സ്വാഗതം
WELCOME

News Update..

Wednesday, November 20, 2013

എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം Madhyamam News Feeds

എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം Madhyamam News Feeds

Link to

എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം

Posted: 19 Nov 2013 11:19 PM PST

Image: 

ബംഗളൂരു: എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ വെട്ടേറ്റ  മലയാളി യുവതിയുടെ വലതുവശം തളര്‍ന്നു. ആക്രമത്തില്‍ യുവതിയുടെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. തലയോട്ടിക്കും മൂക്കിനും പൊട്ടലേറ്റ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെയാണ്  കോര്‍പറേഷന്‍ ബാങ്ക് മിഷന്‍ റോഡ് ബ്രാഞ്ച് മാനേജര്‍ ജ്യോതി ഉദയ് (38) ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച രാവിലെ 7.10ന് കോര്‍പറേഷന്‍ സര്‍ക്ക്ള്‍ എല്‍.ഐ.സി കെട്ടിടത്തിലെ എ.ടി.എം കൗണ്ടറിലായിരുന്നു സംഭവം.
സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ കൗണ്ടറിനകത്തേക്ക് കടന്ന അക്രമി ഷട്ടര്‍ താഴ്ത്തിയ ശേഷം തോക്കും വാളും പുറത്തെടുത്ത് പണം പിന്‍വലിക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കഴുത്തുഞെരിച്ച ശേഷം വടിവാള്‍ കൊണ്ട് വെട്ടി. ജ്യോതിയുടെ ബോധം നഷ്ടപ്പെട്ട ശേഷം ബാഗ് പരിശോധിച്ച അക്രമി ഉടന്‍ തന്നെ രക്ഷപെടുകയായിരുന്നു.

യുവതിയെ ആക്രമിക്കുന്നതിന്‍്റെ  സി.സി.ടി.വി  ദൃശ്യങ്ങള്‍ പുറത്തുവിട്ടെങ്കിലും ഇതുവരെ അക്രമിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : വീണ്ടും സര്‍വകക്ഷി യോഗം

Posted: 19 Nov 2013 11:19 PM PST

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമായിരിക്കും സര്‍വകക്ഷി യോഗം ചേരുക. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാറിനെ അറിയിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ളേജുകള്‍ ഉള്‍പ്പെടുത്തിയെന്നതാണ് പ്രധാന ന്യൂനത. അതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. റിപ്പോര്‍ട്ടിലെ അപാകതകളെ കുറിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധിച്ചതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പഠിക്കുന്നതിനായി നിയോഗിച്ച മൂന്നംഗ സമിതി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കേരളത്തിന്‍്റെ വിവിധ പ്രദേശങ്ങളില്‍ സിറ്റിങ് നടത്തും. പ്രധാനപ്പെട്ട 16 സ്ഥലങ്ങളിലാണ് സമിതി സിറ്റിങ് നടത്തുക. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപ്പോര്‍ട്ട് മലയാളത്തിലാക്കി വെബ്‌സൈറ്റിലുടെയും അച്ചടിച്ചും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
 കെ.എസ്.ഇ.ബി മുന്നോട്ടുവെച്ച സൗരോര്‍ജനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്വയം ഭരണകോളജുകള്‍ക്ക് വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചു.

അഗസ്റ്റ വെസ്റ്റാലാന്‍്റുമായുള്ള കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കിയേക്കും

Posted: 19 Nov 2013 11:17 PM PST

Image: 

ന്യൂദല്‍ഹി: അഴിമതിയാരോപണം നേരിടുന്ന ആഗ്ളോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റോ വെസ്റ്റ്ലാന്‍റുമായുള്ള കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കിയേക്കും. കമ്പനി എക്സിക്യൂട്ടീവുകളും പ്രതിരോധ മന്ത്രാലയവും തമ്മില്‍  ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ എത്തി നില്‍ക്കവെ നിരവധി  അഴിമതി ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ പിടിച്ചുലക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നീക്കം. അതേസമയം, അഗ്സ്റ്റ വെസ്റ്റ്ലാന്‍റിന്റെ എതിരാളികള്‍ ആയ യുണൈറ്റഡ് ടെക്നോളജീസ് കോര്‍പ്സ് സികോര്‍സി എയര്‍ക്രാഫ്റ്റ്, ഇ.എ.ടി.എസ് യൂറോകോപ്റ്റര്‍,ലോഖീദ് മാര്‍ടിന്‍ എന്നീ കമ്പനികളുമായി കരാറില്‍ ഏര്‍പെടാന്‍ സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗ്സഥര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സഞ്ചരിക്കുന്നതിന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ 50.6 കോടി  യൂറോയുടെ ഇടപാടാണ് നടക്കാനിരുന്നത്.  കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനിയുടെ അന്നത്തെ ചീഫ് എകസ്ക്യൂട്ടിവിനെ ഇറ്റാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു്. കരാര്‍ ഉറപ്പിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇറ്റലിയും ഇന്ത്യയും ഈ ആരോപണങ്ങള്‍ പ്രത്യേകമായി അന്വേഷണം നടത്തിയിരുന്നു.

ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു ഇന്ന് രാജിവെക്കും

Posted: 19 Nov 2013 11:13 PM PST

Subtitle: 
തൃശൂര്‍ കോര്‍പറേഷനിലെ സ്ഥാനകൈമാറ്റം

തൃശൂര്‍: കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു ബുധനാഴ്ച രാജിവെക്കും. ഡി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരമാണ് ഇവര്‍ രാജി നല്‍കുന്നത്.
ബുധനാഴ്ച രാവിലെ 11ന് ഇവരുടെ അധ്യക്ഷതയില്‍ നടക്കുന്ന അവസാനത്തെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് രാജി നല്‍കുക. മേയറും ഡെപ്യൂട്ടി മേയറും ഒരുമിച്ച് രാജിവെക്കണമെന്ന നിര്‍ദേശം ഐ ഗ്രൂപ്പ് തള്ളിയതോടെയാണ് ഡി.സി.സി പ്രസിഡന്‍റ് ഡെപ്യൂട്ടി മേയറുടെ രാജി ആവശ്യപ്പെട്ടത്.
ഈമാസം ഏഴിന് ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടിയും മന്ത്രി സി.എന്‍ ബാലകൃഷ്ണനും അടക്കമുള്ള നേതാക്കള്‍ ഒമ്പതാം തീയതി രാജിവെക്കാന്‍ മേയറോടും ഡെപ്യൂട്ടി മേയറോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ നിര്‍ദേശം മേയര്‍ ഐ.പി. പോളും ഐ ഗ്രൂപ്പും തള്ളി.
അതേസമയം ഡെപ്യൂട്ടി മേയര്‍ ഒമ്പതിന് തന്നെ രാജി സന്നദ്ധത അറിയിച്ച് ഡി.സി.സി പ്രസിഡന്‍റിന് കത്ത് നല്‍കി. മേയറും ഐ ഗ്രൂപ്പും രാജിക്ക് വിസമ്മതിച്ചതോടെ ഡെപ്യൂട്ടി മേയറോട് രാജി നല്‍കരുതെന്ന് നേതൃത്വം നിര്‍ദേശിച്ചു.
എന്നാല്‍, ചര്‍ച്ച എങ്ങുമത്തൊത്ത സാഹചര്യത്തിലാണ് ഡെപ്യൂട്ടി മേയറോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ശക്തന്‍നഗര്‍ വികസന പദ്ധതിക്കായുള്ള ചര്‍ച്ചക്ക് തിരുവനന്തപുരത്തുപോയ മേയര്‍ തിരിച്ചുവരുന്നതോടെ കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെട്ടേക്കും.
മേയറോടൊപ്പം രാജിവെക്കാനാണ് ഡെപ്യൂട്ടി മേയര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.  എന്നാല്‍, മേയര്‍ രാജി നീട്ടുന്നതിനാല്‍ ഡി.സി.സിയുടെ നിര്‍ദേശം അനുസരിച്ച് രാജി വെക്കുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായ സോഷ്യലിസ്റ്റ് ജനതയുടെ എം.എല്‍. റോസിയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ഡോ. എം. ഉസ്മാനും ഇതുവരെ രാജിവെച്ചിട്ടില്ല. ഇരുവരുടെയും രാജി ഡി.സി.സി പ്രസിഡന്‍റ് ഇവരുടെ പാര്‍ട്ടി നേതൃത്വത്തോട് ഈ ആഴ്ച തന്നെ ആവശ്യപ്പെടും.
കഴിഞ്ഞ ഒമ്പതിന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജിവെക്കണമെന്നാണ് ധാരണയുണ്ടായിരുന്നത്.
എന്നാല്‍, ഇതവഗണിച്ച് മേയര്‍ രാജിവെക്കാതെ നീട്ടിക്കൊണ്ടുപോകുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയാണ്.ധാരണയനുസരിച്ച് ഐ ഗ്രൂപ്പിലെ പി.വി. സരോജിനി ഡെപ്യൂട്ടി മേയറും എ ഗ്രൂപ്പിലെ രാജന്‍ പല്ലന്‍ മേയറുമാവുമെന്നാണ് തീരുമാനം.
 

മേച്ചിറയില്‍ റോഡിനും വീടുകള്‍ക്കും ഭീഷണിയായി മെറ്റല്‍ ക്രഷര്‍

Posted: 19 Nov 2013 10:57 PM PST

മുതലമട:  മേച്ചിറയിലെ സ്വകാര്യ മെറ്റല്‍ ക്രഷറിന്‍െറ പ്രവര്‍ത്തനം മൂലം റോഡും വീടുകളും തകര്‍ച്ചാഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു. ചുള്ളിയാര്‍ ഡാമിനടുത്ത അയ്യപ്പന്‍മേട്ടിലാണ് നൂറിലധികം വരുന്ന നാട്ടുകാര്‍ മേച്ചിറയിലെ ക്രഷറിലേക്കുള്ള ടിപ്പര്‍ ലോറികള്‍ ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ മൂന്നുമണിക്കൂര്‍ തടഞ്ഞുവെച്ചത്. അമിതഭാരം കയറ്റി പോകുന്ന വന്‍ ടിപ്പറുകള്‍ മൂലം മിനുക്കംപാറ, അയ്യപ്പന്‍മേട് പ്രദേശത്തെ വീടുകള്‍ക്ക് വിള്ളലുണ്ടാവുകയും  ആറ് മാസം മുമ്പ് ടാറിങ് നടത്തിയ റോഡ് തകരുകയും ചെയ്തതാണ് നാട്ടുകാരെ സമരത്തിലേക്ക് നയിച്ചത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലിറങ്ങി  മുതലമട-വെള്ളാരംകടവ് റോഡ് ഉപരോധിക്കുകയായിരുന്നു. ഒമ്പത് മണിയോടെ സ്ഥലത്തത്തെിയ കൊല്ലങ്കോട് എസ്.ഐ പി.വി. രമേശും സംഘവും നാട്ടുകാരുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാനായില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നാട്ടുകാരുടെ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിക്കുകയും ഇക്കാര്യത്തില്‍ തീരുമാനം ആകുന്നതുവരെ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ കയറ്റിയ ടിപ്പറുകള്‍ കടത്തിവിടില്ളെന്ന് പൊലീസ് ഉറപ്പുനല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ പത്തിന് ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.

ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചു

Posted: 19 Nov 2013 10:53 PM PST

Subtitle: 
പ്രധാന കാരണം കുടുംബവഴക്കും സാമ്പത്തിക പ്രശ്നങ്ങളും

മലപ്പുറം: കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 2012ലെ ആദ്യ പത്തുമാസം വധിക്കപ്പെട്ടത് 13 പേരായിരുന്നെങ്കില്‍ ഇക്കൊല്ലം 20 ആയി ഉയര്‍ന്നു. 2013ല്‍ ഇതുവരെ 24 പേര്‍ കൊല ചെയ്യപ്പെട്ടതായാണ് കണക്ക്. കുടുംബവഴക്കുകളും മോഷണശ്രമവുമാണ് പലരുടെയും ജീവനെടുത്തത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ എട്ടുപേര്‍ കൊലക്കത്തിക്കിരയായതില്‍ നാലെണ്ണവും തിരൂര്‍ പൊലീസ് സര്‍ക്കിള്‍ പരിധിയിലായിരുന്നു.
നവംബര്‍ 12ന് വൈലത്തൂര്‍ നഴ്സറിപ്പടിയിലെ അടിമപ്പറമ്പില്‍ മുഹമ്മദ് എന്ന ബാവ (55) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ് മരിച്ചതാണ് കൊലപാതകങ്ങളുടെ ഗണത്തില്‍ അവസാനത്തേത്. സംഭവത്തില്‍ മകന്‍ റിയാസ് (28) അറസ്റ്റിലായി.
നാലിന് രാത്രി കടയടച്ച് വീട്ടിലേക്ക് പോകവെ കിഴക്കേ പാണ്ടിക്കാട് വ്യാപാരിയായിരുന്ന മുഹമ്മദിനെ (68) മോഷണശ്രമത്തിനിടെ കഴുത്തറുത്തുകൊന്നു. കേസില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ സഞ്ജയ് റാണയെയും (26) സഹോദരന്‍ ബിജോയ് റാണയെയും (19) കഴിഞ്ഞദിവസം പൊലീസ് പിടികൂടി.
തിരൂര്‍ പുല്ലൂരാല്‍ ആനക്കുന്ന് അങ്ങാടിയില്‍ ഒക്ടോബര്‍ 30ന് പുല്ലൂരാല്‍ പറമ്പില്‍ അബൂബക്കര്‍ (60) മകന്‍ മുഹമ്മദ് ബഷീര്‍ (35) എന്നിവര്‍ കുത്തേറ്റ് മരിച്ചു. അബൂബക്കറിന്‍െറ സഹോദരീ ഭര്‍ത്താവ് പറവണ്ണ ചാത്തേരിപ്പറമ്പില്‍ സിദ്ദീഖിനെ (40) രണ്ടാഴ്ച കഴിഞ്ഞ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചത്.
പണത്തിന് വേണ്ടി രണ്ട് വൃദ്ധകളെയും ഇക്കൊല്ലം അക്രമികള്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ 15ന് എടരിക്കോട് ചുടലപ്പാറയില്‍ 80 വയസ്സുകാരി സീതക്കും മാര്‍ച്ച് നാലിന് വളാഞ്ചേരിക്കടുത്ത വെണ്ടല്ലൂരില്‍ കുഞ്ഞുലക്ഷ്മിയമ്മക്കും (85) മോഷണശ്രമത്തിനിടെയാണ് ജീവന്‍ നഷ്ടപ്പെട്ടത്. സീത വധക്കേസിലെ പ്രതികള്‍ ഇനിയും അറസ്റ്റിലായിട്ടില്ല. എടപ്പാളിലെ ടൂറിസ്റ്റ് ഹോം ഉടമ പുത്തന്‍വീട്ടില്‍ മൊയ്തീനെയും (58) ഒരു സംഘം മര്‍ദിച്ചുകൊന്നു.
ജൂലൈ 22ന് അരീക്കോട് വാവൂരില്‍ ഭാര്യയെയും നാലും രണ്ടും വയസ്സുള്ള പെണ്‍മക്കളെയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നതിന് മുഹമ്മദ് ഷരീഫ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് തുടങ്ങി 24 കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.
കോട്ടക്കല്‍ കാവതിക്കളം നരിമടക്കല്‍ ഹംസയുടെ മകള്‍ നൗഷിദ ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് പീഡനം മൂലമാണെന്ന് ആരോപണമുണ്ട്.  
കുടുംബവഴക്കും സാമ്പത്തിക പ്രശ്നങ്ങളുമാണ്  ജില്ലയില്‍ നടന്ന മിക്ക കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബാബുരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

ആറന്മുള: പ്രതിഷേധം പുകയുന്നു

Posted: 19 Nov 2013 10:29 PM PST

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പ് നല്‍കിയ അനുമതി  ജനങ്ങളോടുള്ള വെല്ലുവിളിയും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മുന്നിലുള്ള കീഴടങ്ങലുമാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ എ.പത്മകുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. കേരള നിയമസഭ പരിസ്ഥിതിസമിതി പദ്ധതിയെ എതിര്‍ത്തിട്ടുണ്ട്. 74 എം.എല്‍.എമാര്‍ പദ്ധതി എതിര്‍ത്ത് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. വിമാനത്താവളം നിര്‍മിക്കുന്നതുമൂലമുള്ള ഭവിഷ്യത്തുകളെപ്പറ്റി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.  വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ 72 ലക്ഷത്തിലധികം ലോഡ് മണ്ണ് ആവശ്യമാണ്്. മല്ലപ്പുഴശേരി, ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി വില്ളേജുകളിലെ നെല്‍വയലുകള്‍ നികത്താന്‍ ആവശ്യമായ മണ്ണ് എടുക്കുന്നതുമൂലം നിരവധി മലകള്‍ ഇല്ലാതാവും. വിമാനത്താവളത്തിലേക്ക് ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, പന്തളം, കോഴഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ നിന്ന് നാലുവരി പാത നിര്‍മിക്കുമ്പോള്‍ വീടുകളും കടകളും നശിപ്പിക്കപ്പെടും. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിയമനടപടികളുമായി മുന്നോട്ട് -കര്‍മസമിതി

കോഴഞ്ചേരി: നഗ്നമായ നിയമലംഘനവും അഴിമതിയും നടത്തി ഏകപക്ഷീയമായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയതെന്ന് പൈതൃക ഗ്രാമ കര്‍മസമിതി ആരോപിച്ചു. നെല്‍വയലുകള്‍ നികത്തിയും ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയും ആയിരങ്ങളെ കുടിയൊഴിപ്പിച്ചും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഏത് അനുമതിയുമായി വന്നാലും അനുവദിക്കുകയില്ളെന്നും കര്‍മസമിതി അറിയിച്ചു.
കേരള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടേത് ഉള്‍പ്പെടെ നിരവധി പഠനങ്ങള്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന്് തെളിയിച്ച പദ്ധതിക്ക് എന്തു പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് മന്ത്രാലയം വ്യക്തമാക്കണം. ആറന്മുളയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്  74 എം.എല്‍.എമാര്‍ ഒപ്പിട്ട നിവേദനവും മന്ത്രാലയത്തിന്‍െറ മുന്നില്‍ സമര്‍പ്പിച്ചിരുന്നു.  ദേശീയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തി നിരന്തരം തടയിടുന്ന വനം പരിസ്ഥിതി വകുപ്പ് വിമാനത്താവളത്തിന്‍െറ കാര്യത്തില്‍ കാണിച്ച നിയമലംഘനങ്ങള്‍ തികച്ചും സംശയാസ്പദമാണ്.
തദ്ദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെയും ഭരണപ്രതിപക്ഷ ഭേദമില്ലാതെ ഒത്തുചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ സമരങ്ങളെയും തള്ളിക്കളഞ്ഞ് ഒരു സ്വകാര്യ കമ്പനിയുടെ താളത്തിനു തുള്ളുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.
കമ്പനി നടത്തിയ ഭൂനിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും വ്യവസായ മേഖലാ പ്രഖ്യാപനത്തിലെ പാളിച്ചകളെക്കുറിച്ചും പദ്ധതി പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനെക്കുറിച്ചും ഹൈകോടതിയില്‍ കേസുകള്‍ നിലനില്‍ക്കെയാണ് അതൊന്നും പരിഗണിക്കാതെ പരിസ്ഥിതി മന്ത്രാലയം തിരക്കിട്ട് തീരുമാനമെടുത്തത്.  
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയുടെ വിശദാംശങ്ങള്‍ ലഭിക്കുന്ന മുറക്ക് നിയമനടപടികള്‍ ശക്തമാക്കാനും ജനങ്ങളെ അണിനിരത്തി വിമാനത്താവളനിര്‍മാണം തടയാനും തീരുമാനിച്ചതായി കര്‍മസമിതി അറിയിച്ചു.


ആറന്മുളയിലേക്ക് യൂത്ത് മാര്‍ച്ച്

പത്തനംതിട്ട: പ്രകൃതിയെ നശിപ്പിച്ചും ജനങ്ങളെ കുടിയൊഴിപ്പിച്ചുമുള്ള ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറന്മുള യൂത്ത്മാര്‍ച്ച് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ  പത്തനംതിട്ട മുതല്‍ ആറന്മുള ഐക്കര ജങ്ഷന്‍ വരെയാണ് മാര്‍ച്ച് നടത്തുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ നയിക്കുന്ന മാര്‍ച്ച് 18 കി.മീ. കാല്‍നടയായി സഞ്ചരിക്കും. പത്തനംതിട്ട ടൗണ്‍, ഇലന്തൂര്‍, നെല്ലിക്കാല, തെക്കേമല, ഐക്കര എന്നിവിടങ്ങളില്‍  സ്വീകരണം നല്‍കും.
  ജനങ്ങള്‍ക്ക് വേണ്ടാത്ത വിമാനത്താവളം ആറന്മുളയില്‍  നിര്‍മിക്കുന്നതിന് മുന്‍കൈ എടുക്കുന്ന സ്ഥലം എം.എല്‍.എ കെ.ശിവദാസന്‍ നായരുടെയും ആന്‍േറാ ആന്‍റണി എം.പിയുടെയും കെ.ജി.എസ് ഗ്രൂപ്പുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കണം. മന്ത്രാലയത്തിന്‍െറ ഉത്തരവ് പിന്‍വലിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് പി.ആര്‍. പ്രദീപ്, സെക്രട്ടറി അഡ്വ. റോഷന്‍ റോയി മാത്യു എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ പണാധിപത്യം തട്ടിയെടുത്തു -പി. പ്രസാദ്

പത്തനംതിട്ട:  ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്.
 പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു എന്നത് പണത്തിന്‍െറ ശക്തിയെ വെളിവാക്കുന്നു.  ജനാധിപത്യത്തെ പണാധിപത്യം തട്ടിയെടുത്തതിന്‍െറ ഉദാഹരണവുമാണിത്.
ആറന്മുള വിമാനത്താവള പ്രദേശം നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമാണെന്നിരിക്കെ അനുമതിക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുമ്പാകെ വിമാനത്താവള കമ്പനി സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. മധുര ആസ്ഥാനമായ എന്‍വിറോ കെയര്‍ എന്ന സ്ഥാപനം തയാറാക്കി നല്‍കിയ പഠന റിപ്പോര്‍ട്ടില്‍  ആറന്മുളയിലെ ഭൂപ്രകൃതിയെപ്പറ്റിയോ സസ്യജീവജാലങ്ങളെപ്പറ്റിയോ പ്രതിപാദിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നതാണ്.
വ്യാജരേഖ ചമച്ചാണ് കെ.ജി.എസ് കമ്പനി അനുമതികള്‍ നേടിയെടുത്തത്. സ്വന്തമായി ഒരു സെന്‍റ് ഭൂമിപോലും ഇല്ലാതിരിക്കെ 350 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാറിന് അപേക്ഷ സല്‍കിയത്. സാങ്കേതിക പഠനം നടത്തി കിറ്റ്കോ തയാറാക്കി നല്‍കിയ റിപ്പോര്‍ട്ട് തിരുത്തിയാണ് കെ.ജി.എസ്  കമ്പനി ഉപയോഗിച്ചിരിക്കുന്നതെന്ന് കിറ്റ്കോ മാനേജിങ് ഡയക്ടര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമലംഘനങ്ങളും തട്ടിപ്പുമായി മുന്നോട്ടുപോകുന്ന ഒരു കമ്പനിക്ക് എല്ലാ അനുമതിയും ലഭിക്കുന്നതിന് കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന്് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാറിന്‍െറ ഈ നിലപാടിനെതിരെ മുഴുവന്‍ ആളുകളും രംഗത്തുവരണമെന്നും പി. പ്രസാദ് അഭിപ്രായപ്പെട്ടു.

 

കൊണ്ടും കൊടുത്തും ഇടുക്കി

Posted: 19 Nov 2013 10:24 PM PST

Subtitle: 
ഇളക്കിമറിച്ച് തെരുവുവാസ സമരം

കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണ സമിതി 48  മണിക്കൂര്‍ തെരുവുവാസ സമരത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. തിങ്കളാഴ്ച രാത്രി 12ന് ആരംഭിച്ച് ചൊവ്വാഴ്ച രാത്രി 12 ന് അവസാനിപ്പിച്ച സമരം ഹൈറേഞ്ചിനെ ഇളക്കിമറിച്ചു.
സ്ത്രീകളും കുട്ടികളും അണിനിരന്ന പ്രതിഷേധ പ്രകടനങ്ങളും തെരുവില്‍ ഭക്ഷണം പാകം ചെയ്തുള്ള സമരങ്ങളും നാടിന് പുതുമയായി. സമരത്തിന്‍െറ സിരാകേന്ദ്രമായ കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനിലെ പന്തലില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ഇതേ സ്ഥിതി തന്നെയായിരുന്നു കാഞ്ചിയാര്‍, മാട്ടുക്കട്ട, മേരികുളം, പരപ്പ്, ഉപ്പുതറ, വള്ളക്കടവ്, വെള്ളയാംകുടി, ഇരട്ടയാര്‍, തങ്കമണി, വലിയതോവാള, മേലേചിന്നാര്‍, ഈട്ടിത്തോപ്പ്, പുറ്റടി, കൊച്ചറ, കമ്പംമെട്ട്, അണക്കര, ആനവിലാസം, എഴുകുംവയല്‍, തോപ്രാംകുടി, വാഴവര, കാല്‍വരിമൗണ്ട്, നരിയമ്പാറ തുടങ്ങിയ മേഖലകളിലും.
കസ്തൂരിരംഗന്‍െറ കോലവും പ്ളക്കാര്‍ഡുകളും ചുമന്ന് ചെണ്ടമേളം, ബാന്‍ഡുമേളം, പ്രച്ഛന്നവേഷം, പ്ളോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പ്രകടനങ്ങളെല്ലാം സമരവേദികളിലേക്ക് എത്തിയത്. കട്ടപ്പന സെന്‍റ് ജോര്‍ജ് ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് ചൊവ്വാഴ്ച രാവിലെ ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചത്. തുടര്‍ന്ന് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, മുസ്ലിം ജമാഅത്ത്, വിവിധ സ്വയംസഹായ സംഘങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, ക്ളബുകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ റാലികള്‍ സമരപ്പന്തലിലേക്ക് എത്തി. വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ഇടവക, വെള്ളയാംകുടി സെന്‍റ് ജോര്‍ജ് ഇടവക, നരിയമ്പാറ, പൊന്നിക്കവല, കൊച്ചുതോവാള എന്നീ ഇടവകകളുടെ നേതൃത്വത്തില്‍ കട്ടപ്പന ടൗണില്‍ പ്രകടനം നടത്തി. കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ നഴ്സുമാരുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും മൗന പ്രകടനമായിരുന്നു പിന്നീട് കടന്നുവന്നത്. ശാന്തിനഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ ആദിവാസികളുടെ ഫ്ളോട്ടും കസ്തൂരിരംഗനെതിരായ മുദ്രാവാക്യങ്ങളും മുഴക്കിയാണ് കടന്നുവന്നത്. ഉപ്പുതറ കാര്‍ഷിക വികസന സമിതി കര്‍ഷക പൂര്‍വികരെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.
കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീഖ് അല്‍കൗസരി, കട്ടപ്പന സെന്‍റ് ജോര്‍ജ് ഫൊറോന വികാരി ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, വെള്ളയാംകുടി ഫൊറോന വികാരി ഫാ. ജോസ് പ്ളാച്ചിക്കല്‍, എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹി സി.കെ. ശശി, എന്‍.എസ്.എസ് കരയോഗം ഭാരവാഹി ശശി, വെള്ളയാംകുടി ഇമാം മൗലവി അബ്ദുല്‍ സലാം ഹസനി, ഷാജഹാന്‍ കാശിഫി, കോര്‍ എപ്പിസ്കോപ്പ വര്‍ഗീസ് ജോണ്‍ പഞ്ഞിക്കാട്ടില്‍, കെ.പി. ഹസന്‍, എ.എച്ച്. കുഞ്ഞുമോന്‍, ലയണ്‍സ് ക്ളബ് പ്രസിഡന്‍റ് അഡ്വ. ടോം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രാത്രി 12ന് നാല് സമുദായ നേതാക്കള്‍ ഒരുമിച്ച് തെരുവുവാസത്തിനായുള്ള അടുപ്പില്‍ തീ പകര്‍ന്ന് ആരംഭിച്ച ജില്ല സ്തംഭിപ്പിക്കല്‍ സമരം നാലു സമുദായ നേതാക്കളുടെ സംയുക്ത തുടര്‍ സമര പ്രഖ്യാപനത്തോടെയാണ് സമാപിച്ചത്.
പെരുവന്താനം: റിപ്പോര്‍ട്ട് പിന്‍വലിക്കമമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി നേതൃത്വത്തില്‍ പെരുവന്താനത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും തെരുവോര സമരത്തിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രാവിലെ 10 ന് കൊടികുത്തി ജങ്ഷനില്‍ നിന്നാരംഭിച്ച റാലി പെരുവന്താനം ടൗണില്‍ സമാപിച്ചു. ദേശീയ പാതയോരത്ത് അടുപ്പുകൂട്ടി കഞ്ഞിയുണ്ടാക്കിയ സമരക്കാര്‍ അച്ചാര്‍ ചേര്‍ത്ത് ഭക്ഷിച്ചു. തിരക്കേറിയ പാത ഉപരോധിച്ചതോടെ അയ്യപ്പതീര്‍ഥാടക വാഹനങ്ങളും തിരക്കില്‍ കുടുങ്ങി. സമ്മേളനം ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി പി.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. പെരുവന്താനം പള്ളി വികാരി ഫാ. ജോസഫ് കല്ലുംപറമ്പത്ത്, പെരുവന്താനം മസ്ജിദ് ഇമാം മുഹമ്മദ് മൗലവി, സംഘടനാ ഭാരവാഹികളായ എന്‍.പി. മുഹമ്മദ് നൂഹ്, സാജു അലക്സ്, ഇ.കെ. ഭാസ്കരന്‍, വി.എന്‍. കൃഷ്ണന്‍ നായര്‍, ഖാന്‍ സി.പി. മഠത്തില്‍, സി.എസ്. ചന്ദ്രന്‍. ഫാ.ദീപു പുത്തന്‍പുരക്കല്‍, ജോസ് കീരഞ്ചിറ, കെ.ജെ. സ്കറിയ, ബിനു താഴത്തുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
കുമളി: കുമളിയില്‍ കര്‍ഷകരും നാട്ടുകാരും ഉള്‍പ്പെടെ ആയിരങ്ങളാണ് രണ്ടുദിവസമായി നടന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ തെരുവുവാസ സമരത്തില്‍ പങ്കെടുത്തത്.തേക്കടിയിലെ ബോട്ട് സവാരി രണ്ടാം ദിനത്തിലും മുടങ്ങി. വനംവകുപ്പ് ഓഫിസുകള്‍ക്ക് നേരെ അക്രമം ഉണ്ടാകുമെന്ന അറിയിപ്പുകളെ തുടര്‍ന്ന് ഉന്നത വനപാലകന്‍െറ നിര്‍ദേശപ്രകാരം തേക്കടിയിലെ ചെക്പോസ്റ്റ് ഗേറ്റ് പൂട്ടിയിട്ടത് വിദേശികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികളുടെ എതിര്‍പ്പിനിടയാക്കി. കുമളി തേക്കടി കവല, ഒന്നാംമൈല്‍, സ്പ്രിങ്വാലി, ചക്കുപള്ളം, അണക്കര എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ വഴിയരികിലെ സമരത്തില്‍ പങ്കെടുത്തു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞെങ്കിലും വൈകാതെ പോകാന്‍ അനുവദിച്ചു. ഇരുചക്ര വാഹന യാത്രക്കാരെ സമരക്കാര്‍ തടഞ്ഞത് പലപ്പോഴും എതിര്‍പ്പിനിടയാക്കി. എന്നാല്‍,അന്യസംസ്ഥാനത്ത് നിന്നത്തെിയ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടസ്സം കൂടാതെ കടത്തിവിട്ടു. കുമളി ടൗണില്‍ തേക്കടി കവലയിലെ സമരപ്പന്തലിലേക്ക് എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, റെസിഡന്‍റ്സ് അസോസിയേഷന്‍, ഓട്ടോമൊബൈല്‍ വര്‍ക്കേഴ്സ് യൂനിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ അഭിവാദ്യങ്ങളുമായത്തെി.
വണ്ടിപ്പെരിയാര്‍: ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തെരുവോര സമരത്തെ തുടര്‍ന്ന് പാമ്പനാര്‍, കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍ ടൗണുകളിലെ കട കമ്പോളങ്ങളും ഹോട്ടലുകളും പൂര്‍ണമായി അടഞ്ഞുകിടന്നു. വള്ളക്കടവ്, മ്ളാമല, 63 ാംമൈല്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരുന്നു. മ്ളാമല ജങ്ഷനില്‍ കസ്തൂരിരംഗന്‍െറ കോലം കത്തിച്ചു. വള്ളക്കടവ് വനംവകുപ്പ് ചെക് പോസ്റ്റിലേക്ക് സമരക്കാര്‍ പ്രകടനം നടത്തി. പമ്പയിലേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടസ്സം കൂടാതെ കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയിലൂടെ കടന്നുപോയി. ഏതാനും ഇരുചക്ര വാഹനങ്ങളും സ്വകാര്യ ചെറു വാഹനങ്ങളും മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. 63 ാംമൈലില്‍ സ്വകാര്യ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞുവെങ്കിലും അര മണിക്കൂറുകളുടെ ഇടവേളകളിലാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. സമരക്കാര്‍ തെരുവില്‍തന്നെ ആഹാരം പാകം ചെയ്തു. ഹൈറേഞ്ച് സംരക്ഷണ സമിതി, വ്യാപാരി വ്യവസായ സമിതി യൂനിറ്റ്, കേരള കോണ്‍സ്ര്-എം  പ്രവര്‍ത്തകരായ ഫാ. ജേക്കബ് പാണ്ടിയാംപറമ്പില്‍, ആന്‍റണി ആലഞ്ചേരി, ജസ്റ്റിന്‍ ചവറപ്പുഴ, ചന്ദ്രന്‍കുട്ടി, ഈപ്പന്‍, മാര്‍ട്ടിന്‍, സുനില്‍, പ്രമോദ്, ജോസ് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൊടുപുഴ: അതേസമയം, ഹൈറേഞ്ച് സംരക്ഷണ സമിതി നേതൃത്വത്തില്‍ നടന്ന 48 മണിക്കൂര്‍ ഉപരോധ സമരം തൊടുപുഴയില്‍ പ്രതികരണം ഉണ്ടാക്കിയില്ല. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി. ഹൈറേഞ്ച് മേഖലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി, സ്വകാര്യ സര്‍വീസുകള്‍ സര്‍വീസ് നടത്തിയില്ല. നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫിസുകളും സജീവമായിരുന്നു.
ഇരട്ടയാര്‍: ആയിരങ്ങള്‍ പങ്കെടുത്ത വഴിയോര വാസം ഇരട്ടയാറില്‍ സെന്‍റ് തോമസ് പള്ളി വികാരി ഫാ. തോമസ് നെച്ചിക്കാട്ട് ഉദ്ഘാടനം ചെയ്തു. മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് സി.കെ. മോഹനന്‍ വിഷയാവതരണം നടത്തി. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, ഹൈറേഞ്ച് എന്‍.എസ്.എസ് യൂനിയന്‍ പ്രസിഡന്‍റ് ആര്‍. മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
അടിമാലി: ഹൈറേഞ്ച് സംരക്ഷണ സമിതി  48 മണിക്കൂര്‍ തെരുവുവാസത്തോടനുബന്ധിച്ച് അടിമാലി മേഖലയില്‍ ആയിരങ്ങള്‍ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഒഴുകിയത്തെി. സമാപന സമ്മേളനം  ഹൈറേഞ്ച് സംരക്ഷണ സമിതി മേഖല ചെയര്‍മാന്‍ യാക്കോബായ സഭ ഹൈറേഞ്ച് മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്‍റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം അര്‍ഷദ് ഫലാഹി ബാഖവി, ഫാ. എല്‍ദോസ് കൂറ്റപ്പാല, എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ് കെ.ജി. ശ്രീധരന്‍ നായര്‍, വ്യാപാരി വ്യവസായി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍. ദിവാകരന്‍, കെ.ആര്‍. വിനോദ്, ഷാനവാസ് ഫൈസി, ഫാ. ജോണ്‍ കലൂര്‍ എന്നിവര്‍ സംസാരിച്ചു.
അടിമാലി മേഖലയിലെ കൂമ്പന്‍പാറ, മച്ചിപ്ളാവ്, ഇരുമ്പുപാലം, ആയിരമേക്കര്‍, വെള്ളത്തൂവല്‍, തോക്കുപാറ, പാറത്തോട്, പണിക്കന്‍കുടി എന്നിവിടങ്ങളില്‍ സംരക്ഷണ സമിതി നേതൃത്വത്തില്‍ വാഹനങ്ങള്‍ തടയുകയും റോഡില്‍ കുത്തിയിരുന്ന് അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. പൊട്ടന്‍കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഫാ. ജോസഫ് കൈപ്പന്‍പ്ളാക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി മണ്ണൂര്‍, വി.വി. തങ്കപ്പന്‍ വയലില്‍, ബിന്‍സി, സിനി ബിജു, എ.ടി. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ചിത്തണ്ണി ടൗണില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഹോളിഫാമിലി പള്ളി വികാരി ഫാ. തോമസ് കുളമാക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി, സന്തോഷ്, മണിയമ്മ സോമന്‍ എന്നിവര്‍ സംസാരിച്ചു. എല്ലക്കലില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ആഭിമുഖ്യത്തില്‍ ഉപരോധ സമരം നടത്തി. ഫാ. തോമസ് ഹെലേരില്‍ യോഗം ഉദ്ഘാടനം ചെയ്തു. സാബു പരപരാകത്ത്, സില്‍ബി ചുനയമ്മാക്കല്‍, ടോമി ചുനയമ്മാക്കല്‍, ജോയി കുന്നുംപുറം, ജയിംസ് കുഴിയംപ്ളാക്കല്‍ എന്നിവര്‍ സംസാരിച്ചു.
ചെറുതോണി: ചെറുതോണിയില്‍ തെരുവുവാസ സമരത്തില്‍ കര്‍ഷക പ്രതിഷേധം ഇരമ്പി. കരിമ്പന്‍ ടൗണില്‍ രൂപത വികാരി ജനറാള്‍ ഫാ. ജയിംസ് മംഗലശേരി നടുറോഡില്‍ കൂട്ടിയ അടുപ്പിലേക്ക് തീ പകര്‍ന്ന് ഉദ്ഘാടനം നടത്തിയതോടെ തുടക്കമായി. ചേലച്ചുവട്, കീരിത്തോട്, കഞ്ഞിക്കുഴി, മുരിക്കാശേരി, തോപ്രാംകുടി തുടങ്ങിയ പ്രദേശങ്ങളില്‍ സ്ത്രീകള്‍ നടുറോഡില്‍ ഭക്ഷണം പാചകംചെയ്ത് സമരത്തില്‍ പങ്കുകൊണ്ടു. മുരിക്കാശേരി ടൗണില്‍ കടകമ്പോളങ്ങള്‍ അടച്ച് പ്രതിഷേധ യോഗം നടന്നു. പതിനാറാംകണ്ടത്ത് നടന്ന യോഗത്തില്‍ നോബിള്‍ ജോസഫ്, പി.എന്‍. രാജു, ഫാ. ബെനോ എന്നിവര്‍ സംസാരിച്ചു. ഉപ്പുതോട് ചാലിസിറ്റിയിലും മുരിക്കാശേരിയിലും റോഡുപരോധം നടന്നു.
മറയൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഞ്ചുനാട്ടിലെ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു. കോവില്‍കടവ്, മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമാണ് അടഞ്ഞുകിടന്നത്.

റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളക്ക് തുടക്കം

Posted: 19 Nov 2013 10:10 PM PST

കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളുടെ ഉദ്ഘാടനം ഡോ.എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സഖറിയ സ് ഇല്ലിക്കമുറി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂധ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി.
ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ഇല്ലിക്കല്‍, പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി. ഷെമീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ മുള്ളുകാലായില്‍, എന്‍.ജെ. പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സുനില്‍ തേനംമ്മാക്കല്‍, സെലിന്‍ സിജോ, നിബു ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.

വൈറ്റില- കാക്കനാട് ബോട്ട് സര്‍വീസ് ആരംഭിച്ചു

Posted: 19 Nov 2013 10:01 PM PST

കൊച്ചി: നഗരഗതാഗതസൗകര്യം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി വൈറ്റില- കാക്കനാട് ബോട്ട് സര്‍വീസ് ആരംഭിച്ചു. സര്‍വീസിന്‍െറ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് നിര്‍വഹിച്ചു. വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്ക് 20 മിനിറ്റുകൊണ്ട് എത്താനാകും. കേരളത്തിന്‍െറ ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ജനുറം പദ്ധതിയില്‍ ജലഗതാഗത വികസന പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തിയത് കൊച്ചിക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ജലഗതാഗത വികസന പ്രവൃത്തികള്‍ ജനുറം പദ്ധതില്‍ ഉള്‍പ്പെടുത്തുന്നത്. കൊച്ചിക്ക് ചുറ്റും ടൗണ്‍ഷിപ്പുകള്‍, ജലഗതാഗത പദ്ധതികള്‍, മറ്റ് വലിയ വികസന പദ്ധതികള്‍ എന്നിവയാണ് കൊച്ചി മെട്രോ റെയിലിന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്‍െറ ആദ്യപടിയാണ് വൈറ്റില- കാക്കനാട് ജലപാതയെന്നും മന്ത്രി പറഞ്ഞു.
മെട്രോ റെയില്‍ വരുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പൂര്‍ണ പരിഹാരമാകില്ല. ഇടപ്പള്ളി, കുണ്ടന്നൂര്‍, പാലാരിവട്ടം പൈപ് ലൈന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ മേല്‍പാലങ്ങള്‍ ആവശ്യമാണ്. പച്ചാളം മേല്‍പാലത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഗൗരവമായി നടക്കുകയാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ഹൈകോടതിക്കടുത്ത പഴയ റെയില്‍വേസ്റ്റേഷന്‍ കൂടി നവീകരിക്കേണ്ടതുണ്ട്. സൗത് റെയില്‍വേ സ്റ്റേഷനില്‍നിന്നാരംഭിക്കുന്ന ട്രെയിനുകള്‍ ഹൈകോടതിക്കടുത്ത പഴയ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ ജനുറം പദ്ധതിയിലുള്‍പ്പെടുത്തി 40 കോടിയുടെ ജലഗതാഗത പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച പദ്ധതിക്ക് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി ലഭിച്ചാല്‍ 2014 മാര്‍ച്ചോടെ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനാകും. സോളാര്‍, ടോയ്ലറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുള്ള, 12 മിനിറ്റുകൊണ്ട് കാക്കനാട്ട് എത്താവുന്ന അതിവേഗ ബോട്ടുകള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. മെട്രോ ഓടിത്തുടങ്ങുതോടെ കൊച്ചിയില്‍ ജലമാര്‍ഗമുള്ള ഗതാഗതസംവിധാനം മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കനാലുകളുടെ ഇരുവശങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വേ നടന്നുവരികയാണെന്ന് കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ അവ കണ്ടുപിടിച്ച് കനാലുകള്‍ക്ക് വീതി കൂട്ടുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. കാക്കനാട്ടുനിന്നുള്ള ചെറിയ അനുബന്ധ സര്‍വീസുകള്‍ക്ക് കുടുംബശ്രീയുമായി സഹകരിച്ച് തുടക്കമിടുമെന്നും കലക്ടര്‍ പറഞ്ഞു. വൈറ്റില മൊബിലിറ്റി ഹബില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി, തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷന്‍ ആര്‍. വേണുഗോപാല്‍, തൃക്കാക്കര നഗരസഭ അധ്യക്ഷന്‍ പി.ഐ. മുഹമ്മദാലി, മൊബിലിറ്റി ഹബ് സ്പെഷല്‍ ഓഫിസര്‍ കെ.എന്‍. രാജി, കൗണ്‍സിലര്‍ സുനിത ഡിക്സണ്‍, സില്‍ക്ക് എം.ഡി എ. ആബിദ് , ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവര്‍ സംബന്ധിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP