പട്ന സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ മോഡി സന്ദര്‍ശിച്ചു Posted: 01 Nov 2013 11:42 PM PDT ന്യൂദല്‍ഹി: പട്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ ഹെലിക്കോപ്റ്ററിലാണ് മോദി വിവിധ ജില്ലകളിലേക്ക് പോയത്. ബിഹാറിലെ ഗൗരിചക്, ഗെയ്മുര്‍, ഗോപാല്‍ഗഞ്ച്, സുപോള്‍, ബെഗുസാരി, നളന്ദ എന്നിവടങ്ങളിലാണ് മോഡി സന്ദര്‍ശനം നടത്തിയത്. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മോഡി സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 35 ബ്ളാക് ക്യാറ്റ് കമാന്‍്റോകളാണ് അദ്ദേത്തെ അനുഗമിച്ചിരിക്കുന്നത്. മോഡി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഗുജറാത്ത് പൊലീസ് ബോംബ് സ്ക്വാഡുകളെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്. 15 ഡി ജി പിമാരുടെ നേതൃത്വത്തില്‍ 1000 ദ്രുതകര്‍മ സേനാംഗങ്ങളെ ബിഹാര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പട്നയില്‍ നരേന്ദ്രമോഡി പങ്കെടുത്ത ഹുങ്കാര്‍ റാലിക്ക് മുന്നോടിയായി നടന്ന സ്ഫോടന പരമ്പരയില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേദിയില്‍ മോഡി എത്തുന്നതിന് തൊട്ടുമുമ്പ് ആറോളം സ്ഫോടനങ്ങളാണ് പരിസരത്ത് ഉണ്ടായത്. |
നടപടി 'അമ്മ'യുമായി ആലോചിച്ച ശേഷമെന്ന് ശ്വേത; ആരോപണം അസത്യമെന്ന് പീതാംബരക്കുറുപ്പ് Posted: 01 Nov 2013 11:21 PM PDT കൊച്ചി: കൊല്ലത്ത് പ്രസിഡന്‍്റ്സ് ട്രോഫി ജലമേളക്കിടെ അപമാനിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയായ അമ്മയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നടി ശ്വേതാ മേനോന്‍. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ശ്വേത പറഞ്ഞു. വേദി വിട്ട ഉടന്‍തന്നെ സംഭവത്തെകുറിച്ച് കലക്ടറോട് നേരിട്ട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പരാതി എഴുതി നല്‍കിയിരുന്നില്ളെന്നും ശ്വേത പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷം കലക്ടര്‍ വാക്കുമാറ്റിയതില്‍ വിഷമമുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്‍്റെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആരോപണവിധേയനായ എന്‍.പീതാംബരക്കുറുപ്പ് എം.പി ആവശ്യപ്പെട്ടു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും അസത്യമാണെന്നും മര്യാദ ലംഘിച്ചുകൊണ്ട് ഒരിക്കലും പെരുമാറിയിട്ടില്ളെന്നും അദ്ദഹേം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലത്തുവച്ചു നടന്ന സംഭവത്തില്‍ ശ്വേതയേക്കാള്‍ അധികം ദു$ഖമുണ്ട്. വ്യക്തമായ തെളിവുകള്‍ ഹാജരാക്കി സത്യാവസ്ഥ ബോധപ്പെടുത്തുമെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലം കലക്ടര്‍ ബി. മോഹനോട് വിശദാംശങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രി കലക്ടറെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാല്‍ കേസടുത്തു. ശ്വേതയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സംഭവത്തില്‍ നടപടി വേണമെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍്റ് ഇന്നസെന്‍്റ് ആവശ്യപ്പെട്ടു. ശ്വേതയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെയുള്ള നിയമനടപടികള്‍ക്ക് ‘അമ്മ’ സംഘടന മുന്‍കൈ എടുക്കുമെന്നും ഇന്നസെന്‍്റ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിന് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു നടി. തിരക്കിനിടെ നേതാവ് നടിയെ അപമാനിക്കുന്നരീതിയില്‍ പെരുമാറുകയായിരുന്നു. ജലോത്സവത്തിന് കാറില്‍ നിന്ന് വന്നിറങ്ങിയതു മുതല്‍ മടങ്ങിപ്പോകുന്നതു വരെ അപമാനിച്ചതായും ഇതേപറ്റി ജില്ലാ കലക്ടറോട് പരാതി പറഞ്ഞതായും ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. |
സഡന്‍ഡെത്തില്‍ തോറ്റ് ബ്രസീല്‍ പുറത്ത് Posted: 01 Nov 2013 09:26 PM PDT ദുബൈ: ബോഷിലിയ എന്ന പ്ളേമേക്കറുടെ അസാന്നിധ്യത്തിന് ബ്രസീലിന് നല്‍കേണ്ടിവന്ന വില വലുതായിരുന്നു. കളിയുടെ ഭൂരിഭാഗം സമയവും ആക്രമണം മറന്ന മഞ്ഞപ്പട ഫിഫ അണ്ടര്‍ 17 ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലനിലെ ജേതാക്കളായ മെക്സിക്കോയോട് പെനാല്‍ട്ടിഷൂട്ടൗട്ടില്‍ തോറ്റുപുറത്തായി. നാലാം കിരീടം ലക്ഷ്യമിട്ടെത്തി ഇതുവരെ മികച്ച ഫോമില്‍ കളിച്ച ബ്രസീല്‍ നിര്‍ണായക മത്സരത്തില്‍ ആസുത്രണത്തിലും മുന്നേറ്റത്തിലും വരുത്തിയ പാളിച്ച മെക്സിക്കോ ശരിക്കും മുതലാക്കി. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ച മത്സരം പെനാല്‍ട്ടിഷൂട്ടൗട്ടിലൂം തുല്യത (4-4)യിലായി. തുടര്‍ന്ന നടന്ന സഡന്‍ഡെത്തില്‍ ബ്രസീല്‍ അഞ്ചടിച്ചപ്പോള്‍ മെക്സിക്കോ ആറു തവണ വലകുലുക്കി. മൊത്തം സ്കോര്‍ 11-10. ഇരു ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിച്ചതോടെ ഒന്നാം പകുതിയില്‍ ലക്ഷ്യം തേടിയുള്ള മുന്നേറ്റങ്ങള്‍ കുറവായിരുന്നു. ബ്രസീലിന്‍െറ ചില നല്ല മുന്നേറ്റങ്ങള്‍ മെക്സിക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. മഞ്ഞക്കൂട്ടത്തിന്‍െറ ആക്രമണത്തിന് കുന്തമുനകളായി എന്നും തിളങ്ങുന്ന നഥാനെയും മോസ്്ക്കിറ്റോയെയും മെക്സിക്കോ പ്രതിരോധം പ്രത്യേകം നോട്ടമിട്ടിരുന്നു. ആറു ഗോളടിച്ച് ടുര്‍ണമെന്‍റിലെ ടോപ് സ്കോററായി നില്‍ക്കുന്ന ബോഷിലിയയുടെ അഭാവം പലപ്പോഴും തെക്കേ അമേരിക്കന്‍ മധ്യനിരയില്‍ ശുന്യ ഇടങ്ങള്‍ സൃഷ്ടിച്ചു. രണ്ടു കളികളില്‍ തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡ് കണ്ടതാണ് ബോഷിലിയയെ പുറത്തിരുത്തിയത്. കഴിഞ്ഞമത്സരങ്ങളിലെല്ലാം ബോഷിലിയയായിരുന്നു എതിര്‍ ഗോള്‍മുഖം തുറന്നെടുക്കുന്നതില്‍ മുന്നില്‍ നിന്നത്. പകരം മുന്‍കളികളില്‍ അവസാന മിനിറ്റുകളിലെ പകരക്കാരനായി ഉപയോഗിച്ച കെന്നഡിയെയും ഇന്‍ഡിയോയെയും കോച്ച്് അലക്സാണ്ടറോ ഗാലോ ആദ്യ ഇലവനില്‍ തന്നെ ഇറക്കി. മറുഭാഗത്ത് കോണ്‍കാകഫ് ചാമ്പ്യന്‍മാര്‍കൂടിയായ മെക്സിക്കോ പ്രധാനമായും ഉലിസസ് ജെയിംസ്, ഇവാന്‍ ഒച്ചാവോ, ക്യാപ്റ്റന്‍ ഉലിസസ് റിവാസ് എന്നിവരിലുടെയാണ് പടനയിച്ചത്.് വലതുവിങായിരുന്നു അവരുടെ പ്രധാന ആക്രമണ പാത. 12ാം മിനിറ്റില്‍ ഉലിസസ് ജെയിംസിന് ഗോളിക്ക് മുമ്പില്‍ വെച്ച് ആകാശമാര്‍ഗം പന്തു ലഭിച്ചെങ്കിലും അധികം സ്വാതന്ത്യമെടുക്കാന്‍ ഗോളി അനുവദിച്ചില്ല. മെക്സിക്കോയുടെ സ്റ്റാര്‍ട്ട് ലിസ്റ്റില്‍ മൂന്നുപേരാണ് പ്രതിരോധപട്ടികയില്‍ ഉണ്ടായിരുന്നതെങ്കിലും പ്രായോഗിക തലത്തില്‍ അത് ആറുപേര്‍ വരെയെത്തി. 19ാം മിനിറ്റില്‍ നഥാന്‍ വലതുവിങിലുടെ ബോക്സില്‍ കടന്നെങ്കിലും മെക്സിക്കോ പ്രതിരോധം പൂട്ടിട്ടു. മെക്സിക്കോ ഗോള്‍മുഖം തുറക്കാനാവുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ ബ്രസീലും പിന്‍നിരയില്‍ പഴുതുകളടച്ചു. 36ാം മിനിറ്റില്‍ ഇടവാന്‍ ഒച്ചാവോ ഇടതുലൈനിലൂടെ ഒറ്റക്ക് മുന്നേറി വെടിയുണ്ട പായിച്ചെങ്കിലും ബ്രസീല്‍ ഗോളി മാര്‍ക്കോസ്് തടുത്തിട്ടു. 44ാം മിനിറ്റില്‍ ബ്രസീലിന്‍െറ ഇന്‍ഡിയോയുടെ ഫ്രീകിക്ക് നേരെ ഉയര്‍ന്ന് ബാറിന് തൊട്ടുരുമ്മി പുറത്തുപോയി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൈതാന മധ്യത്തില്‍ പന്തു വട്ടംകറങ്ങിക്കളിച്ചു. പക്ഷെ അല്‍പനേരം മാത്രം. പന്ത് പതുക്കെ ഇരു ഗോള്‍മുഖങ്ങളും തേടി പ്രയാണം തുടങ്ങി. മത്സരം ആവേശകരമായി. ബ്രസീലിനായിരുന്നു മേല്‍ക്കൈ. ബ്രസീല്‍ മുന്നേറ്റം ശക്തിപ്പെടുത്തവെ മെക്സിക്കോ ഗോളടിച്ചു. അലക്സാണ്ടര്‍ ഡയസിന്‍െറ ഫ്രീകിക്ക് ഗോള്‍വരക്ക് മുന്നിലിറങ്ങുമ്പോള്‍ ഒരുകൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. പന്തു മുന്നിലെത്തുമ്പോള്‍ ഗോളിനോട് പുറം തിരിഞ്ഞുനില്‍ക്കുകയായിരുന്ന ഇവാന്‍ ഒച്ചാവോ തിരിയാന്‍ മിനക്കെടാതെ പിന്‍കാലുകൊണ്ട് തന്നെ വലയിലേക്ക് തള്ളിയിട്ടത് വലതുപോസ്റ്റനോടുരുമ്മി അകത്തായി. 1-0. ഗോളിന് പിന്നിലായതോടെ പിന്നെ ബ്രസീലിന്‍െറ പ്രത്യാക്രമണ പരമ്പരയായിരുന്നു. നഥാനും മോസ്കിറ്റോയും കെന്നഡിയും അതുവരെ മറുന്നുവെച്ച കളി പുറത്തെടുത്തപോലെ മെക്സിക്കേ ഗോള്‍മുഖത്ത് ഇരമ്പിക്കയറി. അധികം കാത്തുനില്‍ക്കേണ്ടിവന്നില്ല. തിങ്ങിനിറഞ്ഞ ഗാലറിയിലെ മഞ്ഞക്കിളികളുടെ ആരാധകകൂട്ടത്തെ ആനന്ദത്തിലാറാടിച്ച് 85ാം മിനിറ്റില്‍ നഥാന്‍ തന്നെ ഗോളടിച്ചു. മെക്സിക്കോ ഗോള്‍ മുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയില്‍ തിയാഗോ മായിയയും ഇന്‍ഡോയും അടിച്ചത് തിരിച്ചുവന്നത് നഥാന്‍െറ മുന്നിലേക്കാണ്. എല്ലാ ഊര്‍ജവുമെടുത്ത്് നഥാന്‍ ടൂര്‍ണമെന്‍റിലെ തന്‍െറ അഞ്ചാമത്തെ ഗോള്‍ വലയിലാക്കുമ്പോള്‍ ഗാലറി ഇരമ്പിയാര്‍ത്തു. 1-1. ബ്രസീല്‍ ബെഞ്ചിലുള്ളവര്‍ നഥാനെ പൊതിയാന്‍ ഓടിയടുത്തു. പിന്നീട് ബ്രസീല്‍ മാത്രമായി കളിയില്‍. 87ാം മിനിറ്റില്‍ കോര്‍ണര്‍കിക്ക് ലിയോ പെരേര മികച്ച ഹെഡറിലൂടെ പന്തിനെ വഴിതിരിച്ചുവിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തായി. മൂന്ന മിനിറ്റ് നീണ്ട ഇഞ്ച്വറി സമയത്തും സമനില തുടര്‍ന്നതോടെ നേരെ ടൈബ്രേക്കറിലേക്ക്. ബ്രസീലിന്‍െറ ആദ്യ കിക്ക്് മോസ്കിറ്റോ എളുപ്പം വലയിലാക്കി. തുടര്‍ന്ന് നഥാനും ലുകാസും ഡാനിലോയും ലക്ഷ്യം കണ്ടു. എന്നാല്‍ ഗബ്രിയേലിന്‍െറ ദുര്‍ബല അടി മെക്സിക്കോ ഗോളി റോള്‍ ഗുഡിനോ തടഞ്ഞു. മെക്സിക്കോക്ക് വേണ്ടി അലക്സാണ്ട്റിയോ ഡയസ്് ,ഇവാന്‍ ഒച്ചോവ, എറിക് അഗിറെ, സോളമന്‍ എന്നിവര്‍ ഗോളാക്കിയപ്പോള്‍ ക്യാപ്റ്റന്‍ ഉലിസസ് റിവാസിന്‍െറ അടി ഗോളി മാര്‍ക്കോസ് കുത്തിയകറ്റി.ടൈബ്രേക്കര്‍ 4-4 ആയതോടെ സഡന്‍ഡെത്തായി. ഇതില്‍ ബ്രസീലിനുവേണ്ടി ലിയോ പെരേര, ജോന്‍ഡേഴ്സണ്‍, എഡ്വേര്‍ഡോ, മാര്‍ക്കോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ മോസ്കിറ്റോയുടെ അടി ഗോളി തടുത്തതോടെ മെക്സിക്കോ ക്യാമ്പില്‍ ആഹ്ളാദം തുടങ്ങിയിരുന്നു . അവരുടെ അവസാനകിക്ക് അലക്സാണ്ടറോ ഡയസ് വലയിലാക്കിയപ്പോള്‍ ബ്രസീല്‍ കളിക്കാര്‍ മുഖംപൊത്തിക്കരയുകയായിരുന്നു. നേരത്തെ സഡന്‍ ഡത്തില്‍ മെക്സിക്കോക്ക് വേണ്ടി മാര്‍ക്കോ ഗ്രനഡോസ്, ടോവര്‍, റോബിള്‍സ്, ഒമര്‍ ഗോവിയ,ടെറന്‍, ഗോളി റൗള്‍ എന്നിവര്‍ പിഴക്കാതെ ലക്ഷ്യം കണ്ടു. |
രാജഹംസത്തേരില്‍ ചന്ദ്രലേഖയെത്തി; നെഞ്ചേറ്റിയ പ്രവാസികളെ കാണാന്‍ Posted: 01 Nov 2013 09:22 PM PDT ദുബൈ: രാജഹംസമേ...എന്ന ഗാനത്തിലൂടെ യുട്യൂബില്‍ താരമാവുകയും സിനിമാ പിന്നണി ഗായികയായി മാറുകയും ചെയ്ത ചന്ദ്രലേഖ തന്നെ നെഞ്ചേറ്റിയ പ്രവാസി മലയാളികളെ കാണാന്‍ ദുബൈയിലെത്തി. ഓള്‍ കേരള കോളജസ് അലുംനി ഫോറം (അക്കാഫ്) സംഘടിപ്പിച്ച ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ചന്ദ്രലേഖ ആദ്യവിമാന യാത്ര നടത്തിയതിന്‍െറയും ദുബൈ നഗരം കാണാന്‍ അവസരം ലഭിച്ചതിന്‍െറയും അമ്പരപ്പിലായിരുന്നു. യുട്യൂബില്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടതുമുതല്‍ തന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചവരാണ് പ്രവാസി മലയാളികളെന്ന് ചന്ദ്രലേഖ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ദിവസവും നിരവധി ടെലിഫോണ്‍ കോളുകളാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് ലഭിക്കുന്നത്. പലരും മണിക്കൂറുകളോളം സംസാരിക്കും. വിശേഷങ്ങള്‍ ചോദിച്ചറിയും. പാട്ട് പാടിക്കും. പ്രോത്സാഹിപ്പിക്കും. സ്വന്തം വീട്ടിലെ അംഗത്തോടെന്ന പോലെയായിരുന്നു പലരുടെയും പെരുമാറ്റം. തന്നോട് പ്രവാസികള്‍ കാണിക്കുന്ന സ്നേഹം കൊണ്ട് തന്നെയാണ് ക്ഷണം ലഭിച്ചപ്പോള്‍ ദുബൈയിലേക്ക് പുറപ്പെടാന്‍ തീരുമാനമെടുത്തത്. വിദേശയാത്ര ചെയ്യാന്‍ പാസ്പോര്‍ട്ട് പോലും ഉണ്ടായിരുന്നില്ല. അക്കാഫ് ഭാരവാഹികളുടെ ശ്രമഫലമായി ഒരുദിവസം കൊണ്ട് പാസ്പോര്‍ട്ട് ശരിയായി. അന്നുതന്നെ വിസയും ലഭിച്ചു. വെള്ളിയാഴ്ച രാവിലെ ദുബൈയിലെത്തി. വിമാനത്താവളത്തിലും മറ്റും ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് വിശേഷങ്ങള്‍ ചോദിക്കാനെത്തിയത് അദ്ഭുതത്തോടെയാണ് ചന്ദ്രലേഖ വിവരിച്ചത്. പത്തനംതിട്ട വടശ്ശേരിക്കരയിലെ വീട്ടിലെ അടുക്കളയില്‍ നിന്ന് പാടിയ പാട്ട് തന്നെ ഇവിടംവരെയെത്തിച്ചത് ദൈവനിയോഗമാണെന്ന് ചന്ദ്രലേഖ ഉറച്ചുവിശ്വസിക്കുന്നു. പിന്തുണക്കുന്നവരുടെ പ്രോത്സാഹനങ്ങള്‍ ഊര്‍ജം പകരുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗായിക കെ.എസ് ചിത്രയും ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. പാട്ട് നേരിട്ട് കേള്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പാതിവഴിയില്‍ മുടങ്ങിയ പഠനം തുടരാന്‍ ഇനി കഴിയുമെന്ന് തോന്നുന്നില്ല. ജീവിത പ്രാരാബ്ധങ്ങള്‍ തന്നെ കാരണം. എന്നാല്‍ സംഗീതം ശാസ്ത്രീയമായി പഠിക്കണമെന്നുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. മിലന്‍ ജലീല്‍ നിര്‍മിച്ച് എം.പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ലൗ സ്റ്റോറി’ എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചു. മറ്റൊരു മലയാള ചിത്രത്തിലും തമിഴ് ചിത്രത്തിലും പാടാന്‍ കരാറായിട്ടുണ്ട്. ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ചന്ദ്രലേഖ പറഞ്ഞു. യുട്യൂബില്‍ താരമാകാന്‍ കാരണക്കാരനായ ഭര്‍ത്താവിന്‍െറ അപ്പച്ചിയുടെ മകന്‍ ദര്‍ശനും ചന്ദ്രലേഖക്കൊപ്പം ദുബൈയിലെത്തിയിട്ടുണ്ട്. ഭര്‍ത്താവ് രഘുനാഥ്, മകന്‍ ശ്രീഹരി എന്നിവരുമുണ്ട്. ഒരു വര്‍ഷം മുമ്പ് തമാശക്കായി ചെയ്തത് ഇത്ര ഹിറ്റായി മാറുമെന്ന് കരുതിയിരുന്നില്ലെന്ന് ദര്‍ശന്‍ പറഞ്ഞു. ചേച്ചി നന്നായി പാടുമെന്ന് അറിയാമായിരുന്നു. വീഡിയോ കണ്ട് അവസരങ്ങള്‍ ലഭിച്ചാലോയെന്ന് കരുതിയാണ് യുട്യൂബിലിട്ടത്. ഒരുവര്‍ഷം കൊണ്ട് വളരെ കുറച്ച് പേര്‍ മാത്രമാണ് വീഡിയോ കണ്ടത്. എന്നാല്‍ പ്രവാസി മലയാളികളിലൊരാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ ചര്‍ച്ചയായി മാറി. പിന്നീട് മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. ഇതിന് കാരണക്കാരനായതില്‍ സന്തോഷമുണ്ട്. ചേച്ചിക്കൊപ്പം വന്ന് ദുബൈ നഗരം കാണാനും സാധിച്ചു. പാസ്പോര്‍ട്ട് എടുത്തിട്ട് 12 വര്‍ഷമായെങ്കിലും ആദ്യമായി വിദേശയാത്രക്ക് അവസരം ലഭിച്ചതില്‍ ആഹ്ളാദമുണ്ടെന്നും ദര്‍ശന്‍ പറഞ്ഞു. അക്കാഫിന്‍െറ പരിപാടി കഴിഞ്ഞ് ചന്ദ്രലേഖയും കുടുംബവും ശനിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങും. |
പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം സുപ്രധാനം -കുവൈത്ത് അംബാസഡര്‍ Posted: 01 Nov 2013 09:17 PM PDT കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഏറെ സുപ്രധാനമായ ചുവടുവെപ്പാണെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ സാമി അല്‍ സുലൈമാന്‍ അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം വ്യാപാര, നിക്ഷേപ, ഊര്‍ജ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നതായിരിക്കും സന്ദര്‍ശനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിനൊപ്പം ഉന്നതതല പ്രതിനിധി സംഘമാണ് ഇന്ത്യ സന്ദര്‍ശിക്കുക. ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹ്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ മുസ്തഫ അല്‍ ശിമാലി, വാണിജ്യ-വ്യവസായ മന്ത്രി അനസ് അല്‍ സാലിഹ് തുടങ്ങിയവരും കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി), കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (കെ.ഐ.എ) എന്നിവയുടെ സി.ഇ.ഒമാര്‍ തുടങ്ങിയവരും വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരും സംഘത്തിലുണ്ടാവും. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 12 മേഖലകളില്‍ സഹകരണമുണ്ടെന്നും അത് വര്‍ധിപ്പിക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നതെന്നും അംബാസഡര്‍ വ്യക്തമാക്കി. ടൂറിസം ഇതില്‍ പ്രധാന മേഖലയാണെന്നും ഇന്ത്യ കുവൈത്തികളുടെ ഇഷ്ട യാത്രാലക്ഷ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ദല്‍ഹി, മുംബൈ, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് കുവൈത്തികള്‍ കൂടുതല്‍ പറക്കാറുള്ളത്. ഈ പട്ടികയിലേക്ക് കോഴിക്കോട്, അഹമ്മദാബാദ്, ഗോവ, ബംഗളൂരു എന്നിവ കൂടി ചേര്‍ക്കണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ കുവൈത്തിന്‍െറ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ അദ്ദേഹം വര്‍ഷത്തില്‍ 3400 കോടി ഡോളറാണ് ഏഴ് ലക്ഷം വരുന്ന ഇന്ത്യക്കാര്‍ കുവൈത്തില്‍നിന്ന് അയക്കുന്നതെന്ന് വ്യക്തമാക്കി. |
ഇളവുകാലം ഞായറാഴ്ച തീരുന്നു; തിങ്കളാഴ്ച മുതല്‍ പരിശോധന Posted: 01 Nov 2013 09:14 PM PDT റിയാദ്: രാജ്യത്തെ പ്രവാസികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ പൊളിച്ചെഴുതുമെന്ന് കരുതപ്പെടുന്ന നിതാഖാതിന് (പദവി ശരിയാക്കല്‍) സൗദി ഭരണകൂടം അനുവദിച്ച ഇളവുകാലത്തിന്‍െറ സമയ പരിധി നാളെ സമാപിക്കും. ഇതിനു പിറകെ പരിശോധനകള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. വിദേശ തൊഴിലാളികള്‍ക്ക് താമസ, തൊഴില്‍ രേഖകള്‍ നിയമാനുസൃതമാക്കി മാറ്റാനായി അനുവദിച്ച സമയ പരിധി കഴിഞ്ഞ ജൂലൈയില്‍ അവസാനിച്ചിരുന്നുവെങ്കിലും അബ്ദുല്ല രാജാവിന്‍െറ പ്രത്യേക അനുമതിയോടെ മൂന്നു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഈ സമയ പരിധിയാണ് ഞായറാഴ്ച അവസാനിക്കുന്നത്. ഒരിക്കല്‍ കൂടി ഇളവുകാലം നീട്ടണമെന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഔദ്യാഗികമായി ആവശ്യപ്പെട്ടെങ്കിലും സൗദി ഭരണകൂടം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് ഫിലിപ്പീന്‍ വൈസ് പ്രസിഡന്‍റ് ജെജോമര്‍ ബിനയ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് കത്തയക്കുകയും ചെയ്തു. എന്നാല്‍, ഇളവു കാലം നീട്ടുമെന്ന രീതിയില്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ഞായറാഴ്ചക്കു ശേഷം ശക്തമായ പരിശോധനയുമായി മുന്നോട്ടു പോവുമെന്നും വ്യക്തമാക്കി തൊഴില്‍ മന്ത്രാലയത്തിന്‍െറ ഔദ്യാഗിക വക്താവ് ഹത്താബ് അല്‍ അന്‍സി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് കുറിപ്പിറക്കിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ഞായറാഴ്ച ഇളവുകാലം അവസാനിക്കുന്നതോടെ പരിശോധന നടപടികള്‍ ആരംഭിക്കുമെന്നും അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമലംഘകരെ കണ്ടത്തൊനുള്ള പരിശോധനകള്‍ നവംബര്‍ നാലു മുതല്‍ ശക്തമാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും കൃഷിയിടങ്ങളില്‍ പോലും ശക്തമായ പരിശോധനകളുണ്ടാവും. രാജ്യത്തെ 13 പ്രവിശ്യകളിലെയും ഗവര്‍ണര്‍മാരുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പുതുവര്‍ഷത്തോടെ രാജ്യത്തെ തൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്ന നിയമ വിരുദ്ധ നടപടികള്‍ അവസാനിപ്പിച്ച് തൊഴില്‍ രംഗം ശുദ്ധീകരിക്കാനുള്ള നിര്‍ദേശമാണ് വിവിധ പ്രവിശ്യ ഗവര്‍ണര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസും ഡപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസും ഇളവുകാല ശേഷമുള്ള പരിശോധന സംബന്ധിച്ച് റിയാദ് പൊലീസ് ഡയറക്ടര്‍ കേണല്‍ സുഊദ് ഹിലാല്‍, പൊതുസുരക്ഷാവകുപ്പ് അസി.ഡയറക്ടര്‍ കേണല്‍ ജംആന്‍ ബിന്‍ അഹ്മദ് അല്‍ ഗാമിദി എന്നിവരുമായി കഴിഞ്ഞ ദിവസം ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇളവുകാലം ഉപയോഗപ്പെടുത്താതെ ഇനിയും രാജ്യത്ത് തങ്ങുന്ന അനധികൃത തൊഴിലാളികളെയും അവര്‍ക്ക് തൊഴില്‍, താമസസൗകര്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാവും. പിടിയിലായവരെ പാര്‍പ്പിക്കാനായി പ്രത്യേക ജയിലുകള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇളവുകാലത്തിന്‍െറ ആനുകൂല്യം പ്രയോജനപ്പെടുത്തി ഏകദേശം 10 ലക്ഷത്തോളം പ്രവാസികള്‍ രാജ്യം വിട്ടു കഴിഞ്ഞു. സൗദിയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണുള്ളതെങ്കിലും ഇതുവരെയായി രാജ്യം വിട്ടവരില്‍ അന്യ സംസ്ഥാനക്കാരാണ് കൂടുതലുമുള്ളത്. എത്ര മലയാളികള്‍ നിതാഖാതില്‍ കുടുങ്ങി രാജ്യം വിട്ടുവെന്നതിന്‍െറ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. |
ചിന്നസ്വാമിയില്‍ ഇന്ന് ഇന്ത്യ x ആസ്ട്രേലിയ ഫൈനല്‍ Posted: 01 Nov 2013 08:33 PM PDT ബംഗളൂരു: കഴിഞ്ഞ മത്സരത്തില്‍ വിജയം സമ്മാനിച്ച നാഗ്പൂരിലെ ബാറ്റിങ് വെടിക്കെട്ടിന്‍െറ തുടര്‍ച്ച തേടി ഇന്ത്യയിന്ന് പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഓസീസിനെതിരെ ബലാബലത്തിനിറങ്ങുന്നു. ഇരു ടീമുകളും 2-2 എന്ന നിലയില്‍ സമനിലയിലാണെന്നിരിക്കെ ഇന്നത്തെ വിജയം പരമ്പരയുടെ അവകാശികളെ നിശ്ചയിക്കുമെന്നതിനാല്‍ പോരാട്ടം കടുക്കും. ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് കളികള്‍ മഴമൂലം മുടങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ജയ്പൂരില്‍ റെക്കോഡ് നേട്ടത്തോടെ ഓസീസിനെതിരെ 360 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഇന്ത്യ കഴിഞ്ഞ ദിവസം നാഗ്പൂരില്‍ 351 റണ്‍സ് ലക്ഷ്യം മറികടന്നായിരുന്നു നിര്‍ണായക മത്സരം ജയിച്ച് പരമ്പര സമനിലയിലത്തെിച്ചത്. റണ്ണൊഴുകുന്ന പിച്ചില്‍ ബൗളര്‍മാര്‍ നിസ്സഹായരാകുന്നതാണ് ഇരുടീമുകളെയും കുഴക്കുന്നത്. ഇതുവരെ 2500ന് മേലെ റണ്‍സാണ് ബൗളര്‍മാര്‍ അഞ്ച് മത്സരങ്ങളില്‍ വാരിനല്‍കിയത്. പരമ്പരാഗതമായി റണ്ണൊഴുക്കുള്ള ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിലും ഇന്ന് ആദ്യം ബാറ്റുചെയ്യുന്ന ടീമിന് 300ന് മേല്‍ റണ്‍സെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. വരുന്ന ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കമെന്ന നിലയില്‍ പേസര്‍ മിച്ചല്‍ ജോണ്‍സനെ ക്രിക്കറ്റ് ആസ്ട്രേലിയ തിരിച്ചുവിളിച്ചതോടെ എതിരാളികളുടെ ബൗളിങ് വീണ്ടും ദുര്‍ബലമാകുമെന്നത് ഇന്ത്യക്ക് ആശ്വാസമാണ്. മുന്‍നിര കരുത്തുകാട്ടുന്നുണ്ടൈങ്കിലും ബാറ്റിങ്ങില്‍ സുരേഷ് റെയ്നയും യുവരാജ് സിങ്ങുമടങ്ങുന്ന മധ്യനിര ഫോമിലേക്കുയര്‍ന്നിട്ടില്ളെന്നത് ആതിഥേയര്‍ക്ക് അല്‍പം ആശങ്കയേറ്റുന്നുണ്ട്. പകരക്കാരനായി അമ്പാട്ടി റായിഡുവിനെ പരീക്ഷിച്ചാലും അതെത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം. ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 29 വിക്കറ്റുകള്‍ നേടി ഹീറോയായിരുന്നുവെങ്കിലും ഇക്കുറി ആര്‍. അശ്വിന്‍ മങ്ങിപ്പോയത് ഇന്ത്യന്‍ സ്പിന്നിനെ കാര്യമായിതന്നെ ബാധിച്ചു. മാത്രവുമല്ല, കഴിഞ്ഞ ഒന്നുരണ്ട് മത്സരങ്ങളിലായി ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയടക്കമുള്ള ഓസീസ് ബാറ്റ്സ്മാന്മാര്‍ അശ്വിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. നാഗ്പൂരില്‍ ആദ്യ മത്സരത്തില്‍ ഇറങ്ങിയിരുന്ന അമിത് മിശ്ര വിക്കറ്റൊന്നും നേടാനാകാതെ പത്തോവറില്‍ 78 റണ്‍സാണ് വിട്ടുകൊടുത്തതെന്നതും പരീക്ഷണത്തില്‍നിന്ന് ക്യാപ്റ്റന്‍ ധോണിയെ പിന്തിരിപ്പിക്കുന്നു. യുവതാരം മുഹമ്മദ് ഷമി ഇടക്ക് അപകടകാരിയാകുന്നതൊഴിച്ചാല്‍ പൊതുവെ പേസര്‍മാരുടെ പ്രകടനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. മറുവശത്താകട്ടെ, അത്ര പരിചയസമ്പന്നരല്ലാത്ത യുവനിരയെവെച്ച് ഓസീസ് അസാധ്യ പ്രകടനംതന്നെയാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കു പോന്ന പോരാളികളാണ് തങ്ങളെന്ന് തെളിയിക്കാന്‍ അവര്‍ക്കായി. ജോര്‍ജ് ബെയ്ലിക്ക് പുറമെ ആരോണ്‍ ഫിഞ്ച്, ഫില്‍ ഹ്യൂസ്, ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സന്‍ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നതാണ് ഓസീസിന് ആത്മവിശ്വാസം നല്‍കുന്നത്. എങ്കിലും ഇന്നത്തെ പരമ്പര ‘ഫൈനല്‍’ ഒരു ടീമിനും മുന്‍തൂക്കം നല്‍കുന്നില്ളെന്നതാണ് ശ്രദ്ധേയം. സാധ്യതാ ടീം: ഇന്ത്യ- എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്്ലി, യുവരാജ് സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ആര്‍. വിനയ്കുമാര്‍, അമിത് മിശ്ര, ജയദേവ് ഉനാദ്കാത്, മുഹമ്മദ് ഷമി. ആസ്ട്രേലിയ- ജോര്‍ജ് ബെയ്ലി (ക്യാപ്റ്റന്‍), നഥാന്‍ കോല്‍റ്റര്‍ നീല്‍, സേവ്യര്‍ ദോഹര്‍ട്ടി, ജെയിംസ് ഫോക്നര്‍, കല്ലം ഫെര്‍ഗൂസന്‍, ആരോണ്‍ ഫിഞ്ച്, ബ്രാഡ് ഹഡിന്‍, മോയിസസ് ഹെന്‍റിക്സ്, ഫില്‍ ഹ്യൂസ്, ഗ്ളെന്‍ മാക്സ്വെല്‍, ആദം വോഗ്സ്, ഷെയ്ന്‍ വാട്സന്‍. |
കവിത പിള്ളയുടെ തട്ടിപ്പ് ശ്രമം: മലിനീകരണ നിയന്ത്രണബോര്‍ഡ് സാക്ഷ്യപത്രം നല്‍കിയതില്‍ ദുരൂഹത Posted: 01 Nov 2013 08:21 PM PDT പാലക്കാട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ കവിത ജി. പിള്ള പാലക്കാട്ട് മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാമെന്നു പറഞ്ഞ് ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെ തട്ടിപ്പിന് ശ്രമിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ലഭിച്ച സാക്ഷ്യപത്രത്തിന്‍െറ പിന്‍ബലത്തില്‍. വിശദമായ പരിശോധന കൂടാതെ, പ്ളാന്‍റിന് വേണ്ട യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പുതന്നെ കവിതയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നിലും ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് സൂചന. പാലക്കാട് നഗരസഭയുമായി ഒപ്പിടാന്‍ തയാറാക്കിയ ധാരണാപത്രത്തില്‍ രണ്ടാംകക്ഷിയായി ക്രൈം വാരിക പത്രാധിപര്‍ ടി.പി. നന്ദകുമാറിന്‍െറ പേര് ചേര്‍ത്തതിനും അധികൃതര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാനായിട്ടില്ല. നാലുകോടി രൂപ ചെലവില്‍ ആധുനിക ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പാലക്കാട് നഗരത്തില്‍ സ്ഥാപിക്കാനുള്ള പദ്ധതി സ്വീകാര്യമാണെന്ന് പറഞ്ഞ് 2011 ആഗസ്റ്റ് 16 നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കവിതപിള്ളക്ക് കത്ത് നല്‍കുന്നത്. സമര്‍പ്പിച്ച പദ്ധതി പരിശോധിച്ചെന്നും നഗരമാലിന്യം വളമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ സ്വീകാര്യമാണെന്നും കത്തില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന യന്ത്രസാമഗ്രികള്‍ സംസ്കരണത്തിന് വളരെ ഫലപ്രദമാണെന്നും കവിതാപിള്ളക്ക് നല്‍കിയ സാക്ഷ്യപത്രത്തില്‍ പറയുന്നുണ്ട്. ഇതിന്‍െറകൂടി പിന്‍ബലത്തിലാണ് അതേവര്‍ഷം ആഗസ്റ്റ് 23 ന് ചേര്‍ന്ന പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം കവിതയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുകയും ഫയല്‍ സര്‍ക്കാറിന് അയക്കുകയും ചെയ്തത്. മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ വിളിക്കാന്‍ പോലും മെനക്കെടാതിരുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ കവിതക്ക് അവസരം നല്‍കുകയും ചെയ്തു. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് കവിതയെ നഗരസഭയിലേക്ക് അയച്ചതെന്ന് ചെയര്‍മാനും തീരുമാനമെടുക്കാന്‍ അധികാരം നഗരസഭക്കായതിനാലാണ് അപ്രകാരം ചെയ്തതെന്ന് എം.എല്‍.എയും പറയുന്നു. സര്‍ക്കാര്‍ അനുമതി കിട്ടും മുമ്പാണ് വിശദമായ ധാരണാപത്രം തയാറാക്കിയതെന്നും വ്യക്തമായി. നഗരസഭക്ക് സാമ്പത്തികഭാരം വരുന്നില്ളെന്ന വാഗ്ദാനമാണ് പെട്ടന്നുള്ള നടപടിക്രമങ്ങള്‍ക്ക് കാരണമായതെന്ന് ചെയര്‍മാന്‍ വിശദീകരിക്കുന്നു. നഗരസഭക്ക് വേണ്ടി സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പിടാനിരുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്ന അമേരിക്കന്‍ കമ്പനിയായ യുനൈറ്റഡ് ഇക്കോ സര്‍വീസിന് വേണ്ടി മാനേജിങ് ഡയറക്ടര്‍ കവിതപിള്ളക്ക് പുറമെ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിന്‍െറ പേരും രണ്ടാംകക്ഷിയായി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിക്കും മുമ്പുതന്നെ ധാരണാപത്രം തയാറാക്കിയതിന് ഇതുവരെയും വിശദീകരണമില്ല. അനുമതി ലഭിക്കുമെന്ന ഉറപ്പാണത്രെ ഇതിന് കാരണമായത്. രണ്ടാം പാര്‍ട്ടിയായി ഒന്നിലധികം പേര്‍ ഒപ്പിടുന്നതില്‍ അപാകതയില്ളെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. കവിതപിള്ള പറഞ്ഞുപ്രകാരമാണത്രെ നന്ദകുമാറിന്‍െറ പേരും ചേര്‍ത്തത്. 2011 നവംബറില്‍ തയാറാക്കിയ ധാരണാപത്രത്തില്‍ തിയതി ചേര്‍ക്കാനുള്ള സ്ഥലം ഒഴിച്ചിട്ട നിലയിലാണ്. മലിനീകരണ നിയന്ത്രണബോര്‍ഡില്‍ നിന്ന് ലഭിച്ച സാക്ഷ്യപത്രം കവിതാപിള്ളക്ക് അനുകൂലമായി നീങ്ങാന്‍ കാരണമായിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് സമ്മതിച്ചു. സര്‍ക്കാര്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ളെങ്കിലും നഗരസഭയുടെ ശിപാര്‍ശ തള്ളിയതായി അറിയിച്ചിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു. |
സിവില്‍ സര്‍വീസ് പരിഷ്കരണം Posted: 01 Nov 2013 08:12 PM PDT സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സിവില്‍ സര്‍വീസിന് രൂപംനല്‍കിയ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്‍െറ ജന്മദിനത്തില്‍ തന്നെ രാജ്യത്തെ സിവില്‍ സര്‍വീസിന് സന്തോഷവും ആശ്വാസവും നല്‍കുന്ന ചരിത്രവിധിയാണ് പരമോന്നത കോടതി നല്‍കിയിരിക്കുന്നത്. മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എന്‍.ആര്‍. സുബ്രഹ്മണ്യന്‍, അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ആബിദ് ഹുസൈന്‍, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍. ഗോപാലസ്വാമി, മുന്‍ സി.ബി.ഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിങ് എന്നിവര്‍ ഉള്‍പ്പെടെ 83 മുന്‍ സിവില്‍ സര്‍വീസ് പ്രമുഖര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് പിനാകി ചന്ദ്രഘോസ് എന്നിവരടങ്ങിയ ബെഞ്ചിന്‍േറതാണ് സിവില്‍ സര്‍വീസിന്‍െറ പരിഷ്കരണത്തിന് വഴിതെളിയിക്കുന്ന സുപ്രധാന നിര്‍ദേശങ്ങള്‍. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനധികൃത ഭൂമി ഇടപാടിന് കൂട്ടുനിന്നതിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്കും യു.പിയിലെ മണല്‍ മാഫിയയെ തളക്കാന്‍ ശ്രമിച്ച ദുര്‍ഗശക്തി നാഗ്പാലിനുമുണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുന്‍ ഐ.എ.എസ് പ്രമുഖരുടെ ഹരജി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി സംബന്ധിച്ച ഒരു സ്ഥിരതയുമില്ളെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി സംസ്ഥാന സര്‍വീസില്‍ സ്ഥലംമാറ്റവും നിയമനങ്ങളും തുടരത്തുടരെ നടക്കുന്നുവെന്നും അതൊന്നും പൊതുതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല, ഭരിക്കുന്നവരുടെ രാഷ്ട്രീയപരമോ മറ്റു തരത്തിലുള്ളതോ ആയ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചാണെന്നും വിമര്‍ശിച്ചു. അതിനാല്‍ ഓരോ പദവിയിലും ഉദ്യോഗസ്ഥര്‍ക്ക് ചുരുങ്ങിയ കാലം നിര്‍ണയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അത് മൂന്നു വര്‍ഷമെങ്കിലും ആയിരിക്കുന്നതാണ് അഭികാമ്യം. അതിനാല്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും കൈകാര്യം ചെയ്യാന്‍ പ്രത്യേക ബോര്‍ഡ് രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇത് മൂന്നു മാസത്തിനകം വേണംതാനും. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ രൂപവത്കരിക്കേണ്ട ബോര്‍ഡുകളില്‍ യഥാക്രമം കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമാണ് സാരഥികളായിരിക്കേണ്ടത്. രേഖാമൂലമല്ലാത്ത ഒരുത്തരവും സ്വീകരിക്കരുതെന്നാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മറ്റൊരു സുപ്രധാന നിര്‍ദേശം. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ വാക്കാലുള്ള ഉത്തരവുകള്‍ അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരായിരിക്കൂ. 1964ലെ സന്താനം കമ്മിറ്റി റിപ്പോര്‍ട്ട്, ശാസനകളും നിര്‍ദേശങ്ങളും രേഖപ്പെടുത്തേണ്ടതിന്‍െറ ആവശ്യതകയിലേക്ക് വിരല്‍ചൂണ്ടിയിട്ടുള്ളതാണ്. 2004ല്‍ മുന്‍ യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ ചെയര്‍മാന്‍ പി.സി. ഹോട്ട സമര്‍പ്പിച്ച സിവില്‍ സര്‍വീസ് പരിഷ്കരണ ശിപാര്‍ശകളിലും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. രണ്ടു റിപ്പോര്‍ട്ടുകളുടെയും വെളിച്ചത്തിലാണ് സുപ്രീംകോടതി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ത്യാ രാജ്യത്ത് അഴിമതി അപ്രതിരോധ്യമെന്നുതന്നെ കരുതേണ്ട പതനത്തിലേക്ക് വളര്‍ന്നതിന്‍െറ പ്രധാന കാരണങ്ങളിലൊന്ന് ജനങ്ങളോട് പ്രതിബദ്ധതയോ മൂല്യബോധമോ യോഗ്യതപോലുമോ ഇല്ലാത്ത ജനപ്രതിനിധികള്‍ ഭരണത്തിന്‍െറ തലപ്പത്ത് വരുകയും സ്വാര്‍ഥതാല്‍പര്യങ്ങളോ പാര്‍ട്ടി സമ്മര്‍ദങ്ങളോ സാമുദായികവും രാഷ്ട്രീയവും മറ്റുമായ പരിഗണനകളോ മൂലം നിയമവാഴ്ചയെ അട്ടിമറിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണ്. തങ്ങളുടെ അവിഹിത താല്‍പര്യങ്ങള്‍ക്കായി അവര്‍ ദുരുപയോഗിക്കുന്നത് ഉദ്യോഗസ്ഥ മേധാവികളെയാണുതാനും. വഴിവിട്ട നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കും കരാറുകള്‍ക്കും ഭൂമിദാനത്തിനും വ്യാജ രേഖകള്‍ ചമച്ച് അന്യായവും അനര്‍ഹവുമായ നേട്ടങ്ങള്‍ ലഭ്യമാക്കുന്നതിനുമെല്ലാം സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതൃത്വം ഉപയോഗിക്കുന്നുവെന്നത് ഒരു പുതിയ കാര്യമേ അല്ല. ഉത്തരവുകളെ ചോദ്യം ചെയ്യുകയോ മാനിക്കാതിരിക്കുകയോ ചെയ്താലുള്ള പ്രതികാരനടപടികള്‍ പേടിച്ച് താരതമ്യേന സത്യസന്ധരായ ഉദ്യോഗസ്ഥര്‍പോലും അവിഹിത നടപടികള്‍ക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്നു. ഉദ്യോഗസ്ഥര്‍ സ്വതേ അഴിമതിക്കാരാണെങ്കില്‍ അവര്‍ക്കിത് മികച്ച അവസരവും ആയിത്തീരുന്നു. സ്ഥലംമാറ്റവും ജോലിമാറ്റവും പദവിമാറ്റവുമെല്ലാം മൂലം സ്വസ്ഥമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നതിനാല്‍ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുപോവാനോ മാറിപ്പോവാനോ ശ്രമിച്ച ഒട്ടേറെ ഐ.എ.എസ് ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്. പല വകുപ്പുകളിലും യോഗ്യരും കര്‍മോത്സുകരുമായ ഉദ്യോഗസ്ഥരെ ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതിനെല്ലാം പരിഹാരം സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളിലില്ളെങ്കിലും ചുരുങ്ങിയത് ഒരു നിശ്ചിതകാലം പദവിയില്‍ തുടരാമെന്ന ഉറപ്പുലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥമായി ചുമതലകള്‍ നിറവേറ്റാം. അതുപോലെ രേഖാമൂലമുള്ള ഉത്തരവുകളേ അംഗീകരിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥ നിലവില്‍ വന്നാല്‍ നിയമവിരുദ്ധവും അവിഹിതവുമായ ഉത്തരവുകള്‍ക്ക് ശമനമുണ്ടാവും. അതേയവസരത്തില്‍ ഇത്തരത്തിലുള്ള ഏത് വ്യവസ്ഥയും മറികടക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നവിധം ദുര്‍ബലമാണ് നമ്മുടെ ജനാധിപത്യം എന്നത് വിസ്മരിച്ചിട്ട് കാര്യമില്ല. അതോടൊപ്പം പൊലീസ് പരിഷ്കരണത്തെക്കുറിച്ച 2006ലെ സുപ്രീംകോടതി ഉത്തരവിന്‍െറ ഗതി ആലോചിച്ചാല്‍ പുതിയ സിവില്‍ സര്‍വീസ് പരിഷ്കരണവിധിയും വലിയ ശുഭപ്രതീക്ഷക്ക് വകനല്‍കുന്നില്ല. കേന്ദ്രമോ സംസ്ഥാനങ്ങളോ ഒന്നും അതര്‍ഹിക്കുന്ന ഗൗരവത്തോടെ പൊലീസ് പരിഷ്കരണ വിധി നടപ്പാക്കുകയുണ്ടായില്ലല്ളോ. |
No comments:
Post a Comment