സ്വാഗതം
WELCOME

News Update..

Wednesday, November 27, 2013

സ്കൂള്‍ കായികമേളയില്‍ മലപ്പുറത്തിന്‍െറ സൂപ്പര്‍ ഫിനിഷ് Madhyamam News Feeds

സ്കൂള്‍ കായികമേളയില്‍ മലപ്പുറത്തിന്‍െറ സൂപ്പര്‍ ഫിനിഷ് Madhyamam News Feeds

Link to

സ്കൂള്‍ കായികമേളയില്‍ മലപ്പുറത്തിന്‍െറ സൂപ്പര്‍ ഫിനിഷ്

Posted: 26 Nov 2013 11:14 PM PST

Subtitle: 
ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി നാലാം സ്ഥാനം, 4x400 റിലേയില്‍ മീറ്റ് റെക്കോഡ്
കൊച്ചി: സ്പോര്‍ട്സ് സ്കൂളുകളോടും പണക്കൊഴുപ്പിനോടും മത്സരിച്ച് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മലപ്പുറത്തിന്‍െറ കുട്ടികളുടെ സൂപ്പര്‍ ഫിനിഷ്. ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി 68 പോയന്‍റ് നേടി ജില്ലാ നാലാം സ്ഥാനത്തെത്തി. അവസാനദിനം രണ്ട് വീതം സ്വര്‍ണം, വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ജില്ലയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. കഴിഞ്ഞവര്‍ഷം കേവലം 28 പോയന്‍റ് നേടി ചെറിയ ജില്ലകളായ ഇടുക്കിക്കും വയനാടിനുമെല്ലാം പിറകില്‍ പത്താമതായിരുന്നു മലപ്പുറം.
സീനിയര്‍ ബോയ്സ് 4 x 400 റിലേ ടീമും സീനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയില്‍ വളയംകുളം എം.വി.എം.ആര്‍.എച്ച്.എസ്.എസിലെ സനിതാസാജനുമാണ് അവസാനദിനം സ്വര്‍ണം നേടിയത്. ഏറ്റവും അവസാന ഇനമായിരുന്ന റിലേയില്‍ മീറ്റ് റെക്കോര്‍ഡെയുള്ള മലപ്പുറത്തിന്‍െറ കരുത്തുറ്റ നേട്ടത്തോടെയാണ് മേളക്ക് കൊടിയിറങ്ങിയത്.  റിലേയില്‍ 2010ല്‍ എറണാകുളം കുറിച്ച 3:23:11 എന്ന മീറ്റ് റെക്കോഡ് മറികടന്ന് 3:19:81 ലാണ് ജില്ലാ ടീം ഓടിയെത്തിയത്. ഗേള്‍സ് ഹാമര്‍ത്രോയിലും സീനിയര്‍ ബോയ്സ് ട്രിപ്പ്ള്‍ ജമ്പിലും മലപ്പുറം രണ്ടുവീതം മെഡലുകള്‍ സ്വന്തമാക്കി. ട്രിപ്പ്ള്‍ ജമ്പില്‍ തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ പി.വി സുഹൈല്‍ (14.86 സെക്കന്‍ഡ്) വെള്ളിയും കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ ബി.പി മോനു വെങ്കലവും നേടി. സീനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയില്‍ വെങ്കലത്തിലേക്കെറിഞ്ഞ തിരുന്നാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ കെ. ജുബിമോളിലൂടെയാണ് (32.13 മീറ്റര്‍) രണ്ടാം മെഡലെത്തിയത്. 
ജൂനിയര്‍ ബോയ്സ് 200 മീറ്റര്‍ 22.76 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വെള്ളി സ്വന്തമാക്കിയ ടി.കെ സുഫൈദ് ( കരുവാരകുണ്ട് ജി.എച്ച്.എസ്.എസ്) മീറ്റിലെ മൂന്നാം മെഡലാണ് നേടിയത്. നേരത്തെ 100 മീറ്ററില്‍ വെള്ളിക്ക് അവകാശിയായ സുഫൈദ് സ്വര്‍ണം നേടിയ 4x100 റിലേ ടീമിലും അംഗമായിരുന്നു. ലോങ് ജമ്പില്‍ സ്വര്‍ണം നേടിയ സുഹൈലിനും രണ്ട് മെഡലായി.  
സബ് ജൂനിയര്‍ ബോയ്സ് 200 മീറ്റര്‍ ഓട്ടത്തില്‍ 25.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വെളിമുക്ക് സി.ആര്‍.എച്ച്.എസ്.എസിലെ എം. മുഹമ്മദ് മുര്‍ഷിദും ജൂനിയര്‍ ബോയ്സ് ഷോട്ട്പുട്ടില്‍ 12.86 മീറ്റര്‍ എറിഞ്ഞ് പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസിലെ പി. റബീഹും സീനിയര്‍ ബോയ്സ് 200 മീറ്ററില്‍ പന്തല്ലൂര്‍ എച്ച്.എസ്.എസിലെ പി. ജിജുലാലുമാണ് (22.48 സെക്കന്‍ഡ്) അവസാനദിനം വെങ്കലം നേടിയ മറ്റുള്ളവര്‍.
സീനിയര്‍ ഗേള്‍സ് ജാവലിന്‍ ത്രോയില്‍ സി.കെ പ്രജിത (തിരുന്നാവായ നാവാമുകുന്ദ എച്ച്.എസ്.എസ്), സീനിയര്‍ ബോയ്സ് 100 മീറ്ററില്‍ വളയംകുളം എം.വി.എം.ആര്‍ എച്ച്.എസ്.എസിലെ കെ.പി അശ്വിന്‍ എന്നിവരും കഴിഞ്ഞദിവസങ്ങളില്‍ മലപ്പുറത്തിന് വേണ്ടി സ്വര്‍ണം നേടിയിരുന്നു. ഹൈജമ്പില്‍ കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ കെ.കെ ദില്‍ഷിന്‍, ജൂനിയര്‍  ബോയ്സ് ജാവലിന്‍ ത്രോയില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി. ഫസലുദ്ദീന്‍,  സബ് ജൂനിയര്‍ ഹൈജമ്പില്‍ എന്‍. ബാസില്‍ മുഹമ്മദ് എന്നിവര്‍ നേരത്തെ വെള്ളിയും സ്വന്തമാക്കി.  സീനിയര്‍ ബോയ്സ് 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ തവനൂര്‍ കെ.എം.ജി.വി.എച്ച്.എസ്.എസിലെ എം.പി ജാബിര്‍ വെങ്കലവും നേടി. മീറ്റിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് 2012ല്‍ മലപ്പുറത്തുകാര്‍ തിരുവനന്തപുരത്ത് കാഴ്ചവെച്ചത്. 2011ല്‍ 62 പോയന്‍റുമായി നാലാം സ്ഥാനത്തായിരുന്നു ജില്ല. 2010ല്‍ 28 പോയന്‍റില്‍ ലഭിച്ചതാവട്ടെ ഒമ്പതാം സ്ഥാനവും. മലപ്പുറത്തിന്‍െറ കുതിപ്പിനായിരിക്കും വരും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കുകയെന്ന് താരങ്ങളും പരിശീലകരും ഒരേ സ്വരത്തില്‍ പറയുന്നു.
 

കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനാനുമതി റദ്ദാക്കി

Posted: 26 Nov 2013 10:42 PM PST

Image: 

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കി.   വ്യവയസായ  വകുപ്പിന്‍്റെ ശിപാര്‍ശയെ  തുടര്‍ന്നാണ് കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത് ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചത്. ചക്കിട്ടപ്പാറയിലെയും മാവൂര്‍, കാക്കൂര്‍ വില്ളേജുകളിലെയും ഖനനാനുമതിയാണ് റദ്ദാക്കിയത്.

മാവൂര്‍, കാക്കൂര്‍, ചക്കിട്ടപ്പാറ വില്ളേജുകളിലെ നിരവധി കുന്നുകളില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയ വാര്‍ത്ത 2013 മെയ് ആറിന് ‘മാധ്യമം’ ആണ് ആദ്യം പുറത്തുകൊണ്ടുവന്നത്. മാവൂര്‍ വില്ളേജിലെ പെന്‍പാറ കുന്നിലും ചക്കിട്ടപ്പാറ വില്ളേജിലെ കുന്നുകളിലുമാണ് ഇരുമ്പയിര് ഖനനത്തിന് തെരഞ്ഞെടുത്തിരുന്നത്. ഇതു സംബന്ധിച്ച് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നിരുന്ന കാര്യവും ‘മാധ്യമം’ ചൂണ്ടിക്കാണിച്ചിരുന്നു.

ഇടത് സര്‍ക്കാറിന്‍െറ കാലത്ത് വ്യവസായ വകുപ്പാണ് കോഴിക്കോട് ജില്ലയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്. കര്‍ണാടക കേന്ദ്രമായ എം.എസ്.പി.എല്‍ എന്ന കമ്പനിക്ക് 2009 ലാണ് ഖനനത്തിന് അനുമതി നല്‍കിയിരുന്നത്.

http://www.madhyamam.com/news/228877/130605
 

കാര്‍ഷിക ഭൂമിയില്‍ ജൈവ പുതയിടല്‍ അനുവദിക്കണം; ബ്ളോക് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു

Posted: 26 Nov 2013 10:41 PM PST

തൊടുപുഴ: തൊഴിലുറപ്പ് പദ്ധതിപ്രകാരം കാര്‍ഷിക ഭൂമിയില്‍ ജൈവ പുതയിടല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, തൊടുപുഴ ബ്ളോക് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പ്രസിഡന്‍റ് അടക്കമുള്ള ജനപ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചൊവ്വാഴ്ച രാവിലെ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് സഫിയ ബഷീറിന്‍െറ നേതൃത്വത്തില്‍ എത്തിയ ജനപ്രതിനിധികള്‍ ബി.ഡി.ഒയുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ചര്‍ച്ച ഉപരോധത്തിലേക്ക് മാറുകയുമായിരുന്നു. കാര്‍ഷിക ഭൂമിയില്‍ ജൈവ പുതയിടല്‍ അടക്കമുള്ള ജോലികള്‍ക്ക് നേരത്തെ സര്‍ക്കാര്‍ തടസ്സം ഏര്‍പ്പെടുത്തിയിരുന്നു. 
എന്നാല്‍, തടസ്സം നീക്കം ചെയ്തുകൊണ്ടുള്ള സര്‍ക്കാറിന്‍െറ ഉത്തരവിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് മൂന്നുമാസം മുമ്പ് അനുമതി തേടി ബ്ളോക് പഞ്ചായത്തിനെ സമീപിച്ചിരുന്നു. 
ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ട നടപടിക്രമങ്ങള്‍ മൂന്ന് മാസമായിട്ടും ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ പോലും ബ്ളോക് പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ചാണ് ജനപ്രതിനിധികള്‍ ബി.ഡി.ഒയെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.പ്രസിഡന്‍റിനെ കൂടാതെ വൈസ് പ്രസിഡന്‍റ് എ.കെ. സുഭാഷ്കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.എം. മുജീബ്, എല്‍സി ഫ്രാന്‍സിസ്, എന്‍.എം. ലൗലി, പഞ്ചായത്ത്അംഗങ്ങളായ ബേബി തോമസ്, ദീപ സന്തോഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്വകാര്യ ബസ് ഗ്രൂപ് ലോബിയുടെ ഒത്തുകളി സമരം ജനങ്ങളെ ബന്ദികളാക്കി

Posted: 26 Nov 2013 10:30 PM PST

പത്തനംതിട്ട: വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെര്‍മിറ്റില്ലാതെ ലിമിറ്റഡ് സ്റ്റോപ് ബോര്‍ഡ് സ്ഥാപിച്ച് സര്‍വീസ് നടത്തിയ ബസ്പൊലീസ് പിടിച്ചെടുത്തതില്‍ സ്വകാര്യബസ് ഗ്രൂപ്പുകാര്‍ വാശിതീര്‍ത്തത് പലവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തിയ ജനങ്ങളോടും അയ്യപ്പ ഭക്തരോടും. കോന്നി കേന്ദ്രമായ വേണാട് ഗ്രൂപ്പ് പ്രഖ്യാപിച്ച മിന്നല്‍ പണിമുടക്കില്‍ ജനം അക്ഷരാര്‍ഥത്തില്‍ ബന്ദികളായി. 
രാവിലെ പത്തോടെ നഗരാതിര്‍ത്തിയില്‍ തൊഴിലാളികളെന്ന വ്യാജേന സ്വകാര്യ ഗ്രൂപ്പുകാര്‍ ഇറക്കിയവര്‍ മറ്റ് ബസുകള്‍ തടഞ്ഞ് പണിമുടക്കാന്‍ ആവശ്യപ്പെടുകയും യാത്രക്കാരെ പെരുവഴിയിലിറക്കിവിടുകയും ചെയ്തു. ഇതെല്ലാം കണ്ടിട്ടും മോട്ടോര്‍വാഹന വകുപ്പും പൊലീസും ജില്ലാഭരണകൂടവും നോക്കികുത്തിയായി മാറി.
 മിന്നല്‍ പണിമുടക്ക് വന്‍കിട ബസ് മുതലാളി തന്നെ പ്ളാന്‍  ചെയ്ത് നടപ്പാക്കിയതാണ്. വ്യാജ പെര്‍മിറ്റ് ബോര്‍ഡ് വെച്ച് സര്‍വീസ് നടത്താനൊരുങ്ങിയ വേണാട് ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള ഒരു ബസ് തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട നഗരസഭ സ്വകാര്യബസ്സ്റ്റാന്‍ഡില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 
പത്തനംതിട്ട-പുനലൂര്‍ റോഡില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് വാക്കേറ്റം നടക്കുകയും ഇറക്കിവിടുകയും ചെയ്തിരുന്നു.  വിദ്യാര്‍ഥികള്‍  തടഞ്ഞതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധമായി വേണാട് ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള സ്വകാര്യബസുകള്‍ ചൊവ്വാഴ്ച ഓടിയില്ല. 
മറ്റ് ബസുകള്‍ പതിവുപോലെ സര്‍വീസ് ആരംഭിച്ചു. തങ്ങളുടെ സ്വയം പ്രഖ്യാപിത പണിമുടക്ക് ഏശുകില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ പത്തോടെ രണ്ട് സംഘങ്ങളെ നഗരാതിര്‍ത്തിയില്‍ ഇറക്കി മറ്റ് ബസുകള്‍ തടഞ്ഞു. ബസുകള്‍ പെട്ടെന്ന് സര്‍വീസ് നിര്‍ത്തിവെച്ചതോടെ ജില്ലാ ആസ്ഥാനത്ത് വിവിധ ആവശ്യങ്ങളുമായി  എത്തിയവരും അയ്യപ്പഭക്തരും ഏറെ വലഞ്ഞു. പിന്നീട് പലരും സ്വകാര്യ വാഹനങ്ങളെയും കെ.എസ്.ആര്‍.ടി.സിയെയും ആശ്രയിച്ചു. ജില്ലാ ആസ്ഥാനത്ത് എത്തിയ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥടകരും വലഞ്ഞു. 
 ജനങ്ങളെ നഗരത്തിലെത്തിച്ച് രാവിലെ പത്തോടെ സമരം തുടങ്ങിയാലേ വിജയിക്കുകയുള്ളൂ എന്ന വന്‍ കിട ഗ്രൂപ്പിന്‍െറ തീരുമാനമാണ് നടപ്പായത്. ജില്ലാ ഭരണകൂടവും പൊലീസും മോട്ടോര്‍ വാഹനവകുപ്പും തങ്ങളുടെ റോള്‍ മറന്ന് ഇവര്‍ക്ക് മുന്നില്‍ തോറ്റുകൊടുത്തു. ബസുകള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസും മുന്നോട്ട് വന്നില്ല. 
മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഒന്നുമറിഞ്ഞില്ലായെന്ന് അഭിനയിച്ചു. ഇവരില്‍നിന്ന് രക്ഷപ്പെടാനായി മറ്റ് ബസുകള്‍ റിങ്റോഡുകളില്‍ യാത്രക്കാരെ ഇറക്കി രക്ഷപ്പെടുകയായിരുന്നു. 
 പെര്‍മിറ്റില്ലാത്ത സ്വകാര്യബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പായി ഓടുന്നെന്ന ആരോപണം ദിവസങ്ങളായി നിലനില്‍ക്കുകയാണ്. ഇത്തരം ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്നത് സംഘര്‍ഷം പതിവാക്കിയിരുന്നു. പത്തനംതിട്ട-പുനലൂര്‍-റാന്നി-പുനലൂര്‍ റൂട്ടുകളില്‍ വേണാട് ഗ്രൂപ്പിന് 40 ബസുകളുടെ പെര്‍മിറ്റാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരു ബസിന് മാത്രമാണ് ലിമിറ്റഡ് സ്റ്റോപ്പിനുള്ള പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. 
സ്കൂള്‍, കോളജ് സമയത്ത് വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ഇവരുടെ മറ്റ് ബസുകളിലും ലിമിറ്റഡ്സ്റ്റോപ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സര്‍വീസ് നടത്തുകയാണ്. പത്തനാപുരം, കോന്നി, റാന്നിഎന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ജില്ലാ ആസ്ഥാനത്താണ് പഠിക്കാനായി എത്തുന്നത്. 
കഴിഞ്ഞ വെള്ളിയാഴ്ചയും ലിമിറ്റഡ്്സ്റ്റോപ് പെര്‍മിറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സ്വകാര്യബസുകള്‍ പത്തനംതിട്ടയില്‍ മണിക്കൂറുകളോളം മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. 
നോട്ടീസ് നല്‍കാതെ ബസ്  പണിമുടക്കിയതിന് ബസ് ഉടമയായ വേണാട് ഷാജി, ഇദ്ദേഹത്തിന്‍െറ മകന്‍ എന്നിവര്‍ക്കെതിരെ പത്തനംതിട്ട ആര്‍.ടി.ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ബസുകള്‍ പണിമുടക്കാന്‍ പാടില്ലെന്നാണ് ചട്ടം.മോട്ടോര്‍ വാഹന വകുപ്പിന്‍െറ പരിശോധനകള്‍  ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായാണ് വേണാട് ബസ് ഉടമ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരോട് പറഞ്ഞത്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നത് വഴി വന്‍ നഷ്ടം ഉണ്ടാകുന്നതായുമാണ് ഇവര്‍ പറയുന്നത്.
ജില്ലയില്‍ സ്വകാര്യബസുകളെ സംബന്ധിച്ചുള്ള പരാതികള്‍ ഏറിവരുമ്പോഴും അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കാറില്ല. 
യാത്രാക്കാരോട്  അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. സമയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവായിട്ടുണ്ട്. അകാരണമായി സര്‍വീസ് നിര്‍ത്തിവെക്കുന്നതും വര്‍ധിച്ചുവരുന്നു.ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസിനെ തര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളും സ്വകാര്യബസ് ജീവനക്കാരില്‍നിന്ന് ഉണ്ടാകാറുണ്ട്. 
കഴിഞ്ഞ ഞായറാഴ്ച സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പത്തനംതിട്ട-ഗവി-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവറെ സീതത്തോട്ടില്‍ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്വകാര്യബസിലെ മൂന്ന് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
യാത്രക്കാരുമായി പോകുന്ന സ്വകാര്യബസുകള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്ന നടപടി ബുദ്ധിമുട്ട് ഉണ്ടാകുന്നതാണെന്ന് ഡിസ്ട്രിക്ട് പ്രൈവറ്റ്ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 
 ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി അഞ്ച് ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കണ്‍സഷന്‍ നല്‍കുന്നത്.
 വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും കണ്‍സഷന്‍ നല്‍കാന്‍ അവര്‍ തയാറല്ല. ജില്ലയിലെ മിക്ക റൂട്ടുകളിലൂടെയും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസ് നടത്തുന്നുണ്ട്.ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകള്‍ക്കും വേഗപ്പൂട്ട് ഘടിപ്പിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് ബാധകമായിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു.
 

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ മരണപാത

Posted: 26 Nov 2013 10:24 PM PST

Subtitle: 
അപകടങ്ങള്‍ തുടര്‍ക്കഥ
പാലാ: അപകടങ്ങളില്‍ അടിക്കടി ജീവന്‍ പൊലിഞ്ഞതോടെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയിലെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തം. മലയോര മേഖലയെ കോട്ടയം നഗരവും എം.സി റോഡുമായി ബന്ധിപ്പിക്കുന്ന റോഡിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. 2008 ലാണ് റബറൈസ്ഡ് ടാറിങ് നടത്തിയത്. നിര്‍മാണം പൂര്‍ത്തിയായതോടെ അപകടങ്ങള്‍ ഏറി. റോഡിന്‍െറ നിലവാരം ഉയര്‍ന്നതോടെ വാഹനങ്ങള്‍ കുതിച്ചുപായുകയാണ്. 33 കിലോമീറ്റര്‍ വരുന്ന റോഡില്‍ അഞ്ചുവര്‍ഷത്തിനിടെ 30 ഓളം ജീവനാണ് പൊലിഞ്ഞത്. ചൊവ്വാഴ്ച രാവിലെ കാര്‍ മരത്തിലിടിച്ച് 21കാരന്‍ മരിച്ചതാണ് അവസാന സംഭവം.
റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തണമെന്ന് നിര്‍മാണവേളയില്‍തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഇത് അവഗണിച്ച അധികൃതര്‍ അപകടങ്ങള്‍ പതിവായതോടെ വളവുകള്‍ നിവര്‍ത്താന്‍ കെ.എസ്.ടി.പിക്ക് നിര്‍ദേശം നല്‍കി. കടുവാമൂഴി, പനക്കപ്പാലം, ചുങ്കപ്പുര ജങ്ഷന്‍, അമ്പാറ ബാങ്ക് ജങ്ഷന്‍, ഭരണങ്ങാനം, കൊച്ചിടപ്പാടി, അരുണാപുരം ബൈപാസ്, വെട്ടിമുകള്‍ എന്നിവിടങ്ങളിലെ വളവുകള്‍ നിവര്‍ത്താനായിരുന്നു നിര്‍ദേശം. എന്നാല്‍ അരുണാപുരം, വെട്ടിമുകള്‍ ഭാഗങ്ങളെ ഒഴിവാക്കി. ഹൈവേ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം പൂര്‍ത്തീകരിച്ച ഹൈവേയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. 
23ന് രാത്രി പ്ളസ് വണ്‍ വിദ്യാര്‍ഥികളുമായി വാഗമണില്‍ ടൂര്‍ പോയി മടങ്ങുകയായിരുന്ന 46 അംഗ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 30ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അമിതവേഗമായിരുന്നു അപകട കാരണം. ഞായറാഴ്ച ഭരണങ്ങാനത്തുണ്ടായ അപകടത്തില്‍ ഇടപ്പാടി അളനാട് അരിക്കാട്ട് റോണിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബസ് ബൈക്കിലിടിക്കുകയായിരുന്നു. റോണിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവിടെയും അമിതവേഗമാണ് വില്ലന്‍. 
പാലാ-കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമാക്കിയാണ് മരണപ്പാച്ചില്‍ നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. 21ന് രാവിലെയാണ് ഭരണങ്ങാനം മേരിഗിരി ജങ്ഷനടുത്ത് ക്രിക്കറ്റ് കളി കാണാന്‍ കൊച്ചിക്ക് പുറപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചത്. അന്നുതന്നെ ഉച്ചക്കാണ്് പുലിയന്നൂര്‍ ജങ്ഷനടുത്ത് സ്കൂട്ടറില്‍ ലോറിയിടിച്ച്  സ്കൂട്ടര്‍ യാത്രക്കാരി ഏറ്റുമാനൂര്‍ കരൂര്‍പറമ്പില്‍ രേണുക മരിച്ചത്. 
താരതമ്യേന വീതികുറഞ്ഞ പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ ഹൈവേയില്‍ അമിത വേഗവും വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതുമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. മുമ്പ് വേഗനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. മുമ്പ് പ്രധാന ജങ്ഷനുകളിലെല്ലാം പൊലീസിനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍പ്പുങ്കലില്‍ സ്കൂള്‍ സമയത്ത് മാത്രമാണ് പൊലീസ് സേവനം. മദ്യപിച്ച് ഡ്രൈവിങ്ങും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള യാത്രയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഹൈവേയില്‍ രാത്രി വാഹനമോടിക്കുന്നവര്‍ ലൈറ്റുകള്‍ ഡിം ചെയ്യാറില്ല. പൊലീസ് ഹെല്‍മറ്റ് വേട്ടയിലും വാഹന പരിശോധനയിലും ഒതുങ്ങിയതോടെയാണ് അപകടങ്ങള്‍ വര്‍ധിച്ചത്. 
പുലിയന്നൂര്‍ ജങ്ഷനിലാണ് കൂടുതല്‍ അപകടം പതിയിരിക്കുന്നത്. അവിടെ റോഡിന്‍െറ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പുലിയന്നൂര്‍ കാണിക്കമണ്ഡപം ജങ്ഷനിലാണ് അശാസ്്ത്രീയത. പഴയ കോട്ടയം റോഡും ഹൈവേയുടെ അരുണാപുരം ബൈപാസും സംഗമിക്കുന്ന ഇവിടെ പാലത്തിന്് വീതി കുറവാണ്. മരിയന്‍ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഹൈവേയില്‍ പ്രവേശിക്കാന്‍ എതിര്‍വശത്തുനിന്നുള്ള വാഹനങ്ങളെ തടസ്സപ്പെടുത്തി റോഡിന്‍െറ പകുതിയില്‍ ഇറങ്ങിനില്‍ക്കണം. ഈ സമയത്ത് എതിരെ വരുന്ന വാഹനം ഓടിക്കുന്നയാള്‍ക്ക് മുന്‍പരിചയമില്ലെങ്കില്‍ ഹൈവേയും മരിയന്‍ റോഡും മനസ്സിലാക്കാന്‍ കഴിയാതെ വരും. കൂടാതെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് ഹൈവേയിലെ ഇടുങ്ങിയ പാലത്തിനോട് ചേര്‍ന്നാണ് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. മുന്നിലെ ബസ് നിര്‍ത്തുമ്പോള്‍ പിന്നിലുള്ള വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുക പതിവാണ്. ഈ സമയം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ലെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.ഗതാഗത, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ അതോറിറ്റിയും അപകടങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ അടിയന്തര നടപടികള്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും നാളുകളേറെയായിട്ടും തുടര്‍നടപടിയില്ല.
 

ഗവ.ലോ കോളജില്‍ സംഘര്‍ഷം

Posted: 26 Nov 2013 10:17 PM PST

കൊച്ചി: ഗവ.ലോ കോളജില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായും വിദ്യാര്‍ഥികള്‍ അധ്യാപകനെ മര്‍ദിച്ചതായും പരാതി. കോളജിലെ അധ്യാപകനും വാര്‍ഡനുമായ ഡോ.ഗിരിശങ്കറിനെ ഒരുസംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായാണ് പരാതി. 
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ കോളജ് കാമ്പസിലായിരുന്നു സംഭവം. കൈക്ക് സാരമായി പരിക്കേറ്റ അധ്യാപകനെ മറ്റ് വിദ്യാര്‍ഥികള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ത്രിവത്സര എല്‍എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ഥി പി.വൈ. ഷാജഹാന്‍, ത്രിവത്സര എല്‍എല്‍.ബി രണ്ടാംവര്‍ഷ വിദ്യാര്‍ഥി ഫിറോസ്, പഞ്ചവര്‍ഷ എല്‍എല്‍.ബി അവസാനവര്‍ഷ വിദ്യാര്‍ഥി ടിറ്റോ ആന്‍റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.  ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലോകോളജില്‍ റഗുലര്‍ ക്ളാസുകളുണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. മോശമായി പെരുമാറിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകന്‍ ആക്രമണത്തിനിരയായത്. സംഭവത്തില്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ കോളജില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അതേസമയം കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ചതായി കെ.എസ്.യു ആരോപിച്ചു. 
എറണാകുളം ലോ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്‍റ് നോബിള്‍ കുമാറിനെ മര്‍ദിച്ചതായാണ് പരാതി. കോളജിലെ എസ്.സി,എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ഹാജരില്ലെന്ന   കാരണം ഉന്നയിച്ച് പുറത്താക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതികരിച്ചതിനാണ് മര്‍ദനമെന്ന് കെ.എസ്.യു ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ചുദിവസമായി കോളജിലെ എല്ലാ യൂനിയനുകളും  സംയുക്തമായി സമരം നടത്തുന്നുണ്ട്.ഇതിനിടെ പ്രിന്‍സിപ്പലിന്‍െറ മുറിയിലേക്ക് നോബിളിനെ വിളിച്ചുകയറ്റി ഗിരിശങ്കര്‍ എന്ന അധ്യാപകന്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. അധ്യാപകന്‍െറ നടപടിയെ ചോദ്യം ചെയ്യാന്‍ എത്തിയ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാന്‍, ഫിറോസ് എന്നിവരെ തള്ളി താഴെയിടുകയും ചെയ്തു. പരിക്കേറ്റ കെ.എസ്.യു ഭാരവാഹികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധം നടത്തി. അധ്യാപകനെതിരെ കേസെടുക്കാമെന്ന സി.ഐയുടെ ഉറപ്പിന്മേല്‍ വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി,സബീര്‍ മുട്ടം, നൗഫാസ്,അന്‍ഷാദ്,ജിതിന്‍,സേതുരാജ്, വിവേക്, നിയാസ്, മിഥുന്‍, ജിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാറ്റ്, മഴ: അരൂരില്‍ വന്‍ നാശം

Posted: 26 Nov 2013 10:05 PM PST

അരൂര്‍: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റും മഴയും അരൂര്‍ മേഖലയില്‍ നാശംവിതച്ചു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളിലായി എഴുപതിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കായലോരമേഖലയായ കോട്ടപ്പുറം പ്രദേശത്താണ് ഏറെ നാശനഷ്ടം ഉണ്ടായത്. അരൂര്‍ പഞ്ചായത്തില്‍ മാത്രം 30 വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ അരൂര്‍ കായലിലെ രണ്ട് ചീനവലകളും ഒടിഞ്ഞുവീണു. പഞ്ചായത്തിലെ മഴുവഞ്ചേരി അഗസ്റ്റിന്‍, ചന്തിരൂര്‍ നികര്‍ത്തില്‍ പ്രസാദ്, നികര്‍ത്തില്‍ വിജയന്‍, കാട്ടിത്തറ സിബി, കുന്നുംപുറത്ത് ദിലീപ്കുമാര്‍, തെക്കേ ചേരുങ്കല്‍ അയ്യപ്പന്‍ വേലപ്പന്‍, കോട്ടപ്പുറം ഗോപാലന്‍, പടിഞ്ഞാറെ നികര്‍ത്തില്‍ ജാനകി, കിഴക്കേ ചേരുങ്കല്‍ ഷൈനു, കൊച്ചുപറമ്പില്‍ സേതുനാഥന്‍, കാരുണ്യാലയത്തില്‍ പ്രകാശന്‍, പോളാട്ട് രുഗ്മിണി, കോട്ടപ്പുറത്ത് രാജമ്മ, ചുങ്കത്തില്‍ തിലകന്‍, കൊച്ചുപറമ്പില്‍ സാബു, കൊച്ചുപറമ്പില്‍ ലോഹിതാക്ഷന്‍, വാലിച്ചിറ സുനില്‍കുമാര്‍, കൊച്ചുപറമ്പില്‍ മീനാക്ഷി, കൊച്ചുപറമ്പില്‍ കനക, കുരിശാലക്കല്‍ കൊച്ചുവേലു, വടക്കേച്ചിറപ്പുറത്ത് തുളസി,  കൊച്ചുപറമ്പില്‍ മോഹനന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. നിരവധി വീടുകളുടെ ഷീറ്റുകള്‍ പറന്നുപോയി. കൊച്ചുപറമ്പില്‍ ഗോപാലന്‍, കോതാട്ട് കൊച്ചപ്പന്‍ എന്നിവരുടെ ചീനവലകളാണ് തകര്‍ന്നത്. അരൂര്‍ പഞ്ചായത്തില്‍ മാത്രം അരക്കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ റവന്യൂ അധികൃതര്‍ പരിശോധിച്ചുവരികയാണ്.
കോടംതുരുത്ത് പഞ്ചായത്തില്‍ 12വീട് ഭാഗികമായി തകര്‍ന്നു. ഒന്നാം വാര്‍ഡ് പുത്തന്‍തറ ജോണ്‍ ഡിറ്റോയുടെ വീട് മരംവീണ് പൂര്‍ണമായും തകര്‍ന്നു. തേക്കുമരം വീടിന്‍െറ മുകളിലേക്ക് വീഴുകയായിരുന്നു. എഴുപുന്ന പഞ്ചായത്തില്‍ 15 വീട് ഭാഗികമായി തകര്‍ന്നു. ഇതില്‍ എരമല്ലൂര്‍ ലക്ഷ്മി നിലയത്തില്‍ ഗോപിനാഥ്, കുന്നുതറ നികര്‍ത്തില്‍ അരവിന്ദന്‍, കോതേകാട്ട് ശ്രീധരന്‍, നികര്‍ത്തില്‍ ക്ഷേമാവതി, അയ്യാര്‍വേലിത്തറ സേവ്യര്‍ എന്നിവരുടെ വീടുകളാണ് കൂടുതലായി തകര്‍ന്നത്. 
അരൂര്‍, കുത്തിയതോട് വൈദ്യുതി സെക്ഷനുകളുടെ പല പ്രദേശങ്ങളിലും വൈദ്യുതിലൈനുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണതുമൂലം മണിക്കൂറുകളോളം വൈദ്യുതിബന്ധം നിലച്ചു. അരൂരിന്‍െറ പലഭാഗങ്ങളിലും തിങ്കളാഴ്ച രാത്രി നിലച്ച വൈദ്യുതി ചൊവ്വാഴ്ചയും പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം വ്യവസായശാലകളുടെ പ്രവര്‍ത്തനവും ഭാഗികമായി നിലച്ചു. എഴുപുന്ന-എരമല്ലൂര്‍ റോഡില്‍ കോങ്കേരില്‍ പാലത്തിന്  പടിഞ്ഞാറുഭാഗത്ത് റോഡിന് കുറുകെ മരംവീണതുമൂലം രാത്രിയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.
തുറവൂര്‍: പട്ടണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍െറ പരിധിയിലെ പൊന്നാംവെളി, വെട്ടക്കല്‍ മേഖലയില്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് വീണു. പലയിടത്തും കമ്പികള്‍ പൊട്ടിവീണു. തിങ്കളാഴ്ച രാത്രി ആരംഭിച്ച അറ്റകുറ്റപ്പണി ചൊവ്വാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. കുത്തിയതോട് ഇലക്ട്രിക്കല്‍ സെക്ഷന്‍െറ പരിധിയിലെ പള്ളിത്തോട്ടിലാണ് കൂടുതല്‍ നാശം. പള്ളിക്ക് കിഴക്കുഭാഗത്ത് തെങ്ങുവീണ് അഞ്ച് വൈദ്യുതി പോസ്റ്റാണ് ഒടിഞ്ഞത്.
 

വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍

Posted: 26 Nov 2013 09:55 PM PST

Subtitle: 
ചന്ദ്രഗിരി സ്കൂളിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റി
കാസര്‍കോട്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാല് അധ്യാപകരെ സ്ഥലംമാറ്റിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ആറ് സ്ഥിരം അധ്യാപകരില്‍ നാലുപേര്‍ക്കാണ് ഒരുമിച്ച് സ്ഥലംമാറ്റം അനുവദിച്ചത്. ശേഷിച്ച രണ്ട് അധ്യാപകരില്‍ ഒരാള്‍ പ്രസവാവധിയിലുമാണ്.
രണ്ടുമാസം മുമ്പാണ് സ്കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയത്. ഇതിന് പകരം നിയമനം നടത്തിയിട്ടില്ല.ഈയിടെ പുതുതായി നിയമനം ലഭിച്ചെത്തിയ അധ്യാപകനാണ് പ്രിന്‍സിപ്പലിന്‍െറ പകരം ചുമതല നല്‍കിയത്. ഇപ്പോള്‍ സ്ഥിരാധ്യാപകനായി ഒരാള്‍ മാത്രമാണ് സ്കൂളിലുള്ളത്.
പ്ളസ്വണ്‍, പ്ളസ്ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് തയാറെടുപ്പ് നടത്തേണ്ട ഘട്ടത്തില്‍ അധ്യാപകരെ ഒരുമിച്ച് സ്ഥലംമാറ്റിയത് പഠനത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
ഇംഗ്ളീഷ്, കോമേഴ്സ്, ഇക്കണോമിക്സ്, മലയാളം എന്നീ വിഷയങ്ങളിലെ സീനിയര്‍ അധ്യാപകരാണ് സ്ഥലംമാറ്റപ്പെട്ടത്. 
ഈ തസ്തികകളിലേക്ക് താല്‍ക്കാലിക വ്യവസ്ഥയില്‍ നിയമനം നടത്താന്‍ കഴിഞ്ഞദിവസം അഭിമുഖം നടത്തിയെങ്കിലും യോഗ്യരായി ആരും എത്തിയില്ലെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.മറ്റു തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപകരാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞതവണ ഈ സ്കൂള്‍ പ്ളസ്ടു വിഭാഗത്തില്‍ 87 ശതമാനം വിജയം നേടിയിരുന്നു. വിജയനിലവാരം വര്‍ധിപ്പിക്കാന്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് കൂട്ട സ്ഥലംമാറ്റം ഉണ്ടായത്.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ടി.എ ഭാരവാഹികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറെയും പരാതി അറിയിച്ചു.
 

ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ച് അമേരിക്കന്‍ വിമാനങ്ങള്‍ തര്‍ക്കദ്വീപില്‍

Posted: 26 Nov 2013 09:48 PM PST

Image: 

ബെയ്ജിങ്:   ചൈന സ്വന്തം വ്യോമ മേഖലയായി പ്രഖ്യാപിച്ച ദ്വീപില്‍ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അതിക്രമിച്ച് കടന്നു. അമേരിക്ക ന്‍ സൈന്യത്തിലെ ഏറ്റവും വലിയ ബോംബര്‍ വിമാനമായ B- 55 ആണ് വ്യോമാതിര്‍ത്തി ലംഘിച്ച് കടന്നത്.  ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കിഴക്കന്‍ ചൈനാ കടലിലെ ദ്വീപിലാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അതിക്രമിച്ച് കടന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് തര്‍ക്ക ദ്വീപ് ഉള്‍പ്പെടുന്ന പ്രദേശം ചൈന സ്വന്തം വ്യോമ മേഖലയായി പ്രഖ്യാപിച്ചത്.  
നേരത്തെ തീരുമാനിച്ച സൈനിക അഭ്യാസത്തിന്‍്റെ ഭാഗമായാണ് വിമാനങ്ങള്‍ നീരീക്ഷണ പറക്കല്‍ നടത്തിയതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ജപ്പാന്‍ സെന്‍കാകുവെന്നും ചൈന ദിയാവു എന്നും വിളിക്കുന്ന ദ്വീപ് ചൈന കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ജപ്പാന്‍ ആരോപിച്ചിരുന്നു. ചൈന സ്വന്തം വ്യോമ മേഖലയായി  പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍  അവകാശ വാദം ഉന്നയിക്കുന്ന സ്ഥലങ്ങളും  ഉള്‍പ്പെടുന്നതിനാല്‍ ഈ രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.

ബി.ജെ.പിയിലെ കലഹം വഴിത്തിരിവില്‍

Posted: 26 Nov 2013 09:36 PM PST

Subtitle: 
കണ്ണൂരില്‍ സമാന്തര കമ്മിറ്റിയും പാലക്കാട്ട് സംഘടനയും
കണ്ണൂര്‍/പാലക്കാട്: സമാന്തരപ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്ന്  ബി.ജെ.പിക്ക് പാലക്കാട് പാര്‍ട്ടി ചിഹ്നം പേരാക്കി സംഘടനയും കണ്ണൂരില്‍ ‘നമോ വിചാര്‍ മഞ്ച്’ എന്ന പേരില്‍ സമാന്തരകമ്മിറ്റിയും രൂപവത്കരിച്ചു. സംസ്ഥാനത്തെ സ്വാധീന മേഖലകളിലൊന്നായി ബി.ജെ.പി കണക്കാക്കുന്ന പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തക പ്രാതിനിധ്യം ഉറപ്പാക്കി ജില്ലയിലെ ആര്‍.എസ്.എസ് കാര്യാലയം സ്ഥിതി ചെയ്യുന്ന  വടക്കന്തറയില്‍ ചൊവ്വാഴ്ച  ചേര്‍ന്ന യോഗമാണ് ലോട്ടസ് ക്ളബ് എന്ന പേരില്‍ ബദല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് സംഘടന രൂപവത്കരിച്ചത്. നേതൃത്വത്തിന്‍െറ ഏകാധിപത്യ നിലപാടിലുള്ള അമര്‍ഷമാണ് സമാന്തരപ്രവര്‍ത്തനത്തിന് കാരണമായത്. 
ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍ ചെയര്‍മാനും കെ. ശ്രീധരന്‍ വൈസ് ചെയര്‍മാനുമായി രൂപവത്കരിച്ച സംഘടനയുടെ പ്രസിഡന്‍റ് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സാബുവാണ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറി ഒ.പി. വാസുദേവനുണ്ണി, ജില്ലാ കമ്മിറ്റി അംഗം ചിദംബരം എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. 
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമല്ലാതെ തന്നെ അഴിമതിക്കെതിരെ പോരാടുകയും സാമൂഹിക - സാംസ്കാരിക മേഖലകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയുമാണ് ലോട്ടസിന്‍െറ ലക്ഷ്യമെന്ന് എസ്.ആര്‍.  ബാലസുബ്രഹ്മണ്യന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.  180ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ രൂപവത്കരണ യോഗത്തില്‍ സംബന്ധിച്ചതായി എസ്.ആര്‍ പറഞ്ഞു.  
ജില്ലാ നേതൃത്വത്തിനെതിരെ അമര്‍ഷമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാഴ്ച മുമ്പ് മലമ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ച ബി.ജെ.പി നഗരസഭാ കൗണ്‍സിലര്‍ വി. നടേശന്‍ ചൊവ്വാഴ്ചയിലെ യോഗത്തില്‍ സംബന്ധിച്ചില്ല.  സാന്‍റിയാഗോ മാര്‍ട്ടിന് പാലക്കാട് നഗരസഭയില്‍ നിന്ന് ലോട്ടറി ലൈസന്‍സ് തരപ്പെടുത്താന്‍ ഒത്താശ ചെയ്തതിന് പാര്‍ട്ടിയുടെ അന്വേഷണം നേരിടുകയാണ് നടേശന്‍. 
കണ്ണൂരില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റായി കെ.രഞ്ജിത്ത് തുടരുന്നതിനെതിരെ വിളിച്ചു കൂട്ടിയ കണ്‍വെന്‍ഷനില്‍ രണ്ട് മുന്‍ ജില്ലാ പ്രസിഡന്‍റുമാരും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. മുന്‍ ജില്ലാ പ്രസിഡന്‍റ് എം.കെ.ശശീന്ദ്രന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ മുന്‍ ജില്ലാ പ്രസിഡന്‍റ് ഒ.കെ.വാസുമാസ്റ്റര്‍ ആണ്് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. മുന്‍ ജില്ലാ സെക്രട്ടറി എ.അശോകന്‍, പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് എ.കെ.ഗോവിന്ദന്‍, ജില്ലയിലെ മറ്റ് നേതാക്കളായ എം.കെ.വാസുദേവന്‍, സി.ഒ. ഗംഗാധരന്‍ മാസ്റ്റര്‍, കെ.പി. ചന്ദ്രന്‍മാസ്റ്റര്‍, എന്‍. രാഘവന്‍, എല്‍. രാധാമണി ടീച്ചര്‍, ഷൈന ശാന്ത് തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മഹിളാ നേതാവുമായുള്ള ബന്ധത്തിന്‍െറ പേരില്‍ ആരോപണ വിധേയനായ ജില്ലാ പ്രസിഡന്‍റിനെ തിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമുണ്ട്. ആറ് വര്‍ഷത്തെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകളിലും മാരാര്‍ജി സ്മൃതി മന്ദിര നിര്‍മാണത്തിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം.  
കണ്ണൂരിലെ ബി.ജെ.പിയില്‍ കഴിഞ്ഞ ആറ് മാസത്തിലേറെയായി വിവാദം പിരിമുറുകി നില്‍ക്കുകയാണ്. അന്വേഷണ കമീഷന്‍െറ നിര്‍ദേശം പാലിക്കാതെ രഞ്ജിത്തിനെ ജില്ലാ പ്രസിഡന്‍റായി വീണ്ടും അവരോധിച്ചത് മുതല്‍ ഒരു വിഭാഗം ജില്ലയിലെ പ്രവര്‍ത്തനവുമായി മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ജില്ലയില്‍ സി.പി.എമ്മുമായി രാഷ്ട്രീയ കൊലവിളി നടന്ന നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ജില്ലാ പ്രസിഡന്‍റായിരിക്കെ പാനൂര്‍ മേഖലയില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചതുള്‍പ്പെടെ ഊര്‍ജസ്വലമായ നേതൃത്വം നല്‍കിയ ഒ.കെ.വാസുമാസ്റ്ററെ തന്നെയാണ് ‘നമോവിചാര്‍ മഞ്ച്’ പ്രഡിന്‍റായി കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തത്. 
മുന്‍ മേഖലാ പ്രസിഡന്‍റ് പി.പി.കരുണാകരന്‍ മാസ്റ്റര്‍, പി.ഒ.ഗംഗാധരന്‍ മാസ്റ്റര്‍ എന്നിവരാണ്  രക്ഷാധികാരികള്‍.  വൈസ് പ്രസിഡന്‍റായി എ.കെ.ഗോവിന്ദനെയും ജനറല്‍ സെക്രട്ടറിമാരായി മുന്‍ ജില്ലാ പ്രസിഡന്‍റ് എ.കെ.ശശീന്ദ്രന്‍മാസ്റ്റര്‍, മുന്‍ ജില്ലാ സെക്രട്ടറി എ.അശോകന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP