സ്വാഗതം
WELCOME

News Update..

Thursday, February 19, 2015

പാലക്കുഴിയിലെ നിര്‍ദിഷ്ട ജലപദ്ധതി ചുവപ്പു നാടയില്‍ Madhyamam News Feeds

പാലക്കുഴിയിലെ നിര്‍ദിഷ്ട ജലപദ്ധതി ചുവപ്പു നാടയില്‍ Madhyamam News Feeds

Link to

പാലക്കുഴിയിലെ നിര്‍ദിഷ്ട ജലപദ്ധതി ചുവപ്പു നാടയില്‍

Posted: 19 Feb 2015 12:23 AM PST

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴിയിലെ നിര്‍ദിഷ്ട ജലവൈദ്യുതി പദ്ധതിയുടെ പ്രവര്‍ത്തനം ചുവപ്പ് നാടയില്‍ കുടുങ്ങി. മീന്‍വല്ലം പദ്ധതിക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയാണിത്. മീന്‍വല്ലം പദ്ധതി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങി. പാലക്കുഴി പദ്ധതിയുടെ പ്രവര്‍ത്തനം ഇഴഞ്ഞ മട്ടിലാണ്. ടി. ശിവദാസമേനോന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പദ്ധതിയുടെ പ്രാരംഭ സര്‍വേ പൂര്‍ത്തീകരിച്ചെങ്കിലും പദ്ധതി അധികൃതരുടെ അവഗണനയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ 2.14 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. ശേഷിക്കുന്ന ജലം ആലത്തൂര്‍ താലൂക്കിലെ നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് ഉപയോഗിക്കാം. വര്‍ഷത്തില്‍ എട്ട് മാസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ലഭ്യമാവുമെന്നാണ് കണക്ക്. 1996ല്‍ ജില്ലാ പഞ്ചായത്തിന്‍െറയും ഐ.ആര്‍.ടി.സിയുടേയും നേതൃത്വത്തില്‍ വിശദ പഠനം നടത്തിയിരുന്നു. വൈദ്യുതി, കുടിവെള്ളം, ജലസേചനം എന്നീ ആവശ്യങ്ങള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നായിരുന്നു സംഘത്തിന്‍െറ വിലയിരുത്തല്‍. പാലക്കുഴിയിലെ തിണ്ടില്ലം വെള്ളച്ചാട്ടത്തിലാണ് പദ്ധതി സ്ഥാപിക്കുന്നത്. വര്‍ഷത്തില്‍ ഒമ്പത് മാസവും ഇവിടെ ശക്തമയ നീരൊഴുക്കുണ്ട്. വെള്ളച്ചാട്ടത്തിന് മുകളിലെ അഞ്ചുമുക്ക് എന്ന സ്ഥലത്താണ് ഡ്രൈവേര്‍ഷന്‍ വിയര്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്ന് 200 അടി നീളത്തിലും 15 അടി വീതിയിലുമുള്ള കനാലിലൂടെ 750 മീറ്റര്‍ അകലെ അത്തിക്കാരകുണ്ടില്‍ വെള്ളം എത്തിക്കാന്‍ കഴിയും. തുടര്‍ന്ന്, പെന്‍ സ്റ്റോക്ക് വഴി 600 അടി താഴെ നിര്‍മിക്കുന്ന പവര്‍ ഹൗസില്‍ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. മംഗലം പുഴയിലൂടെ ഒഴുകി നഷ്ടപ്പെടുന്ന ജലത്തിന്‍െറ 75 ശതമാനവും പാലക്കുഴി തെന്മല വൃഷ്ടി പ്രദേശങ്ങളില്‍ നിന്ന് ഒഴുകി വരുന്നതാണ്. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമവും കാര്‍ഷിക ജലസേചന ദൗര്‍ലഭ്യവും പരിഹരിക്കാനാകും.
കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായതിനാല്‍ വിജയസാധ്യത ഏറെയാണ്.

എം.പിയുടെ പ്രാദേശിക വികസന പദ്ധതി: 3.15 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി

Posted: 19 Feb 2015 12:12 AM PST

കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.15 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ്, ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ്, റോഡ് നിര്‍മാണം എന്നിവ ഇതില്‍ പെടുന്നു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് 15,96,001 രൂപയും പരവൂര്‍ ഗവ. ഹൈസ്കൂളില്‍ സ്റ്റേജ് നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കേരളപുരം, ശക്തികുളങ്ങര, കണ്ണങ്കോട്, വെഞ്ചേമ്പ്, പുത്തുത്തടം, ശങ്കരമംഗലം, വെറ്റമുക്ക്, കുറ്റിവട്ടം, കൊല്ലക-പള്ളിമുക്ക്, മൈലക്കാട്, ഇത്തിക്കര എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള 56,89,066 രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി, കോണ്‍ക്രീറ്റിങ്, ടാറിങ്, ഓടനിര്‍മാണം എന്നിവക്കായി 89,25,000 രൂപക്കും ഭരണാനുമതി നല്‍കി. വെളിനല്ലൂര്‍ പഞ്ചായത്തിലെ പെരപ്പയം-മങ്കാട്ടുകാവ്, മാങ്കോണംപള്ളി-കട്ടേനി, മേലേമുക്ക്-പൊയ്കയില്‍, ഇളമാട് പഞ്ചായത്തിലെ ഇലവുംമൂട്-പാറയില്‍ ജുമാമസ്ജിദ്, ചിതറ ഗ്രാമപഞ്ചായത്തിലെ തൂറ്റിക്കല്‍-ചാവരുകുന്ന്-മൈലാട്ടുകോണം റോഡുകള്‍ക്ക് 24,00,000 രൂപ അനുവദിച്ചു.
പുനലൂര്‍ നഗരസഭയിലെ അഷ്ടമംഗലം വാര്‍ഡിലെ മലവാതുക്കല്‍ പൂന്തോട്ടം റോഡ്, കേളന്‍കാവ് വാര്‍ഡിലെ ഇടക്കുന്ന്-ബ്ളാവടി എസ്റ്റേറ്റ് റോഡ് എന്നിവക്കായി 13,00,000 രൂപക്കും പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല കിളിത്തട്ടില്‍ റോഡ്, തിരിച്ചങ്കാവ്-മാറങ്ങാട് കക്കോട് റോഡ്, പാലൂര്‍കോണം-മടവറ റോഡ് എന്നിവക്ക് 10 ലക്ഷം രൂപക്കും ഭരണാനുമതിയായി. മയ്യനാട് ഗ്രാമപഞ്ചായത്തിലെ പന്നിമണ്‍ ക്ഷേത്രം-മൈലാപ്പൂര്‍, പൊന്നാരം മുക്ക്-താന്നിക്കുഴി റോഡുകള്‍ക്ക് ഒമ്പത് ലക്ഷം രൂപയും പെരിനാട് ഗ്രാമപഞ്ചായത്തിലെ വില്ളേജ് ജങ്ഷന്‍-കാട്ടുവിള റോഡിന് നാലു ലക്ഷം രൂപയും പേരയം ഗ്രാമപഞ്ചായത്തിലെ ഇടത്തുണ്ടില്‍ ജങ്ഷന്‍ കുറിച്ചിയില്‍ ഏലാ റോഡിന്‍െറ കലുങ്ക് നിര്‍മാണത്തിന് നാലു ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം നഗരസഭയിലെ പുന്നത്തല ഡിവിഷനില്‍ കൊടുന്തറയില്‍ ഓട നിര്‍മിക്കുന്നതിനും ശക്തികുളങ്ങര ഡിവിഷനില്‍ സെന്‍റ് ജോണ്‍ ഡി ബ്രിട്ടോ പള്ളി മുതല്‍ കാട്ടുവിള വരെ ഓവുചാല്‍ നിര്‍മിക്കുന്നതിനുമായി 12 ലക്ഷം രൂപക്ക് അനുമതി നല്‍കി. ചെക്കാലമുക്ക്-കുന്നംപ്പള്ളിമുക്ക് റോഡിന് അഞ്ചു ലക്ഷം രൂപയുടെയും ചവറ ഗ്രാമപഞ്ചായത്തില്‍ മണ്ണാടിക്കല്‍ മുക്ക്-പുതുവയല്‍ റോഡിന് ഫുട്ട്പാത്ത്, ഓട എന്നിവക്കായി ഏഴു ലക്ഷം രൂപയുടെയും തേവലക്കര ഗ്രാമപഞ്ചായത്തില്‍ ചാലിയത്ത് മുസ്ലിം ജമാഅത്ത് ജങ്ഷന്‍ മുതല്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളി ജങ്ഷന്‍ വരെയുള്ള റോഡിന് 1.25 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

ടീസ്റ്റ സെറ്റല്‍വാദിന്‍െറ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

Posted: 19 Feb 2015 12:07 AM PST

Image: 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ ഫണ്ടില്‍ തിരിമറി നടത്തി എന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്‍െറയും ഭര്‍ത്താവിന്‍െറയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസില്‍ ടീസ്റ്റയെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യണമെന്ന ഗുജറാത്ത് സര്‍ക്കാറിന്‍െറ ആവശ്യമാണ് കോടതി സ്റ്റേ ചെയ്തത്. ടീസ്റ്റ നല്ല ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരാണെന്നും അറസ്റ്റ് ഇവരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും ജസ്റ്റിസുമാരായ എ.കെ ഗോയല്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അതേ സമയം ഫണ്ട് വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാനും കോടതി ടീസ്റ്റയോട് ആവശ്യപ്പെട്ടു.

ഗുല്‍ബര്‍ഗ കൂട്ടക്കൊലുടെ ഇരകള്‍ക്കായി മ്യൂസിയം നിര്‍മിക്കാന്‍ സ്വരൂപിച്ച 3.75 കോടി രൂപയില്‍ 1.51 കോടി രൂപ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാരോപിച്ചാണ് ഗുജറാത്ത് സിറ്റി ക്രൈംബ്രാഞ്ച് ടീസ്റ്റ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തിരിമറി നടത്തിയ പണം കൊണ്ട് ടീസ്റ്റ സെറ്റല്‍വാദും ഭര്‍ത്താവും ബ്രാന്‍ഡഡ് വസ്ത്രം, ഷൂ, വിദേശ യാത്ര എന്നിവ നടത്തിയതായുമാണ് സര്‍ക്കാര്‍ ആരോപണം

ദമ്പതികള്‍ സഹകരിക്കുന്നില്ളെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും അതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നുമാണ് ഗുജറാത്ത് സര്‍ക്കാറിന്‍െറ വാദം. നേരത്തേ ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.
 

ഭീകരവാദികള്‍ സംസാരിക്കുന്നത് മുസ്ലിംകള്‍ക്കു വേണ്ടിയല്ല, ഇസ്ലാമുമായി യുദ്ധത്തിനില്ല^ഒബാമ

Posted: 19 Feb 2015 12:01 AM PST

Image: 

വാഷിംങ്ടണ്‍: ഇസ്ലാമിക ഭീകരര്‍ സംസാരിക്കുന്നത് ലോകത്തിലെ 100 കോടി മുസ്ലിംകള്‍ക്ക് വേണ്ടിയല്ളെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഭീകരവാദികള്‍ നല്‍കുന്ന തെറ്റായ ഉറപ്പുകളെ പൊരുതിതോല്‍പിക്കാന്‍ പടിഞ്ഞാറിലെയും മുസ്ലിം ലോകത്തെയും നേതാക്കള്‍ ഐക്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അക്രമണോത്സുക തീവ്രവാദത്തെ ചെറുക്കുക’ എന്ന തലക്കെട്ടില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ-രഹസ്യാന്വേഷണ വിദഗ്ധര്‍ പങ്കെടുക്കുന്ന വാഷിംങ്ടണ്‍ ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലും ദക്ഷിണേഷ്യയിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) വിമതര്‍ നടത്തുന്ന കിരാതകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് വാഷിംങ്ടണില്‍ ത്രിദിന സമ്മേളനം നടക്കുന്നത്.

മതത്തിന്‍റെ നേതാക്കളെന്നും വക്താക്കളെന്നും സ്വയം ചിത്രീകരിക്കുന്ന ഭീകരര്‍ യഥാര്‍ഥത്തില്‍ മതനേതാക്കള്‍ അല്ല.  ഇസ് ലാമുമായി തങ്ങള്‍ യുദ്ധത്തിനില്ല. ഇസ് ലാമിനെ വികൃതവല്‍ക്കരിക്കുന്നവരോടാണ് യുദ്ധം. ഭീകരവാദം തടയുന്നതില്‍ സൈന്യത്തിന് മാത്രമല്ല,  മതവിഭാഗങ്ങള്‍ക്കും പങ്കുണ്ടെന്നും ഒബാമ പറഞ്ഞു.

എന്നാല്‍, ഐ.എസിനെ പോലുള്ള ഭീകരവാദികള്‍ നല്‍കുന്ന സന്ദേശങ്ങളെ പ്രതിരോധിക്കാന്‍ ഒബാമ  ഭരണകൂടത്തിന് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന് സമ്മേളനത്തിനത്തെിയ  ചില പ്രതിനിധികള്‍ ആശങ്ക ഉയര്‍ത്തി. 

ഉച്ചകോടിയുടെ ആദ്യദിനത്തില്‍ ആഭ്യന്തര തീവ്രവാദമുയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്തു. സമാപന ദിവസം വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും.

വിദേശ തീവ്രവാദപ്രവര്‍ത്തനം തടയുന്നത് സംബന്ധിച്ച ചര്‍ച്ച നടക്കും. ഇന്ത്യയുടെ സംയുക്ത രഹസ്യാന്വേഷണ സമിതി ചെയര്‍മാന്‍ ആര്‍.എന്‍. രവിയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.

തീവ്രവാദം തടയുന്നതിന് ആഗോള കൂട്ടായ്മ വ്യാപിപ്പിക്കുന്നതിനുള്ള അജണ്ടയാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നതെന്ന് മുതിര്‍ന്ന വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീവ്രവാദി സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും അതിന് പിന്തുണ നേടുന്നതും തീവ്രവാദ പ്രവര്‍ത്തനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നതും തടയുന്നതിനുള്ള ആഭ്യന്തരവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നതും സമ്മേളനത്തിന്‍െറ ലക്ഷ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
 

ടെക്നോപാര്‍ക്കിലെ ക്ളബ് കൈമാറ്റത്തില്‍ അഴിമതിയെന്ന്

Posted: 18 Feb 2015 11:32 PM PST

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ക്ളബും ആറേക്കര്‍ ഭൂമിയും സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കാനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്ന് കേരള സ്റ്റേറ്റ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് അസോസിയേഷന്‍. ക്ളബ് വിട്ടുനല്‍കുന്നതിനുള്ള കരാര്‍ നടപടികളില്‍നിന്ന് ടെക്നോപാര്‍ക്ക് ഭരണസമിതി പിന്മാറിയില്ളെങ്കില്‍ നാളെ മുതല്‍ ടെക്നോപാര്‍ക്കിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ പാരിപ്പള്ളി വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന ടെക്നോപാര്‍ക്ക് ക്ളബ് നവീകരിക്കുന്നതിനെന്ന വ്യാജേനയാണ് ചാരിറ്റബ്ള്‍ സൊസൈറ്റി പ്രകാരം സ്വകാര്യ കമ്പനിക്ക് രജിസ്റ്റര്‍ ചെയ്തുനല്‍കുന്നത്. ക്ളബിനൊപ്പം ആറേക്കറിലധികം വരുന്ന വസ്തുവും കൈമാറേണ്ടിവരും. ഈ സ്ഥലത്തിന് സെന്‍റിന് 15 ലക്ഷം രൂപ നിരക്കില്‍ 90 കോടി രൂപ വിലമതിക്കുന്നുണ്ട്.
പ്രതിമാസം 3.6 കോടി രൂപ വരുമാനമാണ് ക്ളബില്‍നിന്ന് ലഭിക്കുന്നത്. ക്ളബ് നവീകരിക്കുന്നതിനുള്ള ഫണ്ട് ക്ളബിന്‍െറ ബാങ്ക് അക്കൗണ്ടില്‍ നിന്നും അംഗങ്ങളില്‍നിന്നും കണ്ടത്തൊനാകുമെന്നിരിക്കെ ഇതിനായി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അഴിമതി താല്‍പര്യത്തിന്‍െറ ഭാഗമാണ്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വ്യവസായമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികളായ കൃഷ്ണകുമാര്‍, എഴിപ്പുറം മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ ഇ-മണല്‍ സംവിധാനം വരുന്നു

Posted: 18 Feb 2015 11:27 PM PST

കല്‍പറ്റ: അനധികൃത മണല്‍ കടത്ത് തടയുന്നതിനും മണലിന്‍െറ ശരിയായ വിതരണം സാധ്യമാക്കുന്നതിനും ജില്ലയില്‍ ഇ-മണല്‍ സംവിധാനം നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. 17 പഞ്ചായത്തുകളിലെ 99 കടവുകളിലെ മണലാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത്. മണല്‍ ലഭിക്കുന്നതിന് അക്ഷയ സെന്‍ററുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കണം.
ഗുണഭോക്താവിന്‍െറ ആവശ്യകതക്കനുസരിച്ച് സെക്രട്ടറിമാര്‍ ആവശ്യമുള്ള മണലിന്‍െറ അളവ് സാക്ഷ്യപ്പെടുത്തിനല്‍കും. ഇത് വീണ്ടും അക്ഷയ സെന്‍ററുകളില്‍ നല്‍കി ടോക്കണ്‍ നമ്പര്‍ വാങ്ങണം.
ഊഴമത്തെുന്നതിനനുസരിച്ച് അക്ഷയ സെന്‍ററുകളില്‍നിന്ന് ഏത് കടവില്‍നിന്നാണ് മണല്‍ ലഭിക്കുകയെന്ന സന്ദേശം ഗുണഭോക്താവിന് ലഭിക്കും. കടവിലത്തെി മണല്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നിശ്ചിത തുകയടച്ച് വാങ്ങാം. പുതിയ കെട്ടിടം പണിയുന്നവര്‍ക്ക് ലഭ്യതക്കനുസരിച്ച് പരമാവധി 60 ടണ്‍ മണലും റിപ്പയര്‍ ചെയ്യുന്നവര്‍ക്ക് പരമാവധി 10 ടണ്‍ മണലുമാണ് ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പട്ടിക വര്‍ഗ കുടുംബങ്ങള്‍, ഐ.എ.വൈ ഗുണഭോക്താക്കള്‍, വിമുക്തഭടന്മാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയുണ്ടാകും.
മണലിന്‍െറ ദുരുപയോഗം തടയുന്നതിന് അപേക്ഷയോടൊപ്പം പഞ്ചായത്തില്‍നിന്നുള്ള ബില്‍ഡിങ് പെര്‍മിറ്റ്, എന്‍.ഒ.സി എന്നിവ നിര്‍ബന്ധമാക്കും. മണലിന്‍െറ അളവ്, വില, മറ്റു നിബന്ധനകള്‍ എന്നിവ നിശ്ചയിക്കുന്നതിനായി എല്ലാ പഞ്ചായത്തിലും കടവ് കമ്മിറ്റികള്‍ അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും കലക്ടര്‍ പറഞ്ഞു.
അനധികൃത മണല്‍ കടത്ത് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭവനരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭവനപദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയായി

Posted: 18 Feb 2015 10:32 PM PST

കൊച്ചി: ജില്ലയില്‍ സ്വന്തമായി ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്കരിച്ച ഭവനപദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിലേക്ക്.
ആദ്യഘട്ടത്തില്‍ ഒമ്പത് വീടുകളാണ് നിര്‍മിച്ചത്. ഇവ മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു കലക്ടര്‍.
ആകെ ലഭിച്ച അപേക്ഷകളില്‍നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ 86 പേര്‍ക്കാണ് എടക്കാട്ടുവയല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ വീടുകള്‍ ഒരുങ്ങുന്നത്. ഭൂരഹിതര്‍ക്ക് ഭൂമിയോടൊപ്പം വീടും നല്‍കുന്ന പദ്ധതിയില്‍ വീടൊന്നിന് രണ്ടരലക്ഷം രൂപയാണ് ചെലവ്. ഓടുമേഞ്ഞ രണ്ടു മുറി, സിറ്റൗട്ട്, അടുക്കള എന്നിവയുള്ള വീടിന് 320 ചതുരശ്ര അടിയാണ് വലുപ്പം.
10 മാസത്തിനകം ബാക്കിയുള്ള വീടുകളും പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറും. കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള വനിതാ കെട്ടിട നിര്‍മാണ പ്രവര്‍ത്തകരാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കെട്ടിട നിര്‍മാണ രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് എല്ലാ അര്‍ഥത്തിലും ശരിവെക്കുന്ന രീതിയില്‍ ഒരു പിഴവുമില്ലാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ കുടുംബശ്രീയുടെ കെട്ടിട നിര്‍മാണ ജോലികള്‍ക്ക് നേതൃത്വം വഹിക്കുന്നവരില്‍ 10 പേര്‍ സിവില്‍ എന്‍ജിനീയര്‍മാരും 10 പേര്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമക്കാരും പരിശീലനം നേടിയ 60 മേസ്തിരിമാരും ആണ്. മികവുറ്റ രീതിയില്‍ നിര്‍മാണം നടത്തിയതിന് കലക്ടര്‍ തൊഴിലാളികളെ അനുമോദിച്ചു.
എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയകുമാര്‍, മൂവാറ്റുപുഴ ട്രൈബല്‍ ഓഫിസര്‍ വി. ശശീന്ദ്രന്‍, ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസര്‍ ജോര്‍ജ് മാളിയേക്കല്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ ടാനി തോമസ്, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ ആര്‍. ഷമിത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ഇന്ന് മലയോര മേഖലയില്‍

Posted: 18 Feb 2015 10:22 PM PST

കാളികാവ്: പുനരധിവാസ നടപടി പാളിയതോടെ ചേനപ്പാടി ആദിവാസി കോളനിവാസികളുടെ ജീവിതം അഭയാര്‍ഥി ക്യാമ്പില്‍ തന്നെ. കോളനിക്കാര്‍ക്ക് വീടുവെക്കാന്‍ രണ്ടുവര്‍ഷം മുമ്പ് അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിനെ തുടര്‍ന്ന് മുടങ്ങുകയും ചെയ്തു.
കോളനിയില്‍ വീടുവെക്കാന്‍ അനുമതി ലഭിക്കാത്തതും മറ്റ് സ്ഥലങ്ങള്‍ ഇല്ലാത്തതുമാണ് ഫണ്ട് വിനിയോഗിക്കാനാകാതെ മുടങ്ങാന്‍ കാരണം. മൂന്നരലക്ഷം രൂപ വീതമാണ് പത്ത് കുടുംബങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. പുനരധിവാസ ശ്രമങ്ങള്‍ ഫണ്ടില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ഇതോടെ കോളനിക്കാരുടെ പുനരധിവാസം അനന്തമായി നീളുമെന്ന് ഉറപ്പായി.
വീടും സ്ഥലവുമില്ലാത്ത ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ 25 സെന്‍റ് സ്ഥലം വീതം വാങ്ങാന്‍ പത്തുലക്ഷം വീതം നല്‍കുന്ന പദ്ധതിയില്‍നിന്ന് ചേനപ്പാടിക്കാരെ ഒഴിവാക്കിയിരിക്കുകയാണ്.
രണ്ടര ഏക്കര്‍ സ്ഥലം ചോക്കാട് പരുത്തിപ്പറ്റയില്‍ ചേനപ്പാടിക്കാര്‍ക്കായി കണ്ടത്തെിയിരുന്നു. ഈ സ്ഥലം വാങ്ങാനുള്ള പ്രൊപ്പോസല്‍ കലകടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഫണ്ടില്ലാത്തതിനാല്‍ പദ്ധതിയില്‍നിന്ന് ചേനപ്പാടിക്കാര്‍ പുറത്തായിരിക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് അംഗം റസിയ അലി പറഞ്ഞു.
ചോക്കാട് നാല്‍പത് സെന്‍റ് കോളനിയില്‍ 50 സെന്‍റ് സ്ഥലം വീതം അളന്നുനല്‍കാനുള്ള നടപടി തുടങ്ങിയിരുന്നു. എന്നാല്‍, നാല്‍പത് സെന്‍റ് കോളനിയില്‍ തന്നെ വീടും സ്ഥലവും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ ഉള്ളപ്പോള്‍ ചേനപ്പാടിക്കാര്‍ക്ക് മാത്രം സ്ഥലം നല്‍കുന്നതിനെതിരെ കോളനിക്കാര്‍ സ്റ്റേ സമ്പാദിച്ചിരുന്നു. ആറുമാസം കഴിഞ്ഞെങ്കിലും സ്റ്റേ നീക്കാനുള്ള നടപടി ഒന്നും അധികൃതര്‍ നടത്തിയിട്ടില്ല. കോളനിയിലെ മരംവീണ് കുട്ടി മരിക്കാനിടയായതിനെ തുടര്‍ന്നാണ് ഇവിടുത്തുകാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
കാളികാവ് ഗവ. ബസാര്‍ യു.പി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മലയോരത്ത് എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവില്‍ ചേനപ്പാടിക്കാര്‍ക്കുള്ള പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍.

അന്വേഷണത്തില്‍ വിശ്വാസമില്ളെന്ന് ചന്ദ്രബോസിന്‍െറ ഭാര്യ

Posted: 18 Feb 2015 10:20 PM PST

Image: 

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ്, വ്യവസായി മുഹമ്മദ് നിസാമിന്‍െറ ആമ്രകണത്തില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ളെന്ന് ചന്ദ്രബോസിന്‍െറ ഭാര്യ ജമന്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍െറ നാലാം നാള്‍ തൊട്ട് ചന്ദ്രബോസ് സംസാരിച്ചിരുന്നു. തന്നോട് വീടു പണിയുടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മകനോടും സംസാരിച്ചിരുന്നു. ഇതുവരെ ഒരു പൊലിസ് ഉദ്യോഗസ്ഥനും തന്നോട് വിവരങ്ങള്‍ ചോദിച്ചിട്ടില്ല. ആരാണ് അന്വേഷിക്കുന്നതെന്നു പോലും അറിയില്ല. ഈ അന്വേഷണം നേരായ വഴിക്ക് നീങ്ങുമെന്ന് കരുതാനാവില്ളെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
 

വിജയതീരത്ത് സിംബാബ് വേ; കരുത്തറിയിച്ച് യു.എ.ഇ

Posted: 18 Feb 2015 09:57 PM PST

Image: 

നെല്‍സണ്‍: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ യു.എ.ഇക്ക് കരുത്തരായ സിംബാബ് വേയോട് തോല്‍വി. നാലു വിക്കറ്റിനായിരുന്നു യു.എ.ഇയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. മറുപടി  ബാറ്റിംഗിനിറങ്ങിയ സിംബാബ് വേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രണ്ട് ഓവര്‍ ബാക്കിയിരിക്കെയായിരുന്നു സിംബാബ് വേയുടെ വിജയം.

സീന്‍ വില്യംസ് (76), ബ്രണ്ടന്‍ ടെയ് ലര്‍(47), ക്രെയ്ഗ് ഇര്‍വിന്‍ (42), സിക്കന്ദര്‍ റാസ (46), റെജിസ് ചകബ്വ (35)  എന്നിവരാണ് സിംബാബ് വേ നിരയില്‍ തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ യു.എ.ഇ  തുടക്കത്തില്‍ റണ്‍ കണ്ടത്തൊന്‍ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ഷൈമന്‍ അന്‍വര്‍ (67), ഖുറാം ഖാന്‍ (45) എന്നിവരുടെ മികവിലാണ് യു.എ.ഇ  ഭേദപ്പെട്ട നിലയിലത്തെി ചേര്‍ന്നത്. മലയാളി താരം കൃഷ്ണ ചന്ദ്രന്‍ (34), മറ്റൊരു ഇന്ത്യക്കാരനായ സ്വപ്നില്‍ പാട്ടീല്‍ (32) എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജാവേദ്(25) നവീദ്(23) എന്നിവര്‍ ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വിസ്ഫോടന ബാറ്റിങിലണ് യു.എ.ഇ സ്കോര്‍ മികച്ച നിലയിലത്തെിയത്.

 

ജയിലില്‍ പോയത് നിസാമിനെ കാണാനല്ല^ പി.എ. മാധവന്‍ എം.എല്‍.എ

Posted: 18 Feb 2015 09:33 PM PST

Image: 

തൃശൂര്‍: താന്‍ ജയില്‍ സന്ദര്‍ശിച്ചത് മുഹമ്മദ് നിസാമിനെ കാണാനല്ളെന്ന് പി.എ. മാധവന്‍ എം.എല്‍.എ. ജയില്‍ ഉപദേശക സമിതിയംഗമായ താന്‍ സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് പോയത്. നിസാമിനു വേണ്ടി വഴിവിട്ട് എന്തെങ്കിലും ചെയ്തുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നും എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചും മര്‍ദിച്ചും പരിക്കേല്‍പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിസാമിനെ എ ഗ്രൂപ്പുകാരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജയിലില്‍ സന്ദര്‍ശിച്ചത് ഇന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാബു എം. പാലിശ്ശേരി എം.എല്‍.എ ഇന്നലെ തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ എം.എല്‍.എമാരുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ജയില്‍ ഉപദേശക സമിതി അംഗമായ പി.എ. മാധവന്‍ എം.എല്‍.എ യോഗത്തില്‍ പങ്കെടുക്കാനാണ് പോയതെങ്കിലും, യോഗം കഴിഞ്ഞ് മറ്റംഗങ്ങള്‍ മടങ്ങിയ ശേഷം സന്ധ്യയോടെ അദ്ദേഹം നിസാമിനെ സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച എം.എല്‍.എ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മറ്റൊരു ദിവസം എറണാകുളത്തുനിന്നുള്ള ഒരു കോണ്‍ഗ്രസ് എം.എല്‍.എയും നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
 

പൊലീസ് സ്റ്റേഷനുകളില്‍ തന്‍െറ ഫോട്ടോ സ്ഥാപിക്കണമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി

Posted: 18 Feb 2015 08:59 PM PST

Image: 

ലക്‌നൗ: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തന്‍െറ ഫോട്ടോ സ്ഥാപിക്കണമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശ് പൊലിസ് മേധാവി എ.കെ ജെയ്‌നാണ് ഈ ഉത്തരവ് പുറത്തിറക്കി വിവാദത്തിലായത്. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിവാദ നിര്‍ദേശവുമായി ഇയാള്‍ രംഗത്തെത്തിയത്. ഔദ്യോഗിക വേഷത്തിലുള്ള തന്റെ ചിത്രം ലക്‌നൗവിലെ സ്റ്റുഡിയോയില്‍ ലഭിക്കുമെന്നും അവിടെ നിന്നു വാങ്ങി ഫ്രെയിം ചെയ്ത് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നുമാണ് ഡി.ജി.പി നിര്‍ദേശിച്ചത്. അസിസ്റ്റന്റ് ഡി.ജി.പി ബി.ജി ജോഗ്ദാന്ത ഇത് സംബന്ധിച്ച് പൊലിസ് സ്റ്റേഷനുകളിലേക്ക് കത്തയച്ചു. 275 രൂപയാണ് ഒരു ഡി.ജി.പി ചിത്രത്തിന്റെ വില.

ഈ നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൂതന്‍ താക്കൂര്‍ പൊലീസ് മേധാവിക്ക് കത്തയച്ചിരുന്നു. ഡി.ജി.പിയുടെ നടപടിക്കെതിരെ ബി.ജെ.പിയും രംഗത്തെത്തി.

 

കേരളത്തിന്‍െറ പാലിയേറ്റീവ് കെയര്‍ ലോകത്തിന് മാതൃക -ഡോ. സുരേഷ് കുമാര്‍

Posted: 18 Feb 2015 08:32 PM PST

Image: 

ദോഹ: സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള കേരളത്തിന്‍െറ പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ മാതൃക ലോകത്തിന് മാതൃകയാണെന്നും വിവിധ ലോക രാജ്യങ്ങള്‍ ഇത് നടപ്പിലാക്കാന്‍ മുമ്പോട്ടുവന്നു തുടങ്ങിയതായും കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ ഡയറക്ടറും സാങ്കേതിക ഉപദേഷ്ടാവുമായ ഡോ. സുരേഷ്കുമാര്‍. യൂറോപ്യന്‍ രാജ്യങ്ങളടക്കം ഇപ്പോള്‍ കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രീതികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഡോ. സുരേഷ് കുമാര്‍ പറഞ്ഞു. ദോഹയില്‍ നടക്കുന്ന രണ്ടാമത് വിഷ് (വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് കെയര്‍) ഉച്ചകോടിയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു.
ദോഹയില്‍ നടക്കുന്ന വിഷ് ഉച്ചകോടിയില്‍ പല സെഷനുകളിലും കേരള മാതൃക സജീവ ചര്‍ച്ചയായിട്ടുണ്ട്. കെട്ടുറപ്പുള്ള കുടുംബ ബന്ധം നിലനില്‍ക്കുന്ന അറബ് നാടുകളില്‍ കേരള മാതൃകക്ക് നല്ല സാധ്യതയുണ്ട്. എന്നാല്‍, സമ്പന്ന അറബ് രാജ്യങ്ങളില്‍ പലതും ഇപ്പോഴും അമേരിക്കയെയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലും യൂറോപ്പിലുമെല്ലാം പെയിന്‍ ആന്‍റ് പാലിയേറ്റീവ് നിലവിലുണ്ടെങ്കിലം ഡോക്ടര്‍മാരും നഴ്സുമടങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ മാത്രമാണ് ഇതില്‍ പങ്കാളികളാവുന്നത്. സന്നദ്ധ പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കിയെന്നതാണ് ഈ രംഗത്തെ കേരള മോഡലിന്‍െ ശ്രദ്ധേയമാക്കിയത്. ജോര്‍ദാന്‍, സിറിയ പോലുള്ള രാജ്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോത്തോടെയുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പാക്കാന്‍ മുമ്പോട്ടുവന്നിട്ടുണ്ട്.
അരനൂറ്റാണ്ട് മുമ്പ് തന്നെ ഇംഗ്ളണ്ടില്‍ പാലിയേറ്റീവ് കെയറിന്‍െറ മാതൃകയിലുള്ള സംവിധാനങ്ങളുണ്ടായിരുന്നു. സാമൂഹിക പങ്കാളിത്തത്തോടെ ഇത് വിജയകരമായി നടപ്പാക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് കേരളമാണ്. കോഴിക്കോട്ട് ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനാണ് അതിനു തുടക്കമിട്ടത്. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേരള മാതൃക സജീവമാണ്. വിദേശത്ത് ശ്രീലങ്കയിലും തായ്ലന്‍റിലും കേരള മാതൃകയിലുള്ള പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ട്. അയര്‍ലന്‍റില്‍ നിന്നും സ്പെയ്നില്‍ നിന്നും കേരള മാതൃക നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയുള്ള രോഗി പരിചരണത്തെ ലോകം വളരെ താല്‍പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നാണ് ഇതില്‍ നിന്നു മനസ്സിലാവുന്നത്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഇത്രയധികം വിദഗ്ധര്‍ ഒത്തുകൂടുന്ന പരിപാടി ലോകത്ത് വിഷ് പോലെ മറ്റൊന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍െറ മാതൃക അവതരിപ്പിക്കാനും ഇവിടെ നിന്ന് പലതും കേരളത്തിലേക്കു കടമെടുക്കാനും വിഷിലൂടെ സാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ പുതുചലനങ്ങള്‍ മനസ്സിലാക്കാനുള്ള നല്ളൊരു അവസരമാണ് വിഷിലൂടെ ഖത്തര്‍ ഫൗണ്ടേഷന്‍ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എം.എഫ് പ്രസിഡന്‍റ് പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് തൂണേരി സ്വാഗതവും മുജീബ് റഹ്മാന്‍ കരിയാടന്‍ നന്ദിയും പറഞ്ഞു.
 

കുരങ്ങുപനി; വയനാട്ടില്‍ ഇന്ന് അവലോകനയോഗം

Posted: 18 Feb 2015 08:22 PM PST

Image: 

സുല്‍ത്താന്‍ബത്തേരി: കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ഇന്ന് അന്തര്‍സംസ്ഥാന അവലോകനയോഗം. സ്ഥിതിഗതികള്‍ വിലയിരുത്തുക, പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ യോഗം ചേരുന്നത്. ഉത്തരകന്നഡ, ദക്ഷിണ കന്നഡ, നീലഗിരി മേഖലകളില്‍ നിന്നുള്ള ആരോഗ്യവകുപ്പ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും.

കുരങ്ങുപനി മൂലം വയനാട്ടില്‍ ഇതുവരെ രണ്ട് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 58 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തെങ്കിലും 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേര്‍ ചികിത്സയിലാണുള്ളത്,.
 

തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവുമത്തെി

Posted: 18 Feb 2015 08:10 PM PST

Image: 

ദുബൈ: മാസങ്ങളായി ശമ്പളവും താമസ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന മലയാളികളടക്കമുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇവരുടെ തൊഴിലുടമകളായ കറാമയിലെ  എന്‍ജിനീയറിങ് കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബുധനാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയതായി ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥാപന ഉടമയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചെന്നും എന്നാല്‍ ഫോണ്‍ എടുക്കുന്നില്ളെന്നും  ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ന് ഉടമയുമായി സംസാരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം മുഹൈസിന രണ്ട് ലേബര്‍ ക്യാമ്പില്‍ ഇവരുടെ താമസസ്ഥലത്തേക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെയുള്ള സഹായങ്ങളുമായി നിരവധി സംഘടനകള്‍ എത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകയുമായ ലൈലാ അബൂബക്കറും ക്യാമ്പ് സന്ദര്‍ശിച്ചു.
കോണ്‍സുലേറ്റിന്‍്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. ചൊവ്വാഴ്ച രാത്രി ക്യാമ്പില്‍ വെള്ളം തീര്‍ന്നെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അതിനുവേണ്ട നടപടി കോണ്‍സുലേറ്റ് സ്വീകരിച്ചു. എന്നാല്‍ പ്രവാസി ഇന്ത്യ പ്രവര്‍ത്തകര്‍ 5000 ഗാലന്‍ വെള്ളം അതിനകം എത്തിച്ചിരുന്നു. ഇവര്‍ക്ക് ചെലവായ പണം നല്‍കുമെന്ന് കോണ്‍സുലേറ്റ് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
തൊഴില്‍ കോടതി വിധിപ്രകാരമുള്ള ശമ്പളകുടിശ്ശികയും ആനൂകൂല്യങ്ങളും എത്രയും പെട്ടെന്ന് തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്ന് ലൈലാ അബൂബക്കര്‍ മാധ്യമ പ്രവര്‍ത്തകരോട്് പറഞ്ഞു. നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ക്ക് വീസാ നിരോധനമേര്‍പ്പെടുത്താതെ തിരിച്ചുവരാനുള്ള വഴിയുമൊരുക്കും.
മലയാളിയുും ഹൈദരാബാദ് സ്വദേശിയും ഉടമകളായുള്ള എന്‍ജിനീയറിങ് കമ്പനിയിലെ 200 ലേറെ തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പത് മാസമായി ശമ്പളം ലഭിക്കാതെയും വൈദ്യുതി പോലുമില്ലാതെയും ലേബര്‍ ക്യാമ്പില്‍ നരക ജീവിതം നയിക്കുന്നത് കഴിഞ്ഞദിവസം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇന്ത്യക്കാര്‍ക്ക് പുറമെ, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് സ്വദേശികളാണ് തൊഴിലാളികള്‍. ആര്‍ക്കും തന്നെ ലേബര്‍ കാര്‍ഡില്ല. മിക്കവരുടെയും വിസ കാലാവധിയും തീര്‍ന്നു. അതുകൊണ്ട്തന്നെ വന്‍ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകാനാവില്ല. ഇവര്‍ക്ക് പതിനായിരക്കണക്കിന് ദിര്‍ഹം ശമ്പളയിനത്തിലും മറ്റു ആനുകൂല്യങ്ങളുമായി കമ്പനി നല്‍കാനുണ്ടെങ്കിലും ഇതിന്‍െറ ചെറിയ വിഹിതം പോലും നല്‍കാന്‍ തയ്യാറാകുന്നില്ളെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്.
വിസയുള്ളവര്‍ക്ക് ടിക്കറ്റ്മാത്രമാണ് നല്‍കുന്നത്. ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാനായി നിരവധി ജീവനക്കാര്‍ കിട്ടിയ ടിക്കറ്റുമായി നാടുപിടിച്ചു.
വിസയില്ലാത്തതിനാല്‍ അതിനുപോലും സാധിക്കാത്ത രോഗികളുള്‍പ്പെടെയുള്ളവരാണ് ഇവിടെ ജീവിതം തള്ളിനീക്കുന്നത്.

സുനന്ദയുടെ മരണം: മനീഷ് തിവാരിയെ ചോദ്യം ചെയ്തു

Posted: 18 Feb 2015 07:55 PM PST

Image: 

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ  മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ രണ്ട് മണിക്കൂറോളം തുടര്‍ന്നു.

മരണം സംഭവിക്കുന്നതിന് രണ്ടു ദിവസം മുമ്പ്  സുനന്ദ പുഷ്കറും ശശി തരൂരും തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ മനീഷ് തിവാരിയും ഉണ്ടായിരുന്നു. വിമാനത്തില്‍ വെച്ച്  സുനന്ദയും തരൂരും വഴക്കുണ്ടാക്കിയതിന് മനീഷ് തിവാരിയും സാക്ഷിയായിരുന്നു.  ഈ സംഭവത്തെക്കുറിച്ച് ചോദിച്ചറിയുന്നതിനാണ് അന്വേഷണ സംഘം മനീഷ് തിവാരിയെ വിളിച്ചു വരുത്തിയത്. ബുധനാഴ്ച രാത്രിയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

കേസില്‍ നേരത്തെ തരൂരിനെ മൂന്നുവട്ടം പൊലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ഉള്‍പ്പെടെ നിരവധി പേരെയും പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

ഇന്ത്യ–ഒമാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം

Posted: 18 Feb 2015 07:43 PM PST

Image: 

മസ്കത്ത്: വ്യാപാരം, വാണിജ്യം, വിനോദസഞ്ചാരം, രാഷ്ട്രീയം, പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഒമാനും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ- പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ് ഒമാന്‍ സര്‍ക്കാറിലെ ഉന്നതരുമായി ചര്‍ച്ച നടത്തി.
ഇന്ത്യയും ഒമാനും തമ്മിലുള്ള പരസ്പര സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികളും ചര്‍ച്ചചെയ്തു. കഴിഞ്ഞവര്‍ഷം അധികാരത്തിലത്തെിയ ശേഷം ആദ്യമായി സുല്‍ത്താനേറ്റിലത്തെിയ സുഷമ സ്വരാജ് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ്, വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി എന്നിവരുമായി വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്.
ബുധനാഴ്ച ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദിനെ കണ്ട സുഷമ സ്വരാജ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ആശംസകള്‍ കൈമാറി. അറബ്- അന്താരാഷ്ട്ര മേഖലകളിലെ സമീപകാല സംഭവവികാസങ്ങള്‍ ഇരുവരും വിലയിരുത്തി. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്തതിനൊപ്പം വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള മാര്‍ഗങ്ങളും ആരാഞ്ഞു. പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ ഒമാനുമായി കൂടുതല്‍ സഹകരണത്തിന് ഇന്ത്യന്‍ സര്‍ക്കാറിന് താല്‍പര്യമുണ്ടെന്ന് സുഷമ പറഞ്ഞു. ഇന്ത്യന്‍- ഒമാനി വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ സംഭാഷണത്തില്‍ നയതന്ത്ര ബന്ധവും മറ്റ് വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയിലെ നിക്ഷേപ സാഹചര്യങ്ങള്‍ അടക്കം വിഷയങ്ങളും വിശദീകരിച്ചു. ഗള്‍ഫ് മേഖലയിലെ സമകാലിക സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രകാര്യ അണ്ടര്‍ സെക്രട്ടറി അഹമ്മദ് ബിന്‍ യൂസുഫ് അല്‍ ഹാര്‍ത്തി, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അനില്‍ വാധ്വ, ജമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ എന്നിവരും സംബന്ധിച്ചു. ഒമാന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനിയുമായി കൂടിക്കാഴ്ചയില്‍ സുഷമ സ്വരാജ് പറഞ്ഞു. ഒമാന്‍ സര്‍ക്കാറിലെ ഉന്നതരുമായി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ഒമാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

ഭീകരതക്കെതിരായ പ്രവര്‍ത്തനം കൂട്ടുത്തരവാദിത്തം - ഡോ. അത്തുര്‍ക്കി

Posted: 18 Feb 2015 07:07 PM PST

Image: 

മക്ക: ഭീകരതക്കെതിരായ പ്രവര്‍ത്തനം ഏതെങ്കിലും സംഘടനയുടെയോ രാജ്യത്തിന്‍െറയോ മാത്രം ബാധ്യതയല്ളെന്നും സാര്‍വദേശീയതലത്തില്‍ മാനവികതയെ മാനിക്കുന്ന മുഴുവന്‍ സംഘടനകളും പണ്ഡിതന്മാരും നേതാക്കളും രാജ്യങ്ങളുമെല്ലാം കൂട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് അതെന്നും മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി) സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അത്തുര്‍ക്കി. ഭീകരതയെ അമര്‍ച്ച ചെയ്യുന്നതിലും അതിനെതിരായ ബോധവത്കരണത്തിലും ഏറെ മുന്നാക്കം പോയ രാജ്യമാണ് സൗദി അറേബ്യയെന്നും അതിന്‍െറ ചുവടുപിടിച്ച് ആഗോളതലത്തില്‍ ഇസ്ലാമികസമൂഹത്തെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഞായറാഴ്ച മക്കയില്‍ ആരംഭിക്കുന്ന ഭീകരത വിരുദ്ധ അന്തര്‍ദേശീയ സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍  റാബിത്വ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ നേരിടുന്നതിലും ജനത്തെ ബോധവത്കരിക്കുന്നതിലും സൗദി വിജയിച്ചിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റാനും ഇതര വിഭാഗങ്ങളുമായുള്ള സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്താനും ലക്ഷ്യമിട്ട് അബ്ദുല്ല രാജാവ് രൂപം കൊടുത്ത മതാന്തര സംവാദത്തിന് മാഡ്രിഡില്‍ കുറിച്ച തുടക്കം വന്‍വിജയമായിരുന്നു. മുസ്ലിംസമൂഹത്തിനകത്തു തന്നെ സംവാദം സംബന്ധിച്ച ബോധവത്കരണത്തിനും അത്തരമൊരു സംസ്കാരം വളര്‍ത്തിക്കൊണ്ടു വരാനും ആ ഉച്ചകോടിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി. ഭീകരത ലോകത്തെ മൊത്തം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു. അതില്‍ അപവദിക്കപ്പെടുന്നത് പലപ്പോഴും ഇസ്ലാമും മുസ്ലിംകളുമാണ്. ചില രാഷ്ട്രങ്ങളുടെയും വന്‍ശക്തികളുടെയും പ്രവര്‍ത്തനങ്ങള്‍ ഭീകരവാദികള്‍ക്ക് പഴുതൊരുക്കുന്നുണ്ടെന്ന് റാബിത്വ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിറിയ, യമന്‍ എന്നിവിടങ്ങളിലൊക്കെ നടമാടുന്ന പ്രശ്നങ്ങള്‍ക്കു പിറകില്‍ ഇസ്ലാമിന്‍െറ ശത്രുക്കള്‍ക്ക് പദ്ധതിയുണ്ടാകാം. എന്നാല്‍ അവര്‍ അതിന്‍െറ ഇരകളാകാതെ നോക്കുകയാണ് സഹജീവികള്‍ എന്ന നിലക്ക് ഇസ്ലാമികസമൂഹത്തിന്‍െറ ചുമതല. ആ ദൗത്യമാണ് റാബിത്വ നിര്‍വഹിക്കുന്നത്. മക്കയാണ് അതിന്‍െറ ആസ്ഥാനം. ഈ പുണ്യഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് മുസ്ലിംകള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുകയെന്ന ഉത്തരവാദിത്തമുണ്ടെന്ന് ഡോ. തുര്‍ക്കി ഓര്‍മിപ്പിച്ചു. രാഷ്ട്രീയനീക്കങ്ങള്‍ പോലെ പ്രധാനമാണ് തീവ്രവാദവും ഭീകരതയും തടയുന്നതിനും ഇസ്ലാമിനെയും മുസ്ലിംകളെയും സുരക്ഷിതമാക്കി നിര്‍ത്തുന്നതിനുമുള്ള പഠനങ്ങള്‍. ഇതിന്‍െറ ഭാഗമായാണ് മുസ്ലിം വേള്‍ഡ് ലീഗ് സമ്മേളനങ്ങളും ശില്‍പശാലകളും നടത്തുന്നതെന്നു സെക്രട്ടറി ജനറല്‍ പറഞ്ഞു. ലോകത്തിന്‍െറ നാനാഭാഗത്തും ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ആശീര്‍വാദത്തോടെ നടക്കുന്ന നാലുനാള്‍ സമ്മേളനം ഞായറാഴ്ച മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ഭീകരതയുടെ അടിസ്ഥാനപ്രശ്നങ്ങളും അന്തര്‍ധാരകളും സാമൂഹിക, രാഷ്ട്രീയ, മതകാരണങ്ങളും ആരായുന്ന ആറു സെഷനുകളുണ്ടാകും. വിവിധ വിഷയങ്ങളില്‍ ആറു ശില്‍പശാലകളും നടക്കും. റാബിത്വയുടെ വിവിധ വകുപ്പുകളും ആഭ്യന്തരമന്ത്രാലയവും പങ്കുകൊള്ളുന്ന പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനം ബുധനാഴ്ച സമാപിക്കും. ഇന്‍റര്‍നാഷണല്‍ ഇസ്ലാമിക് മീഡിയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ഹസന്‍ അല്‍ അഹ്ദല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാഗതം ആശംസിച്ചു. 

ആരോഗ്യ ഫീസ് പിന്‍വലിക്കണമെന്ന് പാര്‍ലമെന്‍റ്

Posted: 18 Feb 2015 06:54 PM PST

Image: 

മനാമ: പുതുതായി ഏര്‍പ്പെടുത്തിയ ആരോഗ്യ ഫീസ് പിന്‍വലിക്കണമെന്ന് പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍  വര്‍ഷം തോറും ആരോഗ്യ പരിപാലന ഫീസായി 72 ദിനാര്‍ അടക്കണമെന്നാണ് തീരുമാനം.
ഈടാക്കിത്തുടങ്ങിയ ആരോഗ്യ ഫീസ് പിന്‍വലിക്കുന്ന പ്രശ്നമില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷം തോറും 3.16 ദശലക്ഷം ദിനാര്‍ വിദേശ തൊഴിലാളികള്‍ക്കായി ആരോഗ്യ മന്ത്രാലയം ചെലവഴിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി സാദിഖ് ബിന്‍ അബ്ദുല്‍ കരീം ശിഹാബി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ മുഴുവന്‍ ചികില്‍സാ ചെലവുകളും വഹിക്കാന്‍ സാധിക്കുകയില്ളെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ സ്വകാര്യ തൊഴിലുടമകളെ ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നാണ് പാര്‍ലമെന്‍റ് ഐക്യകണേഠന ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  കുറ്റം ചെയ്താല്‍ അവരെ ചോദ്യം ചെയ്യാനുള്ള അനുവാദം പാര്‍ലമെന്‍റ് നല്‍കി.

സി.പി.എം: പ്രതീക്ഷകളും പ്രതിസന്ധികളും

Posted: 18 Feb 2015 06:42 PM PST

Image: 

ആള്‍ക്കൂട്ടത്തിന്‍െറ ആരവങ്ങളില്‍ അച്ചടക്കത്തിന്‍െറ മുഖാവരണവുമായി ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി സി.പി.എം സംസ്ഥാന സമ്മേളനത്തിലേക്ക് പ്രവേശിക്കുകയാണ്. പരസ്പരം വെട്ടിവീഴ്ത്തി മുന്നേറിയ ശത്രുപക്ഷങ്ങള്‍ പിന്‍വാങ്ങുന്നതിന്‍െറ ശബ്ദങ്ങള്‍ സന്തോഷത്തോടുകൂടിയാണ് ബഹുഭൂരിപക്ഷം അണികളും കേട്ടത്. വി.എസ്. അച്യുതാനന്ദന്‍ പ്രായപരിധികൊണ്ടും പിണറായി വിജയന്‍ ഊഴപരിധികൊണ്ടും യുദ്ധമുഖത്തുനിന്ന് നിഷ്ക്രമിക്കുമ്പോള്‍ ആഹ്ളാദംകൊള്ളുന്നത് അണികളാണ്. അത്രമാത്രം അവര്‍ പാര്‍ട്ടിക്കകത്ത് കത്തിക്കാളിയ വിഭാഗീയതയെ വെറുത്തു. ഉപജാപങ്ങളുടെ ഉപശാലകളായി പാര്‍ട്ടി ഓഫിസുകള്‍ മാറുന്നതുകണ്ട് അവര്‍ അമ്പരന്നിട്ടുണ്ട്. ഷാഡോ കമ്മിറ്റികളില്‍ എതിരാളികളെ അരിഞ്ഞുവീഴ്ത്താന്‍ കൗശലങ്ങള്‍ ഒരുക്കിയത് അവര്‍ കേട്ടു. എല്ലാം ഫലത്തില്‍ പാര്‍ട്ടിയെ ചിതലരിപ്പിച്ചു. പുതിയ നേതൃത്വം വഴി ഇതിന് ഒരു മാറ്റമുണ്ടാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് പുതുമുഖങ്ങള്‍ കടന്നുവരുന്നു. പിണറായി വിജയന്‍ സ്ഥാനമൊഴിയുമ്പോള്‍ പുതിയ സെക്രട്ടറി പാര്‍ട്ടിക്കുണ്ടാവും. നിലവില്‍ പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ് പുതിയ സെക്രട്ടറിയായി വരാന്‍ പോകുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏരിയ-ജില്ലാ തലങ്ങളില്‍ പഴയ നേതൃത്വം മാറി. മൂന്നു വട്ടം പൂര്‍ത്തിയാക്കിയ നേതാക്കളെല്ലാം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങി. പലയിടത്തും പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നു. ഇനി കടന്നുവരേണ്ടത് നവ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍െറ കാറ്റും വെളിച്ചവുമാണ്. അധികാരം നേതൃത്വത്തെ ജീര്‍ണിപ്പിക്കും എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ചരിത്രപാഠമാണ്. ലോകത്ത് അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം ശിഥിലമായത് അധികാരം തലക്കുപിടിച്ചാണ്. അധികാരം അവരെ സ്വേച്ഛാധിപതികളും ഫാഷിസ്റ്റുകളുമാക്കി മാറ്റി. അടിസ്ഥാന വര്‍ഗത്തിനുമേല്‍ ഇടിവണ്ടികളോടിച്ച് അവര്‍ ചരിത്രത്തില്‍ ചോരച്ചാലുകള്‍ കീറി. ബുദ്ധിജീവികളെയും എഴുത്തുകാരെയും കല്‍ത്തുറുങ്കിലടച്ചു.
മുപ്പത്തഞ്ചുവര്‍ഷം സി.പി.എം അധികാരത്തിലിരുന്ന ബംഗാളില്‍ കൃഷിക്കാര്‍ക്കും കര്‍ഷകര്‍ക്കും നേരെ നിറത്തോക്കുകള്‍ ഗര്‍ജ്ജിച്ചു. നന്ദിഗ്രാമിലും സിംഗൂരിലും ഇടതുപക്ഷ സര്‍ക്കാറിന്‍െറ പൊലീസ് ജനങ്ങള്‍ക്കുനേരെ വെടിവെച്ചപ്പോള്‍ മരിച്ചുവീണവരുടെ രക്തം പ്രതികാര ഗര്‍ജ്ജനം നടത്തി. ആ ഗര്‍ജ്ജനത്തിലാണ് അധികാര കസേരകള്‍ വിറങ്ങലിച്ച് സി.പി.എം ഭരണത്തില്‍നിന്ന് തെറിച്ചുപോയത്. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പില്‍ പലയിടത്തും സി.പി.എമ്മിന് കെട്ടിവെച്ച കാശ് നഷ്ടമായി. ഒപ്പം ഒറ്റരാത്രികൊണ്ട് സി.പി.എം പാര്‍ട്ടി ഓഫിസ് ബി.ജെ.പി പാര്‍ട്ടി ഓഫിസായി മാറുന്ന വൃത്തികെട്ട കാഴ്ചകൂടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കാണേണ്ടിവന്നു. ബംഗാളിന്‍െറ ചരിത്രത്തില്‍ സി.പി.എം അഭിമുഖീകരിച്ച ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായിരുന്നു അത്. ഇതിന് സമാനമായ ഒറു ചരിത്രം കഴിഞ്ഞ സമ്മേളന കാലത്തിനുശേഷം കേരളത്തിലുണ്ടായി. അത് ടി.പി. ചന്ദ്രശേഖരന്‍െറ വധമാണ്.
ഇതൊരു കുറ്റപത്രമായി ഇപ്പോള്‍ വി.എസ് കേന്ദ്ര നേതൃത്വത്തിന്‍െറ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ 40 വര്‍ഷം സി.പി.എമ്മിന് ഒപ്പം പ്രവര്‍ത്തിച്ച ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടി അറുംകൊല ചെയ്തത് ഒൗദ്യോഗിക നേതൃത്വത്തിന്‍െറ തെറ്റായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതുകൊണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ ചോദ്യംചെയ്താല്‍ മരണശിക്ഷ പാര്‍ട്ടി വിധിക്കുമെന്ന സന്ദേശമാണ് അതിനുണ്ടായിരുന്നത്. പാര്‍ട്ടിയില്‍നിന്ന് ഭിന്നാഭിപ്രായത്തിന്‍െറ പേരില്‍ പുറത്തുപോകുന്നവര്‍ കൊലചെയ്യപ്പെടാന്‍ യോഗ്യരാണെന്ന പാര്‍ട്ടി കാഴ്ചപ്പാട് ഫാഷിസത്തിന്‍െറ ഭീകരമുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ കൊലപാതകത്തില്‍ പങ്കില്ളെന്നുപറഞ്ഞ പാര്‍ട്ടി പക്ഷേ, കോടതി ശിക്ഷിച്ച കുഞ്ഞനന്തനെ സംരക്ഷിച്ചു. ഇപ്പോള്‍ പുതിയ ഏരിയാ കമ്മിറ്റിയില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളിലെ നന്ദിഗ്രാമും സിംഗൂരും പോലെ കേരളത്തില്‍ ഒഞ്ചിയം പാര്‍ട്ടിയുടെ വാട്ടര്‍ലൂ ആയി മാറി. പൊലീസ് മര്‍ദനമേറ്റ് മരിച്ച മണ്ടോടി കണ്ണന്‍െറ ഹൃദയത്തില്‍നിന്നൊഴുകിയ രക്തത്തില്‍ അദ്ദേഹം സ്വന്തം കൈ മുക്കി വടകര ജയിലില്‍ പതിച്ച രക്തംപുരണ്ട കൈപ്പത്തിയാണ് ഒഞ്ചിയത്തെ ചുമപ്പിച്ചത്. എന്നാല്‍, ഇന്ന് ടി.പി. ചന്ദ്രശേഖരന്‍െറ രക്തം ഒഞ്ചിയത്തുനിന്ന് സി.പി.എമ്മിനെ മായ്ച്ചുകളഞ്ഞു. അതിന്‍െറ പ്രതിഫലനം കേരളം മുഴുവന്‍ ഉണ്ടായി.
സാംസ്കാരിക രംഗത്താണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷംകൊണ്ട് പാര്‍ട്ടി ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടത്. കേരളത്തിലേക്ക് കമ്യൂണിസം വരുന്നതില്‍ വലിയൊരു പങ്ക് രക്തസാക്ഷികളുടെ രക്തത്തിനും കലാകാരന്മാരുടെ കരളറിഞ്ഞ സര്‍ഗാത്മകതക്കും ഉണ്ടായിരുന്നു. ഇത് രണ്ടും വിസ്മരിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. പാര്‍ട്ടി ആവേശംകൊണ്ടിരുന്നത് എഴുന്നൂറിലധികം പേര്‍ രക്തസാക്ഷികളായ പുന്നപ്ര-വയലാറും നിരവധിപേര്‍ മരിച്ചുവീണ മുനയന്‍ കുന്നും കരിവെള്ളൂരുമൊക്കെ ഉയര്‍ത്തിക്കാട്ടിയായിരുന്നു. പാര്‍ട്ടിയുടെ ഊര്‍ജസ്രോതസ്സുകളായിരുന്നു അവ. പക്ഷേ, ധാര്‍മികത നഷ്ടമായ പാര്‍ട്ടി കാലം രക്തസാക്ഷികളെ വിസ്മരിക്കാന്‍ പ്രേരിതമായി. അതോടൊപ്പം കലയും സാഹിത്യവും പാര്‍ട്ടിക്ക് വേണ്ട എന്ന തീരുമാനവുമുണ്ടായി. ഉരുക്കുപോലത്തെ സംഘടന മാത്രംമതി. അതിന് ഉരുക്കിനെക്കാള്‍ കരുത്തനായ ഒരു നേതാവുണ്ടെങ്കില്‍ എല്ലാം ഭദ്രം. പിണറായി വിജയന്‍ ഈ സങ്കല്‍പത്തിന്‍െറ ആരാധകനായി. ആ ആരാധന ഒരു ആത്മരതിപോലെ അദ്ദേഹം ആഘോഷിച്ചു. അതിന്‍െറ പരിണതിയാണ് ഇപ്പോഴത്തെ പാര്‍ട്ടി. ഈ പാര്‍ട്ടി ഇനി ഇതുപോലെ കാത്തുസൂക്ഷിക്കാന്‍ പുതിയതായി ചുമതലയേല്‍ക്കുന്ന കോടിയേരി ബാലകൃഷ്ണനു കഴിയില്ല. സംഘടനാപരമായി പാര്‍ട്ടി നേരിടാന്‍ പോകുന്ന പ്രതിസന്ധി അതായിരിക്കും.
പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറയും സാംസ്കാരിക മുന്നണിയും തകര്‍ന്നു. കേരളത്തില്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ ശത്രുക്കളെ സൃഷ്ടിച്ചത് സി.പി.എം തന്നെയാണ്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലര്‍ത്തിയിരുന്ന നേതാക്കളെ ഉപജാപങ്ങളിലൂടെ എതിര്‍പക്ഷത്ത് എത്തിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുകയായിരുന്നു. അച്യുതാനന്ദന്‍െറ സുവര്‍ണ കാലത്ത് അച്യുതാനന്ദനും പിണറായി യുഗത്തില്‍ പിണറായി വിജയനും തങ്ങളുടെ കഴിവിനൊത്തവണ്ണം പാര്‍ട്ടിയില്‍നിന്ന് എതിരാളികളെ നിര്‍മിച്ചെടുത്തു. എം.എന്‍. വിജയന്‍, വി.ബി. ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഉമേഷ് ബാബു, ഷാജഹാന്‍ എന്നിവരെല്ലാം പാര്‍ട്ടി നിര്‍മിച്ചെടുത്ത പാര്‍ട്ടിയുടെ എതിരാളികളാണ്. ഇവരില്‍ ചിലരെ വകവരുത്താന്‍ പാര്‍ട്ടി പദ്ധതിയിട്ടു. ടി.പി. ചന്ദ്രശേഖരന്‍െറ വധത്തിനുശേഷം ആ ശ്രമങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ചു.
കേരളത്തില്‍ കമ്യൂണിസം ജനഹൃദയങ്ങളില്‍ എത്തിക്കുന്നതില്‍ കെ.പി.എ.സിയെപ്പോലുള്ള നാടക സമിതികള്‍ നല്‍കിയ സംഭാവനപോലും പാര്‍ട്ടി മറന്നു. സാഹിത്യസൃഷ്ടിയും അതിന്‍െറ ആസ്വാദനവും സാമൂഹികപരവും രാഷ്ട്രീയപരവുമായ പ്രവൃത്തിയാണെന്ന രാഷ്ട്രീയ കാഴ്ചപ്പാട് നഷ്ടപ്പെട്ട നേതൃത്വമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളത്. ഒരുപക്ഷേ, പാര്‍ട്ടി നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് മാര്‍ക്സിയന്‍ സൗന്ദര്യബോധത്തിന്‍െറ ഈ അഭാവമാണ്. കലയും സംസ്കാരവും രാഷ്ട്രീയത്തിന്‍െറ അവിഭാജ്യഘടകമാണെന്ന കാഴ്ചപ്പാട് മറന്നവരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളത്. അതുകൊണ്ട്, പുരോഗമന കലാസാഹിത്യസംഘം സി.പി.എമ്മിന്‍െറ ഒരു സാംസ്കാരിക കെട്ടുകാഴ്ചയായി അധ$പതിച്ചു. അതിനകം സ്ഥാനമാനങ്ങള്‍ക്കും അലങ്കാര പട്ടങ്ങള്‍ക്കും വേണ്ടി ആരുടെയും ചെല്ലം ചുമക്കാന്‍ തയാറായ വിധേയ വിനീതരുടെ കൂട്ടത്താവളമായി മാറി.
ഏറ്റവും വലിയ പ്രതിസന്ധി സി.പി.എം നേരിടുന്നത് പ്രത്യയശാസ്ത്ര തലത്തിലാണ്. മാര്‍ക്സിസം അറിയാവുന്നവരുടെ എണ്ണം സംസ്ഥാന കമ്മിറ്റിയില്‍ വിരലില്‍ എണ്ണാവുന്നവണ്ണം ചുരുങ്ങി. മാര്‍ക്സിസത്തില്‍ അറിവുള്ളവര്‍തന്നെ മാര്‍ക്സിസത്തിന്‍െറ പുതുവായനകള്‍ പരിചയമില്ലാത്തവരായി മാറി. ലോകത്ത് പലയിടത്തും നവ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുകയും അതിന്‍െറ പ്രക്ഷോഭ നിരകളുടെ തീക്കാറ്റില്‍ അധികാര സിംഹാസനങ്ങള്‍ നിലംപൊത്തുകയും ചെയ്യുമ്പോള്‍ ആ മാറ്റങ്ങളെ കമ്യൂണിസ്റ്റ് തരംഗദൈര്‍ഘ്യത്തില്‍ തിരിച്ചറിയാന്‍ കഴിയാതെപോകുന്നത് ബുദ്ധിപരമായ ഒരു പരാജയമാണ്. വി.എസ്- പിണറായി യുദ്ധത്തില്‍ പാര്‍ട്ടി കെട്ടിയിടപ്പെട്ടത് പാര്‍ട്ടിയുടെ ബൗദ്ധിക ശുഷ്കതകൊണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിപോലും ജനകീയ മുന്നേറ്റം നടത്തിയത് ബുദ്ധിയുടെ വെളിച്ചത്തിലാണ്. സി.പി.എം നേരിടുന്ന രണ്ടു പോരായ്മകള്‍ തെളിച്ചമുള്ള ബുദ്ധിയുടെ അഭാവവും കാലത്തിനനുസരിച്ച രാസമാറ്റങ്ങള്‍ ഏറ്റെടുത്ത പ്രത്യയശാസ്ത്രത്തിന്‍െറ ശൂന്യതയുമാണ്.
ഏത് കാലത്തും സമൂഹത്തിന് രാഷ്ട്രീയം ആവശ്യമാണ്. വരാന്‍പോകുന്ന നാളുകളില്‍ കേരളം തീവ്രമായി രാഷ്ട്രീയത്തെ വീണ്ടെടുക്കാന്‍ ആഗ്രഹിക്കും. അത്രമാത്രം ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ അന്തരീക്ഷം മലീമസമാണ്. അധികാരത്തിനുവേണ്ടി എന്ത് നെറികേടും കാണിക്കാന്‍ തയാറായി കോണ്‍ഗ്രസും ബി.ജെ.പിയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും നില്‍ക്കുമ്പോള്‍ പൊതുസമൂഹം വല്ലാതെ മടുത്തുപോകും. അതുകൊണ്ടാണ്, രാഷ്ട്രീയത്തിന്‍െറ വീണ്ടെടുപ്പ് അനിവാര്യതയായി മാറുന്നത്. ‘എന്നെ ഭയപ്പെടുന്ന ഒരു മുഖ്യമന്ത്രിയാണ് ഡല്‍ഹിയില്‍ ഉണ്ടാവേണ്ടതെ’ന്നുപറഞ്ഞ നരേന്ദ്ര മോദിഅഴുകിയ അധികാര രാഷ്ട്രീയത്തിന്‍െറ ഫാഷിസ്റ്റ് മുഖമാണ്. ആ മുഖം തന്നെയാണ് സി.പി.എമ്മിന് നല്‍കാനുള്ളതെങ്കില്‍ പൗരസമൂഹത്തിന് അതില്‍ താല്‍പര്യമുണ്ടാവില്ല. മോദിയെ തള്ളി ഡല്‍ഹിയില്‍ ഉയര്‍ന്നുവന്ന ജനസഞ്ചയത്തിന്‍െറ രാഷ്ട്രീയം കേരളം പരീക്ഷിക്കാന്‍ ഒരുങ്ങും എന്നത് സി.പി.എം അഭിമുഖീകരിക്കുന്ന മറ്റൊരു ഭീഷണിയാണ്. പ്രസാദാത്മകമായ രാഷ്ട്രീയമാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. ജനാധിപത്യമാണ് അവര്‍ക്ക് സ്വീകാര്യം.
ചുരുക്കത്തില്‍, സി.പി.എം സമഗ്രമായി പുതുക്കപ്പെടേണ്ടത് അതിന്‍െറ അതിജീവനത്തിന് ആവശ്യമാണ്. സി.പി.എമ്മിനെ ഒരു വികാരമായി കൊണ്ടു നടന്നിരുന്ന തലമുറ മരിച്ചുതീരാറായി. ഇനി വരുന്നത് സി.പി.എമ്മിനെ വിമര്‍ശപരമായി വിലയിരുത്തുന്ന തലമുറയാണ്. ഈ തലമുറയുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി രൂപപ്പെടാന്‍ കഴിഞ്ഞാല്‍ മാത്രമേ അതിന് നിലനില്‍പും വളര്‍ച്ചയും സാധ്യമാകൂ. അതിന് ഏറ്റവും പ്രധാനം ജനങ്ങളെ കേള്‍ക്കുക എന്നതാണ്. കമ്യൂണിസ്റ്റ് ആചാര്യരായിരുന്ന മാവോ സേ തൂങ്ങും അന്‍േറാണിയോ ഗ്രാംഷിയും ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന പാര്‍ട്ടിയെ സ്വപ്നം കണ്ടവരാണ്.  ജനങ്ങളെ കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ആ പ്രശ്നങ്ങളെ പരിഹരിക്കാന്‍ മാര്‍ക്സിസത്തിന്‍െറ പ്രത്യയശാസ്ത്ര ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യലാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയം. അതിന്‍െറ വീണ്ടെടുപ്പ് എത്ര എന്നതിനെ ആശ്രയിച്ചാണ് സി.പി.എമ്മിന്‍െറ പ്രതീക്ഷയും പ്രതിസന്ധിയും മാറ്റുരക്കപ്പെടുക. ധാര്‍മികതയുള്ള കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍െറ വീണ്ടെടുപ്പിലാണ് ആലപ്പുഴ സംസ്ഥാന സമ്മേളനം പ്രസക്തമാവുന്നത്.
 

ഐ.എസും സീസിയും മറ്റു ചിലതും

Posted: 18 Feb 2015 06:39 PM PST

Image: 

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്) എന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്)  എന്നുമൊക്കെ പലവിധത്തില്‍ അറിയപ്പെടുന്ന സംഘത്തിന്‍െറ പേരില്‍ രണ്ട് ദിവസം മുമ്പ് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ലിബിയയിലെ സിര്‍തില്‍നിന്ന് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് തട്ടിക്കൊണ്ടുപോയ, ക്രിസ്തുമത വിശ്വാസികളായ 21 അംഗ ഈജിപ്ഷ്യന്‍ തൊഴിലാളി സംഘത്തെ ലിബിയന്‍ തലസ്ഥാനമായ ട്രിപളിയിലെ കടല്‍ത്തീരത്തുവെച്ച് കഴുത്തറുത്ത് കൊല്ലുന്നതിന്‍െറ ദൃശ്യങ്ങളാണ് അവര്‍ പുറത്തുവിട്ടത്. നാഗരിക സമൂഹത്തിന് ഒരു നിലക്കും സങ്കല്‍പിക്കാന്‍ കഴിയാത്തതാണ് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുള്ള കാര്യങ്ങള്‍. തങ്ങള്‍ പിടികൂടുന്നവരെ സിറിയയിലും ഇറാഖിലും വെച്ച് കഴുത്തറുത്ത് കൊല്ലുന്നതിന്‍െറ ദൃശ്യങ്ങള്‍ ഐ.എസ് നേരത്തേയും പുറത്തുവിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ഇത്രയധികം ആളുകളെ ഒന്നിച്ചു വധിക്കുന്നതും ലിബിയയില്‍ ഒരു ഓപറേഷന്‍ നടത്തുന്നതും ഇതാദ്യമാണ്. വലിയ ആഘാതത്തോടെയാണ് ലോകസമൂഹം ഇതിനെ കാണുന്നത്.
ഐ.എസ് എന്നു വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തെ ക്കുറിച്ച് നമ്മുടെ പക്കല്‍ കൃത്യമായ വിവരങ്ങളില്ല. പുറം ലോകത്തിന് ആ സംഘവുമായോ അതിന്‍െറ വക്താക്കളുമായോ ബന്ധങ്ങളുമില്ല. ഏതെങ്കിലും മാധ്യമസ്ഥാപനം അവരുടെ നേതാക്കളെ അഭിമുഖം നടത്തിയിട്ടുമില്ല. ഐ.എസിന്‍േറതെന്ന് അവകാശപ്പെട്ട് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളും കുറിപ്പുകളുംവെച്ച് മാത്രം അവരെ വിശകലനം ചെയ്യാനേ ഇപ്പോള്‍ പുറംലോകത്തിന് സാധിക്കുന്നുള്ളൂ. ഒരു കാര്യം ഉറപ്പുപറയാന്‍ കഴിയും. ലോക രാഷ്ട്രീയത്തിന്‍െറ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കാവുന്ന മധ്യപൗരസ്ത്യ ദേശത്തെ ആകപ്പാടെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് അത് മുന്നേറുന്നത്. ആര്‍ക്കും ഒരു നിശ്ചയവുമില്ളൊന്നിനും എന്ന മട്ടില്‍, യമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിങ്ങനെയുള്ള ആ ഭൂഭാഗത്തെ പ്രമുഖ രാഷ്ട്രങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
മധ്യപൗരസ്ത്യ ദേശത്തെ അസ്ഥിരപ്പെടുത്തുന്നതും മനുഷ്യരുടെ മനസ്സില്‍ തീ കോരിയിടുന്നതും അങ്ങേയറ്റം പ്രാകൃതവുമായ ഈ ഏര്‍പ്പാടുകള്‍ക്ക് പിന്നില്‍ ആര്, എന്ത് എന്നൊക്കെ അറിയാനുള്ള അവകാശം സാര്‍വദേശീയ സമൂഹത്തിനുണ്ട്. അറബ് ലോകത്തെയും അവിടെ ശക്തിപ്പെട്ടുവരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെയും അട്ടിമറിക്കാന്‍ ഇസ്രായേലടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനയില്‍ രൂപപ്പെട്ട രാക്ഷസപ്പടയാണ് ഐ.എസ് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ അറബ് ലോകത്ത് ധാരാളമുണ്ട്. അവരുടെ വാദം ലളിതമാണ്. അറബ് ലോകത്ത് എപ്പോഴും ഏകാധിപത്യം നിലനില്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്‍െറ ആവശ്യമാണ്. അതേപോലെ, തീവ്രവാദ ഗ്രൂപ്പുകളും നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. ഒരേസമയം അറബ് ഏകാധിപതികളെയും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെയും അപ്രസക്തമാക്കുന്ന ജനകീയ മുന്നേറ്റമായിരുന്നു അറബ് വസന്ത പ്രക്ഷോഭങ്ങള്‍. അത് ഉയര്‍ത്തിക്കൊണ്ടുവന്ന പുതിയ അന്തരീക്ഷത്തെ അട്ടിമറിക്കേണ്ടത് അതിനാല്‍ സാമ്രാജ്യത്വത്തിന്‍െറ ആവശ്യമായിരുന്നു.
ഈജിപ്തിലത്തെന്നെ കാര്യമെടുക്കുക. ആളുകളെ കൊന്നുതള്ളുന്നതില്‍ ഐ.എസിനെക്കാള്‍ പതിന്മടങ്ങ് മിടുക്ക് കാണിച്ചയാളാണ് അവിടത്തെ ഭരണാധികാരിയായ അബ്ദുല്‍ ഫത്താഹ് അല്‍സീസി. സീസി-SISIയും ISISഉം അക്ഷരങ്ങള്‍ അപ്പുറവും ഇപ്പുറവും മാറ്റിയിടുന്ന വ്യത്യാസം മാത്രമേയുള്ളൂ എന്ന് പരിഹസിച്ച അറബ് കോളമിസ്റ്റുകളുണ്ട്. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പട്ടാള മേധാവിയാണത്. ജനാധിപത്യ പുന$സ്ഥാപനത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച ആയിരങ്ങളെ തടവിലാക്കുകയും വധിക്കുകയും ചെയ്തു അയാള്‍.  അയല്‍രാജ്യമായ ലിബിയയിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് തന്നെ അനുകൂലിക്കുന്നവരെ അവിടെ പ്രതിഷ്ഠിക്കാന്‍ അയാള്‍ നിരന്തരം ശ്രമിച്ചുവരുകയായിരുന്നു. ലിബിയയിലെ രൂക്ഷമായ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെട്ടും അവിടെ വ്യോമാക്രമണം നടത്തിയും പ്രശ്നത്തെ രൂക്ഷമാക്കുകയായിരുന്നു സീസി. ഇപ്പോള്‍ ലിബിയയില്‍ ഇടപെടാന്‍ സാര്‍വദേശീയമായ സമ്മതി സീസിക്ക് നേടിക്കൊടുക്കുന്നതാണ് പുറത്തുവന്ന തലയറുക്കല്‍ സംഭവം. ലിബിയയില്‍ ഇതിനകം സീസി സൈന്യം വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെ പേരില്‍ ഈജിപ്തില്‍ തനിക്കെതിരെ ഉയരുന്ന ജനരോഷത്തെ തിരിച്ചുവിടാനും ഇതിലൂടെ സീസിക്ക് സാധിച്ചു. അങ്ങനെ നോക്കുമ്പോള്‍ ലിബിയന്‍ കൂട്ടക്കൊലയുടെ ഏറ്റവും വലിയ ഗുണഭോക്താവ് അറബ് ലോകത്തെ ഏറ്റവും ക്രൂരനായ ഏകാധിപതിയായ സീസിയാണ്. ഇതെല്ലാം വിശകലനം ചെയ്യുമ്പോഴാണ് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച ദുരൂഹതകള്‍ക്ക് കനം കൂടിവരുന്നത്.
ലോക വന്‍ശക്തികള്‍ വിചാരിച്ചിട്ടും ഐ.എസിനെ ഒന്നും ചെയ്യാന്‍ സാധിക്കാത്തതെന്തുകൊണ്ട്, അവരുടെ സാമ്പത്തിക സ്രോതസ്സ് എന്ത്, പടിഞ്ഞാറന്‍ നാടുകളില്‍നിന്ന് ഐ.എസിന് എങ്ങനെ ഇത്രയധികം റിക്രൂട്ടുകളെ കിട്ടുന്നു എന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇനിയും ഉത്തരം കിട്ടാതെ കിടക്കുന്നുണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായ മേധാവിത്വത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സാമ്രാജ്യത്വ ശക്തികളും മതത്തെ വെറും അക്ഷരങ്ങളായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം ആളുകളുടെ ഭ്രാന്തന്‍ നടപടികളും ഒത്തുവരുമ്പോള്‍ ഉള്ളം പിടയുന്നത് നന്മയും സമാധാനവും ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടേതുമാണ്.

അരങ്ങിലെ നോവായി മണിപ്പൂരിന്‍െറ വിലാപങ്ങള്‍

Posted: 18 Feb 2015 06:35 PM PST

Image: 

കോഴിക്കോട്: മൂന്നു ഉജ്ജ്വലനാടകങ്ങളുടെ പകര്‍ന്നാട്ടത്തില്‍ ദേശീയ നാടകോത്സവത്തിന്‍െറ മൂന്നാംദിനം സമ്പന്നമായി. മണിപ്പൂരിന്‍െറ വിലാപങ്ങളും സ്വപ്നങ്ങളും പച്ചയായി ആവിഷ്കരിച്ച റിക്ഷ ആന്‍ഡ് ഗണ്‍,സ്ത്രീത്വത്തിന്‍െറ ഉണര്‍ത്തെഴുനേല്‍പിനെ ജ്വലിപ്പിച്ച ‘ഞായറാഴ്ച’, കൊടുംചൂടില്‍ ജീവിതമുരുകുമ്പോള്‍ തണല്‍ തരുന്ന ആശ്വാസം പങ്കുവെക്കുന്ന ’തണല്‍’ എന്നീ നാടകങ്ങളാണ് ഇന്നലെ അരങ്ങില്‍ ആവേശം തീര്‍ത്തത്.
റിക്ഷ വലിച്ച് ജീവിതം നയിക്കുന്ന സത്യസന്ധനായ യുവാവിന്‍െറ കഥനകഥയിലൂടെ ഇറോം ശര്‍മിളയുടെ നാടിന്‍െറ ദു$ഖം അവതരിപ്പിച്ച് ഇംഫാലില്‍നിന്നുള്ള നാടകസംഘം നിറഞ്ഞ സദസ്സിന്‍െറ കൈയടി നേടി. തോക്കിന്‍െറ നാടായി മാറിയ മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്ന മനുഷ്യമക്കളുടെ അവരുടെ അമ്മമാരുടെ കണ്ണീരിന്‍െറ വിലാപത്തിന്‍െറ നേര്‍ചിത്രങ്ങളാണ് ‘റിക്ഷ ആന്‍ഡ് ഗണ്‍’  പങ്കുവെച്ചത്. അരാജകത്വം ഒരു നാടിന്‍െറ സാധാരണമനുഷ്യരുടെ സ്വപ്നങ്ങള്‍ എങ്ങനെ തച്ചുടക്കുന്നു എന്ന് നാടകം വിശദീകരിക്കുന്നു.
ഡോ. എസ് തനിന്‍ലീമ സംവിധാനം ചെയ്ത നാടകം ഒരുമണിക്കൂര്‍ ഇരുപത് മിനിറ്റ് നേരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചെടുത്തു. പൊയ്റേ എന്ന  റിക്ഷക്കാരന്‍െറ വേഷം ചെയ്ത ചിന്‍ഗുലംഗന്‍ബ എന്ന യുവനടന്‍ സദസ്സിന്‍െറ ഹര്‍ഷാരവങ്ങളേറ്റുവാങ്ങി. മനസ്സില്‍ വീണ തീപ്പൊരി ഹൃദയത്തില്‍ ജ്വാലയായി ആളിപ്പടരുന്നതായിരുന്നു ഹിമ ശങ്കര്‍ നായികയായ ‘ഞായറാഴ്ച’ എന്ന നാടകം. കപടസദാചാരത്തെ ചോദ്യം ചെയ്ത നാടകം പ്രേക്ഷകനെ നിസ്സംഗതയില്‍ നിന്നുണര്‍ത്തി. സ്ത്രീയാണെന്നുള്ളത് ഒരു കുറവല്ല സാധ്യതയാണ് എന്ന് വിളംബരം ചെയ്യുന്നതായിരുന്നു ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് തൃശൂര്‍ തിയറ്റര്‍ വില്ളേജ് അവതരിപ്പിച്ച നാടകം.
തപ്തമായ ജീവിത പ്രശ്നങ്ങളില്‍പെട്ടുഴലുമ്പോള്‍ ആരുംകൊതിച്ചുപോകുന്ന ഒരു ദിവ്യാനുഭവമായി മാറുകയാണ് തണല്‍ എന്ന അവസ്ഥ. ഇതിനെ പശ്ചാത്തലമാക്കി അമല്‍രാജ് ദേവ് എഴുതി സംവിധാനം ചെയ്ത നാടകമായിരുന്നു ‘തണല്‍’. മാവേലിക്കര ഭാവലയ കലാക്ഷേത്രമാണ് നാടകം അരങ്ങിലത്തെിച്ചത്.

ചൈനീസ് പുതുവര്‍ഷാഘോഷത്തിന് ഇന്ന് തുടക്കം

Posted: 18 Feb 2015 06:25 PM PST

Image: 
Subtitle: 
ലോകത്തെ ഏറ്റവും വലിയ വാര്‍ഷിക കുടിയേറ്റം ഇക്കാലയളവിലാണ്

ബെയ്ജിങ്: ചൈനയുള്‍പ്പെടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ചാന്ദ്ര പുതുവര്‍ഷാഘോഷത്തിന് വ്യാഴാഴ്ച തുടക്കം. പുതുവര്‍ഷാഘോഷത്തിനായി ലക്ഷക്കണക്കിനാളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന ഈ കാലയളവ്, ലോകത്തെ ഏറ്റവും വലിയ വാര്‍ഷിക കുടിയേറ്റം കൂടിയാണ്. 40 ദിവസം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി ചൈനയില്‍ വിമാനം, ട്രെയിന്‍, മറ്റു വാഹനങ്ങള്‍ എന്നിവയിലായി ഏകദേശം 300 കോടി യാത്രകള്‍ നടക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനക്ക് പുറമെ ചൈനീസ് വംശജര്‍ താമസിക്കുന്ന തായ്വാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും പുതുവര്‍ഷാഘോഷത്തിന് പൊതു അവധിയുണ്ട്.
ജോലിയും മറ്റു തിരക്കുകളുമില്ലാതെ കുടുംബത്തോടൊപ്പം ആഘോഷപൂര്‍വം കഴിയാനുള്ള കാലയളവ് കൂടിയാണിത്. വിയറ്റ്നാമില്‍ ടെറ്റ് എന്നും ദ. കൊറിയയില്‍ സിയോള്ളല്‍ എന്നുമാണ് ആഘോഷം അറിയപ്പെടുന്നത്. വ്യാഴാഴ്ച ബെയ്ജിങ്ങിലെ പീപ്ള്‍സ് ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഷി ജിന്‍പിങ് പുതുവത്സരാശംസകള്‍ നേരും. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ തോത് ഉയരുമെന്നതിനാല്‍ കരിമരുന്ന് പ്രയോഗം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന വ്യവസായ നഗരമായ ഷാങ്ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇത്തവണ ആഘോഷത്തിന് പൊലിമ കുറവാണ്. ജനുവരിയിലെ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേര്‍ മരിച്ച സാഹചര്യത്തിലാണിത്. ഹോങ്കോങ്ങില്‍ സംഘര്‍ഷങ്ങളുടെ ഒരു വര്‍ഷമാണ് കഴിഞ്ഞതെന്നും പുതുവര്‍ഷം ആഹ്ളാദകരമാകട്ടേയെന്നും ഭരണാധികാരി സി.വൈ ല്യുങ് ആശംസിച്ചു.
 

കത്ത് വി.എസിനെ തിരിഞ്ഞുകുത്തും

Posted: 18 Feb 2015 06:09 PM PST

Image: 
Subtitle: 
കത്തിന്‍െറ വഴി കേന്ദ്ര കമ്മിറ്റി അന്വേഷിക്കും

തിരുവനന്തപുരം: സി.പി.എമ്മിനെയും പിണറായിയെയും ജന മധ്യത്തില്‍ സംശയ നിഴലിലാക്കിയ കത്ത് പാര്‍ട്ടിക്കുള്ളില്‍ വി.എസിനെ തിരിഞ്ഞുകുത്തും. സംസ്ഥാന സമ്മേളനത്തിലോ പാര്‍ട്ടിക്കുള്ളിലോ വി.എസിന്‍െറ കത്ത് ഒരു സ്വാധീനവും ചെലുത്തില്ല. വി.എസിന് മുന്നില്‍ നേതൃത്വം മുട്ടുമുടക്കിയാല്‍  ആരോപണങ്ങള്‍ക്ക് സമൂഹത്തിന് മുന്നില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന, കേന്ദ്ര നേതൃത്വം ഏറെ വിയര്‍ക്കും. കരട് റിപ്പോര്‍ട്ടിന് മേലുള്ള വി.എസിന്‍െറ വിയോജനക്കുറിപ്പ് നേരത്തേ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ആ കുറിപ്പ് അടങ്ങിയ കത്താണ് കഴിഞ്ഞ ദിവസം അദ്ദേഹം പി.ബിക്ക് അയച്ചത്.
വി.എസിന്‍െറ കത്ത് സമ്മേളനം പരിഗണിക്കില്ല. സമ്മേളനശേഷം ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും പരിശോധിക്കുക. പി.ബിക്കാണ് കത്ത് നല്‍കിയതെങ്കിലും ഒരു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം കേന്ദ്ര കമ്മിറ്റിക്കാണുള്ളത് എന്നതിനാലാണിത്. വി.എസിന്‍െറ ആരോപണങ്ങള്‍ക്കൊപ്പം കത്ത് പുറത്തായ സാഹചര്യവും കേന്ദ്ര നേതൃത്വം ഗൗരവമായാണ് വീക്ഷിക്കുന്നത്. അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ ഇതും ചര്‍ച്ചയാകും.
 പി.ബി അന്വേഷിച്ച് തീരുമാനം എടുക്കുകയും വി.എസ് പരസ്യമായി അംഗീകരിക്കുകയും ചെയ്ത ടി.പി വധക്കേസിലാണ് ഗുരുതര ആരോപണം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. വധക്കേസില്‍ കുഞ്ഞനന്തനും മനോജിനും കുറ്റക്കാരും പങ്കുകാരുമെന്ന് തെളിഞ്ഞിട്ടും അവരെ പിണറായി ന്യായീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതിന്‍െറ സാഹചര്യം പരിശോധിക്കണമെന്നാണ് വി.എസിന്‍െറ ആവശ്യം. പി.ബിയംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ ടി.പി വധ ഗൂഢാലോചനയില്‍ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുന്നതാണ് ഇത്. ലാവലിന്‍ കേസില്‍ പി.ബി തീരുമാനം വെല്ലുവിളിച്ച് പിണറായിയെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തിയതിന് സമാനനിലപാടാണ് വി.എസ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
 

ടെലിപ്രോംപ്റ്റര്‍ വിനയായി; മോദി വീണ്ടും പരിഹാസമുനയില്‍

Posted: 18 Feb 2015 11:15 AM PST

Image: 
Subtitle: 
ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍െറ ഭാര്യയെ എം.ആര്‍.എസ്. സിരിസേനയെന്ന് വിളിച്ചു

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍െറ ഭാര്യയെ മിസിസ് സിരിസേന എന്ന് വിളിക്കുന്നതിനു പകരം എം.ആര്‍.എസ്. സിരിസേന എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെട്ടിലായി. ഇംഗ്ളീഷ് പ്രസംഗം നടത്താന്‍ പതിവായി ഉപയോഗിക്കുന്ന ‘ടെലി പ്രോംപ്റ്റര്‍ ചതിച്ചതാണ്  മോദിയെ ഇത്തവണ പരിഹാസമുനയിലാക്കിയത്. സ്വന്തം പേരെഴുതിയ കോട്ടിട്ടതിന്‍െറ പേരില്‍ പരിഹാസമേറ്റുവാങ്ങിയ ക്ഷീണം ലേലം വിളിച്ചുതീര്‍ക്കാന്‍ ശ്രമിച്ച ദിവസം വിദേശ അതിഥികള്‍ക്കു മുന്നില്‍ പിണഞ്ഞ അമളി സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുകയുംചെയ്തു.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ മികച്ച വാഗ്വിലാസക്കാരനെന്ന ഖ്യാതി നേടിയ മോദി, പ്രധാനമന്ത്രിയായ ശേഷം വിദേശ പ്രതിനിധികളുള്ള വേദികളിലെല്ലാം നോക്കിവായിക്കാനുള്ള ടെലിപ്രോംപ്റ്റര്‍ സദസ്സിന് തിരിച്ചറിയാനാകാത്ത തരത്തില്‍ സ്ഥാപിച്ചാണ് സംസാരിക്കാറുള്ളത്. പ്രസംഗപീഠത്തിന് ഇടത്തും വലത്തുമായി മോദിയെ അഭിമുഖീകരിച്ച് സ്ഥാപിക്കുന്ന പ്രോംപ്റ്ററില്‍ ഇടത്തും വലത്തും മാറിമാറി നോക്കി പ്രസംഗിക്കുമ്പോള്‍ സദസ്സിന് തങ്ങളെയാണ് നോക്കുന്നതെന്ന തോന്നലാണുണ്ടാവുക. ഈയിടെ നടന്ന വൈബ്രന്‍റ് ഗുജറാത്ത് പരിപാടിയിലും അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമ വന്നപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഏറ്റവുമൊടുവില്‍ ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന ക്രിസ്തീയ സഭയുടെ ആഘോഷ ചടങ്ങിലും ടെലിപ്രോംപ്റ്ററില്‍ നോക്കി ഇംഗ്ളീഷ് വായിക്കുകയായിരുന്നു മോദി.

ഇതുപോലെയാണ് തിങ്കളാഴ്ച ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ സന്ദര്‍ശനവേളയിലും ഇംഗ്ളീഷ് പറയാനായി പ്രോംപ്റ്ററിന്‍െറ സഹായം തേടിയത്. മൈത്രിപാലയുടെ ഭാര്യക്ക് നന്ദി പറയുന്നതിനു പകരം ‘എം.ആര്‍.എസ്. സിരിസേന’ക്ക് നന്ദി പറഞ്ഞത് എല്ലാവരെയും അമ്പരപ്പിച്ചു. സദസ്സിലില്ലാത്ത എം.ആര്‍.എസ്. സിരിസേന ആരാണെന്ന് അദ്ഭുതം കൂറിയവര്‍ക്ക് പിന്നീടാണ് മനസ്സിലായത് മിസിസ് എന്നത് ചുരുക്കി എം.ആര്‍.എസ് എന്നെഴുതിയത് മോദി അപ്പടി നോക്കി വായിച്ചതാണെന്ന്.

സംസാരത്തിന്‍െറ വിഡിയോ ക്ളിപ്പിങ് ബുധനാഴ്ച പുറത്തായതോടെ സോഷ്യല്‍ മീഡിയ പരിഹാസവര്‍ഷം തുടങ്ങി. കൂടുതല്‍ നോക്കിയിരുന്നാല്‍ ഇതിലും വലിയ തമാശകള്‍ കിട്ടുമെന്നും  ടെലിപ്രോംപ്റ്ററിനെ അന്തമാനിലേക്ക് നാടുകടത്തുമെന്നും പലരും ട്വിറ്ററില്‍ കുറിച്ചു.
സെപ്റ്റംബറില്‍ മഹാത്മാ ഗാന്ധിയെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന് വിളിക്കുന്നതിനു പകരം മോഹന്‍ലാല്‍ എന്ന് വിളിച്ചതും ട്വിറ്ററില്‍ ആഘോഷമായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP