സ്വാഗതം
WELCOME

News Update..

Friday, December 20, 2013

വ്യാജമദ്യം: പരിശോധന ശക്തമാക്കി Madhyamam News Feeds

വ്യാജമദ്യം: പരിശോധന ശക്തമാക്കി Madhyamam News Feeds

Link to

വ്യാജമദ്യം: പരിശോധന ശക്തമാക്കി

Posted: 20 Dec 2013 01:12 AM PST

Subtitle: 
കണ്‍ട്രോള്‍ റൂം തുറന്നു

പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളയില്‍ വ്യാജമദ്യ വില്‍പനക്കെതിരെ സംയുക്തമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അധ്യക്ഷനായ ജില്ലാ ജനകീയ കമ്മിറ്റി തീരുമാനിച്ചു.
 വ്യാജമദ്യവുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്ന ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍:0491 2505897. ദേശീയപാതയും മറ്റ് പ്രധാന അതിര്‍ത്തി പങ്കിടുന്ന റോഡുകളും പരിശോധിക്കാന്‍ നിത്യേന രണ്ട് ടീമുകള്‍ മുഴുവന്‍സമയ പ്രവര്‍ത്തനം തുടങ്ങി. കാലയളവില്‍ ജില്ലയിലെ എല്ലാ മദ്യവില്‍പ്പനശാലകളിലും സംയുക്ത ടീമിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തും.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെയും പൊലീസിന്‍െറ കര്‍ശന നടപടി ഉണ്ടാവും.  മലയോര മേഖലകളില്‍ വ്യാജവാറ്റ് കണ്ടെത്തുവാന്‍ ൃവനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത റെയ്ഡ് നടത്തും.
വ്യാജ മദ്യവില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.  വിവരം അറിയിക്കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.  അപകടം ഒഴിവാക്കാന്‍ അംഗീകൃത മദ്യവില്‍പനശാലകളില്‍ നിന്നല്ലാതെ മദ്യം വാങ്ങി കഴിക്കരുതെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
മദ്യനിരോധന സമിതി നേതാക്കളായ കാദര്‍ മൊയ്തീന്‍, ഫാ.ജേക്കബ്ബ് വര്‍ഗീസ്, എ.ഐ.ടി.യു.സി. നേതാവ് കെ.സി. ജയപാലന്‍, ഡി.സി.സി. അംഗം പി.എച്ച്. മുസ്തഫ എന്നിവരും എക്സൈസ്, പൊലീസ്, വനംവകുപ്പ്, റവന്യൂ ജില്ലാ അധികാരികളും സംബന്ധിച്ചു.
 

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Posted: 20 Dec 2013 01:08 AM PST

മലപ്പുറം: ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന നിസ്സഹകരണ സമരം പിന്‍വലിച്ചു. മന്ത്രി എ.പി. അനില്‍കുമാറിന്‍െറ മധ്യസ്ഥതയില്‍ കെ.ജി.എം.ഒ.എ പ്രതിനിധികളുമായി കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ.
ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ആരോഗ്യസെക്രട്ടറി, കലക്ടര്‍, ഡി.എം.ഒ എന്നിവര്‍ ചേര്‍ന്ന ഉപസമിതി രൂപവത്കരിക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
മഞ്ചേരി ജനറല്‍ ആശുപത്രി നിലനിര്‍ത്തുന്നതടക്കം ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒറ്റ ദിവസംകൊണ്ട് തീരുമാനമെടുക്കാന്‍ പരിമിതിയുണ്ട്.
ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കേണ്ടതാണ്. വിഷയത്തില്‍ വൈകാതെതന്നെ ഉപസമിതി ചര്‍ച്ച നടത്തുകയും സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്യും. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായി വിഷയം ചര്‍ച്ച ചെയ്തതായും അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരമാണ് ഉപസമിതി രൂപവത്കരണമെന്നും എ.പി. അനില്‍കുമാര്‍ അറിയിച്ചു.
ഡിസംബര്‍ 24ന് ആരോഗ്യസെക്രട്ടറി ഇളങ്കോവന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. അന്ന് ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.
ധാരണപ്രകാരം സ്പെഷ്യാലിറ്റി ഒ.പി ബഹിഷ്കരണമടക്കം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരത്തില്‍നിന്ന് പിന്‍മാറിയതായി കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു.  സര്‍വീസ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ നടക്കുന്ന നിസ്സഹകരണ സമരം തുടരും. ചര്‍ച്ചയില്‍ കലക്ടര്‍ കെ. ബിജു, എ.ഡി.എം പി. മുരളീധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മായില്‍, കെ.ജി.എം.ഒ.എ  ജില്ലാ ഭാരവാഹികളായ ഡോ.എം.പി. സത്യനാരായണന്‍, ഡോ.പി. ഷംസുദ്ദീന്‍, ഡോ. എ.കെ. റഊഫ് എന്നിവര്‍ പങ്കെടുത്തു.

സ്വവര്‍ഗരതി : സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം പുന:പരിശോധനാ ഹരജി നല്‍കി

Posted: 20 Dec 2013 12:53 AM PST

Image: 

ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കിയ  വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കി. ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ 377-ാം വകുപ്പ് പരിഷ്കരിക്കണമെന്നും ഹരജിയില്‍സര്‍ക്കാര്‍  ആവശ്യപ്പെടുന്നു.
നേരത്തെ സുപ്രീംകോടതി വിധിക്കെതിരെ കോണ്‍ഗ്രസ് പ്രസിഡന്‍്റ് സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.
ഡിസംബര്‍ 11നാണ് സ്വവര്‍ഗരതി കുറ്റകരമാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗരതി നിയമവിധേയമാക്കിയ ദല്‍ഹി ഹൈകോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2009 ലാണ് പ്രകൃതി വിരുദ്ധ ലൈംഗികത തടയുന്ന 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട്  ദല്‍ഹി ഹൈകോടതി  സ്വവര്‍ഗരതി നിയമവിധേയമാക്കിയത്.

സുവര്‍ണ ജൂബിലി തിളക്കത്തില്‍ ന്യൂമാന്‍ കോളജ്; ആഘോഷം ജനുവരി ഏഴുമുതല്‍

Posted: 20 Dec 2013 12:52 AM PST

തൊടുപുഴ: ലക്ഷത്തിലേറെ പേര്‍ക്ക് അറിവിന്‍െറ അമൃത് പകര്‍ന്ന ന്യൂമാന്‍ കോളജ് സുവര്‍ണ ജൂബിലി തിളക്കത്തില്‍. ഒരാണ്ട് നീളുന്ന ജൂബിലി ആഘോഷം ജനുവരി ഏഴിന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോസഫ്, ബര്‍സാര്‍ ഫാ.ഫ്രാന്‍സിസ് കണ്ണാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി ആറിന് വിളംബര ഘോഷയാത്ര നടക്കും. വിദ്യാര്‍ഥികള്‍ മുതല്‍ കര്‍ഷകര്‍ വരെ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള വിവിധ പരിപാടികളും അഞ്ചര കോടിയോളം രൂപയുടെ വികസന പദ്ധതികളുമാണ് ജൂബിലി വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
മൂന്ന് കോടി  ചെലവിട്ട് അക്കാദമിക്ക് ബ്ളോക്, ഒരുകോടി  മുടക്കി ജൂബിലി ടവര്‍, 70 ലക്ഷം രൂപയുടെ യു.ജി.സി സഹായം കൂടി ഉള്‍പ്പെടുത്തി 1.3 കോടിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ജൂബിലി ടവറിലെ വിപുലീകരിച്ച ലൈബ്രറി ബ്ളോക്കില്‍ മത്സര പരീക്ഷകള്‍ക്ക് കുട്ടികളെ ഒരുക്കുന്ന ന്യൂമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആരംഭിക്കും.
ജൂബിലി സ്മാരക സ്കോളര്‍ഷിപ്പും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണ പരിപാടിയും നടപ്പാക്കും. രക്ഷാകര്‍തൃ സമ്മേളനം, കര്‍ഷക സമ്മേളനം, വനിത സമ്മേളനം, വികലാംഗ ദിനം, ഗുരു വന്ദനം, മാധ്യമ ശില്‍പശാല, പ്രഫഷനല്‍ മീറ്റ്, വ്യാപാരി ദിനം, ഉദ്യോഗസ്ഥദിനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
കോളജിലെ ഒമ്പത് വിഭാഗങ്ങളും ഓരോ ദേശീയ സെമിനാറുകള്‍ നടത്തും. എല്ലാമാസവും ഓരോ പ്രഭാഷണം, അന്തര്‍കോളജ് ക്വിസ്, പ്രസംഗ, ഉപന്യാസ മത്സരങ്ങള്‍ എന്നിവയും ഉണ്ടാകും. അഖില കേരള അന്തര്‍ കോളജ് വോളിബാള്‍, വടംവലി മത്സരങ്ങളാണ് കായിക വിഭാഗം ഒരുക്കുന്നത്. 10 ദിവസം നീളുന്ന ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനവും കലാസന്ധ്യയും ആഘോഷങ്ങള്‍ക്ക് പകിട്ടേകും.1964 ജൂലൈ 10നാണ് കോതമംഗലം രൂപത ന്യൂമാന്‍ കോളജ് ആരംഭിച്ചത്. 1967 ല്‍ ബിരുദ കോഴ്സും ’84ല്‍ പി.ജി കോഴ്സും ആരംഭിച്ചു.
നിലവില്‍ അഞ്ച് ബിരുദാനന്തര കോഴ്സാണ് കോളജിലുള്ളത്. വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ. ജോണ്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വര്‍ഗീസ്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്‍റ് ജോസ് സെബാസ്റ്റ്യന്‍, പ്രഫ.എം.സി. തോമസ്, എം. മോനിച്ചന്‍, സെയ്തുമുഹമ്മദ്, ജോസി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

സിംഗപ്പൂര്‍ ലഹള: ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ നടപടി തുടങ്ങി

Posted: 20 Dec 2013 12:48 AM PST

Image: 

സിംഗപ്പൂര്‍: സിംഗപ്പൂരിലെ ‘ലിറ്റില്‍ ഇന്ത്യ’ എന്നറിയപ്പെടുന്ന മേഖലയിലുണ്ടായ ലഹളയില്‍ പങ്കാളിയായ 53 ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള നടപടികള്‍ അധികൃതര്‍ അരംഭിച്ചു. ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരെ തിരിച്ചയക്കുന്നത്. കൂടാതെ കേസില്‍ ഉള്‍പ്പെട്ട 200ലധികം വിദേശികള്‍ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി ശക്തിവേല്‍ കുമാരവലു കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു 400ഓളം പേര്‍ തെരുവില്‍ അക്രമാസക്തരായത്. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ അടക്കം 39 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ, പൊതുവാഹനങ്ങള്‍ അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാരില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഏഴ് ഇന്ത്യക്കാരെ കുറ്റക്കാരല്ലെന്നു കണ്ട് ഡിസംബര്‍ 17ന് വിട്ടയച്ചിരുന്നു. ലഹളയെ തുടര്‍ന്ന് ലിറ്റില്‍ ഇന്ത്യയിലെ മദ്യവില്‍പന അധികൃതര്‍ നിരോധിച്ചു.

40 വര്‍ഷത്തിനിടെ സംഗപ്പൂരില്‍ നടക്കുന്ന ഏറ്റവും വലിയ കലാപമായിരുന്നു ഇത്. ലഹളയും കലാപവും അത്യപൂര്‍വമായ സിംഗപ്പൂരില്‍ ലിറ്റില്‍ ഇന്ത്യയിലെ സംഘര്‍ഷങ്ങള്‍ ദേശവ്യാപകമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ദുരന്ത നിവാരണ സേനക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 35 ലക്ഷം അനുവദിക്കും-മന്ത്രി അടൂര്‍ പ്രകാശ്

Posted: 20 Dec 2013 12:42 AM PST

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനക്ക് (എസ്.ഡി.ആര്‍.എഫ്) ഉപകരണങ്ങള്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
 മകരവിളക്കിന് മുന്നോടിയായി പമ്പ വാട്ടര്‍ അതോറിറ്റി ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്, പ്ളാന്‍ ഫണ്ട് എന്നിവയില്‍നിന്ന് 44,70,000 രൂപ കലക്ടര്‍ക്ക് ഇതുവരെ നല്‍കിയിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് മണ്ണെണ്ണയും പാചക വാതകവും സന്നിധാനത്തേക്ക് കൊണ്ടുപോകുന്നത് അയ്യപ്പന്മാര്‍ ഒഴിവാക്കണം. ജനുവരി ഒന്നു മുതല്‍ 15 വരെ പമ്പയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആറംഗ മുങ്ങല്‍ വിദഗ്ധരുടെ ടീമിനെ വിന്യസിക്കും. ഇതുസംബന്ധിച്ച നടപടിക്കായി കലക്ടറെ ചുമതലപ്പെടുത്തി.
തീര്‍ഥാടനത്തിനിടെ മരിക്കുന്ന അയ്യപ്പന്മാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനാവശ്യമായ പണം അനുവദിക്കുന്നതിനുള്ള നിര്‍ദേശം മന്ത്രിസഭ  യോഗത്തില്‍ അവതരിപ്പിക്കും. ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ തയാറാക്കി നല്‍കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. മകരവിളക്ക് ദര്‍ശിക്കുന്നതിന് ജില്ലയില്‍ തീര്‍ഥാടകര്‍ വലിയ തോതില്‍ കൂടിച്ചേരുന്ന പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്മല, ഇലവുങ്കല്‍, അട്ടത്തോട് എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, വൈദ്യസഹായം, ആംബുലന്‍സ് എന്നിവ ലഭ്യമാക്കും.
ശബരിമല തീര്‍ഥാടനം തുടങ്ങി ഇതുവരെ 350 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. ഈ പശ്ചാത്തലത്തില്‍ വിഷ ചികിത്സക്കുള്ള മരുന്ന് കരുതണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.  ഹാം റേഡിയോ സേവനം ശബരിമലയില്‍ ലഭ്യമാക്കും. പമ്പ ഹില്‍ടോപ്പില്‍ മകരവിളക്കിന് പൊലീസ് സുരക്ഷ ശക്തമാക്കും. ഇവിടുത്തെ ബാരിക്കേഡ് ബലപ്പെടുത്തുകയും കുഴി നികത്തുകയും ചെയ്യും.
മണ്ഡലപൂജക്കുശേഷം നട അടക്കുന്ന സമയം ഈ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് വെളിച്ചം ലഭ്യമാക്കാന്‍ ഉപയോഗിച്ചുവരുന്ന 100 അസ്കലൈറ്റുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തും. 65 സ്ഥലങ്ങളില്‍ വാട്ടര്‍അതോറിറ്റി ആറുഭാഷയിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതിന് പുറമെ അപകട സാധ്യതയുള്ള കടവുകളില്‍ താല്‍ക്കാലിക ബാരിക്കേഡ് സജ്ജമാക്കും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പൊലീസ് സേവനം ലഭ്യമാക്കും. അപകട സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ഉള്‍പ്പെടുത്തി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ തയാറാക്കി ഏഴുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിലെ വിദഗ്ധന്‍ ഫൈസലിനെ ചുമതലപ്പെടുത്തി.
ഇതിനുശേഷം ഭാവി പ്രവര്‍ത്തനം  മുന്‍നിര്‍ത്തി വിശദറിപ്പോര്‍ട്ട് തയാറാക്കും. ദേശീയ ദുരന്ത നിവാരണ സേനയും വിവിധ വകുപ്പുകളും ഈപഠനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. ദുരന്ത നിവാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കേന്ദ്രം സ്ഥാപിക്കുന്നതിന് ദേവസ്വം ബോര്‍ഡിനോട് നിലക്കല്‍ ഒരേക്കര്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിനു പുറമേ പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഉപകേന്ദ്രങ്ങള്‍ തുടങ്ങും.കര്‍ണാടക ദുരന്ത നിവാരണ സേന കെ. പ്രദീപിന്‍െറ നേതൃത്വത്തില്‍ ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള പൊലീസുമായി യോജിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എം.സി. മോഹന്‍ദാസ്, കലക്ടര്‍ പ്രണബ് ജ്യോതിനാഥ്, ജില്ലാ പൊലീസ് ചീഫ് പി. വിമലാദിത്യ, സബ് കലക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള, ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളായ ഡോ. കേശവ് മോഹന്‍, ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്. സാവിത്രി, അടൂര്‍ ആര്‍.ഡി.ഒ ഹരി എസ്. നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

അനധികൃത കടകളും ബോര്‍ഡുകളും നീക്കി

Posted: 20 Dec 2013 12:33 AM PST

ഗാന്ധിനഗര്‍: അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടകളും ബോര്‍ഡുകളും പൊളിച്ചുനീക്കി. പി.ഡബ്ള്യു.ഡി സ്ഥലത്ത് സ്ഥാപിച്ച കടകളാണ് നീക്കിയത്. റോഡ് വികസനത്തിന്‍െറ ഭാഗമായി അമ്മഞ്ചേരി മുതല്‍ മെഡിക്കല്‍ കോളജിന് സമീപം കസ്തൂര്‍ബ ജങ്ഷന്‍ വരെയുള്ള ബോര്‍ഡുകളും കടകളുമാണ് മാറ്റിയത്. അതിരമ്പുഴ-മെഡിക്കല്‍ കോളജ് റോഡിന്‍െറ ഇടതുവശത്ത് സ്ഥാപിച്ചിരുന്ന മുഴുവന്‍ അനധികൃത പെട്ടിക്കടകളും മെഡിക്കല്‍ കോളജിന് മുന്‍ ഭാഗത്തുള്ള ഇംഗ്ളീഷ് മരുന്ന് ഷോപ്പുകളുടെയും സ്വകാര്യലാബിന്‍െറയും ബോര്‍ഡുകളും ഇതില്‍പ്പെട്ടു. പല കടകളുടെ മുന്‍ഭാഗവും പോയി.
 ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാന്‍ തയാറാകാത്തതിനാല്‍ പി.ഡബ്ള്യു.ഡി അധികൃതര്‍ എത്തി പൊലീസ് സഹായത്തോടെയാണ് കടകള്‍ നീക്കം ചെയ്തത്.
അസി.എക്സി. എന്‍ജിനീയര്‍ സണ്ണി ജോര്‍ജ്, ഗാന്ധിനഗര്‍ ഗ്രേഡ് എസ്.ഐ ജി.പി. ഉത്തമന്‍, പെരുമ്പായിക്കാട് വില്ലേജ് ഓഫിസര്‍, സീനിയര്‍ സി.പി.ഒമാരായ മനോജ്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടകള്‍ നീക്കം ചെയ്തത്.  
 

150 സ്ഥലങ്ങളില്‍ കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി നടപ്പാക്കും

Posted: 20 Dec 2013 12:27 AM PST

കൊച്ചി: കേരള ബോര്‍വല്‍ ഡ്രില്ലിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്ത് 150 സ്ഥലങ്ങളില്‍  സൗജന്യ കുഴല്‍കിണര്‍  കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത വര്‍ഷകാലത്തിനു മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എം.എല്‍.എമാര്‍ നിര്‍ദേശിക്കുന്ന സ്കൂളുകള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയും വ്യക്തികളും സംഘടനകളും നിര്‍ദേശിക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക അംഗങ്ങളില്‍നിന്ന് സ്വരൂപിക്കും.  സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുഴല്‍കിണര്‍ നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അസോസിയേഷന്‍െറ രണ്ടാം സംസ്ഥാന സമ്മേളനം  ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികള്‍: എസ്.ജെ. പ്രകാശ് (പ്രസിഡന്‍റ്), കെ.കെ. വസന്തകുമാര്‍ (ജന.സെക്ര.), കെ. അബ്ദുല്‍ മജീദ് (ട്രഷറര്‍), വര്‍ഗീസ് പുത്തൂര്‍, കെ. മുഹമ്മദ്കുട്ടി ഹാജി, ശുഭലാല്‍, റോബിന്‍ ചക്കാല, സദാനന്ദന്‍ പിള്ള, ബാബു (വൈ.പ്രസി.), സാബു, അജയന്‍, സുനില്‍ കെ. മാത്യു, ടിജു സെബാസ്റ്റ്യന്‍, സാബു, പി.ടി. രവീന്ദ്രന്‍, പ്രവീണ്‍ റായ് (ജോ.സെക്ര.). വാര്‍ത്താസമ്മേളനത്തില്‍ എസ്.ജെ. പ്രകാശ്, കെ.കെ. വസന്തകുമാര്‍, കെ. അബ്ദുല്‍ മജീദ്, രവീന്ദ്രന്‍, സാബു എന്നിവര്‍ പങ്കെടുത്തു.
 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി, വിധി ജനുവരി 22ന്

Posted: 20 Dec 2013 12:20 AM PST

Image: 

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്തിമവാദം കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ജനുവരി 22ന് അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. പി. കുമാരന്‍കുട്ടി എന്നിവരുടെ വാദവും പ്രതിഭാഗം അഭിഭാഷകരുടെ മറുപടിക്കും ശേഷമാണ് വിധി പ്രഖ്യാപനത്തിനായി കേസ് മാറ്റിയത്.

2012 ഡിസംബര്‍ 20ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച കേസില്‍ ഇതോടെ കൃത്യം ഒരു കൊല്ലത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായി. മൊത്തം 72 പേര്‍ക്കെതിരെ കുറ്റപത്രം വായിച്ചുകൊണ്ട് തുടങ്ങിയ കേസില്‍ ഇപ്പോള്‍ അന്തിമവിധി കാക്കുന്നത് 36 പ്രതികള്‍ മാത്രം. 76 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കിയ കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്.

രണ്ടുപേരെ കുറ്റപത്രം വായിക്കുന്ന സമയത്തുതന്നെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി. 20 പ്രതികളെ സാക്ഷിവിസ്താരം കഴിഞ്ഞപ്പോഴും വിട്ടയച്ചു. 15 പേര്‍ക്കെതിരായ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. ഒമ്പതാം പ്രതി സി.എച്ച്. അശോകന്‍ വിചാരണക്കിടെ മരിച്ചു.

കോടംതുരുത്ത് പി.എസ് ഫെറിയില്‍ പാലം വേണമെന്ന ആവശ്യം ശക്തം

Posted: 19 Dec 2013 10:45 PM PST

അരൂര്‍: കോടംതുരുത്ത് പഞ്ചായത്തിന്‍െറ രണ്ടുഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന കോടംതുരുത്ത് പി.എസ് ഫെറിയില്‍ പാലം വേണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കുറുമ്പികായലിനെ മറികടക്കാന്‍ നാട്ടുകാര്‍ക്ക് ആശ്രയം കടത്തുവള്ളങ്ങള്‍ മാത്രമാണ്. തുരുത്തുകളിലേക്ക് നിര്‍മിക്കുന്ന ഒറ്റവരിഗതാഗതമുള്ള കാര്‍ട്ടബ്ള്‍ പാലമെങ്കിലും നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോടംതുരുത്തിന്‍െറ പടിഞ്ഞാറെ മേഖലയിലുള്ളവര്‍ക്ക് ദേശീയപാതയിലെത്താന്‍ പുതിയമാര്‍ഗം ഏറെ സഹായകമാകും. ഇപ്പോള്‍ ചമ്മനാടുപാലം ചുറ്റി ചമ്മനാട് ഹൈസ്കൂളിലും കോടംതുരുത്ത് വി.വി.എച്ച്.എസ്.എസിലും എത്താന്‍ കുട്ടികള്‍ മൂന്ന് കിലോമീറ്ററോളം ചുറ്റിയാണ് സഞ്ചരിക്കുന്നത്. കുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍നിന്ന് തള്ളുന്ന പായല്‍ക്കൂട്ടങ്ങള്‍ ആദ്യം നിറയുന്നത് കുറുമ്പിക്കായലിലാണ്. പായല്‍ തിങ്ങി കടത്തുവള്ളങ്ങള്‍ നീങ്ങാതെ മാസങ്ങളോളം ഗതാഗതം നിലച്ചിരുന്നു. ഒടുവില്‍ ചില സാമൂഹിക സംഘടനകള്‍ ഇടപെട്ടാണ് ഇവ നീക്കംചെയ്ത് ഫെറി സര്‍വീസ് പുനരാരംഭിച്ചത്. സ്കൂള്‍ കുട്ടികളാണ് ഗതാഗതസ്തംഭനത്തില്‍ ഏറെ ക്ളേശിച്ചത്.
അരൂര്‍ നിയോജക മണ്ഡലത്തില്‍ ദേശീയപാതക്ക് കിഴക്ക് തുറവൂര്‍-തൈക്കാട്ടുശേരി, കുടപുറം-എരമല്ലൂര്‍, എരമല്ലൂര്‍-കാക്കത്തുരുത്ത് എന്നീ പാലങ്ങള്‍ നിര്‍മാണ പുരോഗതിയിലെത്തുമ്പോഴും പടിഞ്ഞാറന്‍ മേഖലയിലെ പി.എസ് ഫെറിയില്‍ പാലം വരുന്നതിന് ഒരു നീക്കവും ഉണ്ടാകാത്തത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. 12 വര്‍ഷംമുമ്പ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് എം.എല്‍.എയായിരുന്ന കെ.ആര്‍. ഗൗരിയമ്മ താല്‍പര്യമെടുത്ത് പാലം നിര്‍മാണത്തിന് മണ്ണുപരിശോധനയും മറ്റും നടത്തിയിരുന്നു. എന്നാല്‍, പിന്നീട്  നടപടിയൊന്നും ഉണ്ടായില്ല.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP