സ്വാഗതം
WELCOME

News Update..

Tuesday, November 5, 2013

ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായി Madhyamam News Feeds

ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായി Madhyamam News Feeds

Link to

ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരമായി

Posted: 04 Nov 2013 10:18 PM PST

Image: 

മനാമ: രണ്ട് മാസത്തിലേറെയായി ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന മൂന്ന് മലയാളി തൊഴിലാളികളുടെയും യു.പി സ്വദേശിയുടെയും പ്രശ്നത്തിന് പരിഹാരമായി.
മലയാളികളായ വടകര സ്വദേശി ശശി, കൊടുവള്ളി സ്വദേശി ദാസന്‍, ഗുരുവായൂര്‍ സ്വദേശി സുബിന്‍ എന്നിവര്‍ക്ക്  റിലീസ് നല്‍കാമെന്ന് സ്പോണ്‍സര്‍ സമ്മതിച്ചതിനാല്‍ അവര്‍ക്ക് മറ്റു കമ്പനികളില്‍ ജോലിക്ക് കയറാം. രണ്ട് വര്‍ഷത്തിലേറെയായിട്ടും നാട്ടില്‍ പേകാന്‍ കഴിയാതിരുന്ന യു.പി സ്വദേശി ദിലീപ് കുമാറിന് സ്പോണ്‍സര്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നല്‍കി. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന ദീലീപ്കുമാറിന് നല്‍കാനുള്ള ശമ്പളത്തിന്‍െറ വിഹിതവും പാസ്പോര്‍ട്ടും വൈകീട്ട് എയര്‍പോര്‍ട്ടില്‍ എത്തിക്കാമെന്നും സ്പോണ്‍സര്‍ ഏറ്റിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി മുഖേന ലേബര്‍ മന്ത്രാലയത്തെ സമീപിച്ചതിന്‍െറ ഫലമായി ഉണ്ടായ ഇടപെടലാണ് ഇവരുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരമുണ്ടാക്കിയത്.
അടുത്ത കാലത്തൊന്നും ദുരിതത്തില്‍നിന്ന് കരകയറാനാകില്ലെന്ന് വിശ്വസിച്ചിരുന്ന നാല് പേരും ഇത്രവേഗം പ്രശ്നപരിഹാരമായതില്‍ ആശ്വാസം കൊള്ളുകയാണ്.  വെസ്റ്റ് എക്കറിലെ സ്വകാര്യ ബേക്കറിയില്‍ ജോലി ചെയ്യുന്ന ഈ തൊഴിലാളികള്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതം അനുഭവിക്കുന്ന വാര്‍ത്ത  ‘ഗള്‍ഫ് മാധ്യമം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങള്‍ക്ക് കിട്ടാനുള്ള രണ്ട് മാസത്തെ ശമ്പളം നല്‍കിയ ശേഷം മറ്റെവിടെയെങ്കിലും ജോലി ചെയ്യാന്‍ അനുവദിക്കുകയോ നാട്ടിലേക്ക് അയക്കുകയോ ചെയ്യണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളികളായ തൊഴിലാളികള്‍ എങ്ങനെയെങ്കിലും തങ്ങള്‍ക്ക് ഇവിടെ മറ്റേതെങ്കിലും കമ്പനികളില്‍ കയറാന്‍ സ്പോണ്‍സര്‍ കനിഞ്ഞെങ്കിലെന്നാണ് ആഗ്രഹിച്ചിരുന്നത്.
കാരണം നാട്ടില്‍ പോയാല്‍ ഒരു ഗതിയുമില്ലാതെ അലയേണ്ടി വരുമെന്ന ചിന്തയാണ് അവരെ വേട്ടയാടിയത്. അതിനുവേണ്ടിയുള്ള അവരുടെ അഭ്യര്‍ഥനക്ക് പിന്നീട് സ്പോണ്‍സര്‍ അനുകൂലമായി പ്രതികരിച്ചതോടെ ബഹ്റൈനില്‍ തന്നെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള അവരുടെ പ്രതീക്ഷക്ക് ചിറകു മുളച്ചു. ഭക്ഷണത്തിന് പോലും വകയില്ലാതെ പ്രയാസപ്പെട്ട അവസ്ഥയില്‍ തങ്ങളെ സഹായിച്ചവര്‍ക്കുള്ള നന്ദിയും കടപ്പാടും തൊഴിലാളികള്‍ അറിയിച്ചു.
കിട്ടാനുള്ള തങ്ങളുടെ ശമ്പളം ഗഡുക്കളായി നല്‍കാമെന്നും സ്പോണ്‍സര്‍ പറഞ്ഞിട്ടുണ്ട്.

എയര്‍ഗണ്‍ വെടിവെപ്പ് വ്യാപകം

Posted: 04 Nov 2013 10:05 PM PST

Image: 

മസ്കത്ത്: എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പ് വിവിധയിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ പ്രവാസികളില്‍ ആശങ്ക പരന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഈയിടെയായി അജ്ഞാതരില്‍നിന്ന് വെടിയേറ്റത്. മിക്കയിടങ്ങളിലും കാറിലെത്തിയാണ് ആക്രമണം നടന്നത്.
പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ റോയല്‍ ഒമാന്‍ പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരും പിടിയിലായിട്ടില്ല.  എയര്‍ഗണ്‍ തിര തറച്ച മുറിവുകളുമായി നിരവധി പേര്‍ ചികിത്സ തേടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് സാമൂഹിക പ്രവര്‍ത്തകനായ ജി.സി. ബാബു പറഞ്ഞു. അല്‍ ഖൂദിലെ ആശുപത്രിയില്‍ രണ്ടാഴ്ചക്കിടെ എട്ടോളം പേരാണ് ഇത്തരത്തില്‍ ചികിത്സ തേടിയത്. എന്നാല്‍, മിക്കവരും പരാതി നല്‍കുന്നില്ല.
പക്ഷികളെ വെടിവെക്കുന്ന എയര്‍ഗണാണ് ഇത്തരം സംഭവങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പരിക്ക് ഗുരുതരമാകാനും മരണം സംഭവിക്കാനും ഇടയുണ്ട്. തിര കണ്ണില്‍ തറച്ചാല്‍ കാഴ്ച നഷ്ടപ്പെടാം. നെഞ്ചിലാണ് വെടിയേല്‍ക്കുന്നതെങ്കിലും മുറിവ് മാരകമാകും.
2013 ഒക്ടോബര്‍ 12നാണ് ഇത്തരം വെടിവെപ്പ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബോഷര്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് പാര്‍ക്കിങ് ഏരിയക്ക് സമീപം ഒമാനി വേഷത്തില്‍ കാറില്‍ വന്നിറങ്ങിയയാള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം പൂജപ്പുര നാഗരാജന്‍ ഉള്‍പ്പെടെ (48) അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മറ്റു രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ളാദേശിയും അന്ന് പരിക്കേറ്റവരിലുണ്ടായിരുന്നു. മസ്കത്ത് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാഗരാജന്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ചികിത്സക്ക് വലിയൊരു തുക ഇദ്ദേഹത്തിന് ചെലവാകുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹം ബോഷര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഒക്ടോബര്‍ 25നാണ് ഹെയ്ലില്‍ ബംഗ്ളാദേശി സ്വദേശി റൂബലിന് (24) വെടിയേറ്റത്. സാധാരണ എയര്‍ ഗണില്‍ കാണുന്ന ഉണ്ടയേക്കാള്‍ വലുതാണ് ഇദ്ദേഹത്തിന്‍െറ പുറത്ത് തുളഞ്ഞുകയറിയത്. ആശുപത്രിയലെത്തിച്ച് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു. നവംബര്‍ രണ്ടിനും മൂന്നിനും ഹെയിലില്‍ സമാന സംഭവം ആവര്‍ത്തിച്ചു. രണ്ടിന് വൈകുന്നേരം കണ്ണൂര്‍ നാറാത്ത് സ്വദേശി ഗണേഷിന് (37) വെടിയേറ്റു. നിര്‍മാണ പ്രവൃത്തികള്‍ കരാറെടുക്കുന്ന ഗണേഷിന് നേരെ കാറിലെത്തിയാണ് വെടിയുതിര്‍ത്തത്. ഇദ്ദേഹത്തിന്‍െറ കൈയിലാണ് പരിക്ക്. മൂന്നിന് നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനായ കൊല്ലം ചാത്തന്നൂര്‍ ബിനുവിനും (31) വെടിയേറ്റു.
അല്‍ ഖൂദ് ബദ്ര്‍ സമ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഇദ്ദേഹത്തിന്‍െറ പുറം ഭാഗത്തുനിന്ന് തിര പുറത്തെടുത്തത്. റൂബല്‍, ഗണേഷ്, ബിനു എന്നിവര്‍ അല്‍ ഖൂദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
നവംബര്‍ രണ്ടിന് വാദി കബീറിലും ഇത്തരത്തിലുള്ള വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാദികബീറിലും പരിസരങ്ങളിലുമായി മൂന്നിടത്താണ് വെടിവെപ്പുണ്ടായത്. ഇതില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവിനും മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു.
 

ലാവലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കി

Posted: 04 Nov 2013 10:01 PM PST

Image: 

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച എസ്.എന്‍.സി ലാവലിന്‍ കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന് മുന്‍ വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ ഒഴിവാക്കി. കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ആര്‍. രഘുവാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി.

കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിന് പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കാനായില്ളെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ളെന്നും കോടതി.

പിണറായിക്ക് പുറമെ മൂന്നു പേരെ കൂടി പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്. മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ ജി. കാര്‍ത്തികേയനെ പ്രതിയാക്കണമെന്ന സി.ബി.ഐ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.

അതേസമയം, രണ്ട് പേരുടെ വിടുതല്‍ ഹര്‍ജി തള്ളി. ഇതോടെ കേസ് സംബന്ധിച്ച് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തായി. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ആദ്യ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ കേസില്‍ കുറ്റവിമുക്തനാകുമെന്ന് സി.പി.എം നേതൃത്വം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.

കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതിപദ്ധതികളുടെ നവീകരണ കരാര്‍ ഒപ്പ് വെച്ചതില്‍ സി.എ.ജി ക്രമക്കേട് കണ്ടത്തെിയതാണ് കേസിന്റെ തുടക്കം. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ അന്തിമ കരാറില്‍ ഒപ്പ് വെച്ച ഇടപാടില്‍ ഖജനാവിന് കോടികള്‍ ചോര്‍ന്നുവെന്നായിരുന്നു സി.എ.ജി നിഗമനം.

തുടര്‍ന്ന് 2007 ജനുവരി 16ന് സി.ബി.ഐക്ക് വിട്ട കേസില്‍ 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതി ചേര്‍ത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ, ലാവലിന്‍ ഇടപാടില്‍ പിണറായി നേരിട്ട് പണം കൈപ്പറ്റിയതിന് തെളിവില്ളെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ഏഴാം പ്രതിയായ തന്‍െറ പേര് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് പിണറായി വിടുതല്‍ ഹരജി നല്‍കിയത്.

ഹരജി പരിഗണിക്കുന്നതിനിടെ സി.പി.എം നേതാവ് ഇ. ബാലാനന്ദന്റെ റിപ്പോര്‍ട്ടിനെ പിണറായിയുടെ അഭിഭാഷകന്‍ തള്ളിപ്പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ധാരണാപത്രത്തില്‍ ഒപ്പ് വെക്കുമ്പോള്‍ വൈദ്യുതിമന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനെ കേസില്‍ നിന്ന് ഒഴിവാക്കിയതിന് സി.ബി.ഐയെ കോടതി വിമര്‍ശിച്ചിരുന്നു.

90ാം പിറന്നാളിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളില്‍ ലാവലിന്‍ കേസില്‍ പിന്നോട്ടില്ളെന്ന് വി.എസ് പ്രഖ്യാപിച്ചത് വീണ്ടും വിവാദത്തിന് വഴിതുറന്നിരുന്നു. ലാവലിന്‍ കേസ് അഴിമതിക്കേസ് തന്നെയാണെന്ന് വ്യക്തമാക്കിയ വി.എസ്, സി.എ.ജി റിപ്പോര്‍ട്ട് ശരിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വെളിപ്പെടുത്തിയിരുന്നു. പരാമര്‍ശങ്ങളുടെ പേരില്‍ പി.ബി വി.എസിനെ താക്കീത് ചെയ്തിരുന്നു. പിണറായി കുറ്റ വിമുക്തനാകുമെന്നും വി.എസിനെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് മറ്റുന്നതടക്കമുള്ള നടപടികള്‍ക്ക് പാര്‍ട്ടി പ്ളീനത്തില്‍ തുടക്കം കുറിക്കുമെന്നുമാണ് ഔദ്യോഗിക നേതൃത്വം പ്രചരിപ്പിച്ചിരുന്നത്.

നിതാഖാത്തിനിടയില്‍ നോര്‍കയുടെ പുട്ടുകച്ചവടം

Posted: 04 Nov 2013 09:46 PM PST

Image: 

നിതാഖാത് പരിഷ്കരണം കര്‍ശനമായി നടപ്പാക്കുന്നതിന്‍െറ പ്രത്യാഘാതം എങ്ങനെ ഏറ്റുവാങ്ങും എന്ന ഭീതിയില്‍ സൗദി അറേബ്യയിലെ പ്രവാസികളും അവരുടെ കുടുംബവും തീ തിന്നുന്നതിനിടയില്‍ നമ്മുടെ പ്രവാസി വകുപ്പ് പുട്ടുകച്ചവടം നടത്തി എന്നു പറഞ്ഞാല്‍ തെറ്റാവില്ല. കോടികള്‍ മുടക്കി പ്രവാസികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ സായുജ്യത്തിലാണിവര്‍. ആ കണക്കാവട്ടെ, യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും.
ഗള്‍ഫ് പ്രവാസം അര നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ മറുനാട്ടില്‍ ജീവിതമാര്‍ഗം തേടിപ്പോയ കേരളീയരുടെ കണക്കെടുക്കാന്‍ നടത്തുന്ന ഏതു ശ്രമവും ശ്ളാഘനീയമാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും അവരുടെ ക്ഷേമ-പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ആധികാരികവും സൂക്ഷ്മവുമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണുതാനും. എന്നാല്‍, ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സിന്‍െറ സഹായത്തോടെ ‘നോര്‍ക’ പൂര്‍ത്തിയാക്കിയ സര്‍വേയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ.സി. ജോസഫ് പുറത്തുവിട്ടപ്പോള്‍ പ്രവാസിസമൂഹവും ഈ വിഷയത്തില്‍ പഠനം നടത്തുന്നവരും തെല്ലൊന്ന് അമ്പരന്നെങ്കില്‍ അദ്ഭുതപ്പെടാനില്ല. കാരണം, സര്‍വേയില്‍ കണ്ടെത്തിയതായി പറയുന്ന കണക്ക് കൃത്യതയുള്ളതോ വിശ്വസനീയമോ അല്ല. 9500 എന്യൂമറേറ്റര്‍മാരുടെയും 2500 സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും കയറിയിറങ്ങിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതെന്നാണ് ഔദ്യാഗിക ഭാഷ്യമെങ്കിലും അത് എത്രത്തോളം വസ്തുതാപരമാണെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. സര്‍വേ അവതരിപ്പിക്കുന്ന കണക്കുകള്‍ അനുഭവയാഥാര്‍ഥ്യവുമായി ഒത്തുപോകുന്നില്ല എന്നാണ് വിഷയം ആഴത്തില്‍ അപഗ്രഥിക്കുന്നവര്‍ക്ക് മനസ്സിലാവുക. സര്‍വേയില്‍  ഗുരുതരമായ പൊരുത്തക്കേടുകള്‍ കയറിക്കൂടിയിട്ടുണ്ട്. പ്രവാസി വീടുകളെക്കുറിച്ച് ജില്ല തിരിച്ചുള്ള കണക്കുകള്‍ നല്‍കുന്നുണ്ടെങ്കിലും എന്യൂമറേറ്റര്‍മാര്‍ എത്ര കാര്യക്ഷമമായി തങ്ങളുടെ ദൗത്യം നിറവേറ്റി എന്നത് പരിശോധിക്കേണ്ടതുണ്ട്.
2011ലെ കണക്കനുസരിച്ച് 333.88 ലക്ഷമാണ് കേരളത്തിലെ ജനസംഖ്യ. 14,26,853 മലയാളികള്‍ പുറംരാജ്യങ്ങളില്‍ ജീവസന്ധാരണം തേടുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 12,84,221 പേര്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നും പറയുന്നു. ഈ കണക്കനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളമാണ് പ്രവാസികള്‍. 30 ലക്ഷത്തിലേറെ കേരളീയര്‍ എന്‍.ആര്‍.ഐകളായുണ്ട് എന്നാണ് ഇതുവരെ സര്‍ക്കാര്‍പോലും പറഞ്ഞുകൊണ്ടിരുന്നത്. പുതിയ പഠനം  അത് പകുതി കണ്ട് കുറക്കുന്നു. ഈ വസ്തുവിവരങ്ങളാവുമത്രെ മേലില്‍ സര്‍ക്കാര്‍ ആധികാരിക രേഖയായി ആശ്രയിക്കുക. അതുകൊണ്ടുതന്നെ, ഒറ്റയടിക്ക് സര്‍വേ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നത് ബുദ്ധിപൂര്‍വമാകില്ല. പ്രതിവര്‍ഷം 75,000 കോടി രൂപ വിദേശനാണയമായി നമ്മുടെ നാട്ടിലേക്കയക്കുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചുള്ള ശരിയല്ലാത്ത കണക്കുകള്‍ അവലംബിക്കുന്നത് നീതിപൂര്‍വമോ യുക്തിഭദ്രമോ ആവില്ലതാനും. വിഷയത്തെ ലാഘവത്തോടെ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് അത് പഴുത് നല്‍കാനിടയുണ്ട്.
നോര്‍കയുടെ സര്‍വേ അനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്നത് യു.എ.ഇയിലാണ്- 5,07,087 പേര്‍. അറുപതുകളുടെ രണ്ടാം പാദത്തില്‍ ഗള്‍ഫ്പ്രവാസം തുടങ്ങുന്നതുതന്നെ ‘ദുബൈ’യിലാണ്. അറുപതുകളുടെ രണ്ടാം പാദത്തില്‍, വിസയോ മറ്റു രേഖകളോ ഇല്ലാതെ ലോഞ്ചില്‍ കയറി രാവിന്‍െറ ഇരുളില്‍ ഗോര്‍ഫുക്കാന്‍ കടല്‍ത്തീരങ്ങളില്‍ കരക്കടിഞ്ഞ ആദ്യ സംഘങ്ങള്‍ക്ക് പിന്നാലെ ജീവിതപ്പച്ച തേടിപ്പോയ മൂന്നു തലമുറകള്‍ യു.എ.ഇയില്‍ പ്രവാസത്തിന്‍െറ നോവുംവേവും അറിഞ്ഞുകഴിഞ്ഞു. ദുബൈ, അബൂദബി, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ തുടങ്ങിയ പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രവാസിസമൂഹം മലയാളികളുടേതാണ്. കേരളത്തിന്‍െറ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ മാറ്റിപ്പണിതത് അത്തറിന്‍െറ പൂമണം നമ്മുടെ നാട്ടില്‍ ആദ്യമായി പരത്തിയ ഇക്കൂട്ടരാണ്. അവരെല്ലാംകൂടി അഞ്ചു ലക്ഷമേ വരൂ എന്ന കണ്ടുപിടിത്തം അംഗീകരിക്കാന്‍ സാമാന്യബുദ്ധി അനുവദിക്കണമെന്നില്ല. കാരണം, അത്രക്കും വിപുലമാണ് എല്ലാ തരക്കാരും മതക്കാരും ഉള്‍ക്കൊള്ളുന്ന ‘ദുബൈ ഗള്‍ഫുകാര്‍’.  ഇവരുടെ യഥാര്‍ഥ കണക്ക് ശേഖരിക്കാന്‍ ഇതുവരെ അന്നാടുകളില്‍വെച്ച് ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നത് രാജ്യത്തിന് പുറത്ത് കഴിയുന്ന പൗരന്മാരോടുള്ള നമ്മുടെ പൊതുവായ സമീപനത്തിന്‍െറ ഫലമായാണ്. അതേസമയം, മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ, പൗരന്മാര്‍ രാജ്യം വിടുന്ന സമയത്ത് എമിഗ്രേഷന്‍ രേഖകള്‍ വഴിയോ അല്ലെങ്കില്‍ അന്യനാട്ടിലെ തങ്ങളുടെ നയതന്ത്രാലയങ്ങള്‍ വഴിയോ  കണക്കെടുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായേനെ. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇപ്പോള്‍ വല്ല സേവനത്തിനും സമീപിക്കുന്നവരോട് ഇതിനായുള്ള പ്രത്യേക ഫോറം പൂരിപ്പിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്. വൈകി ഉദിച്ച ബുദ്ധിയാണെങ്കിലും, അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കാനോ അടിസ്ഥാന വിവരങ്ങളായി സൂക്ഷിക്കാനോ സാമൂഹികക്ഷേമ കോണ്‍സലിന് കീഴില്‍ ജീവനക്കാരോ സംവിധാനമോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു- 4,21,313 പേര്‍. തീര്‍ത്തും അവിശ്വസനീയമാണ് ഈ കണക്ക്. സൗദിയില്‍ ഒരു കോടിയോളം വരുന്ന പ്രവാസികളില്‍ ഏറ്റവും വലിയ തൊഴില്‍സേന ഇന്ത്യയില്‍നിന്നുള്ളതാണ്. സൗദി സര്‍ക്കാറും ദല്‍ഹി ഭരണകൂടവും 20 ലക്ഷം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി തേടിയെത്തിയിട്ടുണ്ട് എന്നാണ് പറയാറ്. നിതാഖാത്തിനുശേഷവും സൗദിയിലേക്ക് ഇന്ത്യക്കാരുടെ പ്രവാഹം തുടരുകയാണെന്നും 25 ലക്ഷം കവിഞ്ഞിരിക്കയാണെന്നും കഴിഞ്ഞദിവസമാണ് റിയാദിലെ നമ്മുടെ നയതന്ത്രാലയ വക്താവ് ദമ്മാമില്‍ വെളിപ്പെടുത്തിയത്. ജിദ്ദ, മക്ക, മദീന, താഇഫ്, ഖമീസ് മുശൈത്ത് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മാത്രം 10 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യാഗിക ഭാഷ്യം. ഇതില്‍ പകുതിയിലേറെ മലയാളികളാണെന്നത് അവിതര്‍ക്കിതമാണ്. ജിദ്ദ എന്ന പുരാതന നഗരിയില്‍ ബക്കാല-ബൂഫിയ തൊട്ട് വിവിധ നിലവാരത്തിലുള്ള ബിസിനസ് സംരംഭങ്ങളിലെല്ലാം മലപ്പുറത്തിന്‍െറ മുദ്ര പതിഞ്ഞിട്ടുണ്ട്. ശറഫിയ മറ്റൊരു മഞ്ചേരിയോ കൊണ്ടോട്ടിയോ ആണ്. സൗദിയിലേക്കുള്ള കുടിയേറ്റമാണ് മലപ്പുറത്തെ പ്രവാസികളുടെ അംഗസംഖ്യയില്‍ ഒന്നാമതെത്തിക്കുന്നത്. ദുബൈയിലേക്ക് അറുപതുകളുടെ അന്ത്യത്തോടെ വന്‍ ഒഴുക്ക് ഉണ്ടായെങ്കില്‍ സൗദിയിലേക്ക് എഴുപതുകളുടെ രണ്ടാം പാദത്തിലാണ് കേരളീയര്‍ പച്ചപ്പ് തേടിയെത്തുന്നത്. എണ്ണ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നത് എഴുപതുകള്‍ക്കുശേഷമാണ്. പെട്രോഡോളര്‍ കുന്നുകൂടാന്‍ തുടങ്ങിയതോടെ അതുവരെ വികസനം കടന്നുവരാതിരുന്ന സൗദി ഗോത്രസംസ്കൃതിയിലേക്ക് മാറ്റത്തിന്‍െറ അരുണോദയം ഉണ്ടായി. ഇരുഹറമുകളില്‍പോലും വിപുലമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു. റോഡ്, പാലം, റെയില്‍ തുടങ്ങിയ അടിസ്ഥാന വികസനവും നഗരനിര്‍മാണവും കൂടുതല്‍ മറുനാടന്‍ തൊഴില്‍സേനയുടെമേലുള്ള ആശ്രിതത്വം വളര്‍ത്തി. തന്നെയുമല്ല, അതുവരെ മരുക്കാട്ടില്‍ വിയര്‍പ്പൊഴുക്കി ജീവസന്ധാരണം തേടിയ അധ്വാനശീലരായ തദ്ദേശീയരായ സൗദികള്‍ റിയാലിന്‍െറ അപ്രതിഹത പ്രവാഹത്തില്‍ സുഖിയന്മാരും അലസന്മാരുമായി മാറാന്‍ തുടങ്ങി. വിദേശ തൊഴിലാളികളില്ലെങ്കില്‍ ദൈനംദിന ജീവിതംതന്നെ താളംതെറ്റുന്ന അവസ്ഥയിലേക്ക് അവരുടെ സംസ്കാരം ആപതിച്ചു. ഫഹദ് രാജാവിന്‍െറ കാലത്ത് വികസനപ്രക്രിയകള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ മാനവശേഷി ആവശ്യമായിവന്നപ്പോള്‍ ഉദാരമായ കുടിയേറ്റനയം ആവിഷ്കരിച്ചു. അതനുസരിച്ച്,  ഹജ്ജ്-ഉംറ തീര്‍ഥാടകരായി വന്നശേഷം തൊഴിലിലേര്‍പ്പെട്ട ‘അനധികൃത കുടിയേറ്റക്കാരായ’ പ്രവാസികള്‍ക്ക് നിയമാനുസൃത താമസാനുമതി ( ഇഖാമ ) നല്‍കാന്‍പോലും അദ്ദേഹം വിശാലമനസ്കത കാണിച്ചു. അതോടെ,  മലപ്പുറത്തുകാര്‍ കൂട്ടം കൂട്ടമായി സൗദിയിലേക്കൊഴുകി. മുത്തുനബിയുടെ നാടിനോടുള്ള മാനസികമായ അടുപ്പം അഭ്യസ്തവിദ്യരല്ലാത്ത സാധാരണക്കാരെയാണ് പുണ്യഭൂമിയിലേക്ക് കൂടുതലായി ആകര്‍ഷിച്ചത്. ഇന്ന് സൗദിയുടെ ഏതു ഭാഗത്ത് ചെന്നാലും പത്ത് ഇന്ത്യക്കാര്‍ കൂടുന്നിടത്ത്  അഞ്ചു മലയാളികളെ കാണാന്‍ കഴിയും. ആ നിലക്ക് കണക്കുകൂട്ടുമ്പോള്‍ അവിടെ എട്ടു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ മലയാളികളുണ്ടാവുമെന്നാണ് അനുമാനിക്കേണ്ടത്. 41 ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറത്ത് നോര്‍കയുടെ സര്‍വേ പ്രകാരം 2,92,753 പ്രവാസികള്‍ മാത്രമാണുള്ളത്. യാഥാര്‍ഥ്യത്തിന്‍െറ അടുത്തുപോലും എത്തില്ല ഈ കണക്ക്. അഞ്ചു ലക്ഷത്തിലേറെ മലപ്പുറത്തുകാര്‍ ഗള്‍ഫുനാടുകളില്‍ ജീവിതമാര്‍ഗം തേടുന്നുണ്ട് എന്ന് ആര്‍ക്കും കണ്ണടച്ച് പറയാനാവും. എന്‍.ആര്‍.കെ വീടുകള്‍ അടയാളപ്പെടുത്തുന്നതില്‍  വന്ന വീഴ്ചയാവാം പ്രവാസിജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിന് തടസ്സമായത്.
കേരളത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങിയാണ് എന്യൂമറേറ്റര്‍മാര്‍ കണക്കെടുപ്പ് നടത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഗള്‍ഫുകാര്‍ കൂടുതലായുള്ള കണ്ണൂര്‍ ജില്ലയിലെ എത്രയോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള സര്‍വേകള്‍ നടന്നിട്ടില്ല എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഗള്‍ഫ്നാടുകളിലേക്ക് ചേക്കേറിയവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍നിന്നാണ്. ഗള്‍ഫ്സ്വാധീനം ഏറ്റവും പ്രകടമാവുന്നതും  ഗ്രാമങ്ങളിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമങ്ങളിലും എന്യൂമറേറ്റര്‍മാര്‍ എത്തി സര്‍വേ പൂര്‍ത്തിയാക്കുക എന്നത് ക്ഷിപ്രസാധ്യമല്ല എന്ന് ആരും  സമ്മതിക്കും.  എന്നാല്‍, ഗ്രാമങ്ങളാണ് ഗള്‍ഫിലേക്കുള്ള ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രങ്ങളെന്നതിനാല്‍ ഒരു ശതമാനം ഗ്രാമങ്ങള്‍ വിട്ടുപോയാല്‍ കണക്കില്‍വരുന്ന വ്യതിയാനം വലുതായിരിക്കും.  ഇടുക്കി ജില്ലയിലെ എടമലക്കുടി  പഞ്ചായത്തില്‍ ഒരൊറ്റ ഗള്‍ഫുകാരനുമില്ല എന്ന വിവരം ആസൂത്രണ-പ്രവാസി മന്ത്രി കെ.സി.  ജോസഫ് വലിയ പ്രാധാന്യത്തോടെ വെളിപ്പെടുത്തിയത് സര്‍വേയുടെ വിശ്വാസ്യത ഉറപ്പാക്കാനായിരിക്കാം. നല്ലത്. ഈ കണക്കെടുപ്പ്  കേവലം അക്കാദമിക താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതല്ല.  മേലില്‍ സര്‍ക്കാര്‍ പ്രവാസി നയം രൂപവത്കരിക്കുന്നതും ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുന്നതും ഈ ആധികാരിക രേഖ ആസ്പദമാക്കിയായിരിക്കും എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. വസ്തുനിഷ്ഠമല്ലാത്ത വിവരങ്ങള്‍വെച്ച് നടത്തുന്ന ഏത് പരിപാടിയും ലക്ഷ്യപ്രാപ്തിയിലെത്തില്ല എന്നതുകൊണ്ട് പ്രവാസികളുടെ കാര്യത്തില്‍ താല്‍പര്യമുള്ളവര്‍  തെറ്റ് തിരുത്താന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

Posted: 04 Nov 2013 07:48 PM PST

Image: 

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. സ്വര്‍ണം പവന്  80 രൂപ യാണ് കൂടി 22,400 രൂപയിലത്തെി.  ഗ്രാമിന് 10 രൂപ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 2,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച  പവന് 80 രൂപ കുറഞ്ഞ് 22,320ല്‍ എത്തിയിരുന്നു.  ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.

ശനിയാഴ്ച 160 രൂപ കുറഞ്ഞ് 22,400 രൂപയില്‍ എത്തിയിരുന്നു. ആഗോളവിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 

ഇശ്റത്ത് കേസില്‍ അനുബന്ധ കുറ്റപത്രം ഉടന്‍

Posted: 04 Nov 2013 07:26 PM PST

Image: 

ന്യൂദല്‍ഹി: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന് പിന്നിലെ രാഷ്ട്രീയ, ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി)  ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന അനുബന്ധ കുറ്റപത്രം സി.ബി.ഐ ഉടന്‍ സമര്‍പ്പിക്കും. കഴിഞ്ഞ ജൂലൈയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ കൂട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്ത ഏഴ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമാണ് വിശദീകരിച്ചിരുന്നത്.
ഇശ്റത്ത് ജഹാന് തീവ്രവാദി ബന്ധമില്ളെന്ന സി.ബി.ഐ സംഘത്തിലെ കണ്ടത്തെലും രണ്ടാമത് കുറ്റപത്രത്തിലുണ്ടാകും. ആദ്യ കുറ്റപത്രത്തില്‍ ഇശ്റത്തിന്‍െറയും മറ്റു മൂന്നുപേരുടെയും തീവ്രവാദ ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇശ്റത്ത് ജഹാന്‍, മലയാളിയായ  പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലുപേര്‍  നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്ന ലശ്കര്‍ തീവ്രവാദികളാണെന്നാണ് ഗുജറാത്ത് പൊലീസും  ഐ.ബിയും അവകാശപ്പെട്ടിരുന്നത്. ഇശ്റത്ത് കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയായ അമിത് ഷായെ നേരത്തേ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. നരേന്ദ്ര മോഡിയുടെ   പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കെ. ശര്‍മ, ക്രൈംബ്രാഞ്ച് ജോയന്‍റ് കമീഷണര്‍ ജി.സി. മര്‍മു എന്നിവരുടെയും മൊഴിയെടുത്തു.  കേസിലെ മുഖ്യപ്രതി മുന്‍ ഗുജറാത്ത് ഡി.ജി.സി വന്‍സാര ജയിലില്‍ നിന്നയച്ച രാജിക്കത്തില്‍ വ്യാജ ഏറ്റുമുട്ടലിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.  മോഡി സര്‍ക്കാറിന്‍െറ നയം നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഒടുവില്‍ തങ്ങള്‍ പൊലീസുകാര്‍ മാത്രം കുടുങ്ങിയെന്നുമായിരുന്നു വന്‍സാരയുടെ കത്തിന്‍െറ സാരം. ഇതേക്കുറിച്ച് സി.ബി.ഐ സംഘം വന്‍സാരയെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച രാഷ്ട്രീയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രണ്ടാം കുറ്റപത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍, അമിത് ഷാ പോലുള്ളവരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടാകുമോയെന്ന കാര്യത്തില്‍ സി.ബി.ഐ വൃത്തങ്ങള്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, വ്യാജ ഏറ്റുമുട്ടല്‍ ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐ.ബി മുന്‍ സ്പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍കുമാര്‍ അടക്കം ഏതാനും ഐ.ബി ഉദ്യോഗസ്ഥരുടെ പേരുകള്‍ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് വിവരം. രജീന്ദര്‍ കുമാര്‍ ഐ.ബി ഗുജറാത്ത് ഓപറേഷന്‍െറ ചുമതല വഹിച്ചിരുന്ന 2004 കാലത്താണ് ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നടന്നത്. മോഡിയെ കൊല്ലാന്‍ വന്ന ലശ്കര്‍ ഭീകരവാദികളാണ് ഇശ്റത്തും കൂട്ടരുമെന്ന തെറ്റായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതും മൃതദേഹത്തിനൊപ്പം പ്രദര്‍ശിപ്പിച്ച എ.കെ 556 തോക്ക് ഏര്‍പ്പാടാക്കിയതുമടക്കം വ്യാജ ഏറ്റുമുട്ടല്‍ തിരക്കഥയില്‍ ഈയിടെ സര്‍വീസില്‍നിന്ന് വിരമിച്ച രജീന്ദര്‍ കുമാറിന്  പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ഐ.ബി ഓഫിസറെ പ്രതിചേര്‍ക്കുന്നതിനെതിരെ സി.ബി.ഐക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.  ഇതേതുടര്‍ന്നാണ് രാഷ്ട്രീയ, ഐ.ബി ഗൂഢാലോചനാ വിവരങ്ങളടങ്ങിയ രണ്ടാം കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇത്രയും വൈകിയത്.

അഭിപ്രായ സര്‍വേ: കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടു തട്ടില്‍

Posted: 04 Nov 2013 07:25 PM PST

Image: 

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കാലത്ത് അഭിപ്രായ സര്‍വേ നിരോധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടുതട്ടില്‍. അഭിപ്രായ സര്‍വേക്ക് പിന്നില്‍ റാക്കറ്റുകളുണ്ടെന്നും കെട്ടിച്ചമച്ച ഇത്തരം വിശകലനങ്ങള്‍ നിരോധിക്കണമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നിലപാട് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. അതേസമയം, സര്‍വേ നിരോധിക്കുന്നതിനെ അനുകൂലിച്ച് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി നിയമോപദേശം നല്‍കിയെന്ന് സൂചനയുണ്ട്.
 വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ അഭിപ്രായ സര്‍വേ നടത്തുന്നതിന് ഇപ്പോള്‍തന്നെ വിലക്കുണ്ട്. എന്നാല്‍, പ്രചാരണ കാലത്തും അഭിപ്രായ സര്‍വേ പാടില്ളെന്നാണ് തെരഞ്ഞെടുപ്പു കമീഷന്‍ നിലപാട്. ഇക്കാര്യത്തില്‍ കമീഷന്‍ വിവിധ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാന പാര്‍ട്ടികള്‍ രണ്ടു ചേരിയായി തിരിഞ്ഞത്.
മാധ്യമങ്ങള്‍ അഭിപ്രായ സര്‍വേ പ്രസിദ്ധപ്പെടുത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമീഷന് എഴുതി. അഭിപ്രായ സര്‍വേ ശാസ്ത്രീയമല്ളെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യതയില്ളെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു.
 മുമ്പ് സര്‍വേകളെ കോണ്‍ഗ്രസ് അനുകൂലിച്ചിരുന്നെന്നും ഇപ്പോള്‍ എതിര്‍ക്കുന്നത് തോല്‍വിപ്പേടി കൊണ്ടാണെന്നും ബി.ജെ.പി ആരോപിക്കുന്നു. എന്നാല്‍, വിശ്വാസ്യത അവകാശപ്പെടാന്‍ കഴിയാത്ത ഏര്‍പ്പാടാണ് സര്‍വേ എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇതേ നിലപാടുമായി തിങ്കളാഴ്ച വിവിധ നേതാക്കള്‍ രംഗത്തുവന്നു. പാര്‍ട്ടി മുമ്പും അഭിപ്രായ സര്‍വേക്ക് എതിരായിരുന്നെന്ന് ദിഗ്വിജയ്സിങ് പറഞ്ഞു. സര്‍വേഫലത്തോടുള്ള പേടികൊണ്ടാണ് എതിര്‍പ്പെന്ന ബി.ജെ.പി ആരോപണം ദിഗ്വിജയ്സിങ് തള്ളി.
പണം കൊടുത്താല്‍ ആഗ്രഹത്തിനൊത്ത വിധം സര്‍വേകള്‍ തയാറാക്കി കൊടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. 120 കോടി ജനങ്ങളുള്ള രാജ്യത്ത് കുറെപ്പേരുടെ മാത്രം അഭിപ്രായമാരാഞ്ഞ് തെരഞ്ഞെടുപ്പിലെ പ്രവണത നിര്‍ണയിക്കാന്‍ സാധിക്കില്ല. ഇതിന്‍െറ പേരില്‍ പല ഗ്രൂപ്പുകള്‍ രംഗത്തുണ്ടെന്നും ദിഗ്വിജയ്സിങ് പറഞ്ഞു. സര്‍വേഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ നാലു കൊല്ലങ്ങള്‍ക്കിടയില്‍ ബി.ജെ.പി ഭരിച്ച നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ അവര്‍ തോറ്റു പോവുകയാണ് ചെയ്തത്. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യോഗേന്ദ്രയാദവ് ഇന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ദിഗ്വിജയ്സിങ് പറഞ്ഞു. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന് പ്രവചിക്കുന്നത് യോഗേന്ദ്ര യാദവാണെന്നും അദ്ദേഹം പറഞ്ഞു.
 കെട്ടിച്ചമക്കുന്നതാണ് സര്‍വേകളെന്ന് കേന്ദ്രമന്ത്രി രാജീവ് ശുക്ള ആരോപിച്ചു. ശരിയായ രീതിയില്‍ അഭിപ്രായ സര്‍വേ നടത്തിയാല്‍ ആരും എതിര്‍ക്കില്ല. പക്ഷേ, ആര്‍ക്കും സര്‍വേ നടത്തി തോന്നുംപോലെ വിശകലനവുമായി പ്രത്യക്ഷപ്പെടാമെന്നതാണ് സ്ഥിതി. അതിന് മാധ്യമങ്ങള്‍ പബ്ളിസിറ്റി കൊടുക്കുമ്പോള്‍ ജനം വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് സര്‍വേ ഫലങ്ങളിലൂടെ ഇങ്ങനെ ജനങ്ങള്‍ സ്വാധീനിക്കപ്പെട്ടു കൂടാ.
 അഭിപ്രായ സര്‍വേ നിരോധിക്കുന്നത് ഭരണഘടനക്ക് നിരക്കുന്നതല്ളെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. നീക്കത്തില്‍നിന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പിന്മാറണമെന്ന ആവശ്യവും അദ്ദേഹം ഒരു ലേഖനത്തില്‍ ഉന്നയിച്ചു.
സര്‍വേഫലം തള്ളണമോ കൊള്ളണമോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സര്‍വേ നിരോധിച്ചാല്‍ അടുത്തപടി, രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തലുകള്‍ നടത്തരുതെന്നാവും.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ അന്തരീക്ഷം ഇത്തരത്തില്‍ മാറ്റിയെടുക്കരുത്. അഭിപ്രായ സര്‍വേകളെ മുമ്പ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നുവെന്ന് ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

വിടവാങ്ങല്‍ പരമ്പരക്ക് നാളെ തുടക്കം

Posted: 04 Nov 2013 07:12 PM PST

Image: 

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ സചിന്‍െറ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യമത്സരത്തിന് വേദിയൊരുക്കുന്ന കൊല്‍ക്കത്ത നിറയെ ‘സചിന്മയം’. സചിന്‍െറ കരിയറിലെ 199ാം ടെസ്റ്റിനാണ് നാളെ മുതല്‍ കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സ് വേദിയൊരുക്കുക. ഇതിനുശേഷം മുംബൈയില്‍ ഹോംഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ 200ാം ടെസ്റ്റ് കളിച്ച്  സചിന്‍ ടെണ്ടുല്‍കര്‍ എന്ന ക്രിക്കറ്റ് വിസ്മയം എന്നെന്നേക്കുമായി പാഡഴിക്കും. ‘സന്തോഷത്തിന്‍െറ നഗര’മായ കൊല്‍ക്കത്തയും സചിനും തമ്മിലുള്ള ഹൃദയബന്ധത്തിന്‍െറ തെളിവായിരുന്നു കഴിഞ്ഞ ദിവസം  നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങിയപ്പോള്‍ കണ്ടത്. സചിനെകാത്ത് 10,000ത്തോളം പേര്‍  വിമാനത്താവളത്തിന് പുറത്ത് നിന്നിരുന്നു. ആരാധകരുടെ തിരക്കില്‍ നിന്ന് ഏറെ പണിപ്പെട്ടാണ്  വിമാനത്താവള അധികൃതര്‍ സചിനെ ബംഗളൂരുവില്‍ ഓസീസിനെതിരെ ഏകദിന പരമ്പര കഴിഞ്ഞത്തെിയ ഇന്ത്യന്‍ ടീമിനൊപ്പമത്തെിച്ചത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ച ടെസ്റ്റുകളില്‍ മികച്ച റണ്‍ശരാശരി നിലനിര്‍ത്താന്‍ സചിന് കഴിഞ്ഞിരുന്നു. 48 റണ്‍ശരാശരിയില്‍ 12 ടെസ്റ്റുകളില്‍ നിന്ന് 862 റണ്‍സാണ് സചിന്‍ ഇവിടെ സ്കോര്‍ ചെയ്തത്. 13 ഏകദിനവും സചിന്‍ ഇവിടെ കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലൂമായി മൊത്തം 1358 സ്കോര്‍ ചെയ്തു. ഇവിടെ കളിച്ച 21 ടെസ്റ്റ് ഇന്നിങ്സുകളില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും. 2002 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 176 റണ്‍സാണ് ഇതില്‍ മികച്ചത്. 2010 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 106 റണ്‍സുള്‍പ്പെട്ടതാണ് മറ്റൊരു സെഞ്ച്വറി.
2012 ഡിസംബറില്‍ കളിച്ച ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളില്‍ 76,5 എന്നിങ്ങനെയാണ് യഥാക്രമം സചിന്‍ സ്കോര്‍ ചെയ്തത്. ഈഡനില്‍, 1993 ഹീറോകപ്പ് സെമിയില്‍  ദക്ഷിണാഫ്രിക്കക്കെതിരെ സചിന്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം എക്കാലവും ഓര്‍മിക്കപ്പെടും. ഇന്ത്യ മുന്നോട്ടുവെച്ച 195 റണ്‍സ് മറികടന്ന് വിജയത്തിലത്തൊന്‍ എതിരാളികള്‍ക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് ആറു റണ്‍സ്. എന്നാല്‍ അവസാന ഓവര്‍ എറിയാന്‍ കപില്‍ദേവിനെ ഒഴിവാക്കി ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ പന്തേല്‍പിച്ചതാകട്ടെ സചിനെയും. ആ മത്സരത്തില്‍ അതുവരെ ഒരു പന്തുപോലും സചിന്‍ ബൗള്‍ ചെയ്തിട്ടില്ല എന്നതായിരുന്നു കൗതുകം. എന്നാല്‍ ക്യാപ്റ്റന്‍െറ പ്രതീക്ഷ കാത്ത സചിന്‍  ടീമിനെ സെമിയിലത്തെിച്ചു. 1999ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെതിരെ നടന്ന മത്സരത്തില്‍ സചിന്‍െറ വിവാദ പുറത്താകലില്‍  പ്രകോപിതരായ ആരാധകരെ പൊലീസ് സഹായത്തോടെ ഗാലറിയില്‍ നിന്ന് പുറത്താക്കിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. മൂന്നാം റണ്ണിനായി ഓടുന്നതിനിടെ പാക് ബൗളര്‍ ഷുഐബ് അക്തറുമായി കൂട്ടിയിടിച്ച് വീണതാണ് പുറത്താകലിന് വഴിവെച്ചത്. അവസരം മുതലെടുത്ത് എതിരാളികള്‍ സചിനെ റണ്ണൗട്ടാക്കിയതിനെ തുടര്‍ന്നാണ് കാണികള്‍ പ്രകോപിതരായത്. സചിന്‍ നായകനായിരിക്കെ ഒരു ടെസ്റ്റില്‍ മാത്രമാണ് ഇവിടെ ഇന്ത്യ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ച ഗ്രൗണ്ടില്‍ പരിശീലനത്തിനത്തെിയപ്പോഴും ആരാധകര്‍ സചിന് പിന്നാലെ തന്നെയായിരുന്നു. ഇക്കാര്യത്തില്‍ പശ്ചിമബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ആവേശത്തിലാണ്. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിന്‍െറ പ്രവേശന കവാടത്തില്‍ അഞ്ചടി നാലിഞ്ച് വരുന്ന സചിന്‍െറ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമയാണ് അസോസിയേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമെ സചിന്‍െറ 24 വര്‍ഷത്തെ കരിയറിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോ ഗാലറിയും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൊല്‍ക്കത്തക്കാരനായ സൗരവ് ഗാംഗുലി, മുന്‍ ഓസീസ് പേസര്‍ ബ്രറ്റ്ലീ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും ഇതിലുണ്ട്. തിങ്കളാഴ്ച അരമണിക്കൂറോളമാണ് സചിന്‍ പരിശീലനം നടത്തിയത്. ഇശാന്ത് ശര്‍മയായിരുന്നു സചിന് പന്തെറിഞ്ഞത്.
അതേസമയം, ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സി.എ.ബി) അധികൃതര്‍ നടത്തുന്ന ഇത്തരം ആഘോഷങ്ങളില്‍ സചിന്‍ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മെഴുകുപ്രതിമക്ക് താനുമായി സാമ്യമില്ലാത്തത് സചിനെ ചൊടിപ്പിച്ചത്രേ. ഈ പ്രതിമക്കരികില്‍നിന്ന് ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ചെന്നും വാര്‍ത്തയുണ്ട്. ആഘോഷം അതിരുകടക്കരുതെന്ന് സചിന്‍ നിര്‍ദേശിച്ചതായി സെക്രട്ടറിമാരിലൊരാളായ സുജന്‍ മുഖര്‍ജി വ്യക്തമാക്കിയപ്പോള്‍ കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നായിരുന്നു സുബീര്‍ ഗാംഗുലിയുടെവിശദീകരണം. സചിന്‍െറ വിടവാങ്ങല്‍ മത്സരം ആഘോഷമാക്കുന്നതിനെച്ചൊല്ലി  അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്കിടയിലെ ഭിന്നിപ്പും വിവാദമായിട്ടുണ്ട്. എന്നാല്‍, സചിന്‍െറ മത്സര വരവ് വിറ്റുകാശാക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്തയിലെ പ്രമുഖ ഹോട്ടലുകളെല്ലാം തന്നെ. സചിന് സമര്‍പ്പിച്ച് പ്രത്യേക വിഭവങ്ങളാണ് ഹോട്ടലുകളിലെ മെനുകാര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ സചിന്‍ മാന്ത്രിക പ്രകടനം പുറത്തെടുക്കുമ്പോള്‍ തന്നെ ‘കവര്‍ഡ്രൈവ് ഇന്‍ ലെജന്‍റ് സ്റ്റൈല്‍’ എന്ന മെനു താജ് ബംഗാള്‍ ഹോട്ടലില്‍ ലഭിക്കും. ഇന്ത്യ-വിന്‍ഡീസ് ടീമംഗങ്ങള്‍ താമസിക്കുന്നതും ഈ ഹോട്ടലില്‍ തന്നെയാണ്.

കലാശപ്പോരാളികളെ ഇന്നറിയാം

Posted: 04 Nov 2013 07:10 PM PST

Image: 

ദുബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കലാശപ്പോരാളികളെ ഇന്നറിയാം. ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലുകളില്‍ അബൂദബിയില്‍ യു.എ.ഇ സമയം വൈകീട്ട് അഞ്ചുമണിക്ക് അര്‍ജന്‍റീന മെക്സികോയെയും ദുബൈയില്‍ എട്ടുമണിക്ക്  നൈജീരിയ സ്വീഡനെയും നേരിടും.
സെമിയിലത്തെിയ നാലില്‍ മൂന്നു ടീമും മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ് എഫില്‍ നിന്നുള്ളവരാണ്്. ഫിഫ ടൂര്‍ണമെന്‍റുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ഗ്രൂപ്പിന് സെമിയില്‍ ഇത്ര പ്രാതിനിധ്യം ലഭിക്കുന്നത്. നൈജീരിയ, മെക്സികോ, സ്വീഡന്‍ എന്നീ ടീമുകള്‍ ഇതേ ക്രമത്തിലായിരുന്നു ഗ്രൂപ് ഘട്ടം അവസാനിപ്പിച്ചത്. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മെക്സികോയെ 6-1ന് തകര്‍ത്തുവിട്ട നൈജീരിയയെ പക്ഷേ രണ്ടാം മത്സരത്തില്‍ നവാഗതരായ സ്വീഡന്‍ പിടിച്ചുകെട്ടുന്നതാണ് കണ്ടത്. റാസല്‍ഖൈമയിലെ ആ പോരാട്ടം ചൊവ്വാഴ്ച  ദുബൈയില്‍ വീണ്ടും അരങ്ങേറുമ്പോള്‍ വിജയം പ്രവചിക്കുക പ്രയാസം.
ആറു ഫൈനലില്‍ നിന്നായി മൂന്നു കിരീടം ഉയര്‍ത്തിയ നൈജീരിയ തുടക്കംമുതല്‍ തന്നെ കിരീടാസാധ്യത പട്ടികയിലുണ്ട്. എന്നാല്‍ ആദ്യമായി അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്ന സ്വീഡനെ ആരും ഗൗനിച്ചില്ളെന്നതാണ് സത്യം. യൂറോപ്യന്‍ മേഖലാ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനക്കാരായത്തെിയ ഇബ്രാഹിമോവിച്ചിന്‍െറ പിന്‍മുറക്കാര്‍ പക്ഷേ എല്ലാം കണക്കുകൂട്ടലും തെറ്റിച്ച് കൊടുങ്കാറ്റായി.
അസാമാന്യവേഗവും ആക്രമണോത്സുകതയുമാണ് നൈജീരിയയുടെ കരുത്ത്. ബ്രസീലിയന്‍ ശൈലിയിലാണ് ‘സൂപ്പര്‍ ഈഗ്ള്‍സ്’ യു.എ.ഇയില്‍ ഇന്ദ്രജാലം കാണിക്കുന്നത്്.  ഗോളിനായി ആര്‍ത്തിപിടിച്ചുനടക്കുന്ന കെലേച്ചി ഇഹിനാച്ചോ-മൂസ യഹ്യ-തയ്വോ അവോനിയ ത്രിമൂര്‍ത്തികളെ പിടിച്ചുകെട്ടുക എളുപ്പമല്ല. മറുഭാഗത്ത് ഇലിയാസ് ആന്‍ഡേര്‍സണിനും ഗുസ്താവ് ഇങ്വാളിനുമൊപ്പം വാല്‍മിര്‍ ബെറിഷ ചേരുമ്പോള്‍ സ്വീഡിഷ് മുന്നേറ്റം എന്തിനും പ്രാപ്തിയുള്ളതാകും.
10 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് അര്‍ജന്‍റീന സെമിയിലത്തെുന്നത്. മൂന്നുതവണ സെമിയിലത്തെിയെങ്കിലും അതിനപ്പുറം പോകാനായില്ളെന്ന അപകീര്‍ത്തി മാറ്റുകയാണ് ലാറ്റിനമേരിക്കക്കാരുടെ മുന്നിലെ വെല്ലുവിളി. വ്യക്തമായ ഗെയിംപ്ളാനോടെ, മധ്യനിര കേന്ദ്രീകരിച്ച് കളിക്കുന്ന ടീം എതിര്‍ ബോക്സിലത്തെിയാല്‍ അപകടകാരികളാണ്.
അര്‍ജന്‍റീനയും നൈജീരിയയുമാണ് ഇതുവരെ ടൂര്‍ണമെന്‍റില്‍ പരാജയമറിയാത്ത ടീമുകള്‍. നാലു വിജയവും ഒരു സമനിലയുമാണ് ഇരുടീമുകളുടെയും പട്ടികയിലുള്ളത്.
കൈവശമുള്ള കിരീടം കാക്കുകയെന്ന വെല്ലുവിളിയാണ് കോണ്‍കകാഫ് മേഖലാ ചാമ്പ്യന്മാര്‍കൂടിയായ മെക്സികോക്കുള്ളത്. നൈജീരിയയോട് 1-6ന്‍െറ നാണംകെട്ട തോല്‍വിയുമായി തുടങ്ങിയ മെക്സികോ പക്ഷേ ക്വാര്‍ട്ടറില്‍ മലര്‍ത്തിയടിച്ചത് മൂന്നുതവണ കിരീടമണിഞ്ഞ സാക്ഷാല്‍ ബ്രസീലിനെയാണ്.

ലോക പോരിന് മൂന്നുനാള്‍; കാണാന്‍ കാസ്പറോവും കാള്‍സന്‍ വന്നു, ആനന്ദ് ഇന്നത്തെും

Posted: 04 Nov 2013 07:08 PM PST

Image: 

ചെന്നൈ: ചതുരംഗക്കളത്തിലെ ആറാം  ലോക കിരീടമുയര്‍ത്താന്‍ ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് ചൊവ്വാഴ്ച ജന്മനാട്ടില്‍.  ജര്‍മനിയില്‍ മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം ചെന്നൈയില്‍ എത്തുന്ന ‘വിഷി’യെ സ്വീകരിക്കാന്‍ അച്ഛനും അമ്മയും കുടുംബാംഗങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എതിരാളി നോര്‍വേ താരം മാഗ്നസ് കാള്‍സന്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെ ചെന്നൈ വിമാനത്താവളത്തില്‍ എത്തി. തമിഴ്നാട് ചെസ് ഫെഡറേഷന്‍ ഭാരവാഹികളും സംഘാടകരും ചേര്‍ന്ന് സ്വീകരിച്ചു.
വ്യാഴാഴ്ച ചെന്നൈ പെരിയമേട്ടിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് 20 ദിവസം നീണ്ട ബൗദ്ധിക യുദ്ധത്തിന് തിരികൊളുത്തുന്നത്. ശനിയാഴ്ച ഹയാത്ത് റീജന്‍സിയില്‍ വൈകുന്നേരം മൂന്നിന് ആദ്യ അങ്കം കുറിക്കും. മികച്ച സജ്ജീകരണങ്ങള്‍ ഹോട്ടലില്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. ശബ്ദം കടക്കാത്ത വിധം സജ്ജീകരിച്ച ഹാളില്‍ കാണികള്‍ക്ക് മൊബൈല്‍ ഫോണിന് വിലക്കുണ്ട്. ശ്രദ്ധതിരിക്കും വിധം പെരുമാറാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് കാണികള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. ഹാളിന് പുറത്ത് സ്ക്രീനിലും കളികാണാന്‍ അവസരമുണ്ടാകും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ഹോട്ടലില്‍ സജ്ജമാക്കിയിട്ടുണ്ട്.
ലോകത്തിന്‍െറ നെറുകയില്‍ ഇന്ത്യയെ എത്തിച്ച ചെന്നൈക്കാരന്‍ ആനന്ദില്‍നിന്ന് കിരീടത്തില്‍കുറഞ്ഞ ഒന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നില്ല. കഠിന പ്രയത്നത്തിലൂടെ ആരെയും വെല്ലുന്ന വിഷിയെ പ്രായം തളര്‍ത്തില്ളെന്നുതന്നെയാണ് ചെസ് പ്രേമികളുടെ പ്രതീക്ഷ. 22 കാരനായ കാള്‍സന്‍ ചെസ് ലോകത്തെ പുതതലമുറയുടെയും 43കാരനായ ആന്ദ് കളിക്കളത്തിലെ അവസാന തലമുറയുടെയും പ്രതിനിധികളാണ്. ഇതിനിടെ, മുന്‍ ലോക ചാമ്പ്യനും ആനന്ദിന്‍െറ എതിരാളിയായി അറിയപ്പെടുകയും ചെയ്യുന്ന റഷ്യക്കാരന്‍ ഗാരി കാസ്പറോവ് മത്സരങ്ങള്‍ക്കിടെ ചെന്നൈയില്‍ എത്തുമെന്ന് ട്വിറ്ററില്‍ കുറിച്ചു.
2010ല്‍ ടോപലോവുമായുള്ള ലോക ചെസ് പോരാട്ടത്തില്‍ കാസ്പറോവ് ആനന്ദിന് സഹായവുമായി കൂടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ബന്ധത്തില്‍ വിള്ളല്‍ വീണു. 2012ല്‍ ബോറിസ് ഗെല്‍ഫെന്‍ഡിനെ തോല്‍പിച്ച ചാമ്പ്യന്‍ഷിപ്പിനുശേഷം ആനന്ദ് അത് തുറന്നുപറഞ്ഞു. മാത്രവുമല്ല, കാള്‍സന്‍ കാസ്പറോവിന്‍െറ ശിഷ്യന്‍ കൂടിയാണ്. കാള്‍സന് പിന്തുണയുമായി കാസ്പറോവ് പരസ്യമായി രംഗത്തുവന്നിരുന്നു.
 നവംബര്‍ 11, 12 തീയതികളിലാണ് കാസ്പറോവ് ചെന്നൈയില്‍ ഉണ്ടാവുക. നവംബര്‍ എട്ട് മുതല്‍ 10 വരെ ഗോവയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് കാസ്പറോവ്. 2000ത്തില്‍ ക്രാംനിക്കിനോട് തോറ്റ കാസ്പറോവ് 2005ല്‍ കളിയില്‍നിന്ന് വിരമിക്കുകയായിരുന്നു. ലോക പോരാട്ടത്തിന് തയാറെടുക്കുന്ന കാള്‍സന് സഹായവുമായി കാസ്പറോവ് കൂടെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സ്പെയിനിലേക്ക് താമസം മാറിയ ആനന്ദിന്‍െറ പിതാവ് റിട്ട. റെയില്‍വേ മാനേജര്‍ വിശ്വനാഥന്‍ അയ്യരും അമ്മ സുശീലയും  ചെന്നൈയിലാണ് താമസം. ചതുരംഗ കളത്തിലെ ആദ്യ ഗുരു അമ്മയാണ്. നാളുകള്‍ക്കു മുമ്പേ ചെന്നൈയിലത്തെിയ ഭാര്യയും മകനും ദീപാവലി ആഘോഷത്തിന്‍െറ തിരക്കിലായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP