സ്വാഗതം
WELCOME

News Update..

Sunday, December 15, 2013

സ്വകാര്യ കമ്പനി ഉടമകളുടെ ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ പിടികൂടി Madhyamam News Feeds

സ്വകാര്യ കമ്പനി ഉടമകളുടെ ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ പിടികൂടി Madhyamam News Feeds

Link to

സ്വകാര്യ കമ്പനി ഉടമകളുടെ ഇന്‍ഷുറന്‍സ് തട്ടിപ്പുകള്‍ പിടികൂടി

Posted: 14 Dec 2013 10:24 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ ചില സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ ജോലിക്കെടുക്കുമ്പോള്‍ ഡിപ്പാര്‍ട്ടുമെന്‍റിലേക്ക് അടക്കേണ്ട ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട് വ്യാപകമായ തട്ടിപ്പുകള്‍ നടത്തുന്നതായി കണ്ടെത്തല്‍.
സര്‍ക്കാര്‍ മേഖലകളില്‍ ജോലിചെയ്യുന്ന സ്വദേശികളെ സ്വകാര്യമേഖലകളില്‍ 20 വര്‍ഷം ജോലി ചെയ്യുന്നവരായി കാണിച്ച് അവരുടെ പേരില്‍ വന്‍തുക ഇന്‍ഷുര്‍ ചെയ്യിപ്പിക്കുന്നതാണ് ഇതില്‍ ഏറ്റവും വലിയ തട്ടിപ്പ്. സാമൂഹിക ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ടുമെന്‍റിലെ പരിശോധക വിഭാഗം മേധാവി മുഹമ്മദ് ഫലാഹ് അല്‍ റാജിഹിയാണ് ഇതുസംബന്ധമായ വിവരം പുറത്തുവിട്ടത്. സ്വകാര്യമേഖലകളില്‍ തദ്ദേശീയരായവര്‍ക്ക് ജോലിക്കുള്ള അവസരം നല്‍കുന്നുവെന്ന അര്‍ത്ഥത്തിലുള്ള  മറ്റ് ആനുകൂല്യങ്ങളും ഇത്തരം കമ്പനികള്‍ തട്ടിയെടുക്കുന്നുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാറിനെ കബളിപ്പിച്ച് നടത്തുന്ന ഇത്തരം ക്രമക്കേടുകളിലൂടെ സ്വകാര്യ കമ്പനികള്‍ക്കും അവയില്‍ ജോലിക്കാരായി പ്രവേശിക്കുന്ന സ്വദേശി ജോലിക്കാര്‍ക്കും ഒരുപോലെ ഗുണഫലം ലഭിക്കുന്നുവെന്നതാണ് അതിന്‍െറ മറ്റൊരുവശം.
സ്വദേശി തൊഴിലാളികളായതുകൊണ്ട് നടപടിക്രമങ്ങളും നിബന്ധനകളും ആയാസ രഹിതമായി പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നതിനു പുറമെ ജോലി ചെയ്യുന്ന തദ്ദേശീയര്‍ക്ക് കൂടുതല്‍ ശമ്പളവും ലഭിക്കാനും ഇത് ഇടയാകുന്നു. സര്‍ക്കാറുമായി ഉടമ്പടിയിലുള്ള ഇത്തരം കമ്പനികളില്‍ ജോലിക്ക് കയറുമ്പോള്‍ തുടക്കത്തില്‍ 300 ദീനാര്‍ ശമ്പളം വാങ്ങിയ സ്വദേശികള്‍ക്ക് വിരമിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് 1500 ദീനാര്‍ ശമ്പളം വാങ്ങുന്നവരായി രേഖയുണ്ടാക്കുകയാണ് മറ്റൊരു രീതി. ഇത് കാരണം ഫലത്തില്‍ തൊഴിലാളിയുടെ വിരമിക്കുന്ന സമയത്തുള്ള അടിസ്ഥാന ശമ്പളം 1500 ദീനാറെന്ന് രേഖയില്‍ വരികയും അത് അടിസ്ഥാനമാക്കി പിന്നീട് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുമെന്ന ഗുണം നാമമാത്ര ജോലിക്കാരായ സ്വദേശികള്‍ക്ക് ലഭിക്കും.
സ്വദേശി സ്ത്രീകളാണ് ഇത്തരം കമ്പനികളില്‍ കയറിപ്പറ്റി ആനുകൂല്യം കരസ്ഥമാക്കുന്നവരില്‍ കൂടുതലെന്നാണ് കണ്ടെത്താനായത്. ഇത്തരത്തില്‍  സര്‍ക്കാറിനെ കബളിക്കുന്ന 1300 കമ്പനികളുണ്ടെന്നാണ് പരിശോധനയില്‍ മനസ്സിലാക്കാനായത്.
 

ആള്‍ദൈവങ്ങള്‍ കാണിക്കുന്നത് ജാലവിദ്യ: ആര്‍.കെ. മലയത്ത്

Posted: 14 Dec 2013 10:21 PM PST

Image: 

ദോഹ: ആള്‍ദൈവങ്ങള്‍ കാണിക്കുന്ന അത്ഭുത പ്രകടനങ്ങള്‍ ജാലവിദ്യ തന്നെയാണെന്നും വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് അവര്‍ ചെയ്യുന്നതെന്നും പ്രശസ്ത മജിഷ്യന്‍ ആര്‍.കെ. മലയത്ത്. ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാജിക് എന്നത് ഒരു കലയാണ്. കല സമൂഹത്തിന് വേണ്ടിയുള്ളതാവണം. നന്‍മ കണക്കാക്കി സാമൂഹിക തിന്‍മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രതികരിക്കുകയാണ് മാജിക്കിലൂടെ താന്‍ ചെയ്യുന്നതെന്നും മലയത്ത് വ്യക്തമാക്കി.
അന്തരീക്ഷത്തില്‍ നിന്ന് ഭസ്മവും മറ്റു സാധനങ്ങളുമെടുത്ത് ഭക്തര്‍ക്ക് കൊടുക്കുന്ന ആള്‍ദൈവങ്ങളും മജീഷ്യന്‍മാര്‍ ചെയ്യുന്നത് തന്നെയാണ് ചെയ്യുന്നത്. പക്ഷെ, ഞങ്ങള്‍ അല്‍ഭുത സിദ്ധിയാണെന്ന് പറഞ്ഞ് ചൂഷണം ചെയ്യുന്നില്ല. ആള്‍ക്കാരെ രസിപ്പിക്കുകയും അതിലൂടെ നല്ല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. ഭസ്മവും മാലയും തുടങ്ങി ചെറുസാധനങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നെടുത്ത് ഭക്തര്‍ക്ക് കൊടുക്കുന്നത്. എന്തു കൊണ്ടാണ് ഭക്തര്‍ ആവശ്യപ്പെടുന്ന എല്ലാ സാധനങ്ങളും നല്‍കാന്‍ സാധിക്കാത്തത്. കയ്യടക്കവും വേഗതയും ചില ടെക്നിക്കുകളുമുപയോഗിച്ചാല്‍ താല്‍പര്യമുള്ള ആര്‍ക്കും ജാലവിദ്യ പഠിക്കുകയും കാണിക്കുകയും ചെയ്യാവുന്നതാണ്.
മാജിക് കലയും ഹിപ്നോട്ടിസും ശാസ്ത്രവുമാണ്. ഇതു രണ്ടും സമന്വയിപ്പിച്ചുള്ള പരിപാടികളാണ് ഇപ്പോള്‍ ചെയ്യുന്നത്. വിദേശങ്ങളില്‍ മാജിക് ഒരു ഇന്‍ഡ്സ്ട്രിയായി വളര്‍ന്നിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഇപ്പോഴും ഈ കല അത്രത്തോളം വളര്‍ന്നിട്ടില്ലെന്ന് മലയത്തിന്‍െറ മകനും മജീഷ്യനുമായ രാകിന്‍ മലയത്ത് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഭാര്യ നിര്‍മല മലയത്തും പങ്കെടുത്തു. ഐ.എം.എഫ് ആക്ടിങ് പ്രസിഡന്‍റ് പ്രദീപ് മേനോന്‍ സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു.
 

കുറ്റകൃത്യങ്ങള്‍ കുറക്കുന്നതില്‍ പൊലീസിന്‍െറ പ്രവര്‍ത്തനം ശ്രദ്ധേയം -ആഭ്യന്തര മന്ത്രി

Posted: 14 Dec 2013 10:18 PM PST

Image: 

മനാമ: കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിലും സുരക്ഷ നിലനിര്‍ത്തുന്നതിലും പൊലീസിന്‍െറ പ്രവര്‍ത്തനം ശ്ളാഘനീയവും മാതൃകാപരവുമാണെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. പൊലീസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനുള്ള ജാഗ്രതയും പ്രവര്‍ത്തനവും പൊലീസിന്‍െറ ശക്തി വര്‍ധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് ബഹ്റൈന്‍ പൊലീസ് 2013 റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രൊഫഷനലിസം കാത്തുസൂക്ഷിക്കാനും ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും സാധ്യമായിട്ടുണ്ട്. ജി.സി.സി ഉച്ചകോടി പ്രകാരം ഏകീകൃത പൊലീസ് സേന രൂപവത്കരിക്കാനുള്ള നീക്കത്തിന് ക്രിയാത്മക പ്രതികരണമാണ് ബഹ്റൈനില്‍ നിന്നുണ്ടായിട്ടുള്ളത്. ഇതിനായി എത്രയൂം വേഗം  നടപടി സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രി മുന്നോട്ട് വന്നിട്ടുണ്ട്. ബഹ്റൈനിലൂടെ കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനും ശക്തമായ സംവിധാനമൊരുക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ കൂടി സഹകരണത്തോടെ സാമൂഹിക സുരക്ഷിതത്വം സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളിലും ഹൈവേകളിലും സുരക്ഷാ കാമറകള്‍ സ്ഥാപിക്കുകയും അക്രമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും തക്കസമയത്ത് ഇടപെടുകയും ചെയ്ത് സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം വിലയിരുത്തി.
 

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂര്‍ വൈകി; യാത്രക്കാര്‍ വലഞ്ഞു

Posted: 14 Dec 2013 10:14 PM PST

Image: 

ദുബൈ: ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. മണിക്കൂറുകള്‍ കാത്തിരുന്ന് ക്ഷമ നശിച്ച യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു.
വെള്ളിയാഴ്ച രാത്രി 8.45ന് പുറപ്പെടേണ്ട ഐ.എക്സ് 540 വിമാനമാണ് വൈകിയത്. വിമാനത്തില്‍ കയറിയിരുന്ന് നാല് മണിക്കൂറിന് ശേഷമാണ് യന്ത്ര തകരാര്‍ മൂലം പുറപ്പെടില്ലെന്ന് യാത്രക്കാരെ അറിയിച്ചത്. 178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇതിനകം അസ്വസ്ഥരായിരുന്നു. ഇവര്‍ക്ക് ലഘുഭക്ഷണം നല്‍കി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം യാത്രക്കാരെ ബസില്‍ കയറ്റി. ബസ് വളരെ നേരം റണ്‍വേക്ക് സമീപം നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു.
പിന്നീട് ഇവരെ വിമാനത്താവളത്തിലെത്തിച്ചു. രാവിലെ വരെ ഇവര്‍ക്ക് വിമാനത്താവളത്തില്‍ കഴിയേണ്ടിവന്നു. രാവിലെ 114 യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യം നല്‍കി. വിസ റദ്ദായതിനാല്‍ ബാക്കിയുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കാത്തിരിക്കേണ്ടി വന്നു. കുറച്ചു പേര്‍ യാത്ര റദ്ദാക്കി താമസ സ്ഥലത്തേക്ക് മടങ്ങി.
വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ ഭക്ഷണം നല്‍കി. ഒടുവില്‍ ശനിയാഴ്ച രാത്രി 8.45നുള്ള വിമാനത്തില്‍ ഇവരെ കയറ്റിവിട്ടു. ശനിയാഴ്ചത്തെ വിമാനത്തില്‍ പോകേണ്ടവരെ കേടായ വിമാനം നന്നാക്കി രാത്രി വൈകിയും കൊണ്ടുപോയി.

പി.സി ജോര്‍ജ് ബി.ജെ.പി വേദിയില്‍

Posted: 14 Dec 2013 09:49 PM PST

Image: 

കോട്ടയം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ബി.ജെ.പി വേദി പങ്കിട്ടത് വിവാദമാവുന്നു. ബി.ജെ.പി ദേശീയ തലത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ കോട്ടയം ജില്ലാതല ചടങ്ങിലാണ് പി.സി ജോര്‍ജ് പങ്കെടുത്തത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍്റെ പ്രതിമനിര്‍മാണത്തിനായി നരേന്ദ്രമോഡിയുടെ ആഹ്വാനപ്രകാരമാണ് രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

ഈ പരിപാടി കോട്ടയത്ത് ഫ്ളാഗ് ഓഫ് ചെയ്തത് പി.സി. ജോര്‍ജാണ്. നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പരിപാടിക്കിടെ ജോര്‍ജ് ഉയര്‍ത്തിക്കാണിച്ചിരുന്നു.

അതേമസയം, ജോര്‍ജിന്‍്റെ നടപടിക്കെതിരെ കോണ്‍ഗ്രസും പാര്‍ട്ടിയിലെ പ്രമുഖരും രംഗത്തത്തെി.
ജോര്‍ജിന്‍്റെ നടപടി മുന്നണി മര്യാദക്ക് വിരുദ്ധമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ജോര്‍ജിന്‍്റെ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെ.എം മാണി അറിയിച്ചു. ജോര്‍ജിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, താന്‍ ചെയ്തത് പാപമായി കരുതുന്നില്ളെന്ന്പി.സി ജോര്‍ജ് പ്രതികരിച്ചു. സര്‍ദാര്‍ പട്ടേലനോടുള്ള ബഹുമാനം കൊണ്ടാണ് പങ്കെടുത്തത്. ഉത്തമബോധ്യത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും  ഇതിന് പാര്‍ട്ടിയുടെ അനുമതി തേടേണ്ട കാര്യമില്ളെന്നും ജോര്‍ജ് പറഞ്ഞു.

മോഡിയെ പുകഴ്ത്തി ആരു രംഗത്തു വന്നാലും സ്വാഗതമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് വി.മുരളീധരനും പ്രതികരിച്ചു.

കേന്ദ്ര തൊഴില്‍ മന്ത്രി ശിശ് റാം ഓല അന്തരിച്ചു

Posted: 14 Dec 2013 08:00 PM PST

Image: 

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര തൊഴില്‍ മന്ത്രിയുമായ ശിശ് റാം ഓല(86) അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്നുള്ള ലോക്സഭാംഗമാണ്. 1968 ല്‍ സാമൂഹിക പ്രവര്‍ത്തനത്തിന് പത്മശ്രീ ലഭിച്ചു.
1996 ല്‍ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ശിശ്റാം ഓല 1998ലും , 1999ലും,2004 ലും 2009 ലും ലോക്സഭാംഗമായിട്ടുണ്ട്.  മല്ലികാര്‍ജുന്‍ ഖാര്‍ഗെ റയില്‍വെ മന്ത്രിയായ ഒഴിവില്‍ ഈ ജൂണിലാണ് ശിശ് റാം ഓല തൊഴില്‍ മന്ത്രിയായത്. 

1927 ജൂണ്‍ 30 ന് ജനിച്ച ശിശ്റാം  ഓല 1957 മുതല്‍ 1990 വരെ യും 93 മുതല്‍ 96 വരെയും രാജസ്ഥാന്‍ നിയമസഭാംഗമായിരുന്നു. 1980 മുതല്‍ 1990 വരെ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കളി പഠിപ്പിക്കുന്ന വിധം

Posted: 14 Dec 2013 07:06 PM PST

Image: 

ആം ആദ്മി പാര്‍ട്ടിക്കാര്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും കളി പഠിപ്പിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ പാര്‍ട്ടികളെന്ന് അഹങ്കരിച്ചിട്ട് കാര്യമില്ല. ഒരു വയസ്സുള്ള പാര്‍ട്ടിയുടെ തലച്ചോറാണ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിന്‍െറയും അര നൂറ്റാണ്ടിന്‍െറയുമൊക്കെ കൈത്തഴക്കം വന്നവര്‍ എന്ന അഹങ്കാരത്തോടെയാണ് യഥാര്‍ഥത്തില്‍ കൈ-താമരക്കാര്‍ ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ ഓഫര്‍ ചെയ്തത്. ലഫ്. ഗവര്‍ണറെ കണ്ട് എ.എ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ പിന്തുണക്കുമെന്ന് കത്ത് കൊടുത്ത കോണ്‍ഗ്രസിന്‍െറ മനസ്സില്‍ ‘ചാടിക്കളിയെടാ കുഞ്ഞിരാമാ’ എന്ന ഭാവമായിരുന്നു.  തെരഞ്ഞെടുപ്പില്‍ എല്ലാവരും ചേര്‍ന്ന് ജയിപ്പിച്ചുവിട്ട വിമതന്മാര്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായാല്‍ എന്തു ചെയ്യുമെന്ന് ഇനി ജനം പഠിക്കട്ടെ എന്ന് അവര്‍ പ്രതികാരബുദ്ധിയോടെ പല്ലിറുമ്മി. രണ്ടാം കക്ഷിയാണ് എന്നതൊരു കുറവായി കാണേണ്ട, ഞങ്ങളുടെ പിന്തുണയും നിങ്ങള്‍ക്കുണ്ട് എന്ന് ബി.ജെ.പി വിളിച്ചുപറഞ്ഞു.
 അപ്പോഴാണ് അരവിന്ദ് കെജ്രിവാളും സംഘവും കൂര്‍മബുദ്ധിയില്‍ തെളിഞ്ഞ പുതിയ നമ്പര്‍ പുറത്തെടുത്തത്. കൈ-താമരക്കാര്‍ നിരുപാധികം ചുമ്മാ പിന്തുണക്കേണ്ട. നിങ്ങളുടെ പിന്തുണ നിരുപാധികമാണെങ്കില്‍, അതു സ്വീകരിക്കുന്നതിന് ഞങ്ങള്‍ക്ക് ചില ഉപാധികളുണ്ട്. സാദാ ജനത്തിന്‍െറ പാര്‍ട്ടിയാണെങ്കിലും, ചില തത്ത്വവും നിലപാടുമൊക്കെ ഞങ്ങള്‍ക്കുണ്ട്. അധികാരത്തില്‍ കയറി ഞങ്ങള്‍ ‘പെരുമാറാന്‍’ തുടങ്ങുമ്പോള്‍ മുടന്തന്‍ ഉടക്കുകളുമായി വരേണ്ട. അതുകൊണ്ട് താഴെ പറയുന്ന ഒന്നര ഡസന്‍ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയാറാണോ എന്ന് ആദ്യം പറഞ്ഞാട്ടെ. ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍, കുറ്റക്കാരായ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍, വൈദ്യുതി കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി നിരക്ക് കുറക്കുന്നതില്‍, വെള്ളം ദുരുപയോഗം ചെയ്യുന്ന വമ്പന്മാരെ പിടികൂടുന്ന കാര്യത്തില്‍, എന്നു വേണ്ട ബീക്കണ്‍ ലൈറ്റ് അനധികൃതമായി കാറില്‍പിടിപ്പിച്ച് ഞെളിഞ്ഞുപോകുന്ന നേതാക്കളുടെ കാര്യത്തിലടക്കം നിങ്ങള്‍ കൈ-താമരക്കാര്‍ നിലപാട് പറയണം.
 കടുത്ത പനി കാരണം ചെവിയും തലയും ഷാളിട്ടുമൂടി, പാര്‍ട്ടിയുടെ കുറ്റിച്ചൂല്‍ തൊപ്പിവെച്ച് ശനിയാഴ്ച രാവിലെ കെജ്രിവാള്‍ നേരെ ലഫ്. ഗവര്‍ണര്‍ നജീബ് ജുങ്ങിനെ ചെന്നുകണ്ടു. സര്‍ക്കാറുണ്ടാക്കാം; ചെറിയൊരു സാവകാശം വേണമെന്ന് ഗവര്‍ണറോട് അദ്ദേഹം പറഞ്ഞു -ഒരു 10 ദിവസം. മേല്‍പറഞ്ഞ ആവശ്യങ്ങളില്‍ കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും പ്രസിഡന്‍റുമാരോട് മറുപടി ചോദിക്കാന്‍ പോവുകയാണ്. അവരുടെ മറുപടി കിട്ടണം. ഓരോ പ്രദേശത്തും ജനത്തെ വിളിച്ചുകൂട്ടി അഭിപ്രായം ചോദിക്കുകയും വേണം. സമയം അനുവദിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും മറുപടി എന്താണെന്നറിയാന്‍ 10 ദിവസം പോയിട്ട്, 10 മിനിറ്റു വേണ്ട. കാല്‍വെള്ളയിലെ ചുവപ്പ് മാറാത്ത ഒരുവയസ്സുകാരന്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥിതിയല്ല, പതിറ്റാണ്ടുകളും നൂറ്റാണ്ടുമൊക്കെ പിന്നിട്ട പാര്‍ട്ടികളുടെ കാര്യം. വിട്ടുവീഴ്ചയും അഴിമതിയും കുതിരക്കച്ചവടവും കുതന്ത്രവുമൊക്കെ കൂടാതെ രാഷ്ട്രീയത്തില്‍ ജീവിക്കാന്‍ കഴിയില്ളെന്ന് ഒരുനാള്‍ കെജ്രിവാള്‍ മനസ്സിലാക്കട്ടെ. കോര്‍പറേറ്റുകളെ പിണക്കി, അഴിമതി നടത്താതെ, ക്രമക്കേട് കാട്ടാതെ ദല്‍ഹി ഭരിക്കാന്‍ പാകത്തിലൊരു ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കുറ്റിച്ചൂലുകാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണേ തമ്പുരാനേ എന്ന് ആഞ്ഞു ശപിക്കാന്‍ മാത്രമേ തല്‍ക്കാലം കഴിയൂ.
 ഇനി ഏതായാലും പുതിയ നമ്പറുകളുമായി എ.എ.പിക്കാരെ വെട്ടിലാക്കാന്‍ തല്‍ക്കാലം കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭരണം ആര്‍ക്കും വേണ്ടാതായ ദല്‍ഹിയില്‍ ഇനി വരാന്‍ പോകുന്നത് രാഷ്ട്രപതിഭരണം. അതു കഴിഞ്ഞാല്‍ വീണ്ടും തെരഞ്ഞെടുപ്പ്. മുഖ്യപാര്‍ട്ടികളുടെ ആത്മാര്‍ഥതയില്ലായ്മ തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടാന്‍ പാകത്തില്‍ ‘നിരുപാധിക പിന്തുണ’ എന്ന ഗൂഢോദ്ദേശ്യ സാധനംകൂടി കെജ്രിവാളിന്‍െറ കൈയില്‍ വെച്ചുകൊടുത്തശേഷം മാത്രമാണ് രാഹുല്‍ ഗാന്ധിയും സംഘവും എട്ട് എം.എല്‍.എമാരുമായി പിന്നോട്ടോടിയത്. തിരിഞ്ഞോട്ടത്തില്‍ തപ്പിത്തടഞ്ഞു വീഴാനും തട്ടിക്കുടഞ്ഞ് വീണ്ടുമോടാനും മുമ്പേ ബി.ജെ.പിക്കാരുള്ളതാണ് കോണ്‍ഗ്രസിന്‍െറ ആശ്വാസം.
.....................................................

പശ്ചിമഘട്ടവും കടന്ന് അന്യമാം രാജ്യങ്ങളില്‍ കേരളത്തിന്‍െറ പെരുമ വളരണമെന്നാണ് പണ്ട് മഹാകവി ആഗ്രഹിച്ചത്.  അക്കാര്യത്തില്‍ നമ്മുടെ എം.പിമാര്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ല. പെരുമ വളര്‍ത്താന്‍ പശ്ചിമഘട്ടവും റബറും പൊക്കിയെടുത്താണ് അവര്‍ ഇക്കുറി ദല്‍ഹിക്കു പറന്നത്. പാര്‍ലമെന്‍റ് സമ്മേളനം തീര്‍ന്നാലും തുടങ്ങില്ളെന്ന മട്ടില്‍ ‘സ്തംഭിച്ചു’ മുന്നോട്ടുപോകുന്നത് അവര്‍ക്ക് വിഷയമല്ല. ഒറ്റ ദിവസംപോലും സഭ നടന്നില്ളെങ്കിലും എം.പിമാരുടെ പ്രതിഷേധം പലതു നടന്നുകഴിഞ്ഞു. പാര്‍ലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ ഇഷ്ടംപോലെ ഇരിക്കാന്‍ സൗകര്യമുണ്ട്. ഗാന്ധിയാകട്ടെ, ഒന്നും പറയില്ല.
 സഭ തുടങ്ങിയ ദിവസം എല്‍.ഡി.എഫുകാരെ തോല്‍പിച്ച് യു.ഡി.എഫുകാരാണ് ആദ്യമത്തെിയത്. എന്നു കരുതി എണ്ണത്തില്‍ കൂടുതലുള്ള അവര്‍ സംഗതി കൂടുതല്‍ കൊഴുപ്പിച്ചു എന്ന് അനുമാനിക്കരുത്. എട്ടു കേന്ദ്രമന്ത്രിമാര്‍ കഴിച്ചുള്ളവര്‍ വേണം സര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ എന്തിനാണ് മുദ്രാവാക്യം വിളിച്ച് അലോസരപ്പെടുത്തുന്നത് എന്ന ചോദ്യത്തിലുമില്ല കാര്യം. റബര്‍ വില ഇടിയുമ്പോള്‍ കര്‍ഷകന്‍െറ മടിശ്ശീലയില്‍ ‘ഗാന്ധി’ കുറയുന്ന പ്രശ്നം ഉയര്‍ത്തിക്കാണിക്കാന്‍ പശ്ചിമഘട്ടം മറികടന്നത്തെുന്ന ഏതു ജനപ്രതിനിധിക്കുമുണ്ട് അവകാശം. മുല്ലപ്പെരിയാര്‍, റേഷനരി വിഹിതം തുടങ്ങിയ വിഷയങ്ങള്‍ ചീറ്റിയ സ്ഥിതിക്ക്, റബറിനും പശ്ചിമഘട്ടത്തില്‍നിന്ന് ഇറക്കിവിടുമെന്ന് പറഞ്ഞ് പേടിപ്പിച്ചുനിര്‍ത്തിയിരിക്കുന്ന കര്‍ഷകനും വേണ്ടി ഇനിയുമിനിയും ഉച്ചത്തില്‍ നിലവിളിക്കും. ലോക്സഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കര്‍ഷകന്‍െറ കണ്ണീര്‍ ഇങ്ങനെ യു.ഡി.എഫ് കുമ്പിളില്‍ കോരി എടുക്കുമ്പോള്‍ എല്‍.ഡി.എഫുകാരായ എം.പിമാര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റില്ല. അവര്‍ പിറ്റേന്ന് ഗാന്ധിപ്രതിമക്കു മുന്നില്‍ ഓടിക്കിതച്ചത്തെി; ധര്‍ണയിരുന്നു. സ്കോര്‍ 1-1. അപ്പോഴാണ് കളി. ഇടതിനെ മധ്യതിരുവിതാംകൂറില്‍ സമാസമം നിര്‍ത്താന്‍ ജോസ് കെ. മാണി, ആന്‍േറാ ആന്‍റണി മുതല്‍ പലര്‍ക്കും കഴിയില്ല. ഗാന്ധി പ്രതിമക്കു മുന്നില്‍ ഇടതര്‍ പ്ളക്കാര്‍ഡ് പിടിച്ചിരുന്നപ്പോള്‍, മധ്യതിരുവിതാംകൂറിന്‍െറ ശബ്ദം രണ്ടാമത്തെ കൂട്ടര്‍ ലോക്സഭക്കുള്ളിലേക്ക് എടുത്തു. അവിടെയാകുമ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. തെലങ്കാന മുതല്‍ പല പല നിലവിളികള്‍ക്കിടയില്‍ കേരള എം.പിമാര്‍ ‘റബര്‍, കസ്തൂരിരംഗന്‍’ എന്നു പരസ്പരം പറഞ്ഞാലും മതി. വിഷയം സഭക്കുള്ളില്‍ ഉന്നയിച്ചു എന്ന് പ്രസ് റിലീസ് എഴുതിക്കൊടുക്കുന്നത് തെറ്റാവില്ല.
 ഇടതുമുന്നണിക്കാര്‍ അതിന്‍െറ പ്രസ് റിലീസ് തയാറാക്കുമ്പോഴേക്ക്, യു.ഡി.എഫ് ഓടി പ്രധാനമന്ത്രിയെ കണ്ട് നിവേദനത്തിന്‍െറ കടലാസ് ഏല്‍പിച്ച് പുറത്തിറങ്ങിയിരുന്നു. തൊട്ടുപിന്നാലെ അതാ പോകുന്നു ഇടതുമുന്നണി! ആര് കടലാസുമായി വന്നാലും അതു വാങ്ങി എവിടെയെങ്കിലും മറന്നുവെക്കാന്‍ മന്‍മോഹന്‍സിങ് മുമ്പും ഇന്നും മടി കാണിച്ചിട്ടില്ല. ഇനിയുള്ള എണ്ണപ്പെട്ട ദിവസങ്ങളില്‍ ബാക്കിയാര്‍ക്കെങ്കിലും റബറും പശ്ചിമഘട്ടവും പ്രധാനമന്ത്രിയോട് ഉന്നയിക്കാനുണ്ടെങ്കില്‍, ആ കടലാസ് വാങ്ങുന്നതിന്‍െറ പടമെടുപ്പിച്ച് പത്രങ്ങളില്‍ കൊടുക്കുന്നതിനും മന്‍മോഹന്‍സിങ് എതിര്‍പ്പ് പറയില്ല. ഒരു കൂട്ടര്‍ സ്വന്തം പാര്‍ട്ടിക്കാരും സഖ്യകക്ഷികളുമാണ്. മറ്റേ കൂട്ടര്‍ ഇനിയെന്നെങ്കിലും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും പിന്തുണ കൊടുക്കില്ളെന്ന് ആരു കണ്ടു?
 ഇതിനിടക്ക് മധ്യതിരുവിതാംകൂറിലെ കര്‍ഷകന്‍െറ ശബ്ദം ഘോരഘോരം ദല്‍ഹിയില്‍ മുഴക്കിയ ചരിത്രമുള്ള പി.സി. തോമസ് എന്തു ചെയ്യണം? ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടില്ല. മുന്‍ എം.പിമാര്‍ക്ക് പാര്‍ലമെന്‍റില്‍ കയറുന്നതിനേ പ്രശ്നമുള്ളൂ. പാര്‍ലമെന്‍റ് സ്ട്രീറ്റ് എല്ലാവരുടേതുമാണ്. പ്രതിഷേധിച്ചു; റബറും ഏലവും ചുമന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് ചെയ്ത് പ്രതിഷേധിച്ചു. പത്രങ്ങളില്‍ വാര്‍ത്ത വരാന്‍ ആ ചുമട് ഉപകരിക്കുമെന്ന അവരുടെ കണക്കു കൂട്ടല്‍ പിഴച്ചെന്നു പറയാന്‍ പറ്റില്ല.
 എന്നിട്ട്? റബറിന് ഇറക്കുമതി തീരുവ ചുമത്താന്‍ ‘ഇപ്പോ മനസ്സില്ല’ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെ.പി.സി.സി പ്രസിഡന്‍റ് ചെന്നിത്തലയോടും ധനമന്ത്രി ചിദംബരം ഏതാനും ആഴ്ച മുമ്പേ പറഞ്ഞുകഴിഞ്ഞതാണ്. മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലൊക്കെയായി പരന്നുകിടക്കുന്ന പശ്ചിമഘട്ടത്തിന്‍െറ കാര്യത്തില്‍, അവരൊന്നും ഉണ്ടാക്കാത്ത ഒച്ചപ്പാട് കേരളത്തില്‍നിന്ന് ഉയരുന്നതിന്‍െറ രാഷ്ട്രീയം പറഞ്ഞു ചിരിക്കുകയാണ് പ്രധാനമന്ത്രി മുതല്‍ ജയന്തി നടരാജന്‍ വരെയുള്ളവര്‍. ജനത്തിന് വേണ്ടത് നടപ്പില്ളെങ്കിലും സംഘാടകര്‍ പ്രതിഷേധത്തില്‍ കുറവ് വരുത്തരുത്. എട്ടു കേന്ദ്രമന്ത്രിമാരും കേന്ദ്ര-സംസ്ഥാന ഭരണവും കൈയില്‍ വെച്ച് ഭരണ-സമരാഭാസം തുടരട്ടെ. ഇടതുമുന്നണി കൂടെ ഓടട്ടെ. തെരഞ്ഞെടുപ്പ് വരുകയല്ളേ!                                                                   

കല കച്ചവടമാക്കാതെ; ദാരിദ്ര്യത്തില്‍ വര്‍ണം ചാലിച്ച ചിത്രകാരന്‍

Posted: 14 Dec 2013 06:55 PM PST

Image: 

കൊച്ചി: കച്ചവടക്കാരനാകാനില്ളെന്ന് തുറന്നുപറഞ്ഞിരുന്ന സി.എന്‍. കരുണാകന്‍െറ വളര്‍ച്ചാ വഴികളിലെല്ലാം ദാരിദ്ര്യത്തിന്‍െറ വര്‍ണങ്ങളായിരുന്നു. ആവോളം അറിഞ്ഞ ഇല്ലായ്മയും വല്ലായ്മയും വര്‍ണങ്ങളില്‍ ചാലിച്ചതോടെ ആര്‍ക്കും അനുകരിക്കാനാകാത്ത വ്യത്യസ്തമായ ശൈലി പിറന്നു. അവസാനംവരെ ഇത് കൈവിടാനും സി.എന്‍ തയാറായില്ല.
നാലരപ്പതിറ്റാണ്ടുമുമ്പ് ചിത്രകാരനായി കൊച്ചിയില്‍  ജീവിതമാരംഭിച്ചപ്പോള്‍ സിനിമ പോസ്റ്റര്‍ ഡിസൈനിങ്ങും ആനുകാലികങ്ങളിലെ ഇല്ലസ്ട്രേഷനുമൊക്കെയായിരുന്നു ജീവിതമാര്‍ഗം. ഇന്നിപ്പോള്‍ ചിത്രകലമാറി. നല്ല വിലയ്ക്ക് ചിത്രങ്ങള്‍ വില്‍ക്കാന്‍ കമ്പോളം. ഈ വളര്‍ച്ചക്കൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞതാണ് സി.എന്‍. കരുണാകരനെ വ്യത്യസ്തനാക്കിയത്. വര്‍ണപ്പൊലിമയും ദൃശ്യഭംഗിയുമാണ് സി.എന്‍  ചിത്രങ്ങളെ ആകര്‍ഷകമാക്കുന്നത്. അതിലെ മനുഷ്യര്‍ക്കും പ്രകൃതിക്കും പക്ഷിമൃഗാദികള്‍ക്കുമെല്ലാം ചിത്രകാരന്‍ കല്‍പിച്ചുനല്‍കിയ ആകാരഭംഗിയും അസ്തിത്വവുമുണ്ട്.
പഠനത്തില്‍ ഭേദമല്ലാതിരുന്നതിനാല്‍ മിടുക്കരായ സമപ്രായക്കാരുടെ മുന്നില്‍ ആളാകാന്‍ ചിത്രകലയിലെ പ്രാഗല്ഭ്യം സ്വയം വളര്‍ത്തി. എന്താണ് വരക്കേണ്ടത്, എങ്ങനെയാണ് വരക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. ഒരിക്കല്‍ ഒരു ആമ്പല്‍പൂവിന്‍െറ ചിത്രംവരച്ചു. അടുത്തൊരു കുളത്തില്‍ വിടര്‍ന്നുനിന്നിരുന്ന ആമ്പല്‍പൂവ് നോക്കിയാണ് വരച്ചത്. അതൊരു ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. അത് മുഖച്ചിത്രമായി അച്ചടിച്ചു വന്നു. വീണ്ടും ഒരു കുരങ്ങിന്‍െറ പടം വരച്ച് അയച്ചുകൊടുത്തു. അതും മുഖച്ചിത്രമായി. അതോടെ ഒരുചിത്രകാരനാകുക എന്ന ലക്ഷ്യം ഉള്ളില്‍ ഉറച്ചു. ഇതിനിടെ വര പഠിപ്പിക്കാന്‍ പിതാവ് അധ്യാപകനെ നിയോഗിച്ചു. സാമ്പ്രദായികമായ ആ ചിത്രരചന പഠനത്തില്‍നിന്ന് സി.എന്‍  പലപ്പോഴും ഒഴിഞ്ഞുനിന്നു. അങ്ങനെയാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ജ്യേഷ്ഠന്‍ ജനാര്‍ദനന്‍െറ പ്രോത്സാഹനത്തോടെ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേരാന്‍ പുറപ്പെട്ടത്.
12ാം വയസ്സില്‍  മദ്രാസിന് വണ്ടികയറുമ്പോള്‍ കുറച്ചുപണവും  ജ്യേഷ്ഠന്‍െറ പിന്തുണയും മാത്രമായിരുന്നു കൈമുതല്‍. വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ കരുണാകരന്‍െറ മേല്‍ അവിടെ തന്നെ തുടരാന്‍ സമ്മര്‍ദം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കൊച്ചിയിലേക്ക് പോന്നു. കലകളെ പ്രോത്സാഹിപ്പിച്ചിരുന്ന മുന്‍ ഫാക്ട് എം.ഡി എം.കെ.കെ. നായരുടെ നിര്‍ബന്ധത്തില്‍ കലാപീഠത്തില്‍ അധ്യാപകനായി.
വൈകാതെ കലാപീഠം നടത്തിപ്പ് സാമ്പത്തിക പ്രയാസത്താല്‍ വഴിമുട്ടി. ഇതിനിടെ സി.എന്‍  വിവാഹംകഴിച്ച് കുടുംബജീവിതം ആരംഭിച്ചിരുന്നു. അങ്ങനെ വരുമാനം ലഷ്യമിട്ട് സ്വന്തമായി ഗാലറി തുടങ്ങാന്‍ തീരുമാനിച്ചു. 1973ല്‍ എം.ജി റോഡിന്‍െറ വടക്കേയറ്റത്ത് ഇന്നത്തെ ശീമാട്ടിയുടെ എതിര്‍വശത്ത് ‘ചിത്രകൂടം’ തുറന്നു. പക്ഷേ, തനിക്ക് ഒരു കച്ചവടക്കാരനാകാന്‍ പറ്റില്ളെന്ന് അധികനാള്‍ കഴിയുംമുമ്പേ അദ്ദേഹം മനസ്സിലാക്കി.  അങ്ങനെ ചിത്രകൂടം പൂട്ടി.   വിവിധ  ആനുകാലികങ്ങളിലെ വരയും മറ്റ് കമേഴ്സ്യല്‍ രചനകളുമാണ് അന്ന് തന്നെ നിലനിര്‍ത്തിയതെന്ന് സി.എന്‍   പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മറ്റല്‍, സിമന്‍റ് റിലീഫുകളും ശ്രദ്ധിക്കപ്പെട്ടു. പെയ്ന്‍റിങ്ങുകളുടെ റീ പ്രൊഡക്ഷനുകള്‍ അച്ചടിച്ചിറക്കിയത്   സ്വീകരിക്കപ്പെട്ടു. അതിനുമുമ്പ് രാജരവിവര്‍മയായിരുന്നു ഇത് പരീക്ഷിച്ചത്. ചിത്രകലയെ ഗൗരവമായി സമീപിക്കാത്തവര്‍ക്കിടയില്‍പ്പോലും സി.എന്നിന്‍െറ ചിത്രപ്പകര്‍പ്പുകള്‍ തിരിച്ചറിയപ്പെട്ടു.
 

പിന്തുണ സ്വീകരിക്കാന്‍ ഉപാധി

Posted: 14 Dec 2013 11:05 AM PST

Image: 
Subtitle: 
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വെട്ടിലാക്കി കെജ് രിവാള്‍

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടി  വെട്ടിലാക്കി. തങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന 18 കാര്യങ്ങള്‍ മുന്നോട്ടുവെച്ച് ഇക്കാര്യങ്ങളില്‍ നിലപാട് അറിയിക്കാന്‍ രണ്ടു പാര്‍ട്ടികളുടെയും പ്രസിഡന്‍റുമാര്‍ക്ക് എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കത്തയച്ചു. ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ സ്വീകരിക്കാന്‍ പ്രയാസമുള്ള നിര്‍ദേശങ്ങളാണ് ഇവയെന്നിരിക്കെ, മന്ത്രിസഭാ രൂപവത്കരണം അസാധ്യമാക്കി ദല്‍ഹി രാഷ്ട്രപതിഭരണത്തിലേക്ക് നീങ്ങുകയാണ്.
നിയമസഭയില്‍ രണ്ടാമത്തെ വലിയ കക്ഷിയായ എ.എ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജുങ് ക്ഷണിച്ചതോടെയാണ് പുതിയ രാഷ്ട്രീയനീക്കങ്ങളുടെ തുടക്കം. എ.എ.പിയെ നിരുപാധികം പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ രാത്രി ലെഫ്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബി.ജെ.പിയും പിന്തുണ വാഗ്ദാനം ചെയ്തു. ആര്‍ക്കും പിന്തുണ കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യില്ളെന്നാണ് കെജ്രിവാളും സംഘവും തുടക്കം മുതല്‍ പറഞ്ഞത്. സ്വന്തമായി കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിരിക്കുമെന്നും പറഞ്ഞിരുന്നു.
 ശനിയാഴ്ച രാവിലെ ഗവര്‍ണറെ കണ്ട കെജ്രിവാള്‍, സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ സാവകാശം അഭ്യര്‍ഥിച്ചു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും പ്രസിഡന്‍റുമാര്‍ക്ക് വിവിധ വിഷയങ്ങളില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. അതിനുകിട്ടുന്ന മറുപടി ജനങ്ങള്‍ക്കു മുന്നില്‍ വെച്ച്, എ.എ.പി സര്‍ക്കാര്‍ രൂപവത്കരിക്കണമോ എന്ന് അഭിപ്രായം ചോദിക്കും. അതിനനുസൃതമായി നിലപാടെടുക്കാന്‍ 10 ദിവസം നല്‍കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്‍റുമാര്‍ക്ക് അയച്ച കത്തിന്‍െറ പകര്‍പ്പും നല്‍കി.  ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണം. വൈദ്യുതി നിരക്ക് കുറക്കണം,  ശക്തമായ ലോകായുക്ത രൂപവത്കരിക്കണം തുടങ്ങിയ ഉപാധികളാണ്  എ.എ.പി. മുന്നോട്ടുവച്ചത്. ഭൂരിപക്ഷമുള്ള ഏതുഘട്ടത്തിലും സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് തന്നെ വന്നുകാണാമെന്ന മറുപടിയോടെയാണ് കെജ്രിവാളിനെ ലെഫ്. ഗവര്‍ണര്‍ യാത്രയാക്കിയത്. രണ്ടു കക്ഷികളെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ക്ഷണിച്ചതടക്കമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ച് ഉടനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നജീബ് ജുങ് പറഞ്ഞു.
സര്‍ക്കാര്‍ രൂപവത്കരണം അസാധ്യമാണെന്ന് വളരെ വ്യക്തമായതിനാല്‍ വൈകാതെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത.  അതേസമയം, എ.എ.പിയുടെ കത്ത് കിട്ടിയിട്ടുണ്ടെന്നും വിഷയം പഠിച്ച് പ്രതികരിക്കുമെന്നും കോണ്‍ഗ്രസ്, ബി.ജെ.പി വക്താക്കള്‍ പറഞ്ഞു.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്:ആഴ്സനല്‍ വലനിറച്ച് സിറ്റി

Posted: 14 Dec 2013 10:53 AM PST

Image: 
Subtitle: 
ചെല്‍സിക്കും എവര്‍ടനും ജയം

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലിന് കളിപഠിപ്പിച്ച പെരുങ്കളിയാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആറു ഗോളിന്‍െറ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍ നാട്ടുകാരുടെ ആര്‍പ്പുവിളികള്‍ക്കിടെയിറങ്ങിയ സിറ്റി കളിയുടെ 14ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ ഗോളാറാട്ട് ആരംഭിച്ചപ്പോള്‍ കൊടിയിറങ്ങിയത് ഇഞ്ച്വറി ടൈമിന്‍െറ അവസാന സെക്കന്‍ഡില്‍ യായാ ടുറെയുടെ പെനാല്‍റ്റിയിലൂടെ.
ഫെര്‍ണാണ്ടീന്യോ ഇരട്ടഗോള്‍ (51,88) നേടിയപ്പോള്‍ അല്‍വാരോ നെഗ്രഡോ (39), ഡേവിഡ് സില്‍വ (66) എന്നിവരാണ് സിറ്റിയുടെ ശേഷിച്ച ഗോളടിക്കാര്‍. ഇരട്ട ഗോളുമായി തിയോ വാല്‍ക്കോട്ടും (31, 63), അവസാന മിനിറ്റില്‍ പെര്‍ മെര്‍റ്റസാകറും സ്കോര്‍ചെയ്തെങ്കിലും ഇത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റിയൊരുക്കിയ പ്രളയത്തില്‍നിന്ന് കരപറ്റാന്‍ സഹായം ചെയ്തില്ല.
മറ്റൊരു മത്സരത്തില്‍ ചെല്‍സി 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. ഫെര്‍ണാണ്ടോ ടോറസും (16), റമിറസും (35) ചേര്‍ന്നാണ് നീലപ്പടക്ക് വിജയമൊരുക്കിയത്. ലീഗ് പോയന്‍റ് പട്ടികയില്‍ ആഴ്സനല്‍ ഒന്നാമതും (35), ചെല്‍സി രണ്ടാമതും (33), മാഞ്ചസ്റ്റര്‍ സിറ്റി (32) മൂന്നാം സ്ഥാനത്തുമാണ്. തകര്‍പ്പന്‍ ഫോമിലുള്ള എവര്‍ടന്‍ 4-1ന് ഫുള്‍ഹാമിനെ വീഴ്ത്തി. 31 പോയന്‍റുമായി നാലാം സ്ഥാനത്താണ് എവര്‍ടന്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണികിനെ ജര്‍മന്‍ മണ്ണില്‍ കെട്ടുകെട്ടിച്ചത്തെിയ സിറ്റിയുടെ മാനസികാധിപത്യത്തിനു മുന്നില്‍ ആഴ്സനല്‍ കീഴടങ്ങിയിരുന്നു. സെര്‍ജിയോ അഗ്യൂറോയും അല്‍വാരോ നെഗ്രഡോയും ഡേവിഡ് സില്‍വയും നയിച്ച ആക്രമണത്തിന് കോപ്പു കൂട്ടി ഫെര്‍ണാണ്ടീന്യോയും  സാമിര്‍ നസ്റിയും തന്ത്രം മെനഞ്ഞു.  ഒലിവര്‍ ജിറോഡ്, തിയോ വാല്‍ക്കോട്ട്, ആരോണ്‍ റംസി, മെസൂത് ഓസീല്‍ തുടങ്ങി പ്രമുഖരുമായാണ് ആഴ്സനല്‍ കളത്തിലിറങ്ങിയത്. എന്നാല്‍, ആദ്യ മിനിറ്റ് മുതല്‍ ഗ്രൗണ്ട് പിടിച്ചടക്കിയ സിറ്റിക്കു പിന്നിലായി ആഴ്സനലിന്‍െറ ഓട്ടം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP