സ്വര്‍ണവുമായി അനന്തു തിരിച്ചെത്തുന്നു; പുതിയ വീടിന്‍െറ ശിലയിടാന്‍ Posted: 06 Dec 2013 01:01 AM PST ഗുരുവായൂര്‍: സ്വര്‍ണനേട്ടത്തിന്‍െറ ക്രോസ് ബാര്‍ ചാടിക്കടന്ന് അനന്തു തിരിച്ചെത്തുന്നത് സ്വപ്നസാഫല്യത്തിലേക്ക്. ബംഗളൂരുവില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഞായറാഴ്ച അനന്തു പടിയിറങ്ങിപ്പോയ കൊച്ചുകൂര സ്വര്‍ണമെഡലുമായി തിരിച്ചെത്തുമ്പോള്‍ അവിടെയുണ്ടാവില്ല. പുത്തന്‍ വീടൊരുക്കാനായി പഴയ വീട് പൊളിച്ചു. ശനിയാഴ്ച രാവിലെ 8.30 ന് പുതിയ വീടിന്‍െറ കല്ലിടലാണ്. സംസ്ഥാന - ദേശീയ റെക്കോഡുകള്‍ മറികടന്ന അനന്തുവിന് പി.സി.ചാക്കോ എം.പിയാണ് പുതിയ വീട് നിര്‍മിച്ചുകൊടുക്കുന്നത്. രണ്ട് മാസത്തിനകം ഗൃഹപ്രവേശം നടത്താമെന്നാണ് എം.പിയുടെ വാഗ്ദാനം. അഞ്ച് മാസത്തിനകം ഹൈജമ്പ് പിറ്റില്‍ അനന്തു ചാടിയെടുത്തത് മൂന്ന് സ്വര്‍ണമാണ്. കഴിഞ്ഞ ആഗസ്റ്റില്‍ 1.73 മീറ്റര്‍ താണ്ടിയാണ് സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ മാസം സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സംസ്ഥാന - ദേശീയ റെക്കോഡുകള്‍ തിരുത്തി സ്വര്‍ണം നേടി. ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ സ്വര്‍ണം കൂടിയാകുമ്പോള്‍ പങ്കെടുത്ത മൂന്ന് മീറ്റിലും തുടര്‍ച്ചയായി സ്വര്‍ണം നേടിയതിന്‍െറ കനകപ്രഭയിലാണ് ഈ താരം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ കെ.എസ്.അനന്തു നാടിന്‍െറ അഭിമാനതാരമായത് കഠിനപ്രയത്നം കൊണ്ടാണ്. ഒരു അത്ലറ്റിന് വളരാന്‍ സാഹചര്യമില്ലാത്ത പ്രാരാബ്ധം നിറഞ്ഞ വീട്ടില്‍ നിന്നാണ് അനന്തു ഉയരങ്ങളിലേക്കുയര്‍ന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍െറ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ചുമരുകള്‍ വിണ്ട ഒറ്റമുറി കൂരയിലായിരുന്നു താമസം. ഈ അവസ്ഥയറിഞ്ഞാണ് പി.സി.ചാക്കോ എം.പി വീട് വാഗ്ദാനം ചെയ്തത്. വീടിന്‍െറ കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ അനന്തു ഇന്ന് നാട്ടിലെത്തുമെന്ന് പരിശീലകന്‍ ശ്രീകൃഷ്ണ സ്കൂളിലെ കായികാധ്യാപകന്‍ സി.എം.നെല്‍സണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കടുത്ത പനി അവഗണിച്ചാണ് അനന്തു വ്യാഴാഴ്ച ഹൈജമ്പ് പിറ്റിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പനിക്ക് മരുന്നുകഴിച്ചില്ല. ഈ ആത്മാര്‍പ്പണത്തിനുള്ള പ്രതിഫലം കൂടിയാണ് സ്വര്‍ണമെഡലെന്ന് അദ്ദേഹം പറഞ്ഞു. ആഹ്ളാദം പ്രകടിപ്പിച്ച് അനന്തുവിന്‍െറ വീട്ടില്‍ ലഡു വിതരണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് പോളി ഫ്രാന്‍സിസ്, ചാവക്കാട് നഗരസഭ കൗണ്‍സിലര്‍ കെ.വി.സത്താര്‍, ശശി വാറനാട്ട്, ശശി വല്ലാശേരി, വി.എ.സുബൈര്‍ എന്നിവര്‍ വീട്ടിലെത്തിയിരുന്നു. പി.സി.ചാക്കോ എം.പി അനന്തുവിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. |
നിളയോരം വിടചൊല്ലി, ഇനി പാലക്കാട്ട് Posted: 06 Dec 2013 12:56 AM PST തൃത്താല: നിളാതീരത്തിന് നിദ്രാ വിഹീന രാവുകള്‍ സമ്മാനിച്ച കൗമാര കലോത്സവം കൊടിയിറങ്ങി. കലയുടെ കമലദളത്താല്‍ രാപകലുകള്‍ ധന്യമാക്കിയ പുതുനാമ്പുകള്‍ക്ക് തൃത്താല ഹൃദയപൂര്‍വം വിട നല്‍കി. ഇനി സംസ്ഥാന കലോത്സവത്തില്‍ പാലക്കാട്ട് മാറ്റുരുക്കാം. ഡോ. കെ.ബി. മേനോന്‍ മെമോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാല് ദിവസങ്ങളിലായി നടന്ന ജില്ലാ സ്കൂള്‍ കലോത്സവം ഏഴായിരത്തിലധികം പ്രതിഭകളുടെ മിന്നുന്ന പ്രകടനത്തിനാണ് വേദിയായത്. ആശങ്കയോടെ ഏറ്റെടുത്ത കലോത്സവം പരിമിതികള്‍ മറികടന്ന് നാടിന്‍െറ ഉത്സവമാക്കിയ ധന്യതയിലാണ് സംഘാടകരും നാട്ടുകാരും. വ്യാഴാഴ്ച രാത്രി വൈകിയും മത്സരം തുടരുകയാണ്. യു.പി ജനറല്‍ വിഭാഗത്തില്‍ 33 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 144 പോയന്‍റ് നേടി ഒറ്റപ്പാലം ഉപജില്ല കലാകിരീടം സ്വന്തമാക്കി. ഒരു പോയന്‍റ് (143) വ്യത്യാസത്തില്‍ ആലത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. പാലക്കാടിന് 142ഉം പട്ടാമ്പിക്ക് 141ഉം പോയന്‍റ് ലഭിച്ചു. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ എട്ട് ഇനങ്ങള്‍ ബാക്കി നില്‍ക്കെ പാലക്കാട് ഉപജില്ല 333 പോയന്‍േറാടെ കിരീടത്തോട് അടുക്കുകയാണ്. തൃത്താല 319ഉം പട്ടാമ്പി 318ഉം മണ്ണാര്‍ക്കാട് 305ഉം ഒറ്റപ്പാലം 303ഉം പോയന്‍റുകളോടെ തൊട്ടുപുറകിലുണ്ട്. ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 12 ഇനങ്ങള്‍ ബാക്കിനില്‍ക്കെ 358 പോയന്‍റ് നേടി പാലക്കാട് ഉപജില്ല മുന്നേറുകയാണ്. പട്ടാമ്പി 318ഉം ആലത്തൂര്‍ 315ഉം ഒറ്റപ്പാലം 312ഉം ചെര്‍പ്പുളശ്ശേരി 300ഉം പോയന്‍റുമായി പിന്നിലുണ്ട്. |
ആദിവാസി സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നു Posted: 06 Dec 2013 12:49 AM PST Subtitle: സബ്കലക്ടറെ പ്രോഗ്രാം മാനേജറായി നിയമിച്ചു മലപ്പുറം: ജില്ലയിലെ ആദിവാസികളുടെ സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ജനുവരി അഞ്ചിനകം പദ്ധതി തയാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിന് നല്‍കുമെന്ന് കലക്ടര്‍ കെ.ബിജു അറിയിച്ചു. ഫീല്‍ഡ് പഠനത്തിനും പദ്ധതി, എസ്റ്റിമേറ്റ് എന്നിവ തയാറാക്കാനും സര്‍ക്കാര്‍ 14 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 229 ആദിവാസികോളനികളാണുള്ളത്. കോളനികളിലെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുകയാണ് ലക്ഷ്യം. റോഡ്, വൈദ്യുതി, പാര്‍പ്പിടം, കുടിവെള്ളം, തൊഴില്‍, ആരോഗ്യപരിപാലനം എന്നിവക്ക് ഊന്നല്‍ നല്‍കും. മാസ്റ്റര്‍ പ്ളാന്‍ പ്രകാരമാണ് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിക്കുക. പ്രോജക്ടിനായി ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍നിന്നും മറ്റും ഫണ്ട് കണ്ടെത്തും. പാലം, അങ്കണവാടി, റോഡ്, സോളാര്‍ വൈദ്യുതീകരണം തുടങ്ങിയവക്ക് നബാര്‍ഡിന്‍െറ ധനസഹായം തേടും. വികസന പ്രവൃത്തികളില്‍ ആദിവാസികള്‍ക്ക് പങ്കാളിത്തം നല്‍കും. കലക്ടര്‍ ചെയര്‍മാനായ ജില്ലാകമ്മിറ്റിക്കാണ് മേല്‍നോട്ടം. ബ്ളോക്ക്, പഞ്ചായത്ത്, നഗരസഭ തലത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. സബ്കലക്ടര്‍ അമിത് മീണയാണ് പ്രോഗ്രാം മാനേജര്‍. സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെ കോളനികളെ പ്രത്യേകമെടുത്ത് പഠനം നടത്തിയാണ് പ്രോജക്ട് തയാറാക്കുകയെന്ന് കലക്ടര്‍ അറിയിച്ചു. |
മംഗലാപുരം റൂട്ടില്‍ വീണ്ടും കെ.എസ്.ആര്‍.ടി.സിക്ക് കല്ലേറ് Posted: 06 Dec 2013 12:46 AM PST കാസര്‍കോട്: മംഗലാപുരം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കഴിഞ്ഞദിവസം രാത്രിയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസിനുനേരെ കുമ്പളക്കും മൊഗ്രാല്‍പുത്തൂരിനുമിടയിലാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ കൊന്നക്കാട് മാലോത്തെ ടി.എം. ജൂബി (33)ക്കാണ് ഇടത് നെഞ്ചിന് പരിക്കേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്ന് ജൂബി പറഞ്ഞു. മുന്‍വശത്തെ ചില്ല് തകര്‍ത്ത് കല്ല് ഡ്രൈവറുടെ ദേഹത്ത് പതിക്കുകയായിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യം കാരണമാണ് അപകടം ഒഴിവായത്. കണ്ടക്ടര്‍ കിഴക്കുംപായില്‍ രാജീവന്‍െറ പരാതിപ്രകാരം പൊലീസ് കേസെടുത്തു. രണ്ടുമാസം മുമ്പ് ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ തുടര്‍ച്ചയായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് രാത്രി സര്‍വീസ് നടത്തിയിരുന്നത്. അക്രമികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. |
സംഘര്‍ഷം: പൊലീസ് കര്‍ശന നടപടിയെടുക്കണം Posted: 06 Dec 2013 12:40 AM PST Subtitle: ജില്ലാതല സമാധാന കമ്മിറ്റി യോഗം കണ്ണൂര്‍: ജില്ലയിലെ സംഘര്‍ഷം തടയാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്ന് കലക്ടറേറ്റില്‍ നടന്ന ജില്ലാതല സമാധാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അക്രമം മുളയില്‍തന്നെ നുള്ളാന്‍ പൊലീസ് ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒന്നര വര്‍ഷത്തോളമായി കണ്ണൂര്‍ ജില്ല ശാന്തമായിരുന്നു. അതില്‍നിന്ന് വഴുതിപ്പോകാതിരിക്കാനുള്ള ചുമതല എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് എല്‍.ഡി.എഫ് സമാധാന യോഗം ബഹിഷ്കരിക്കുന്നത്. സി.പി.എം സമാധാന യോഗം ബഹിഷ്കരിച്ചത് ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സി.പി.എം പങ്കെടുക്കാതെ സമാധാന ചര്‍ച്ച പൂര്‍ത്തിയാകില്ല. അവര്‍ക്ക് പൊലീസിനെതിരെ പരാതിയുണ്ടെങ്കില്‍ യോഗത്തില്‍ ഉന്നയിക്കാമായിരുന്നു. ഡിസംബര്‍ ഒന്നിന് പയ്യന്നൂര്‍ പെരുമ്പയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാന യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, എസ്.പി. രാഹുല്‍ ആര്‍. നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് കെ. സുരേന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ് (കോണ്‍ഗ്രസ്), കെ.എം. സൂപ്പി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പെരിങ്ങോം മുസ്തഫ (മുസ്ലിംലീഗ്), കെ. രഞ്ജിത്ത്, എ.പി. ഗംഗാധരന്‍ (ബി.ജെ.പി), വത്സന്‍ തില്ലങ്കേരി, വി. ശശിധരന്‍, കെ. പ്രമോദ് (ആര്‍.എസ്.എസ്), ജോയിസ് പുത്തന്‍പുര, ജോയ് കൊന്നക്കല്‍, അഡ്വ. എ.ജെ. ജോസഫ് (കേ.കോണ്‍.എം), വി.കെ. കുഞ്ഞിരാമന്‍, വി.കെ. ഗിരിജന്‍ (സോഷ്യ.ജനത), കെ.പി. രമേശന്‍, മുയ്യം ഗോപി (ആര്‍.എസ്.പി ബി). , സി.എ. അജീര്‍, സി.കെ. നാരായണന്‍ (സി.എം.പി), ദാസന്‍ പാലപ്പിള്ളി, പി.ടി. ബാബു (ജെ.എസ്.എസ്), പള്ളിപ്രം പ്രസന്നന്‍, സി. ഇംതിയാസ് (വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. |
ജനസമ്പര്‍ക്കം: ആശ്വാസംതേടി ജനം Posted: 06 Dec 2013 12:34 AM PST കല്‍പറ്റ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ആയിരങ്ങളെത്തി. പരിപാടിയുടെ രണ്ടാം ഘട്ടം നടത്തുന്ന പത്താമത്തെ ജില്ലയാണ് വയനാട്. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ്, അവരെ വിളിച്ചുവരുത്തി പരിഹാരം കാണുന്ന കൂട്ടായ്മയാണ് ജനസമ്പര്‍ക്ക പരിപാടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാറും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഈ കൂട്ടായ്മയുടെ ദൗത്യം ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്നതാണ്. ഇതിന് ജനങ്ങളുടെ സഹകരണം വേണം. ജനങ്ങളുടെ ചില ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പരാതികള്‍ പരിഹരിക്കുന്നതിലും നിലവിലെ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും തടസ്സം സൃഷ്ടിക്കുകയാണ്. ഇവ ഏതെല്ലാമെന്ന് കണ്ടെത്തി പരിഹരിക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തവിധം നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടാക്കിയശേഷം അവരെ കുറ്റം പറയുന്നത് ശരിയല്ല. ഈ സാഹചര്യം മാറ്റിയെടുത്തു വരുകയാണ്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം 45 പുതിയ ഉത്തരവുകളാണ് മന്ത്രിസഭാതലത്തില്‍ അടക്കം ചര്‍ച്ചചെയ്ത് പാസാക്കിയത് -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വന്‍ സുരക്ഷാവലയത്തില്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ എട്ടരയോടെ എസ്.കെ.എം.ജെ സ്കൂളില്‍ പരിപാടി നടക്കുന്ന വേദിയിലെത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരും യു.ഡി.എഫ് നേതാക്കളും മറ്റും സന്നിഹിതരായിരുന്നു. രാത്രി വരെ പരിപാടി നീണ്ടു. പെന്‍ഷന്‍, ബി.പി.എല്‍ കാര്‍ഡിനു വേണ്ടിയുള്ള കാത്തിരിപ്പ്, ചികിത്സാ സഹായം, കാലവര്‍ഷക്കെടുതിയിലും വരള്‍ച്ചയിലുമുണ്ടായ ദുരിതങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങി നിരവധി പരാതികളും ആവശ്യങ്ങളുമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയത്. വൃദ്ധരും സ്ത്രീകളും വികലാംഗരുമെല്ലാം എത്തി. മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ എം.വി. ശ്രേയാംസ്കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ കെ.ജി. രാജു, എ.ഡി.എം എന്‍.ടി. മാത്യു, നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് എന്നിവര്‍ പങ്കെടുത്തു. |
ആദരവ് ഏറ്റുവാങ്ങാന്‍ പ്രതിഭാനിര Posted: 05 Dec 2013 10:20 PM PST Subtitle: ഗള്‍ഫ് മാധ്യമം 'എന്‍െറ സ്വന്തം മലയാളം' 13ന് ദുബൈയില്‍ ദുബൈ: മലയാള സാഹിത്യത്തിന്‍െറ കുലപതി എം.ടി.വാസുദേവന്‍ നായര്‍, കവയിത്രി സുഗതകുമാരി, ലോകസിനിമയിലേക്ക് മലയാളത്തിന്‍െറ വാതായനം തുറന്നിട്ട അടൂര്‍ഗോപാലകൃഷ്ണന്‍, ഗന്ധര്‍വനാദത്തിനുടമയായ കെ.ജെ.യേശുദാസ്, അഭിനയകലയിലെ രാജാക്കന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍..... കേരളത്തിന്‍െറ മഹാപ്രതിഭകളെ പ്രവാസ മണ്ണില്‍ ഒന്നിച്ചൊരു വേദിയില്‍ അണിനിരത്തുകയാണ് മലയാളത്തിന്‍െറ പ്രഥമ അന്താരാഷ്ട്ര ദിനപത്രമായ ‘ഗള്‍ഫ് മാധ്യമം’. ഡിസംബര്‍ 13ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടത്തുന്ന ‘എന്‍െറ സ്വന്തം മലയാളം’ പരിപാടിയില്‍ വിവിധ മേഖലകളില്‍ കേരളത്തിന്‍െറ ഖ്യാതി പുറംലോകത്തത്തെിച്ച 14 പ്രഗല്ഭരെയാണ് ‘ഗള്‍ഫ് മാധ്യമം’ ആദരിക്കുന്നത്. ഗായിക കെ.എസ്.ചിത്ര, ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ.ജി.മാധവന്‍നായര്‍, കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, കലാമണ്ഡലം ഗോപി,ആര്‍കിടെക്ട് ജി.ശങ്കര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മാപ്പിളപ്പാട്ട് ഗായകന്‍ വി.എം.കുട്ടി തുടങ്ങിയവരാണ് ആദരിക്കപ്പെടുന്ന മറ്റു വ്യക്തിത്വങ്ങള്‍. ഇവര്‍ക്ക് ‘ഗള്‍ഫ് മാധ്യമ‘ത്തിന്‍െറ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കാനായി എം.എ.യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദലി, പി.വി.അബ്ദുല്‍ വഹാബ്,ഡോ.ആസാദ്മൂപ്പന്‍, പി.എന്‍.സി.മേനോന്‍, സി.കെ.മേനോന്‍ (ഖത്തര്‍) തുടങ്ങിയ ഗള്‍ഫ്മലയാളത്തിന്‍െറ മുന്‍നിര വ്യക്തികളുമത്തെും. ശ്രേഷ്ഠഭാഷ പദവി നേടിയ മലയാളവും ലോകത്തോളം വളരുന്ന കേരളവും അതിരുകള്‍ക്കപ്പുറം മറുനാടന്‍ മലയാളിക്ക് പകരുന്ന ആഹ്ളാദത്തിന്‍െറ പ്രതിഫലനമായിരിക്കും 13ന് ദുബൈയില്‍ അരങ്ങേറുക. ഒരു സംസ്കൃതിക്ക് തന്നെയുള്ള അംഗീകാരമായി ശ്രേഷ്ഠഭാഷ പദവി ലഭിച്ച മലയാളത്തെ പ്രവാസികള്‍ക്കിടയില്‍ ആദ്യമായി ആദരിക്കുന്ന ചടങ്ങാണ് ‘ഗള്‍ഫ് മാധ്യമം’ അതിന്‍െറ ആസ്ഥാനമായ ദുബൈയില്‍ സംഘടിപ്പിക്കുന്നത്. മലയാളത്തിന്‍െറ മധുരം പുതുതലമുറയിലത്തെിക്കുന്നതിനും ഭാഷാപ്രചാരണത്തിനുമായി ‘ഗള്‍ഫ് മാധ്യമം’ നടപ്പാക്കുന്ന ഒരു വര്‍ഷം നീളുന്ന ‘എന്‍െറ സ്വന്തം മലയാളം’ പരിപാടിയുടെ ഒൗദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ വൈകീട്ട് 6.30 തുടങ്ങുന്ന ചടങ്ങിനു ശേഷം പ്രശസ്ത സിനിമാ സംവിധായകന്‍ സിദ്ദീഖ്, മലയാണ്‍മയുടെ ഓര്‍മപ്പെടുത്തലുകളുമായി ഒരുക്കുന്ന ദൃശ്യാവിഷ്കാരവും സംഗീതനിശയും അരങ്ങേറും. നെടുമുടി വേണുവാണ് ഇതില്‍ പ്രധാന വേഷമണിയുന്നത്. പാട്ടിനൊപ്പം കഥാഖ്യാനവും ആക്ഷേപഹാസ്യവും അവതരണഗാനവുമെല്ലാം ചേര്‍ന്ന് മൂന്നുമണിക്കൂറോളം മലയാളിയെ ഊട്ടാനുള്ള വിഭവങ്ങളാണ് തയാറാക്കുന്നതെന്ന് സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു. കെ.എസ്.ചിത്ര, വിജയ് യേശുദാസ്, ജി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗാനമാലപിക്കുക. ദൃശ്യാവിഷ്കാരത്തില്‍ നെടുമുടിവേണുവിനൊപ്പം രമേശ് പിഷാരടി, ധര്‍മജന്‍, സാജു നവോദയ, രാജേഷ്, സുധി, സുബി സുരേഷ് തുടങ്ങിയവരും വേദിയിലത്തെും. പരിപാടിയില്‍ ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് ചെയര്‍മാന്‍ ടി.ആരിഫലി, വൈസ് ചെയര്‍മാന്‍ എം.കെ.മുഹമ്മദലി, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, മാധ്യമം പബ്ളിഷര്‍ ടി.കെ.ഫാറൂഖ് തുടങ്ങിയവര്‍ സംബന്ധിക്കും. മലയാളത്തിന്‍െറ മഹിമ ഒരിക്കല്‍കൂടി കൊച്ചുകേരളത്തിന്‍െറ അതിരുകടക്കുകയാണ്,‘ഗള്‍ഫ് മാധ്യമ’ത്തിലൂടെ. |
മണ്ടേല യഥാര്‍ഥ ഗാന്ധിയന്‍ ഇന്ത്യ Posted: 05 Dec 2013 10:13 PM PST ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയെ ആത്മാവിലും ആശയത്തിലും ആവാഹിച്ച യഥാര്‍ഥ ഗാന്ധിയന്‍ ആയിരുന്നു മണ്ടേലയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലോകത്ത് അതിരുകള്‍ വരക്കപ്പെട്ട വേളയില്‍ ഐക്യത്തിനായി വര്‍ത്തിച്ചതിന്‍്റെ ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ലോകത്തിന്‍്റെ പൊതുബോധത്തെയാണ് മണ്ടേല പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയും മണ്ടേലയുടെ വിയോഗത്തില്‍ അനുശോചിച്ചു. മണ്ടേല ഒരുമികച്ച രാജ്യതന്ത്രഞ്ജന്‍ ആണെന്ന് പറഞ്ഞ പ്രണബ് മുഖര്‍ജി മാനവികതക്കായുള്ള പ്രചോദനത്തിന്‍്റെ ആഗോള ബിംബമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയുടെ മഹാനായ സുഹൃത്ത് ആയിരുന്നു മണ്ടേല. ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധം ദൃഢപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സംഭാവനകള്‍ അദ്ദേഹം അര്‍പ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അദ്ദേഹത്തിന്‍്റെ സംഭാവനകള്‍ പരിഗണിച്ചാണ് 1990ല്‍ ഭാരതരത്ന നല്‍കി ആദരിച്ചതെന്നും രാഷ്ട്രപതി അനുസ്മരിച്ചു. ഈ വേളയില്‍ ഈ മഹാ വ്യക്തിത്വത്തെയും അദ്ദേഹത്തിന്‍്റെ സംഭാവനകളെയും ലോകം അറിയുന്നുവെന്നും മുഖര്‍ജി പറഞ്ഞു. |
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജനുവരി 14 വരെ അധിക ബാഗേജ് സൗകര്യമില്ല Posted: 05 Dec 2013 09:57 PM PST സൊഹാര്‍: പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി അധിക ബാഗേജ് സൗകര്യം എയര്‍ ഇന്ത്യ എക്സ്പ്രസ് താല്‍ക്കാലികമായി നിര്‍ത്തലാക്കി. 2014 ജനുവരി 14 വരെ അധിക ബാഗേജ് സൗകര്യം അനുവദിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. എന്നാല്‍, അതിനു ശേഷം സൗകര്യം പുനസ്്ഥാപിക്കുമോയെന്ന കാര്യം വ്യക്തമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ അനുവദിച്ചിരുന്ന ബാഗേജ് 2013 ആഗസ്റ്റ് 22 മുതല്‍ 30 കിലോയില്‍നിന്ന് 20 ആക്കി വെട്ടിക്കുറച്ചിരുന്നു. അപ്പോഴും മൂന്ന് റിയാല്‍ നല്‍കിയാല്‍ പത്ത് കിലോ കൂടി കൊണ്ടുപോകാമായിരുന്നു. ഈ സൗകര്യം കൂടിയാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. ക്രിസ്മസ്-പുതുവത്സര സീസണിലുണ്ടായ ഈ തീരുമാനം പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ്. ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ നിരവധി പേരാണ് നാട്ടിലേക്ക് തിരിക്കുക. അതിനാല്‍, സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനാണ് എയര്‍ ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ആരോപണമുണ്ട്. എയര്‍ ഇന്ത്യയുടെ പുതിയ നടപടിയുടെ ഫലമായി യാത്രക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണെന്ന് സൊഹാര്‍ ഫലജിലെ ദോഹ ട്രാവല്‍സ് മാനേജര്‍ അബ്ദുല്‍ ജബ്ബാര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. അധിക ബാഗേജിന് അഞ്ച് റിയാല്‍ നല്‍കണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യയുടെ നിര്‍ദേശം. എന്നാല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെട്ട് മൂന്ന് റിയാലാക്കി ചുരുക്കുകയായിരുന്നു. ബാഗേജ് 30 കിലോയില്‍നിന്ന് 20 കിലോയാക്കി ചുരുക്കിയ നടപടിക്കെതിരെയുണ്ടായ പ്രതിഷേധം ഇപ്പോഴും അണഞ്ഞിട്ടില്ല. അതിനിടെയാണ് എയര്‍ ഇന്ത്യ യാത്രക്കാരെ ബുദ്ധമുട്ടിക്കുന്ന തീരുമാനവുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. |
മനാമയില്‍ മലയാളിയെ മര്‍ദിച്ച് 12800 ദിനാര്‍ തട്ടിയെടുത്തു Posted: 05 Dec 2013 09:53 PM PST മനാമ: മലയാളിയെ മര്‍ദിച്ച് 12800 ദിനാര്‍ തട്ടിയെടുത്തതായി പരാതി. വടകര സ്വദേശി അഷ്റഫ് മാക്കനാരിയെ മര്‍ദിച്ചാണ് രണ്ടുപേര്‍ പണവുമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കോളിങ് കാര്‍ഡിന്‍െറ ഏജന്‍സി നടത്തുന്ന അഷറഫ് മനാമ ബസ് സ്റ്റാന്‍റിന് സമീപത്താണ് താമസം. ഒന്നാം നിലയിലുള്ള റൂമില്‍ നിന്ന് താഴേക്ക് ഇറങ്ങി മറ്റൊരാളില്‍ നിന്ന് കലക്ഷന്‍ പണമായ 12800 ദിനാര്‍ ഏറ്റു വാങ്ങി കോണിപ്പടികള്‍ കയറുമ്പോള്‍ എതിരെ വന്ന രണ്ടുപേര്‍ അഷ്റഫിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പണമടങ്ങുന്ന പ്ളാസ്റ്റിക് കവര്‍ തട്ടിപ്പറിച്ച് അജ്ഞാതര്‍ പുറത്തേക്ക് ഓടി. മറ്റൊരാള്‍ ഓടിച്ചുവന്ന പജീറൊ ജീപ്പില്‍ കയറി രക്ഷപ്പെട്ട ഇവരെ നഈം പൊലീസ് സ്റ്റേഷന് സമീപം വരെ അഷ്റഫ് പിന്തുടര്‍ന്നെങ്കിലും സിഗ്നല്‍ കഴിഞ്ഞതോടെ ജീപ്പ് എവിടേക്കാണ് പോയതെന്നറിയാതെ അഷ്റഫ് തിരിച്ചുപോന്നു. പിന്നീട് നഈം പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന കവര്‍ച്ചാ സംഘം മലയാളികളാണെന്ന് അഷ്റഫ് പറഞ്ഞു. കോളിങ് കാര്‍ഡിന്‍െറ ബിസിനസായതിനാല്‍ ഇടക്ക് കലക്ഷന്‍ പണം ഏറ്റു വാങ്ങുന്നതും റൂമിലേക്കും ബാങ്കിലേക്കും കൊണ്ടുപോകുന്നതും നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് മനസ്സിലാകുന്നത്. അഷ്റഫ് പണം ഏറ്റുവാങ്ങുന്നത് കെട്ടിടത്തിന്‍െറ മുകളില്‍നിന്ന് നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ചാ സംഘം ഇറങ്ങിവന്നതെന്ന് വ്യക്തമാണ്. മനാമയില്‍ കുറച്ചുമുമ്പ് സൗദിയില്‍ നിന്ന് ലക്ഷം ദിനാര്‍ തട്ടിപ്പറിച്ച സംഭവവുമുണ്ടായിരുന്നു. ഹുണ്ടി പണമായിരുന്നതിനാല്‍ ഇയാള്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. ഈ സംഭവത്തിന് പിന്നിലും മലയാളികള്‍ തന്നെയായിരുന്നുവെന്ന് മനാമയിലെ വ്യപാരികള്‍ പറഞ്ഞു. മനാമയില്‍ തന്നെ പണം തട്ടിപ്പറിച്ച മറ്റൊരു കേസിലെ പ്രതികള്‍ക്കെതിരെ നാട്ടില്‍ കേസ് കൊടുത്തതിന്‍െറ ഫലമായി അവിടെ പൊലീസ് പിടികൂടിയ സംഭവവും കുറച്ചുമുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാസര്‍കോട് ജില്ലക്കാരായ ചിലര്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്. |
No comments:
Post a Comment