സ്വാഗതം
WELCOME

News Update..

Sunday, November 17, 2013

ഹര്‍ത്താലില്‍ മുങ്ങി വയനാട് Madhyamam News Feeds

ഹര്‍ത്താലില്‍ മുങ്ങി വയനാട് Madhyamam News Feeds

Link to

ഹര്‍ത്താലില്‍ മുങ്ങി വയനാട്

Posted: 17 Nov 2013 12:51 AM PST

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ശനിയാഴ്ച ജില്ലയില്‍ പൊതുവെ ബന്ദിന്‍െറ പ്രതീതിയായിരുന്നു. രാവിലെ മുതല്‍ വൈകീട്ട് ആറുവരെ വാഹനയോട്ടം മുടങ്ങി.
ഇരുചക്ര വാഹനങ്ങളും മറ്റും അപൂര്‍വമായി ഓടി. ഹോട്ടലുകളടക്കം കടകമ്പോളങ്ങള്‍ അടച്ചിട്ടു. ടൗണുകള്‍ വിജനമായി. മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായി. മാനന്തവാടി നഗരത്തിലും കാട്ടിക്കുളത്തും പേര്യയിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം മുടക്കി.
മാനന്തവാടി താലൂക്കിലെ വരയാലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പേര്യ റെയിഞ്ചിലെ വരയാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസ് അക്രമിക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ഓഫിസിന് സമീപത്തെ വനത്തിന് തീയിടുകയും ചെയ്തു. മൂന്ന് ജീവനക്കാര്‍ വനത്തിലുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി അന്വേഷണം നടത്തി. അക്രമം ഭയന്ന് വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജീപ്പ് തലപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.കാട്ടിക്കുളത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെ ശനിയാഴ്ച  വൈകുന്നേരം ഏഴുമണിയോടെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന തൃശിലേരി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിന് തീയിട്ടു. ഫയലുകളും ടി.വി, മേശ തുടങ്ങിയവയും കത്തിനശിച്ചു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
അതേസമയം തീപിടിത്തവുമായി സമരസമിതിക്ക് ഒരു ബന്ധവുമില്ലെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.തോല്‍പെട്ടി, ബാവലി ചെക്പോസ്റ്റുകള്‍ ശനിയാഴ്ച രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ പൂട്ടിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍നിന്ന് എത്തിയ നിരവധി വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കുടുങ്ങി.
നിരവില്‍പുഴ മട്ടിലിയത്ത് സ്ത്രീകളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. മാനന്തവാടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ എം.ഐ. ഷാനവാസ് എം.പിയുടെ കോലം കത്തിച്ചു.  മാനന്തവാടി: ഹര്‍ത്താലിന്‍െറ ഭാഗമായി ശനിയാഴ്ച രാത്രിയോടെ തോല്‍പെട്ടിയില്‍ സമരാനുകൂലികളും നാട്ടുകാരും തമ്മില്‍ഏറ്റുമുട്ടി. ഇതിനിടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.  
മാനന്തവാടി താലൂക്കിലെ കാട്ടിക്കുളത്ത്  ഹര്‍ത്താല്‍ അനുകൂലികള്‍ ശനിയാഴ്ച വൈകീട്ട് പ്രകടനം നടത്തുന്നതിനിടെ തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിന് ഒരു സംഘം തീയിട്ടു. ഫയലുകള്‍, ടി.വി, മേശ തുടങ്ങിയവ കത്തി നശിച്ചു. തിരുനെല്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.

 

മെഡിക്കല്‍ കോളജ് വികസനത്തിന് പ്രഥമ പരിഗണന -മുഖ്യമന്ത്രി

Posted: 17 Nov 2013 12:49 AM PST

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. ആറ് വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 18 ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിന് ലീനിയര്‍ ആക്സിലററ്റേര്‍ സ്ഥാപിച്ചുകഴിഞ്ഞു. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്‍െറ അനുമതി ലഭിച്ചാല്‍ ഇതിന്‍െറ പ്രയോജനം ലഭ്യമാവും.
കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ച മാലിന്യ പ്ളാന്‍റിന്‍െറ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. ആശുപത്രി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് പുറമെ പുതിയ തസ്തികകളും അനുവദിക്കും. അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ നവംബര്‍ 21ന് മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം തിരുവനന്തപുരത്ത് വിളിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി  42 കോടി രൂപ നീക്കിവെച്ചതായും വെളിപ്പെടുത്തി. മാര്‍ച്ച് 31നകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ സഹകരണത്തോടെ പെരുവണ്ണാമൂഴി റിസര്‍വോയറില്‍നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വെള്ളമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ബദല്‍ പാതക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 22 കുടുംബങ്ങള്‍ക്ക് വീടു നിര്‍മാണത്തിനുള്ള  സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെന്നും വീടു നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറും  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം നല്‍കലാണ് ജനസമ്പര്‍ക്കമെന്ന തെറ്റായ ധാരണയുണ്ട്. പരാതികളുടെ കൂട്ടത്തില്‍ പ്രത്യേകമായ സഹായം അര്‍ഹിക്കുന്ന അപേക്ഷ കിട്ടിയാല്‍ പരിഗണിക്കും.  അതിനപ്പുറത്ത് ഏറെ കാര്യങ്ങള്‍ ജനസമ്പര്‍ക്കം വഴി നടക്കുന്നുണ്ട്. ജനസമ്പര്‍ക്കത്തില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും പ്രശ്നങ്ങളും പഠിച്ച് മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, എ.പി. അനില്‍ കുമാര്‍, എം.കെ.  രാഘവന്‍ എം.പി, എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍മാസ്റ്റര്‍, ജില്ലാകലക്ടര്‍ സി.എ. ലത എന്നിവര്‍ പങ്കെടുത്തു. ഇടത് എം.എല്‍.എമാര്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു.
 

കരിമണല്‍ ഖനനം; അപ്പീല്‍ പോവാത്തതിനു പിന്നില്‍ അഴിമതിയെന്ന് വി.എസ്

Posted: 17 Nov 2013 12:02 AM PST

Image: 

തിരുവനന്തപുരം: കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ ഒത്തുകളിയെന്നും ഇത് അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കരിമണല്‍ കള്ളക്കടത്തിന് ചില മന്ത്രിമാര്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇത് ശരിവെക്കുന്നതാണ് പുതിയ തീരുമാനം. ഖനന വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ഖനനം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാസ് ഗ്യാസ് കമ്പനിക്ക് എമിറേറ്റ്സ് എനര്‍ജി അവാര്‍ഡ്

Posted: 16 Nov 2013 11:23 PM PST

Image: 

ദോഹ: ദുബൈ സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെ 2013ലെ എമിറേറ്റ്സ് എനര്‍ജി അവാര്‍ഡ് റാസ് ഗ്യാസ് കമ്പനി ലിമിറ്റഡിന് ലഭിച്ചു. പശ്ചിമേഷ്യയിലെയും വടക്കേ അമേരിക്കയിലെയും നിരവധി സ്ഥാപനങ്ങളെയും പദ്ധതികളെയും പിന്തള്ളിയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ റാസ്ഗ്യാസ് അവാര്‍ഡ് സ്വന്തമാക്കിയത്. പുരസ്കാരം ലഭിച്ചത് അഭിമാനാര്‍ഹമാണെന്ന് റാസ്ഗ്യാസ് ഫെസിലിറ്റീസ് മാനേജ്മെന്‍റ് മാനേജര്‍ അലി അല്‍ മര്‍രി വ്യക്തമാക്കി. ഹരിത സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നിര്‍മാണ രീതികളാണ് റാസ്ഗ്യാസ് കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനിയുടെ ഡിസൈനിങില്‍ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഹരിതസാങ്കേതികവിദ്യയുടെ പാരിസ്ഥിതി മികവും സാമ്പത്തികവുമായ പ്രയോജനങ്ങളെക്കുറിച്ചും റാസ്ഗ്യാസിനുണ്ടായ നേട്ടത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖത്തറിന്‍െറ വളര്‍ച്ചക്ക് സഹായകമായ രീതിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികളില്‍ റാസ്ഗ്യാസിന്‍െറ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നും അലി അല്‍മര്‍രി വ്യക്തമാക്കി. ഖത്തര്‍ ഗ്രീന്‍ബിള്‍ഡിങ് കൗണ്‍സിലിലെ സ്ഥാപകാംഗങ്ങളിലൊന്നാണ് റാസ്ഗ്യാസ്.
ഏപ്രിലില്‍ നടന്ന കഹ്റമാസ് തര്‍ഷീദ് പ്രോഗ്രാമില്‍ ഒന്നാം സ്ഥാനം റാസ്ഗ്യാസിനായിരുന്നു. ഖത്തറിലെ കെട്ടിടങ്ങളായിരുന്നു മല്‍സരത്തില്‍ പങ്കെടുത്തിരുന്നത്. പരിസ്ഥിതിയെയും പ്രകൃതി സമ്പത്തിനെയും സംരക്ഷിച്ചുകൊണ്ടുള്ള മികച്ച സാങ്കേതികവിദ്യകള്‍ നടപ്പാക്കിയ കെട്ടിടങ്ങളില്‍ ഏറ്റവും മികച്ചത് റാസ്ഗ്യാസായിരുന്നു.
റാസ്ഗ്യാസിന്‍െറ ആസ്ഥാന മന്ദിരത്തിന് യു.എസ് ഗ്രീന്‍ബില്‍ഡിങ് കൗണ്‍സിലിന്‍െറ ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍റ് എന്‍വയോണ്‍മെന്‍്റല്‍ ഡിസൈന്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കമേഴ്സ്യല്‍ ഇന്‍റീരിയര്‍ വിഭാഗത്തില്‍ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഖത്തറിലെ ആദ്യത്തെ കെട്ടിടം റാസ്ഗ്യാസായിരുന്നു. ഖത്തര്‍ പെട്രോളിയവും എക്സോണ്‍ മൊബൈല്‍ റാസ് ഗ്യാസും സംയുക്തമായി 2001ല്‍ സ്ഥാപിച്ചതാണ് റാസ്ഗ്യാസ് കമ്പനി ലിമിറ്റഡ്. റാസ് ലാഫന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഖനനം ചെയ്തെടുക്കുന്ന പ്രകൃതിവാതകം ദ്രവീകരിച്ച് ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഒരുവര്‍ഷം 37 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഗ്യാസ് ആഭ്യന്തര മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നതിനായി അല്‍ ഖലീജ് ഗ്യാസ് പ്രോജക്ടും നടപ്പാക്കുന്നുണ്ട്.
ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ബര്‍സാന്‍ ഗ്യാസ് പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2015ല്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര മാര്‍ക്കറ്റിലെ ഗ്യാസിന്‍െറ വര്‍ധിച്ച ആവശ്യം പരിഹരിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാസ്ഗ്യാസിന്‍െറ നേതൃത്വത്തില്‍ റാസ് ലാഫന്‍ ഹീലിയം പ്ളാന്‍റും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രണ്ടാമത്തെ ഹീലിയം പ്ളാന്‍റ്് 2013 ജൂണില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതോടെ ദ്രവീകൃത ഹീലിയം ഉല്‍പാദനം വര്‍ധിച്ചിട്ടുണ്ട്.

വ്യാജ സ്വദേശിവത്കരണവും നിയമലംഘനവും കണ്ടെത്തി- തൊഴില്‍ മന്ത്രി

Posted: 16 Nov 2013 11:14 PM PST

Image: 

റിയാദ്: അനധികൃത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിയമവിധേയമാകാന്‍ അനുവദിച്ച ഇളവുകാലം അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ നാലിനു തുടങ്ങിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍മന്ത്രി ആദില്‍ഫഖീഹ്. മന്ത്രാലയം നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിക്കാത്തതും വ്യാജ സ്വദേശിവത്കരണം നടത്തിയതുമായ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി. പരിശോധനയുടെ പ്രവിശ്യ തിരിച്ചുള്ള കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 3220 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സ്പോണ്‍സര്‍ മാറി ജീവനക്കാര്‍ തൊഴിലെടുക്കുന്ന 107 കേസുകള്‍ കണ്ടെത്തി. വ്യാജമായി സൗദി തസ്തികകള്‍ സൃഷ്ടിച്ച 154 കേസുകള്‍ പിടികൂടി. 563 സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ ബ്ളോക്ക് ചെയ്തിട്ടുണ്ട്. റിയാദ് പ്രവിശ്യയില്‍ 706, ഖസീമില്‍ 836, കിഴക്കന്‍ പ്രവിശ്യയില്‍ 729, മക്കയില്‍ 201, മദീനയില്‍ 108, അസീറില്‍ 51, തബൂക്കില്‍ 15, ഉത്തര മേഖലയില്‍ 60, അല്‍ജൗഫില്‍ 59, ഹാഇലില്‍ 73, നജ്റാനില്‍ 108, അല്‍ബാഹയില്‍ 54, ജീസാനില്‍ 270 എന്നിങ്ങനെയാണ് പരിശോധിച്ച സ്ഥാപനങ്ങളുടെ കണക്ക്.
അതിനിടെ റിയാദില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ തൊഴില്‍പരിശോധനയില്‍ 68 സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി തൊഴിലാളികളെ പണിയെടുപ്പിക്കുന്നതു കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്പോണ്‍സറും തൊഴിലും മാറി ജോലി ചെയ്യുന്ന നിയമലംഘനമാണ് ഈ സ്ഥാപനങ്ങള്‍ നടത്തിയത്. സ്വദേശിവത്കരണം പാലിക്കാത്ത ഒരു കേസും പിടികൂടിയതായി റിയാദ് തൊഴില്‍കാര്യാലയം മേധാവി ഫഹദ് അല്‍ ഖുലൈവി പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം ശാറ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസില്‍, തഹ്ലിയ ഭാഗത്ത് നടത്തിയ മൂന്നു മണിക്കൂര്‍ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങള്‍ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിനു കീഴിലെ 55 പരിശോധകസംഘങ്ങള്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സ്പോണ്‍സര്‍ മാറിയുള്ള ജോലി, ‘ഫ്രീവിസ’യില്‍ സ്വന്തം ജോലി, വ്യാജ സ്വദേശിവത്കരണം, വനിതാവത്കരണത്തിന്‍െറ തോത് എന്നിങ്ങനെ വിവിധ തരത്തിലുള്ള നിയമലംഘനങ്ങള്‍ സംഘം പരിശോധനാവിധേയമാക്കുന്നുണ്ടെന്നും ഫഹദ് അല്‍ ഖുലൈവി പറഞ്ഞു.

അക്ഷരചെപ്പടച്ചു; ഇനി അടുത്തവര്‍ഷം

Posted: 16 Nov 2013 11:05 PM PST

Image: 

ഷാര്‍ജ: ഗള്‍ഫ് മേഖലയുടെ  സാംസ്കാരിക തലസ്ഥാന നഗരിയില്‍ തുറന്ന അറിവിന്‍െറയും തിരിച്ചറിവിന്‍െറയും അക്ഷരചെപ്പടച്ചു. 11 ദിവസം നീണ്ട് നിന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശീല വീണു. അടുത്ത വര്‍ഷം തുറക്കും വരെ വായിക്കാനും ചിന്തിക്കാനുമുള്ള വകകള്‍ നല്‍കിയാണ് ലിഖിതാക്ഷരങ്ങളുടെ സ്നേഹത്തിന് താല്‍കാലിക വിരാമമിടുന്നത്. അവസാന ദിനമായിട്ടും മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നും കാര്യമായ പരിപാടികള്‍ ഇല്ലാതിരുന്നിട്ടും വന്‍ തിരക്കാണ് അനുഭവപെട്ടത്. പോയ വര്‍ഷങ്ങളെ കവച്ച് വെക്കുന്ന ജനാവലിയാണ് ഷാര്‍ജ എക്സ്പോ സെന്‍ററിലെ പുസ്തക ചൂരുകളിലൂടെ നടന്നത്. ഉദ്ഘാടന ദിനം മുതല്‍ അവസാനിക്കും വരെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു 32ാമത് പുസ്തകമേള. വിവിധ ഭാഷകളുടെ സംസ്കാര തനിമ ഉയര്‍ത്തിപിടിച്ച 11 ദിനരാത്രങ്ങള്‍.
ഇത്തവണ മേളയുടെ ഏറ്റവും വലിയ ആകര്‍ഷണീയതയും കൗതുകവും മേള നിയന്ത്രിക്കാന്‍ എത്തിയ വനിതകളായിരുന്നു. വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ച അവര്‍  ഷാര്‍ജയുടെ വിദ്യഭ്യാസ മേഖലയിലുണ്ടായ കുതിപ്പിന്‍െറ പ്രതീകമായിരുന്നു. മേളയുടെ ചുക്കാന്‍ പിടിക്കുന്ന അഹമദ് റക്കാദ് ആല്‍ അമറിയുടെ സാന്നിദ്ധ്യം സദാസമയവും മേളയില്‍ ഉണ്ടായിരുന്നു.  പ്രദര്‍ശന നഗരിയിലെ പള്ളിയില്‍ സംഘടിത നമസ്കാരങ്ങള്‍ക്ക് വിരാമമുണ്ടായിരുന്നില്ല. പുസ്തക പ്രേമിയും 42 പുസ്തകങ്ങളുടെ കര്‍ത്താവുമായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ മനസാണ്  11 ദിവസം തുറന്ന് വെച്ച ഈ മഹാപുസ്തകം . 32 തവണ പുസ്തകമേള നടന്നപ്പോഴും അദ്ദേഹമാണ് ഇതിന്‍െറ കവാടങ്ങള് തുറക്കാന്‍ എത്തിയത്.

മൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടിക്ക് ചൊവ്വാഴ്ച കൊടിയുയരും

Posted: 16 Nov 2013 10:54 PM PST

Image: 

കുവൈത്ത് സിറ്റി: അറബ്-ആഫ്രിക്കന്‍ ഉച്ചകോടി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കുവൈത്തില്‍ അരങ്ങേറും. അറബ് ലീഗിലെയും ആഫ്രിക്കന്‍ യൂനിയനിലെയും 60 ഓളം അംഗ രാജ്യങ്ങള്‍ സംബന്ധിക്കുന്ന ഉച്ചകോടിയുടെ മൂന്നാമത് പതിപ്പിന് കുവൈത്ത് ആതിഥ്യം വഹിക്കുന്നത്.
ഇരുസംഘങ്ങളിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1977ല്‍ ഈജിപ്തില്‍ അരങ്ങേറിയ ആദ്യ അറബ്-ആഫ്രിക്കന്‍ ഉച്ചകോടിക്ക് ശേഷം ഈ ആശയത്തിന് മങ്ങലേറ്റിരുന്നു. പിന്നീട് 2010ല്‍ മാത്രമാണ് രണ്ടാമത് ഉച്ചകോടി ലിബിയയില്‍ നടന്നത്. ഇതോടെ വീണ്ടും ശക്തമായ ആശയം നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായാണ് മൂന്നു വര്‍ഷത്തിനകം മൂന്നാം ഉച്ചകോടിക്ക് അരങ്ങൊരുങ്ങുന്നത്. ശക്തമായ പങ്കാളിത്തത്തോടെ പരസ്പര സഹകരണം മെച്ചപ്പെടുത്തുകയാണ് മൂന്നാമത് ഉച്ചകോടിയുടെ ലക്ഷ്യം.
കൂടുതല്‍ യാഥാര്‍ഥ്യത്തിലൂന്നിയ സമീപനത്തിലൂടെ അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരസ്പര താല്‍പര്യത്തിനനുസൃതമായ രീതിയിലുള്ള തിരുമാനങ്ങളെടുക്കുകയാണ് ഉച്ചകോടിയുടെ ഉദ്ദേശ്യം. വികസനവും നിക്ഷേപവുമാണ് ഇത്തവണ ഉച്ചകോടിയുടെ പ്രധാന അജണ്ട.

അരങ്ങൊരുക്കി ഉന്നതതല യോഗങ്ങള്‍
ഉച്ചകോടിക്ക് തൊട്ടുമുമ്പുള്ള ഉന്നതതല യോഗങ്ങള്‍ മൂന്ന് ദിവസമായി നടന്നുവരികയാണ്. കുവൈത്ത് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ ജാറല്ലയുടെ നേതൃത്വത്തില്‍ നടന്ന യോഗങ്ങളില്‍ അറബ് ലീഗിന്‍െറയും ആഫ്രിക്കന്‍ യൂനിയന്‍െറയും ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.  ഉച്ചകോടിക്ക് മുമ്പായി 11, 12 തിയതികളില്‍ പ്രഥമ അറബ്-ആഫ്രിക്കന്‍ ഇകണോമിക് ഫോറം അരങ്ങേറിയിരുന്നു. വാണിജ്യ, സാമ്പത്തിക, വികസന, നിക്ഷേപ രംഗത്തെ വിദഗ്ധര്‍ സംബന്ധിച്ച ഫോറം ഉച്ചകോടിക്ക് മുന്നോട്ടുപോകാനാവശ്യമായ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇവ ഉച്ചകോടിയില്‍ അംഗരാജ്യങ്ങളുടെ പരിഗണനക്കായി സമര്‍പ്പിക്കും.
നവംബര്‍ 18നാണ് വിവിധ രാഷ്ട്രത്തലവന്മാര്‍ എത്തിത്തുടങ്ങുക. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ തലവന്മാര്‍ക്ക് പുറമെ മറ്റു ചില രാഷ്ട്രങ്ങളുടെ പ്രതിനിധികളുമെത്തുന്നുണ്ട്. ജിഎട്ട് പ്രതിനിധിയായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ എത്തും. ഇന്ത്യന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി എത്തുമെന്നും സൂചനയുണ്ട്.

സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജം
ഉച്ചകോടിക്കുവേണ്ട ഒരുക്കങ്ങളെല്ലാം ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. അവസാനവട്ട സജ്ജീകരണങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഉച്ചകോടി നടക്കുന്ന ബയാന്‍ പാലസിലെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹും കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹും പ്യടനം നടത്തിയിരുന്നു. ഒരുക്കങ്ങളില്‍ അമീര്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഇതിനുപിന്നാലെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് ആഭ്യന്തര മന്ത്രാലയത്തിലെ സെന്‍ട്രല്‍ കമാന്‍ഡ് സെന്‍റര്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. സൈന്യം, പൊലീസ്, നാഷണല്‍ ഗാര്‍ഡ്, അഗ്നിശമനസേന, എമര്‍ജന്‍സി വിഭാഗം എന്നിവ തമ്മിലുള്ള ഏകോപനവും അദ്ദേഹം പരിശോധിച്ചു. ഉച്ചകോടിയുടെ ആദ്യദിനം രാഷ്ട്രനേതാക്കള്‍ക്കുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി രാജ്യത്ത് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങള്‍ കാരയക്ഷമമാക്കുന്നതിന്‍െറ ഭാഗമായി റിഹേഴ്സലുകളും പലതവണ അരങ്ങേറി.

മീഡിയ സെന്‍റര്‍ ഒരുങ്ങി
ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ട സജ്ജീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്വബാഹ് വ്യക്തമാക്കി. ദേശീയ ടി.വി, റേഡിയോ ചാനലുകളിലൂടെ ഉച്ചകോടിക്ക് പ്രചരണം നല്‍കുന്നുണ്ട്. രാജ്യത്തിനകത്തെയും വിദേശങ്ങളില്‍നിന്നുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി അര്‍റായ ഹോട്ടലില്‍ വിശാലമായ മീഡിയ സെന്‍റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ശനിയാഴ്ച വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹ് ഉദ്ഘാടനം ചെയ്തു.
300 ഓളം വിദേശ മാധ്യമവ്രപര്‍ത്തകര്‍ ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തും. ആഫ്രിക്കയില്‍നിന്നും അറബ് മേഖലയില്‍നിന്നും ലോകത്തിന്‍െറ മറ്റു ഭാഗങ്ങളില്‍നിന്നും 100 വീതം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. കുവൈത്തിന്‍െറ ഔദ്യാഗിക വാര്‍ത്താ ഏജന്‍സിയായ കുന, കുവൈത്ത് റെഡ്ക്രസന്‍റ്, കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇകണോമിക് ആന്‍റ് ഡവലപ്മെന്‍റ്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സ് തുടങ്ങിയവക്കും ആഫ്രിക്കയില്‍നിന്നുള്ള ചാരിറ്റി സംഘങ്ങള്‍ക്കും സെന്‍ററില്‍ സ്റ്റാളുകളുണ്ട്.

സാംസ്കാരിക പരിപാടികളും സജീവം
ഉച്ചകോടിയോടനുബന്ധിച്ച് അംഗരാജ്യങ്ങളിലെ കലാകാരന്മാര്‍ പങ്കെടുക്കുന്ന സംസ്കാരിക പരിപാടികളും അരങ്ങേറുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ഈജിപ്ത് എന്നിവിടങ്ങളിലെ സംഘങ്ങള്‍ ഇന്നലെ സൂഖ് ശര്‍ക്ക് മാളില്‍ നൃത്തം അവതരിപ്പിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആര്‍ട്സ് ആന്‍റ് ലെറ്റേഴ്സിന്‍െറ ആഭിമുഖ്യത്തിലായിരുന്നു ഇത്.
കെനിയ, ബഹ്റൈന്‍, ഗാബോണ്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നാടന്‍ കലാസംഘങ്ങളും വരുംദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ഫോട്ടോഗ്രഫി എക്സിബിഷന്‍, ക്രാഫ്റ്റ്സ് എക്സിബിഷന്‍ എന്നിവയും അരങ്ങേറുന്നുണ്ട്.

വാദിയില്‍ ഒലിച്ചുപോയ മലയാളി മരിച്ചു

Posted: 16 Nov 2013 10:41 PM PST

Image: 

മസ്കത്ത്: ജോലിക്കിടെ വാദിയില്‍ ഒലിച്ചുപോയ മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും മസ്കത്ത് റൂവി ടവല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനിയിലെ ജീവനക്കാരനുമായ നടരാജനാണ് (45) മരിച്ചത്. നടരാജന്‍െറ കൂടെ ഒഴുകിപ്പോയ ആന്ധ്രാപ്രദേശ് നിസാമാബാദ് സ്വദേശി രാജറെഡ്ഢി ഒന്നര കിലോമീറ്റര്‍ ഒഴുകിയ ശേഷം മരത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം 6.45ഓടെ ഒഴുക്കില്‍ പെട്ട നടരാജന്‍െറ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴോടെയാണ് കണ്ടെത്തിയത്. ഒഴുകിപ്പോയ സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ചളിയില്‍ പൂണ്ടുകിടന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ശനിയാഴ്ച രാവിലെ കമ്പനിയിലെ തൊഴിലാളികളും മറ്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അല്‍ഖൂദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായ അമല്‍ പറഞ്ഞു.
ഉടന്‍ ടവല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനിയിലും പൊലീസിലും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പബ്ളിക് അതോറിറ്റി ജീവനക്കാരും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അല്‍ഖൂദ് ഗള്‍ഫാര്‍ റൗണ്ട് എബൗട്ടിന് സമീപം വാദിയിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് വാദിയില്‍ മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ പെട്ടവരെ കയറിട്ട് കൊടുത്തും മറ്റും രക്ഷിക്കാന്‍ മറ്റു തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ ഒലിച്ചുപോയ വാദിക്ക് ചിലയിടങ്ങളില്‍ 500 മീറ്റര്‍ വരെ വീതിയുണ്ട്.

മരത്തില്‍പിടിച്ച് രാജറെഡ്ഢി
ജീവിതത്തിലേക്ക് തിരിച്ചുകയറി
മസ്കത്ത്: വെള്ളിയാഴ്ച വൈകുന്നേരം അല്‍ഖൂദ് ഗള്‍ഫാര്‍ റൗണ്ട് എബൗട്ടിന് സമീപത്തുനിന്ന് വാദിയില്‍ ഒഴുക്കില്‍ പെട്ട ആന്ധ്രാപ്രദേശ് നിസാമാബാദ് സ്വദേശി രാജറെഡ്ഢി രക്ഷപ്പെട്ടത് മരത്തില്‍ പിടിച്ച്. ഒന്നര കിലോമീറ്ററോളം ഒഴുകിയ ശേഷമാണ് ഇദ്ദേഹത്തിന് മരത്തില്‍ പിടികിട്ടിയത്. തുടര്‍ന്ന് പ്രയാസപ്പെട്ട് കരക്ക് കയറുകയായിരുന്നു.
വാദിയിലൂടെയുള്ള ഒഴുക്കിനിടെ ഇദ്ദേഹത്തിന് ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി മുറിവേറ്റു. ക്ഷീണിതനായതിനാല്‍ ഏറെ നേരം മരത്തിന് ചുവട്ടില്‍ തന്നെ കിടന്നു. പിന്നീട് നടന്ന് അല്‍ഖൂദിലെ ലേബര്‍ ക്യാമ്പിലെത്തുകയായിരുന്നു.  രാജറെഡ്ഢി മടങ്ങിയെത്തിയതോടെ നടരാജനും രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷ തൊഴിലാളികളിലുണര്‍ന്നു. എന്നാല്‍, പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.

 

കരിമണല്‍ ഖനനം: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല

Posted: 16 Nov 2013 10:23 PM PST

Image: 

തിരുവനന്തപുരം: കരിമണല്‍ഖനനവുമായി ബന്ധപ്പെട്ട് സ്വകാര്യകമ്പനിക്ക് അനുകൂലമായി  ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ളെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
നേരത്തെ  കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിക്കുന്ന തീരുമാനം സര്‍ക്കാര്‍ കൊക്കൊണ്ടിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഈ തീരുമാനം മരവിപ്പിച്ചു. ഇതിനെതിരായാണ് സ്വകാര്യകമ്പനി ഹൈകോടതിയെ സമീപിച്ചത്.  സ്വകാര്യ മേഖലക്ക് ഖനനാനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.

 

ദേശീയ പാതാ വികസനം; പ്രതിഷേധക്കാര്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ തടഞ്ഞു

Posted: 16 Nov 2013 09:57 PM PST

Image: 

കോഴിക്കോട്: മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കോഴിക്കോട് ലീഗ് ഹൗസിനു മുന്നില്‍ തടഞ്ഞു. ദേശീയപാത വികസനത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ദേശീയപാതാ കര്‍മസമിതി പ്രവര്‍ത്തകര്‍ ആണ് മന്ത്രിയെ തടഞ്ഞത്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ദേശീയപാത സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞത്.  മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി വാക്കേറ്റവുമുണ്ടായി.
ലീഗ് ഹൗസില്‍ യോഗത്തിനത്തെിയതായിരുന്നു മന്ത്രിമാര്‍. വെളിയങ്കോട് പ്രദേശത്തു നിന്നുള്ള 180 തോളം കുടുംബങ്ങളാണ് രാവിലെ തന്നെ ലീഗ് ഹൗസിനു മുന്നില്‍ പരാതിയുമായി എത്തിയത്. മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍്റെ കാര്‍ കണ്ടയുടന്‍ ഇവര്‍ പരാതിയുമായി സമീപിച്ചു. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ദേശീയപതാ വികസനവുമായി മുന്നോട്ട്പോവരുതെന്ന് അവര്‍ അറിയിച്ചെങ്കിലും ഇതു വകവെക്കാതെ മന്ത്രി നീങ്ങിയതാണ് പ്രതിഷേധക്കാരുമായി വാക്കേറ്റത്തിനിടക്കിയത്. നേരത്തെ പാണക്കാട് ഹൈദരലി തങ്ങളുടെ അടുത്ത് പരാതിയുമായി ചെന്നിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP