സ്വാഗതം
WELCOME

News Update..

Tuesday, February 10, 2015

പ്രതിപക്ഷ നേതാവില്ലാതെ ഡല്‍ഹി നിയമസഭ Madhyamam News Feeds

പ്രതിപക്ഷ നേതാവില്ലാതെ ഡല്‍ഹി നിയമസഭ Madhyamam News Feeds

Link to

പ്രതിപക്ഷ നേതാവില്ലാതെ ഡല്‍ഹി നിയമസഭ

Posted: 10 Feb 2015 01:03 AM PST

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടിയ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവുണ്ടാകില്ല. പ്രതിപക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ ആവശ്യമായ ഏഴു സീറ്റുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കാത്തതാണ് കാരണം. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് മൂന്നു സീറ്റുകളെയുള്ളൂ.

സഭയിലെ മൊത്തം അംഗസംഖ്യയുടെ 10 ശതമാനം സീറ്റുകള്‍ നേടിയ പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. ഇതുപ്രകാരം, മൂന്നു സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനാവില്ല. കൂടാതെ, നാലില്‍ മൂന്നു സീറ്റുകള്‍ പിടിച്ചെടുത്ത എ.എ.പിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ പോലും ബി.ജെ.പിക്ക് സാധിക്കില്ല.

ലോക്സഭാ സഭയില്‍ കോണ്‍ഗ്രസ് നേരിട്ടതിന് സമാന സാഹചര്യമാണ് ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പിക്ക് സംഭവിച്ചത്. 44 സീറ്റുമായി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാന്‍ മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തിന് 55 സീറ്റുകളാണ് വേണ്ടത്. ഈ വിഷയത്തില്‍ ഇണങ്ങിയും പിണങ്ങിയും കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

ക്രെയ്ന്‍ ബേദിയുടെ ദയനീയ പതനം

Posted: 10 Feb 2015 12:24 AM PST

Image: 

ന്യൂഡല്‍ഹി: ഇത്ര കടുപ്പമേറിയതാവും വീഴ്ചയെന്ന് ബേദിയുടെ അനുയായികള്‍ പോലും നിനച്ചിരിക്കാന്‍ ഇടയില്ല. ആദ്യ ഐ.പി.എസുകാരി എന്ന പൊന്‍കിരീടം അണിയിച്ച് രാജ്യം തോളിലേറ്റിയ ബേദി ഒരിക്കലും സ്വപ്നേപി നിനക്കാത്ത പതനമായി ഇത്. താന്‍ മുമ്പ് പറഞ്ഞുപോയ വാക്കുകള്‍ പുതിയ കാലത്തില്‍ ‘ആപാ’യി തിരിച്ചടിക്കുകയായിരുന്നുവെന്ന് ഇപ്പോഴെങ്കിലും അവര്‍ക്ക് തിരിഞ്ഞിരിക്കണം. മോദി കുറ്റക്കാരന്‍ എന്നു പണ്ടു പറഞ്ഞതു മാത്രമല്ല, കെജ്രിവാളുമായി ഒപ്പം നില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് ബേദി എതിരായിരുന്നു. എന്നാല്‍,സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ത്ത് ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ തന്നെ ജനങ്ങള്‍ പഴയ ഐ.പി.എസുകാരിയുടെ വാക്കുകള്‍ക്ക് വിലയിട്ടിരുന്നു. ഇതിനൊക്കെ പുറമെ, മുമ്പ് ചെയ്ത പല ട്വീറ്റുകളും വിവാദമായപ്പോള്‍ അവര്‍ പിന്‍വലിച്ചു. പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനാവാതെ മുഖം തിരിച്ചു.

മാധ്യമങ്ങളിലൂടെ അവരുടെ വ്യാജമായ പ്രതിഛായ ഇളകിയാടുന്നതിനും ജനം സാക്ഷിയായി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയ്ന്‍ ഉപയോഗിച്ച് മാറ്റിയ സംഭവം ഒരു നുണക്കഥയാണെന്ന് തെളിഞ്ഞു. അവര്‍ സര്‍വീസ് കാലയളവില്‍ നടത്തിയ ഉപജാപ കഥകളും പുറത്തുവന്നു. ചോദിച്ചു വാങ്ങിയ തോല്‍വി എന്ന സത്യം നിലനില്‍ക്കെ തന്നെ മറ്റു ചില ഘടകങ്ങള്‍ കൂടി ബേദിക്കെതിരായി വന്നുവെന്നതില്‍ തര്‍ക്കമില്ല. ബി.ജെ.പിയുടെ ഏറ്റവും ഉറച്ച സീറ്റായ കൃഷ്ണനഗറില്‍ നിന്നുതന്നെ ഇത്ര കടുത്ത തിരിച്ചടി നേരിട്ടുവെന്നത് തന്നെ അതിന് കാരണം.

ഡല്‍ഹിയില്‍ രണ്ടാമൂഴത്തിനിറങ്ങുമ്പോള്‍ സത്യത്തില്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല. കഴിഞ്ഞ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഹര്‍ഷ വര്‍ധന് കേന്ദ്രമന്ത്രിയായി സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ പകരം നിര്‍ത്താന്‍ മറ്റൊരാളില്ലാത്ത അവസ്ഥയായി. ഈ ഒഴിവിലേക്ക് പ്രദേശിക തലത്തില്‍ നിന്നുള്ളവര്‍ പോലും അടിപിടികൂടുന്നതിനിടെ ആണ് ബി.ജെ.പിയുടെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബേദി എഴുന്നള്ളുന്നത്. താഴെ തട്ടിലുള്ളവരുടെ അതൃപ്തി ഇതോടെ അമരുകയായിരുന്നില്ല, അധികരിക്കുകയായിരുന്നു.

ഒരര്‍ഥത്തില്‍ തങ്ങളെ വകവെക്കാതെ ബേദിയെ ഉയര്‍ത്തിക്കാണിച്ച ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം നല്‍കിയ മറുപടിയാണ് ബേദിയുടെ പരാജയമെന്ന വിലയിരുത്തലുകളും ഇതിനോട് ചേര്‍ത്തുവായിക്കാം. ആര്‍.എസ്.എസിലും ബി.ജെ.പിയിലും ഉള്ള സ്ത്രീവിരുദ്ധതയും ഇതില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന നിരീക്ഷണങ്ങളും ഉണ്ട്. എന്തൊക്കെയായാലും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനു പുറമെ കെജ്രിവാള്‍ തറ പറ്റിക്കുന്ന രണ്ടാമത്തെ പെണ്‍പുലിയെന്ന പുതിയ റെക്കോര്‍ഡാണ് ഈ തെരഞ്ഞെടുപ്പോടെ പിറന്നത്.

ഡല്‍ഹി തൂത്തുവാരി ആം ആദ്മി; കെജ് രിവാളിന് ജയം, ബേദിക്ക് തോല്‍വി

Posted: 10 Feb 2015 12:01 AM PST

Image: 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹി  ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി എ.എ.പി അനായാസം ഭരണത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ മേല്‍വിലാസം ഇല്ലാതാക്കിയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേകിയുമാണ് ആപിന്‍റെ കുതിപ്പ്. അവസാന കണക്ക് പ്രകാരം എ.എ.പിക്ക് 67 സീറ്റും ബി.ജെ.പി മൂന്നു സീറ്റും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എ.എ.പി താരവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അരവിന്ദ് കെജ് രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വിജയിച്ചു. ബി.ജെ.പിയുടെ നൂപുര്‍ ശര്‍മയെ 4,982 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിരണ്‍ വാലിയ മൂന്നാം സ്ഥാനത്ത്. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് കനത്ത പരാജയം ഏറ്റുവാങ്ങി. 2,508 വോട്ടിന് എ.എ.പിയുടെ എസ്.കെ ബാഗയാണ് ബേദിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ബന്‍സി ലാല്‍ മൂന്നാംസ്ഥാനത്തെത്തി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ.എ.പിയുടെ സോം ദത്താണ് വിജയി. ബി.ജെ.പിയുടെ പ്രവീണ്‍ കുമാര്‍ ജെയിന്‍ രണ്ടാംസ്ഥാനത്ത്. ആപ്പില്‍ നിന്നു ബി.ജെ.പിയിലെ ത്തിയ മുന്‍ സ്പീക്കര്‍ എം.എസ് ധിര്‍ (ജംഗ്പുര), വിനോദ് കുമാര്‍ ബിന്നി (പദ്പാര്‍ഗഞ്ച്) എന്നിവരും കനത്ത പരാജയം രുചിച്ചു.

രോഹിണി മണ്ഡലത്തില്‍ ബി.ജെ.പിയിലെ വിജേന്ദര്‍ ഗുപ്ത 239 വോട്ടിന് വിജയിച്ചു.

എ.എ.പിയുടെ അംബേദ്കര്‍ നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അജയ് ദത്ത് വിജയിച്ചു. മോഡല്‍ ടൗണില്‍ അഖിലേഷ് പതി ത്രിപതി (16,706), ചാന്ദിനി ചൗക്കില്‍ അല്‍ക്ക ലമ്പ (18,287), ഷകുര്‍ ബസ്തിയില്‍ സത്യന്ദേര്‍ ജയിന്‍ (3,133), ഭാവന മണ്ഡലത്തില്‍ വേദ് പ്രകാശ് (50,023), ബാദാര്‍പുരില്‍ നാരായണ്‍ ദത്ത് ശര്‍മ (47,583), ബിജ്വാശനില്‍ ദേവീന്ദര്‍ ഷെരാവത് (19,536) എന്നിവരാണ് വിജയിച്ച മറ്റു എ.എ.പി സ്ഥാനാര്‍ഥികള്‍.

കൃഷ്ണ തിരാത്ത് (പട്ടേല്‍ നഗര്‍), ജഗദീഷ് മുക്തി (ജനക്പുരി), നൂപുര്‍ ശര്‍മ (ന്യൂഡല്‍ഹി) മുന്‍ സ്പീക്കര്‍ എം.എസ് ധിര്‍ (ജംഗ്പുര), വിനോദ് കുമാര്‍ ബിന്നി (പദ്പാര്‍ഗഞ്ച്) എന്നിവരാണ് പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ഥികള്‍.

കോണ്‍ഗ്രസില്‍ ഷൊയ്ബ് ഇഖ്ബാല്‍ (മദിയ മഹല്‍), ഹാറൂണ്‍ യൂസഫ് (ബല്ലിമാരന്‍), കിരണ്‍ വാലിയ (ന്യൂഡല്‍ഹി), ചൗധരി പ്രേം സിങ് (അംബേദ്കര്‍ നഗര്‍), ശര്‍മിഷ്ഠ മുഖര്‍ജി (ഗ്രേറ്റര്‍ കൈലാഷ് എന്നിവരാണ് പരാജയം രുചിച്ചു.  

2013 തെരഞ്ഞെടുപ്പില്‍ 31സീറ്റുമായി ബി.ജെ.പി സഖ്യമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ ജനകീയ പരീക്ഷണത്തില്‍ എ.എ.പി 28 സീറ്റ് നേടി രണ്ടാമതെത്തി. 15 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് എട്ടു സീറ്റുമായി തകര്‍ന്നടിയുകയും ചെയ്തു.

നബീസ ബീവി തിരുവനന്തപുരത്തെത്തി

Posted: 09 Feb 2015 11:15 PM PST

Image: 

തിരുവനന്തപുരം: തളര്‍വാതം പിടിപെട്ട് മാലിയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ കഴിയുകയായിരുന്ന നബീസ ബീവി തിരുവനന്തപുരത്തെത്തി. മാലിയിലെ ഇന്ത്യന്‍ ക്ളബ് എക്സിക്യൂട്ടിവ് പ്രസിഡന്‍റ് മുഷ്താഖിനൊപ്പം ഉച്ചയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ അവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. നബീസ ബീവിയെ സ്വീകരിക്കാന്‍ മാലിയില്‍ തടവില്‍ കഴിയുന്ന റുബീനയുടെ ഉമ്മ ഷഫീക്ക ബീവിയും വിമാനത്താവളത്തിലെത്തിയിരുന്നു.

ഇന്ത്യന്‍ ക്ളബ് അംഗങ്ങള്‍ ആണ് നബീസ ബീവിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മാലിയില്‍ തടവില്‍ കഴിഞ്ഞ ജയചന്ദ്രന്‍ മൊകേരിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കേരളത്തിലെ ഫേസ്ബുക്ക് കൂട്ടായ്മയാണ് നബീസാ ബീവിയുടെ പ്രശ്നം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. മാലി ജയിലില്‍ വിചാരണയില്ലാതെ തടവില്‍ കഴിയുന്ന റുബീനയുടെ മോചനത്തിനും ഈ കൂട്ടായ്മ ശ്രമം നടത്തിവരികയാണ്. റുബീനയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഉമ്മ ഷെഫീഖാബീവി  ഇന്ത്യന്‍ ക്ളബ് പ്രസിഡന്‍റ് മുഷ്താഖിനൊപ്പം മാലിയിലേക്കു തിരിക്കും.
 

ഡല്‍ഹി തൂത്തുവാരി ആം ആദ്മി

Posted: 09 Feb 2015 10:45 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹി  ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി എ.എ.പി അനായാസം കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ മേല്‍വിലാസം ഇല്ലാതാക്കിയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേകിയുമാണ് ആപിന്‍റെ കുതിപ്പ്.

നാലില്‍ മൂന്നു ഭൂരിപക്ഷത്തിലേക്കാണ് ആപ്പിന്‍െറ മുന്നേറ്റം സൂചിപ്പിക്കുന്നത്. അവസാന വിവരമനുസരിച്ച് എ.എ.പി 64 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി 5 സീറ്റിലേക്ക് ചുരുങ്ങി. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. അതേസമയം, ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ തകര്‍ച്ച പൂര്‍ത്തിയായി.

അംബേദ്കര്‍ നഗറില്‍ എ.എ.പിയുടെ അജയ് ദത്ത് വിജയിച്ചു. ബി.ജെ.പിയിലെ അശോക് കുമാറിനെയാണ് അജയ് തോല്‍പിച്ചത്. കോണ്‍ഗ്രസിലെ ചൗധരി പ്രേം സിങ് മൂന്നാം സ്ഥാനത്ത്. മോഡല്‍ ടൗണില്‍ അഖിലേഷ് പതി ത്രിപതി (16,706), ചാന്ദിനി ചൗക്കില്‍ അല്‍ക്ക ലമ്പ (18,287), ഷകുര്‍ ബസ്തിയില്‍ സത്യന്ദേര്‍ ജയിന്‍ (3,133), ഭാവന മണ്ഡലത്തില്‍ വേദ് പ്രകാശ് (50,023), ബാദാര്‍പുരില്‍ നാരായണ്‍ ദത്ത് ശര്‍മ (47,583) വിജയിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളും എക്സിറ്റ്പോളുകളിലും തിരുത്തി കുറിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. തലസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായാണ് 70 അംഗ സഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മോദി തരംഗമെന്ന മരീചിക

Posted: 09 Feb 2015 10:34 PM PST

Image: 

ന്യൂഡല്‍ഹി: മഹാഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്നീടുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം മോദി തരംഗമെന്ന പേരിലാണ് ബി.ജെ.പി ആഘോഷിച്ചിരുന്നത്.  എന്നാല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  മോദി തരംഗം വെറുമൊരു മരീചിക മാത്രമെന്ന് തെളിയിച്ചിരിക്കുകയാണ്. സ്വാഭാവികമായും ഡല്‍ഹിയിലെ പരാജയം മോദിയുടെ അക്കൗണ്ടിലേക്ക് പോകുന്നതിന് പകരം കിരണ്‍ ബേദിയുടെ അക്കൗണ്ടിലേക്ക് തിരിച്ചു വിടാനാണ് ബി.ജെ.പി ശ്രമിക്കുക. അതുവഴി മോദി തരംഗം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പിക്കാനുമായി ബി.ജെ.പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും അല്ലാതെയും വാഗ്വാദം തുടരുകയും ചെയ്യും.

അധികാരത്തില്‍ നിന്ന് രാജി വെച്ച് പുറത്ത് നില്‍ക്കുമ്പോഴും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായുള്ള നിരന്തര ബന്ധം സ്ഥാപിച്ചു മുന്നേറുകയായിരുന്നു. അവര്‍ ഡല്‍ഹിയുടെ ഗലി മൊഹല്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാക്ടറികളിലും വാണിജ്യ കേന്ദ്രങ്ങളിലും വമ്പന്‍ മാളുകളിലുമൊക്കെ ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയുകയും പുതിയ പദ്ധതികളും പ്രതീക്ഷകളും വരച്ചുകാട്ടുകയും ചെയ്തു. അമിതമായ ബഹളങ്ങളിലേക്ക് അവര്‍ ഇറങ്ങിച്ചെന്നില്ല.

റിപ്പബ്ളിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ കൊണ്ടുവന്നതു വഴി ജനങ്ങള്‍ ബി.ജെ.പിയുടെ കൂടെ നില്‍ക്കുമെന്ന മോദിയുടെ കണക്കുകൂട്ടലുകളാണ് ഇതോടെ അടിമേല്‍ മറിഞ്ഞത്. സ്വന്തം പേര് സുവര്‍ണാക്ഷരങ്ങളില്‍ തുന്നിക്കൂട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ടിട്ടതും ആണവ കരാര്‍ വഴി ഇന്ത്യയെ അമേരിക്കക്ക് തീറെഴുതിക്കൊടുത്തതും ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്‍െറ തെളിവാണ് എ.എ.പിയുടെ വിജയമെന്ന് അനുമാനിക്കാം.

വോട്ട് വിഹിതത്തിലും ആപ്പ് മുന്നില്‍

Posted: 09 Feb 2015 10:30 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിലൂടെ ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തിലും കുതിപ്പ്. 54 ശതമാനത്തിലധികം വോട്ടാണ് എ.എ.പി കരസ്ഥമാക്കിയത്. ബി.ജെ.പി 32.9 ശതമാനത്തിലേക്ക് പിന്തള്ളപ്പെട്ടു. 2013ല്‍ എ.എ.പിക്ക് 40.0 ശതമാനവും ബി.ജെ.പിക്ക് 44.3 ശതമാനവുമാണ് വോട്ട് വിഹിതം ലഭിച്ചത്.

ഇത്തവണ വോട്ട് വിഹിതത്തിലും കോണ്‍ഗ്രസ് പിന്നിലായി. 2013ല്‍ 11.43 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 8.9 ശതമാനത്തിലേക്ക് താഴ്ന്നു. ബി.എസ്.പിയുടേത് ഒന്നര ശതമാനത്തിലേക്കും ശിരോമണി അകാലിദളിന്‍േറത് 0.6 ശതമാനത്തിലേക്കും താഴ്ന്നു.

2013ല്‍ ജനതാദള്‍ യുനൈറ്റഡിനും ശിരോമണി അകാലിദളിനും സ്വതന്ത്രര്‍ക്കും  1.43ശതമാനം വീതമായിരുന്നു.

വി.ഐ.പി സംസ്കാരത്തിന് കൂച്ചുവിലങ്ങിടും ^കെജ് രിവാള്‍

Posted: 09 Feb 2015 10:25 PM PST

Image: 

ന്യൂഡല്‍ഹി: ‘‘തീര്‍ച്ചയായും ഇത് ജനങ്ങളുടെ വിജയമാണ്. അഴിമതിക്ക് അവസാനം കുറിക്കുക എന്നതാണ് എന്‍റെ പ്രഥമ പരിഗണന. എനിക്ക് ഒരിക്കലും ഭയമുണ്ടായിരുന്നില്ല. ജനങ്ങള്‍ കൂടെയുണ്ടാവുമെന്ന് അറിയാമായിരുന്നു. നിങ്ങളുടെ മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുമെന്നും ഞാനവര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. ഒരു സാധാരണക്കാരനാണ് ഞാന്‍. അതുപോലെ ജനങ്ങളുടെ മുഖ്യമന്ത്രിയും’’^കൂറ്റന്‍ ഭൂരിപക്ഷത്തോടെ ഡല്‍ഹിയില്‍ അധികാരത്തിലേക്ക് നടന്നുകയറുന്ന ആപ് നായകന്‍ കെജ്രിവാളിന്‍റെ വാക്കുകള്‍ ആണിത്. കിരണ്‍ ബേദിയെ കുറിച്ച് ഒന്നും തന്നെ തനിക്ക് പറയാനില്ളെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആയിരുന്നു ഇത്.

എന്നാല്‍, തോല്‍വിക്കുത്തരവാദി താന്‍ മാത്രമാണെന്നും മോദി ഭരണത്തിനെതിരായ ജനഹിത പരിശോധനയല്ല തെരഞ്ഞെടുപ്പ് ഫലം എന്നുമാണ് കിരണ്‍ ബേദിയുടെ പ്രതികരണം. ഡല്‍ഹിയിലെ തന്‍്റെ വസതിയുടെ ബാല്‍ക്കണിയില്‍ രാവിലെ മുതല്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയായിരുന്നു ബേദി.

അതേമസമയം, കെജ് രിവാളിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നതായി ബി.ജെ.പിയിലെ ഷാസിയ ഇല്‍മി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആപ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഷാസിയ ഇത്തരമൊരു കൂറ്റന്‍ സ്കോര്‍ ആപിനു പ്രതീക്ഷിച്ചിരുന്നില്ല.
കെജ് രിവാളിന് ആശംസകള്‍ നേരുന്നതായി ഗാന്ധിയന്‍ അണ്ണാ ഹസാരെയും പ്രതികരിച്ചു. നേരത്തെ ഒന്നിച്ചു നടത്തിയ സമരങ്ങള്‍ മുഖ്യമന്ത്രിയായാലും ഇല്ളെങ്കിലും കെജ്രിവാള്‍ മറക്കരുതെന്നും ഹസാരെ അഭ്യര്‍ഥിച്ചു.
രാജ്യത്ത് ശരിയായ ഭരണകര്‍തൃത്വം നിര്‍വഹിക്കാന്‍ കഴിവുള്ളവര്‍ ഉണ്ടെന്ന ഓരോ പൗരന്‍റെയും വിശ്വാസം പുലരുന്ന സുപ്രധാന ദിനമാണെന്ന് ആപ് നേതാവ് സോമ്നാഥ് ഭാരതി പ്രതികരിച്ചു. അധികാരത്തില്‍ ഇരുന്ന സമയത്ത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒന്നും തന്നെ ചെയ്യാന്‍ ആയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
സദര്‍ബസാര്‍ സീറ്റില്‍ തോല്‍ക്കുന്നപക്ഷം താന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെക്കുമെന്ന് അജയ് മാക്കന്‍ പ്രതികരിച്ചു. മണ്ഡലത്തില്‍ 1316 വോട്ട് പിന്നിലാണ് മാക്കന്‍.

ഇന്ദ്രപ്രസ്ഥത്തില്‍ ആം ആദ്മി തേരോട്ടം

Posted: 09 Feb 2015 09:15 PM PST

Image: 

ന്യൂഡല്‍ഹി: ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി അനായാസം കേവല ഭൂരിപക്ഷത്തിലേക്ക് ആം ആദ്മി പാര്‍ട്ടി കുതിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍്റെ അഡ്രസ് ഇല്ലാതാക്കിയും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേകിയുമാണ് ആപിന്‍്റെ കുതിപ്പ്.

നാലില്‍ മൂന്നു ഭൂരിപക്ഷത്തിലേക്കാണ് ആപ്പിന്‍െറ മുന്നേറ്റം സൂചിപ്പിക്കുന്നത്. അവസാന വിവരമനുസരിച്ച് എ.എ.പി 62 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി 7 സീറ്റിലേക്ക് ചുരുങ്ങി. ഒരു സീറ്റില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസിന്‍െറ തകര്‍ച്ച പൂര്‍ത്തിയായി.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളും എക്സിറ്റ്പോളുകളിലും തിരുത്തി കുറിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. തലസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായാണ് 70 അംഗ സഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
 

തീവ്രവാദം അറബ് ലോകം നേരിടുന്ന വെല്ലുവിളി- ബാന്‍ കി മൂണ്‍

Posted: 09 Feb 2015 08:46 PM PST

Image: 

ദുബൈ: വര്‍ധിച്ചുവരുന്ന തീവ്രവാദം അറബ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ദുബൈ മദീനത്ത് ജുമൈറയില്‍ തുടങ്ങിയ മൂന്നാമത് സര്‍ക്കാര്‍ ഉച്ചകോടിയുടെ ആദ്യദിനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന വേളയിലാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം നിരവധി പേരുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു. സമാധാന ശ്രമങ്ങള്‍ ഫലപ്രദമല്ലാത്ത അവസ്ഥയാണവിടെ. അറബ് ലോകത്തും അസ്ഥിരത നിലനില്‍ക്കുന്നു. യമനിലെ പ്രശ്നങ്ങളും ഐ.എസിന്‍െറ വെല്ലുവിളിയും ആണ് ഇതില്‍ പ്രധാനം.
മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പിക്കാതെ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നതിനെ താന്‍ എന്നും എതിര്‍ത്തിട്ടുണ്ട്. സുരക്ഷാ ഭീഷണി നേരിടാന്‍ എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. പൊതുധാരയില്‍ പെടുത്താതെ ആളുകള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതാണ് എല്ലാ രാജ്യങ്ങളിലും പ്രശ്നങ്ങളുടെ മൂല കാരണം.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഭരണാധികാരികള്‍ തയാറാകണം. ഭരണത്തില്‍ സുതാര്യതയും വിശ്വസ്തതയും ജനാധിപത്യവുമാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അരാജകത്വത്തിലേക്ക് നയിക്കും. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്ന സുതാര്യമായ സര്‍ക്കാറിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
പൊതുജനങ്ങളാണ് സര്‍ക്കാറിനെ വഴിനടത്തേണ്ടത്. ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ളെന്നും മികച്ച ലോക സൃഷ്ടിക്കായി ഒന്നിച്ച് പണിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ പ്രഫ. ക്ളോസ് ഷ്വാബിന്‍െറ പ്രഭാഷണത്തോടെയാണ് ഉച്ചകോടിക്ക് തുടക്കമായത്. ആഗോള മത്സരക്ഷമതാ സൂചികയില്‍ 12ാം സ്ഥാനം നേടിയ യു.എ.ഇയെ അഭിനന്ദിച്ചാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്. നവീനമായ ആശയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാറുകള്‍ക്ക് മാത്രമേ രാജ്യത്തെ ഉന്നതങ്ങളിലത്തെിക്കാന്‍ കഴിയൂ.
മാറുന്ന സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് ആളുകളെ പുതിയ സംവിധാനങ്ങളിലേക്കത്തൊന്‍ പ്രാപ്തമാക്കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കാണ്.
നവീനത ആവാസ വ്യവസ്ഥയായും ഭരണകൂടങ്ങള്‍ അതിനുള്ള പ്രേരകമായും മാറേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പുത്തന്‍ ആശയങ്ങള്‍ സ്വീകരിച്ച് അവ പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമേ വികസനം കൈവരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആം ആദ്മി അധികാരത്തിലേക്ക്

Posted: 09 Feb 2015 08:37 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേക്കാണ് ആപ്പിന്‍െറ മുന്നേറ്റം സൂചിപ്പിക്കുന്നത്. അവസാന വിവരമനുസരിച്ച് എ.എ.പി 58 സീറ്റില്‍ ലീഡ് ചെയ്യുന്നു. കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പി 11 സീറ്റിലേക്ക് ചുരുങ്ങി. ഡല്‍ഹി തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്‍െറ തകര്‍ച്ച പൂര്‍ത്തിയായി. ഒരു സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളും എക്സിറ്റ്പോളുകളിലും തിരുത്തി കുറിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. തലസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായാണ് 70 അംഗ സഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.  

വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒടുവില്‍ മഹേശ്വരി ചെരിഞ്ഞു; മൃഗശാലയില്‍ ഇനി ആനക്കാഴ്ചയില്ല

Posted: 09 Feb 2015 08:14 PM PST

Image: 

തിരുവനന്തപുരം: കാണികളെ കൗതുകംകാട്ടി രസിപ്പിക്കാന്‍ മൃഗശാലയില്‍ ഇനി മഹേശ്വരി ഉണ്ടാകില്ല. ശനിയാഴ്ച കുഴഞ്ഞുവീണ മഹേശ്വരി തിങ്കളാഴ്ച രാവിലെ 10.45ഓടെ മരണത്തിന് കീഴടങ്ങി. മൃഗശാലയിലെ ഏറ്റവും പ്രായംകൂടിയ ആനയായിരുന്നു മഹേശ്വരി.  മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രായാധിക്യവും കണക്കിലെടുത്ത് പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ളെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

വൈകീട്ട് നാലുമണി മുതല്‍ മ്യൂസിയം വളപ്പില്‍ മഹേശ്വരിയുെട മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒൗദ്യോഗിക ബഹുമതി നല്‍കാന്‍ നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മൃഗശാല വളപ്പിലെ ആനക്കൂടിനോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ കുഴിയില്‍ ആനയെ അടക്കംചെയ്തു. ശരീരം ദഹിപ്പിക്കുന്നത് പരിസരവാസികള്‍ക്കും മൃഗശാലയിലെ മറ്റു മൃഗങ്ങള്‍ക്കും ബുദ്ധിമുട്ടാകുമെന്നത് കണക്കിലെടുത്താണ് അടക്കിയത്. ഭാവിയില്‍ മഹേശ്വരിയുടെ എല്ലും മറ്റും എടുത്ത് മ്യൂസിയം ഗാലറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതികൂടി കണക്കിലെടുത്തുംകൂടിയായിരുന്നു ഇത്.

1946ലാണ് മഹേശ്വരി തിരുവനന്തപുരം മൃഗശാലയില്‍ എത്തുന്നത്. 85 വയസ്സുണ്ടായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം. ശനിയാഴ്ച വൈകീട്ട് കുളിപ്പിച്ചശേഷം കൂട്ടിലേക്ക് കയറ്റുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മൃഗശാല ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബിന്‍െറ നേതൃത്വത്തില്‍ ആനയെ ചികിത്സിച്ചുവരുകയായിരുന്നു. മഹേശ്വരിയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. വീഴ്ചക്കിടെ തുമ്പിക്കൈയും വായും നിലത്ത് ഇടിക്കുകയും ചെയ്തു. ആന കിടന്ന സ്ഥലത്തെ മണ്ണ് കുഴിച്ച്  ഉയര്‍ത്താനുള്ള ശ്രമങ്ങളും ഫലംകണ്ടില്ല. തൃശൂര്‍ ആനത്താവളത്തില്‍നിന്ന് ബെല്‍റ്റ് കൊണ്ടുവന്ന് ഉയര്‍ത്താനുള്ള ശ്രമവും പരാജയപ്പെട്ടു.
എങ്കിലും വെള്ളവും പഴവും ഉള്‍പ്പെടെയുള്ള ആഹാരം എടുത്തിരുന്നു.

ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷ അപ്പോഴും മൃഗശാല അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഉണ്ടായിരുന്നു. ഇതോടെ തിരുവനന്തപുരം മൃഗശാലയില്‍ ആനയില്ലാതായി. മഹേശ്വരിക്ക് കൂട്ടിനായി നേരത്തേ ഒരാന ഉണ്ടായിരുന്നു. മൃഗശാലയില്‍ ആനകളെ വളര്‍ത്താന്‍ പാടില്ളെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ അതിനെ കോട്ടൂര്‍ ആനസംരക്ഷണകേന്ദ്രത്തിന് കൈമാറി.

 

വന്‍ ലീഡുമായി ആം ആദ്മി പാര്‍ട്ടി

Posted: 09 Feb 2015 08:06 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ലീഡുമായി ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് എ.എ.പി 56 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി 15 സീറ്റില്‍ ലീഡ് ചെയ്തു രണ്ടാം സ്ഥാനത്തുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്‍െറ തകര്‍ച്ച പൂര്‍ത്തിയായി. മൂന്നു സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളും എക്സിറ്റ്പോളുകളിലും തിരുത്തി കുറിക്കുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. തലസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായാണ് 70 അംഗ സഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.  

വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
 

ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് 40 തികയുന്നു

Posted: 09 Feb 2015 07:44 PM PST

Image: 
Subtitle: 
1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഈ മഹാദ്ഭുതം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്

ചെറുതോണി: ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് വ്യാഴാഴ്ച 40 വയസ്സ് തികയും. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി 1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 780 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഈ മഹാദ്ഭുതം ഇന്നും വിസ്മയമായി തുടരുകയാണ്.

1919ല്‍ ഇറ്റലിക്കാരനായ ജേക്കബ് എന്ന എന്‍ജിനീയറാണ് ഇടുക്കിയില്‍ അണക്കെട്ടിന്‍െറ സാധ്യത ആദ്യം നിര്‍ദേശിച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആ നിര്‍ദേശം തള്ളി. 1922ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ള്യു.ജെ. ജോണ്‍ നായാട്ടിന് എത്തിയപ്പോള്‍ സഹായിയായി കൂടെയുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ് കുറവന്‍-കുറത്തി മലകള്‍ക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാറിന്‍െറ ദൃശ്യം കാണിച്ചുകൊടുത്തത്. ഇവിടെ അണകെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് മലങ്കര ജോണ്‍ സഹോദരനും എന്‍ജിനീയറുമായിരുന്ന പി.ജെ. തോമസിന്‍െറ സഹായത്തോടെ 1932ല്‍ തിരുവിതാംകൂര്‍ സര്‍ക്കാറിനെ അറിയിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചതനുസരിച്ച് ഇറ്റലിക്കാരായ ആഞ്ജലോ, ഒമേദയോ, ക്ളാന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ 1937ല്‍ ഇടുക്കിയിലത്തെി  പഠനം നടത്തി.

1947ല്‍ തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്ന ജോസഫ് ജോണ്‍ വിശദ റിപ്പോര്‍ട്ട് തയാറാക്കി. അങ്ങനെയാണ് ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാമെന്ന തീരുമാനമുണ്ടായത്. വീണ്ടും 1956ല്‍ സംസ്ഥാനവും 1957ല്‍ കേന്ദ്ര ജലവൈദ്യുതി കമീഷനും തുടര്‍പഠനം നടത്തി. 1961ല്‍ ഇടുക്കി പദ്ധതിയുടെ രൂപകല്‍പന പൂര്‍ത്തിയായി. ഇത് 1963 ല്‍ പ്ളാനിങ് കമീഷന്‍ അംഗീകരിച്ചു. പദ്ധതിയുടെ സാമ്പത്തിക ചുമതല തുടര്‍ന്ന് കെ.എസ്.ഇ.ബി ഏറ്റെടുത്തു. 1966ല്‍ കൊളംബോ പദ്ധതിപ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം നല്‍കി. 1967ല്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.

1962ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. വ്യത്യസ്തമായ മൂന്ന് അണക്കെട്ടാണ് ഇടുക്കി പദ്ധതിക്കുള്ളത്. ഇടുക്കിയില്‍ പെരിയാറിന് കുറുകെയും അതിന്‍െറ പോഷക നദിയായ ചെറുതോണിയാറിന് കുറുകെ ചെറുതോണിയിലും അണകെട്ടി സംഭരിക്കുന്ന ജലം ഒരു തുറന്ന ചാനലിലൂടെ കിളിവള്ളിത്തോടുമായി യോജിപ്പിച്ച് കുളമാവില്‍ മറ്റൊരു അണ കെട്ടി തുരങ്കത്തിലൂടെ വെള്ളം മൂലമറ്റത്തെ ഭൂഗര്‍ഭനിലയത്തില്‍ എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ ആരംഭിച്ചു. അടിയന്തരാവസ്ഥയുടെ അവസാനകാലത്താണ് പണി പൂര്‍ത്തിയാക്കുന്നത്.

ഉയരം കൊണ്ട് ഇന്ത്യയില്‍ രണ്ടാമത്തെയും ലോകരാഷ്ട്രങ്ങളില്‍ 36 ാമത്തേതുമാണ് ഇടുക്കി ഡാം. മുകളിലത്തെ നീളം 365.85 മീറ്ററും വീതി 7.62 മീറ്ററുമാണ് അടിയില്‍ 19.81 മീറ്ററാണ് വീതി. 2000 ദശലക്ഷം ടണ്ണിലേറെ വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ട് ഇടുക്കി ആര്‍ച്ച് ഡാമിന്. പ്രതിവര്‍ഷം 900 കോടി രൂപയുടെ വൈദ്യുതോല്‍പാദനമാണ് 2009ലെ കണക്കനുസരിച്ചുള്ളത്.

വിമാന ഇന്ധന വില വീണ്ടും കുറച്ചു; വിമാനക്കമ്പനികള്‍ നിരക്ക് കുറക്കില്ല

Posted: 09 Feb 2015 07:39 PM PST

Image: 

മസ്കത്ത്: വിമാനത്തിലുപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്‍െറ വില ശനിയാഴ്ച ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും കുറച്ചു. 11.27 ശതമാനമാണ് വിമാന ഇന്ധന വില കുറച്ചത്. ഇതോടെ, വിമാന ഇന്ധന വില ലിറ്ററിന് 46 രൂപ 51 പൈസയായി. കഴിഞ്ഞ മാസം ഇന്ധന വില 52.42 രൂപയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിനുശേഷം ഏഴാം തവണയാണ് ഇന്ധന വില കുറക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഡീസല്‍ വിലയെക്കാള്‍ കുറവാണ് വിമാന ഇന്ധനത്തിന് ഈടാക്കുന്നത്. ഡല്‍ഹിയിലെ ഡീസല്‍ വിലയെക്കാള്‍ ലിറ്ററിന് ഒരു രൂപ 76 പൈസ കുറവാണിത്. പെട്രോളിനെക്കാള്‍ ലിറ്ററിന് 12 രൂപ 41 പൈസ കുറവാണ് വിമാനക്കമ്പനികളില്‍നിന്ന് ഈടാക്കുന്നത്. വിമാന ഇന്ധന വില കുറയുന്നത് വിമാനക്കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കും.
2016 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ എണ്ണയിനത്തില്‍ എയര്‍ ഇന്ത്യക്ക് 2000 കോടി രൂപ ലാഭിക്കാന്‍ കഴിയും. ഇന്ത്യന്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ ഒരു വര്‍ഷം 100 കോടി രൂപയുടെ ഇന്ധനമാണ് വാങ്ങുന്നത്. വില കുറഞ്ഞതോടെ ഇന്ധന വില 70 കോടിയായി കുറയും. വിമാനക്കമ്പനികളുടെ പ്രധാന ചെലവുകളിലൊന്നാണ് ഇന്ധന ചാര്‍ജ്. ഇന്ധനവില കുറച്ചത് നിലവില്‍ നഷ്ടത്തിലോടുന്ന വിമാനക്കമ്പനികളുടെ നഷ്ടം കുറക്കാനും ക്രമേണ ലാഭത്തിലത്തെിക്കാനും സഹായിക്കും. കേന്ദ്ര സര്‍ക്കാന്‍ ഇന്ധന വില കുറച്ചതോടെ പല ആഭ്യന്തര വിമാനക്കമ്പനികളും നിരക്കുകള്‍ കുറച്ചിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ ഇന്ധന വില കുറച്ചിട്ടും എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുറക്കാന്‍ സാധ്യതയില്ല. ഇന്ധനവില കുറഞ്ഞതിന്‍െറ ആനുകൂല്യം വിമാനക്കമ്പനികള്‍ക്കാണ് ലഭിക്കുക.  ജനങ്ങളിലത്തൊന്‍ സാധ്യതയില്ല. ഇന്ധനവില കൂടിയപ്പോള്‍ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കേര്‍പ്പെടുത്തിയ സര്‍ചാര്‍ജ് എടുത്തുകളയാനും സാധ്യതയില്ല. എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ഷെഡ്യൂള്‍ ചെയ്ത ടിക്കറ്റുകളില്‍ നിരക്കിനൊപ്പം ഫ്യൂവല്‍ സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇത് ടിക്കറ്റില്‍ വ്യക്തമാക്കുന്നുമുണ്ട്. മസ്കത്തില്‍ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് 20 റിയാലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. ഇന്ധനനിരക്ക്  ഉയര്‍ന്ന 2008 ലാണ് ഈ നിരക്ക് ആരംഭിച്ചത്. ഇന്ധന നിരക്ക് 50 ശതമാനത്തിലധികം കുറഞ്ഞിട്ടും ഇപ്പോഴും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
ഇന്ധന നിരക്ക് 60 ശതമാനം കുറഞ്ഞിട്ടും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതിലെ അപാകത കഴിഞ്ഞ ദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍ചാര്‍ജ് എടുത്തുകളഞ്ഞിരുന്നു. എയര്‍ ഏഷ്യ, സിബു എയര്‍ ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍ചാര്‍ജ് പൂര്‍ണമായി വേണ്ടെന്നുവെച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ് എന്നിവ സര്‍ചാര്‍ജ് കുറച്ചിരുന്നു. എന്നാല്‍ ഇന്ധന സര്‍ചാര്‍ജ് ഒരു വിധത്തിലും കുറക്കില്ളെന്ന നിലപാടിലാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. മാത്രമല്ല അടുത്ത മാസം മുതല്‍ സീസണ്‍ ആരംഭിക്കുന്നതോടെ വന്‍നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. അടുത്ത മാസത്തോടെ ഇന്ത്യയില്‍ കുടുംബങ്ങള്‍ ഗള്‍ഫ് മേഖലയിലേക്കും ജൂണ്‍ മുതല്‍ ഗള്‍ഫില്‍നിന്ന് ഇന്ത്യന്‍ സെക്ടറിലേക്കും വന്‍ തിരക്കാണ് അനുഭവപ്പെടുക.

യു.എന്‍ സിറിയ സഹായ ഉച്ചകോടി മാര്‍ച്ച് 31ന് കുവൈത്തില്‍

Posted: 09 Feb 2015 07:33 PM PST

Image: 

കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധിയില്‍ തിളച്ചുമറിയുന്ന സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളെ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടി മാര്‍ച്ച് 31ന് കുവൈത്തില്‍ നടക്കും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുവൈത്ത് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.
യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദ കോഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്ത് ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ എന്ന തലക്കെട്ടിലാണ് സിറിയക്കുവേണ്ടി ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നത്. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ജാറുല്ല അറിയിച്ചു. മുന്‍ ഉച്ചകോടികളെക്കാള്‍ വിജയകരമായി മൂന്നാം പതിപ്പ് സംഘടിപ്പിക്കാനാണ് കുവൈത്തിന്‍െറ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യു.എന്നിന്‍െറ ഉന്നതതല പ്രതിനിധിസംഘം അടുത്തുതന്നെ കുവൈത്ത് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയെ സഹായിക്കുന്നതിനുള്ള ആദ്യ രണ്ട് ഉച്ചകോടികള്‍ക്ക് 2013 ജനുവരി 30നും 2014 ജനുവരി 15നും കുവൈത്ത് തന്നെയാണ് അരങ്ങൊരുക്കിയിരുന്നത്. മൂന്നാമത് ഉച്ചകോടിക്കും ആതിഥ്യംവഹിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും മിക്ക രാജ്യങ്ങളും മുന്‍ ഉച്ചകോടികളിലെ വാഗ്ദാന സംഖ്യ യു.എന്നിന് കൈമാറാത്ത സാഹചര്യത്തില്‍ മൂന്നാമതൊരു ഉച്ചകോടിക്ക് അരങ്ങൊരുക്കാന്‍ താല്‍പര്യമില്ളെന്ന നിലപാടായിരുന്നു കുവൈത്ത് സ്വീകരിച്ചിരുന്നത്. എന്നാല്‍, ലോകരാഷ്ട്രങ്ങളുടെയും യു.എന്നിന്‍െറയും അറബ് ലീഗിന്‍െറയുമൊക്കെ നിരന്തര അഭ്യര്‍ഥന മാനിച്ച് കുവൈത്ത് ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.
നാലു വര്‍ഷമായി ആഭ്യന്തര പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതോടെ നിലവില്‍ 1.3 കോടി സിറിയക്കാരാണ് അഭയാര്‍ഥികളായി കഴിയുന്നത്. രാജ്യത്തിനകത്ത് 90 ലക്ഷവും ലബനാന്‍, ജോര്‍ഡന്‍, തുര്‍ക്കി തുടങ്ങിയിടങ്ങളിലായി 40 ലക്ഷവും. ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും രണ്ടാമത്തേതില്‍ 240 കോടി ഡോളറുമടക്കം മൊത്തം 390 കോടി ഡോളറിന്‍െറ സഹായമാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതില്‍ 80 കോടി ഡോളറും കുവൈത്തിന്‍െറ വകയായിരുന്നു. പ്രഥമ ഉച്ചകോടിയില്‍ 30 കോടി ഡോളറും രണ്ടാമത്തേതില്‍ 50 കോടി ഡോളറുമാണ് കുവൈത്ത് വാഗ്ദാനം ചെയ്തിരുന്നത്. ഇവ വിവിധ യു.എന്‍ ഏജന്‍സികള്‍ക്കായി കൈമാറിക്കഴിഞ്ഞു. യു.എന്‍.എച്ച്.സി.ആര്‍, യൂനിസെഫ്, ഡബ്ള്യൂ.എച്ച്.ഒ, യു.എന്‍.ആര്‍.ഡബ്ള്യൂ.എ, ഡബ്ള്യൂ.എം.ഒ, ഒ.സി.എച്ച്.എ എന്നീ സംഘടനകള്‍ക്കാണ് ഈ തുക നല്‍കിയത്.
സിറിയയിലെ പ്രതിസന്ധി തുടരുന്നതുമൂലം അഭയാര്‍ഥികളുടെ എണ്ണവും അവരുടെ പ്രയാസങ്ങളും ദിനംപ്രതി വര്‍ധിക്കുന്നതാണ് അന്താരാഷ്ട്ര സമൂഹത്തെ കുഴക്കുന്നത്. സിറിയക്കകത്തും അയല്‍രാജ്യങ്ങളിലുമായുള്ള അഭയാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഇവരെ സഹായിക്കുന്നതിനാവശ്യമായിവരുന്ന സാമ്പത്തിക ചെലവും ഇതോടൊപ്പം വര്‍ധിക്കുന്നു. കുവൈത്തടക്കം പല രാജ്യങ്ങളും തങ്ങളുടെതായ നിലക്ക് സിറിയക്കാര്‍ക്കുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും മതിയാവാതെവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് മൂന്നാമത് ഉച്ചകോടിക്ക് ഐക്യരാഷ്ട്രസഭ ഒരുങ്ങുന്നത്.
തുടര്‍ച്ചയായ മൂന്നാം തവണയും സിറിക്കുവേണ്ടിയുള്ള യു.എന്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനുള്ള കുവൈത്തിന്‍െറ സന്നദ്ധതയെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെ ടെലിഫോണില്‍ വിളിച്ചാണ് മൂണ്‍ അഭിനന്ദനമറിയിച്ചത്.
 മാനുഷിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അമീര്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നതെന്നും സിറിയക്കാരെ സഹായിക്കുന്നതിന് അദ്ദേഹം കാണിക്കുന്ന പ്രത്യേക താല്‍പര്യത്തിന് ഏറെ നന്ദിയുണ്ടെന്നും മൂണ്‍ പറഞ്ഞു.
 

ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി

Posted: 09 Feb 2015 06:31 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ തുടങ്ങി. തലസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായാണ് 70 അംഗ സഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഒമ്പത് മണിയോടെ ആദ്യ ഫലങ്ങളറിയാം. ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.

വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  തെരഞ്ഞെടുപ്പില്‍ 673 സ്ഥാനാര്‍ഥികളാണ് മാറ്റുരച്ചത്. ബുരാരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ^18 പേര്‍. ഏറ്റവും കുറവ് അംബേദ്കര്‍ നഗറിലും ^നാലുപേര്‍. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ റോത്താസ് നഗറിലെയും ഡല്‍ഹി കാന്‍റിലെയും ഓരോ ബൂത്തുകളില്‍ തിങ്കളാഴ്ച റീപോളിങ് നടന്നു. വോട്ടിങ് യന്ത്രത്തില്‍ അപാകത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളിലും ശേഷം നടന്ന എക്സിറ്റ്പോളുകളിലും ആം ആദ്മി പാര്‍ട്ടിക്കാണ് മുന്‍തൂക്കം പ്രവചിക്കപ്പെട്ടത്. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് പരാജയം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. പ്രവചനങ്ങളെ തള്ളിക്കളഞ്ഞ ബി.ജെ.പി അവസാന നിമിഷം വരെയും അധികാരത്തിലെത്താനാകുമെന്ന വിശ്വാസത്തിലാണ്.

വാര്‍ധക്യത്തെ നടതള്ളുന്ന കേരളം

Posted: 09 Feb 2015 05:47 PM PST

Image: 

‘ദെവസം കഴിയാനുള്ള ഒരുപിടി ചോറുമാത്രം പോരെ മോനെ എനക്ക്, അതും അധികകാലം തരണ്ടിവര്വോ, ഞാന്‍ എങ്ങനെയെങ്കിലും ഈ ബീടിന്‍െറ  മൂലയ്ക്ക് ഒതുങ്ങിക്കോളാം. എന്ന ഏടീം കൊണ്ടാക്കറ്’ -നിറയുന്ന കണ്ണുകളോടെ നാട്ടുമധ്യസ്ഥരുടെ സാന്നിധ്യത്തില്‍ ആ മാതാവ് മകനോട് പറഞ്ഞു.  
‘എന്നെക്കൊണ്ടാവില്ല, എനിക്കും  സമാധാനത്തോടെ ജീവിക്കണം’-മകന്‍െറ മറുപടി.
ഒരമ്മയും പറയാനാഗ്രഹിക്കാത്ത ഒരു മറുപടിയേ ഇതിനു ബാക്കിയായുള്ളൂ.
-‘പത്തുമാസം ചുമന്ന് നൊന്തുപ്രസവിച്ചില്ളേ നിന്നെ ഞാന്‍?’
‘അതിന്, എന്തു വാടകവേണം?

ഈ മറുപടി മകനില്‍നിന്ന് വന്നതോടെ മധ്യസ്ഥര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. സ്വന്തം കൈപ്പത്തി മുഖത്തടിച്ച് കല്യാണിയമ്മ വേദന മറച്ചുവെച്ചു. അമ്മയും മക്കളും തമ്മിലെ പ്രശ്നം പരിഹരിക്കാനിരുന്ന മധ്യസ്ഥര്‍ എഴുന്നേറ്റ് നടന്നു.
കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍ മാസങ്ങള്‍ക്ക് മുമ്പുമാത്രം നടന്ന സംഭവമാണിത്. മൂത്തമകന്‍െറ കൂടെയാണ് 85കാരിയായ  അമ്മ താമസിക്കുന്നത്. ഭര്‍ത്താവ് മരിച്ചു. മൂന്നുമക്കളും ബിസിനസുകാര്‍, ലക്ഷങ്ങളുടെ ആസ്തികള്‍, മനോഹരമായ വീട്. വീടിന്‍െറ പോരായ്മയായി തോന്നിയത് 85 കഴിഞ്ഞ അമ്മയാണ്. അവരുടെ കാലും ഒടിഞ്ഞിരിക്കുന്നു. കൂടുതല്‍ ശ്രദ്ധവേണം. ദിവസവും രണ്ടുതവണയെങ്കിലും മുറി വൃത്തിയാക്കണം, തൊട്ട് ചുവരുകള്‍ വൃത്തികേടാക്കും, ഭക്ഷണം കൊടുക്കാന്‍ ഒരാള്‍  മിനക്കെടണം, ഉറക്കം കെടുത്തുന്ന ‘അപശബ്ദങ്ങള്‍’, ആശുപത്രികള്‍, മരുന്നുകള്‍... ഒരു സന്ധ്യയില്‍ അയാള്‍ ശല്യക്കാരിയായ പൂച്ചക്കുട്ടിയെ എന്നപോലെ പെറ്റമ്മയെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഉപേക്ഷിച്ചു.

ഇളയമകന്‍െറ വീട് അടുത്തുണ്ടായിരുന്നു. അയാള്‍ക്കിട്ട് ഒരുപണിയും കൂടിയായി എന്നാണ് കരുതിയത്. ഇളയമക ന്‍ തിരിച്ചുപണികൊടുത്തത്, ഭാര്യയെയും മക്കളെയുംകൊണ്ട് ഭാര്യവീട്ടിലേക്ക് രക്ഷപ്പെട്ടാണ്. സന്ധ്യാനേരത്ത് വേദനിക്കുന്ന കാലുമായി ആ വീട്ടില്‍ അമ്മ തനിയെ കഴിഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ അനക്കംകേട്ട ചിലര്‍ ശ്രദ്ധിച്ചെ ത്തി. പാര്‍ട്ടിക്കാരും നാട്ടുകാരും ഇടപെട്ടു. മക്കളെ വിളിച്ചുവരുത്തി. അങ്ങനെ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഗര്‍ഭപാത്രത്തിന്‍െറ വാടക ചോദിച്ചത്. ഒടുവില്‍ കല്യാണിയമ്മയെ മകള്‍ ഏറ്റെടുത്തു.

കൊല്ലം കാറ്റാനത്ത് വീട് വൃത്തികേടാക്കുന്നുവെന്ന കാരണത്താല്‍ മാതാവിനെ തൊഴുത്തില്‍ കിടത്തുകയായിരുന്നു മക്കളെന്ന് പറഞ്ഞത് സ്ഥലത്തെ സാന്ത്വന തീരം പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകന്‍ ഷിബു. അയല്‍വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് മക്കളോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ‘ഒഴിവാക്കിയതല്ല, വീട് വൃത്തികേടാവുന്നതിനാല്‍ മാറ്റിയതാണ്’ എന്നാണ്.  ഇവരെ സാന്ത്വന തീരം പ്രവര്‍ത്തകര്‍ ഏറ്റെടുത്തോളാം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. കുറച്ചുദിവസം അയല്‍വീട്ടുകാരെ ക്കൊണ്ട് ഭക്ഷണം കൊടുപ്പിച്ചശേഷം സാന്ത്വന തീരം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു. ജില്ലയില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതില്‍ ജാതിമത വ്യത്യാസമില്ളെന്ന് ഷിബു പ്രവര്‍ത്തനാനുഭവത്തില്‍ പറയുന്നു.

2014 മേയ് ഒമ്പതിന് കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷന്‍െറ കവാടത്തില്‍ മാതാവിനെ തള്ളി മകള്‍ സ്ഥലംവിട്ടു. മറ്റുമക്കളോടുള്ള വിദ്വേഷമാണ് കാരണം. ഭര്‍ത്താവിന്‍െറ പെന്‍ഷന്‍ വരെയുള്ള ഇവര്‍ക്ക് മക്കള്‍ ചെലവുചെയ്യേണ്ടതില്ലായിരുന്നു. തനിക്ക് മാത്രമായി നോക്കാന്‍ കഴിയില്ളെന്ന് ഒരു മകള്‍ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ചെവിക്കൊണ്ടില്ല. ഇതില്‍ വാശി തീര്‍ക്കാനാണ് വനിതാ സെല്ലില്‍ ഉപേക്ഷിച്ചത്. പൊലീസ് മക്കളെ വിളിച്ചുവരുത്തി പരിഹാരമുണ്ടാക്കി.  

കണ്ണൂര്‍ നഗരത്തില്‍തന്നെ മറ്റൊരു സംഭവത്തില്‍ മക്കള്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിട്ട മാതാവിനെ വനിതാ പൊലീസുകാര്‍ ചാരിറ്റബ്ള്‍ സ്ഥാപന ത്തിന് കൈമാറി. അങ്ങോട്ടു കൊണ്ടുപോകുമ്പോള്‍ ആ മാതാവ് പൊലീസിനോട് പറഞ്ഞു -‘എനിക്ക് ഒരുനേരത്തെ ഭക്ഷണം മതിയായിരുന്നു. മക്കളുടെ കൂടെതന്നെ കഴിഞ്ഞ് മരിക്കണം’. അവര്‍ ഇപ്പോഴും മക്കളെ കാത്തുകഴിയുകയാണ്.  
അലവില്‍ എന്ന  സ്ഥലത്ത് ഒരു സ്ത്രീ ജീവിക്കുന്നത് അങ്കണവാടിയിലെ ഭക്ഷണംകൊണ്ട്. മണലില്‍ വികലാംഗയായ മാതാവ് കമലാദേവി വിശന്ന് അവശയായി ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായി. മകന്‍ ഭക്ഷണം നല്‍കുന്നില്ല എന്നാണ് പരാതി. ഇവരെല്ലാം സാധാരണക്കാരാണെങ്കില്‍ തളിപ്പറമ്പില്‍ ഒരു സമ്പന്നമാതാവിന് കോഫി ഹൗസിലാണ് ഭക്ഷണം. തവനൂര്‍ അഗതി മന്ദിരത്തിലേക്ക് മക്കള്‍ നടതള്ളിയ ഷാജഹാ ബീഗം, റുക്സാത്ത് എന്നിവരെ കെ.ടി. ജലീല്‍ എം.എല്‍.എ തിരികെ കുടുംബത്തിലെ ത്തിച്ചത് ശ്രദ്ധേയ സംഭവമായിരുന്നു.

തിരുവനന്തപുരം വയോജന പരിപാലന കേന്ദ്രത്തില്‍ മക്കള്‍ ഉപേക്ഷിച്ച 20പേരും നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. എല്ലാവരുടെയും ചരിത്രത്തില്‍ ഒരു സമാനതയുണ്ട്, സ്വത്തുവകകള്‍ എഴുതിവാങ്ങിയ ശേഷമാണ് ഇവരെ മക്കള്‍ ഉപേക്ഷിച്ചതെന്ന് സൂപ്രണ്ട് റഷീദാ ബീഗം പറയുന്നു.  തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ രണ്ട് അമ്മമാരെ പെണ്‍മക്കള്‍ കൊണ്ടുവിട്ടതാണ്. ചെലവും അവര്‍ അഗതി മന്ദിരങ്ങളില്‍ ഏല്‍പിക്കുന്നു. ശ്രദ്ധിക്കാന്‍ സമയമില്ല എന്നാണ് ന്യായീകരണം. നടതള്ളുന്നവരെ സ്വീകരിക്കാന്‍ ഓരോ സാമൂഹിക വിഭാഗങ്ങളും ഇപ്പോള്‍ അവരുടേതായ വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയിട്ടുണ്ട്.  

ഇങ്ങനെ നടതള്ളപ്പെടുന്ന വൃദ്ധജനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ് കേരളത്തില്‍. തെരുവിലേക്ക് മാത്രമല്ല, വൃദ്ധമന്ദിരങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വലിച്ചെറിയുന്നത് മാതാപിതാക്കളെയാണെങ്കില്‍ അതിന് കേരളം സമ്മാനിച്ച ക്രിയാനാമം നടതള്ളല്‍ എ ന്നും. ഇതില്‍ സ്ഥാപനങ്ങളെ പഴിക്കാനാവില്ല, അന്നം നല്‍കുന്ന പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, അഗതിമന്ദിരങ്ങള്‍ എന്നിവ സാമൂഹികമോ ദൈവികമോ ആയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് മാത്രം.
(നാളെ: അന്നം നല്‍കുന്ന ആരാധനാലയങ്ങളിലേക്ക് നടതള്ളല്‍)

അവസരവാദികളുടെ പൊറാട്ടുനാടകം

Posted: 09 Feb 2015 05:42 PM PST

Image: 

ബിഹാറില്‍ രാഷ്ട്രീയനാടകം കൊഴുക്കുന്നു. ഇതിവൃത്തം പഴയത്; തിരക്കഥയും പഴയത്; കഥാപാത്രങ്ങളില്‍ ചിലരും പഴയവര്‍തന്നെ. എന്നാല്‍, ആവര്‍ത്തന വിരസതകാട്ടി ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തെ ബാധിച്ച ഈ രോഗത്തിന്‍െറ ഗൗരവം കുറച്ചുകാണിക്കുന്നതും ശരിയല്ല. ജനായത്തത്തിന്‍െറ അടിസ്ഥാനദൗര്‍ബല്യം വെളിപ്പെടുത്തിക്കൊണ്ടാണല്ളോ നമ്മുടെ ‘ആയാറാം-ഗയാറാം’ സംസ്കാരം സ്ഥാപനവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബിഹാറില്‍ ജിതന്‍റാം മാഞ്ചി സ്വന്തം പാര്‍ട്ടിയായ ഐക്യ ജനതാദളിനെ പിളര്‍ത്തി ബി.ജെ.പിയോട് ചേരുന്നത് മുഖ്യമന്ത്രിസ്ഥാനം ഏതുവിധേനയും നിലനിര്‍ത്താനാണ്.

അദ്ദേഹം മുഖ്യമന്ത്രിയായതും ഇത്തരമൊരു തന്ത്രത്തിലൂടെതന്നെ ^അന്നത് വിപരീത ദിശയിലായിരുന്നു എന്നതും അതിന്‍െറ മുഖ്യസൂത്രധാരന്‍ നിതീഷ്കുമാറായിരുന്നു എന്നതും മാത്രമാണ് വ്യത്യാസം. ബി.ജെ.പി വിരുദ്ധ, മതനിരപേക്ഷചേരിയുടെ ശക്തനായ നേതാവായിക്കൊണ്ടാണ് നിതീഷ് ബിഹാര്‍രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്. എന്നാല്‍, അധികാരം രുചിച്ചശേഷം അദ്ദേഹം അത് നിലനിര്‍ത്താന്‍വേണ്ടി മതനിരപേക്ഷചേരി ഉപേക്ഷിക്കുകയും ബി.ജെ.പിയുമായി കൈകോര്‍ക്കുകയും ചെയ്തു. പിന്നീട്, ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി ബന്ധം ഉപേക്ഷിച്ചതും ആശയങ്ങളുടെ പേരിലല്ല; അവക്കുപരി അധികാരരാഷ്ട്രീയത്തില്‍ കണ്ണുവെച്ചതുകൊണ്ടാണ്. ബി.ജെ.പിയുമായി ബന്ധം വിടര്‍ത്തിയപ്പോള്‍ ഐക്യജനതാദള്‍ ഭരണം നിലനിര്‍ത്തിയത് തെരഞ്ഞെടുപ്പിലെ എതിരാളികളായിരുന്ന ആര്‍.ജെ.ഡിയെ കൂട്ടുപിടിച്ചായിരുന്നു.

പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതീഷിന്‍െറ കണക്കുകള്‍ പിഴച്ചു. പരാജയത്തിന്‍െറ ഉത്തരവാദിത്തമേറ്റ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത് മാഞ്ചിയെ പകരക്കാരനായി വെച്ചുകൊണ്ടാണ്. ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്‍െറ ശ്രമത്തിന്  ഏറ്റവുംവലിയ തടസ്സവും മാഞ്ചിതന്നെ. പാര്‍ട്ടിയില്‍ തനിക്ക് ഭൂരിപക്ഷമില്ളെന്ന് ബോധ്യപ്പെട്ട മാഞ്ചി രാജിവെക്കുന്നതിനുപകരം നിയമസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, അദ്ദേഹത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ചുകൊണ്ട് സ്പീക്കര്‍ നിയമസഭാകക്ഷി നേതാവായി നിതീഷ്കുമാറിനെ അംഗീകരിച്ചിരിക്കുന്നു.
കസേരകളിയുടെ വേദി ഇനി നിയമസഭയായിരിക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് മാഞ്ചി പറയുന്നത്.

ഇനിയങ്ങോട്ടുള്ള തിരക്കഥയും കണ്ടുകണ്ട് മടുത്തതാണ്. ചാക്കുകളുമായി എം.എല്‍.എമാര്‍ക്കുവേണ്ടി വിലപേശല്‍ നടക്കും. ആദര്‍ശത്തിന്‍െറ ഭാരമില്ലാത്ത ജനപ്രതിനിധികള്‍ ഈ രഹസ്യലേലത്തില്‍ പങ്കെടുക്കുന്നതോടെ ജനങ്ങളുടെ താല്‍പര്യം ബലികഴിക്കപ്പെടും. ഇതിനിടെ, മാഞ്ചി തന്‍െറ അതിജീവനശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയും മറ്റുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബി.ജെ.പിയാകട്ടെ മാഞ്ചിയുടെ അവസരവാദം തിരിച്ചറിഞ്ഞിട്ടും പരസ്യമായി അതിനെ തള്ളിപ്പറഞ്ഞിട്ടില്ല. അവരും മുതലെടുപ്പിനുള്ള നോട്ടത്തിലാണ്. മോശപ്പെട്ട ഭരണകര്‍ത്താവെന്ന പേരാണ് ചുരുങ്ങിയ സമയംകൊണ്ട് മാഞ്ചി സമ്പാദിച്ചിട്ടുള്ളത്. അദ്ദേഹത്തെ പരസ്യമായി പിന്താങ്ങുന്നതിലെ ലാഭചേതങ്ങള്‍ നോക്കിയാവും ബി.ജെ.പി തീരുമാനമെടുക്കുക. എന്തുതന്നെയായാലും ഇക്കൊല്ലം നവംബറില്‍ ബിഹാര്‍ നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതിനാല്‍, ഒരു താല്‍ക്കാലിക ജയത്തിനപ്പുറത്തേക്കാണ് പാര്‍ട്ടികള്‍ നോട്ടമയക്കുന്നത്.

പലവട്ടം പലതരത്തില്‍ പല പാര്‍ട്ടികളും കൂറുമാറിയ ബിഹാറില്‍ തത്ത്വങ്ങളല്ല ജനങ്ങളുടെ പരിശോധനക്കത്തെുന്നത്. അവസരവാദരാഷ്ട്രീയം നേതാക്കളെയും പാര്‍ട്ടികളെയും അടക്കിഭരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ ലക്ഷ്യംനഷ്ടപ്പെട്ട രാഷ്ട്രീയത്തിന്‍െറ ബന്ദികളാകുന്നു. രാഷ്ട്രീയത്തെ തത്ത്വാധിഷ്ഠിത രീതിയിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് ഒരേയൊരു പോംവഴി. ബിഹാറില്‍ മാത്രമല്ല, മറ്റിടങ്ങളിലും അതുമാത്രമാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുക. ഒരു പരിധിവരെയെങ്കിലും അധികാരരാഷ്ട്രീയത്തെ ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെടുത്താന്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരു വീണ്ടെടുപ്പ് അസാധ്യമല്ളെന്ന് വിശ്വസിക്കാം. അതിനുവേണ്ടത് ജനായത്തത്തെ യഥാര്‍ഥത്തില്‍തന്നെ ആദരിക്കുന്ന നേതാക്കളും നേതൃത്വങ്ങളുമാണ്. ബിഹാറില്‍ ഇപ്പോള്‍ അരങ്ങേറുന്ന പ്രഹസനം, ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ ജനാധിപത്യവത്കരണത്തിന് കാരണമായാല്‍ നന്ന്.

മയക്കുമരുന്നു കേസ്: മുന്‍ വെനിസ്വേലന്‍ ജഡ്ജിക്ക് യു.എസില്‍ ശിക്ഷ ലഭിച്ചേക്കും

Posted: 09 Feb 2015 11:23 AM PST

Image: 

മിയാമി: മുന്‍ വെനിസ്വേലന്‍ പ്രസിഡന്‍റ് ഊഗോ ചാവേസിന്‍െറ സര്‍ക്കാറുമായി ബന്ധപ്പെട്ട കൊക്കെയ്ന്‍ കടത്തുകേസില്‍ മുന്‍ വെനിസ്വേലന്‍ ജഡ്ജിക്ക് പരമാവധി 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കും. പിടിച്ചുപറി, നീതിനിര്‍വഹണത്തെ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന എന്നിവയാണ് ബെന്നി പാല്‍മറി ബാച്ചിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. മിയാമി കോടതി കേസില്‍ ഇന്ന് വാദം കേള്‍ക്കും.

കൊളംബിയന്‍ കൊക്കെയ്ന്‍ വെനിസ്വേലയിലൂടെ കൊണ്ടുപോവാന്‍ മയക്കുമരുന്നു കടത്തുകാരെ സഹായിക്കുന്നതിന് ബാച്ചി മുന്‍ വെനിസ്വേലന്‍ ഇന്‍റര്‍പോള്‍ ഡയറക്ടറുമായി ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇന്‍റര്‍പോള്‍ ഡയറക്ടറും മുന്‍ വെനിസ്വേലന്‍ മിലിറ്ററി ഇന്‍റലിജന്‍സ് മേധാവിയും കുറ്റാരോപിതരില്‍ പെടുന്നു. എന്നാല്‍, ഇരുവരും വെനിസ്വേലയിലാണ്. താന്‍ സംരക്ഷിച്ചുവെന്ന് ബാച്ചി സമ്മതിച്ച മയക്കുമരുന്നു കടത്തുകാരില്‍ കൊളംബിയയുടെ നാഷനല്‍ വാലി കാര്‍ട്ടലിലെ ഉന്നതാംഗമായ മറീന്‍ സമോറയും ഉള്‍പ്പെടുന്നു. മറീന്‍ സമോറയെ 2010ല്‍ അമേരിക്കക്ക് കൈമാറുകയായിരുന്നു. 16 കൊല്ലമായി ജയില്‍ശിക്ഷ അനുഭവിച്ചുവരുകയാണ് സമോറ.

ബില്‍ബാവോക്കെതിരെ ജയം: ബാഴ്സ റയലിനരികെ

Posted: 09 Feb 2015 10:49 AM PST

Image: 

ലാ ലിഗമഡ്രിഡ്: മുന്നേറ്റ നിരയിലെ നക്ഷത്രങ്ങളെല്ലാം ഗോള്‍ കണ്ടത്തെിയ ദിനത്തില്‍ ബാഴ്സലോണക്ക് വീണ്ടും തകര്‍പ്പന്‍ വിജയം. ദുര്‍ബലരായ അത്ലറ്റികോ ബില്‍ബാവോയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത മെസ്സിയും സംഘവും ലാ ലിഗയില്‍ റയല്‍ മഡ്രിഡുമായുള്ള പോയന്‍റ് വ്യത്യാസം ഒന്നായി കുറച്ചു.

ലിവര്‍പൂളില്‍നിന്ന് ബാഴ്സയിലത്തെിയ ശേഷം ഗോള്‍ കണ്ടത്തൊന്‍ വിഷമിച്ച ലൂയി സുവാറസിന്‍േറതുള്‍പ്പെടെ ബാഴ്സക്ക് അനുകൂലമായി പിറന്ന ഓരോ ഗോളിലും സ്വന്തം സ്പര്‍ശവുമായി നിറഞ്ഞുനിന്ന മെസ്സി തന്നെയായിരുന്നു ഇന്നലെ കളിയിലെ താരം. 15ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ആദ്യ ഗോള്‍ സ്കോര്‍ ചെയ്തായിരുന്നു മെസ്സി മാജിക്കിന് തുടക്കം. ബ്രസീലിയന്‍ താരം നെയ്മര്‍, പെഡ്രോ എന്നിവര്‍ക്കും താലത്തിലെന്ന പോലെ പന്ത് എത്തിച്ചുനല്‍കിയ മെസ്സിയെ പൂട്ടാന്‍ ബില്‍ബാവോ മറന്നുപോയതുപോലെ തോന്നി. അതിനിടെ, മെസ്സിയുടെ പന്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബില്‍ബാവോ പ്രതിരോധ നിരയിലെ ഡി മാര്‍കോസിന്‍െറ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയും ചെയ്തു. അത്ലറ്റിക് ബില്‍ബാവോക്കുവേണ്ടി മൈക്കല്‍ റികോയും അഡൂറിസും ഗോള്‍ കണ്ടത്തെി. ഇതോടെ 22 കളികള്‍ പൂര്‍ത്തിയാക്കിയ ബാഴ്സലോണ53 പോയന്‍റുമായി പട്ടികയില്‍ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ഒന്നാംസ്ഥാനത്തുള്ള റയലിന് ഇത്രയും കളികളില്‍ നിന്നായി 54 പോയന്‍റുണ്ട്.

ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

Posted: 09 Feb 2015 10:46 AM PST

Image: 

അഡലെയ്ഡ്: ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. തിങ്കളാഴ്ച നടന്ന സന്നാഹ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് ശ്രീലങ്കയെയും പാകിസ്താന്‍ മൂന്നു വിക്കറ്റിന് ബംഗ്ളാദേശിനെയും തോല്‍പിച്ചു.

വിഭാഗീയത അവസാനിച്ചു; സംഘടനാ ദൗര്‍ബല്യം നിലനില്‍ക്കുന്നു –സി.പി.എം

Posted: 09 Feb 2015 10:44 AM PST

Image: 

തിരുവനന്തപുരം: പാര്‍ട്ടിയെ ഗ്രസിച്ച വിഭാഗീയതക്ക് തിരശ്ശീല ഇട്ട സി.പി.എം സംസ്ഥാന നേതൃത്വം സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതില്‍ ശ്രദ്ധ ഊന്നുന്നു.  സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയാറാക്കിയ കരട് പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്ന സംഘടനാ ദൗര്‍ബല്യത്തിലേക്ക് വിരല്‍ചൂണ്ടുന്നത്.  അതേസമയം,  വി.എസ്. അച്യുതാനന്ദന്‍െറ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നതടക്കമുള്ള രൂക്ഷ വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
പാര്‍ട്ടി അഭിമുഖീകരിച്ച വിഭാഗീയത പൂര്‍ണമായി അവസാനിച്ചുകഴിഞ്ഞു. എന്നാല്‍, മുകള്‍ത്തട്ട് മുതല്‍ കീഴ് ഘടകം വരെ സംഘടനാ ദൗര്‍ബല്യമാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാന സമിതിക്കുതന്നെ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല. ഒപ്പം വര്‍ഗബഹുജന സംഘടനാ ഫ്രാക്ഷനുകളുടെ പ്രവര്‍ത്തനത്തില്‍ മുന്നേറ്റം ഉണ്ടാകുന്നില്ല. പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും മുന്നേറ്റത്തെ പിറകോട്ട് അടിപ്പിക്കുന്നതാണ് സംഘടനാ ദൗര്‍ബല്യം. വിഭാഗീയത അവസാനിച്ചപ്പോള്‍ ചില ജില്ലകളില്‍ നിലനില്‍ക്കുന്നത് വ്യക്തികേന്ദ്രീകൃതമായ പ്രശ്നങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പിണറായി വിജയനെ എസ്.എ. ഡാങ്കെയോട് ഉപമിച്ചത്, ടി.പി വധത്തിലെ നിലപാട്, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിനം കെ.കെ. രമയെ സന്ദര്‍ശിച്ചത് അടക്കമുള്ള അച്ചടക്കലംഘനം എടുത്തുപറഞ്ഞ് രൂക്ഷമായാണ് വി.എസിനെ വിമര്‍ശിക്കുന്നത്. പാര്‍ട്ടിയെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രതിരോധത്തിലേക്ക് തള്ളിയിടുന്ന നിലപാടാണ് വി.എസ് സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയ് ജയ് ജെയ്ഷ

Posted: 09 Feb 2015 05:57 AM PST

Image: 

തിരുവനന്തപുരം: വയനാടന്‍ ചുരമിറങ്ങിവന്ന പെണ്‍പുലിയുടെ കുതിപ്പില്‍ ദേശീയ ഗെയിംസിന്‍െറ അത്ലറ്റിക്സിന്‍െറ ആദ്യദിനം കേരളത്തിന് ശുഭാരംഭം. വനിതകളുടെ 5000 മീറ്ററില്‍ നിലവിലെ ജേത്രിയായ മഹാരാഷ്ട്രയുടെ കവിത റൗത്തിനെയും ലളിത ബബ്ബാറിനെയും പിന്തള്ളിയുള്ള ജെയ്ഷയുടെ ഓട്ടത്തിനിടെ ഗെയിംസ് റെക്കോഡും മാഞ്ഞുപോയി.

കേരള യൂനിവേഴ്സിറ്റി ട്രാക്കില്‍ 15 മിനിറ്റ് 31.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വയനാട് തൃശ്ശിലേരി ജയാലയത്തിലെ ജെയ്ഷ ജയഭേരി മുഴക്കിയത്. കവിത റൗത്ത് 2001ല്‍ കുറിച്ച 15 മിനിറ്റ് 54.26 സെക്കന്‍ഡാണ് ഇല്ലാതായത്. നിലവിലെ വെള്ളിമെഡല്‍ ജേത്രിയായ കേരള ടീം ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍ നാലാമതും യുവതാരം പി.യു. ചിത്ര അഞ്ചാമതും ഓട്ടംപൂര്‍ത്തിയാക്കി. വനിതകളുടെ ഹൈജംപില്‍ കര്‍ണാടകയുടെ സഹന കുമാരി 1.80 മീറ്റര്‍ ചാടി ഹാട്രിക് സ്വര്‍ണം നേടി. ഈയിനത്തില്‍ കേരളത്തിന്‍െറ സ്റ്റെനി മൈക്ക്ള്‍ നാലാമതായി. പുരുഷന്മാരുടെ 5000 മീറ്ററില്‍ സര്‍വിസസിന്‍െറ ജി. ലക്ഷ്മണ്‍ അനായാസം സ്വര്‍ണം ഓടിയെടുത്തു.
വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്‍െറ അനുരാഘവനും അനു മറിയം ജോസും അനില്‍ഡ തോമസും ഫൈനലിലേക്ക് കുതിച്ചു. പുരുഷന്മാരില്‍ കേരളത്തിന്‍െറ ബിബിന്‍ മാത്യുവും സി.എം. അജിത്തും സെമിയിലത്തെി. എന്നാല്‍ സര്‍വിസസിന്‍െറ മലയാളി താരം പി. കുഞ്ഞുമുഹമ്മദ്  സെമി കാണാതെ പുറത്തായി. ഡെക്കാത്തലണില്‍ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന്‍െറ വി.വി. രജനീഷ് രണ്ടാം സ്ഥാനത്തുണ്ട്. ഡെക്കാത്തലണ്‍ ഇന്ന് പൂര്‍ത്തിയാവും. അതേസമയം, കേരളത്തിന്‍െറ രഞ്ജിത് മഹേശ്വരി ലോങ്ജംപില്‍ ഒരു ചാട്ടംചാടി അകാരണമായി പിന്മാറി മറ്റൊരു താരത്തിന്‍െറ അവസരം ഇല്ലാതാക്കി.

രണ്ടാം ദിനമായ ഇന്ന് വനിതകളുടെ 400 മീറ്ററിലും ഷോട്ട്പുട്ടിലും പുരുഷന്മാരുടെ ലോങ്ജംപിലും ഷോട്ട്പുട്ടിലും ഫൈനല്‍ അരങ്ങേറും. പുരുഷന്മാരുടെ ലോങ്ജംപില്‍ കേരളത്തിന്‍െറ വൈ. മുഹമ്മദ് അനീസും ഹരികൃഷ്ണനും ഫൈനലില്‍ അങ്കം കുറിക്കും. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കേരളത്തിന്‍െറ രാഹുല്‍ രതീഷും വി.പി. ആല്‍ഫിനും മത്സരിക്കും. ഹരിയാനയുടെ ഓംപ്രകാശടക്കമുള്ള വമ്പന്മാര്‍ ഇയിനത്തില്‍ മെഡല്‍ ലക്ഷ്യമിട്ട് ഫീല്‍ഡിലിറങ്ങും.

മിന്നിത്തിളങ്ങി ജെയ്ഷ
കഴിഞ്ഞ വര്‍ഷം പഞ്ചാബിനായി മത്സരിച്ച ജെയ്ഷ സ്വന്തം നാടിനുവേണ്ടി സ്പൈക്കണിഞ്ഞപ്പോള്‍ എതിരാളികളായുണ്ടായിരുന്നത് വമ്പന്‍ താരങ്ങള്‍. ലളിത ബബ്ബാറും കവിത റൗത്തും പ്രീജ ശ്രീധരനുമുള്‍പ്പെടുന്ന മിടുക്കികള്‍ അണിനിരന്ന പോരാട്ടം. കഴിഞ്ഞ തവണ റാഞ്ചിയില്‍ കവിതക്കും പ്രീജക്കും പിന്നില്‍ ജെയ്ഷ മൂന്നാമതായിരുന്നു. എന്നാല്‍ കേരള യൂനിവേഴ്സിറ്റി ട്രാക്കില്‍ വെടിമുഴങ്ങിയതു മുതല്‍ വയനാട്ടുകാരിയുടെ കുതിപ്പായിരുന്നു. തുടക്കത്തില്‍ പ്രീജ തൊട്ടുപിന്നിലുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ലാപ്പോടെ കേരള ക്യാപ്റ്റന്‍െറ കാലുകള്‍ക്ക് വേഗം കുറഞ്ഞു. പിന്നീട് ജെയ്ഷയും മഹാരാഷ്ട്ര താരങ്ങളായ ലളിതയും സ്വാതി ജദാവെയും തമ്മിലായി അങ്കം. അപകടകാരിയായ ലളിതയെ ഒരുഘട്ടത്തിലും ജെയ്ഷ കുതിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ നൂറു മീറ്റര്‍ വ്യത്യാസത്തില്‍ ജെയ്ഷ ജയത്തിലത്തെുമ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം കൈയടിച്ച് അഭിനന്ദിച്ചു. വെള്ളി നേടിയ മഹാരാഷ്ട്രയുടെ ലളിത ബബ്ബാറും നിലവിലെ റെക്കോഡ് സമയം മറികടന്നു.( 15 മിനിറ്റ് 46.73 സെക്കന്‍ഡ്). നാലാമതായ പ്രീജ 16 മിനിറ്റ് 59.99 സെക്കന്‍ഡിലും അഞ്ചാമതായ പി.യു ചിത്ര 17 മിനിറ്റ് 26.31 സെക്കന്‍ഡിലുമാണ് അവസാനവര കടന്നത്.

പുരുഷന്മാരില്‍ സര്‍വിസസിന്‍െറ ജി. ലക്ഷ്മണ്‍ 13 മിനിറ്റ് 50. 05 സെക്കന്‍ഡോടെയാണ് സ്വര്‍ണം നേടിയത്. മഹാരാഷ്ട്രയുടെ യൂനുസ് മുഹമ്മദ് (14 മിനിറ്റ് 13.56 സെക്കന്‍ഡ്) വെള്ളിയും സര്‍വിസസിന്‍െറ മാന്‍ സിങ് വെങ്കലവും നേടി. കേരളത്തിന്‍െറ ഷിജോ രാജന്‍ 16ാം സ്ഥാനത്തായി.

 സ്റ്റെനിക്ക് നിര്‍ഭാഗ്യം
വനിതാ ഹൈജംപില്‍ ദേശീയ റെക്കോഡ് താരം സഹന കുമാരി അനായാസമാണ് സ്വര്‍ണം ചാടിയെടുത്തത്.
1.80 മീറ്റര്‍ ചാടിയാണ് കര്‍ണാടക താരം ഉറച്ച സ്വര്‍ണം നേടിയെടുത്തത്.  ഈയിനത്തില്‍ പശ്ചിമ ബംഗാളിന്‍െറ സ്വപ്ന ബര്‍മന്‍ വെള്ളിയും മധ്യപ്രദേശിന്‍െറ മല്ലിക മൊണ്ഡല്‍ വെങ്കലവും നേടി. 1.67  മീറ്ററാണ് ഇരുവരും താണ്ടിയത്.
ഇതേ ഉയരം മറികടന്നെങ്കിലും കേരളത്തിന്‍െറ യുവതാരം സ്റ്റെനി മൈക്ക്ളിന് നാലാം സ്ഥാനമേയുള്ളൂ. തുടക്കം മുതല്‍ മികച്ചുനിന്ന സ്റ്റെനിക്ക് ആകെ പിഴവുകളുടെ എണ്ണം കൂടിയതാണ് വിനയായത്. ഹൈജംപ് ബാര്‍ സ്ഥാപിച്ചതിലെ പിഴവ് ചുണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് മത്സരത്തിന്‍െറ  അന്ത്യഘട്ടത്തില്‍ സ്റ്റെനി ഒഫിഷ്യലുകള്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് 1.67  മീറ്റര്‍ പിന്നിട്ടെങ്കിലും ആകെ പിഴവുകള്‍ കൂടുതലായതിനാല്‍ നാലാം സ്ഥാനത്തേക്കേ പരിഗണിച്ചുള്ളൂ. തുടര്‍ന്ന് കേരള ടീം അപ്പീല്‍ നല്‍കാനൊരുങ്ങിയെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടതിനാല്‍ അപ്പീല്‍ നീക്കത്തില്‍നിന്ന് പിന്മാറി.

എക്സിറ്റ്പോള്‍: ഓഹരിവിപണിയില്‍ തകര്‍ച്ച

Posted: 09 Feb 2015 03:52 AM PST

Image: 

മുംബൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതോടെ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ദേശീയ ഓഹരി സൂചികയായി നിഫ്റ്റി 134.70 പോയന്‍റ് നഷ്ടത്തില്‍ 8526.35ലും സെന്‍സെക്സ് 490.52 പോയന്‍റ് താഴ്ന്ന് 28227.39തിലും ഇടപാടുകള്‍ അവസാനിപ്പിച്ചു.

പ്രമുഖ ഏജന്‍സികള്‍ നടത്തിയ അഞ്ചു പ്രവചനങ്ങളില്‍ അനുസരിച്ച് ആപ് 41സീറ്റും ബി.ജെ.പി 27ഉം കോണ്‍ഗ്രസ് 2ഉം സീറ്റുകള്‍ നേടുമെന്നാണ്. ഇതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP