ലാലു ജയില്‍ മോചിതനായി Posted: 16 Dec 2013 12:27 AM PST പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനായി. ഉച്ചക്ക് ഒന്നരയോടെയാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ നിന്ന് ലാലു പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുസഫര്‍നഗര്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിക്കാനാണ് ലാലു ആദ്യം തയാറാവുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കലാപബാധിതരെ പാര്‍പ്പിച്ചിട്ടുള്ള ക്യാമ്പുകളിലെ നില അങ്ങേയറ്റം ശോച്യമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ ആര്‍.ജെ.ഡി ഇടപെടുന്നത്. തണുപ്പും പോഷകാഹാരക്കുറവുംമൂലം ഒരു ഡസനിലേറെ കുട്ടികള്‍ ക്യാമ്പില്‍ മരിച്ചതായാണ് വിവരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം. |
വാഗമണ്‍ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു Posted: 16 Dec 2013 12:20 AM PST Subtitle: 14 വര്‍ഷത്തെ കാത്തിരിപ്പ് പീരുമേട്: വാഗമണില്‍ അനുവദിച്ച പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ വേണ്ടിവന്നത് 14 വര്‍ഷം. എല്‍.ഡി.എഫിന്‍െറ കാലത്ത് 99ലാണ് പൊലീസ് സ്റ്റേഷന്‍ അനുവദിച്ചത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ വാഗമണില്‍ വിദേശ, വടക്കേ ഇന്ത്യന്‍, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികള്‍ക്കെതിരെ ആക്രമണവും കൊള്ളയടിക്കലും നിരവധി തവണയുണ്ടായി. വാഗമണ്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാജമദ്യ വില്‍പനക്കാരുടെ പ്രവര്‍ത്തനവും ശക്തമാണ്. വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോഴും 30 കിലോമീറ്റര്‍ ദൂരത്തിലുള്ള പീരുമേട്, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വാഗമണ്‍ ടൗണില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്രമസമാധാനപാലനത്തിന് പരിഹാരം ആയിരുന്നില്ല. കഴിഞ്ഞ ഡിസംബറില്‍ സാമൂഹികവിരുദ്ധര്‍ ഔ്പോസ്റ്റ് ആക്രമിച്ച് പൊലീസുകാരെ പരിക്കേല്‍പിക്കുകയും ഓഫിസ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. വാഗമണ്‍ വില്ലേജിന്‍െറ അതിര്‍ത്തികള്‍ മുണ്ടക്കയം, പീരുമേട്, കാഞ്ഞാര്‍, ഉപ്പുതറ, ഈരാറ്റുപേട്ട, കുളമാവ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്നു. കോലാഹലമേട് തങ്ങള്‍പാറ മേഖലയിലെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ മുണ്ടക്കയത്തുനിന്ന് 42 കിലോമീറ്ററോളം സഞ്ചരിച്ചാണ് പൊലീസ് എത്തുന്നത്. വാഗമണ്‍, കോലാഹലമേട്, , കോടമല, പുളിക്കാനം മേഖലകളില്‍ വ്യാജമദ്യ വില്‍പന സാമൂഹികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വ്യാജമദ്യ, വാറ്റുചാരായ വില്‍പനക്കാരെ പിടികൂടാന്‍ പീരുമേടില്‍ നിന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് പൊലീസ് എത്തുമ്പോള്‍ ഇവര്‍ അപ്രത്യക്ഷരാകും. ദൂരക്കൂടുതല്‍ തുടരന്വേഷണത്തെയും ബാധിക്കുന്നു. വാഗമണിലെ കാര്‍ഷിക വിപണന കേന്ദ്രത്തില്‍നിന്ന് രണ്ട് മാസത്തിനകം സ്റ്റേഷന്‍െറ പ്രവര്‍ത്തനം ആരംഭിക്കാനും ധാരണയായി. |
പടിഞ്ഞാറന്‍ ചൈനയില്‍ പൊലീസ് വെടിവെപ്പില്‍14 മരണം Posted: 16 Dec 2013 12:14 AM PST ബെയ്ജിംഗ്:‘ പടിഞ്ഞാറന്‍ ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ അക്രമത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ശുഫു മേഖലയില്‍ കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പൊലീസ് ഒഫീസര്‍മാര്‍ കൊല്ലപ്പെടുകയുണ്ടായെന്നും ഇതെ തുടര്‍ന്ന് നടത്തിയ വെടിവെപ്പിലാണ് 14 പേര്‍ കൊല്ലപ്പെട്ടതെന്നും സര്‍ക്കാര്‍പക്ഷ മാധ്യമങ്ങള്‍ പറയുന്നു. തീവ്രവാദികള്‍ ആണ് തങ്ങളെ ആക്രമിച്ചതെന്ന് പൊലീസ് ആരോപിക്കുന്നു. ആക്രമികളുടെ കയ്യില്‍ ബോംബും കത്തിയും ഉണ്ടായിരുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. |
കാര്‍ലസ് പുയോള്‍ വിരമിക്കുന്നതായി റിപോര്‍ട്ട് Posted: 16 Dec 2013 12:09 AM PST മഡ്രിഡ്: ആധുനിക ഫുട്ബാളിലെ മുന്‍നിര ഡിഫണ്ടറും ബാഴ്സലോണയുടെ തേരാളിയുമായ കാര്‍ലസ് പുയോള്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. പരിക്കുകള്‍ വേട്ടയാടുന്ന ഈ സ്പാനിഷ് താരം കളിക്കളത്തോട് വിടപറയുകയാണെന്ന വിവരം സ്പെയനിലെ മുണ്ടോ ഡിപോര്‍ട്ടിവോ സ്പോര്‍ട്സ് മാഗസിനാണ് പുറത്തുവിട്ടിള്ളത്. മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ്, ആറു തവണ ലാ ലിഗ് കിരീടം നേടിയ പുയോള്‍ , മധ്യ പ്രതിരോധ നിരയില്‍ എതിര്‍ ചേരിയിലെ മുന്നേറ്റക്കാരുടെ പേടി സ്വപ്നമായിരുന്നു.2008 ലെ യൂറോപ്യന്‍ കപ്പിലും 2010ലെ ലോകകപ്പിലും സ്പെയിനിന് കിരീടം നേടിക്കൊടുക്കുന്നതില്‍ ഖ്യ പങ്കു വഹിച്ച പുയോള്‍ കഴിഞ്ഞ മൂന്നു മാസം നാലു തവണയാണ് കളിച്ചത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ കളിയോട് വിടപറയുകയാണെന്ന് 35 കാരനായ പുയോള്‍ സഹ പ്രവര്‍ത്തകരെ അറിയിച്ചതായി റിപോര്‍ട്ടുണ്ട്. അതേസമയം, വിരമിക്കുന്ന കാര്യം പുയോള്‍ ഇതുവരെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കളിയുടെ അവസാന നാളുകളില്‍ പുയോള്‍ അമേരിക്കയിലേക്കോ ഖത്തറിലേക്കോ മാറാനിടയുണ്ടെന്നും മുണ്ടോ ഡിപോര്‍ട്ടിവോ റിപോര്‍ട്ട് ചെയ്യുന്നു. |
ദ്രുതവാട്ടം സംഭവിച്ച ഇടതുപക്ഷം Posted: 15 Dec 2013 11:45 PM PST ഡിസംബര്‍ എട്ടിന് അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തറപറ്റിയത് കേന്ദ്രത്തിലെ പ്രധാന ഭരണകക്ഷിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്-ഐ മാത്രമാണെന്ന മട്ടിലുള്ള വിശകലനങ്ങളും വിമര്‍ശങ്ങളും ചൂടുപിടിക്കെ, ഇടതുമുന്നണിയിലെ ആര്‍.എസ്.പി ദേശീയ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡന്‍ നടത്തിയ നിരീക്ഷണം പ്രധാനവും ശ്രദ്ധേയവുമാണ്. 629 നിയമസഭാ സീറ്റുകളില്‍ ഒന്നില്‍പോലും ഇടതുപാര്‍ട്ടികള്‍ ജയിച്ചിട്ടില്ളെന്നത് ഗൗരവപൂര്‍വം കാണണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാജസ്ഥാനില്‍ നേരത്തേയുണ്ടായിരുന്ന മൂന്നു സ്ഥാനങ്ങളും സി.പി.എമ്മിന് നഷ്ടപ്പെടുകയാണുണ്ടായത്. മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും ഒന്നും ലഭിച്ചില്ല. മധ്യപ്രദേശിലും ഛത്തിസ്ഗഢിലും അതേ കഥ. ഇടതുപക്ഷ ചിന്താധാരകള്‍ക്ക് വേരോട്ടമുള്ള സര്‍വകലാശാലകളുടെ ആസ്ഥാനമായ ദല്‍ഹിയില്‍പോലും തീര്‍ത്തും ദയനീയമായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രദര്‍ശനം. അരവിന്ദ് കെജ്രിവാള്‍ മുന്നൊരുക്കമൊന്നുമില്ലാതെ തട്ടിക്കൂട്ടിയ ബദല്‍ രാഷ്ട്രീയ പാര്‍ട്ടിയായ ആം ആദ്മി പോലും കാഴ്ചവെച്ച തിളക്കമാര്‍ന്ന വിജയം രാജ്യത്തെയാകെ അമ്പരപ്പിച്ചിരിക്കെയാണ്, തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍െറയും സ്വന്തം പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനങ്ങളില്‍നിന്ന് പൂര്‍വാധികം ഒറ്റപ്പെട്ടിരിക്കുന്നത്. തീര്‍ത്തും സാമ്രാജ്യത്വത്തിന്‍െറ പാദസേവകരെന്നും അങ്ങേയറ്റം ജനദ്രോഹകരമായ നവ ഉദാരീകരണനയങ്ങളുടെ കുഴലൂത്തുകാരെന്നും ഇടതുപക്ഷം വിശേഷിപ്പിക്കുന്ന വലതുപക്ഷ പാര്‍ട്ടികളുടെ മുന്നില്‍ എഴുന്നേറ്റുനില്‍ക്കാനാവാതെ, പശു-ഹിന്ദി ബെല്‍റ്റില്‍ ഇടതുപക്ഷത്തിന് പണ്ടേ സ്വാധീനമില്ലായിരുന്നു എന്ന ലളിതവത്കരണം ഈ സമസ്യക്ക് മറുപടിയേ അല്ല. രാജ്യത്തെ ഏറ്റവും പിന്നാക്കമായ ആദിവാസികള്‍ക്കും ചൂഷിത ജനവിഭാഗങ്ങള്‍ക്കും അധ$സ്ഥിത ജാതികള്‍ക്കും പ്രാമുഖ്യമുള്ള സംസ്ഥാനങ്ങളാണ് ഇവയിലേറെയും. പക്ഷേ, അവരെ പ്രത്യയശാസ്ത്രപരമായി ബോധവത്കരിക്കാന്‍ കഴിഞ്ഞില്ളെന്നതോ പോകട്ടെ, ജനകീയ പ്രശ്നങ്ങളുടെ പരിഹാരം തേടിയുള്ള സമരങ്ങളിലൂടെ ഗണ്യമായ വിഭാഗത്തിന്‍െറ അനുഭാവം പിടിച്ചുപറ്റാന്‍പോലും സാധിച്ചില്ളെന്നത്, ഇടതുപക്ഷത്തിന്‍െറ അപ്രസക്തിയും കാലഹരണവും വിളിച്ചോതുകയല്ളേ എന്നാലോചിക്കണം. ബഹിരാകാശത്തോളമുയരുന്ന വിലക്കയറ്റവും അഴിമതിയും, മറുവശത്ത് ലോകമുതലാളിത്തത്തിന്‍െറ ഈറ്റില്ലങ്ങളില്‍പോലും കാണാനാവാത്ത സാമ്പത്തിക കേന്ദ്രീകരണവും സ്വാഭാവികമായിതന്നെ ജനങ്ങളെ ഇടതുപക്ഷത്തേക്കും സോഷ്യലിസ്റ്റ് ചേരിയിലേക്കും ആകര്‍ഷിക്കേണ്ടതാണ്. ഇന്ത്യയിലേതിനേക്കാള്‍ കരുത്തേറിയ നാടുവാഴി-ജന്മിത്ത ശക്തികളും ഫാഷിസവും പിടിമുറുക്കിയ നാടുകളിലാണ് അവയെല്ലാം നിലംപരിശാക്കിക്കൊണ്ട് സോഷ്യലിസം രക്തപതാക പറപ്പിച്ചിരുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. ജനാധിപത്യ ഇന്ത്യയിലാകട്ടെ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ധാരകള്‍ക്ക് സംഘടിക്കാനോ പ്രവര്‍ത്തിക്കാനോ പ്രചാരണം നടത്താനോ ഒരുവിധ തടസ്സവുമില്ല. പാര്‍ലമെന്‍ററി ജനാധിപത്യം ലക്ഷ്യസാഫല്യത്തിന്‍െറ മാര്‍ഗമായി അംഗീകരിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുഘട്ടത്തില്‍ പാര്‍ലമെന്‍റില്‍ അവഗണിക്കാനാവാത്ത സാന്നിധ്യം തെളിയിക്കുകയും ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പും ആദര്‍ശവ്യതിയാനവും ബലക്ഷയത്തിന് നിമിത്തമായെങ്കിലും സമീപകാല പതിറ്റാണ്ടുകളില്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് വിശാലമായ ഇടതുമുന്നണി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കുകയുണ്ടായി. പക്ഷേ, കാലം അതിവേഗം മുന്നോട്ടുനീങ്ങുകയും മാറ്റങ്ങളുടെ ഗതിവേഗം അമ്പരപ്പിക്കുംവിധം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ കുഴിയാനയെപ്പോലെ പിറകോട്ടാണ് ഇടതുപക്ഷത്തിന്‍െറ നടത്തം എന്നതാണ് വിചിത്രമായ പ്രതിഭാസം. അതിന് അടിവരയിടുന്നതാണുതാനും ആര്‍.എസ്.പി നേതാവ് ചൂണ്ടിക്കാട്ടിയപോലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസുകളോ പ്ളീനങ്ങളോ, തെറ്റുതിരുത്തല്‍ രേഖകളോ ഒന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതുപക്ഷത്തെയും ബാധിച്ച ദ്രുതവാട്ട രോഗത്തിന് പ്രതിവിധിയാവുന്നില്ല. കാരണങ്ങള്‍ സമഗ്രവും അഗാധവുമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണെങ്കിലും പ്രത്യക്ഷത്തില്‍തന്നെ ഒരുവക ചിന്താശക്തിയുള്ളവര്‍ക്കൊക്കെ കാണാനാവുന്ന ചില സത്യങ്ങളുണ്ട്. അതിലേറ്റം പ്രധാനമാണ് ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് ആവിഷ്കരിക്കുന്ന തന്ത്രങ്ങളിലെ തെറ്റായ മുന്‍ഗണനാക്രമവും വഴിപാട് സമരങ്ങളുടെ ജീര്‍ണതയും. വെറും മുദ്രാവാക്യം വിളിയും പ്രകടനങ്ങളും പണിമുടക്കും വഴിമുടക്കലും കുത്തിയിരിപ്പും ഉപരോധവും ഹര്‍ത്താലും കൊണ്ട് സാമാന്യജനത്തിന്‍െറ അനുഭാവം പിടിച്ചുപറ്റിയിരുന്ന കാലം കഴിഞ്ഞുപോയി. ദുര്‍ഭരണത്തിനും ചൂഷകര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ ചൂലെടുക്കാനും ദുശ്ശക്തികളെ മുട്ടുകുത്തിക്കാനും പുതിയ മാര്‍ഗങ്ങളും രീതികളും ആവിഷ്കരിച്ചേ മതിയാവൂ. ജനങ്ങളെ അവിചാരിതമായി വഴിയാധാരമാക്കാനും അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനും ഗതാഗതം സ്തംഭിപ്പിക്കാനും മുതിര്‍ന്നാല്‍ അനുഭാവം അല്ല, പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തുകയെന്ന് നിരന്തരം തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്‍െറ ജനാധിപത്യപരമായ മാറ്റത്തിന് പണിയെടുക്കുന്നതിനു പകരം ഭരണത്തിന് നേതൃത്വം നല്‍കുന്നയാളുടെ രാജി മാത്രം ആവശ്യപ്പെട്ടു നടത്തുന്ന വഴിപാട് സമരം വസതിയിലേക്കു കൂടി വ്യാപിപ്പിച്ചതുകൊണ്ട് എന്തു നേട്ടമാണുണ്ടാവുക? അതുകൊണ്ടുതന്നെയാണ് വഴി സമ്പൂര്‍ണമായി മുടക്കിക്കൊണ്ടുള്ള ഉപരോധത്തിനെതിരെ ഒറ്റക്ക് പ്രതിഷേധിച്ച വീട്ടമ്മക്ക് ദിനംപ്രതി ജനപിന്തുണ ഏറിവരുന്നത്. അതിന് അവരെ തെറിവിളിച്ചതുകൊണ്ട് കാര്യമില്ല. സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.എം പഠിക്കുന്നില്ളെന്ന് ഇടതു സഹയാത്രികനായ സാഹിത്യ പ്രമുഖന് കുറ്റപ്പെടുത്തേണ്ടിവന്നതും വെറുതെയല്ല. ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നതിനുപകരം ആത്മപരിശോധനക്ക് തയാറാവുകയാണ് വീണ്ടെടുപ്പ് ആഗ്രഹിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ചുമതല. |
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ അമിത ഫീസെന്ന് ആക്ഷേപം Posted: 15 Dec 2013 11:27 PM PST പത്തനംതിട്ട: വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ അമിത ഫീസ് ഈടാക്കുന്നതായി ആക്ഷേപം. വിദ്യാഭ്യാസ മേഖലക്ക് മാതൃക എന്ന് അവകാശപ്പെടുന്ന സ്കൂള്‍, ഭരണഘടന കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് രക്ഷിതാക്കളുടെ സംഘടന കുറ്റപ്പെടുത്തുന്നു. കേന്ദ്രീയ മാനവ വിഭവശേഷി മന്ത്രാലയത്തിന്‍െറ കീഴിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാലയ വികാസ് നിധി, കമ്പ്യൂട്ടര്‍ ഫീസ് തുടങ്ങിയ പേരില്‍ ഇവിടെ നിര്‍ബന്ധിത ഫീസുകള്‍ പിരിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് നാലുവര്‍ഷം മുമ്പ് ഒഡിഷ ഹൈകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ഈസാമ്പത്തിക വര്‍ഷം ഫീസുകള്‍ 103 ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രീയ വിദ്യാഭ്യാസ നിയമത്തിന്‍െറ പശ്ചാത്തലത്തില്‍ കേരള ഹൈകോടതി ഫീസ് നിരക്ക് വര്‍ധന തടഞ്ഞിരുന്നു. പാരന്‍റ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടിയുണ്ടായത്. ഫീസ് വര്‍ധനക്കെതിരെ കെ.വി.പി.എ നല്‍കിയ കേസില്‍ വിധിയുടെ ആനുകൂല്യത്തിനായി രണ്ടുടേമില്‍ ഓരോ കുട്ടിക്കും 1860 രൂപ വീതം ഇളവ് ലഭിച്ചു. ഈ വിധിക്കെതിരെ കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെ.വി.എസ്) ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ഫീസ് വര്‍ധിപ്പിച്ച നടപടിക്ക് അംഗീകാരം നല്‍കണമെന്നാണ്് അവരുടെ വാദം. രക്ഷിതാവിന്‍െറ സാമ്പത്തികമോ ജോലിയോ നോക്കാതെ എല്ലാകുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം ലഭിക്കേണ്ടത് കുട്ടികളുടെ ഭരണഘടനാപരമായ അവകാശമാണ്. 2009 ലെ ഫീസ് വര്‍ധന തടഞ്ഞ ഒഡിഷ, ആന്ധ്ര എന്നീ ഹൈകോടതി വിധിക്കെതിരെ ആപ്പീലുമായി പോകാത്ത സംഗതന്‍ 2013 ലെ ഫീസ് വര്‍ധന തടഞ്ഞ കേരളത്തിലെ വിധിക്കെതിരെ അപ്പീലുമായി വന്നത് സ്വാഭാവിക നീതി നിഷേധിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്ന് വിമര്‍ശമുയരുന്നു. രാജ്യത്തെ മറ്റ് സ്വകാര്യവിദ്യാലയ നടത്തിപ്പുകാര്‍ക്ക് മാതൃകയാകേണ്ട കേന്ദ്രസര്‍ക്കാര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഫീസുകള്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചതോടെ മുഴുവന്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലും ഫീസുകള്‍ ഈ വര്‍ഷം കുത്തനെ കൂട്ടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ഒരുവിഭാഗത്തിനും റിസര്‍വേഷന്‍ കാറ്റഗറിയില്‍ വരുന്ന ഏതാനും പേര്‍ക്കും ഫീസ് തുക അതത് വകുപ്പുകള്‍ വഴി തിരികെ ലഭിക്കുന്നുണ്ട്. എന്നാല്‍, നല്ലൊരു ശതമാനം വരുന്ന വിരമിച്ച പട്ടാളക്കാര്‍,കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ (ഇവര്‍ കേന്ദ്രീയ വിദ്യാലയ സംഗതന്‍െറ കണക്കില്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഫീസ് ആനുകൂല്യം ലഭിക്കുന്ന ജീവനക്കാരാണ്) എല്‍.ഐ.സി പോലുള്ള പൊതുമേഖലാ കമ്പനികളിലെ ജീവനക്കാര്‍, സംസ്ഥാന സര്‍വീസിലെ പൊലീസ്, ഫോറസ്റ്റ്, മറ്റ് വിഭാഗം ജീവനക്കാര്‍, എം.പി ക്വോട്ടകളില്‍ പ്രവേശം ലഭിച്ച മറ്റിതര വിഭാഗക്കാര്‍ എന്നിവരുടെ മക്കള്‍ക്ക് ഓരോമാസവും 600 മുതല്‍ 100 രൂപ വരെയാണ് നല്‍കേണ്ടിവരുന്നത്. ആറുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളില്‍നിന്ന് സ്കൂള്‍ വികസനത്തിന്‍െറ പേരില്‍ ഒരുതരത്തിലുള്ള ചാര്‍ജും പിരിക്കരുതെന്നും എല്ലാചെലവും ബന്ധപ്പെട്ട സ്കൂള്‍ നടത്തുന്ന സര്‍ക്കാറുകള്‍ വഹിക്കണമെന്നാണ് നിയമം. ഈടാക്കുന്ന എല്ലാത്തരം ഫീസും ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രീയ വിദ്യാലയ പാരന്‍റ്സ് അസോസിയേഷന്‍, ചെന്നീര്‍ക്കര, അടൂര്‍ കെ.വികളിലെ രക്ഷിതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശം, സാമാന്യ നീതി എന്നിവ നിഷേധിക്കുന്ന കേന്ദ്രീയ വിദ്യാലയ സംഗതന്‍െറ ജനാധിപത്യ വിരുദ്ധ നയങ്ങളെയും നിലപാടുകളെയും ഒറ്റക്കെട്ടായി ജനാധിപത്യ നിയമാനുസൃത രീതിയില്‍ ചെറുക്കാനും യോഗം തീരുമാനിച്ചു. വര്‍ഷങ്ങളായി നികത്താത്ത സ്ഥിര അധ്യാപകരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുക, കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കടുത്ത വേനല്‍ അനുഭവപ്പെടുന്ന ഏപ്രില്‍ മധ്യവേനല്‍ അവധി നല്‍കുക, ആര്‍.ടി.ഇ നിയമനം പൂര്‍ണമായി ഉടന്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ നടപ്പാക്കുക, വി.എം.സി.പി.ടി.എ എന്നിവയെ ജനാധിപത്യവത്കരിക്കുക, അധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കുക, കുട്ടികളുടെ ഉച്ചഭക്ഷണ സമയം 20 മിനിറ്റ് എന്നത് ദീര്‍ഘിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. മാത്യു ജോണ്‍, ഷീലാകുമാരി, ഷേര്‍ളി ബാബു, ജോളി തോമസ്, സുമ ബിജു, മുരളീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓമല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ജേക്കബ് ആന്‍റണിയുടെ സാന്നിധ്യത്തില്‍ ജില്ലാതല ഭാരവാഹികളെ തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് ചീഫ് കോഓഡിനേറ്റര്‍ സാമുവേല്‍ പോള്‍, പ്രസിഡന്‍റ് അഡ്വ.പി.വി. വിജയമ്മ, വൈസ് പ്രസിഡന്‍റ് എ.പി. രമേഷ് കുമാര്‍ , സെക്രട്ടി എ.കെ. സജീവ്,ജോയന്‍റ് സെക്രട്ടറിമാരായി രാജി ബിജു, റോയി സ്കറിയ എന്നിവരും ട്രഷറര്‍ കോശിക്കുഞ്ഞ്, സംസ്ഥാനതല സമിതിയിലേക്ക് കെ.ജി. അനിത , ഡോ.ഫിലിപ്പോസ് ഉമ്മന്‍ എന്നിവരെയും തെരഞ്ഞടുത്തു. |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയില്‍ വാക്കേറ്റം Posted: 15 Dec 2013 11:14 PM PST ഈരാറ്റുപേട്ട:കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയോഗത്തില്‍ തര്‍ക്കവും വാക്കേറ്റവും. വാക്കേറ്റത്തെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്‍റും പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ തോമസ് ചൂണ്ടിയാനിപ്പുറം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ജില്ലയുടെചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബാബു പ്രസാദ്, കെ.പി.സി.സി സെക്രട്ടറി ഷാനവാസ് ഖാന്‍, കോട്ടയം ഡി.സി.സി.പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി എന്നിവര്‍ വേദിയിലിരിക്കെയാണ് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി അംഗങ്ങള്‍ ഏറ്റുമുട്ടിയത്. യൂനിറ്റ് മാനേജ്മെന്‍റിന്‍െറ ഭാഗമായി പാര്‍ട്ടി ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന യോഗം ചേരുന്നതിനിടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി എടുത്ത നടപടികള്‍ക്കെതിരെ അംഗങ്ങള്‍ രംഗത്തുവന്നത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും വാഗമണ്‍, ഇല്ലിക്കല്‍മല, മൂന്നിലവ് പ്രദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇടംപിടിക്കാത്തതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ പാര്‍ട്ടി നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി ജീവിക്കുന്ന കൃഷിഭൂമിയില്‍നിന്ന് കര്‍ഷകരെ കുടിയിറക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വേണ്ടസമയത്ത് പ്രതികരിക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാണിച്ചുവെന്നും ചൊവ്വാഴ്ച സുപ്രീംകോടതിയിലെ ഹരിത ബെഞ്ച് മുമ്പാകെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുകൂല നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കുറ്റപ്പെടുത്തിയാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഇക്കാര്യത്തില്‍ആന്‍േറാആന്‍റണി എം.പി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. പ്രശ്നത്തില്‍ കോണ്‍ഗ്രസ് അവസരോചിതമായി ഇടപെടാന്‍ വൈകിയത് ഇടതുപക്ഷത്തിന് സമരം കൈയിലെടുക്കാന്‍ അവസരം നല്‍കിയതായും അംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് പൂഞ്ഞാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ തഴഞ്ഞതില്‍ ഗ്രൂപ്നേതാക്കള്‍ രംഗത്തുവരികയും ഗ്രൂപ് തിരിഞ്ഞ് വാക്കേറ്റവും തര്‍ക്കത്തിനും ഇടയാക്കി. 13 അംഗ ബാങ്ക് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ലഭിച്ച നാല്സീറ്റുകളില്‍ ഒരെണ്ണം നല്‍കണമെന്ന ഐ ഗ്രൂപ് ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വാക്കേറ്റം. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച നോമിനേഷന്‍ ആരംഭിക്കും. |
പറമ്പിക്കുളത്തും സൈലന്‍റ്വാലിയിലും സന്ദര്‍ശകര്‍ക്ക് നിരോധം Posted: 15 Dec 2013 11:07 PM PST Subtitle: കടുവ കണക്കെടുപ്പ് ഇന്നുമുതല്‍ പാലക്കാട്: പറമ്പിക്കുളം, സൈലന്‍റ്വാലി, നെല്ലിയാമ്പതി, ആനമല വനമേഖലകളില്‍ തിങ്കളാഴ്ച മുതല്‍ 23 വരെ സഞ്ചാരികള്‍ക്ക് പ്രവേശം നിരോധിച്ചു. കേരള വനമേഖലയോട് ചേര്‍ന്ന തമിഴ്നാട്, കര്‍ണാടക വനമേഖലകളിലാണ് കടുവകളുടെ കണക്കെടുപ്പ് നടക്കുന്നത്. പറമ്പിക്കുളം, ആനമല കടുവാ സങ്കേതങ്ങളില്‍ ഒരേ സമയത്താണ് കണക്കെടുപ്പ്. പറമ്പിക്കുളം കടുവാ സങ്കേതത്തെ നാല് റേഞ്ചുകളില്‍ 24 ബ്ളോക്കായി തിരിച്ചാണ് കണക്കെടുപ്പ്. നെന്മാറ ഡിവിഷനില്‍ ഉള്‍പ്പെടുന്ന നെല്ലിയാമ്പതി മിന്നാംപാറ പ്രദേശത്തേക്കും സഞ്ചാരികളെ കടത്തിവിടില്ല. ഒരു ബ്ളോക്കില്‍ മൂന്ന് മുതല്‍ നാല് വരെയുള്ള സംഘങ്ങളായാണ് കണക്കെടുപ്പ് നടത്തുന്നത്. കടുവയുടെ കാലടയാളം, സഞ്ചാരപഥത്തിലെ അടയാളം, മരങ്ങളിലുണ്ടാവുന്ന പോറലുകള്‍ എന്നിവയാണ് കണക്കെടുപ്പിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍. എട്ട് ദിവസങ്ങളിലായി നടക്കുന്ന കണക്കെടുപ്പില്‍ വനം വകുപ്പിന്‍െറ രണ്ട് പ്രതിനിധികളോടൊപ്പം കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള വിദ്യാര്‍ഥികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കും. കേരളത്തിലെ മറ്റ് വന്യജീവി സങ്കേതങ്ങളിലും കടുവകളുടെ കണക്കെടുപ്പ് നടക്കുന്നുണ്ട്. |
എ.കെ ഗാംഗുലിക്കെതിരായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത് Posted: 15 Dec 2013 11:00 PM PST കൊല്‍ക്കത്ത: ലൈംഗിക പീഡനാരോപണം നേരിടുന്ന സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജ് എ.കെ ഗാംഗുലിക്കെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി പുറത്ത്. ‘ഇങ്ങനെ തന്നെയാണോ നിങ്ങളുടെ മകളോടും പെരുമാറുക? എന്‍്റെ ദൈവമേ...’പെണ്‍കുട്ടി കോടതി പാനല്‍ മുമ്പാകെ തന്‍്റെ ദുരനുഭവം വിവരിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ് പറഞ്ഞതാണ് ഈ വാക്കുകള്‍. ആരോപണം പുറത്തുവന്ന അതേ ദിനം ഇന്ദിര ജെയ്സിങ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നില്‍കിയിരുന്നു. ഇതെ തുടര്‍ന്ന് തന്‍െറ അധികാര പരിധി വെച്ചുകൊണ്ട് ഈ വിഷയം അന്വേഷിക്കാന്‍ മൂന്ന് ജഡ്്ജ്മാരടങ്ങുന്ന പാനലിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിരുന്നു. വനിതാ ജഡ്ജി ആണ് ഇതിലെ ഒരംഗം. നീതിപീഠത്തിന്‍്റെ തലപ്പത്ത് ഇരിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് പെണ്‍കുട്ടിയുടെ വാക്കുകളിലുടെ പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിക്ക് മാത്രമായി ഒരു പ്രത്യേക മുറി തയാറാക്കാനാവില്ളെന്നും അതിനാല്‍ തനിക്കൊപ്പം മുറിയില്‍ കഴിയണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാല്‍ തന്‍്റെ പ്രതിഷേധം വകവെക്കാതെ പിടിച്ച് അടുത്തേക്ക് വലിച്ചുവെന്നും രാത്രി ഭക്ഷണത്തിന്‍്റെ സമയത്ത് പിന്‍വശത്ത് കൈവെച്ച് തന്നോട് സഹകരിക്കാമെന്ന് സമ്മതിച്ചതില്‍ നന്ദി പറയുവെന്നും പറഞ്ഞു. ശരീരത്തില്‍ തൊടുന്നത് മാന്യതക്ക് നിരക്കുന്നതല്ളെന്ന അനിഷ്ടം വ്യക്തമായി സൂചിപ്പിച്ച് പിറകിലേക്ക് മാറി നിന്നിട്ടും തന്‍്റെ ശരീരത്തില്‍ നിന്ന് കൈ പിന്‍വലിക്കാന്‍ ജഡ്ജ് തയ്യാറായില്ളെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ‘ഈ സമയത്ത് ജഡ്ജ് തന്‍്റെ അടുത്തേക്ക് വരികയും തലയില്‍ കൈവെച്ച് നീ വളരെ സുന്ദരിയാണ് എന്ന് പറയുകയും ചെയ്തു. ഉടന്‍ തന്നെ ഞാന്‍ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റു. പക്ഷെ എനിക്ക് തടുക്കാനാവും മുമ്പ് അയാള്‍ എന്‍്റെ കയ്യില്‍ കയറിപ്പിടിച്ചു... പിന്നെയും ഞാന്‍ കുതറി മാറവെ അയാള്‍ തന്‍്റെ കയ്യില്‍ മുഖമമര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ദല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ 2012 ഡിസംബറിലാണ് സംഭവം നടന്നത്. ജസ്റ്റിസ് ഗാംഗുലിയെ ഒൗദ്യോഗിക കൃത്യത്തില്‍ സഹായിക്കാനാണ് അഭിഭഷകയായ പെണ്‍കുട്ടി അനുഗമിച്ചത്. എന്നാല്‍,ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച ജസ്റ്റിസ് ഗാംഗുലി പശ്ചിമ ബംഗാള്‍ മനഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ തയ്യാറായിട്ടില്ല. ഗാംഗുലിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍്റെ തലപ്പത്തു നിന്ന് ജസ്റ്റിസ് ഗാംഗുലി രാജി വെക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിനു പുറമെ മറ്റ് മൂന്നു പെണ്‍കുട്ടികള്‍ക്കെങ്കിലും ഇതേ ജഡ്ജിയില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നുവെന്നും ഇന്ദിര ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഉന്നത സ്ഥാനത്തരിക്കുന്ന വ്യക്തിക്കെതിരെ ഒരു നീക്കവും ഉണ്ടാവില്ളെന്ന ആശങ്ക നിലനിര്‍ത്തിക്കൊണ്ട് ഗാംഗുലിക്കെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സ്ത്രീ സുരക്ഷക്കായി 2013ല്‍ രൂപവല്‍ക്കരിച്ച നിയമത്തിന്‍്റെ പരിധിയില്‍ നിന്നും ഈ കേസിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആരോപിക്കപ്പെടുന്ന സംഭവം നടന്നത് 2012ല്‍ ആണെന്നാണ് ഇതിന് പറയുന്ന ന്യായം. അതേസമയം, രൂപന്‍ ബജാജ് സംഭവത്തില്‍ കെ.പി.എസ് ഗിലി്ളനെതിരായ വിചാരണ വിജയകരമായി പൂര്‍ത്തിയാക്കിയ സംഭവം മുന്നില്‍ കണ്ട് ഈ കേസിലും അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിക്കൊപ്പം നീതി തേടുന്ന ലോകം. |
സ്വയം തൊഴിലിന് പട്ടികജാതിക്കാര്‍ക്ക് പദ്ധതി; മന്ത്രിയുടെ ജില്ലയില്‍ നിര്‍ത്തി Posted: 15 Dec 2013 10:55 PM PST Subtitle: അപേക്ഷകള്‍ ഇപ്പോഴും വാങ്ങുന്നു മഞ്ചേരി: പട്ടികജാതി വികസനവകുപ്പില്‍ സ്വയം തൊഴിലുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും ഇപ്പോള്‍ നടപ്പാക്കുന്നില്ലെന്ന് ജില്ലാ പട്ടികജാതി ഓഫിസര്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അപേക്ഷകരെ കണ്ടെത്തി മറ്റു ജില്ലകളില്‍ ജില്ലാ പട്ടികജാതി ഓഫിസിന്‍െറ മേല്‍നോട്ടത്തില്‍ സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കിവരുമ്പോള്‍ വകുപ്പുമന്ത്രിയുടെ ജില്ലയില്‍ പദ്ധതി നിലച്ചതിന്‍െറ കാരണം തേടി മഞ്ചേരി കരുവമ്പ്രം സ്വദേശി സി. വിപിന്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ഭരണാനുമതി വരുന്നില്ലെന്നാണ് വിശദീകരണം. പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെങ്കിലും പണമില്ലെന്ന കാരണത്താല്‍ മരവിപ്പിച്ച സ്ഥിതിയാണ്. പട്ടികജാതി വിഭാഗത്തിന്‍െറ വികസനത്തിന് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം എന്ന് തിരക്കിയപ്പോഴാണ് ജില്ലയില്‍ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് ജില്ലാ വികസ ഓഫിസര്‍ മറുപടി നല്‍കിയത്. വായ്പാ തുകയുടെ മൂന്നിലൊരു ഭാഗം സബ്സീഡി നല്‍കി ദേശസാത്കൃത ബാങ്കുകള്‍ വഴിയാണ് പട്ടികജാതി വികസനത്തിന് സ്വയംതൊഴില്‍ വായ്പ നല്‍കിയിരുന്നത്. പദ്ധതി നിര്‍ത്തിയെന്ന് വ്യക്തമാക്കുന്നില്ലെന്നും അതേസമയം, ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍വഴി അപേക്ഷകള്‍ വാങ്ങിവെക്കുകയും ചെയ്യുന്നതായാണ് പരാതി. 2011-12 വര്‍ഷം 34.48 ലക്ഷവും 2012-13ല്‍ 18.83 ലക്ഷവും വായ്പ നല്‍കിയ പദ്ധതിയില്‍ 2013-14 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം ശേഷിക്കേ കേവലം 15,485 രൂപ മാത്രമാണ് അനുവദിച്ചത്. പട്ടികജാതി വകുപ്പില്‍ ഇത്തരം ഫണ്ട് അര്‍ഹര്‍ക്കല്ലാതെയും സബ്സീഡി വെട്ടിക്കാനും നല്‍കുന്നതായി നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. അപ്പോഴും സാധാരണക്കാര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളോടെ സ്വയം തൊഴിലിന് പണം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. 111 പേരുടെ അപേക്ഷ നവംബര്‍ 22 വരെ കെട്ടിക്കിടക്കുകയാണ്. വായ്പ ഉടന്‍ അനുവദിക്കുമെന്ന് കരുതി സ്വയം തൊഴിലിന് അടിസ്ഥാന ഒരുക്കങ്ങള്‍ കടംവാങ്ങിയും മറ്റും നടത്തിയവരാണ് പ്രതിസന്ധിയിലായത്. |
No comments:
Post a Comment