ബോക്സിങ് താരം സരിതാദേവിക്ക് സസ്പെന്‍ഷന്‍ Posted: 22 Oct 2014 12:30 AM PDT ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്സിങ്താരം സരിത ദേവിക്ക് സസ്പെന്‍ഷന്‍. സരിതാ ദേവിയുടെ പരിശീലകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍ ബോക്സിങ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയുടേതാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളില്‍ നിന്നും സരിതാ ദേവിയെയും പരിശീലകരെയും വിലക്കി. പരിശീലകരായ ഗുല്‍ബക്ഷ് സിങ് സന്ധു,ഇഗ്നേഷ്യസ് ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യന്‍ ബോക്സിങ് സംഘത്തെ നയിച്ച ജെ. സുമാരിവല്ളെയെയും സസ്പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്സിങ് ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ജിം പാര്‍ക്കറുമായുള്ള മത്സരത്തില്‍ വിധികള്‍ത്താക്കള്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ചാണ് സരിത ദേവി മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചത്. മത്സരത്തില്‍ സരിതാദേവി വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊറിയന്‍ താരത്തെയാണ് വിജയിയായി പ്രഖ്യാപിച്ചത്. സസ്പെന്‍ഷന്‍ വന്നതോടെ ലോകചാമ്പ്യന്‍ഷിപ്പടക്കമുള്ള മത്സരങ്ങളില്‍ സരിതക്ക് പങ്കെടുക്കാനാവില്ല. |
പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അന്തരിച്ചു Posted: 21 Oct 2014 11:03 PM PDT ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 125 ഓളം തെന്നിന്ത്യന്‍ സിനിമകള്‍ക്കാണ് അശോക് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചത്. 1980 ല്‍ ‘നെഞ്ചെത്തൈ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1969, 73, 77 വര്‍ഷങ്ങളില്‍ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി. ‘അന്നു പെയ്ത മഴയില്‍’ (തമിഴ് ), ‘അഭി നന്ദന’(തെലുങ്ക്), കാമാഗ്നി(ഹിന്ദി) എന്നിവ ഉള്‍പ്പെടെ ആറോളം ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ കുട്ട്യേടത്തി, ലോറി, തകര, മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, നവംബറിന്‍്റെ നഷ്ടം, ഡെയ്സി, ഒരുക്കം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പറന്ന് പറന്ന് പറന്ന്, എന്‍്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, തമിഴില്‍ നെഞ്ചത്തൈ കിള്ളാതെ, ഉല്ലാസപറവകള്‍, വസന്തകാലപറവകള്‍, ജോണി, നടികന്‍, ജീന്‍സ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു അശോക് കുമാര്‍. ഹിന്ദിയില്‍ ‘സച്ചാ പ്യാര്‍’ എന്ന ചിത്രത്തിനും ഇംഗ്ളീഷില്‍ ‘ബ്ളാക്ക് വാട്ടേഴ്സ്’ എന്ന ചിത്രത്തിനും അശോക് കുമാര്‍ കാമറ ചലിപ്പിച്ചിട്ടുണ്ട്. |
കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവും – ജയ്റ്റ്ലി Posted: 21 Oct 2014 10:53 PM PDT ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണക്കാരുടെ പേര് ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ പരുങ്ങലിലാവുന്നത് കോണ്‍ഗ്രസായിരിക്കും. പേരുകള്‍ പുറത്ത് വരുന്നത് ബി.ജെ.പിക്ക് പ്രതികൂലമായി ബാധിക്കില്ളെന്ന് ഉറപ്പുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയ്റ്റ്ലിയുടെ പ്രതികരണം. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിടാതിരിക്കുന്നത് ബി.ജെ.പിയുടെ കാപട്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പേരുകള്‍ പുറത്ത് വിടുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിടില്ളെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇരട്ട നികുതി നിരോധന കരാര്‍ പ്രകാരം പേരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ അനുവാദമില്ല. എന്നാല്‍ നിയമാനുസൃതമായി പേരുകള്‍ കോടതിയില്‍ വെളിപ്പെടുത്താമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ പേരുകള്‍ വെളിപ്പെടുത്തുമ്പോള്‍ കരാറിന് വിരുദ്ധമായി അവ മാധ്യമങ്ങള്‍ക്ക് ലഭിക്കും. ഇക്കാര്യമാണ് പേരുകള്‍ പുറത്ത് വിടില്ളെന്ന രൂപത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. |
കുറ്റിപ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തനം നിലച്ചു Posted: 21 Oct 2014 10:44 PM PDT ആലക്കോട്: ചെറുകിട കര്‍ഷകര്‍ക്ക് ജലസേചനത്തിനായി ആലക്കോട് കുറ്റിപ്പുഴയില്‍ ആരംഭിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പാതി വഴിയില്‍ നിലച്ചു. നൂറുകണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനകരമാവുമായിരുന്ന പദ്ധതിയാണ് അഞ്ചു വര്‍ഷമായിട്ടും എങ്ങുമത്തൊതിരുന്നത്. ചപ്പാരപ്പടവ് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 2009ലാണ് പദ്ധതി ആരംഭിച്ചത്. 30 ഏക്കറോളം ഭൂമിയിലെ തെങ്ങ്, കവുങ്ങ് വിളകള്‍ക്ക് ജലസേചനം ഉദ്ദേശിച്ചായിരുന്നു ഇത്. 5,43,444 രൂപ വകയിരുത്തിയ പദ്ധതിക്കായി വികസന ഫണ്ടില്‍നിന്ന് ഇതുവരെ 2,29,758 രൂപ ചെലവഴിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ നാലര സെന്‍റ് ഭൂമി പദ്ധതിക്കായി ദാനം പഞ്ചായത്തിനായി ചെയ്തിരുന്നു. കുളം, പമ്പ്ഹൗസ്, ടാങ്ക് നിര്‍മാണം, പൈപ്പിടല്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തീകരിച്ചിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. ഗുണഭോക്തൃ വിഹിതമായി പത്തുശതമാനം തുകയും അടച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ 11 അംഗ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കുറ്റിപ്പുഴയില്‍ സ്ഥാപിച്ച 25 കെ.വി ട്രാന്‍സ്ഫോര്‍മറില്‍നിന്നും പദ്ധതിയുടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വോള്‍ട്ടേജ് ലഭ്യമല്ലാത്തതാണ് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍, ഇത് തെറ്റാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ താല്‍പര്യമില്ളെന്നും ആരോപണമുണ്ട്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കുറ്റിപ്പുഴയില്‍ സ്ഥാപിച്ച 100 കിലോ വാട്ട് ട്രാന്‍സ്ഫോര്‍മര്‍ കൊട്ടയാട് പോസ്റ്റ് ഓഫിസ് പരിസരത്തേക്ക് മാറ്റിയതും പദ്ധതി പ്രവര്‍ത്തനം മുടങ്ങാന്‍ വഴിയൊരുക്കി. കുറ്റിപ്പുഴയിലെ ട്രാന്‍സ്ഫോര്‍മറിന്‍െറ ശേഷി വര്‍ധിപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ ഗുണഭോക്തൃ സമിതി തീരുമാനിച്ചു. യോഗത്തില്‍ വര്‍ഗീസ് നടക്കടവില്‍, സിബി കാഞ്ഞിരത്തുങ്കല്‍, എ.എ. സന്തോഷ്, തോമസ്കുട്ടി പന്തപ്ളാക്കല്‍, സി.സി. പ്രസാദ്, വി.സി. സണ്ണി എന്നിവര്‍ സംസാരിച്ചു. |
പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ലീഗ് തെരഞ്ഞെടുപ്പ്: ഒൗദ്യോഗിക പക്ഷത്തിന് ജയം Posted: 21 Oct 2014 10:37 PM PDT പെരിന്തല്‍മണ്ണ: മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക പക്ഷം അവതരിപ്പിച്ച പാനല്‍ ജില്ലാ നേതാക്കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐക്യകണ്ഠ്യേന അംഗീകരിച്ചു. സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റികളില്‍ ശക്തി പ്രാപിച്ച ഗ്രൂപ്പിസത്തെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം ഇടപെട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. മലപ്പുറത്ത് ജില്ലാ ലീഗ് ഓഫിസില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ തുടങ്ങിയ യോഗത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളും നൂറോളം പാര്‍ട്ടി കൗണ്‍സിലര്‍മാരും പങ്കെടുത്തു. യോഗ നടപടികള്‍ ആരംഭിച്ച ഉടനെ 83 പാനലിന് പിന്തുണ അറിയിച്ച് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് ഒൗദ്യോഗിക വിഭാഗം റിട്ടേണിങ് ഓഫിസര്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിക്ക് കൈമാറി. ഇതോടെ ഒൗദ്യോഗിക പാനല്‍ വിജയിക്കുമെന്നുറപ്പായി. മറുവിഭാഗം പാനലിനെ അവതരിപ്പിക്കാതെ അവതരിപ്പിക്കപ്പെട്ട അംഗീകരിക്കുന്നതായി അറിയിച്ചു. പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ നിലവിലെ ഭാരവാഹികളെ തന്നെയാണ് ഒൗദ്യോഗിക വിഭാഗം മുന്നോട്ടുവെച്ചത്. ഭാരവാഹികള്‍. പി.കെ. മുഹമ്മദ് കോയ തങ്ങള്‍ (പ്രസി), ചേരിയില്‍ മമ്മി (ജന. സെക്ര), സി.എം. അബ്ദുല്ല ഹാജി (ട്രഷ), കെ.ടി. ഹൈദ്രസ് ഹാജി, പള്ള്യാല്‍ തൊടി അബൂബക്കര്‍(വൈസ് പ്രസി), പടിഞ്ഞാറെതില്‍ ബഷീര്‍, ബഷീര്‍ മീമ്പടി (ജോ. സെക്ര). ബാക്കി ഭാരവാഹികളെയും എക്സിക്യൂട്ടിവ് കമ്മിറ്റിയെയും പിന്നീട് തെരഞ്ഞെടുക്കും. യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹീം, അഡ്വ. നാലകത്ത് സൂപ്പി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത്, ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ. നാസര്‍, പി.കെ. അബൂബക്കര്‍ ഹാജി, കൊളക്കാടന്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. |
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്താന്‍ അനുഭവിക്കേണ്ടിവരും ^അരുണ്‍ ജയ്റ്റ്ലി Posted: 21 Oct 2014 10:34 PM PDT ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്‍റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി. 2003ലെ സമാധാന കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുന$സ്ഥാപിക്കേണ്ടത് പാകിസ്താന്‍ ആണെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ഇന്ത്യയുടെ ഐക്യവും ശക്തിയും പാകിസ്താനേക്കാള്‍ ഏറെ കൂടുതലാണ്. അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ പാകിസ്താന്‍ തുടരുകയാണെങ്കില്‍ ആ സാഹസത്തിനുള്ള വേദന അവര്‍ അറിയും. സാധാരണ ഗതിയില്‍ പാകിസ്താന്‍ വെടിയുതിര്‍ക്കുമ്പോള്‍ നമ്മള്‍ രക്ഷാകവചവുമായി നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇനി ഇന്ത്യയും വാളെടുക്കും, ശക്തമായി തിരിച്ചടിക്കും-പ്രതിരോധ മന്ത്രി എന്‍.ഡി.ടി.വിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതുവരെ ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ ഇരുപക്ഷത്തു നിന്നുമായി 20-ല്‍ അധികം പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയിലുണ്ടാകുന്ന വെടിവെപ്പിന് ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം നല്‍കിയിരുന്നു. |
ഓട്ടോ അധിക നിരക്ക് ഈടാക്കുന്നതായി പരാതി Posted: 21 Oct 2014 10:24 PM PDT കോഴിക്കോട്: പുതുക്കിയ ഓട്ടോ-ടാക്സി നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയിട്ടും ജില്ലയിലെ ചിലയിടങ്ങളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി. പഴയ ഒന്നേകാല്‍ കിലോമീറ്ററിന് പകരം ഒന്നര കിലോമീറ്റര്‍ ദൂരം മിനിമം നിരക്കായ 20 രൂപക്ക് യാത്രചെയ്യാമെങ്കിലും ചിലര്‍ അധിക തുക വാങ്ങുകയാണ്. ഒന്നര കിലോമീറ്റര്‍ വരെ 20 രൂപയും അധികംവരുന്ന ഓരോ നൂറ് മീറ്ററിനും ഒരു രൂപ വീതവുമാണ് അംഗീകരിച്ച നിരക്ക്. രണ്ട് കിലോമീറ്റര്‍ യാത്രചെയ്യാന്‍ 25 രൂപയും രണ്ടര കിലോമീറ്ററിന് 30 രൂപയും നല്‍കിയാല്‍ മതി. മിനിമം ചാര്‍ജിലെ ഒന്നര കി.മി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 10 രൂപ തോതില്‍ ഈടാക്കാം. മുമ്പ് അധികംവരുന്ന ഓരോ നൂറ് മീറ്ററിനും 50 പൈസയായിരുന്നു. കോഴിക്കോട് സിറ്റി ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ ചാര്‍ട്ടില്‍ രണ്ടു കിലോമീറ്ററിന് 26 രൂപയും രണ്ടരക്ക് 31 ഉം മൂന്ന് കിലോമീറ്ററിന് 36 രൂപയുമാണ് നിരക്ക്. ഇത് ഓരോ രൂപ കൂടുതലാണെന്നാണ് യാത്രക്കാരുടെ പരാതി. നാല് ചക്രങ്ങളുള്ള ഓട്ടോറിക്ഷകള്‍ക്ക് 21 രൂപയാണ് മിനിമം ചാര്‍ജ്. ഈ തുകക്ക് ഒന്നര കിലോമീറ്റര്‍ യാത്രചെയ്യാം. അധികംവരുന്ന ഓരോ കിലോമീറ്ററിനും ഒരു രൂപതോതില്‍ നല്‍കണം. മുച്ചക്ര ഓട്ടോകളും നാലുചക്ര ഓട്ടോകളും തമ്മിലെ മിനിമം നിരക്കില്‍ ഒരു രൂപയുടെ വ്യത്യാസമേയുള്ളൂ. 1500 സി.സിവരെയും അതില്‍ കൂടുതലുള്ള ടാക്സികള്‍ക്ക് മിനിമം ചാര്‍ജ് 150 രൂപയാണ്. ഈ തുകക്ക് അഞ്ച് കി.മീ യാത്രചെയ്യാം. 1500 സി.സിവരെയുള്ളവക്ക് 12 രൂപയും 1500ല്‍ കൂടുതലുള്ളവക്ക് 15 രൂപയുമാണ് കി.മീറ്റര്‍ നിരക്ക്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളും കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ ടൗണുകളും ഒഴികെയുള്ള മേഖലകളില്‍ രാവിലെ അഞ്ചിനും രാത്രി 10നും ഇടയിലുള്ള സമയത്തെ വണ്‍വെയാത്രക്ക് നിരക്കിന്‍െറ പകുതികൂടി അധികം നല്‍കണം. യാത്രക്കാര്‍ അതേ ഓട്ടോയില്‍ മടങ്ങിയാല്‍ മീറ്റര്‍ നിരക്ക് മാത്രം നല്‍കിയാല്‍ മതി. ഓട്ടോറിക്ഷകള്‍ക്കും നാലു ചക്ര റിക്ഷകള്‍ക്കും മിനിമം വെയ്റ്റിങ് ചാര്‍ജ് 15 മിനിറ്റിന് 10 രൂപയായിരിക്കും ഈ നിരക്കില്‍ ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയെ വെയ്റ്റിങ് ചാര്‍ജ് വാങ്ങാന്‍ പാടുള്ളൂ. ടാക്സികള്‍ക്ക് ഒരു മണിക്കൂറിന് 50 രൂപ തോതില്‍ ഒരു ദിവസത്തേക്ക് പരമാവധി 500 രൂപ വെയ്റ്റിങ് ചാര്‍ജ് വാങ്ങാം. |
ദീപാവലി ആഘോഷത്തില്‍ ഇന്ത്യന്‍ സമൂഹം Posted: 21 Oct 2014 10:15 PM PDT ദുബൈ/ഷാര്‍ജ: തിന്മക്ക് മേല്‍ നന്മയുടെ വിജയമായ ദീപാവലി ആഘോഷിക്കാന്‍ യു.എ.ഇയിലെ ഹൈaന്ദവ വിശ്വാസികള്‍ ഒരുങ്ങി. പൂത്തിരികള്‍ കത്തിച്ചും മണ്‍ചെരാതുകള്‍ കൊളുത്തിയും സ്ത്രീകളും കുട്ടികളും വെളിച്ചത്തിന്‍െറയും ഐശ്വര്യത്തിന്‍്റെയും ആഘോഷ പരിപാടികള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ തന്നെ തുടങ്ങി കഴിഞ്ഞു. ദീപാവലി കച്ചവടത്തിനായി ബേക്കറികളും പലഹാരക്കടകളും മാത്രമല്ല ജ്വല്ലറികളും തുണിക്കടകളും വരെ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പുതന്നെ വിപണിയില്‍ ദീപാവലി വിഭവങ്ങള്‍ എത്തിയിരുന്നു. ലഡു, ജിലേബി, മൈസൂര്‍പാ, ഹല്‍വ എന്നിവക്കായി ബേക്കറികളിലെല്ലാം വന്‍തിരക്കാണ്. ആഴ്ചകള്‍ക്ക് മുമ്പേ പലഹാരക്കടകളില്‍ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നവരാണ് പലരും. ചിലര്‍ ഓഫീസുകളില്‍ വിവിധ രാജ്യക്കാരായ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷം പങ്കിടാന്‍ മധുര പലഹാരങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഫ്ളാറ്റുകളും വില്ലകളും ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചും ബൊമ്മക്കൊലുകള്‍ ഒരുക്കിയുമാണ് ആഘോഷം. പ്രവൃത്തി ദിവസമായതിനാല്‍ മിക്കവരും ആഘോഷ പരിപാടികളെല്ലാം അവധി ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ദുബൈയിലെ ദീപാവലി ആഘോഷ പരിപാടികള്‍ പ്രധാനമായും ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ആറ് മണിമുതല്‍ ഇവിടെ പ്രത്യേക പൂജാ കര്‍മ്മങ്ങള്‍ നടക്കും. വൈകീട്ടും പൂജകള്‍ക്ക് സൗകര്യമുണ്ടായിരിക്കും. രാവിലെ മുതല്‍ വിശ്വാസികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് തിരക്ക് നിയന്ത്രിക്കാന്‍ സംവീധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ദക്ഷിണേന്ത്യക്കാര്‍ ഇന്നും വടക്കേ ഇന്ത്യക്കാര്‍ നാളെയുമാണ് ദീപാവലി പൂജകള്‍ നടത്തുന്നത്. ക്ഷേത്രത്തിന് സമീപത്തെ പുഷ്പങ്ങളും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലും ഇന്നലെ വൈകുന്നേരത്തോടെ തന്നെ തിരക്കനുഭവപ്പെട്ടു തുടങ്ങി. ഗുജറാത്തികള്‍, സിന്ധി, മറാഠി വിഭാഗങ്ങളും വടക്കേ ഇന്ത്യക്കാരുമൊക്കെയാണ് ദീപാവലി ആഘോഷത്തില്‍ മുന്‍പന്തിയില്‍. തമിഴ് സമൂഹത്തിനിടയിലും തമിഴ്നാടിനോട് ചേര്‍ന്നുള്ള തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കിടയിലും ദീപാവലിയാഘോഷത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വിഭാഗം മലയാളികളും ആഘോഷത്തില്‍ പങ്കു ചേരും. ഷാര്‍ജയിലെ റോള, അല്‍ നഹ്ദ എന്നിവിടങ്ങളിലാണ് ദീപാവലിയുടെ വര്‍ണ കാഴ്ച്ചകള്‍ കൂടുതലുള്ളത്. ദീപം (വിളക്ക്) ആവലി (നിര) എന്നി പദങ്ങള്‍ ചേര്‍ന്നാണ് ദീപാവലി എന്ന പേരുണ്ടായത്. ഇത് ശരിവെക്കുന്ന വിധത്തിലാണ് ദീപാലങ്കാരങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അപകടം വിതക്കാത്തതും കമ്പോളങ്ങളില്‍ കിട്ടുന്നതുമായ പടക്കങ്ങളുടെ പൊട്ടല്‍ ഷാര്‍ജയിലെ പല ഭാഗത്ത് നിന്ന് ചൊവ്വാഴ്ച്ച രാത്രി തന്നെ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അനധികൃത പടക്ക കച്ചവടക്കാരെ റോളയില്‍ ചില ഭാഗങ്ങളിള്‍ കാണാനായി. |
അല്‍ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അപ്പീലിന് അവസരം Posted: 21 Oct 2014 08:59 PM PDT ദോഹ: രാജ്യത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് ഈജിപ്തില്‍ തടവില്‍ കഴിയുന്ന അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി അനുവാദം നല്‍കിയതായി അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ജനുവരി ഒന്നിന് ഇവരുടെ അപ്പീല്‍ സ്വീകരിക്കും. ഈജിപ്ത് സര്‍ക്കാര്‍ ഇവരെ ജയിലിലടച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് അപ്പീല്‍ അനുവദിച്ചത്. അല്‍ ജസീറ ഇംഗ്ളീഷ് റിപ്പോര്‍ട്ടര്‍ ആസ്ട്രേലിയക്കാരനായ പീറ്റര്‍ ഗ്രെസ്റ്റേ, അല്‍ജസീറ കൈറോ ബ്യൂറോ ചീഫും കനേഡിയന്‍-ഈജിപ്ഷ്യന്‍ പൗരനായ മുഹമ്മദ് ആദില്‍ ഫഹ്മി, പ്രൊഡ്യൂസറായ ബാഹിര്‍ മുഹമ്മദ് എന്നിവരെ കഴിഞ്ഞ ഡിസംബര്‍ 29നാണ് കൈറോയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് സൈനികര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 24നാണ് ഈജിപ്ഷ്യന്‍ കോടതി ബാഹിര്‍ മുഹമ്മദിന് 10 വര്‍ഷത്തെ തടവും പീറ്റര്‍ ഗ്രെസ്റ്റെ, മുഹമ്മദ് ഫഹ്മി എന്നിവര്‍ക്ക് ഏഴ് വര്‍ഷത്തെ തടവും വിധിച്ചത്. ഈജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണച്ച് കൊണ്ട് രാജ്യത്തിനെതിരായ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നതാണ് ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍, ഇവര്‍ക്കെതിരായ ഈജിപ്തിന്‍െറ നടപടിക്കെതിരെ ലോകത്തിന്‍െറ എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി ഇത് വിലയിരുത്തപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശിക്ഷിക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ഒരു തെറ്റും ചെയ്തിട്ടില്ളെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക് ആക്ടിങ് ഡയറക്ടര്‍ മുസ്തഫ സോഗ് പറഞ്ഞു. അവര്‍ ചെയ്ത കുറ്റം അവരുടെ ജോലി ഭംഗിയായി ചെയ്തുവെന്നത് മാത്രമാണ്. ഈജിപ്ഷ്യന്‍ ഗവണ്‍െമെന്‍റ് ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ച് സ്വതന്ത്രമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫതാഹ് സീസി ഇത്തരമൊരു സാധ്യതയെക്കുറിച്ച് സൂചന നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജയിലിലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം നല്‍കാന്‍ കോടതി തീരുമാനമെടുത്താല്‍ അതില്‍ ഇടപെടില്ളെന്നാണ് സീസി ഈയാഴ്ച പ്രസ്തവനയിറക്കിയത്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ്. അപ്പീലില്‍ പ്രധാനമായും ഉന്നയിക്കുക തെളിവിന്‍െറ അഭാവമായിരിക്കുമെന്നും മുസ്തഫ സോഗ് കൂട്ടിച്ചേര്‍ത്തു. |
കേരള ക്രിക്കറ്റിന്‍െറ ശനിദശ മാറുന്നു -പി. ബാലചന്ദ്രന്‍ Posted: 21 Oct 2014 08:48 PM PDT മനാമ: കളിക്കാരുടെ കായിക മികവിനൊപ്പം സ്വഭാവ രൂപവത്കരണത്തിന് കൂടി പ്രധാന്യം നല്‍കിക്കൊണ്ട്് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ക്രിക്കറ്റിലെ അനാശ്യാസ പ്രവണതകളെ നേരിടാന്‍ ഒരുങ്ങുന്നതായി കേരള ക്രിക്കറ്റിന്‍െറ വളര്‍ച്ചയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പരിശീലന കുപ്പായമണിഞ്ഞ് വിയര്‍പ്പൊഴുക്കുന്ന പി. ബാലചന്ദ്രന്‍. സ്വകാര്യ സന്ദര്‍ശനത്തിന് ബഹ്റൈനിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഒരിക്കലും ഒരു കളിക്കാരനും തന്‍െറ ആത്മാവായ കളിയെ ഒറ്റുകൊടുക്കില്ല. പലപ്പോഴും അജ്ഞത കൊണ്ടാണ് പലരും കോഴയിലും മരുന്നടിയിലുമെല്ലാം പെടുന്നത് -ശ്രീശാന്ത് സംഭവം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കളിക്കാര്‍ക്ക് വ്യക്തമായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി എല്ലാ സംസ്ഥാന ടീമുകള്‍ക്കും മരുന്നടിക്കെതിരെയും (ആന്‍റി ഡ്രഗ്സ്), അഴിമതിക്കെതിരെയും (ആന്‍റി കറപ്ഷന്‍) ക്ളാസ് കൊടുക്കുന്നുണ്ട്. എല്ലാ ടീമുകള്‍ക്കും ഫിസിയോ നിര്‍ബന്ധമാണ്. ഫിസിയോയുടെ അനുമതിയില്ലാതെ ഒരു കളിക്കാരനും വേദന സംഹാരികള്‍ കഴിക്കാന്‍ പാടില്ല. ഹോട്ടലിലും ഡ്രസിംഗ് റൂമിലും പരിചയമില്ലാത്ത ആരെയും പ്രവേശിപ്പിക്കരുതെന്നും കളിക്കാര്‍ക്ക് നിര്‍ദേശമുണ്ട്. അഴിമതിക്കാര്‍ ആദ്യം ബന്ധം സ്ഥാപിക്കുകയും പിന്നീടത് വികസിപ്പിക്കുകയും ചെയ്താണ് കളിക്കാരെ വലയില്‍ വീഴ്ത്തുന്നത്. ശ്രീശാന്തുമായി ബന്ധപ്പെട്ട കോഴ വിവാദം ഇപ്പോള്‍ കോടതിയിലാണ്. ക്രിക്കറ്റ് ലോകത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബി.സി.സി.ഐ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ക്രിക്കറ്റ് അതിന്‍െറ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കളിയില്‍ നിന്ന് വിരമിച്ച് പരിശീലക വേഷമണിഞ്ഞിട്ട് 30 വര്‍ഷമായി. ആദ്യത്തെ 20 വര്‍ഷവും ചുമരില്ലാതെയാണ് ചിത്രം വരച്ചിരുന്നത്. നല്ല ഗ്രൗണ്ടും ടര്‍ഫ് വിക്കറ്റുമില്ലാത്ത കാലമായിരുന്നു അത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതിന് കാര്യമായ മാറ്റമുണ്ടായി. തലശ്ശേരിയിലും എറണാകുളത്തും തിരുവനന്തപുരത്തും മാത്രമുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പിന്നീട് പെരിന്തല്‍മണ്ണയിലും വയനാട്ടിലും സ്ഥാപിതമായി. ദക്ഷിണേന്ത്യയിലെ ഏറ്റുവും നല്ല സ്റ്റേഡിയമാണ് വയനാട്ടിലുള്ളത്. അതുകൊണ്ടാണ് തമിഴ്നാട് രഞ്ജി ടീം പരിശീലനത്തിനായി വയനാട് സ്റ്റേഡിയത്തെ തെരഞ്ഞെടുത്തത്. ആലപ്പുഴയിലും ഗ്രൗണ്ടുണ്ടായി. നല്ല ടര്‍ഫ് വിക്കറ്റും ഒൗട്ട്പിച്ചും തന്നെയാണ് ക്രിക്കറ്റിന്‍െറ വളര്‍ച്ചക്ക് പ്രധാനം. എല്ലാ ജില്ലകളിലും നല്ല ഗ്രൗണ്ടുകള്‍ പണിയുകയെന്നതാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ (കെ.സി.എ) പദ്ധതി. സ്കൂളുകളില്‍ ക്രിക്കറ്റ് പ്രമോഷന്‍ നടക്കുന്നില്ളെന്നത് കേരളത്തിന്‍െറ ഒരു പോരായ്മയാണ്. ഗ്രൗണ്ടുകളുടെ അഭാവമായിരിക്കാം ഇതിന് കാരണം. കെ.സി.എയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ക്രിക്കറ്റ് അക്കാദമികള്‍ സ്ഥാപിച്ച് 16 വയസിന് താഴെയുള്ള 20 കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നുണ്ട്. പുറമെ കോളജ് വിദ്യാര്‍ഥികള്‍ക്കായി എറണാകുളത്തും തിരുവനന്തപുരത്തും സീനിയര്‍ അക്കാദമിയും പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ക്രിക്കറ്റിന്‍െറ കഴിഞ്ഞ 10 വര്‍ഷത്തെ ഈ മാറ്റത്തിന്‍െറ പ്രതിഫലനമാണ് സഞ്ജു വി സാംസണെപ്പോലുള്ള കളിക്കാരുടെ ഉദയത്തിന് പിന്നില്‍. നല്ല പക്വതയുള്ള കളിക്കാരനാണ് ഈ 19കാരന്‍. കേരളത്തില്‍ നിന്ന് ഒരു ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്ര പരിഗണിക്കപ്പെടുന്നത് ആദ്യമാണ്. നേരത്തെ കളിച്ചവരെല്ലാം ബൗളര്‍മാരായിരുന്നു. നല്ല വിക്കറ്റ് സൗകര്യങ്ങളൊരുക്കിയാല്‍ മികച്ച ബാറ്റ്സ്മാന്‍മാരെയും കേരളത്തിന് സംഭാവന ചെയ്യാനാകുമെന്നതിന്‍െറ ഉദാഹരണമാണ് സഞ്ജു. ഇന്ത്യന്‍ താരം ചന്ദ്രകാന്ത് പണ്ഡിറ്റിന്‍െറ നേതൃത്വത്തില്‍ അടിസ്ഥാന വികസന സൗകര്യം മുതല്‍ തികഞ്ഞ ആസൂത്രണത്തോടെയാണ് കെ.സി.എ നീങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തൃപ്പൂണിത്തറക്കാരനായ ബാലചന്ദ്രന്‍ ’70കളിലും ’80കളിലും ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ ദക്ഷിണേന്ത്യയിലെ എണ്ണംപറഞ്ഞ ബാറ്റ്സ്മാന്മാരിലൊരാളായിരുന്നു. നിരവധി മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം ’86ലാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്ന് പരിശീലകനായി യോഗ്യത നേടുന്നത്. തുടര്‍ന്ന് കേരളത്തിലുടനീളം പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ച് യുവ താരങ്ങളെ വാര്‍ത്തെടുത്തു. ഇപ്പോള്‍ കേരള എ ടീമിന്‍െറ കോച്ചായ അദ്ദേഹം കൊച്ചി റിഫൈനറി ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് കോച്ചാണ്. മകള്‍ രമ്യയെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ബാലചന്ദ്രന്‍ ബഹ്റൈനില്‍ എത്തിയത്. |
ജി.സി.സി ഏകീകൃത ടൂറിസം, ബിസിനസ് വിസ ഉടന്‍ Posted: 21 Oct 2014 07:57 PM PDT കുവൈത്ത് സിറ്റി: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ വ്യാപാര, വിനോദസഞ്ചാര മേഖലകള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത ടൂറിസം, ബിസിനസ് വിസ സമ്പ്രദായം കൊണ്ടുവരുന്നു. യൂറോപ്പിലെ ഷംഗന്‍ വിസയുടെ മാതൃകയില്‍ 35ഓളം വിദേശരാജ്യങ്ങള്‍ക്ക് ഈ വിസയുടെ പ്രയോജനം ലഭ്യമാക്കാനാണ് പദ്ധതി. ഈ വിസ ലഭിക്കുന്നവര്‍ക്ക് മറ്റു വിസയില്ലാതെ ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ജി.സി.സി രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം വര്‍ധിപ്പിക്കുകയും അതുവഴി വ്യാപാര, വിനോദസഞ്ചാര മേഖലകള്‍ ജനകീയമാക്കുകയുമാണ് ഏകീകൃത വിസയിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയും ജി.സി.സി ഏകീകൃത വിസ സമിതി അംഗവുമായ സമീറ അല്‍ഗരീബ് വ്യക്തമാക്കി. പുതിയ വിസ പ്രാബല്യത്തില്‍വരുന്നതോടെ ജി.സി.സി രാജ്യങ്ങളുടെ വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തയാഴ്ച കുവൈത്തില്‍ നടക്കുന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിലയിരുത്തലുകള്‍ നടക്കും. ഏകീകൃത വിസ സംബന്ധിച്ച് ഏഴ് നിര്‍ദേശങ്ങള്‍ സമിതിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അല്‍ഗരീബ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത വിസ നടപ്പാക്കാനുള്ള ഏറ്റവും വലിയ തടസ്സം. ഏകീകൃത വിസ പ്രാബല്യത്തില്‍ വന്നാലും അതത് രാജ്യങ്ങളുടെ സുരക്ഷാ സംവിധാനങ്ങളനുസരിച്ച് മാത്രമേ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശം ലഭിക്കൂ. |
കോംഗോ പനി: പ്രതിരോധ പ്രവര്‍ത്തനവുമായി അധികൃതര്‍ രംഗത്ത് Posted: 21 Oct 2014 07:53 PM PDT മസ്കത്ത്: അടുത്തിടെ ഒമാനില്‍ കണ്ടത്തെിയ കോംഗോ പനിക്കെതിരെ പ്രതിരോധവുമായി അധികൃതര്‍ രംഗത്ത്. കാര്‍ഷിക മത്സ്യവിഭവ മന്ത്രാലയം കഴിഞ്ഞ ദിവസം വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ക്ക് ബോധവത്കരണവുമായി രംഗത്തത്തെി. കന്നുകാലികളില്‍ നിന്ന് കോംഗോ പനി പടരാന്‍ സാധ്യതയുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണിത്. കഴിഞ്ഞദിവസം ഒമാനില്‍ കോംഗോ പനി മൂലം മരിച്ച ആള്‍ക്ക് രോഗം പടര്‍ന്നത് കന്നുകാലികളില്‍ നിന്നാണെന്ന് കണ്ടത്തെിയിരുന്നു. കാലികളിലെ ചെള്ളുകളും കീടങ്ങളും രോഗം പരത്തുന്നതായി കണ്ടത്തെിയതിനാല്‍ അവയെ നശിപ്പിക്കാനും അധികൃതര്‍ നടപടിയാരംഭിച്ചു. കഴിഞ്ഞദിവസം നിസ്വയിലും ദോഫാര്‍ ഗവര്‍ണറേറ്റിലും അധികൃതര്‍ പ്രതിരോധ നടപടി എടുത്തിരുന്നു. ബര്‍കയിലെ വിവിധ കന്നുകാലി ഫാമുകളില്‍ അധികൃതര്‍ പരിശോധന നടത്തി. വൈറസ് ബാധ ഭയന്ന് ബര്‍കയിലെ ഒരു ഫാമില്‍ കാലികളെ വില്‍ക്കുന്നത് നിര്‍ത്തിവെച്ചു. ബര്‍കയിലെ എല്ലാ ഫാമുകളിലും പരിശോധന തുടരുകയാണെന്നും വൈറസ് ബാധ കണ്ടത്തെുന്ന ഫാമുകളില്‍ നിന്ന് കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിക്കുമെന്നും അധികൃതര്‍ പറഞ്ഞു. മന്ത്രാലയത്തിന്‍െറ പരിശോധന പൂര്‍ത്തിയാവുന്നതുവരെ ഫാമുകളില്‍നിന്ന് കന്നുകാലികളെ വാങ്ങരുതെന്നും അധികൃതര്‍ ബര്‍കയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഫാമുകളിലെ കന്നുകാലി വില്‍പന തടയാന്‍ റോയല്‍ ഒമാന്‍ പൊലീസും രംഗത്തത്തെി. |
വധിക്കേണ്ടിയിരുന്നത് നെഹ്റുവിനെയായിരുന്നെന്ന സൂചനയുമായി ആര്‍.എസ്.എസ് ജിഹ്വ Posted: 21 Oct 2014 07:46 PM PDT Subtitle: 'ഗാന്ധിവധമടക്കം എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്റുവിന്‍െറ സ്വാര്‍ഥത' കൊച്ചി: നാഥുറാം വിനായക് ഗോദ്സെ വധിക്കേണ്ടിയിരുന്നത് ഗാന്ധിജിയെയല്ല; ജവഹര്‍ലാല്‍ നെഹ്റുവിനെയായിരുന്നെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന ലേഖനവുമായി ആര്‍.എസ്.എസ് ജിഹ്വയായ ‘കേസരി’ വാരിക. ഒക്ടോബര്‍ 17ന് പുറത്തിറങ്ങിയ ലക്കത്തിലാണ് വിവാദ പരാമര്‍ശം. ഇന്ത്യാ വിഭജനവും ഗാന്ധിവധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്റുവിന്‍െറ സ്വാര്‍ഥതയായിരുന്നെന്നും ലേഖനം ആരോപിക്കുന്നു. ‘ആരാണ് ഗാന്ധി ഘാതകര്‍’ എന്ന ലേഖനത്തിന്‍െറ തുടര്‍ച്ചയിലാണിക്കാര്യം പറയുന്നത്. ആര്‍.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന സമിതി അംഗവും സംസ്ഥാന സെല്‍ കണ്‍വീനറുമായ അഡ്വ. ബി. ഗോപാലകൃഷ്ണനാണ് ലേഖനം എഴുതിയിരിക്കുന്നത്. ‘വാസ്തവത്തില്‍ ഇന്ത്യാവിഭജനവും ഗാന്ധിവധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്റുവിന്‍െറ സ്വാര്‍ഥതയായിരുന്നു. ഗോദ്സെയുടെ വാദങ്ങള്‍ സത്യസന്ധമായി നോക്കി വിഭജനത്തിനുമുമ്പുള്ള ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നാഥുറാം വിനായക് ഗോദ്സെയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്രവിദ്യാര്‍ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയില്ല. വിഭജനത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു’ -ലേഖനത്തില്‍ പറയുന്നു. ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനു പങ്കില്ളെന്നും ഗോദ്സെ ആര്‍.എസ്.എസുകാരനല്ളെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ലേഖനത്തില്‍ നെഹ്റുവിനെ അതിഭീകരമായാണ് കടന്നാക്രമിച്ചിരിക്കുന്നത്. തന്‍െറ നെഹ്റുവിരുദ്ധ പരാമര്‍ശങ്ങളെ ന്യായീകരിക്കാന്‍ ‘ലോഹ്യ-ജീവചരിത്രം’ എന്ന ഗ്രന്ഥത്തില്‍നിന്ന് ഉദ്ധരണികളും ലേഖകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഗാന്ധിജിയെ മാനസികമായി വധിച്ച നെഹ്റുവിന്‍െറ പ്രതിരൂപമാണ് ഗോദ്സെയെന്നും അയാള്‍ നെഹ്റുവിനെക്കാള്‍ എത്രയോ ഭേദമായിരുന്നെന്നും ലേഖനത്തില്‍ പറയുന്നു. ‘...ഗാന്ധിജിയുടെ സ്വപ്നമായിരുന്ന ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെയും നെഹ്റു എതിര്‍ത്തിരുന്നു. സുഭാഷ് ചന്ദ്രബോസും ലോഹ്യയും നെഹ്റുവിന്‍െറ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനെതിരായ നിലപാടിനെയും ബ്രിട്ടീഷ് വിധേയത്വത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യ വിഭജിക്കാതിരിക്കാനുള്ള ഗാന്ധിജിയുടെ അവസാനശ്രമവും നെഹ്റു പരാജയപ്പെടുത്തി. വിഭജനത്തിന്‍െറ അവസാനസമയം സ്വാതന്ത്ര്യം നേടാനുള്ള അവസാനസമയ ചര്‍ച്ചകളില്‍നിന്ന് ഗാന്ധിജിയെ നെഹ്റു പുറത്താക്കിയിരുന്നു. വിഭജനതീരുമാനവുമായി ബ്രിട്ടനില്‍ നിന്നത്തെിയ ക്രിപ്സിനെതിരെ ഗാന്ധിജി സ്വീകരിച്ച സമീപനത്തത്തെുടര്‍ന്ന് കോണ്‍ഗ്രസില്‍ താന്‍ ഒറ്റപ്പെട്ടെന്ന് നന്നായി മനസ്സിലാക്കിയ നെഹ്റു ഒരിക്കല്‍കൂടി അങ്ങനെ സംഭവിക്കാതിരിക്കാനും മധുരമായി പകരംവീട്ടാനുമാണ് അത് ചെയ്തത്. ഇതോടെ ഗാന്ധിജിക്ക് കോണ്‍ഗ്രസില്‍ ഒരു സ്വാധീനവുമില്ളെന്ന് മൗണ്ട് ബാറ്റണിനു മുന്നില്‍ നെഹ്റു വ്യക്തമാക്കി. ഗാന്ധിജിയുടെ പേരും ഖദറും തൊപ്പിയുമാണ് നെഹ്റുവിന് വേണ്ടിയിരുന്നത്. ഗാന്ധിജിയെ മാനസികമായി വധിച്ച് അദ്ദേഹത്തിന്‍െറ വേഷവിധാനങ്ങള്‍ നെഹ്റുവും കുടുംബവും കൈക്കലാക്കി. ഗോദ്സെ നെഹ്റുവിനെക്കാള്‍ എത്രയോ ഭേദമായിരുന്നു. മുന്നില്‍നിന്ന് വണങ്ങിയാണ് ഗോദ്സെ നിറയൊഴിച്ചത്. നെഹ്റുവിനെപ്പോലെ പിന്നില്‍നിന്ന് കുത്തി മുന്നില്‍ വണങ്ങുകയായിരുന്നില്ല’ -ലേഖനത്തില്‍ പറയുന്നു. ഗാന്ധിജിയെ വധിച്ച ഗോദ്സെയുടെ നടപടി ശരിയായിരുന്നെന്നും വരികള്‍ക്കിടയില്‍ ന്യായീകരിക്കുന്നുമുണ്ട്. |
മലാലയും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍െറ പ്രതിസന്ധികളും Posted: 21 Oct 2014 07:21 PM PDT സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലാല യൂസുഫ്സായി ഒരിക്കല്‍ക്കൂടി മാധ്യമങ്ങളില്‍ ചര്‍ച്ചയായി. നൊബേല്‍ കമ്മിറ്റി നല്‍കിയ പ്രസ്താവന പ്രകാരം കുട്ടികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്‍െറ പേരിലാണ് ഇന്ത്യയിലെ ബാലാവകാശ ആക്ടിവിസ്റ്റായ കൈലാശ് സത്യാര്‍ഥിയോടൊപ്പം പാകിസ്താനിയായ മലാല അവാര്‍ഡ് പങ്കിട്ടത്. ഇതിനു മുമ്പ് 2012 ഒക്ടോബറിലാണ് മലാല ആദ്യമായി വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്കൂള്‍ വിട്ടു മടങ്ങുമ്പോള്‍ താലിബാന്‍ സംഘത്തിന്‍െറ വെടിയേറ്റ മലാലയെക്കുറിച്ച വാര്‍ത്തയായിരുന്നു അന്ന് ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ബി.ബി.സിയുടെ ഉര്‍ദു വെബ്സൈറ്റില്‍ താലിബാന്‍െറ വിദ്യാഭ്യാസ നയത്തെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതിന്‍െറ പേരിലാണ് മലാലക്ക് വെടിയേറ്റതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. പാകിസ്താനിലെ സ്വാത് പ്രവിശ്യയിലെ ഗോത്ര സ്വയംഭരണ മേഖലകളില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീകള്‍ ആണ്‍കോയ്മയാല്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഒരു പുതിയ ചരിത്ര സത്യം കണ്ടത്തെിയപോലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അങ്ങനെ മലാല സ്വാത് പ്രവിശ്യയിലെ ഗോത്ര സ്വയംഭരണത്തിന്‍െറയും പ്രസ്തുത പ്രവിശ്യയിലെ താലിബാന്‍ അക്രമത്തിന്‍െറ ഇരയായും വിശാലമായ അര്‍ഥത്തില്‍, മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്ന വ്യക്തിത്വമായും ലിബറല്‍ മാധ്യമങ്ങള്‍ ലോകമാകെ പ്രചരിപ്പിച്ചു. ഇതിലൂടെ മലാല എന്ന പാകിസ്താനി ബാലിക ലോകം മുഴുവനുമുള്ള സ്ത്രീ അവകാശങ്ങളുടെയും വിശിഷ്യാ മുസ്ലിം സ്ത്രീ അവകാശങ്ങളുടെയും പ്രതീകമായി മാറി. കഴിഞ്ഞ രണ്ടു വര്‍ഷമായി മലാല പ്രതിനിധീകരിക്കുന്ന സ്ത്രീ രാഷ്ട്രീയത്തെ അനുകൂലിച്ചും വിമര്‍ശിച്ചും വ്യത്യസ്ത രീതിയില്‍ വിശകലനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അധിനിവേശവും സ്ത്രീവാദങ്ങളും ചര്‍ച്ചകള്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യം, അവകാശങ്ങള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. 2001 സെപ്റ്റംബര്‍ 11 ന്യൂയോര്‍ക്കിലെ ട്രേഡ് സെന്‍റര്‍ ആക്രമിക്കപ്പെട്ടത് മുതലാണ് അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നത്. തുടര്‍ന്ന്, അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാന്‍ അധിനിവേശം ആരംഭിച്ചു. 9/11 ആക്രമണം മാത്രമല്ല, അന്ന് അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാനില്‍നിന്ന് മുസ്ലിം സ്ത്രീയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ അധിനിവേശമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ന്യായം പറഞ്ഞിരുന്നു. എന്നാല്‍, ഉത്തരകൊളോണിയല്‍/ഇസ്ലാമിക സ്ത്രീവാദികള്‍ ജോര്‍ജ് ബുഷ് പ്രതിനിധീകരിച്ച സാമ്രാജ്യത്വപക്ഷ സ്ത്രീവായനയെയും അതിലൂടെ വികസിച്ച അധിനിവേശ ന്യായീകരണത്തെയും നേരത്തേതന്നെ തള്ളിക്കളഞ്ഞിരുന്നു. മുസ്ലിം സ്ത്രീയെ നിയന്ത്രിക്കുകയും അവളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന താലിബാനെതിരേ സംസാരിക്കുന്നതിലൂടെ മാത്രം എളുപ്പത്തില്‍ കൈവരുന്ന ഒന്നല്ല മുസ്ലിം സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം. ഇതാണ് സാമ്രാജ്യത്വ പക്ഷത്തുനിന്ന് ഉയര്‍ന്നുവരുന്ന ‘മുസ്ലിം സ്ത്രീരക്ഷക സ്വരങ്ങളുടെ’ രാഷ്ട്രീയത്തെ വിമര്‍ശിച്ച് പ്രസ്തുത സ്ത്രീവാദികള്‍ ചൂണ്ടിക്കാണിച്ചത്. ഇപ്പോള്‍ മലാലക്കെതിരെ നടന്ന അക്രമം മുന്‍നിര്‍ത്തി, ബറാക് ഒബാമ മുതലുള്ളവര്‍ക്ക് വളരെ സുഗമമായി, എല്ലാ മുസ്ലിം സ്ത്രീകളെയും പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള അവകാശം കൈവരുന്ന തരത്തില്‍ ക്രമീകരിക്കപ്പെട്ട ആഗോള രാഷ്ട്രീയ വ്യവഹാരം വിമര്‍ശിക്കപ്പെടുന്നതിന്‍െറ പശ്ചാത്തലവും ഇതാണ്. ഉദാഹരണമായി, പാക് അമേരിക്കന്‍ സ്ത്രീവാദിയായ മാറാ അഹ്മദിന്‍െറ നിരീക്ഷണം കാണുക. ‘തന്‍െറ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ബ്ളോഗിലൂടെ ഡയറിക്കുറിപ്പുകളായി എഴുതി ലോകത്തിനുമുന്നില്‍ എത്തിക്കുക എന്നത് 11കാരിയായ മലാലയുടെ സ്വപ്നമോ ആശയമോ ആയിരുന്നില്ല. പെഷാവറിലെ ബി.ബി.സിയുടെ കറസ്പോണ്ടന്‍റായ അബ്ദുല്‍ ഹയ്യ് കാകറും മലാലയുടെ പിതാവായ സിയാവുദ്ദിന്‍ യൂസുഫ് സായിയുമടക്കമുള്ളവരുടെ സ്വാത് പ്രവിശ്യയിലെ താലിബാന്‍ പ്രവര്‍ത്തനങ്ങളോടുള്ള അമര്‍ഷമായിരുന്നു പ്രസ്തുത ബ്ളോഗിന്‍െറ പിറകില്‍.’ തുടര്‍ന്ന്, അഹ്മദ് പറയുന്നത്, മലാല ആക്രമിക്കപ്പെട്ടതിനുശേഷം അവളെപ്പറ്റിയുള്ള രാഷ്ട്രീയ സംവാദങ്ങള്‍ പാകിസ്താന്‍ രാഷ്ട്രീയത്തിലെയും യൂറോ അമേരിക്കന്‍ രാഷ്ട്രീയത്തിലെയും താല്‍പര്യ സംഘര്‍ഷങ്ങളുടെ വേദിയായി മാറി. സ്ത്രീ അവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ ഇവയൊക്കെ ആഗോള രാഷ്ട്രീയത്തിന്‍െറ അജണ്ടകള്‍ക്കൊത്ത് മാറി മറിഞ്ഞു. ആണ്‍കോയ്മ, കുടുംബം മാറാ അഹ്മദ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ വ്യാപ്തി കേവലാര്‍ഥത്തില്‍ മലാല ഒരു യൂറോ അമേരിക്കന്‍/പാക് രാഷ്ട്രീയ സാഹചര്യങ്ങളുടെ സൃഷ്ടി എന്ന രീതിയില്‍ ഒതുങ്ങുന്നതല്ല. മുസ്ലിം സ്ത്രീ എത്രത്തോളം ആണ്‍കോയ്മയുടെ ഇരയാണ് എന്ന ചോദ്യത്തിലൂന്നിയാണ് മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുവേ നടക്കുന്നത്. മാത്രമല്ല, മലയാളത്തിലെ പല ജനപ്രിയ സനിമകളിലും കാണുന്നപോലെ ആണ്‍കോയ്മയില്‍ അധിഷ്ഠിതമായി മുസ്ലിം സ്ത്രീയുടെ കുടുംബം എപ്പോഴും അവളെ വേട്ടയാടിക്കൊണ്ടിരിക്കും. പുറമേ നിന്നുള്ള രക്ഷകര്‍ക്ക് അവളെ വിമോചിപ്പിക്കാന്‍ പാകമാവുന്ന തരത്തില്‍ മുസ്ലിം സ്ത്രീയുടെ കുടുംബം ഇസ്ലാം എന്ന മതത്തിന്‍െറ സഹായത്തോടെ അവളെ അടിച്ചമര്‍ത്തുന്നു. ഉദാഹരണത്തിന്, മലയാളത്തിലെ ജനപ്രിയ കാമ്പസ് സിനിമയായ ‘ക്ളാസ്മേറ്റ്സിലെ’ റസിയ എന്ന കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുക. എന്നാല്‍, ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ കുടുംബത്തെക്കുറിച്ച ഒരു വിവരണം മലാലയുടെ കാര്യത്തില്‍ നാം കാണുന്നില്ല . മലാലയുടെ പിതാവായ സിയാവുദ്ദീന്‍ യൂസുഫ്സായ് പുരോഗമനവാദിയായ ഒരു മുസ്ലിമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. സാധാരണ പല മുസ്ലിം പുരുഷന്മാരുടെയും മാധ്യമ പ്രതിനിധാനത്തില്‍നിന്ന് വ്യത്യസ്തമായി യൂസുഫ്സായിയെ മാധ്യമങ്ങള്‍ ആഹ്ളാദം പ്രസരിപ്പിക്കുന്ന പുരുഷനായി കാണിക്കുന്നു. അദ്ദേഹം സ്ത്രീവാദികളുടെ പതിവ് വിമര്‍ശത്തിന് കാരണമാകുന്ന സാമ്പ്രദായിക കുടുംബജീവിതം നയിച്ചുകൊണ്ടിരിക്കെയാണിത്. മുസ്ലിം സ്ത്രീ എന്ന ഇരയുടെ കാര്യത്തില്‍ ക്രൂരത നിറഞ്ഞ കുടുംബം എന്ന വായന മലാലയുടെ കാര്യത്തില്‍ എന്തുകൊണ്ട് നാം കാണുന്നില്ല? മലാലയുടെ കുടുംബം ആണ്‍കോയ്മ മൂല്യങ്ങളില്‍നിന്ന് മാറ്റി സുരക്ഷിതമാകുന്നത് എങ്ങനെയാണ്? കുടുംബം ഒരു ആണ്‍കോയ്മ സ്ഥാപനം എന്ന ഉദാര സ്ത്രീവാദ വായനകള്‍ മലാലയുടെ കാര്യത്തില്‍ എന്തുകൊണ്ട് പ്രായോഗികമല്ല? എന്തുകൊണ്ട് ഉദാര സ്ത്രീവാദികള്‍ കുടുംബ വിമര്‍ശത്തിന്‍െറ രാഷ്ട്രീയം മലാലയുടെ കാര്യത്തില്‍ മാറ്റിവെക്കുന്നു? മലാലയുടെ പിതാവ് ഉദാര സ്ത്രീവാദത്തിന് ഏറെ പ്രിയങ്കരനാകുന്നത് അയാള്‍ അധിനിവേശ രാഷ്ട്രീയത്തെ പിന്തുണക്കുന്നത് കൊണ്ടാണോ? മലാലയെ പിന്തുണക്കുന്ന പല സ്ത്രീവാദികളും താലിബാന്‍ വിമര്‍ശത്തിന്‍െറ ഭാഗമായി മാത്രമേ മലാലയെ കാണുന്നുള്ളൂ. പല ഉദാര സ്ത്രീവാദികളും മാറ്റിവെക്കുന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ഇല്ലാത്തതിനാലാണ് അവര്‍ അധിനിവേശ രാഷ്ട്രീയത്തിന്‍െറതന്നെ താല്‍പര്യത്തിന്‍െറ ഭാഗമാണെന്ന വിമര്‍ശം വരുന്നത്. ഇവിടെ സൂചിപ്പിക്കുന്നത് ഉദാര സ്ത്രീവാദികള്‍ അവര്‍ക്കിഷ്ടമുള്ള വായന നടത്തുന്നുവെന്നോ അതുമല്ളെങ്കില്‍, ഈ വിമര്‍ശത്തിന്‍െറ പ്രശ്നങ്ങള്‍ ഏതെങ്കിലും തരത്തില്‍ മുസ്ലിം സ്ത്രീ ജീവിതത്തെ മനസ്സിലാക്കാന്‍ പര്യാപ്തമാണോ അല്ലയോ എന്നതുമാത്രമല്ല.വ്യക്തിപരമായി പറഞ്ഞാല്‍ ഒരു സര്‍വകലാശാല വിദ്യാര്‍ഥിനി എന്ന നിലക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്നെപ്പോലുള്ള മുസ്ലിം വിദ്യാര്‍ഥിനിക്കുനേരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എറിയപ്പെടുന്ന ചോദ്യങ്ങള്‍ മലാലയുടെ കാര്യത്തില്‍ ഒരിക്കലും ഉണ്ടായില്ല എന്നത്് ഏറെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മലാലയെക്കുറിച്ച പൊതു സംവാദങ്ങള്‍ വായിച്ചാല്‍ മുസ്ലിം സ്ത്രീയെക്കുറിച്ച് ചോദ്യങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം ആര്‍ക്ക് എന്നത് സംബന്ധിച്ച ആലോചനകള്‍ വളരെ കുറച്ചേ കാണുന്നുള്ളൂ. ഉദാഹരണമായി അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീ എന്ന രൂപകം എങ്ങനെയാണ് നമ്മുടെ മാധ്യമ സംവാദങ്ങളില്‍ കടന്നു വരുന്നത് എന്ന ചര്‍ച്ച വളരെ അപൂര്‍വമാണ്. മലാല അമേരിക്കന്‍ സൃഷ്ടിയാണോ അതോ വിമോചനത്തിന്‍െറ ചിഹ്നമാണോ തുടങ്ങിയ ചോദ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഈ സംവാദങ്ങള്‍ പലപ്പോഴും കാണാതെ പോകുന്നത് കുടുംബം, ആണ്‍കോയ്മ, ആണത്തം തുടങ്ങിയ നിരവധി അധികാര ഘടനകളിലൂടെ നിര്‍മിതമാകുന്ന മുസ്ലിം സ്ത്രീയുടെ പ്രതിനിധാനങ്ങളിലെ സങ്കീര്‍ണതകളെയാണ്. (ജെ.എന്‍.യുവില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ലേഖിക) |
കഷ്ടം, ബേബി(എം.എ)യുടെ കാലം! Posted: 21 Oct 2014 07:16 PM PDT കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. ഒന്നുകില്‍, ഈ മലയാളികളുടെ കൂടെ ഇപ്പോള്‍ ജീവിക്കാനിടവന്നത് എം.എ. ബേബിയുടെ കഷ്ടകാലമാണ്. അല്ളെങ്കില്‍, ഈ എം.എ. ബേബിയുടെ കൂടെ ഇക്കാലത്ത് ജീവിക്കാനിടവന്നത് മറ്റു മലയാളികളുടെ കഷ്ടകാലമാണ്. ആരുടേതാണ് എന്ന് അവരവര്‍ തീരുമാനിച്ചുകൊള്ളട്ടെ. കാലം, കൊള്ളരുതാത്ത കാലമാണ് എന്ന് തിരിച്ചറിഞ്ഞതും അത് സധൈര്യം വിളിച്ചുപറഞ്ഞതും എം.എ. ബേബിയാണ്. കഴിഞ്ഞദിവസം തൃശൂരില്‍ പുത്തേഴത്ത് അവാര്‍ഡ് അക്കിത്തത്തിന് സമര്‍പ്പിക്കുന്ന വേദിയിലാണ് ബേബി ഹൃദയഭേദകമായ ആ സത്യം വെളിപ്പെടുത്തിയത്. ‘മലയാളിക്ക് നര്‍മബോധം നഷ്ടപ്പെട്ടിരിക്കുന്നു’. മുഖ്യപ്രഭാഷണം ബേബി വകയായിരുന്നു. ദേശാഭിമാനിയില്‍ അത് ഇങ്ങനെ വായിക്കാം. ‘പുത്തേഴത്ത് നര്‍മത്തില്‍ ചാലിച്ച എഴുത്തിലൂടെ ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുവിട്ടു. അഭിഭാഷകനായിരിക്കേ ജഡ്ജിമാരേയും ജഡ്ജിയായതോടെ അഭിഭാഷകരേയും അദ്ദേഹം ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. നിയമസഭാ സാമാജികനെന്ന നിലയില്‍ നിയമസഭയിലും തിളങ്ങി. ടാഗോറിന്‍െറ കൃതികളുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ പരിഭാഷകന്‍ എന്ന നിലയിലും പുത്തേഴത്ത് സമൂഹത്തിന് വെളിച്ചമേകി. 1964ല്‍ പുറത്തുവന്ന ‘മദ്യവര്‍ജനം’ എന്ന പുത്തേഴത്തിന്‍െറ പുസ്തകം ഇന്ന് പ്രസക്തമാണ്. കപട മദ്യവര്‍ജനമുള്‍പ്പെടെ മദ്യപാനത്തിന്‍െറ വ്യത്യസ്ത തലങ്ങളെക്കുറിച്ച് നര്‍മത്തില്‍ പൊതിഞ്ഞ് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കാലഹരണപ്പെട്ടുപോയ പുസ്തകം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പുന$പ്രസിദ്ധീകരിക്കണം’. ‘മലയാളിക്ക് നര്‍മബോധം നഷ്ടമായി - എം.എ. ബേബി’ എന്നാണ് തലക്കെട്ട്. സംഗതി ഗുരുതരമാണല്ളോ എന്ന് ചിന്തിച്ചാണ് വായിക്കാന്‍ തുടങ്ങിയത്. എന്നാല്‍, തലക്കെട്ടിനുതാഴെ അച്ചടിച്ചുകണ്ട പ്രസംഗം വായിച്ചതോടെ ആകെ ആശയക്കുഴപ്പമായി. എന്താണ് നഷ്ടമായത്. നര്‍മബോധം മാത്രമാണോ? അതോ ബോധം തന്നെയാണോ! ബോധമില്ലാത്ത ഒരു ജനതയായി മാറിക്കഴിഞ്ഞോ, മലയാളി? ബേബി നര്‍മത്തില്‍ ചാലിച്ച് തുറന്നുവിട്ട യാഥാര്‍ഥ്യം ആര്‍ക്കെങ്കിലും മനസ്സിലായോ? കാലഹരണപ്പെട്ട പുസ്തകം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പുന$പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞതിന്‍െറ ആഴം ആരെങ്കിലും കണ്ടോ? ദേശാഭിമാനി, ചിന്ത തുടങ്ങിയ പ്രസിദ്ധീകരണശാലകളില്‍ സാമാന്യം പിടിപാടുള്ള ആളാണല്ളോ ബേബി. ഇന്ന് പ്രസക്തമായ ഒരു പുസ്തകമാണെങ്കില്‍ എന്തുകൊണ്ട് ആ പുസ്തകം ദേശാഭിമാനിയോ, ചിന്തയോ പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കുമെന്ന് ബേബി ചിന്തിച്ചില്ല? ഇനി അതല്ല കാലഹരണപ്പെട്ട പുസ്തകമായതിനാലാണോ കാലഹരണപ്പെട്ടവ മാത്രം ചെയ്യുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ അതിനുവേണ്ടി ചുമതലപ്പെടുത്തുന്നത്? ചിലപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് നര്‍മബോധം നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ബേബിയുടെ പ്രസംഗംകേട്ട് ചിരിച്ചുചിരിച്ച് റിപ്പോര്‍ട്ടര്‍ക്ക് ബോധം പോയതാവാം. അതുകൊണ്ടാവാം, കാലഹരണപ്പെട്ട പുസ്തകം പുന$പ്രസിദ്ധീകരിക്കണമെന്ന് ബേബി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രസംഗത്തിന്‍െറ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയതോടെ ദേശാഭിമാനിയുടെ ഡസ്കിലെ സഖാക്കളും ചിരിച്ചുകുഴങ്ങിയിരിക്കണം. അങ്ങനെയാകണം, ആ ആവശ്യം അച്ചടിച്ചുവരാന്‍ ഇടയായത്. ആശയക്കുഴപ്പം അതൊന്നുമല്ല. ഇന്നും പ്രസക്തമായ പുസ്തകമാണെന്നും കാലഹരണപ്പെട്ട പുസ്തകമാണ് എന്നും ഒരേസമയം എങ്ങനെ വിലയിരുത്തും?! ഇതിനുമുമ്പ് ഒരൊറ്റ സംഗതി മാത്രമാണ് ഭൂമിയില്‍ അങ്ങനെ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. മറ്റൊന്നുമല്ല, മാര്‍ക്സിസം. അത് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് ഒരുകൂട്ടര്‍ വാദിച്ചപ്പോള്‍ അത് പ്രസക്തമാണ് എന്ന് മറ്റൊരുകൂട്ടര്‍ വാദിച്ചു. മാര്‍ക്സിസത്തിന്‍െറ കാര്യത്തില്‍ രണ്ടു ഭാഗത്തുനിന്നായാണ് രണ്ടു വിലയിരുത്തലുകള്‍ ഉയര്‍ന്നത്. പുത്തേഴത്തിന്‍െറ പുസ്തകത്തിന്‍െറ കാര്യത്തില്‍ അങ്ങനെയല്ല. ആ പുസ്തകം ഇന്നും പ്രസക്തമാണെന്നും കാലഹരണപ്പെട്ടതാണെന്നും പറയുന്നത് ഒരേയൊരു ആചാര്യന്‍ തന്നെയാണ്. എം.എ. ബേബി. ഇനിയിപ്പോള്‍ ഇതിനായിരിക്കുമോ വൈരുദ്ധ്യാത്മക ബൗദ്ധിക വാദം എന്നു പറയുന്നത്! ഏതായാലും എം.എ. ബേബി പറഞ്ഞതാണ് സത്യം. മലയാളിയുടെ നര്‍മബോധം നഷ്ടമായിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ അന്ന് ആ പ്രസംഗം കേട്ടവരും പിറ്റേന്ന് ആ പ്രസംഗം വായിച്ചവരും ചിരിച്ചുമണ്ണുകപ്പിയേനെ. അങ്ങനെയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഉറപ്പിക്കാം. മലയാളിക്ക് അപ്പറഞ്ഞത് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാലും ബേബി ഇത്രയും ബേബിയായിപ്പോയല്ളോ എന്നോര്‍ക്കുമ്പോഴാ ചിരി വറ്റുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നര്‍മം കരകവിഞ്ഞൊഴുകുന്ന ഇക്കാലത്ത്, അടിമുടി നര്‍മത്താല്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന സി.പി.എം പോലൊരു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ഇരുന്നുകൊണ്ട് ബേബി ഇങ്ങനെയൊരഭിപ്രായം പറഞ്ഞത് കടുംകൈയായിപ്പോയി. നവമാധ്യമങ്ങള്‍ എന്നു പറയുന്നതിന്‍െറ പ്രതീകമായി മലയാളികള്‍ കണക്കാക്കിപ്പോരുന്ന ഫേസ്ബുക്കില്‍ ഒരിക്കലെങ്കിലും ഒന്നു കയറിനോക്കിയാല്‍, മലയാളികള്‍ക്ക് നഷ്ടമാകാത്തതായി ഒന്നു മാത്രമേ ഉള്ളൂ എന്ന് ഏത് ബേബിക്കും മനസ്സിലാകും. നര്‍മബോധം. നര്‍മബോധം മാത്രം. തോക്കിന്‍െറ ഉണ്ട കൊണ്ടുനടക്കാന്‍ പോലും ലാപ്ടോപ് ബാഗ് ഉപയോഗിക്കുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ അറിയില്ല എന്നു വിശ്വസിക്കാനാകുന്നില്ല. പണ്ട് കമ്പ്യൂട്ടര്‍ വിരുദ്ധസമരകാലത്ത് ഒളിപ്പോര്‍ സംഘത്തെ നയിച്ച ആളായതുകൊണ്ട് ബേബിസഖാവ് ഒരുപക്ഷേ, ഇപ്പോഴും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും ഒന്നും ഉപയോഗിക്കാറുണ്ടാവില്ല. എന്നാലും അതിലൊക്കെ നിറഞ്ഞുകവിയുന്ന നര്‍മത്തിന്‍െറ രുചിയറിയാന്‍ ഒരു പുസ്തകം പറഞ്ഞുതരാം. ‘ഇടതകം’ എന്നൊരു പുസ്തകമുണ്ട്. ‘ഇന്‍ക്വിലാബ് മക്കള്‍’ എന്നാണ് കര്‍ത്താവിന്‍െറ പേരായി രേഖപ്പെടുത്തിയിട്ടുള്ളത്. ആ പുസ്തകത്തിലൂടെ ഒന്നു കടന്നുപോകണം ബേബീ. ഇന്‍ക്വിലാബ് മക്കള്‍ എഴുതുന്നു: ‘പാര്‍ട്ടിക്ളാസുകള്‍ അവസാനിപ്പിച്ചതിന്‍െറ ദുരന്തവും ദുരിതവും ഫേസ്ബുക്കില്‍ പോലും നഗ്നമായി നൃത്തംചെയ്യുന്നു. പലതും മനസ്സിലാകണമെങ്കില്‍പോലും ചിലതൊക്കെ അറിഞ്ഞിരിക്കണം’. ജീവന്‍ ഫിനിക്സ് എന്നൊരാള്‍ പ്രതികരിച്ചതിങ്ങനെ: ‘പാര്‍ട്ടി ക്ളാസ് എന്നൊന്നും പറയണ്ട സഖാവേ, യൂടൂബില്‍ പോയാല്‍ ഷംസീറിന്‍െറ പാര്‍ട്ടി ക്ളാസ് കേള്‍ക്കാം. ഒന്നൊന്നര ക്ളാസ് ആണ്. അപ്പോള്‍ തേജ് കെ.എം എന്നൊരാള്‍ വരുന്നു: ‘ജീവാ, ഷംസീറിന്‍െറ പാര്‍ട്ടിക്ളാസിന്‍െറ ലിങ്ക് തരൂ. പ്ളീസ്... ജീവന്‍ ഫിനിക്സ്: ‘അയ്യോ, അതിപ്പോഴെന്‍െറ കൈയിലില്ല. കിട്ടിയാല്‍ ഇവിടെ പോസ്റ്റ് ചെയ്യാം. ഉറപ്പ്.’ മലയാളിയുടെ നര്‍മബോധം സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കകത്തേക്കുപോലും എത്ര ആഴത്തില്‍ കടന്നുപോയിട്ടുണ്ട് എന്ന് മനസ്സിലായോ? എ.എന്‍. ഷംസീറിനെപ്പോലൊരു രസികന്‍ ക്ളാസെടുക്കുന്നതു കേട്ടും കണ്ടും ആസ്വദിക്കുകമാത്രമല്ല സഖാക്കള്‍ ചെയ്യുന്നത്. അതൊക്കെ അപ്പപ്പോള്‍ വിഡിയോയാക്കി സാമൂഹികമാധ്യമങ്ങളില്‍ കയറ്റിവിടുന്നുമുണ്ട് അവര്‍. പാര്‍ട്ടിക്കാര്‍ക്കു കിട്ടുന്ന രസികന്‍ അനുഭവങ്ങള്‍ പുറത്തുള്ളവര്‍ക്ക് കിട്ടാതെ പോകരുതല്ളോ. ഈ മലയാളിയുടെ മുഖത്തുനോക്കിയാണ് പോളിറ്റ്ബ്യൂറോ അംഗം പറയുന്നത്, മലയാളിക്ക് നര്‍മബോധം നഷ്ടമായി എന്ന്. ഇല്ളെന്നു തെളിയിക്കാന്‍ ഒരു താത്ത്വികപ്രസിദ്ധീകരണം ശിപാര്‍ശ ചെയ്യാം. ‘മാര്‍ക്സിസ്റ്റ് സംവാദം’ തിരുവനന്തപുരത്തെ എ.കെ.ജി പഠനഗവേഷണ കേന്ദ്രമാണ് പ്രസാധകര്‍. എം.വി. ഗോവിന്ദന്‍ മാസ്റ്ററാണ് ചീഫ് എഡിറ്റര്‍. പുത്തലത്ത് ദിനേശനാണ് എഡിറ്റര്‍. പത്രാധിപസമിതിയില്‍ പിണറായി വിജയന്‍, എം.എ. ബേബി മുതല്‍പേര്‍. അതിന്‍െറനവോത്ഥാന പതിപ്പില്‍ എം. പ്രകാശന്‍ മാസ്റ്റര്‍ എഴുതിയ ഒരു ലേഖനം. അതില്‍ ഒരു ഉദ്ധരണിയുണ്ട്: ‘ഉണരുവിന്‍! അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പിന്‍, അനീതിയോടെ നില്‍ക്കിന്‍...’ എങ്ങനെയുണ്ട്, പ്രകാശന്‍ മാസ്റ്ററുടെ നര്‍മബോധം! വാഗ്ഭടാനന്ദഗുരു അദ്ദേഹത്തിന്‍െറ കാലത്ത് ‘അനീതിയോടെതിര്‍പ്പിന്‍’ എന്നാണ് പറഞ്ഞത്. എങ്കിലും, ആളുകള്‍ പുലര്‍ച്ചെയെഴുന്നേറ്റ് അനീതിയോടെ നില്‍ക്കുന്ന ഇക്കാലത്ത് ഇതല്ളേ പറയേണ്ടത്. ഇതല്ളേ കാലികമായ സത്യം. ഇത് ഇങ്ങനെവെളിപ്പെടുത്തുന്ന എഴുത്തുകാരും അധ്യാപകരും നിറഞ്ഞുനില്‍ക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിപോലുമുണ്ട് മലയാളികള്‍ക്ക് സ്വന്തമായി. എന്നിട്ടാണ് ബേബി പറയുന്നത് മലയാളിക്ക് നര്‍മബോധമില്ല എന്ന്. കഷ്ടം! അവസാനമായി ഇതുകൂടി: പുത്തേഴന്‍ നര്‍മത്തില്‍ ചാലിച്ചു യാഥാര്‍ഥ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. അങ്ങനെയൊരു യാഥാര്‍ഥ്യം സി. അച്യുതമേനോന്‍ സ്മരണയുടെ ഏടുകള്‍ മറിക്കുമ്പോള്‍ ഓര്‍ക്കുന്നുണ്ട്. അച്യുതമേനോന്‍ വക്കീല്‍പണി നിര്‍ത്തി രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകാന്‍ തീരുമാനിച്ചപ്പോള്‍ സഹവക്കീലന്മാര്‍ സംഘടിപ്പിച്ച യാത്രയയപ്പുയോഗത്തില്‍ പുത്തേഴനായിരുന്നു അധ്യക്ഷന്‍. അച്യുത മേനോന്‍ രാഷ്ട്രീയത്തിലേക്ക് പോകരുത് എന്നായിരുന്നു പുത്തേഴന്‍െറ അഭിപ്രായം. അച്യുതമേനോന്‍ അനുസരിക്കുകയും ചെയ്തു. തല്‍ക്കാലം വക്കീല്‍പണി തുടര്‍ന്നു. പിന്നീടാണ് രാഷ്ട്രീത്തിലിറങ്ങിയത്. പുത്തേഴന്‍ പറഞ്ഞതു കേള്‍ക്കാതെ അച്യുതമേനോന്‍ രാഷ്ട്രീയത്തിലിറങ്ങിയതുകൊണ്ടാണല്ളോ നല്ല മുഖ്യമന്ത്രി എന്ന പട്ടം ഇ.എം.എസിനുപോലും കിട്ടാതെ സി.പി.ഐക്കാരനായ അച്യുതമേനോനു പോയത്. അച്യുതമേനോന്‍ രാഷ്ട്രീയത്തിലിറങ്ങരുത് എന്ന അഭിപ്രായമായിരുന്നു ശരിയെന്ന് ഏത് സി.പി.എമ്മുകാരനും പറയും. തൃശൂര്‍ ജില്ലയിലെയെങ്കിലും. |
കോണ്‍ഗ്രസിന്‍െറ പ്രതിസന്ധി Posted: 21 Oct 2014 07:03 PM PDT സുദീര്‍ഘമായ സഹന സമരത്തിലൂടെ രാജ്യത്തിന്‍െറ സ്വാതന്ത്ര്യം നേടിയെടുത്ത്, അരനൂറ്റാണ്ട് കാലത്തോളം അനുസ്യൂതമായി ഭരിച്ചു, ഇടക്കാലത്ത് കേന്ദ്രഭരണം നഷ്ടപ്പെട്ടെങ്കിലും പതിറ്റാണ്ടുകാലം വീണ്ടും ഭരണത്തിന്‍െറ തലപ്പത്തിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍നിന്ന് ഇന്ത്യയെ മുക്തമാക്കണമെന്ന ദൃഢനിശ്ചയത്തോടെ ബി.ജെ.പി രണോത്സുകമായി രംഗത്തിറങ്ങിയിരിക്കെ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു? ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേരിട്ട വന്‍ തകര്‍ച്ചക്കുശേഷമാണ് കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യം നേടാനാവുമെന്ന തോന്നല്‍ ഹിന്ദുത്വ പാര്‍ട്ടിക്കുണ്ടായതെന്ന് വ്യക്തമാണ്. വലുതായി മൂല്യശോഷണം സംഭവിച്ചെങ്കിലും മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ ഭൂമികയില്‍ നിലയുറപ്പിച്ച ഏക ദേശീയ പാര്‍ട്ടി എന്ന പദവി കോണ്‍ഗ്രസിനുണ്ട്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും കൂടെക്കൂട്ടി ഒട്ടൊക്കെ മിതമായ നിലപാടുകളിലൂടെ മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞകാലങ്ങളില്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു. അത്തരമൊരു പാര്‍ട്ടി നാമാവശേഷമായാല്‍ ഇന്ത്യയെ തങ്ങള്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രമാക്കാന്‍ പിന്നെ കാര്യമായ തടസ്സങ്ങളുണ്ടാവില്ല എന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നു. അതിനാവശ്യം ആശയസമരമോ പ്രത്യയശാസ്ത്ര സംവാദങ്ങളോ അല്ളെന്നും അവര്‍ക്കറിയാം. സ്വതന്ത്ര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിലെ മുഖ്യതടസ്സം ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നെന്നും സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ള മറ്റു ദേശീയ നേതാക്കളൊക്കെ അതിനനുകൂലമായിരുന്നെന്നും പുതിയ തലമുറയെ ധരിപ്പിക്കുന്നതോടൊപ്പം നെഹ്റു കുടുംബത്താല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസിന്‍െറ നിലവിലെ നേതൃത്വത്തെ കഴിവുകെട്ടവരും വൈദേശിക പശ്ചാത്തലമുള്ളവരുമായി നിരന്തരം ചിത്രീകരിക്കുകയാണ് സംഘ്പരിവാറിന്‍െറ തന്ത്രങ്ങളിലൊന്ന്. കഴിഞ്ഞ പതിറ്റാണ്ടു കാലത്തെ യു.പി.എയുടെ ഭരണ വൈകല്യങ്ങളും വന്‍ അഴിമതിയും പേര്‍ത്തും പേര്‍ത്തും ജനങ്ങളെ തെര്യപ്പെടുത്തുകയാണ് മറ്റൊന്ന്. ഇതേവരെ കോണ്‍ഗ്രസിനോടൊപ്പം നിന്ന പ്രാദേശിക പാര്‍ട്ടികളെ പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും അടര്‍ത്തിയെടുക്കുക എന്ന അടവു നയവും ബി.ജെ.പി പയറ്റുന്നു. തീര്‍ച്ചയായും പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് പറയാവുന്ന ഈ പ്രതിസന്ധിയെ കോണ്‍ഗ്രസ് എങ്ങനെ നേരിടാന്‍ പോവുന്നു എന്നതാണ് സ്വാഭാവികമായുയരുന്ന ചോദ്യം. ഇതിലും വലിയ വെല്ലുവിളികളെ കോണ്‍ഗ്രസ് അതിജീവിച്ചിട്ടുണ്ട് എന്ന ചില പാര്‍ട്ടി വക്താക്കളുടെ അവകാശവാദത്തിനപ്പുറം ആഴമേറിയ പ്രതിസന്ധിയെ യാഥാര്‍ഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും വിലയിരുത്താനുള്ള നീക്കങ്ങളോ പുനരുജ്ജീവനത്തിനുള്ള തയാറെടുപ്പുകളോ കാണാനില്ല. അതിനുമുന്നിലെ ഏറ്റവും പ്രകടമായ തടസ്സം സാമ്പ്രദായിക നെഹ്റു കുടുംബ ഭക്തിയില്‍നിന്ന് മോചിതമാവാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്നതുതന്നെ. രാജീവ് ഗാന്ധിയുടെ ആകസ്മിക വിയോഗാനന്തരം നരസിംഹറാവു-സീതാറാം കേസരി ടീമിന്‍െറ വയോധിക നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഊര്‍ധ്വന്‍ വലിക്കവെ രംഗത്തുവന്ന രാജീവിന്‍െറ വിധവ സോണിയ ഗാന്ധിക്ക് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടഞ്ഞുനിര്‍ത്താന്‍ മാത്രമല്ല നഷ്ടപ്പെട്ട ജനപിന്തുണ വലിയ അളവില്‍ വീണ്ടെടുക്കാനും കഴിഞ്ഞിരുന്നുവെന്നത് സത്യമാണ്. തത്ഫലമായാണ് യു.പി.എ രൂപവത്കരിച്ച് രണ്ട് തെരഞ്ഞെടുപ്പുകളെ വിജയകരമായി നേരിടാന്‍ അവര്‍ക്ക് സാധ്യമായത്. പക്ഷേ, കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. സോണിയ രോഗിയാണ്. പകരക്കാരനായി കണ്ടത്തെിയ മകന്‍ രാഹുല്‍ ഗാന്ധി നേതൃത്വയോഗ്യതകളില്‍ ഒന്നുപോലും അവകാശപ്പെടാന്‍ വയ്യാത്ത വെറും ബാധ്യതയാണെന്ന് പാര്‍ട്ടിയുടെ നിരന്തര തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിളിച്ചറിയിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിവിശേഷത്തില്‍നിന്നാണ് ബി.ജെ.പി മുതലെടുക്കാന്‍ സമസ്ത കരുക്കളും നീക്കുന്നതെന്നും വ്യക്തമാണ്. ഒരേയൊരു പ്രതിവിധി പ്രിയങ്കയെ രംഗത്തിറക്കുകയാണെന്ന് ധരിക്കുന്ന പ്രവര്‍ത്തകര്‍ ആസ്ഥാനത്ത് തടിച്ചുകൂടി അതിനായി മുറവിളി കൂട്ടുമ്പോള്‍ സാധ്യമല്ല എന്നാണ് പാര്‍ട്ടി വക്താവിന്‍െറ പ്രതികരണം. അത് സോണിയയുടെതന്നെ തീരുമാനമാവാനേ വഴിയുള്ളൂ. പ്രിയങ്കയെ പരീക്ഷിച്ചാല്‍ പാര്‍ട്ടി രക്ഷപ്പെടുമോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും ആ വഴിക്ക് കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കുന്നില്ളെന്ന് തെളിഞ്ഞിരിക്കെ ഇനിയെന്ത് രക്ഷാമാര്‍ഗം എന്നാണ് പാര്‍ട്ടിക്കകത്തുള്ളവര്‍ മാത്രമല്ല, പുറത്തുള്ള ഗുണകാംക്ഷികളും ചോദിക്കുന്നത്. ഒരേയൊരു കുടുംബത്തിലോ വ്യക്തിയിലോ കേന്ദ്രീകരിക്കാതെ കൂട്ടുനേതൃത്വത്തെക്കുറിച്ച് എന്തുകൊണ്ട് പാര്‍ട്ടി ചിന്തിക്കുന്നില്ല? കഴിവും യോഗ്യതയും തെളിയിച്ച കുറെപേര്‍ ഇനിയും കോണ്‍ഗ്രസിലുണ്ട്. അവരെങ്കിലും കാലഹരണപ്പെട്ട രാഹുല്‍ മന്ത്രവുമായി മൂലയിലിരിക്കാതെ ധീരമായി മുന്നോട്ടുവന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ മുന്‍കൈയെടുക്കേണ്ടതല്ളേ? അതേസമയം, മുഖസ്തുതിയും ഉപജാപങ്ങളും കുതികാല്‍വെട്ടും സാമാന്യ സംസ്കാരമാക്കി മാറ്റിയ ഒരു വലിയ പാര്‍ട്ടിയുടെ സ്വാഭാവിക പതനമാണിപ്പോള്‍ സംഭവിക്കുന്നത് എന്നുകൂടി ചൂണ്ടിക്കാട്ടിയാലേ സത്യം പൂര്‍ണമാവൂ. |
മഹാരാഷ്ട്ര മുഖ്യമന്ത്രി പദം: നാടകീയ നീക്കവുമായി ഗഡ്കരിയും Posted: 21 Oct 2014 12:25 PM PDT Subtitle: ദേവേന്ദ്ര ഫട്നാവിസ്, പങ്കജ മുണ്ടെ, ഏക്നാഥ് കഡ്സെ, വിനോദ് താവ്ഡെ, പ്രകാശ് ജാവ്ദേക്കര്‍ എന്നിവരും മുന്‍നിരയില്‍ മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദത്തിന് നാടകീയമായ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയാധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയും. നാഗ്പൂരുകാരനായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസിന് സാധ്യതകള്‍ തെളിഞ്ഞു നില്‍ക്കെയാണ് ഗഡ്കരിപക്ഷക്കാരായ എം.എല്‍.എമാര്‍ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവുമായി പരസ്യമായി രംഗത്തത്തെിയത്. ഇതുവരെ, സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ളെന്നായിരുന്നു ഗഡ്കരി പറഞ്ഞിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടോടെ ഗഡ്കരി മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുധീര്‍ മുങ്കന്‍തീവാറാണ് രംഗത്തുവന്നത്. ഗഡ്കരിപക്ഷക്കാരില്‍ പ്രമുഖനാണ് മുങ്കന്‍തീവാര്‍. ഗഡ്കരി മുഖ്യമന്ത്രിപദം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍, അദ്ദേഹം അതിന് തയാറാകുന്നില്ളെന്നും മുങ്കന്‍തീവാര്‍ പറഞ്ഞു. രാജ്യത്തെ മൊത്തം സേവിക്കുന്നതിനൊപ്പം മഹാരാഷ്ട്രയെയും സേവിക്കേണ്ട ബാധ്യത ഗഡ്കരിക്കുണ്ടെന്നും അദ്ദേഹം ജനങ്ങളുടെ താല്‍പര്യം മാനിക്കണമെന്നും മുങ്കന്‍തുവാര്‍ കൂട്ടിച്ചേര്‍ത്തു. ഗഡ്കരിക്ക് വേണ്ടി നാടകീയമായി മുങ്കന്‍തീവാര്‍ രംഗത്തിറങ്ങിയതാണെന്നാണ് വിവരം. മുഖ്യമന്ത്രി പദത്തിനായി പ്രമുഖര്‍ സ്വന്തം പക്ഷക്കാരായ നേതാക്കളിലൂടെ ശ്രമം നടത്തുന്നതാണ് കാണാനായത്. ഫട്നാവിസ്, മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, ഏക്നാഥ് കഡ്സെ, വിനോദ് താവ്ഡെ എന്നിവര്‍ മുഖ്യമന്ത്രിപദത്തിനായി ശ്രമം നടത്തവെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ പേരും പെട്ടെന്ന് കടന്നുവന്നത്് ഇതിന്‍െറ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്. പങ്കജയും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് അഭിമുഖത്തിലൂടെ തുറന്നടിച്ചിരുന്നതാണ്. എന്നാല്‍, ആര്‍.എസ്.എസ് ഫട്നാവിസാകണം മുഖ്യനെന്ന നിര്‍ദേശമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് നല്‍കിയത്. ഇപ്പോള്‍, ആര്‍.എസ്.എസിന്‍െറ പിന്തുണയുള്ള ഗഡ്്കരിയുടെ പേര് ഉയര്‍ന്നുവരുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി സാധ്യതാ പട്ടികയില്‍ ആരൊക്കെ എന്ന ചോദ്യത്തിന് ജനങ്ങള്‍ ജയിപ്പിച്ചുവിട്ട 122 എം.എല്‍.എമാരും യോഗ്യരാണെന്നാണ് പാര്‍ട്ടി ദേശീയ നേതാവ് ഒ.പി മാഥൂര്‍ പ്രതികരിച്ചത്. |
മനോനില തെറ്റി നാടുവിട്ട ലേഖക്ക് സഫിയ നഴ്സിന്‍െറ സഹായത്താല്‍ പുനസമാഗമം Posted: 21 Oct 2014 11:59 AM PDT കോഴിക്കോട്: ശിവ ഭഗവാന്‍െറ ‘സ്വപ്നദര്‍ശനം’ കേട്ട് ഭര്‍ത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട യുവതിക്ക് ആറു വര്‍ഷത്തിനുശേഷം ‘സഫിയ നഴ്സി’ന്‍െറ സഹായത്താല്‍ പുന$സമാഗമം. മഹാരാഷ്ട്രയിലെ കാണ്‍പൂര്‍, നഗ്ള ഗല്ലി, നാരായണ്‍പൂര്‍ സ്വദേശി ലേഖാ ലക്ഷ്മിക്കാണ് (30) കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത ആശാഭവന്‍ പുനരധിവാസ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് കെ. സഫിയയുടെ അക്ഷീണപ്രയത്നം മൂലം പ്രിയതമനെയും മക്കളെയും തിരിച്ചുകിട്ടിയത്. ചൊവ്വാഴ്ച ആശാഭവനിലത്തെിയ ഭര്‍ത്താവ് രാവേന്ദ്ര സിങ്ങിനും കൂടപ്പിറപ്പായ രാഗേഷിനുമൊപ്പം ലേഖ എന്ന രേഖ ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി. അഞ്ചു വര്‍ഷത്തോളം ആശാഭവനില്‍ അന്തേവാസിയായി കഴിഞ്ഞ രേഖയുടെ വിടചൊല്ലല്‍ വികാരനിര്‍ഭരമായിരുന്നു. മാനസികവിഭ്രാന്തിമൂലം ഉറ്റവരെ ഉപേക്ഷിച്ച് നാടുവിട്ട തനിക്ക് രക്ഷകയായി മാറിയ ‘സഫിയ ബഹനെ’ കെട്ടിപ്പിടിച്ച് വിങ്ങിക്കരഞ്ഞുകൊണ്ടാണ് ലേഖ ആശാഭവന്‍െറ പടിയിറങ്ങിയത്. ഈറനണിഞ്ഞ കണ്ണുകളുമായി ആശാഭവന്‍ ജീവനക്കാരും 60 ഓളം അന്തേവാസികളും വിടപറയലിന് സാക്ഷികളായി. ഭാര്യയെ വീണ്ടെടുക്കാന്‍ സഹായിച്ച കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഭുവേന്ദ്ര സിങ്ങിനെ ഫോണിലൂടെ ഭര്‍ത്താവ് നന്ദി അറിയിച്ചു. ആറു വര്‍ഷം മുമ്പ് വീട്ടില്‍ ഉറങ്ങവെ സ്വപ്നത്തില്‍ ശിവദര്‍ശനമുണ്ടായതായി ലേഖ പറയുന്നു. ചെറിയ തോതില്‍ മാനസിക വിഭ്രാന്തിയുള്ള ലേഖ അങ്ങനെ വീടുവിട്ടിറങ്ങി. പലയിടങ്ങളിലും ചുറ്റിക്കറങ്ങിയശേഷം ഏതോ ട്രെയിനില്‍ കയറി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി അലഞ്ഞുനടന്നു. ഈ സമയം പൊലീസ് പിടികൂടി കുതിരവട്ടം മാനസികരോഗാശുപത്രിയില്‍ എത്തിച്ചു. ആറു മാസത്തെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായ ഇവരെ 2009 നവംബര്‍ 13ന് ആശാഭവന് കൈമാറി. ജീവനക്കാര്‍ക്ക് ഹിന്ദി വശമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ല. കുതിരവട്ടം ആശുപത്രിയില്‍നിന്ന് കൊണ്ടുവരുന്നവരെ താമസിപ്പിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയാണ് ആശാഭവന്‍െറ ചുമതല. സംസാരിക്കുന്നത് ഹിന്ദി ഭാഷയായതിനാല്‍ ലേഖയുടെ വിശദാംശങ്ങള്‍ രണ്ടുവര്‍ഷംമുമ്പ് ഡല്‍ഹി സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. വിശദാംശങ്ങള്‍ ഡല്‍ഹി സാമൂഹികക്ഷേമവകുപ്പിലെ പ്രബേഷന്‍ ഓഫിസര്‍ക്ക് കൈമാറിയതായും അദ്ദേഹം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മറുപടി ലഭിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. നരിക്കുനി സ്വദേശിനിയായ കെ. സഫിയ ഒമ്പത് മാസം മുമ്പ് ആശാഭവനില്‍ സ്റ്റാഫ് നഴ്സായി എത്തിയതോടെയാണ് ലേഖയുടെ ‘മോചന’ത്തിന് വഴിതുറന്നത്. ഹിന്ദി അറിയാവുന്ന സഫിയ ലേഖയോട് പല ദിവസങ്ങളിലായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഇന്‍റര്‍നെറ്റില്‍ പരതി മഹാരാഷ്ട്ര കാണ്‍പൂര്‍ സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ദാനാകൊത്തഹള്ളി സെന്‍ട്രല്‍ ജയിലിനടുത്താണ് വീടെന്ന് ലേഖ പറഞ്ഞിരുന്നു. ഒക്ടോബര്‍ 17ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഭൂവേന്ദ്ര സിങ്ങാണ് ഫോണെടുത്തത്. അദ്ദേഹം ഫോണില്‍ ലേഖയുമായി സംസാരിച്ചു. ഭര്‍ത്താവിന്‍െറയും സ്വന്തം സഹോദരന്‍െറയും വിലാസം ലേഖ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. ഒന്നര മണിക്കൂറിനകം ഇന്‍സ്പെക്ടര്‍ തിരികെ വിളിച്ച് സഹോദരനെ തിരിച്ചറിഞ്ഞതായി അറിയിച്ചു. ഭര്‍ത്താവ് രാവേന്ദ്ര സിങ്ങും ലേഖയുടെ സഹോദരന്‍ രാഗേഷും ശനിയാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെട്ടതായ ഇന്‍സ്പെക്ടറുടെ ഫോണ്‍ സന്ദേശം ശനിയാഴ്ച രാവിലത്തെന്നെ ആശാഭവനിലത്തെി. ചൊവ്വാഴ്ച അവര്‍ കോഴിക്കോട്ടത്തെുമെന്നും ഇന്‍സ്പെക്ടര്‍ സഫിയയെ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ ലേഖ ആഹ്ളാദത്താല്‍ സഫിയയെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച രാവിലെ ആശാഭവനിലത്തെിയ ഭര്‍ത്താവിനെയും മറ്റും സ്വീകരിക്കാന്‍ ചുണ്ടില്‍ ചായംതേച്ച് ഉടുത്തൊരുങ്ങിയാണ് ലേഖ കാത്തുനിന്നത്. കണ്ടയുടന്‍ രണ്ടുപേരും കെട്ടിപ്പിടിച്ച് നിമിഷങ്ങളോളം ഒന്നും ഉരിയാടാതെ നിന്നു. പിന്നെയങ്ങോട്ട് സംസാരമായി. മക്കളുടെ വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞ ലേഖ കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. വന്നത് ഭര്‍ത്താവുതന്നെയാണോ എന്നറിയാന്‍ സഫിയ വീണ്ടും കാണ്‍പൂര്‍ ഇന്‍സ്പെക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്‍സ്പെക്ടര്‍, രാവേന്ദ്ര സിങ്ങുമായി സംസാരിച്ച് ‘ഓകെ’ പറഞ്ഞതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഉച്ചക്ക് മുമ്പേ ലേഖയും കുടുംബവും ആശാഭവനില്‍നിന്ന് നാട്ടിലേക്ക് യാത്രയായി. വഴിതെറ്റിയത്തെിയ 10ലധികം അന്യസംസ്ഥാന സ്ത്രീകളെ ഇതിനകം ആശാഭവന്‍ അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 16 മുതല്‍ 70 വരെ വയസ്സുള്ള നിരവധി മലയാളി സ്ത്രീകളും ഇവിടെ അന്തേവാസികളായുണ്ട്. വിലാസം തിരഞ്ഞുപിടിച്ച് അറിയിച്ചാലും ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയാറാവുന്നില്ളെന്ന് ആശാഭവന്‍ ജീവനക്കാര്‍ വേദനയോടെ പറയുന്നു. |
യു.എന്‍ സമിതിയില്‍ ഇസ്രായേലിന് രൂക്ഷവിമര്‍ശം Posted: 21 Oct 2014 11:20 AM PDT Subtitle: ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മുഖ്യ കാരണം വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഇസ്രായേലിന് രൂക്ഷ വിമര്‍ശം. ഫലസ്തീനില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമിതിയംഗങ്ങള്‍ ഇസ്രായേലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഏതാനും വര്‍ഷങ്ങളായി വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഇസ്രായേല്‍ അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമെന്ന് സമിതി അധ്യക്ഷന്‍ നിഗല്‍ റോഡ്ലി തുറന്നടിച്ചു. ഈ കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വിരുദ്ധമാണ്. ഇത് നിര്‍ത്തിവെക്കണമെന്ന് യു.എന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ മുഖവിലയ്ക്കെടുക്കാത്തതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. റോഡ്ലിയുടെ പ്രസ്താവനയെ ഇസ്രായേല്‍ പ്രതിനിധികള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 2010ല്‍ മനുഷ്യാവകാശ സമിതില്‍ ഇസ്രായേല്‍കൂടി അംഗീകരിച്ച പ്രമേയത്തില്‍ വെസ്റ്റ്ബാങ്കിലെ കുടിയേറ്റങ്ങള്‍ നിര്‍ത്താന്‍ ധാരണയായകാര്യം സമിതി അംഗം കോര്‍ണേലിസ് ഫ്ളിന്‍റര്‍മാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നാലു വര്‍ഷത്തിനിടെ, കുടിയേറ്റ ഭവനങ്ങളുടെ എണ്ണം ഇരട്ടിയായി. ഇതുകാരണം, ഫലസ്തീനികള്‍ക്ക് ധാരാളം കൃഷിയിടങ്ങള്‍ നഷ്ടമായതായും ഇത് അവരുടെ സാമ്പത്തികസ്ഥിതി വഷളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയില്‍ തുടങ്ങി 51 ദിവസം നീണ്ട ഗസ്സയിലെ സൈനികാക്രമണവും സമിതിയില്‍ ഉയര്‍ന്നുവന്നു. സംഭവത്തെ സമിതി അപലപിച്ചു. സമിതിയോഗത്തിന്‍െറ പൂര്‍ണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 30ന് പുറത്തിറക്കുമെന്ന് യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു. |
മഹാരാഷ്ട്ര: ചെറു കക്ഷികളെ കൂട്ടി സര്‍ക്കാറിന് ബി.ജെ.പി നീക്കം Posted: 21 Oct 2014 10:33 AM PDT Subtitle: സഭയില്‍ ഭൂരിപക്ഷം തെളിയിക്കും മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ പ്രതിപക്ഷത്തിരുത്തി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പിയുടെ ശ്രമം. മൂന്നുവീതം അംഗങ്ങളുള്ള ബഹുജന്‍ വികാസ് അഖാഡി, പി.ഡബ്ള്യൂ.പി എന്നിവരുടെയും ഏഴ് സ്വതന്ത്രരുടെയും പിന്തുണ ബി.ജെ.പി നേടിയതായാണ് സൂചന. ഇതോടെ, സഖ്യകക്ഷി നേടിയ ഒരു സീറ്റടക്കം 123 എം.എല്‍.എമാരുള്ള ബി.ജെ.പിയുടെ അംഗബലം 136 ആകും. വിശ്വാസവോട്ടെടുപ്പ് വേളയില്‍ എന്‍.സി.പിയുടെ പരോക്ഷപിന്തുണ ലഭിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരണത്തിന് 145 എം.എല്‍.എമാരാണ് വേണ്ടത്. ഇനിയും ഒമ്പതു പേരുടെ കുറവുണ്ട്. വികസന അജണ്ടയുള്ളവരുടെ പിന്തുണയുണ്ടെന്നും 136 പേരുമായി സര്‍ക്കാറുണ്ടാക്കുമെന്നും പിന്നീട് സഭയില്‍ കരുത്ത് തെളിയിക്കുമെന്നും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി ദേശീയ നേതാവ് ഒ.പി മാഥൂര്‍ പറഞ്ഞു. മറ്റ് നേതാക്കളാരും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ശിവസേനയുമായി സംസ്ഥാനത്തെ നേതാക്കളാരും ചര്‍ച്ച നടത്തിയിട്ടില്ളെന്നും കേന്ദ്ര നേതാക്കള്‍ സംസാരിച്ചോ എന്ന് അറിയില്ളെന്നുമാണ് മാഥൂര്‍ വ്യക്തമാക്കിയത്. എന്നാല്‍, ‘ബിഗ് ബ്രദറായി’ ജനങ്ങള്‍ വിധിയെഴുതിയത് ബി.ജെ.പിയെസയാണെന്നും അത് ശിവസേന അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം കരുത്തുതെളിയിക്കാനുള്ള പിന്തുണ ആരു നല്‍കുമെന്ന ചോദ്യത്തിന് ബി.ജെ.പി നേതാവ് പ്രതികരിച്ചിട്ടില്ല. അത്തരമൊരു സാഹചര്യം വന്നാല്‍ എന്‍.സി.പി ഒരു മുന്നണിയെയും പിന്തുണക്കാതെ വിട്ടുനില്‍ക്കുമെന്നും ഇത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടല്‍. 63 അംഗങ്ങളുള്ള ശിവസേനയുമായി ചേര്‍ന്നാകും സര്‍ക്കാരെന്ന പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിയ നീക്കങ്ങള്‍. ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന ബഹുജന്‍ വികാസ് അഖാഡി എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്‍െറയും പിന്തുണയിലാണ് മത്സരിച്ചത്. മുന്‍ അധോലോകക്കാരനായ ഹിതേന്ദ്ര താക്കൂറിന്‍െറ പാര്‍ട്ടിയാണിത്. ഹിതേന്ദ്ര താക്കൂറിനെ തോല്‍പിക്കാന്‍ വസായ് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച വിവേക് പണ്ഡിറ്റിനെയാണ് ശിവസേനയും ബി.ജെ.പിയും പിന്തുണച്ചത്. ഇടത് കര്‍ഷകത്തൊഴിലാളി സംഘടനയായ പി.ഡബ്ള്യൂ.പി 2009ല്‍ ശിവസേന-ബി.ജെ.പി സഖ്യത്തിനൊപ്പമായിരുന്നു. ഓരോ അംഗങ്ങള്‍ വീതമുള്ള എം.എന്‍.എസ്, സമാജ്വാദി പാര്‍ട്ടി, സി.പി.എം, പ്രകാശ് അംബേദ്കറുടെ ബി.ബി.എം, രണ്ട് എം.എല്‍.എമാരുള്ള ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നിവരാണ് ഇനി ബാക്കിയുള്ളത്. ഇവരില്‍ മജ്ലിസ്, സി.പി.എം, ബി.ബി.ബി.എം എന്നിവര്‍ ബി.ജെ.പിയെ സഹായിക്കില്ല. എം.എന്‍.എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ബിജെപി സഹായം ആവശ്യപെടട്ടെയെന്ന നിലപാടിലായിരുന്ന ശിവസേന ഒ.പി മാഥൂറിന്‍െറ പ്രസ്താവന പുറത്തായതോടെ രണ്ട് നേതാക്കളെ ഡല്‍ഹിയിലേക്കയച്ചു. അനില്‍ ദേശായ്, സുഭാഷ് ദേശായ് എന്നിവരാണ് ഉദ്ധവിന്‍െറ സന്ദേശവുമായി രാജ്നാഥ് സിങ്, ജെ.പി നഡ്ഢ എന്നിവരെ കാണാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പാര്‍ട്ടിയുടെ മേല്‍ക്കൈ അംഗീകരിച്ചും വലിയ ആവശ്യങ്ങള്‍ ഉന്നയിക്കാതെയും പിന്തുണ നല്‍കിയാല്‍ ശിവസേനയുമായി സഹകരിക്കുമെന്ന നിലപാട് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. |
അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തല്‍: മാധ്യമങ്ങള്‍ക്കെതിരായ ഹരജി തള്ളി Posted: 21 Oct 2014 07:47 AM PDT കരുനാഗപ്പള്ളി: മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ്വെല്ലിന്‍െറ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നല്‍കിയ ഹരജി കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതിയ പുസ്തകത്തിലൂടെ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് അവരുടെ ഭക്തന്‍ കേസ് ഫയല്‍ ചെയ്ത്. മാധ്യമം, മീഡിയവണ്‍, കൈരളി, തേജസ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയായിരുന്നു കേസ്. ഹരജി ക്രിമിനല്‍ ചട്ടപ്രകാരം നിലനില്‍ക്കുന്നതല്ളെന്ന് കണ്ട് മജിസ്ട്രേറ്റ് സി. ദീപുവാണ് കേസ് തള്ളിയത്. കരുനാഗപ്പള്ളി തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് ദ്വാരകയില്‍ വീട്ടില്‍ എസ്. രാജേഷ് അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് മുഖേനയാണ് കേസ് ഫയല്‍ചെയ്തത്. സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ട്രെഡ്വെല്‍ എഴുതിയ പുസ്തകത്തിന്‍െറ സാരാംശങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുക മാത്രമാണ് ചെയ്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നതിനും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും കുറ്റാരോപിതര്‍ ഗൂഢാലോചന നടത്തിയെന്നത് ഹരജിക്കാരന്‍െറ ഉത്കണ്ഠ മാത്രമാണ്. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപവും ഇതിന്‍െറ തുടര്‍ച്ചയാണ് -കോടതി നിരീക്ഷിച്ചു. അമൃതാനന്ദമയിയുടെ മുന്‍ഭക്ത ഗെയ്ല്‍ ട്രെഡ്വെല്‍, ഇബ്സെന്‍, വെറ്റില്‍ ട്രീപ്രെസ്, മാധ്യമം, മീഡിയവണ്‍ ചാനല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാം അഹമ്മദ്, തേജസ് ദിനപത്രം, മലയാളം കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ മമ്മൂട്ടി, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, കൈരളി പീപ്പിള്‍ ചാനല്‍ ന്യൂസ് ഡയറക്ടര്‍ എന്‍.പി. ചന്ദ്രശേഖരന്‍, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, ചെറിയാന്‍ ഫിലിപ്, രവി ഡി.സി തുടങ്ങിയ 15 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയായിരുന്നു ഹരജി നല്‍കിയിരുന്നത്. |
തൊഴുതുമടങ്ങാത്ത സന്ധ്യ... Posted: 21 Oct 2014 04:23 AM PDT Byline: ഉണ്ണിമേനോന് /വി.എം.ഷണ്മുഖദാസ് മലയാളികളുടെ ഗാനലോകത്ത് ഉണ്ണിമേനോന്‍െറ ശബ്ദസൗകുമാര്യത്തിന് വേറിട്ട ഒരു സ്ഥാനംതന്നെയുണ്ട്. മമ്മൂട്ടിയുടെ തിരശ്ശീലയിലത്തെിയ ആദ്യത്തെ ഗാനരംഗത്തിനുവേണ്ടി പാടിയത് ഉണ്ണിമേനോനാണ്. ‘മുന്നേറ്റം’ എന്ന സിനിമയിലെ ‘വളകിലുക്കം...’ എന്ന ഗാനമായിരുന്നു അത്. ആ ഗാന യാത്ര 33 വര്‍ഷം പിന്നിട്ടു. ‘തൊഴുതുമടങ്ങും സന്ധ്യയുമേതോ...’ എന്ന ഒ.എന്‍.വി ഗാനം മലയാളി എക്കാലവും ഓര്‍ക്കുന്ന പാട്ടുകളിലൊന്നാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ‘സ്ഥിതി’എന്ന സിനിമ തിരിച്ചറിഞ്ഞത് ഉണ്ണിമേനോന്‍െറ ഒരു ഗാനത്തിലൂടെ മാത്രമാണ്. ഉണ്ണിമേനോന്‍െറ 33 വര്‍ഷത്തെ ഗാനസപര്യയെ ആദരിക്കാന്‍ ‘സ്വരലയ’യുടെ ആഭിമുഖ്യത്തില്‍ ‘ഒരു ചെമ്പനീര്‍ പൂപോലെ’ എന്ന പേരില്‍ പാലക്കാട് രണ്ടുദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഹെവി വെഹിക്ക്ള്‍ ഫാക്ടറിയില്‍നിന്നൊരു പാട്ട് ചെന്നൈ ആവടിയിലെ ഹെവിവെഹിക്ക്ള്‍ ഫാക്ടറിയില്‍ ആര്‍മിയുടെ പാറ്റണ്‍ ടാങ്കുകള്‍ക്കുവേണ്ടി വര്‍ക്ക് ചെയ്തിരുന്നയാള്‍ എങ്ങനെ ഗായകനായി. ചെന്നൈയിലെ ഹെവി വെഹിക്ക്ള്‍ ഫാക്ടറിയില്‍ ഒന്നര വര്‍ഷമാണ് ഉണ്ണിമേനോന്‍ ജോലിചെയ്തത്. ‘അപ്പോഴേ മനസ്സിലായി ഇതെനിക്ക് പറ്റിയ പണിയല്ളെന്ന്. ചെന്നൈയിലെ ഓരോ സ്റ്റുഡിയോയിലും പോകും റെക്കോഡിങ് കാണാന്‍. പോയിപ്പോയി പരിചിതരായ സംഗീതസംവിധായകരോടൊപ്പമിരുന്ന് പാടും. അങ്ങനെ തുടരുന്ന ബന്ധത്തിനിടക്കാണ് കുഞ്ഞുണ്ണി എന്ന വയലിനിസ്റ്റ് വഴി പാടാന്‍ അവസരം ലഭിക്കുന്നത്. ആദ്യമായി പാടുന്നത് ബി.എ. ചിദംബരനാഥന്‍ സംവിധാനം നിര്‍വഹിച്ച ‘അമുതും തേനും’ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ, ആ സിനിമ റിലീസായില്ല. പിന്നീട് നിരവധി സംഗീതസംവിധായകര്‍ ട്രാക്ക് പാടാന്‍വേണ്ടി വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം ഇളയരാജയുടെയടുത്ത് പാടാന്‍പോയി; ‘ഒരു കൈതിയിന്‍ ഡയറി’ എന്ന സിനിമക്കുവേണ്ടി. ‘തൊഴുതു മടങ്ങും’ എന്ന ഹിറ്റ് ഗാനം പാടാനുണ്ടായ സാഹചര്യം എന്തായിരുന്നു? അക്ഷരങ്ങളിലെ ഗാനങ്ങളെല്ലാം ട്രാക്ക് പാടിക്കഴിഞ്ഞപ്പോഴാണ് ശ്യാം സാറ് പറയുന്നത് ഇതിലെ ഗാനങ്ങളെല്ലാം നന്നായിട്ടുണ്ട്. ഈ പാട്ടിന്‍െറ ക്രെഡിറ്റ് സ്വന്തം പേരിലാക്കിത്തരാന്‍ ഐ.വി. ശശിയെ ചെന്നുകാണാന്‍ പറഞ്ഞു. പക്ഷേ, അത്തരത്തില്‍ ഒരു സമീപനം എന്നില്‍നിന്ന് ഉണ്ടായിട്ടില്ലാത്തതിനാല്‍ മടിയുണ്ടായെങ്കിലും ശ്യാം സാറ് ഒരുപാട് നിര്‍ബന്ധിക്കുകയായിരുന്നു. നിര്‍ബന്ധത്തിനുവഴങ്ങി ഐ.വി. ശശി സാറിനെ കണ്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പക്ഷേ, ഗാനം പുറത്തുവന്നപ്പോള്‍ അതിലെ പേര് എന്‍േറതായിരുന്നു. എ.ആര്‍. റഹ്മാനിലൂടെയാണ് ഉണ്ണിമേനോന് തമിഴില്‍ ഒരു ബ്രേക്ക് ലഭിക്കുന്നത്. അല്ളേ? അതെ. എനിക്ക് തോന്നുന്നത് അദ്ദേഹം അന്ന് എനിക്കുതന്ന ബ്രേക്കാണ് ഇന്നും എന്നെ ഈ ഇന്‍ഡസ്ട്രിയലില്‍ പിടിച്ചുനിര്‍ത്തുന്നത് എന്നാണ്. അദ്ദേഹത്തിന്‍െറ 28 ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. നല്ല ക്വാളിറ്റി ട്യൂണും വരികളുമായിരുന്നു ലഭിച്ചവയെല്ലാം. എന്‍െറ പാട്ടുകളുടെ വിജയത്തിന്‍െറ കാരണംകൂടിയാണിത്. ആയിരക്കണക്കിന് ഗാനങ്ങള്‍ പാടിക്കൂട്ടുന്നയാളല്ല ഞാന്‍. പാടുന്നത് കുറച്ചാണെങ്കിലും സംഗീതംകൊണ്ടും വരികള്‍കൊണ്ടും മികച്ചതായിരിക്കണമെന്നാഗ്രഹിക്കുന്നയൊരാളാണ്. ഞാന്‍ ചോദിക്കാതെയാണ് റഹ്മാന്‍ എനിക്ക് ഈഗാനങ്ങളെല്ലാം തന്നത്. മലയാളത്തില്‍നിന്ന് നല്ല ഗാനങ്ങള്‍ ഇനിയും തേടിയത്തെുമെന്നുതന്നെയാണ് പ്രതീക്ഷ. മാത്രമല്ല, മലയാളികളായ നിരവധിപേര്‍ക്ക് ഒരു ബ്രേക്ക് നല്‍കിയ ആളാണ് റഹ്മാന്‍. എ.ആര്‍. റഹ്മാന്‍െറ ഗാനങ്ങളെക്കുറിച്ച് പറയുമ്പോഴും സംഗീതോപകരണങ്ങളുടെ അമിതപ്രയോഗങ്ങളെക്കുറിച്ച് എന്തുപറയുന്നു? ടെക്നിക്കല്‍ കാര്യങ്ങള്‍ ഇംപ്രൊവൈസ് ചെയ്യാനുള്ള റഹ്മാന്‍െറ കഴിവ് 91ല്‍ തന്നെ അദ്ദേഹം തെളിയിച്ചു. അന്ന് അദ്ദേഹം സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ ഇന്നും കേള്‍ക്കുമ്പോള്‍ നമ്മള്‍ക്കൊരു പുതുമ അനുഭവപ്പെടും.10 കൊല്ലത്തേക്കപ്പുറത്ത് ചിന്തിച്ചുചെയ്യാന്‍ അദ്ദേഹത്തിനുള്ള കഴിവ് വലുതാണ്. ഗായിക സ്വര്‍ണലത അസുഖം ബാധിച്ച് മരിച്ചപ്പോള്‍ താങ്കള്‍ പ്രതികരിച്ചിരുന്നല്ളോ? പാട്ടിനല്ലാതെ വാതുറക്കാത്ത ഒരു പാവമായിരുന്നു അവര്‍. വളരെ കുറച്ചു മാത്രമേ സംസാരിക്കുകയുള്ളൂ, അവര്‍ക്ക് വേണ്ടപരിഗണന നല്‍കിയില്ളെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ‘സ്ഥിതി‘ എന്ന സിനിമയിലൂടെ സംഗീത സംവിധാനരംഗത്തേക്കും നടനിലേക്കും മാറിയല്ളോ? സംവിധായകന്‍ ശരത് എന്നെ കുറെ പ്രാവശ്യം അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അപ്പോഴാണ് സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടുള്ള അഭിനയം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അങ്ങനെ സമ്മതിക്കുകയായിരുന്നു. മൂന്നു ഗാനങ്ങളാണ് സംഗീത സംവിധാനം ചെയ്തത്. 10 ദിവസംകൊണ്ട് ഷൂട്ടിങ് തീര്‍ന്നെങ്കിലും ഗാനങ്ങളൊന്നും തന്നെ ചിത്രീകരിക്കുകയുണ്ടായില്ല. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് സാമ്പത്തികപ്രയാസമാണെന്ന്. കാശ് മുടക്കുകയാണെങ്കില്‍ ഗാനങ്ങള്‍ ചിത്രീകരിക്കാമെന്നാണ് ശരത് പറഞ്ഞത്. പക്ഷേ, അത്തരത്തിലുള്ള ഒരു നീക്കത്തിന് ഞാന്‍ തയാറായില്ല. മാത്രമല്ല, ഒരു നടനെന്ന നിലയില്‍ ഡബ്ബിങ്ങിന് ഞാന്‍ വരണമെങ്കില്‍ ഒരു ഗാനമെങ്കിലും ചിത്രീകരിക്കണമെന്ന് അവരോട് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചിത്രീകരിച്ച് പുറത്തുവന്ന ആ ഗാനം ഹിറ്റാവുകയും ചെയ്തു. മലയാളം താങ്കളോട് പലപ്പോഴു ഒരു താല്‍പര്യക്കുറവ് കാണിക്കുന്ന പോലെ? അങ്ങനെ പറയാന്‍ കഴിയില്ല. മലയാളത്തില്‍ ഞാന്‍ ഒരുപാട് പാടിയിരുന്ന സമയം ഉണ്ടായിരുന്നുവല്ളോ. ആ സമയത്ത് എല്ലാ സംഗീത സംവിധായകരുടെയും ഗാനങ്ങള്‍ പാടിയിരുന്നു. തമിഴില്‍ കിട്ടിയ നല്ളൊരു അംഗീകാരം മലയാളത്തില്‍ കിട്ടിയിട്ടില്ല. മലയാളത്തില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ പാടിയിരുന്നിട്ടും. മലയാളത്തില്‍നിന്ന് നല്ല ഗാനങ്ങള്‍ ലഭിക്കാന്‍ എന്‍െറ ഭാഗത്തുനിന്നുള്ള ഒരു ശ്രമം ഉണ്ടായിട്ടില്ല. സിനിമയുടെ ഒരു രീതി അങ്ങനെയാണല്ളോ. നമ്മള്‍ അവരുടെ ഒരു ഭാഗമായി മാറണം. പ്രൊഡ്യൂസറോടും സംവിധായകരോടും പ്രത്യേക ബന്ധം പുലര്‍ത്തേണ്ടിവരും പാട്ടുകള്‍ക്കുവേണ്ടി. ആദ്യകാലത്തും എന്‍െറ ഭാഗത്തുനിന്ന് അങ്ങനെയുണ്ടായിട്ടില്ല. ഇപ്പോഴും ഇല്ല. അതുകൊണ്ടായിരിക്കും ഒരു പക്ഷേ... ഇഷ്ട ഗായകനെക്കുറിച്ച് ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ് റഫിയാണ്. കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. പാട്ടിന്‍െറ വിശുദ്ധി ജീവിതത്തിലും സൂക്ഷിച്ചയാളാണ് റഫി. മുംബൈയിലെ സുഹൃത്തുക്കളില്‍നിന്നാണറിഞ്ഞത് ഒരു തകര്‍ച്ചയുണ്ടായാല്‍ റഫി സാഹിബ് പിന്നീട് സൗജന്യമായി പാടിക്കൊടുത്തു സഹായിക്കും എന്നൊക്കെ. ‘ഒരുപാട് തകര്‍ച്ചകള്‍ സംഗീത ജീവിതത്തിലുണ്ടായി. പക്ഷേ, ഒന്നും തളര്‍ത്തിയില്ല. കാരണം, ഒന്നും പ്രതീക്ഷിച്ച് ഇതിലേക്കു വന്നവനല്ല ഞാന്‍’- ഉണ്ണി പറഞ്ഞു നിര്‍ത്തി. തൊഴുതുമടങ്ങിയ സന്ധ്യ ഏതോ വിഥീയില്‍ മറഞ്ഞപോലെ പലപ്പോഴും ഉണ്ണിമേനോന്‍ മലയാളത്തില്‍ ഇടക്കിടെ അസ്തമിക്കുകയും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉദിക്കുകയും ചെയ്യുന്നു. |
108 ആംബുലന്‍സ് അഴിമതി; സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ Posted: 21 Oct 2014 03:38 AM PDT Subtitle: കേസില്‍ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയും പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും ജെയ്പൂര്‍: കോണ്‍ഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട 108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ നീക്കം. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ ശിപാര്‍ശ നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടു. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും വ്യക്തമാക്കി. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്,മുന്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ്,മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരടക്കം നിരവധി ഉന്നതര്‍ക്കെതിരെ രാജസ്ഥാന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മത്തേറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. വയലാര്‍ രവിയുടെ മകന്‍ എം.ഡിയായ ‘സ്വിഗിത്സ ഹെല്‍ത്ത്കെയര്‍’ എന്ന കമ്പനി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഉടനീളം 108 ആംബുലന്‍സിന്‍റെ ടെന്‍ഡറുകള്‍ എടുത്തിരുന്നു. എന്നാല്‍, ആംബുലന്‍സിന്‍റെ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ആരോഗ്യവകുപ്പ് കണ്ടത്തെി. രാജസ്ഥാനില്‍ മാത്രം ഏകദേശം 2.56 കോടിയുടെ നഷ്ടം കമ്പനി സര്‍ക്കാറിനുണ്ടാക്കിയെന്നാണ് കണ്ടത്തെിയിരിക്കുന്നത്. രാഷ്ട്രീയബന്ധം ഉപയോഗിച്ച് കോണ്‍ഗ്രസ് സ്വിഗിത്സ ഹെല്‍ത്ത് കെയറിന് ടെന്‍ഡര്‍ നേടിക്കൊടുക്കുകയായിരുവെന്നും സച്ചിന്‍ പൈലറ്റും ചിദംബരവും കമ്പനിയുടെ ഡയറക്ടര്‍മാരായി ഇരുന്നുവെന്നത് ഇതിന്‍റെ തെളിവാണെന്നും ആരോപണമുയര്‍ന്നു. ജയ്പൂര്‍ മുന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുത്തത്. |
കാമുകിയുടെ കൊല; പിസ്റ്റോറിയസിന് അഞ്ചു വര്‍ഷം തടവ് Posted: 21 Oct 2014 02:01 AM PDT ജോഹന്നാസ് ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ലോക പാരാലിമ്പിക്സ് ചാമ്പ്യന്‍ ഒസ്കാര്‍ പിസ്റ്റോറിയസിന് അഞ്ചു വര്‍ഷം തടവ്. ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 14ന് പ്രിട്ടോറിയയിലെ തന്‍റെ വീട്ടില്‍ വെച്ച് കാമുകിയായ റീവ സ്റ്റീന്‍കാംപിനെ പ്രിസ്റ്റോറിയസ് കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാല്‍, പിസ്റ്റോറിയസ് ഈ കുറ്റം നിഷേധിച്ചിരുന്നു. പിസ്റ്റോറിയസിന്‍റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞ കോടതി സാക്ഷിയുടെ മൊഴി വിശ്വാസത്തില്‍ എടുത്ത് ശിക്ഷ വിധിക്കുകയായിരുന്നു. രാത്രിയില്‍ ഒരു പുരുഷനും സ്ത്രീയും വഴക്കിടുന്നതിന്‍റെ ശബ്ദം കേട്ടിരുന്നുവെന്നും തുടര്‍ന്ന് വെടിയൊച്ചയും സ്ത്രീയുടെ കരച്ചിലും കേട്ടിരുന്നതായും അയല്‍വാസിയായ മിഷേലെ ബര്‍ഗര്‍ എന്ന സ്ത്രീ മൊഴി നല്‍കിയിരുന്നു. മരണമുനമ്പില്‍ നിന്നു കൊണ്ടുള്ള നിലവിളിയായി തനിക്ക് തോന്നിയെന്നും മിഷേലെ പറഞ്ഞിരുന്നു. എന്നാല്‍, കാമുകിയെ ഒരു അപായത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പിസ്റ്റോറിയസിന്‍റെ വാദം. മനപുര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് കോടതി ചുമത്തിയത്. വിചാരണ ഏഴു മാസം നീണ്ടു. ബ്ളേഡ് റണ്ണിങ്ങില്‍ ആയിരുന്നു വികലാംഗനായ പിസ്റ്റോറിയസ് ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. |
വിന്‍ഡീസുമായി ഇനി പരമ്പരയില്ലെന്ന് ബി.സി.സി.ഐ Posted: 21 Oct 2014 01:59 AM PDT മുംബൈ: വെസ്റ്റ് ഇന്‍ഡീസുമായി ഇനി ക്രിക്കറ്റ് പരമ്പരയില്ളെന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ പര്യടനം പാതി ഉപേക്ഷിച്ച് പോവുകയും ചെയ്ത വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി. ഇതിന്‍്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ളെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് വിന്‍ഡീസുമായുള്ള കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ടീം കളി ഇന്ത്യന്‍ പര്യടനം പാതി വഴിയില്‍ ഉപേക്ഷിച്ച് പോയിരുന്നു. അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റ് മല്‍സരങ്ങളും ഒരു ട്വന്‍്റി20യുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ധര്‍മ്മശാലയിലെ നാലാം ഏകദിനത്തോടെ വിന്‍ഡീസ് കളി അവസാനിപ്പിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് പകരം അടുത്ത മാസം ശ്രീലങ്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിന് എത്തും. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍. കട്ടക്ക്, ഹൈദരബാദ്, റാഞ്ചി, കൊല്‍ക്കത്ത എന്നിവയാണ് മല്‍സര സ്ഥലങ്ങള്‍. |
No comments:
Post a Comment