സ്വാഗതം
WELCOME

News Update..

Friday, September 19, 2014

ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20: പഞ്ചാബിന് ജയം Madhyamam News Feeds

ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20: പഞ്ചാബിന് ജയം Madhyamam News Feeds

Link to

ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി20: പഞ്ചാബിന് ജയം

Posted: 19 Sep 2014 11:18 AM PDT

Image: 

മൊഹാലി: ചാമ്പ്യന്‍ ലീഗ് ട്വന്‍റി ട്വന്‍റി ഗ്രൂപ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയന്‍ ടീമായ ഹൊബാര്‍ട്ട് ഹറി കെയ്ന്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് അഞ്ചു വിക്കറ്റ് ജയം. ഹറികെയ്ന്‍സ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി  നേടിയ 145 റണ്‍സ് ലക്ഷ്യം 17.4 ഓവറില്‍ പഞ്ചാബ് മറികടന്നു. വീരേന്ദര്‍ സെവാഗിനെ ആദ്യ പന്തില്‍ തന്നെ നഷ്ടമായിട്ടും മുന്‍നിര തകര്‍ന്നിട്ടും തളരാതെ പൊരുതിയ മധ്യനിരയാണ് കിങ്സിന് വിജയം സമ്മാനിച്ചത്. ഗ്ളെന്‍ മാക്സ്വെല്‍ 43 റണ്‍സ് നേടി പുറത്തായപ്പോള്‍ 34, 35 റണ്‍സുകളുമായി ജോര്‍ജ് ബെയ്ലിയും തിസാര പെരേരയും പുറത്താകാതെനിന്ന് ജയം കൊണ്ടുവന്നു. പഞ്ചാബിന്‍െറ മികച്ച ബൗളിങ്ങാണ് ഹറികെയ്ന്‍സിനെ144 ല്‍ ഒതുക്കിയത്. അവരുടെ ബാറ്റ്സ്മാന്മാര്‍ക്ക് ആര്‍ക്കും 30ന് മുകളിലേക്ക് സ്കോര്‍ നേടാനായില്ല. 28 റണ്‍സ് വീതം നേടിയ ട്രവിസ് ബിര്‍ട്ടും ജൊനാഥന്‍ വെല്‍സുമും ചേര്‍ന്ന 52 റണ്‍സ് കൂട്ടുകെട്ടാണ് ഹറികെയ്ന്‍സിനെ താങ്ങിനിര്‍ത്തിയത്. കിങ്സ് ഇലവനു വേണ്ടി രണ്ടു വിക്കറ്റും 35 റണ്‍സും നേടിയ തിസാര പെരേരയാണ് കളിയിലെ താരം.

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിലവറകള്‍ തുറന്ന് കണക്കെടുക്കും

Posted: 19 Sep 2014 01:07 AM PDT

Image: 

തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര മാതൃകയില്‍ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ സ്വര്‍ണാഭരണങ്ങളുടെ കണക്കെടുപ്പിന് അരങ്ങൊരുങ്ങുന്നു. ഒരു വിഭാഗം ഭക്തരുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ക്ഷേത്രം മാനേജിങ് കമ്മിറ്റി ഇതിന് തീരുമാനമെടുത്തത്. സ്വര്‍ണ, രത്ന, വൈഡൂര്യങ്ങളുടെ കണക്കെടുപ്പിന് ഉപസമിതി ഉണ്ടാക്കിയ മാനേജിങ് കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന്‍െറ സഹകരണത്തോടെയാണ് ആഭരണങ്ങള്‍ എണ്ണിതിട്ടപ്പെടുത്താന്‍ പോകുന്നത്.

പുരാതനമായ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഏഴു നിലവറകളിലായാണ് അമൂല്യ ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു നിലവറകള്‍ മാത്രമെ ഇതിനകം തുറന്നിട്ടുള്ളു. ഒന്നാമത്തെ നിലവറയില്‍ 150ഉം രണ്ടാം നിലവറയില്‍ 180ഉം ആഭരണങ്ങള്‍ നേരത്തെ എണ്ണിതിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റു അഞ്ചുനിലവറകള്‍ ഇതുവരെ തുറന്നിട്ടില്ല. കോടികള്‍ വിലമതികുന്ന രത്നാഭരണങ്ങളും വെള്ളിയാഭരണങ്ങളും അതില്‍ ഉണ്ടെന്നാണ് അനുമാനം. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആഭരണങ്ങള്‍ ഇന്‍ഷുര്‍ ചെയ്യാനാണ് ക്ഷേത്രകമ്മിറ്റി തീരുമാനം.

പുരി രഥയാത്രാദിവസവും മറ്റു വിശേഷ അവസരങ്ങളിലും പൊതുജനങ്ങള്‍ക്ക് രണ്ടുനിലവറകളിലെയും ആഭരണങ്ങള്‍ കാണാന്‍ അവസരം നല്‍കുന്നുണ്ട്. മാലകള്‍, രത്നം പതിച്ച കിരീടം, കൈ, കാല്‍ രൂപങ്ങള്‍ തുടങ്ങിയവയാണ് ആഭരണ ശേഖരത്തിലുള്ളത്. 1161ല്‍ ജഗന്നാഭ ക്ഷേത്രം നിര്‍മിച്ചതായാണ് ചരിത്ര രേഖകളിലുള്ളത്. 18 തവണ ക്ഷേത്രത്തിനുനേരെ ആക്രമണം നടക്കുകയും സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്തു. എന്നാല്‍, നിലവറകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ അമൂല്യ രത്നങ്ങള്‍ അതേപടി ഇപ്പോഴും ഇരിക്കുന്നുണ്ടെന്നാണ് വിശ്വാസം.

ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഹിന്ദു രാജാക്കന്മാരാണ് പുരി ക്ഷേത്രത്തിലേക്ക് സ്വര്‍ണവും രത്നങ്ങളും നല്‍കിയത്. പുരി മഹാരാജാവ് ‘ദിവ്യസിംഗദേവ്’ ചെയര്‍മാനും ഒഡിഷ അഡീഷണല്‍ ചീഫ് സെക്രട്ടറി വര്‍ക്കിങ് ചെയര്‍മാനുമായ 18 അംഗ കമ്മിറ്റിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്. ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, നിയമവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഭരണസമിതിയിലുണ്ട്.

എല്ലാവര്‍ഷവും ജൂണ്‍ - ജുലൈ മാസത്തില്‍ നടക്കുന്ന രഥയാത്രയില്‍ പതിനായിരക്കണക്കിന് ഭക്തന്മാര്‍ സംബന്ധിക്കാറുണ്ട്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ടൂറിസ്റ്റുകള്‍ ഇവിടേക്ക് ഒഴുകിയത്തെുന്നു.  പത്തേക്കര്‍ സ്ഥലത്ത് 214 അടി ഉയരത്തിലാണ് ക്ഷേത്രം. കലിംഗ ശില്‍പചാതുരിയില്‍ പണിതീര്‍ത്ത ശില്‍പങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ലോകത്തിന്‍െറ മുഴുവന്‍ അധിപന്‍ എന്ന നിലക്കാണ് ഹിന്ദുവിശ്വാസികള്‍ ജഗന്നാഥനെ വണങ്ങുന്നത്. പ്രധാനക്ഷേത്രത്തിന്‍െറ ചുറ്റിലുമായി 30 ഉപക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുരയും ക്ഷേത്രവളപ്പിലുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെന്ന പോലെ നിലവറകള്‍ തുറക്കരുതെന്ന വാദഗതികള്‍ പുരിയിലുമുണ്ട്. എന്നാല്‍, ക്ഷേത്രകമ്മിറ്റി ഇവ തുറന്ന് സ്വത്തുതിട്ടപ്പെടുത്തി ഇന്‍ഷുര്‍ ചെയ്യണമെന്ന അഭിപ്രായക്കാരാണ്.
 

നികുതി വര്‍ധനവ്: ധവളപത്രമിറക്കില്ലെന്ന്‌ കെ.എം മാണി

Posted: 19 Sep 2014 12:27 AM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ധവളപത്രമിറക്കില്ലെന്ന്‌ മന്ത്രി കെ.എം മാണി. സാമ്പത്തിക നില ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിക്കില്ല. ആവശ്യമാണെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും മാണി പറഞ്ഞു.

നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എമ്മിന്‍െറ ആഹ്വാനം ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്നും മാണി പറഞ്ഞു. അധികമായി ചുമത്തിയ നികുതി ബഹിഷ്കരിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

 

റോഡുകള്‍ തകര്‍ന്നിട്ട് മൂന്നു വര്‍ഷം; അരുവിക്കരയിലെ ദുരിതത്തിന് അറുതിയില്ല

Posted: 18 Sep 2014 11:30 PM PDT

തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നു വര്‍ഷമാകുന്നു.
പൊതുമരാമത്ത് വകുപ്പിന്‍െറ പരാതിപരിഹാര നമ്പറായ 1800 425 7771 ല്‍ നൂറുകണക്കിന് പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മഴ മാറിയാല്‍ റോഡുകള്‍ വീതികൂട്ടി സഞ്ചാരയോഗ്യമാക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടും അധികൃതര്‍ നിസ്സംഗത തുടരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അരുവിക്കര ഡാം, അരുവിക്കര സ്കൂള്‍ ജങ്ഷന്‍, ഇരുമ്പ കെല്‍ട്രോണ്‍ ജങ്ഷന്‍, വട്ടക്കുളം-അഴിക്കോട്, അരുവിക്കര-മൈലം, ഇരുമ്പ-കാച്ചാണി തുടങ്ങി മേഖലയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്ന് യാത്ര ദുഷ്കരമായിരിക്കുകയാണ്.
നഗരത്തിലേക്കുള്ള പ്രധാന റോഡായ അരുവിക്കര ഡാം-ഇരുമ്പ-കാച്ചാണി റോഡ് നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിച്ചിരുന്നു. പൈപ്പ്ലൈന്‍ പണി പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും റോഡിന്‍െറ പുനര്‍നിര്‍മാണം സംബന്ധിച്ച നടപടി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
പ്രതിദിനം 40ഓളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്ന ഇരുമ്പ-കാച്ചാണി റൂട്ടില്‍ റോഡിന്‍െറ ശോച്യാവസ്ഥമൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി ബസ് സര്‍വീസ് ഇല്ല. പൊലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഡാം റോഡ് അടച്ചിട്ടിട്ട് ഒരു വര്‍ഷമാകുന്നു.
പഞ്ചായത്ത് റോഡ് ആയിരുന്ന അരുവിക്കര-മൈലം റോഡ് പൊതുമരാമത്ത് ഏറ്റെടുത്തിരുന്നു. ഇവിടെ റോഡ് വീതികൂട്ടാന്‍ മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. സ്വകാര്യവ്യക്തി പുതുതായി ആരംഭിച്ച പാറക്വാറിക്ക് വേണ്ടിയായിരുന്നു നടപടി. എന്നാല്‍, ഈ റോഡും ഇതുവരെ ടാര്‍ ചെയ്തിട്ടില്ല.
മണ്ഡലത്തിന്‍െറ റോഡുകളുടെ തകര്‍ച്ചമൂലം യാത്രാദുരിതത്തിന് പുറമേ പ്രദേശവാസികള്‍ നിരവധി പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു. വന്‍തോതിലുള്ള പൊടിപടലം കാരണം റോഡിന് ഇരുവശവും താമസിക്കുന്നവര്‍ രോഗങ്ങളുടെ പിടിയിലാണ്. റോഡിലെ കുഴികളില്‍ വീണ് പരിക്കുപറ്റുന്നവരും നിരവധി.
റോഡുകളുടെ ദു$സ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ആറ്റിങ്ങല്‍ എം.പി ഡോ. എ. സമ്പത്ത് തുടങ്ങിയവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചിരുന്നു.
ജൂലൈ 31നകം പ്രശ്നപരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായില്ല. റോഡുകളുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25ന് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാനും മനുഷ്യാവകാശ കമീഷന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ മുസ്ലിംകളുടെ രാജ്യസ്നേഹം ചോദ്യംചെയ്യാനാവില്ല - നരേന്ദ്രമോദി

Posted: 18 Sep 2014 11:24 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മുസ്ലിംകള്‍ രാജ്യത്തിനു വേണ്ടി ജീവിച്ചു മരിക്കും. ഇന്ത്യന്‍ മുസ്ലിംകള്‍ തങ്ങളുടെ താളത്തിനൊത്ത് തുള്ളുമെന്ന അല്‍ഖാഇദയുടെ പ്രതീക്ഷ തെറ്റാണെന്നും മോദി പറഞ്ഞു. അമേരിക്കന്‍ ചാനലായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം.
സെപ്റ്റംബര്‍ അവസാനം മോദി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അഭിമുഖം നടന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ തന്ത്രപ്രധാനമായ സഹകരണം വര്‍ധിപ്പിക്കാന്‍ സന്ദര്‍ശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ മുമ്പ് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രപരമായും സാംസ്കാരികമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ സാമ്യമുണ്ട്. പുതിയ നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് വളര്‍ന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.

ചേരിരഹിത നഗരമാകാന്‍ കൊല്ലം

Posted: 18 Sep 2014 11:23 PM PDT

കൊല്ലം: രാജീവ് ആവാസ് യോജന പദ്ധതിയിലൂടെ ചേരിരഹിത നഗരമാകാന്‍ കൊല്ലം തയാറെടുക്കുന്നു. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിന് കേന്ദ്രത്തില്‍നിന്ന് സാങ്കേതിക അനുമതി ലഭിച്ചു.
ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ സാങ്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് 20.3 കോടിയുടെ എസ്.എം.പി പാലസ് കോളനി പൈലറ്റ് പ്രോജക്ടിന് അനുമതി നല്‍കിയത്. കോളനിയിലെ 290 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
എസ്.എം.പി പാലസ് കോളനി കൂടാതെ നഗരസഭയുടെ 102 ചേരികളും നീണ്ടകര പഞ്ചായത്തിലെ ഒമ്പത് ചേരികളും ഉള്‍പ്പെടെ 111 എണ്ണത്തില്‍ തുടര്‍ന്ന് പദ്ധതി നടപ്പാകും. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതിയെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നാം ഘട്ടമായ 25 ചേരികളുടെ വിശദമായ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാന്‍ വോയന്‍റ്സ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി.
ഇതു ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10ന് കൗണ്‍സില്‍ ഹാളില്‍ യോഗം ചേരും. ഏറ്റവും അപകടാവസ്ഥയിലായ ചേരികളെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. രണ്ടുമുറിയും അടുക്കളയും ഹാളും അറ്റാച്ച്ഡ് ബാത്ത്റൂമുമുള്ള ഫ്ളാറ്റുകളാണ് നിര്‍മിക്കുന്നത്. 111 ചേരികളിലും പദ്ധതി നടപ്പാക്കാന്‍ 500 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 ശതമാനമാണ് കേന്ദ്രവിഹിതം. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 30 ശതമാനവും നഗരസഭയുടെ ഗുണഭോക്തൃവിഹിതം 20 ശതമാനവുമാണ്.
എസ്.എം.പി പാലസ് കോളനിയിലെ കുടുംബങ്ങളില്‍നിന്നാണ് 10 ശതമാനം ഗുണഭോക്തൃ വിഹിതം ശേഖരിക്കേണ്ടത്. നഗരസഭയുടെ 20 ശതമാനം തുക പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മിഷന് കൈമാറിയിട്ടുണ്ട്.
2013ല്‍ കൗണ്‍സില്‍ നിയോഗിച്ചതനുസരിച്ച് കോസ്റ്റ് ഫോര്‍ഡ് പൈലറ്റ് പ്രോജക്ടിന്‍െറ വിശദ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കി കേന്ദ്ര നിര്‍മാണ ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് 2013 മേയ് 31ന് ഡല്‍ഹി നിര്‍മാണ്‍ ഭവനില്‍ ചേര്‍ന്ന സെന്‍ട്രല്‍ സാങ്ഷനിങ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍ മേയര്‍ പങ്കെടുത്ത് രാജീവ് ആവാസ് യോജന പദ്ധതിയുടെ അനുമതി നേടിയെടുത്തു.
അനുമതി നല്‍കുമ്പോള്‍ കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെ പൈലറ്റ് പ്രോജക്ടായ എസ്.എം .പി കോളനി എല്‍.എസ്.ജി.ഡി സി.ഇക്ക് സമര്‍പ്പിച്ചു. തുടര്‍ന്നാണ് സാങ്കേതിക അനുമതി ലഭിച്ചത്. ഡെപ്യൂട്ടി മേയര്‍ എം. നൗഷാദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എസ്. ശ്രീകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മാജിദ വഹാബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എസ്.ആര്‍. ബിന്ദു, നഗരസഭാ സെക്രട്ടറി എം. നിസാമുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൊടുങ്ങല്ലൂര്‍ ബൈപാസ് നാടേറ്റുവാങ്ങി

Posted: 18 Sep 2014 11:13 PM PDT

കൊടുങ്ങല്ലൂര്‍: ചരിത്ര സവിശേഷതകളുടെ സംഗമനഗരിക്ക് അനുപമ മുഹൂര്‍ ത്തം സമ്മാനിച്ച് കൊടുങ്ങല്ലൂര്‍ ബൈപാസ് നാട് ഏറ്റുവാങ്ങി. സ്വപ്ന സാഫല്യത്തിന്‍െറ ആഹ്ളാദാരവങ്ങളോടെ തടിച്ചുകൂടിയ വന്‍ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുവേണ്ടി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചന്തപ്പുര-കോട്ടപ്പുറം ബൈപാസ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ അടിയന്തര സന്ദേശം ലഭിച്ചതിനാല്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചതായി മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശം പി.എ. മാധവന്‍ എം.എല്‍.എ വായിച്ചു. ചരിത്രഭൂമിയായ മുസ്രിസില്‍ യാഥാര്‍ഥ്യമായ ബൈപാസ് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം എല്ലാവരും ഒരുപോലെ ഇടപെട്ടതിന്‍െറ വിജയമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബൈപ്പാസിന്‍െറ പ്രവേശന കവാടമായ ചന്തപ്പുരയില്‍ ഒത്തുകൂടിയ ജനാവലിക്ക് ഉത്സവപ്രതീതി പകര്‍ന്ന് നല്‍കിയ താളമേളങ്ങളും വര്‍ണമഴയും പെയ്തിറങ്ങിയ മുഹൂര്‍ത്തത്തില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടന ഫലകം പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂരിനിത് ചരിത്ര മുഹൂര്‍ത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വീസ് റോഡ് നിര്‍മിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് 15.13 കോടി രൂപ വാങ്ങിയെടുക്കാന്‍ കഴിഞ്ഞു. കൊടുങ്ങല്ലൂര്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍െറ ശുഷ്കാന്തികൊണ്ടാണ് ഇത്ര വേഗത്തില്‍ തുക നേടാന്‍ വകുപ്പ് മന്ത്രിയെന്ന നിലയില്‍ താന്‍ കിണഞ്ഞ് ശ്രമിച്ചത്. സര്‍വീസ് റോഡ് കഴിഞ്ഞാല്‍ എലിവേറ്റഡ് ഹൈവേക്ക് വേണ്ടിയുള്ള നീക്കം ത്വരിതപ്പെടുത്തും. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തില്‍ മുന്‍ ധാരണയില്‍നിന്ന് പിറകോട്ടില്ളെന്ന് മന്ത്രി പറഞ്ഞു. അഴീക്കോട് -മുനമ്പം പാലം ആധുനിക രീതിയില്‍ വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന വിധത്തില്‍ നിര്‍മിക്കാനാണ് ലക്ഷ്യം. ഇതിന് 151 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കുന്നത്. നേരത്തെ അനുവദിച്ച 92 കോടി കഴിഞ്ഞ് ബാക്കി തുക സര്‍ക്കാര്‍ നല്‍കും. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മികച്ചൊരു കൂട്ടായ്മയുടെ വിജയമാണ് ബൈപാസ് യാഥാര്‍ഥ്യമായതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പൊതുതാല്‍പര്യ ഹരജിയിലൂടെ ബൈപാസ് യാഥാര്‍ഥ്യമാകുന്നതിന് നിര്‍ണായക ചുവടുവെപ്പ് നടത്തിയ ആക്ഷന്‍ കൗണ്‍സിലിനെ നയിച്ച എം.ആര്‍. നായര്‍ (ചെയര്‍.), ടി.എം. നാസര്‍ (ജന. കണ്‍.), വി.കെ. ഉണ്ണി (ട്രഷ.), കോടതിയലക്ഷ്യ ഹരജി നല്‍കിയ കെ.കെ. വിജയന്‍ കൈതവളപ്പില്‍ എന്നിവരെ ആദരിച്ചു. സിംഗപ്പൂര്‍ മാതൃകയില്‍ നിര്‍മിക്കുന്ന ബൈപ്പാസിന്‍െറ മുസ്രിസ് പ്രവേശന കവാടങ്ങളുടെ മാതൃക ലൈന്‍ ഇന്‍റീരിയേഴ്സ് ആന്‍ഡ് ഇന്‍ഫ്ര എം.ഡി പി.എം. ഷിയാസ് പ്രകാശനം ചെയ്തു. കരാറുകാരായ എസ്.പി. ലക്ഷ്മണന്‍, അബ്ദുല്‍ഫൈസി എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. പി.എ. മാധവന്‍ എം.എല്‍.എ, കലക്ടര്‍ എം.എസ്. ജയ, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരി, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, മുന്‍ എം.പി കെ.പി. ധനപാലന്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജിസോ കെ. ചെറിയാന്‍ നന്ദി പറഞ്ഞു.
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സത്യപാലന്‍, അസി. എക്സി. എന്‍ജിനീയര്‍, എ.ഇ. ജയരാജ്, മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ആര്‍. സുഭാഷ്, എം.കെ. മാലിക്ക്, കെ.പി. സുനില്‍കുമാര്‍, വി.എം. ജോണി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

Posted: 18 Sep 2014 11:07 PM PDT

പറളി: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇവരെ ജില്ലാ ആശുപത്രിയിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 7.30ന് പറളി വള്ളിയാറന്‍തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. പാലക്കാട്ടുനിന്ന് പട്ടാമ്പിയിലേക്ക് നിറയെ യാത്രക്കാരുമായി പോയ 'അമ്പാടിക്കണ്ണന്‍' സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.
പാലക്കാട്ടുനിന്ന് കല്ലൂരിലേക്ക് പോവുകയായിരുന്ന 'ചുരത്തിങ്കല്‍' എന്ന സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സംസ്ഥാനപാതയില്‍ പറളിക്കും മങ്കരക്കുമിടയില്‍ കൈവരികളില്ലാത്ത വള്ളിയാറന്‍ തോട്ടിലേക്കാണ് ബസ് മറിഞ്ഞത്.
തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായി.
പാലക്കാട്ടുനിന്ന് ഫയര്‍ഫോഴ്സും മങ്കര പൊലീസ് സ്റ്റേഷനില്‍നിന്നും കല്ളേക്കാട് പൊലീസ് ക്യാമ്പില്‍നിന്നും സേനാംഗങ്ങളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സാമാന്യം വീതിയുള്ള റോഡില്‍ കൈവരികളില്ലാത്ത വള്ളിയാറന്‍തോട് ഭാഗത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പരിക്കേറ്റ് ജില്ലാ ആശുപത്രിയിലുള്ളവര്‍: മണ്ണൂര്‍ കുഴിനിവീട്ടില്‍ രാജീവ് (26), തേനൂര്‍ സ്വദേശികളായ പുത്തന്‍പുര ആണ്ടവന്‍ (63), രാമചന്ദ്രന്‍ (43), മങ്കര സ്വദേശികളായ വെള്ള റോഡ് സുരേഷ് കുമാര്‍ (48), വിവേക് (22), മായന്നൂര്‍ കൊണ്ടാഴി കേശവന്‍ (60), ഭാര്യ കമലം (55), ഇവരുടെ പേരക്കുട്ടികളായ അഭിരാമി, അനീഷ. അപകടത്തില്‍ പരിക്കേറ്റവരെ ഷാഫി പറമ്പില്‍ എം.എല്‍.എ സന്ദര്‍ശിച്ചു.

റഹ്മാന്‍െറ പാട്ട് ടിവിയിലും

Posted: 18 Sep 2014 11:05 PM PDT

Image: 

എ.ആര്‍ റഹ്മാന്‍െറ നിരവധി പരസ്യഗാനങ്ങള്‍ അദ്ദേഹം സിനിമയിലത്തെും മുമ്പേ നാം കേട്ടിട്ടുണ്ട്. പരസ്യചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു റഹ്മാനെ ശ്രദ്ധേയനാക്കിയത്. എന്നാല്‍ ടിവി.ഷോകളിലൊന്നും നേരിട്ട് റഹ്മാന്‍െറ പാട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സിനിമയില്‍ പോയ ശേഷം അദ്ദേഹത്തിന്‍െറ പാട്ടുകളും അഭിമുഖങ്ങളുമൊക്കെയാണ് ചാനലുകളില്‍ നിറഞ്ഞിട്ടുള്ളത്. എന്നാല്‍ 1980ല്‍ റഹ്മാന്‍ ‘വണ്ടര്‍ ബലൂണ്‍’ എന്ന ഒരു ടെലിവിഷന്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷം ആദ്യമായി അദ്ദേഹം ഒരു ടെലിവിഷന്‍ ഷോക്ക് വേണ്ടി പാട്ടൊരുക്കുന്നു. റഹ്മാന്‍െറ മ്യുസിക്കല്‍ ഹിറ്റുകളായ ജോധാ അക്ബര്‍, ലഗാന്‍, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അഷുതോഷ് ഗൊവാരികര്‍ നിര്‍മാണവും രചനയും നിര്‍വഹിക്കുന്ന ടി.വി ഷോക്ക് വേണ്ടിയാണ് റഹ്മാന്‍ സംഗീതമൊരുക്കുന്നത്. റഹ്മാന്‍െറ തീം സോംഗ് ടെലിവിഷനിലൂടെ തരംഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

റവന്യൂ സ്ക്വാഡിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ മണല്‍മാഫിയയുടെ ശ്രമം

Posted: 18 Sep 2014 11:02 PM PDT

പെരിന്തല്‍മണ്ണ: അനധികൃത മണല്‍കടത്ത് തടയാനത്തെിയ റവന്യൂ സ്ക്വാഡിനെ മണല്‍വാഹനമിടിച്ച് അപായപ്പെടുത്താന്‍ മണല്‍മാഫിയയുടെ ശ്രമം. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വി.ജെ. ജോസഫിന്‍െറ നേതൃത്വത്തിലുള്ള സംഘത്തെയാണ് ബുധനാഴ്ച രാത്രി 11.30 ഓടെ മാലാപറമ്പ് കെ.എസ്.ഇ.ബി സബ് ഡിവിഷന്‍ ഓഫിസിന് മുന്നില്‍ മണല്‍മാഫിയ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. അനധികൃതമായി ഊറ്റിയ മണലുമായി വന്ന കെ.എല്‍. 57 എഫ്. 4152 നമ്പര്‍ ടിപ്പര്‍ ലോറിയാണ് റവന്യൂ സംഘത്തിന്‍െറ വാഹനത്തിനുനേരെ വന്നത്. പുലാമന്തോളില്‍നിന്ന് ഓണപ്പുട വഴി ലോറി വരുന്ന വിവരമറിഞ്ഞാണ് റവന്യൂ സംഘം മാലാപറമ്പില്‍ നിലയുറപ്പിച്ചത്. ഇവിടെനിന്ന് കൈകാണിച്ചപ്പോഴാണ് സംഭവം. റവന്യൂ സ്ക്വാഡിലെ ഡ്രൈവര്‍ വാഹനം ഉടന്‍ വെട്ടിച്ച് ലോറിയെ പിന്തുടര്‍ന്നു. മറ്റ് മാര്‍ഗമില്ലാതായതോടെ പാലച്ചോട് പാലൂര്‍കോട്ട റോഡില്‍ ലോറിയിലെ മണല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിന് മുകളില്‍ ചെരിഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍, സീനിയര്‍ ക്ളര്‍ക്ക് അബ്ദുന്നാസര്‍, പ്രസൂണ്‍ രാം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ മണല്‍മാഫിയയുടെ പ്രവര്‍ത്തനം അടുത്തകാലത്ത് ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൂര്‍ക്കനാട്ടെ കടവില്‍ റെയ്ഡിനത്തെിയ റവന്യൂ സ്ക്വാഡിനെ മണല്‍മാഫിയ വളഞ്ഞ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരുന്നു. റവന്യൂ സംഘം പൊലീസ് സഹായം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. ഈ ഭാഗത്ത് ചെക്ഡാമുകള്‍ക്കും കുടിവെള്ള പദ്ധതി പമ്പ്ഹൗസുകള്‍ക്കും കടുത്ത ഭീഷണി സൃഷ്ടിച്ചാണ് മണല്‍മാഫിയയുടെ വിഹാരം. മൂര്‍ക്കനാട് കീഴ്മുറി, വടക്കുംപുറം, പുലാമന്തോള്‍ അങ്ങാടിക്കടവ്, പാലം ചെക്ഡാം, പാറക്കല്‍കടവ് എന്നിവിടങ്ങളില്‍ മണലൂറ്റല്‍ ശക്തമാണ്. നേരത്തെ മണല്‍കടവുകളില്‍ വിന്യസിച്ചിരുന്ന പൊലീസിനെ പിന്‍വലിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. അതേസമയം, അനധികൃത മണല്‍കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഈ രംഗത്തെ ക്രിമനല്‍ സംഘങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സബ് കലക്ടര്‍ അമിത് മീണ അറിയിച്ചു.

ദുബൈയില്‍ ബലിപെരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് 25ന് തുടക്കം

Posted: 18 Sep 2014 11:01 PM PDT

Image: 

ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബൈയില്‍ 17 ദിവസം നീളുന്ന ആഘോഷ പരിപാടികളൊരുക്കുന്നു. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ്സാണ് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 11 വരെ പെരുന്നാള്‍ ആഘോഷം ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി വിനോദ പരിപാടികള്‍ ഇതിന്‍െറ ഭാഗമായി നടക്കും.
ഷോപ്പിങ് മാളുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. മാളുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. കരിമരുന്ന് പ്രയോഗവും നടക്കും.
‘ഒത്തൊരുമിച്ച് ആഘോഷിക്കാം’ എന്ന പ്രമേയത്തിലാണ് ഇത്തവണ പരിപാടികള്‍ അണിയിച്ചൊരുക്കുന്നത്. മിഡിലീസ്റ്റില്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള പ്രധാന കേന്ദ്രമായി ദുബൈയെ ഉയര്‍ത്തിക്കാണിക്കുന്നതാകും പരിപാടികളെന്ന് ഡി.എഫ്.ആര്‍.എ സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ആഘോഷത്തിന്‍െറ ഭാഗമായി നഗരം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. പ്രധാന മാളുകളിലെല്ലാം വിവിധ ആഘോഷ പരിപാടികള്‍ നടക്കും. ആഘോഷത്തിനായി കൂടുതല്‍ ആളുകളത്തെുന്നത് റീട്ടെയില്‍ മേഖലക്ക് കുതിപ്പേകും. ഹോട്ടല്‍ മേഖലക്കും ആഘോഷ പരിപാടികള്‍ പുത്തനുണര്‍വേകുമെന്ന് അവര്‍ പറഞ്ഞു.
ഒക്ടോബര്‍ അഞ്ച്, ആറ് തിയതികളില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ രാത്രി 11ന് അറബ് സംഗീത നിശ അരങ്ങേറും. ഇതേ ദിവസങ്ങളില്‍ കോണ്‍റാഡ് ഹോട്ടലിലും സംഗീത പരിപാടി നടക്കും. ഒക്ടോബര്‍ പത്തിന് ഏവിയേഷന്‍ ക്ളബ് ടെന്നീസ് സ്റ്റേഡിയത്തില്‍ രാത്രി ഒമ്പത് മുതല്‍ ‘ധുന്‍ കി ധൂം’ സംഗീത കച്ചേരി നടക്കും. ഒക്ടോബര്‍ നാലുമുതല്‍ ആറുവരെ മാള്‍ ഓഫ് ദി എമിറേറ്റ്സില്‍ ‘അലാദിന്‍ അറേബ്യന്‍ അഡ്വഞ്ചര്‍’ എന്ന പരിപാടിയുണ്ടാകും. 10,11 തിയതികളില്‍ ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ‘ഇസ്മക് അപ്നേ നാം’ എന്ന നാടകം അരങ്ങേറും.
ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ സഅബീല്‍ പാര്‍ക്കില്‍ ‘റിതം ഓഫ് ആര്‍ട്സ്’, നാലുമുതല്‍ ആറുവരെ സൂക് മദീനത്ത് ജുമൈറയില്‍ ഫാഷന്‍ ഫോര്‍വേഡ്, അഞ്ചുമുതല്‍ 11 വരെ ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനം, മൂന്ന് മുതല്‍ അഞ്ചുവരെ സ്കൈ ഡൈവ് ദുബൈയില്‍ ബിഗ് ബോയ്സ് ടോയ്സ്, അഞ്ചുമുതല്‍ 11 വരെ ജുമൈറ കൈറ്റ് ബീച്ചില്‍ ഈദ് ഫണ്‍ ഡിസ്ട്രെക്റ്റ് എന്നിവ നടക്കും.  മാളുകളില്‍ നടക്കുന്ന കോമഡി സര്‍ക്കസാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഒക്ടോബര്‍ രണ്ട് മുതല്‍ 11 വരെ ജുമൈറ കൈറ്റ് ബീച്ചില്‍ രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗമുണ്ടാകും. തെരുവുകളും റൗണ്ടെബൗട്ടുകളുമെല്ലാം വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. മാളുകള്‍ സാധാരണയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും.
ഷോപ്പിങ് നടത്തുന്നവരെ അഞ്ച് ലക്ഷം ദിര്‍ഹത്തിന്‍െറ സമ്മാനമാണ് കാത്തിരിക്കുന്നത്. കുറഞ്ഞത് 200 ദിര്‍ഹമിന്‍െറ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ ലഭിക്കും. 1000 ദിര്‍ഹമിന്‍െറ വൗച്ചറുകളാണ് സമ്മാനം.

റിച്ചാര്‍ഡ് വര്‍മ്മ ഇന്ത്യയിലെ യു.എസ് അംബാസഡര്‍

Posted: 18 Sep 2014 11:01 PM PDT

Image: 

വാഷിങ്ടണ്‍: റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ യു.എസ് അംബാസഡറാകും. പ്രസിഡന്‍റ് ബറാക് ഒബാമയാണ് വര്‍മ്മയുടെ പേര് നിര്‍ദേശിച്ചത്. സെനറ്റ് അംഗീകാരം നല്‍കുന്നതോടെ യു.എസിന്‍െറ ഇന്ത്യന്‍ അംബാസഡറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാകും 45കാരനായ വര്‍മ്മ.

പ്രസിഡന്‍റ് ബറാക് ഒബാമയുടെയും  മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍െറയും വിശ്വസ്തനായാണ് റിച്ചാര്‍ഡ് വര്‍മ്മ അറിയപ്പെടുന്നത്. സ്വകാര്യ നിയമസ്ഥാപനമായ സ്റ്റെപ്റ്റോ ആന്‍ഡ് ജോണ്‍സണിന്‍െറ മുതിര്‍ന്ന കൗണ്‍സിലറായി ജോലി ചെയ്യുകയാണ് വര്‍മ്മ ഇപ്പോള്‍. സെന്‍റര്‍ ഓഫ് അമേരിക്കന്‍ പ്രോഗ്രസില്‍ ദേശീയ സുരക്ഷാ ഫെലോയുമാണ് അദ്ദേഹം.

2002 മുതല്‍ 2007 വരെ സെനറ്റ് നേതാവ് ഹാരി റീഡിന്‍െറ വിദേശനയ സമിതി ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച വര്‍മ്മ 1994-98 കാലത്ത് യു.എസ് വ്യോമസേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെങ്ങറ സമരക്കാര്‍ വീണ്ടും സമര ഭൂമിയിലേക്ക്

Posted: 18 Sep 2014 10:57 PM PDT

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്‍െറ ഭാഗമായി പട്ടയം ലഭിച്ച കുടുംബങ്ങള്‍ ഭൂമിയില്ലാതെ നാല് വര്‍ഷമായി അലയുകയാണെന്നും ഇവര്‍ ചെങ്ങറ സമരഭൂമിയില്‍ പ്രവേശിക്കുമെന്നും ഭൂസമര സമിതി സംസ്ഥാന കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി അട്ടച്ചാക്കലും ചെങ്ങറ സമരഭൂമിയില്‍നിന്ന് പുറത്താക്കപ്പെട്ട കുടുംബാംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ചെങ്ങറ സമരക്കാര്‍ക്ക് അനുവദിച്ച ഭൂമി വാസയോഗ്യമോ കൃഷിയോഗ്യമോ അല്ല. കാസര്‍കോട്, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ വന്യമൃഗങ്ങളും കൂറ്റന്‍ പാറകളും നിറഞ്ഞ സ്ഥലമാണ് കുടുംബങ്ങള്‍ക്ക് അനുവദിച്ചത്. ചെങ്ങറ പാക്കേജിന്‍െറ ഭാഗമായി 700 ഓളം കുടുംബങ്ങള്‍ ചെങ്ങറ സമരഭൂമി വിട്ട് ഇത്തരത്തില്‍ പട്ടയം വാങ്ങി പോയിരുന്നു. അവരെല്ലാം ഇപ്പോള്‍ പട്ടയവുമായി തെരുവില്‍ അലയുകയാണ്. കൃഷിയോഗ്യമായ ഭൂമി തരുന്നതുവരെ ചെങ്ങറ സമരഭൂമിയില്‍ താമസിച്ചുകൊള്ളാന്‍ സര്‍ക്കാര്‍ പറഞ്ഞതാണ്. എന്നാല്‍, അവിടെ താമസിച്ച ചില കുടുംബങ്ങളെ അടുത്തയിടെ സമരസമിതിനേതാവ് ളാഹ ഗോപാലന്‍ ഗുണ്ടകളെ ഉപയോഗിച്ച് പുറത്താക്കിയിരുന്നു. കഠിനാധ്വാനം ചെയ്ത് കൃഷിയോഗ്യമാക്കി മാറ്റിയ ഭൂമി ളാഹ ഗോപാലന്‍ വന്‍തോതില്‍ പണം വാങ്ങി സമരക്കാരല്ലാത്ത പുറത്തുനിന്നുള്ളവര്‍ക്ക് വില്‍ക്കുകയാണെന്നും ഭൂസമര സമിതി ഭാരവാഹികള്‍ ആരോപിച്ചു. നീതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയില്ല. പത്തനംതിട്ട ജില്ലയിലും നിരവധി മിച്ചഭൂമി സ്ഥലങ്ങളുണ്ട്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും യോഗ്യമായ കൃഷിഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അല്ലാത്തപക്ഷം സമരം ചെയ്ത് പിടിച്ചെടുത്ത ചെങ്ങറ സമരഭൂമിയിലേക്ക് പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞു.
ളാഹ ഗോപാലന്‍ സമരക്കാരോട് കാണിക്കുന്ന അനീതിയും ഗുണ്ടാവിളയാട്ടവും അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യവാദികള്‍ക്ക് തിരിച്ചടി; സ്കോട്ട്ലന്‍ഡ് ബ്രിട്ടണില്‍ തുടരും

Posted: 18 Sep 2014 10:55 PM PDT

Image: 

ലണ്ടന്‍: ഭൂരിപക്ഷം കൗണ്‍സിലുകളും 'നോ' പറഞ്ഞതോടെ ബ്രിട്ടണില്‍ നിന്ന് വിഭജിച്ച് പോകണമെന്ന സ്വാതന്ത്യവാദികളുടെ ആവശ്യത്തെ സ്കോട്ട്ലന്‍ഡ് ജനത തള്ളി. മൊത്തം എണ്ണിയ വോട്ടിന്‍െറ 55 ശതമാനമാണ് 'നോ' പക്ഷം നേടിയത്. 45 ശതമാണ് 'യെസ്' പക്ഷക്കാര്‍ക്ക് ലഭിച്ചത്. ഇതോടെ 307 വര്‍ഷം മുമ്പ് ബ്രിട്ടന് കീഴില്‍ വന്ന സ്കോട്ട്ലന്‍ഡ് തുടര്‍ന്നും എലിസബത്ത് രാജ്ഞിയുടെ കീഴില്‍ തുടരും.

മൊത്തം 32 കൗണ്‍സിലുകളിലാണ് ഹിതപരിശോധന നടന്നത്. ഇതില്‍ വോട്ടെണ്ണിയ 31 കൗണ്‍സിലുകളില്‍ നാല് കൗണ്‍സിലുകളില്‍ മാത്രമേ 'യെസ്' പക്ഷക്കാര്‍ക്ക് മുന്‍തൂക്കം ലഭിച്ചുള്ളൂ. ഏറ്റവും വലിയ കൗണ്‍സിലായ ഗ്ളാസ്ഗോ വിഭജനത്തിന് അനുകൂലമായാണ് വോട്ടുചെയ്തത്. 31 കൗണ്‍സിലുകള്‍ ചേര്‍ന്ന് 55 ശതമാനം വോട്ടുനേടിയപ്പോള്‍ കൂടുതല്‍ ജനങ്ങളുള്ള നാല് കൗണ്‍സിലുകളുടെ വോട്ടുകള്‍ മാത്രം 45 ശതമാനമുണ്ട് എന്നതും ശ്രദ്ധേയമായി. ഇതില്‍ മുന്നില്‍ നിന്നത് ഡന്‍ഡീ കൗണ്‍സിലാണ്. 57 ശതമാനം പേരാണ് വിഭജനത്തിനനുകൂലമായി ഇവിടെ വോട്ടുചെയ്തത്.

1707ലാണ് ഇംഗ്ളണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവയെ ചേര്‍ത്ത് യു.കെ നിലവില്‍ വന്നത്. ബ്രിട്ടനുകീഴില്‍ തുടരുന്നതിനെതിരെ സ്കോട്ട്ലന്‍ഡില്‍ ഏറെക്കാലമായി ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു. രാജ്യത്തിന്‍െറ സാമ്പത്തിക പിന്നോക്കാവസ്ഥയാണ് വിഭജനത്തിന് പ്രധാന കാരണമായി സ്വാതന്ത്ര്യ വാദികള്‍ മുന്നോട്ടുവെച്ചത്. എണ്ണ ഉദ്പാദനത്തിലും പ്രകൃതി വാതക ഉദ്പാദനത്തിലും സ്കോട്ടലന്‍ഡിന് ബ്രിട്ടനില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.

‘സ്വന്തം കോളനി’ക്ക് കൈനിറയെ നല്‍കി മുഖ്യമന്ത്രി

Posted: 18 Sep 2014 10:52 PM PDT

തൊടുപുഴ: ഇടുക്കിയിലെ 'സ്വന്തം കോളനി'യില്‍ പ്രഖ്യാപനപ്പെരുമഴയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ മഴുവടിയിലെ 'ഉമ്മന്‍ ചാണ്ടി ട്രൈബല്‍ ഗ്രാം' എന്ന ആദിവാസികോളനി സന്ദര്‍ശിക്കാനും താമസക്കാരുടെ ആവലാതികള്‍ കേള്‍ക്കാനുമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ എത്തിയത്.
85 കുടുംബങ്ങളും രാവിലെ മുതല്‍ കോളനിയുടെ പേരുകാരനെ കാണാന്‍ വഴിയരികില്‍ കാത്തുനിന്നു. പ്രവേശകവാടത്തില്‍ ഊരുമൂപ്പന്‍ സുകുമാരന്‍ മുഖ്യമന്ത്രിയെ ഏലക്ക മാല അണിയിച്ചു.
തുടര്‍ന്ന് കോളനിവാസികള്‍ പരമ്പരാഗത കലാരൂപമായ കൂത്തും വാദ്യങ്ങളും ആഹ്ളാദാരവങ്ങളുമായി വേദിയിലേക്ക് ആനയിച്ചു .
സ്വന്തം പേരിലുള്ള കോളനിയില്‍ രണ്ടാം തവണയാണ് മുഖ്യമന്ത്രി എത്തുന്നത്. 1976ല്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കേ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് കോളനി. അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്‍െറ പ്രേരണയായിരുന്നു ഇതിന് പിന്നില്‍. ഉമ്മന്‍ ചാണ്ടി കോളനി എന്ന് പേരിട്ടതും ജോസ് തന്നെ. ഇപ്പോള്‍ ഹൈറേഞ്ചില്‍ സുവിശേഷകനായ ജോസും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.
വേദിയിലത്തെിയ മുഖ്യമന്ത്രിക്ക് മുന്നില്‍ കോളനിവാസികളായ കാവലന്‍, പാപ്പു, സോമന്‍ എന്നിവര്‍ കണ്ണകിയുടെ ചരിത്രം കൂത്തിലൂടെ അവതരിപ്പിച്ചു.
കളിക്കാരുടെ കൈമുദ്രകളും കാലിന്‍െറ ചടുലതയും മുഖ്യമന്ത്രി കൗതുകത്തോടെ വീക്ഷിച്ചു. തുടര്‍ന്ന്, കൂത്തിനായി എല്ലാ വര്‍ഷവും ട്രൈബല്‍ വകുപ്പില്‍നിന്ന് തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കോളനിക്ക് 38 വയസ്സായെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെന്ന പരാതിയുമായി കോളനിക്കാര്‍ മുഖ്യന് മുന്നിലത്തെി. പരാധീനതകള്‍ ഊരുമൂപ്പന്‍ അക്കമിട്ട് നിരത്തി. കുടിവെള്ളമായിരുന്നു പ്രധാനപ്രശ്നം. 30 കുടുംബങ്ങള്‍ക്ക് വീടും ടോയ്ലറ്റുമില്ല. പലരും കഴിയുന്നത് പടുതകൊണ്ട് മറച്ച കൂരയില്‍. കോളനിയുടെ പട്ടയം ഭൂപണയ ബാങ്കില്‍ പണയത്തിലാണെന്നും കടം എഴുതിത്തള്ളണമെന്നും മൂപ്പന്‍ ആവശ്യപ്പെട്ടു.
കൃഷിചെയ്യാന്‍ ഭൂമിയും വൈദ്യുതിയും, കഞ്ഞിക്കുഴി കേന്ദ്രീകരിച്ച് ¥ൈട്രബല്‍ ഹോസ്റ്റല്‍, ഹോമിയോ ആശുപത്രി, കമ്യൂണിറ്റി ഹാള്‍ തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന ആവശ്യങ്ങള്‍.
തുടര്‍ന്ന്, കോളനി വികസനത്തിന് ഒരുകോടി അനുവദിച്ചതിന്‍െറ ഉത്തരവ് മൂപ്പന് മുഖ്യമന്ത്രി കൈമാറി.
വീട് അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം വീതവും 30 കുടുംബങ്ങള്‍ക്ക് വീടും, കമ്യൂണിറ്റി ഹാള്‍, എല്ലാ കുടുംബങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ്, പട്ടയ പ്രശ്നത്തിന് പരിഹാരം തുടങ്ങിയ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. 'ഉമ്മന്‍ ചാണ്ടി ട്രൈബല്‍ ഗ്രാമി'നെ മാതൃക കോളനിയാക്കുമെന്നുകൂടി പ്രഖ്യാപിച്ചതോടെ കൈയടികളും ആരവങ്ങളും ഉയര്‍ന്നു. ചടങ്ങിനത്തെിയവര്‍ക്കെല്ലാം കോളനിക്കാര്‍ മധുരം നല്‍കി. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, മുന്‍ എം.പി പി.ടി തോമസ്, ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ്, കാണി രാജപ്പന്‍ എന്നിവരും സംബന്ധിച്ചു.

ആഹ്ളാദമല കയറി ഇടുക്കി

Posted: 18 Sep 2014 10:43 PM PDT

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് ഒൗദ്യോഗിക തുടക്കം കുറിച്ചതോടെ പൂവണിഞ്ഞത് മലയോര ജനതയുടെ സ്വപ്നം. ചരിത്ര നിമിഷത്തിന് സാക്ഷികളാകാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുതോണിയിലേക്ക് ഒഴുകിയത്തെിയത് ആയിരങ്ങള്‍. 2012ലെ ബജറ്റിലാണ് ധനമന്ത്രി കെ.എം. മാണി ഇടുക്കി മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. 2012 ആഗസ്റ്റ് ഒന്നിന് സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ള സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളജിനാവശ്യമായ 40 ഏക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് സൗജന്യമായി നല്‍കി. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ കോളജ് കെട്ടിടത്തിന്‍െറ പ്ളാനും എസ്റ്റിമേറ്റും തയാറാക്കി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജിനോട് യോജിപ്പിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന പൈനാവില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാറേമാവിലാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്‍െറ കെട്ടിടം ഉയരുക. ജില്ലാ ആശുപത്രിക്ക് സമീപം മെഡിക്കല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യ ബാച്ച് ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്നുള്ള 43 പേരും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍നിന്നുള്ള ആറ് പേരുമാണ് ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍. ഡോ. എം.എ. രവീന്ദ്രനാണ് പ്രഥമ പ്രിന്‍സിപ്പല്‍.
ഒന്നാം വര്‍ഷ ക്ളാസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു. 98 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. നാലുഘട്ടങ്ങളിലായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2020ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 277കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മലകള്‍ അധികം ഇടിച്ചുനിരത്താതെ കെട്ടിടങ്ങള്‍ തമ്മിലുള്ള അകലം സമന്വയിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാമിന്‍െറ മാതൃകയിലാണ് മെഡിക്കല്‍ കോളജ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ സെക്യൂരിറ്റി ഉപകരണങ്ങള്‍ പൊടിപിടിക്കുന്നു

Posted: 18 Sep 2014 10:37 PM PDT

മംഗലാപുരം: മൂന്നു മാസം മുമ്പ് സ്ഥാപിച്ച സെക്യൂരിറ്റി ഉപകരണങ്ങള്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പൊടിപിടിച്ചു കിടക്കുന്നു. മംഗലാപുരം റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനാക്കുന്നതിന്‍െറ മുന്നോടയായാണ് സുരക്ഷ ഉപകരണങ്ങള്‍ എത്തിച്ചത്. യാത്രക്കാരുടെ ലഗേജ് പരിശോധന സ്കാനര്‍, യാത്രക്കാരെ പരിശോധിക്കുന്നതിനു വേണ്ടിയുള്ള ഡോര്‍ ഫ്രൈം മെറ്റല്‍ ഡിറ്റക്ടര്‍, പാര്‍സല്‍ സ്കാനര്‍, വാഹനങ്ങളെ നിരീക്ഷിക്കാനുള്ള അണ്ടര്‍ സൈഡ് സ്കാനര്‍, ക്ളോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ കാമറകള്‍ എന്നിവയാണ് മംഗലാപുരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി എത്തിച്ചത്. ഇതില്‍ പാര്‍സല്‍ സ്കാനറും സി.സി ടിവി കാമറുകളും മാത്രമാണ് അല്‍പമെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നത്. വര്‍ധിച്ചു വരുന്ന യാത്രക്കാരുടെയും സാധന സാമഗ്രികളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ധിറുതിപ്പെട്ട് ഇവയത്തെിച്ചത്.
ലഗേജ് സ്കാനറും മെറ്റല്‍ ഡിറ്റക്ടറും സ്റ്റേഷന്‍െറ പ്രവേശ കവാടത്തില്‍ ഉപേക്ഷിച്ച നിലയിലാണ്. അക്രമസംഭവങ്ങള്‍ മംഗലാപത്ത് നിത്യസംഭവമായതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ അത്യാവശ്യമാണെന്ന് ആര്‍.പി.എഫ് പറയുന്നു. ഇപ്പോഴും ടിക്കറ്റ് എടുക്കാത്ത യാത്രക്കാര്‍ പോലും ഒരു സുരക്ഷാ പരിശോധനകളുമില്ലാതെയാണ് സ്റ്റേഷനില്‍ കയറുന്നത്. പലരും പ്ളാറ്റ്ഫോം ടിക്കറ്റുപോലുമില്ലാതെയാണ് സ്റ്റേഷനില്‍ കയറുന്നത്. ഇത് തടയാന്‍ പോലും റെയില്‍വേ പൊലീസിന് ആവുന്നില്ല. സാമൂഹികവിരുദ്ധരുടെ താവളമായി സ്റ്റേഷന്‍ മാറിയിരിക്കുകയാണ്. വാഹനങ്ങളുടെ പരിശോധനക്ക് കൊണ്ടു വന്ന അണ്ടര്‍ സൈഡ് സ്കാനറുകളുടെ അവസ്ഥ ഇതിലും ദയനീയമാണ്. 38 കാമറകളാണ് സുരക്ഷക്കായി എത്തിച്ചത്. സെക്യൂരിറ്റി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍െറ ഉദ്ഘാടനം മന്ത്രി സദാനന്ദ ഗൗഡയെ കൊണ്ട് നടത്തിക്കാനായിരുന്നു സതേണ്‍ റെയില്‍വേ അധികാരികളുടെ നീക്കം. എന്നാല്‍, മന്ത്രിക്ക് സമയമില്ലാത്തത് കൊണ്ടാണ് മൂന്ന് മാസമായിട്ടും ഇത് നടക്കാത്തതെന്ന് പറയുന്നു. എന്നാല്‍, ഉടന്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ ആനന്ദ് പ്രകാശ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മംഗലാപുരം സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇനിയും വൈകിയാല്‍ പല ഉപകരണങ്ങളും പ്രവര്‍ത്തിക്കാതാവുമെന്നാണ് ആര്‍.പി. എഫ് ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും പറയുന്നത്.

വഞ്ചിയം ജലവൈദ്യുതി പദ്ധതിയെ സര്‍ക്കാര്‍ മറന്നു

Posted: 18 Sep 2014 10:32 PM PDT

ശ്രീകണ്ഠപുരം: വൈദ്യുതി പ്രതിസന്ധിയും പ്രശ്നങ്ങളും രൂക്ഷമായിട്ടും മലബാറിലെ ആദ്യ മിനി ജലവൈദ്യുതി പദ്ധതി നിര്‍മാണം തുടരാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. 1996ലാണ് കര്‍ണാടക വനാതിര്‍ത്തി പ്രദേശമായ പയ്യാവൂര്‍ വഞ്ചിയത്ത് കെ.എസ്.ഇ.ബിയും സ്വകാര്യ കമ്പനിയും ചേര്‍ന്ന് ധാരണയുണ്ടാക്കി ജലവൈദ്യുതി പദ്ധതിക്ക് തുടക്കമിട്ടത്. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിട്ട് ആരംഭിച്ച പണി ലക്ഷ്യത്തിലത്തെിക്കാതെ പാതിവഴിക്കുപേക്ഷിക്കുകയായിരുന്നു.
മലബാറിലെയും കുടിയേറ്റ മേഖലകളിലെയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ച പദ്ധതി പിറവിയിലേ ചരമമടയുകയായിരുന്നു. കെ.എസ്.ഇ.ബിയും തിരുവല്ലയിലെ സ്വകാര്യ കമ്പനിയും ബി.ഒ.ടി അടിസ്ഥാനത്തിലാണ് വഞ്ചിയം പദ്ധതിക്ക് തുടക്കമിട്ടത്.
കര്‍ണാടക വനത്തിന്‍െറ 200 മീറ്റര്‍ ദൂരത്തായി ഒഴുകിയത്തെുന്ന വഞ്ചിയം പുഴയില്‍ തടയണ നിര്‍മിച്ച് വെള്ളം പൈപ്പ് മുഖേന എബ്നേസര്‍ മലയില്‍ എത്തിക്കാനും അവിടെനിന്ന് 200 അടി താഴേക്ക് ഒഴുക്കി വൈദ്യുതി ഉല്‍പാദനം നടത്താനുമായിരുന്നു ധാരണ. പദ്ധതി പ്രദേശത്തുനിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് എബ്നേസര്‍മല.
1991ല്‍ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 96ല്‍ തറക്കല്ലിട്ടാണ് പ്രവൃത്തി തുടങ്ങിയത്. കുടിയേറ്റ കര്‍ഷകരുടെയും മറ്റും ത്യാഗഫലമായി പദ്ധതി പ്രദേശത്തേക്ക് പൈപ്പുകളും മറ്റും എത്തിക്കാനും റോഡുണ്ടാക്കാനും എളുപ്പത്തില്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. അതിവേഗത്തില്‍ തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ പൈപ്പിടല്‍ പ്രവൃത്തി ആരംഭിച്ചു. ചന്ദനക്കാംപാറ ചാപ്പക്കടവില്‍ നിര്‍മാണ കമ്പനിയുടെ ഓഫിസ് തുറന്നു. യന്ത്രങ്ങളും തൊഴിലാളികളും പദ്ധതി പ്രദേശത്ത് സജീവമായി. ഒന്നരമാസം പിന്നിട്ടതോടെ മുന്നറിയിപ്പൊന്നുമില്ലാതെ പദ്ധതി പാതിവഴിക്ക് നിര്‍ത്തിവെച്ച് കരാറുകാര്‍ സ്ഥലംവിടുകയായിരുന്നു. നാട്ടുകാര്‍ കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടെങ്കിലും പദ്ധതി ഉപേക്ഷിച്ചതായറിയില്ളെന്നും കരാര്‍ കമ്പനി എന്തിനാണ് പണി നിര്‍ത്തിയതെന്ന് വ്യക്തമല്ളെന്നുമായിരുന്നു മറുപടി. പിന്നീടാരും പണിയെപ്പറ്റി ചിന്തിച്ചിട്ടേയില്ല. സര്‍ക്കാറും ഇക്കാര്യം മറന്ന നിലയിലാണ്. നിര്‍മിച്ച തടയണ ബാക്കിയുണ്ട്. വഞ്ചിയം പുഴയില്‍ യന്ത്രങ്ങളും മറ്റും ഏറെക്കാലം കിടന്ന് തുരുമ്പെടുത്ത് നശിച്ചു.
മൂന്നുകോടി ചെലവ് വരുമെന്നാണ് അന്ന് വൈദ്യുതിവകുപ്പ് പറഞ്ഞിരുന്നത്. നിലവില്‍ അതിന്‍െറ അഞ്ചിരട്ടി തുകയുണ്ടായാലും പദ്ധതി പൂര്‍ത്തിയാക്കുക പ്രയാസമാണ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മൂന്ന് മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുമെന്നും 30 വര്‍ഷത്തിനു ശേഷം പദ്ധതി വൈദ്യുതിവകുപ്പിന് കൈമാറുമെന്നും ധാരണ ഉണ്ടാക്കിയിരുന്നു.
മുടങ്ങിയ പദ്ധതി പുനരാരംഭിക്കാന്‍ വായ്പ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്കാര്‍ പിന്നീട് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു. കെ.എസ്.ഇ.ബി ഈട് നിന്നുള്ള വായ്പാ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകള്‍ മടങ്ങി. പദ്ധതി മുടങ്ങിയതിനെപ്പറ്റിയും ഭാവിയെപ്പറ്റിയും വൈദ്യുതിവകുപ്പിന് ഇപ്പോള്‍ വ്യക്തതയില്ല. 20 വര്‍ഷം മുമ്പുണ്ടാക്കിയ കരാര്‍ ജില്ലയിലെ കെ.എസ്.ഇ.ബി ഓഫിസ് രേഖകളിലൊന്നും കാണാനില്ലത്രേ.
ഇനിയും വൈദ്യുതിയത്തൊത്ത വഞ്ചിയം വനമേഖലയിലെ നിരവധി കോളനി കുടുംബങ്ങള്‍ ഈ പദ്ധതി എന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.

റോഡ് അറ്റകുറ്റപ്പണി: ഇന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

Posted: 18 Sep 2014 10:17 PM PDT

കൊച്ചി: റോഡ് അറ്റകുറ്റപ്പണിക്ക് ദേശീയ പാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പുമടക്കമുള്ള ഏജന്‍സികള്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് വെള്ളിയാഴ്ച രാവിലെ സമര്‍പ്പിക്കാന്‍ കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശം നല്‍കി. വിവിധ സ്ഥലങ്ങളിലെ റോഡ് നിര്‍മാണം, പൂര്‍ത്തിയാക്കിയ പണിയുടെ ശതമാനം, ചിത്രങ്ങള്‍ എന്നിവ സഹിതമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഹൈകോടതിയില്‍ നിലവിലുള്ള കേസില്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഈ മാസം 20ന് സത്യവാങ്മൂലം സമര്‍പ്പിക്കുക. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും പുറമെ കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, ഡി.എം.ആര്‍.സി, കെ.എം.ആര്‍.സി, ജിഡ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
80 മുതല്‍ 90 ശതമാനം വരെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഇത് ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. തകര്‍ന്ന ജങ്ഷനുകളില്‍ പേവര്‍ ബ്ളോക്കുകള്‍ വിരിച്ചെങ്കിലും ഇതിന്‍െറ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കാത്തതു മൂലം പ്രയോജനം ലഭിക്കുന്നില്ല. മഴയുടെ പേരില്‍ റോഡ് അറ്റകുറ്റപ്പണി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കാനാകില്ളെന്ന് കലക്ടര്‍ വ്യക്തമാക്കി.പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, കുമ്പളം ടോള്‍ പ്ളാസ എന്നിവിടങ്ങളില്‍ പേവര്‍ ബ്ളോക്കുകള്‍ വിരിക്കുന്നത് പൂര്‍ത്തിയായെന്നും അരികുകളുടെ കോണ്‍ക്രീറ്റിങ് മാത്രമാണ് ബാക്കിയെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. അരൂര്‍ പാലത്തിന്‍െറ അറ്റകുറ്റപ്പണിക്ക് 1.62 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കും.
ഇടപ്പള്ളി ജങ്ഷന്‍, റെയില്‍വെ മേല്‍പ്പാലത്തിന്‍െറ അപ്രോച്ച് റോഡ് എന്നിവിടങ്ങളിലെ കുഴികള്‍ അടക്കുന്നത് പൂര്‍ത്തിയായി വരുകയാണെന്ന് ദേശീയപാത പൊതുമരാമത്ത് വിഭാഗം അറിയിച്ചു. കൊച്ചി - മധുര ദേശീയപാതയില്‍ കുണ്ടന്നൂര്‍, മരട് ഭാഗത്ത് പൈപ്ലൈന്‍ പണികള്‍ക്കായി വാട്ടര്‍ അതോറിറ്റി റോഡ് കുഴിച്ചത് വേണ്ട രീതിയില്‍ പുന$സ്ഥാപിച്ചിട്ടില്ല.
ഇരുമ്പനം, കരിങ്ങാച്ചിറ ജങ്ഷനുകളിലെ കുഴികളടച്ച് ടാറിങ് നടത്തും. എം.ജി റോഡില്‍ ജോസ് ജങ്ഷന്‍ മുതല്‍ തേവര വരെയുള്ള ഭാഗത്തെ കുഴിയടക്കല്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കെ.പി.സി.സി ജങ്ഷന്‍ മുതല്‍ ചെന്നൈ സില്‍ക്സ് വരെയുള്ള ഭാഗത്ത് മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം അമ്പത് മീറ്ററൊഴികെയുള്ള ഭാഗം കുഴികളടച്ചതായി ഡി.എം.ആര്‍.സിയും വ്യക്തമാക്കി.എം.സി റോഡില്‍ കാലടി പാലം അപ്രോച്ച് റോഡില്‍ പേവര്‍ ബ്ളോക്കുകള്‍ വിരിച്ച് പ്രശ്നപരിഹാരമുണ്ടാക്കിയിട്ടുണ്ട്.
പാലത്തിലെ കുഴികളടച്ച് റീടാര്‍ ചെയ്യുന്നതിന് ആറുമണിക്കൂറെങ്കിലും ഗതാഗതം തടയേണ്ടി വരും. ഇതിന് പ്രായോഗികമായ പോംവഴികള്‍ തേടി വരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അനുമതിയില്ലാതെ റോഡുകള്‍ കുഴിക്കുന്ന വകുപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

മാന്‍ഡലിന്‍ വിദഗ്ധന്‍ ശ്രീനിവാസ് അന്തരിച്ചു

Posted: 18 Sep 2014 10:10 PM PDT

Image: 

ചെന്നൈ: പ്രശസ്ത മാന്‍ഡലിന്‍ സംഗീതജ്ഞന്‍ യു. ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.
1969 ഫെബ്രുവരി 28 ന് ആന്ധ്രപ്രദേശിലെ പാലക്കോളിലായിരുന്നു ജനനം. 1978 ല്‍ സംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ച ശ്രീനിവാസിനെ  1998 ല്‍ രാജ്യം  പത്മശ്രീ നല്‍കി ആദരിച്ചു.

അരൂരില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ തുടങ്ങാന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിക്കും

Posted: 18 Sep 2014 10:08 PM PDT

ആലപ്പുഴ: അരൂരില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടിക്ക് സംസ്ഥാന സര്‍ക്കാറിന് പ്രപ്പോസല്‍ നല്‍കാന്‍ തീരുമാനമായതായി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ അടുത്തകാലത്തുണ്ടായ അപകടങ്ങളെ തുടര്‍ന്ന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗത്തിലാണ് തീരുമാനം.
അരൂര്‍ മേഖലയില്‍ കൂടക്കൂടെ തീപിടിത്തവും റോഡപകടങ്ങളും പ്രകൃതിക്ഷോഭവും ഉണ്ടാകുന്നതിനാല്‍ സുരക്ഷക്ക് ഫയര്‍ സ്റ്റേഷന്‍ അത്യാവശ്യമാണെന്ന് പൊതുജനാഭിപ്രായം ഉയര്‍ന്നിരുന്നു. അതോടൊപ്പം വ്യവസായമേഖലയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സ്ഥലം ലഭ്യമാക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ശിപാര്‍ശ സമര്‍പ്പിക്കുന്നത്. നേരത്തേ ബി.എസ്.എന്‍.എല്ലിന് നല്‍കിയിരുന്നതും ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്നതുമായ സ്ഥലവും സര്‍വേ വഴി കണ്ടത്തെുന്ന സ്ഥലവും ഇതിനായി പരിഗണിക്കുന്നുണ്ട്.
നിലവില്‍ അപകടമുണ്ടായാല്‍ ചേര്‍ത്തലയില്‍നിന്നോ എറണാകുളത്തുനിന്നോ തിരക്കേറിയ ദേശീയപാതയിലൂടെ ഫയര്‍ ഫോഴ്സ് അര മണിക്കൂറോളം സഞ്ചരിച്ച് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഈ കാലതാമസം ഒഴിവാക്കാന്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ വഴിയൊരുക്കും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര-വ്യവസായമന്ത്രിമാരുടെ തലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടറെ യോഗം ചുമതലപ്പെടുത്തി. സ്ഥിരമായ ഫയര്‍ സ്റ്റേഷന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലോ അതിനോടനുബന്ധിച്ചോ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം ലഭ്യമാക്കാന്‍ തുടര്‍നടപടി സ്വീകരിക്കാനും കലക്ടറെ ചുമതലപ്പെടുത്തി. താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ കെ.എ.സ്.ഇ.ബി. സബ് സ്റ്റേഷനില്‍ ഫയര്‍ എന്‍ജിന്‍ ക്യാമ്പ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് കമാന്‍ഡന്‍റ് ജനറലുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
62.17 ഏക്കര്‍ വരുന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഭൂമി കൈയേറ്റം കണ്ടത്തെുന്നതിനും ഉപയോഗരഹിതമായിക്കിടക്കുന്ന സ്ഥലം നിശ്ചയിക്കാനും റീസര്‍വേ നടത്തും. ഒരാഴ്ചക്കകം സര്‍വേ നടത്താന്‍ നടപടി തുടങ്ങി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.എം. ആരിഫ് എം.എല്‍.എ, കലക്ടര്‍ എന്‍. പത്മകുമാര്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. പുഷ്പന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ഉമേശന്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍, ബി.എസ്.എന്‍.എല്‍ ഡി.ജി.എം കെ. സുധീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എ. മുഹമ്മദ് കുഞ്ഞ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.ബി. വേണുക്കുട്ടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എ. പ്രദീപ്, എസ്.കെ. ചന്ദ്രബാബു, വ്യവസായികളുടെ പ്രതിനിധികളായ വി. അമര്‍നാഥ്, എം.എസ്. അനസ്, റെസിഡന്‍റ്സ് അസോസിയേഷന്‍െറ പ്രതിനിധികളായ കെ.കെ. ലെനിന്‍, വി.കെ. ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കമ്പനി രൂപവത്കരിക്കുന്നത് പരിഗണിക്കും –മുഖ്യമന്ത്രി

Posted: 18 Sep 2014 09:54 PM PDT

കല്‍പറ്റ: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ പാതയുടെ ആദ്യഘട്ടമായ നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി പാത കമ്പനി രൂപവത്കരിച്ച് നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷമി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈയെടുത്തത്. പുതിയ റെയില്‍ പാതകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പകുതി വിഹിതം നല്‍കണമെന്നാണ് റെയില്‍വേയുടെ ആവശ്യം.
നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ 642 കോടി രൂപ ചെലവ് വരുന്ന നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി ആദ്യഘട്ടത്തിന് സംസ്ഥാന വിഹിതം അനുവദിക്കാനും 3625 കോടി രൂപ ചെലവ് വരുന്ന സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ ഭാഗത്തിന് ചെലവും ദൂരവും കുറഞ്ഞ അലൈന്‍മെന്‍റിനായി വീണ്ടും സര്‍വേ നടത്താന്‍ ആവശ്യപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രാരംഭവിഹിതമായി ഇതിന് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാന വിഹിതമായി 321 കോടി രൂപയാണ് കേരളവും കര്‍ണാടകയും ചേര്‍ന്ന് നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി പാതക്ക് നല്‍കേണ്ടത്.
കര്‍ണാടക നിലവില്‍ 16,000 കോടിയിലധികം വരുന്ന പങ്കാളിത്തപദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിനാല്‍ കര്‍ണാടകയില്‍നിന്ന് വയനാട് പാതക്ക് വിഹിതം ലഭിക്കാന്‍ കാലതാമസം വരും. ഇതിനാല്‍ പാതയുടെ പകുതി ചെലവായ 321 കോടിയും കേരളം വഹിക്കണമെന്നും അല്ളെങ്കില്‍ കമ്പനി രൂപവത്കരിച്ച് പാതക്കാവശ്യമായ ഫണ്ട് കണ്ടത്തെണമെന്നുമാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.
റെയില്‍വേയുടെ പുതിയ നയപ്രകാരം പുതിയ പാതകള്‍ക്ക് 100 ശതമാനം സ്വകാര്യ നിക്ഷേപവും വിദേശ നിക്ഷേപവും അനുവദനീയമാണ്. വന്‍ലാഭമുണ്ടാക്കാവുന്നതാണ് നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി റെയില്‍ പാതയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം. സംസ്ഥാന സര്‍ക്കാര്‍ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം മുതലായവയെല്ലാം നടപ്പാക്കുന്നത് കമ്പനി രൂപവത്കരിച്ച് സ്വകാര്യ നിക്ഷേപം പ്രയോജനപ്പെടുത്തിയാണ്. ഈ മാതൃകയില്‍ വയനാട് റെയില്‍വേയും നടപ്പാക്കാനുള്ള സാധ്യതകള്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കമ്പനി രൂപവത്കരിച്ച് ഫണ്ട് കണ്ടത്തെിയാല്‍ സംസ്ഥാനത്തിന് ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല. വന്‍തോതില്‍ വ്യവസായവികസനവും തൊഴിലവസരങ്ങളും നിക്ഷേപങ്ങളും പാത യാഥാര്‍ഥ്യമായാന്‍ സംസ്ഥാനത്തിന് കൈവരും. വനത്തില്‍ മേല്‍പാലത്തിലൂടെ കടന്നുപോകുന്നതിനാലും വാഹനങ്ങളുടെ എണ്ണം കുറച്ച് മലിനീകരണം കുറക്കുമെന്നതിനാലും പാതക്ക് പാരിസ്ഥിതിക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രിയെ ആക്ഷന്‍ കമ്മിറ്റി ധരിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മറ്റിയെ പ്രതിനിധാനം ചെയ്ത് കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, എം.എ. അസൈനാര്‍, പി.വൈ. മത്തായി, പി.പി അബ്ദുല്‍ ഖാദര്‍, ജോയിച്ചന്‍ വര്‍ഗീസ്, അബ്ദുല്ല മാടക്കര എന്നിവര്‍ പങ്കെടുത്തു.

വന്‍ മോഷണസംഘം പിടിയില്‍; അന്വേഷണം വടക്കന്‍ ജില്ലകളിലേക്കും

Posted: 18 Sep 2014 09:49 PM PDT

പരപ്പനങ്ങാടി: ഭവന ഭേദനവും വാഹന മോഷണവും പതിവാക്കിയ പത്തംഗ സംഘത്തിലെ രണ്ട് കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടെ ആറുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ആളില്ലാത്ത വീടുകളില്‍ രാത്രി ഏഴിനും പത്തിനുമിടയില്‍ കളവ് നടത്തി സുഖജീവിതം നയിച്ചിരുന്ന സംഘമാണ് വലയിലായത്.
വെട്ടത്താണി വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശികളായ സൈനുല്‍ ആബിദ് (22) കെ.പി. ഷഹബാബ് (23) കെ.പി. മുഹമ്മദ് തഫ്സീര്‍ (19) വള്ളിക്കുന്നിലെ അണ്ണാച്ചി മുനീര്‍ എന്ന പി. മുനീര്‍ (21) എന്നിവരെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ മഞ്ചേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. മോഷ്ടിച്ച ബൈക്കുമായി സംഘത്തിലെ കുട്ടി ചെട്ടിപ്പടിയില്‍ പിടികൂടപ്പെട്ടതോടെ പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് മറ്റുള്ളവരെ പിടികൂടിയത്. ഇതോടെ 12 കേസുകള്‍ക്ക് തുമ്പായതായും 2011 മുതല്‍ 2014 വരെ ഇവര്‍ പതിനഞ്ചോളം കവര്‍ച്ചകള്‍ നടത്തിയതായും താനൂര്‍ സി.ഐ കെ.സി. ബാബുവും പരപ്പനങ്ങാടി എസ്.ഐ അനില്‍ കുമാറും അറിയിച്ചു. മലപ്പുറം എസ്.പിയുടെയും തിരൂര്‍ ഡിവൈ.എസ്.പിയുടെയും മേല്‍നോട്ടത്തിലാണ് അന്വേഷണം.
തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി ജലീല്‍ ഹാജിയുടെ വീട്ടില്‍നിന്ന് രണ്ടാഴ്ച മുമ്പ് പത്തര പവന്‍ സ്വര്‍ണാഭരണങ്ങളും 32,000 രൂപയും വള്ളിക്കുന്നിലെ എന്‍.സി. മോഹനന്‍െറ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപയും മൊബൈല്‍ ഫോണും എന്‍.സി. വിജയന്‍െറ വീട്ടില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണാഭരണം, കൂട്ടുമൂച്ചിയിലെ അലി ത്വാഹിറിന്‍െറ വീട്ടില്‍ നിന്ന് അരലക്ഷം രൂപയും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും അത്താണിക്കലിലെ മൂത്തേടത്ത് ഇമ്പിച്ചി കുട്ടിയുടെ വീട്ടില്‍ നിന്ന് 20,000 രൂപയും ഒരു പവന്‍ സ്വര്‍ണാഭരണവും ആനങ്ങാടി അംബേദ്കര്‍ ഗ്രാമത്തിലെ ഉമ്മുകുത്സുവിന്‍െറ വീട്ടില്‍നിന്ന് അഞ്ച് പവന്‍ സ്വര്‍ണം, സ്കൂട്ടര്‍, 10,000 രൂപയും കുപ്പിവളവിലെ ജലീലിന്‍െറ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണവും കമ്പ്യൂട്ടര്‍ ടാബും ചോപ്പന്‍ കാവിലെ അഴീക്കല്‍ പ്രമോദിന്‍െറ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും ചെട്ടിപ്പടി പ്രശാന്ത് സ്റ്റോപ്പിനടുത്തെ ചന്ദ്രികയുടെ വീട്ടില്‍ നിന്ന് 3000 രൂപയും സംഘം മോഷ്ടിച്ചതായും കരുമരക്കാട്ടെ സുരേഷ് ബാബുവിന്‍െറ വീട്ടിലും കൂട്ടുമൂച്ചിയിലെ റിട്ട. ബി.എസ്.എഫ് എസ്.ഐ രവീന്ദ്രന്‍െറ വീട്ടിലും മോഷണശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു.
കുപ്പിവളവിലെ ജലീലിന്‍െറ വീട്ടില്‍ ഇതിനകം നാലുതവണ കവര്‍ച്ചാശ്രമം നടത്തി. ഓട്ടോ ഡ്രൈവര്‍ ആബിദാണ് സംഘത്തിലെ പ്രധാനിയെന്നും പൊലീസ് വ്യക്തമാക്കി.
അത്താണിക്കലിലെ എ.വി. സുലൈഖയുടെ വീട്ടില്‍ നിന്ന് ചെക് കവര്‍ന്ന് പണം മാറാന്‍ നടത്തിയ ശ്രമം വിഫലമായതായും പൊലീസ് വ്യക്തമാക്കി.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട്ടെ കമ്മത്ത് ലൈനിലെയും പരപ്പനങ്ങാടിയിലെയും ഒരു വ്യാപാര സ്ഥാപനത്തില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചതായും അടുത്ത ദിവസം ഇതുസംബന്ധമായ അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട പ്രായ പൂര്‍ത്തിയാകാത്തവരെ ബ്ളാക്മെയില്‍ ചെയ്തും വിലകൂടിയ മൊബൈലും മദ്യവും നല്‍കിയുമാണ് വരുതിയിലാക്കിയത്. സംഘാംഗത്തിലെ പ്രധാനിയായ ഒരാള്‍ വടക്കന്‍ ജില്ലയിലേക്ക് മാറി.
താനൂര്‍ സി.ഐ കെ.സി. ബാബു, പരപ്പനങ്ങാടി എസ്.ഐ അനില്‍ കുമാര്‍, അഡീഷനല്‍ എസ്.ഐ രാജീവന്‍, എ.എസ്.ഐമാരായ സുരേന്ദ്രന്‍, ജയപ്രസാദ്, സീനിയര്‍ സി.പി.ഒമാരായ സുരേഷ്, ഉദയന്‍, ജയദേവന്‍, ഷിജു സലേഷ്, ബിനീഷ്, മുരളി എന്നിവര്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കി. കളവിന് ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

അറബ് മേഖലയില്‍ തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചു

Posted: 18 Sep 2014 09:41 PM PDT

Image: 

ദോഹ: അറബ് മേഖലയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായി മേഖലയിലെ രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ തൊഴില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. അറബ് മേഖലയിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയെക്കുറിച്ച് കഴിഞ്ഞ ദിവസം കൈറോയില്‍ നടന്ന ലേബര്‍ സമ്മേളനത്തിലാണ് ചര്‍ച്ചയായത്. 17 ശതമാനമാണ് അറബ് മേഖലയിലെ തൊഴിലില്ലായ്മയുടെ നിലവിലുള്ള നിരക്കെന്നും, 2013ല്‍ അറേബ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ രഹിതരുടെ എണ്ണം 20 ദശലക്ഷമാണെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ദിവസമായി നടന്നുവരുന്ന സമ്മേളനത്തില്‍ ഇന്നലെ ഖത്തറും പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊഴിലില്ലായ്മക്കെതിരെ പൊരുതുന്നതോടൊപ്പം  ഇതിനായി വിശാല അറബ് സഖ്യം രൂപവല്‍കരിക്കുക, അറബ് ഉച്ചകോടിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.
വിദ്യാസമ്പന്നരായ അറബ് ചെറുപ്പക്കാരില്‍ 27 ശതമാനവും ജോലിയില്ലാത്തവരാണ്. ഇതിന്‍െറ പ്രതിഫലനം സമൂഹത്തില്‍ വളരെ വ്യക്തമായി  കാണാനാവുന്നതാണ്. സ്ത്രീകളില്‍ 41 ശതമാനവും പുരുഷന്‍മാരില്‍ 23 ശതമാനവുമാണ് തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അറബ് സഹകരണവും തൊഴില്‍ സൃഷ്ടിക്കുന്നതിന്‍െറ വീക്ഷണവും’ എന്ന പേരിലുള്ള സമ്മേളന റിപ്പോര്‍ട്ട്  അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറലായ അഹമദ് ലുഖ്മാന്‍ ആണ് അവതരിപ്പിച്ചത്.
സ്ഥിതിഗതികള്‍ സ്ഫോടനാത്മകമാണെന്നും അറബ് ലോകത്തെ തൊഴില്‍ പ്രതിസന്ധി അത്രയും ആഴത്തിലാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള  പ്രധാനപ്പെട്ട കാരണങ്ങളും റിപ്പോര്‍ട്ടില്‍ നിരത്തുന്നുണ്ട്. ജനപ്പെരുപ്പം, വിദ്യാഭ്യാസത്തിന്‍െറയും പരിശീലനത്തിന്‍െറയും  അഭാവം എന്നിവയാണ് മുഖ്യ കാരണങ്ങളായി കണ്ടത്തെിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വ്യാപാരം തുടങ്ങണമെങ്കില്‍ അതിനുള്ള സാമ്പത്തിക നിലയില്ളെന്നതാണ് മറ്റൊരു കാരണം. പരിശീലനങ്ങളുടെ പ്രാധാന്യമാണ് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്ന മറ്റൊരു വിഷയം.
യൂറോപ്യന്‍ രാജ്യങ്ങളില്‍  പരിശീലന ദിനങ്ങള്‍ ഒരു ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ മൂന്ന് ശതമാനം ഉല്‍പാദനമാണ് വര്‍ധിച്ചത്. വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി അഞ്ച് ശതമാനം തുകയാണ് അറബ് രാജ്യങ്ങള്‍ നീക്കിവെക്കുന്നത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ 11 ശതമാനം തുക ഇതിനായി നീക്കി വെക്കുന്നുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
 

കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍: ചെയര്‍മാന്‍ പുറത്ത്

Posted: 18 Sep 2014 08:58 PM PDT

Image: 

കുവൈത്ത് സിറ്റി: മാസങ്ങള്‍ നീണ്ട അധികാര വടംവലിക്ക് ഒടുവില്‍ കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ (ഐ.സി.എസ്.കെ) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അശോക് കല്‍റ പുറത്തായി. കഴിഞ്ഞ ദിവസം സാല്‍മിയ സ്കൂളില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് അശോക് കല്‍റയുടെ ചെയര്‍മാന്‍ സ്ഥാനം അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. ചെയര്‍മാന്‍ എന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ കാലാവധിയും ബോര്‍ഡ് നല്‍കിയ മൂന്ന് മാസത്തെ കെയര്‍ടേക്കര്‍ സ്ഥാനവും അവസാനിച്ചതിനെ തുടര്‍ന്നാണ് 15 വര്‍ഷമായി ബോര്‍ഡില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അശോക് കല്‍റയെ ഒഴിവാക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.  1998 മുതല്‍ സ്കൂള്‍ ബോര്‍ഡിന്‍െറ ഭാഗമായിരുന്ന അശോക് കല്‍റയെ ചെയര്‍മാന്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതിന് അവസാനം വരെ ശ്രമങ്ങള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അശോക് കല്‍റ പുറത്തായതോടെ വൈസ് ചെയര്‍മാന്‍ ബോബി മാത്യുവിന് ചെയര്‍മാന്‍െറ ചുമതല നല്‍കാനും തീരുമാനമായി.
എല്‍ഡേഴ്സ് അംഗങ്ങള്‍ അടക്കം പങ്കെടുത്ത ബോര്‍ഡ് യോഗമാണ് കമ്മ്യൂണിറ്റി സ്കൂളിന്‍െറ ചരിത്രത്തിലെ തന്നെ സുപ്രധാന തീരുമാനം എടുത്തത്. അശോക് കല്‍റ കുറച്ചുകാലം കൂടി തുടരണമെന്ന് കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അംഗങ്ങള്‍ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ അമ്മാന്‍ സ്കൂളില്‍ നിന്നുള്ള ബോര്‍ഡംഗം ശക്തമായി എതിര്‍ത്തു. സാമ്പത്തിക ആരോപണങ്ങളും ഉയര്‍ന്നു. ഇതോടെ ബോര്‍ഡില്‍ ചെയര്‍മാന് അനുകൂലമായി ആരും സംസാരിച്ചില്ല. ഇതോടെ പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗം ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിന്‍െറ ചരിത്രത്തില്‍ പുതുവഴികള്‍ തുറക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വര്‍ഷങ്ങളായി ഭാരവാഹിത്വം വഹിച്ചിരുന്ന പലരും പുറത്തായതോടെ തലമുറ കൈമാറ്റം സംഭവിക്കാനും സാധ്യതയുണ്ട്. അശോക് കല്‍റക്കൊപ്പം സീനിയര്‍ അംഗമായിരുന്ന രാജന്‍ ഡാനിയേല്‍ കഴിഞ്ഞ മെയ് 21ന് നടന്ന ബോര്‍ഡ് മീറ്റിങില്‍ പുറത്തായിരുന്നു. അശോക് കല്‍റയുടെ പുറത്താകലും അടുത്തിടെ രാജിവെച്ച ഡോ. നീലമണിയുടെ സ്ഥാനവും അടക്കം 19 അംഗ ബോര്‍ഡില്‍ രണ്ട് ഒഴിവുകള്‍ ഉണ്ട്. അടുത്തിടെ രാജി സമര്‍പ്പിച്ച ദിനേശ് കമ്മത്തിന്‍െറ കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗം തീരുമാനം എടുത്തിട്ടില്ല. രാജിസമര്‍പ്പിച്ചതിനാല്‍ കമ്മത്ത് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഈ മാസത്തോടെ ഈ ഒഴിവും നിലവില്‍ വരാന്‍ സാധ്യതയുണ്ട്. ബോര്‍ഡ് യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബോബി മാത്യു അധ്യക്ഷത വഹിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP