സ്വാഗതം
WELCOME

News Update..

Friday, November 29, 2013

പരാതികളേറെ, മറുപടി ‘ഗ്യാസ്’ Madhyamam News Feeds

പരാതികളേറെ, മറുപടി ‘ഗ്യാസ്’ Madhyamam News Feeds

Link to

പരാതികളേറെ, മറുപടി ‘ഗ്യാസ്’

Posted: 29 Nov 2013 01:08 AM PST

Subtitle: 
'പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ' പദ്ധതി പരീക്ഷണം ജില്ലയില്‍ പാളുന്നു

പത്തനംതിട്ട: പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കി വിജയിച്ചെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. പരാതികളുമായി സമീപിക്കുമ്പോള്‍ ഏജന്‍സിയും ജില്ലാഭരണകൂടവും കൈമലര്‍ത്തുകയാണ്. ഉത്തരവാദി പെട്രോളിയം കമ്പനികളാണെന്നാണ് ഇരുകൂട്ടരും ഉപഭോക്താക്കളോട് വിശദീകരിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ ഏജന്‍സികളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍േറതായതിനാല്‍ ഇതില്‍പ്പെട്ട ഉപഭോക്താക്കളാണ് പണം നഷ്ടപ്പെട്ടതില്‍ ബഹുഭൂരിപക്ഷവും. ആധാര്‍ നമ്പര്‍ ഗ്യാസ് ഏജന്‍സിയിലും ബാങ്ക് അക്കൗണ്ടിലും ബന്ധിപ്പിച്ച ശേഷം രണ്ടും മൂന്നും സിലിണ്ടര്‍ വരെ എടുത്തവര്‍ സബ്സിഡി തുകക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാന്‍ നല്‍കിയ അപേക്ഷകള്‍ ഗ്യാസ് ഏജന്‍സികള്‍ ബന്ധപ്പെട്ട എണ്ണക്കമ്പനികള്‍ക്ക് അയക്കാത്ത നിരവധി പരാതികളും പുറത്തുവന്നിട്ടുണ്ട്. അപേക്ഷകള്‍ പലതും ഏജന്‍സി ഓഫിസുകളില്‍നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. കോഴഞ്ചേരിയിലെ ഏജന്‍സിയില്‍നിന്ന് അപേക്ഷകള്‍ നഷ്ടപ്പെട്ടതായി കണ്ടത്തെി. ഇതുകാരണവും നിരവധി  ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക നഷ്ടപ്പെട്ടു. ജില്ലയിലെ ലീഡ് ബാങ്കായ എസ്.ബി.ടി ഉള്‍പ്പെടെ ബാങ്കുകളുടെ അലംഭാവം മൂലം അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നിട്ടില്ളെന്നും ആക്ഷേപമുണ്ട്.
നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ വഴിയാണ് തുക ബാങ്ക് അക്കൗണ്ടില്‍ വരേണ്ടത്.  എന്നാല്‍, കോര്‍പറേഷനിലേക്ക് ഉപഭോക്താക്കളുടെ കൃത്യമായ വിവരം എത്തിക്കുന്നതില്‍ ഏജന്‍സികളും ബാങ്കുകളും പരാജയപ്പെട്ടു.  
നമ്പര്‍ ലിങ്കിങ് നടക്കാത്തതിനാല്‍ ഇവര്‍ക്ക് തുക നഷ്ടപ്പെടും. ബന്ധപ്പെട്ട  രേഖകള്‍ മുമ്പുതന്നെ നല്‍കിയിട്ടും ഏജന്‍സികളുടെയും ബാങ്കുകളുടെയും അലംഭാവം മൂലം സബ്സിഡി തുക നഷ്ടപ്പെട്ട ചിലര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
പദ്ധതി നിലവില്‍ വന്നശേഷം വാഹനവാടക ഉള്‍പ്പെടെ മുഴുവന്‍  തുകയായ 1100 രൂപയും നല്‍കിയാണ് ഉപഭോക്താക്കള്‍  സിലിണ്ടര്‍ എടുക്കുന്നത്. സബ്സിഡി തുകയായ 450 മുതല്‍ 550 വരെയാണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്ന പദ്ധതി രാജ്യത്തെ മറ്റ് പരിമിതമായ ജില്ലകള്‍ക്കൊപ്പം പത്തനംതിട്ടയെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ജൂണ്‍ മുതലാണ് പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ മുതല്‍ പൂര്‍ണമായും നടപ്പാക്കല്‍ പ്രാബല്യത്തിലാക്കി. സംസ്ഥാനത്ത് വയനാടും പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
 

സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകള്‍; കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പുകയുന്നു

Posted: 29 Nov 2013 01:03 AM PST

പീരുമേട്: താലൂക്ക് കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ അവസരം സൃഷ്ടിച്ച സംഭവം കോണ്‍ഗ്രസില്‍  പുകയുന്നു. താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ സി.പി.എം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും മലനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ രഹസ്യമായി ഒരു വിഭാഗം ആളുകളെ മത്സരിപ്പിച്ച് എതിരില്ലാതെ തെരഞ്ഞെടുത്തതുമാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉണ്ടായി. കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോലും തയാറായില്ല. പത്രിക നല്‍കാന്‍ തയാറായവരെ പിന്തിരിപ്പിച്ചതായും യോഗത്തില്‍ പരാതി ഉയര്‍ന്നു.
ചില മുതിര്‍ന്ന നേതാക്കളും സി.പി.എമ്മുമായി നടത്തിയ രഹസ്യ ധാരണയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികള്‍ ഇല്ലാതാകാന്‍ കാരണമായതെന്നും മിക്കവരും അഭിപ്രായപ്പെട്ടു. ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ സഹായം തേടുകയും തിരിച്ച് സഹായിക്കുകയും ചെയ്തവര്‍ ത്രിതല-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളായാല്‍ പ്രചാരണ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരെ കിട്ടുകയില്ളെന്നും വിമര്‍ശം ഉയര്‍ന്നു. വാഗമണ്‍ മലനാട് സര്‍വീസ് സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം മാത്രമാണ് സ്ഥാനാര്‍ഥികളായത്. സ്ഥാനാര്‍ഥികളാകാന്‍ തയാറെടുത്തിരുന്ന ഐ.എന്‍.ടി.യു.സിയുടെ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് വിവരം അറിഞ്ഞത്. തെരഞ്ഞെടുപ്പ് നടപടികള്‍ രഹസ്യമായി നടത്തുകയും ജില്ലയില്‍ പ്രചാരം കുറവുള്ള ദിനപത്രങ്ങളില്‍ പരസ്യം വന്ന ദിവസം പത്രങ്ങളുടെ കോപ്പികള്‍ ഏലപ്പാറ മേഖലയില്‍ എത്തിക്കാതെയും ഒത്തുകളിച്ചതായും പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അസി. രജിസ്ട്രാര്‍ ഓഫിസിലെ ചില ജീവനക്കാരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് രഹസ്യമായി നടത്തിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ഐ വിഭാഗത്തിലെ അംഗങ്ങള്‍ക്കും എ വിഭാഗത്തിലെ പ്രമുഖ വിഭാഗത്തിനും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല. തെരഞ്ഞെടുപ്പ് രഹസ്യമായി നടത്തി ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം ഭരണം കൈയാളാന്‍ അവസരമൊരുക്കിയത് തുടര്‍ ദിവസങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
 

ഇരുട്ടായാല്‍ ജില്ലാ ആശുപത്രി അഴിഞ്ഞാട്ട കേന്ദ്രം

Posted: 29 Nov 2013 12:55 AM PST

Subtitle: 
പൊട്ടിപ്പൊളിഞ്ഞ വാര്‍ഡുകള്‍, മദ്യപശല്യം, വനിത ജീവനക്കാരുള്‍പ്പെടെ ഭീതിയില്‍

കോട്ടയം: മദ്യപരുടെയും ഒളിഞ്ഞുനോട്ടക്കാരുടെയും വിഹാരഭൂമിയായ ജില്ലാ ആശുപത്രിയില്‍ രോഗികളും ജീവനക്കാരും ഓരോ ദിനവും തള്ളിനീക്കുന്നത് കടുത്ത ഭീതിയില്‍. പകലും രാത്രിയും ഒരുപോലെ മദ്യപര്‍ ആശുപത്രി പരിസരം കൈയടക്കുകയാണ്.
രാത്രി മതിയായ വെളിച്ചം ഇവിടെയില്ലാത്തതും സ്ഥിതി വഷളാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ പല വാര്‍ഡുകളിലും അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിലാണ്. വാഗ്ദാനങ്ങള്‍ പലവഴിക്കും പ്രവഹിക്കുമ്പോഴും ഒന്നും നടപ്പാകുന്നില്ളെന്ന ശാപം വലക്കുകയാണ് ഈ ആതുരാലയത്തെ. ശബരിമല തീര്‍ഥാടന കാലമായതോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വനിത നഴ്സ് വസ്ത്രം മാറുന്നിടത്ത് ഒളിഞ്ഞുനോക്കിയയാള്‍, ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട സംഭവം നടന്നത് ഒരുമാസം മുമ്പാണ്. പിന്നീട് സ്ത്രീകളുടെ വാര്‍ഡില്‍ ഇതേ സംഭവം ആവര്‍ത്തിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും കാര്യക്ഷമല്ല.
കാഷ്വല്‍റ്റി, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നു. ഒരുമാസം മുമ്പ് രോഗികളെ ഒഴിപ്പിച്ച് അറ്റകുറ്റപ്പണിക്ക് അടച്ച രണ്ടാം വാര്‍ഡ് ഇതുവരെ തുറന്നിട്ടില്ല. ഇവിടെ കൃത്യമായി പണിയും നടക്കുന്നില്ല. പേ വാര്‍ഡ് അടച്ചിട്ട് മൂന്ന് മാസത്തിലേറെയായി. 14 വാര്‍ഡില്‍ 11,12 വാര്‍ഡുകളുടെ അവസ്ഥ ദയനീയമാണ്.
തറയുള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞു. രാവിലെയും രാത്രിയും മാത്രമാണ് മിക്കവാറും വെള്ളം ലഭിക്കുന്നത്. കൈകഴുകാന്‍ പോലും ഇത് തികയാതെ രോഗികളും ജീവനക്കാരും കുഴങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. രാത്രി ഇന്‍ജക്ഷന്‍ നല്‍കാന്‍ പോലും മതിയായ വെളിച്ചമില്ളെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. നഴ്സിങ് റൂമിന്‍െറ കക്കൂസ് ഉള്‍പ്പെടെ പൊട്ടിപ്പൊളിഞ്ഞു. ഇവിടെ കയറാന്‍ പോലും ഭയമാണെന്ന് നഴ്സുമാര്‍ പറയുന്നു. രാവിലെ അഞ്ചുപേരും ഉച്ചക്കും രാത്രിയും രണ്ടുപേരും നഴ്സിങ് റൂമിലുണ്ടാകും. തുണികൊണ്ട് മറച്ച സ്ഥലത്ത് നിന്നാണ് വസ്ത്രം മാറുന്നത്. അസൗകര്യം പലപ്പോഴായി അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതിനാല്‍ വന്‍തുക വാടക നല്‍കിയാണ് നഴ്സുമാര്‍ കഴിയുന്നത്. ഇതുസംബന്ധിച്ച് ആവശ്യം ഉന്നയിച്ചാല്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനായി ശ്രമിക്കാനാണ് അധികൃതരുടെ മറുപടി. കൊതുകിന്‍െറ പെരുപ്പവും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടുന്നവരെ വലക്കുന്നുണ്ട്. കൊതുക് നിര്‍മാര്‍ജനത്തിന് എടുക്കേണ്ട നടപടികള്‍ എഴുതിയ ബോര്‍ഡ് മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക നടപടി. നഗരത്തില്‍ ഫോഗിങ് നടത്തുന്ന വാഹനം വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞ് ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, ആശുപത്രി പരിസരത്ത് ഫോഗിങ് നടത്താറില്ല. പനി ജില്ലയില്‍ പടര്‍ന്നപ്പോള്‍ ഒരുവാര്‍ഡ് മാത്രം പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി രോഗികളെ പ്രവേശിപ്പിച്ച് എല്ലാം ശരിയായെന്ന് പറഞ്ഞ് ജനപ്രതിനിധികള്‍ തടിയൂരുകയായിരുന്നു.
ആശുപത്രി ജീവനക്കാരിലും രോഗികള്‍ക്ക് കൂട്ടായി എത്തുന്നവരിലും മദ്യപിച്ച് ഭീതി പരത്തുന്നവരുണ്ട്. ചില ഡോക്ടര്‍മാര്‍ വരെ മദ്യപിച്ചാണ് ജോലിക്ക് എത്തുന്നതെന്ന് രോഗികള്‍ ആരോപിക്കുന്നു. മദ്യപിച്ച് ജോലിക്ക് എത്തുന്ന ജീവനക്കാര്‍ക്കെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. അറ്റന്‍ഡര്‍മാരിലും ഓഫിസ് ജീവനക്കാരിലും ചിലര്‍ മദ്യപിച്ചത്തെുന്നത് പലപ്പോഴും വാക്കുതര്‍ക്കത്തിനും ഇടയാക്കുന്നു. ഇവരുടെ പേരില്‍ മൊത്തം ജീവനക്കാര്‍ പേരുദോഷം കേള്‍ക്കുന്ന സ്ഥിതിയാണ്.
 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം

Posted: 29 Nov 2013 12:29 AM PST

Image: 

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ളിക്ക് ഹൃദയാഘാതം. കാംബ്ളിയെ മുംബൈ ലിലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2012ല്‍ കാംബ്ളിക്ക് ആന്‍ജിയോപ്ളാസ്റ്റി നടത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി കാംബ്ളി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. സചിനോടൊപ്പമുള്ള 664 റണ്‍സിന്‍െറ റെക്കേഡ് കൂട്ടുകെട്ടാണ് കാംബ്ളിയെ പ്രശസ്തനാക്കിയത്.
സചിന്‍ വിടവാങ്ങല്‍ ചടങ്ങില്‍ തന്നെ ക്ഷണിക്കാതിരുന്നത് ഏറെ വിഷമിപ്പിച്ചെന്ന് കാംബ്ളി പറഞ്ഞിരുന്നു. സചിന് പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഞാന്‍ അദ്ദത്തേിന്റെകരിയറിന്റെഭാഗമായിരുന്നു. എന്നിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം എന്റെപേര് പരാമര്‍ശിക്കുകയോ പാര്‍ട്ടിക്ക് ക്ഷണിക്കുകയോ ഉണ്ടായില്ല. എന്നെ അദ്ദേഹം മറന്നതില്‍ എനിക്ക് വേദനയുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല.’എന്നായിരുന്നു കാംബ്ളി തുറന്ന് പറഞ്ഞത്.

ലാലുവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ്

Posted: 29 Nov 2013 12:26 AM PST

Image: 

ന്യൂദല്‍ഹി:  കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് അനുഭവിക്കുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് രഞ്ജന്‍ ഗോഗായി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ലാലുവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനി ഹാജരായി.

തടവിന് ശിക്ഷിക്കപ്പെട്ട 44 പേരില്‍ 37 പേരും ജാമ്യത്തിലാണെന്ന് ജെത്മലാനി കോടതിയെ അറിയിച്ചു. ആറു പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ലാലുവിനൊപ്പം അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിച്ചയാള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ലാലുവിന് മാത്രമാണ് ജാമ്യം അനുവദിക്കാത്തതെന്നും അഭിഭാഷകന്‍ വാദിച്ചു. കേസ് ഡിസംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും.

ബി.ജെ.പി വെട്ടില്‍; മോഡി യുവതിയുമായി സംസാരിക്കുന്ന ചിത്രം പുറത്ത്

Posted: 29 Nov 2013 12:24 AM PST

Image: 

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയും ഗുജറാത്ത് സര്‍ക്കാറിന്‍്റെ ഒളിനോട്ടത്തിനിരയായ യുവതിയും ഒന്നിച്ചുള്ള ചിത്രം പുറത്ത്. ഗുലൈല്‍ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ആണ് മോഡിയെയും ബി.ജെ.പിയെയും വെട്ടിലാക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. പെണ്‍കുട്ടിക്ക് മോഡിയെ അറിയില്ളെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് ഇത്.

ഗുജറാത്തിലെ കച്ചില്‍ 2005ല്‍ ഹില്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മോഡിയും ബാഗ്ളുര്‍ സ്വദേശിയായ ആര്‍കിടെക്ട് മാധുരിയും കൂടിക്കാഴ്ച നടത്തിയത്. പെണ്‍കുട്ടി മോഡിക്ക് ഇ മെയിലും ഫോണ്‍ നമ്പറും കൈമാറിയെന്നും അന്ന് രാത്രി മാധുരി മോഡിയുടെ ടെന്‍്റിലാണ് കഴിഞ്ഞതെന്നും അന്ന് കച്ച് കളക്ടര്‍ ആയിരുന്ന പ്രദീപ് ശര്‍മയെ ഉദ്ധരിച്ച് ഗുലൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009ല്‍ ഗുജറാത്ത് സര്‍ക്കാറിന്‍്റെ നിരീക്ഷണത്തിന് ഇരയാവുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടിക്ക് മോഡിയെ അറിയാമായിരുന്നു എന്നതിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്.

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആണ് സസ്പെന്‍റ് ചെയ്യപ്പെട്ട ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി തന്‍്റെ പക്കല്‍ ഉണ്ടെന്ന സംശയം കാരണമാണ് മോഡി തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രദീപ് ശര്‍മ നേരത്തെ ആരോപിച്ചിരുന്നു. യുവതിക്ക് തന്നെ പരിചയമുണ്ടായിരുന്നതിനാല്‍ ഈ സി.ഡി കണ്ടെടുക്കാന്‍ പുലര്‍ച്ചെ തന്‍്റെ വീട്ടില്‍ റെയ്ഡ് നടത്തി. നരേന്ദ്ര മോഡി അയച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു എസ്.എം.എസ് യുവതി തന്നെ കണിച്ചിരുന്നു. ഈ നമ്പറിലേക്ക് വിളിച്ചുനോക്കിയപ്പോള്‍ മോഡി ഉപയോഗിക്കുന്ന നമ്പറാണെന്ന് വ്യക്തമായെന്നും പ്രദീപ് ശര്‍മ പറയുന്നു.

ഈ സംഭവങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദീപ് ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെയും തന്നെയും അന്യായമായി നിരീക്ഷിച്ചതും മൊബൈല്‍ ടാപ്പ് ചെയ്തതും ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിന്‍്റെ ലംഘനമാണെന്നും ശര്‍മ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുര്‍സി അനുകൂലികളായ പെണ്‍കുട്ടികളെ ജയിലില്‍ അടച്ചു; ഈജിപ്തില്‍ പ്രതിഷേധം പടരുന്നു

Posted: 28 Nov 2013 11:19 PM PST

Image: 

കൈറോ: ഈജിപ്തില്‍ മുന്‍ പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ച് സമാധാനപരമായി പ്രകടനം നടത്തിയ 21 സ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധം കനക്കുന്നു. കൈറോ സര്‍വകലാശാലക്കു പുറത്ത് നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. 11 വര്‍ഷം വരെ തടവു ശിക്ഷ നല്‍കുന്ന വിധത്തില്‍ തീവ്രവാദ സംഘടകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ഗതാഗതം തടസ്സപ്പെടുത്തിയെന്നും അടക്കമുള്ള നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ളവര്‍ ആണ് ഇതില്‍ ഏഴു പേര്‍. ഇവരെ ജുവനൈല്‍ ജയിലിലും അടച്ചു.

ഈ മാസം ആദ്യത്തില്‍ ആണ് അലക്സാണ്ട്രിയ നഗരത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതിഷേധ പ്രകടം നടത്തിയത്. രാവിലെ ഏഴിന് നടന്ന പ്രതിഷേധം വളരെ സമാധാനപരമായിരുന്നു എന്നും സ്കൂളിലേക്ക് പോവുന്ന വഴിയില്‍ ആണ് ഇതില്‍ ഒരു കുട്ടിയെ പിടികൂടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജയിലിടക്കാനുള്ള വിധിയെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തത്തെിയിട്ടുണ്ട്. ഈ വിധിയെ ‘ഭ്രാന്ത്’ എന്നാണ് ഇവരിലൊരാള്‍  വിശേഷിപ്പിച്ചത്.

നിരവധി സെക്കുലര്‍ പ്രവര്‍ത്തകരായ സ്ത്രീകളെ കൈറോവില്‍ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ആണ് പുതിയ വിധി. തങ്ങളെ അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും മരുഭൂമിയിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞിരുന്നു.

മുര്‍സിലെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരണമെവശ്യപ്പെട്ട് നടന്ന പ്രതിഷേധം സൈന്യം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് നൂറു കണക്കിന് പേരാണ് ഈജിപ്തില്‍ കൊല്ലപ്പെട്ടത്.

എല്‍.പി.ജി സിലിണ്ടര്‍ ക്ഷാമം രണ്ടാഴ്ചക്കകം പരിഹരിക്കും - കലക്്ടര്‍

Posted: 28 Nov 2013 10:53 PM PST

Subtitle: 
അഞ്ചുകിലോ എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡിയില്ലാതെ നല്‍കുന്ന പദ്ധതി കൊച്ചിയില്‍ അടുത്തവര്‍ഷം

കൊച്ചി: ജില്ലയില്‍ ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടര്‍ ലഭ്യതയിലുണ്ടായ കുറവ് 15 ദിവസത്തിനകം പരിഹരിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉറപ്പ് നല്‍കിയതായി  കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്. ഇതോടെ സിലിണ്ടര്‍ ലഭിക്കാനുള്ള ഇടവേള 25-30 ദിവസത്തിലധികം നീളില്ല. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ ഡീലര്‍മാരുടെ കൈവശം ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കുണ്ട്.
വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ കിട്ടാന്‍ താമസമുണ്ടാക്കുന്നതെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ഭാരത് പെട്രോളിയം അറിയിച്ചതായി കലക്ടര്‍ വ്യക്തമാക്കി. കാക്കനാട് മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് ഏജന്‍സികളെ നിയമിക്കാന്‍ ഐ.ഒ.സി നടപടി സ്വീകരിക്കുന്നുണ്ട്. കാക്കനാട്, വാഴക്കാല, ഇന്‍ഫോപാര്‍ക്ക് എന്നീ ഭാഗങ്ങളിലാണ് പുതിയ ഏജന്‍സികള്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറ പുതിയ ഏജന്‍സികള്‍ ആലുവയിലും തൃപ്പൂണിത്തുറയിലും വിതരണം തുടങ്ങും. ഏജന്‍സികള്‍ നല്‍കാന്‍ ഓയില്‍ കമ്പനികള്‍ തയാറാണെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകരില്ലാത്തതാണ് പ്രശ്നമെന്ന് കലക്ടര്‍ പറഞ്ഞു.
ഐ.ഒ.സിയുടെ കൊല്ലം പ്ളാന്‍റിലുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഒരുലക്ഷത്തോളം സിലിണ്ടറുകള്‍ അവിടേക്ക് നല്‍കി കുറവ് പരിഹരിച്ച് വരികയാണ്. മംഗലാപുരത്തുനിന്ന് ബള്‍ക്ക് ഗ്യാസ് എത്തുന്നതിലുണ്ടാകുന്ന തടസ്സവും ഉദയംപേരൂര്‍ പ്ളാന്‍റിലെ ഫില്ലിങ് പ്രക്രിയയിലുണ്ടാകുന്ന പ്രശ്നങ്ങളും ലോറി സമരവുമെല്ലാം സിലിണ്ടര്‍ വിതരണത്തെ ബാധിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ വിതരണവുമായി ബന്ധപ്പെട്ട ബാക്ലോഗ് പരിഹരിക്കുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കിയിരിക്കുന്നത്. ആവശ്യത്തിന് സിലിണ്ടറുകള്‍ സ്റ്റോക്കുള്ള ഭാരത് പെട്രോളിയത്തിന്‍െറയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍െറയും ഏജന്‍സികളിലേക്ക് ഉപഭോക്താക്കള്‍ക്ക് മാറുന്നതിന് സൗകര്യമുണ്ട്. ഇതിന് ഏജന്‍സിയുമായി ബന്ധപ്പെട്ടാല്‍ മതി. ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് 993.50 രൂപ വിലയുള്ള സിലിണ്ടര്‍ സബ്സിഡി കിഴിച്ച് 440.50 രൂപ നിരക്കിലാണ് നല്‍കുന്നത്. ആധാര്‍ നമ്പര്‍ നല്‍കിയ ഉപഭോക്താക്കള്‍ സിലിണ്ടറിന് മുഴുവന്‍ നിരക്കും നല്‍കുമ്പോള്‍ സബ്സിഡിയായി 525.92 രൂപ അവരുടെ ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടിലെത്തും.
അഞ്ചുശതമാനം വില്‍പന നികുതി ഈടാക്കുന്നത് മൂലമാണ് ഉപഭോക്താക്കള്‍ 27.08 രൂപ അധികമായി നല്‍കേണ്ടി വരുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓയില്‍ കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏറ്റവുമാദ്യം മുന്‍കൂറായി നല്‍കുന്നത് 435 രൂപയാണ്. ഇത് അഡ്വാന്‍സാണ്. സിലിണ്ടര്‍ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് സബ്സിഡിത്തുക എത്തുന്ന സംവിധാനമാണ് ഓയില്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്‍.പി.ജി നിരക്കില്‍ വരുന്ന വ്യത്യാസമനുസരിച്ച് സബ്സിഡി നിരക്കിലും വ്യത്യാസമുണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു.മെട്രോ നഗരങ്ങളില്‍ അഞ്ചുകിലോഗ്രാം എല്‍.പി.ജി സിലിണ്ടര്‍ സബ്സിഡിയില്ലാതെ നല്‍കുന്ന പദ്ധതിയിലേക്ക് കൊച്ചിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി നടപ്പാകും. 3000 രൂപ നല്‍കി എടുക്കുന്ന സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് ഇന്നത്തെ നിരക്കില്‍ 450 രൂപയോളം വരും. കമ്പനികള്‍ നേരിട്ടുനടത്തുന്ന പെട്രോള്‍-ഡീസല്‍ പമ്പുകളിലൂടെയാണ് അഞ്ചുകിലോഗ്രാം സിലിണ്ടറിന്‍െറ വിതരണം. എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഓപണ്‍ ഫോറത്തില്‍   കലക്ടര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ബി. രാമചന്ദ്രന്‍, ജില്ലാ സപൈ്ള ഓഫിസര്‍ കെ. സുരേഷ് കുമാര്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായ പി. രംഗദാസപ്രഭു, എ. അജിത്കുമാര്‍, എം.എസ്. അനില്‍കുമാര്‍, കെ.എം. അബ്ബാസ്, ജലീല്‍ താനത്ത്, ഓയില്‍ കമ്പനികളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊയ്യാന്‍ ആളില്ല; 80 ഏക്കറിലെ വിളവ് നശിക്കുന്നു

Posted: 28 Nov 2013 10:48 PM PST

അരൂര്‍: നെല്‍കതിരുകള്‍ കൊയ്യാന്‍ ആളില്ല. അരൂര്‍ കുമ്പഞ്ഞി പാടശേഖരത്തില്‍ 80 ഏക്കറിലെ വിളവ് നശിക്കുന്നു. 120 ഏക്കറിലാണ് കൃഷി നടത്തിയത്. ഇതില്‍ 40 ഏക്കറിലെ കതിരുകള്‍ മാത്രമേ കൊയ്തെടുക്കാനായുള്ളൂ. കൊയ്ത്തുകാരെ കിട്ടാതായതോടെ കര്‍ഷകസംഘം ഭാരവാഹികളും ഏറെ ക്ളേശിക്കുകയാണ്. കര്‍ഷകസംഘമാണ് കൃഷിയിറക്കിയത്. കുറഞ്ഞത് 40 തൊഴിലാളികളെങ്കിലും കൊയ്ത്തിന് ഇറങ്ങേണ്ട സ്ഥാനത്ത് നാലും അഞ്ചും തൊഴിലാളികളാണ് എത്തുന്നത്. കര്‍ഷകസംഘം ഭാരവാഹികള്‍ വീടുകളിലെത്തി കൊയ്ത്തിനിറങ്ങണമെന്ന് പറഞ്ഞിട്ടും ആരും എത്തുന്നില്ല. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് കൊയ്ത്ത്. ഒരു തൊഴിലാളിക്ക് 200 രൂപയും ഭക്ഷണവും നല്‍കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയെക്കാള്‍ കൂടുതല്‍ നല്‍കിയിട്ടും പാടത്തിറങ്ങാന്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. 80 ഏക്കറിലെ വിളഞ്ഞ നെല്‍കതിരുകള്‍ കൊയ്തെടുക്കാന്‍ കഴിയാതായതോടെ നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകസംഘം സെക്രട്ടറി സുനില്‍ പി. തെക്കേമഠം, പ്രസിഡന്‍റ് ടി.കെ. ശശിധരന്‍പിള്ള എന്നിവര്‍ പറഞ്ഞു.
 

വീടിന്‍െറ വാതില്‍ തകര്‍ത്ത് 17 പവന്‍ കവര്‍ന്നു

Posted: 28 Nov 2013 10:36 PM PST

കാഞ്ഞാണി: അരിമ്പൂര്‍ ആറാംകല്ലില്‍ വീടിന്‍െറ വാതില്‍ തകര്‍ത്ത് 17 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. പാലയൂര്‍ വീട്ടില്‍ മാര്‍ട്ടിന്‍െറ വീട്ടില്‍ ബുധനാഴ്ച വൈകീട്ടാണ് കവര്‍ച്ച നടന്നത്. മാര്‍ട്ടിനും കുടുംബവും വൈകീട്ട് സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രി 9.15ഓടെ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. സംശയം തോന്നി നോക്കിയപ്പോഴാണ് പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍നിന്ന് വളകള്‍, മാലകള്‍, പാദസരം, കൈചെയ്ന്‍, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്.
വീട്ടുകാര്‍ പുറത്തുപോയ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന് മോഷ്ടിച്ച ശേഷം അകത്ത് നിന്ന് പൂട്ടുകയും പിന്‍വശത്തെ വാതില്‍ തുറന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് കരുതുന്നു. അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് നായ സ്ഥലത്തെത്തിയെങ്കിലും വാഹനത്തില്‍നിന്ന് ഇറങ്ങാതെ മടങ്ങി. വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP