കോഹ് ലിക്ക് സെഞ്ച്വറി, പാകിസ്താന് 301 റണ്‍സ് വിജയലക്ഷ്യം Posted: 15 Feb 2015 12:14 AM PST അഡ് ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യക്കെതിരെ പാകിസ്താന് 301 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എടുത്ത ഇന്ത്യക്ക് വിരാട് കോഹ് ലി നേടിയ സെഞ്ച്വറിയും ധവാന്‍, റെയ്ന എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. കോഹ് ലി 107 റണ്‍സും ധവാന്‍, റെയ്ന എന്നിവര്‍ യഥാക്രമം 74, 73 റണ്‍സും നേടി. 119 പന്തില്‍ നിന്നാണ് കോഹ് ലി തന്‍്റെ രണ്ടാമത്തെ ലോകകപ്പ് സെഞ്ച്വറി നേടിയത്. 107 റണ്ണെടുത്ത കോഹ് ലി പിന്നീട് സുഹൈല്‍ ഖാന്‍്റെ പന്തില്‍ കീപ്പര്‍ ഉമര്‍ അക്മലിന് ക്യാച്ച് നല്‍കി മടങ്ങി. ശേഷം റെയ്നയും മടങ്ങിയതോടെ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പാക് ബൗളര്‍ സൊഹൈല്‍ ഖാനാണ് വലിയ സ്കോറിലേക്ക് കുതിച്ച ഇന്ത്യയെ പിടിച്ചു കെട്ടിയത്. സുഹൈല്‍ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. 'ടോസ് ജയിച്ച ഇന്ത്യ ബാറ്റിങ്് തെരഞ്ഞെടുക്കുകയായിരുന്നു. |
കൃത്യമായ മറുപടികള്‍ നല്‍കിയില്ളെങ്കില്‍ അറസ്റ്റുണ്ടാവുമെന്ന് തരൂരിനോട് അന്വേഷണ സംഘം Posted: 15 Feb 2015 12:05 AM PST ന്യൂഡല്‍ഹി: സുനന്ദ കേസില്‍ സത്യസന്ധമായ മറുപടികള്‍ നല്‍കിയില്ളെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ശശി തരൂരിനോട് അന്വേഷണ സംഘം. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യവെയാണ് ഇങ്ങനെ താക്കീത് നല്‍കിയത്. ജനുവരി 19ന് നടത്തിയ ചോദ്യം ചെയ്യലില്‍ മറുപടിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയായിരുന്നു. ബോധരഹിതയായിട്ടും സുനന്ദയെ എന്തുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്ന ചോദ്യത്തിന് തരൂര്‍ മറുപടി നല്‍കിയില്ളെന്നാണ് റിപോര്‍ട്ട്. സുനന്ദയെ പോസ്റ്റ് മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയുമായി തരൂര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ച ശേഷം തരൂരിനെ നാലാംഘട്ട ചോദ്യം ചെയ്യലിനായി സംഘം വിളിച്ചേക്കും. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി വിദേശത്തേക്ക് അയച്ചിരിക്കുകയാണ്. |
കിട്ടുന്ന കസേരയിലിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താന്‍^ തിരുവഞ്ചൂര്‍ Posted: 14 Feb 2015 11:44 PM PST കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് സമാപന സമ്മേളന വേദിയില്‍ നിന്നും മാറി നിന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെയും ഇടിച്ചു കയറുന്ന സ്വഭാവം തനിക്കില്ല. സമാപന ചടങ്ങില്‍ രണ്ടു മന്ത്രിമാര്‍ക്കു സീറ്റ് ക്രമീകരിച്ചതില്‍ ആശയക്കുഴപ്പമുണ്ടായി. പ്രതിപക്ഷ നേതാവിനും സ്പീക്കര്‍ക്കും മുകളില്‍ തന്നെ സീറ്റ് ക്രമീകരിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമാപന സമ്മേളനം കൂവി കുളമാക്കാന്‍ കുട്ടികളെ കൊണ്ടുവന്നിരുത്തിയവര്‍ തന്നെ അത് നിര്‍ത്താന്‍ പറയേണ്ടതായിരുന്നു. അങ്ങനെ ഇല്ലാതിരുന്നതിനാല്‍ സ്ഥിരം കൂവലുകാരായ അവര്‍ കൂവിക്കൊണ്ടേയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ച് വരുത്തിയ ടൂറിസം മന്ത്രി എ.പി അനില്‍കുമാറിനും ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനും ഗവര്‍ണ്ണര്‍ക്കൊപ്പം വേദിയില്‍ കസേര നല്‍കാതിരുന്നതിനാല്‍ ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ വേദിയില്‍ നിന്നും വിട്ടു നിന്നിരുന്നു. |
ബെര്‍ലിന്‍ ചലച്ചിത്രോത്സവം: ജാഫര്‍ പനാഹിക്ക് ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം Posted: 14 Feb 2015 11:28 PM PST ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ടാക്സി' എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചത്രോത്സവത്തില്‍ ഗോള്‍ഡന് ബിയര്‍ പുസ്കാരം. ചിലി സംവിധായകന്‍ പാബ്ളോ ലെറൈന്‍െറ 'ദ ക്ളബ്' സില്‍വര്‍ ബിയര്‍ പുരസ്കാരം നേടി. ബ്രിട്ടീഷ് സംവിധായകന്‍ ആന്‍ഡ്രൂ ഹൈസിന്‍െറ 45 ഇയേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ടോം കോര്‍ടനെ മികച്ച നടനായും ചാര്‍ലറ്റ് റാമ്പ്ളിങിനെ മികച്ച നടിയുമായും തെരഞ്ഞെടുത്തു. റുമാനിയയുടെ റഡ് ജൂഡ് പോളണ്ടിലെ മല്‍ഗോര്‍സാട ഷുമോസ്ക എന്നിവരാണ് മികച്ച സംവിധായകര്‍. |
മുതലപ്പൊഴി തുറമുഖ നിര്‍മാണത്തിനൊപ്പം ആശങ്കയും വര്‍ധിക്കുന്നു Posted: 14 Feb 2015 10:33 PM PST ആറ്റിങ്ങല്‍: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്‍െറ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം താഴംപള്ളി തീരവാസികളുടെ ആശങ്കയും വര്‍ധിക്കുന്നു. സുഗമമായ മത്സ്യബന്ധനത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഒന്നര പതിറ്റാണ്ട് മുമ്പ് മത്സ്യബന്ധന തുറമുഖ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിലെ അശാസ്ത്രീയതയോ പഠന പ്രവര്‍ത്തനങ്ങളിലെ വീഴ്ചയോ കാരണം ഹാര്‍ബര്‍ നിര്‍മാണാനന്തരം ഒരു ഭാഗത്തെ കര കുറയുകയും മറുഭാഗത്തെ കര കൂടുകയും ചെയ്തു. ഇരുവശവും ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്. താഴംപള്ളി ഭാഗത്താണ് കടല്‍കയറി കര നശിച്ചുകൊണ്ടിരിക്കുന്നത്. താഴംപള്ളി, മുഞ്ഞമൂട് ഭാഗങ്ങളില്‍ കിലോമീറ്ററുകളോളം ദൂരം കടല്‍ പ്രക്ഷുബ്ധമാണ്. 200 മീറ്ററോളം കര കുറഞ്ഞിട്ടുണ്ട്. ഇതിന്‍െറ ഫലമായി വീടുകള്‍ തകരുകയും വള്ളവും വലയും നശിക്കുകയും ചെയ്യുന്നു. ഹാര്‍ബറിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതലുള്ള വീഴ്ചകള്‍ തിരുത്താന്‍ തയാറാകാത്തതാണ് ഈ അവസ്ഥക്ക് കാരണം. ഹാര്‍ബറിന്‍െറ നിര്‍മാണപ്രവര്‍ത്തനമാണ് കടല്‍കയറ്റത്തിന് കാരണമെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥിരീകരിച്ച അധികൃതര്‍ അതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. പുതിയ പഠന റിപ്പോര്‍ട്ടില്‍ നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരീക്ഷണവും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ ഭയക്കുന്നത്. ഒന്നരവര്‍ഷംമുമ്പ് തുടങ്ങിയ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കടലാക്രമണങ്ങള്‍ വര്‍ധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. താഴംപള്ളി, പൂത്തുറ, മുഞ്ഞമൂട് ഭാഗങ്ങളില്‍ വേലിയേറ്റ സമയത്ത് കടല്‍കയറ്റം രൂക്ഷമാണ്. ഹാര്‍ബറിന്‍െറ ഉള്‍ഭാഗത്ത് ആദ്യ നിര്‍മാണത്തിന്‍െറ ഭാഗമായി സ്ഥാപിച്ച പാറകള്‍ ഇതുവരെ നീക്കിയിട്ടില്ല. ഇതുമൂലം ഹാര്‍ബറില്‍ തിരമാലകള്‍ ഉണ്ടാകുന്നതിനാല്‍ കടലിലേക്കിറങ്ങാനും തിരികെ പ്രവേശിക്കാനും ബോട്ടുകള്‍ തടസ്സം നേരിടുന്നു. പാറക്കൂട്ടങ്ങളില്‍ തട്ടി വള്ളങ്ങള്‍ തകരുന്ന സംഭവങ്ങളും നിരവധിയാണ്. മത്സ്യബന്ധനത്തിനുള്ള ചെറിയ കപ്പലുകള്‍ക്ക് ഹാര്‍ബറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഡ്രഡ്ജിങ് നടത്തേണ്ടതുണ്ട്. തങ്ങളുടെ ആശങ്ക സര്‍ക്കാറിനെ അറിയിക്കാന്‍ മുതലപ്പൊഴി ഹാര്‍ബര്‍ സംരക്ഷണ സമിതി ഞായറാഴ്ച വൈകുന്നേരം മുതലപ്പൊഴി തീരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഡോ.എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. സുഭാഷ് അധ്യക്ഷത വഹിക്കും. പുലിമുട്ടുകള്‍ സ്ഥാപിക്കുക, കടല്‍തീരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിക്കുന്നുണ്ട്. |
ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാ വാര്‍ഡ് പൂട്ടിയ സംഭവം: ദുരൂഹത നീങ്ങിയില്ല Posted: 14 Feb 2015 09:56 PM PST തിരൂര്‍: അണുനശീകരണ സംവിധാനം തകരാറിലായെന്ന് പറഞ്ഞ് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാ വാര്‍ഡ് പുട്ടിയ സംഭവത്തില്‍ ദുരൂഹത ബാക്കി. നേരത്തേയുണ്ടായിരുന്ന സംവിധാനം ഉപയോഗിച്ച് ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചതോടെ തകരാര്‍ സംബന്ധിച്ച് സംശയങ്ങള്‍ ഉയരുകയാണ്. ഡോക്ടര്‍മാര്‍ക്കിടയിലെ ചേരിപ്പോരും എച്ച്.എം.സി അംഗങ്ങളുമായുള്ള സൗന്ദര്യപ്പിണക്കവും വീണ്ടും തലപൊക്കിയിട്ടുണ്ട്. വാറന്‍റി കാലാവധി കഴിയാത്ത രണ്ട് അണുനശീകരണ യന്ത്രങ്ങളാണ് ഒരുമിച്ച് കേടായത്. ഇത് സ്ഥാപിച്ച കമ്പനിയിലെ വിദഗ്ധനത്തെി യന്ത്രങ്ങള്‍ക്ക് തകരാറില്ളെന്ന് കണ്ടത്തെിയെങ്കിലും അതു മൂടിവെച്ച് ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. അതിനിടെ ലക്ഷത്തിലേറെ രൂപ വിലയുള്ള പുതിയ യന്ത്രം വാങ്ങുകയും ചെയ്തു. എച്ച്.എം.സിയുടെ പര്‍ച്ചേസിങ് കമ്മിറ്റി അറിയാതെയായിരുന്നു ഈ നടപടി. പഴയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയതോടെ പുതിയത് നോക്കുകുത്തിയായിരിക്കുകയാണ്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പരസ്പരവിരുദ്ധ മറുപടികളാണ് നല്‍കുന്നത്. ആര്‍.എം.ഒയും സൂപ്രണ്ടും ഒരു വിഭാഗം ഡോക്ടര്‍മാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. സൂപ്രണ്ടും ചില ഡോക്ടര്‍മാരും തമ്മിലുള്ള ചേരിപ്പോരും നിലനില്‍ക്കുന്നുണ്ട്. ഡോക്ടര്‍മാരും ജീവനക്കാരും ചേരിതിരിഞ്ഞ് പരസ്പരം പഴിചാരിയാണ് മുന്നോട്ടുപോകുന്നത്. തിയറ്റര്‍ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടാഴ്ചയോളം എടുത്തത് ഇതു മൂലമാണ്. തിയറ്റര്‍ അണുവിമുക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി ശസ്ത്രക്രിയ പുനരാരംഭിക്കുന്നത് വൈകിപ്പിക്കാന്‍ കഴിഞ്ഞദിവസം ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ ശ്രമം ഡി.വൈ.എഫ്.ഐ ഇടപെടലിനെ തുടര്‍ന്ന് പാളിയിരുന്നു. ശസ്ത്രക്രിയാ വാര്‍ഡ് അടച്ചുപൂട്ടലിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇവരായിരുന്നു. പഴയ യന്ത്രങ്ങള്‍ വാറന്‍റിയോടെ മാറ്റിക്കിട്ടാന്‍ രണ്ട് മാസത്തോളം എടുക്കുമെന്നാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. അതിനിടെ പുതിയ യന്ത്രം ജില്ലാ പഞ്ചായത്ത് എത്തിച്ചതോടെ ഇവര്‍ വെട്ടിലായി. അതോടെ അണുനശീകരണത്തിന് ദിവസങ്ങള്‍ വേണമെന്ന പുതിയ വാദം ഉയര്‍ത്തി. നടപടികള്‍ വേഗത്തിലാക്കി പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ശസ്ത്രക്രിയ പുനരാരംഭിക്കുന്നത് വൈകിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ആര്‍.എം.ഒയും സൂപ്രണ്ടും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ മറപിടിച്ചായിരുന്നു ഈ നീക്കം. എച്ച്.എം.സി അംഗങ്ങളും ആശുപത്രി അധികൃതരും തമ്മില്‍ വിശ്വാസക്കുറവിനും പുതിയ സംഭവം കാരണമായി. ഏതാനും മാസങ്ങളായി ആശുപത്രിയില്‍ വിവാദം പതിവായിരിക്കുകയാണ്. നേരത്തേ ഡി.എം.ഒ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അവയെല്ലാം കാറ്റില്‍ പറത്തുന്നതാണ് പുതിയ സംഭവങ്ങള്‍. ജില്ലാ പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടാത്തതിനാല്‍ എച്ച്.എം.സിയും പ്രതിസന്ധിയിലാണ്. |
ക്വാറി, ക്രഷര്‍ : പഞ്ചായത്ത് അനുമതി റദ്ദ് ചെയ്യണമെന്ന് ഗ്രാമസഭ Posted: 14 Feb 2015 09:51 PM PST മുക്കം: കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സണ്ണിപ്പടിയില്‍ ക്വാറി, ക്രഷര്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി നല്‍കിയ അനുമതി റദ്ദ് ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യം കഴിഞ്ഞദിവസം ചേര്‍ന്ന ഗ്രാമസഭ അംഗീകരിച്ചു. കഴിഞ്ഞ ഡിസംബര്‍ 26നാണ് പുതിയ ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ക്ക് എതിരെ പ്രദേശത്ത് പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു അനുമതി. ഇതിനെതിരെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും വ്യാപകമായി. ഇതിനത്തെുടര്‍ന്നാണ് ഫെബ്രുവരി എട്ടിനുചേര്‍ന്ന ഗ്രാമസഭയില്‍ ബോര്‍ഡ് തീരുമാനം റദ്ദ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. ഗ്രാമസഭയില്‍ ബഹളമായതോടെ യോഗം ഫെബ്രുവരി 13ലേക്ക് മാറ്റുകയായിരുന്നു. ഫ്രാന്‍സിസ് ഉള്ളാട്ടില്‍ അവതരിപ്പിച്ച പ്രമേയം ഗ്രാമസഭ ഐകകണ്ഠ്യേന പാസാക്കി. ഫെബ്രുവരി 24ന് തുടര്‍ നടപടികള്‍ക്കായി പ്രത്യേക യോഗം ചേരാനും ഗ്രാമസഭയില്‍ തീരുമാനമായി. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ടി. സെയ്ത് ഫസല്‍ അധ്യക്ഷത വഹിച്ചു. ആറാം വാര്‍ഡ് അംഗം സന്തോഷ് ജോണ്‍, പി.കെ. കണ്ണന്‍, കെ.എഫ്. തോമസ് കുട്ടി, എം. സുബ്രഹ്മണ്യന്‍, ജോസ് ഉള്ളാട്ടില്‍ എന്നിവര്‍ സംസാരിച്ചു. |
ജനപ്രതിനിധിയെന്ന നിലയിലാണ് പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ന്നതെന്ന് വി.എസ് Posted: 14 Feb 2015 09:32 PM PST ന്യൂഡല്‍ഹി: രാഷ്ട്രീയലാഭത്തിന് വേണ്ടിയല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വി.എസ് കേസ് ഉപയോഗിക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. കേസില്‍ കക്ഷി ചേരാന്‍ 2006 ല്‍ സുപ്രീംകോടതി തന്നെ അനുമതി നല്‍കിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളില്ളെന്നും കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ളെന്നും വി.എസ് വിശദീകരണം നല്‍കിയിട്ടുണ്ട്. അഞ്ച് അധികരേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേസ് വലിച്ചു നീട്ടുന്നത് അംഗീകരിക്കാനാവില്ല. കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരിക എന്ന ലക്ഷ്യമല്ല വി.എസിനുള്ളത്. പുതിയ രേഖകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വി.എസ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ സ്പീക്കര്‍ കൈവശം വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. |
ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍ Posted: 14 Feb 2015 09:17 PM PST ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെക്കെതിരേ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍. ഡേവിഡ് മില്ലറുടെയും ഡുമിനിയുടെയും സെഞ്ച്വറി കരുത്തില്‍ ദക്ഷിണാഫ്രിക്ക 339 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. മില്ലര്‍ 92 ബോളില്‍ 138 റണ്‍സും ഡുമിനി 100 ബോളില്‍ 115 റണ്‍സും എടുത്തു. മുന്‍ നിരയുടെ തകര്‍ച്ചക്ക് ശേഷം നാലിന് 83 എന്ന നിലയില്‍ നിന്നാണ് ഇരുവരും ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഏകദിന ക്രിക്കറ്റില്‍ മില്ലറുടെ രണ്ടാം സെഞ്ച്വറിയാണിത്. ഏഴു റണ്‍സെടുത്ത ഡി കോക്കിനെ തെന്‍ഡായ് ചിതരയും 11 റണ്‍സെടുത്ത ഹഷിം അംലയെ തിനാഷെ പനിയന്‍ഗരയും പുറത്താക്കി. ഡു പ്ലെസിസ് (24) എല്‍ട്ടന്‍ ചിഗുംബുരയ്ക്കു വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ ഡിവില്ലിയേഴ്സും (25 റണ്‍സ്) പുറത്തായി. ടോസ് നേടിയ സിംബാവെ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹാമില്‍ട്ടണിലാണ് മത്സരം. |
പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ് Posted: 14 Feb 2015 08:04 PM PST അഡ് ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് ആദ്യമത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യ ടോസ് നേടി പാകിസ്താനെതിരെ ബാറ്റിങ്് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണ്‍ ചെയ്യുന്നത്. ടീം - ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, എം. എസ്. ധോനി, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, മുഹമ്മദ് ഷമി. പാകിസ്താന്‍: അഹമ്മദ് ഷെഹ്സാദ്, യൂനിസ് ഖാന്‍, ഹാരിസ് സൊഹൈല്‍, മിസ്ബ ഉള്‍ ഹഖ്, സൊഹൈബ് മഖ്സൂദ്, ഉമര്‍ അക്മല്‍, ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, യാസിസ് ഷാ, സൊഹൈല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫന്‍. |
ഇനി ടെന്നിസ് കാലം; ദുബൈ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം Posted: 14 Feb 2015 07:55 PM PST ദുബൈ: റോജര്‍ ഫെഡറര്‍,വീനസ് വില്യംസ്, നൊവാക് ജോകോവിച്ച്, ആന്‍ഡി മുറേ, സിമോണ ഹാലെപ്, അന ഇവാനോവിച്ച്... ലോക ടെന്നിസിലെ അതികായര്‍ ദുബൈയുടെ മണ്ണില്‍ റാക്കേറ്റേന്താനത്തെുന്ന ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച തുടക്കംകുറിക്കും. ഇനി രണ്ടാഴ്ചക്കാലം ലോകനഗരത്തില്‍ ടെന്നിസിന്‍െറ പൂക്കാലമായിരിക്കും. ലോക വനിതാ ടെന്നിസ് അസോസിയേഷന്‍െറ അംഗീകാരമുള്ള ഡബ്ള്യു.ടി.എ പ്രീമിയര്‍ വനിതാ ടൂര്‍ണമെന്‍റ് ഇന്ന് മുതല്‍ അടുത്ത ശനിയാഴ്ച വരെയും അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രഫഷണല്‍സ് (എ.ടി.പി) അംഗീകാരമുള്ള പുരുഷ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 23 മുതല്‍ 28 വരെയും ദുബൈ ടെന്നിസ് സ്റ്റേഡിയത്തില്‍ നടക്കും. യഥാക്രമം വീനസ് വില്യംസും റോജര്‍ ഫെഡററുമാണ് നിലവിലെ ജേതാക്കള്‍. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന, ദുബൈയുടെ കായിക കലണ്ടറിലെ മുഖ്യഇനമായ ടൂര്‍ണമെന്‍റിന്‍െറ മുഖ്യ സംഘാടകര്‍ ദുബൈ ഡ്യൂട്ടി ഫ്രീയാണ്. മത്സരങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ച 12 മുതല്‍ വൈകിട്ട് ഏഴുവരെയും വ്യാഴം,വെള്ളി ദിവസങ്ങളില്‍ രണ്ടു മുതല്‍ ഏഴുവരെയുമാണ് നടക്കുക. വനിതകളുടെ ഡബിള്‍സ്, സിംഗിള്‍സ് ഫൈനലുകള്‍ 21ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ അരങ്ങേറും. പുരുഷ ഫൈനലുകള്‍ 28ന് ശനിയാഴ്ച നടക്കും. ലോകമെങ്ങും സംപ്രേഷണം ചെയ്യുന്ന ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ മൊത്തം പ്രൈസ് മണി 25 ലക്ഷം ഡോളറാണ്. മത്സരത്തിലെ എതിരാളികളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ശനിയാഴ്ച ദുബൈ ടെന്നിസ് സ്റ്റേഡിയത്തിലെ മജ്ലിസില്‍ നടന്നു. വനിതാ വിഭാഗത്തിലെ ടോപ്പ് സീഡും കഴിഞ്ഞവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പുമായ സിമോണ ഹാലെപക്ക് ആദ്യ മത്സരം തന്നെ കടുത്തതായി. ആസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലിസ്റ്റ എകാതെറിന മകറോവയാണ് എതിരാളി. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ പെട്ര ക്വിറ്റോവയും അഗ്നീസ് റാഡ്വന്‍സ്കയും ഏറ്റുമുട്ടും. വനിതാ വിഭാഗത്തില്‍ 15ാം വര്‍ഷവും പുരുഷ വിഭാഗത്തില്‍ 23ാം വര്‍ഷവുമാണ് ദുബൈ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇത്തവണ സിംഗിള്‍സില്‍ 64 വനിതകളും ഡബിള്‍സില്‍ 16 വനിതാ ടീമകളും മത്സരിക്കുന്നു. പുരുഷന്‍മാരില്‍ 32 പേര്‍ സിംഗിള്‍സിലും 16 ടീമുകള്‍ ഡബിള്‍സിലും മാറ്റുരക്കും. 5000 പേര്‍ക്കിരിക്കാവുന്ന ലോകോത്തര സ്റ്റേഡിയത്തിലാണ് വീറുറ്റ മത്സരങ്ങള്‍ അരങ്ങേറുക. ജിജികോ മെട്രോ സ്റ്റേഷനില്‍ നിന്ന് അഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് സ്റ്റേഡിയം. സ്റ്റേഷനില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുമുണ്ടാകും. ടിക്കറ്റുകള്‍ സ്റ്റേഡിയത്തില്‍ നിന്ന് രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ ലഭിക്കും. ആദ്യ ദിവസങ്ങളില്‍ 75 ദിര്‍ഹമാണ് ടിക്കറ്റ് നിരക്കെങ്കില്‍ ഫൈനലിന് 600 ദിര്‍ഹം വരെ നിരക്കുയരും. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ www.timeouttickets.com സൈറ്റില്‍ നിന്നും 04 4172415 എന്ന കാള്‍ സെന്‍റര്‍ നമ്പറില്‍ നിന്നു ലഭിക്കും. |
നോര്‍ത്ത് കരോലിന കൂട്ടക്കൊല : ഇരകള്‍ക്ക് എജുക്കേഷന്‍ സിറ്റിയില്‍ ഇന്ന് ഐക്യദാര്‍ഢ്യം Posted: 14 Feb 2015 07:41 PM PST കഴിഞ്ഞയാഴ്ച അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ചാപ്പല്‍ ഹില്ലില്‍ വെടിയേറ്റ് മരിച്ച മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ഖത്തര്‍ ഫൗണ്ടേഷന്‍െറ ഐക്യദാര്‍ഢ്യം. ഉച്ചക്ക് 2.30ന് എജുക്കേഷന്‍ സിറ്റിയിലെ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് സെന്‍ററിലാണ് മൗന പ്രകടനം നടക്കുന്നത്. ഇതില്‍ പങ്കാളികളാകാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ പൊതുസമൂഹത്തോടാവശ്യപ്പെട്ടു. സര്‍വകലാശല വിദ്യാര്‍ഥികളായ ശാദി ബറകത്, ഭാര്യ യൂസര്‍ മുഹമ്മദ് അബൂ സല്‍ഹ, ഇവരുടെ സഹോദരി റസന്‍ മുഹമ്മദ് അബൂസല്‍ഹ എന്നിവരാണ് അക്രമത്തിനിരയായത്. പഠനരംഗത്തും സാമൂഹിക സേവനരംഗത്തും വലിയ സംഭാവനകള്‍ അര്‍പ്പിച്ചവരാണിവര്‍. ഖത്തറിനകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനാലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ഇവരുടെ അനുസ്മരണത്തിന് മുന്നിട്ടിറങ്ങുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തര്‍ ഫൗണ്ടേഷനിലെയും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ഥികളും ജീവനക്കാരും ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന മൗനജാഥക്കായി മുന്നിട്ടിറങ്ങും. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി ഗേറ്റില്‍ നിന്നാണ് മൗനജാഥയാരംഭിക്കുക. എജുക്കേഷന്‍ സിറ്റി സെറിമോണിയല്‍ കോര്‍ട്ടിലത്തെി ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്തും. തുടര്‍ന്ന് കൊല്ലപ്പെട്ടവരെ അനുസ്മരിക്കും. മൗനജാഥയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ അല്‍ ലുഖ്ത്ത സ്ട്രീറ്റ് വഴിയാണ് പരിപാടിക്കെത്തേണ്ടത്. കോര്‍ട്ട് കാര്‍ പാര്‍ക്കില്‍ ഇവര്‍ക്കായി പാര്‍ക്കിങ് സൗകര്യമൊരുക്കും. തുര്‍ക്കിയില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കായി കൊല്ലപ്പെട്ട ബറകത്ത് ആരംഭിച്ച സിറിയ ഡെന്‍റല്‍ റിലീഫ് ഫണ്ടിലേക്ക് ഇവരോടുളള ആദരസൂചകമായി സംഭാവനചെയ്യണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. |
മാതൃഭാഷാ മധുരവുമായി മാധ്യമം Posted: 14 Feb 2015 06:52 PM PST കുവൈത്ത് സിറ്റി: മാതൃഭാഷയിലേക്ക് അക്ഷരയാത്രയൊരുക്കുകയും കേരളീയ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് പ്രവാസി വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ‘ഗള്‍ഫ് മാധ്യമം’ കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോര്‍ത്ത് നടത്തുന്ന ‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ കുവൈത്ത്തല ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ എം. മുകുന്ദന്‍ നിര്‍വഹിച്ചു. അബ്ബാസിയ ഇന്ത്യന്‍ ഇന്‍റഗ്രേറ്റഡ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ ക്ളിക്കോണ്‍ നിര്‍വഹിച്ചാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. മലയാളഭാഷ പരിപോഷിക്കാനുള്ള ഗള്‍ഫ് മാധ്യമത്തിന്‍െറ ഉദ്യമം ഏറെ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. തോമസ് മാത്യു കടവില്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, കരുണാകരന്‍, അസീസ് തിക്കോടി, ജോണ്‍ ആര്‍ട്സ് കലാഭവന്‍, അനിയന്‍ കുഞ്ഞ്, കെ.എ. സുബൈര്‍, എസ്.എ.പി. ആസാദ്, എന്‍.പി. അബ്ദുറസാഖ്, പി.പി. ജുനൂബ്, സി.കെ. നജീബ്, ഇ.പി. ഫസല്‍, നാസര്‍ എളമരം, ടി. മുഹമ്മദ് വേളം, നിസാര്‍ കെ. റഷീദ്, ഹമീദ് പാലത്തിങ്കല്‍ എന്നിവര്‍ സംബന്ധിച്ചു. പ്രവാസി വിദ്യാര്‍ഥികളില്‍ (അഞ്ചാം ക്ളാസ് മുതല്‍ 10ാം ക്ളാസ് വരെ) മലയാള ഭാഷ അഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് ‘മധുരമെന്‍ മലയാള’ത്തിനുള്ളത്. ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളിലും ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള ഭാഷാ അഭിരുചി മത്സരം മൂന്ന് ഘട്ടങ്ങളിലായി ഓണ്‍ലൈനായും നേരിട്ടും നടക്കും. ഓരോ രാജ്യത്തുനിന്നും വിജയികളാകുന്ന രണ്ടുപേര്‍ വീതം യു.എ.ഇയില്‍ നടക്കുന്ന അവസാനവട്ട മത്സരത്തില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഗള്‍ഫ് മേഖലയില്‍ സമയ ബന്ധിതമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 10നും രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ 17നുമാണ്. അവസാനഘട്ട പരീക്ഷയും ഗ്രാന്‍ഡ് ഫിനാലെയും ഏപ്രില്‍ 24ന് വിപുലമായ പരിപാടികളോടെ യു.എ.ഇയില്‍ നടക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കു പുറമേ ഒന്നാംഘട്ട പരീക്ഷ മുതല്‍ വിജയികളാകുന്നവര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.madhyamam.com/madhuramenmalayalam വെബ്സൈറ്റ് സന്ദര്‍ശിക്കണം. |
പാരമ്പര്യത്തിന്‍െറ പ്രതീകം നിലനിര്‍ത്തി റുസ്താഖ് സൂഖ് Posted: 14 Feb 2015 06:39 PM PST മസ്കത്ത്: പാരമ്പര്യത്തിന്‍െറയും പൗരാണികതയുടെയും പ്രതീകങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുന്ന റുസ്താഖ് സൂഖ് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. റുസ്താഖിലെ ഏറ്റവും പ്രധാനപ്പെട്ട റുസ്താഖ് സൂഖ് സുല്‍ത്താനേറ്റിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിപണികളിലൊന്നാണ്. തനത് ഒമാനി നിര്‍മാണ രീതികള്‍ക്കൊപ്പം ആധുനികതയും ഒത്തുചേര്‍ന്ന ഇവിടം തേടിയത്തെുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. റുസ്താഖ് കാസിലിനൊപ്പം സൂഖും വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. എട്ട് കവാടങ്ങളും ഓരോന്നിനും പ്രത്യേക പേരുകളും ഉള്ളതിനാല്‍ പ്രാദേശികമായി അബൂ തമനിയ എന്ന് അറിയപ്പെടുന്ന ഈ സൂഖിലേക്ക് വിവിധ ഭാഗങ്ങളില്‍നിന്ന് ഉല്‍പന്നങ്ങളത്തെുന്നുണ്ട്. പച്ചമീന്‍ അടക്കം മത്സ്യവിഭവങ്ങള്‍ അല്‍ ബാത്തിനയില്‍നിന്ന് എത്തുമ്പോള്‍ പഴവര്‍ഗങ്ങള്‍ക്ക് ജബല്‍ അല്‍ അക്തറിനെയാണ് ആകര്‍ഷിക്കുന്നത്. തീരപ്രദേശങ്ങളിലും മലനിരകളും ഉള്ള കച്ചവടക്കാരും ഉപഭോക്താക്കളും ഒന്നിക്കുന്നതും സാധനങ്ങള്‍ കൈമാറുന്നതും ഈ എട്ട് കവാടങ്ങളുള്ള ചന്തയില്‍വെച്ചാണ്. പരമ്പരാഗത ഒമാനി ഉല്‍പന്നങ്ങള്‍ തേടിയത്തെുന്നവരും റുസ്താഖ് സൂഖ് സന്ദര്‍ശിക്കാതെ മടങ്ങാറില്ല. പരമ്പരാഗത ഒമാനി ജീവിതത്തിന്‍െറ ആവശ്യമായതെല്ലാം ഇവിടെ ലഭിക്കും. സ്വദേശികളുടെ ദൈനംദിന ജീവിതരീതികള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയ ഇവിടം തദ്ദേശീയ ഉല്‍പന്നങ്ങളുടെ പ്രധാന വിപണി കൂടിയാണ്. കൈത്തോക്കുകള്‍, കത്തികള്‍, തൊപ്പികള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. റുസ്താഖില്‍ വിളയുന്ന ചോളം, ഗോതമ്പ്, വെള്ളക്കടല, ബീന്‍സ്, വെളുത്തുള്ളി, സവാള തുടങ്ങിയവയുടെയെല്ലാം പ്രധാന വിപണിയും ഈ സൂഖാണ്. കച്ചവടത്തിനൊപ്പം തന്നെ വിശേഷങ്ങളും വിവരങ്ങളും പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രം കൂടിയായിരുന്നു ഇവിടം. പൗരാണിക നിര്‍മാണ രീതികള്‍ നിലനിര്‍ത്തി അടുത്തകാലത്ത് സൂഖ് ആധുനികവത്കരിക്കുകയും ചെയ്തിരുന്നു. |
ഇന്ന് അയല്‍ക്കാരുടെ അങ്കം Posted: 14 Feb 2015 06:34 PM PST Subtitle: ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ; തിരുത്താന്‍ പാകിസ്താന്‍ അഡ് ലെയ്ഡ്: ക്രിക്കറ്റ് ലോകകപ്പില്‍ നേട്ടങ്ങള്‍ പലതും കൊയ്തവരാണെങ്കിലും അയല്‍ക്കാരുടെ പോരാട്ടത്തില്‍ ഒരിക്കലെങ്കിലും ജയിക്കാന്‍ ഇനിയുമായിട്ടില്ളെന്ന ആധി പാകിസ്താന്. മൂന്നുമാസത്തിലേറെയായി ആസ്ട്രേലിയയിലുണ്ടായിട്ടും ഒരു രാജ്യാന്തര മത്സരംപോലും നേടാനായില്ളെന്ന പരിഭവം ഇന്ത്യക്കും. തുല്യദു$ഖിതരുടെ പോരാട്ടത്തിനാണ് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഞായറാഴ്ച സാക്ഷിയാകുന്നത്. ഇതുപക്ഷേ, ‘ഹൈ വോള്‍ട്ടേജ്’ അങ്കമായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ഉറപ്പ്. എത്ര ദുര്‍ബലരായ ഘട്ടത്തിലും എതിരാളി പാകിസ്താനാകുമ്പോള്‍ വീര്യം ചോരാതെ പൊരുതിയിട്ടുണ്ടെന്നതും ചരിത്രം. എന്നാല്‍, ചരിത്രം നോക്കുകയേ വേണ്ടെന്ന് പാക് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് പറയുന്നു. ലോകകപ്പില്‍ മുഖാമുഖം കണ്ട അഞ്ചു വട്ടവും തോല്‍ക്കേണ്ടിവന്നെങ്കിലും പഴയ കണക്കുകള്‍ ഏതു നിമിഷവും പുതിയതിന് വഴിമാറാമെന്ന് മിസ്ബാഹ്. ഒരര്‍ഥത്തില്‍ അഡ്ലെയ്ഡ് ഇന്ത്യക്ക് ശവപ്പറമ്പാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒന്നിലേറെ തവണ ഇതേ ഗ്രൗണ്ടില്‍ പാഡുകെട്ടിയിറങ്ങിയിട്ടും വിജയവുമായി തിരിച്ചുകയറാന്‍ ഇനിയും ഭാഗ്യം കടാക്ഷിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ സന്നാഹ മത്സരത്തില്‍ ഗ്ളെന്‍ മാക്സ്വെല്‍ വെടിക്കെട്ടില്‍ ആതിഥേയരായ ആസ്ട്രേലിയക്കു മുന്നില്‍ നാണംകെടുകയും ചെയ്തു. പക്ഷേ, കളത്തിനകത്തും പുറത്തും കത്തിനില്‍ക്കുന്ന ഏതു കൊടിയ ചൂടിലും മിസ്റ്റര്‍ കൂളായി അദ്ഭുതപ്പെടുത്തുന്ന നായകന്‍ ധോണിയിലാണ് ഇന്ത്യയുടെ പ്രതീക്ഷകളത്രയും. എതിരാളികള്‍ പാകിസ്താനായതിനാല്‍ കാണികള്‍ക്ക് വിരുന്നാകും മത്സരമെന്നാണ് ശനിയാഴ്ച പരിശീലനശേഷം ധോണി പറഞ്ഞത്. ശരാശരിയില്‍ കവിഞ്ഞ നിലവാരം ബാറ്റിങ് ലൈനപ്പ് മോശമല്ളെങ്കിലും ബൗളിങ് ശരാശരി നിലവാരത്തിലുമപ്പുറത്തേക്ക് വളരുന്നേയില്ല. അതിദുര്‍ബലരായ അഫ്ഗാനിസ്താനെപ്പോലും 50 ഓവറില്‍ പുറത്താക്കുന്നതില്‍ ഇന്ത്യന്‍ ബൗളിങ് നിര പരാജയപ്പെട്ടിരുന്നു. ഇശാന്ത് ശര്‍മ കൂടി പരിക്കേറ്റ് പുറത്തായതോടെ പല്ലുകൊഴിഞ്ഞ സിംഹങ്ങളായി മാറിയ നിരയില്‍ സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാരായുള്ളത്. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യമാകും ഇന്ന് ഓപണിങ് ജോടി. കോഹ്ലി മൂന്നാമതിറങ്ങും. സാധ്യതാ ടീം: ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജദേജ, സ്റ്റുവര്‍ട്ട് ബിന്നി/ മോഹിത് ശര്‍മ, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്. പാകിസ്താന്‍: അഹ്മദ് ശഹ്സാദ്, നാസിര്‍ ജംഷീദ്, യൂനിസ് ഖാന്‍, ഹാരിസ് സുഹൈല്‍, മിസ്ബാഹുല്‍ ഹഖ്, ശുഐബ് മഖ്സൂദ്, ഉമര്‍ അക്മല്‍, ശാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഹ്സാന്‍ ആദില്‍/ ആദില്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍. |
ഇന്ത്യയുടെ അമേരിക്കന്‍ ചായ് വ് Posted: 14 Feb 2015 06:09 PM PST റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ ക്ഷണിച്ചുകൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. ഘര്‍ വാപസി മുദ്രാവാക്യത്തെയും ഹിന്ദുത്വ പ്രത്യയ ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെയും പരസ്യമായാണ് ഒബാമ പ്രഹരിച്ചത്. ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്ത മതസ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത ഇന്ത്യ കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഹിന്ദു രാഷ്ട്രത്തിനുവേണ്ടിയുള്ള തങ്ങളുടെ അമിതമായ ആഗ്രഹത്തെ ജനാധിപത്യ ലോകം എങ്ങനെ വീക്ഷിക്കുന്നുവെന്ന് ബി.ജെ.പി മനസ്സിലാക്കാന്‍ മോദി ആഗ്രഹിച്ചു എന്ന ഉദാരമായ വിശദീകരണം ഇതിന് നല്‍കാവുന്നതാണ്. അതെന്തായാലും, ജനാധിപത്യ ലോകത്ത് മുഖം കാണിക്കുക ബി.ജെ.പിക്ക് ഇനി കുറച്ച് പ്രയാസമായിരിക്കും. കാരണം, അത്രക്കും വലിയ ശകാരമാണ് അതിന് ഏറ്റുവാങ്ങേണ്ടി വന്നത്. മതത്തിന്‍െറ പേരില്‍ ഭിന്നിക്കാതിരിക്കുകയും ഏതു മതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് കുതിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ഒബാമ ഇന്ത്യയെ ഓര്‍മിപ്പിച്ചത്. ഒബാമയുടെ വെട്ടിത്തുറന്നുള്ള ഈ പ്രസ്താവന ബി.ജെ.പി നേതാക്കള്‍ക്ക് ഇഷ്ടമായാലും ഇല്ളെങ്കിലും രാജ്യം പൊതുവേ അത് സ്വാഗതം ചെയ്തു. ഒബാമയെപ്പോലൊരു ലോകനേതാവ് ഇന്ത്യയെ അതിന്‍െറ ബഹുസ്വര മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചുവെന്നത് ജനങ്ങളെ സന്തോഷിപ്പിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറയുന്ന ചില ബി.ജെ.പി നേതാക്കള്‍ അമ്പരപ്പിലുമാണ്. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടില്‍ ചില മാറ്റങ്ങളും ഒബാമയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായി. ഇത് മനസ്സിലാക്കിയായിരിക്കണം, ഒബാമയുടെ സന്ദര്‍ശനത്തിന്‍െറ ഫലങ്ങളെക്കുറിച്ചറിയാന്‍ ഒരു പാകിസ്താന്‍ ടി.വി ചാനലില്‍നിന്ന് എന്നെ വിളിച്ചത്. ഞാന്‍ പറഞ്ഞു: ചൈനക്ക് ഇച്ഛാഭംഗമുണ്ടാക്കി അമേരിക്കയോടൊരു ചായ്വ്. ചേരിചേരാ നയത്തില്‍ ന്യൂഡല്‍ഹി ഉറച്ചുനിന്ന ശീതയുദ്ധകാലത്തും മോസ്കോയുമായുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു. പിന്നീട്് ഇന്ത്യ സോവിയറ്റ് യൂനിയനുമായി അടുത്തപ്പോള്‍ തൊട്ട് വാഷിങ്ടണ്‍ ന്യൂഡല്‍ഹിയെ തങ്ങളുടെ ഭാഗത്തേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇന്ന്, മോസ്കോ അത്ര ശക്തമല്ല. അന്നത്തെ കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള പിന്തുണയുമില്ല. പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഉറച്ച ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നത് സത്യമാണ്. അതേസമയം, തന്‍െറ പരിമിതികളെക്കുറിച്ച് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. യുക്രെയ്നിലെ സംഘര്‍ഷം ഒരുദാഹരണമാണ്. യുക്രെയ്നുള്ള അമേരിക്കയുടെ പിന്തുണ പരസ്യമാണ്. ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഒബാമക്കുനേരെയുണ്ടായ ഒരു ചോദ്യം സംശയലേശമന്യേ യുക്രെയ്നിനുള്ള അമേരിക്കയുടെ പിന്തുണ വ്യക്തമാക്കിത്തന്നു. അമേരിക്കയുടെ സൈനിക, സാമ്പത്തിക ശക്തിയെക്കുറിച്ച് ശീതയുദ്ധാനന്തര കാലത്തെ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബോധ്യമുണ്ട്. നല്ല ഭാവിക്ക് അവരുമായി കൂട്ടുചേരാന്‍ മാത്രം പ്രായോഗികമതിയുമാണ് അദ്ദേഹം. കൂടുതല്‍ നല്ലതേതെന്ന് നോക്കി ബുദ്ധിപൂര്‍വമാണ് അദ്ദേഹം അമേരിക്കയുടെ ഭാഗത്തേക്ക് ചാഞ്ഞത്. ആസ്ട്രേലിയയോടും ജപ്പാനോടും ഈ അടുപ്പം ഇനി പ്രതീക്ഷിക്കാം. ഈ രണ്ട് രാജ്യങ്ങളും ഇപ്പോള്‍തന്നെ അമേരിക്കയുടെ ചേരിയിലാണ്. തങ്ങളുടെ യഥാര്‍ഥ എതിരാളി ചൈനയാണെന്ന് കരുതുന്നതില്‍ അമേരിക്കക്ക് സംശയമൊന്നുമില്ളെന്ന് തോന്നുന്നു. സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയേക്കാള്‍ നല്ളൊരു പങ്കാളിയെ അമേരിക്കക്ക് കിട്ടാനില്ല. അതുകൊണ്ടുതന്നെയാണ് ഒബാമയുടെ സന്ദര്‍ശനത്തോട് ചൈന എതിര്‍പ്പോടെ പ്രതികരിച്ചതും. അമേരിക്കയുടെ തന്ത്രങ്ങളില്‍ വീഴരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ചൈനയുടെ ആകുലതകളെ ഇന്ത്യയും ആകുലതയോടെയാണ് കാണുന്നത്. ചൈനയെ അവഗണിച്ചല്ല അമേരിക്കയുമായി ഇന്ത്യയുടെ സൗഹൃദമെന്ന് ബോധ്യപ്പെടുത്താന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തന്നെ ചൈന സന്ദര്‍ശിച്ചു. സാധ്യമായ അപകടങ്ങളെക്കുറിച്ച് ബെയ്ജിങ് അജ്ഞരല്ല. മേഖലയില്‍ ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുളള ഏക രാജ്യം ഇന്ത്യയാണെന്ന് അവര്‍ക്കറിയാം. 1962ലെ ഇന്ത്യക്കെതിരായ വിജയം ചൈനക്ക് ഇപ്പോഴും ആവേശമാണ്. എന്നാല്‍, അവിടെനിന്ന് ന്യൂഡല്‍ഹി ഏറെ മുന്നിലത്തെിക്കഴിഞ്ഞുവെന്നും അവര്‍ക്കറിയാം. 1962ലേതിനക്കാള്‍ സൈനികപരമായും വിഭവങ്ങളുടെ കാര്യത്തിലും ന്യൂഡല്‍ഹി ഏറെ ശക്തരായെന്നും അവര്‍ക്ക് ബോധ്യമുണ്ട്. അന്ന് ചേരിചേരാ നയമായിരുന്നു അമേരിക്കയുമായുള്ള തര്‍ക്ക വിഷയം. അപ്പോഴും, ആയുധങ്ങള്‍ക്കുവേണ്ടിയുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ അഭ്യര്‍ഥനയോട് അമേരിക്ക പ്രതികരിച്ചു. ചൈനയുമായി ഏറ്റുമുട്ടലിന്‍െറ സാഹചര്യം വീണ്ടുമുണ്ടായാല്‍ ഇന്ത്യ ഒറ്റക്കാകില്ളെന്ന് ഉറപ്പു നല്‍കുന്നതാണ് ഒബാമയുടെ സന്ദര്‍ശനം. അദ്ദേഹത്തിന്‍െറ സന്ദര്‍ശന ശേഷം ഇന്ത്യക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധം തോന്നാം. അമേരിക്കയെ പാകിസ്താനില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഇന്ത്യ പരമാവധി ശ്രമിച്ചു. പ്രധാനമന്ത്രി മോദി ഒന്നിലധികം തവണ ഒബാമയുമായി സംസാരിച്ചു. എന്നാല്‍, ഭീകരര്‍ക്കെതിരായ നടപടിക്ക് പിന്തുണ ലഭിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കയുടെ പദ്ധതിയനുസരിച്ച് ഭീകരതക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍െറ പിന്തുണ അനിവാര്യമാണ്. തത്വത്തില്‍, ഇക്കാര്യത്തില്‍ വ്യത്യസ്താഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാല്‍, മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനായ ഹാഫിസ് മുഹമ്മദ് സഈദ് ഇന്ത്യക്കെതിരെ പരസ്യമായി വിദ്വേഷ പ്രസംഗം നടത്തുകയാണ്. മുംബൈ ആക്രമണത്തിലെ പ്രതികളെ ശിക്ഷിക്കാന്‍ പാകിസ്താന്‍െറ ഭാഗത്തുനിന്ന് ഗൗരവമായ ഒരു നടപടിയുമുണ്ടാകുന്നില്ല. മുംബൈ ആക്രമണത്തിലെ പ്രതികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ നടപടിയുണ്ടാകുന്നുവെന്ന് ഉറപ്പുവരുത്താതെ, പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന ഒബാമയുടെ പ്രസ്താവനയില്‍ കാര്യമില്ല. പാകിസ്താനെതിരെ ഒരു പരിധിക്കപ്പുറം ഒബാമ പോകുന്നില്ളെന്നതും വ്യക്തമാണ്. എങ്കിലും, പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന ഏക രാജ്യം അമേരിക്കയാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചക്ക് ഒബാമ അവസരമൊരുക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. എത്ര വ്യത്യസ്ത ധ്രുവങ്ങളിലാണെങ്കിലും, വ്യാപാരത്തിനും വിനോദ സഞ്ചാരത്തിനുമുള്ള അവസരങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും കണ്ടത്തൊനാകും. ഇരു രാജ്യങ്ങളും ചര്‍ച്ചക്കിരുന്നാല്‍ സഹകരണത്തിനുള്ള മറ്റ് മേഖലകളും കണ്ടത്തൊം. വിശ്വാസരാഹിത്യവും സമ്പര്‍ക്കമില്ലായ്മയും തുടരുകയാണെങ്കില്‍ അകല്‍ച്ച ഇനിയും കൂടും. |
കേരളത്തില്‍നിന്ന് വലിച്ചെറിയാന്‍ ഏര്‍വാടികള്‍ Posted: 14 Feb 2015 06:05 PM PST നിഷ നൂറിനെ മലയാളികള്‍ക്ക് ഓര്‍മയുണ്ടാകണമെന്നില്ല. ന്യൂനപക്ഷ സമുദായത്തില്‍ ജനിച്ച് ചലച്ചിത്രരംഗത്തത്തെി മിന്നിത്തിളങ്ങിയ നായിക. 1980കളിലാണ് നൂര്‍ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. എതിര്‍പ്പുകളെ അവഗണിച്ച് നിഷ നൂര്‍ ശ്രദ്ധേയയായി. അയ്യര്‍ ദി ഗ്രേറ്റ് എന്ന ബ്ളോക് ബസ്റ്റര്‍ ചിത്രത്തില്‍ മെഗ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. പിറകെ മിമിക്സ് ആക്ഷന്‍ 500 എന്ന ഹിറ്റ് ചിത്രം. തമിഴ്, തെലുങ്ക് എന്നീ സിനിമകളില്‍നിന്നും അവസരങ്ങള്‍ വന്നു. കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെ നായികയായി. നിഷ നൂര്‍ കോടികള്‍ സമ്പാദിച്ചു. കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും പണം കായ്ക്കുന്ന മരമായി. ഈയടുത്ത് തമിഴ്നാട്ടിലെ ഒരു ദര്‍ഗക്ക് സമീപം അലക്ഷ്യമായ വസ്ത്രങ്ങളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയപ്പോഴാണ് നിഷ നൂര്‍ വീണ്ടും വാര്‍ത്തയാകുന്നത്. പ്രേക്ഷകര്‍ ഒരുകാലത്ത് ആരാധനയോടെ നോക്കിക്കണ്ട താരം റോഡരികില്‍ വലിച്ചെറിയപ്പെട്ട നിലയില്‍. പേഴ്സനല്‍ സെക്രട്ടറിയെയും സ്തുതിപാഠകരെയും കൂടെ കൊണ്ടുനടന്നിരുന്ന നടിക്ക് സമ്പാദ്യം തീര്‍ന്നപ്പോള്‍ പെരുവഴിയായി ശരണം. ചാവാറായ എലിയെ കുപ്പത്തൊട്ടിയിലേക്ക് തള്ളുംപോലെ നാഗൂര്‍ ദര്‍ഗക്ക് മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവം മാധ്യമങ്ങളില്‍ വന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. നാഗൂര്‍ ദര്‍ഗ ഏര്‍വാടി ഉള്‍പ്പെടുന്ന ദര്‍ഗ കൂട്ടത്തില്‍ ഒന്നാണ്. ഏര്‍വാടിയിലെ ദര്‍ഗകളില്‍ രോഗികളെയും മാതാപിതാക്കളെയും നടതള്ളുന്നത് ഭ്രാന്തിന്‍െറ പേരില്‍. ഖബറിനടുത്ത് കുറ്റിയടിച്ച് കെട്ടിയിട്ട് ഖബര്‍ വാരിപ്പുണര്‍ന്നാല്‍ ഭ്രാന്ത് മാറുമെന്നും അവിടെ തൊട്ടിലുകെട്ടിയാല്‍ കുഞ്ഞ് ജനിക്കുമെന്നും അന്ധവിശ്വാസമുണ്ട്. എന്നാല്‍, ഇതൊന്നുമല്ലാതെ വീടുകളില്‍ ബാധ്യതയായവരെ ദര്‍ഗയിലേക്ക് വലിച്ചെറിയുന്നുവെന്നതിന്‍െറ ഏറ്റവും പുതിയ കഥയാണ് നിഷ നൂറിന്‍േറത്. ഏര്‍വാടിയും മുത്തുപ്പേട്ടയും നാഗൂറും ഒരു ചരടില്‍ കോര്‍ത്ത അന്ധവിശ്വാസകേന്ദ്രങ്ങളാണ്. ഒരിടത്ത് പോയാല്‍ എല്ലായിടത്തും പോകണമെന്നത് അടിച്ചേല്‍പിക്കപ്പെട്ട കീഴ്വഴക്കം. മാതാപിതാക്കള്‍ ബാധ്യതയായാല്‍ ഈ ദര്‍ഗകളിലേക്ക് നടതള്ളുക ശീലമായി കഴിഞ്ഞുവെന്നതാണ് അവസ്ഥ. മംഗലാപുരത്തുനിന്നും രാവിലെ എട്ടുമണിയോടെ പുറപ്പെടുന്ന കോയമ്പത്തൂര്‍ പാസഞ്ചറില്‍ ഏര്‍വാടിയിലേക്ക് ‘തീര്‍ഥാടന’ത്തിന് പുറപ്പെട്ടവരെ കാണാം. പോയി തിരിച്ചുവരുന്നവരില്‍ എന്നും ഒരാള്‍ കുറവായിരിക്കും. ‘അവിടെ കൂടെ നില്‍ക്കാന്‍ ആളുവേണമെന്നില്ല. എല്ലാം ദര്‍ഗക്കാര്‍ നോക്കിക്കൊള്ളും. ഭക്ഷണം സൗജന്യം, മരിച്ചാല്‍ അവിടെ ഖബറടക്കും’ കാസര്‍കോട്ടെ ഒരു ഏര്‍വാടി സന്ദര്‍ശകന്‍ പറയുന്നു. ഏര്‍വാടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കാസര്‍കോട്ടുകാരാണ്. അന്ധവിശ്വാസം കച്ചവടമാക്കുന്ന ഏര്‍വാടിയിലേക്ക് കേരളത്തില്‍നിന്നും നടതള്ളുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് കാസര്‍കോട് സ്വദേശി ഏര്‍വാടിയില്‍ മരിച്ചു. അല്‍പം മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ഭാര്യയും ബന്ധുക്കളുമാണ് കൊണ്ടുവിട്ടത്. പിന്നിട് തിരിഞ്ഞുനോക്കിയില്ല. ആളെ കുറിച്ച് വിവരം വേണമല്ളോയെന്ന് കരുതി പോയന്വേഷിച്ചപ്പോഴേക്കും ഏര്‍വാടിയിലെ ഖബറിടത്തില്‍ അയാള്‍ എത്തിയിരുന്നു. മാധ്യമങ്ങളില്‍ ‘ഏര്‍വാടിയില്‍ നിര്യാതനായി’ എന്ന നിസ്സാര വാര്‍ത്ത മാത്രം. കാസര്‍കോട് ജില്ലയില്‍നിന്നും വരുന്ന ചരമ വാര്‍ത്തകളില്‍ ഏര്‍വാടിയില്‍ നിര്യാതനായവര്‍ ഏറെയാണ്. കങ്കനാടിയിലെ അത്യാധുനിക മാനസികാരോഗ്യ കേന്ദ്രവും കോഴിക്കോട്ടെ കുതിരവട്ടവും കഴിഞ്ഞാണ് ഏര്‍വാടിയില്‍ ഭ്രാന്ത് മാറ്റാന്‍ കാസര്‍കോട്ടുകാര്‍ രോഗികളെ കൊണ്ടുപോകുന്നത്! ആശുപത്രി തെരഞ്ഞെടുക്കാന്‍ രോഗിക്ക് അവകാശം ഉന്നയിക്കാന്‍ കഴിയാത്ത രോഗമായതുകൊണ്ട് ഇത് ശരിയായ നടതള്ളലായി കണക്കാക്കാം. മാനസികരോഗികള്‍ക്ക് വലിയ ആശ്വാസം ഉറ്റവര്‍ കൂടെയുണ്ടാകുന്നതാണെന്ന് അറിഞ്ഞുകൊണ്ടാണ് ഈ നടതള്ളല്‍. വൃദ്ധരെയാകുമ്പോള്‍ മാനസികരോഗം അടിച്ചേല്‍പിച്ചായിരിക്കും തള്ളുക. ‘കേരള പൊലീസിന്‍െറ പ്രധാന പതിവ് അന്വേഷണ കേന്ദ്രങ്ങളിലൊന്ന് ഏര്‍വാടിയാണ്. പലസാക്ഷികളും ഏര്‍വാടിയിലുണ്ടാകും, ചിലപ്പോള്‍ പ്രതികളും. ചികിത്സക്ക് വേണ്ടിയല്ലാതെ കൊണ്ടുവിടുന്ന വൃദ്ധരാണ് ഏര്‍വാടിയിലും നാഗൂരിലും മുത്തുപ്പേട്ടയിലും ഭിക്ഷക്കാരായി മാറുന്നത്. ഭിക്ഷാടനത്തിന് നേതൃത്വം നല്‍കാന്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്. സൗജന്യ ഭക്ഷണത്തിനുവേണ്ടി വൃദ്ധന്മാരെകൊണ്ട് ചെയ്യിക്കുന്ന ജോലിയാണ് ഭിക്ഷാടനം’ -കേസന്വേഷണത്തിനായി ഏര്‍വാടി സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു ഏര്‍വാടി സന്ദര്‍ശകന്‍ ബ്ളോഗില്‍ എഴുതിയത് ഇങ്ങനെ: ‘വയനാട്ടുകാരി നസീമയും ഉമ്മയും ഏര്‍വാടിയില്‍ വന്നിട്ട് പത്തുപതിനഞ്ച് ദിവസമായി. നസീമക്ക് മനസ്സിനെന്തോ ചെറിയ അസ്വാസ്ഥ്യം ഉണ്ട്. അവളുടെ നോക്കിലും ഭാവത്തിലും അത് കാണാനുണ്ട്. ഇവിടെ അസുഖത്തിനു മരുന്നൊന്നും ഇല്ലത്രെ രോഗികള്‍ക്ക്. വെള്ളം മാത്രമാണ് മരുന്ന്. കോഴിക്കോട് എത്ര നല്ല ഡോക്ടര്‍മാരുണ്ട്, എന്തിനു ഇവിടെ വന്നു എന്ന ചോദ്യത്തിനു ആ ഉമ്മ കൈമലര്‍ത്തി. ചെറിയ മാനസികപ്രശ്നങ്ങളുള്ളവരെ നട്ടപ്രാന്തന്മാരാക്കാനേ ഇത്തരം ദര്‍ഗാപൂജ കൊണ്ട് കഴിയൂവെന്നും ബ്ളോഗില്‍ എഴുതുന്നു. ഏര്‍വാടിയില്‍ അശാസ്ത്രീയമായ ചികിത്സക്ക് മാത്രമല്ല, വൃദ്ധരെ ഉപേക്ഷിക്കാനും കേരളത്തില്‍നിന്ന് ആളുകള്‍ എത്തുന്നത് വര്‍ധിക്കുകയാണെന്ന് സ്ഥലം എം.എല്‍.എ ജവഹറുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവിടെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നടപ്പാക്കാന്‍ സാധിച്ചില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (നാളെ: പ്രതീക്ഷയുടെ തിരിനാളങ്ങള്‍) |
മഹാ ഗലത്തി Posted: 14 Feb 2015 06:02 PM PST കളിപ്പാവകള്‍ക്കും റബര്‍സ്റ്റാമ്പുകള്‍ക്കും പഞ്ഞമില്ലാത്ത കാലത്താണ് സമത്വസുന്ദര സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്‍െറ മുന്നണിപ്പോരാളികളിലൊരാളായ നിതീഷ് കുമാര്‍ പിന്‍ഗാമിയെ നിശ്ചയിക്കുന്നത്. നിതീഷിനെപ്പോലുള്ള താപ്പാനകളുടെ കൈയില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ ഉണ്ടാവും. അതുവെച്ചാണ് കളി. ആടിക്കളിക്കെടാ കുഞ്ചിരാമാ എന്നു പറഞ്ഞ് റിമോട്ടിലൊന്ന് ഞെക്കിയാല്‍ ആടണം കളിപ്പാവ. അതാണ് അലിഖിത ചട്ടം. രുചിക്കാന്‍ കിട്ടുന്നത് അധികാരത്തിന്‍െറ അപ്പക്കഷണങ്ങളാണ്. അതുകൊണ്ട് തലയില്‍ കയറിയിരുന്ന് താണ്ഡവമാടിയാലും അടങ്ങിയിരിക്കണം. പണ്ട് കാലിത്തീറ്റ കുംഭകോണ കേസില്‍ അകത്തായപ്പോള്‍ ലാലുപ്രസാദ് അടുക്കളയില്‍നിന്നും കൈയും പിടിച്ച് കൊണ്ടുവന്ന് ഭാര്യ റാബ്റി ദേവിയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയില്ളേ? കോടികളുടെ അഴിമതി നടത്തി പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുമ്പോള്‍ പുരട്ച്ചി തലൈവി പന്നീര്‍സെല്‍വമെന്ന പാവയെ കുടിയിരുത്തിയില്ളേ? ജിതന്‍ റാം മാഞ്ചിയെ കസേരയില്‍ ആനയിച്ചിരുത്തുമ്പോള്‍ നിതീഷ്കുമാറും അത്തരമൊരു പാവയെയാണ് മനസ്സില്‍ കണ്ടത്. നിഴലു കാണുമ്പോള്‍ എഴുന്നേറ്റ് വണങ്ങിനില്‍ക്കുന്ന വിധേയനാവും മാഞ്ചിയെന്ന് പാവം നേതാവ് തെറ്റിദ്ധരിച്ചു. നിഴലല്ല സാക്ഷാല്‍ വിശ്വരൂപം നേരിട്ടുവന്ന് കസേര ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെട്ടിട്ടും മാഞ്ചി ഒഴിഞ്ഞില്ല. മഹാ ദലിതനെ മുഖ്യമന്ത്രിയാക്കിയത് മഹാ ഗലത്തിയായെന്നാണിപ്പോള്‍ പറച്ചില്‍. ഭീമമായ അബദ്ധം. റബര്‍ സ്റ്റാമ്പോ കളിപ്പാവയോ ആണെന്നു കരുതിയതാണ് തെറ്റെന്നു തിരിച്ചടിക്കുന്നു മാഞ്ചി. മൂന്നു പതിറ്റാണ്ട് രാഷ്ട്രീയത്തിലും ഭരണരംഗത്തുമുണ്ടായിരുന്നയാളാണ്. പ്രവര്‍ത്തനപാരമ്പര്യത്തെ ഇടിച്ചുതാഴ്ത്തിയതാണ് അന്തസ്സിന് മുറിവേല്‍പിച്ചത്. ഞാനൊരു പാവപ്പെട്ടവനാണ്. പക്ഷേ, ആത്മാഭിമാനമുണ്ട് എന്നാണ് മാഞ്ചിയുടെ പരിദേവനം. പാവം ഫക്കീറായതുകൊണ്ടുതന്നെ കുതിരക്കച്ചവടം നടത്താനുള്ള പണം കൈയിലില്ളെന്നു തുറന്നടിക്കുകയും ചെയ്തു. കസേരയിലൊന്ന് അമര്‍ന്നിരുന്ന ആദ്യകാലത്തൊക്കെ നിതീഷ് റിമോട്ട് ഞെക്കിയതിനനുസരിച്ച് ആടിക്കളിച്ചയാളാണ്. അതിനിടയിലെപ്പോഴോ ആത്മാഭിമാനംവന്ന് മന$സാക്ഷിയില്‍ പിടിമുറുക്കി. അതോടെ പാവയുടെ ബാറ്ററി വീക്കായി. വികൃതിയായ കുട്ടിയുടെ കൈയിലെ കളിപ്പാട്ടംപോലെ എളുപ്പം കേടായതിനാല്‍ നിതീഷിനെ സംബന്ധിച്ചിടത്തോളം അത് ഉപയോഗശൂന്യവുമായി. സംസ്ഥാനത്തെ മൂന്നാമത്തെ ദലിത് മുഖ്യമന്ത്രിയാണ്. മഹാദലിതനായ ആദ്യ മുഖ്യമന്ത്രി. ഭോല പാസ്വാന്‍ ശാസ്ത്രിയുടെയും രാംസുന്ദര്‍ ദാസിന്‍െറയും പിന്മുറക്കാരന്‍. അതുകൊണ്ടുതന്നെ സ്വന്തം സാമൂഹിക രാഷ്ട്രീയ ബലത്തെക്കുറിച്ച് ബോധവാനുമാണ്. ബിഹാറിലെ 22 ശതമാനത്തോളം വോട്ട് നിശ്ചയിക്കുന്നത് ദലിതുകളും മഹാദലിതുകളുമാണ്. അവരുടെ പിന്തുണയുള്ളതിനാല്‍ ഇപ്പോള്‍ ഒരു ഇരവാദവുമുയര്‍ത്തിയിട്ടുണ്ട്. ദലിതുകള്‍ ഉള്‍പ്പെടുന്ന പാവങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതിനാലാണ് നിതീഷും ഒപ്പംനില്‍ക്കുന്നവരും തന്നെ കരുവാക്കുന്നത് എന്നായിരുന്നു മാഞ്ചിയുടെ വാദം. പാര്‍ട്ടിക്ക് ദലിത് വോട്ടുകള്‍ ഏകോപിപ്പിച്ചുകൊടുക്കുന്ന എന്നോടാണോ കളി എന്ന് മാഞ്ചി ചോദിക്കുന്നു. പാര്‍ട്ടിയുടെ ചരിത്രവും പ്രത്യയശാസ്ത്രവുമൊക്കെ ചികഞ്ഞാല്‍ സോഷ്യലിസം പേരിനെങ്കിലും കാണാമെങ്കിലും ജാതിരാഷ്ട്രീയം വിട്ടുകളിക്കാന്‍ പറ്റില്ല. ദലിതുകള്‍ക്കെതിരെ നിലകൊള്ളുന്ന യാഥാസ്ഥിതികനാണ് നിതീഷ് എന്നു താന്‍ വിചാരിച്ചില്ളെന്നാണ് മാഞ്ചി പറയുന്നത്. ജനതാപരിവാറുമായി ദേശീയതലത്തില്‍ മൂന്നാംബദല്‍ സൃഷ്ടിക്കുന്ന സോഷ്യലിസ്റ്റ് പോരാളിയുടെ പ്രതിച്ഛായക്ക് പരിക്കേല്‍പിക്കുകയാണ് മാഞ്ചിയുടെ ലക്ഷ്യം. ജാതിരാഷ്ട്രീയം കളിക്കാന്‍ തന്നോളം പോന്നവര്‍ വേറെയില്ല എന്നു തെളിയിച്ചുകൊണ്ട് മാഞ്ചിയുടെ മന്ത്രിസഭ തിരക്കിട്ട് പസ്വാന്‍ സമുദായത്തെ മഹാദലിത് ജാതിയില്‍ ഉള്‍പ്പെടുത്തി. നിതീഷ് കുമാര്‍ ഭരിക്കുന്ന കാലത്താണ് പാസ്വാന്‍ സമുദായത്തെ മഹാദലിതുകളുടെ പട്ടികയില്‍നിന്നു പുറത്താക്കിയത്. മാഞ്ചി-നിതീഷ് പോരിന്‍െറ മാനങ്ങള്‍ ചെറുതല്ല എന്നു ചുരുക്കം. അധികാരരാഷ്ട്രീയത്തിന്‍െറ ഈ വടംവലിയില്‍ സാമൂഹിക നീതിക്കു സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ കാണുക. നിതീഷ് മാഞ്ചിയെ മാറ്റിയാല്‍ അത് പാര്‍ട്ടിക്കുള്ളിലെ ജാതിപ്പോരിനിടയാക്കും. ഉന്നത, താണ ജാതിനേതാക്കള്‍ക്കിടയിലെ വിടവിന് വ്യാപ്തി കൂടും. നിതീഷിന് കീഴ്ജാതി വോട്ടുകള്‍ നഷ്ടമാവും എന്നൊക്കെ കണക്കുകൂട്ടുന്നവരുണ്ട്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഈഗോ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ ഏറെയാണ്. മുപ്പത്തി രണ്ടു പല്ലിന് ഒരു നാക്കല്ളേയുള്ളൂ. അതുകൊണ്ട് നാക്കു പിഴ പതിവാണ്. വൈദ്യുതി ബില്‍ കുറക്കാന്‍ വേണ്ടി കൈക്കൂലി കൊടുത്തിട്ടുണ്ടെന്ന പരാമര്‍ശം വിവാദമായിരുന്നു. പാവപ്പെട്ടവന് ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാരുടെ കൈവെട്ടുമെന്ന് ഒരിക്കല്‍ പറഞ്ഞു. ഉന്നത ജാതിക്കാര്‍ വിദേശികളാണെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ ഉന്നത ജാതിക്കാരായ എം.എല്‍.എമാര്‍ പറഞ്ഞത് മുഖ്യമന്ത്രിക്ക് തലക്ക് സ്ഥിരതയില്ളെന്നാണ്. മഹാദലിതുകള്‍ക്ക് കുട്ടികളെ നോക്കാനോ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ പറ്റുന്നില്ല. അവര്‍ക്ക് ചാരായം കുടിക്കണമെന്നുണ്ടെങ്കില്‍ വളരെ കുറച്ചു മാത്രം മരുന്നിന് എന്ന പോലെ കഴിക്കുക എന്ന് ആഹ്വാനം ചെയ്തതും കോലാഹലമുയയര്‍ത്തി. റബര്‍ സ്റ്റാമ്പ് മുഖ്യനെന്ന ദുഷ്പേരു മാറിക്കിട്ടാന്‍ പലതും ചെയ്തിട്ടുണ്ട്. പട്നയില്‍ ദസറ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനെതിരെ ശക്തമായ നടപടിയെടുത്തു. കാര്യക്ഷമതയില്ലാത്ത ഡോക്ടര്‍മാര്‍ക്ക് തക്കതായ ശിക്ഷ നല്‍കി. 1944 ഒക്ടോബര്‍ ആറിന് ബിഹാറിലെ ഗയ ജില്ലയില്‍ ജനനം. പിതാവും മാതാവും കര്‍ഷകത്തൊഴിലാളികളായിരുന്നു. ബിരുദത്തിനു ശേഷം ഗയ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ജോലി ചെയ്തു. 1980ല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. നിയമസഭയിലത്തെി ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 1990ലെ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ജനതാദളിലേക്കു മാറി. ദള്‍ പിളര്‍ന്നപ്പോള്‍ ലാലുവിനൊപ്പം നിന്നു. പിന്നീട് ലാലുവിന്‍െറയും റാബ്റിയുടെയും മന്ത്രിസഭയില്‍ മന്ത്രിയായി. 2005ല്‍ ബി.ജെ.പി സഖ്യത്തോട് ആര്‍.ജെ.ഡി തോറ്റപ്പോള്‍ ജെ.ഡി.യുവിലേക്കു മാറി. ശാന്തി ദേവിയാണ് ഭാര്യ. രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. നിതീഷ്കുമാറിന്‍െറ രാഷ്ട്രീയബാധ്യത എന്ന പേരിലാവും ചരിത്രത്തില്‍ അറിയപ്പെടുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും അത് അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എന്തായിരുന്നാലും അത് മാഞ്ചിക്കോ നിതീഷിനോ ജെ.ഡി-യുവിനോ ഗുണകരമാവില്ല. |
ഇറാന്‍-വന്‍ശക്തി കരാര്‍: ഖാംനഈ ഒബാമക്ക് കത്തയച്ചു Posted: 14 Feb 2015 12:27 PM PST Subtitle: ഒക്ടോബറില്‍ ഒബാമ അയച്ച കത്തിനുള്ള മറുപടിയാണിത് വാഷിങ്ടണ്‍: ഇറാന്‍െറ പരമോന്നത നേതാവ് അലി ഖാംനഈ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമക്ക് കത്തയച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളും തമ്മില്‍ സഖ്യത്തിലത്തെുന്നതിനുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറില്‍ ഒബാമ അയച്ച കത്തിന് മറുപടിയായാണ് ഖാംനഈ കത്തയച്ചതെന്ന് ഇറാനിയന്‍ നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ച് പത്രം പറഞ്ഞു. ഇറാന്‍െറ ആണവ പദ്ധതികളെച്ചൊല്ലി വന്‍ശക്തി രാഷ്ട്രങ്ങളായ യു.എസ്, യു.കെ, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവയും ജര്‍മനിയും ചേര്‍ന്ന പി5+1 സഖ്യവുമായുള്ള ഉഭയകക്ഷി കരാര്‍ പാതിവഴിയിലാണ്. ഇറാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നപക്ഷം, ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസ്-ഇറാന്‍ സഹകരണം സാധ്യമാണെന്ന് ഒബാമയുടെ കത്തില്‍ സൂചിപ്പിച്ചിരുന്നു. മറുപടിയായുള്ള ഖാംനഈയുടെ കത്ത് മാന്യവും പ്രത്യേക അഭിപ്രായം പറയാത്തതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറ്റ് ഹൗസോ ഇറാന്‍ സര്‍ക്കാറോ ഖാംനഈ കത്തയച്ചത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍ രഹസ്യമായി അണുബോംബ് നിര്‍മാണ പദ്ധതികളുമായി മുന്നോട്ട് പോകുന്നുവെന്ന പി5+1 രാജ്യങ്ങളുടെ ആരോപണത്തിലാണ് സഖ്യചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നത്. ഇറാനുമേലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാന്‍ സൈനികാവശ്യങ്ങള്‍ക്കുള്ള ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്നാണ് പി5+1 സഖ്യത്തിന്‍െറ ആവശ്യം. അണുബോംബ് നിര്‍മിക്കുന്നുവെന്ന ആരോപണം നിഷേധിച്ച ഇറാന്‍, സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ക്കാണ് തങ്ങളുടെ ആണവ പദ്ധതികളെന്ന് അറിയിച്ചു. ഇറാനുമായി സ്ഥിരം കരാറിലത്തെുന്നതിന് നിശ്ചയിച്ച സമയപരിധി രണ്ടു തവണ നീട്ടിവെച്ചിരുന്നു. പി5+1 സഖ്യം മുന്നോട്ടുവെച്ച അവസാന സമയപരിധി മാര്‍ച്ച് 31 ആണ്. |
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ക്രമക്കേട് പുറത്ത് Posted: 14 Feb 2015 12:13 PM PST Subtitle: കാഷ് ബുക്കില്‍ വെട്ടിത്തിരുത്തലുകള്‍ •കാണിക്കയുടെ കണക്കില്‍ തിരിമറി ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ക്രമമേക്കടുകള്‍ പുറത്ത്. മുന്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് തട്ടിപ്പുകളെപ്പറ്റി വിവരങ്ങളുള്ളത്. നിലവറയിലെ 267 കിലോ സ്വര്‍ണം കാണാതായി എന്ന വെളിപ്പെടുത്തലിന് പുറമെയാണിത്. 2000-01 മുതല്‍ 2007-08 വരെയുള്ള വര്‍ഷങ്ങളിലെ അവസാന കണക്കുകള്‍ ക്ഷേത്രത്തിലില്ല. അതിനാല്‍ തന്നെ 2008ല്‍ ഓപണിങ് ബാലന്‍സ് ആയി കാണിച്ച തുക അംഗീകരിക്കാനാവില്ളെന്ന് വിനോദ് റായി സുപ്രീംകോടതിയെ അറിയിച്ചു. ഓഡിറ്റിന് വേണ്ടിമാത്രം 2008ലെ തെറ്റായ ബാലന്‍സ് അടിസ്ഥാനമാക്കി ഒരു കണക്ക് ക്ഷേത്രത്തിന്‍െറ പേരില്‍ തന്നിരിക്കുകയാണ്. 2008-09 സാമ്പത്തിക വര്‍ഷം മുതല്‍ 2013-14 വരെയുള്ള കണക്കുകള്‍ അവസാന വര്‍ഷം എഴുതിയുണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമാണ്. അതിനാല്‍ ഈ കണക്ക് പ്രകാരമുള്ള ബാങ്ക് ബാലന്‍സാണോ ക്ഷേത്രത്തിനുള്ളതെന്ന് പറയാനാവില്ല. ക്ഷേത്രത്തില്‍ ഒരു കാഷ്ബുക്കുണ്ട്. എന്നാല്‍, കാഷ് ബുക്കില്‍ വരവിലും ചെലവിലും ഏറ്റക്കുറച്ചിലുകളും വെട്ടിത്തിരുത്തലുകളുമുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവസാന കണക്കില്‍ എല്ലാം ശരിയാക്കുമെന്ന മറുപടിയാണ് നല്‍കിയത്. പൊതു ആവശ്യങ്ങള്‍ക്ക് പണമിടപാട് നടത്താനായി മൂന്ന് എസ്.ബി അക്കൗണ്ടുകള്‍ ക്ഷേത്രത്തിനുണ്ട്്. എന്നിട്ടും വലിയ സംഖ്യകള്‍ ഈ മൂന്ന് അക്കൗണ്ടിലുമിടാതെ കൈവശം വെക്കുകയാണ് ക്ഷേത്രം നടത്തിപ്പുകാര്‍ ചെയ്യുന്നത്. ഇത്രയും വലിയ തുക ആരും കൈവശം വെക്കേണ്ട ആവശ്യമില്ളെന്ന് മാത്രമല്ല, ഇതിലൂടെ പലിശയിനത്തില്‍ ക്ഷേത്രത്തിന് കിട്ടുന്ന വലിയ തുക നഷ്ടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്ന് റായ് കുറ്റപ്പെടുത്തി. കാണിക്കയുടെ കണക്കിലും സുതാര്യതയില്ല. കാണിക്ക വഞ്ചികളില്‍ നമ്പര്‍ ഇടാത്തതിനാല്‍ കൃത്രിമത്തിന് എളുപ്പമാണ്. കാണിക്ക പല സമയത്ത് തിട്ടപ്പെടുത്തിയപ്പോഴും കാണിക്ക വഞ്ചികളുടെ എണ്ണത്തില്‍ വലിയ അന്തരമുള്ളത് കൃത്രിമത്തിന്‍െറ തെളിവായി റായ് ചുണ്ടിക്കാട്ടി. ചില തവണ ആറ് കാണിക്കവഞ്ചിയിലെ കാണിക്കയുടെ കണക്ക് കാണിച്ച ക്ഷേത്രം ചില തവണ 35 കാണിക്കവഞ്ചികളിലെ കണക്ക് കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2006 മുതല്‍ 2008 നവംബര്‍ വരെയുള്ള കാണിക്കയുടെ ഒരു കണക്കും നല്‍കാന്‍ ക്ഷേത്രം നടത്തിപ്പുകാര്‍ക്കും കണക്ക് കൈയാളുന്നവര്‍ക്കും കഴിഞ്ഞിട്ടില്ല. കാണിക്കവഞ്ചിയിലെ നാണയത്തുട്ടുകള്‍ നിക്ഷേപിക്കുന്നതും വളഞ്ഞവഴിക്കാണ്. ബാങ്ക് അക്കൗണ്ടില്‍ ഇത് നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം ഒരു വ്യക്തിക്ക് നാണയത്തുട്ടുകള്‍ ഒരുമിച്ച് കൈമാറുകയും അതിന് പകരം നോട്ടുകള്‍ വാങ്ങുകയുമാണ് ചെയ്യുന്നത്. എന്നാല്‍, അങ്ങനെ നോട്ടുകള്‍ മാറിക്കിട്ടിയ ശേഷവും അവ പ്രത്യേക കണക്കാക്കി ബാങ്കിലിടാന്‍ തയാറാകുന്നില്ളെന്ന് പരിശോധനയില്‍ വ്യക്തമായി. മറ്റ് കറന്‍സികള്‍ക്കൊപ്പം അവ ഒരുമിച്ച് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് അമിക്കസ്ക്യൂറി മുഖേന റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പുറത്തുവന്നു തുടങ്ങിയത്്. ക്ഷേത്രത്തില്‍നിന്ന് 267.272 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നും വിനോദ് റായ് വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്‍െറ ആവശ്യങ്ങള്‍ക്കായി നിലവറകളില്‍ 893.644 കിലോഗ്രാം സ്വര്‍ണമാണ് ശ്രീകോവിലും കല്‍മണ്ഡപവും പൂശുന്നതിനും മറ്റുമായി പുറത്തെടുത്തതെന്നും ഇതിന്‍െറ 30 ശതമാനവും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. |
‘ജനങ്ങളാണ് അധികാരമേറ്റത്; നിങ്ങളാണ് മുഖ്യമന്ത്രി’ Posted: 14 Feb 2015 11:21 AM PST ന്യൂഡല്‍ഹി: രാംലീലാ മൈതാനം ശനിയാഴ്ച ഒന്ന് അന്തിച്ചുപോയിട്ടുണ്ടാവും. പതിറ്റാണ്ടുകളായി രാംലീലക്കും പ്രക്ഷോഭങ്ങള്‍ക്കും പടുകൂറ്റന്‍ സമ്മേളനങ്ങള്‍ക്കും വേദിയാവുന്ന ആ വളപ്പ് ഇത്രമേല്‍ മനോഹരമായ ജനസംഗമം കണ്ടിട്ടുണ്ടാവില്ലതന്നെ. രാംലീല ആഘോഷങ്ങള്‍ക്കിടയില്‍ പൊട്ടിച്ചിതറിയ അമിട്ടുകള്‍ക്ക് ഇന്നലെ കേട്ട മുദ്രാവാക്യങ്ങളുടെ പകുതിപോലും മുഴക്കമുണ്ടായിട്ടില്ല. ഇന്നലെ കണ്ട സ്വപ്നങ്ങളോളം നിറച്ചാര്‍ത്തുമില്ല. ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്‍െറ മന്ത്രിസഭയും അധികാരമേല്‍ക്കുന്ന ചടങ്ങായിരുന്നു ഇവിടെ. വോട്ടുനല്‍കി തെരഞ്ഞെടുത്ത സര്‍ക്കാര്‍ അധികാരമേറുന്നത് വീട്ടിലിരുന്നു കാണാന്‍ മാത്രം വിധിക്കപ്പെട്ടിരുന്ന സാധാരണയില്‍ സാധാരണക്കാരായ ജനങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സ്വാഗതം ചെയ്തമാത്രയില്‍ ഇതൊരു ഉത്സവമായി മാറി. പപ്പടവും കപ്പലണ്ടിയും വില്‍ക്കുന്നവര്‍ക്കുപോലും സത്യപ്രതിജ്ഞാ വേദിയിലേക്ക് വിലക്കുണ്ടായിരുന്നില്ല. ചെറുപ്പക്കാരും പ്രായമായവരും പര്‍ദയിട്ട സ്ത്രീകളും തെരുവുമക്കളുമടക്കം ഡല്‍ഹി നിവാസികളുടെ സമസ്ത മേഖലയിലെ പ്രതിനിധികളും കൂട്ടമായൊഴുകിയത്തെി. അമ്പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കിയ മൈതാനിയില്‍ അതിലേറെ ആളുകള്‍ നിന്നുകൊണ്ടും ചടങ്ങ് വീക്ഷിച്ചു. ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ തന്‍െറ പതിവുവേഷമായ സ്വെറും ഇളംനീല ഷര്‍ട്ടുമണിഞ്ഞ് മാതാപിതാക്കള്‍ക്കും ഭാര്യക്കും മക്കള്‍ക്കുമൊപ്പം തികച്ചും ആം ആദ്മിയായി എത്തിയ കെജ്രിവാളിനെ ആര്‍പ്പുവിളികളുമായി ആയിരങ്ങള്‍ എതിരേറ്റു. ഒപ്പം മൈതാനത്തിന്‍െറ കോണുകളില്‍നിന്നും കൊടികളും പാര്‍ട്ടിപ്പതാകയും പാവങ്ങളുടെ പടത്തലവന് പട്ടാഭിഷേകം എന്നെഴുതിയ പ്ളക്കാര്‍ഡുള്‍പ്പെടെ ആശംസാ ബാനറുകളും ഉയര്‍ന്നുപാറി. ചടങ്ങിനു തുടക്കം കുറിച്ച് ദേശീയഗാനം മുഴങ്ങിയപ്പോഴും ആചാര മര്യാദ മറന്ന് ജനം ഇളകിമറിഞ്ഞു. മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലിത്തീര്‍ന്നതോടെ അവര്‍ കാതോര്‍ത്തു കാത്തിരുന്ന വാക്കുകള്‍ക്കു തുടക്കമായി. ‘എന്‍െറ പ്രിയ സഹോദരീ സഹോദരന്മാരേ, കുഞ്ഞുങ്ങളേ, അമ്മമാരേ, വയോധികരേ... ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞങ്ങളോട് ഇഷ്ടമാണെന്ന് അറിയാമായിരുന്നു. എന്നാല്‍, ഇത്രമേല്‍ ഇഷ്ടമാണെന്ന് ഇപ്പോഴാണ് ബോധ്യമായത്. ഡല്‍ഹിയിലെ നാനാവിഭാഗങ്ങളും സകല മതസ്ഥരും പണക്കാരും പാവപ്പെട്ടവരും ആം ആദ്മി പാര്‍ട്ടിക്കു വോട്ടുനല്‍കി... ഇതു ദൈവത്തിന്‍െറ നിശ്ചയമാണ്. മുകളിലിരിക്കുന്നവനാണ് എല്ലാം ചെയ്യുന്നത്. നാം നിമിത്തമാവുന്നുവെന്നുമാത്രം...ഉള്ളുതുറന്നു നന്ദി പറഞ്ഞ് കെജ്രിവാള്‍ സംസാരം തുടങ്ങി. നിങ്ങളോട് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാല്‍ കൊടുക്കണം. ഒപ്പം മൊബൈല്‍ ഫോണ്‍ അമര്‍ത്തി അവരുടെ സംസാരം റെക്കോഡ് ചെയ്ത് എന്‍െറ അടുക്കലത്തെിക്കണം, അവരെ ഞാന്‍ കൈകാര്യം ചെയ്യാം- കൈക്കൂലി ദുരിതത്തില്‍ നട്ടംതിരിയുന്ന ഡല്‍ഹിവാസികള്‍ക്ക് ആശ്വാസം പകരുന്ന ഉറപ്പ്. ഡല്‍ഹിയിലെ വ്യാപാരികള്‍ നല്‍കിപ്പോന്ന നികുതി, കാലമിത്രയും കൊള്ളയടിക്കപ്പെടുകയായിരുന്നെന്നും ഇനിമേല്‍ കൊള്ളയടിക്കപ്പെടുമെന്ന ഭയം കൂടാതെ പൂര്‍ണമായി നികുതി നല്‍കണമെന്നും ആഹ്വാനം. നികുതിപ്പണം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, മികച്ച ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍, സ്ത്രീ സുരക്ഷ എന്നിവക്കായി ഉപയോഗിക്കും. ജനങ്ങളെ മണിക്കൂറുകളോളം റോഡില്‍ പൊറുതിമുട്ടിച്ച് മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റുവെച്ച കാറുകള്‍ ‘പൂ പൂ ടൂ ടൂ...’ ശബ്ദം മുഴക്കി കടന്നുപോകുന്നത് നിങ്ങളിഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ലക്ഷത്തോളം നാവുകളില്‍ നിന്ന് നഹീ...എന്ന മറുപടി. താനും സഹപ്രവര്‍ത്തകരും കാറുകളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കില്ളെന്നും ആഡംബര വസതികളില്‍ താമസിക്കില്ളെന്നും പ്രഖ്യാപിച്ച അദ്ദേഹം പ്രധാനമന്ത്രിമാര്‍ ജനങ്ങള്‍ക്കൊപ്പം സ്റ്റോപ്പില്‍ കാത്തുനിന്ന് ബസു കയറുന്ന യൂറോപ്യന്‍ സംസ്കാരമാണ് നമ്മുടെ നാട്ടിലുമുണ്ടാവേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞ ചെയ്തത് നിങ്ങളാണെന്നും ജനങ്ങളാണ് ഇനി ഡല്‍ഹിയുടെ മുഖ്യമന്ത്രിയെന്നുമുള്ള പ്രഖ്യാപനം കേട്ടുനിന്നവരില്‍ ആനന്ദാശ്രു നിറച്ചു. ഒടുവില്‍ കഴിഞ്ഞ തവണത്തേതു പോലെ പാട്ടുപാടി പാട്ടിലാക്കലും. പരിപാടിക്കത്തെുമ്പോള്‍ പാഞ്ച് സാല്‍ കെജ്രിവാള്‍(അഞ്ചു വര്‍ഷം കെജ്രിവാള്‍) എന്നു പാടിയത്തെിയവര്‍ പച്ചാസ് സാല്‍ കെജ്രിവാള്‍ (അമ്പതു കൊല്ലം കെജ്രിവാള്‍) എന്നു പാടിയാണ് മടങ്ങിയത്. |
ആതിഥേയരുടെ പൊന്നിന്‍കുടങ്ങള്‍ Posted: 14 Feb 2015 10:09 AM PST തിരുവനന്തപുരം: കായിക കലണ്ടറിന്‍െറ അവധിക്കാലത്തായിരുന്നു 35ാമത് ദേശീയ ഗെയിംസിന് കേരളത്തില്‍ കൊടിയേറിയത്. താരങ്ങള്‍ക്കെല്ലാം ഓഫ് സീസണായതിനാല്‍, പോരാട്ടവേദികള്‍ നിറംമങ്ങുമോയെന്നായിരുന്നു ആദ്യത്തെ ആശങ്ക. എന്നാല്‍, 15 നാളത്തെ ഉത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ അവധിക്കാലവും വിശ്രമവും ട്രാക്കിലും റിങ്ങിലും പൂളിലും റേഞ്ചിലുമിറങ്ങിയ താരങ്ങളെ മടുപ്പിച്ചില്ളെന്ന് വ്യക്തമാവുന്നു. കേരളത്തിന്‍െറ പ്രതാപമായിരുന്ന അത്ലറ്റിക്സിനൊപ്പം മറ്റ് കായിക ഇനങ്ങളിലും മലയാള മണ്ണിന്‍െറ ഭാവി ഭദ്രം. ഇന്ത്യയുടെ ഒളിമ്പിക്സ് 27 വര്‍ഷത്തിനുശേഷം സംസ്ഥാനത്തത്തെിയപ്പോള്‍ ഒരുപിടി സുവര്‍ണതാരങ്ങളാണ് പിറന്നത്. ഇവര്‍ രാജ്യത്തിന്‍െറ ഭാവി പ്രതീക്ഷയുമാവും. മഹിതാ മോഹന്‍ 2010ല്‍ ഇന്ത്യയിലെ ബെസ്റ്റ് സൈക്ളിസ്റ്റായി മാറിയ മഹിതാ മോഹന്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇ കാമ്പസ് വെലോഡ്രോമില്‍ ഇക്കുറിയും പൊന്നുവിളയിച്ചു. നാലു സ്വര്‍ണം നേടിയ താരം ദേശീയ ഗെയിംസില്‍ കൂടുതല്‍ സ്വര്‍ണമണിയുന്ന മലയാളിയെന്ന സ്ഥാനം സ്വന്തം പേരില്‍ കുറിച്ചാണ് മടങ്ങുന്നത്. 2011 റാഞ്ചി ദേശീയ ഗെയിംസിലും മഹിത നാലു സ്വര്‍ണം ചൂടിയിരുന്നു. സൈക്ളിങ്ങില്‍ ഇക്കുറി കേരളം ഏഴു സ്വര്‍ണമണിഞ്ഞപ്പോള്‍ മഹിതയുടെ വകയായിരുന്നു നാലും. 28 കി.മീ റോഡ് റേസില്‍ വെങ്കലവും സ്വന്തമാക്കി. ടീമിലെ മറ്റംഗങ്ങളായ കെസിയ വര്‍ഗീസ്, ലിഡിയ മോള്‍, പാര്‍വതി വനജകുമാരി തുടങ്ങിയ താരങ്ങളടങ്ങിയ ടീമിലും മഹിതക്ക് നായകപദവി. തൊടുപുഴ സ്വദേശിയായ പി.കെ. മോഹനന്‍െറയും വി.ഡി. വത്സലയുടെയും മകളായ മഹിത കഴക്കൂട്ടത്ത് കൃഷി വകുപ്പില്‍ എല്‍.ഡി ക്ളര്‍ക്കാണ്. റാഞ്ചിയില്‍ നാലു സ്വര്‍ണമടക്കം 15 മെഡല്‍ നേടിയ സ്ഥാനത്ത് കേരളം ഇക്കുറി കൊയ്തെടുത്തത് ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും. ഉന്നം പിഴക്കാതെ എലിസബത്ത് രാജ്യത്തെ ഏറ്റവും മികച്ച റേഞ്ചൊരുക്കി ദേശീയ ഗെയിംസിലെ ഷൂട്ടിങ് മത്സരങ്ങള്‍ക്ക് വട്ടിയൂര്‍ക്കാവ് വേദിയാവുമ്പോള്‍ ഒരേയൊരു ചോദ്യമേ മലയാളി ഉയര്‍ത്തിയുള്ളൂ. കേരള താരങ്ങള്‍ ആരെങ്കിലും ഇവിടെ മെഡലിലേക്ക് ഉന്നം പിടിക്കുമോ. ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ത്രീ പൊസിഷനില്‍ ഒന്നാമതത്തെിയ എലിസബത്ത് സൂസന്‍ കോശിയായിരുന്നു ആതിഥേയ ക്യാമ്പില്‍ താരപദവിയുണ്ടായിരുന്ന ഏക ഷൂട്ടര്‍. വെടിമുഴക്കം തുടങ്ങിയപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ സമ്മര്‍ദം താങ്ങാനാവാതെ എലിസബത്തിന് ആദ്യം പിഴച്ചു. എന്നാല്‍, അടുത്ത ദിവസം ആത്മവിശ്വാസത്തോടെ കാഞ്ചിവലിച്ചപ്പോള്‍ പിറന്നത് കേരളത്തിന്‍െറ ഗെയിംസ് ചരിത്രം കൂടിയായിരുന്നു. 50മീ. പ്രോണ്‍ പൊസിഷനില്‍ നേടിയ സ്വര്‍ണത്തിനു പിന്നാലെ അടുത്ത ദിവസം 50 ത്രീ പൊസിഷനിലും സ്വര്‍ണമണിഞ്ഞ് എലിസബത്ത് റേഞ്ചിലെ താരമായി. അഞ്ജലി ഭഗവത്, വിജയ് കുമാര്‍, റാഹി സര്‍നോബട് തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ അഭിനന്ദനവും മലയാളി താരം നേടി. തിരുവനന്തപുരത്ത് ഒരു ഷൂട്ടിങ് റേഞ്ചും വളരാന്‍ കൊതിച്ച് ഒരുപിടി താരങ്ങളുമുള്ള കേരളത്തിന് പ്രോത്സാഹനം കൂടിയാണ് എലിസബത്തിന്‍െറ നേട്ടം. 14കാരി സൈറ ജോയ്, ഐശ്വര്യ ഗംഗാധരന്‍ തുടങ്ങിയ പുതുമുഖ താരങ്ങള്‍ക്കുള്ള പ്രചോദനം കൂടിയാവും എലിസബത്തിന്‍െറ നേട്ടം. ജലരാജന്‍ സാജന്‍ പ്രകാശ് റാഞ്ചി ഗെയിംസില്‍ നീന്തലില്‍ ഒരു മെഡല്‍ പോലുമില്ലാതിരുന്ന കേരളം ആറു സ്വര്‍ണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവുമടക്കം 19 മെഡലുമായി മൂന്നാം സ്ഥാനത്തത്തെിയാണ് ഇക്കുറി കുളത്തില്‍ വീറുകാട്ടിയത്. ഇതില്‍ ആറു സ്വര്‍ണവും മൂന്നു വെള്ളിയും വെട്ടിപ്പിടിച്ച സാജന്‍ പൊന്നുംതാരവുമായി. സെബാസ്റ്റ്യന്‍ സേവ്യറും വില്‍സണ്‍ ചെറിയാനും നീന്തല്‍കുളത്തില്‍ കേരളത്തിനു പൊന്നുവാരിയ പഴയകാലത്തേക്കുള്ള മടക്കം കൂടിയായി സാജന്‍െറ പ്രകടനം. 400 മീ. ഫ്രീസ്റ്റൈല്‍, 1500 മീ. ഫ്രീസ്റ്റൈല്‍, 100 മീ ബട്ടര്‍ഫൈ്ള, 200 മീ ബട്ടര്‍ഫൈ്ള, 800 മീ ഫ്രീസ്റ്റെല്‍ എന്നിവയില്‍ വ്യക്തിഗത വിഭാഗത്തിലും 4-100 ഫ്രീസ്റ്റൈല്‍ റിലേയിലുമാണ് സാജന്‍ സ്വര്‍ണമണിഞ്ഞത്. രണ്ടു വെള്ളിയും സ്വന്തമാക്കി. താരമായി ജെയ്ഷ ദീര്‍ഘദൂര ട്രാക്കില്‍നിന്ന് പ്രീജാ ശ്രീധരന്‍ വിടവാങ്ങിയപ്പോള്‍ തന്നെ താരോദയമായി ജെയ്ഷ ഉദിച്ചുയര്‍ന്നു. 5000, 10000 മീറ്ററുകളില്‍ റെക്കോഡ് വേഗത്തില്‍ ഫിനിഷ് ചെയ്താണ് ഒ.പി. ജെയ്ഷ 35ാമത് ദേശീയ ഗെയിംസ് അത്ലറ്റിക്സിലെ താരമായത്. 10,000 മീറ്ററില്‍ ഒരു ലാപ്പിന്‍െറ ലീഡില്‍ ഒന്നാമതായിരുന്നു വയനാട് തൃശ്ശിരേരി സ്വദേശിയായ ജെയ്ഷയുടെ ഫിനിഷിങ്. ജെയ്ഷക്കൊപ്പം പ്രതീക്ഷ നല്‍കുന്ന ഏതാനും താരങ്ങള്‍ കൂടി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഉദയംകണ്ടു. 400 മീറ്ററില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമംഗവുമായിരുന്നു എം.എ കോളജ് വിദ്യാര്‍ഥിയായ അനില്‍ഡ. ലോങ്ജംപില്‍ സ്വര്‍ണം നേടിയ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി വി. നീന, 200ല്‍ സ്വര്‍ണവും 100ല്‍ വെള്ളിയും നേടിയ ശാന്തിനി, ആദ്യ ദേശീയ ഗെയിംസില്‍ റെക്കോഡ് പ്രകടനത്തോടെ വെള്ളിയിലത്തെിയ ഹൈജംപര്‍ ശ്രീനിത് മോഹന്‍, 800 മീ. വെങ്കലത്തിലത്തെിയ മുഹമ്മദ് അഫ്സല്‍ എന്നിവര്‍ ദേശീയ ഗെയിംസിലെ കേരളത്തിന്‍െറ കണ്ടത്തെലുകള്‍. |
‘മനം നിറയെ മേനംകുളം, മധുരം മലയാളം’ Posted: 14 Feb 2015 09:56 AM PST തിരുവനന്തപുരം: മേനംകുളത്തെ ആ വലിയ ഗേറ്റിനപ്പുറത്ത് വിട പറച്ചിലിന്‍െറ വികാരത്തള്ളിച്ചയാണ്. നിരനിരയായി നിര്‍ത്തിയിട്ട ബസുകളിലേക്ക് വ്യത്യസ്ത വര്‍ണങ്ങളിലുള്ള ട്രാക് സ്യൂട്ടുമണിഞ്ഞ് താരങ്ങളും ഒഫിഷ്യലുകളുമത്തെുന്നു. സമാപനച്ചടങ്ങിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ലക്ഷ്യമിട്ടുള്ള യാത്രയാണ്. അതുകഴിഞ്ഞ് തിരിച്ചത്തൊന്‍ രാത്രിയാവും. ഞായറാഴ്ച രാവിലെയോടെ ഈ കൂടുവിട്ട് നാട്ടിലേക്ക് പറക്കേണ്ടതിനാല്‍ കളിയരങ്ങ് നല്‍കിയ ഓര്‍മകള്‍ പകര്‍ത്തുന്ന തിരക്കിലാണ് ഓരോ സംഘവും. ദേശീയ ഗെയിംസിന്‍െറ പോരിടങ്ങളില്‍ ആരവങ്ങള്‍ നിലച്ചതോടെ വെള്ളിയാഴ്ച വൈകീട്ടോടെ കളിഗ്രാമത്തിലും ആവേശങ്ങള്‍ക്ക് അറുതിയായിത്തുടങ്ങിയിരുന്നു. പെട്ടിമുറുക്കുംമുമ്പേ കോവളം ബീച്ച്, ശംഖുംമുഖം ബീച്ച്, പത്മനാഭ സ്വാമി ക്ഷേത്രം, മ്യൂസിയം തുടങ്ങി അനന്തപുരിയുടെ സുപ്രധാന ഇടങ്ങളില്‍ ഓട്ടപ്രദക്ഷിണം നടത്തിയാണ് മിക്കവരും തിരിച്ചുപോക്കിന് ഒരുങ്ങിനില്‍ക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശനവും ഷോപ്പിങ്ങുമൊക്കെയായി ശനിയാഴ്ച തിരക്കിലായിരുന്നു താരങ്ങള്‍. റുബി ഗൊഗോയിയും നിബേതിതയും അസം അത്ലറ്റിക് ടീം അംഗങ്ങളാണ്. ഏഴാം തീയതി വില്ളേജിലത്തെിയ ഇവര്‍ക്ക് ഒരാഴ്ചയിലെ വില്ളേജ് വാസം അത്രകണ്ട് ബോധിച്ചു. മടങ്ങിപ്പോകുമ്പോള്‍ വല്ലാത്ത നഷ്ടബോധമുണ്ടെന്ന് പറയുന്ന അസംകാര്‍ ഗെയിംസ് വില്ളേജിലെ മുക്കുമൂലകളില്‍ സ്ഥാപിച്ച കലാരൂപങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലാണ്. ഏഴാം ഗെയിംസിനത്തെിയ മണിപ്പൂരിന്‍െറ സൈക്ളിങ് സൂപ്പര്‍താരം രാമേശ്വരി ദേവിക്ക് ഈ ഗെയിംസിനെക്കുറിച്ച് പറയാന്‍ നൂറുനാവ്. ഝാര്‍ഖണ്ഡ് അത്ലറ്റിക് ടീം അംഗമായ സുര്‍ജിത് കുമാര്‍ സിങ് റാഞ്ചിക്കാരനാണ്. കഴിഞ്ഞ തവണ സ്വദേശമായ റാഞ്ചിയില്‍ തന്നെയായിരുന്നു സുര്‍ജിതിന്‍െറ കന്നി ഗെയിംസ്. റാഞ്ചിയോ കേരളമോ മികച്ചതെന്ന ചോദ്യത്തിന് റാഞ്ചി ഗെയിംസെന്ന് ഉത്തരം ഉടനത്തെി. റാഞ്ചിയിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ ഭക്ഷണം അത്ര മെച്ചമായിരുന്നില്ളെന്ന് സുര്‍ജിതിന്‍െറ ന്യായീകരണം. മേള മികച്ചതാണെന്ന് ഗോവന്‍ താരമായ സുഖ്വീന്ദര്‍ സിങ് പറയുന്നു. അടുത്ത ഗെയിംസ് ഞങ്ങള്‍ ഇതിലും മികച്ചതാക്കുമെന്ന അവകാശവാദവും. കോവളം കടപ്പുറത്ത് താരങ്ങളുടെ തിരക്കായിരുന്നു രാവിലെ. സ്പീഡ് ബോട്ടില്‍ പറന്നുനീങ്ങുന്ന ഹരിയാന അത്ലറ്റുകളുടെ സംഘത്തിന് തീരമണയാന്‍ തോന്നുന്നില്ല. കോച്ച് ജിതേന്ദര്‍ ബംഗാറും മാനേജര്‍ കൂല്‍ദീവ് സിങ്ങുമൊക്കെയുണ്ട് കൂട്ടത്തില്‍. കൂട്ടത്തില്‍ ബേബിയായ 16കാരന്‍ നുസ്റത്തിനെ പേടിപ്പെടുത്തുകയാണ് നീരജ് ചോപ്രയും സചിനുമൊക്കെ. കേരളമെങ്ങനെ എന്ന് ചോദിക്കുമ്പോള്‍ മടങ്ങാന്‍ തോന്നുന്നില്ളെന്ന് സംഘത്തിന്‍െറ മറുപടി. എല്ലാംകൊണ്ടും കെങ്കേമമായിരുന്നു കേരളത്തിലെ ഗെയിംസ് എന്ന് പറയുന്ന ഇവര്‍ ഗോവയിലെ അടുത്ത ഗെയിംസിന് കാത്തിരിക്കുകയാണ് തങ്ങളെന്ന് പറയുന്നു. മേള കൊടിയിറങ്ങുമ്പോള്‍ വളന്‍റിയര്‍മാര്‍ക്കുമുണ്ട് ചില സങ്കടങ്ങള്‍. ദിവസങ്ങളായി ജീവിതം ഇവിടേക്ക് പറിച്ചുനട്ട തങ്ങള്‍ക്ക് ഉത്സവപ്പറമ്പില്‍ ജീവിക്കുന്നതുപോലെയായിരുന്നു അനുഭവങ്ങളെന്ന് രാഹുല്‍, ജസീല, ദ്യുതി, അഭിനന്ദ, അഞ്ജലി, അപര്‍ണ തുടങ്ങിയവര്‍ വിശദീകരിക്കുന്നു. വീര്‍ധവാല്‍ ഘഡെ, പ്രീജ ശ്രീധരന്‍, മഹിതാ മോഹന്‍, ജോസഫ് അബ്രഹാം തുടങ്ങി വമ്പന്‍ താരങ്ങളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞതിന്‍െറ ത്രില്ലിലാണ് തിരുവനന്തപുരത്തെ വിവിധ കോളജുകളില്‍നിന്നുള്ള ഈ വളന്‍റിയര്‍ സംഘം. |
ട്രാക് തെറ്റാതെ കേരളം Posted: 14 Feb 2015 09:49 AM PST Subtitle: സൂപ്പര്‍ താരങ്ങളില്ളെങ്കിലും അത്ലറ്റിക്സില്‍ യുവത്വവും പരിചയസമ്പന്നതയും ഒത്തുചേര്‍ന്ന മലയാളിക്കൂട്ടം അക്ഷരാര്‍ഥത്തില്‍ പൊന്നുവാരുകയായിരുന്നു തിരുവനന്തപുരം: കഴിഞ്ഞ മാസം മംഗലാപുരത്തിനടുത്ത മൂഡബിദ്രിയില്‍ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മീറ്റിന്‍െറ സമാപനദിനം. 400, 200 മീറ്ററുകളില്‍ സ്വര്‍ണമണിഞ്ഞ അനില്‍ഡ തോമസിനെ തേടി ഒരു വമ്പന്‍ ഓഫറത്തെി. ആതിഥേയരായ ആല്‍വാസ് കോളജ് അധികൃതര്‍ 10 ലക്ഷം രൂപയുമായാണ് അനില്‍ഡയെ തേടിയത്തെിയത്. ഭാവിയില്‍ തങ്ങളുടെ കോളജിനായി മത്സരിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ തന്‍െറ പ്രതിഭയെ രാകിമിനുക്കിയ ജയകുമാര്‍ സാറിന്‍െറ പരിശീലനത്തോട് വിടപറയാന്‍ ഈ കോളജ് വിദ്യാര്‍ഥിനി തയാറായില്ല. പണത്തേക്കാള്‍ കരിയറിനെ സ്നേഹിക്കുന്ന അനില്‍ഡ ദേശീയ ഗെയിംസിലെ ഇരട്ട മേഡല്‍നേട്ടം സ്വന്തമാക്കി മുന്നേറി. 400 മീറ്ററിലും 4-400 മീറ്ററിലും സ്വര്‍ണവും 200ല്‍ വെള്ളിയും നേടിയ അനില്‍ഡയെപ്പോലുള്ള യുവതാരങ്ങളുടെ ദേശീയ രംഗത്തേക്കുള്ള ഉദയത്തിന് സാക്ഷിയായാണ് 35ാമത് ദേശീയ ഗെയിംസില്‍ അത്ലറ്റിക്സില്‍ കേരളം ജേതാക്കളായത്. 87ല്‍ കേരളം ആതിഥേയരായപ്പോള്‍ നേടിയ 13 സ്വര്‍ണത്തിനൊപ്പമത്തെിയ പ്രകടനം അഭിമാനമേകുന്നു. അന്ന് ഷൈനി വിത്സനടക്കമുള്ള പ്രമുഖര്‍ കേരളനിരയിലുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളില്ളെങ്കിലും യുവത്വവും പരിചയസമ്പന്നതയും ഒത്തുചേര്‍ന്ന മലയാളിക്കൂട്ടം അക്ഷരാര്‍ഥത്തില്‍ പൊന്നുവാരുകയായിരുന്നു. 13ല്‍ 10 സ്വര്‍ണ മെഡലുകളുമായി പെണ്‍പട ഒരിക്കല്‍ കൂടി മലയാളത്തിന്‍െറ പൊന്നുമക്കളായി. കലാലയ താരങ്ങളുടെ ആവേശോജ്ജ്വല പ്രകടനമാണ് കേരളത്തിന്‍െറ വിജയവീഥിയില്‍ പൊന്നുവിരിച്ചത്. അനില്‍ഡ തോമസും അനു രാഘവനും എന്‍.വി. ഷീനയും പി. മുഹമ്മദ് അഫ്സലും വി.വി. ജിഷയും ശ്രീനിത് മോഹനുമെല്ലാം സീനിയര്‍ തലത്തിലേക്ക് കേരളത്തിന്‍െറ പ്രതീക്ഷകളായി ഓടിച്ചാടി നടക്കുകയാണ്. വമ്പന്‍ പോരാട്ട വീഥിയില്‍ സഭാകമ്പമില്ലാതെ മെഡലുകള്‍ വെട്ടിപ്പിടിച്ച ഇവര്‍ക്ക് മെഡല്‍നേട്ടത്തിനൊപ്പം സ്വന്തം നാട്ടില്‍ ജോലി സാധ്യതയും തെളിഞ്ഞുവരുന്നു. സ്പ്രിന്‍റിലെ വാഗ്ദാനമായി വി. ശാന്തിനിയും ഉയര്‍ന്നുവരുകയാണ്. 200 മീറ്ററില്‍ ദ്യുതി ചന്ദിനെയടക്കം പിന്തള്ളിയ ശാന്തിനിക്ക് ഇതേ മികവ് ആവര്‍ത്തിക്കാനായാല്‍ ഭാവി ശുഭകരമാണ്. 1994ല്‍ ¥ൈഷനി വിത്സനുശേഷം 200 മീറ്ററില്‍ കേരളത്തിനു മെഡല്‍ നേടിക്കൊടുത്ത താരം. യുവതാരങ്ങള്‍ക്കൊപ്പം സജീഷ് ജോസഫും രഞ്ജിത് മഹേശ്വരിയും ഒ.പി. ജെയ്ഷയും സ്വര്‍ണത്തിലേക്ക് അടുത്തതും ശ്രദ്ധേയമായി. കഴിഞ്ഞ തവണ പഞ്ചാബിനായി സ്പൈക്കണിഞ്ഞ വയനാട്ടുകാരി ജെയ്ഷ 5000, 10000 മീറ്ററുകളില്‍ റെക്കോഡോടെ ജേത്രിയായി തിളക്കം കൂട്ടി. 800 മീറ്ററില്‍ ടിന്‍റു ലൂക്കയുടെ റെക്കോഡ് മികവും ആതിഥേയരുടെ സ്വര്‍ണത്തിന്‍െറ മാറ്റ് കൂട്ടി. അതേസമയം, സര്‍വിസസില്‍നിന്ന് കൊണ്ടുവന്ന ഷമീര്‍ മോന്‍ സ്പ്രിന്‍റില്‍ തീര്‍ത്തും പരാജയമായി. ലോങ്ജംപില്‍ ഒരവസരം മാത്രമെടുത്ത് പിന്മാറിയതിന് ഏറെ പഴികേട്ട രഞ്ജിത് മഹേശ്വരി ട്രിപ്ള്‍ ജംപില്‍ റെക്കോഡിലേക്ക് ചാടിയാണ് കേടുതീര്‍ത്തത്. പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ വര്‍ഷങ്ങള്‍ക്കുശേഷം സ്വര്‍ണം നേടാനുമായി. ഈ നേട്ടത്തിന് എസ്. അരുണ്‍ജിത്ത് എന്ന പ്രതിഭക്കാണ് മുഴുവന്‍ ക്രെഡിറ്റും. ആങ്കര്‍ ലാപ്പില്‍ അരുണ്‍ജിത്തിന്‍െറ മിന്നല്‍വേഗം യൂനിവേഴ്സിറ്റി കാണികളെ ആവേശത്തിലാറാടിച്ചിരുന്നു. 10000 മീറ്ററില്‍ വെള്ളി നേടിയ കേരള ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍െറ വികാരഭരിതമായ വിടവാങ്ങല്‍ ഗെയിംസിലെ അത്ലറ്റിക്സിന്‍െറ ഓര്‍മകളില്‍ കണ്ണീരിന്‍െറ നനവ് പടര്‍ത്തുന്നു. സമാപനദിനത്തില്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ ‘മീറ്റ് ദ സ്റ്റാര്‍’ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ പ്രീജ മലയാളത്തിന്‍െറ സകല സ്നേഹവും ഏറ്റുവാങ്ങിയാണ് മുഴുവന്‍ സമയ കുടുംബ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നത്. അതേസമയം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഹീറ്റ്സിനിടെ ജിതിന്‍ പോളിന് പരിക്കേറ്റതും ഫൈനലില്‍ ജോസഫ് ജി. അബ്രഹാമിന് ഫൗള്‍സ്റ്റാര്‍ട്ടില്‍ പുറത്താകേണ്ടിവന്നതും തിരിച്ചടിയായി. ജംപിനങ്ങളില്‍ എട്ടു മെഡല്‍ പ്രതീക്ഷിച്ചെങ്കിലും മൂന്നെണ്ണമാണ് കേരളത്തിന്‍െറ വഴിക്കത്തെിയത്്. ഒത്തൊരുമയുടെയും മികച്ച കോച്ചിങ്ങിന്‍െറയും വിജയമാണ് കേരളത്തിന്‍െറ വിജയമെന്ന് ടീം മാനേജര്‍ ഡോ. വി.സി. അലക്സ് പറഞ്ഞു. അധികൃതര്‍ നല്ല സൗകര്യമൊരുക്കിത്തന്നു. പെണ്‍കുട്ടികളുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും അലക്സ് പറയുന്നു. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ രജീന്ദര്‍ സിങ്ങിന്‍െറയും 400 മീറ്ററില്‍ സര്‍വിസസിന്‍െറ ആരോക്യ രാജീവിന്‍െറയും മികവും കവിത റൗത്തിന്‍െറയും ശര്‍ബാനി നന്ദയുടെയും അപ്രതീക്ഷിത തോല്‍വികളും ഗെയിംസിന്‍െറ ബാക്കിപത്രമാകുന്നു. |
മത്സരച്ചൂടില്‍ അഡ് ലെയ്ഡ്; താരമായി സുധീര്‍ ചൗധരി Posted: 14 Feb 2015 09:44 AM PST അഡ്ലെയ്ഡ്: കടുത്ത ചൂടാണ് ദക്ഷിണ ആസ്ട്രേലിയന്‍ നഗരമായ അഡ്ലെയ്ഡില്‍. ശനിയാഴ്ചത്തെ താപനില 42 ഡിഗ്രി വരെയായിരുന്നു. എന്നാല്‍, ഈ ചൂടത്തും കൂളായി കണ്ടത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ മാത്രം. പരിശീലനത്തിനായി മൈതാനത്ത് എത്തിയപ്പോഴും വാര്‍ത്താസമ്മേളന വേദിയിലും ധോണി കൂളായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ തന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടു. കണക്കുകളിലല്ല, കളിക്കാരുടെ കഴിവിലാണ് വിശ്വാസമെന്ന് ആത്മവിശ്വാസത്തോടെ ധോണി പറയുന്നു. രാവിലെ മുതല്‍ നൂറുകണക്കിന് ആരാധകരാണ് ഇന്ത്യയുടെയും പാകിസ്താന്‍െറയും പരിശീലനം കാണാനത്തെിയത്. പരിശീലന സ്ഥലത്തേക്ക് കടത്തിവിട്ട് സ്റ്റേഡിയം അധികൃതരും കാണികളോട് കനിവ് കാണിച്ചു. ഇന്ത്യന്‍ താരങ്ങള്‍ ആരാധകരെ നോക്കി പുഞ്ചിരിച്ച് കടന്നുപോയപ്പോള്‍ പാകിസ്താന്‍ കളിക്കാര്‍ അവര്‍ക്കൊപ്പം സംസാരിക്കാനും ഓട്ടോഗ്രാഫ് നല്‍കാനും ഫോട്ടോക്ക് പോസ് ചെയ്യാനും സമയം കണ്ടത്തെി. പാക് താരം യൂനിസ് ഖാനാകട്ടെ, വന്ന ആരെയും നിരാശരാക്കിയില്ല. താരങ്ങളെ കാണാനത്തെിയവരെ ലക്ഷ്യമിട്ട് മറ്റൊരു കൂട്ടര്‍ കൂടി എത്തിയിരുന്നു, ഞായറാഴ്ചത്തെ കളിയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍. എല്ലാം ഇന്ത്യക്കാരും പാകിസ്താനികളും. 20 ആസ്ട്രേലിയന്‍ ഡോളറിന്‍െറ ടിക്കറ്റിന് 75ഉം 100ഉം വരെയാണ് വില ചോദിക്കുന്നത്. വിലപേശാന്‍ ആരെയും ഇവര്‍ അനുവദിക്കുന്നില്ല. പറയുന്ന ന്യായം നാളെ ഇതിലും വിലകൂടുമെന്നാണ്. സംഗതി സത്യവുമാണ്. കാരണം ശനിയാഴ്ച ഉച്ചക്കുശേഷം തന്നെ ടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടോ എന്ന് അന്വേഷിച്ച് നൂറകണക്കിനാളുകളാണ് ഓവലില്‍ എത്തിയത്. കളി കാണാനായി അമേരിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും നിരവധി കുടുംബങ്ങളും എത്തിയിട്ടുണ്ട്. വലിയ ചെണ്ടയും പതാകയും മറ്റുമായാണ് ആരാധകര്‍ വരുന്നത്. ടെലിവിഷനിലൂടെ പരിചിതനായ സുധീര്‍ ചൗധരിയെയും അഡ്ലെയ്ഡില്‍ കണ്ടു. ദേഹത്ത് ഇന്ത്യയുടെ പതാകയും വരച്ച് സചിന്‍െറ പേരുമെഴുതി ടെലിവിഷനിലൂടെ നമ്മള്‍ കണ്ട സുധീറിനെ. ഇത്തവണ സചിന്‍െറ കനിവിലാണ് വിസ കിട്ടിയതെന്ന് സുധീര്‍. ഇദ്ദേഹത്തിന് വിസ നല്‍കണം എന്നുകാണിച്ച് സചിന്‍ ആസ്ട്രേലിയന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ടി.വിയിലൂടെ സുപരിചിതനായതിനാല്‍ സുധീറിനടുത്തുനിന്ന് ഫോട്ടോയെടുക്കാന്‍ ആളുകള്‍ തിടുക്കംകൂട്ടി. ചാനലുകള്‍ സുധീറിന്‍െറ അഭിമുഖത്തിനായി തിരക്കുകൂട്ടുന്നു. ഏത് ചോദ്യം ചോദിച്ചാലും ഇദ്ദേഹത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ; ഇന്ത്യ ജയിക്കും. ഇന്ത്യന്‍ ടീമിന്‍െറ പതാകയും ജഴ്സിയും തൊപ്പിയും വാങ്ങാനും നല്ല തിരക്കാണ് സ്റ്റേഡിയത്തില്‍. വൈകിയത്തെിയ പലരും ഇന്ത്യന്‍ ടീമിന്‍െറ ജഴ്സി തീര്‍ന്നതില്‍ പരിഭവിക്കുന്നതും കണ്ടു. |
No comments:
Post a Comment