഡ്സെയും നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് വിനോദ് താവ്ഡെയും മുഖ്യമന്ത്രിപദത്തിന് ആഗ്രഹം പ്രകടമാക്കിയിട്ടുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയാകാനില്ളെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. |
ദമ്മാം ഫൈസലിയയില്‍ തൊഴിലാളി ക്യാമ്പ് കത്തി നശിച്ചു; ആളപായമില്ല Posted: 17 Oct 2014 08:08 PM PDT ദമ്മാം: ഫൈസലിയയില്‍ മലയാളികള്‍ ഉള്‍പെടെ ആയിരത്തിലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പ് കത്തി നശിച്ചു. ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍ക്കാര്‍ കരാര്‍ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയുടെ ക്യാമ്പിലാണ് ഉച്ചക്ക് 12 മണിയോടെ തീ പിടുത്തമുണ്ടായത്. പോര്‍ട്ടബിള്‍ ക്യാബിനുകളാല്‍ സ്ഥാപിച്ചിരുന്ന ക്യാമ്പ് ഏതാണ്ട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. നൂറിലധികം മലയാളികള്‍ ഉള്‍പെടെ വിവിധ രാജ്യക്കാരായ ആയിരത്തിലധികം തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഉച്ച സമയമായതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്ന് തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ തൊഴില്‍ കഴിഞ്ഞ് വന്ന തൊഴിലാളികളിലധികവും ഉറക്കത്തിലായിരുന്നു. കുറേ പേര്‍ ജുമുഅ നമസ്കരിക്കാനായും പോയിരുന്നു. ശക്തമായ പുകയെ തുടര്‍ന്ന് ശ്വാസം മുട്ടല്‍ അനുഭവപെട്ടപ്പോഴാണ് പലരും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്. ഉണര്‍ന്നവര്‍ ബഹളം കൂട്ടി മറ്റുള്ളവരേയും ഉണര്‍ത്തുകയായിരുന്നു. പലര്‍ക്കും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒഴികെയുള്ള എല്ലാം നഷ്ടമായി. നാട്ടില്‍ പോകാനായി പലരും സ്വരൂക്കൂട്ടി വെച്ചിരുന്ന സാധനങ്ങളും പണവും അഗ്നി കവര്‍ന്നു. തൊഴിലാളികള്‍ കൂട്ടമായി നടത്തിയ ശ്രമത്തില്‍ കുറേപ്പേരുടെ പെട്ടികളും മറ്റും പുറത്തത്തെിക്കാന്‍ കഴിഞ്ഞു. ജുമുഅക്ക് പോയവര്‍ തിരികെയത്തെിയപ്പോഴാണ് ക്യാമ്പ് അഗ്നി കവര്‍ന്നത് അറിയുന്നത്. അപ്പോഴേക്കും അഗ്നിശമന സേന ക്യാമ്പ് വളഞ്ഞിരുന്നതിനാല്‍ ഇവര്‍ക്ക് സാധനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല.11 ലധികം അഗ്നി ശമന യൂണിറ്റുകളത്തെി മണിക്കൂറുകള്‍ക്കം തീ നിയന്ത്രണ വിധേയമാക്കി. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്യാമ്പ് നടന്നിരുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ കമ്പനിയിലേക്ക് കേരളത്തില്‍ നിന്ന് ഇപ്പോഴും എറണാകുളം കേന്ദ്രമായ ട്രാവല്‍സ് വഴി റിക്രൂട്ട് മെന്‍റ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും 60 ല്‍ അധികം പേര്‍ പുതുതായി ഈ ക്യാമ്പില്‍ എത്തിയതായി തൊഴിലാളികള്‍ പറഞ്ഞു.രണ്ട് പേര്‍ വീതമാണ് ഒരു മുറിയില്‍ താമസിപ്പിക്കുക എന്നാണ് റിക്രൂട്ട് മെന്‍റ് കമ്പനി പറഞ്ഞിരുന്നതെങ്കിലും ഇടുങ്ങിയ മുറികളില്‍ 10 ലധികം ആളുകളെയാണ് താമസിപ്പിച്ചിരുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പ്രത്യേക സമയക്രമത്തിലാണ് ഇവിടെ ഏ.സി കള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. രാത്രി 9.30 ക്ക് പ്രവര്‍ത്തിപ്പിക്കുന്ന ഏ.സികള്‍ രാവിലെ 5 മണിയോടെ ഓഫാക്കും. വീണ്ടും 11.30 ന് പ്രവര്‍ത്തിപ്പിക്കുന്ന ഏ.സികള്‍ 4.30ക്ക് ഓഫാക്കും.അതുകൊണ്ട് തന്നെ ഉച്ച സമയമായിരുന്നിട്ടും പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ പാചകത്തിനുള്ള ഒരുക്കത്തിലായിരുന്നു. തുഛമായ ശമ്പളത്തില്‍ നിന്നും സ്വരൂക്കൂട്ടി പാചകത്തിനുവേണ്ടി കരുതിയിരുന്ന സാധനങ്ങളും അഗ്നി കവര്‍ന്നതോടെ തുടര്‍ന്നുള്ള ദിവസം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണിവര്‍. തീപിടുത്തത്തെ തുടര്‍ന്ന് കമ്പനി അധികൃതര്‍ എത്തി തൊഴിലാളികളെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു. എങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യത്തിലാണ് തൊഴിലാളികള്‍. |
സിഖ് സമൂഹം ഇപ്പോഴും സംശയങ്ങളുടെ നിഴലില്‍? Posted: 17 Oct 2014 06:45 PM PDT ഇന്ത്യയിലെ വളരെ ചെറിയ ന്യൂനപക്ഷ സമുദായമാണ് സിഖ് ജനത. അംഗസംഖ്യ ഏറെ കുറഞ്ഞിരിക്കയാല്‍ സ്വത്വ സംരക്ഷണത്തില്‍ അവര്‍ അത്യധികം ജാഗ്രത പുലര്‍ത്തുന്നത് സ്വാഭാവികം. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രതികരണം അതിരുവിട്ടതായി മാറുന്നു. സിഖ് സമുദായത്തിന്‍െറ ജന്മസംസ്ഥാനമായ പഞ്ചാബില്‍ സിഖ് താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മോര്‍ച്ചകള്‍ (പ്രസ്ഥാനങ്ങള്‍) നിരവധിയാണ്. ഇത്തരം ചില സംഘടനകള്‍ സ്വത്വം നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ഭരണകര്‍ത്താക്കളെ ധിക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതായി കണ്ടത്തൊനാകും. മുന്‍ ഭരണകൂടങ്ങള്‍ ബ്ളാക്ലിസ്റ്റില്‍ ചേര്‍ത്ത സിഖുകാരെ കരിമ്പട്ടികയില്‍നിന്ന് മുക്തരാക്കുന്ന അനുരഞ്ജന നീക്കത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സംഭാഷണത്തിന് താന്‍ തയാറെടുക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. കാലാവധി അവസാനിച്ച ശേഷവും ജയിലുകളില്‍ കഴിയുന്ന സിഖുകാരുടെ മോചനപ്രശ്നത്തിലും അദ്ദേഹം പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തുന്നുണ്ടത്രെ. ബാദലിന്‍െറ നീക്കം പ്രഥമദൃഷ്ട്യാ ഹിതകരമായി അനുഭവപ്പെടാതിരിക്കില്ല. എന്നാല്‍, 1990ല്‍ പരിഹൃതമായ പ്രതിസന്ധിയെ സന്ദര്‍ഭോചിതമല്ലാതെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ് ബാദല്‍. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് നടന്ന ബ്ളൂസ്റ്റാര്‍ ഓപറേഷനെതിരെ 1990ല്‍ പ്രവാസ സിഖ് വംശജര്‍ നടത്തിയ പ്രകടനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. സിഖുകാരുടെ വത്തിക്കാനായ സുവര്‍ണ ക്ഷേത്രത്തിലേക്ക് പട്ടാളത്തെ അയച്ച നടപടി മഹാവീഴ്ചയായിരുന്നു. അതിന്‍െറ പേരില്‍ സര്‍ക്കാര്‍ പിന്നീട് കുറ്റസമ്മതം നടത്തുകയുണ്ടായി. പക്ഷേ, അതിന്‍െറ പേരില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ നടപടികളൊന്നും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. ബ്ളൂസ്റ്റാര്‍ ഓപറേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകളില്‍പോലും മുന്‍വിധികളും പക്ഷപാതിത്വവും കയറിക്കൂടി. സിഖുകാരുടെ പ്രശ്നം പരിഹരിക്കാന്‍ സിഖുകാര്‍ തന്നെ വേണമെന്ന സന്ദേശമാണ് ബ്ളാക്ലിസ്റ്റ് പൊടിതട്ടിയെടുത്തുകൊണ്ട് ബാദല്‍ നല്‍കുന്നത്. സിഖ് സമുദായത്തെ പ്രീണിപ്പിച്ച് അവരുടെ വോട്ട് തട്ടിയെടുക്കാനുള്ള വിരുതു മാത്രമാണ് ബാദലിന്‍െറ വ്യഗ്രത. സിഖുകാര്‍ക്കും ഇതര പഞ്ചാബികള്‍ക്കുമിടയിലെ ധ്രുവീകരണത്തിന് ആക്കം പകരാനേ ഇത്തരം കൗശലങ്ങള്‍ ഉതകൂ. യഥാര്‍ഥത്തില്‍ മേല്‍പറഞ്ഞതരം ബ്ളാക്ലിസ്റ്റ് നിലവില്‍ ഇല്ളെന്ന സത്യംകൂടി ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, ഞാന്‍ ലണ്ടനില്‍ ഹൈകമീഷണറായിരിക്കെ അന്വേഷണ ഏജന്‍സികളെ അവിടേക്ക് ക്ഷണിച്ചുവരുത്തി പരിശോധനകള്‍ നടത്തിയശേഷം ഇത്തരം പട്ടികകളിലെ എല്ലാ പേരുകളും നീക്കം ചെയ്തിരുന്നതാണ്. ഓപറേഷന്‍ ബ്ളൂസ്റ്റാറിനെ തുടര്‍ന്ന് 1984 മുതല്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസി മന്ദിരത്തിനു മുന്നിലെ പ്രധാന ഗേറ്റ് സദാ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. പുറത്ത് ബ്രിട്ടീഷ് ഗാര്‍ഡുകളെ പാറാവിന് നിയോഗിക്കുകയും ചെയ്തു. സന്ദര്‍ശകരായി ആരെങ്കിലും എത്തുന്ന സന്ദര്‍ഭത്തില്‍ ഗേറ്റിലെ ചെറിയ ജനല്‍ വഴി വീക്ഷിച്ച ശേഷം മാത്രമേ അകത്തിരുന്ന ഇന്ത്യന്‍ ഗാര്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് പ്രവേശം അനുവദിച്ചിരുന്നത്. തലപ്പാവണിഞ്ഞ സിഖുകാര്‍ക്ക് പൂര്‍ണമായി പ്രവേശം നിഷേധിക്കുകയും ചെയ്തു. ’80കളില്‍ ലണ്ടനിലായിരുന്ന ഐ.കെ. ഗുജ്റാല്‍ ഹിന്ദു-സിഖ് ഐക്യത്തിനുവേണ്ടി ധീരമായ ചില ചുവടുവെപ്പുകള്‍ നടത്തി. പിന്നീട് പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെട്ട അദ്ദേഹം എന്നെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷണറായി നിയമിച്ചുകൊണ്ട് കൂടുതല്‍ സമാധാനശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചു. വാസ്തവത്തില്‍ ഞാന്‍ ഒൗദ്യോഗിക പ്രതിനിധിയായിരുന്നില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള സ്വാധീനം മുന്‍നിര്‍ത്തിയായിരുന്നു ഹൈകമീഷണര്‍ പദവിയിലേക്ക് എന്‍െറ പേര് പരിഗണിച്ചത്. 1984ലെ ഹിന്ദു-സിഖ് കലാപത്തെ തുടര്‍ന്നുണ്ടായ അകല്‍ച്ചക്കും അസഹിഷ്ണുതക്കും അറുതിവരുത്താന്‍ യത്നിക്കണമെന്ന ഗുജ്റാലിന്‍െറ ഉപദേശം സാര്‍ഥമാക്കാന്‍ ഞാന്‍ പരമാവധി പരിശ്രമിക്കുകയുണ്ടായി. പ്രശ്നപരിഹാരത്തിന് ന്യൂഡല്‍ഹി ആഗ്രഹിക്കുന്നതായി ഞാന്‍ ലണ്ടനിലുള്ള സിഖ് സമൂഹത്തെ അറിയിച്ചു. പക്ഷേ, സിഖ് സമൂഹത്തെ സംബന്ധിച്ച് ന്യൂഡല്‍ഹി തെറ്റായ ധാരണകള്‍ അപ്പോഴും നിലനിര്‍ത്തുന്നുണ്ടായിരുന്നു. ക്രമേണ എന്നിലും അധികൃതര്‍ അവിശ്വാസം പ്രകടിപ്പിക്കുന്നതായും എനിക്കനുഭവപ്പെട്ടു. പ്രധാന കവാടം മേലില്‍ സിഖുകാര്‍ക്കുവേണ്ടിയും തുറക്കണമെന്ന കണിശമായ ഉത്തരവ് ഞാന്‍ ജീവനക്കാര്‍ക്ക് നല്‍കി. എന്നാല്‍, ഡല്‍ഹിയിലെ ഒൗദ്യോഗിക സെക്രട്ടറിമാര്‍ക്കിടയില്‍ എന്‍െറ ഉത്തരവ് മുറുമുറുപ്പുണ്ടാക്കി. എന്തെങ്കിലും സംഭവിച്ചാല്‍ താങ്കള്‍ക്കു മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് പ്രസ്തുത സെക്രട്ടറിമാരുടെ താക്കീതും എനിക്ക് ലഭിച്ചു. പക്ഷേ, നാളിതുവരെ ഒന്നും സംഭവിച്ചില്ല. ഏതാനും ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയിരുന്ന മുന്‍വിധികളും വിദ്വേഷവും മാത്രമായിരുന്നു കഥയിലെ വില്ലന്‍. ഹൈകമീഷണറായി ചുമതലയേല്‍ക്കാന്‍ ലണ്ടനിലത്തെിയ എന്നെ ആ വസ്തുത അമ്പരപ്പിച്ചു. സിഖ് സമുദായക്കാര്‍ക്ക് എംബസി മന്ദിരത്തിനു മുന്നില്‍ അപ്പോഴും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു! പ്രധാന ഗേറ്റ് വഴി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഒറ്റ സിഖുകാരനെയും കടത്തിവിടുകയില്ല. അവര്‍ക്ക് പിന്‍ഭാഗത്തുള്ള ചെറിയ കതകുവഴി മാത്രമേ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രവേശിക്കൂ. ഈ അയിത്ത സമ്പ്രദായത്തെ ഞാന്‍ ചോദ്യം ചെയ്തു. സിഖുകാര്‍ എന്ന ഭീകരവാദികളുടെ ശല്യം തടയാനുള്ള പോംവഴിയാണത്രെ ഹീനമായ ഈ നടപടിയെന്ന് ചില ഉദ്യോഗസ്ഥര്‍ എന്നെ അറിയിച്ചു. സിഖുകാരുടെ വദനങ്ങളില്‍ ‘ഭീകരന്‍’, ‘തീവ്രവാദി’ തുടങ്ങിയ വാക്കുകള്‍ എഴുതി ഒട്ടിച്ചുവെക്കാറുണ്ടോ എന്നായിരുന്നു എന്‍െറ അടുത്ത ചോദ്യം. ‘സര്‍, അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവരില്‍ പലരും ഖലിസ്ഥാന്‍ വാദത്തെ അനുകൂലിക്കുന്നു എന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. ബ്ളാക്ലിസ്റ്റില്‍നിന്ന് ഏതാനും സിഖുകാരുടെ പേരുകള്‍ നീക്കം ചെയ്യുന്ന അയത്നലളിത കര്‍മമല്ല സാമുദായിക മൈത്രി വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍. പരസ്പര വിദ്വേഷത്തിന്‍േറതും അസഹിഷ്ണുതയുടെയും മൂലവേരുകള്‍ കണ്ടത്തെി പിഴുതുമാറ്റാനുള്ള ധീരനടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഏതാനും പേരുകളല്ല പക്ഷപാതിത്വവും മുന്‍ധാരണകളുമായിരിക്കണം ഒന്നാമതായി നീക്കംചെയ്യേണ്ടത്. |
പ്രവാസി വോട്ട് നീണ്ട പോരാട്ടത്തിന്‍െറ ഫലം Posted: 17 Oct 2014 06:43 PM PDT Byline: വി.കെ. ഹംസ അബ്ബാസ്, ചീഫ് എഡിറ്റര്‍, ഗള്‍ഫ് മാധ്യമം 1999ല്‍ പ്രവാസികളുടെ പ്രഭാതഭേരിയായി ഗള്‍ഫ് മാധ്യമം പിറവിയെടുത്തതു മുതല്‍ ആരംഭിച്ച നിരന്തര ശ്രമത്തിന്‍െറ ഫലപ്രാപ്തിയില്‍ സന്തുഷ്ടിയും കൃതജ്ഞതയും രേഖപ്പെടുത്താനാണ് ഈ വരികള്‍ കുറിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക മേഖലകളെ പുഷ്ടിപ്പെടുത്തുകയും സാമ്പത്തിക മേഖലയെ സമ്പന്നമാക്കുകയും ചെയ്യുന്ന രണ്ട് കോടിയോളം വരുന്ന പ്രവാസികളെ ഇന്ത്യന്‍ രാഷ്ട്രീയ വിധിനിര്‍ണയ മേഖലയില്‍നിന്ന് തഴയുന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനുള്ള ശക്തമായ ശബ്ദമാണ് പതിറ്റാണ്ടുകളായി പ്രവാസികള്‍ ഉയര്‍ത്തിയിരുന്നത്. ജന്മനാടുമായി പൊക്കിള്‍കൊടി ബന്ധം എന്നും കാത്തുസൂക്ഷിക്കുന്ന ഗള്‍ഫ് പ്രവാസികളായിരുന്നു വോട്ടവാകാശത്തിനായി ഏറ്റവുമേറെ ശബ്ദിച്ചത്. ഗള്‍ഫ് സന്ദര്‍ശനത്തിനായത്തെുന്ന രാഷ്ട്രീയ നേതാക്കളെയും ഭരണസാരഥികളെയും ഹാരമണിയിച്ച് പൊന്‍താലത്തില്‍ ഉപഹാരങ്ങളും പലഹാരങ്ങളുമായി സ്വീകരിച്ച് സമര്‍പ്പിച്ചിരുന്ന നിവേദനങ്ങളില്‍ മുഖ്യമായും പരാമര്‍ശിക്കപ്പെട്ടത് വോട്ടവകാശമായിരുന്നു. പലരും നിവേദനങ്ങള്‍ ചവറ്റുകൊട്ടയിലെറിഞ്ഞാണ് തിരിച്ചുപോകാറുള്ളതെന്ന സത്യം അനുയായികളെപ്പോലും വേദനിപ്പിക്കാറുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള്‍ വിവിധ വേദികളില്‍ ഉന്നയിക്കുന്നതില്‍ ഗള്‍ഫ് മാധ്യമം ധീരമായ ചുവടുവെപ്പുകളാണ് നടത്തിയത്. ഈ നിരന്തര പോരാട്ടങ്ങള്‍ ഫലം കണ്ടത് ദല്‍ഹിയില്‍ നടന്ന 2010ലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രവാസി വോട്ടവകാശം പ്രഖ്യാപിച്ചപ്പോഴാണ്. ഗള്‍ഫ് പ്രവാസികളുടെ നിരന്തരമായ സമ്മര്‍ദവും പരിദേവനവും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതില്‍ പരിമിതപ്പെടുത്തിയ പ്രഖ്യാപനത്തിലൊതുങ്ങിയപ്പോഴാണ് വിദേശത്തിരുന്നു തന്നെ പ്രവാസികള്‍ക്ക് ജന്മനാട്ടിലെ വോട്ടിങ്ങില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന മുറവിളി ഉയര്‍ന്നത്. ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കുന്ന വിവിധ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അതാത് രാഷ്ട്രങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സംവിധാനത്തിലൂടെ നാട്ടില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുണ്ടെന്ന കാര്യവും മാധ്യമവും പ്രവാസി സംഘടനകളും അധികൃത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്‍െറയൊക്കെ ഫലമായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രവാസികള്‍ക്ക് അതതിടങ്ങളില്‍ വോട്ട് രേഖപ്പെടുത്താനുള്ള മൂന്ന് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് സുപ്രീംകോടതിക്ക് ശിപാര്‍ശ സമര്‍പ്പിച്ചത്. വിദേശ രാഷ്ട്രങ്ങളില്‍തന്നെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സന്ദര്‍ഭം ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളോടൊപ്പം യു.എ.ഇയിലെ വി.പി.എസ് ഹെല്‍ത്ത് കെയര്‍ എം.ഡി. ഡോ. ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികൂടി പരിഗണിച്ചാണ് സൂപ്രീംകോടതി സര്‍ക്കാറിന്‍െറയും രാഷ്ട്രീയ കക്ഷികളുടെയും തെരഞ്ഞെടുപ്പ് കമീഷന്‍െറയൂം അഭിപ്രായം തേടിയത്. അതോടൊപ്പം വോട്ട് ഏതൊരു പൗരന്‍െറയും ഭരണഘടനാ അവകാശമാണെന്നും വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍നിന്ന് വോട്ടു രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്നും പരമോന്നത കോടതി ആദ്യമേ പറഞ്ഞുവെച്ചതോടെ സര്‍ക്കാറിന്‍െറയും തെരഞ്ഞെടുപ്പ് കമീഷന്‍െറയും നിലപാടുകള്‍ അതിനനുസരിച്ച് അനുകൂലമായി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുകയും അത് സര്‍ക്കാര്‍ അംഗീകരിച്ച് നിയമമാവുമ്പോഴും മാത്രമേ പ്രവാസി വോട്ടിങ്ങിന്‍െറ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളൂ. എങ്കിലും ആധുനിക സാങ്കേതിക സംവിധാനമുപയോഗിച്ച് സുതാര്യമായും സുരക്ഷിതമായും വോട്ടവകാശം വിനിയോഗം സാധിക്കുമെന്നതില്‍ ഒരു സംശയവുമില്ല. വിദേശത്തിരുന്നുകൊണ്ട് കോടികളുടെ വിദേശനാണ്യം ഇന്ത്യന്‍ ഖജനാവിന്‍െറ പതാകവാഹകരായ റിസര്‍വ് ബാങ്കിന്‍െറ നിയന്ത്രണത്തോടെ രാജ്യത്തെ പതിനായിരക്കണക്കിന് ബാങ്ക് ശാഖകളിലേക്ക് സുരക്ഷിതമായി അയക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതേക്കാള്‍ സുരക്ഷിതവും സൂക്ഷ്മവുമായി പ്രവാസികളുടെ വിലയേറിയ പൗരാവകാശം തെരഞ്ഞെടുപ്പിന്‍െറ കൊടിവാഹകരായ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനേകായിരം ശാഖകളിലേക്ക് നിഷ്പ്രയാസം എത്തിക്കാമെന്നതില്‍ ഒരു സംശയവുമില്ല. ചുരുക്കത്തില്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും ജോലിചെയ്ത് കേരളത്തെ ദൈവത്തിന്‍െറ സ്വന്തം നാടാക്കാന്‍ ചോരയും നീരും നല്‍കുന്ന പ്രവാസി മലയാളികള്‍ക്ക് 2016ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്ളെങ്കിലും സമാശ്വാസത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാമോ? ഗള്‍ഫിലെ കഠിനമായ ചൂടും തണുപ്പും സഹിച്ച് കുടുംബം പുലര്‍ത്താനും വീട്ടിലെ പട്ടിണി അകറ്റാനും കഠിനാധ്വാനം ചെയ്യുന്ന പ്രവാസികള്‍ നാട്ടിലെ തെരഞ്ഞെടുപ്പ് ആഘോഷ വേളകളില്‍ ഇച്ഛാഭംഗത്തോടെയും നഷ്ടബോധത്തോടെയും അകലം പാലിക്കേണ്ടിവരുന്ന അവസ്ഥ മാറിയേ തീരൂ. പ്രവാസികളോടുള്ള ഈ ഉച്ചനീചത്വവും അസ്പൃശ്യതയും അവസാനിപ്പിക്കേണ്ട സമയം വൈകിയിരിക്കുന്നു. ഗള്‍ഫില്‍ ആരവങ്ങളോടെ സ്വീകാര്യം ഏറ്റുവാങ്ങി മോഹന വാഗ്ദാനങ്ങളുടെ പെരുമ്പറയടിച്ച് തിരിച്ചുപോകുന്ന നേതൃമാന്യന്മാര്‍ ഒരു വേള പ്രവാസികളുടെ ഈ പരിദേവനങ്ങള്‍ അതിന്‍െറ യഥാര്‍ഥ സ്പിരിറ്റില്‍ ഉള്‍കൊണ്ടാല്‍ അത്ര നന്നായിരുന്നു. ഗള്‍ഫ് മാധ്യമം പ്രവാസികള്‍ക്കായുള്ള അതിന്‍െറ സമരം നിര്‍ഭയം തുടരുകതന്നെ ചെയ്യും. പ്രവാസിസംഘടനകളുടെ സഹകരണവും കൂട്ടായ്മയും ഈ വിഷയകമായി പൂര്‍വോപരി ശക്തമായി തുടരുമെന്ന് ആശിക്കുന്നു. |
തൊഴില്‍നിയമ പരിഷ്കാരങ്ങളുടെ മറവില്‍ മുതലാളിത്തവത്കരണം Posted: 17 Oct 2014 06:41 PM PDT തൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ ഗാട്ട് കരാറില്‍ ഒപ്പിട്ടതോടെ ആരംഭിച്ചതും മന്‍മോഹന്‍െറ നേതൃത്വത്തിലുള്ള പ്രഥമ യു.പി.എ സര്‍ക്കാര്‍ ആഗോളീകരണ, ഉദാരീകരണ പരിഷ്കരണങ്ങള്‍ വഴി ഊര്‍ജിതപ്പെടുത്തിയതുമായ ഇന്ത്യയുടെ മുതലാളിത്തവത്കരണ പ്രക്രിയ അതിവേഗം, ബഹുദൂരം മുന്നോട്ട് നയിക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമാണ് എന്‍.ഡി.എ സര്‍ക്കാറിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ച തൊഴില്‍ മേഖലയിലെ പരിഷ്കരണങ്ങള്‍. ദേശീയ, അന്തര്‍ദേശീയ മൂലധന ശക്തികളെ പരമാവധി സുഖിപ്പിക്കുന്നതും നവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതും എന്നാല്‍, തൊഴിലാളികളെ അരക്ഷിതരാക്കുന്നതുമാണ് സംസ്ഥാന തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ മോദി അവതരിപ്പിച്ച പദ്ധതികള്‍. അവയില്‍ ഒരുഭാഗം അനുദിനം കുതിക്കുന്ന സാങ്കേതികവിദ്യ സമ്മാനിക്കുന്ന നേട്ടങ്ങളെ വ്യവസായ-തൊഴില്‍ മേഖലകളില്‍ പ്രയോജനപ്പെടുത്താനുള്ള ശ്ളാഘനീയമായ കാല്‍വെപ്പുകളാണ്. ‘ശ്രം സുവിധ’ എന്ന പേരില്‍ ഏകീകൃത തൊഴില്‍ വെബ്സൈറ്റ്, സുതാര്യമായ തൊഴിലിട പരിശോധനാപദ്ധതി, തൊഴിലുടമകള്‍ക്ക് ഏകീകൃത ലേബര്‍ ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഇക്കൂട്ടത്തില്‍പെടുന്നു. ഫാക്ടറിയും തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ഇടമാണ് ശ്രം സുവിധ പോര്‍ട്ടല്‍. നിലവില്‍ തൊഴിലുടമകള്‍ക്ക് സ്ഥിരം തലവേദനക്ക് നിമിത്തമായ ഇന്‍സ്പെക്ടര്‍ രാജ് അവസാനിപ്പിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വ്യവസായികളുടെ കൈയടി നേടുമെന്ന കാര്യത്തില്‍ സംശയമില്ല. തൊഴിലിടങ്ങളിലെ പരിശോധനകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിശോധനാ റിപ്പോര്‍ട്ട് 72 മണിക്കൂറിനകം ശ്രം സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കുകയും ചെയ്യും. ഒരിക്കല്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനും ഇന്‍സ്പെക്ടര്‍മാര്‍ക്ക് കഴിയില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജോലി മാറിയാലും ഒരേ ഇ.പി.എഫില്‍ തുടരാമെന്നത് ആശ്വാസകരമാണ്. അതേയവസരത്തില്‍ കുറഞ്ഞ കൂലി നിയമം, ഫാക്ടറി നിയമം, വ്യവസായ തര്‍ക്ക നിയമം, ബാലവേല നിയമം എന്നിവയുടെ പരിധിയില്‍നിന്ന് ചെറുകിട ഫാക്ടറികളെ ഒഴിവാക്കാനുള്ള തീരുമാനം രാജ്യത്തെ തൊഴിലാളി സംഘടനകളെ ഒന്നടങ്കം പ്രകോപിപ്പിച്ചിട്ടുണ്ട്. 40ല്‍ കുറഞ്ഞ തൊഴിലാളികള്‍ മാത്രമുള്ള തൊഴില്‍ശാലകളാണ് സര്‍ക്കാര്‍ ദൃഷ്ടിയില്‍ ചെറുകിട ഫാക്ടറികള്‍. അവക്കായി വേറെ നിയമങ്ങള്‍ കൊണ്ടുവരുമെന്നാണ് പറയുന്നത്. എങ്കിലും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് പ്രധാനമന്ത്രി പ്രസ്താവിച്ച തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ രാജ്യത്തെ തൊഴിലാളി കൂട്ടായ്മകള്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ കുത്തകകളെ ആകര്‍ഷിക്കാനും പിടിച്ചുനിര്‍ത്താനുമുള്ള വെമ്പലില്‍ വെട്ടിക്കുറക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. നിലവിലെ ബാലവേല നിയമത്തില്‍ വെളളം ചേര്‍ക്കാനുള്ള നീക്കമാകട്ടെ കടുത്ത പ്രതിഷേധവും ക്ഷണിച്ചുവരുത്തും. ഇതോടു ചേര്‍ത്ത് വായിക്കേണ്ടതാണ് ധനമന്ത്രാലയത്തില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഴിച്ചുപണി. അതിലേറ്റവും പ്രധാനം അമേരിക്കയിലെ സാമ്പത്തിക വിദഗ്ധനായ ഡോ. അരവിന്ദ് സുബ്രഹ്മണ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതാണ്. നേരത്തേ പത്തുവര്‍ഷക്കാലം ഐ.എം.എഫിനെ സേവിച്ച മുതലാളിത്ത വ്യവസ്ഥയുടെ കരുത്തനായ കാവല്‍ക്കാരനാണ് അരവിന്ദ് സുബ്രഹ്മണ്യം. ഭക്ഷ്യ സബ്സിഡിക്കനുകൂലമായ ഇന്ത്യയുടെ നയത്തെപ്പോലും എതിര്‍ത്ത പാരമ്പര്യമാണ് അദ്ദേഹത്തിന്‍േറത്. മന്‍മോഹന്‍ സിങ്-ചിദംബരം-അഹ്ലുവാലിയ ത്രിമൂര്‍ത്തികള്‍ രാജ്യത്ത് നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സാമ്രാജ്യ ശക്തികളെയും ബഹുരാഷ്ട്ര കുത്തകകളെയും പരമാവധി തൃപ്തിപ്പെടുത്തുംവിധം തുടരാന്‍ അരവിന്ദ് സുബ്രഹ്മണ്യം നരേന്ദ്ര മോദിയെ സഹായിക്കുമെന്നാണ് കരുതേണ്ടത്. ഭക്ഷ്യരംഗത്തും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ ഉള്‍പ്പെടെ മറ്റെല്ലാ മേഖലകളിലും ദരിദ്ര ജനകോടികള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ ക്രമാനുഗതമായി വെട്ടിക്കുറച്ച് ഒടുവില്‍ തീര്‍ത്തും ഇല്ലാതാക്കുക എന്ന പരിഷ്കരണമാണ് എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോവുന്നതെന്നതിന്‍െറ സൂചനകളാണിത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ന്യൂനീകരണവും ഈ അജണ്ടയുടെ ഭാഗമായി നടക്കും. സംഘ്പരിവാറിന്‍െറ ‘രാമരാജ്യം’ നിലവില്‍ വരാന്‍ പോവുന്നത് ഇങ്ങനെയൊക്കെയാവുമോ? |
ലവ് ജിഹാദ്: രാഷ്ട്രീയ നേട്ടത്തിനായി സംഘ്പരിവാര്‍ പ്രശ്നം വഷളാക്കിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് Posted: 17 Oct 2014 12:52 PM PDT Subtitle: മകളെ മുസ്ലിം യുവാവിന് കെട്ടിച്ചുകൊടുക്കുന്നതില്‍ വിരോധമില്ല ന്യൂഡല്‍ഹി: സംഘ്പരിവാറിന്‍െറ ലവ് ജിഹാദ് പ്രചാരണത്തിനെതിരെ മീറത്ത് പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. തന്‍െറ മകളുടെ പ്രണയത്തെച്ചൊല്ലി കോലാഹലമുണ്ടാക്കിയത് ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി തന്‍െറയും കുടുംബത്തിന്‍െറയും സ്വകാര്യത ഹനിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് നരേന്ദ്ര ത്യാഗി പറഞ്ഞു. മകളുടെ ആഗ്രഹമനുസരിച്ച് അവള്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവുമായി കല്യാണം നടത്തിക്കൊടുക്കാന്‍ താന്‍ തയാറാണെന്നും ഇതേച്ചൊല്ലി ആരും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ത്യാഗി പറഞ്ഞു. ലവ് ജിഹാദ് വിവാദം കുത്തിപ്പൊക്കാന്‍ തന്‍െറ പിതാവും വീട്ടുകാരൂം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കാമുകനായ കലീം എന്ന മുസ്ലിം യുവാവിനെതിരെ പരാതി നല്‍കിയതെന്ന് മീറത്ത് പെണ്‍കുട്ടി നേരത്തേ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു. വ്യാജ പരാതി നല്‍കിയതിന് പിതാവിന് ചില നേതാക്കളില്‍നിന്ന് പണം ലഭിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയതായി പ്രാദേശിക ബി.ജെ.പി നേതാവ് സ്ഥിരീകരിക്കുകയും ചെയ്തു. കുടുംബത്തിന്‍െറ ദാരിദ്ര്യം കണ്ടറിഞ്ഞാണ് പണം നല്‍കിയതെന്നാണ് നേതാവ് നല്‍കിയ വിശദീകരണം. സത്യം വെളിപ്പെടുത്തിയതിനാല്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് പിതാവിനെതിരെ പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ പ്രണയത്തിന് താന്‍ എതിരല്ളെന്നും രാഷ്ട്രീയക്കാരാണ് പ്രശ്നം വഷളാക്കുന്നതെന്നും ആരോപിച്ച് പിതാവ് രംഗത്തുവന്നത്. ലവ് ജിഹാദിന് ലക്ഷണമൊത്ത ഉദാഹരണമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടിയ മീറത്ത് സംഭവം പെണ്‍കുട്ടി സത്യം വെളിപ്പെടുത്തിയതോടെ തകര്‍ന്നു. പിന്നാലെ, വ്യാജ പരാതി നല്‍കാന്‍ സംഘ്പരിവാര്‍ പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയതും പുറത്തായി. പെണ്‍കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാരീഭവ ന്‍െറ സംരക്ഷണത്തിലും ലവ് ജിഹാദ് ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ കലീം ഉള്‍പ്പെടെ എട്ടുപേര്‍ ജയിലിലുമാണ്. |
നാടകീയ നീക്കങ്ങള്‍; ഒടുവില്‍ ഞെട്ടിച്ച് പിന്മാറ്റം Posted: 17 Oct 2014 11:56 AM PDT ധര്‍മ്മശാല: പരമ്പരയിലെ ആദ്യ ഏകദിന വേദിയായ കൊച്ചിയില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ക്ക് ധര്‍മശാലയില്‍ പ്രതീക്ഷിത പര്യവസാനം. കൊച്ചി സ്റ്റേഡിയത്തിലേതിനു സമാനമായിരുന്നു ഇന്നലെ ധര്‍മശാലയിലെ വേദിയും. പതിവു പരിശീലനത്തിന് വ്യാഴാഴ്ച ഉച്ചക്ക് വിന്‍ഡീസ് ടീം ഇറങ്ങാതിരുന്നതോടെ അപകടം മണത്ത ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐയും തിരക്കിട്ട നീക്കങ്ങളുമായി പിന്നാമ്പുറത്ത് സജീവമായിരുന്നു. വിന്‍ഡീസ് താരങ്ങളുമായും ടീം മാനേജ്മെന്‍റുമായും ഇന്നലെ 11.30ന് ബി.സി.സി.ഐ ജോയന്‍റ് സെക്രട്ടറി അനുരാഗ് താക്കൂറിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇനിയൊരു മത്സരം കളിക്കാനില്ളെന്ന് താരങ്ങള്‍ വ്യക്തമാക്കിയതോടെ നാലാം ഏകദിനം മുടുങ്ങുമെന്ന ആശങ്കക്ക് കനംവെച്ചു. ഏറെ ദൂരത്തുനിന്ന് കാഴ്ചക്കാരായത്തെിയ ആയിരങ്ങള്‍ നിങ്ങളുടെ അതിഥികളാണെന്നും അവര്‍ നിരാശരായി മടങ്ങേണ്ടിവരുന്നത് ക്രിക്കറ്റിന്‍െറ മര്യാദക്ക് നിരക്കുന്നതല്ളെന്നുമായിരുന്നു താക്കൂറിന്‍െറ അവസാന താക്കീത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാവുകയും ടിക്കറ്റ് വില്‍പന പൂര്‍ത്തിയാവുകയും ചെയ്തശേഷം പിന്മാറുകയാണെങ്കില്‍ നിങ്ങള്‍ നമ്മുടെ അതിഥികളല്ളെന്നും ഞങ്ങള്‍ ആതിഥേയരല്ളെന്നും പറഞ്ഞ് അദ്ദേഹം മടങ്ങി. ഇതിനിടെ, ബ്രാവോയുമായും ടീം മാനേജ്മെന്‍റ് പ്രതിനിധികളായ റിച്ചി റിച്ചാര്‍ഡ്സണ്‍, കര്‍ട്ലി ആംബ്രോസ് എന്നിവരുമായും പലവുരു ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത്രയുമായതോടെ വഴിയില്ലാതായ ബ്രാവോയും സംഘവും മനസ്സില്ലാമനസ്സോടെ കളത്തിലിറങ്ങാമെന്ന് സമ്മതിക്കുകയായിരുന്നു. ‘ടീം എനിക്കൊപ്പമുണ്ട്. ശരിക്കും പ്രയാസപ്പെട്ട പര്യടനമായിരുന്നു ഇത്. ഞങ്ങള്‍ കാരണം ക്രിക്കറ്റ് തളരരുതെന്ന് നിര്‍ബന്ധമുണ്ട്. പക്ഷേ, കടുത്ത തീരുമാനങ്ങള്‍ ഇനിയും വൈകിക്കൂടാ’ -ടോസിനുശേഷം ബ്രാവോയുടെ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ അണിയറയില്‍ മാത്രമായി ചുരുങ്ങരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍ ബ്രാവോക്കൊപ്പം എല്ലാവരും ഒന്നിച്ചാണ് ടോസിനുപോലും എത്തിയത്. ടീം കളി തുടങ്ങിയ ഉടന്‍ മാനേജര്‍ റിച്ചി റിച്ചാഡ്സണ്‍ വിന്‍ഡീസ് പിന്മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു. മത്സരം കഴിഞ്ഞ് ടീം വിന്‍ഡീസിലേക്ക് വിമാനം കയറുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി വിന്‍ഡീസ് പ്ളെയേഴ്സ് ഇലവന്‍ ഒപ്പുവെച്ച വിവാദ കരാറാണ് ടീമിന്‍െറ പിന്മാറ്റത്തിനു കാരണം. താരങ്ങളുടെ പ്രതിഫലം 75 ശതമാനത്തിലേറെ വെട്ടിക്കുറക്കുന്ന കരാറില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വേവല്‍ ഹിന്‍ഡ്സ് ഒപ്പുവെച്ചത് താരങ്ങള്‍ അറിയാതെയാണെന്നും ഇത് കൊടിയ വഞ്ചനയാണെന്നുമാണ് ആരോപണം. വിഷയം പരിഹരിക്കാന്‍ ബോര്‍ഡ് ഇടപെടണമെന്ന് ക്യാപ്റ്റന്‍ ബ്രാവോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താരങ്ങളുമായി സംസാരത്തിനില്ളെന്നും അസോസിയേഷനുമായി മാത്രമേ സംഭാഷണം നടത്തൂവെന്നും ബോര്‍ഡ് വ്യക്തമാക്കി. കൊച്ചിയിലും വിന്‍ഡീസ് ടീം ബഹിഷ്കരണ ഭീഷണി മുഴക്കിയെങ്കിലും ബി.സി.സി.ഐ ഇടപെട്ടാണ് മത്സരം നടത്തിയിരുന്നത്. വിന്‍ഡീസ് ടീം ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും അതുമൂലമുള്ള സാമ്പത്തിക നഷ്ടത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. |
കുര്‍ദ് പോരാളികള്‍ കൊബാനി തിരിച്ചുപിടിച്ചു Posted: 17 Oct 2014 11:48 AM PDT ബഗ്ദാദ്: യു.എസ് യുദ്ധവിമാനങ്ങള്‍ നടത്തിയ ശക്തമായ പോരാട്ടത്തില്‍ സിറിയന്‍ അതിര്‍ത്തി പട്ടണമായ കൊബാനി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതരില്‍നിന്ന് സിറിയന്‍ കുര്‍ദ് പോരാളികള്‍ തിരിച്ചുപിടിച്ചു. വ്യാഴാഴ്ചയാണ് സിറിയന്‍ കുര്‍ദ് പോരാളികള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ ഐ.എസ് വിമതര്‍ക്കെതിരെ കടുത്ത ആക്രമണം നടത്തിയത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന ആക്രമണത്തോടെ ഐ.എസ് മുന്നേറ്റം കൊബാനിയില്‍ കുറഞ്ഞെങ്കിലും പ്രദേശത്തിന്‍െറ സുരക്ഷ ഉറപ്പായിട്ടില്ളെന്ന് യു.എസ് പ്രതിരോധ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. കൊബാനിയുടെ കിഴക്കന്‍ മേഖലയില്‍നിന്നൊഴികെ എല്ലാ മേഖലകളില്‍നിന്നും ഐ.എസ് ഒഴിഞ്ഞുപോയതായി കുര്‍ദ് കമാന്‍ഡര്‍ അവകാശപ്പെട്ടു. യു.എസ് സഖ്യസേനയുമായി സഹകരിച്ചാണ് ഐ.എസ് തീവ്രവാദികളെ കുര്‍ദ് സേന നേരിടുന്നതെന്ന് കുര്‍ദ് വക്താവ് അറിയിച്ചു. ഐ.എസിനെതിരെ കൂടുതല്‍ വ്യോമാക്രമണങ്ങളും കരയുദ്ധത്തിന് കൂടുതല്‍ വെടിക്കോപ്പുകളും ആവശ്യമാണെന്ന് കൊബാനിയിലെ കുര്‍ദിഷ് ഉദ്യോഗസ്ഥന്‍ ഇദ്രിസ് നാസന്‍ പറഞ്ഞു. ഐ.എസിനെതിരായ നീക്കത്തില്‍ സഹകരണം തേടി തുര്‍ക്കി-യു.എസ് സൈനികര്‍ നടത്തിയ ചര്‍ച്ച വിജയിച്ചെന്ന് യു.എസ് വൃത്തങ്ങള്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഐ.എസുമായുള്ള ഏറ്റുമുട്ടലില്‍ സെപ്റ്റംബര്‍ അവസാനം കുര്‍ദ് സേനക്ക് കടുത്ത നഷ്ടമാണുണ്ടായത്. എന്നാല്‍, ഐ.എസിനാണ് വന്‍ നഷ്ടം നേരിടേണ്ടിവന്നതെന്നാണ് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടനയുടെ അഭിപ്രായം. സെപ്റ്റംബര്‍ 16നുശേഷം ഏറ്റുമുട്ടലില്‍ 20 സാധാരണ പൗരന്മാരുള്‍പ്പെടെ 662 പേര്‍ കൊല്ലപ്പെട്ടു. ഐ.എസ് വിഭാഗത്തിന് 374 പേരെയും കുര്‍ദ് സേനക്ക് 268 പോരാളികളെയുമാണ് നഷ്ടമായതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന പറഞ്ഞു. കുര്‍ദ് സിറിയക്കാര്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം പേര്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തെന്നാണ് കണക്ക്. |
പച്ചക്കറി ഇനി ഫാക്ടറിയിലും വിളയും Posted: 17 Oct 2014 11:43 AM PDT ദുബൈ: അങ്ങനെ തക്കാളിയും ചീരയും പച്ചുമുളകുമെല്ലാം ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന കാലവും എത്തി. പാടത്തും പറമ്പിലും വിളയിച്ച പച്ചക്കറികള്‍ക്ക് പകരം ഇനി ഫാക്ടറിയില്‍ നിന്ന് ഉത്പാദിപ്പിച്ചവ നിങ്ങളുടെ അടുക്കളയിലും തീന്‍മേശയിലുമത്തെുന്ന കാലം വിദൂരമല്ല. ഇത്തരം സാങ്കേതിക വിദ്യങ്ങള്‍ മിക്കതും ആദ്യം പരീക്ഷിക്കുന്ന ജപ്പാന്‍ തന്നെയാണ് കാര്‍ഷിക ഫാക്ടറികളുടെയും ഉപജ്ഞാതാക്കള്‍. ദുബൈയില്‍ കഴിഞ്ഞദിവസം സമാപിച്ച ജൈറ്റക്സ് ടെക്നോളജി വീക്ക് ആഗോള സാങ്കേതിക മേളയില്‍ പ്രമുഖ ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനിയായ പാനസോണിക്ക് അവതരിപ്പിച്ച നൂതന കാര്‍ഷിക വിദ്യ ഏറെ ശ്രദ്ധപിടിച്ചുപറ്റി. സിങ്കപ്പൂരിലാണ് പാനസോണിക്കിന്‍െറ ആദ്യ ഇന്‍ഡോര്‍ കൃഷി ഫാം വിജയകരമായി പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് പകരം ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലായിരിക്കും ഇനി കൃഷിയെന്ന പ്രത്യേകതയുമുണ്ട്. ആവശ്യത്തിന് ഭൂമി, മതിയായ സൂര്യപ്രകാശം, ഫലഭൂയിഷ്ഠമായ മണ്ണ്, ജലം, തൊഴിലാളികള്‍ തുടങ്ങിയവയുടെ ലഭ്യതയെ ആശ്രയിച്ചാണ് പരമ്പരാഗത കൃഷി മുന്നോട്ടു പോകുന്നതെങ്കില്‍ പുതിയ കൃഷിയില്‍ ഇതെല്ലാം അപ്രസക്തമാണ്. എല്ലാം കൃത്രിമമായി ഫാക്ടറിക്കകത്ത് സൃഷ്ടിക്കുന്നു. കീടങ്ങളുടെ ശല്യമില്ല. മഴയോ വെയിലോ ചതിക്കുമെന്ന പേടി വേണ്ട. വിളക്ക് വളരാന്‍ ആവശ്യമായതെല്ലാം അതിന്‍െറ പാകത്തില്‍ നല്‍കി പരമാവധി ഉത്പാദനം ഉറപ്പാക്കാന്‍ സാധിക്കുന്നുവെന്നതാണ് പുതിയ വിദ്യയുടെ പ്രത്യേകതയെന്ന് പാനസോണിക് മിഡിലീസ്റ്റ്, ആഫ്രിക്ക മാര്‍ക്കറ്റിങ് വിഭാഗം എം.ഡി. ഷിന്‍ജി വാകിത ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കൃഷിയോഗ്യമായ ഭൂമി കുറഞ്ഞുവരികയും കാലാവസ്ഥാ വ്യതിയാനവും ജല ലഭ്യതയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുതുവഴി കണ്ടത്തെിയേ പറ്റൂ എന്ന തിരിച്ചറിവില്‍ നിന്നാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി നടത്തുന്ന വിദ്യ ജന്മമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും സാങ്കേതിക വിദ്യയാണ്. കൃഷിക്ക് യോജിച്ച രീതിയില്‍ വികസിപ്പിച്ചെടുക്കുന്ന നിയന്ത്രിതവും സ്ഥിരതയുള്ളതുമായ അന്തരീക്ഷത്തില്‍ പോഷകഗുണമുള്ള പച്ചക്കറികള്‍ വര്‍ഷം മുഴുവന്‍ ഉത്പാദിപ്പിക്കാനാകുമെന്നതാണ് പ്രധാനം. തട്ടുതട്ടുകളായി ട്രേയില്‍ കൃഷി ചെയ്യുന്നതിനാല്‍ കുറഞ്ഞ സ്ഥലത്ത് ധാരാളം ഉത്പാദനം നടക്കും. കപ്പല്‍ കണ്ടെയിനറുകളാണ് അകം കൃഷിക്ക് ഉപയോഗിക്കുന്നത്. പ്രകാശ സംശ്ളേഷണത്തിന് വേഗം കൂട്ടാനായി ഊഷ്മാവും ഈര്‍പ്പവും ഓക്സിജന്‍െറ അളവുമെല്ലാം നിരന്തരം നിരീക്ഷിക്കും. സൂര്യവെളിച്ചത്തിന് പകരമായി അതേ ഗുണങ്ങള്‍ നല്‍കുന്ന എല്‍.ഇ.ഡി വിളക്കുകളാണ് കണ്ടയിനറിനകത്ത് ഉപയോഗിക്കുന്നത്. ഇത് പ്രവര്‍ത്തിപ്പിക്കുന്നതാകട്ടെ സൗരോര്‍ജത്തിലും. ചെടികളുടെ വളര്‍ച്ചക്ക് വേഗം കൂട്ടാന്‍ സംഗീതവുമുണ്ട് അകമ്പടിയായി. പുതിയ രീതിയില്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ ഉത്പാദനം ഉറപ്പിക്കാനാകും. നിരന്തരമായ ഗവേഷണങ്ങളിലൂടെ പരമ്പരാഗത കൃഷി രീതിയുടെ പകുതി സമയം കൊണ്ടു വിളവെടുക്കാനാകുമെന്ന് ഷിന്‍ജി വാകിത പറയുന്നു. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെയാണ് ഇത് സാധ്യമാക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടവും ശാസ്ത്രജ്ഞന്‍മാര്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ വിലയിരുത്തും. വൃത്തിയുള്ള സാഹചര്യത്തില്‍ വളര്‍ത്തുന്നതിനാലും കീടനാശിനി തീരെ ഉപയോഗികാത്തതിനാലും പച്ചക്കറി കഴുകേണ്ടപോലും ആവശ്യമില്ല. ആദ്യഘട്ടമായാണ് പാനസോണിക് സിംഗപ്പൂരില്‍ കൃഷി ഫാക്ടറി ആരംഭിച്ചതെന്നും സമീപഭാവിയില്‍ തന്നെ വിയറ്റ്നാം, തായ്ലന്‍റ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഇത്തരം ഫാമുകള്‍ ആരംഭിക്കുമെന്നും മറ്റൊരു ഉദ്യോഗസഥനായ താകുയ ഹരുത വ്യക്തമാക്കി. ഇപ്പോള്‍ മൂന്നു വിളകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഭാവിയില്‍ ഇത് 30 ആക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. |
ബൊക്കോഹറാം വെടിനിര്‍ത്തലിന്; പെണ്‍കുട്ടികളെ വിട്ടയക്കും Posted: 17 Oct 2014 11:42 AM PDT അബുജ: നൈജീരിയന്‍ സര്‍ക്കാറും തീവ്രവാദസംഘടനയായ ബൊക്കോഹറാമും വെടിനിര്‍ത്തല്‍ ധാരണയിലത്തെി. ബൊക്കോഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ വിട്ടയക്കാനും ധാരണയായിട്ടുണ്ടെന്ന് നൈജീരിയന്‍ പട്ടാളം അറിയിച്ചു. സൈനിക മേധാവി അലക്സ് ബാദേയാണ് വെടിനിര്‍ത്തല്‍ ധാരണയിലത്തെിയ വിവരം പുറത്തുവിട്ടത്. എന്നാല്‍, ബൊക്കോഹറാം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 2009 മുതല്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്ന ബൊക്കോഹറാം ആറുമാസം മുമ്പ് 200 സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത് ലോകവ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു. ബോണോ സംസ്ഥാനത്തെ ചിബൂക്കില്‍ തടവിലാക്കിയിരുന്ന ഇവരുടെ മോചനത്തിന് ഫലപ്രദ ഇടപെടല്‍ നടത്താന്‍ കഴിയാതിരുന്നത് സര്‍ക്കാറിനെതിരെയും വിമര്‍ശത്തിനിടയാക്കിയിരുന്നു. നൈജീരിയയും കാമറൂണും തമ്മില്‍ മൂന്നുദിവസമായി നടന്നുവന്ന സുരക്ഷായോഗത്തിനൊടുവിലാണ് എയര്‍ ചീഫ് മാര്‍ഷല്‍ ബാദേ വെടിനിര്‍ത്തല്‍ ധാരണാവിവരം പുറത്തുവിട്ടത്. ധാരണ നടപ്പാക്കാന്‍ സൈന്യം പൂര്‍ണ സഹകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഛാഡിന്‍െറ മധ്യസ്ഥതയില്‍ ഒരു മാസമായി നടന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലത്തെിയതെന്ന് പ്രസിഡന്‍റിന്‍െറ സഹായി ഹസ്സന്‍ തുകൂര്‍ ബി.ബി.സിയോടു പറഞ്ഞു. ചര്‍ച്ചകള്‍ക്കായി രണ്ടുവട്ടം സര്‍ക്കാര്‍ പ്രതിനിധികള്‍ ബൊക്കോഹറാം പ്രതിനിധികളെ കണ്ടിരുന്നു. വ്യാഴാഴ്ച ഏകപക്ഷീയമായി ബൊക്കോഹറാം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സൈന്യവും അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ഛാഡില്‍ നടക്കുന്ന ചര്‍ച്ചയില്‍ പെണ്‍കുട്ടികളെ വിട്ടയക്കുന്നതിനുള്ള കരാറിന് അന്തിമ രൂപം നല്‍കും. വെടിനിര്‍ത്തലിന് പകരമായി എന്തൊക്കെ ആവശ്യങ്ങളാണ് അംഗീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബൊക്കോഹറാം ആക്രമണം രൂക്ഷമാക്കിയതിനെ തുടര്‍ന്ന് 2013ല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രസിഡന്‍റ് ഗുഡ്ലക്ക് ജൊനാഥാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. |
ജാമ്യം രണ്ടു മണിക്കൂര്‍ വാദപ്രതിവാദങ്ങള്‍ക്കു ശേഷം Posted: 17 Oct 2014 11:15 AM PDT Subtitle: അഴിമതി വെള്ളക്കോളര്‍ കുറ്റകൃത്യമാണെന്നാണ് ഹൈകോടതി വിലയിരുത്തിയതെന്ന് ചീഫ് ജസ്റ്റിസ് ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ശക്തമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം. കോടതിമുറിയില്‍ രണ്ടു മണിക്കൂര്‍ തിങ്ങിനിറഞ്ഞു നിന്നത് ആകാംക്ഷയും ഉത്കണ്ഠയും. കോടതിമുറിയിലെ രംഗങ്ങള്‍ ഇങ്ങനെ: 10.30: ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, എ.കെ. സിക്രി എന്നിവരുടെ ബെഞ്ച് ജയലളിതയുടെ കേസ് പരിഗണിക്കുന്നു. കോടതിമുറി തിങ്ങിനിറഞ്ഞ അവസ്ഥ. തമിഴ്നാട്ടില്‍നിന്നുള്ള അഭിഭാഷകരും രാഷ്ട്രീയക്കാരുമെല്ലാം കോടതിയില്‍. 11.30: ജയലളിതയുടെ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ കോടതിയില്‍ പ്രവേശിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്. തുളസിക്കൊപ്പം മുന്‍നിരയിലേക്ക്. 11.40: ജയലളിതക്ക് കര്‍ണാടക ഹൈകോടതി ജാമ്യം നിഷേധിച്ചത് തെറ്റാണെന്ന് വിശദമാക്കി നരിമാന്‍ വാദം തുടങ്ങുന്നു. മഹാരാഷ്ട്ര ഹൈകോടതി അഴിമതി മനുഷ്യാവകാശ ലംഘനമാണെന്ന് 2012ല്‍ വിധിച്ച കേസ് കണക്കിലെടുത്ത് ജയലളിതയുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്യാത്തത് തെറ്റാണെന്ന് വാദം. 11.44: അഴിമതി വെള്ളക്കോളര്‍ കുറ്റകൃത്യമാണെന്നാണ് ഹൈകോടതി ജഡ്ജി വിലയിരുത്തിയതെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു. ക്രിമിനല്‍ കേസുകളില്‍ അപ്പീല്‍ നല്‍കുമ്പോള്‍ ശിക്ഷ റദ്ദാക്കേണ്ടത് ഒരു പൊതുമാനദണ്ഡമാണെന്ന് നരിമാന്‍ വാദിക്കുന്നു. 11.46: ജയലളിതയുടെ ജാമ്യം റദ്ദാക്കാന്‍ കര്‍ണാടക കോടതി ഉത്തരവിലെ ഓരോ വരിയും എടുത്തുകാട്ടി ശിക്ഷ സസ്പെന്‍ഡ് ചെയ്യേണ്ടതാണെന്ന് നരിമാന്‍ വാദിക്കുന്നു. 11.53: പ്രത്യേക കോടതി ശിക്ഷവിധിച്ചത് സമര്‍പ്പിച്ച തെളിവുകള്‍ പൂര്‍ണമായും അവഗണിച്ചാണെന്ന് നരിമാന്‍. 12.00: വിചാരണ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ എത്രവര്‍ഷം എടുത്തുവെന്ന് ചീഫ് ജസ്റ്റിസിന്‍െറ ചോദ്യം. വളരെയേറെ വര്‍ഷങ്ങള്‍ എന്ന് നരിമാന്‍. ശിക്ഷ സസ്പെന്‍ഡ് ചെയ്താല്‍ അപ്പീല്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു പതിറ്റാണ്ടു കൂടി എടുക്കില്ളേയെന്ന് ചീഫ് ജസ്റ്റിന്‍െറ മറുചോദ്യം. 12.07: തന്‍െറ കക്ഷിയുടെ പേരില്‍ ഹൈകോടതിയിലെ അപേക്ഷയില്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് സത്യവാങ്മൂലം നല്‍കാമെന്ന് അഭിഭാഷകന്‍. ജയലളിതയുടെ ഭാഗത്തുനിന്ന് കേസില്‍ താമസം വരുത്തില്ളെന്നും നരിമാന്‍െറ ഉറപ്പ്. 12.09: മുഴുവന്‍ രാജ്യത്തിനും താല്‍പര്യമുള്ള കേസാണിതെന്ന് നരിമാന്‍. അത്തരം കാര്യങ്ങള്‍ പരിഗണിക്കില്ളെന്നും അത് തങ്ങളുടെ വിഷയമല്ളെന്നും ചീഫ് ജസ്റ്റിസിന്‍െറ മറുപടി. താന്‍ നടത്തിയ അഭിപ്രായം പിന്‍വലിക്കുന്നുവെന്ന് നരിമാന്‍ 12.10: അപ്പീല്‍ കേള്‍ക്കുന്ന രണ്ടുമാസം വരെ ചെന്നൈയിലെ സ്വന്തം വസതിയില്‍ കഴിയാന്‍ ജയലളിതയെ അനുവദിക്കണമെന്ന് നരിമാന്‍െറ അഭ്യര്‍ഥന. അത്തരം അസാധാരണ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ളെന്ന് ചീഫ് ജസ്റ്റിസ്. ജാമ്യം അനുവദിക്കണമോ വേണ്ടയോ എന്നത് മാത്രമാണ് പരിഗണനയെന്നും കോടതി. 12.12: ജയലളിതക്ക് രേഖകള്‍ സമര്‍പ്പിക്കാനും ക്രിമിനല്‍ അപ്പീലില്‍ തന്‍െറ വാദം നിരത്താനും എത്ര സമയം വേണമെന്ന് ചീഫ് ജസ്റ്റിസ്. ആറാഴ്ചയെന്ന് ഉത്തരം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അപ്പീല്‍ വാദം പൂര്‍ത്തിയാക്കാമെന്നും നരിമാന്‍ ഉറപ്പുനല്‍കുന്നു. സത്യവാങ്മൂലം ആവശ്യമില്ളെന്നും നരിമാന്‍െറ വാക്ക് കണക്കിലെടുക്കുന്നുവെന്നും കോടതി. 12.15: കേസിലെ പരാതിക്കാരനായ സുബ്രഹ്മണ്യം സ്വാമിക്ക് വാദമുഖങ്ങള്‍ നിരത്താന്‍ അനുമതി. തമിഴ്നാട്ടില്‍ വലിയരീതിയില്‍ അക്രമം നടന്നതും ഹൈകോടതിക്ക് എതിരെ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടതും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് സ്വാമി. അക്രമം തടയാന്‍ ജയലളിതക്ക് ആകുമായിരുന്നുവെന്നും എന്നാല്‍, എല്ലാ മന്ത്രിമാരും കര്‍ണാടകയിലാണെന്നും സ്വാമി കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസ് വിശദീകരണത്തിനായി നരിമാന്‍െറ നേര്‍ക്ക് തിരഞ്ഞു. ഈ വിഷയങ്ങളെല്ലാം നേരത്തേ താന്‍ പറഞ്ഞു കഴിഞ്ഞുവെന്നും ജയലളിത നിര്‍ദേശം നല്‍കേണ്ടതായിരുന്നുവെന്നും നരിമാന്‍. 12.20: പാര്‍ട്ടി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതിന് ജയലളിതക്ക് എന്തുചെയ്യാനാവുമെന്നും ചീഫ് ജസ്റ്റിസ്. അക്രമത്തിന് ജയലളിത എന്തെങ്കിലും ഉത്തരവ് നല്‍കിയതായി കാണിക്കാനാകുമോയെന്നും ജസ്റ്റിസ് ദത്തു. 12.24: രണ്ടു മാസത്തിനുള്ളില്‍ അപ്പീലിന് തയാറാകണമെന്നും കേസ് രേഖകള്‍ ഒരുക്കാന്‍ കഴിയുമോയെന്നും കോടതി നരിമാനോട്. തയാറാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ അപ്പീല്‍ കേള്‍ക്കാന്‍ ഹൈകോടതിക്ക് നിര്‍ദേശം നല്‍കാമെന്നും ചീഫ് ജസ്റ്റിസ്. കൂടുതല്‍ സമയം അനുവദിക്കില്ളെന്നും കോടതി കണിശമായി അറിയിക്കുന്നു. 12.25: ജയലളിതക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഉത്തരവ്. കേസ് ഡിസംബര്‍ 18ന് പരിഗണിക്കുമെന്നും കോടതി. 18ന് ശേഷം ഒരു ദിവസംപോലും കൂടുതലായി അനുവദിക്കില്ളെന്നും ജസ്റ്റിസ് ദത്തു. കോടതിയില്‍ ജയലളിത പക്ഷത്തിന് ആഹ്ളാദം. |
നാലാം ഏകദിനം: ഇന്ത്യക്ക് ജയം; പരമ്പര Posted: 17 Oct 2014 10:29 AM PDT Subtitle: കോഹ്ലിക്കും സാമുവല്‍സിനും സെഞ്ച്വറി ധര്‍മശാല (ഹിമാചല്‍ പ്രദേശ്): ഏറെയായി ഫോം കണ്ടത്തൊന്‍ പ്രയാസപ്പെട്ട വിരാട് കോഹ്ലി സെഞ്ച്വറി നേട്ടവുമായി കുതിച്ചുയര്‍ന്നപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനവും പരമ്പരയും ഇന്ത്യക്ക് സ്വന്തം. പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പരമ്പരയിലെ അവസാന മത്സരത്തില്‍ 59 റണ്‍സിനാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്. 331 റണ്‍സിന്‍െറ വിജയലക്ഷ്യമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിന് മുന്നില്‍വെച്ചത്. എന്നാല്‍, സെഞ്ച്വറി നേടിയ മര്‍ലന്‍ സാമുവല്‍സിന്‍െറ ചെറുത്തുനില്‍പിനും സന്ദര്‍ശകരെ രക്ഷിക്കാനായില്ല. 48.1 ഓവറില്‍ വെസ്റ്റിന്‍ഡീസ് 271 റണ്‍സിന് ഓള്‍ഒൗട്ടായി. പ്രതിഫല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാന്‍ വെസ്റ്റിന്‍ഡീസ് തീരുമാനിച്ചതോടെ പരമ്പരയും ഇന്ത്യക്ക് സ്വന്തമായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ഡല്‍ഹിയിലും ധര്‍മശാലയിലും വിജയിച്ച് വന്‍തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. വിശാഖപട്ടണത്ത് നടക്കേണ്ടിയിരുന്ന മൂന്നാം ഏകദിനം കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. വിരാട് കോഹ്ലിയുടെ 20ാം ഏകദിന സെഞ്ച്വറിയുടെയും അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെയും മികവില്‍ നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും നല്‍കിയത്. ഇന്ത്യയിലെ മറ്റ് ഏകദിന പിച്ചുകളില്‍നിന്ന് വ്യത്യസ്തമായി ഏറെ ബൗണ്‍സ് ചെയ്യുന്ന ധര്‍മശാലയിലെ ഗ്രൗണ്ടില്‍ ഭയപ്പെടാനൊന്നുമില്ളെന്ന് രണ്ടാമത്തെ ഓവറില്‍ ജെയ്സണ്‍ ഹോള്‍ഡറുടെ പന്ത് ബൗണ്ടറി കടത്തി ശിഖര്‍ ധവാന്‍ തെളിയിച്ചു. 11.3 ഓവറില്‍ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. റസലിന്‍െറ പന്തില്‍ ക്യാപ്റ്റന്‍ ബ്രാവോയുടെ കൈകളില്‍ പന്ത് എത്തിച്ച് 35 റണ്‍സെടുത്ത ധവാന്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലത്തെിയ കോഹ്ലി ശ്രദ്ധയോടെയായിരുന്നു ബാറ്റ് വീശിയത്. കഴിഞ്ഞ ഫെബ്രുവരിക്കുശേഷം മൂന്നാം പൊസിഷനിലിറങ്ങി ടെസ്റ്റിലും ഏകദിനത്തിലും കാര്യമായ പ്രകടനം കാണിക്കാന്‍ സാധിക്കാതിരുന്ന കോഹ്ലി പക്ഷേ, ഡല്‍ഹിയിലെ പ്രകടനം ആവര്‍ത്തിച്ചു. കോഹ്ലിയും രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് ചേര്‍ത്തു. 27ാമത്തെ ഓവറില്‍ സ്കോര്‍ 142ലത്തെിയപ്പോള്‍ 68 റണ്‍സ് നേടിയ രഹാനെയെ ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലത്തെിയ സുരേഷ് റെയ്നയുമായി ചേര്‍ന്ന് കോഹ്ലി മാന്യമായ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചു. ബാറ്റിങ് പവര്‍പ്ളേയില്‍ ഇന്ത്യ 52 റണ്‍സ് നേടി. 101 പന്തുകള്‍ നേരിട്ട് കോഹ്ലി തന്‍െറ 20ാം സെഞ്ച്വറി നേടി. 44.4ാം ഓവറില്‍ സ്കോര്‍ 280ല്‍ എത്തിയപ്പോള്‍ 58 പന്തുകളില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 71 റണ്‍സ് നേടിയ റെയ്ന പുറത്തായി. തുടര്‍ന്നത്തെിയ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ നിര്‍ഭാഗ്യവശാല്‍ റണ്‍ഒൗട്ടായി. ആറ് റണ്‍സായിരുന്നു അദ്ദേഹത്തിന്‍െറ സമ്പാദ്യം. സ്കോര്‍ 300ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത രവീന്ദ്ര ജദേജയും പുറത്തായി. ഇന്നിങ്സിലെ അവസാന പന്തില്‍ 114 പന്തില്‍ 13 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 127 റണ്‍സ് നേടിയ കോഹ്ലിയും റണ്‍ഒൗട്ടായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്കോര്‍ ഒന്നില്‍ എത്തിയപ്പോള്‍ ഡ്വെ്ന്‍ സ്മിത്ത് യാദവിന്‍െറ പന്തില്‍ മുഹമ്മദ് ഷമിയുടെ കൈകളില്‍ പന്തത്തെിച്ച് റണ്‍സൊന്നുമെടുക്കാതെ പവിലിയനിലേക്ക് മടങ്ങി. പകരമിറങ്ങിയ പൊള്ളാര്‍ഡാകട്ടെ, റണ്‍സെടുക്കാന്‍ ഏറെ പ്രയാസപ്പെട്ടു. സ്കോര്‍ 27ലത്തെിയപ്പോള്‍ 231 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് ആറ് റണ്‍സെടുത്ത് പവിലിയനിലേക്ക് മടങ്ങി. ഭുവനേശ്വര്‍ കുമാറിന്‍െറ പന്തില്‍ സ്ളിപ്പില്‍ ശിഖര്‍ ധവാന്‍ കാച്ചെടുത്താണ് പൊള്ളാര്‍ഡ് ഒൗട്ടായത്. സ്കോര്‍ 83ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ഡാമിയന്‍ ബ്രാവോ പുതുതായി ടീമിലേക്ക് വന്ന അക്ഷര്‍ പട്ടേലിന് മുന്നില്‍ ക്ളീന്‍ബൗള്‍ഡായി. തുടര്‍ന്ന് വന്ന രാംദിനെയും ബ്രാവോയെയും രവീന്ദ്ര ജദേജ മടക്കി അയച്ചുവെങ്കിലും 106 പന്തുകളില്‍നിന്നും ആറ് സിക്സും ഒമ്പത് ഫോറുമായി 112 റണ്‍സുമായി മര്‍ലന്‍ സാമുവല്‍സ് കടുത്ത ചെറുത്തുനില്‍പ് നടത്തി. എന്നാല്‍, മുഹമ്മദ് ഷമിക്ക് മുന്നില്‍ സാമുവല്‍സും ക്ളീന്‍ ബൗള്‍ഡ് ആയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സും അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജദേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. വിരാട് കോഹ്ലിയാണ് കളിയിലെ കേമന്‍. |
ജയലളിത ശനിയാഴ്ച പുറത്തിറങ്ങും Posted: 17 Oct 2014 10:20 AM PDT ചെന്നൈ : അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് മൂന്നാഴ്ചയായി ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ശനിയാഴ്ച ജാമ്യത്തില്‍ ഇറങ്ങും. സുപ്രീം കോടതി രണ്ടു മാസത്തേക്ക് അനുവദിച്ച ഇടക്കാല ജാമ്യത്തിന്‍്റെ രേഖകളും രണ്ടു ആള്‍ ജാമ്യവും വിചാരണ കോടതിയില്‍ ശനിയാഴ്ച കാലത്ത് ഹാജരാക്കുമെന്ന് ജയലളിതയുടെ അഭിഭാഷകന്‍ പറഞ്ഞു. കര്‍ശന വ്യവസ്ഥകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 18 നകം അപ്പീല്‍ രേഖകള്‍ ഹൈകോടതിയില്‍ ഹാജരാക്കണം. ഒരു ദിവസം വൈകിയാല്‍ ജാമ്യം റദ്ദാക്കുമെന്ന് ചീഫ് ജസ്റ്റിസ് എച്.എല്‍ ദത്തുവിന്‍്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കേസ് വിചാരണ 18 കൊല്ലം നീട്ടികൊണ്ടുപോയ ജയലളിത ജാമ്യത്തില്‍ ഇറങ്ങിയാല്‍ അപ്പീല്‍ നടപടി രണ്ടു പതിറ്റാണ്ട് വൈകിപ്പിക്കില്ളേ എന്ന് കോടതി ചോദിച്ചു. ജയലളിത ജാമ്യ വ്യവസ്ഥകള്‍ പാലിക്കുമെന്നും അപ്പീല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി ചോദിക്കില്ളെന്നും അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ഉറപ്പു നല്‍കി . ആരോഗ്യ കാരണങ്ങള്‍ക്ക് അല്ലാതെ വീട് വിട്ടു പോകില്ളെന്നും സന്ദര്‍ശകരെ കാണില്ളെന്നും നരിമാന്‍ പറഞ്ഞു. തന്‍െറ ഉറപ്പു കോടതിക്ക് രേഖപ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു . തമിഴ്നാട്ടിലെ ക്രമസമാധാന നില മോശമാണെന്നും അണികളെ ജയലളിത നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ കോടതി ജഡ്ജിക്കെതിരെയും കോടതി വിധിക്കെതിരെയും നടത്തുന്ന കടന്നാക്രമണങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം പാര്‍ട്ടിക്കാരോട് സംയമനം പാലിക്കാന്‍ ജയലളിത പ്രസ്താവന ഇറക്കി. എ.ഡി.എം.കെ ആസ്ഥാനത്ത് നിന്ന് ജയലളിതയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കോടതിവിധിയെയും ജഡ്ജിയെയും വിമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടു . അപ്പീല്‍ രേഖകള്‍ കൃത്യ സമയത്ത് ഹാജരാക്കിയാല്‍ മൂന്നു മാസം കൊണ്ട് കേസില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ഹൈകോടതിയോട് നിര്‍ദേശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ജയലളിതയുടെ കൂടെ തോഴി വി.കെ ശശികല, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും ശനിയാഴ്ച പുറത്തിറങ്ങും. |
No comments:
Post a Comment