സ്വാഗതം
WELCOME

News Update..

Monday, November 18, 2013

പാര്‍ട്ടികളും മതനേതൃത്വവും മാഫിയകളുടെ താളത്തിന് തുള്ളുന്നു- സി.ആര്‍.നീലകണ്ഠന്‍ Madhyamam News Feeds

പാര്‍ട്ടികളും മതനേതൃത്വവും മാഫിയകളുടെ താളത്തിന് തുള്ളുന്നു- സി.ആര്‍.നീലകണ്ഠന്‍ Madhyamam News Feeds

Link to

പാര്‍ട്ടികളും മതനേതൃത്വവും മാഫിയകളുടെ താളത്തിന് തുള്ളുന്നു- സി.ആര്‍.നീലകണ്ഠന്‍

Posted: 18 Nov 2013 12:55 AM PST

Subtitle: 
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
കുണ്ടറ: പശ്ചിമഘട്ടത്തെ നിലനിര്‍ത്താനുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങളും മതമേധാവികളും  പാറ-റിയല്‍ എസ്റ്റേറ്റ്-ടൂറിസം മാഫിയകളുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍. കുണ്ടറ സര്‍ഗ സാംസ്കാരിക സാര്‍വദേശീയ സമിതിയുടെ അഞ്ചാമത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടം അതിന്‍െറ താഴ്വാരങ്ങളില്‍ താമസിക്കുന്നവരുടേത് മാത്രമല്ല, കേരളത്തിന്‍െറ മൊത്തം സമ്പത്താണ്. കേരളത്തിന്‍െറ ഹരിതാഭയും സമ്പന്നതയും പശ്ചിമഘട്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്.  മത്സ്യസമ്പത്തിനും കാര്‍ഷിക സമ്പത്തിനും അടിസ്ഥാനം സഹ്യപര്‍വത നിരകളാണ്. ഗാഡ്ഗില്‍ പ്രത്യേക നിയമമൊന്നും കൊണ്ടുവന്നിട്ടില്ല. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിന്‍െറ ഭാഗമായി പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും എതിരല്ല. അത് പാറ മാഫിയകള്‍ക്കും കൈയേറ്റമാഫിയക്കും ടൂറിസ്റ്റ് മാഫിയക്കും മാത്രമാണ് എതിരാവുന്നത്.  കേരളത്തില്‍ ടൂറിസം ഉള്‍പ്പെടെ ആകര്‍ഷകമാകുന്നതിന്‍െറ പ്രധാന അടിസ്ഥാനം പശ്ചിമഘട്ടമലനിരകളാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ മാഫിയ സ്പോണ്‍സേഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ എ. ജെയിംസിനെയും കെ.പി.ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു. വാര്‍ഷികവുമായി ബന്ധപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആര്‍ട്ടിസ്റ്റ് ലെവി രവികുമാര്‍ കുറ്റിപ്പുറം സോളമന്‍ അനുസ്മരണം നടത്തി. ജോളി നെല്‍സണ്‍, വെള്ളിമണ്‍ രാജേന്ദ്രന്‍, പ്രഫ. വെള്ളിമണ്‍ നെല്‍സണ്‍, ഫെലിക്സ് വില്‍ഫ്രഡ് മിരാന്‍റ, ഡി.ജോയ് എന്നിവര്‍ സംസാരിച്ചു.
 

ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

Posted: 18 Nov 2013 12:44 AM PST

Subtitle: 
108ഉം പൊലീസും സ്ഥലത്തെത്തിയത് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷം
കഴക്കൂട്ടം: ശ്രീകാര്യം ഉദയഗിരിയില്‍ കെ.എസ്.ആര്‍.ടി.സി ലോഫ്ളോര്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്. 
ഉദയഗിരി വെഞ്ചാകോട് വളവില്‍ ഞായറാഴ്ച രാവിലെ 9.30നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കല്ലറയിലേക്ക് പോവുകയായിരുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ ബസും പോത്തന്‍കോട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വികാസ്ഭവനിലെ ബസുമാണ് കൂട്ടിയിടിച്ചത്. 
കല്ലറയിലേക്ക് പോവുകയായിരുന്ന ബസ് അമിതവേഗത്തിലായിരുന്നു. 
അപകടത്തില്‍ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഒരുകിലോ മീറ്റര്‍ അകലെയുള്ള പൊലീസും 108 ആംബുലന്‍സുമെത്തിയത് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ച ശേഷമാണെന്ന് ആരോപണമുണ്ട്. 
പരിക്കേറ്റവര്‍: തൃശൂര്‍ സ്വദേശി ഡ്രൈവര്‍ ജോസി ജേക്കബ് (32), കണ്ടക്ടര്‍ വെഞ്ഞാറമൂട് സ്വദേശി സഹദേവന്‍ നായര്‍ (44), ചെമ്പഴന്തി സ്വദേശികളായ പ്രവീണ്‍കുമാര്‍ (33), തമ്പി (60), മഹേഷ് (25), താഹിറ (38), സൂസന്‍ (46), ഷരീഫ (19), ശാലിനി (26), എല്‍.വി.എച്ച്.എസ് വിദ്യാര്‍ഥികളായ ഷഹാന (14), പ്രജിത (14), സുധി (14), സോഹന്‍ (14), പോത്തന്‍കോട് സ്വദേശികളായ ആശാകുമാരി (38), അംബിക (55), ശ്രീമതി (73), നിധിന്‍ (17), പ്രഭ (55), വിജയന്‍ (50), ബീന (40), മോനിഷ (24), നിജി (30), ജയ (35), പുളിമൂട് സ്വദേശി ശ്യാം (45), വാമനപുരം സ്വദേശികളായ ശശിധരന്‍ (80), തിലോത്തമ (68), വിതുര സ്വദേശി സുനിത (36), മുദാക്കല്‍ സ്വദേശി അനില്‍ കുമാര്‍ (45), കടയ്ക്കല്‍ സ്വദേശി ബിനോയ് (33), ബാലരാമപുരം സ്വദേശി ഷാജി (35), ശ്രീകാര്യം സ്വദേശി സുഭ (26), രാമന്‍കോട് സ്വദേശി ജോയ് (35), വെഞ്ഞാറമൂട് സ്വദേശി ഷംസുദ്ദീന്‍ (44), മുദാക്കല്‍ സ്വദേശി പദ്മാവതിയമ്മ (66), കല്ലടിച്ചവിള സ്വദേശി ശശി (60), കൊയ്ത്തൂര്‍ക്കോണം സ്വദേശി ഫര്‍സാന (14), വാവറഅമ്പലം സ്വദേശി ജിത്തു (15), പട്ടം സ്വദേശി സഞ്ജയ് (45), പ്ളാമൂട് സ്വദേശി ജയപാല്‍ (51), കാരേറ്റ് സ്വദേശി മണിയന്‍ ആശാരി (56).  പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നു -ഉമ്മന്‍ ചാണ്ടി

Posted: 18 Nov 2013 12:10 AM PST

Image: 

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുമ്പ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ നടന്ന ഇടതുപക്ഷ യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്ന് പറഞ്ഞാണ് ഇടതുപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് നടന്ന സര്‍വ്വകക്ഷി യോഗം ഇടതുപക്ഷം ബഹിഷ്കരിക്കുകയായിരുന്നു. അന്നവര്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ കുറച്ചുകൂടി നല്ല ചര്‍ച്ചകള്‍ നടക്കുമായിരുന്നു -ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  ഇതുസംബനന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിഹരിച്ചിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്നുമാണ്് അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതു തന്നെയാണ് കേരള സര്‍ക്കാറിന്‍െറയും നിലണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവരുടെയും ഉള്‍കൊണ്ട് മാത്രമേ നടപ്പാക്കൂ എന്നാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കരുതിക്കൂട്ടിയുള്ളതാണ് പ്രതിപക്ഷത്തിന്‍്റെ ഹര്‍ത്താലെന്നും മുഖ്യമന്ത്രി പറഞ്ഞു.  
 

മമ്മിയൂര്‍ മുതല്‍ കൈരളി ജങ്ഷന്‍ വരെ വലിയ വാഹനങ്ങള്‍ക്ക് വണ്‍വേ

Posted: 17 Nov 2013 11:17 PM PST

Subtitle: 
ഓട്ടോകളുടെ 'അരിക്കല്‍' തടയും
ഗുരുവായൂര്‍: കൈരളി ജങ്ഷന്‍ മുതല്‍ മമ്മിയൂര്‍ സെന്‍റര്‍ വരെ വലിയ വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്താന്‍ പൊലീസ് വിളിച്ചുചേര്‍ത്ത നഗരസഭ അധികൃതരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനം. ചൊവ്വാഴ്ച മുതല്‍ സംവിധാനം നടപ്പില്‍ വരും. 
കൈരളി ജങ്ഷന്‍ ഭാഗത്തുനിന്ന് മമ്മിയൂര്‍ ഭാഗത്തേക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ വലിയ വാഹനങ്ങള്‍ക്ക് പോകാനാവില്ല. മമ്മിയൂര്‍ സെന്‍ററില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലവിലെ സംവിധാനം തുടരും. 
വേണുഗോപാല്‍ ലോഡ്ജിന്‍െറ പരിസരത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഭാഗം കൂടി പാര്‍ക്കിങ്ങിന് പ്രയോജനപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇന്നര്‍റിങ് റോഡില്‍ പാര്‍ക്കിങ് നിരോധിക്കും. കിഴക്കേനട അപ്സര ജങ്ഷന്‍ മുതല്‍ മഞ്ജുളാല്‍ ജങ്ഷന്‍ വരെ പകല്‍ സമയത്ത് വഴിയോരക്കച്ചവടം അനുവദിക്കില്ല. 
ഓട്ടോകള്‍ കിഴക്കേനട ഭാഗത്ത് സാവധാനം സഞ്ചരിച്ച് വാടകക്കാരെ കയറ്റുന്ന ‘അരിക്കല്‍’ എന്ന് വിളിക്കുന്ന സമ്പ്രദായം നിര്‍ത്താന്‍ നടപടിയെടുക്കും. അരിക്കല്‍ നടത്തുന്ന ഓട്ടോകള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന് നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കുടവെച്ചുള്ള മുറുക്കാന്‍ വില്‍പന തടയും. ഏകാദശി ദിവസവും തലേന്നും മഞ്ജുളാല്‍ ജങ്ഷനില്‍ നിന്ന് ക്ഷേത്രത്തിന്‍െറ ഭാഗത്തേക്കുള്ള റോട്ടില്‍ വാഹനങ്ങള്‍ അനുവദി ക്കില്ല. 
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ വിലയിരുത്തിയ ശേഷം ഗതാഗത പുന$ക്രമീകരണത്തിന് കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും പൊലീസ് പറഞ്ഞു. 
അസി. പൊലീസ് കമീഷണര്‍ ആര്‍.കെ. ജയരാജ് വിളിച്ചുചേര്‍ത്ത യോഗ ത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.എന്‍. മുരളി, ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി.കെ. പ്രകാശന്‍, സി.ഐ കെ. സുദര്‍ശന്‍, എസ്.ഐ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. 
 

മഅ്ദനിക്ക് ജാമ്യമില്ല

Posted: 17 Nov 2013 11:00 PM PST

Image: 

ന്യൂദല്‍ഹി:പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യമില്ളെന്ന് സുപ്രീംകോടതി. മഅ്ദനിക്ക്  വിദഗ്ധ ചിക്ത്സ നല്‍കുന്നതിന്  മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ചികിത്സാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണം.  കണ്ണിന്‍്റെ ശസ്ത്രക്രിയ നടത്തിയശേഷം ആരോഗ്യം മെച്ചപ്പെടുന്നതുവരെ ചികിത്സ നല്‍കാനും കോടതി നിര്‍ദേശിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഅ്ദനിക്കായി
ആശുപത്രിയില്‍ പൊലീസ് സുരക്ഷയോടെ പ്രത്യകേ മുറിയോ വാര്‍ഡോ സജീകരിക്കണം. സഹായത്തിനായി മഅ്ദനിയുടെ ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ നില്‍ക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

മഅ്ദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതെന്നും  സുപ്രീംകോടതി വ്യക്തമാക്കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്.

 

ദേവികുളത്ത് ഇന്ദിര ആവാസ് യോജന പദ്ധതി പ്രതിസന്ധിയില്‍

Posted: 17 Nov 2013 11:00 PM PST

അടിമാലി: ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരമുള്ള വീട് നിര്‍മാണം ദേവികുളം ബ്ളോക്കില്‍ പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം കഴിഞ്ഞ് ബാക്കി തുക ത്രിതല പഞ്ചായത്തുകള്‍ വഹിക്കണമെന്ന് നിയമമുണ്ടെങ്കിലും ബ്ളോക് ജില്ലാ പഞ്ചായത്തുകള്‍ മുഴുവന്‍ തുകയും വകയിരുത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. 2008 മുതല്‍ നടപ്പുവര്‍ഷം വരെ കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയുള്ളത്. ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് കൃത്യമായ വിഹിതം നീക്കിവെക്കുന്നത്.
നിലവില്‍ എസ്.സി ജനറല്‍ വിഭാഗങ്ങള്‍ക്ക് രണ്ട് ലക്ഷവും പട്ടിക വര്‍ഗക്കാര്‍ക്ക് രണ്ടര ലക്ഷവുമാണ് വീട് പണിയാന്‍ നല്‍കുന്നത്. ഇതില്‍ 70,000 രൂപ കേന്ദ്രവിഹിതമായി നല്‍കും.
 ബാക്കി തുകയില്‍ 25 ശതമാനം ഗ്രാമ പഞ്ചായത്ത്, 50 ശതമാനം ബ്ളോക് പഞ്ചായത്ത്, 25 ശതമാനം ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് നല്‍കേണ്ടത്. ബ്ളോക്കിലെ ഒമ്പത് പഞ്ചായത്തില്‍നിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് വേണ്ടതിന്‍െറ പാതി ഫണ്ട് മാത്രമാണ് ബ്ളോക്-ജില്ലാ പഞ്ചായത്തുകള്‍ നീക്കിവെച്ചിരിക്കുന്നതെന്ന് പറയുന്നു.  2008 മുതല്‍ ഈ രീതിയില്‍ ഫണ്ട് കുടിശ്ശികയുണ്ട്. 2011-’12 വര്‍ഷത്തില്‍ മാത്രം ബ്ളോക്കിന് കീഴില്‍ രണ്ട് കോടിയുടെ കുടിശ്ശികയുണ്ട്. 2012-’13 വര്‍ഷത്തിലും ഗുണഭോക്താക്കള്‍ക്ക് രണ്ടും മൂന്നും ഗഡുക്കള്‍ നല്‍കാനുണ്ട്.ഓരോ വര്‍ഷവും 300ഉം 400ഉം ഗുണഭോക്താക്കളെ ഭവന പദ്ധതിക്ക് വേണ്ടി തെരഞ്ഞെടുക്കുന്നുണ്ട്. ഇവര്‍ക്ക് കേന്ദ്ര വിഹിതവും ഗ്രാമപഞ്ചായത്തിന്‍െറ വിഹിതവും മാത്രമാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. പലരും വായ്പയെടുത്തും മറ്റും വീട് പൂര്‍ത്തിയാക്കുകയാണ്. തുടര്‍ന്ന് ബാക്കി ഗഡുക്കള്‍ക്ക് വേണ്ടി സമീപിക്കുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിഹിതം നല്‍കാന്‍ ബ്ളോക് പഞ്ചായത്തുകളോട് സര്‍ക്കാര്‍ വായ്പയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മുന്‍ വര്‍ഷത്തെ കുടിശ്ശികയുടെ കാര്യത്തില്‍ സര്‍ക്കാറും ഒന്നും പറയുന്നില്ല.
 

നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ഉള്‍പ്പെടുത്താത്തതില്‍ പാറമടലോബിക്ക് പ്രതീക്ഷ

Posted: 17 Nov 2013 10:51 PM PST

Subtitle: 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്
വടശേരിക്കര: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശമായി നാറാണംമൂഴി,വെച്ചൂച്ചിറ പഞ്ചായത്തുകളെ ഉള്‍പ്പെടുത്താത്തത് പാറമടലോബിക്ക് പ്രതീക്ഷയേറുന്നു.നാറാണംമൂഴി പഞ്ചായത്തില്‍ റബര്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി പുതിയ പാറമട തുടങ്ങാന്‍ നീക്കം നടക്കുന്നതായും ആരോപണം.
പാറമടലോബിക്കെതിരെ ജനകീയസമരം നടക്കുന്ന നാറാണംമൂഴി,വെച്ചൂച്ചിറ പഞ്ചായത്തുകളുടെ പേരുവിവരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. 
പുതിയ ചില പാറമടകള്‍ക്കും വന്‍കിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ പരിസ്ഥിതി വിരുദ്ധ മാഫിയകള്‍ നീക്കം തുടങ്ങി.
  നിരവധി അനധികൃത പാറമടകളും മണ്ണ്,മണല്‍ മാഫിയകളുടെ വിഹാരരംഗവുമായ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വടശേരിക്കര,ചിറ്റാര്‍,സീതത്തോട്,കൊല്ലമുള,പെരുനാട് പഞ്ചായത്തുകള്‍ പരിസ്ഥിതിലോല പ്രദേശമായി ഗാഡ്ഗില്‍ -കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. 
ഈ മേഖലയിലെ വമ്പന്മാര്‍ പരിഭ്രാന്തിയിലാണ്.പണവും അധികാരവും ഉപയോഗിച്ച് എതിര്‍പ്പുകളെ അതിജീവിച്ച് സുഗമമായി നടത്തിക്കൊണ്ടുവന്ന ഒട്ടനവധി വമ്പന്‍ പാറമടകള്‍ക്കും ക്രഷര്‍ യൂനിറ്റുകള്‍ക്കും റിപ്പോര്‍ട്ട് ഭീഷണിയാണ്.  അതേസമയം, പരിസ്ഥിതിക്ക് ഭീഷണിയായ പാറമടകളുടെ പ്രവര്‍ത്തനം മൂലം ജനകീയ സമരത്തെ നേരിട്ടുകൊണ്ടിരിക്കുന്നതും ശബരിമല വനത്തോടും പമ്പാനദിയോടും ചേര്‍ന്നുകിടക്കുന്നതുമായ നാറാണംമൂഴി,വെച്ചൂച്ചിറ പഞ്ചായത്തുകളില്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയായ പാറമടകളെ കൂടാതെ ഒട്ടനവധി പുതിയ ഖനന പദ്ധതികളും അണിയറയില്‍ തയാറാകുന്നുണ്ട്. 
  നാറാണംമൂഴി പഞ്ചായത്തിലെ തോണിക്കടവില്‍ ആലപ്പുഴ ജില്ലക്കാരനായ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥന്‍െറ റബര്‍ എസ്റ്റേറ്റിനുള്ളില്‍ റിസോര്‍ട്ട് പണിയാനെന്ന പേരില്‍ നടക്കുന്ന പാറപൊട്ടിക്കല്‍ നിയമവിരുദ്ധമാണെന്നും പാറമട തുടങ്ങാനുള്ള പ്രാഥമിക നീക്കമാണെന്നും ആരോപണം ഉയരുന്നുണ്ട്. 
പെരുനാട് പഞ്ചായത്തില്‍ നിരോധം നടപ്പായാല്‍ പെരുനാടു വരെ വ്യാപിച്ചുകിടക്കുന്ന വമ്പന്‍ പാറ നാറാണംമൂഴി പഞ്ചായത്തില്‍നിന്ന് പൊട്ടിച്ചുതുടങ്ങാന്‍ കഴിയുമെന്നാണ് പാറമട ലോബിക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. 
കര്‍ഷകവിരുദ്ധമെന്ന പേരില്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ സമര പരിപാടികള്‍ നടക്കുന്ന സമയത്തും ചെമ്പന്മുടി സമരത്തിലെ ഭരണകക്ഷി നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
 

സ്വകാര്യബസ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Posted: 17 Nov 2013 10:32 PM PST

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മേട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ച ബസ് പണിമുടക്ക് പിന്‍വലിച്ചു.ബസ് ഉടമകളുടെയും വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നടപ്പില്‍വരുത്താമെന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ചര്‍ച്ചയില്‍ സി.ഐ.ടി.യു നേതാക്കളായ പി.ജെ.വര്‍ഗീസ്, കെ.കെ.പ്രസാദ്, ഡോ. പി.എം.കുസുമന്‍, ഐ.എന്‍.ടി.യു.സി നേതാവ് കുഞ്ഞ് ഇല്ലംപള്ളി, ബി.എം.എസ് നേതാക്കളായ രവീന്ദ്രനാഥ്, നളിനാക്ഷന്‍നായര്‍,ബസ് ഉടമ പ്രതിനിധികളായ ടി.കെ. ജയരാജ്, പ്രസാദ് എം.ടി., ടി.ഡി. ചാക്കോ എന്നിവര്‍  പങ്കെടുത്തു.
 

ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ കായികതാരങ്ങളും സിനിമപ്രവര്‍ത്തകരും തമ്മില്‍ വീണ്ടും ബഹളം

Posted: 17 Nov 2013 10:16 PM PST

Subtitle: 
ഷൂട്ടിങ് സെറ്റിടാന്‍ ശ്രമം
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഷൂട്ടിങ് സെറ്റ് ഇടുന്നത് സംബന്ധിച്ച് കായികതാരങ്ങളും സിനിമപ്രവര്‍ത്തകരും തമ്മില്‍ വീണ്ടും ബഹളം. വെള്ളി, ശനി ദിവസങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ബഹളം ഉണ്ടാവുകയും എം.എല്‍.എയും പൊലീസും ഇടപെട്ട് കളിക്കളത്തിലെ സെറ്റിടല്‍ ജോലി നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊലീസിന്‍െറയും എം.എല്‍.എയുടെയും വിലക്ക് ലംഘിച്ച് ഞായറാഴ്ചയും സിനിമപ്രവര്‍ത്തകര്‍ എത്തിയതോടെ കായികതാരങ്ങള്‍ എതിര്‍ക്കുകയായിരുന്നു. മൈല്‍സ്റ്റോണ്‍ എന്ന സിനിമക്കായി കളിക്കളത്തിനകത്ത് പടുകൂറ്റന്‍ ഹോട്ടലിന് സെറ്റിടുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.
ഞായറാഴ്ചയായതിനാല്‍ ഗ്രൗണ്ടില്‍ കളിക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിരുന്നു. തൊട്ടടുത്ത് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കളിച്ചിരുന്നവരും നാട്ടുകാരും എത്തിയതോടെ സിനിമപ്രവര്‍ത്തകര്‍ക്ക് പിന്മാറേണ്ടിവന്നു. പിന്നീട് പൊലീസ് എത്തി. പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. 
അതേസമയം, ഗ്രൗണ്ട് ഈദ് നമസ്കാരത്തിന് അനുവദിക്കാമെങ്കില്‍ ഷൂട്ടിങ്ങിന് സെറ്റിടാമെന്ന സിനിമപ്രവര്‍ത്തകരുടെ വാദവും പ്രതിഷേധത്തിനിടയാക്കി. സിനിമപ്രവര്‍ത്തകരും പ്രമുഖ ട്രേഡ് യൂനിയന്‍െറ തൊഴിലാളികളില്‍ ചിലരുമാണ് ഈ വാദം ഉന്നയിച്ചത്. പെരുന്നാള്‍ നമസ്കാരത്തിന് നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ ടാര്‍പായ വിരിക്കുകയാണ് പതിവ്. എന്നാല്‍, സിനിമപ്രവര്‍ത്തകര്‍ മൈതാനത്തിന്‍െറ വടക്കേ ഭാഗത്തെ സോഫ്റ്റ് ബാള്‍ കളിക്കുന്ന പിച്ചിന് മുകളിലായാണ് സെറ്റിടുന്നത്. ആറിഞ്ചോളം നീളം വരുന്ന ആണികള്‍ കളിക്കാരുടെ കാലില്‍ കൊള്ളുകയുമുണ്ടായി. ഇതേതുടര്‍ന്നാണ് കായികതാരങ്ങള്‍ കളി മൈതാനത്ത് സെറ്റിടാന്‍ അനുവദിക്കില്ലായെന്ന ആവശ്യം ഉയര്‍ത്തി സെറ്റിടല്‍ തടഞ്ഞത്. 
മൂന്നുദിവസമായി തുടര്‍ച്ചയായി ബഹളം ഉണ്ടായിട്ടും ഇരുകൂട്ടരെയും വിളിച്ച് മധ്യസ്ഥശ്രമം നടത്തി പ്രശ്നം പരിഹരിക്കാത്തത് പൊലീസിന്‍െറ ഭാഗത്തെ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനിടെ, ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റിയെ സമീപിച്ച് പരേഡ് ഗ്രൗണ്ടില്‍ സെറ്റിടാന്‍ വീണ്ടും കത്ത് നേടിയതും വിവാദത്തിലായി. നാല് വിദേശരാജ്യങ്ങളുടെ സൈനിക പരേഡിന് വേദിയായ ലോകത്തിലെ തന്നെ അപൂര്‍വം മൈതാനമായ പരേഡ് ഗ്രൗണ്ട് സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്ത അവസ്ഥയില്‍ ഷൂട്ടിങ് സെറ്റിട്ട് നശിപ്പിക്കരുതെന്ന് ഫുട്ബാള്‍ കോച്ച് റൂഫസ് ഡിസൂസ, കെ.എം. ഹസന്‍ എന്നിവര്‍ പറഞ്ഞു.

ഈജിപതില്‍ ട്രെയിന്‍ വാഹനങ്ങളിലിടിച്ച്, 24 മരണം

Posted: 17 Nov 2013 10:15 PM PST

Image: 

കൈറോ: ഈജിപ്തിന്‍െറ തലസ്ഥാന നഗരിയില്‍ കാര്‍ഗോ ട്രെയിന്‍ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി 24 മരണം. 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കൈറോയിലെ റെയില്‍വേ ക്രോസിങ്ങില്‍ തിങ്കളാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. വിവാഹാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരിലധികവും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈജിപ്തിലെ ബനു സുഇഫില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികളുമായി വന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP