കൊച്ചി എകദിനം: വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടം Posted: 21 Nov 2013 12:21 AM PST കൊച്ചി: ഇന്ത്യ-വെസ്റ്റിന്‍ഡീസ് എകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ആദ്യ വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. ക്രിസ് ഗെയില്‍ പൂജ്യത്തിന് റണ്‍ ഒൗട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ടീം ആറു റണ്‍സ് എടുത്തു. ജോണ്‍സന്‍ ചാള്‍സും മര്‍ലന്‍ സാമുവല്‍സുമാണ് ക്രീസില്‍. |
മുരിങ്ങൂരില്‍ ‘ബെല്‍മൗത്ത് ’ നിര്‍മാണം ഉപേക്ഷിച്ചതില്‍ പഞ്ചായത്തുകളുടെ പ്രതിഷേധം Posted: 20 Nov 2013 10:48 PM PST ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ഫൈ്ളഓവറിന് സമീപത്തെ ബെല്‍മൗത്ത് നിര്‍മാണം ദേശീയപാത അധികൃതര്‍ ഉപേക്ഷിച്ചു. ഇതില്‍ പ്രതിഷേധിച്ച് മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മുരിങ്ങൂരില്‍ ബുധനാഴ്ച വൈകീട്ട് ധര്‍ണ നടത്തി. ഡിവൈന്‍ ധ്യാനകേന്ദ്രത്തോടുചേര്‍ന്ന് ദേശീയപാതയുടെ സര്‍വീസ് റോഡില്‍ കാടുകുറ്റിയിലേക്ക് തിരിയുന്ന ഭാഗത്താണ് ബെല്‍മൗത്ത് ഉദ്ദേശിച്ചിരുന്നത്. ഇതുമൂലം തിരക്കും അപകടങ്ങളും കുറക്കാന്‍ സാധിക്കും. ഇവിടെ ബസ്ബേ നിര്‍മിക്കാന്‍ ഇരുവശത്തും സ്ഥലമെടുത്തിരുന്നു. തെക്കുഭാഗത്തെ കടകളും വടക്കുഭാഗത്തെ ഡിവൈനിന്‍െറ കുറച്ച് സ്ഥലവും ഇതിന് അക്വയര്‍ ചെയ്തിട്ടിരുന്നു. സ്ഥലം ഏറ്റെടുക്കുന്നത് റദ്ദാക്കിയതായി ഉടമകളെ രഹസ്യമായി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ ഇവിടെ കമ്പിവേലി കെട്ടി വാഴ നട്ടു. അതോടെ ധ്യാനകേന്ദ്രം ദേശീയപാത കൈയേറി വാഴ നട്ടെന്ന് ആരോപണം വരുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പൊലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. കലക്ടര്‍ക്കും ആര്‍.ഡി.ഒക്കും മേലൂര്‍ വില്ലേജോഫിസര്‍ക്കും ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയിരുന്നു. കാടുകുറ്റി റോഡിലേക്ക് തിരിയുന്ന ഈ ഭാഗത്തെ റോഡ് ഇടുങ്ങിയതാണ്. ഇവിടെ അടിപ്പാത റോഡില്‍ വന്ന് ചേരുമ്പോള്‍ ഗതാഗതക്കുരുക്കും ഉണ്ടാവാറുണ്ട്. കൂടാതെ, കാടുകുറ്റി റോഡില്‍ ഡിവൈന്‍നഗര്‍ മേല്‍പാലം പണിതീരുന്ന ഘട്ടത്തിലാണ്. പണിതീര്‍ന്നാല്‍ റയില്‍വേ ലെവല്‍ക്രോസ് ഇല്ലാതാകുകയും കാടുകുറ്റി റോഡില്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുകയും ചെയ്യും. അതുകൊണ്ട് ബെല്‍മൗത്ത് ഇല്ലെങ്കില്‍ ഇവിടെ വലിയ ഗതാഗത തടസ്സമുണ്ടാകും. അക്വയര്‍ ചെയ്ത സ്ഥലം മതിയായ കാരണങ്ങളില്ലാതെ വിട്ടുകൊടുക്കുന്നത് പതിവില്ലാത്തതാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബെല്‍മൗത്ത് നിര്‍മാണം ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മുരിങ്ങൂരില്‍ ബുധനാഴ്ച വൈകീട്ട് ധര്‍ണയില്‍ മേലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഹൈമവതി ശിവന്‍, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ഡെയ്സി ഫ്രാന്‍സിസ്, സി.പി.എം കാടുകുറ്റി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ഡി. പോള്‍സണ്‍, ബ്ളോക്ക് അംഗം വനജ ദിവാകരന്‍, കാടുകുറ്റി പഞ്ചായത്തംഗങ്ങളായ രാധ ബാലകൃഷ്ണന്‍, എം.ആര്‍. രവീന്ദ്രന്‍, മേലൂര്‍ പഞ്ചായത്തംഗങ്ങളായ ഗീത ഗോപി, പി.പി. ബാബു, പി.പി. പരമേശ്വരന്‍, ഭാസ്കരന്‍ മാസ്റ്ററര്‍, പി.കെ. ബാബു, കെ.ടി. ഗംഗാധരന്‍, രാജീവ് ഉപ്പത്ത്, കെ.വി. അശോകന്‍, രാജേഷ് മേനോത്ത്, ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. |
കൊച്ചിയില്‍നിന്ന് ഗോതമ്പ് കയറ്റുമതി ചെയ്യും-കെ.വി. തോമസ് Posted: 20 Nov 2013 10:37 PM PST തിരുവനന്തപുരം: കൊച്ചി തുറമുഖത്തുനിന്ന് ഇറാന്‍, ഇറാഖ് ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി കെ.വി. തോമസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യം പുരോഗമിച്ചു. ഉയര്‍ന്ന സമ്പന്നതയിലേക്ക് വളരുമ്പോള്‍ അതിന്‍െറ ഗുണഫലം സാധാരണക്കാരിലത്തെണം. രത്നമ്മ മാത്യു ഫൗണ്ടേഷന്‍െറ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക ഉന്നമനത്തിന് നിസ്വാര്‍ഥം പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ സേവനം ആവശ്യമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. ഫൗണ്ടേഷന്‍െറ ജീവകാരുണ്യ കൂട്ടായ്മയും പുരസ്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിന്മകള്‍ പര്‍വതീകരിക്കുകയും നന്മകള്‍ തമസ്കരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. രാഷ്ട്രീയവും രാഷ്ട്രീയക്കാരും കുഴപ്പമാണെന്ന ധാരണ ജനങ്ങളില്‍ വളരുന്നുണ്ട്. പുതുതലമുറ ജനാധിപത്യത്തില്‍ ഇടപെടുന്നില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവാര്‍ഡുകള്‍ കെ.വി. തോമസിനും സാമൂഹികപ്രവര്‍ത്തക സിസ്റ്റര്‍ മൈഥിലിക്കും പി.ജെ. കുര്യന്‍ സമ്മാനിച്ചു. ബോബി ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ചീഫ് കോഓഡിനേറ്റര്‍ ഗോപകുമാര്‍ കൈപ്പള്ളി, സെക്രട്ടറി പുനലൂര്‍ ടി.എം. തോമസ്, എച്ച്. മന്‍സൂറുദ്ദീന്‍, ഫിലിപ്പ് മേമഠം തുടങ്ങിയവര്‍ സംസാരിച്ചു. |
മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ്: നഗരസഭാ കൗണ്‍സിലില്‍ ബഹളം Posted: 20 Nov 2013 10:25 PM PST പാലക്കാട്: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് ലോട്ടറി വില്‍പനക്ക് ലൈസന്‍സ് നല്‍കിയ സംഭവം ബുധനാഴ്ച ചേര്‍ന്ന അടിയന്തര നഗരസഭാ കൗണ്‍സിലില്‍ ഏറെ ബഹളത്തിനിടയാക്കി. യോഗം തുടങ്ങിയ ഉടന്‍ ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ ചേംബറിനു മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. യു.ഡി.എഫിന്‍െറ പിന്തുണയില്ലാത്ത ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൊട്ടുപിന്നാലെ മുസ്ലിംലീഗ് അംഗങ്ങളും വാക്കൗട്ട് നടത്തി. കോണ്‍ഗ്രസിലെയും ലീഗിലെയും ഓരോ സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ മാത്രമാണ് ഭരണപക്ഷത്ത് യോഗത്തില്‍ തുടര്‍ന്നത്. മാര്‍ട്ടിന്‍െറ സ്ഥാപനത്തിന് വഴിവിട്ട് ലൈസന്‍സ് നല്‍കിയ നഗരസഭാ ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യണമെന്ന് ബി.ജെ.പിയിലെ എന്‍. ശിവരാജന്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയ ബി.ജെ.പി കൗണ്‍സിലറോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും കുറ്റക്കാരനെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയില്‍ 50,000ഓളം ലൈസന്‍സ് അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോള്‍ മാര്‍ട്ടിന്‍െറ സ്ഥാപനത്തിന് മണിക്കൂറുകള്‍ക്കകം ലൈസന്‍സ് നല്‍കിയതിനു പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്‍െറ ഇടപെടലുണ്ടെന്ന ആരോപണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യണമെന്ന ശിവരാജന്‍െറ ആവശ്യം സി.പി.എമ്മും പിന്താങ്ങിയതോടെ ചെയര്‍മാന്‍ അംഗീകരിക്കുകയായിരുന്നു. മാര്‍ട്ടിന് ലൈസന്‍സ് നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും ഇതില്‍ പങ്കുണ്ടെന്നും ഇടത് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മാലിന്യസംസ്കരണ പ്ളാന്‍റുമായി ബന്ധപ്പെട്ട് തട്ടിപ്പിനു ശ്രമിച്ച കവിതാ പിള്ളയുമായി മൂന്നു ദിവസം നഗരത്തിലെ വീട്ടില്‍ ചെയര്‍മാനോടൊപ്പം ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവിന്‍െറ പേര് വെളിപ്പെടുത്തണമെന്ന ശിവരാജന്‍െറ ആവശ്യത്തിന് ഒന്നരവര്‍ഷം മുമ്പ് നടന്നതായതിനാല്‍ ഇക്കാര്യം ഓര്‍മയില്ലെന്നും ഫയലുകള്‍ പരിശോധിച്ച് അടുത്ത കൗണ്‍സിലില്‍ പറയാമെന്നുമായിരുന്നു അബ്ദുല്‍ഖുദ്ദൂസിന്‍െറ പ്രതികരണം. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് കവിതാപിള്ളയെ നഗരസഭയിലേക്ക് അയച്ചതെന്നും ചെയര്‍മാന്‍ ആവര്‍ത്തിച്ചു. |
എടവണ്ണയില്‍ ലീഗ് ഓഫിസിന് തീയിട്ടു Posted: 20 Nov 2013 10:18 PM PST എടവണ്ണ: എടവണ്ണ ടൗണിലെ മുസ്ലിംലീഗ് ഓഫിസിന് തീയിട്ടു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് എടവണ്ണ മേലെ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ഓഫിസിന് തീയിട്ടത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് അണച്ചതിനാല്‍ തീ വ്യാപിച്ചില്ല. ഓഫിസിനകത്തെ ഫര്‍ണിച്ചറുകളും ഫയലുകളും തകര്‍ത്ത ശേഷമാണ് തീയിട്ടത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. തിങ്കളാഴ്ച നടന്ന ഹര്‍ത്താലിലുണ്ടായ സംഘര്‍ഷത്തില്‍ എടവണ്ണ ജമാലങ്ങാടിയിലെ സി.പി.എം എടവണ്ണ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തിന് ശേഷം എടവണ്ണയിലും പരിസര പ്രദേശങ്ങളിലും പൊലീസ് കാവല്‍ ശക്തമാക്കിയിരുന്നുവെങ്കിലും ഇതിനിടയിലാണ് പുതിയ സംഭവം. ടൗണിന് സമീപത്തെ സീതിഹാജി സൗധത്തിന് പൊലീസ് കാവലേര്‍പ്പെടുത്തിയിരുന്നെങ്കിലും മുസ്ലിംലീഗിന്‍െറ മേലെ അങ്ങാടിയിലെ പഴയ ഓഫിസ് കെട്ടിടത്തിന് കാവലുണ്ടായിരുന്നില്ല. സംഭവത്തെതുടര്‍ന്ന് ഒതായി, കുണ്ടുതോട്, കുരിശുംപടി, മുണ്ടേങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ട്ടിയുടെ കൊടി തോരണങ്ങളും പോസ്റ്റര്‍, ബാനറുകളും നശിപ്പിക്കപ്പെട്ടതായി സി.പി.എം ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരം എടവണ്ണ ടൗണില്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പി.പി. ലുഖ്മാന്‍, കെ. മുഹമ്മദ് കുട്ടി, കെ.ടി. അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ എടവണ്ണ, കാളികാവ്, വണ്ടൂര്‍ സ്റ്റേഷനിലെയും മലപ്പുറം എ.ആര്‍ ക്യാമ്പിലെയും പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. |
മത്സരമല്ല; ഉത്സവം... Posted: 20 Nov 2013 10:08 PM PST Subtitle: ജില്ലാ ശാസ്ത്ര മേളക്ക് വര്‍ണാഭ തുടക്കം തൊടുപുഴ: ഇടുക്കി റവന്യൂ ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹിക ശാസ്ത്ര- പ്രവൃത്തിപരിചയ മേളക്ക് വര്‍ണാഭ തുടക്കം. ബുധനാഴ്ച കരിമണ്ണൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇളംദേശം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിബി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. വര്‍ഗീസ്, ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അനില ജോര്‍ജ്, കരിമണ്ണൂര്‍ എസ്.ജെ എച്ച്.എസ്.എസ് അസിസ്റ്റന്‍റ് മാനേജര്‍ ഫാ. തോമസ് ചാമക്കാലായില്‍, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം അലക്സ് കോഴിമല, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജോളി, ഇളംദേശം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വത്സമ്മ എബ്രഹാം, വൈസ് പ്രസിഡന്‍റ് പോള്‍ കുഴിപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില ജോര്‍ജ് സ്വാഗതവും കരിമണ്ണൂര്‍ എസ്.ജെ എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. |
ബിജുവിനെ കൊല്ലുന്നതിന് ഉടമയുടെ ഭാര്യയും സാക്ഷിയെന്ന് മൊഴി Posted: 20 Nov 2013 09:51 PM PST പത്തനംതിട്ട: കരിക്കിനത്തേ് വസ്ത്രാലയത്തിലെ കാഷ്യര്‍ ബിജു പി. ജോസഫിനെ ക്രൂരമായി മര്‍ദിച്ച് കൊന്നതിന് ഉടമ ജോര്‍ജിന്‍െറ ഭാര്യയും സാക്ഷിയായിരുന്നുവെന്ന് സഹ കാഷ്യര്‍ പൊലീസിന് മൊഴി നല്‍കി. സ്ഥാപനത്തിലെ ബിജുവിനെ ആദ്യം മര്‍ദിച്ചത് ജോര്‍ജായിരുന്നു. ഇതിന് സാക്ഷിയായി അവിടെ ഉണ്ടായിരുന്നത് താനടക്കം അഞ്ചുപേരായിരുന്നെന്ന് സഹ കാഷ്യറായ റോയി അന്വേഷണസംഘത്തിന് മൊഴി നല്‍കി. റോയി, ആദ്യം ഭയപ്പെട്ട് മൊഴിമാറ്റിപ്പറഞ്ഞിരുന്നു. പൊലീസ് സുരക്ഷാ ഉറപ്പു നല്‍കിയതിന് ശേഷമാണ് നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് കരിക്കിനത്തേിന്‍െറ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് റോയിയും മറ്റു ജോലിക്കാരും പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, പൊലീസിന്‍െറ വിദഗ്ധമായ ചോദ്യം ചെയ്യലില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ റോയി നിര്‍ബന്ധിതനായി. സത്യം തുറന്നു പറഞ്ഞാല്‍ കരിക്കിനത്തേ് ഉടമകള്‍ തന്നെയും കൊല്ലുമെന്ന് റോയി അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി അടൂര്‍ കരിക്കിനത്തേ് ഉടമ ജോസ് അറസ്റ്റിലായിരുന്നു. രണ്ടാം പ്രതി ജോര്‍ജ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. റോയി പോലീസിന് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം: നവംബര്‍ അഞ്ചിന് രാത്രി 10 മണിയോടെ കരിക്കിനത്തേ് ഉടമ ജോര്‍ജ്, ഭാര്യ എന്നിവരും താനടക്കം 15 ഓളം ജീവനക്കാരും കടയിലുള്ളപ്പോഴാണ് കാഷ് കൗണ്ടറിലെ പണത്തില്‍നിന്ന് ഒരു ലക്ഷം രൂപ കാണാതായതായി പറയുന്നത്. അന്നത്തെ വിറ്റുവരവ് 3.29 ലക്ഷമായിരുന്നു. കാഷ്യര്‍മാര്‍ നല്‍കിയ ഡിനോമിനേഷനില്‍ 2.20 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് പണം കാണാതായെന്ന് പറഞ്ഞ് ബഹളം വെച്ച ജോര്‍ജ് ആദ്യം കാഷ്യര്‍മാരായ ബിജുവിനെയും റോയിയെയുമാണ് സംശയിച്ചത്. ഇതിനിടെ പണം മോഷ്ടിച്ച് എവിടെ വെച്ചെടാ എന്നു ചോദിച്ച് ബിജുവിന്‍െറ മുഖത്തിടിച്ചു. ഇതിനിടെ അടൂര്‍ കരിക്കിനത്തേ് ഉടമ ജോസിനെയും വിളിച്ചു വരുത്തി. ജോസ് വന്ന ഉടന്‍ തന്നെ ബിജുവിനെ കൗണ്ടറിന്‍െറ മുന്നിലിട്ട് മര്‍ദിച്ചു. പിന്നെ അയാളെയുംകൊണ്ട് പാന്‍ട്രിക്കുള്ളിലേക്ക് പോയി. അകത്തുനിന്ന് നിലവിളിയും മറ്റും കേട്ടു. കുറേ നേരത്തിന് ശേഷം കതക് തുറന്ന് ജോസ് ഇറങ്ങി വന്നു. ഈ സമയം ബിജു അവിടെ ഒരു മേശയില്‍ അനക്കമില്ലാതെ ചാരിയിരിക്കുന്ന നിലയില്‍ കണ്ടു. ഇതിനിടെ ജോസ് അലറിക്കൊണ്ട് തനിക്ക് നേരെ പാഞ്ഞു വന്നു. ഭയന്ന് താന്‍ പിന്നാക്കം ഓടി. കൗണ്ടറിനടുത്തെത്തി. ബിജു മരിച്ചെന്ന് ബോധ്യമായതിനാലാണ് തന്നെ ഒന്നും ചെയ്യാതിരുന്നത് എന്നും റോയിയുടെ മൊഴിയിലുണ്ട്. ജോസ് ബിജുവിനെ ചവിട്ടിക്കൊന്നെന്നാണ് പുതിയ അന്വേഷണസംഘത്തിന്‍െറ നിഗമനം. കൊലക്ക് ഒരു ഉപകരണവും ഉപയോഗിച്ചില്ലെന്ന് ഇവര്‍ തീര്‍ത്തു പറയുന്നു. ബിജുവിന്‍െറ ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. അതിലൊന്ന് തറച്ചാകണം കരള്‍ രണ്ടായി പിളര്‍ന്നത്. ബൂട്ടിട്ടുള്ള ചവിട്ടുകൊണ്ട് ഇത്രയും ഭീകരമായ മരണം ഉണ്ടാകില്ലെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. മരണം ജോസിന്‍െറ ചവിട്ടേറ്റ് തന്നെയാണെന്നും ഉറപ്പിക്കുന്നു. കേസില്‍ പത്തിലധികം പ്രതികള്‍ ഉണ്ടാകുമെന്ന് അന്വേഷണസംഘം സൂചന നല്‍കുന്നു. രണ്ടാം പ്രതി ജോര്‍ജ് ഒളിവിലാണ്. കൊലപാതകം നടന്നത് നവംബര്‍ അഞ്ചിനാണ്. 10 ാം തീയതി വരെ ജോര്‍ജ് കടയില്‍ വന്നു പോയിരുന്നു. അന്വേഷണസംഘം മാറിയതറിഞ്ഞാണ് ഇയാള്‍ ഒളിവില്‍ പോയത്. ആദ്യ അന്വേഷണസംഘം പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനായി കോഴയും കൈപ്പറ്റി. കോഴ നല്‍കിയത് ആലപ്പുഴ ബാറിലെ ക്രിമിനല്‍ അഭിഭാഷകനായ ചെങ്ങന്നൂര്‍ സ്വദേശിയാണ്. എല്ലാ കൊലപാതകകേസുകളും കോഴ നല്‍കി ഒതുക്കുന്നതില്‍ പ്രശസ്തനായ ഇയാള്‍ക്ക് ഇവിടെ കൈപൊള്ളി. ആദ്യ സംഘത്തിന് കൊടുത്തത് 15 ലക്ഷമാണെന്നാണ് സൂചന. എന്നാല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എ.ഡി.ജി.പി ഇടപെട്ടതോടെ നീക്കം പാളുകയായിരുന്നു. |
കുളമ്പുരോഗം തമിഴ്നാട്ടില്‍നിന്ന് Posted: 20 Nov 2013 09:46 PM PST കോട്ടയം: സംസ്ഥാനത്ത് പടരുന്ന കുളമ്പുരോഗത്തിന്‍െറ കടന്നുവരവ് തമിഴ്നാട്ടില്‍നിന്നാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍. രോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ കന്നുകാലിച്ചന്തകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വകുപ്പ്.എന്നാല്‍, മൃഗസംരക്ഷണവകുപ്പിന്‍െറ ആവശ്യത്തോട് അനുകൂല നിലപാടല്ല സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുമുണ്ടായത്. കുളമ്പുരോഗം സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് തൃപ്തികരമല്ലെന്നാണ് അറിയുന്നത്. സംസ്ഥാനത്തേക്കുള്ള കന്നുകാലിവരവ് താല്‍ക്കാലികമായെങ്കിലും നിരോധിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കി ഒരാഴ്ചയായിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കുളമ്പുരോഗത്തെത്തുടര്‍ന്ന് കന്നുകാലിച്ചന്തകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ പൊള്ളാച്ചി കന്നുകാലിച്ചന്തയും താല്‍ക്കാലികമായി അടച്ചു. ആഴ്ചയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പൊള്ളാച്ചിയില്‍ ചന്ത പ്രവര്‍ത്തിക്കുന്നത്. ഒരുദിവസം രണ്ടുകോടിയുടെ കാലിക്കച്ചവടമാണ് പൊള്ളാച്ചിചന്തയില്‍ മാത്രം നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലിച്ചന്ത കൂടിയാണിത്. കര്‍ണാടകയിലും രോഗം വ്യാപിക്കുന്നുണ്ടെന്നാണ് വിവരം. പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ കര്‍ണാടക എട്ടുകോടിയും തമിഴ്നാട് അഞ്ചുകോടിയോളം രൂപയും പ്രത്യേകം അനുവദിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പ് മരുന്നുവാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടുകയാണ്. ലഭ്യമായ തുകക്കുള്ള മരുന്നുപോലും സംസ്ഥാനത്തിന് ലഭിക്കുന്നുമില്ല. മരുന്നുകമ്പനികളില്‍പോലും പ്രതിരോധ വാക്സിനുകള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ്. സ്ഥിതിഗതികള്‍ ഗുരുതരമായിട്ടും സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകുന്നില്ല. എല്ലാ ജില്ലയിലും കുളമ്പുരോഗവും പടരുകയാണ്. ആവശ്യത്തിന് മരുന്നുലഭ്യമല്ലാതെ വന്നതോടെ മൃഗസംരക്ഷണവകുപ്പിന്‍െറ പ്രതിരോധ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ക്ഷീരകര്‍ഷകമേഖലക്ക് കുളമ്പുരോഗം കനത്ത ആഘാതം ഏല്‍പിച്ചതോടെ മില്‍മയുടെ പാല്‍സംഭരണത്തിലും കുറവുവന്നിട്ടുണ്ട്. |
എ.ടി.എം കൗണ്ടര്‍ ആക്രമണം: അക്രമി ആന്ധ്രയിലേക്ക് കടന്നതായി പൊലീസ് Posted: 20 Nov 2013 09:40 PM PST ബംഗളൂരു: എ.ടി.എം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ച അജ്ഞാത യുവാവ് ആന്ധ്രയിലേക്ക് കടന്നതായി കര്‍ണാടക പൊലീസ്. യുവതിയുടെ കൈയില്‍ നിന്ന് അക്രമി തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ ഒരു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി സൈബര്‍ വിഭാഗം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ ആന്ധ്രാ സ്വദേശിക്കാണ് അക്രമി വിറ്റത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പുതിയ വിവരം അന്വേഷണസംഘത്തിന് സഹായകരമാകും. അക്രമിയെ കണ്ടെത്താന്‍ എട്ട് പ്രത്യേക സംഘത്തെയാണ് ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് നിയോഗിച്ചിട്ടുള്ളത്. അതേസമയം, പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പാരിതോഷികം ബംഗളൂരു പൊലീസ് പ്രഖ്യാപിച്ചുണ്ട്. ചൊവ്വാഴ്ചയാണ് എ.ടി.എം കൗണ്ടറില്‍ കോര്‍പറേഷന്‍ ബാങ്ക് മിഷന്‍ റോഡ് ബ്രാഞ്ച് മാനേജര്‍ ജ്യോതി ഉദയ് ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ് ബംഗളൂരു ബി.ജി.എസ് ഗ്ളോബല്‍ ആശുപത്രിയില്‍ ചികിത്സയിലായ യവതിയുടെ വലതുവശം തളര്‍ന്നു. യുവതിയുടെ ആരോഗ്യനില പൂര്‍ണമായി ശരിയാകാന്‍ ആറുമാസത്തിലേറെ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. |
തൊഴിലാളിക്ക് മര്‍ദനം; ആലുവയില്‍ മെട്രോ നിര്‍മാണം മുടങ്ങി Posted: 20 Nov 2013 09:34 PM PST ആലുവ: മെട്രോ നിര്‍മാണ തൊഴിലാളിക്ക്മര്‍ദനമേറ്റതിനെ തുടര്‍ന്ന് മെട്രോ നിര്‍മാണ പ്രവൃത്തികള്‍ ഏഴുമണിക്കൂറോളം മുടങ്ങി. ആലുവ പുളിഞ്ചോട് വര്‍ക്ക് സൈറ്റില്‍ കരാറുകാരുടെ മാനേജറാണ് തൊഴിലാളിയെ മര്‍ദിച്ചത്. ജോലി സമയത്ത് റോഡിലൂടെ നടന്നുനീങ്ങിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതോടെ തൊഴിലാളികള്‍ ഒന്നടങ്കം പണി നിര്‍ത്തി പ്രതിഷേധിച്ചു. വൈകുന്നേരം നടന്ന ചര്‍ച്ചയില്‍ മാനേജര്‍ മാപ്പ് പറയാന്‍ തയാറായതോടെയാണ് പ്രശ്നം അവസാനിച്ചത്. ബുധനാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കുട്ടമശേരിയില്‍ വാടകക്ക് താമസിക്കുന്ന വയനാട് സ്വദേശി ബിനോയിക്കാണ്് (47) മര്‍ദനമേറ്റത്. കരാറേറ്റെടുത്തിരുന്ന എല്‍ ആന്‍ഡ് ടി കമ്പനിയുടെ പ്രോജക്ട് മാനേജര്‍ അശ്വിനി കുമാര്‍ സിന്‍ഹ ആലുവ പുളിഞ്ചോട് മെട്രോ നിര്‍മാണം നടക്കുന്നിടത്ത് ഇന്‍സ്പെക്ഷന്‍ നടത്താന്‍ എത്തിയിരുന്നു. തൊഴിലാളി റോഡരികിലൂടെ നടന്നുപോകുന്നത് കണ്ട് വാഹനം നിര്‍ത്തി ഇറങ്ങിയ മാനേജര്‍ തൊഴിലാളിയുടെ മുഖത്ത് അടിക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയുമായിരുന്നു. ബിനോയ് സൈറ്റ് ലീഡറെ വിവരം അറിയിച്ചതോടെ, പ്രശ്നം പരിഹരിക്കുന്നതുവരെ ജോലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ യൂനിയനുകളിലെ തൊഴിലാളികളും, അന്യ സംസ്ഥാനക്കാരും അടങ്ങുന്ന അറുപതംഗ സംഘമാണ് മെട്രോയുടെ പുളിഞ്ചോട് വര്‍ക്ക് സൈറ്റില്‍ ജോലി ചെയ്യുന്നത്. മുതിര്‍ന്ന ഓഫിസറുടെ നിര്‍ദേശമനുസരിച്ച് ഫ്ളാഗ് എടുക്കാന്‍ ബിനോയ് പോയപ്പോഴാണ് റോഡരികില്‍ വെച്ച് മര്‍ദനമുണ്ടായതെന്ന് സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു. വൈകുന്നേരം 5.30ന് മാനേജര്‍ ഓഫിസിലെത്തി മാപ്പ് പറയാന്‍ തയാറായതോടെ പ്രശ്നം തീരുകയായിരുന്നു. ചര്‍ച്ചയില്‍ സി.പി.എം ആലുവ ഏരിയ സെക്രട്ടറി അഡ്വ.വി.സലീം, ലോക്കല്‍ സെക്രട്ടറി പി.എം.സഹീര്‍, ടൗണ്‍ കമ്മിറ്റി കണ്‍വീനര്‍ ബൈജു ജോര്‍ജ്, എല്‍ ആന്‍ഡ് ടി സൈറ്റ് മാനേജര്‍ ലാലിച്ചന്‍ ആന്‍റണി എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം അശ്രദ്ധമായി റോഡിലൂടെ നടന്നുനീങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ ഇടിച്ച്, ബൈക് യാത്രക്കാരനായ യുവാവ് തൊട്ടുപിന്നിലെ വാഹനം കയറി മരിച്ചിരുന്നു. ഈ അപകടം നടന്നതിന്‍െറ തൊട്ടടുത്ത ദിവസം തന്നെ നിര്‍മാണ തൊഴിലാളികള്‍ റോഡിലൂടെ അലയുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് മാനേജറെ പ്രകോപിപ്പിച്ചത്. |
No comments:
Post a Comment