നീതി ആയോഗ്: മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം തുടങ്ങി Madhyamam News Feeds |
- നീതി ആയോഗ്: മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം തുടങ്ങി
- ഐക്യദൂതുമായി പാത്രിയാര്‍ക്കീസ് ബാവ
- പാറ്റൂര്‍ കേസ്: ലോകായുക്താ നടപടി ശരിയെന്ന് കെ. മുരളീധരന്‍
- ചാത്തല്ലൂര്‍ നിവാസികള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
- ഹില്‍ടോപ് സ്കൂള്‍ മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകണമെന്ന് രക്ഷിതാക്കള്‍
- സഭാവിശ്വാസികള്‍ പരസ്പരം സ്നേഹിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബാവ
- യു.എസില്‍ ആയുധധാരി മുന്‍ ഭാര്യ അടക്കം അഞ്ചു പേരെ കൊല്ലപ്പെടുത്തി
- മധ്യപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍
- കൃഷി നിലങ്ങളില്‍ വിളവെടുപ്പ് കാലം; നാടന്‍ നിറഞ്ഞ് പച്ചക്കറി വിപണി
- സൈക്ലിങ്ങില്‍ കേരളത്തിന് രണ്ട് മെഡല്‍
- ഭരണകുടുംബമടക്കമുള്ളവര്‍ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈമാറണം –ആഭ്യന്തര മന്ത്രാലയം
- ജ്ഞാനചന്ദ്രന്‍
- നീതിയുടെ പോക്ക്, അഴിയുന്ന വിലങ്ങുകള്‍
- ശാസ്ത്രകുതുകികളെ വരവേല്‍ക്കാന്‍ ‘ഐസക് ന്യൂട്ടനും’
- ബംഗളൂരുവിലേക്ക് കടക്കാനും മിണ്ടാനും ആകാതെ തൊഗാഡിയ
- ചാവക്കാട് സ്വദേശിയായ ഭര്‍ത്താവിനെതേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍
- ആ മകനെയോര്‍ത്ത് കണ്ണീര്‍വാര്‍ക്കാന്‍ ഇനി അമ്മയില്ല
- സര്‍വകക്ഷിയോഗ തീരുമാനം: രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമെന്ന്
- പ്രണയദിനത്തില്‍ ആകാശ യാത്രായുദ്ധം
- അമ്പെയ്ത്തില്‍ കേരളത്തിന് ചരിത്ര വെങ്കലം
- ഹീനക്ക് പൊന്നണിഞ്ഞ വിവാഹ വാര്‍ഷികം
- പടനായകന്‍ ഐ.സി.യുവിലായിരുന്നു
- വെടിയൊച്ചയിലും വെയിലിലും വാടാതെ
- യമന്‍: ഹുതി വിമതര്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം
- യുക്രെയ്ന്‍: സമാധാന പദ്ധതി തയാറാക്കും
നീതി ആയോഗ്: മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം തുടങ്ങി Posted: 07 Feb 2015 11:52 PM PST Image: ന്യൂഡല്‍ഹി: ആസൂത്രണ കമീഷന് പകരമായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ നീതി ആയോഗിന്‍െറ ആദ്യ ഗവേണിങ് കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ വസതിയിലാണ് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ചേരുന്നത്. നീതി ആയോഗിലെ വിദഗ്ധരും സംബന്ധിക്കുന്നുണ്ട്. കേരളത്തെ പ്രതിനിധീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന വികസനം ചൂണ്ടിക്കാട്ടി നാല് ആവശ്യങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിക്കും. പാലക്കാട് ഐ.ഐ.ടിക്ക് കേന്ദ്രസഹായം, എയിംസ് സ്ഥാപിക്കുന്നിതിനുള്ള സ്ഥലം തിട്ടപ്പെടുത്തല്‍, കാക്കനാട് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ നടപടി, ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കല്‍ എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. മോദി സര്‍ക്കാറിന്‍െറ ആദ്യ പൊതുബജറ്റിന് മുമ്പായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 65 വര്‍ഷമായി രാജ്യത്തിന്‍െറ വികസനരേഖ ആസൂത്രണം ചെയ്തിരുന്ന ആസൂത്രണ കമീഷന്‍ ഇല്ലാതാക്കുന്ന വിവരം കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന്, ജനുവരി ഒന്നിന് നീതി ആയോഗ് നിലവില്‍ വന്നു. |
ഐക്യദൂതുമായി പാത്രിയാര്‍ക്കീസ് ബാവ Posted: 07 Feb 2015 11:02 PM PST Image: മലങ്കര സഭയിലെ ഓര്‍ത്തഡോക്സ് ^യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്നതിനുള്ള ഐക്യദൂതുമായി ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ ഇന്ത്യാ സന്ദര്‍ശനത്തിനെത്തി. സഭകള്‍ക്കുള്ളില്‍ ഐക്യപ്പെടലിനും ശാശ്വത സമാധാനത്തിനും വെളിച്ചം തെളിക്കുകയാണ് ഫെബ്രുവരി ഏഴ് മുതല്‍ പതിനെട്ട് വരെയുള്ള സന്ദര്‍ശനത്തിന്‍െറ പ്രധാന ലക്ഷ്യം. ഇതിനുള്ള സാധ്യത തെളിയുമെന്നാണ് വിലയിരുത്തല്‍. പാത്രിയാര്‍ക്കീസ് ബാവയുടെ പര്യടനത്തില്‍ തന്നെ ഏതുവിധേനയും പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും മലങ്കരസഭാ സമാധാന സമിതിയും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്കും യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവക്കും ദമാസ്കസില്‍ നിന്നു പാത്രിയാര്‍ക്കീസ് ബാവ കത്തയച്ചിരുന്നു. സഭയില്‍ സമാധാനം പുലരുകയെന്നതാണ് തന്‍െറ മുഖ്യലക്ഷ്യമെന്നും ഇതിന് ഇരുസഭകളും ഒരുങ്ങണമെന്നുമാണ് ഫെബ്രുവരി ഒന്നിന് ലഭിച്ച കത്തിലെ സന്ദേശം. ആഗോള സുറിയാനി സഭയുടെ 123ാം പാത്രിയാര്‍ക്കീസായാണ് വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ചുമതലയേറ്റത്. പുരോഗമനവാദിയും ചെറുപ്പക്കാരനുമായ പാത്രിയാര്‍ക്കീസ് ബാവ സഭകളുടെ ഐക്യത്തിന് മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, പ്രശ്ന പരിഹാര നീക്കം തര്‍ക്കാനുള്ള നീക്കവും തിരശീലക്കു പിന്നില്‍ നടക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതോടൊപ്പം, യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങളിലും പാത്രിയാര്‍ക്കീസ് ബാവക്ക് പരിഹാരം കാണേണ്ടതുണ്ട്. മലങ്കരസഭയിലെ പിളര്‍പ്പ് അവസാനത്തെ മാര്‍ത്തോമ മെത്രോപ്പോലിത്തയുടെ കാലത്ത് മലങ്കരസഭയില്‍ പരിഷ്കാരങ്ങള്‍ വരുത്താനുള്ള സി.എം.എസ് മിഷണറിമാരുടെ നിര്‍ദേശം തള്ളിയ ഒരു വിഭാഗം മാവേലിക്കരയില്‍ സമ്മേളനം ചേര്‍ന്ന് പ്രഖ്യാപനവും നടത്തി. മലങ്കര സഭയുമായി ബന്ധം വിച്ഛേദിച്ച മിഷണറിമാരുടെ പ്രേരണയില്‍ ഒരു വിഭാഗം ‘മാര്‍ത്തോമ്മ സഭ’ എന്ന പേരില്‍ പ്രത്യേക സഭ രൂപീകരിച്ചു. തുടര്‍ന്നു മിഷണറിമാര്‍ സ്വത്തുതര്‍ക്കവുമായി രംഗത്തെത്തി. തിരുവിതാംകൂര്‍ റസിഡന്‍ഡായിരുന്ന മണ്‍റോ സ്വത്തു വിഭജനത്തിന് മധ്യസ്ഥ കോടതി സ്ഥാപിച്ചതോടെ മലങ്കരസഭയില്‍ നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. 1840 മുതല്‍ ആരംഭിക്കുന്ന സഭാകേസില്‍ 1938വരെയുള്ള കൊച്ചിന്‍ അവാര്‍ഡ് (1840), സെമിനാരി കേസ് (1889), ആര്‍ത്താറ്റ് കേസ് (1905), വട്ടിപ്പണകേസ് (1928) എന്നിവ സാമ്പത്തിക വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. സെമിനാരി കേസിനെ തുടര്‍ന്നാണ് മാര്‍ത്തോമ്മസഭയുടെ രൂപീകരണത്തിന് വഴിവെച്ചത്. 1938ല്‍ ആരംഭിച്ച് 2002ല്‍ എത്തിനില്‍ക്കുന്ന സാമുദായിക കേസുകളില്‍^ സത്യവിശ്വാസം, അന്തോഖ്യാ ബന്ധം, പാത്രിയാര്‍ക്കീസ്^ കതോലിക്ക സ്ഥാന അധികാര തര്‍ക്കം എന്നിവയുണ്ടെങ്കിലും അത്യന്തികമായി സ്വത്തും പള്ളികളും അധികാരവും ആയിരുന്നു. 1970 ഡിസംബറില്‍ 31ന് ചേര്‍ന്ന സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ യോഗത്തിന് ശേഷം സഭാ ഭരണഘടനക്ക് എതിരായി പാത്രിയാര്‍ക്കീസ് പക്ഷം പ്രവര്‍ത്തിച്ചതാണ് ഭിന്നതക്ക് കാരണമെന്ന് കാതോലിക്ക പക്ഷം ആരോപിക്കുന്നു. എന്നാല്‍, കതോലിക്ക പക്ഷം നൂതന സിംഹാസനവാദവും സ്വയം ശീര്‍ഷകത്വവും അന്തോഖ്യാ പാത്രിയാര്‍ക്കീസ് സഹോദരിസഭയുടെ തലവനാണെന്ന് പറഞ്ഞതും ഭിന്നതക്ക് കാരണമായെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. കോട്ടയം ആസ്ഥാനമായി പരിശുദ്ധ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗവും അന്തോഖ്യന്‍ പാത്രിയാര്‍ക്കീസിന് കീഴില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ എറണാകുളം പുത്തന്‍കുരിശ് ആസ്ഥാനമായി യാക്കോബായ സഭയും മാറിയതോടെ പിളര്‍പ്പ് പൂര്‍ത്തിയായി. 2004ല്‍ കൊച്ചി കരിങ്ങാച്ചിറ പള്ളിയില്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ (ഇന്ത്യയില്‍ ആദ്യമായി) നടന്ന സുന്നഹദോസ് യാക്കോബായ വിഭാഗത്തിന് സ്വതന്ത്രസഭയായി പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കി. കതോലിക്ക ബാവക്ക് മലങ്കര മെത്രാപ്പോലീത്തയുടെ പദവി അവകാശപ്പെടാനാവില്ളെന്ന് 2001 ഏപ്രില്‍ ആറിന് കേരള ഹൈകോടതി വിധിച്ചു. വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ മലങ്കര സുറിയാനി അസോസിയേഷന്‍ യോഗം ചേര്‍ന്നു മലങ്കര മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കാന്‍ നവംബര്‍ 28ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇരുവിഭാഗങ്ങളുടെയും ഒത്തുതീര്‍പ്പു നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരുന്നു വിധി. തുടര്‍ന്നു കേരളാ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.എസ് മളീമഠിനെ സംയുക്ത നിരീക്ഷകനായി നിയമിച്ചു. എന്നാല്‍, യാക്കോബായ^ ഓര്‍ത്തഡോക്സ് വിഭാഗം രണ്ടായി തന്നെ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. ഇതിനിടെ, യാക്കോബായ^ ഓര്‍ത്തഡോക്സ് സഭകളുടെ ഐക്യത്തിനായി സഭാ മേലധ്യക്ഷനെ വാഴിക്കാതെയും പാത്രിയാര്‍ക്കീസ് ബാവ ശ്രമം നടത്തിയിരുന്നു. 1994ല്‍ യാക്കോബായ മേലധ്യക്ഷന്‍ ബസേലിയസ് പൗലോസ് രണ്ടാമന്‍ കാലം ചെയ്തപ്പോഴായിരുന്നു ഇത്. എട്ടു വര്‍ഷം നീണ്ട അനുരഞ്ജന ശ്രമം ഫലപ്രാപ്തിയില്‍ എത്താത്ത സാഹചര്യത്തിലാണ് 2002ല്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവയെ അധ്യക്ഷനായി പാത്രിയാര്‍ക്കീസ് ബാവ വാഴിച്ചത്. ക്രമസമാധാന പ്രശ്നമായി മാറിയ സഭാ തര്‍ക്കം 2002 ജൂലൈ 12ല്‍ ജസ്റ്റിസുമാരായ ആര്‍.എം സഹായി, എസ്.സി സെന്‍, സി.പി ജീവന്‍ റെഡ്ഡി എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് അവസാനത്തേത്. ജസ്റ്റിസ് സഹായി തനിച്ചും ജസ്റ്റിസുമാരായ സെന്‍, ജീവന്‍ റെഡ്ഡി എന്നിവര്‍ കൂട്ടായുമാണ് വിധി തയാറാക്കിയത്. മലങ്കരസഭാ അസോസിയേഷന്‍െറ 1934ലെ ഭരണഘടനയും കതോലിക്കറ്റിന്‍െറ സ്ഥാപനവും ആത്മീയാധികാരവും കോടതി വിധിയില്‍ സാധൂകരിക്കുന്നതായി കതോലിക്കവിഭാഗം ഉയര്‍ത്തിക്കാട്ടുന്നു. ഇടവകകളിലെ ജനസംഖ്യക്ക് ആനുപാതികമായി അസോസിയേഷനില്‍ പ്രാതിനിധ്യം നല്‍കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന കോടതി നിര്‍ദേശം പാത്രിയാര്‍ക്കീസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ദൈവശാസ്ത്രപരമായി ഏകസഭ തന്നെയായ ഇരുകൂട്ടരും ഒന്നിച്ചു പോകണം. പാത്രിയാര്‍ക്കീസും കതോലിക്കാസും, ഒരാള്‍ അപരന് ഉന്നതനോ കീഴ്പ്പെട്ടവനോ അല്ളെന്നും സ്വതന്ത്ര സമാനമായ ആത്മീയാധികാരമാണെന്നും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തര്‍ക്കത്തിനും സംഘര്‍ഷത്തിനും അറുതിയായില്ല. പ്രശ്ന പരിഹാരത്തിനായി മാറി വരുന്ന സര്‍ക്കാറുകള്‍ മന്ത്രിസഭാ ഉപസമിതികള്‍ ഉള്‍പ്പെടെ രൂപവത്കരിച്ച് മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി. സാമൂഹ്യരംഗത്തെ പ്രമുഖര്‍ നടത്തിയ മഞ്ഞുരുക്കല്‍ നീക്കങ്ങളും ഫലം കണ്ടില്ല. കൂടാതെ, തര്‍ക്കത്തില്‍ രാഷ്ട്രീയക്കാര്‍ കക്ഷി ചേര്‍ന്നത് സമാധാനപരമായ പരിഹാരത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്തു. മലങ്കരസഭാ സമാധാന സമിതിയുടെ കണക്കനുസരിച്ച് നിലവില്‍ 28 പള്ളികളില്‍ തര്‍ക്കവും സംഘര്‍ഷവും നിയമനടപടികളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി, കണ്യാട്ടുനിരപ്പ്, ഇടമുക്ക്, ഊരമന, ചാത്തമറ്റം, മരോട്ടിച്ചാല്‍, ചെറുകുന്നം അടക്കമുള്ള പള്ളികളും ഉള്‍പ്പെടുന്നു. സഭാ പരമാധ്യക്ഷനായി ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ സ്ഥാനമേറ്റതോടെയാണ് അനുരഞ്ജന നീക്കങ്ങള്‍ വീണ്ടുമാരംഭിച്ചത്. പ്രശ്നപരിഹാരത്തിന് മലബാര്‍ മാതൃക ആഗോള സുറിയാനി സഭയുടെ 123ാം പാത്രിയാര്‍ക്കീസായാണ് വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനായിരുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ 2014 മേയ് 29ന് സ്ഥാനാരോഹിതനായത്. ദമാസ്കസിലെ ആസ്ഥാനം ഐ.എസ് തീവ്രവാദികളുടെ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലും ഐക്യ സന്ദേശവുമായി പാത്രിയാര്‍കീസ് ബാവ ഇന്ത്യയിലെ ത്തിയതില്‍ വലിയ പ്രാധാന്യമാണുള്ളത്. 20 ലക്ഷം വരുന്ന സഭാ മക്കള്‍ ആഗ്രഹിക്കുന്ന ഐക്യവും സമാധാനവും യാഥാര്‍ഥ്യമാകാനാണ് പുരോഗമന ചിന്താഗതിക്കാരനും ചെറുപ്പക്കാരനുമായ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രയത്നം. |
പാറ്റൂര്‍ കേസ്: ലോകായുക്താ നടപടി ശരിയെന്ന് കെ. മുരളീധരന്‍ Posted: 07 Feb 2015 10:13 PM PST Image: തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ലോകായുക്തയുടെ നടപടി ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരെ തെളിവില്ലാത്തതിനാലാണ് നോട്ടീസ് അയക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍െറയും പങ്ക് വ്യക്തമാക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍െറ പുതിയ അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്താ തള്ളിയിരുന്നു. ഉമ്മന്‍ചാണ്ടിയെയും ഭരത്ഭൂഷണിനെയും കൂടാതെ മുന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍ എന്നിവര്‍ക്കെതിരെയും പരമാര്‍ശങ്ങള്‍ ഉണ്ടായിരുന്നു. |
ചാത്തല്ലൂര്‍ നിവാസികള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു Posted: 07 Feb 2015 09:57 PM PST ഊര്‍ങ്ങാട്ടിരി: എടവണ്ണ-ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയായ ചാത്തല്ലൂരില്‍ പാറഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാത്തതില്‍ പ്രതിഷേധിച്ച് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരത്തോളം വരുന്ന ചാത്തല്ലൂര്‍ നിവാസികളാണ് ഉപരോധ സമരം നടത്തിയത്. |
ഹില്‍ടോപ് സ്കൂള്‍ മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകണമെന്ന് രക്ഷിതാക്കള്‍ Posted: 07 Feb 2015 09:53 PM PST കോഴിക്കോട്: ഹില്‍ടോപ് പബ്ളിക് സ്കൂള്‍ മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകണമെന്ന് രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്കൂള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. |
സഭാവിശ്വാസികള്‍ പരസ്പരം സ്നേഹിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബാവ Posted: 07 Feb 2015 09:10 PM PST Image: Subtitle: പാത്രിയാര്‍ക്കീസ് ബാവക്ക് കോട്ടയത്ത് വന്‍ വരവേല്‍പ്പ് കോട്ടയം: സഭാവിശ്വാസികള്‍ പരസ്പരം സ്നേഹിക്കണമെന്ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ. ഓര്‍ത്തഡോക്സ്^ യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നും ബാവ പറഞ്ഞു. മണര്‍കാട്ട് സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തിയ ദിവ്യബലിക്ക് സഭാവിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പാത്രിയാര്‍ക്കീസ് ബാവ. പാത്രിയാര്‍ക്കീസ് ബാവക്ക് കോട്ടയത്ത് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രാവിലെ എട്ടു മണിക്ക് മണര്‍കാട്ട് സെന്‍റ് മേരീസ് കത്തീഡ്രലില്‍ എത്തിയ പാത്രിയാര്‍ക്കീസ് ബാവയെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു. ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോട്ടയം ജില്ലയിലെ അരീപറമ്പ് സെന്‍റ് മേരീസ്, വെള്ളൂര്‍ സെന്‍റ് സൈമണ്‍സ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്‍റ് മേരീസ്, നാലുന്നാക്കല്‍ സെന്‍റ് ആദായീസ്, പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഇടവകകള്‍ പാത്രിയാര്‍ക്കീസ് ബാവ സന്ദര്‍ശിക്കും. വൈകുന്നേരം 4.30ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിരുന്നില്‍ പാത്രിയാര്‍ക്കീസ് ബാവ പങ്കെടുക്കും. ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് റാന്നി ഐത്തല സെന്‍റ് കുര്യാക്കോസ് പള്ളി കൂദാശ നിര്‍വഹിക്കും. വൈകുന്നേരം ക്നാനായ അതിഭദ്രാസനമായ ചിങ്ങവനം അഫ്രേം സെമിനാരിയില്‍ സ്വീകരണം. 10ന് രാവിലെ കോട്ടയം കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്സ് സെന്‍റര്‍ നിര്‍മിച്ച ചാപ്പലിന്‍െറ കൂദാശയില്‍ പങ്കെടുക്കും. വിവിധ ദേവാലയങ്ങളിലെ സന്ദര്‍ശന ശേഷം പെരുമ്പാവൂരില്‍ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ് ക്വാര്‍ട്ടേഴ്സിന്‍െറയും ബിഷപ്സ് ഹൗസിന്‍െറയും കൂദാശ ബാവ നിര്‍വഹിക്കും. |
യു.എസില്‍ ആയുധധാരി മുന്‍ ഭാര്യ അടക്കം അഞ്ചു പേരെ കൊല്ലപ്പെടുത്തി Posted: 07 Feb 2015 08:22 PM PST Image: ഡഗ്ളസ് വില്ല: അമേരിക്കയിലെ അറ്റ്ലാന്‍റ ഹൗസിങ് മേഖലയിലുണ്ടായ വെടിവെപ്പില്‍ ആയുധധാരി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് മൂന്നു മണിക്ക് വെസ്റ്റ് അറ്റ്ലാന്‍റ സബര്‍ബനിലാണ് വെടിവെപ്പുണ്ടായതെന്ന് ഡഗ്ളസ് കൗണ്ടി പൊലീസ് മേധാവി ലഫ്റ്റനന്‍റ് ഗ്ളെന്‍ ഡാനിയേല്‍ പറഞ്ഞു. തോക്കുമായെത്തിയ അക്രമി മുന്‍ ഭാര്യക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ആളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂട്ടക്കൊലക്കു ശേഷം ആയുധധാരി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കൊലപാതക കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടിനുള്ളില്‍ വെടിയൊച്ച കേട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. |
മധ്യപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍ Posted: 07 Feb 2015 08:12 PM PST Image: ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ പിടിയില്‍. മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡും (എ.ടി.എസ്) പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചിന്ദ്വാരയിലെ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടത്തെിയത്. രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ഹരികൃഷ്ണ സാംഖ്ല(30), രജ്മല്‍ റാംലാല്‍ സാംഖ്ല (40) എന്നിവരാണ് അറസ്റ്റിലായത്. നക്സല്‍ സ്വാധീന പ്രദേശമായ ചിന്ദ്വാരയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിയിട്ടുണ്ടെന്ന ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു. 1,768 ഇലക്ട്രോണിക് ഡിക്റ്റണേറ്റര്‍, 612 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 840 ഫീറ്റ് ഡിക്റ്റണേറ്റര്‍ കോഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. |
കൃഷി നിലങ്ങളില്‍ വിളവെടുപ്പ് കാലം; നാടന്‍ നിറഞ്ഞ് പച്ചക്കറി വിപണി Posted: 07 Feb 2015 07:43 PM PST Image: റാസല്‍ഖൈമ: രാജ്യത്തെ കൃഷിനിലങ്ങളില്‍ വിളവെടുപ്പിന്‍െറ അരിവാള്‍ കിലുക്കം. യു.എ.ഇയില്‍ ഫുജൈറ, ദിബ്ബ, റാസല്‍ഖൈമ, അല്‍ ഐന്‍ തുടങ്ങിയിടങ്ങളിലാണ് പ്രധാനമായും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളുള്ളത്. ഉല്‍പാദിപ്പിക്കപ്പെടുന്ന വിളകള്‍ പ്രാദേശിക വിപണികളിലത്തെിക്കുന്നതിന് പുറമെ ഇതര എമിറേറ്റുകളിലേക്കും ഒമാനിലേക്കും കയറ്റി അയക്കുകയാണ് പതിവ്. നല്ല ശതമാനം മലയാളികള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗ്ളാദേശ് സ്വദേശികളാണ്. |
സൈക്ലിങ്ങില്‍ കേരളത്തിന് രണ്ട് മെഡല്‍ Posted: 07 Feb 2015 07:42 PM PST Image: തിരുവനന്തപുരം: വനിതകളുടെ വ്യക്തിഗത സൈക്ളിങ്ങില്‍ കേരളത്തിന് രണ്ടു മെഡല്‍. 28 കിലോമീറ്റര്‍ ടൈം ട്രെയല്‍ ഇനത്തില്‍ കേരളത്തിന്‍െറ കൃഷ്ണേന്ദു ടി. കൃഷ്ണ വെള്ളിയും മഹിതാ മോഹന്‍ വെങ്കലവുമാണ് നേടിയത്. മഹാരാഷ്ട്രയുടെ റുതുജ സത്പുതേക്കാണ് സ്വര്‍ണം. സൈക്ളിങ് 72 കിലോ മീറ്റര്‍ ഇനത്തില്‍ കേരളത്തിന്‍െറ വി. രജനി സ്വര്‍ണവും ടി.സി. അഞ്ജിത വെങ്കലവും ഇന്നലെ നേടിയിരുന്നു. 16 സ്വര്‍ണവും 19 വെള്ളിയും 23 വെങ്കലവുമായി മൊത്തം 53 മെഡലുമായി കേരളം നാലാം സ്ഥാനത്ത് തുടരുകയാണ്. |
ഭരണകുടുംബമടക്കമുള്ളവര്‍ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈമാറണം –ആഭ്യന്തര മന്ത്രാലയം Posted: 07 Feb 2015 07:29 PM PST Image: കുവൈത്ത് സിറ്റി: രാജ്യത്തെ ഭരണകുടുംബമടക്കമുള്ളവര്‍ കൈവശം വെച്ചിരിക്കുന്ന ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ എത്രയും പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ജനങ്ങളുടെ നേതാക്കളായ ഭരണകുടുംബം തന്നെ ഇതിന് മാതൃക കാണിക്കണമെന്നതിനാലാണ് ഇത്തരമൊരഭ്യര്‍ഥനയെന്ന് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയാ വിഭാഗം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ് വ്യക്തമാക്കി. |
Posted: 07 Feb 2015 06:45 PM PST Image: തങ്ങള്‍ അക്ഷരവിരോധികളാണെന്ന പൊതുധാരണ തിരുത്തിക്കൊണ്ട് ഹിന്ദുത്വശക്തികള്‍ പെരുമാള്‍ മുരുകനെ നിശ്ശബ്ദനാക്കിയ കാലത്തല്ലാതെ എപ്പോഴാണ് ബാലചന്ദ്ര വനജി നെമഡെക്ക് ജ്ഞാനപീഠപുരസ്കാരം കിട്ടേണ്ടത്? അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും മതേതരത്വമെന്ന വാക്കിന്‍െറ വെളിച്ചംപോലും ഊതിക്കെടുത്താന്‍ ഇരുട്ടിന്‍െറ ശക്തികള്‍ മത്സരിക്കുകയും ചെയ്യുന്ന സമയത്തല്ലാതെ എപ്പോഴാണ് ഈ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടേണ്ടത്? ഇന്ത്യന്‍ സംസ്കാരത്തിന്‍െറ നേരുകളെയും വേരുകളേയും രചനാത്മകമായി രേഖപ്പെടുത്തിയ മറാത്താ സാഹിത്യത്തിലെ കഥയുടെ കുലപതി ജ്ഞാനപീഠം കയറുമ്പോള്‍ പരമോന്നതപുരസ്കാരത്തിന്‍െറ തിളക്കം കൂടുകയാണ്. വയസ്സിപ്പോള്‍ എഴുപത്തിയേഴ്. ഈ ഒൗന്നത്യം താണ്ടുന്ന നാലാമത്തെ മറാത്തി. |
നീതിയുടെ പോക്ക്, അഴിയുന്ന വിലങ്ങുകള്‍ Posted: 07 Feb 2015 06:41 PM PST Image: Subtitle: ഡല്‍ഹി ഡയറി ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ഗോസ്വാമിയുടെ കസേര തെറിച്ചത് കഴിഞ്ഞ ദിവസമാണ്. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസില്‍ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാതങ് സിങ്ങിന്‍െറ അറസ്റ്റ് ഒഴിവാക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി എന്നതാണ് കേസ്. സ്വതന്ത്ര ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടാല്‍, തട്ടിപ്പിന് കൂട്ടുനിന്നയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍, ഏത് അനില്‍ ഗോസ്വാമിയായാലും വെച്ചുപൊറുപ്പിക്കരുത്. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അദ്ദേഹത്തെ വിളിച്ച് വിശദീകരണം ചോദിച്ചു. സി.ബി.ഐക്കാരെ വിളിച്ച കാര്യം അനില്‍ ഗോസ്വാമി സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെന്നുകാണാന്‍ രാജ്നാഥ്സിങ് നിര്‍ദേശിച്ചു. ചെന്നു കണ്ടു. എല്ലാം കഴിഞ്ഞപ്പോള്‍ രാജി വെക്കുന്നതാണോ, പുറത്താക്കപ്പെടുന്നതാണോ ഭേദം എന്ന ചോദ്യം മാത്രമാണ് അനില്‍ ഗോസ്വാമിക്കു മുന്നില്‍ ഉണ്ടായിരുന്നത്. കേസിലൊന്നും കുടുക്കാതെ, വിശ്രമജീവിതത്തിനുള്ള തുകയില്‍ കുറവൊന്നും വരാതെ, റിട്ടയര്‍ ചെയ്യേണ്ടതിന് ആറുമാസം മുമ്പേ സ്വയം വിരമിച്ചുപോകാന്‍ ആഭ്യന്തര സെക്രട്ടറിക്ക് അവസരം അനുവദിച്ചുകിട്ടി. കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എല്‍.സി ഗോയല്‍ രാക്കുരാമാനം പുതിയ ആഭ്യന്തര സെക്രട്ടറിയായി. |
ശാസ്ത്രകുതുകികളെ വരവേല്‍ക്കാന്‍ ‘ഐസക് ന്യൂട്ടനും’ Posted: 07 Feb 2015 11:53 AM PST Image: കോഴിക്കോട്: ശാസ്ത്രകുതുകികളെ വരവേല്‍ക്കാന്‍ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ ന്യൂട്ടനുമത്തെി. ആപ്പ്ള്‍ മരത്തിനുചുവട്ടില്‍ ആപ്പ്ളും കൈയിലേന്തിയിരിക്കുന്ന ന്യൂട്ടന്‍െറ പ്രതിമയാണ് ശാസ്ത്രകേന്ദ്രത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ നിലനില്‍പിന്‍െറതന്നെ രഹസ്യമാണ് അദ്ദേഹം കൈയിലൊതുക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആപ്പ്ള്‍ താഴോട്ട് വീണുവെന്നാലോചിച്ച് ഗുരുത്വാകര്‍ഷണ സിദ്ധാന്തംതന്നെ കണ്ടത്തെിയ ന്യൂട്ടനാണ് ഭൂമി നിലനില്‍ക്കുന്നത് ഗുരുത്വാകര്‍ഷണമുള്ളതിനാലാണെന്ന് വെളിപ്പെടുത്തിയത്. ഗുരുത്വാകര്‍ഷണസിദ്ധാന്തം കണ്ടത്തൊന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പ്ള്‍ മരവും ആപ്പ്ളുമെല്ലാം ഇനി മേഖലാ ശാസ്ത്രകേന്ദ്രത്തിനു മുന്നില്‍ കാണികളെ വരവേല്‍ക്കും. അന്താരാഷ്ട്ര പ്രകാശവര്‍ഷത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. പ്ളാനറ്റേറിയം ജീവനക്കാരനായ വി.പി. മനോഹരനാണ് ശില്‍പി. ന്യൂട്ടനും ആപ്പ്ള്‍ മരവും ആപ്പ്ളുകളുമെല്ലാം ഫൈബറിലാണ് നിര്‍മിച്ചത്. അലൂമിനിയം മുറിച്ചാണ് ഇലകളുണ്ടാക്കിയത്. പുല്ല് പിടിപ്പിച്ച് ശില്‍പത്തിന്‍െറ പ്ളാറ്റ്ഫോം ഭംഗിയാക്കിയിട്ടുണ്ട്. ലക്ഷം രൂപയാണ് ചെലവ്. ഏഴുമാസം കൊണ്ടായിരുന്നു നിര്‍മാണം. മന്ത്രി എ.പി. അനില്‍കുമാര്‍ ശില്‍പം അനാച്ഛാദനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി. രാജശേഖരന്‍ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് അക്കാദമി ഓഫ് ഏവിയേഷന്‍ ആന്‍ഡ് പ്രഫഷനല്‍ എക്സലന്‍സുമായി സഹകരിച്ച് ‘സ്പേസ് ടെക്നോളജിയും ഏവിയേഷന്‍ സയന്‍സും’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ഡോ. ടി. രാജശേഖരന്‍ ക്ളാസെടുത്തു. രാത്രികാലങ്ങളിലെ വാനനിരീക്ഷണം, ബഹിരാകാശ പര്യവേക്ഷണം എന്നീ വിഷയങ്ങളില്‍ ജയന്ത് ഗാംഗുലിയും ഇന്ത്യന്‍ എയര്‍ലൈന്‍സ്, ലോകത്തെ പ്രധാന വിമാനത്താവളങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ ഷെഹ്സാദ് അഹമ്മദ് പാറമ്മലും ക്ളാസെടുത്തു. |
ബംഗളൂരുവിലേക്ക് കടക്കാനും മിണ്ടാനും ആകാതെ തൊഗാഡിയ Posted: 07 Feb 2015 11:46 AM PST Image: Subtitle: 'സമാജോത്സവ്' ഇന്ന് ബംഗളൂരു: പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഞായറാഴ്ച സംഘടിപ്പിക്കുന്ന ‘വിരാത് ഹിന്ദു സമാജോത്സവ’ത്തില്‍ രാജ്യാന്തര പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയക്ക് സംസാരിക്കാനാകില്ല. ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ വിഡിയോ കോണ്‍ഫറന്‍സുവഴി യോഗത്തെ അഭിസംബോധനചെയ്യാന്‍ നീക്കം നടത്തിയെങ്കിലും പൊലീസ് വിലക്കി. 2004ല്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ തൊഗാഡിയ മൊബൈല്‍ ഫോണില്‍ യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. ഈ രീതി ബംഗളൂരുവിലും തുടരാനാണ് വി.എച്ച്.പി ശ്രമം നടത്തിയത്. തൊഗാഡിയ വിഡിയോ കോണ്‍ഫറന്‍സുവഴി സംസാരിക്കുമെന്ന് വി.എച്ച്.പി ശനിയാഴ്ച പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍, ബംഗളൂരുവിന് പുറത്തുനിന്നുള്ളതാണെങ്കിലും വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സംസാരം നിയമലംഘനത്തിന്‍െറ പരിധിയില്‍ വരുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍.റെഡ്ഡി വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ കേസെടുക്കുമെന്നും കമീഷണര്‍ പറഞ്ഞു. അതേസമയം, പൊലീസ് നടപടി ഉണ്ടായാലും വിഡിയോ കോണ്‍ഫറന്‍സ് വഴി തൊഗാഡിയ സംസാരിക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച പൊലീസില്‍നിന്ന് പ്രത്യേക അനുമതി തേടി ബംഗളൂരുവിലെ കെംബഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയ തൊഗാഡിയ നഗരത്തിന് പുറത്തെ ഹൊസൂരിലേക്ക് തിരിച്ചു. ഹൊസൂരില്‍ ശനിയാഴ്ച വൈകീട്ട് വി.എച്ച്.പി പരിപാടിയില്‍ പങ്കെടുത്തു. സമ്മേളന ഭാഗമായി ഈ മാസം അഞ്ചുമുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ തൊഗാഡിയ ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ തൊഗാഡിയ കര്‍ണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളി. വി.എച്ച്.പിയുടെ സുവര്‍ണ ജയന്തി ആഘോഷ ഭാഗമായാണ് ‘വിരാത് ഹിന്ദു സമാജോത്സവ്’ സംഘടിപ്പിക്കുന്നത്. ബസുവനഗുഡി നാഷനല്‍ കോളജ് മൈതാനത്ത് ഞായറാഴ്ച വൈകീട്ട് നാലിനാണ് പരിപാടി. വിലക്ക് മറികടന്ന് പ്രവീണ്‍ തൊഗാഡിയ നഗരത്തില്‍ എത്താതിരിക്കാനും സംസാരിക്കാതിരിക്കാനും പൊലീസ് ശക്തമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
ചാവക്കാട് സ്വദേശിയായ ഭര്‍ത്താവിനെതേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍ Posted: 07 Feb 2015 11:44 AM PST Image: Subtitle: ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്ന് കോടതി ഉത്തരവ് മഞ്ചേരി: ഫേസ്ബുക്കിലൂടെയുള്ള പരിചയത്തത്തെുടര്‍ന്ന് സ്കോട്ട്ലന്‍ഡില്‍വെച്ച് വിവാഹം ചെയ്ത ചാവക്കാട് സ്വദേശിയെ തേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍. ബ്രിട്ടനിലെ സെന്‍റ് അല്‍ബന്‍സില്‍ ക്രെയിന്‍ വില്ലയില്‍ മറിയം ഖാലിഖാണ് (32) ഭര്‍ത്താവിനെ തേടിയത്തെിയത്. സ്കോട്ട്ലന്‍ഡില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ നടത്തിയത് തെളിയിക്കുന്ന രേഖകളുമായാണ് ഇവരത്തെിയത്. 2011ലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. 2013 ഏപ്രിലില്‍ വിവാഹം നടന്നു. ഏകദേശം 11മാസം മുമ്പ് നാട്ടിലേക്കെന്ന് പറഞ്ഞ് ചാവക്കാട് അകലാട് സ്വദേശിയായ ഭര്‍ത്താവ് തിരിച്ചതാണെന്നും പിന്നീട് വിവരങ്ങളൊന്നുമില്ളെന്നും ഇവര്‍ പറയുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി വഴി പരാതി നല്‍കിയപ്പോള്‍ പൊലീസുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കി. തുടര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി രംഗത്തുള്ള സന്നദ്ധസംഘടനയായ ‘സ്നേഹിത’യുടെ സഹായം തേടിയ ശേഷം മഞ്ചേരി ബാറിലെ അഭിഭാഷകരായ അഡ്വ. എ.പി. മുഹമ്മദ് ഇസ്മയില്‍, അഡ്വ. സുധ എന്നിവര്‍ മുഖേന കുന്നംകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് സംരക്ഷണം നല്‍കണമെന്നും ഇവരെ കുന്നംകുളത്തെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടരുതെന്നും മജിസ്ട്രേറ്റ് പി.ജി. ഗ്വാഷ ഉത്തരവിട്ടു. കഴിഞ്ഞ ജനുവരി 20ന് കേരളത്തിലത്തെിയ മറിയം ഖാലിഖ് ചാവക്കാട്ടെ ഭര്‍തൃവീട് കണ്ടത്തെി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആദ്യം നല്ലനിലയില്‍ പെരുമാറിയെന്നും പിന്നീട് ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും ഇവര്‍ പറയുന്നു. കേരളത്തിലത്തെി വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞശേഷം കൂട്ടിക്കൊണ്ടു പോകാമെന്നും നാട്ടില്‍ ചടങ്ങ്പ്രകാരം വിവാഹം നടത്താമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായി യുവതി ‘സ്നേഹിത’ പ്രവര്‍ത്തകരെ അറിയിച്ചു. ഒന്നിച്ചുള്ള ഫോട്ടോകളും ഇവര്‍ കാണിച്ചു. തുടര്‍ന്നാണ് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡനനിരോധ നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവിനെതിരെ വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ലണ്ടനിലെ മോറിസണ്‍സ് കമ്പനിയില്‍ ജോലി നോക്കുകയാണ് യുവതി. കേരളത്തിലത്തെിയ മറിയം ഭര്‍ത്താവിനെ ഒരുതവണ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയാറായില്ല. പിന്നീട് ഓണ്‍ലൈനില്‍ പലതവണ കിട്ടിയെങ്കിലും ഒഴിഞ്ഞുമാറിയെന്നുമാണ് മറിയം ഖാലിഖ് ‘സ്നേഹിത’ പ്രവര്‍ത്തകരെ അറിയിച്ചത്. |
ആ മകനെയോര്‍ത്ത് കണ്ണീര്‍വാര്‍ക്കാന്‍ ഇനി അമ്മയില്ല Posted: 07 Feb 2015 11:41 AM PST Image: വടകര: കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ അമ്മയെ ലോകമറിയും. ഇനി ആ അമ്മയില്ല. മനസ്സാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയകൊലപാതകത്തിന്‍െറ ഇരയായ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ മാതാവ് ഒഞ്ചിയം-നെല്ലാച്ചേരി തൈവെച്ചപറമ്പത്ത് പത്മിനി ടീച്ചര്‍ ഓര്‍മയായി. ഇതോടെ, ഇനി ആ മകനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കാന്‍ അവരില്ല. മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ ചന്ദ്രശേഖരനായിരുന്നുയെന്ന് പയാന്‍ ടീച്ചര്‍ക്ക് മടിയുണ്ടായിരുന്നില്ല. പലപ്പോഴും ഇതാവര്‍ത്തിച്ചു. കാരണം, പെതുപ്രവര്‍ത്തനത്തിന്‍െറ തിരക്കുകള്‍ക്കിടയിലും ചന്ദ്രശേഖരന്‍ അമ്മയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുമായിരുന്നു. മരുന്നുകൊടുക്കുന്നതിലും ഭക്ഷണം നല്‍കുന്നതിലും മറ്റാരേക്കാളും ചന്ദ്രശേഖരന്‍ ശ്രദ്ധാലുവായിരുന്നു. ഏറെ ശാരീരിക അവശതകള്‍ക്കിടയിലും കരുത്തായിരുന്നത് മകന്‍െറ സാന്നിധ്യമായിരുന്നെന്ന് ടീച്ചര്‍ പറയുമായിരുന്നു. 2012 മേയ് നാലിന് രാത്രി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമുതല്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അവര്‍, വീട്ടില്‍ വരുന്നവരോടൊക്കെ മകന്‍െറ മരണത്തെ കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ‘ആദ്യം ഞാനറിഞ്ഞത് അപകടമരണമാന്നാ, നാലഞ്ചു ദിവസം കഴിഞ്ഞാ അറിഞ്ഞത് അവര്‍ വകവരുത്തിയതാണെന്ന്. എനിക്കിപ്പോഴും അറിയില്ല. അവര്‍ക്ക് എന്തുകൊണ്ടാണ് അവനോടിത്ര പകയെന്ന്. ചെറുപ്പം മുതലേ അവന് പാര്‍ട്ടിയും പാര്‍ട്ടിക്കാരുമാണ് ജീവന്‍. എന്നിട്ടും, ഞങ്ങളെ അനാഥരാക്കി അവനെ ഇല്ലാതാക്കിയില്ളേ. അന്നും എനിക്ക് അഞ്ചു മണിക്ക് ചായയും തന്നുപോയ മോനാ...പിന്നെ കാണുന്നത്...’ അഞ്ചുമക്കളാ എനിക്ക്. ചന്ദ്രന്‍െറ 10ാം വയസ്സില്‍ അവന്‍െറ അച്ഛന്‍ മരിച്ചു. പിന്നെ ഏട്ടന്മാര്‍ക്കുപോലും താങ്ങും തണലും ചന്ദ്രനായിരുന്നു...ടീച്ചറുടെ വിലാപം ആ വീട്ടില്‍ എപ്പോഴും മുഴങ്ങി. ‘അച്ഛന്‍െറ പ്രിയപ്പെട്ട മകനാ. പലപ്പോഴും ഞങ്ങളുടെ രക്ഷിതാവായി. ചെമ്പാട് കുന്നുമ്മല്‍ യു.പി സ്കൂളിലെ അധ്യാപികയായിരുന്നു ഞാന്‍. പുലര്‍ച്ചെ നാലുമണിയോടെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി സ്കൂളില്‍ പോകും. വൈകീട്ട് ആറുമണിയാവും തിരിച്ചത്തൊന്‍. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ പകല്‍സമയത്ത് ചന്ദ്രനുണ്ടല്ളോ എന്ന ധൈര്യത്തിലാണ് സ്കൂളിലേക്ക് പോയിരുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി പലവഴിക്കുംപോയി ദിവസങ്ങള്‍ കഴിയുമ്പോഴും ഭയം തോന്നിയില്ല. അവന് പാര്‍ട്ടിയും പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. എന്നിട്ടും...ഇപ്പോ കാണുന്നില്ളേ രമ രാപ്പകലെന്നില്ലാതെ കഷ്ടപ്പെടുന്നത്. എനിക്ക് വയസ്സായി. എനിക്ക് ചോറുണ്ടാക്കിവെച്ച് പോകുന്ന മോനാ പോയത്. ഞാനിപ്പോള്‍ ഉറങ്ങാറില്ല. ഇനിയൊരമ്മയും ഇങ്ങനെ കണ്ണീരു കുടിക്കരുതെന്നാണ് പ്രാര്‍ഥന...’ ഈ വാക്കുകളാണ് ടീച്ചറുടെ മരണം അറിയുന്നവരുടെ മനസ്സില്‍ നിറയുന്നത്. നാടിന്‍െറ പലഭാഗത്തുനിന്നായി വീട്ടിലത്തെുന്നവരോട് അമ്മ തന്‍െറ സങ്കടങ്ങള്‍ പങ്കുവെച്ചു. ചുരുക്കംചില ആര്‍.എം.പി പരിപാടികളിലെ സാന്നിധ്യവുമായിരുന്നു ഇവര്‍. |
സര്‍വകക്ഷിയോഗ തീരുമാനം: രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമെന്ന് Posted: 07 Feb 2015 11:37 AM PST Image: Subtitle: നേരത്തേ പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് പരാതി വടകര: നാദാപുരത്തുനടന്ന കൊലപാതകത്തിന്‍െറയും തുടര്‍ന്നുള്ള അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗ തീരുമാനം രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമെന്ന് വിമര്‍ശം.അക്രമത്തിനിരയായി വീടും സമ്പാദ്യവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ആശ്വാസനടപടികളുടെ കാര്യത്തില്‍ കൃത്യമായ നിര്‍ദേശംവെക്കാന്‍ സര്‍വകക്ഷിയോഗത്തിന് കഴിഞ്ഞില്ല. കഴിഞ്ഞമാസം 22 മുതല്‍ കിടപ്പാടമില്ലാതെ ബന്ധുവീടുകളിലും മറ്റും അഭയംപ്രാപിച്ചവര്‍ ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിയോഗത്തെ കണ്ടത്. എന്നാല്‍, അക്രമബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ വടകരയില്‍ നടത്തിയ സര്‍വകക്ഷിയോഗത്തില്‍ നേരത്തേ പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് പരാതി. ജില്ലയിലെ ചെറുതും വലുതുമായ രാഷ്ട്രീയകക്ഷികളുടെ രണ്ടംഗങ്ങളെ യോഗത്തില്‍ പങ്കെടുപ്പിച്ചെങ്കിലും പലകക്ഷികള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ആം ആദ്മി നേതാവ് ഇതുസംബന്ധിച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും പിന്നീട് അവസരം നല്‍കാമെന്ന രീതിയില്‍ തടയുകയായിരുന്നു. മുസ്ലിംലീഗ് നേതാക്കളുടെ ഭാഗത്തുനിന്ന് അക്രമസംഭവങ്ങള്‍ നേരില്‍ കാണാനുള്ള ആവശ്യം ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലസംഘടനങ്ങള്‍ രാഷ്ട്രീയ ഒത്തുകളി നടന്നെന്ന് ആക്ഷേപിക്കുന്നത്. 72 വീടുകളാണ് തൂണേരിയില്‍ അക്രമത്തിനിരയായത്. ഇതില്‍ ഭൂരിഭാഗം വീടുകളും പുനര്‍നിര്‍മിക്കേണ്ട അവസ്ഥയിലാണ്. പ്രദേശത്തെ കിണറുകളെല്ലാം ഉപയോഗശൂന്യമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താത്തപക്ഷം പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിയാവില്ല. പ്രദേശത്ത് ബി.ജെ.പി നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, അതുള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ തയാറായിട്ടില്ല. പലരും സന്ദര്‍ശിച്ചേക്കുമെന്ന് കരുതി ഹര്‍ത്താലിന്‍െറ പ്രയാസംപോലും കണക്കിലെടുക്കാതെ വീടുകളിലത്തെിയിരുന്നു. യോഗം അവസാനിച്ച രണ്ടുവരെയും സന്ദര്‍ശിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുണ്ടായിരുന്നത്. സര്‍കക്ഷിയോഗം നടക്കുന്നതിനിടെ അക്രമത്തിനിരയായവര്‍ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തത്തെിയിരുന്നു. ഇത് നേരിയ വാക്കേറ്റത്തിനിടയാക്കി. |
പ്രണയദിനത്തില്‍ ആകാശ യാത്രായുദ്ധം Posted: 07 Feb 2015 10:44 AM PST Image: Subtitle: 1,499 രൂപക്ക് പറക്കാമെന്ന് ഗോഎയര്‍; സ്പൈസ്ജെറ്റില്‍ പറക്കാന്‍ 1,899 രൂപ ന്യൂഡല്‍ഹി: ഇത്തവണ പ്രണയദിനം പറന്നാഘോഷിക്കാം. വാലന്‍ൈറന്‍സ് ദിനാഘോഷത്തിന് പുത്തന്‍ നിരക്കിളവുമായി ആകാശ യാത്രായുദ്ധത്തിന് വിമാനക്കമ്പനികള്‍ ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുത്ത നഗരങ്ങളിലേക്ക് പ്രത്യേക നിരക്കിളവുമായി ഗോഎയര്‍ രംഗത്തത്തെി. 1,499 രൂപയുടെ വിമാനയാത്രയാണ് ഗോഎയറിന്‍െറ വാഗ്ദാനം. ഏപ്രില്‍ 15 വരെയുള്ള ഏതുദിവസങ്ങളിലും യാത്ര ചെയ്യാം. സ്പൈസ്ജെറ്റ് ആണ് നിരക്കിളവ് മത്സരത്തിന് ആവേശം പകര്‍ന്നിരിക്കുന്നത്. അടിയന്തരയാത്രക്ക് 1,899 രൂപയുടെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് സ്പൈസ്ജെറ്റ് പ്രഖ്യാപിച്ചത്. പുതിയ നിരക്കിലുള്ള യാത്രയുടെ ബുക്കിങ് ശനിയാഴ്ച മുതല്‍ ആരംഭിച്ചുകഴിഞ്ഞെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. പെട്ടെന്നുള്ള യാത്രക്ക് അവസാനനിമിഷം ടിക്കറ്റ് ബുക് ചെയ്യേണ്ടിവരുന്നത് വന്‍ സാമ്പത്തിക നഷ്ടമായതിനാലാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്ന് സ്പൈസ്ജെറ്റ് വാണിജ്യവിഭാഗം മേധാവി കാനേശ്വരന്‍ അവിലി പറഞ്ഞു. സ്പെഷല്‍ വാലന്‍ൈറന്‍ എന്ന പേരില്‍ 1599 രൂപയില്‍ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്ക് സ്പൈസ്ജെറ്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 14 മുതല്‍ ഏപ്രില്‍ 15വരെയുള്ള യാത്രക്കാണ് ഈ നിരക്ക്. ഇന്‍ഡിഗോ വിമാനക്കമ്പനിയും യാത്രക്കാരെ വലയിലാക്കാന്‍ വ്യാഴാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചിരുന്നു. 1499 രൂപ മുതലുള്ള യാത്രകളാണ് ഇന്‍ഡിഗോയുടെ ഓഫര്‍. ജെറ്റ് എയര്‍വേയ്സ് 1599 രൂപ മുതലുള്ള കുറഞ്ഞ നിരക്കില്‍ യാത്ര പ്രഖ്യാപിച്ച് മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു. എയര്‍ഏഷ്യയുടെ 699 രൂപയുടെ യാത്ര ബുക്കിങ് ഫെബ്രുവരി എട്ടിന് അവസാനിക്കും. ആഗസ്റ്റ് മൂന്ന് മുതല്‍ 2016 മാര്‍ച്ച് 26വരെ യാത്രകള്‍ക്കാണ് ഈ നിരക്ക് നല്‍കുന്നത്. |
അമ്പെയ്ത്തില്‍ കേരളത്തിന് ചരിത്ര വെങ്കലം Posted: 07 Feb 2015 10:24 AM PST Image: കൊച്ചി: കേരളത്തിന്‍െറ പുരുഷന്മാര്‍ ശനിയാഴ്ച അമ്പുകുലച്ചത് ചരിത്രത്തിലേക്ക്. അമ്പെയ്ത്തില്‍ ഇതാദ്യമായി ദേശീയ ഗെയിംസില്‍ മത്സരിച്ച ആതിഥേയര്‍ പോയന്‍റില്‍ റെക്കോഡ് കുറിച്ചാണ് ഇന്ത്യന്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണത്തിളക്കമുള്ള വെങ്കല പതക്കം മാറിലണിഞ്ഞത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ അജിത് ബാബു, എം. രാജീവ്, കെ.വി. അരുണ്‍ എന്നിവരടങ്ങിയ പുരുഷ ടീം സര്‍വിസസിനെതിരെ 220 പോയന്‍റ് നേടിയപ്പോള്‍ 2011ല്‍ റാഞ്ചി ഗെയിംസില്‍ പട്ടാളക്കാരിട്ട 219 പോയന്‍റിന്‍െറ റെക്കോഡ് തകരുകയായിരുന്നു . ഇന്നലെ സര്‍വിസസിന് നേടാനായത് 205 പോയന്‍റ് മാത്രം. മണിപ്പൂരിനാണ് സ്വര്‍ണം. എന്‍. അര്‍ജുന്‍ സിങ്, എം. സുന്ദര്‍ സിങ്, എച്ച്. ബീരേന്ദ്ര നാഥ് എന്നിവരടങ്ങിയ ടീം (214-209) എന്ന സ്കോറിന് അനില്‍ കുമാര്‍, രാംസുരന്‍, ദിനേശ് കശ്യപ് എന്നിവരടങ്ങിയ ബിഹാറിനെ കീഴടക്കി. മണിപ്പൂര്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും നേടി അമ്പെയ്ത്തിന്‍െറ മെഡല്‍ നിലയില്‍ മുന്നിലത്തെിയതാണ് ശനിയാഴ്ചയിലെ മറ്റൊരു പ്രത്യേകത.
|
ഹീനക്ക് പൊന്നണിഞ്ഞ വിവാഹ വാര്‍ഷികം Posted: 07 Feb 2015 10:19 AM PST Image: തിരുവനന്തപുരം: ‘വിവാഹ വാര്‍ഷികാശംസകള്‍, ഒപ്പം വിജയാശംസകളും. ആദ്യം മെഡല്‍ പിന്നെ ആഘോഷമാവാം’ - ശനിയാഴ്ച പഞ്ചാബ് ഷൂട്ടര്‍ ഹീനാ സിദ്ദുവിന് നേരം പുലര്‍ന്നത് മൊബൈലിലെ ഈ സന്ദേശവുമായാണ്. ഗെയിംസ് വില്ളേജിലെ മഹാരാഷ്ട്ര ക്യാമ്പില്‍നിന്ന് പ്രിയതമന്‍ റോണക് പണ്ഡിറ്റ് അയച്ച സന്ദേശത്തിന് ഹീന അതേ വാക്കുകളില്‍ മറുപടി നല്‍കി. രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചില്‍ ആദ്യം തോക്കെടുത്ത ഹീന സ്വര്‍ണത്തിലേക്ക് ഉന്നംപിടിച്ച് റോണകിന്‍െറ വാക്കുകള്‍ പൊന്നാക്കി. അടുത്ത മണിക്കൂറില്‍ റോണകും മത്സരത്തിനിറങ്ങിയെങ്കിലും നേരിയ വ്യത്യാസത്തിന് ഫൈനല്‍ റൗണ്ട് യോഗ്യതയില്ലാതെ പുറത്തായി. |
Posted: 07 Feb 2015 10:16 AM PST Image: Subtitle: വാട്ടര്‍പോളോയില്‍ സ്വര്‍ണം നേടുമ്പോള്‍ സര്‍വിസസ് നായകന്‍ ശ്യാംകുമാര്‍ ഐ.സി.യുവില്‍ തിരുവനന്തപുരം: വര്‍ഷങ്ങളായി ആ സുവര്‍ണനിമിഷത്തിനായി ശ്യാംകുമാര്‍ കാത്തിരിക്കുകയായിരുന്നു. സര്‍വിസസിനായി വാട്ടര്‍പോളോയില്‍ ഒരു സ്വര്‍ണം. സ്വന്തം നാട്ടില്‍ വിരുന്നത്തെിയ ദേശീയ ഗെയിംസില്‍ ടീമിനെ നയിച്ച് സ്വര്‍ണമണിയുകയെന്ന സ്വപ്നം വിരിഞ്ഞെങ്കിലും ആ നിമിഷം ശ്യാം കുളത്തിലുണ്ടായിരുന്നില്ല. കേരളത്തെ ഷൂട്ടൗട്ടില്‍ മുക്കി സര്‍വിസസ് സ്വര്‍ണം വെട്ടിപ്പിടിച്ചപ്പോള്‍ ആര്‍പ്പുവിളിക്കാന്‍ പോലുമാകാതെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു ടീം ക്യാപ്റ്റന്‍ ശ്യാം. കഴിഞ്ഞ ദിവസം സെമിയില്‍ മഹാരാഷ്ട്ര താരവുമായി കൂട്ടിയിടിച്ച ശ്യാമിന്‍െറ മൂക്കിന് മൂന്ന് തുന്നിക്കെട്ട് വേണ്ടിവന്നു. അനങ്ങരുതെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. |
വെടിയൊച്ചയിലും വെയിലിലും വാടാതെ Posted: 07 Feb 2015 10:04 AM PST Image: തിരുവനന്തപുരം: ഗെയിംസ് വില്ളേജിലെ ശീതീകരിച്ച ടി-5 കോട്ടേജില്‍നിന്ന് പുറത്തിറങ്ങി ഓപണ്‍ എയര്‍ സ്റ്റേഡിയത്തിനടുത്തിരിക്കുമ്പോഴേക്ക് മൂന്നുപേര്‍ക്കും ഉച്ചവെയിലിന്‍െറ പൊള്ളുന്ന ചൂട് അസഹ്യമായിത്തുടങ്ങി. ‘മഞ്ഞിന്‍െറ നാട്ടില്‍നിന്ന് വരുന്ന ഞങ്ങള്‍ക്ക് ഈ ചൂട് മാത്രമാണ് ഇവിടത്തെ വെല്ലുവിളി. മറ്റെല്ലാം കൊണ്ടും കേരളം അതിമനോഹരം. ബീച്ചുകളും ബനാനാ ചിപ്സും തെങ്ങുകളുമൊക്കെ ചേര്‍ന്ന് ഭംഗിയുള്ള ഒരിടം. ഇവിടത്തുകാരെല്ലാം ഏറെ സ്നേഹത്തോടെ പെരുമാറുന്നവരാണ്. അവസരം കിട്ടിയാല്‍ ഇനിയും വരും’- പലക് ബിജ്റാളും മിഥാലി ദോഗ്രയും പവന്‍ദീപ് കൗറും ഒരേ സ്വരത്തില്‍ പറയുന്നു. ദേശീയ ഗെയിംസ് ജിംനാസ്റ്റിക്സില്‍ ജമ്മു-കശ്മീരിനുവേണ്ടി ചരിത്രത്തിലെ ആദ്യ സുവര്‍ണ മെഡലിലേക്ക് താളാത്മക ചുവടുകള്‍ വെച്ച ഈ പെണ്‍കൊടികള്‍ അതിന്‍െറ ത്രില്ലിലാണ് ഇപ്പോഴും. ടീമിലെ മറ്റൊരു താരമായ മൃദുല്‍ വെള്ളിയാഴ്ച മത്സരം കഴിഞ്ഞതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങി. |
യമന്‍: ഹുതി വിമതര്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം Posted: 07 Feb 2015 09:43 AM PST Image: സന്‍ആ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ യമനില്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാനും പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ രൂപവത്കരിക്കാനുമുള്ള ഹുതി വിമതരുടെ തീരുമാനത്തിനെതിരെ വന്‍ ത്രിഷേധം. രോഷാകുലരായ ജനങ്ങള്‍ സന്‍ആ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ റാലി നടത്തി. |
യുക്രെയ്ന്‍: സമാധാന പദ്ധതി തയാറാക്കും Posted: 07 Feb 2015 09:36 AM PST Image: Subtitle: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത് മോസ്കോ: ആഭ്യന്തര യുദ്ധം രൂക്ഷമായ യുക്രെയ്നില്‍ സമാധാനം കൊണ്ടുവരുന്നതിന് പദ്ധതി തയാറാക്കാന്‍ റഷ്യയും ഫ്രാന്‍സും ജര്‍മനിയും ധാരണയിലത്തെി. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ എന്നിവര്‍ മോസ്കോയില്‍ നടത്തിയ നാലുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ചര്‍ച്ച ഫലപ്രദവും ക്രിയാത്മകവുമായിരുന്നെന്ന് മൂവരും വെളിപ്പെടുത്തി. സമാധാന പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ഞായറാഴ്ച കിഴക്കന്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോയെ അറിയിക്കും.കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ബെലറൂസിലെ മിന്‍സ്കില്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പുനരാരംഭിക്കുകയാണ് പദ്ധതിയിലെ മുഖ്യ ഇനം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment