ശൈശവ വിവാഹം ബലാല്‍സംഗത്തേക്കാള്‍ ക്രൂരം -കോടതി Posted: 07 Sep 2014 12:29 AM PDT ന്യൂഡല്‍ഹി: ശൈശവ വിവാഹം ബലാല്‍സംഗത്തേക്കാള്‍ ക്രൂരമാണെന്ന് ഡല്‍ഹി കോടതിയുടെ നിരീക്ഷണം. മകളെ ശൈശവ വിവാഹം ചെയ്തയച്ച മാതാപിതാക്കള്‍ നല്‍കിയ കേസ് പരിഗണിക്കവെയാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാന്‍ ഇങ്ങനെ പറഞ്ഞത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃ മാതാപിതാക്കള്‍ക്കും എതിരെ സ്ത്രീധന പീഡനത്തിന് കേസ് നല്‍കിയതായിരുന്നു മാതാപിതാക്കള്‍. ഭര്‍തൃബന്ധുക്കള്‍ക്കെതിരെ നേരത്തെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുത്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ സ്ത്രീധനനിരോധ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ബലാല്‍സംഗത്തേക്കാള്‍ ക്രൂരമായ ശൈശവ വിവാഹം സമൂഹത്തില്‍ നിന്നും പൂര്‍ണമായും തൂത്തെറിയണം. കുറ്റവാളികള്‍ക്കെതിരില്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാനങ്ങള്‍ അടക്കം പരാജയപ്പെടുന്നു. ഇത് കണ്ടു കൊണ്ട് മൗനം പാലിക്കാന്‍ കോടതിക്കാവില്ളെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. 2011 ലാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഈ സമയത്ത് പ്രായപ്രൂര്‍ത്തിയായിരുന്നില്ല. എന്നാല്‍, വലിയവരെപോലെ പെരുമാറി പെണ്‍കുട്ടിയെ ഭര്‍ത്താവും മാതാപിതാക്കളും പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവിനോട് പെണ്‍കുട്ടിക്ക് പ്രതിമാസം 4000രൂപ ചെലവിനു നല്‍കാന്‍ കോടതി ഉത്തരവിട്ടു. |
ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ ഇന്ത്യയില്‍ Posted: 06 Sep 2014 11:42 PM PDT ന്യൂഡല്‍ഹി: ദ്വിദിന ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്നര്‍ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ധാരണയിലെത്താനാണ് സന്ദര്‍ശനം. ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്ന ഫ്രാങ്ക് വാള്‍ട്ടര്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍, മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരുമായും ചര്‍ച്ച നടത്തും. വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നീ മേഖലയിലെ സഹകരണം സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതായി ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജര്‍മനി. |
പ്രവാസി മലയാളികള്‍ക്ക് ഇനി ആഘോഷനാളുകള്‍ Posted: 06 Sep 2014 10:52 PM PDT മസ്കത്ത്: പ്രവാസി മലയാളികള്‍ ഞായറാഴ്ച തിരുവോണം ആഘോഷിക്കും. ഓണ വിഭവങ്ങള്‍ വാങ്ങി കൂട്ടാന്‍ ഹൈപര്‍മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകള്‍ ഓണ സദ്യ ഒരുക്കി മലയാളികളെ കാത്തിരിക്കുന്നുണ്ട്. ഇന്ന് പ്രവൃത്തി ദിവസമായതിനാല്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കുറയും. പലരും അവധിയെടുത്താണ് ഓണമാഘോഷിക്കുന്നത്. ചിലര്‍ ഉച്ചക്ക് ശേഷം അവധിയെടുത്തും ഓണമാഘോഷിക്കുന്നുണ്ട്. മലയാളി സാന്നിധ്യം കൂടുതലുള്ള ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിവസമായതിനാല്‍ ചിലര്‍ ശനിയാഴ്ച ഓണമാഘോഷിച്ചിരുന്നു. ഓണമഘോഷിക്കാന്‍ നാട്ടില്‍ നിന്ന് അടുത്ത ബന്ധുക്കളും മറ്റും ഒമാനിലത്തെിയിട്ടുണ്ട്. നാട്ടിലെ സ്കൂള്‍ അവധിയും മറ്റും ഉപയോഗപ്പെടുത്തിയാണ് ഇവര്‍ ഒമാനിലത്തെിയത്. എന്നാല്‍ വേനലവധിക്ക് നാട്ടില്‍ പോയ പലരും ഓണം നാട്ടിലാണ് ആഘോഷിക്കുന്നത്. ഇത് ആഘോഷത്തിന്‍െറ പൊലിമ കുറക്കും. കുടുംബം നാട്ടിലുള്ള നിരവധി പേര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തിരുവോണം ഇന്നാണെങ്കിലും ഓണാഘോഷങ്ങള്‍ ഈ വര്‍ഷം അവസാനം വരെയെങ്കിലും നീളും. ഒമാനിലെ എല്ലാ മലയാളി സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും ഓണമാഘോഷിക്കും. സംഘടനകളുടെ അംഗബലമനുസരിച്ച് ആഘോഷങ്ങളുടെ പൊലിമയും വര്‍ധിക്കും. ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നത് വാരാന്ത്യ അവധി ദിവസങ്ങളിലാണ്. ആഘോഷങ്ങള്‍ക്ക് ഹാളുകള്‍ ലഭിക്കാത്തതാണ് ആഘോഷങ്ങള്‍ നീളാന്‍ കാരണം.ഒമാനിലെ മലയാളി ആഘോഷങ്ങള്‍ നടക്കുന്ന പ്രധാന ഹാളായ അല്‍ഫലാജ് ഹാള്‍ അടുത്ത ഏതാനും മാസത്തേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഒഴിവില്ലാത്തതാണ് പലരെയും കുഴക്കുന്നത്. മറ്റ് പ്രധാന ഹാളുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗമാണ് വിപുലമായ രീതിയില്‍ ഓണമാഘോഷിക്കുന്നത്. ഈ മാസം 18 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. പ്രസിദ്ധ സിനിമാ സംവിധായകന്‍ ശ്യാമ പ്രസാദാണ് ഈ വര്‍ഷം മുഖ്യാതിഥി. മസ്കത്തിലെ സാംസ്കാരിക രംഗത്തെ പ്രമുഖരും ആഘോഷത്തില്‍ പങ്കെടുക്കും. തിരുവാതിര, വാദ്യമേളം തുടങ്ങിയ നിരവധി കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് വിപുലമായ ഓണ സദ്യയും ഒരുക്കുന്നുണ്ട്. മറ്റ് കലാസാംസ്കാരിക സംഘടനകളും അലുംനി അസോസിയേഷനുകളും കമ്പനികളും കൂട്ടായ്മകളും ഓണമാഘോഷിക്കുന്നതിനാല്‍ അടുത്ത മാസങ്ങള്‍ മലയാളികള്‍ക്ക് ഓണാഘോഷങ്ങളുടെതാണ്. അടുത്ത മാസം ബലിപെരുന്നാള്‍ എത്തുന്നതിനാല്‍ ഓണം, ഈദ് ആഘോഷങ്ങള്‍ സംയുക്തമായും ചില സംഘടനകള്‍ നടത്തും. അതിനിടെ ഓണസദ്യകള്‍ക്ക് ഈ വര്‍ഷം ആവശ്യക്കാര്‍ കൂടുതലാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25 ശതമാനം ആവശ്യക്കാര്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഫാന്‍റസി ഹോട്ടല്‍ മാനേജര്‍ കബീര്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഈ മേഖലയില്‍ മത്സരം കൂടുതലാണ്. മുന്‍ വര്‍ഷങ്ങളില്‍ കുറഞ്ഞ ഹോട്ടലുകളില്‍ മാത്രമാണ് ഓണ സദ്യ ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ചെറിയ ഹോട്ടലുകളില്‍ പോലും ഓണ സദ്യ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 2.700 റിയാലാണ് സദ്യക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം ഇത് 2.500 ആയി കുറച്ചു. ഓണ സദ്യക്ക് ഈ വര്‍ഷം ആവശ്യക്കാര്‍ കൂടുതലാണെന്ന് റുവിയിലെ പ്രമുഖ ഹോട്ടലായ അല്‍ ഫൈലക് ഹോട്ടല്‍ മാനേജര്‍ അബ്ദുറഹീം തോടന്നൂര്‍ പറഞ്ഞു. സദ്യക്ക് 28 വിഭവങ്ങള്‍ ഉണ്ടായിരിക്കുമെന്നും 2.500 റിയാലാണ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. |
ഉത്രാടം പാഞ്ഞു; തിരുവോണം കെങ്കേമമാക്കാന്‍ Posted: 06 Sep 2014 10:28 PM PDT ഷാര്‍ജ: കഴിഞ്ഞ ദിവസം വാങ്ങാന്‍ മറന്ന സാധനങ്ങളുടെ കുറിപ്പടിയുമായിട്ടാണ് ഉത്രാട ദിനമായ ശനിയാഴ്ച മലയാളികള്‍ കടകമ്പോളങ്ങളിലത്തെിയത്. അവിയലിനും തോരനും ഓലനും കാളനും എന്നു വേണ്ട സദ്യക്ക് വിളമ്പേണ്ട വിഭവങ്ങള്‍ക്കുള്ള വഹകള്‍ സ്ഥാപനങ്ങള്‍ തരം തിരിച്ച് വെച്ചത് കാരണം ഉത്രാട പാച്ചിലിന് ക്ഷീണം കുറവായിരുന്നുവെന്ന് കമ്പോളങ്ങളില്‍ എത്തിയവര്‍ പറഞ്ഞു. എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമെല്ലാം ഇന്നലെയും മലയാളികളുടെ തിരക്കായിരുന്നു. റോഡുകളിലും വാഹനങ്ങളും തിരക്ക്കൂട്ടി. ഇന്ന് തിരുവോണദിനത്തില്‍ അവധികിട്ടാത്തവര്‍ വെള്ളിയാഴ്ചയും ഇന്നലെയുമായി മുഖ്യ സദ്യ ഉള്‍പ്പെടെ അകത്താക്കി. അവധി കിട്ടിയവര്‍ ഞായറാഴ്ചയിലേക്കാവശ്യമായ സാധനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്നലെ രാത്രി വൈകിയും മാളുകളിലും മാര്‍ക്കറ്റിലും സമയം ചെലവഴിച്ചു. കൂടെ ജോലി ചെയ്യുന്ന വിവിധ നാട്ടുകാരായ കൂട്ടുകാരെ സദ്യയുണ്ണാന്‍ വിളിക്കാത്തവര്‍ കുറവാണ്. വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഒമാനില്‍ നിന്നും പച്ചക്കറിയുമായി നിരവധി ലോറികളാണ് വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും യു.എ.ഇയിലെ വിവിധ മാര്‍ക്കറ്റുകളില്‍ എത്തിയത്. നേന്ത്രകുലകള്‍ എത്തിയത് ഗള്‍ഫിലെ കേരളമായ സലാലയില്‍ നിന്നായതിനാല്‍ മലയാളികളുടെ മനം നിറഞ്ഞു. തിരുവോണ ദിവസം പരമാവധി വട്ടത്തില്‍ ഇടേണ്ട പൂക്കളത്തിലേക്കുള്ള പൂക്കള്‍ വാങ്ങാന്‍ തിരക്ക് കൂട്ടിയത് കുട്ടികളായിരുന്നു. ചെട്ടിയും തെച്ചിയും മന്താരവും ചെന്താമരപൂക്കളും വിപണികളില്‍ എത്തി. യു.എ.ഇയിലെ വടക്കന്‍ മലയോരങ്ങളില്‍ വിരിഞ്ഞ പൂക്കള്‍ പറിക്കാനും കുട്ടികളത്തെി. തോട്ടങ്ങളോട് ചേര്‍ന്ന് ജല സാന്നിധ്യമുള്ള മലയോരങ്ങളില്‍ സ്ഥിരമായി പൂക്കള്‍ വിടരാറുണ്ട്. ഭക്ഷണ വില്‍പ്പന ശാലകളില്‍ നിന്ന് ശനിയാഴ്ച്ച പുറത്തെക്കൊഴുകിയത് തനി നാടന്‍ വിഭവങ്ങളുടെ നറുമണമായിരുന്നു. ഓണവിഭവങ്ങളുടെ വലിയ കുറിപ്പടി പ്രദര്‍ശിപ്പിച്ചാണ് ഭോജന ശാലകള്‍ ഓണമുണ്ണാന്‍ ആളെ കൂട്ടുന്നത്. കുടുംബങ്ങളായി താമസിക്കുന്നവര്‍പോലും റെഡിമെയ്ഡ സദ്യയെആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് ഓണം ഹോട്ടലുകളുടെ മത്സര ഇനമായത്. ഉണ്ട ഇലയില്‍ പായസം ഒഴിച്ച് കൈ കൊണ്ട് ഒരുകൂട്ടി കുടിച്ച് പെരുവിരല്‍ കൊണ്ട് ഇത്തിരി അച്ചാറ് നാവില്‍ പുരട്ടിയാലെ പായസത്തിന്‍റ രുചി ഉണരുകയുള്ളുവെന്നാണ് പറച്ചില്‍. |
പി. ജയരാജന് വധഭീഷണി; കണ്ണൂര്‍ പൊലീസ് കേസെടുത്തു Posted: 06 Sep 2014 09:59 PM PDT കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും മകനുമെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഐ.ടി നിയമപ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി, കണ്ണൂര്‍ എസ്.പി എന്നിവര്‍ക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ജയരാജനെ കൊല്ലാത്തത് ആര്‍.എസ്.എസിന്‍െറ കഴിവുകേടാണെന്ന് കരുതുന്നുവെങ്കില്‍ ആ ചിന്ത മാറ്റാന്‍ സംഘത്തിന് അറിയാമെന്നായിരുന്നു ഫേസ്ബുക്കിലെ ഭീഷണി. കൂടാതെ ജയരാജന്‍െറ മകന്‍ മരണം യാചിക്കുന്നത് കണ്ടില്ളേയെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സജി കൃഷ്ണ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണി സന്ദേശം വന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ഫേസ്ബുക് പോസ്റ്റ് അപ്രത്യക്ഷമായി. കതിരൂരിലെ ആര്‍.എസ്.എസ് നേതാവ് മനോജിന്‍െറ കൊലപാതകം വര്‍ഷങ്ങളായി കാത്തിരുന്ന വാര്‍ത്തയാണെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജന്‍െറ മകന്‍ ജെയിന്‍ രാജ് ഫേസ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. |
യു.എസ് ഓപ്പണ്‍: ഫെഡററും ദ്യോക്കോവിച്ചും പുറത്ത് Posted: 06 Sep 2014 09:36 PM PDT ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെയും ഡേവിഡ് ഫെഡററിനെയും അട്ടിമറിച്ചു. ഇരുവരും യു.എസ് ഓപ്പണില്‍ നിന്ന് പുറത്തായി. സെമിയില്‍ ജപ്പാന്‍െറ കെയി നിഷികോരിയാണ് ദ്യോക്കോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍: 6-4, 1-6, 7-6, ,6-3. ഗ്രാന്‍ഡ്സ്ളാം ഫൈനലിലെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് കെയി നിഷികോരി. ക്രൊയേഷ്യയുടെ മിരിന്‍ സിലിച്ചാണ് ഫെഡററെ പരാജയപ്പെട്ടത്. നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കാണ് സിലിച്ച് ജേതാവായത്. സ്കോര്‍: 6-3, 6-4, 6-4. |
കാട്ടിലലഞ്ഞ ജീവിതം ആശുപത്രിക്കിടക്കയില്‍ Posted: 06 Sep 2014 08:07 PM PDT Subtitle: 'മൂകന്‍െറ' കഥ 'മാധ്യമം' ആണ് പുറത്തുകൊണ്ടുവന്നത് മൈസൂര്‍: സയ്യാജി റാവു റോഡിലുള്ള കൃഷ്ണ രാജേന്ദ്ര സര്‍ക്കാര്‍ ആശുപത്രി. ഇവിടെ സൈക്യാട്രിക് വാര്‍ഡിലെ 15ാം നമ്പര്‍ കട്ടിലില്‍ ബെഡ്ഷീറ്റ് പുതച്ച് ചുരുണ്ടുകൂടിക്കിടക്കുകയാണ് കുശപ്പ. ഉറക്കംതന്നെയാണ് മിക്ക സമയവും. വനവാസം കഴിഞ്ഞുള്ള ആശുപത്രിവാസം, ശരീരഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. രണ്ടു ദിവസമായി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ളെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരുടെ വിശദീകരണം. നാഗര്‍ഹോള ടൈഗര്‍ റിസര്‍വിലെ കൊടുംകാടിനുള്ളില്‍ മനോനില തെറ്റി ഉടുതുണിയില്ലാതെ ജീവിക്കുകയായിരുന്ന ‘മൂകന്‍െറ’ കഥ ലോക ആദിവാസി ദിനത്തില്‍ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിരുന്നു. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിനുള്ളിലെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാരോട് ഭക്ഷണത്തിന് യാചിച്ച് ജീവിതം തള്ളിനീക്കിയിരുന്ന ആ ‘മൂകന്‍’ ആണ് കുശപ്പയെന്ന സ്വന്തം പേരില്‍ കെ.ആര്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമം വാര്‍ത്തയെ തുടര്‍ന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് അധികൃതര്‍ മുന്‍കൈയെടുത്ത് ഇയാളെ ആശുപത്രിയിലത്തെിക്കുകയായിരുന്നു. പരിചരിക്കാനായി ആശുപത്രിയിലുള്ള സഹോദരന്‍ മാസ്തി ഭക്ഷണവുമായത്തെി വിളിച്ചിട്ടും കുശപ്പ ഉറക്കംവിട്ടുണരാന്‍ കൂട്ടാക്കുന്നില്ല. രണ്ടു ദിവസം മുമ്പു വരെ നന്നായി ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് മാസ്തി പറഞ്ഞു. ആശുപത്രി വാസം ഒരു മാസമാകുമ്പോഴും കാട്ടിനുള്ളില്‍ വര്‍ഷങ്ങളോളം നഗ്നനായി ജീവിച്ചതിന്‍െറ കെട്ടുപാടുകളില്‍നിന്ന് മോചിതനായിട്ടില്ല. വസ്ത്രം ധരിപ്പിച്ചാല്‍ അഞ്ചു മിനിറ്റിനകം അവ ഉരിഞ്ഞുകളയും. പിന്നെ ബെഡ്ഷീറ്റ് പുതച്ചാകും കിടത്തം. അഞ്ചാറു വര്‍ഷം മുമ്പുവരെ ഒരു കുഴപ്പവുമില്ലായിരുന്നു അനുജനെന്ന് മലയാളം നന്നായറിയാവുന്ന മാസ്തി പറയുന്നു. നാഗര്‍ഹോളക്കടുത്ത് എച്ച്.ഡി കോട്ട പ്രദേശത്തെ ആനമുളമാണ് സ്വദേശം. അച്ഛന്‍ സുബ്ബനൊപ്പം മാനന്തവാടി മേഖലയിലെ വയനാടന്‍ ഗ്രാമങ്ങളില്‍ കൂലിപ്പണിയെടുക്കുകയായിരുന്നു കുശപ്പ. മലയാളം കുശപ്പക്കും നന്നായറിയാം. ഒരു ദിവസം ജോലി കഴിഞ്ഞത്തെിയപ്പോള്‍ മത്തുപിടിച്ചതുപോലെ ഒറ്റയിരിപ്പായിരുന്നു. ആരോടും സംസാരിക്കാതെയുള്ള ആ ഇരിപ്പ് ദിവസങ്ങളോളം തുടര്‍ന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. കോഴിക്കോട്ടുവെച്ച് അപകടത്തില്‍പെട്ട് അവിടെ ആശുപത്രിയിലായ വിവരം പിന്നീട് പത്രവാര്‍ത്ത കണ്ടാണ് അറിഞ്ഞത്. അപകടത്തില്‍ വലതുകാലിന്‍െറ പെരുവിരല്‍ നഷ്ടമായി. കാലില്‍ ബാന്‍ഡേജുമായി നാട്ടില്‍ തിരിച്ചത്തെുമ്പോള്‍ വ്രണം പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. പച്ചമരുന്ന് തേച്ച് അതു ഭേദമായെന്ന് മാസ്തി പറഞ്ഞു. ആരോഗ്യം വീണ്ടെടുത്തിട്ടും പണിക്കൊന്നും പോയില്ല. പഴയ ഇരിപ്പ് തുടര്‍ന്നു. അതിനിടയിലാണ് വസ്ത്രങ്ങള്‍ അണിയാന്‍ വിസമ്മതിച്ചു തുടങ്ങിയത്. കുറച്ചുദിവസങ്ങള്‍ക്കുശേഷം വീടുവിട്ടിറങ്ങി കാട്ടിലത്തെുകയും ചെയ്തു. മാസ്തിക്കു പുറമെ മറ്റൊരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട് 29കാരനായ കുശപ്പക്ക്. ഇളയ സഹോദരന്‍ രാജുവും ബത്തേരിയില്‍ വീട്ടുജോലി ചെയ്യുന്ന സഹോദരിയും ആശുപത്രിയില്‍ കുശപ്പയെ കാണാനത്തെിയിരുന്നു. വീട്ടില്‍ അസുഖബാധിതയായി കിടക്കുകയാണ് ഇവരുടെ അമ്മ. പുറത്തുനിന്ന് മരുന്ന് വാങ്ങാനുള്ള പണം കര്‍ണാടക വനംവകുപ്പ് നല്‍കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ പി.ആര്‍. ശ്രീജിത്തിന്‍െറ ഇടപെടലും കുശപ്പയെ ആശുപത്രിയിലാക്കുന്നതില്‍ നിര്‍ണായകമായി. ഡോ. രവീഷിന്‍െറ മേല്‍നോട്ടത്തിലാണ് ചികിത്സ. കുശപ്പയെ പതിയെ ഒന്നെഴുന്നേല്‍പിക്കാനുള്ള ശ്രമം നടത്തിനോക്കി മാസ്തി. അനുനയത്തില്‍ പറഞ്ഞിട്ടും വഴങ്ങുന്നില്ല. ഭക്ഷണം കൊണ്ടുവന്നെന്നു പറഞ്ഞാല്‍ വേഗം എഴുന്നേറ്റിരിക്കുന്ന അനുജനെ ബലമായി പിടിച്ചുയര്‍ത്തേണ്ടിവന്നു. അപ്പോള്‍ വായില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ നാവ് വല്ലാതെ മുറിഞ്ഞിരിക്കുന്നു. ഭക്ഷണം കഴിക്കാതിരിക്കുന്നതിന്‍െറ കാരണം മാസ്തിക്ക് മനസ്സിലായത് അപ്പോള്‍ മാത്രമാണ്. എന്നിട്ട് അയാള്‍ പറഞ്ഞുകൊടുക്കേണ്ടിവന്നു, അധികൃതര്‍ക്ക് അതു മനസ്സിലാവാന്‍. |
ഓണത്തിനൊരു മറുവായന Posted: 06 Sep 2014 07:48 PM PDT Byline: ഡോ. കെ.എസ്. രാധാകൃഷ്ണന് മലയാളിയുടെ സഹജ സ്വഭാവംതന്നെ വളരെ സമൃദ്ധമായതും ഒരിക്കലും പരിശോധിച്ച് ബോധ്യപ്പെടാന്‍ കഴിയാത്തതുമായ ഭൂതകാലത്തില്‍ അഭിരമിക്കുക എന്നതാണ്. ഇക്കാര്യത്തില്‍ ജാതിവ്യത്യാസമില്ല. അത് കൂടുതല്‍ അറിയണമെങ്കില്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ‘കേരള ചരിത്രം’ രണ്ടാം വാള്യം വായിച്ചാല്‍ മതി. കേരളത്തിലെ ഓരോ ജാതിക്കാരും മതസ്ഥരും അവരവരുടെ ചരിത്രമാണ് എഴുതിയിരിക്കുന്നത്. എല്ലാവരും ഒരുമിച്ച് അവകാശപ്പെടുന്നത് അവരുടെ പൂര്‍വികരായിരുന്നു കേരളത്തിലെ രാജാക്കന്മാര്‍ എന്നാണ്. മലയാളിയുടെ ഈ മിഥ്യാഭിമാനത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച ഒരു എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ്. അതുകൊണ്ടാണ് കൊച്ചുതാച്ചുമ്മ, ഉപ്പാപ്പാക്ക് ആനയുണ്ടായിരുന്നു എന്ന് എപ്പോഴും പറഞ്ഞിരുന്നത്. ‘ഉപ്പാപ്പാന്‍െറ ആന കുയ്യാനയായിരുന്നു’ എന്ന് പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നതും അതുകൊണ്ടാണ്. ‘ഉപ്പൂപ്പാന്‍െറ കുയ്യാന മഹത്വത്തിന്‍െറ’ ഒരംശം ഓണത്തെക്കുറിച്ചുള്ള മാവേലി കഥയിലും നമുക്ക് കാണാന്‍ കഴിയും. മാവേലിയുടെ വാഴ്ചക്കാലത്ത് സത്യസുരഭിലവും സമത്വ സുന്ദരവുമായ ഒരു ഭരണവ്യവസ്ഥ ഉണ്ടായിരുന്നു എന്നും കള്ളവും ചതിയും പൊളിയുമില്ലാത്തതും കള്ളപ്പറയും ചെറുനാഴിയുമില്ലാതെ കൃത്യമായ അളവ് തൂക്കങ്ങള്‍ പരിപാലിച്ചിരുന്നതുമായ ഒരു ജീവിതരീതി ഉണ്ടായിരുന്നു എന്നുമാണ് അവകാശവാദം. ഇങ്ങനെ ഒരുകാലം കേരളത്തില്‍ എന്നെങ്കിലും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കത്തക്ക തെളിവുമില്ല; യുക്തിയുമില്ല. ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ പൂര്‍വ പിതാമഹന്മാരെല്ലാം അത്രക്കങ്ങ് സത്യസന്ധരും സമത്വ ബോധവുമുള്ളവരായിരുന്നു എന്ന് കരുതാന്‍ എന്താണ് ന്യായം എന്ന് എനിക്ക് ഇതുവരെ ബോധ്യമായിട്ടുമില്ല. മാത്രമല്ല, മനുഷ്യസ്വഭാവത്തില്‍ ഇണങ്ങുന്നതുമല്ല ഇത്തരം ഒരു സങ്കല്‍പം. ‘പല ഭാഷകള്‍; പല ഭൂഷകള്‍’ എന്ന് ചങ്ങമ്പുഴ പറയുമ്പോലെ അനേകം സ്വഭാവ വൈശിഷ്ട്യങ്ങളും വൈജാത്യങ്ങളുമുള്ള മനുഷ്യരുടെ സമുദായ സമന്വയമായിരുന്നു മനുഷ്യസമൂഹം. അതുകൊണ്ടുതന്നെ, ഭീരുവും ധീരനും, കള്ളനും സത്യസന്ധനും, നീതിമാനും ചതിയനും, സദ്സ്വഭാവിയും ദു$സ്വഭാവിയും എല്ലാം ഏതൊരു സമൂഹത്തിലും ഇന്നുള്ളതുപോലെതന്നെ ഉണ്ടായിരിക്കണം. അത്തരം ഒരുസമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആന്തരിക സ്വഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ എത്ര മിടുക്കനായാലും ഒരു ഭരണാധികാരിക്കും കഴിയുകയുമില്ല. രാമാവതാരം വരുമ്പോള്‍ ഒരു രാവണന്‍കൂടി ഉണ്ടായിരുന്നു എന്നകാര്യം നാം മറക്കരുത്. ഇനി മഹാബലി നാടുവാഴുന്ന കാലത്ത് പാട്ടില്‍ പറയുന്നതുപോലായിരുന്നു കാര്യങ്ങള്‍ എങ്കില്‍ രണ്ട് സങ്കല്‍പങ്ങള്‍ നാം അംഗീകരിച്ചേ പറ്റൂ. ഒന്ന്; അക്കാലത്ത് മനുഷ്യരെല്ലാം ഈശ്വരതുല്യരായിരുന്നു എന്നതുകൊണ്ട് എല്ലാതരം ഭേദവിചാരങ്ങളെയും അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. രണ്ട്; മഹാബലി വളരെ നിഷ്ഠുരനായ ഒരു ഏകാധിപതി ആയതുകൊണ്ട് തങ്ങളുടെ തിന്മകള്‍ പുറത്തെടുക്കാന്‍ മനുഷ്യര്‍ ഭയന്നിരുന്നു. ഇത് രണ്ടായാലും സംഭവിച്ചിരിക്കാന്‍ ഇടയുള്ള കാര്യമല്ല. മലയാളിയുടെ സങ്കല്‍പസുഷമയില്‍ ചാമരംവീശി നില്‍ക്കുന്ന ഈ മാവേലി മിത്ത്, ആദ്യമേ സൂചിപ്പിച്ചതുപോലെ അവിശ്വസനീയമായ ഒരു തറവാടിത്ത ഭോഷണം നടത്തുന്നതിന് വേണ്ടി മലയാളി സ്വരൂപിച്ചെടുത്ത ഒരു സങ്കല്‍പം മാത്രമാണ്. അതല്ല; പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരുഭരണം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒരു ഏകാധിപതിയായിരിക്കണം. ഏകാധിപതികള്‍; അവര്‍ ഏത് വിഭാഗത്തില്‍പെട്ടവരായാലും അവര്‍ക്ക് വിധിച്ചിട്ടുള്ളത് ചരിത്രത്തിന്‍െറ പാതാളലോകംതന്നെയാണ്. ഈ മഹാബലി ഭരണസങ്കല്‍പങ്ങള്‍ക്ക് ഒരു മറുവശംകൂടിയുണ്ട്. അനീതി, അക്രമം, അസമത്വം, ചതി, നെറികേട് ഇതൊക്കെ നിറഞ്ഞുനില്‍ക്കുന്ന സമകാലിക ജീവിതത്തെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു സങ്കല്‍പംകൊണ്ട് നേരിട്ട് ഇതിനെയെല്ലാം നീതീകരിക്കുക എന്നതാണത്. കേരളത്തെ സംബന്ധിച്ചിടത്തോളം, മലയാളി മനുഷ്യനായി മാറിയത് നവോത്ഥാന കാലത്താണ്. 19ാം നൂറ്റാണ്ടിന്‍െറ അര്‍ധ ശതകത്തിന് ശേഷം തുടങ്ങുകയും 20ാം നൂറ്റാണ്ടിന്‍െറ അര്‍ധ ശതകത്തിന് മുമ്പേ അവസാനിക്കുകയും ചെയ്ത ഒരു കാലമാണ് നമ്മുടെ നവോത്ഥാന കാലം. ആ കാലത്താണ് ജാതിമത വിഭാഗീയതക്ക് അതീതമായി തങ്ങള്‍ക്കിടയില്‍ പൊതുവായ ചില ജീവിത അനുഭവങ്ങളുണ്ട് എന്നത് മലയാളി തിരിച്ചറിഞ്ഞത്. അക്കാലത്താണ് കേരളത്തിലെ പൊതുസമൂഹം രൂപപ്പെട്ടുവന്നത്. അതുവരെ മതസമൂഹങ്ങളുടെയും ജാതിസമൂഹങ്ങളുടെയും ഒരു കലര്‍പ്പായിരുന്നു കേരളീയ സമൂഹം. യഥാര്‍ഥത്തില്‍ മത്തായിയും മുഹമ്മദും മാധവനും ചാത്തനുമെല്ലാം ഒരു ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം തുടങ്ങിയതോടെയാണ് കേരളത്തില്‍ ഒരു പൊതുസമൂഹം ഉണ്ടായത്. പുലപ്പേടിയും പറപ്പേടിയും മാറിയതും അക്കാലത്താണ്. ചണ്ഡാലന്‍ തൊട്ടാല്‍ ബ്രാഹ്മണന്‍ ചാരമായി തീരില്ല എന്ന് തിരിച്ചറിഞ്ഞതും ക്ളാസ് മുറികളില്‍ തന്നെയാണ്. ഈ ക്ളാസ് മുറികള്‍ രൂപപ്പെടുന്നതിന് മുമ്പേ ഉണ്ടായിരുന്ന സമൂഹത്തിലെ അസഹിഷ്ണുതയും അസന്തുലിതാവസ്ഥയും കൃത്രിമമായി മറയ്ക്കാന്‍ മഹാബലി ഭരണപ്പാട്ട് മനുഷ്യരെ സഹായിച്ചിരിക്കണം. യഥാര്‍ഥമല്ലാത്ത ഏത് പ്രശ്നപരിഹാരവും കാപട്യമായി ഭവിക്കും എന്നത് മറക്കരുത്. മലയാളിയുടെ മനസ്സില്‍ കുടിയിരിക്കുന്ന കാപട്യവും ഇത്തരം ഒരു അവസ്ഥയില്‍നിന്ന് സംജാതമായത് ആയിരിക്കണം. മലയാളിയുടെ പുരോഗമനം അവന്‍ കാലില്‍ ധരിച്ചിരിക്കുന്ന ചെരിപ്പുപോലെയാണ്. അത് ഒരിക്കലും വീടിനകത്ത് കയറില്ല; വീടിന് പുറത്ത് തന്നെയായിരിക്കും. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ധരിക്കുകയും വീട്ടിലേക്ക് കയറുമ്പോള്‍ ഊരിവെക്കുകയും ചെയ്യുന്ന ഈ പുരോഗമനം നമ്മുടെ എല്ലാ കപട ശീലങ്ങള്‍ക്കും അകമ്പടി സേവിക്കുന്നു. അതുകൊണ്ടാണ് പൂജാമുറിയില്‍ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ പ്രതിഷ്ഠിച്ചുകൊണ്ടും തിങ്കളാഴ്ച നോല്‍മ്പു നോല്‍ക്കുന്ന ഭാര്യയുടെ വ്രതാനുഷ്ഠാന സൗശീല്യത്തെ പ്രശംസിച്ചുകൊണ്ടും വീടിനകത്ത് ജീവിക്കാനും പുറത്തിറങ്ങി ഫെമിനിസവും ക്ളാസ്ലെസ് സൊസൈറ്റിയും കാലഘട്ടത്തിന്‍െറ അനിവാര്യതയാണ് എന്ന് പ്രസംഗിക്കാനും നമുക്ക് ഒരു ഉളുപ്പുമില്ലാത്തത്. ഇങ്ങനെ മലയാളി മനസ്സില്‍ സൂക്ഷിക്കുന്ന കാപട്യത്തിനും നിഷേധാത്മകതക്കും ഒരു മറുമരുന്നായിക്കൂടി തിരുവോണത്തെ കാണാനും നമുക്ക് കഴിയും. മലയാളിയുടെ മനസ്സില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന നിഷേധാത്കതയുടെ ആള്‍ രൂപമാണ് ബഷീര്‍ കഥാപാത്രവും സ്ഥലത്തെ പ്രധാന എതിരനുമായ ചാത്തങ്കേരി മനക്കല്‍ നമ്പൂതിരിപ്പാട്. എന്തിനെയും ആദ്യം എതിര്‍ക്കുകയും എതിര്‍പ്പിന്‍െറ പാരമ്യത്തില്‍ എതിര്‍ത്തതിനെയെല്ലാം ആരവങ്ങളോടെ സ്വീകരിക്കുകയും ചെയ്യും. ഈ എതിര്‍പ്പിന്‍െറ ശീലം ഇന്നും നമ്മള്‍ വിട്ടിട്ടില്ല. അത് റോഡ് വികസനമായാലും വിമാനത്താവളമായാലും പ്ളസ് ടു ആയാലും സ്വാശ്രയമായാലും സ്വയംഭരണമായാലും ആദ്യം എതിര്‍ക്കും. പിന്നെ സ്വീകരിക്കും; ഹര്‍ഷാരവത്തോടെ. തയാറാക്കിയത്: എം.കെ.എം. ജാഫര്‍ |
സമാഗമത്തിന്‍െറ ‘അമ്മയോണം’ Posted: 06 Sep 2014 07:45 PM PDT പുരയിടങ്ങളില്‍ നമ്മുടെ പൂക്കളും പച്ചക്കറിയും വിരിഞ്ഞിരുന്ന ഓണക്കാലമാണ് എന്‍െറ ഓര്‍മയോണം. കുട്ടിക്കാലത്തൊക്കെ ഓണമെന്നത് കര്‍ക്കടകത്തിന്‍െറ വറുതി കഴിഞ്ഞത്തെുന്ന ‘സമൃദ്ധി’യുടെ പൊന്നോണമായിരുന്നു. അന്നൊന്നും കായ്കറികളോ അത്തപ്പൂക്കളത്തിനുള്ള പൂവോ പുറത്തുനിന്ന് വാങ്ങിയതിന്‍െറ മങ്ങിയ ഓര്‍മപോലുമില്ല. ഇന്നത്തെ ഓണക്കാലത്തെ പ്രധാന ചര്‍ച്ച വിലക്ക യറ്റമാണ്. അന്നൊന്നും ഓണക്കാലത്തുപോലും വിലക്കയറ്റം എന്നൊരു വാക്കില്ലായിരുന്നു. പൂക്കളത്തെ മാത്രമല്ല, ആഹാരത്തിനുള്ള അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളുമൊന്നും ഓണത്തെ ബാധിച്ചിരുന്നില്ല. നിര്‍ലോഭം ലഭിച്ചിരുന്ന പൂവും കായ്കറികളും നിറഞ്ഞ നമ്മുടെ കാര്‍ഷിക പാരമ്പര്യവും സംസ്കാരവും ഓണത്തെ സമൃദ്ധിയുടെ ആഘോഷമാക്കിയതിന്‍െറ നല്ളോണ സ്മരണകള്‍ ഇന്നും ബാക്കിയുണ്ട് ഉള്ളില്‍. ‘അമ്മയോണ’ത്തിന്‍െറ പേരിലും എനിക്ക് ഓണമൊരു സമാഗമത്തിന്‍െറയും കൂടിച്ചേരലിന്‍െറയും പൂക്കാലമാണ്. എല്ലാവരും ‘ചേരുന്ന’ ഉത്സവം കൂടിയായിരുന്നു ഓര്‍മയോണം. ബന്ധുമിത്രാദികളെയെല്ലാം ഓര്‍മിക്കുന്ന, എല്ലാവരും ഒത്തുചേരുന്ന തിരുവോണം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. മാതാപിതാക്കളെ തനിച്ചാക്കി നഗരത്തില്‍ ചേക്കേറിയ മക്കളും കൊച്ചുമക്കളും ഫ്ളാറ്റുകളില്‍ ‘ആഘോഷി’ക്കുന്ന റെഡിമേഡ് ഓണങ്ങളാണ് എല്ലായിടത്തും. ഒറ്റക്കായവരുടെ ഓണത്തിലും അവര്‍ ഒറ്റക്കുതന്നെ. ഗ്രാമത്തിലേക്ക് തിരികെ ചെന്ന് കൂട്ടുകുടുംബത്തോടൊപ്പം പൂവിളിയും ഓണപ്പാട്ടും ഊഞ്ഞാലാട്ടവും എല്ലാം തിരിച്ചുപിടിക്കാത്തവര്‍ക്ക് നഗരത്തിലെ തിരക്കിന്‍േറതാണ് ഇന്നോണം. എവിടെയാണെങ്കിലും തിരുവോണത്തിന് അടുത്തത്തെണമെന്ന അമ്മവിധിയായിരുന്നു അന്ന് ഞങ്ങള്‍ മക്കളെ ഹരിപ്പാടുള്ള വീട്ടിലേക്ക് നയിച്ചത്. സഹോദരങ്ങളെല്ലാം പ്രശസ്തരായിരുന്നെങ്കിലും ലോകത്തെവിടെ ആയിരുന്നെങ്കിലും അമ്മയോടൊപ്പം ഒത്തുചേരുമായിരുന്നു. അമ്മ മരിച്ചതോടെ കൂടിച്ചേരലുകളുടെ ഓണക്കാലവും പൂക്കാലം പോലെ വാടിപ്പോയി. എല്ലാവരെയും ചേര്‍ത്തുവെക്കുന്നത് ഓണവും അമ്മയുമായതിനാല്‍ ഓണമെനിക്ക് അമ്മയോണം കൂടിയാണ്. എല്ലാ മലയാളികളെയും അടുപ്പിക്കുന്ന സ്നേഹമാണ് ഓണവും അമ്മയും. അപ്പോള്‍ അമ്മയെപ്പോലെയാണ് ഓണം എന്ന തിരിച്ചറിവുകൂടി നല്‍കുന്നുണ്ട്. അല്ളെങ്കില്‍ നല്‍കേണ്ടതുണ്ട് ഈ ഓണവും ആഘോഷത്തിമിര്‍പ്പുകളും. ആത്മീയ സൗന്ദര്യം നഷ്ടപ്പെട്ട വെറും ചടങ്ങ് മാത്രമാണ് ഇന്നത്തെ ഓണം. ഭൗതികമായ, ബാഹ്യമായ ഒരു ആഘോഷച്ചടങ്ങായി ചുരുങ്ങിയിരിക്കുന്നു ഓണം. സംസ്കാരത്തിന്‍െറ എല്ലാ മേഖലകളിലും വന്ന മൂല്യച്യുതി തിരുവോണത്തെയും ബാധിച്ചിരിക്കുന്നു. എന്നാലും, തിരുവോണ നാളിലെങ്കിലും നമ്മുടെ തനത് സംസ്കാരത്തെയും മൂല്യബോധത്തെയും കുറിച്ച് ഓര്‍മപ്പെടുത്താന്‍ ഇന്നത്തെ ഓണത്തിനാവുമെന്ന് ആശിക്കാം. വിട്ടുകൊടുക്കാനുള്ള വലിയ മനസ്സുകളില്‍നിന്ന് ഉണ്ടാകുന്ന ആഹ്ളാദത്തിന്‍െറ ഉത്സവം കൂടിയാണ് തിരുവോണം. ത്യാഗം ദു$ഖമല്ല സന്തോഷമാണെന്ന സന്ദേശമുണ്ട് ഓണത്തില്‍. വളരെ സന്തോഷത്തോടെയാണ് മഹാബലി ത്യാഗം ചെയ്തത്. ധാര്‍മികത്യാഗത്തിന്‍െറ ഭാഗമായുള്ള ആ പ്രവൃത്തി അദ്ദേഹത്തിന് ഏറെ സന്തോഷം നല്‍കി. മാവേലിക്കഥയെ എങ്ങനെ വ്യാഖ്യാനിച്ചാലും ദു$ഖമല്ല സന്തോഷമാണ് ത്യാഗത്തിന്‍െറ ഫലമെന്ന സന്ദേശമാണ് ലഭിക്കുക. ഭൂമി അളന്നെടുക്കാന്‍ എത്തിയ വാമനനോട് യുദ്ധത്തിനൊരുങ്ങുകയല്ലല്ളോ ശക്തനായ മഹാബലി ചെയ്തത്. പറഞ്ഞ വാക്ക് പാലിക്കാനുള്ള ധാര്‍മികതയുടെ ഭാഗമായുള്ള ത്യാഗത്തിന് തയാറാവുകയായിരുന്നു. ഓണം ആഘോഷിക്കുന്നതിലൂടെ മലയാളികളെല്ലാം ത്യാഗത്തെയാണ് ആഗ്രഹിക്കുന്നത്. ത്യാഗത്തിന്‍െറ ഓര്‍മകൂടിയാണ് ഓണം. ഇന്നത്തെ സമൂഹത്തിന് ത്യാഗം ചെയ്യാനുള്ള സന്നദ്ധതയില്ല. മറ്റുള്ളവരില്‍നിന്ന് എല്ലാം പിടിച്ചുവാങ്ങിയാല്‍മാത്രം പോര, എന്തെങ്കിലും വിട്ടുകൊടുക്കാനുള്ള മനസ്സും ഉണ്ടാകണം. കൂടുതല്‍ നേടിയെടുക്കണം എന്ന ചിന്ത മാത്രം പോര എന്ന സന്ദേശം പുതിയ തലമുറയെ പഠിപ്പിക്കാനും ഓണത്തിനാവണം. പുതിയ തലമുറയെ ഈ സന്ദേശം പഠിപ്പിക്കാനാവുന്നുണ്ടോ എന്ന കാര്യം സംശയമാണ്. എല്ലാം കവര്‍ന്നെടുക്കുന്ന ഓണം എന്ന ചിന്തയില്‍നിന്ന് വിട്ടുകൊടുക്കാനുള്ള മനസ്സിന്‍െറ നന്മയാണ് ഓണമെന്ന സന്ദേശവും പാഠവുമാണ് സമൂഹത്തിന് നല്‍കേണ്ടത്. ആര്‍ഭാടങ്ങളും ‘ആര്‍പ്പുവിളികളും’ ഉയര്‍ത്തുന്നതിനിടയിലും അത്തരത്തിലുള്ള ഓണാഘോഷങ്ങളും ഉണ്ടാകണം. തയാറാക്കിയത്: വി. സുധീര്‍ |
ജമീലക്ക് കണ്ണീരില്‍ നനഞ്ഞ സ്വപ്നങ്ങളുണ്ട്, പക്ഷേ... Posted: 06 Sep 2014 07:44 PM PDT വടകര: ഒരുവര്‍ഷം മുമ്പ് തുടങ്ങിയ വീടിന്‍െറ പണി പൂര്‍ത്തിയാക്കണം, രണ്ട് പെണ്‍മക്കളുടെ പഠനം, ഒപ്പം കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ഭര്‍ത്താവിന് താങ്ങാവണം. അങ്ങനെ നിറയെ സ്വപ്നങ്ങളാണ് ജമീലയുടെ മനസ്സിലുള്ളത്. എന്നാല്‍, ഒന്നരമാസം മുമ്പ് തിരിച്ചറിഞ്ഞ വൃക്കരോഗം സ്വപ്നങ്ങളെ കണ്ണീരിലാഴ്ത്തി. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് ഇനി മുന്നോട്ടുനീങ്ങണമെങ്കില്‍ സുമനസ്സുകളുടെ കൈത്താങ്ങ് വേണം. ഒഞ്ചിയം പാനവയല്‍കുനിയില്‍ സിദ്ദീഖിന്‍െറ ഭാര്യ ജമീലയാണ് (29) ഗുരുതരമായ വൃക്കരോഗം ബാധിച്ച് ദുരിതം പേറുന്നത്. ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച ഇവര്‍ ഡയാലിസിസിനു വിധേയമായാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പ്രതീക്ഷിക്കാത്ത ദുരിതം ഈ കുടുംബത്തിന്‍െറ താളം തെറ്റിച്ചു. ഇതിനകം നടത്തിയ ചികിത്സകള്‍ക്കുതന്നെ വലിയ തുകയായി. കൂലിത്തൊഴിലാളിയായ ഭര്‍ത്താവ് സിദ്ദീഖിന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാന്‍ കഴിയില്ല. പണിപൂര്‍ത്തിയാവാത്ത ഒറ്റമുറി വീട്ടില്‍ ഏഴും മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളോടൊപ്പം പ്രയാസപ്പെടുകയാണിവര്‍. ഇനി വൃക്ക മാറ്റിവെക്കുകമാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി 25 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഉമ്മയെ കീഴടക്കിയ രോഗത്തെക്കുറിച്ചറിയാതെ രണ്ടാം ക്ളാസുകാരി റിഫാ ഷെറിനും മൂന്നര വയസ്സുള്ള റിദാ ഫാത്തിമയും കുട്ടിക്കളികളില്‍ മുഴുകുന്നതു കാണുമ്പോള്‍ എല്ലാവരുടെയും മനസ്സു പിടയും. ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്തത്തെി. കക്ഷിരാഷ്ട്രീയ ഭേദമന്യേ വിപുലമായ കമ്മിറ്റിയാണ് രൂപവത്കരിച്ചിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓര്‍ക്കാട്ടേരി ശാഖയില്‍ A/C no: 67292982132, ബ്രാഞ്ച് കോഡ്: 70799, ഐ.എഫ്.സി: എസ്.ബി.ടി.ആര്‍ 0000799 നമ്പര്‍ അക്കൗണ്ട് എടുത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നതായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും സഹായകമ്മിറ്റി ചെയര്‍പേഴ്സനുമായ പി.വി. കവിത പറഞ്ഞു. |
‘കുട്ടി’പ്പോരില്‍ പൊടിപാറും Posted: 06 Sep 2014 11:47 AM PDT Subtitle: ഇന്ത്യ-ഇംഗ്ളണ്ട് ട്വന്‍റി20 മത്സരം ഇന്ന്, മലയാളിതാരം സഞ്ജുവിനെ ഇന്നും കളിപ്പിക്കാനുള്ള സാധ്യത കുറവാണ് ബിര്‍മിങ്ഹാം: ഏകദിന പരമ്പരയിലെ സമ്പൂര്‍ണ ജയമെന്ന സ്വപ്നം അവസാന മത്സരത്തിലെ തോല്‍വിയില്‍ നഷ്ടമായ ഇന്ത്യ, ഇന്ന് ഇംഗ്ളണ്ടിനെതിരെ പരമ്പരയിലെ ഏക ട്വന്‍റി20 മത്സരത്തിനിറങ്ങുന്നു. കുട്ടിക്രിക്കറ്റില്‍ ആതിഥേയര്‍ക്കെതിരെ വിജയംനേടി കഴിഞ്ഞ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനാണ് സന്ദര്‍ശകര്‍ ലക്ഷ്യമിടുന്നത്. ഇംഗ്ളണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ 1-3ന് തോറ്റമ്പിയ ഇന്ത്യ ഏകദിനത്തില്‍ അസാധാരണ തിരിച്ചുവരവായിരുന്നു നടത്തിയത്. തുടര്‍ച്ചയായി മൂന്ന് ജയത്തോടെ ഏകദിന പരമ്പര പിടിച്ചെങ്കിലും ജോറൂട്ടിന്‍െറ സെഞ്ച്വറി കരുത്തില്‍ ഇംഗ്ളണ്ട് അവസാന മത്സരം ജയിച്ചതോടെ സമ്പൂര്‍ണ ജയമെന്ന ഇന്ത്യയുടെ ലക്ഷ്യം പാളി. അതേസമയം, സുരേഷ് റെയ്നക്ക് പുറമെ അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ തുടങ്ങിയ യുവതാരങ്ങള്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോം കാഴ്ച വെച്ചത് ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ ധോണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍, വിരാട് കോഹ്ലി ഇനിയും യഥാര്‍ഥ ഫോമിലേക്കുയരാത്തത് ടീമിന് ബാധ്യതയായേക്കുമോ എന്നാണ് ആശങ്ക. കോഹ്ലിക്ക് പകരം ഇന്ന് മികച്ച ബാറ്റിങ് കാഴ്ചവെക്കുന്ന അമ്പാട്ടി റായുഡുവിന് അവസരം നല്‍കിയേക്കാനും ഇടയുണ്ട്. ബൗളിങ്ങില്‍ പേസര്‍മാരുടെ പ്രകടനം ക്യാപ്റ്റന്‍ ധോണിക്ക് തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നുണ്ട്. മുഹമ്മദ് ഷമി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നതും ഭുവനേശ്വര്‍കുമാര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ വിലപ്പെട്ട വിക്കറ്റുകള്‍ സമ്മാനിച്ചതും ഏകദിന പരമ്പരയില്‍ സന്ദര്‍ശകരുടെ വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്നു. ബാറ്റിങ്ങിലും തിളങ്ങുന്ന സ്പിന്നര്‍ രവീന്ദ്ര ജദേജയുടെ സേവനവും വിലപ്പെട്ടതായിരിക്കും. ജദേജക്കൊപ്പം ആര്‍. അശ്വിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി തന്നെയായിരിക്കും ടീം പ്രഖ്യാപിക്കുക. മലയാളിതാരം സഞ്ജുവിനെ ഇന്നും കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. ടെസ്റ്റിലെ വിജയങ്ങള്‍ക്കു ശേഷം ഏകദിനത്തില്‍ തിരിച്ചടി നേരിട്ടത് ഇംഗ്ളീഷ് ടീമിനെതിരെ ഏറെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, അവസാന ഏകദിന വിജയത്തോടെ അവര്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടെന്നു വേണം കരുതാന്‍. അതുകൊണ്ടുതന്നെ ഇന്ത്യക്കിന്ന് മത്സരം എളുപ്പമാവാനിടയില്ല. ടിം ബ്രസ്നന്‍, രവി ബൊപ്പാര, ജെയിംസ് ടെയ്ലര്‍ എന്നിവര്‍ കൂടി എത്തുന്നതോടെ ടീം, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍െറ നേതൃത്വത്തില്‍ മികച്ച പ്രകടനംതന്നെ പുറത്തെടുക്കുമെന്നാണ് ഇംഗ്ളീഷുകാരുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ബിര്‍മിങ്ഹാമിലാണ് മത്സരം. സാധ്യത ടീം: ഇന്ത്യ-എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, സഞ്ജു വി. സാംസണ്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, കാന്‍ ശര്‍മ, മോഹിത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ധവാല്‍ കുല്‍ക്കര്‍ണി, ഭുവനേശ്വര്‍ കുമാര്‍. ഇംഗ്ളണ്ട്-ഒയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊഈന്‍ അലി, രവി ബോപാര, ടിം ബ്രസ്നന്‍, ജോസ് ബട്ലര്‍, സ്റ്റീവന്‍ ഫിന്‍, ഹാരി ഗുര്‍ണി, അലക്സ് ഹെയില്‍സ്, ക്രിസ് ജോര്‍ഡന്‍, ജോറൂട്ട്, ജേസന്‍ റോയ്, ജെയിംസ് ടെയ്ലര്‍, ജെയിംസ് ട്രെഡ് വെല്‍, ക്രിസ് വോക്സ്. |
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ച തകൃതി Posted: 06 Sep 2014 11:44 AM PDT Subtitle: മുഖ്യമന്ത്രിയെ രഹസ്യ ബാലറ്റിലൂടെ കണ്ടത്തെുമെന്നും സൂചന, നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ആംആദ്മി പാര്‍ട്ടി ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഡല്‍ഹി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതിയുടെ അനുമതി തേടിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഷ്ട്രീയ ഉപശാലകളില്‍ ചര്‍ച്ച മുറുകി. മുഖ്യമന്ത്രി സ്ഥാനമോഹികള്‍ ഒട്ടേറെയുണ്ടെങ്കിലും മുതിര്‍ന്ന നേതാവ് പ്രഫ. ജഗ്ദീഷ് മുഖിയെ മുന്നില്‍ നിര്‍ത്താനാണ് ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഒപ്പം നിന്ന ഡല്‍ഹിയുടെ മനസ്സില്‍ ചാഞ്ചാട്ടമുണ്ടെന്നു ഭയക്കുന്ന ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തു വിലകൊടുത്തും സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന പക്ഷക്കാരാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയില്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് ആളെ വലിക്കാതെ സര്‍ക്കാര്‍ രൂപവത്കരണം സാധ്യമല്ല. എന്നാല്‍, അധാര്‍മിക രീതിയിലൂടെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും തങ്ങളുടെ അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആക്ഷേപമുയര്‍ത്തുന്നതിനാല്‍ നേരിട്ടൊരു കുതിരക്കച്ചവടത്തിനും കഴിയുന്നില്ല. പോരെങ്കില്‍ കൂറുമാറ്റ നിരോധനിയമവും പ്രശ്നം സൃഷ്ടിക്കും. ഡല്‍ഹി സര്‍ക്കാര്‍ ആക്ടിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് രഹസ്യ ബാലറ്റ് മുഖേനയാക്കി ഈ പ്രതിസന്ധി പരിഹരിക്കാന്‍ ലഫ്. ഗവര്‍ണര്‍ സഹായിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ചിത്രം ഇനിയും വ്യക്തമായിട്ടില്ളെങ്കിലും ആംആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു. ഗവര്‍ണറുടെ നീക്കം ഭരണഘടനയെ അറുകൊല ചെയ്യുന്നതിന് തുല്യമാണെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അടിയന്തരമായി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തണമെന്നുമുള്ള നിവേദനം ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുന്നത് കുതിരക്കച്ചവടത്തിന് തുറന്ന സമ്മതം നല്‍കലാണെന്ന് നിവേദനത്തില്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയിലെ മറ്റ് എം.എല്‍.എമാര്‍ക്കൊപ്പമാണ് കെജ്രിവാള്‍ രാഷ്ട്രപതിഭവനിലത്തെിയത്. എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒൗദ്യോഗിക ക്ഷണം ലഭിച്ചാല്‍ മാത്രമേ പാര്‍ട്ടി അതേക്കുറിച്ച് ആലോചിക്കൂ എന്നും കുതിരക്കച്ചവടം വഴി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കില്ളെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ളെന്നും നാളെ തെരഞ്ഞെടുപ്പു നടന്നാല്‍പോലും നേരിടാന്‍ തയാറാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പ്രതികരിച്ചത്. |
ലവ് ജിഹാദ് പ്രചാരണവുമായി ആര്‍.എസ്.എസ് Posted: 06 Sep 2014 11:21 AM PDT ലഖ്നോ: ലവ് ജിഹാദ് ആരോപണത്തില്‍നിന്ന് ബി.ജെ.പി യു.പി ഘടകം പിന്‍വാങ്ങി രണ്ടാഴ്ചക്കുള്ളില്‍ അതേ പ്രചാരണവുമായി ആര്‍.എസ്.എസ് മുഖപത്രങ്ങള്‍. ഹിന്ദിയിലും ഇംഗ്ളീഷിലുമിറങ്ങുന്ന പാഞ്ചജന്യ, ഓര്‍ഗനൈസര്‍ എന്നിവയിലാണ് ലവ് ജിഹാദ് സംബന്ധിച്ച ആരോപണങ്ങളുള്ളത്. സെപ്റ്റംബര്‍ 13ന് യു.പിയിലെ 11 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ് ജിഹാദ് പ്രചാരണവുമായി ആര്‍.എസ്.എസ് രംഗത്തുവന്നത്. ലവ് ജിഹാദിന് ഇരയാകുന്ന ഹിന്ദുസ്ത്രീകളെ രക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. നേരത്തേ സംഘ്പരിവാറില്‍പെട്ട വി.എച്ച്.പി, ബജ്റംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്, ധര്‍മ ജാഗരണ്‍ മഞ്ച് എന്നിവ ലവ് ജിഹാദ് പ്രചാരണം നടത്തിയിരുന്നു. ഇതാദ്യമായാണ് ആര്‍.എസ്.എസ് ഇത്തരമൊരു പ്രചാരണം നടത്തുന്നത്. വര്‍ഗീയ വേര്‍തിരിവ് പ്രകടമായ പടിഞ്ഞാറന്‍ യു.പിയിലെ ബിജ്നൂര്‍, താക്കൂര്‍ദ്വാര, സഹാറന്‍പൂര്‍, നോയ്ഡ എന്നിവയുള്‍പ്പെടുന്ന സ്ഥലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. |
ഉത്തരങ്ങളില്ലാത്ത കാത്തിരിപ്പിന് ആറുമാസം തികയുന്നു Posted: 06 Sep 2014 11:07 AM PDT Subtitle: മലേഷ്യന്‍ വിമാനം കാണാതായ സംഭവം ക്വാലാലംപൂര്‍: 239 പേരുമായി മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട എം.എച്ച് 370 വിമാനത്തിനായുള്ള കാത്തിരിപ്പിന് നാളേക്ക് ആറുമാസം തികയുന്നു. ലോകത്തിന്‍െറ ഏതു കോണിലുമുള്ള ഓരോ വ്യക്തിയെയും സ്മാര്‍ട്ഫോണ്‍ പിന്തുടര്‍ന്ന് കണ്ടത്തൊനാവുന്ന പുതിയ കാലത്ത് അത്യാധുനിക സംവിധാനങ്ങളൊക്കെയും സജ്ജീകരിച്ച ഭീമന്‍ ബോയിങ് വിമാനം ഒരു തെളിവും നല്‍കാതെ അകലങ്ങളില്‍ മറഞ്ഞതിന്‍െറ നടുക്കം യാത്രക്കാരെ മാത്രമല്ല, സര്‍ക്കാറുകളെയും വേട്ടയാടുകയാണ്. 26 രാജ്യങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന തിരച്ചില്‍ ഇപ്പോള്‍ ആസ്ട്രേലിയയുടെ പടിഞ്ഞാറ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 60,000 കിലോമീറ്റര്‍ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. ആസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുടെ റിപ്പോര്‍ട്ട് വിശ്വസിച്ചാല്‍ വിമാനം ഓട്ടോ പൈലറ്റില്‍ മണിക്കൂറുകളോളം പറന്നശേഷം കടലില്‍ പതിക്കുകയായിരുന്നു. ഓക്സിജന്‍ ലഭിക്കാതെ പൈലറ്റുമാര്‍ മരിച്ചതിനാല്‍ വിമാനം സുരക്ഷിതമായി ഇറക്കാനും ഇവര്‍ക്കായില്ല. തിരച്ചിലിന് സഹായകമാവുന്ന വിശദീകരണമെന്നതില്‍ കവിഞ്ഞ് യഥാര്‍ഥ ശാസ്ത്രീയ അപഗ്രഥനത്തിനു ശേഷമുള്ള കണിശമായ ഉത്തരമൊന്നുമല്ല ഇത്. മലേഷ്യയുടെ വ്യോമാതിര്‍ത്തി കടന്നയുടന്‍ വിമാനം നേര്‍ വിപരീത ദിശയിലേക്ക് എന്തുകൊണ്ട് പറന്നുവെന്നതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. പൈലറ്റുമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിലും തുമ്പൊന്നുമുണ്ടായിട്ടില്ല. കടലില്‍ പതിച്ചതാകാമെന്ന വിശ്വാസംപോലും ചിലര്‍ക്കില്ളെന്നതാണ് കൗതുകം. വിമാനം കാണാതായതിനു പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും തിരച്ചില്‍ തെറ്റായ മേഖലയിലാണ് നടക്കുന്നതെന്നും ഇവര്‍ പറയുന്നു. യാത്രക്കാരില്‍ മൂന്നില്‍ രണ്ടും ചൈനക്കാരായിരുന്നു. തുടക്കം മുതല്‍ മലേഷ്യയുടെ മന്ദമായ പ്രതികരണം ഇരകളുടെ ബന്ധുക്കളില്‍ സംശയമുണര്‍ത്തിയിരുന്നു. ഇപ്പോഴും ഇതിനെതിരായ പ്രതിഷേധങ്ങളെ അധികൃതര്‍ അടിച്ചമര്‍ത്തുന്നതായും ആക്ഷേപമുണ്ട്. അതേസമയം, കാണാതായ യാത്രക്കാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരുകയാണെന്നും നഷ്ടപരിഹാരത്തിനും തിരച്ചിലിനുമായി വന്‍തുക ഇതിനകം നീക്കിവെച്ചിട്ടുണ്ടെന്നുമാണ് മലേഷ്യയുടെ നിലപാട്. ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇതുവരെ തിരച്ചില്‍ നടത്തിയിരുന്നത് ആറു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായിരുന്നു. യാത്ര തീരെ ദുഷ്കരമായ കടലിന്‍െറ ഈ ഭാഗത്ത് പലയിടത്തും ആഴം കൂടുതലുള്ളത് ഉപകരണം വഴിയുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ കൃത്യമായ വിവരത്തിന്‍െറ അടിസ്ഥാനത്തിലെന്ന പേരില്‍ അവസാനമായി ഇതിന്‍െറ പത്തിലൊന്ന് സ്ഥലത്തേക്ക് വിശദമായ തിരച്ചില്‍ ചുരുക്കിയിട്ടുണ്ടെന്നതാണ് ആശ്വാസം. എന്നാല്‍, ഇവിടെ അരിച്ചുപെറുക്കാന്‍ 12 മാസമെങ്കിലും എടുക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വിമാനം എന്തുകൊണ്ട് ദിശ മാറി സഞ്ചരിച്ചുവെന്ന് കണ്ടത്തൊന്‍ മലേഷ്യയുടെ നേതൃത്വത്തില്‍ പരിശോധന വേറെയും നടത്തിയിട്ടുണ്ടെങ്കിലും ഉത്തരമൊന്നും ലഭിച്ചിട്ടില്ല. അതിവിദഗ്ധരായ വൈമാനികരും ജീവനക്കാരുമായിട്ടും വിമാനത്തെ രക്ഷിക്കാനാവാതിരുന്നത് എന്തുകൊണ്ടായിരിക്കും? |
ഐ.എസിനെതിരായ നീക്കം ഇറാനുമായി സൈനിക സഹകരണമില്ളെന്ന് അമേരിക്ക Posted: 06 Sep 2014 10:57 AM PDT വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിമതര്‍ക്കെതിരായ നീക്കത്തിന് അമേരിക്കയുടെ കാര്‍മികത്വത്തില്‍ പ്രഖ്യാപിച്ച പുതിയ സഖ്യത്തില്‍ ഇറാനും പങ്കാളിയാകുമെന്ന വാര്‍ത്ത ഇരു വിഭാഗവും നിഷേധിച്ചു. സൈനിക സഹകരണമോ രഹസ്യവിവരങ്ങളുടെ കൈമാറ്റമോ ഉണ്ടാകില്ളെന്ന് യു.എസ് സ്റ്റേറ്റ് വിഭാഗം ഉപവക്താവ് മേരി ഹാര്‍ഫ് പറഞ്ഞു. ചില വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിന് താല്‍പര്യമുണ്ട്. 2001ല്‍ അഫ്ഗാനിസ്താനില്‍ ഹാമിദ് കര്‍സായിയെ പ്രസിഡന്‍റാക്കാന്‍ ഇരുവിഭാഗവും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ സഹകരണത്തിന് താല്‍പര്യമില്ല -ഹാര്‍ഫ് പറഞ്ഞു. ഇറാഖിലെ ഐ.എസ് ഭീഷണി അവസാനിപ്പിക്കാന്‍ നടത്തുന്ന സൈനിക നീക്കത്തില്‍ അമേരിക്കയുമായി സഹകരിക്കാന്‍ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ അനുമതി നല്‍കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പക്ഷേ, ഇറാന്‍ വിദേശകാര്യ വക്താവ് മര്‍സി അഫ്ഖം നിഷേധിച്ചു. ആണവ വിഷയത്തില്‍ ഇരു വിഭാഗവും തമ്മില്‍ അന്തിമ കരാറിലത്തൊനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. |
റഷ്യക്കെതിരെ വീണ്ടും യൂറോപ്യന്‍ യൂനിയന്‍ Posted: 06 Sep 2014 10:52 AM PDT Subtitle: ഉപരോധം ഉപരോധമേര്‍പ്പെടുത്തിയാല്‍ തിരിച്ചടിക്കുമെന്ന് റഷ്യ മോസ്കോ: യുക്രെയ്ന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂനിയന്‍ വീണ്ടും ഉപരോധം പ്രഖ്യാപിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യ. 24 വ്യക്തികള്‍ക്കെതിരെയാണ് തിങ്കളാഴ്ചയോടെ പുതുതായി ഉപരോധമേര്‍പ്പെടുത്തുന്നത്. റഷ്യക്കാര്‍ക്കു പുറമെ കിഴക്കന്‍ യുക്രെയ്നിലെ ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക്, ക്രീമിയ പ്രവിശ്യകളുടെ ഭരണം നിയന്ത്രിക്കുന്നവരും ഉപരോധത്തിന്‍െറ പരിധിയില്‍വരുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഹെര്‍മന്‍ വാന്‍ റോംപയ്, യൂറോപ്യന്‍ കമീഷന്‍ മേധാവി ജോസ് മാനുവല്‍ ബറോസോ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. കിഴക്കന്‍ യുക്രെയ്നില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നപക്ഷം ഉപരോധം പിന്‍വലിക്കുമെന്നും ഇവര്‍ പറഞ്ഞു. അതേസമയം, കിയവിലെ യുദ്ധക്കൊതിയന്മാര്‍ക്ക് നേരിട്ട് പിന്തുണ പ്രഖ്യാപിക്കുന്നതാണ് പുതിയ നടപടിയെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ബെലറൂസ് തലസ്ഥാനമായ മിന്‍സ്കില്‍ യുക്രെയ്ന്‍ സര്‍ക്കാറും വിമതരും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ഇന്നലെ നിലവില്‍വന്നിരുന്നു. കിഴക്കന്‍ മേഖലയുടെ അധികാരം വിട്ടുനല്‍കാതെയുള്ള കരാര്‍ വിമതര്‍ക്ക് മേല്‍ക്കൈ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കിയ വിമതര്‍ കിഴക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ മറിയുപോള്‍ തുറമുഖവും പിടിക്കുമെന്നു വന്നതോടെയാണ് ഒത്തുതീര്‍പ്പിന് യുക്രെയ്ന്‍ സര്‍ക്കാര്‍ വഴങ്ങിയത്. ഇരുവിഭാഗവും ബന്ദികളാക്കിയ ആയിരത്തോളം തടവുകാരുടെ മോചനത്തിനും ഇത് വഴിതുറക്കും. അതേസമയം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഇരു വിഭാഗങ്ങളും തമ്മില്‍ ചിലയിടങ്ങളില്‍ പോരാട്ടം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കരാര്‍ ലംഘിച്ചതായി ഇരു വിഭാഗവും പരസ്പരം കുറ്റപ്പെടുത്തുന്നതും തുടരുകയാണ്. |
ഖത്തറിന് രഹസ്യവിവരം കൈമാറിയെന്ന് മുര്‍സിക്കെതിരെ കേസ് Posted: 06 Sep 2014 10:49 AM PDT Subtitle: ചാരവൃത്തിയടക്കം നിരവധി കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. കൈറോ: രാജ്യരഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് മുന്‍പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിക്കെതിരെ ഈജിപ്ത് ഭരണകൂടം കുറ്റംചുമത്തി. ഒരു ദശലക്ഷം ഡോളറിനു പകരമായി സുപ്രധാനരേഖകള്‍ കൈമാറി രാജ്യസുരക്ഷ അപകടത്തിലാക്കിയെന്നാണ് കുറ്റം. ഖത്തറിനും രാജകുടുംബത്തിന്‍െറ നിയന്ത്രണത്തിലുള്ള അല്‍ജസീറ ചാനലിനും മുര്‍സി രേഖകള്‍ നല്‍കിയ സംഭവം അന്വേഷിച്ചുവരുകയായിരുന്നെന്ന് ഈജിപ്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിരോധിത സംഘടന മുസ്ലിം ബ്രദര്‍ഹുഡിനും മുഹമ്മദ് മുര്‍സി സര്‍ക്കാറിനും പിന്തുണ നല്‍കിയിരുന്ന രാജ്യമാണ് ഖത്തര്‍. കഴിഞ്ഞവര്‍ഷം പട്ടാള അട്ടിമറിയിലൂടെ മുര്‍സി സര്‍ക്കാറിനെ പുറത്താക്കിയശേഷം ഈജിപ്തും ഗള്‍ഫ്രാജ്യമായ ഖത്തറും തമ്മിലെ ബന്ധം വഷളായിരുന്നു. ചാരവൃത്തിയടക്കം നിരവധി കേസുകളില്‍ മുര്‍സി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. വിദേശ സംഘടനകളുമായി ചേര്‍ന്ന് രാജ്യത്ത് തീവ്രവാദ പ്രവൃത്തി നടത്തല്‍, ചാരവൃത്തി, ഹുസ്നി മുബാറകിനെതിരായ വിപ്ളവ സമയത്ത് ജയില്‍ ഉദ്യോഗസ്ഥരെ വധിച്ച് തടവില്‍നിന്ന് രക്ഷപ്പെടല്‍ തുടങ്ങിയ ആരോപണങ്ങളില്‍ മുഹമ്മദ് മുര്‍സി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. |
മെയ് ചുന്‍യന്‍ പറയുന്നു... ഐ ലവ് ഓണം Posted: 06 Sep 2014 10:06 AM PDT ‘ഐ നോ... മെഹാമ്പലി..ഹൂ റൂള്‍ഡ് കേരള... അറ്റ് ഹിസ് ടൈം, ദ പീപ്പിള്‍സ് ആര്‍ വെരി കംഫര്‍ട്ടബിള്‍... ഇത് പറയുന്നത് മെയ് ചുന്‍യന്‍ ആണ്. പുറത്ത് മഴയും വെയിലും ഒളിച്ചു കളിക്കുന്ന ഉത്രാട ദിനത്തില്‍ വെള്ളിമാട്കുന്നിലെ വീട്ടിലിരുന്ന് മലയാളത്തിന്‍െറ ചൈനീസ് മരുമകളായ മെയ് ചുന്‍യന്‍ ഓണത്തെകുറിച്ചും മഹാബലിയെയും കേരളത്തെയും മലയാളികളെയും കുറിച്ച് ആവേശത്തോടെ സംസാരിച്ചു. ഡോക്ടറായ ഭര്‍ത്താവിന്‍െറ കൂടെ അദ്ദേഹം ജോലിയെടുക്കുന്ന ഹോസ്പിറ്റലില്‍ നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തതിന്‍െറ ത്രില്ലിലാണ് മാര്‍ലിന്‍ എന്ന് വിളിക്കുന്ന മെയ് ചുന്‍യന്‍. കൂടരഞ്ഞി കുന്നേല്‍ തോമസിന്‍െറയും റോസമ്മ തോമസിന്‍െറയും മകന്‍ ഡോ. കാള്‍സണ്‍ മെല്‍ തോമസിന്‍െറ വീട്ടുകാരിയായി ചൈനയിലെ മെയ് ഷ് വൂ വിന്‍െറയും ദൊങ്ങ് യ്വാന്‍ പിങ്ങിന്‍െറയും മകള്‍ മാര്‍ലിന്‍ എത്തുന്നത് നിരവധി നിയോഗങ്ങള്‍ക്കൊടുവിലാണ്. ചൈനയിലെ സന്‍ ശിയാ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായി എത്തിയ കാള്‍സണ്‍ ഒരു ഒറ്റപ്പെടലിന്‍െറ മാനസികാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് നമ്മൂടെ വാട്സ് ആപ്പുപോലെ ചൈനയില്‍ പ്രചാരത്തിലുള്ള ക്യൂ-ക്യൂ എന്ന മെസഞ്ചറിലൂടെ ഒരു കൂട്ടുകാരനെ തേടിയത്. സ്ത്രീയോ പുരുഷനോ എന്നറിയാതെയാണ് കാള്‍സണ്‍ മര്‍ലിനുമായി മെസേജുകളിലൂടെ ചങ്ങാത്തത്തിലായത്. അതേ കാമ്പസില്‍ തന്നെ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥിയായ മാര്‍ലിന്‍ ഒരു പെണ്‍കുട്ടിയാണ് എന്നറിഞ്ഞപ്പോള്‍ ഒന്നു മടിച്ചു യാഥാസ്ഥിതിക മലയാളി കുടുംബത്തിലെ ആ യുവാവ്. പക്ഷെ, കര്‍മ്മ ബന്ധങ്ങളിലെവിടെയോ തന്‍െറ വധുവായി വിധി നിശ്ചയിച്ചിരിക്കുന്നത് ഈ ചൈനീസ് പെണ്‍കിടാവിനെയാണ് എന്ന് അപ്പോള്‍ ആ യൂവാവറിഞ്ഞില്ല. രണ്ട് ദിവസങ്ങള്‍ക്കകം തന്നെ അവര്‍ കാമ്പസിനകത്ത് കണ്ടുമുട്ടി. ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന പ്രയോഗം അക്ഷരാര്‍ഥത്തില്‍ സംഭവിക്കുന്ന തരത്തിലായിരുന്നു ആ കണ്ടുമുട്ടല്‍. മാര്‍ലിനെ കണ്ട നിമിഷം തന്‍െറ മനസിനെ ബാധിച്ച വിഷാദത്തിന്‍െറ ആവരണം അലിഞ്ഞില്ലാതാവുന്നത് കള്‍സണ്‍ അറിഞ്ഞൂ. ഇതാ എന്‍െറ ജീവിതസഖി... അയാളുടെ മനസ്സ് പറഞ്ഞു. ആ നിമിഷത്തില്‍ തന്നെ ആ മെഡിക്കല്‍ വിദ്യാര്‍ഥി തന്‍െറ ജീവിതത്തിലെ സുപ്രധാന തീരുമാനമെടുത്തു... രാഷ്ട്രങ്ങള്‍ക്കപ്പുറത്തു നിന്നുള്ളൊരു സുന്ദരിയെ വധുവാക്കാനുള്ള തീരുമാനമായിരുന്നു അത്. പക്ഷെ, തിരക്കിട്ടെടുത്ത ആ തീരുമാനം മെര്‍ലിനിനെ അറിയിക്കാന്‍ രണ്ടുദിവസം കൂടിയെടുത്തു. നാലാം ദിവസം നടത്തിയ വിവാഹാഭ്യര്‍ഥന പ്രണയത്തിന്‍െറ വഴിയിലൂടെ ആറു വര്‍ഷത്തോളം സഞ്ചരിച്ച് കോഴിക്കോട് പാറോപ്പടി സെന്‍റ് ആന്‍റണീസ് ഫെറോന ചര്‍ച്ചിലെ മിന്നുകെട്ടിലെ ത്തിച്ചേരുന്നതിനിടയില്‍ നിരവധി പ്രതിസന്ധികളാണ് കള്‍സണും മാര്‍ലിനും അതിജീവിച്ചത്. ഒരു ദരിദ്ര രാഷ്ട്രമായ ഇന്ത്യയിലേക്ക് കെട്ടിച്ചുവിടാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല മാര്‍ലിന്‍െറ മാതാപിതാക്കള്‍ക്ക്. അവരുടെ നിരുത്സാഹപ്പെടുത്തല്‍, ദല്‍ഹിയിലെ ചൈനീസ് എംബസിയുടെ ഉടക്ക്, ചേവായൂര്‍ റജിസ്ട്രാറുടെ പേടി എന്നുതുടങ്ങി വിവാഹത്തിന്‍െറ തലേന്ന് രാത്രിയില്‍ വിവാഹം നടത്തേണ്ട വികാരിയച്ചന്‍െറ മരണംവരെ ആ പ്രണയ ജോഡികളുടെ സ്വപ്നത്തെ തകര്‍ക്കാന്‍ കഠിനശ്രമം നടത്തി. എന്നാല്‍, എല്ലാ പ്രതിസന്ധികളിലും അപ്രതീക്ഷിത സഹായങ്ങള്‍ അവരെ തുണച്ചു. അങ്ങിനെ ദൈവ നിശ്ചയമെന്നോണം തീരുമാനിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ഇരുവരുടെയും വിവാഹം ഗംഭീരമായി നടന്നു... സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍. കാള്‍സണൊടൊപ്പം കേരളത്തെയും മാര്‍ലിന്‍ തന്‍െറ ഹൃദയത്തിലേറ്റി. ചോറും സാമ്പാറും തോരനും പപ്പടവുമെല്ലാം മാര്‍ലിന്‍െറ രുചിയുടെ ലോകത്തെ നിത്യവിഭവങ്ങളായി മാറി. താമസിയാതെ ഈ വിഭവങ്ങളെല്ലാം സ്വാദോടെ ഉണ്ടാക്കാനും മാര്‍ലിനായി. മലയാളികളില്‍ ഭൂരിഭാഗവും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റുകളില്‍ ചൈനീസ് വിഭവങ്ങള്‍ക്ക് കാത്തിരിക്കുമ്പോള്‍ മാര്‍ലിന്‍െറ അടുക്കളയില്‍ നിന്ന് പരിപ്പുകറിയും പയറിന്‍െറ തോരനും ചക്കപ്പുഴുക്കും ദോശയും ചട്ടിണിയുമെല്ലാം സ്വാദോടെ അവരുടെ തീന്‍മുറിയിലെത്തി. തന്‍െറതന്നെ ജീവിതത്തോട് സാമ്യമുള്ള സിനിമയായ അറബിക്കഥയടക്കമുള്ള മലയാള സിനിമകള്‍ മാര്‍ലിന്‍െറ ആസ്വാദന ലോകത്തെ പുത്തന്‍ അനുഭവങ്ങളായി മാറി. മലയാള സിനിമകളില്‍ മണിചിത്രത്താഴാണ് മാര്‍ലിന് ഏറെ ഇഷ്ടപ്പെട്ട സിനിമ. മലയാളത്തിലും ചൈനീസിലുമുള്ള കൊഞ്ചലുകള്‍ കേട്ട് കുസൃതികാട്ടി നടക്കുന്ന രണ്ടു വയസുകാരി ജൂനീസാണ് ഇന്നീ കുടുംബത്തിന്‍െറ എൈശ്വര്യവും സന്തോഷവും. രണ്ടു ദിവസം മുമ്പ് ഡോ. കാള്‍സണ്‍ ജോലി ചെയ്യുന്ന മുക്കത്തെ ഇ.എം.എസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലില്‍ നടന്ന ഓണാഘോഷങ്ങളില്‍ കസവുള്ള സെറ്റുമുണ്ടുടുത്ത് ഒരു മലയാളിപ്പെണ്ണായി മാര്‍ലിന്‍ ആദ്യാവസാനം ഉണ്ടായിരുന്നു. പായസമടക്കമുള്ള സദ്യവട്ടങ്ങളോടെ തിരുവോണമാഘോഷിക്കാനുള്ള തിരക്കിലേക്ക് ക്ഷമ ചോദിച്ചുകൊണ്ട് മടങ്ങുമ്പോള്‍ രൂപത്തിനപ്പുറം മനസുകൊണ്ട് മലയാളിയായി മാറിയ സ്നേഹനിധിയായ ഒരു വീട്ടമ്മയെയാണ് അവര്‍ ഓര്‍മിപ്പിച്ചത്. |
മാധ്യമം ‘കല്യാണം’ പ്രകാശനം ചെയ്തു Posted: 06 Sep 2014 07:31 AM PDT കൊച്ചി: പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മാധ്യമം ‘കല്യാണം’ പ്രകാശനം ചെയ്തു. സംവിധായകന്‍ സിദ്ദീഖില്‍ നിന്ന് താരദമ്പതികളായ ആഷിക് അബുവും റീമാ കല്ലിങ്കലും ‘കല്യാണം’ത്തിന്‍െറ ആദ്യ പ്രതി ഏറ്റുവാങ്ങി. വിവാഹ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലെ വിവിധ വിവാഹ കൗതുകങ്ങളെയും വിവാഹ രംഗത്തെ മാതൃകകളെയും പരിചയപ്പെടുത്തിക്കൊണ്ടാണ് ‘മാധ്യമ'ത്തിന്‍െറ വേറിട്ട പ്രസിദ്ധീകരണമായ ‘കല്യാണം’ വിപണിയിലെത്തുന്നത്. വിവാഹം സംബന്ധിച്ച് ആദ്യവസാനം വരെയുള്ള കാര്യങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടാണ് ‘കല്യാണം’ ഒരുക്കിയിരിക്കുന്നത്. ഫാബി ബഷീറിന്‍െറ വിവാഹ ഓര്‍മകള്‍, സംവിധായകന്‍ സിദ്ദീഖിന്‍െറ വേറിട്ട വിവാഹം, ആഷിക് അബുവിന്‍െറയും റിമയുടെയും വിവാഹ ലാളിത്യം തുടങ്ങിയവയെല്ലാം കല്യാണത്തിലെ വിഭവങ്ങളാണ്. തീം വിവാഹങ്ങള്‍, ഓണ്‍ലൈന്‍ കാലത്തെ ലൈവ് വിവാഹങ്ങള്‍, സിനഗോഗിലെ വിവാഹ വിശേഷങ്ങള്‍, കേരളത്തിന്‍െറ മംഗല്യ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഗുരുവായൂരിലെ വിവാഹങ്ങള്‍, കുറിച്യ വിവാഹരീതികളെക്കുറിച്ച് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വര്‍ത്തമാനം, പാണക്കാട് തറവാട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ തറവാടുകളിലെ വിവാഹ വിശേഷങ്ങള്‍, തെക്കന്‍ കേരളത്തിലെ വിവാഹ രീതികള്‍, ആദിവാസി കല്യാണ രീതികള്‍, നേവി കല്യാണ കൗതുകം, ബിനോയ് വിശ്വത്തിന്‍െറയും മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷിന്‍െറയും ആദര്‍ശ രാഷ്ട്രീയ വിവാഹം, മുക്കം അനാഥാലയത്തില്‍ ഉയരുന്ന സ്നേഹ പന്തലുകള്‍ തുടങ്ങി വേറിട്ട വിവാഹ വിശേഷങ്ങളുമുണ്ട്. വിവാഹ ബ്രോക്കര്‍, കുറിയടിക്കല്‍, ഓഡിറ്റോറിയം ബുക്ക് ചെയ്യല്‍, ഉടയാട ഒരുക്കല്‍, ആഭരണം തെരഞ്ഞെടുക്കല്‍, സദ്യയൊരുക്കല്‍ തുടങ്ങി വിവാഹ ഒരുക്കങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. എറണാകുളം അബാദ് പ്ളാസയില്‍ നടന്ന പ്രകാശന ചടങ്ങില്‍ ‘കല്യാണം’ പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് ‘കല്യാണം’ പരിചയപ്പെടുത്തി. ജനറല്‍ മാനേജര്‍ എ.കെ. സിറാജ് അലി അതിഥികളെ വരവേറ്റു. എസ്. ഫാക്ടറി ഡയറക്ടര്‍ സ്ളീബ വര്‍ഗീസ്, ‘മാധ്യമം' മാര്‍ക്കറ്റിങ് മാനേജര്‍ അന്‍ഷദ് അലി, കൊച്ചി റസിഡന്‍റ് മാനേജര്‍ എം.എ. സക്കീര്‍ ഹുസൈന്‍, ഡെസ്ക് ഇന്‍ ചാര്‍ജ് പി.സി. സെബാസ്റ്റ്യന്‍, ബ്യൂറോ ചീഫ് എം.കെ.എം. ജാഫര്‍, പി.ആര്‍ മാനേജര്‍ ഷൗക്കത്തലി, കൊച്ചി യൂനിറ്റ് പരസ്യവിഭാഗം മാനേജര്‍ ജുനൈസ്, സര്‍ക്കുലേഷന്‍ മാനേജര്‍ മുജീബ്, മീഡിയാവണ്‍ പി.ആര്‍ മാനേജര്‍ ശാക്കിര്‍ ജമീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. |
ലോകകപ്പ് ഫൈനലില്‍ കളിക്കരുതെന്ന് റയല്‍ ആവശ്യപ്പെട്ടു –എയ്ഞ്ചല്‍ ഡി മരിയ Posted: 06 Sep 2014 02:05 AM PDT ബ്വേനസ് എയ്റിസ്: ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ കളിക്കരുതെന്ന് റയല്‍ മഡ്രിഡ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി അര്‍ജന്‍റീന താരം എയ്ഞ്ചല്‍ ഡി മരിയ. കഴിഞ്ഞ സീസണ്‍ വരെ റയലിലായിരുന്ന ഡി മരിയ ബ്രിട്ടീഷ് ഫുട്ബാളിലെ റെക്കോഡ് കരാറില്‍ പ്രീമിയര്‍ ലീഗ് ക്ളബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് കൂടുമാറുകയായിരുന്നു. 75 മില്യണ്‍ യൂറോക്കാണ് യുനൈറ്റഡ് അര്‍ജന്‍റീന താരത്തെ വാങ്ങിയത്. ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്‍റീന ജര്‍മനിക്കെതിരെ ഏകപക്ഷീയമായി ഒരുഗോളിന് തോല്‍ക്കുകയായിരുന്നു ഫൈനല്‍ ദിവസം രാവിലെയാണ് ജര്‍മനിക്കെതിരെ കളിക്കരുതെന്നാവശ്യപ്പെട്ട് തനിക്ക് കത്ത് ലഭിച്ചതെന്ന് ഡി മരിയ പറഞ്ഞു. രണ്ടാമതൊന്ന് ആലോചിക്കാതെ കത്തുകീറിക്കളയുകയായിരുന്നു. ഇക്കാര്യം കോച്ച് അലയാന്ദ്രാ സബെല്ലയുടെ ശ്രദ്ധയില്‍പെടുത്തുകയും ഫൈനലില്‍ കളിക്കുന്നതിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ എന്നാലാവും വിധം ശ്രമിക്കുമെന്ന് പറയുകയും ചെയ്തു. അതേസമയം, ഫൈനല്‍ ദിവസം താന്‍ ഏറെ സമ്മര്‍ദത്തിലായിരുന്നു. ജീവിതത്തിലെ മോശം സമയമായിരുന്നു അപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കിനെ തുടര്‍ന്ന് ഫൈനലില്‍ ജര്‍മനിക്കെതിരെ ഡി മരിയ കളിച്ചിരുന്നില്ല. കഴിഞ്ഞദിവസം ജര്‍മനിക്കെതിരെ നടന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്‍റീന 4-2ന് ജയിച്ചിരുന്നു. മൂന്ന് ഗോളുകള്‍ക്ക് വഴിമരുന്നിടുകയും ഒരു ഗോള്‍ സ്കോര്‍ ചെയ്യുകയും ചെയ്ത ഡി മരിയയായിരുന്നു ടീമിന്‍െറ വിജയ ശില്‍പി. റയലില്‍ സഹതാരങ്ങളുമായി മികച്ച ബന്ധമാണുണ്ടായിരുന്നതെങ്കിലും ടീം മാനേജ്മെന്‍റുമായി കാര്യങ്ങള്‍ സുഗമമായിരുന്നില്ളെന്ന് അര്‍ജന്‍റീന താരം പറഞ്ഞു. ക്ളബ് ഉടമ ഫ്ളോറെന്‍റിന പെരസമായി നല്ല സൗഹൃദത്തിലായിരുന്നില്ല. റയല്‍ വിടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, അവര്‍ക്ക് എന്നെ വേണ്ടാതായതോടെ അത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നു. എനിക്കുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഏറെ വാദിച്ചിരുന്നു. ടീമില്‍ തുടരണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. റൊണാള്‍ഡോയും ഏറെക്കാലം റയലില്‍ തുടരുമെന്ന് കരുതുന്നില്ളെന്നും ഡി മരിയ പറഞ്ഞു. ലോകകപ്പില്‍ തിളങ്ങിയ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ്, ജര്‍മനിയുടെ ടോണി ക്രൂസ് എന്നിവര്‍ റയലിലത്തെിയതിന് പിന്നാലെയാണ് ഡി മരിയ ടീം വിട്ടത്. |
No comments:
Post a Comment