സ്വാഗതം
WELCOME

News Update..

Friday, February 27, 2015

കരിമണല്‍ സാന്നിധ്യം കണ്ടത്തെിയിട്ടും സ്വകാര്യ കമ്പനിക്ക് ഖനനം ഉറപ്പാക്കാന്‍ അണിയറനീക്കം തകൃതി Madhyamam News Feeds

കരിമണല്‍ സാന്നിധ്യം കണ്ടത്തെിയിട്ടും സ്വകാര്യ കമ്പനിക്ക് ഖനനം ഉറപ്പാക്കാന്‍ അണിയറനീക്കം തകൃതി Madhyamam News Feeds

Link to

കരിമണല്‍ സാന്നിധ്യം കണ്ടത്തെിയിട്ടും സ്വകാര്യ കമ്പനിക്ക് ഖനനം ഉറപ്പാക്കാന്‍ അണിയറനീക്കം തകൃതി

Posted: 27 Feb 2015 12:42 AM PST

കായംകുളം: കായംകുളം കായലിലെ കരിമണല്‍ സാന്നിധ്യം പഠനത്തിലൂടെ കണ്ടത്തെിയിട്ടും സ്വകാര്യ കമ്പനിക്ക് ഖനനം ഉറപ്പാക്കാന്‍ അണിയറനീക്കം തകൃതി. ജിയോളജി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും മറികടന്ന് ഖനനം സ്വകാര്യ കമ്പനിക്കുതന്നെ കൈമാറാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യമെന്നാണ് ആരോപണം.
ടൂറിസം വികസനം ലക്ഷ്യമാക്കിയും വള്ളംകളിക്ക് ട്രാക്ക് ഒരുക്കുന്നതിനുമാണ് ഡി.ടി.പി.സി അമിനിറ്റി സെന്‍റര്‍ ഭാഗം മുതല്‍ പൊഴിമുഖം വരെ ഖനനം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് കമ്പനിയാണ് 4.5 കോടിയോളം രൂപ കെട്ടിവെച്ച് കായംകുളം കായലിലെ ഖനനത്തിനുള്ള കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഖനനം ചെയ്യുന്ന മണ്ണ് ജിയോളജി വകുപ്പിന്‍െറ പരിശോധനകള്‍ക്കുശേഷം അളന്ന് തിട്ടപ്പെടുത്തി കരാര്‍കമ്പനിക്ക് സ്വന്തമാക്കാം. എന്നാല്‍, കായലില്‍ ധാതുനിക്ഷേപത്തിന്‍െറ അളവ് കൂടുതലുള്ളതിനാല്‍ സ്വകാര്യ മേഖലക്ക് ഖനനാനുമതി നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.പി. ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ ഖനനം തടഞ്ഞതോടെയാണ് സംഭവം വിവാദമായത്.
ഇതോടെ കലക്ടറുടെ ചേംബറില്‍ എം.പി -എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ വിശദമായ പഠനത്തിനുശേഷം ഖനനംചെയ്താല്‍ മതിയെന്ന നിര്‍ദേശമുണ്ടായി.
ഇതനുസരിച്ച് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ കായലില്‍ കരിമണലിന്‍െറ സാന്നിധ്യം കൂടുതലാണെന്നാണ് കണ്ടത്തെിയതെന്ന് അറിയുന്നു. ഈ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയതായും സൂചനയുണ്ട്. ധാതുക്കളുടെ സാന്നിധ്യം വേര്‍തിരിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തിന് ചുമതല കൈമാറണമെന്നാണ് ജിയോളജി വകുപ്പിന്‍െറ നിര്‍ദേശമത്രേ.
എന്നാല്‍, ഈ റിപ്പോര്‍ട്ടും മറച്ചുവെച്ച് സ്വകാര്യ സ്ഥാപനത്തിനുതന്നെ കരാര്‍ ഉറപ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ആറാട്ടുപുഴ തീരത്തെ കരിമണല്‍ സ്വന്തമാക്കാന്‍ നീക്കം നടത്തിയ സ്വകാര്യ കരിമണല്‍ ലോബിയാണ് കരാറിനായി സമ്മര്‍ദം ചെലുത്തുന്നതത്രേ.
ഈ കമ്പനിയുടെ ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും നീക്കത്തിന് പിന്നിലുണ്ടെന്ന് പറയുന്നു.
കായംകുളം കായലില്‍നിന്ന് മൂന്ന് ലക്ഷത്തോളം ക്യുബിക് ഫീറ്റ് മണ്ണ് ഖനനം ചെയ്യാനാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുള്ളത്. ഐ.ആര്‍.ഇ 2010ല്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണെങ്കില്‍ ഇതിന് ഏകദേശം 1000 കോടിയോളം രൂപ വിലവരുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, എക്കല്‍ മണ്ണ് എന്ന നിലയിലാണ് 4.5 കോടിയോളം രൂപ ഈടാക്കി മണ്ണ് ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കായലില്‍ കരിമണല്‍ നിക്ഷേപം ഉള്ളതിനാല്‍ ഒരു കാരണവശാലും സ്വകാര്യ കമ്പനിക്ക് ഖനന ചുമതല നല്‍കരുതെന്ന് കാണിച്ച് ജിയോളജി വകുപ്പില്‍നിന്ന് നല്‍കിയ നിര്‍ദേശം മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കായലിലെ ധാതുസമ്പത്ത് ഖനനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് ഐ.ആര്‍.ഇ നല്‍കിയ കത്തും അധികൃതര്‍ അവഗണിച്ചതിന് പിന്നിലും സ്വകാര്യ താല്‍പര്യങ്ങളായിരുന്നുവെന്നാണ് ആരോപണം.

വളര്‍ച്ചാ നിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക സര്‍വേ

Posted: 26 Feb 2015 11:35 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ  പൊതുസാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്ത് വെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം (2015-16)  8 ശതമാനത്തിന് മുകളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും പറയുന്നു. ധനക്കമ്മി കുറക്കാന്‍ ചെലവ് ചുരുക്കണമെന്നും സാമ്പത്തിക സര്‍വെ നിര്‍ദേശിക്കുന്നു.

സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത് കാരണം പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആറ് ശതമാനമായിരുന്ന പണപ്പെരുപ്പം  3.4 ശതമാനമായി കുറഞ്ഞു. എണ്ണ വില കുറഞ്ഞതും പണപ്പെരുപ്പം കുറയാന്‍ കാരണമായി.

പെയ്മെന്‍റ് സീറ്റ് വിവാദം: ഉത്തരവാദിത്തം പാര്‍ട്ടിക്കെന്ന് സി.ദിവാകരന്‍

Posted: 26 Feb 2015 11:00 PM PST

Image: 

കോട്ടയം: പെയ്മെന്‍റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന് സി.പി.ഐ നേതാവ് സി.ദിവാകരന്‍. തിരുവനന്തപുരം സീറ്റിലെ സ്ഥാനാര്‍ഥിയെ ദേശീയ നേതൃത്വം അറിഞ്ഞാണ് തീരുമാനിച്ചത്. താന്‍ ഒറ്റയ്ക്കെടുത്ത തീരുമാനമല്ളെന്നും കൂട്ടുത്തരവാദിത്തത്തില്‍ ഒരു പങ്ക് മാത്രമേ തനിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിക്കായി മത്സരം നടക്കുമെന്ന ചര്‍ച്ചകള്‍ അഭിലഷണീയമല്ളെന്നും പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നതെന്നും സി.ദിവാകരന്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ നിയമം ദേശീയ സുരക്ഷക്ക് ഭീഷണി^ ജെയ്റ്റ്ലി

Posted: 26 Feb 2015 10:32 PM PST

Image: 

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം വിനാശകരവും ദേശീയ സുരക്ഷക്ക് ഭീഷണിയുമായിരുന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യയില്‍ വരാന്‍ പോകുന്ന സുപ്രധാന പ്രതിരോധ പദ്ധതികളെ കുറിച്ച് പാകിസ്താന് വിവരം ലഭിക്കുന്ന തരത്തിലായിരുന്ന നിയമം നിര്‍മിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. യു.പി.എ സര്‍ക്കാറിന്‍േറത് വികലമായ നിയമമായിരുന്നു. ഭുമി ഏറ്റെടുക്കല്‍ നിയമത്തിന്‍െറ വ്യവസ്ഥകളില്‍ നിന്ന് പ്രതിരോധ പദ്ധതികള്‍ക്ക് ഇളവ് നല്‍കേണ്ടതായിരുന്നെന്നും ജെയ്റ്റ്ലി പറഞ്ഞു.

പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കണമെങ്കില്‍ സാമൂഹിക ആഘാത പഠനം നടത്തുകയും 70 ശതമാനം ഭൂവുടമകളുടെ അനുമതി ലഭിക്കുകയും വേണമെന്ന് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.  ഇങ്ങനെയാണെങ്കില്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. അത് പാകിസ്താന് ലഭിക്കും. ഈ നിയമം തിരുത്തുകയാണ്  നിലവിലെ സര്‍ക്കാര്‍ ചെയ്തതെന്നും ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി, കുംഭകോണം എന്നിവ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് മാധ്യമങ്ങളിലെ സ്ഥിരം വാക്കുകളായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമാണെന്നത് കുപ്രചാരണമാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
 

റെയില്‍വേ ബജറ്റ്: അത്യുത്തര കേരളത്തിന് നിരാശ മാത്രം

Posted: 26 Feb 2015 10:08 PM PST

കാസര്‍കോട്: പ്രതീക്ഷയര്‍പ്പിക്കാവുന്ന പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത റെയില്‍വേ ബജറ്റ് അത്യുത്തര കേരളത്തിന് സമ്മാനിച്ചത് കടുത്ത നിരാശ മാത്രം. പുതിയ വണ്ടികള്‍ അനുവദിക്കാനോ നിലവിലുള്ളവയുടെ സര്‍വീസ് നീട്ടാനോ നിര്‍ദേശങ്ങളില്ലാത്തത് വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ പതിറ്റാണ്ടുകളായി സഹിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് അടുത്തൊന്നും അറുതിയുണ്ടാവില്ല എന്ന ദു$സൂചനയാണ് നല്‍കുന്നത്.
ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയെക്കുറിച്ചും പരാമര്‍ശങ്ങളൊന്നുമുണ്ടായില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പരശുരാം എക്സ്പ്രസിന് ശേഷം കോട്ടയം വഴി ട്രെയിന്‍ അനുവദിക്കണമെന്നും രാത്രി എട്ടിന് ശേഷം എറണാകുളം വരെ ട്രെയിന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇതു സംബന്ധിച്ച ശിപാര്‍ശ റെയില്‍വേ ഡിവിഷനല്‍ മാനേജറുടെ ഓഫിസിലെ ഫയലിലാണ്.
കോഴിക്കോട് -മംഗളൂരു പാതയിരട്ടിപ്പിക്കലിന് 4.2 കോടി രൂപയനുവദിച്ചതാണ് റെയില്‍വേയുടെ ഭൂപടത്തില്‍ ഈ മേഖല ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന ഏക പ്രഖ്യാപനം.
ഷൊര്‍ണൂര്‍ വഴിയുള്ള കണ്ണൂര്‍ -യശ്വന്ത്പൂര്‍ എക്സ്പ്രസ്, എറണാകുളം -കണ്ണൂര്‍ ഇന്‍റര്‍സിറ്റി എന്നിവ മംഗളൂരുവിലേക്ക് നീട്ടണമെന്നും പുതുതായി സര്‍വീസ് ആരംഭിച്ച കാസര്‍കോട് -ബൈന്തൂര്‍ പാസഞ്ചര്‍ കണ്ണൂരിലേക്ക് നീട്ടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. സമയ നിര്‍ണയത്തിലെ അപാകത കാരണം ഈ വണ്ടിയില്‍ യാത്രക്കാരില്ലാത്ത അവസ്ഥയുണ്ട്. കോഴിക്കോട് -കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോട്ടേക്ക് നീട്ടുമെന്ന മുന്‍ റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിന്‍െറ പ്രഖ്യാപനം അധികൃതര്‍ മറന്ന മട്ടാണ്.
വേണ്ടത്ര പകല്‍ വണ്ടികളില്ലാത്തതാണ് ഈ പ്രദേശത്തുകാര്‍ നേരിടുന്ന പ്രധാന പ്രശ്നം. രാവിലെ പരശുറാം എക്സ്പ്രസ് പോയാല്‍ കോട്ടയം റൂട്ടിലൂടെ പോകുന്ന വണ്ടികിട്ടാന്‍ ഒമ്പത് മണിക്കൂര്‍ കാത്തിരിക്കണം. രാത്രി മലബാര്‍ എക്സ്പ്രസിന് ശേഷവും ഈ ഭാഗത്തേക്കുള്ള വണ്ടികള്‍ക്ക് മണിക്കൂറുകളുടെ ഇടവേളയുണ്ട്. കോടികള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ യാഥാര്‍ഥ്യമായ മംഗളൂരു-ഹാസന്‍ -¥ൈമസൂരു-ബംഗളൂരു പാത പ്രധാനമായും ചരക്ക് കടത്തിന് മാത്രമാണിപ്പോള്‍ ഉപയോഗിക്കുന്നത്. ഈ റൂട്ടില്‍ പകല്‍ നേരത്ത് കൂടുതല്‍ വണ്ടികള്‍ അനുവദിച്ചാല്‍ മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് പോകേണ്ട ഉത്തരമലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. എന്നാല്‍, സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഈ റൂട്ടില്‍ കൂടുതല്‍ യാത്രാവണ്ടികള്‍ അനുവദിക്കാത്തതെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പരാതികളും പലപ്പോഴായി റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.

കശ്മീര്‍ സര്‍ക്കാര്‍: സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുക്കും

Posted: 26 Feb 2015 10:07 PM PST

Image: 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്കായി നിയുക്ത മുഖ്യമന്ത്രിയും പി.ഡി.പി രക്ഷാധികാരിയുമായ മുഫ്തി മുഹമ്മദ് സഈദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് മുഫ്തി അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്   ക്ഷണിക്കുന്നതിനും മറ്റു ചര്‍ച്ചകള്‍ക്കും വേണ്ടിയാണ് മോദിയുമായി  കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വ്യാഴാഴ്ച വൈകിട്ടാണ് മുഫ്തി ഡല്‍ഹിയിലത്തെിയത്.

ഞായറാഴ്ചയാണ് മുഫ്തി മുഹമ്മദ് സഈദിന്‍റെ നേതൃത്വത്തില്‍ പി.ഡി.പിബി.ജെ.പി 25 അംഗ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. സഖ്യ ധാരണപ്രകാരം ബി.ജെ.പിയുടെ നിര്‍മ്മല്‍ സിങ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചക്കരക്കല്ലില്‍ സംഘര്‍ഷത്തിന് അയവ്

Posted: 26 Feb 2015 10:04 PM PST

ചക്കരക്കല്ല്: ചക്കരക്കല്ലില്‍ രണ്ടു ദിവസമായി തുടരുന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിന് അയവ്. സ്ഥലത്ത് ശക്തമായ പൊലീസ് കാവലേര്‍പ്പെടുത്തി. പ്രദേശത്ത് 10 ദിവസത്തെ നിരോധാജ്ഞ തുടരുകയാണ്.
ഇതിനിടെ ഇരു വിഭാഗം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റ സംഭവവുമായി ബന്ധപെട്ട് 28 പേര്‍ക്കെതിരെ വധശ്രമത്തിന് ചക്കരക്കല്ല് പൊലീസ് കേസെടുത്തു. 15 സി.പി.എം പ്രവര്‍ത്തകര്‍ക്കും 13 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്. കണ്ണുര്‍ ഡിവൈ.എസ്.പി സന്തോഷ്, കണ്ണൂര്‍ സിറ്റി സി.ഐ ഷാജി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
ജനുവരി 27ഓടെയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. കോഴ വിവാദത്തില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ചോരക്കുളത്താണ് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനു തുടക്കം. ഇതിനിടെ അറസ്റ്റു ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവ് സുനീഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ കെ.കെ. നാരായണന്‍ എം.എല്‍.എ, എം.വി. ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചക്കരക്കല്ല് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതില്‍ സ്റ്റേഷനില്‍ അക്രമം നടത്തിയ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ടൗണില്‍ നടത്തിയ പ്രകടനത്തിനിടെ സി.പി.എം സ്ഥാപിച്ച കൊടിമരം പിഴുതുമാറ്റിയിരുന്നു.
തുടര്‍ന്ന് അടുത്തടുത്ത ദിവസങ്ങളിലായി ചെമ്പിലോടും മുഴപ്പാലയിലും പുറത്തേക്കാട്ടിലും സി.പി.എം ഓഫിസുകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും തീയിട്ടുനശിപ്പിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം മൂര്‍ധന്യതയിലത്തെിയത്. തുടര്‍ന്ന് ചക്കരക്കല്ല് ടൗണിലെ ആര്‍.എസ്.എസ് കാര്യാലയം ഒരുസംഘം അടിച്ചുതകര്‍ത്തു.
തുടര്‍ന്ന് ടൗണിലെ നായനാര്‍ സ്മാരക മന്ദിരവും സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫിസും ആര്‍.എസ്.എസ് അക്രമിസംഘം അടിച്ചുതകര്‍ത്ത് തീയിട്ടു. ഇതിനിടെ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ബി.ജെ.പി പ്രവര്‍ത്തകനും വെട്ടേല്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് നടന്ന ഹര്‍ത്താല്‍ ജനജീവിതം ദുരിതമാക്കി. ബുധനാഴ്ചത്തെ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ജനത്തെ കുറച്ചൊന്നുമല്ല വലച്ചത്.
നേരത്തേ ആര്‍.എസ്.എസ് കാര്യാലയം, മുഴപ്പാല സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് എന്നിവ തകര്‍ക്കപ്പെട്ടപ്പോഴും രണ്ടുദിവസം തുടര്‍ച്ചയായി ഹര്‍ത്താലായിരുന്നു. ബുധനാഴ്ച നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി, ചേലോറ എന്നീ പഞ്ചായത്തുകളില്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

പൊലീസ് തലപ്പത്ത് ‘ശനിദശ’

Posted: 26 Feb 2015 09:53 PM PST

പത്തനംതിട്ട: അഴിമതിയാരോപണക്കുരുക്കില്‍ രാഹുല്‍ ആര്‍. നായര്‍ക്ക് പിന്നാലെ ജേക്കബ് ജോബും പെട്ടത് ജില്ലയിലെ പൊലീസ് തലപ്പത്ത് ആരും വാഴാത്ത അവസ്ഥയാകുന്നു.
പത്തനംതിട്ട കോയിപ്രത്ത് ക്വാറി ഉടമയില്‍നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ ത്തുടര്‍ന്നായിരുന്നു എസ്.പി ആയിരുന്ന രാഹുല്‍ ആര്‍. നായരെ ഇവിടെനിന്ന് മാറ്റുകയും പിന്നീട് അന്വേഷണ വിധേയമായി സസ്പെന്‍ഷനും ഉണ്ടായത്. മാസങ്ങള്‍ക്കു ശേഷം മറ്റൊരു ജില്ലാ പൊലീസ് മേധാവിയെകൂടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമുമായി അന്ന് സിറ്റി പൊലീസ് കമീഷണറുടെ ചുമതല വഹിച്ചിരുന്ന ജേക്കബ് ജോബ് നടത്തിയ രഹസ്യ ചര്‍ച്ച പൊലീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടതിനത്തെുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ജേക്കബ് ജോബിനെ സസ്പെന്‍റഡ് ചെയ്തത്. കഴിഞ്ഞ 19നാണ് ജേക്കബ് ജോബ് തൃശൂരില്‍നിന്ന് പത്തനംതിട്ടയില്‍ എത്തി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്. ഒരാഴ്ച തികയും മുമ്പ് സസ്പെന്‍ഷനും വാങ്ങി. ജില്ലാ പൊലീസ് മേധാവിയായ ഡോ. എ. ശ്രീനിവാസിനെ കാസര്‍കോട്ടേക്ക് മാറ്റിയ ഒഴിവിലായിരുന്നു ജേക്കബ് ജോബിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയായ ജേക്കബ് ജോബ് പത്തനംതിട്ടയില്‍ മുമ്പ് നര്‍ക്കോട്ടിക് സെല്‍, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി, തിരുവല്ല സി.ഐ എന്നീ നിലകളില്‍ ജോലിചെയ്തിരുന്നു. 2011ല്‍ മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള രാഷ്ട്രീയപതിയുടെ മെഡല്‍ ലഭിച്ച വ്യക്തികൂടിയാണ് ജേക്കബ് ജോബ്.
വിവാദ വ്യവസായി നിസാമിനെ താന്‍ രണ്ടുതവണ കണ്ടിരുന്നതായി ജേക്കബ് ജോബ് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദിച്ചറിയാനാണ് കേസിന്‍െറ മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ നിസാമിനെ കണ്ടതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഒരു തവണ അന്വേഷണ ഉദ്യോഗസ്ഥരെ ഒഴിവാക്കിയും കണ്ടിരുന്നു. നിസാമിനെ അന്വേഷണത്തിന് ബംഗളൂരുവില്‍ കൊണ്ടുപോയപ്പോള്‍ സുഖവാസത്തിന് അവസരം ഒരുക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കേസില്‍ താന്‍ സത്യസന്ധമായാണ് ഇടപെട്ടതെന്നാണ് ജേക്കബ് ജോബ് പത്തനംതിട്ടയില്‍ പറഞ്ഞത്.
ചില ഉദ്യോഗസ്ഥര്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചതായി ഇദ്ദേഹം ആരോപിച്ചിരുന്നു. നിസാമിനെ ചോദ്യം ചെയ്തതില്‍നിന്ന് ഇയാളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയുംപറ്റിയുള്ള വിവരങ്ങളും അറിയാമെന്നും സൂചന നല്‍കിയിരുന്നു. നിസാമിന്‍െറ പക്കല്‍നിന്ന് പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞു. ചന്ദ്രബോസിന് ബോധം വരുമ്പോള്‍ മൊഴിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നതായും ജേക്കബ് ജോബ് പറയുന്നുണ്ട്.
നിസാമിന്‍െറ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കേണ്ടതിന്‍െറ തലേദിവസമാണ് ജേക്കബ് ജോബ് അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ ഒഴിവാക്കി കമീഷണര്‍ ഓഫിസില്‍ പ്രതിയുമായി കൂടിക്കാഴ്ച ഒരുക്കിയതെന്നാണ് ആരോപണം ഉയര്‍ന്നത്.
ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയതായും ആരോപണമുണ്ട്. ഈ കൂടിക്കാഴ്ചയില്‍ നിസാം ചില ആവശ്യങ്ങള്‍ മുന്നോട്ടവെച്ചതായും പറയുന്നു. തോക്ക് സംബന്ധിച്ച അന്വേഷണം മരവിപ്പിക്കുക, ഭാര്യയെ കേസില്‍നിന്ന് ഒഴിവാക്കല്‍ എന്നിവയൊക്കെ ആവശ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായും ആരോപണമുണ്ട്. എന്തായാലും പിന്നീട് അന്വേഷണത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചതായും പറയുന്നു. ഇതേതുടര്‍ന്ന് പെട്ടെന്നാണ് ജേക്കബ് ജോബിനെ തൃശൂരില്‍നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റുന്നത്.
അന്വേഷണത്തിന്‍െറ ഭാഗമായി ജേക്കബ് ജോബിനെ ഐ.ജി വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു.കോയിപ്രത്തുള്ള ക്രഷര്‍ ഉടമയില്‍നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങിയെന്ന വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണത്തിന്മേലാണ് എസ്.പിയായിരുന്ന രാഹുല്‍ ആര്‍. നായരെ സസ്പെന്‍ഡ് ചെയ്തത്. കേരള പൊലീസിന്‍െറ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു എസ്.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍ കോഴക്കേസില്‍ നടപടി നേരിട്ടത്.
അടച്ചുപൂട്ടിയ ക്വാറി തുറക്കാന്‍ രാഹുല്‍ ആര്‍. നായര്‍ 17 ലക്ഷം രൂപ വാങ്ങിയെന്ന റിപ്പോര്‍ട്ട് വന്നയുടന്‍ എസ്.പിയായിരുന്ന രാഹുലിനെ സ്ഥലം മാറ്റുകയും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തില്‍ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

എല്‍.ഡി.എഫ് പോരാട്ടങ്ങളില്‍ വി.എസ് മുന്‍നിരയിലുണ്ടാകും –പന്ന്യന്‍

Posted: 26 Feb 2015 09:50 PM PST

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വരാന്‍ പോകുന്ന പോരാട്ടങ്ങളില്‍ വി.എസ്. അച്യുതാനന്ദന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ സംസ്ഥാന സമ്മേളനത്തലേന്ന് 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സമ്മേളനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അതൊക്കെ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. ചര്‍ച്ചയിലൂടെ അതൊക്കെ അവര്‍ പരിഹരിക്കും. വി.എസിന്‍െറ പാരമ്പര്യത്തെ കുറച്ചുകാണാന്‍ കഴിയില്ല. ഒരുപാട് കാലത്തെ രാഷ്ട്രീയ പാരമ്പര്യവും പോരാട്ടവീര്യവും അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജവവും വി.എസിനുണ്ട്. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫിന്‍െറ സമരങ്ങളില്‍ നേതൃപരമായ പങ്ക് വി.എസ് വഹിക്കുമെന്നാണ് വിശ്വാസം. അതില്‍ സംശയമില്ല. തലമുതിര്‍ന്ന നേതാക്കളെ മാന്യമല്ലാതെ വിമര്‍ശിക്കാന്‍ സി.പി.ഐ സമ്മേളനത്തില്‍ അനുവദിക്കില്ല. ആ പാരമ്പര്യം സി.പി.ഐക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നതമൂല്യങ്ങള്‍ സംരക്ഷിച്ചുപോകുന്ന പ്രസ്ഥാനമാണ്. വിട്ടുപോയ തലമുറകള്‍ ബാക്കിവെച്ച സംശുദ്ധിയാണ് പാര്‍ട്ടിയുടെ ഒസ്യത്ത്. അതാണ് പിന്തുടരുന്നത്. മുമ്പേ നടന്നവര്‍ പോരാളികളായിരുന്നു. കുറ്റം കാണിച്ചവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. അവര്‍ തന്നെയും പാര്‍ട്ടിയെയും മോശമാക്കാന്‍ ശ്രമിച്ചു. ഒരിക്കലും അതില്‍ പതറേണ്ടിവന്നിട്ടില്ല. ശരിയായ വഴിയിലൂടെ പാര്‍ട്ടിയെ നയിച്ചെന്ന ചാരിതാര്‍ഥ്യമുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന കറുത്ത പാട് വെളുത്ത പാടുകൊണ്ട് മായ്ചുകളയാന്‍ ശ്രമിച്ചിട്ടില്ല. കുഴപ്പക്കാര്‍ക്കെല്ലാം ശിക്ഷ നല്‍കി. ശക്തമായ സന്ദേശമാണ് അതിലൂടെ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിയത്. തിരുവനന്തപുരം സീറ്റ് വിവാദത്തില്‍ മുഖം നോക്കാതെ നടപടിയെടുത്തെന്നുതന്നെയാണ് വിശ്വാസം. ഇടതുമുന്നണിയുടെ കെട്ടുറപ്പിനും നയവ്യതിയാനത്തിനും പോറലുണ്ടാകുന്നുവെന്ന് തോന്നിയപ്പോഴൊക്കെ അതില്‍ ഇടപെട്ട് തിരുത്തിച്ചിട്ടുണ്ട്. കേരളത്തിന്‍െറ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരനായ കെ.എം. മാണിയുമായി ബന്ധപ്പെട്ട വിഷയത്തിലും അതേ സമീപനമായിരുന്നു. പാവപ്പെട്ടവന് നികുതിയും പണക്കാരന് സ്റ്റേയും നല്‍കിയ കെ.എം. മാണി പോസ്റ്റ് കാര്‍ഡില്‍ സ്റ്റേ കൊടുത്ത് വിപ്ളവം സൃഷ്ടിച്ച മന്ത്രിയാണ്. അത്തരത്തിലുള്ള മാണിയുമായി ചേര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. എല്‍.ഡി.എഫിലെ ചിലരുടെ സഹായം അതിനുണ്ടെന്നും പ്രചരിച്ചു. മാണി തന്നെ പറഞ്ഞു. എല്ലാവരും താന്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്ന്. ജനങ്ങളും അത് വിശ്വസിച്ചപ്പോള്‍ മുന്നണിയുടെ നയം സംരക്ഷിക്കാന്‍ ചിലത് പറയേണ്ടിവന്നു. അത് ഇന്നും ശരിയാണെന്നുതന്നെയാണ് വിശ്വസിക്കുന്നത്. അഴിമതിക്കാരനായ ഒരാളെ മുന്നണിയില്‍ ചേര്‍ക്കുകയും മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അചിന്ത്യമായ കാര്യമാണ്. എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ്. അതിനാല്‍ പ്രതിപക്ഷത്തിരിക്കുന്ന എല്‍.ഡി.എഫിന് ഏറെ ഉത്തരവാദിത്തമുണ്ട്. അതിന് പോറലേല്‍ക്കാന്‍ പാടില്ല. മുന്നണിയില്‍നിന്ന് ആര് വിട്ടുപോയാലും മുന്നണിയുടെ നിലനില്‍പിനെ അത് ബാധിക്കും. വോട്ടുകളുടെ എണ്ണം നോക്കിയല്ല കക്ഷികളുടെ ബലം തിരിച്ചറിയുന്നത്. അവരുടെ പ്രാതിനിധ്യം തന്നെ പ്രധാനം. ഇപ്പോള്‍ യു.ഡി.എഫിനൊപ്പം പോയവര്‍ അവിടത്തെ ജീര്‍ണതയില്‍ പൊറുതിമുട്ടുമ്പോള്‍ മാറിച്ചിന്തിക്കും. മുന്നണി വിപുലീകരണ ഘട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ വലിയ വോട്ട് വ്യത്യാസമില്ല. അതിനാല്‍ ഓരോ വോട്ടും പ്രധാനമാണ്. സമാന ചിന്താഗതിയുള്ളവര്‍ക്ക് ചേരാനുള്ള ഇടമായി എല്‍.ഡി.എഫ് മാറണം. അതിനാല്‍ ഓരോ പാര്‍ട്ടിയും ചെറുതാണെങ്കില്‍ കൂടി പോകുന്നത് മുന്നണിയുടെ വിജയത്തെ ബാധിക്കുമെന്ന് ഓര്‍ക്കണം. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എല്ലാ വിജയസാധ്യതയും ഉണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ഓരോ വകുപ്പും അഴിമതിയുടെ സാമ്രാജ്യമാക്കി മാറ്റി. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ 3881 കോടി രൂപ ബാലന്‍സ് വെച്ചാണ് ഇറങ്ങിപ്പോന്നത്. ഇന്ന് വന്‍ കടത്തില്‍ മുങ്ങിയിരിക്കുകയാണ് സംസ്ഥാനം. നികുതി വര്‍ധനയിലൂടെ ജനങ്ങളെ പിഴിയുന്നു. ഈ സാഹചര്യത്തില്‍ യോജിച്ച പോരാട്ടത്തിന് കളമൊരുക്കുന്ന തീരുമാനങ്ങള്‍ സി.പി.ഐ സംസ്ഥാന സമ്മേളനത്തിലുണ്ടാകും. ചര്‍ച്ചകളും വിമര്‍ശങ്ങളും സ്വാഭാവികമാണെങ്കിലും വിഭാഗീയത പാര്‍ട്ടിയിലില്ല. ഇതുവരെ നടന്ന സമ്മേളനങ്ങളില്‍ അതുണ്ടായിട്ടില്ല. അതിനാല്‍ സെക്രട്ടറി തെരഞ്ഞെടുപ്പും സുതാര്യമായിരിക്കും. മൂന്നുവര്‍ഷം പാര്‍ട്ടിയെ സന്തോഷത്തോടെ നയിച്ചെന്ന കൃതാര്‍ഥത തനിക്കുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളും കുറ്റകൃത്യങ്ങളും പെരുകുന്നു

Posted: 26 Feb 2015 09:43 PM PST

അടിമാലി: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പെരുകുന്നതിനൊപ്പം അവരുള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. അടിപിടി, മോഷണം, പിടിച്ചുപറി, ലഹരി കടത്ത് തുടങ്ങി എല്ലാ മേഖലയിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാനിധ്യം ഉണ്ടാകുന്നതാണ് ജനങ്ങളില്‍ ആശങ്ക വര്‍ധിക്കാന്‍ കാരണം.
തൊഴില്‍ മേഖലയില്‍ തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡിഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. പല സംഭവങ്ങളിലും തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ജില്ലയില്‍ എത്ര അന്യസംസ്ഥാനക്കാര്‍ ഉണ്ടെന്നോ പ്രധാന തൊഴില്‍ എന്തെന്നോ ഉള്ള വിവരവും അധികൃതര്‍ക്കില്ല. അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് പൊലീസിന് നിര്‍ദേശമുണ്ടെങ്കിലും ചുരുക്കം ചില സ്റ്റേഷനുകള്‍ മാത്രമാണ് ഭാഗികമായി രജിസ്റ്റര്‍ ഉണ്ടാക്കി സൂക്ഷിക്കുന്നത്.
അന്യസംസ്ഥാനക്കാര്‍ അടിക്കടി സ്ഥലം മാറുന്നതിനാല്‍ അവരുടെ വിവരശേഖരണം പൊലീസിന് അത്ര എളുപ്പമുള്ള കാര്യമല്ല. ഫലത്തില്‍, രേഖകളൊന്നുമില്ലാതെ ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നും അസമില്‍നിന്നുമൊക്കെ എത്തുന്നവര്‍ ഇവിടെ സൈ്വരവിഹാരം നടത്തുന്നു. കൊലപാതകക്കേസ് ഉള്‍പ്പെടെ വര്‍ധിച്ചുവരുന്നത് ജില്ലയിലെ ജനങ്ങള്‍ക്ക് ഭയാശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നൂറിലേറെ കേസുകളിലാണ് അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അടിമാലിയിലെ ഒരു ജ്വല്ലറി കവര്‍ച്ചക്കേസില്‍ സ്ത്രീകളുടെ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ തമിഴ്നാട്ടുകാരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസിനായില്ല. ജില്ലയെ ഞെട്ടിച്ച അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊലയില്‍ അന്യ സംസ്ഥാനക്കാരെയാണ് പൊലീസ് സംശയിക്കുന്നത്. സംഭവദിവസം മൂവര്‍ സംഘം ടാക്സി ഓട്ടോയില്‍ ആലുവക്ക് പോയതും അന്വേഷണസംഘത്തിന് ലഭിച്ച സി.സി ടി.വിയിലും ഉള്ള സാദൃശ്യമാണ് പൊലീസ് അന്വേഷണം ഇവരെ കേന്ദ്രീകരിക്കാന്‍ കാരണം.
എന്നാല്‍, ദൃശ്യത്തില്‍ കണ്ടവരെ നിയമത്തിനുമുന്നില്‍ എത്തിക്കുന്നതിന് പൊലീസിന് കഴിഞ്ഞില്ല. രാജധാനി സംഭവത്തില്‍ മോഷണം മാത്രമാണ് ലക്ഷ്യമെന്നാണ് പൊലീസ് ഭാക്ഷ്യം. ഇത് നാട്ടുകാരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. സംഭവത്തില്‍ അന്വേഷണ സംഘം ഒഡിഷ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നേരത്തേ ബംഗാളികളാണ് കൊലക്ക് പിന്നിലെന്ന് പറഞ്ഞിരുന്നത്.
ഇപ്പോള്‍ ഒഡിഷയില്‍ അന്വേഷണം കേന്ദ്രീകരിച്ചത് സംഭവം വഴിതിരിച്ചുവിടുന്ന പൊലീസ് നടപടിയാണെന്നും വിമര്‍ശമുണ്ട്. ഇതിനിടെ, അടിമാലി കൊലപാതക അന്വേഷണം പുതിയ സംഘത്തെ ഏല്‍പിക്കുന്നതിന് നീക്കമുണ്ട്. ഐ.ജിയുടെ നേതൃത്വത്തിലെ സ്പെഷല്‍ ടീമിനെ ഉപയോഗിച്ച് അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്.

റെയില്‍വേ ബജറ്റ്: ഇവിടെയൊന്നും കിട്ടിയില്ലാ...

Posted: 26 Feb 2015 09:39 PM PST

നിലമ്പൂര്‍: പേരിനുപോലും പുതിയ പദ്ധതിയില്ലാതെ റെയില്‍വേ ബജറ്റ് ജില്ലക്ക് സമ്മാനിച്ചത് നിരാശ മാത്രം. മുന്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ ഇടക്കാല ബജറ്റിന്‍െറ ദിശയില്‍ തന്നെയാണ് മന്ത്രി സുരേഷ്പ്രഭുവും സഞ്ചരിച്ചത്.
നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാത പാടെ അവഗണിക്കപ്പെട്ടു. വൈദ്യുതീകരണത്തിനും ഫണ്ടില്ലാതെ പോയി. ജില്ലയുമായി ബന്ധപ്പെട്ട ഏകപ്രഖ്യാപനം തിരുനാവായ-ഗുരുവായൂര്‍ പാതക്ക് ഒരു കോടി രൂപ അനുവദിച്ചതാണ്. അലൈന്‍മെന്‍റില്‍ തര്‍ക്കമുള്ള ഈ പാതക്ക് അനുവദിച്ച ഒരു കോടി റീസര്‍വേക്കല്ളെന്നാണ് കരുതുന്നത്. അപ്രകാരമാണെങ്കില്‍ ഒരു കോടി രൂപ കൊണ്ട് എന്താണ് ചെയ്യാനാവുക എന്ന ചോദ്യം ബാക്കിയാകുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ച് വാതോരാതെ പറഞ്ഞെങ്കിലും നിലമ്പൂരിലും അങ്ങാടിപ്പുറത്തും ആര്‍.പി.എഫ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കാനും പദ്ധതിയില്ല.
മേലാറ്റൂരും കുലുക്കല്ലൂരും ട്രെയിനുകള്‍ ക്രോസ് ചെയ്യാന്‍ സൗകര്യമുള്ള ബ്ളോക്ക് സ്റ്റേഷനുകളായി ഉയര്‍ത്തുക എന്ന ആവശ്യത്തിന് പച്ചക്കൊടി കാണിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ലിങ്കിങ് ഒഴിവാക്കി രാജ്യറാണി പ്രത്യേക വണ്ടിയാക്കുക എന്നതും അവഗണിച്ചു. നിലമ്പൂര്‍ -കോയമ്പത്തൂര്‍ ട്രെയിനിന്‍െറ കാര്യത്തിലും മലബാര്‍ മേഖലക്ക് ആശ്വാസം പകരുന്ന സബര്‍ബന്‍ സര്‍വീസുകളുടെ കാര്യത്തിലും നിരാശയാണ് ഫലം. രാജ്യത്താകെ 970 മേല്‍പ്പാലങ്ങള്‍, 6000 കിലോമീറ്റര്‍ പുതിയ പാത, 6000 കിലോമീറ്റര്‍ വൈദ്യുതീകരണം തുടങ്ങിയ പ്രഖ്യാപനങ്ങളിലും ജില്ലക്ക് പരിഗണന ലഭിച്ചേക്കില്ല. തീരദേശ റെയില്‍വെ ശൃംഖലയിലും ജില്ല ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. നിര്‍ദിഷ്ട നിലമ്പൂര്‍ -നഞ്ചന്‍കോട് പാത ഇത്തവണയും പരാമര്‍ശിച്ചില്ല. ചരക്കുനീക്കത്തോടെ നിലമ്പൂര്‍- നഞ്ചന്‍കോട് പാത ലാഭകരമാകുമെന്ന 2013 ലെ സര്‍വെ റിപ്പോര്‍ട്ടും പാതക്ക് ഗുണകരമായില്ല. അങ്ങാടിപ്പുറം- മലപ്പുറം- എയര്‍പോര്‍ട്ട്- കോഴിക്കോട് പാതയെക്കുറിച്ചും മൗനം പാലിച്ചു. തിരൂരിലിലൂടെ കടന്നുപോകുന്ന പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കാതെപോയി.
ലഭിച്ചത് ഇത്രമാത്രം: മേല്‍പ്പാലം, അടിപ്പാത നിര്‍മാണം തിരൂര്‍-താനൂര്‍-1.5 കോടി, തിരുനാവായ 80 ലക്ഷം, അങ്ങാടിപ്പുറം-1.5 കോടി, പാത നവീകരണം- ഷൊര്‍ണൂര്‍-നിലമ്പൂര്‍-3 കോടി, നിലമ്പൂര്‍ റോഡില്‍ അണ്‍ലോഡിങ് സംവിധാനം-80 ലക്ഷം, തിരൂരില്‍ സൗകര്യം വര്‍ധിപ്പിക്കാന്‍-1 കോടി, വള്ളിക്കുന്ന് ഫൂട്ട് ഓവര്‍ ബ്രിഡ്ജ്-1കോടി.

ജയിലില്‍ ശ്രീശാന്തിനു നേരെ വധശ്രമമുണ്ടായി ^മധു ബാലകൃഷ്ണന്‍

Posted: 26 Feb 2015 09:34 PM PST

Image: 

കൊച്ചി: വാതുവെപ്പ് കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന സമയത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനു നേരെ വധശ്രമമുണ്ടായതായി സഹോദരീ ഭര്‍ത്താവ് മധുബാലകൃഷ്ണന്‍. ജയിലിലെ ഒരു ഗുണ്ടയാണ് ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചത്. വാതിലിന്റെ സാക്ഷക്ക് മൂര്‍ച്ച കൂട്ടുന്ന ആയുധം ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പുറകില്‍ നിന്ന് ശീശാന്തിനെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. കുതറിമാറിയതിനാലാണ് രക്ഷപെട്ടത്. തുടര്‍ന്ന് ശ്രീയുടെ കൈക്കു പരുക്കേറ്റതായും മധു വ്യക്തമാക്കി. ഇക്കാര്യം ജയില്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് സെല്‍ മാറ്റുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2013 മേയ് 16നാണ് ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെയും രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ രണ്ടുപേരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ തീഹാര്‍ ജയിലില്‍ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.
 

റെയില്‍വേ ബജറ്റ്: പാലക്കാടിന് നിരാശ ബാക്കി

Posted: 26 Feb 2015 09:34 PM PST

പാലക്കാട്: പുതിയ റെയില്‍വേ ബജറ്റ് നെല്ലറ നാടിന്‍െറ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. പാലക്കാട് ഡിവിഷന്‍െറ നവീകരണത്തിനോ വിപുലീകരണത്തിനോ പദ്ധതിയില്ല. പുതിയ പദ്ധതികളും പ്രഖ്യാപിച്ചില്ല.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 10 ലക്ഷം രൂപ മാത്രമാണ് നീക്കിവെച്ചത്. ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് ബജറ്റില്‍ ഊന്നി പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ പാലക്കാട് ഡിവിഷനെയും പ്രത്യേകിച്ച് മലബാര്‍ മേഖലയെയും എത്രത്തോളം പരിഗണിക്കുമെന്ന് കണ്ടറിയണം. തിരക്കേറിയ സ്റ്റേഷനുകളെ ഉപഗ്രഹ സ്റ്റേഷനുകളാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ തിരക്ക് കൂടിയ സ്റ്റേഷനുകള്‍ ഇതിനായി പരിഗണിക്കപ്പെടേണ്ടതുണ്ട്. സ്റ്റേഷന്‍ ശുചീകരണത്തിന് വിദഗ്ധ ഏജന്‍സികളെ ഉപയോഗിക്കുമെന്ന് പറയുന്നത് റെയില്‍വേയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്ന് ട്രേഡ് യൂനിയനുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
ഷൊര്‍ണൂര്‍-കണ്ണൂര്‍ ലൈന്‍ വൈദ്യുതീകരണം കോഴിക്കോട് വരെ എത്തി നില്‍ക്കുകയാണ്. രണ്ടാംഘട്ടം ആരംഭിക്കേണ്ട കണ്ണൂര്‍-മംഗലാപുരം വൈദ്യുതീകരണം തുടങ്ങിയിട്ടില്ല. ഫണ്ടില്ലാത്തതാണ് ഇതിന് പ്രധാന തടസ്സം. ഇതിനായി തിരൂരില്‍ സബ് സ്റ്റേഷന്‍ നിര്‍മിക്കേണ്ടതുണ്ട്. ഷൊര്‍ണൂര്‍-മംഗലാപുരം വൈദ്യുതീകരണത്തിന് 50 കോടി വകയിരുത്തിയത് പ്രതീക്ഷക്ക് വകനല്‍കുന്നു.ദീര്‍ഘദൂര ട്രെയിനുകള്‍ മലബാര്‍ മേഖലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിന്നാരംഭിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ കൂടുതലും സൂപ്പര്‍ ഫാസ്റ്റും പ്രീമിയം ട്രെയിനുകളുമാണ്.
പാസഞ്ചര്‍ ട്രെയിനില്ലാത്തത് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. പാസഞ്ചര്‍ ട്രെയിനുകളുടെ അഭാവത്തില്‍ തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ കണ്ണൂര്‍ വരെയും മംഗലാപുരം-കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോട് വരെയും ബൈനൂര്‍-കാസര്‍കോട് പാസഞ്ചര്‍ കണ്ണൂര്‍ വരെയും നീട്ടേണ്ടതുണ്ട്. പാസഞ്ചര്‍ ട്രെയിനുകളില്‍ കോച്ചുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. വൈദ്യുതീകരണം ത്വരിതപ്പെടുത്തി മെമു ട്രെയിന്‍ ആരംഭിക്കണം.
പാലക്കാട് മെമു റേക്ക് ഗാരേജില്‍ പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. ഇത് വിപുലീകരിച്ചാല്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലക്കാട് ഡിവിഷന് കീഴില്‍ പീറ്റ് ലൈന്‍ സംവിധാനത്തോടെ കോച്ച് യാര്‍ഡ് ആരംഭിച്ചാല്‍ കൂടുതല്‍ പുതിയ ട്രെയിനുകള്‍ കേരളത്തിലെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തുടങ്ങാന്‍ സാധിക്കുമെങ്കിലും വര്‍ഷങ്ങളായി ഈ ആവശ്യവും കടലാസിലൊതുങ്ങിയ മട്ടാണ്.

43 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

Posted: 26 Feb 2015 09:30 PM PST

Image: 

രാമേശ്വരം: 43 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന  അറസ്റ്റ് ചെയ്തു.  ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളുമായി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. നെടുഞ്ചിവ്, മുലൈ്ളത്തീവ് മേഖലളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് അറസ്റ്റിലായത്.

ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ശ്രീലങ്കന്‍ മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവര്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ആറ് ബോട്ടുകളും 43 പേരും അടങ്ങുന്ന സംഘത്തെ  ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത് കരൈനഗര്‍ നാവികകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളെ ജാഫ്നയിലേക്ക് കൊണ്ടുപോയി.

ഗുരുവായൂര്‍-തിരുനാവായ പാതക്ക് ഒരുകോടി

Posted: 26 Feb 2015 09:04 PM PST

തൃശൂര്‍: നിര്‍ജീവാവസ്ഥയിലായിരുന്ന ഗുരുവായൂര്‍-തിരുനാവായ പാതക്ക് റെയില്‍വേ ബജറ്റില്‍ ഒരുകോടി വകയിരുത്തിയതും തൃശൂര്‍ എ വണ്‍ സ്റ്റേഷന്‍െറ ആധുനികവത്കരണ പ്രഖ്യാപനവും ജില്ലക്ക് പ്രതീക്ഷയേകുന്നു. കല്ലിട്ട് 20 വര്‍ഷമാകുന്ന ഗുരുവായൂര്‍-തിരുനാവായ പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് തടസ്സമായിരുന്നത്.
1995 ഡിസംബര്‍ 17നാണ് ഗുരുവായൂര്‍-താനൂര്‍ പാതക്ക് കല്ലിട്ടത്. 1996ല്‍ സര്‍വേ പൂര്‍ത്തീകരിച്ചു. ഭൂമി എടുക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുണ്ടായതോടെ അലൈന്‍മെന്‍റുകള്‍ പലവട്ടം മാറ്റി. 19 വര്‍ഷം മുമ്പ് കല്ലിട്ട പദ്ധതി ഭൂമിയെടുക്കല്‍ നടപടിയില്‍ കുരുങ്ങി ഇല്ലാതാകുന്ന സ്ഥിതിയായിരുന്നു. തിരുനാവായ പാതക്ക് തുക വകയിരുത്താനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഒരുകോടി വകയിരുത്തിയതോടെ ഇനി പ്രതീക്ഷ സംസ്ഥാന സര്‍ക്കാറിലാണ്. തൃശൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഭൂമിയേറ്റടുക്കല്‍ പൂര്‍ത്തിയാകാനുണ്ട്. നടപടി വേഗത്തിലാക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് പാത നിര്‍മാണത്തിന് തയാറെടുപ്പ് നടത്താമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം, എ വണ്‍ സ്റ്റേഷനാക്കി ഉയര്‍ത്തിയ തൃശൂരിന് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദവി ഉയര്‍ത്തി രണ്ട് വര്‍ഷം പിന്നിട്ടിട്ടും സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. എസ്കലേറ്റര്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചെങ്കിലും ഫണ്ടിന്‍െറ കുറവുകൊണ്ട് പണി മുടങ്ങി. എ വണ്‍ സ്റ്റേഷനുകളില്‍ വൈ ഫൈ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും റിസര്‍വേഷന്‍ സംവിധാനം, പ്ളാറ്റ് ഫോമുകളുടെ മേല്‍ക്കൂര പൂര്‍ത്തിയാക്കല്‍, പാര്‍ക്കിങ് സംവിധാനം തുടങ്ങിയ നവീകരണപ്രവര്‍ത്തനങ്ങളും തൃശൂരിനും സാക്ഷാല്‍ക്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂര്‍ സ്റ്റേഷന്‍ വികസനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഗുരുവായൂര്‍ പാതയില്‍ ട്രയിനുകളുടെ വേഗത കൂട്ടാനുള്ള അനുകൂല തീരുമാനവും പ്രതീക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. സാറ്റ്ലൈറ്റ് സ്റ്റേഷനായ പൂങ്കുന്നത്തിന്‍െറയും ചാലക്കുടി, ഇരിങ്ങാലക്കുട, ഒല്ലൂര്‍, വടക്കാഞ്ചേരി സ്റ്റേഷനുകളുടെയും വികസനത്തിന് പരിഗണന ലഭിച്ചില്ല. ദിവാന്‍ജിമൂല മേല്‍പാലം ഉള്‍പ്പെടെ ജില്ലയിലെ വിവിധ മേല്‍പാലങ്ങളുടെ നിര്‍മാണത്തിനുള്ള സഹായം ദീര്‍ഘകാലമായുള്ള ആവശ്യമാണ്. പുതിയ സ്റ്റോപ് അനുവദിക്കല്‍, പാസഞ്ചര്‍ ട്രയിനുകളുടെ സമയമാറ്റം എന്നിവ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് സുരേഷ് പ്രഭു അവതരിപ്പിച്ചതെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ വിലയിരുത്തി. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജുമാറ്റം, കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി തുടങ്ങിയവ ഗുണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ അറിയിച്ചു.

റെയില്‍വേ ബജറ്റ്: രണ്ടാം ടെര്‍മിനലിന് അനുമതി

Posted: 26 Feb 2015 08:58 PM PST

കൊല്ലം: കൊല്ലത്തിന്‍െറ വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്ക് മറുപടിയായി രണ്ടാം ടെര്‍മിനലിന് ബജറ്റില്‍ റെയില്‍വേയുടെ പച്ചക്കൊടി. ഇതിനൊപ്പം കൊല്ലം-ചെങ്കോട്ട ലൈന്‍ ഉള്‍പ്പെടുന്ന കൊല്ലം-വിരുത്നഗര്‍ പാതക്ക് 85 കോടി അനുവദിച്ചുവെന്നതും ചെറിയ ആശ്വാസമാകുന്നു.
അതേസമയം ഡെമു, മെമു സര്‍വിസുകളെക്കുറിച്ച് ബജറ്റ് നിശ്ശബ്ദത പാലിച്ചത് കൊല്ലത്തെ നിരാശയിലാക്കിയിട്ടുണ്ട്. പതിവുകള്‍ക്ക് വ്യത്യസ്തമായി കൊല്ലത്തിന്‍െറ അവശ്യങ്ങളോട് ബജറ്റ് ചെവിനല്‍കിയെന്നാണ് പൊതു വിലയിരുത്തല്‍. 'കൊല്ലത്തൊരു രണ്ടാം ടെര്‍മിനല്‍' എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് നഗരം ചുറ്റാതെ ബസിറങ്ങി നേരെ റെയില്‍വേ സ്റ്റേഷനിലത്തൊമെന്നതാണ് രണ്ടാം ടെര്‍മിനലിന്‍െറ പ്രത്യേകത. സ്റ്റേഷനില്‍നിന്ന് കൊല്ലം-ചെങ്കോട്ട റോഡിലേക്ക് തുറക്കുന്ന രീതിയിലാണ് ടെര്‍മിനലിനായി ആവശ്യമുയര്‍ന്നിരുന്നത്. ഒമ്പത് കോടിയുടെ പ്രൊപ്പോസലാണ് റെയില്‍വേ സമര്‍പ്പിച്ചിരുന്നു. ക്യൂ.എസ് റോഡില്‍ ഉപാസന ആശുപത്രിക്ക് സമീപത്തേക്ക് തുറക്കുന്ന രീതിയിലാണ് പദ്ധതിനിര്‍ദേശം.
ഇത് യാഥാര്‍ഥ്യമാകുന്നതോടെ കുണ്ടറ, കരിക്കോട്, കടപ്പാക്കട, ആശ്രാമം ഭാഗങ്ങളില്‍നിന്നടക്കം വരുന്നവര്‍ക്ക് നേരിട്ട് സ്റ്റേഷനിലത്തൊം. ഒന്നാം പ്ളാറ്റ്ഫോമില്‍നിന്നുള്ള ഫൂട് ഓവര്‍ബ്രിഡ്ജ് രണ്ടാം ടെര്‍മിനലിലേക്ക് നീട്ടിയാകും ക്രമീകരണങ്ങളേര്‍പ്പെടുത്തുക. ടിക്കറ്റ് കൗണ്ടര്‍ അടക്കമുള്ള സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍ യാഥാര്‍ഥ്യമാവുക എന്നാണ് പ്രതീക്ഷ. അനുബന്ധമായി പാര്‍ക്കിങ്ങിനും സൗകര്യമുണ്ടാകും. ചിന്നക്കടയിലെയും അനുബന്ധ റോഡുകളിലെയും വാഹനത്തിരക്ക് ഇതോടെ ഒരു പരിധി വരെ കുറക്കാനാകും. രണ്ടാം ടെര്‍മിനലിനൊപ്പം ഒരു പ്ളാറ്റ്ഫോം കൂടിയുണ്ടാകും. ആലപ്പുഴയിലും കായംകുളത്തും അവസാനിക്കുന്ന ട്രെയിനുകളെ കൊല്ലത്തേക്ക് നീട്ടാന്‍ പ്ളാറ്റ്ഫോമുകളുടെ എണ്ണം വര്‍ധിക്കുന്നത് അനുകൂല സാഹചര്യമൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിലവില്‍ തിരുവനന്തപുരത്തുനിന്ന് ചെ ന്നൈയിലത്തൊന്‍ 16 മണിക്കൂറാണ് വേണ്ടിവരുന്നത്. എന്നാല്‍, കൊല്ലത്തുനിന്ന് പുനലൂര്‍-ചെങ്കോട്ട-വിരുത്നഗര്‍ ലൈന്‍ വഴി 12 മണിക്കൂര്‍കൊണ്ട് ചെന്നൈയിലത്തൊം. 100 കി.മീറ്ററാണ് ഇതുവഴി ലാഭിക്കുന്നത്. ഇതോടെ പുതിയ പാത വഴി കൂടുതല്‍ ട്രെയിനുകള്‍ക്ക് സാധ്യത വര്‍ധിക്കുകയും മുഖ്യ സ്റ്റേഷനെന്ന നിലയില്‍ കൊല്ലത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുകയും ചെയ്യും. അതേസമയം, മെമു ഷെഡ് പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യത്തോട് ബജറ്റില്‍ പ്രതികരണമുണ്ടായിട്ടില്ല. ജീവനക്കാരില്ലാത്തതും അധികമായുണ്ടാകേണ്ട ഒരു റേക്ക് ഇല്ലാത്തതും മൂലം ആഴ്ചയില്‍ ഓരോ ദിവസം മെമു സര്‍വിസ് നടത്താറില്ല.
പുനലൂര്‍-കൊല്ലം ഡെമു സര്‍വിസിനെക്കുറിച്ച് മുമ്പ് പറഞ്ഞുകേട്ടിരുന്നെങ്കിലും അതും സ്വപ്നമായി അവശേഷിക്കുന്നു. കൊല്ലം കേന്ദ്രീകരിച്ച് കൂടുതല്‍ മെമു സര്‍വിസുകള്‍ എന്നതിനും ബജറ്റില്‍ ഇടംകിട്ടിയില്ല. റെയില്‍വേയുടെ ഏക്കര്‍കണക്കിന് ഭൂമിയും പഴയ ക്വാര്‍ട്ടേഴ്സുകളും കാടുകയറി നശിക്കുന്ന സാഹചര്യത്തില്‍ ഇവ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന ഏറെനാളായുള്ള ആവശ്യം എങ്ങുമത്തെിയിട്ടില്ല.

‘എന്‍െറ നഗരം സുന്ദര നഗരം’: രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്

Posted: 26 Feb 2015 08:54 PM PST

തിരുവനന്തപുരം: 'എന്‍െറ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായി നഗരസഭാ നേതൃത്വത്തില്‍ നടക്കുന്ന സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളുടെ രണ്ടാംഘട്ട പ്രഖ്യാപനം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് മെഡിക്കല്‍ കോളജ് വാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ശുചിത്വ വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തും. ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കാന്‍ ഉള്ളൂര്‍, ജഗതി, കുറവന്‍കോണം, ഇടവക്കോട്, ശ്രീകണ്ഠേശ്വരം, പട്ടം എന്നിവയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്‍െറ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. പുഷ്പലത പറഞ്ഞു
ആദ്യ ഘട്ടത്തില്‍തന്നെ ശുചിത്വ വാര്‍ഡ് പട്ടികയില്‍ ഇടം നേടിയിരുന്ന ശ്രീകണ്ഠേശ്വരം വാര്‍ഡില്‍ രണ്ട് എയ്റോബിക് ബിന്നുകളും ബയോഗ്യാസ് പ്ളാന്‍റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. 60 ശതമാനം വീടുകളിലും പൈപ്പ് കമ്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുറവന്‍കോണം വാര്‍ഡില്‍ 1300 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റും 35 വീടുകളിലും ബയോഗ്യാസ് പ്ളാന്‍റുകളും സ്ഥാപിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ ശ്യാം കുമാര്‍ പറഞ്ഞു. വാര്‍ഡില്‍ രണ്ട് എയ്റോബിക് ബിന്നുകളാണുള്ളത്. ഫ്ളാറ്റുകളില്‍ ഉറവിടത്തില്‍ മാലിന്യ സംസ്കരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടം വാര്‍ഡില്‍ 1655 പൈപ്പ് കമ്പോസ്റ്റുകളും 200ല്‍പരം ബയോഗ്യാസ് പ്ളാന്‍റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. എയ്റോബിക് ബിന്നിന്‍െറ ഉദ്ഘാടനം വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍വഹിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മുരുകേശന്‍ പറഞ്ഞു. പാറ്റൂര്‍ മോഡല്‍ പദ്ധതിക്കായി സ്ഥലം കണ്ടത്തെിയിട്ടുണ്ട്. ശുചിത്വമിഷന്‍െറ അനുമതി ലഭിച്ചാലുടന്‍ പണി ആരംഭിക്കും.
ഉള്ളൂര്‍ വാര്‍ഡില്‍ എയ്റോബിക് ബിന്നിന്‍െറ പണി പൂര്‍ത്തിയായി വരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ ചിത്ര ഷാജി പറഞ്ഞു. വാര്‍ഡ് പ്രഖ്യാപനത്തിനുശേഷമായിരിക്കും ഉദ്ഘാടനം നടത്തുക. 1350 വീടുകളില്‍ പൈപ്പ് കമ്പോസ്റ്റും 82 വീടുകളില്‍ ബയോഗ്യാസ് പ്ളാന്‍റും സ്ഥാപിച്ചിട്ടുണ്ട്. പ്ളാസ്റ്റിക് ശേഖരണവും നടക്കുന്നുണ്ട്. ആദ്യഘട്ട പ്രഖ്യാപനം നടന്നത് ഡിസംബര്‍ 31നാണ്.
ജനുവരി 31ന് രണ്ടാംഘട്ട ശുചിത്വ വാര്‍ഡുകളെ പ്രഖ്യാപിക്കുമെന്ന് മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരുമാസം വൈകിയാണ് ഇപ്പോള്‍ പ്രഖ്യാപനം നടക്കുന്നത്. ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കാന്‍ വേണ്ട മാനദണ്ഡങ്ങളില്‍ ചിലത് അംഗീകരിക്കുന്നതിലെ വിയോജിപ്പാണ് രണ്ടാംഘട്ട പ്രഖ്യാപനം വൈകാന്‍ കാരണം.
സ്ഥലപരിമിതിമൂലം പൊതുവായ മാലിന്യസംസ്കരണ മാര്‍ഗങ്ങള്‍ പല വാര്‍ഡുകളിലും സാധ്യമാകുന്നില്ല എന്ന പരാതിയുമുണ്ട്. എയ്റോബിക് ബിന്‍ പോലുള്ളവ വെക്കാന്‍ സൗകര്യമില്ലാത്ത വാര്‍ഡുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്തതിനാല്‍ ശുചിത്വ വാര്‍ഡായി പ്രഖ്യാപിക്കില്ല. സെസിലെ ശാസ്ത്രജ്ഞന്‍ ഡോ. അജയവര്‍മ, ഡോ. വിജയകുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഉമ്മുസല്‍മ, ഡോ. ശ്രീകുമാര്‍, ജി. സാജന്‍, ഷിബു കെ. നായര്‍, റസി ജോര്‍ജ് എന്നിവരടങ്ങിയ മേല്‍നോട്ട സമിതിയാണ് വാര്‍ഡുകളിലെ മാനദണ്ഡം വിലയിരുത്തിയത്.

മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലിട്ടു; മലയാളി അധ്യാപികക്ക് ജോലി നഷ്ടമായി

Posted: 26 Feb 2015 08:35 PM PST

Image: 

ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മലയാളി അധ്യാപികക്ക് ജോലി നഷ്ടമായി. ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികക്കാണ് ഫേസ്ബുക് വിമര്‍ശനത്തിന്‍െറ പേരില്‍ ജോലി രാജിവെക്കേണ്ടിവന്നത്. സ്കൂളില്‍ നിന്ന് ജോലി രാജിവെക്കുകയോ പുറത്താക്കുകയോ വേണമെന്ന നിലപാടാണ് സ്കൂള്‍ മാനേജ്മെന്‍റ് സ്വീകരിച്ചത്. തുടര്‍ന്ന് ഇവര്‍ രാജിവെക്കുകയായിരുന്നു.

ദോഹയിലെ സാംസ്കാരിക രംഗത്ത് സജീവമായി ഇടപെടുന്ന അധ്യാപിക ഒരാഴ്ച മുമ്പാണ് ഫേസ്ബുക് വാളില്‍ മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫേസ്ബുക് പോസ്റ്റ് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിക്കുകയും ചെയ്തു. ഇ മെയിലില്‍ വന്ന പരാതി നടപടികള്‍ക്കായി എംബസി, സ്കൂളിന് ഫോര്‍വേര്‍ഡ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയെ സ്കൂള്‍ മാനേജ്മെന്‍റ് അന്വേഷണ വിധേയമായി മൂന്ന് ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തു. പിന്നീട് വിഷയങ്ങള്‍ താല്‍ക്കാലികമായി പരിഹരിച്ചതായും അധ്യാപികയോട് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചുകയറാന്‍ മാനേജ്മെന്‍റ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സ്കൂളില്‍ നിന്ന് ഇവരെ ഒഴിവാക്കാന്‍ ചില ഭാഗത്ത് നിന്ന് നിരന്തരം സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതായാണ് സൂചന. നടപടിക്കായി എംബസിയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ധമുണ്ടായതായും ആരോപണമുണ്ട്. എന്നാല്‍, പ്രധാനമന്ത്രിക്കെതിരായ പോസ്റ്റായതിനാലും അധ്യാപികയുടെ ഫേസ്ബുക് അകൗണ്ടില്‍ അവര്‍ ജോലിചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ സ്കൂളിന്‍െറ പേരും ലോഗോയുമുള്ളതിനാലുമാണ് മാനേജ്മെന്‍റ് നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
നടപടിക്കായി മറ്റ് സമ്മര്‍ദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലമായി ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോയാണ് താന്‍ ഷെയര്‍ ചെയ്തതെന്ന് അധ്യാപിക പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനം എന്ന രീതിയില്‍ മാത്രമാണ് ഇത് ഷെയര്‍ ചെയ്തത്. ഇതത്തേുടര്‍ന്ന് ഫേസ്ബുകില്‍ ഭീഷണി കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തത്തെി. ജോലി തെറിപ്പിക്കുമെന്നും ഖത്തറില്‍ നിന്ന് നാടുകടത്തുമെന്നുമടക്കമുള്ളതായിരുന്നു കമന്‍റുകള്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ഇവര്‍ തന്നെയാണ് എംബസിയില്‍ പരാതി നല്‍കിയതെന്നും അധ്യാപിക പറഞ്ഞു.
 

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്നത് പ്രവാസികള്‍ക്ക് ദുരിതമാകും; എമിറേറ്റ്സ് ബുക്കിങ് നിര്‍ത്തി

Posted: 26 Feb 2015 08:10 PM PST

Image: 

ദുബൈ: റണ്‍വേ ബലപ്പെടുന്നതിന്‍െറ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ആറു മാസം ഭാഗികമായി അടച്ചിടുന്നത് മലബാര്‍ മേഖലയിലെ പ്രവാസികളെയും ഉംറ, ഹജ്ജ് യാത്രക്കാരെയും കൊടും ദുരിതത്തിലാക്കും. ഗള്‍ഫുകാര്‍ ഏറ്റവും കൂടുതല്‍ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്ന  മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. വലിയ വിമാനങ്ങള്‍ക്ക് തിരക്കേറിയ ഈ കാലയളവില്‍ കരിപ്പൂരിലേക്ക് തീരെ സര്‍വീസ് നടത്താനാവില്ല. മറ്റു വിമാനങ്ങള്‍ റണ്‍വേ ജോലിയുടെ സമയം നോക്കി പുതിയ ഷെഡ്യൂള്‍ തയാറാക്കേണ്ടിവരും. റണ്‍വേ ജോലി നടക്കുന്ന ഉച്ച 12 മുതല്‍ രാത്രി എട്ടുവരെ വിമാനത്താവളം പൂര്‍ണമായി അടച്ചിടുമെന്നാണ് അറിയിപ്പ്.

ഗള്‍ഫ് പ്രവാസികള്‍ മിക്കവരും നാട്ടിലേക്ക് യാത്രചെയ്യുന്ന സ്കൂള്‍ അവധിക്കാലം, ഈദുല്‍ ഫിത്വ്ര്‍, ഓണം എന്നിവ ഈ കാലയളവിലാണ് വരുന്നത്.  ധാരാളമായി ഉംറ യാത്രകളും നടക്കുന്ന സമയമാണിത്.സെ്പറ്റംബര്‍ പകുതിയോടെ ഹജ്ജ് സീസണും ആരംഭിക്കും. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ പറത്തുന്നത് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈനും ജിദ്ദ ആസ്ഥാനമായുള്ള സൗദിയ എയര്‍ലൈന്‍സുമാണ്്.  സൗദി സെക്ടറിലേക്ക്  എയര്‍ ഇന്ത്യയും ജംബോ സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സും സൗദിയയും പൂര്‍ണമായും ആറു മാസം കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടിവരും. എമിറേറ്റ്സ് എയര്‍ലൈന്‍ മെയ് ഒന്നുമുതലുള്ള കരിപ്പൂര്‍ ബുക്കിങ് നിര്‍ത്തിവെച്ചുകഴിഞ്ഞു. ആഴ്ചയില്‍ 11 വിമാനങ്ങളാണ് എമിറേറ്റ്സ് ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് പറത്തുന്നത്. യു.എ.ഇയിലെ മാത്രമല്ല ഗള്‍ഫ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള  യാത്രക്കാരെയും എമിറേറ്റസ് എയര്‍ബസ് 330, ബോയിങ് 777 വിമാനങ്ങളിലാണ് കോഴിക്കോട്ടത്തെിക്കുന്നത്. സൗദിയയാകട്ടെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.
എമിറേറ്റ്സിന് വലിയ വിമാനങ്ങള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പൂര്‍ണമായൂം നിര്‍ത്തിവെക്കേണ്ടിവരും. മെയ് മുതല്‍ നവംബര്‍ വരെ കോഴിക്കോട്ടേക്ക്് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇവര്‍ക്ക് കൊച്ചിയിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്യാനാണ് സാധ്യതയെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.സൗദി അറേബ്യന്‍ എയര്‍ലൈന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തുമോ ചെറിയ വിമാനങ്ങള്‍ ഉപയോഗിക്കുമോ എന്ന കാര്യം വ്യക്തമല്ല.
എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍വേസ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ,ജെറ്റ് എയര്‍വേസ്,ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ കമ്പനികള്‍ ഗള്‍ഫില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും താരതമ്യേന ചെറിയ വിമാനങ്ങളായതിനാല്‍ സര്‍വീസ് റദ്ദാക്കേണ്ടിവരില്ല. പക്ഷെ സമയക്രമം മാറ്റേണ്ടിവരും.
275 മുതല്‍ 350 വരെ യാത്രക്കാരെ കയറ്റാവുന്ന വിമാനങ്ങള്‍ പറത്തുന്ന എമിറേറ്റ്സും സൗദി എയര്‍ലൈന്‍സും സര്‍വീസ് നിര്‍ത്തുന്നതോടെ വലിയ തോതില്‍ ടിക്കറ്റ് ക്ഷാമമുണ്ടാകുമെന്ന് ഉറപ്പാണ്. യാത്രക്കാരുടെ എണ്ണം കൂടുന്ന സീസണായതിനാല്‍ നിലവില്‍ തന്നെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്ന കാലയളവിലാണ് സര്‍വീസുകളുടെ എണ്ണം കുറയാന്‍ പോകുന്നത്. കഴുത്തറപ്പന്‍ നിരക്ക് നല്‍കിയാലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് പ്രവാസികളെ കാത്തിരിക്കുന്നതെന്ന് ചുരുക്കം. ഗള്‍ഫിലേക്കുള്ള ചരക്ക് കടത്തിനെയും വിമാനത്താവളം അടച്ചിടുന്നത് ബാധിക്കും.
റണ്‍വേ ബലപ്പെടുത്തല്‍ അത്യാവശ്യമാണെങ്കിലും തിരക്കുപിടിച്ച സമയം തന്നെ അതിന് തെരഞ്ഞെടുത്തതിലാണ് പ്രതിഷേധമുയരുന്നത്. 2014 ഏപ്രിലില്‍ ടെണ്ടര്‍ ക്ഷണിച്ച ജോലിയാണ് ഒരു വര്‍ഷം കഴിഞ്ഞ് ചെയ്യാന്‍ പോകുന്നത്. 40 കോടി രൂപയാണ് വ്യോമയാന മന്ത്രാലയം ഇതിനായി നീക്കിവെച്ചത്. ഇതിന് മുമ്പ് 2009 ലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ ബലപ്പെടുത്തിയത്.

സ്വദേശിവത്കരണം പരാജയമെന്ന് തംകീന്‍ ചെയര്‍മാന്‍

Posted: 26 Feb 2015 07:40 PM PST

മനാമ: സ്വദേശി വത്കരണം പരാജയമാണെന്ന് ‘തംകീന്‍’ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒയുമായ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി രാജ്യങ്ങളിലെ മനുഷ്യവിഭവ ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്റൈന്‍െറ നിരക്ക് വളരെ കുറവാണ്. അതിനാല്‍ ചുരുങ്ങിയ മനുഷ്യവിഭവ ശേഷിയുള്ള രാജ്യമെന്ന നിലക്ക് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. എല്ലാ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധ്യമല്ല.
രാജ്യത്തെ സ്വകാര്യ മേഖലയും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. തൊഴില്‍ ഫീസ് പുന:സ്ഥാപിച്ച ശേഷം ‘തംകീന്‍’ പ്രവര്‍ത്തനം പുതിയ രൂപത്തിലാണുള്ളത്.
വരുമാനത്തിനനുസരിച്ച് മാത്രമാണ് നിലവില്‍ ചെലവുകള്‍ ക്രമീകരിക്കുന്നത്. ഏകദേശം 60 ദശലക്ഷം ദിനാറാണ് ചെലവ് വരുന്നതെങ്കില്‍ 75 മുതല്‍ 80 വരെ ദശലക്ഷം ദിനാറാണ് തൊഴില്‍ ഫീസായി ലഭിക്കുന്നത്. രാജ്യത്ത് വര്‍ഷം തോറും മൊത്തം 25,000 തൊഴില്‍ സാധ്യതകളാണുണ്ടാകുന്നത്. 6,000ത്തോളം സ്വദേശികള്‍ തൊഴില്‍ വിപണിയിലേക്ക് വര്‍ഷം തോറും എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

നയംമാറ്റം, മധുരംപൊതിഞ്ഞ്

Posted: 26 Feb 2015 05:38 PM PST

Image: 

ഫെഡറലിസത്തിന്‍െറ വഴിയിലാണ് മോദിസര്‍ക്കാര്‍ എന്നാണ് സങ്കല്‍പം. ആസൂത്രണ കമീഷനു പകരം നിതി ആയോഗ് കൊണ്ടുവന്നപ്പോഴും 14ാം ധനകമീഷന്‍ ശിപാര്‍ശകള്‍ അംഗീകരിച്ച് നികുതി വിഭവത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കുന്നതായി പ്രഖ്യാപിച്ചപ്പോഴുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചത് അതാണ്. ഈ ഫെഡറലിസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കി പരിപോഷിപ്പിക്കുക മാത്രമല്ല സംഭവിക്കുന്നത്. അഭിലാഷങ്ങള്‍ക്കൊത്ത് കൂടുതല്‍  ഉത്തരവാദിത്തങ്ങളും ഭാരങ്ങളും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. അതിന്‍െറ ഏറ്റവും പുതിയ സന്ദേശമാണ് റെയില്‍വേ ബജറ്റ്. ‘സഹകരണാത്മക ഫെഡറലിസ’മെന്ന് മൂടിപ്പൊതിഞ്ഞാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അതിനെ വിശേഷിപ്പിക്കുന്നത്. അടുത്ത ദിവസം വരാനിരിക്കുന്ന പൊതുബജറ്റില്‍ ഇത് ഒന്നുകൂടി പ്രതിഫലിക്കും.
പ്രാദേശികമായ അഭിലാഷങ്ങള്‍ക്കനുസൃതമായ വികസനം നടക്കണമെങ്കില്‍ സംസ്ഥാനവും പങ്കാളിത്തം വഹിക്കണം. പുതിയ പാത നിര്‍മിക്കുന്നതില്‍, ഇരട്ടിപ്പിക്കുന്നതില്‍, സ്റ്റേഷന്‍ വികസനത്തിലെല്ലാം ഭൂമി ഏറ്റെടുത്തുകൊടുത്ത് സംസ്ഥാന സര്‍ക്കാറിന് കണ്ടുനില്‍ക്കാമായിരുന്ന സ്ഥിതി മാറുകയാണ്. സാമ്പത്തികമായ പങ്കാളിത്തം സംസ്ഥാനവും വഹിച്ചേ മതിയാവൂ. സ്വന്തംനിലയില്‍ പണം നല്‍കാം. സ്വകാര്യമേഖലയെ പങ്കാളിയാക്കാം. റെയില്‍വേയുടെ പക്കലുള്ള ഭൂമി പാട്ടത്തിനുനല്‍കി വികസനപദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സഹായിക്കാം. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 14ാം ധനകമീഷന്‍ വഴി കിട്ടുന്ന അധിക വരുമാനത്തില്‍ നിന്നുമൊക്കെ റെയില്‍വേയുടെ കാര്യങ്ങള്‍ക്ക് പണം വകയിരുത്തേണ്ടി വരുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കന്നി ബജറ്റ് പ്രസംഗത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
യാത്ര നിരക്ക്, ചരക്കുകടത്ത് എന്നിവയാണ് റെയില്‍വേയുടെ വരുമാനമെങ്കില്‍, തീവണ്ടിയിലെ മേല്‍ത്തരം സൗകര്യങ്ങള്‍, ചരക്കുകടത്ത് വേഗത്തിലാക്കല്‍ എന്നിവ വര്‍ധിപ്പിക്കുന്നതില്‍ റെയില്‍വേ കേന്ദ്രീകരിക്കും. ചരക്കുകടത്ത് ഇടനാഴി, അതിവേഗ റെയില്‍വേ, വന്‍കിട സ്റ്റേഷന്‍ നിര്‍മാണം എന്നിങ്ങനെ നഗരകേന്ദ്രീകൃതമായ വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ നടത്തുന്നത് പതിവുവിട്ട വിഭവസമാഹരണ മാര്‍ഗങ്ങള്‍ വഴിയായിരിക്കും. പ്രത്യക്ഷ വിദേശ നിക്ഷേപം, പൊതു-സ്വകാര്യ പങ്കാളിത്തം, ബി.ഒ.ടി, സ്വകാര്യ പങ്കാളിത്തം എന്നിവയൊക്കെ മുതല്‍മുടക്കിന്‍െറ വഴികളായി സ്വീകരിക്കും. റെയില്‍വേ രാജ്യത്തിന്‍െറ നാഡിഞരമ്പാണെന്ന് പറയുമ്പോള്‍ തന്നെ, പാസഞ്ചര്‍-സ്ളീപ്പര്‍ യാത്രക്കാരല്ല മന്ത്രിയുടെ മനസ്സില്‍. മേല്‍ത്തരം റെയില്‍സൗകര്യങ്ങള്‍ക്ക് മുതല്‍മുടക്കുന്നതിനാണ് മോദിസര്‍ക്കാറിന് കമ്പമെന്ന് റെയില്‍വേമന്ത്രി  വ്യക്തമായും സൂചിപ്പിക്കുന്നുണ്ട്.
യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ വിശാലമായൊരു വിവരണം തന്നെ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി നടത്തിയിട്ടുണ്ട്. മൊബൈല്‍ റീചാര്‍ജിങ്ങിന് സൗകര്യം ഏര്‍പ്പെടുത്തുന്നതു മുതല്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ലോവര്‍ ബെര്‍ത്ത് അനുവദിക്കുന്നതിന് ശ്രദ്ധിക്കുമെന്നതുവരെ യാത്രക്കാര്‍ കാതുകൂര്‍പ്പിക്കുന്ന ഇനങ്ങള്‍ പലതും അതിലുണ്ട്. ഒക്കെ നല്ലതു തന്നെ. എന്നാല്‍ സമ്പൂര്‍ണമായൊരു ബജറ്റ് അവതരിപ്പിക്കുകയും സൂക്ഷ്മമായ കാര്യങ്ങള്‍ വരെ എടുത്തുപറയുകയും ചെയ്തിട്ടും, നിര്‍ബന്ധമായും പറയേണ്ട പല കാര്യങ്ങള്‍ക്കും മന്ത്രി വ്യക്തത നല്‍കിയിട്ടില്ല. മൂടിപ്പൊതിഞ്ഞ, അവ്യക്തതയുടെ മുഖമുണ്ട് ബജറ്റിന്. അതിനിടയിലും സര്‍ക്കാറിന്‍െറ ദിശാമാറ്റം തെളിഞ്ഞുകിടക്കുന്നു. കോര്‍പറേറ്റ്-നിക്ഷേപ താല്‍പര്യങ്ങള്‍ ഒരു വശത്ത്; ചുമതലകള്‍ സംസ്ഥാനങ്ങളുടെ ചുമലിലിട്ട് സേവനദാതാവിന്‍െറ വേഷം കെട്ടുന്ന അടവുനയം മറുവശത്ത്.
പുതിയ ട്രെയിനുകളൊന്നും പ്രഖ്യാപിച്ചില്ല. പുതിയ പാതകളെക്കുറിച്ചോ പുതിയ സര്‍വേകളെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. യാത്രക്കാരുടെ ചില്ലറ സൗകര്യങ്ങള്‍ ബജറ്റ് പ്രസംഗത്തിന്‍െറ സുപ്രധാന ഭാഗമാവുകയും പാതയും ട്രെയിനുമൊക്കെ ബജറ്റ് പ്രസംഗത്തിന്‍െറ ഭാഗമാകാന്‍ യോഗ്യതയില്ലാത്ത ഇനങ്ങളാവുകയും ചെയ്തത് വെറുതെയല്ല. പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തില്‍ തന്നെ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ പ്രഖ്യാപിക്കാത്തതിന് കാരണവും മന്ത്രി വിശദീകരിച്ചിട്ടുണ്ട്. പാളങ്ങളുടെ ശേഷിയെക്കാള്‍ കൂടുതല്‍ ട്രെയിനുകളാണ് ഓടുന്നത്. കാലാകാല നവീകരണം നടക്കാതെ വേഗം നിയന്ത്രിക്കപ്പെട്ട പാളങ്ങളിലൂടെ പുതിയ ട്രെയിനുകള്‍ കൂടി ഓടിക്കേണ്ടി വരും. ഇരട്ടപ്പാതയില്ലാതെ ഒറ്റപ്പാളത്തിലൂടെ കൂടുതല്‍ വണ്ടി ഓടേണ്ട സാഹചര്യമുണ്ട്. ഇതിനെല്ലാമിടയില്‍ പാളങ്ങളുടെ ശേഷി, പുതിയ ട്രെയിനുകള്‍ക്കുള്ള ആവശ്യം എന്നിവ വിദഗ്ധ സമിതി അവലോകനം ചെയ്യുന്നുണ്ട്. അത് ഉടന്‍ പൂര്‍ത്തിയാക്കി പുതിയ ട്രെയിനുകളുടെ പട്ടിക പ്രഖ്യാപിക്കുകയാണ് വേണ്ടത്. പുതിയ പാതകളുടെ കാര്യത്തിലാകട്ടെ, ഇത്തരത്തില്‍ വിശദീകരണങ്ങളൊന്നുമില്ല.
പുതിയ പാതകള്‍ക്ക് ആവശ്യമുന്നയിക്കുന്ന സംസ്ഥാനങ്ങള്‍, തങ്ങള്‍ വഹിക്കുന്ന പങ്കാളിത്തത്തിന്‍െറ തോത് കൂടി തീരുമാനിച്ച ശേഷം കേന്ദ്രത്തെ സമീപിച്ചാല്‍ മതിയെന്ന് ഇതില്‍ നിന്ന് വായിച്ചെടുക്കുന്നത് അല്‍പം കടന്ന ചിന്തയാണെന്ന് ഇപ്പോള്‍ തോന്നാം. എന്നാല്‍ പുതിയ പാതകളുടെ കാര്യത്തില്‍ ഭൂമി മാത്രമല്ല, പണവും നല്‍കേണ്ടി വരുമെന്ന യാഥാര്‍ഥ്യം വൈകാതെ സംസ്ഥാന സര്‍ക്കാറുകള്‍ തിരിച്ചറിയേണ്ടി വരും. പുതിയ ട്രെയിനുകള്‍ക്ക് ആവശ്യമുന്നയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്, നിലവിലെ പാതകളിലൂടെ പുതിയ വണ്ടി അനുവദിക്കാന്‍ പ്രയാസമുണ്ടെന്ന മറുപടിയും കേള്‍ക്കേണ്ടി വരും. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിങ്ങനെയുള്ള വന്‍കിട നിക്ഷേപ പദ്ധതികള്‍ക്ക് സംസ്ഥാനം താല്‍പര്യമെടുത്ത് നിക്ഷേപവും നിക്ഷേപകരെയും കണ്ടെത്തേണ്ടി വരും. മോദിസര്‍ക്കാറിന്‍െറ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ഇത്തരമൊരു ദിശാമാറ്റമാണ് പ്രതിഫലിപ്പിക്കുന്നത്. പാത ഇരട്ടിപ്പിക്കലിനും മറ്റും നാമമാത്രമായ തുക നീക്കിവെച്ചതിനെയും ഇത്തരമൊരു ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തിന്‍െറ പങ്കാളിത്തത്തോടെയുള്ള റെയില്‍വേ വികസനമെന്ന പുതിയ സമീപനം വിഭവസമാഹരണത്തിന് സാധ്യതകള്‍ ഏറെയുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയവക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ നല്ളൊരു റോഡും പാലവും നിര്‍മിക്കാനോ, സമയത്ത് ശമ്പളം നല്‍കാനോ പ്രയാസപ്പെടുന്ന കേരളം പോലെ വിഭവദരിദ്ര്യമായി നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. കേന്ദ്രവും സംസ്ഥാനവും പങ്കാളിത്തം വഹിച്ച് കേരളത്തിന്‍െറ റെയില്‍വേ വികസനം സാധ്യമാക്കുക എന്നത് നല്ളൊരു ആശയമായി തോന്നാം. റെയില്‍വേ വികസനത്തിന് ഭൂമി ഏറ്റെടുത്തു നല്‍കാന്‍ പോലും കഴിയാത്ത കേരളം, പണം കൂടി കണ്ടെത്തേണ്ട സ്ഥിതിയാണ് ഉണ്ടാവുന്നത്. ഫലത്തില്‍, ശേഷിയുള്ള സംസ്ഥാനങ്ങളും അല്ലാത്തവയുമായി വികസനത്തില്‍ അസന്തുലിതാവസ്ഥയാണ് ഉണ്ടായിത്തീരാന്‍ പോവുന്നത്.
14ാം ധനകമീഷന്‍െറ ശിപാര്‍ശ പ്രകാരം ലഭിക്കുന്ന 42 ശതമാനം നികുതി വിഹിതത്തില്‍ നിന്നോ, വരുമാനക്കമ്മി നികത്താന്‍ മൂന്നു വര്‍ഷം കൊണ്ടുനല്‍കുന്ന 9,519 കോടി രൂപയുടെ പ്രത്യേക സഹായത്തില്‍ നിന്നോ ഒരു തുക റെയില്‍വേ വികസനത്തിന് തിരിച്ചുചോദിക്കുന്ന സ്ഥിതിയാണ് ഇനി ഉണ്ടാവുന്നത്. ഒരു വശത്ത് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കി സംസ്ഥാനങ്ങളെ ശക്തരാക്കിയെന്ന് വാദിക്കുകയും മറുവശത്ത്, ആ തുകയില്‍ നിന്ന് പങ്കു ചോദിക്കുകയും ചെയ്യുന്ന പുതിയ ഏര്‍പ്പാടിന് റെയില്‍വേ ബജറ്റിലൂടെ തുടക്കമിട്ടിരിക്കുന്നു.
നിരക്കു വര്‍ധനയില്‍ മാറ്റം വരുത്താതിരുന്നത് യാത്രക്കാര്‍ക്ക് കിട്ടിയ ഒൗദാര്യമല്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുപിന്നാലെ ട്രെയിന്‍ യാത്ര നിരക്കുകളില്‍ 14.2 ശതമാനം വര്‍ധന വരുത്തിയിരുന്നു. അതിനുശേഷം ഡീസല്‍വില കാര്യമായി താഴ്ന്നു. ലിറ്ററിന്മേല്‍ ഇതിനകം കുറച്ചത് 14 രൂപയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജ് കൂട്ടുന്നത് യുക്തിസഹമാവില്ല. അതേസമയം, ചരക്കുകടത്തിന് സ്ളാബ് മാറ്റം വഴി ദീര്‍ഘദൂര നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വലിയ പ്രതീക്ഷകളുടെ ഭാരമാണ് സുരേഷ്പ്രഭുവിന് ഏറ്റെടുക്കേണ്ടിയിരുന്നത്. പ്രഫഷനല്‍ സ്വഭാവവും ആത്മാര്‍ഥതയുമുള്ള മന്ത്രിയെന്ന നിലയില്‍ അത്തരം പ്രതീക്ഷകള്‍ക്ക് ആക്കം വര്‍ധിപ്പിക്കുകയും ചെയ്തു. സുരക്ഷക്കും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കുമൊപ്പം റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം പറയുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നതില്‍ മന്ത്രി ശ്രദ്ധിച്ചിരിക്കുന്നത് ചരക്കുനീക്ക വേഗം, ചരക്കുകടത്ത് ഇടനാഴി തുടങ്ങി കോര്‍പറേറ്റ് മേഖലയിലാണ്.
ഒപ്പം അതിവേഗ പാതകളെക്കുറിച്ചും പറയുന്നു. ഇത്തരം വന്‍കിട നിക്ഷേപം ആവശ്യമുള്ള പദ്ധതികള്‍ക്ക് വിദേശ-സ്വദേശ നിക്ഷേപങ്ങള്‍ നിര്‍ബാധം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
ഫലത്തില്‍ യാത്രക്കാരെ സുഖിപ്പിക്കുന്ന ചില്ലറ പ്രഖ്യാപനങ്ങളില്‍ പൊതിഞ്ഞ്  ബജറ്റിനെ കോര്‍പറേറ്റ് സൗഹൃദമാക്കി മാറ്റിയെടുക്കാനാണ് സുരേഷ് പ്രഭു തന്‍െറ പ്രഫഷനല്‍ വൈദഗ്ധ്യത്തിനും മോദിഭക്തിക്കുമിടയില്‍ ശ്രദ്ധിച്ചിരിക്കുന്നത്.

ബദല്‍ രാഷ്ട്രീയം എന്ന പ്രത്യാശ

Posted: 26 Feb 2015 05:37 PM PST

Image: 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി   നേടിയത് ചരിത്രവിജയമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കെജ്രിവാള്‍ സംഘത്തിന്‍െറ പ്രചാരണരീതിയും 49 ദിവസത്തിനിടക്ക്  ഡല്‍ഹി ജനതക്കുണ്ടായ  ഭരണാനുഭവവും പ്രചാരണസമയത്ത് കാണിച്ച ആത്മാര്‍ഥത സ്ഫുരിക്കുന്ന ശരീരഭാഷയുമൊക്കെ ജനങ്ങളെ സ്വാധീനിച്ചു എന്നതും വസ്തുതയാണ്. എന്നാല്‍, കൊട്ടിഘോഷിക്കപ്പെടുന്നതുപോലെ ഇതില്‍ ഒരു മഹാദ്ഭുതം അവകാശപ്പെടാനില്ല. കാരണം, സൂക്ഷ്മ വിശകലനത്തില്‍ അത് ആപ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്‍െറ മാത്രം വിജയമല്ളെന്നു വ്യക്തമാവും. പ്രത്യുത, ജനാധിപത്യത്തിന്‍െറ അര്‍ഥം  പോലും മറന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഊഴം മാറി ഭരിച്ചു മുടിച്ച ഒരു നഗരത്തിലെ ജനം, അങ്ങേയറ്റം പൊറുതിമുട്ടിയപ്പോള്‍, അകപ്പെട്ട മഹാദുരന്തത്തില്‍നിന്ന് കരകയറാന്‍ പാര്‍ട്ടിയും മതവും ജാതിയും ഭാഷയും മറന്ന് നടത്തിയ രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു. ‘ആപു’കാര്‍ക്കു പുറമെ, കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ജനതക്കാരും തുടങ്ങി പണക്കാരനും പാവപ്പെട്ടവനും മധ്യവര്‍ഗവും പാര്‍ട്ടി ഉള്ളവനും ഇല്ലാത്തവനും വരെ ഉണ്ടതില്‍. ‘പാര്‍ട്ടി  യാഥാസ്ഥിതിക’രായ കുറെ ‘മുരടന്മാര്‍’ മാത്രമാണ് അവരവരുടെ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി താനേ വിരലമര്‍ത്തിയത്.
അളമുട്ടിയാല്‍ വോട്ട് ആപ്പിനും
ആം ആദ്മിയെക്കുറിച്ച് പാര്‍ട്ടി  വക്താക്കള്‍ക്കുതന്നെ അറിയാവുന്നതുപോലെ, കൃത്യമായ ഒരു പ്രത്യയശാസ്ത്രാടിത്തറയോ ഭദ്രമായ പാര്‍ട്ടി  ഘടനയോ ഇപ്പോഴും രൂപപ്പെട്ടുവന്നിട്ടില്ല. തിരയടിക്കുമ്പോള്‍ പതഞ്ഞുപൊങ്ങുന്ന നുര കണക്കെ ഓടിക്കൂടിയ ജനക്കൂട്ടമാണ് ആപ്. അധികാരത്തിലേറിയാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയാള്‍ പട്ടാളം മതിയാവുകയില്ല. പുറത്തിരുന്നു സമരം സംഘടിപ്പിക്കുന്നതുപോലെയോ  വാഗ്ദാനങ്ങള്‍ നല്‍കുന്നതുപോലെയോ എളുപ്പമല്ല അവ നടപ്പാക്കിക്കൊണ്ടുള്ള ഭരണം നടത്തിപ്പ്; ‘അടുക്കള’ ഭരണം മുഖ്യശത്രുവിന്‍െറ  കൈയിലായിരിക്കെ വിശേഷിച്ചും. വിശ്വാസമര്‍പ്പിച്ചിട്ട്, അത് 49 ദിനംകൊണ്ട് കളഞ്ഞുകുളിച്ചില്ളേ എന്ന് ആക്ഷേപിക്കുകയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത ജനങ്ങളോട് കെജ്രിവാള്‍ ചോദിച്ചത് ‘നിങ്ങള്‍ ഭരിക്കാനുള്ള ഭൂരിപക്ഷം തന്നില്ലല്ളോ’ എന്നായിരുന്നു.  ഡല്‍ഹി ജനതക്ക് മുന്നില്‍ ആപ്പിന് ഒരു ചാന്‍സ് കൂടി നല്‍കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. പാര്‍ലമെന്‍റില്‍ ഏറെ പ്രതീക്ഷയോടെയാണ് അവര്‍ ബി.ജെ.പിയെ വാഴിച്ചത്. പക്ഷേ, എട്ട് മാസംകൊണ്ട് മോദി സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തി. പിന്നെ ആപ് അല്ലാതെ ഒരു സെക്കന്‍ഡ്  ഓപ്ഷന്‍ ഇല്ല.
കെജ്രിവാള്‍ ഡല്‍ഹി   വാണീടും കാലം...
ആപ് നല്‍കിയ 70 ഇന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പകുതിയെങ്കിലും അഞ്ചു വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ കഴിയുമെങ്കില്‍തന്നെ ഡല്‍ഹി പുരോഗതിയുടെ പര്യായമായി മാറും. സൗജന്യ നിരക്കില്‍ വൈദ്യുതി, സൗജന്യമായി വെള്ളം, സാര്‍വത്രിക വിദ്യാഭ്യാസം, എട്ട് ലക്ഷം തൊഴില്‍, ഭക്ഷ്യാവകാശ നിയമം, എല്ലാവര്‍ക്കും ഭൂമി, പാര്‍പ്പിടം, സ്ത്രീ സുരക്ഷക്ക് 10,000 പ്രത്യേക  സുരക്ഷാസേന തുടങ്ങി സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന ഒരു പ്രശ്നപരിഹാര ‘വിശ്വവിജ്ഞാന കോശ’മാണ് ആം ആദ്മിയുടെ വാഗ്ദാന പത്രിക.  
ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ചരിത്രഭൂമികയില്‍ കോറിയിടുന്ന ചില രാഷ്ട്രീയപാഠങ്ങളുണ്ട്. അതാണ് യഥാര്‍ഥത്തില്‍ വിശകലനവിധേയമാവേണ്ടത്.
താമരക്ക് ‘മുഖം’ കൊടുക്കാതെ
മിക്ക നിരീക്ഷകരും അഭിപ്രായപ്പെട്ടപോലെ, ഈ തെരഞ്ഞെടുപ്പിലെ ഒന്നാമത്തെ പാഠം, ഏറെ പ്രതീക്ഷയോടെ ബി.ജെ.പി കാത്തിരുന്ന, രാജ്യത്തിന്‍െറ മുഖമായ തലസ്ഥാന  നഗരിയുടെ ഭരണസാരഥ്യം താമരയെ ഏല്‍പിക്കാന്‍ ഡല്‍ഹി ജനത ഒൗദാര്യം കാട്ടിയില്ല  എന്നതാണ്.  മൃഗീയഭൂരിപക്ഷത്തിലും  സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കുതന്ത്രങ്ങളിലൂടെ നേടിയ  നിരന്തരവിജയങ്ങളിലും മത്തുപിടിച്ച മോദി-ഷാ കൂട്ടുകെട്ടിന്‍െറ അധികാര ഹുങ്കിന് ഓര്‍ക്കാപുറത്തേറ്റ വന്‍ പ്രഹരമായി ഇത്. ജനാധിപത്യ ഇന്ത്യയില്‍ ഒരു മോദിക്കും അപ്രമാദിത്വമില്ല എന്നതാണ് ഇതിലെ മുന്നറിയിപ്പ്. ജനത്തോടു കളിച്ചാല്‍ ജനം കളിക്കും. അതാണ് ജനാധിപത്യം. ഒരു പക്ഷേ, ഇത്ര ക്രൂരമാവുമെന്ന് സ്വപ്നേപി നിനച്ചില്ളെങ്കിലും, തോല്‍ക്കുമെന്ന സൂചനകള്‍ നേരത്തേതന്നെ കിട്ടിയതിന്‍െറ ലക്ഷണമാവണം, തെരഞ്ഞെടുപ്പു ഫലം കേന്ദ്രഭരണത്തിന്‍െറ  വിലയിരുത്തലാവില്ളെന്നുള്ള അമിത് ഷായുടെ മുന്‍കൂര്‍ ജാമ്യവും, ആഭ്യന്തരഭിന്നതകള്‍പോലും അവഗണിച്ച്, തോറ്റാല്‍ ആര്‍ക്കും  ചേതമില്ലാത്ത കിരണ്‍ ബേദിയെ സ്ഥാനാര്‍ഥിയാക്കിയതും. താമര വിരിഞ്ഞുകഴിഞ്ഞു. ഏതു പൂവും വിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ വാടിത്തുടങ്ങുമല്ളോ!
മതേതരത്വത്തെ കടപുഴക്കാനാവില്ല
രാജ്യം മുഴുവന്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ പാര്‍ലമെന്‍റ് അംഗങ്ങളെയടക്കം കയറൂരിവിടുകയും, രാഷ്ട്രപിതാവിന്‍െറ ഘാതകനെ ആരാധനാമൂര്‍ത്തിയാക്കി പ്രതിഷ്ഠയും ക്ഷേത്രവും പണിയുകയും ഭരണഘടനയുടെ ആമുഖത്തിലെ ‘മതേതരത്വം’ എന്ന പദം പോലും അനാവശ്യമാണെന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ പ്രഖ്യാപിക്കുകയും ഒക്കെ ചെയ്യുന്ന ഒരുതരം അരാജക വര്‍ഗീയാന്തരീക്ഷത്തില്‍ ശുദ്ധമതേതരത്വം മാത്രം പറഞ്ഞ് ഡല്‍ഹി പിടിച്ചടക്കിയതില്‍, ഇന്ത്യന്‍ ജനതക്ക്, സംഘ്പരിവാറിനു പ്രത്യേകിച്ചും ചില പാഠങ്ങളുണ്ട്. മതേതരത്വത്തെ അത്ര എളുപ്പത്തില്‍ ഇന്ത്യന്‍ മന$സാക്ഷിയില്‍നിന്ന് പറിച്ചെടുത്ത് ദൂരെക്കളയാന്‍ സാധ്യമല്ല എന്നതാണതില്‍ പ്രധാനം. കെജ്രിവാളും സംഘവും ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയില്ല. മതവികാരങ്ങളെ തൊട്ടുണര്‍ത്താതത്തെന്നെ അദ്ദേഹം മുസ്ലിംകളുടെയും ക്രിസ്ത്യാനികള്‍ അടക്കമുള്ള ഇതര ന്യൂനപക്ഷങ്ങളുടെയും വോട്ട് ആവോളം നേടി.
മതവും ജാതിയും കളിക്കാതത്തെന്നെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്നും  ഡല്‍ഹി  തെരഞ്ഞെടുപ്പ് അസന്ദിഗ്ധമായി തെളിയിക്കുന്നു.
ജനാധിപത്യത്തിന്‍െറ കരുത്ത്
നിരക്ഷരരും നിര്‍ധനരും മഹാഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ജനാധിപത്യത്തിന് കരുത്തുണ്ടാവില്ല എന്നൊരു നിരീക്ഷണമുണ്ട്. ഇത് താത്ത്വികമായി ശരിയുമാണ്. പക്ഷേ, ഈ തത്ത്വം ഡല്‍ഹി  തെരഞ്ഞെടുപ്പ് തിരുത്തിയിരിക്കുന്നു. ഏത് അമിത് ഷാ തടയാന്‍ വിചാരിച്ചാലും,  ജനാധിപത്യത്തില്‍ ജനഹിതം പുലരുകതന്നെ ചെയ്യും എന്നത്, ജനാധിപത്യ ഇന്ത്യയുടെ വലിയ കരുത്താണ്. പണത്തിന്‍െറയും ‘പാനീയ’ങ്ങളുടെയും പുളപ്പില്‍ ജനഹിതങ്ങളെ സ്വഹിതങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്ന പരമ്പരാഗത പാര്‍ട്ടികളുടെ ‘മന്ത്രിക’രസതന്ത്രമാണ് ഇവിടെ ചാമ്പലായത്. 17 ശതമാനം ചേരിവാസികളും 22 ശതമാനം ന്യൂനപക്ഷങ്ങളുമുള്ള ഡല്‍ഹിയില്‍, അധികാരവും അര്‍ഥവും സ്വാധീനവുമുള്ള ‘സാധ്വി’യും മോദിയും സാക്ഷി മഹാരാജും ഒപ്പം 20 മന്ത്രിമാരും 120 എം.പി മാരും കൂടി ഇറങ്ങിക്കളിച്ചിട്ടും ജനം ഒരു ‘ചൂലി’ന്‍െറ വില പോലും കല്‍പിച്ചില്ല!
ബദല്‍ സാധ്യമാണ് എന്നതാണ് നാലാമത്തേതും അതിപ്രധാനവുമായ ഡല്‍ഹിപാഠം. പത്തറുപതു കൊല്ലം ജനം സഹിച്ചു. 11 പഞ്ചവത്സര പദ്ധതികള്‍ അവര്‍ കണ്ടു.  ആഗോള സാമ്പത്തിക ശക്തിയാവാന്‍ ‘നീയോ ഞാനോ’ എന്ന് ചൈനയുമായും അമേരിക്കയുമായും ഒക്കെ  മല്‍പിടിത്തം നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് പക്ഷേ, ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ  ദാരിദ്ര്യരേഖക്ക് താഴെയാണ്. 23 ദശലക്ഷം മനുഷ്യര്‍ക്ക് അന്തിയുറങ്ങാന്‍ കൂരയില്ല.  (2011ലെ കണക്കനുസരിച്ച്) 93 ദശലക്ഷം ജനങ്ങള്‍ ചേരിയിലാണ് താമസം -ജനസംഖ്യയുടെ 7.75 ശതമാനം; ബ്രിട്ടീഷ് ജനസംഖ്യയുടെ രണ്ടിരട്ടി. 15 ദശലക്ഷം പേര്‍ക്ക്  സ്വന്തം ശവം സംസ്കരിക്കാന്‍ പോലും ഒരു തരി ഭൂമിയില്ല. കോര്‍പറേറ്റുകള്‍ ലക്ഷക്കണക്കിന് ഏക്കറുകള്‍ അനധികൃതമായി കൈക്കലാക്കി കൈവശംവെച്ചത് ചോദിക്കാനും പറയാനും ആര്‍ക്കും ധൈര്യമില്ല. 2008ലെ കണക്കു പ്രകാരം, 72 ശതമാനം വരുന്ന ഗ്രാമീണരില്‍ 16 ശതമാനത്തിന് ജലം ലഭ്യമല്ല. 21 ശതമാനത്തിനേ ശുചീകരണ സൗകര്യമുള്ളൂ. ഓരോ പഞ്ചവത്സര പദ്ധതിയിലും 10 ശതമാനം വീതം ദാരിദ്ര്യനിര്‍മാര്‍ജനം എന്നതാണ് പദ്ധതിലക്ഷ്യം. പക്ഷേ, ഓരോ പദ്ധതിക്കാലം കഴിയുമ്പോഴും  ദാരിദ്ര്യവും ദരിദ്രരും   കൂടിവരുകയാണ്.
ഏകാധിപത്യ ഭരണപ്രദേശങ്ങളെപ്പോലും അതിശയിപ്പിക്കുന്ന വിധം ഭരണകൂടവും ജനങ്ങളും തമ്മില്‍ അകന്നുകഴിഞ്ഞ ഈയൊരു രാഷ്ട്രീയ ചരിത്ര പ്രതിസന്ധിയിലാണ്,   ഷഷ്ടിപൂര്‍ത്തി  ആഘോഷിച്ചുകഴിഞ്ഞ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളോട് സ്വീകരിച്ചുവരുന്ന  നിലപാടുകള്‍ തിരുത്താന്‍ ജനാധിപത്യഭാരതം പുതിയ ബദലുകള്‍ തിരയുന്നത്. ഡല്‍ഹിയില്‍ അത് ആപ്പിന്‍െറ രൂപത്തിലാണ് അവതരിച്ചതെങ്കില്‍, രാജ്യത്തിന്‍െറ ഇതര ഭാഗങ്ങളില്‍ ആപ്പിനേക്കാള്‍ സൈദ്ധാന്തികാടിത്തറയും രാഷ്ട്രീയ ഉള്ളടക്കവുമുള്ള മറ്റു നവ ജനകീയ ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെയാവാം അത് സംഭവിക്കുക.

റെയില്‍വേയില്‍ മുഴങ്ങുന്ന മാറ്റത്തിന്‍െറ ചൂളംവിളി

Posted: 26 Feb 2015 05:34 PM PST

Image: 

കഴിഞ്ഞ രണ്ടു ദശാബ്ദമായി അടിസ്ഥാന വികസന വിഷയത്തില്‍ ഇന്ത്യന്‍ റെയില്‍വേ മുരടിച്ചുകിടക്കുകയാണെന്നും സ്വകാര്യവത്കരണത്തിന്‍െറ പാതയിലൂടെ അതിദ്രുതം കുതിക്കേണ്ടത് അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞ് വകുപ്പുമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച മോദി സര്‍ക്കാറിന്‍െറ പ്രഥമ പൂര്‍ണ റെയില്‍വേ ബജറ്റ് ദിശാപരമായ മാറ്റമാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം മേലില്‍ വിദേശനിക്ഷേപകരുടെയടക്കം പണംകൊണ്ട് മുന്നോട്ടുപോകുന്ന, നവീകരിക്കപ്പെട്ട സംരംഭമായിരിക്കുമെന്ന സന്ദേശം ബജറ്റ് കൈമാറുന്നുണ്ടെങ്കിലും ബജറ്റില്‍ പരമ്പരാഗതമായി ഉള്‍പ്പെടുത്താറുള്ള, ജനങ്ങള്‍ അറിയേണ്ട പല വിവരങ്ങളും മറച്ചുപിടിച്ചത് വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പുതിയ തീവണ്ടികളെക്കുറിച്ചോ പാതകളെക്കുറിച്ചോ ഒരു വിവരവും പുറത്തുവിട്ടില്ല. യാത്ര, ചരക്ക് നിരക്ക് കൂട്ടാതെ, സൗകര്യപ്രദമായ യാത്രയും കൂടുതല്‍ സുരക്ഷയും വേഗവും വാഗ്ദാനംചെയ്യാനാണ് ഒരുമണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം ഉപയോഗപ്പെടുത്തിയത്. എന്നാല്‍, ചരക്കുകൂലി കൂട്ടിയിട്ടില്ളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ കൂടുന്ന തരത്തിലാണ് സ്ളാബ് ക്രമീകരിച്ചിരിക്കുന്നതെന്നാണ് ബജറ്റ് രേഖകള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. അടിസ്ഥാന സൗകര്യം കൂട്ടുന്നതിന്‍െറയും നവീകരണം സാധ്യമാക്കുന്നതിന്‍െറയും ഭാഗമായി വരുന്ന അഞ്ചുവര്‍ഷത്തില്‍ 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മന്ത്രി വിഭാവനചെയ്യുന്നത്. പാതകളുടെ കാര്യക്ഷമത കൂട്ടുന്നതിനും ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും വേണ്ടി മാത്രം ബജറ്റില്‍ 92,186 കോടി രൂപ നീക്കിവെച്ചിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം തുക കൂടുതലായി വകയിരുത്തിയിട്ടുണ്ട്. യാത്ര സുഖപ്രദവും സുഗമവുമാക്കാന്‍ കേള്‍ക്കാന്‍ ഇമ്പമുള്ള കുറെ സൗകര്യങ്ങളും മന്ത്രി നിരത്തുന്നുണ്ട്.
ഇന്ധന വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ നിരക്ക് അതേപടി നിലനിര്‍ത്തിയതെന്ന് ഓര്‍ക്കണം. മാത്രമല്ല, യാത്രാനിരക്ക് 14 ശതമാനവും ചരക്കുകൂലി ആറു ശതമാനവും വര്‍ധിപ്പിച്ചിട്ട് ഒരു വര്‍ഷമായിട്ടില്ല. അതേസമയം, അടിസ്ഥാനവികസനത്തിനായി നിക്ഷേപം കണ്ടത്തൊന്‍ പി.പി.പി, ബി.ഒ.ടി രീതികള്‍ തുടങ്ങി എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളെപ്പോലും ഈ മേഖലയിലേക്ക് മാടിവിളിക്കാന്‍ പോവുകയാണ്. വാഗണ്‍ നിര്‍മാണം, ചരക്കുനീക്കം തുടങ്ങിയ സുപ്രധാനമേഖലകളെ സ്വകാര്യവത്കരണത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുന്നത് നയംമാറ്റത്തിന്‍െറ വ്യക്തമായ ഉദാഹരണമാണ്. റെയില്‍വേയുടെ ഭൂമി സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് എന്നിവയില്‍നിന്നെല്ലാം പണം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മന്ത്രി ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോയത്. എന്നാല്‍, തീവണ്ടിയാത്രക്കാരുടെ സൗകര്യങ്ങള്‍ അഭൂതപൂര്‍വമായി കൂടാന്‍ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കി കോര്‍പറേറ്റുകളുടെ കൈയിലേക്ക് മൊത്തത്തില്‍ ഏല്‍പിച്ചുകൊടുക്കാന്‍ പാര്‍ലമെന്‍റിന്‍െറ അനുമതി തരപ്പെടുത്തിയെടുക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നത്, സാമാന്യജനത്തിന്‍െറ പ്രിയപ്പെട്ട ഗതാഗത സംവിധാനം എന്നതില്‍നിന്ന് കോര്‍പറേറ്റ് ലോബിക്ക് ലാഭം കൊയ്യാനുള്ള ഒരേര്‍പ്പാടായി ഈ ഗവണ്‍മെന്‍റ് റെയില്‍വേയെ പരിവര്‍ത്തിപ്പിക്കുമെന്നുതന്നെയാണ്.
സുഖദായകമായ യാത്ര എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബജറ്റില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പലതും നിലവിലുള്ളതാണെന്നും കൂടുതല്‍ തീവണ്ടികളും പുതിയ കോച്ചുകളും അനുവദിക്കാതെ ഈ ദിശയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സാധിക്കില്ളെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചു മിനിറ്റുകൊണ്ട് ടിക്കറ്റുകള്‍ എടുക്കാന്‍ കഴിയുമെന്നും ഗര്‍ഭിണികള്‍ക്കും അവശര്‍ക്കും താഴെ ബെര്‍ത്ത് അനുവദിക്കുമെന്നും വണ്ടിസമയം എസ്.എം.എസ് വഴി അറിയിക്കുമെന്നുമൊക്കെ വാഗ്ദാനംചെയ്യാന്‍ ഒരു ബജറ്റ് പ്രസംഗത്തിന്‍െറ ആവശ്യമില്ലല്ളോ? ശുചിത്വത്തിന് മുന്‍ഗണന നല്‍കുമെന്നും 17,000 ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കുമെന്നുമൊക്കെ മന്ത്രി ഉറപ്പുനല്‍കുന്നുണ്ടെങ്കിലും മിക്കവാറും വൃത്തിയും വെടിപ്പുമൊക്കെ ഉയര്‍ന്ന ക്ളാസുകളിലെ പ്രമാണി യാത്രക്കാര്‍ക്ക് മാത്രമേ പ്രതീക്ഷിക്കാനാവൂ. റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ മികവും സംസ്ഥാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ഏറ്റെടുക്കേണ്ട ബാധ്യതകളാണെന്ന മന്ത്രി പ്രഭുവിന്‍െറ പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം.
ഓരോ റെയില്‍വേ ബജറ്റിനു ശേഷവും അവഗണനയുടെ പേരില്‍ പരിഭവംകൊള്ളാനാണ് കേരളീയന്‍െറ തലവിധി. ആ അവസ്ഥക്ക് ഒരുമാറ്റവും ഉണ്ടായില്ല എന്നാണ് ബജറ്റിലൂടെ കണ്ണോടിക്കുമ്പോള്‍ പ്രാഥമികമായി മനസ്സിലാവുന്നത്. കേരളത്തിന്‍െറ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വകുപ്പു മന്ത്രിയെ നേരില്‍ക്കണ്ട് ബോധിപ്പിച്ചതാണ്. എന്നാല്‍, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജ് മാറ്റം എന്നീ ആവശ്യങ്ങള്‍ക്ക് മതിയായ തുക വകയിരുത്തിയിട്ടില്ല എന്നാണ് കേരളത്തില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ സങ്കടം നിരത്തുന്നത്. അമ്പലപ്പുഴ-ഹരിപ്പാട് പാതക്ക് 55 കോടിയും എറണാകുളം-കുമ്പളം പാതക്ക് 30 കോടിയും ശബരിപാതക്ക് അഞ്ചുകോടിയും ചെങ്ങന്നൂര്‍-ചിങ്ങവനം പാതക്ക് 58 കോടിയും കൊല്ലം തിരുനെല്‍വേലി പാതക്ക് 85 കോടിയും നീക്കിവെച്ചിട്ടുണ്ടെങ്കിലും എറണാകുളം-കോട്ടയം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണത്തിന് നിസ്സാര തുകയാണ് മാറ്റിവെച്ചത്. മലബാര്‍ മേഖല പൂര്‍ണ നിരാശയിലാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവണമെങ്കില്‍ മുതല്‍മുടക്കാന്‍ തയാറായ ആരെയെങ്കിലും കണ്ടത്തെുകയേ നിര്‍വാഹമുള്ളൂ.

ഗിന്നസ് റെക്കോഡ് കാത്ത് ബുര്‍ജ് ഖലീഫയുടെ മാതൃക

Posted: 26 Feb 2015 11:16 AM PST

Image: 

കോഴിക്കോട്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ കുഞ്ഞു പതിപ്പ് ന്യൂസ് പേപ്പര്‍കൊണ്ട് നിര്‍മിച്ച് വിസ്മയിപ്പിക്കുകയാണ് മലപ്പുറം ദേവകിയമ്മ  ഗുരുവായൂരപ്പന്‍ കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ഥികള്‍. 829.8 മീ. ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ മാതൃകക്ക് 16.6 മീ. ഉയരമുണ്ട്.

പൈ്ളവുഡ് പ്ളാറ്റ്ഫോമില്‍ പൂര്‍ണമായും ദിനപത്രങ്ങളും പശയും മാത്രമുപയോഗിച്ചു തീര്‍ത്ത രൂപത്തിന് ഗിന്നസ്, ലിംക ബുക് ഓഫ് റെക്കോഡ് പ്രതീക്ഷിക്കുന്നുണ്ട്. 30,000 ന്യൂസ് പേപ്പര്‍ റോളുകള്‍ ഉപയോഗിച്ച് 32 മൊഡ്യൂളുകളായാണ് രൂപം നിര്‍മിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നുമാസം സമയമെടുത്ത് 15 വിദ്യാര്‍ഥികളടങ്ങിയ ടീമാണ് രൂപം നിര്‍മിച്ചത്. ഏകദേശം 1183 കിലോ ഭാരമുണ്ട് ഈ കെട്ടിട മാതൃകക്ക്. 50,000 രൂപയാണ് മൊത്തം ചെലവ്. രണ്ടു പകലും രണ്ടു രാത്രിയും ചെലവഴിച്ചാണ് പേപ്പര്‍ മൊഡ്യൂളുകള്‍ ഉറപ്പിച്ചുനിര്‍ത്തിയത്.  
മാതൃകയെ സംബന്ധിച്ച വിവരങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ക്കും, ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ക്കും അയച്ചുകൊടുത്തതായും മൂന്നുമാസത്തിനകം അതു സംബന്ധിച്ച വിവരം ലഭ്യമാവുമെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ സാലെസ് ഈപ്പന്‍, അസിസ്റ്റന്‍റ് പ്രഫസര്‍ റിന്നി പ്രേം എന്നിവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി. ജിഷ്ണു, ടി.വി. ശ്രീജിത്ത്, പി. പി. മുഹമ്മദ് ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP