കനോലി കനാല്‍ നവീകരണം: പ്രാരംഭ പ്രവൃത്തികള്‍ തിങ്കളാഴ്ച തുടങ്ങും Posted: 08 Nov 2013 12:39 AM PST കോഴിക്കോട്: കനോലി കനാല്‍ നവീകരണത്തിനുള്ള പ്രാരംഭപ്രവൃത്തികള്‍ തിങ്കളാഴ്ച തുടങ്ങും. കനാലില്‍ പ്രവൃത്തി നടത്തേണ്ട സ്ഥലം, ദൂരം, ആഴം എന്നിവ തിട്ടപ്പെടുത്താനുള്ള അളവെടുക്കലാണ് നടക്കുക. ജലസേചന വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത്. ആറ് ജീവനക്കാരും കൂടെയുണ്ടാവും. കനാലില്‍ പുതിയറ മുതല്‍ 30 മീറ്ററായി തിരിച്ചാണ് അളവെടുക്കല്‍ നടത്തുന്നത്. വഞ്ചിയില്‍ കനാലില്‍ ഇറങ്ങി കാടുകളും പടര്‍പ്പുകളും വെട്ടുകയും ആഴം അളക്കുകയും ചെയ്യും. സംരക്ഷണ ഭിത്തിയില്‍ പലഭാഗത്തായി തകര്‍ന്ന ഭാഗങ്ങളുടെ കണക്കും എടുക്കും. കനാല്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായതിനാല്‍ പ്രവൃത്തി ഏറെ ദുഷ്കരമാവും. അതിനാല്‍ രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ജലസേചന വകുപ്പിനും ജലഗതാഗത വകുപ്പ് അധികൃതര്‍ക്കും റിപ്പോര്‍ട്ട് കൈമാറും. ഇവയുടെ അനുമതിയോടെയാണ് നവീകരണ പ്രവൃത്തി ആരംഭിക്കുക. കനാലില്‍നിന്നെടുക്കുന്ന ചളി എന്തുചെയ്യുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുണ്ടെങ്കിലും ചളി എടുത്ത ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ജലസേചന വകുപ്പ് അധികൃതരും കനാല്‍ വികസന സമിതിയും. മണല്‍ പോലുള്ള വസ്തുക്കളാണ് ലഭിക്കുന്നതെങ്കില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ പ്രയാസകരമാവില്ല. എരഞ്ഞിക്കലിലെ സ്വകാര്യവ്യക്തിയുടെ സ്ഥലം, സരോവരം പാര്‍ക്കിനു പിന്നിലെ റോഡ്, പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് റോഡ് എന്നിവിടങ്ങളില്‍ ചളി നിക്ഷേപിക്കാമെന്ന് നിര്‍ദേശമുയര്‍ന്നിരുന്നു. ക്വാറികളില്‍ ചളി ഇടാന്‍ സന്നദ്ധതയുള്ളവരെ തേടാം എന്ന ആശയവും മുന്നിലുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കനാല്‍ വൃത്തിയാക്കിയപ്പോള്‍ സ്വകാര്യവ്യക്തികളുടെ പറമ്പുകളിലും ചെങ്കല്‍ ക്വാറികളിലുമൊക്കെയാണ് ചളി നിക്ഷേപിച്ചിരുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ തടഞ്ഞ് ഫണ്ട് ലാപ്സാവുന്ന അവസ്ഥയും ഉണ്ടായതിനാല്‍ പ്രവൃത്തി ഉടന്‍ തുടങ്ങണമെന്ന് കനോലി കനാല്‍ വികസന സമിതി ആവശ്യപ്പെടുകയായിരുന്നു. അളവെടുക്കല്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ചളി നീക്കല്‍ ആരംഭിക്കുക. പുതിയറ മുതല്‍ എരഞ്ഞിക്കല്‍ വരെയുളള 8.8 കി.മീറ്റര്‍ ഭാഗം ചളി നീക്കുകയും കാട് വെട്ടിത്തെളിക്കുകയും 607 മീറ്റര്‍ സ്ഥലത്ത് പാര്‍ശ്വഭിത്തി നിര്‍മിക്കുകയുമാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. 83,000 ക്യുബിക് മീറ്റര്‍ ചളി നീക്കാനുണ്ടാവുമെന്നാണ് കണക്ക്. നബാര്‍ഡില്‍നിന്ന് ലഭ്യമാക്കിയ 2.41 കോടി ചെലവിലാണ് പ്രവൃത്തി നടക്കുക. തുടര്‍ന്ന് കുണ്ടുപറമ്പ് മുതല്‍ അരയിടത്തുപാലം വരെയുള്ള ഭാഗത്ത് സൗന്ദര്യവത്കരണ നടപടികളും നടക്കും. പടവുകളും നടപ്പാതകളും ഒരുക്കി ജനസമ്പര്‍ക്കമുള്ള സ്ഥലമാക്കി കനാല്‍ തീരത്തെ മാറ്റുകയാണ് ലക്ഷ്യം. മാലിന്യനിക്ഷേപം രൂക്ഷമായ സ്ഥലങ്ങളില്‍ പരിസ്ഥിതി സൗഹൃദ വേലികളും നിര്‍മിക്കും. ഇതിന്‍െറ രൂപകല്‍പന സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്റ്റ്സിന്‍െറ ആഭിമുഖ്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. |
ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്; കനത്ത നാശം Posted: 07 Nov 2013 11:14 PM PST ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരു വര്‍ഷത്തിനിടെ അടിച്ച വിനാശകാരിയായ കാറ്റില്‍ മൂന്ന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്തു. മണിക്കൂറില്‍ 235 മുതല്‍ 650 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റു വീശിയതെന്ന് ഫിലിപ്പീന്‍സ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളും റോഡുകളും തകര്‍ന്നു. കാറ്റിന് സാധ്യതയുള്ള തീര മേഖലകളില്‍ നിന്നും ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചത് അപകടത്തിന്‍്റെ വ്യാപ്തി കുറച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. |
ചൊവ്വാദൗത്യത്തിന് മുമ്പ് തിരുപ്പതി പൂജ; ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസികള്‍ ആവരുതെന്ന് അഗ്നിവേശ് Posted: 07 Nov 2013 10:41 PM PST ന്യൂദല്‍ഹി: ശാസ്ത്രലോകത്തിന്‍്റെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. ഐ.എസ്.ആര്‍.ഒയുടെ ചൊവ്വാദൗത്യത്തിന് മുന്നോടിയായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തില്‍ പൂജ നടത്തിയ സംഭവത്തിന്‍്റെ പശ്ചാത്തലത്തില്‍ ആണ് സ്വാമിയുടെ വിമര്‍ശം. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസപരമായ പ്രവൃത്തികളെ അവഗണിക്കണമെന്ന് പറഞ്ഞ അദ്ദേഹം അമ്പലത്തില്‍ നടത്തിയ പൂജ കൊണ്ടല്ല മറിച്ച് ഐ.എസ്.ആര്‍.ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരുടെയും പ്രയത്നമാണ് പി.എസ്.എല്‍.വി-സി25ന്‍്റെ വിക്ഷേപണ വിജയത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു. ഈ ഘടകം മുന്‍നിര്‍ത്തി അംഗീകാരം നേടുന്നതിനു പകരം ശാസ്ത്രജ്ഞര്‍ ഇത്തരം എല്ലാ വിജയങ്ങള്‍ക്കു പിന്നിലും അന്ധവിശ്വാസപരമായ ആചാരങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നത് എന്തിനാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അഗ്നിവേശ് ചോദിച്ചു. മനുഷ്യത്വം കെടുത്തുന്ന തരത്തില്‍ രാജ്യത്ത് അധികരിക്കുന്ന ദാരിദ്ര്യത്തിന്‍്റെ പിന്നിലെ യാഥാര്‍ഥ്യം അന്ധവിശ്വാസപരമായ പ്രവൃത്തികള്‍ വര്‍ജ്ജിക്കാത്തതാണ്. രാജ്യപൈതൃകത്തിന്‍്റെയും സംസ്കാരത്തിന്‍്റെയും പേരു പറഞ്ഞ് ഇത്തരം ആചാരങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോഴുള്ളവര്‍ പിന്തുടരുന്ന ഐ.എസ്.ആര്‍.ഒയുടെ പ്രഗല്‍ഭമതികളായ ശാസ്ത്രജ്ഞരായിരുന്ന വിക്രം സാരാഭായിയും സതീശ് ധവാനുമൊന്നും ഒരിക്കലും ഇത്തരം ഒരു പ്രവൃത്തിയിലും ഭാഗഭാക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഐ.എസ്.ആര്‍.ഒയുടെ പാരമ്പര്യവുമായി ഈ ചെയ്തിയെ ചേര്‍ത്തുപറയുക എന്നത് വസ്തുതാപരമായി തെറ്റും പ്രകടമായ വഴിതെറ്റിക്കലുമാണ് -അദ്ദേഹം വ്യക്തമാക്കി. |
പരിശോധന സാധാരണജീവിതത്തെ ബാധിച്ചുതുടങ്ങി Posted: 07 Nov 2013 10:29 PM PST ജിദ്ദ: പരിശോധന ഊര്‍ജിതമാവുകയും അനധികൃതരായി മുദ്രകുത്തപ്പെട്ട പ്രവാസിതൊഴിലാളികള്‍ ജോലിക്ക് എത്താതാകുകയും ചെയ്തത് സൗദിയിലെ നിത്യജീവിതത്തെ ബാധിച്ചു തുടങ്ങി. ചെറുകിട, ഇടത്തരം വ്യാപാരമേഖലയിലും നിര്‍മാണ, ശുചീകരണ, ഗതാഗതരംഗത്തും പ്രവാസിതൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിക്കിടയാക്കുമെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, താത്കാലികമായ ഈ പ്രതിസന്ധിയെ മറികടന്ന് തൊഴില്‍രംഗം ചിട്ടപ്പെടുത്തി വന്‍തോതില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള സര്‍ക്കാറിന്‍െറ നിതാഖാത് നീക്കത്തെ ഏതു നിലക്കും വിജയിപ്പിക്കണമെന്ന ദൃഢനിശ്ചയത്തില്‍ തന്നെ മുന്നോട്ടു നീങ്ങുകയാണ് അധികൃതര്‍. കുറഞ്ഞ കൂലിക്ക് പ്രവാസിതൊഴിലാളികള്‍ നിയന്ത്രിച്ചുവന്ന ശുചീകരണമേഖലയില്‍ കരാര്‍ ഏറ്റെടുത്ത സ്വകാര്യകമ്പനികള്‍ക്ക് വേണ്ടത്ര തൊഴിലാളികളെ നല്‍കാന്‍ കഴിയാത്തതിനാല്‍ പരിശോധന തുടങ്ങി നാളുകള്‍ക്കകം നഗരങ്ങളില്‍ മാലിന്യനീക്കം വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണ്. മക്ക, മദീന ഹറം പരിസരങ്ങളടക്കം വന്‍തോതില്‍ ജനങ്ങള്‍ എത്തുന്നയിടങ്ങളില്‍ ഇത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. ശുചിത്വം സ്വയം ബാധ്യതയായി ഏറ്റെടുക്കണമെന്ന സന്ദേശവുമായി കഴിഞ്ഞ ദിവസം മദീന മേയര്‍ തന്നെ ഉദ്യോഗസ്ഥസമേതം പ്രതീകാത്മകമായി തെരുവില്‍ ശുചീകരണത്തിന് മുന്നിട്ടിറങ്ങി. മദീന മേയര്‍ ഡോ. ഖാലിദ് താഹിറിന്‍െറ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി നാട്ടുകാര്‍ക്ക് മാതൃക കാട്ടുകയായിരുന്നു. ശുചീകരണ തൊഴിലാളികള്‍ ഇല്ലാതായാല്‍ നമ്മുടെ നഗരവും നാടും അത് അനുഭവിക്കാന്‍ പാടില്ലെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ടാകണമെന്നും ശുചിത്വം സ്വന്തം ഉത്തരവാദിത്തമായി കരുതി എല്ലാവരും സ്വമേധയാ അതിന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നാട്ടുകാരോട് ആവശ്യപ്പെട്ടു. ബുറൈദ, ത്വാഇഫ് തുടങ്ങി കാര്‍ഷികമേഖലകളില്‍ കൃഷിയിടങ്ങള്‍ വരെ അരിച്ചുപെറുക്കിയുള്ള പരിശോധനയും നഗരങ്ങളിലേക്കുള്ള വഴിമധ്യേ വാഹനപരിശോധനയും വ്യാപകമായതോടെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് പച്ചക്കറിയും മറ്റു കാര്‍ഷികവിളകളും എത്തുന്നതില്‍ വമ്പിച്ച ഇടിവുണ്ടായിട്ടുണ്ട്. ജിദ്ദയിലെ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്യുന്ന ഹലഖയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ശക്തമായ പരിശോധന നടന്നതോടെ അകത്തേക്കും പുറത്തേക്കും ഉല്‍പന്നങ്ങളുടെ പോക്കില്‍ വമ്പിച്ച മാന്ദ്യമുണ്ടായിട്ടുണ്ട്. രാജ്യത്തെ മികച്ച പച്ചക്കറി വിപണനമേഖലയായ ബുറൈദയില്‍ വിലനിലവാരം ഉയരുന്നതാണ് കഴിഞ്ഞ ദിനങ്ങളിലെ അനുഭവമെന്ന് കച്ചവടക്കാര്‍ പറയുന്നു. തുഛവേതനത്തിന് തൊഴിലെടുത്തിരുന്ന റൊട്ടികമ്പനികളുടെ സെയില്‍സ്മാന്‍മാരും ഡ്രൈവര്‍മാരും അപ്രത്യക്ഷമായത് ബൂഫിയകളടക്കമുള്ള ലഘുഭക്ഷണശാലകളെ ബാധിച്ചിട്ടുണ്ട്. പ്രവാസികളുടെ കുടിയൊഴിഞ്ഞു പോക്കോടെ ഷോപ്പുകളുടെയും ഫ്ളാറ്റുകളുടെയും വില്‍പനയിലും വാടകയിലുമൊക്കെ വന്‍ കുറവ് വരുമെന്ന് സൗദി ചേംബറിലെ നാഷനല്‍ റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി അധ്യക്ഷന്‍ ഹമദ് ബിന്‍ അലി അല്‍ ശുവൈഇര്‍ അഭിപ്രായപ്പെട്ടു. വാടകവരുമാനത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധനയും അടിസ്ഥാന തൊഴില്‍മേഖലയില്‍ ആള്‍ക്ഷാമവും അനുഭവപ്പെടുമെന്നും പ്രമുഖ സാമ്പത്തികവിദഗ്ധനായ ഡോ. ഫഹദ് ബിന്‍ ജുമുഅ ചൂണ്ടിക്കാട്ടി. അനധികൃത തൊഴിലാളികളെ പുറന്തള്ളിയതു കൊണ്ടുമാത്രം സൗദികള്‍ക്ക് തൊഴിലവസരം തുറക്കപ്പെടുമെന്ന ധാരണ ശരിയല്ല. നിയമവിരുദ്ധരെ വെച്ചുപൊറുപ്പിക്കാനാവില്ല. എന്നാല്‍ ഒരു നടപടിക്കു മുതിരുമ്പോള്‍ അനുയോജ്യമായ ബദല്‍ സംവിധാനമൊരുക്കാന്‍ കഴിയേണ്ടിയിരുന്നു. ഇപ്പോള്‍ തന്നെ ഗതാഗതസംവിധാനത്തെ പരിശോധന ബാധിച്ചതിനാല്‍ പലയിടത്തും ആളുകള്‍ക്ക് ജോലിക്ക് എത്തിപ്പെടാന്‍ പ്രയാസമനുഭവപ്പെട്ടു തുടങ്ങി. തൂപ്പു ജോലിയടക്കമുള്ളത് ചെയ്തിരുന്ന വിദേശികളുടെ എല്ലാ തൊഴിലും സ്വദേശികള്‍ക്ക് ചെയ്യാനാവില്ല. ഏതായാലും സ്വന്തം ചുറ്റുവട്ടം സ്വയം നോക്കുന്ന നിലയിലേക്ക് സൗദി ചെറുപ്പക്കാര്‍ ഉയര്‍ന്നുവരാതെ നിവൃത്തിയുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. |
മോഡിയുടെ വികസന സങ്കല്‍പ്പം ഇന്ത്യക്ക് യോജിച്ചതല്ല: ചെന്നിത്തല Posted: 07 Nov 2013 10:24 PM PST ദോഹ: നരേന്ദ്ര മോഡിയുടെ വികസന സങ്കല്‍പ്പം മതേതര ഇന്ത്യക്ക് യോജിച്ചതല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. നരേന്ദ്ര മോഡിയെ രക്ഷകനായി അവതരിപ്പിക്കാന്‍ ചില മാധ്യമങ്ങളും കോര്‍പറേറ്റുകളും ശ്രമിക്കുന്നുണ്ട്. ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ ചിലര്‍ അദ്ദേഹത്തെ കൊണ്ടുനടക്കുകയാണ്. മോഡിയുടെ വികസന സങ്കല്‍പം ഇന്ത്യക്ക് യോജിച്ചതല്ല. മതേതരത്വമാണ് ഇന്ത്യയുടെ ശക്തി. അതിന് വിള്ളല്‍ വീഴ്ത്താനാണ് മോഡിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ബി.ജെ.പി ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മോഡിയല്ല രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പത്മശ്രീ സി.കെ. മേനോന് ഇന്‍കാസിന്‍െറ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസില്‍ പല പ്രശ്നങ്ങളുമുണ്ടെങ്കിലും രാജ്യത്തിന്‍െറ ഭാഗധേയം നിര്‍ണ്ണയിക്കുന്ന 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുമ്പിലുള്ളത്. സോണിയ ഗാന്ധി നയിക്കുന്നു യു.പി.എ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് രാജ്യത്തെ വികസനത്തിലേക്കാണ് നയിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളടക്കം സാമ്പത്തികമായി മൂക്കുകുത്തുമ്പോള്‍ ഇന്ത്യയും ചൈനയും മാത്രമാണ് സാമ്പത്തിക വളര്‍ച്ച നേടുന്നത്. നിതാഖാത് നിയമം കാരണം ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന സൗദിയിലെ മലയാളികളുടെ പുനരധിവാസത്തിനായി കേന്ദ്ര ഗവണ്‍മെന്‍റ് 100 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കെ.പി.സി.സിയും ഒ.ഐ.സി.സിയും പ്രധാന മന്ത്രിയെ നേരിട്ട് അറിയിക്കും. ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്ക് വേണ്ടി നോര്‍ക്കയും സംസ്ഥാന ഗവണ്‍മെന്‍റും സംയുക്തമായി പദ്ധതികള്‍ നടപ്പാക്കണം. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരെ ഇന്‍ഷൂര്‍ ചെയ്യാന്‍ ഒ.ഐ.സി.സി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസ് പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ്പ്രസിഡന്‍റും വക്താവുമായി എം.എം. ഹസന്‍, വി.ഡി. സതീശന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അജയ് മോഹന്‍, അബ്ദുല്ലത്തീഫ് മാങ്ങാട്, ഒ.ഐ.സി.സി ഗ്ളോബല്‍ പ്രസിഡന്‍റ് സി.കെ. മേനോന്‍, ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞ്, മുന്‍ മന്ത്രി ബാബു ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. മേനോനെ രമേശ് ചെന്നിത്തല പൊന്നാട അണിയിച്ചു. ഇന്‍കാസ് സെക്രട്ടറി അഡ്വ. സോനു അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞു. |
രാജ്യം നന്നാകാന്‍ അമ്മയെ സ്നേഹിക്കുക -കുട്ടികളോട് കലാം Posted: 07 Nov 2013 10:15 PM PST ഷാര്‍ജ: നല്ല സമൂഹവും അതുവഴി രാഷ്ട്ര വികസനവും സാധ്യമാകണമെങ്കില്‍ മാതാവിനെ സ്നേഹിക്കണമെന്ന് കുട്ടികളോട് ഡോ.എ.പി.ജെ.അബ്ദുല്‍കലാം. ഷാര്‍ജ പുസ്തകോത്സവ നഗരിയില്‍ സ്്കൂള്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി അമ്മയെ സ്നേഹിക്കേണ്ടതിന്‍െറ പ്രാധാന്യം ഉണര്‍ത്തിയത്. മാതാക്കളെ സന്തോഷിപ്പിക്കാനാണ് കുട്ടികള്‍ ശ്രമിക്കേണ്ടത്. അമ്മമാര്‍ സന്തോഷിച്ചാല്‍ വീട്ടില്‍ സന്തോഷം നിറയും. വീട് സന്തോഷിച്ചാല്‍ സമൂഹത്തിലും അതുണ്ടാകും. സമൂഹത്തിന്‍െറ സന്തോഷം രാജ്യത്തിന്‍െറ സന്തോഷമാകും. ഇന്നു മുതല്‍ തങ്ങളുടെ അമ്മമാരെ സന്തോഷിപ്പിക്കുമെന്ന പ്രതിജ്ഞ അദ്ദേഹം കുട്ടികളെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്തു. നന്മയുടെ ഒട്ടേറെ പാഠങ്ങള്‍ അദ്ദേഹം കുട്ടികളെകൊണ്ടു ഏറ്റുചൊല്ലിച്ചു. ഹൃദയത്തില്‍ നന്മയുണ്ടെങ്കില്‍ സ്വഭാവത്തിന് സൗന്ദര്യം വരും. സ്വഭാവം നന്നായാല്‍ വീട്ടില്‍ മൈത്രിയുണ്ടാകും. വീട്ടില്‍ ഐക്യമുണ്ടായാല്‍ രാഷ്ട്രത്തിനു ക്രമമുണ്ടാകും. രാഷ്ട്രത്തിന് ക്രമമുണ്ടായാല്‍ ലോകത്ത് സമാധാനമുണ്ടാകും-അദ്ദേഹം പറഞ്ഞത് കുട്ടികള്‍ ഏറ്റുചൊല്ലി. കുട്ടികളുടെ മനസ്സില്‍ നന്മയുണ്ടാക്കാന്‍ പിതാവ്, മാതാവ്, പ്രൈമറി ക്ളാസിലെ അധ്യാപകര്‍ എന്നിവര്‍ക്കേ സാധിക്കൂ. മികവിന്‍െറ സംസ്കാരം ഉണ്ടാക്കിയെടുക്കണം. സംസ്കാരവും മികവും യാദൃശ്ചികമായി ഉണ്ടാകുന്നതല്ല. അതൊരു നീണ്ട പ്രക്രിയയാണ്. രാഷ്ട്രപതിയായിരിക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധനചെയ്യവെ താന്‍ ചൊല്ലിയ ‘കാഴ്ചപ്പാട്’ എന്ന കവിത കലാം വിദ്യാര്‍ഥികളെകൊണ്ട് ആവര്‍ത്തിച്ചു. എല്ലാവര്‍ക്കും കാഴ്ചപ്പാടുണ്ടാവണം. ഓരോ വ്യക്തിക്കും ഉത്തരവാദിത്തവും കടമകളുമുണ്ട്. പ്രശ്നങ്ങളില്‍ നിന്ന് പേടിച്ചുപിന്‍മാറരുത്. പ്രശ്നങ്ങളെ നേരിടുകയാണ് വേണ്ടത്. വിജയം വരിക്കാന്‍ ധൈര്യം വേണം. മറ്റുള്ളവരുടെ വിജയം ആസ്വദിക്കാന്‍ നമുക്കാകണമെന്നും അദ്ദേഹം കുട്ടികളെ ഉണര്‍ത്തി. മൂല്യാധിഷ്ഠിത വിദ്യഭ്യാസം വരുത്തിയ മാറ്റം അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. രാഷ്ട്രപതിയായിരിക്കുമ്പോള്‍ വിവിധ വൈകല്യങ്ങളുള്ള ആയിരത്തോളം കുട്ടികള്‍ തന്നെ കാണാന്‍ വന്നു. അവര്‍ക്ക് ‘ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ ആര്‍ക്കാണ് നമുക്ക് എതിര് നില്‍ക്കാനാവുക’ എന്ന് തുടങ്ങുന്ന’ കവിത ഞാന്‍ ചൊല്ലിക്കൊടുത്തു. അതുകേട്ടപ്പോള്‍ രണ്ടു കാലുമില്ലാത്ത മുസ്തഫ എന്ന കുട്ടി അവനെഴുതിയ ‘ധൈര്യം’ എന്ന കവിത പാടി. ‘എനിക്ക് കാലില്ലെങ്കിലൂം എന്‍െറ മനസ്സ് പറയുന്നു കരയരുത് കരയരുത്’ എന്നായിരുന്ന അതിലെ വരികള്‍. ആ കുട്ടിയുടെ ആത്മവിശ്വാസം കണ്ട് അദ്ഭുതപ്പെട്ടുപോയി. യു.എ.ഇയുടെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 1,800 ഓളം കുട്ടികളാണ് അവരുടെ പ്രിയപ്പെട്ട കലാം അങ്കിളിനെ കാണാനും കേള്‍ക്കാനുമായി എത്തിയത്്. ഏതാനും കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കി. 10 വര്‍ഷം കൊണ്ട് ഇന്ത്യ വികസിതരാജ്യമാകുമെന്ന സ്വപ്നം എങ്ങിനെയാണ് പൂവണിയുകയെന്നും അതില്‍ യുവതലമുറയുടെ പങ്ക് എന്തായിരിക്കുമെന്നുമായിരുന്നു വൈഷ്ണവി എന്ന വിദ്യാര്‍ഥിനിയുടെ സംശയം. പഠിക്കുക,പഠിക്കുക, പഠിക്കുക എന്നായിരുന്നു കലാമിന്‍െറ മറുപടി. അവനവന്‍െറ വിഷയത്തില്‍ മികവ് നേടി അധ്യാപകരും ഡോക്ടറും എന്‍ജിനീയറും ശാസ്ത്രജഞരും മികച്ച ഭരണാധികാരികളുമാകുക. സത്യസന്ധരായ രാഷ്ട്രീയക്കാരും ഉണ്ടാകണം. ഇവരെല്ലാം ചേര്‍ന്ന് രാജ്യത്തെ മുന്നോട്ടു നയിക്കും. വിഷ്ണു എന്ന കുട്ടിയുടെ ചോദ്യം ഏറെ പ്രസ്കതമായിരുന്നു. വലിയൊരു വിഭാഗം പട്ടിണിയിലും മറ്റൊരു വിഭാഗം സമ്പന്നതയിലും കഴിയുമ്പോള്‍ ഇന്ത്യ എങ്ങനെ വികസിതമാകുമെന്നായിരുന്നു ചോദ്യം. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളുടെയും പ്രശ്നം ഗ്രാമങ്ങളാണെന്നായിരുന്നു കലാമിന്‍െറ മറുപടി. ഇന്ത്യയില്‍ ആറുലക്ഷം ഗ്രാമങ്ങളുണ്ട്. 70 കോടി ജനങ്ങള്‍ അവിടെ കഴിയുന്നു.ഇവര്‍ക്ക് നഗരങ്ങളിലെ സൗകര്യങ്ങള്‍ നല്‍കുകയാണ് വേണ്ടത്. റോഡുകളും പാലങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും വിജ്ഞാനം നേടാനുള്ള സൗകര്യങ്ങളും ഗ്രാമങ്ങളിലെത്തിയാല്‍ ഓരോ ഗ്രാമവും സാമ്പത്തികമായി പുരോഗമിക്കും. ഇതോടെ പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം കുറയും. 10 വര്‍ഷം കൊണ്ട് ഇക്കാര്യത്തില്‍ ഏറെ മാറ്റമുണ്ടാവുക തന്നെ ചെയ്യും-അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയായതോ ശാസ്ത്രജ്ഞനായതോ ഏതാണ് കുടുതല്‍ ഇഷ്ടമെന്ന് മറ്റൊരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് അധ്യാപകനാകാനാണ് തനിക്കിഷ്ടമാണെന്നായിരുന്നു ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍െറ മറുപടി. |
ഇന്ത്യ 453 ന് പുറത്ത്; 219 റണ്‍സ് ലീഡ് Posted: 07 Nov 2013 10:14 PM PST കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്‍്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 453 ന് പുറത്തായി. ഇതോടെ വെസ്റ്റിന്‍ഡീസിന്‍്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 234 റണ്‍സിനെതിരെ ഇന്ത്യയുടെ ലീഡ് 219 റണ്‍സായി. ആര്‍. അശ്വിനും രോഹിത് ശര്‍മയും ഏഴാം വിക്കറ്റില്‍ നേടിയ റെക്കോര്‍ഡ് കൂട്ടുകെട്ടിന്‍്റെ പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സുമായാണ് ഇന്ന് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഇന്നലെ കളി അവസാനിക്കുമ്പോള്‍ 92 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു അശ്വിന്‍. ഇന്ത്യക്കുവേണ്ടി അശ്വിന്‍ 210 പന്തില്‍ നിന്ന് 124 റണ്‍സെടുത്തു. 127 റണ്‍സുമായി ഇന്ന് ബാറ്റിങ് തുടങ്ങിയ രോഹിത് ശര്‍മ 177 റണ്‍സെടുത്തു. വെസ്റ്റിന്‍ഡീസിനു വേണ്ടി ഷില്ലിങ്ഫോഡ് ആറു വിക്കറ്റ് വീഴ്ത്തി. |
അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു Posted: 07 Nov 2013 09:04 PM PST കോട്ടക്കല്‍: മധ്യസ്ഥ ശ്രമത്തിനിടെ മുസ്ലിം ലീഗ് എം.എല്‍.എ എം.പി അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു.ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ് ആക്രമണമുണ്ടായത്. അഞ്ചു വര്‍ഷം മുമ്പ് പള്ളി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കക്ഷിയായ യുവാവ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സമദാനിയുടെ ഓഫിസ് മുറിയില്‍ കയറി വാതിലടച്ച ശേഷം സമദാനിക്ക് നേരെ കത്തിവീശുകയായിരുന്നു. മുഖത്തിനു നേരെ വീശിയ കത്തിയില്‍ നിന്നും രക്ഷപ്പെടാനായി ഒഴിഞ്ഞുമാറുന്നതിനിടെ സമദാനിക്ക് മൂക്കില്‍ കുത്തേല്‍ക്കുകയായിരുന്നു. മൂക്കിന് പരിക്കേറ്റ സമദാനിയെ ഉടനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്‍്റെ എല്ലിനു പൊട്ടലുണ്ട്. പരിശോധനക്കു ശേഷം മുറിയിലേക്ക് മാറ്റിയതായി ആശുപത്രി ഡയറക്ടര്‍ ഡോ.മോഹനകൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പരിക്കേറ്റ പ്രതി പുളിക്കല്‍ കുഞ്ഞാവ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. |
ആ ചിത്രത്തില്‍ നിങ്ങള്‍ കണ്ടത് ഗുജറാത്തിനെയാണ്... Posted: 07 Nov 2013 07:45 PM PST കോഴിക്കോട്: ആ ചിത്രത്തില്‍ നിങ്ങള്‍ കണ്ടത് എന്നെയല്ല; ഗുജറാത്തിന്‍െറ ദൈന്യതയായിരുന്നു -രാജ്യത്തെ നടുക്കിയ ഭീകരമായ കലാപത്തിന്‍െറ മുഴുവന്‍ ക്രൂരതയും ഒരു ഫ്രെയ്മില്‍ ഒതുങ്ങി അതിവാചാലമായി ലോകത്തോടു പറഞ്ഞ ഖുത്ബുദ്ദീന്‍ അന്‍സാരി ആ കലാപത്തിന്‍െറ നാളുകളെക്കുറിച്ച് പറയുന്നു. കോഴിക്കോട് കടപ്പുറത്ത് ‘മുഖ്യധാര’ ത്രൈമാസികയുടെ ആദ്യ പ്രതി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അന്‍സാരി. 2002ല്‍ ഗോധ്രയില്‍ തീവണ്ടിക്ക് തീപിടിക്കുമ്പോള്‍ അതൊരു കലാപമായി മാറുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. റഹ്മത്ത് നഗറിലെ വീട്ടില്‍ ഭയന്നുവിറച്ചാണ് ഞാന്‍ കഴിഞ്ഞത്. കാവിക്കൊടിയും വാളുകളുമായി ആളുകള്‍ ആക്രോശിച്ച് ഓടിയടുത്തു. തെരുവുകളില്‍ അപ്പോള്‍ തീയാളുകയായിരുന്നു. മരണത്തെ മുന്നില്‍ കണ്ട നിമിഷമായിരുന്നു അത്. പെട്ടെന്നാണ് ദ്രുതകര്‍മ സേനയുടെ വാഹനം തെരുവിലൂടെ വരുന്നത് കണ്ടത്. പൊട്ടിക്കരഞ്ഞുപോയ നിമിഷം. തെരുവിലൂടെ നീങ്ങിക്കൊണ്ടിരുന്ന സേനയുടെ വാഹനത്തെ നോക്കി കൈകൂപ്പി നിലവിളിച്ചു. ആ നിമിഷം റോയിട്ടറിന്‍െറ കാമറാമാന്‍ ആര്‍ക്കോ ദത്ത് അത് കാമറയില്‍ പകര്‍ത്തിയത് ഞാനറിഞ്ഞില്ല. പിന്നീടത് ലോകം മുഴുവന്‍ പരക്കുകയും നിങ്ങള്‍ അറിയുന്ന ഖുത്ബുദ്ദീന്‍ അന്‍സാരിയായി മാറുകയുമാണുണ്ടായത് -അന്‍സാരി പറഞ്ഞു. അന്ന് സേനയാണ് തന്നെ രക്ഷപ്പെടുത്തിയത്. ഗുജറാത്തിലെ എല്ലാ ഹിന്ദുക്കളും വര്‍ഗീയവാദികളല്ല. കലാപസമയത്ത് നിരവധി പേരെ രക്ഷപ്പെടുത്തിയത് ഹിന്ദുക്കളായിരുന്നു. ഹര്‍ത്താലാണെന്നറിയാതെ ജോലിക്കുപോയ മുസ്ലിം ചെറുപ്പക്കാരനെ അക്രമികള്‍ തെരുവില്‍ വെട്ടിവീഴ്ത്തിയപ്പോള്‍ അയാളെ സ്വന്തം കാറില്‍ കയറ്റി രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുപോയി 12 ദിവസം പരിചരിച്ചത് ഹിന്ദുവായിരുന്നു. അവര്‍ ഇന്നും സഹോദരങ്ങളെപ്പോലെ ഗുജറാത്തില്‍ കഴിയുന്നു. മനുഷ്യര്‍ സഹോദരങ്ങളെപ്പോലെ കഴിയുന്ന ഗുജറാത്തില്‍ വിദ്വേഷം സൃഷ്ടിച്ചത് മോഡിയാണ്. രാഷ്ട്രീയക്കാരാണ് നമ്മളെ ഹിന്ദുക്കളും മുസ്ലിംകളുമായി വിഭജിക്കുന്നതെന്നും അവരാണ് കലാപങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അന്‍സാരി പറഞ്ഞു. മുസഫര്‍നഗറില്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന്‍െറ റിമോട്ട് കണ്‍ട്രോള്‍ മോഡിയുടെ കൈയിലാണ്. അത് ഇനിയും കലാപങ്ങള്‍ സൃഷ്ടിക്കുമെന്നും അന്‍സാരി പറഞ്ഞു. |
അണ്ടര്‍ 17 ലോകകപ്പ് : കൗമാരചാമ്പ്യന്മാരെ ഇന്നറിയാം Posted: 07 Nov 2013 07:42 PM PST അബൂദബി: ലോകഫുട്ബാളിലെ കൗമാരചാമ്പ്യന്മാരെ നിര്‍ണയിക്കാന്‍ വെള്ളിയാഴ്ച കിരീടപ്പോരാട്ടം. ഗ്രൂപ് റൗണ്ടില്‍ കൊമ്പുകോര്‍ത്ത നൈജീരിയയും മെക്സികോയും തമ്മിലാണ് അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ മാറ്റുരക്കുന്നത്. 16ന് സ്വന്തമാക്കിയ തകര്‍പ്പന്‍ ജയത്തിന്‍െറ ആവേശത്തിലാണ് നൈജീരിയയെങ്കില്‍, പ്രതികാരാഗ്നിയില്‍ ജ്വലിക്കുകയാണ് മെക്സിക്കന്‍ തിരമാലകള്‍. യു.എ.ഇ സമയം രാത്രി എട്ടിന് (ഇന്ത്യന്‍ സമയം രാത്രി 9.30) അബൂദബി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലാണ് കിരീടപ്പോര്. വൈകീട്ട് മൂന്നാം സ്ഥാനത്തിനായി സ്വീഡനും അര്‍ജന്‍റീനയും മാറ്റുരക്കും. മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട എഫ് ഗ്രൂപ്പിലെ നാലു ടീമില്‍ മൂന്നും സെമിയിലത്തെി ചരിത്രം സൃഷ്ടിച്ചപ്പോള്‍ നൈജീരിയയാണ് മുന്നിലത്തെിയത്. മൂന്നുതവണ ചാമ്പ്യന്മാരായ സൂപ്പര്‍ ഈഗ്ള്‍സ് ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍, മെക്സികോ തോല്‍വിയോടെയാണ് തുടങ്ങിയത്. അല്‍ഐനില്‍ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ നൈജീരിയ നിലവിലെ ചാമ്പ്യന്മാരായ മെക്സികോയെ കശാപ്പുചെയ്യുകയായിരുന്നു. ആദ്യപകുതിയില്‍ 21ന് മാത്രം മുന്നിലായിരുന്ന ആഫ്രിക്കക്കാര്‍ പിന്നീട് നാലു ഗോളുകള്‍ കൂടി വടക്കേഅമേരിക്കന്‍ ചാമ്പ്യന്മാരുടെ വലയില്‍ അടിച്ചുകയറ്റി. നാലുഗോളടിച്ച സ്ട്രൈക്കര്‍ കൊലേച്ചി ഇഹിനാച്ചോയായിരിക്കും ഇന്ന് മെക്സികോയുടെ പേടിസ്വപ്നം. ഗോളടിവീരന്മാര്‍ ഇനിയുമുണ്ട്് നൈജീരിയന്‍ നിരയില്‍. തയ്വോ അവോനിയിയും മൂസ യഹ്യയും ടൂര്‍ണമെന്‍റില്‍ നാലുഗോളിന് ഉടമകളാണ്. ഏതു പ്രതിരോധവും തച്ചുതകര്‍ക്കുന്ന ത്രിമൂര്‍ത്തികള്‍. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും നൈജീരിയയാണ്ആറു കളികളില്‍ നിന്ന് 23 എണ്ണം. വഴങ്ങിയതാകട്ടെ അഞ്ചെണ്ണവും. ഡെലെ അലമ്പാസു എന്ന ഗോള്‍കീപ്പറുടെ മികവാണ് അത് കാണിക്കുന്നത്. അതേസമയം, നൈജീരിയയോടേറ്റ തോല്‍വിയാണ് മെക്സികോക്ക് ഊര്‍ജം പകര്‍ന്നത്. 17 വയസ്സിനു താഴെയുള്ള ഒരുനിര എളുപ്പം തകര്‍ന്നുപോകുന്ന മാരകപ്രഹരം തന്നെയായിരിന്നു അത്. പക്ഷേ, എത്രപെട്ടെന്നാണ് മെക്സികോ കുട്ടികള്‍ കുതറിയെണീറ്റ് ആത്മവിശ്വാസം വീണ്ടെടുത്തത്. കലാശപ്പോരിനുള്ള വഴിയില്‍ അവര്‍ ചവിട്ടിയരച്ചത് ബ്രസീലിനെയും അര്‍ജന്‍റീനയെയും ഇറ്റലിയെയുമെല്ലാമാണ്. അതുതന്നെയാണ് നൈജീരിയയുടെ ഉറക്കം കെടുത്തുന്നതും. എതിരാളികളുടെ നീക്കങ്ങള്‍ മുന്നില്‍കണ്ട് അവയെ പ്രതിരോധിക്കുകയും കളിക്കിടയില്‍ രൂപപ്പെടുന്ന ശൂന്യസ്ഥലങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് റൗള്‍ ഗുട്ടിറസിന്‍െറ കുട്ടികള്‍. മാര്‍കോ ഗ്രനഡോസും ഇവാന്‍ ഒച്ചാവോയും ചേര്‍ന്നാല്‍ എതിര്‍ ഗോള്‍മുഖം വിറക്കും. മധ്യനിരയില്‍ ഉലിസസ് റിവാസും ഒമര്‍ ഗോവിയയുമാണ് കളി നിയന്ത്രിക്കുന്നത്. ഫുട്ബാളിലെ വന്‍ശക്തി ഭൂഖണ്ഡങ്ങളായ തെക്കേഅമേരിക്കയും യൂറോപ്പും സെമിയില്‍ പുറത്തായെങ്കിലും അതേ കേളീശൈലിയുടെ വക്താക്കളാണ് കലാശപ്പോരിനിറങ്ങുന്നത്. ചന്തമാര്‍ന്ന കുറിയ പാസുകളുടെ ആവൃത്തിയില്‍ മുന്നേറുന്ന ബ്രസീലിയന്‍ ശൈലിയാണ് നൈജീരിയ യു.എ.ഇയില്‍ പയറ്റുന്നത്. |
No comments:
Post a Comment