കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസ് Posted: 31 Oct 2013 11:15 PM PDT കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിനെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ ചെയ്യുന്നതിന് അനുമതി തേടി നോട്ടീസ്. എം.പി റിയാദ് അല്‍ അദ്സാനിയാണ് പ്രധാനമന്ത്രിയെ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി ഇന്നലെ പാര്‍ലമെന്‍റ് സെക്രട്ടറി ജനറലിന് നോട്ടീസ് സമര്‍പ്പിച്ചത്. രണ്ടു വിഷയങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭവന പ്രതിസന്ധിയും അഴിമതിയുടെ വര്‍ധനയുമാണിവ. നിലവില്‍ രാജ്യത്തെ സ്വദേശികള്‍ അനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം ഭവന പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഇതിനെ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ പദ്ധതികള്‍ ഏറെ ദുര്‍ബലമാണെന്നും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ടും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും അദ്സാനി പറഞ്ഞു. രാജ്യാന്തര തലത്തിലെ അഴിമതി വിരുദ്ധ ഇന്‍ഡക്സില്‍ കുവൈത്തിന്‍െറ സ്ഥാനം പിറകോട്ടുപോയിരിക്കുകയാണെന്നും സാമ്പത്തിക, വാണിജ്യ രംഗം അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ പാര്‍ലമെന്‍റ് നിയമപ്രകാരം സര്‍ക്കാറിലെ ഏത് മന്ത്രിമാര്‍ക്കെതിരെയും എം.പിമാര്‍ക്ക് കുറ്റവിചാരണക്ക് അനുമതി തേടാം. നോട്ടീസ് നല്‍കുന്ന എം.പി കുറ്റവിചാരണ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം സെക്രട്ടറി ജനറല്‍ പ്രമേയത്തിന് അനുമതി നല്‍കും. ചര്‍ച്ചക്കുശേഷം ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ മന്ത്രി രാജിവെക്കണം. |
ലോകത്തെ സ്വാധീനിച്ച ആദ്യ പത്തുപേരില്‍ അബ്ദുല്ല രാജാവും Posted: 31 Oct 2013 10:50 PM PDT റിയാദ്: ഈ വര്‍ഷം ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രാഷ്ട്രനേതാക്കളിലെ ആദ്യ പത്തുപേരില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവും. അമേരിക്കയിലെ പ്രശസ്തമായ ഫോബ്സ് മാഗസിന്‍ തയാറാക്കിയ പട്ടികയിലാണ് അബ്ദുല്ല രാജാവ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. ഇത് തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷമാണ് അബ്ദുല്ല രാജാവ് ഈ സ്ഥാനം നേടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനാണ് ഇത്തവണ ഒന്നാമത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പുടിന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് മൂന്നാമത്. പോപ് ഫ്രാന്‍സിസ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ആദ്യ പത്തിലെ ആദ്യവനിതയായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ അഞ്ചാമതെത്തി. എട്ടാം സ്ഥാനത്താണ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് 28 ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ 20 ാം സ്ഥാനത്തു നിന്നാണ് മന്‍മോഹന്റെ പടിയിറക്കം. കഴിഞ്ഞ തവണ 12 ാമതായിരുന്ന യു.പി.എ അധ്യക്ഷ സോണിയഗാന്ധി ഇപ്പോള്‍ 21 ാം സ്ഥാനത്താണ്. |
പട്ന സ്ഫോടനം: അറസ്റ്റിലായയാള്‍ ആശുപത്രിയില്‍ മരിച്ചു Posted: 31 Oct 2013 10:22 PM PDT പട്ന: ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ ബി.ജെ.പി റാലിക്കു മുമ്പുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തയാള്‍ ആശുപത്രിയില്‍ മരിച്ചു. അയ്നുല്‍ എന്ന താരിഖാണ് പട്ന ഇന്ദിരാഗാന്ധി ആശുപത്രിയില്‍ മരിച്ചത്. പട്ന റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കുന്നതിനിടെ സ്ഫോടനമുണ്ടായാണ് താരിഖിന് ഗുരുതരമായി പരിക്കേറ്റത്. സ്ഫോടനത്തിന്‍്റെ മുഖ്യ സൂതധാരനെന്ന് സംശയിക്കുന്ന ഇംതിയാസ് അന്‍സാരി പൊലീസ് കസ്റ്റഡിയിലാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് പട്നയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ ഇതുവരെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. |
സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍ Posted: 31 Oct 2013 09:26 PM PDT മുംബൈ: ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റത്തോടെ സെന്‍സെക്സ് സര്‍വകാല ഉയരത്തിലത്തെി. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 21,240 കടന്നു. നിഫ്റ്റി 25 പോയിന്‍്റ് ഉയര്‍ന്ന് 6,332 ല്‍ എത്തി. 2008 ജനുവരി എട്ടിനാണ് ആദ്യമായി സെന്‍സെക്സ് 21,000 പോയിന്‍്റ് കടന്നത്. അന്ന് ബോംബെ ഓഹരി സൂചിക 21,078 വരെ ഉയര്‍ന്നിരുന്നെങ്കിലും ലാഭമെടുക്കലിനെ തുടര്‍ന്ന് 20,873 പോയിന്‍്റിലായിരുന്നു ക്ളോസിങ്. മൂന്നു വര്‍ഷത്തിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരത്തിനിടെ 21,000 ഭേദിച്ചങ്കെിലും ക്ളോസിങില്‍ താഴേക്കു പോയി. ഏറെ നിരാശപ്പെടുത്താതെ ആര്‍.ബി.ഐ ഗവര്‍ണര്‍ അവതരിപ്പിച്ച വായ്പാ നിയത്തിന് പിറകെ യു.എസ് കേന്ദ്ര ബാങ്ക് സാമ്പത്തിക ഉത്തേജക പാക്കേജ് തുടരുമെന്ന സൂചന ലഭിക്കുകകൂടി ചെയ്തതോടെ ഓഹരി വിപണി പുതിയ ഉയരത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സെന്‍സെക്സില്‍ 700 പോയിന്‍്റോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. |
കണ്ണൂരിലെ ഡി.സി.സി ഓഫീസിനു നേരെ അക്രമം Posted: 31 Oct 2013 08:59 PM PDT കണ്ണൂര്‍: കണ്ണൂരിലെ ഡി.സി.സി ഓഫീസിനു നേരെ അക്രമം. ഓഫീസിനു നേരെയുണ്ടായ കല്ളേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലും ഡി.സി.സി ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയില്ളെന്ന് ഡി.സി.സി പ്രസിഡന്‍്റ് ആരോപിച്ചു. കണ്ണൂരില്‍ പൊലീസിന് ഇരട്ടസമീപനമാണെന്നും പൊലീസ് സംരക്ഷണം സി.പി.ഐ(എം) ഓഫീസിന് മാത്രമാണെന്നും ജില്ലാ കോണഗ്രസ് കമ്മറ്റി ആരോപിച്ചു. പൊലീസിനെതിരെ പ്രക്ഷോഭം ആരംഭിക്കേണ്ടി വരുമെന്നും കമ്മിറ്റി വ്യക്തമാക്കി. അഗ്നികുണ്ഡം കൊണ്ടാണ് സി.പി.(ഐ)എം തലചൊറിയുന്നതെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. |
ബ്രസീല്‍ x മെക്സികോ: ഇന്ന് ക്വാര്‍ട്ടറിലെ ‘ഫൈനല്‍’ Posted: 31 Oct 2013 08:32 PM PDT ദുബൈ: അവശേഷിക്കുന്നത് എട്ടു ടീമുകള്‍. ശനിയാഴ്ച രാത്രിയോടെ അത് നാലായി ചുരുങ്ങും. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. അല്‍ഐന്‍ ഖലീഫ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ യു.എ.ഇ സമയം അഞ്ചുമണിക്ക് ഹോണ്ടുറസ് സ്വീഡനെയും ദുബൈ റാഷിദ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ബ്രസീല്‍ മെക്സികോയെയും നേരിടും. മൂന്നുതവണ ജേതാക്കളും ഇത്തവണ ഏറെ സാധ്യത കല്‍പിക്കപ്പെടുന്നവരുമായ ബ്രസീലും മൂന്നാം കിരീടം തേടിയത്തെിയ നിലവിലെ ജേതാക്കളായ മെക്സികോയും തമ്മിലുള്ള പോരാട്ടമാണ് കായികപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആദ്യ റൗണ്ടില്‍ മൂന്നു മത്സരങ്ങളില്‍ 15 ഗോളടിച്ച് മിന്നിയ ബ്രസീലിന് പ്രീ ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ റഷ്യയോട് കാര്യമായി വിയര്‍ക്കേണ്ടിവന്നിരുന്നു. മെക്സികോയാകട്ടെ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം ഓരോ മത്സരത്തിലും കൂടുതല്‍ ഒത്തിണക്കവും ആക്രമണോത്സുകതയും കാട്ടി നല്ല ആത്മവിശ്വാസത്തിലാണ്. ആറു ഗോളടിച്ച് ഗോളടിപ്പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ബോഷിലിയയും മധ്യനിരയിലെ പ്ളേമേക്കറായ ഗുസ്താവോയും തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ ഇന്ന് പുറത്തിരിക്കുന്നത് മഞ്ഞക്കിളികള്‍ക്ക് വലിയ തിരിച്ചടിയാണ്. എന്നാല്‍, ബ്രസീലിന്‍െറ ഗോളുകളില്‍ മിക്കതിനും പിന്നില്‍ പ്രവര്‍ത്തിച്ച നഥാനും മോസ്കിറ്റോയും തിളങ്ങിയാല്‍ മെക്സികോ വെള്ളംകുടിക്കും. ഇത്തവണ എല്ലാ മത്സരവും ജയിച്ച ഏക ടീമായ ബ്രസീലിന്‍െറ കളിയില്‍ ചന്തവും കരുത്തും ദൃശ്യമാണ്. ഇതിനുമുമ്പ് അണ്ടര്‍ 17 ലോകകപ്പില്‍ മൂന്നുതവണ ഏറ്റുമുട്ടിയതില്‍ രണ്ടിലും മെക്സികോക്കായിരുന്നു വിജയം. അല്‍ഐനില്‍ ആരു ജയിച്ചാലും അത് പുതിയ ചരിത്രമാകും. ഹോണ്ടുറസായാലും സ്വീഡനായാലും ആദ്യമായാണ് സെമി കളിക്കുക. സ്വീഡന്‍ നവാഗതരാണെങ്കില്‍ മുമ്പ് മൂന്നു തവണ കളിച്ചപ്പോഴും ഗ്രൂപ് ഘട്ടത്തില്‍ തന്നെ പുറത്തായവരാണ് മധ്യ അമേരിക്കക്കാര്‍. സ്വീഡന്‍ പുറത്തായാല്‍ യൂറോപ്യന്‍ പ്രാതിനിധ്യം ഇല്ലാതാകും. നാളെ ഷാര്‍ജയില്‍, മൂന്നുതവണ കിരീടം ചൂടി ബ്രസീലിനൊപ്പം നില്‍ക്കുന്ന നൈജീരിയ നിലവിലെ റണ്ണറപ്പായ ഉറുഗ്വായിയെയും അര്‍ജന്‍റീന ഐവറികോസ്റ്റിനെയും നേരിടും. നവംബര്‍ എട്ടിന് അബൂദബിയിലാണ് ഫൈനല്‍. |
ഈ ദു:ഖത്തിന് മലയാളത്തില്‍ മരുന്നില്ല Posted: 31 Oct 2013 08:29 PM PDT മലപ്പുറം: പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് വിരുന്നത്തെുന്ന ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പന്ത് തട്ടാനൊരുങ്ങുന്നത് 20 മലയാളി താരങ്ങള്‍. വിവിധ ഐ ലീഗ് ക്ളബുകളുടെ ബാനറിലാണ് ഇവര്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍, ഫെഡറേഷന്‍ കപ്പിന്‍െറ ചരിത്രത്തിലാദ്യമായി സ്വന്തം ടീമില്ലാതെ കേരളം ആതിഥ്യമരുളുന്നുവെന്നത് കായികപ്രേമികള്‍ക്ക് ഒരേസമയം ദു$ഖവും നിരാശയും നല്‍കുന്നു. ടൂര്‍ണമെന്‍റില്‍ കളിക്കുന്ന 13 ഐ ലീഗ് ടീമുകളില്‍ രണ്ടെണ്ണത്തെ നയിക്കുന്നത് മലയാളികളാണ്. പുണെ എഫ്.സി ക്യാപ്റ്റന്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടികയാണെങ്കില്‍ പാലക്കാട്ടുകാരന്‍ ആര്‍. ധനരാജന്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ളബിന്‍െറ അമരത്തിരിക്കുന്നു. അനസിനെക്കൂടാതെ കോഴിക്കോട്ട് നിന്നുള്ള ഷഹീന്‍ലാല്‍ മെലോളിയും തിരുവനന്തപുരം സ്വദേശി ഒഥല്ളോ ടാബിയയും പുണെ സംഘത്തിലുണ്ട്. അഞ്ച് മലയാളികളുള്ള മുഹമ്മദന്‍സിലാണ് ഏറ്റവും വലിയ മലയാളി പ്രാതിനിധ്യം. കോഴിക്കോട്ടുകാരായ കെ. നൗഷാദും കെ. ശരത്തും ഒറ്റപ്പാലം സ്വദേശി ഫൈസല്‍ റഹ്മാനും കോട്ടയത്തെ ജസ്റ്റിന്‍ സ്റ്റീഫനുമാണ് ധനരാജിന്‍െറ ടീമിലെ ഇതര കേരളീയര്‍. കൊല്‍ക്കത്തയിലെ തന്നെ മോഹന്‍ബഗാനാണ് മലയാളികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. മലപ്പുറം അരീക്കോട്ടെ എം.പി. സക്കീര്‍, വയനാട്ടുകാരനായ സി.എസ്. സബീത്ത്, കണ്ണൂര്‍ സ്വദേശി ഡെന്‍സണ്‍ ദേവദാസ്, കോഴിക്കോടിന്‍െറ വാഹിദ് മുഹമ്മദ് സാലി എന്നിങ്ങനെ നാലുപേര്‍ ബഗാന്‍ ജഴ്സിയില്‍ അണിനിരക്കുന്നു. പഴയ പ്രയാഗ് യുനൈറ്റഡായ കൊല്‍ക്കത്തയിലെ യുനൈറ്റഡ് എസ്.സിയില്‍ സി.കെ. വീനീത് (കണ്ണൂര്‍), ആസിഫ് കോട്ടയില്‍ (കാസര്‍കോട്), ഉസ്മാന്‍ ആഷിഖ് (പാലക്കാട്) എന്നിവരുണ്ട്. തൃശൂര്‍ക്കാരന്‍ ബിനീഷ് ബാലന്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിന്‍െറ താരമാണ്. തൃശൂരിലെ തന്നെ റിനോ ആന്‍േറാ നവാഗതരായ ബംഗളൂരു എഫ്.സിക്കായി ഇറങ്ങുന്നു. തിരൂര്‍ സ്വദേശി അജ്മലുദ്ദീന്‍ എം. ഉമ്മര്‍ സാല്‍ഗോക്കര്‍ ഗോവയുടെ നിരയില്‍ കളിക്കുന്നുണ്ട്. മുംബൈ എഫ്.സിയിലെ എ.സി. നിധിന്‍ ലാലും റിതേഷ് പേരാമ്പ്രയും മലയാളികളാണങ്കിലും മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഇവര്‍ കുടുംബത്തോടൊപ്പം അവിടെയാണ്. പരപ്പനങ്ങാടിയാണ് നിധിന്‍ലാലിന്‍െറ സ്വദേശം. കോഴിക്കോട് പേരാമ്പ്രയിലാണ് റിതേഷിന്‍െറ വേരുകള്‍. കേരളത്തില്‍നിന്ന് ടീമില്ലാത്തത് ഫെഡറേഷന്‍ കപ്പിന്‍െറ ആവേശത്തെ ബാധിക്കുമെന്ന് ബഗാന്‍ താരം സക്കീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്തിന്‍െറ പ്രാതിനിധ്യം അധികൃതര്‍ ഉറപ്പാക്കേണ്ടിയിരുന്നു. സ്വന്തം നാട്ടില്‍ മറ്റൊരു ടീമിന്‍െറ കുപ്പായത്തില്‍ കളിക്കുന്നത് നിരാശയുണ്ടാക്കുന്നതായി സക്കീര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലും മഞ്ചേരിയിലുമായി ടൂര്‍ണമെന്‍റ് നടക്കാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. കൊച്ചി കേന്ദ്രമായ ഈഗ്ള്‍സ് എഫ്.സിയെ കളത്തിലിറക്കാന്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എഫ്.എ) ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. |
അവര്‍ പാടുകയാണ്; നാടിന്‍െറ നേരിനെക്കുറിച്ച്... Posted: 31 Oct 2013 08:24 PM PDT കോഴിക്കോട്: ഞായറാഴ്ചക്കുമുമ്പ്് അവര്‍ക്ക് പുണെയില്‍ മടങ്ങിയത്തെണം. അല്ളെങ്കില്‍ ജാമ്യവ്യവസ്ഥ തെറ്റിച്ചതിന് ജയിലിനകത്തേക്കായിരിക്കും. പക്ഷേ, അതിനുമുമ്പ് അവര്‍ക്ക് പാടിപ്പറയാന്‍ ഒത്തിരിയൊത്തിരി കാര്യങ്ങളുണ്ട്. ഇന്ത്യയുടെ വരണ്ട യാഥാര്‍ഥ്യങ്ങളാണ് ചിട്ടവട്ടങ്ങളുടെ പിടിയില്‍ നില്‍ക്കാത്ത ജീവന്‍െറ പാട്ടുകളിലൂടെ കബിര്‍ കലാ മഞ്ച് എന്ന പാട്ടുകൂട്ടം പറയുന്നത്. സമരബോധത്തിന്‍െറ തീപ്പന്തം കെടാതെ നെഞ്ചില്‍പേറുന്ന കോഴിക്കോടിന്‍െറ സായാഹ്നത്തെ നോക്കി അവര്‍ പാടി... ഇന്ത്യയെന്ന മഹാനുഭൂമിയെക്കുറിച്ച്. വഴിനടക്കാനും വെള്ളം കുടിക്കാനും കഴിയാത്തവിധം ജാതിവ്യവസ്ഥ വരിഞ്ഞുമുറുക്കിയ ഇന്ത്യന്‍ നേരിനെക്കുറിച്ചു മാത്രമല്ല അവര്‍ പാടിയത്. പട്ടിണിമരണങ്ങളും കര്‍ഷക ആത്മഹത്യകളും ആണവഭീഷണി നേരിടുന്ന ജെയ്താപൂരുമെല്ലാം കബിര്‍ കലാ മഞ്ചിന്‍െറ പാട്ടുകളില്‍ പതിഞ്ഞുകിടന്നു. കോഴിക്കോടന്‍ സൗഹൃദ കൂട്ടായ്മയാണ് പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കബിര്‍ കലാ മഞ്ച് എന്ന സാംസ്കാരിക സംഘത്തിന്‍െറ പാട്ടും നാടകവും ഒരുക്കിയത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലക്കുശേഷം പുണെയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് കബിര്‍ കലാ മഞ്ച്. ഷാരൂഖ് ഖാന്‍െറ സിക്സ് പാക്ക് ശരീരവും രജനീകാന്തിന്‍െറ സ്റ്റൈലും ഐശ്വര്യ റായിയുടെ സൗന്ദര്യവുമല്ല ഇന്ത്യയുടെ യാഥാര്‍ഥ്യമെന്ന് അവര്‍ പാട്ടുകളിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു. അടിച്ചമര്‍ത്തപ്പെടുകയും പുറമ്പോക്കുകളിലേക്ക് പായിക്കപ്പെടുകയും ചെയ്ത ജനങ്ങളുടെ സഹതാപം നിറഞ്ഞ അവസ്ഥകളായിരുന്നില്ല അവര്‍ പാടിയത്. ആ ജനതയുടെ അവകാശങ്ങളെക്കുറിച്ചുള്ള ഉണര്‍ത്തുപാട്ടുകളായിരുന്നു. കബിര്‍ കലാ മഞ്ചിന്‍െറ പാട്ടുകള്‍ അസ്വസ്ഥത സൃഷ്ടിച്ചപ്പോള്‍ ഈ കലാകാരന്മാരെ മാവോവാദികള്‍ എന്നാരോപിച്ച് ജയിലിലടക്കാനാണ് ഭരണകൂടം തുനിഞ്ഞത്. മിക്കവരുടെ പേരിലും യു.എ.പി.എ ചുമത്തി. ചിലര്‍ ഒളിവിലും പോയി. സംഘത്തിലെ പ്രമുഖ ഗായിക സച്ചിന്‍ സാതെയാണ്. അവരുടെ പങ്കാളിയും സംഘാംഗവുമായ ശീതള്‍ സാതെയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ശീതള്‍ ഗര്‍ഭിണിയായിരുന്നു. സംഘത്തിലെ പലരും വിചാരണ കാത്ത് ഇപ്പോഴും ജയിലില്‍ കഴിയുന്നു. ചിലര്‍ക്ക് മാത്രമാണ് ജാമ്യം കിട്ടിയത്. രണ്ടുവര്‍ഷമായി പൊതുവേദികളില്‍നിന്ന് കലാ മഞ്ച് അപ്രത്യക്ഷമായിരുന്നു. അടുത്തിടെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പൊതുപരിപാടിയിലൂടെയാണ് കബിര്‍ കലാ മഞ്ച് വീണ്ടും വേദിയിലത്തെിയത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദീപക് ദെങ്ഗളെ, രൂപാലി ജാദവ്, രാംദാസ് ഉന്‍ഹാലെ, ദാദാ വാഘ്മാരെ, വിശാല്‍ ഭാലേ റാവു, ദത്താത്രേയ എന്നീ കലാകാരന്മാരാണ് പാട്ടും നാടകവുമായി കോഴിക്കോടിന്‍െറ മനംകവര്‍ന്നത്. ജയ്ഭീം ലാല്‍സലാം എന്ന അഭിവാദ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. ഇവരില്‍ ചിലര്‍ ജാമ്യത്തിലിറങ്ങിയവരാണ്. ജാമ്യവ്യവസ്ഥ പ്രകാരം ഞായറാഴ്ച നാട്ടില്‍ മടങ്ങിയെത്തേണ്ടതുണ്ട് ഇവര്‍ക്ക്. അല്ളെങ്കില്‍ കടുത്ത നടപടികളാവും നേരിടേണ്ടിവരുക. |
മൂന്നാം മുന്നണി? Posted: 31 Oct 2013 08:20 PM PDT ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന മതേതര പാര്‍ട്ടികളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നാം മുന്നണിയെക്കുറിച്ച ആലോചനകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അത് വഴിവെച്ചു എന്നതുകൊണ്ടാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി മതേതര പാര്‍ട്ടികളുടെ ഐക്യം എന്ന നിലയിലാണ് മൂന്നാം മുന്നണി എന്ന കാഴ്ചപ്പാട് രാജ്യത്ത് ഉയര്‍ന്നുവന്നത്. എന്നാല്‍, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ ഒരു തമാശയായി എടുക്കുന്ന സാഹചര്യം നിലവിലുണ്ട്. മൂന്നാം മുന്നണിയുടെ പലവിധ അനുഭവങ്ങള്‍ തന്നെയാണ് അതിനെ ഒരു പരിഹാസ വാക്കാക്കി മാറ്റിയത്. സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി എന്നീ ഇടതുപാര്‍ട്ടികളാണ് ദല്‍ഹി കണ്‍വെന്‍ഷന് ചുക്കാന്‍ പിടിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തികളായ ജനതാദള്‍ -യു, ജനതാദള്‍ -എസ്, ബിജു ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, എ.ഐ.എ.ഡി.എം.കെ, അസം ഗണപരിഷത്ത് തുടങ്ങിയവയുടെ പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അതേസമയം, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കണ്‍വെന്‍ഷനില്‍ ക്ഷണിക്കപ്പെട്ടുമില്ല. കേന്ദ്ര സര്‍ക്കാറില്‍ സഖ്യകക്ഷിയായ എന്‍.സി.പിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മൊത്തം 14 പാര്‍ട്ടികളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ദല്‍ഹിയിലെ തല്‍ക്കോത്തറ സ്റ്റേഡിയത്തില്‍ നടന്നത്, വര്‍ഗീയതക്കെതിരായ കണ്‍വെന്‍ഷന്‍ മാത്രമാണെന്നും മൂന്നാം മുന്നണിയുമായി അതിന് ബന്ധമൊന്നുമില്ളെന്നും സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികളുടെ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. മൂന്നാം മുന്നണി എന്ന വാക്ക് ഉച്ചരിക്കുന്നതിലെ നാണം മാത്രമാണ് ഇതിങ്ങനെ ആവര്‍ത്തിച്ചു പറയുന്നതിന് അവരെ നിര്‍ബന്ധിക്കുന്നത്. മുമ്പ് മൂന്നാം മുന്നണിയുടെ ചെയര്‍മാനായിരുന്ന ചന്ദ്രബാബു നായിഡുവിന്‍െറ തെലുഗുദേശം പാര്‍ട്ടി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി.ജെ.പിയോടൊപ്പം പോയ അനുഭവം അവര്‍ക്ക് മുന്നിലുണ്ട്. പല പാര്‍ട്ടികളുടെയും കാര്യത്തില്‍ ഈ അനുഭവം ആവര്‍ത്തിക്കാനും ഇടയുണ്ട്. വര്‍ഗീയതക്കെതിരായ കണ്‍വെന്‍ഷന്‍ എന്നാണ് പരിപാടിയുടെ പേരെങ്കിലും അതില്‍ പങ്കെടുത്ത ജെ.ഡി.യു, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ പല സന്ദര്‍ഭങ്ങളിലായി വര്‍ഗീയ ശക്തികളുമായി സഖ്യം ചേര്‍ന്നവരുമാണ്. അതേസമയം, കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ ബദല്‍ ശക്തി രാജ്യത്ത് ഉയര്‍ന്നുവരണമെന്ന ആഗ്രഹം പലരും പങ്കുവെക്കുന്നുണ്ട്. ഇടതുപക്ഷമാണ് ഈ രാഷ്ട്രീയ നയം പ്രകടമായി കൊണ്ടുനടക്കുന്നവര്‍. അവര്‍ക്കാവട്ടെ, കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ നിര്‍ണായക സ്വാധീനമുള്ളൂ. അതില്‍ തന്നെ ബംഗാളില്‍ പാര്‍ട്ടി ശക്തമായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. രാജ്യനിവാസികള്‍ മഹാഭൂരിപക്ഷവും പട്ടിണിക്കാരും അര്‍ധ പട്ടിണിക്കാരുമായ സാധാരണക്കാരെക്കൊണ്ട് നിറഞ്ഞിട്ടും അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇടതുപാര്‍ട്ടികള്‍ അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന പല ഉത്തരേന്ത്യന്‍ നഗരങ്ങളില്‍നിന്നുപോലും നിഷ്കാസിതമായതാണ് നിലവിലെ അവസ്ഥ. അതിനാല്‍ തന്നെ, രാഷ്ട്രീയ സമരങ്ങളിലൂടെ ഇടതുപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ഇടതുനയം അടുത്ത കാലത്തൊന്നും പ്രയോഗത്തില്‍ വരാന്‍ പോകുന്നതല്ല. അപ്പോള്‍ പിന്നെ തട്ടിക്കൂട്ടു മുന്നണി രൂപവത്കരിക്കുകയെന്നത് മാത്രമേ അവര്‍ക്കു മുന്നില്‍ പോംവഴിയുള്ളൂ. അതിനുള്ള ശ്രമമാണ് ദല്‍ഹിയില്‍ കണ്ടത്. മൂന്നാം മുന്നണി ക്ളച്ച് പിടിക്കുമെന്നും അതിന് എന്തെങ്കിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും ഏറ്റവും ശുഭാപ്തിവിശ്വാസക്കാരനായ ഇടതുപക്ഷക്കാരന്‍ പോലും വിചാരിക്കുന്നുണ്ടാവില്ല. അതേസമയം, കോണ്‍ഗ്രസിതര ഇടതു-മതേതര ചേരി പാര്‍ലമെന്‍റില്‍ ശക്തമായ സാന്നിധ്യമായി ഉയരുന്നത് രാജ്യത്തിന് ഗുണകരമാവും എന്നതാണ് സത്യം. കോണ്‍ഗ്രസിന്‍െറ കടിഞ്ഞാണില്ലാത്ത സാമ്പത്തിക നയത്തെ നിയന്ത്രിക്കാനും ഹിന്ദുത്വ അനുകൂല സമീപനങ്ങളെ തിരുത്തുവാനും ഫെഡറലിസത്തെ ശക്തിപ്പെടുത്താനും അത് തീര്‍ച്ചയായും സഹായിക്കും. ഒന്നാം യു.പി.എ സര്‍ക്കാര്‍ അത്തരമൊരു രാഷ്ട്രീയ പിന്തുണയിലാണ് നിലനിന്നത്. രാജ്യം കണ്ട മികച്ച മുന്നണി ഭരണകൂടങ്ങളിലൊന്നായിരുന്നു അത്. തൊഴിലുറപ്പ് പദ്ധതിപോലുള്ള മികച്ച നേട്ടങ്ങള്‍ ഉണ്ടായതും അക്കാലത്ത് തന്നെ. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മതേതര ചേരിയുടെ ശക്തമായ സാന്നിധ്യം പാര്‍ലമെന്‍റില്‍ ഉണ്ടാവുകയെന്നത് അതിനാല്‍ തന്നെ ഏറെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അതേസമയം, മൂന്നാം മുന്നണിയുടെ സാന്നിധ്യം മതേതരവോട്ടുകളെ ഭിന്നിപ്പിക്കുകയും വര്‍ഗീയ ശക്തികള്‍ക്ക് ഗുണകരമാവുകയും ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം. |
No comments:
Post a Comment