കണ്ണൂരിന് വര്‍ണരാവുകളുമായി ദസറയത്തെുന്നു Posted: 24 Sep 2014 12:36 AM PDT കണ്ണൂര്‍: കണ്ണൂരിന് ഇനി നിറങ്ങളുടെയും കാഴ്ചകളുടെയും സംഗീതത്തിന്‍െറയും രാവുകള്‍. ഒരുകാലത്ത് കണ്ണൂര്‍ ജനത പ്രൗഢിയോടെ നെഞ്ചേറ്റിയിരുന്ന രണ്ടാം ദസറയെന്ന് അറിയപ്പെട്ടിരുന്ന നവരാത്രി ആഘോഷം മടങ്ങിയത്തെുകയാണ്. കണ്ണൂര്‍ നഗരസഭ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്‍െറ സഹകരണത്തോടെയാണ് നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നത്. വര്ണരാവുകളുമായത്തെുന്ന ദസറ ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാകും. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ വൈകീട്ട് ആറിന് മന്ത്രി കെ.സി. ജോസഫ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്പേഴ്സന് റോഷ്നി ഖാലിദും ജനറല്‍ കണ്‍വീനര്‍ അഡ്വ. ടി.ഒ. മോഹനനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഥാകൃത്ത് ടി.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തും. പി.കെ. ശ്രീമതി എം.പി, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, കെ.എം. ഷാജി എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ അതിഥികളാകും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായിക മാധുരി നയിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. 26ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ഫോക്ലോര് അക്കാദമി ചെയര്മാന് പ്രഫ. മുഹമ്മദ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന് സുമാ സുരേഷിന്‍െറ വീണക്കച്ചേരിയും എറണാകുളം കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റും ഉണ്ടാകും. 27ന് എഴുത്തുകാരി കെ.പി. സുധീര, വാണിദാസ് എളയാവൂര് എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് വെസ്റ്റേണ്‍ മ്യൂസിക്, പ്രശസ്ത മജീഷ്യന്മാര് അണിനിരക്കുന്ന പവര്‍ ഓഫ് മാജിക് എന്നിവ നടക്കും. 28ന് അടൂര്‍ ഗോപാലകൃഷ്ണന്, സുഗതകുമാരി എന്നിവര്‍ മുഖ്യാതിഥികളാകും. എം. അബ്ദുറഹ്മാന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദേവികാ സജീവന് നൃത്തസന്ധ്യ അവതരിപ്പിക്കും. 29ന് നടക്കുന്ന ചടങ്ങില്‍ ടി.എന്‍.പ്രകാശ് മുഖ്യാതിഥിയായിരിക്കും. ടി.കെ. നൂറുന്നിസ ടീച്ചര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കോമഡി ഷോ, ഡാന്‍സ്, ഓര്‍ക്കസ്ട്ര എന്നിവ അരങ്ങേറും. 30ന് നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത് യു.കെ. കുമാരന് മുഖ്യാതിഥിയാകും. മീറ വത്സന് അധ്യക്ഷത വഹിക്കും. മൃണാളിനി ബിശ്വാസ് അവതരിപ്പിക്കുന്ന ഒഡീസി ഡാന്‍സ്, സുനില്‍ കോട്ടേമ്പ്രം അവതരിപ്പിക്കുന്ന ഒറ്റയാന് (ചിരിച്ചിന്തുകള്‍) എന്നിവ ഉണ്ടാകും. ഒക്ടോബര്‍ ഒന്നിന് സി.വി. ബാലകൃഷ്ണന് മുഖ്യാതിഥിയാകും. ടി.കെ. നൗഷാദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും തൃത്തായമ്പക അവതരിപ്പിക്കും. രണ്ടിന് നോവലിസ്റ്റ് പി.സുരേന്ദ്രന് മുഖ്യാതിഥിയാകും.ഏറമ്പള്ളി രവീന്ദ്രന് അധ്യക്ഷത വഹിക്കും. ഫാത്തിമ ഫിദ പതിനാലാം രാവും കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും സംഗീതനിശയും അവതരിപ്പിക്കും. മൂന്നിന് കെ.കെ. മാരാര്‍ മുഖ്യാതിഥിയാകും. വെള്ളോറ രാജന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദസറ ഈവ് -ഡാന്‍സ് ആന്‍ഡ് മ്യൂസിക്കല്‍ റിയാലിറ്റി ഷോ അരങ്ങേറും. നാലിന് നോവലിസ്റ്റ് ഡോ. വി. ലിസിമാത്യു മുഖ്യാതിഥിയാകും. അഷറഫ് ബംഗാളി മൊഹല്ല അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കണ്ണൂര്‍ നടനകലാക്ഷേത്രം പുരാണനാടകം 'രാജാ ഹരിശ്ചന്ദ്ര' അവതരിപ്പിക്കും. അഞ്ചിന് വൈകീട്ട് സമാപന സമ്മേളനം ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിന്‍വിന്‍ കോര്‍പ് അവതരിപ്പിക്കുന്ന പുണ്യരാവും അസ്ലം മുംബൈ നയിക്കുന്ന മുഹമ്മദ് റഫി നൈറ്റും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ സജി വര്‍ഗീസ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അഡ്വ. മാര്ട്ടിന് ജോര്‍ജ്, പബ്ളിസിറ്റി കമ്മിറ്റി ചെയര്മാന് കെ.എന്‍. ബാബു, പി.എ. റഷീദ് എന്നിവരും സംബന്ധിച്ചു. |
വെള്ളക്കര വര്‍ധനവില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി Posted: 24 Sep 2014 12:25 AM PDT തിരുവനന്തപുരം: വെള്ളക്കര വര്‍ധനവില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 15,000 ലിറ്റര്‍ വെള്ളം വരെ ഉപയോഗിക്കുന്നവരെ നികുതിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ എട്ട് ലക്ഷം പേര് നികുതി വര്‍ധനവില്‍ നിന്ന് ഒഴിവായി. നേരത്തെ 10000 ലിറ്റര്‍ വരെ വെള്ളത്തിനാണ് സര്‍ക്കാര്‍ നികുതി ഇളവ് നിശ്ചയിച്ചിരുന്നത്. വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ കെ.പി.സി.സി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. 20 ലക്ഷം രൂപക്ക് മുകളിലുള്ള ആഢംബര കാറുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ 3000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള ആഢംബര വസതികള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റുകള്‍ക്കും അധിക നികുതി നല്‍കണം. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചായി കുറയ്ക്കില്ല. നിലവിലുള്ള ആഴ്ചയിലെ ആറ് ദിവസങ്ങള്‍ പ്രവൃത്തി ദിനങ്ങളായി തുടരും. ഓട്ടോ^ടാക്സി നിരക്ക് വര്‍ധന സംബന്ധിച്ച് മന്ത്രിസഭയില്‍ തീരുമാനമായില്ല. നികുതി വര്‍ധനവിനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. |
ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് 14 മരണം Posted: 24 Sep 2014 12:18 AM PDT ഷിംല: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 14 പേര് മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഋഷികേശില്‍ നിന്ന് ബിലാസ്പൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡാമിനു മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ബസിന്‍െറ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 35ഓളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. |
പരസ്പരം ട്വീറ്റ് ചെയ്ത് ക്യൂരിയോസിറ്റിയും മംഗള്‍യാനും Posted: 24 Sep 2014 12:18 AM PDT ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണം വിജയിത്തിനെത്തിയതിനുള്ള അഭിനന്ദനങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ട്വിറ്ററില്‍ നിറയുന്നു. മംഗള്യാന് മുമ്പ് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയ അമേരിക്കന്‍ പര്യവേക്ഷണ പേടകമായ ക്യൂരിയോസിറ്റി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഐ.എസ്.ആര്.ഒയെയും മംഗള്‍യാനെയും അഭിനന്ദിച്ചത്. "നമസ്തേ, ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യം വിജയിച്ചതില്‍ ഐ.എസ്.ആര്.ഒക്ക് അഭിനന്ദനങ്ങള്‍" എന്നാണ് ക്യൂരിയോസിറ്റി ട്വീറ്റ് ചെയ്തത്. "ഞാന്‍ അടുത്തുതന്നെ ഉണ്ട്, തുടര്‍ന്നും നമ്മുടെ ബന്ധം നിലനില്ക്കട്ടെ" എന്ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (മംഗള്യാന്) മറുപടി ട്വീറ്റ് നല്കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി പര്യവേക്ഷണം നടത്താന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 2011 നവംബര്‍ 26നാണ് ക്യൂരിയോസിറ്റിയെ വിക്ഷേപിച്ചത്. 2012 ആഗസ്റ്റ് അഞ്ചിനാണ് ചൊവ്വയുടെ ഉപരിതലത്തില്‍ ക്യൂരിയോസിറ്റി റോവര്‍ ഇറങ്ങിയത്. ചൊവ്വയില്‍ 2020വരെയാണ് ക്യൂരിയോസിറ്റിയുടെ ദൗത്യം. |
മംഗള്യാന് പിന്നില്‍ മലയാളികളും Posted: 24 Sep 2014 12:14 AM PDT ബംഗളൂരു: മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് എന്ന മംഗള്യാന് പേടകത്തെ ചൊവ്വയിലെ ത്തിക്കുന്ന പദ്ധതിക്ക് ശാസ്ത്രജ്ഞന്മാര് അടക്കം ഐ.എസ്.ആര്.ഒയിലെ പതിനായിരത്തിലധികം പേരുടെ സംഭാവനകളുണ്ട്. രാത്രിയും പകലും ഇല്ലാതെ എണ്ണയിട്ട യന്ത്രം പോലെയാണ് താഴത്തേട്ടിലുള്ള ജീവനക്കാര്‍ മുതല്‍ ഡയറക്ടര്‍ വരെയുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പോലെ മലയാളികളുടെ സംഭാവനകളും സേവനങ്ങളും പ്രശംസനീയമാണ്. ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്‍െറ മേല്‍നോട്ടത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ എസ്. അരുണനാണ് ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിന്‍െറ നെടുംതൂണ്. എല്ലാ മേഖലകളെയും കോര്‍ത്തിണക്കി ഒരു വര്‍ഷവും മൂന്നു മാസവും കൊണ്ട് മംഗള്‍യാനെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി. ബംഗളൂരു സാറ്റലൈറ്റ് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റായ അരുണന്, ചന്ദ്രയാന്‍ ഒന്നിന്‍െറ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടറായിരുന്നു. വി.എസ്.എസ്.സി മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്‍െറ മകളുടെ ഭര്‍ത്താവായ അദ്ദേഹം തമിഴ്നാട്ടിലെ തിരുന്നല്‍വേലി സ്വദേശിയാണ്. ചൊവ്വയില്‍ മീഥേന്‍ വാതകത്തിന്‍െറ സാന്നിധ്യം കണ്ടെ ത്താനുള്ള സെന്‍സര്‍ തയാറാക്കിയ സംഘത്തിന്‍െറ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കുര്യന് മാത്യുവാണ്. അഹമ്മദാബാദ് സാറ്റലൈറ്റ് ആപ്ളിക്കേഷന്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റായ കുര്യന് മാത്യു, കണ്ണൂര്‍ ആലക്കോട് സ്വദേശിയാണ്. ഹൈഡ്രജന്‍, ഡ്യൂറ്റോറിയം എന്നിവ നിരീക്ഷിക്കാനുള്ള ഉപകരണത്തിന്‍െറ നിര്‍മാണ ചുമതല തിരുവനന്തപുരം സ്പേസ് ഫിസിക്സ് ലാബിലെ അനില്‍ ഭരദ്വാജിനായിരുന്നു. തൃശൂര്‍ സ്വദേശിയും ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം ഡയറക്ടറുമായ ചന്ദ്രദത്തന്, ചെന്നൈ സ്വദേശിയും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറുടെ എസ്. രാമകൃഷ്ണന്, സാറ്റലൈറ്റ് അപ്ളിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ എ.എസ്. കിരണ്‍കുമാര്‍, കര്‍ണാടകയിലെ ഹാസന് സ്വദേശിയും സതീഷ് ധവാന് സ്പേസ് സെന്റര്‍ ഡയറക്ടറുമായ എം.വൈ.എസ്. പ്രസാദ്, ശ്രീഹരിക്കോട്ട റോക്കറ്റ് പോര്‍ട്ട് ജനറല്‍ മാനേജര്‍ എം.എസ്. നനീര്ശെല്വം, പി.എസ്.എല്‍.വി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍ ബി. ജയകുമാര്‍ എന്നിവരാണ് പദ്ധതിയുടെ പിന്നിലെ ശക്തി കേന്ദ്രങ്ങള്‍. ചൊവ്വാ പര്യവേക്ഷണ വിക്ഷേപണത്തിനുള്ള പി.എസ്.എല്‍.വിയുടെ മിഷന് ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണനാണ്. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം പി.എസ്.എല്‍.വിയുടെ എട്ട് ദൗത്യ വിജയങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയിട്ടുള്ളത്. എം. അണ്ണാദുരൈ ആണ് ചൊവ്വാ ഭ്രമണപഥ ദൗത്യത്തിന്‍െറ പ്രൊഗ്രാം ഡയറക്ടര്‍. മെഗള്യാന്െറ രൂപകല്പനക്കും നിര്‍മാണത്തിനും നേതൃത്വം നല്‍കിയത് ഐ.എസ്.ആര്.ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്.കെ ശിവകുമാറാണ്. മംഗള്യാന് സുരക്ഷിതമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ച പി.എസ്.എല്‍.വി സി25ന്‍െറ വെഹിക്കിള്‍ ഡയറക്ടര്‍ ബി. ജയകുമാര്‍ തിരുവനന്തപുരം കളയിക്കാവിള സ്വദേശിയാണ്. അസോഷ്യേറ്റ് ഡയറക്ടര്‍ ആര്. ഹട്ടന് തിരുവനന്തപുരം പേട്ട സ്വദേശിയും. പേലോഡ്സിലെ മറ്റ് ഉപകരണങ്ങളുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ആര്.പി സിങ്, എ.എസ് ആര്യ, വിശ്വനാഥന് എന്നിവരായിരുന്നു. അസോഷ്യേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എസ്.എസ് സര്‍ക്കാറാണ് പദ്ധതിയുടെ പൊതുചുമതല വഹിക്കുന്നത്. |
വ്യവസായിക നയം മാറണമെന്ന് സംരംഭകര്‍; സമരങ്ങള്‍ നിയന്ത്രിക്കണമെന്ന് ജനപ്രതിനിധികള്‍ Posted: 23 Sep 2014 10:45 PM PDT കോഴിക്കോട്: വ്യവസായങ്ങള്‍ തുടങ്ങാനും നിലനിര്‍ത്താനുമുള്ള പ്രയാസങ്ങള്‍ വിവരിച്ച് വ്യവസായി പ്രതിനിധികള്‍. വ്യവസായങ്ങള്‍ പൂട്ടിക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കണമെന്ന് ജനപ്രതിനിധികള്‍. കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് സംഘടിപ്പിക്കുന്ന റൈസിങ് കേരള സംരംഭക സംഗമത്തിന്‍െറ ഭാഗമായി ഹൈസണ്‍ ഹെറിറ്റേജില്‍ സംഘടിപ്പിച്ച ജനപ്രതിനിധി-ഉദ്യോഗസ്ഥ-വ്യവസായി മുഖാമുഖത്തിലാണ് സംരംഭകരുടെയും വ്യവസായികളുടെയും പ്രശ്നങ്ങള്‍ ഉയര്‍ന്നത്. വ്യവസായത്തെക്കുറിച്ച് അവബോധമില്ലായ്മ, അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങള്‍, ലൈസന്‍സുകള്‍ ലഭിക്കാന്‍ ഏകജാലക സംവിധാനം കാര്യക്ഷമമല്ലാത്തത്, ബാങ്കുകളുടെ അമിതപലിശ, വ്യവസായിക പ്രദര്‍ശനത്തിന് സൗകര്യമില്ലാത്തത്, സമരങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് വ്യവസായികള്‍ ഉന്നയിച്ചത്. വ്യവസായികള്‍ക്ക് വേണ്ടി സി.എം.എ പ്രസിഡന്റ് ജയിംസ്, കോംട്രസ്റ്റ് പ്രതിനിധി ഗോപിനാഥ്, എം. മൊയ്തീന്, എം. ഖാലിദ് എന്നിവരാണ് സംസാരിച്ചത്. കൈയേറ്റം ആരോപിച്ച് കല്ലായിയിലെ മരവ്യവസായത്തിന് ലൈസന്‍സ് കിട്ടാത്ത പ്രശ്നം പരിഹരിക്കാന്‍ ഭൂരേഖകള്‍ പരിശോധിച്ച് അര്ഹമായവക്ക് അംഗീകാരം നല്‍കുകയും മറ്റുള്ളവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോംട്രസ്റ്റിന് കളിമണ്ണ് കിട്ടുന്നില്ല. വ്യവസായിക ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കാന്‍ ട്രേഡ് സെന്ററുകള്‍ കൊണ്ടുവരണം. ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കണം. ലൈസന്‍സ് ലഭിച്ച വ്യവസായങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നടപടിയെടുക്കണമെന്ന് മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ്കോയ ആവശ്യപ്പെട്ടു. അര്‍ഹമായിട്ടും ലൈസന്‍സ് കൊടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പല വ്യവസായങ്ങളും പുട്ടിക്കുന്നത് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങള്‍ പലപ്പോഴും സ്വന്തം നിലക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥയായി മാറുന്ന കാഴ്ചയാണെന്ന് പി.ടി.എ. റഹീം എം.എല്‍.എ പറഞ്ഞു. മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സിന്‍െറ ഭൂമിയില്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങാന്‍ നിയമനിര്‍മാണം നടത്തണം. സര്‍ക്കാര്‍ ഏറ്റെടുത്ത വ്യവസായ ഭൂമിയില്‍പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കെ.കെ. ലതിക എം.എല്‍.എ ചൂണ്ടിക്കാട്ടി. സമരങ്ങളെ വ്യവസായികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നായിരുന്നു പുരുഷന് കടലുണ്ടിയുടെ അഭിപ്രായം. ജനങ്ങളുടെ എതിര്‍പ്പ് സഹിച്ചും ഉദ്യോഗസ്ഥര്‍ നടപടികളുമായി മുന്നോട്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. കിനാലൂരിലെ വ്യവസായ കേന്ദ്രം നാലാളുള്ള പാര്‍ട്ടികളുടെ വിചാരണ സഹിച്ച് പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണെന്ന് മോഡറേറ്ററായിരുന്ന എളമരം കരീം എം.എല്‍.എ പറഞ്ഞു. ഗെയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതും ഇതേകാരണം കൊണ്ടാണ്. സര്‍ക്കാറിന് വ്യക്തമായ നിര്‍മാണ നയമില്ലാത്തതാണ് വ്യവസായിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. നികുതി കുറച്ച് വില്പന കൂട്ടി വരുമാനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഏകജാലകം സംബന്ധിച്ച ഉന്നത തലയോഗം അഞ്ചുവര്‍ഷമായി ചേരുന്നില്ല. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വ്യവസായത്തെക്കുറിച്ച് ഒരു നയം പോലുമില്ളെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എ.കെ. ശശീന്ദ്രന് എന്നിവരും വി.കെ.സി. നൗഷാദ്, ഡോ. സജി ഗോപിനാഥ് തുടങ്ങിയവരും സംസാരിച്ചു. |
ക്വാറി പ്രശ്നം: കിഴക്കെ ചാത്തല്ലൂരില്‍ സംഘര്‍ഷം പൊലീസ് ലാത്തിവീശി, നിരവധി പേര്‍ക്ക് പരിക്ക് Posted: 23 Sep 2014 10:12 PM PDT എടവണ്ണ: കിഴക്കെ ചാത്തല്ലൂരിലെ ക്വാറി പ്രശ്നം സംഘര്‍ത്തില്‍ കലാശിച്ചു. പൊലീസ് ലാത്തി വീശിയതിനെതുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കൊളക്കണ്ണി കബീര്‍ (45) മേക്കുത്ത് സുജിത്ത് (22) എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചോലക്കത്തൊടി ദേവയാനി (49) പള്ളിപ്പറമ്പന്‍ ആയിഷാബി (52) കരിപറമ്പത്ത് ചന്ദ്രിക (37) കാരപ്പഞ്ചേരി ബുഷ്റ (42) എന്നിവരെ എടവണ്ണ സി.എച്ച്.സിയിലും എ.ആര് ക്യാമ്പിലെ പൊലീസുകാരായ സാജു, അജിത്ത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. കിഴക്കേ ചാത്തല്ലൂരില്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ മാസങ്ങളായി സമരത്തിലാണ്. സെപ്റ്റംബര്‍ 28ന് നടത്തുന്ന ജനകീയ മാര്‍ച്ചിന്‍െറ പ്രചാരണാര്‍ഥം വീടുകള്‍ കയറിയിറങ്ങി പ്രചാരണത്തിലായിരുന്നു നാട്ടുകാര്‍. ചൊവ്വാഴ്ച രാവിലെ ഹൈകോടതി സംരക്ഷണത്തോടുകൂടി മെഗസ്തിന് സ്ഥാപിക്കാന്‍ എം-സാന്‍ഡ് മണലുമായി എത്തിയ വാഹനത്തിന് സംരക്ഷണം നല്കാന് വണ്ടൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇതിനിടെ സി.ഐ എം.ഐ. ഷാജി, സമരത്തില്‍നിന്ന് പിന്മാറില്ളേ എന്ന് ചോദിച്ച് ക്വാറിക്ക് സമീപത്തുണ്ടായിരുന്ന സമരക്കാരുടെ മേല്‍ ചാടിവീഴുകയായിരുന്നു. സമരക്കാരില്‍ ഒരാളെ പിടികൂടി ജീപ്പില്‍ കയറ്റാനും ശ്രമിച്ചു. തടയാന്‍ ശ്രമിച്ചതോടെ നാട്ടുകാരുടെ മേലും പൊലീസ് ബലം പ്രയോഗിച്ചു. ഒരു വിധ പ്രകോപനവും കൂടാതെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കാന്‍ തുടങ്ങി. പൊലീസ് സംഘത്തെ തടഞ്ഞുവെക്കുകയും ചെയ്തു. ഇതോടെ ഡിവൈ.എസ്.പി കെ.പി. വിജയകുമാറും ഏറനാട് തഹസില്‍ദാര്‍ എം.കെ. രാമചന്ദ്രന്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. ഗീത എന്നിവര്‍ സ്ഥലത്തത്തെി സമരസമിതിക്കാരുമായി ചര്‍ച്ച നടത്തി. കലക്ടറുമായി ആലോചിച്ച് ചര്‍ച്ചക്ക് ശേഷം തീരുമാനമുണ്ടാക്കാം എന്ന ധാരണയില്‍ സമരം അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ തീരുമാനമാകും വരെ ക്വാറിയില്‍ നിര്‍മാണം അനുവദിക്കില്ളെന്നും പൊലീസ് പ്രദേശത്ത് പ്രവേശിക്കില്ളെന്നും ഉറപ്പുനല്‍കി. നാട്ടുകാരെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍ ഉറപ്പുനല്‍കി. പള്ളിപ്പറമ്പന്‍ അബൂബക്കര്‍ ഉള്‍പ്പെടെ നൂറോളം കണ്ടാലറിയാവുന്ന ആളുകളുടെ പേരില്‍ കേസെടുത്തതായി വണ്ടൂര്‍ സി.ഐ അറിയിച്ചു. |
സ്വര്‍ണവില കൂടി; പവന് 20,160 രൂപ Posted: 23 Sep 2014 09:59 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 20,160 രൂപ ആയി. ഗ്രാമിന് 20 രൂപ കൂടി 2,520 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ചയാണ് പവന് വില 20,200 രൂപയില്‍ നിന്ന് 20,000 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് നാല് ദിവസം ഈ വില തുടരുകയായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.50 ഡോളര്‍ ഉയര്‍ന്ന് 1,223.50 ഡോളറിലെ ത്തി. |
ബലി പെരുന്നാളിന് ദുബൈ ഒരുങ്ങി Posted: 23 Sep 2014 09:48 PM PDT ദുബൈ: ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ദുബൈ നഗരത്തിലത്തെുന്ന പതിനായിരങ്ങള്‍ക്ക് മികച്ച സേവനം നല്കാന് ദുബൈ നഗരസഭ വിശദമായ പദ്ധതികള്‍ തയാറാക്കി. ഈദ് അവധി ദിവസങ്ങളില്‍ ശുചീകരണത്തിനും മറ്റുമായി പ്രത്യേക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുക. പെരുന്നാളിന് മുന്നോടിയായി ഈദ്ഗാഹുകള്‍ നടക്കുന്ന മൈതാനങ്ങളും പാര്‍ക്കുകളും ശുചീകരിച്ചുകഴിഞ്ഞു. ഭക്ഷണ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അപകടകരമായ പടക്കങ്ങളുടെ വില്‍പ്പന നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഈദ് അവധിക്കാലത്ത് ഭക്ഷണ പരിശോധന എല്ലാ കടകളിലും ഊര്‍ജിതമാക്കും. ചൂടുകാലത്ത് എളുപ്പം കേടാകുന്ന ഭക്ഷണ വസ്തുക്കള്‍ പ്രത്യേകമായി ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കും. പൊതു പാര്‍ക്കുകളില്‍ വിവിധ വിനോദപരിപാടികളും ദുബൈ നഗരസഭ ഒരുക്കുന്നുണ്ട്. ആറു വലിയ പാര്‍ക്കുകളും 100 റസിഡന്‍ഷ്യല്‍ പാര്‍ക്കുകളും ദുബൈയില്‍ നഗരസഭയുടെ കീഴിലുണ്ട്. പാര്‍ക്കുകളിലെ ജലാശയങ്ങളും നീന്തല്‍കുളങ്ങളും നവീകരിക്കുകയും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ശുചിമുറികളും മികച്ചനിലയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഉറപ്പാക്കിയതായി നഗരസഭ അറിയിച്ചു. ഏതു അനിഷ്ട സംഭവങ്ങളും നേരിടാന്‍ കൂടുതല്‍ ജീവനക്കാരെ ഒരുക്കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് അതീവ ജാഗ്രതയിലായിരിക്കും. |
ഹരിതോത്സവം ദേശീയ ദിനം Posted: 23 Sep 2014 09:20 PM PDT സമൃദ്ധിയുടെയും പുരോഗതിയുടെയും പച്ചപ്പില്‍ നാടും നഗരവും ആറാടി നില്‍ക്കെ സൗദിയുടെ 84ാം ദേശീയദിനാഘോഷം കെങ്കേമമായി. സൗദിയുടെ ദേശീയതയും സംസ്കാരവും പാരമ്പര്യവും വിളംബരം ചെയ്യുന്ന അനവധി പരിപാടികള്‍ രാജ്യമെങ്ങും സംഘടിപ്പിച്ചു. രാജ്യത്തിന്‍െറ സമഗ്ര പുരോഗതിക്കും അഭിവൃദ്ധിക്കും അക്ഷീണം യത്നിക്കുന്ന അബ്ദുല്ല രാജാവിന് വിവിധ നേതാക്കള്‍ സൗഖ്യം നേര്‍ന്നു. തലസ്ഥാനമായ റിയാദിലാണ് പ്രധാന ചടങ്ങുകള്‍ അരങ്ങേറിയത്. മുന്‍സിപ്പാലിറ്റിയുടെ ആഘോഷചടങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം വടക്കന്‍ റിയാദിലെ ബന്‍ബാനില്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്തു. അമീര്‍ തുര്‍ക്കി ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ദേശീയ ദിനാഘോഷമായിരുന്നു ഇത്. നിരവധി സൈനിക വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും ഹെലികോപ്റ്ററുകളും അഭ്യാസങ്ങളില്‍ പങ്കെടുത്തു. വര്‍ണ വസ്ത്രങ്ങളണിഞ്ഞ കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കൂറ്റന്‍ ദേശീയ പതാകയും വഹിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ വേദിക്ക് വട്ടമിട്ട് പറന്നു. അബ്ദുല്ല രാജാവിന്‍െറയും മറ്റും ചിത്രങ്ങളും വഹിച്ചുള്ള ഹെലികോപ്റ്ററുകളും അഭ്യാസത്തില്‍ പങ്കെടുത്തു. ഹെലികോപ്റ്ററുകളില്‍ നിന്ന് ഹരിതവര്‍ണം വിതറി. 12 പോര് വിമാനങ്ങളാണ് അഭ്യാസങ്ങളില്‍ പങ്കെടുത്തത്. സ്ത്രീകളും കൂട്ടികളും അടക്കം ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനത്തെിയിരുന്നു. കിങ്ഡം ടവറിന് മുന്നില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിള്‍ പ്രകടനം രാവിലെ റിയാദ് ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ഫ്ളാഗ്ഓഫ് ചെയ്തു. സ്വദേശികളും വിദേശികളുമായി 500 ലേറെ പേര് മോട്ടോര്‍ സൈക്കിള്‍ റൈഡില്‍ പങ്കെടുത്തു. ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരം റൈഡ് ഉണ്ടായിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മലസിലെ കിങ് അബ്ദുല്ല പാര്‍ക്കില്‍ സൗദിയുടെ പൈതൃക കലാരൂപങ്ങളുടെ അവതരണം, കുട്ടികള്‍ക്കുവേണ്ടി സംഗീത നൃത്ത നാടകങ്ങള്‍, ത്രീഡി സ്ക്രീനുകളില്‍ ദൃശ്യവിസ്മയങ്ങളുടെ അവതരണം, നാഷണല്‍ ഗാര്‍ഡിന്‍െറ മാര്‍ച്ച് പാസ്റ്റ്, കവിയരങ്ങ്, ബാന്‍ഡ് വാദ്യം, അശ്വരൂഢ സേനയുടെ പ്രകടനം എന്നിവ അരങ്ങേറി. അര്‍ധരാത്രിയോടെ ബഗ്ളഫിലെ കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ബദീഅയിലെ തൂക്കുപാലം, ഹയ്യുല്‍ മനാഹ്, വടക്കന്‍ റിയാദ് എന്നിവിടങ്ങളില്‍ ആവേശകരമായ വെടിക്കെട്ട് നടന്നു. ഖസീം പ്രവിശ്യയിലും സൗദി ദേശീയദിനാഘോഷം പൊടിപൊടിച്ചു. ചൂട് കുറഞ്ഞുതുടങ്ങിയ കാലാവസ്ഥയില്‍ തലേരാത്രിയിലെ ഇളം തണുപ്പുള്ള കാറ്റില്‍ ഉറക്കമിളച്ചാണ് തദ്ദേശീയരായ യുവസമൂഹം ദേശീയദിനത്തെ വരവേറ്റത്. പ്രാദേശിക ഭരണകൂടവും മുനിസിപ്പാലിറ്റികളും മുന്‍കൈയെടുത്ത് സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളില്‍ മുതിര്‍ന്നവര്‍ സമയം വിനിയോഗിച്ചപ്പോള്‍ യുവാക്കള്‍ കുതിരയോട്ടം, മരുഭൂമിയിലെ വാഹനാഭ്യാസ പ്രകടനങ്ങള്‍ എന്നിവയില്‍ മുഴുകി. ജിദ്ദയില്‍ കിങ് അബ്ദുല്ല സ്ക്വയര്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഒൗദ്യോഗിക ആഘോഷപരിപാടികള്‍. ലോകത്തെ ഏറ്റവും വലിയ ദേശീയപതാകയുടെ ആരോഹണം ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ചൊവ്വാഴ്ച രാത്രി നടന്നു. ആയിരക്കണക്കിനു പേരാണ് അബ്ദുല്ല സ്ക്വയറിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനത്തെിയിരുന്നത്. രാത്രി വൈകി കോര്‍ണിഷില്‍ വര്‍ണശോഭ വിതറിയ വിസ്മയജനകമായ വെടിക്കെട്ടും നടന്നു. |
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 22ന്; ഗവര്‍ണറേറ്റുകള്‍ നാലായി ചുരുങ്ങും Posted: 23 Sep 2014 09:16 PM PDT മനാമ: ബഹ്റൈനില്‍ പാര്‍ലമെന്റ്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിറക്കി. നവംബര്‍ 22നാണ് മുനിസിപ്പാലിറ്റികളിലേക്കും പാര്‍ലമെന്റിലേക്കുമുള്ള വോട്ടെടുപ്പ്. ഒക്ടോബര്‍ 15മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ആരംഭിക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെയായിരിക്കും വോട്ടെടുപ്പ് സമയം. രണ്ടാമതും തെരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ അത് നവംബര്‍ 29നായിരിക്കും നടക്കുക. വിദേശരാജ്യങ്ങളിലുള്ള ബഹ്റൈനികള്‍ക്കായി അതത് എംബസികളിലും കോണ്സുലേറ്റുകളിലുമത്തെി വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും. ഇത് നവംബര്‍ 18നായിരിക്കും നടക്കുക. രണ്ടാമത് വോട്ടെടുപ്പ് വേണ്ടിവന്നാല്‍ അത് നവംബര്‍ 25നായിരിക്കും. ഒക്ടോബര്‍ 15 മുതല്‍ 19 വരെയായിരിക്കും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസരം. രാജ്യത്ത് നിലവിലുള്ള അഞ്ച് ഗവര്‍ണറേറ്റുകള്‍ നാലായി പരിമിതപ്പെടുത്തുന്നതിനും രാജാവ് ഉത്തരവിട്ടു. കാപിറ്റല്‍, മുഹറഖ്, ഉത്തര, ദക്ഷിണ ഗവര്ണറേറ്റുകളായിരിക്കും ഇനി മുതലുണ്ടാവുക. മധ്യ ഗവര്‍ണറേറ്റ് ഇല്ലാതാകും. മധ്യഗവര്ണറേറ്റിലെ പ്രദേശങ്ങള്‍ കാപിറ്റല്‍, ഉത്തര മേഖല ഗവര്‍ണറേറ്റുകളിലേക്ക് ലയിപ്പിച്ചിട്ടുണ്ട്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 10, മുഹറഖ് ഗവര്‍ണറേറ്റില്‍ എട്ട്, ഉത്തര ഗവര്‍ണറേറ്റില്‍ 12, ദക്ഷിണ ഗവര്‍ണറേറ്റില്‍ 10 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ വിഭജിച്ചിട്ടുള്ളത്. പൗരന്മാര് തങ്ങളുടെ സമ്മതിദാനാവകാശം സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്ന് രാജാവ് ഉണര്‍ത്തി. ദഹ്റാനി മത്സരിക്കില്ല മനാമ: പാര്‍ലമെന്റ് അധ്യക്ഷന്‍ ഖലീഫ ബിന്‍ അഹ്മദ് ദഹ്റാനി ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് വ്യക്തമാക്കി. രാജ്യത്ത് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുകയും 12 വര്‍ഷം പാര്‍ലമെന്റ് അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പാര്‍ലമെന്റ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. സഭയോടും സഭാംഗങ്ങളോടും യാത്ര ചൊല്ലിയാണ് അദ്ദേഹം അവസാനത്തെ പാര്‍ലമെന്റ് യോഗത്തില്‍ നിന്ന് വിരമിച്ചത്. അന്നുതന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ളെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. |
ഇന്ത്യ ചരിത്രം കുറിച്ചെന്ന് പ്രധാനമന്ത്രി; അഭിമാന നിമിഷമെന്ന് രാഷ്ട്രപതി Posted: 23 Sep 2014 08:50 PM PDT ബംഗളൂരു: മംഗള്യാന് പേടകം ചൊവ്വയിലെത്തിയതിലൂടെ ഇന്ത്യ ചരിത്രം കുറിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാ പര്യവേക്ഷണത്തിനായി ശാസ്ത്രജ്ഞന്മാര് ഏറെ ത്യാഗം അനുഭവിച്ചു. ഈ നേട്ടം കൈവരിക്കാനായി പ്രയത്നിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു. ബംഗളൂരു മിഷന് കണ്ട്രോള് സെന്ററില്‍ ശാസ്ത്രജ്ഞന്മാരെ അഭിസംബന്ധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 6,500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിെൻറ സങ്കല്പശേഷിയുടെ അതിരുകള്‍ കടക്കാന്‍ രാജ്യത്തിന് സാധിച്ചു. ആദ്യ ചൊവ്വാ ദൗത്യം തന്നെ വിജയിച്ച രാജ്യമായി ഇന്ത്യ മാറി. ഈ വിജയത്തില്‍ എല്ലാ പൗരന്മാര്ക്ക് അഭിമാനിക്കാം. ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ചെലവില്‍ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും മോദി പറഞ്ഞു. ചൊവ്വാ പര്യവേക്ഷണ വിജയത്തില്‍ രാഷ്ട്രം അഭിമാനിക്കുന്നതായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു. മംഗള്‍യാന്‍െറ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്.ഒയിലെ എല്ലാ ശാസ്ത്രജ്ഞന്മാരെയും അഭിനന്ദിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. |
ഏഷ്യന്‍ ഗെയിംസ് തുഴച്ചിലില്‍ ഇന്ത്യക്ക് വെങ്കലം Posted: 23 Sep 2014 08:49 PM PDT ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് സിംഗ്ള്‍ വിഭാഗം തുഴച്ചിലില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഡി. ദുഷ്യന്താണ് വെങ്കല മെഡല്‍ നേടിയത്. ഏഴ് മിനിട്ട് 26.57 സെക്കന്‍ഡിലാണ് 2000 മീറ്റര്‍ ദൂരം ദുഷ്യന്ത് ഫിനിഷ് ചെയ്തത്. 1000 മീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ മുന്നിലായിരുന്ന ദുഷ്യന്ത് അവസാന 500 മീറ്ററിലാണ് മൂന്നാം സ്ഥാനം പിടിച്ചത്. ഈ വിഭാഗത്തില്‍ ഹോങ്കോങ് സ്വര്‍ണവും കൊറിയ വെള്ളിയും നേടി. പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബ്ള്‍സ് തുഴച്ചിലില്‍ ഇന്ത്യയുടെ രൂപേന്ദര്‍ സിങ്^മഞ്ജിത് സിങ് ടീം നാലാം സ്ഥാനം നേടി. വനിതകളുടെ ഡബ്ള്‍സില്‍ സന്ജുക്ത^തരുണിക സഖ്യം അഞ്ചാം സ്ഥാനത്തെ ത്തി. ഗ്വാങ്ചൗവ് ഗെയിംസില്‍ പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് സിംഗ്ള്‍ വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ബജ്റംഗലാല് ടാക്കര്‍ സ്വര്‍ണം നേടിയിരുന്നു. |
അഭിമാന നിമിഷം; 'മംഗള്യാന്' ചൊവ്വയില്‍ Posted: 23 Sep 2014 07:33 PM PDT ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്' എന്ന 'മംഗള്യാന്' പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍. 2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്യാന് 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ ദൂരം പിന്നിട്ട ശേഷം ബുധനാഴ്ച രാവിലെ 7.17നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയത്തിലെ ത്തിച്ച ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണ് ചൊവ്വാദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങള്‍. ബുധനാഴ്ച പുലര്‍ച്ചെ 4.17ന് ചൊവ്വയുടെ സമീപത്ത് എത്തിയ മംഗള്യാന്, മെമന്റം വീല്‍ 180 ഡിഗ്രിയിലേക്ക് തിരിച്ച് പേടകത്തിന്‍െറ നിലവിലെ ദിശയില്‍ മാറ്റം വരുത്തി. തുടര്‍ന്ന് ചൊവ്വയുടെ നിഴല്‍ മറികടന്ന പേടകം മുന്‍നിശ്ചയ പ്രകാരം പ്രധാന ദ്രവ ഇന്ധന എന്ജിന് (ലിക്വിഡ് അപോജി മോട്ടോര്‍) 24 മിനിട്ട് പ്രവര്‍ത്തിപ്പിച്ച് സെക്കന്‍ഡില്‍ നാല് കിലോമീറ്ററായി വേഗത കുറച്ച് പ്രവേശം പൂര്‍ത്തിയാക്കി. അതേസമയം, ലാം എന്ജിന് തകരാറിലായാല്‍ പകരം ഉപയോഗിക്കാനായി ഒരുക്കിയിരുന്ന എട്ട് ചെറു ഇന്ധന റോക്കറ്റുകള്‍ (ത്രസ്റ്ററുകള്‍) ഉപയോഗിക്കേണ്ടി വന്നില്ല. ലാം എന്ജിന് 24 സെക്കന്‍ഡ് ജ്വലിപ്പിക്കാന്‍ 249.5 കിലോഗ്രാം ഇന്ധനമാണ് വേണ്ടിവന്നത്. ചൊവ്വയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലം (പെരിജി) 423 കിലോമീറ്ററും ഏറ്റവും കൂടിയ അകലം (അപോജി) 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോള്‍ പേടകം സഞ്ചരിക്കുന്നത്. പേടകം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്.ഒ ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് 2013 നവംബര്‍ അഞ്ചിനാണ് മംഗള്യാന് വിക്ഷേപിച്ചത്. ഐ.എസ്.ആര്.ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി സി25 ആണ് പേടകത്തെ ഭൂഭ്രമണപഥത്തില്‍ എത്തിച്ചത്. ആറ് പ്രാവശ്യം ഘട്ടംഘട്ടമായി പേടകത്തിന്‍െറ സഞ്ചാരപഥം വികസിപ്പിച്ചു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ലാം എന്ജിന് ജ്വലിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തുകടന്ന പേടകം സൗര സഞ്ചാരപഥത്തില്‍ പ്രവേശിച്ചു. സൗരപഥത്തില്‍ വലംവെയ്ക്കുന്നതിനിടെ ഡിസംബര്‍, 2014 ജൂണ്‍, സെപ്റ്റംബര്‍ എന്നിങ്ങനെ പേടകത്തിന്‍െറ ദിശയില്‍ മൂന്നുതവണ മാറ്റംവരുത്തി. ആഗസ്റ്റിലെ ദിശമാറ്റം വേണ്ടെന്നുവെച്ചു. സെപ്റ്റംബര്‍ 22നാണ് നാലാമത്തേയും അവസാനത്തേതുമായ ദിശമാറ്റവും പ്രധാന ദ്രവ ഇന്ധന എന്‍ജി (ലിക്വിഡ് അപോജി മോട്ടോര്‍)ന്‍െറ പരീക്ഷണ ജ്വലനവും വിജയകരമായി പൂര്‍ത്തിയാക്കിയത്. 10 മാസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ലാം എന്‍ജിനാണ് സെപ്റ്റംബര്‍ 22ന് ജ്വലിപ്പിച്ചത്. ഏറ്റവും കുറഞ്ഞ ചെലവില്‍ (450 കോടി രൂപ) ചൊവ്വാദൗത്യം പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ച മംഗള്യാന് ആറു മാസം ചൊവ്വയെ വലംവെയ്ക്കും. ഈ കാലയളവില്‍ ചൊവ്വയെകുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പേടകത്തിലെ അഞ്ച് ഉപകരണങ്ങള്‍ (പേ ലോഡ്സ്) വഴി ശേഖരിച്ച് ബംഗളൂരു, ഗോള്‍ഡ് സ്റ്റോണ്‍ (യു.എസ്), മാഡ്രിഡ് (സ്പെയിന്), കാന്‍ബെറ (ആസ്ട്രേലിയ) എന്നീ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയക്കും. (ഫോട്ടോ: മംഗള്യാന് വിക്ഷേപണം) (വിഡിയോ: മംഗള്‍യാന്‍െറ ചൊവ്വാ പ്രവേശം) |
ഏറ്റുമുട്ടല്‍ കേസുകളിലെ മാര്‍ഗരേഖ: മനുഷ്യാവകാശ പോരാട്ടത്തിലെ നാഴികക്കല്ല് Posted: 23 Sep 2014 06:54 PM PDT ന്യൂഡല്‍ഹി: പി.യു.സി.എല്‍ പതിറ്റാണ്ടിലേറെയായി നടത്തുന്ന നിയമയുദ്ധമാണ് ഏറ്റുമുട്ടല്‍ കേസുകളിലെ മാര്‍ഗരേഖ സംബന്ധിച്ച സുപ്രധാനമായ സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത്. അധോലോകവുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര് കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി 97ല്‍ ബോംബെ ഹൈകോടതിയിലാണ് പി.യു.സി.എല്‍ ആദ്യം ഹരജി നല്‍കിയത്. ഇതനുസരിച്ച് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ ഹൈകോടതി പുറത്തിറക്കി. അത് പര്യാപ്തമല്ളെന്ന് കാണിച്ച് 99ലാണ്സംഘടന സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. 15 വര്‍ഷത്തിനിടെ കേസ് പലകുറി പരിഗണനക്ക് വന്നപ്പോള്‍ കശ്മീരിലും ഗുജറാത്തിലും നക്സല്‍ ബാധിത മേഖലകളിലും നടന്ന ഏറ്റുമുട്ടല്‍ പരാമര്‍ശ വിധേയമായി. ഏറ്റുമുട്ടല്‍ കേസുകളില്‍ സമഗ്രമായ മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യത്തെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിരത്തി എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രവും ചില സംസ്ഥാന സര്‍ക്കാറുകളും കോടതിയില്‍ അറിയിച്ചത്. സര്‍ക്കാറുകളുടെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുത്തിയത്. ഇതുവരെ ഏറ്റുമുട്ടല്‍ കൊലകളില്‍ സ്വതന്ത്ര അന്വേഷണം നടക്കണമെങ്കില്‍ കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടണം. പുതിയ മര്‍ഗരേഖ അനുസരിച്ച് ഏറ്റുമുട്ടല്‍ കൊലകളില്‍ മജിസ്ട്രേറ്റിന്‍െറ മേല്‍നോട്ടത്തിലുള്ള അന്വേഷണം നിര്‍ബന്ധമാണ്. ഇത് വഴിവിട്ട് തോക്കെടുക്കുന്ന പൊലീസുകാരെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. ഏറ്റുമുട്ടലിലേക്ക് നയിക്കുന്ന രഹസ്യവിവരങ്ങളുടെ ഉറവിടം ഉള്‍പ്പെടെ അപ്പപ്പോള്‍ രേഖപ്പെടുത്തി വെക്കണമെന്ന മാര്‍ഗനിര്‍ദേശവും സുപ്രധാനമാണ്. തീവ്രവാദികളാണെന്ന രഹസ്യവിവരമുണ്ടെന്ന പഴുതാണ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ രക്ഷപ്പെടാനായി ഉന്നയിക്കാറുള്ളത്. രഹസ്യ വിവരങ്ങള്‍ അപ്പപ്പോള്‍ രേഖപ്പെടുത്തണമെന്ന് വരുമ്പോള്‍ ഈ പഴുത് ഇനി പണ്ടേപോലെ പ്രയോഗിക്കാനാകില്ല. എളുപ്പത്തിലുള്ള പ്രമോഷനും പാരിതോഷികവും വ്യാജഏറ്റുമുട്ടലിനുള്ള പ്രേരണയായി മാറുന്നെന്ന ആക്ഷേപം പരക്കെയുണ്ട്. ഗുജറാത്തിലെ ഇശ്റത്ത് ജഹാന്, സൊഹ്റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളായ ഡി.ഐ.ജി വന്‍സാര ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ പ്രമോഷന് നേടിയവരാണ്. അന്വേഷണം തീരുന്നതുവരെ അത്തരം ആനുകൂല്യം കിട്ടില്ളെന്നാകുമ്പോള് മുകളിലുള്ളവരുടെ ഇംഗിതം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ളെന്ന് വിധിയില്‍ സുപ്രീംകോടതി പറഞ്ഞു. വ്യാജഏറ്റുമുട്ടല്‍ സംബന്ധിച്ച പരാതികള്‍ ഉയരുമ്പോള്‍ ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് പൊതുവായ മാര്‍ഗരേഖ നമ്മുടെ രാജ്യത്തില്ല. കൊടുംക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടിവരുന്ന പൊലീസുകാരുടെ ജോലി ദുഷ്കരമാണെന്നറിയാം. എങ്കിലും ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടക്കണം. പൊലീസില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ അത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. |
‘മംഗള ചരിതം’ Posted: 23 Sep 2014 06:39 PM PDT ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പദ്ധതിയായ ചൊവ്വാ പര്യവേക്ഷണ ദൗത്യം വിജയപാതയില്‍. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് (മംഗള്യാന്) എന്ന ഐ.എസ്.ആര്.ഒ ഉപഗ്രഹം ചുവന്ന ഗ്രഹത്തിന്‍െറ ഭ്രമണപഥത്തില്‍ സഞ്ചാരം തുടങ്ങി. 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീറ്റര്‍ താണ്ടിയ മംഗള്യാന് ചൊവ്വയില്‍ നിന്നു ശേഖരിക്കുന്ന ചൂടന്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ലോകത്തിന് ഇനി കാത്തിരിക്കാം. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിന്‍െറ ആദ്യ വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി- സി25 റോക്കറ്റിലാണ് മംഗള്യാന് വിക്ഷേപിച്ചത്. ഇല്ലത്ത് നിന്നിറങ്ങിയ ‘മംഗള്യാന്’ അമ്മാനത്തെത്തി 2008ല്‍ ചന്ദ്രയാന്‍-ഒന്നിന്‍െറ ദൗത്യവിജയമാണ് ഗോളാന്തര ദൗത്യത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍. 2012 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ദൗത്യത്തിന് അനുമതി നല്‍കുകയും അത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷവും മൂന്നുമാസവും കഴിഞ്ഞപ്പോള്‍ മംഗള്യാന് വിക്ഷേപണത്തിന് സജ്ജമായി. ‘മംഗള്യാന്’എന്ന് വിളിക്കപ്പെടുന്ന ‘മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്’ ഉപഗ്രഹം 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് നീലാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഉപഗ്രഹത്തെ വഹിക്കാന്‍ ഉപയോഗിച്ചത് ഐ.എസ്.ആര്.ഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പോളാര്‍ സാറ്റലെറ്റ് ലോഞ്ചിങ് വെഹിക്കിള്‍ (പി.എസ്.എല്‍.വി- സി25) റോക്കറ്റും. കൃത്യം 44 മിനിട്ടും 17 സെക്കന്‍ഡും പൂര്‍ത്തിയായപ്പോള്‍ 1337 കിലോഗ്രാം ഭാരമുള്ള മംഗള്യാന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താത്കാലിക ഭ്രമണപഥത്തില്‍ പി.എസ്.എല്‍.വി- സി25 സുരക്ഷിതമായി എത്തിച്ചു. ഇതിനോടകം റോക്കറ്റിന്‍െറ നാല് ഘട്ടങ്ങളും മുന്‍ നിശ്ചയിച്ച പ്രകാരം വേര്‍പ്പെട്ടു. 44ാം മിനിറ്റില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട പര്യവേക്ഷണ പേടകം 17,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുകയും ഭൂമിയിലെ കണ്ട്രോള് യൂണിറ്റുകളിലേക്ക് സിഗ്നല്‍ അയക്കുകയും ചെയ്തു. 25 ദിവസത്തോളം ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലം (പെരിജി) 248.4 കിലോമീറ്ററും ഏറ്റവും കൂടിയ അകലം (അപോജി) 23550 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തില്‍ മംഗള്യാന് ഭൂമിയെ വലംവെക്കാന്‍ തുടങ്ങി. ഇതോടെ പേടകത്തിന്‍െറ നിയന്ത്രണം ഐ.എസ്.ആര്.ഒ യുടെ ബംഗളൂരു പീനിയയിലെ ടെലിമെട്രി, ട്രാകിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക് (ഇസ്ട്രാക്) ഏറ്റെടുത്തു. ഈ ദിവസങ്ങള്‍ക്കിടെ ഭൂമിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു, മംഗള്യാന്. തുടര്‍ന്ന് നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനും ദ്രവ ഇന്ധന എന്ജിന് ജ്വലിപ്പിച്ച് പേടകത്തിന്‍െറ ഭ്രമണപഥം ഭൂമിയില്‍ 1,92,874 കിലോമീറ്റര്‍ ദൂരെയാക്കി. ഒറ്റയടിക്ക് പേടകത്തെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തെ ത്തിക്കാന് സാധിക്കാത്തതു കൊണ്ട് ഘട്ടംഘട്ടമായാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഡിസംബര്‍ ഒന്നിന് ദ്രവ എന്ജിന് ജ്വലിപ്പിച്ച് പേടകത്തെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് മോചിപ്പിച്ച് സൂര്യന് ചുറ്റുമുള്ള സൗര്യപഥത്തില് എത്തിച്ചു. ഈ നിര്‍ണായക ഘട്ടം ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ഇതിനിടെ ചന്ദ്രനെയും മംഗള്യാന് മറികടന്നു. ഭൂമിയുടെ ആകര്‍ഷണ വലയത്തെ ഭേദിക്കാന്‍ സാധിക്കാത്തതാണ് മുന്‍പ് ചൈനയുടെയും ജപ്പാന്‍െറയും ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ഡിസംബര്‍ ഒന്ന് മുതല്‍ ക്രമേണ ഭ്രമണപഥം വികസിപ്പിച്ച് മംഗള്യാന് ചൊവ്വയിലേക്കുള്ള യാത്ര തുടങ്ങി. പേടകത്തിന്റെ സഞ്ചാരത്തിനിടെ നാലുതവണ ഗതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യത്തേത് ഡിസംബര്‍ 11നും രണ്ടാമത്തേത് 2014 ജൂണിലും നടന്നു. ഇതിനിടെ മംഗള്യാന് പേടകം സഞ്ചാരത്തിന്‍െറ 100-ാം ദിനം (2014 ഫെബ്രുവരി 11) പിന്നിട്ടു. ഏപ്രില്‍ ഒമ്പതിന് ആകെ സഞ്ചരിക്കേണ്ട ദൂരത്തിന്റെ (ആകെ 680 ദശലക്ഷം കിലോമീറ്റര്‍) പകുതി മംഗള്യാന് വിജയകരമായി മറികടന്നു. സഞ്ചാരപഥത്തില്‍ വ്യതിയാനം വരാത്തതിനാല്‍ ആഗസ്റ്റിലെ മൂന്നാമത്തെ ഗതിമാറ്റം വേണ്ടെന്നുവെച്ചു. കൂടാതെ സെപ്റ്റംബര്‍ 14ന് നടത്താനിരുന്ന നാലാമത്തെ ഗതിമാറ്റവും 297 ദിവസമായി പ്രവര്‍ത്തിപ്പിക്കാതിരുന്ന ലിക്യുഡ് അപോജി മോട്ടര്‍ (ലാം എന്ജിന്)ന്റെ പരീക്ഷണ ജ്വലനവും 22നാണ് നടത്തിയത്. സെപ്റ്റംബര്‍ 24ന് മംഗള്യാന് ചൊവ്വയുടെ ആകര്‍ഷണ വലയത്തില്‍ പ്രവേശിക്കുന്ന 24 മിനിട്ട് ഏറെ നിര്‍ണായകമായിരുന്നു. ഈ സമയം പേടകം ചൊവ്വയുടെ നിഴലിലായതിനാല്‍ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കില്ല. അതിനാല്‍ 22ന് മുന്‍കൂട്ടി നല്കിയ കമാന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് പേടകം പ്രവര്‍ത്തിച്ചത്. പേടകത്തില്‍ ഘടിപ്പിച്ച മൊമന്റം വീല്‍ 180 ഡിഗ്രിയിലേക്ക് തിരിച്ച് ആദ്യം മംഗള്‍യാന്റെ ദിശമാറ്റി. തുടര്‍ന്ന് പേടകത്തിലെ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൊവ്വയുടെ നിഴല്‍ മറികടന്നു. ലിക്യുഡ് അപോജി മോട്ടര്‍ (ലാം എന്ജിന്) റിവേഴ്സ് ഫയറിങ് നടത്തി പേടകത്തിന്റെ വേഗത സെക്കന്‍ഡില്‍ 4.4 കിലോമീറ്ററായി കുറച്ച് ചൊവ്വ പ്രവേശം പൂര്‍ത്തിയാക്കി. (ഏതെങ്കിലും സാഹചര്യത്തില്‍ ലാം എന്ജിന് പ്രവര്‍ത്തനരഹിതമായാല്‍, ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇതോടൊപ്പം എട്ട് ചെറു റോക്കറ്റുകള്‍ തയാറാക്കിയിരുന്നു). ഭ്രമണപഥത്തില്‍ പ്രവേശിച്ച് 12 മിനിറ്റ് കഴിഞ്ഞ് പേടകത്തില്‍ നിന്നുള്ള ആദ്യ സന്ദേശം കാന്‍ബെറ (ആസ്ട്രേലിയ)യിലെ സന്ദേശ കേന്ദ്രത്തില്‍ ലഭിച്ചു. തുടര്‍ന്ന് ഉച്ചയോടെ മംഗള്‍യാനില്‍ നിന്നുള്ള സിഗ്നലുകള്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ് വര്‍ക്ക് (ഐ.എസ്.ഡി.എന്‍) കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി. ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്യാന് പ്രവേശിച്ചതോടെ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞരും അതുവഴി ഇന്ത്യയും ചരിത്രത്തിന്‍െറ ഭാഗമായി. ചരിത്രത്തില്‍ ഇന്ത്യക്ക് നാലാംസ്ഥാനം ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ലോകത്തിലെ നാലാമത്തെ രാജ്യവും ആദ്യ ഏഷ്യന്‍ രാജ്യവുമെന്ന പദവിയാണ് മംഗള്‍യാന്റെ വിജയത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവരാണ് മറ്റ് മൂന്ന് സ്ഥാനങ്ങളിലുള്ളത്. ആദ്യ ശ്രമത്തില്‍ തന്നെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും ഇന്ത്യയുടെ നേട്ടമാണ്. ഏഷ്യയില്‍ ചൈനയും ജപ്പാനും ചൊവ്വാ പര്യവേഷണത്തിന് ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഉപഗ്രഹങ്ങള്‍ കൃത്യമായ വിക്ഷേപിക്കാനും ഭ്രമണപഥത്തില്‍ എത്തിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിന് കാട്ടിക്കൊടുകയായിരുന്നു ഐ.എസ്.ആര്.ഒയുടെ ലക്ഷ്യം. അതോടൊപ്പം ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം, അന്തരീക്ഷ ഘടന, അണുവികിരണ സാന്നിധ്യം എന്നിവ കണ്ടെത്തുകയും വേണം. സ്വയം നേടിയെടുത്ത സാങ്കേതികവിദ്യ ശാസ്ത്ര, സാങ്കേതികവിദ്യകള്‍ എക്കാലത്തും പാശ്ചാത്ത രാജ്യങ്ങളുടെ കുത്തകയായിരുന്നു. ഈ സാഹചര്യത്തില്‍ സൗഹൃദ രാജ്യമായ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ബഹിരാകാശ ഗവേഷണ രംഗത്ത് നേട്ടം കൈവരിക്കാമെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യ. ഇതിനായി ക്രയോജനിക് എന്‍ജിനും സാങ്കേതിക വിദ്യക്കും വേണ്ടി സോവിയറ്റ് യൂണിയനെ സമീപിക്കുകയും ഇന്ത്യക്ക് ഏഴ് ക്രയോജനിക് എന്‍ജിനുകള്‍ ലഭിക്കുകയും ചെയ്തു. ഈ നീക്കത്തിന് വിലങ്ങുതടിയിട്ട അമേരിക്ക, 1992ല്‍ ഐ.എസ്.ആര്.ഒക്കും സോവിയറ്റ് കമ്പനി ഗ്ലാവ്കോസ്മോസിനും എതിരെ ഉപരോധം ഏര്‍പ്പെടുത്തി. മിസൈല്‍ ആയുധ വികസനത്തിന് ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യ ഉപയോഗിക്കുമെന്നാണ് അമേരിക്ക ആരോപിച്ചത്. സോവിയറ്റ് യൂണിയന് ശിഥിലമായതോടെ അമേരിക്കയുടെ തന്ത്രം വിജയിക്കുകയും ചെയ്തു. സാങ്കേതികവിദ്യ കൈമാറാന്‍ സാധിക്കാതെ 1993ല്‍ കരാറില്‍ നിന്ന് സോവിയറ്റ് യൂണിയന് പിന്മാറിയതോടെ ഇന്ത്യക്ക് സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കേണ്ട സാഹചര്യമാണുണ്ടായത്. ക്രയോജനിക് സാങ്കേതികവിദ്യ ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ബഹിരാകാശ രംഗത്ത് ബഹുദൂരം മുന്നേറാന്‍ സാധിച്ചേനെ. ഈ തിരിച്ചടിയില്‍ നിന്നും ലക്ഷ്യം കൈവരിക്കണമെന്ന നിശ്ചയദാര്‍ഢ്യവും ആഗ്രഹവുമാണ് തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ പി.എസ്.എല്‍.വി- സി25 റോക്കറ്റില്‍ മംഗള്യാന് ചൊവ്വയിലേക്ക് കുതിച്ചത്. ചൈനയും ജപ്പാനും തോറ്റിടത്ത് ഇന്ത്യ സാമ്പത്തിക ശക്തിയില്‍ മുമ്പനായ ചൈനയും സാങ്കേതികമേഖലയില്‍ മുന്നേറിയ ജപ്പാനും തോറ്റിടത്താണ് ഇന്ത്യയുടെ മുന്നേറ്റം. ലോകത്ത് ഇതുവരെ നടന്ന ചൊവ്വാദൗത്യത്തില്‍ 60 ശതമാനവും പരാജയമായിരുന്നു. 2011 നവംബര്‍ എട്ടിന് റഷ്യന്‍ റോക്കറ്റ് സെനിത്- 2എമ്മിന്‍െറ സഹായത്തില്‍ കസാഖ്സ്താനിലെ ബൈകൊനൂര്‍ കോസ്മോഡ്രാമയില് നിന്ന് യിങ്ഹോ- 1 ഉപഗ്രഹം ചൈന വിക്ഷേപിച്ചിരുന്നു. ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് പേടകത്തെ വേര്‍പെടുത്താന്‍ സാധിക്കാതെ 2012 ജനുവരി 15ന് ചൈനീസ് പേടകം പസഫിക് ഉള്‍ക്കടലില്‍ പതിച്ചു. സമാന കാരണമാണ് ജപ്പാന്‍െറ ദാത്യവും പരാജയപ്പെടാന്‍ കാരണമായത്. പേടകത്തെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് മോചിപ്പിച്ച് അയക്കുകയെന്ന നിര്‍ണായക ഘട്ടമാണ് 2013 ഡിസംബര്‍ രണ്ടിന് മംഗള്യാന് വിജയകരമായി മറികടന്നത്. കുറഞ്ഞ ചെലവില്‍ തദ്ദേശീയമായി നിര്‍മിച്ചതും ഇന്ത്യയില്‍ തയാറാക്കിയ റോക്കറ്റ് ഉപയോഗിച്ച് ഈ മണ്ണില്‍ നിന്ന് വിക്ഷേപിച്ചതുമായ ഉപഗ്രഹമാണ് ‘മംഗള്യാന്’. മുന്‍പ് ഒരു രാജ്യത്തിന്‍െറയും പ്രഥമ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ചൊവ്വാദൗത്യം ബഹിരാകാശ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. അമേരിക്കയുടെ മാവെനും ഇന്ത്യയുടെ മംഗള്‍യാനും ‘മംഗള്യാന്’ വിക്ഷേപിച്ച് 13 ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 18നാണ് ചൊവ്വാ ദൗത്യത്തിനുള്ള ‘മാവെന്’ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോലറ്റൈല്‍ എവലൂഷന്‍) പേടകം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വിക്ഷേപിച്ചത്. 10 മാസത്തെ യാത്രക്കൊടുവില്‍ 2014 സെപ്റ്റംബര്‍ 21നാണ് മാവെന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ മംഗള്യാന് എത്തുന്നതിന് മൂന്ന് ദിവസം മുന്‍പ്. 150 കിലോമീറ്റര്‍ മുതല്‍ 6200 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് മാവെന് ചൊവ്വയെ വലംവെക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ സ്പേസ് ക്രാഫ്റ്റ് ആണ് മാവെന്. 4,180 കോടി രൂപ മുടക്കി അറ്റ്ലസ്-5 റോക്കറ്റിലാണ് മാവെനെ ചൊവ്വയിലേക്ക് അയച്ചത്. എന്നാല്‍, ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 573473 കിലോമീറ്റര്‍ അകലെയുള്ള സഞ്ചാരപഥത്തിലാണ് മംഗള്‍യാനെ എത്തിച്ചത്. ചൊവ്വയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അകലം (പെരിജി) 423 കിലോമീറ്ററും ഏറ്റവും കൂടിയ അകലം (അപോജി) 80,000 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്ത ഭ്രമണപഥമാണ് മംഗള്യാന്േറത്. ഇന്ത്യയുടെ മംഗള്യാന് പദ്ധതിക്ക് 450 കോടി രൂപ മാത്രമാണ് ആകെ ചെലവ്. മംഗള്‍യാനും ഒരു മാര്‍സ് ഓര്‍ബിറ്റര്‍ സ്പേസ് ക്രാഫ്റ്റാണ്. മംഗള്യാന് നിരീക്ഷിക്കുന്നതിലും കുറച്ചുകൂടി അടുത്തു നിന്ന് ചൊവ്വയെ കാണാന്‍ മാവെന് പേടകത്തിന് കഴിയും. അമേരിക്കയുടെ മൂന്നാമത്തെ ചൊവ്വാ പര്യവേക്ഷണമാണ് സെപ്റ്റംബര്‍ 21ന് ലക്ഷ്യം കണ്ടത്. രണ്ട് രാജ്യങ്ങളുടെ ബഹിരാകാശ വാഹനങ്ങള്‍ ഏതാണ്ട് ഒരേ സമയത്തുതന്നെ ഒരു ഗ്രഹത്തെ ലക്ഷ്യംവെച്ചു നീങ്ങുന്നത് ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ അപൂര്‍വമാണ്. ബഹിരാകാശ രംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്ന ഇന്ത്യക്ക് മുന്പില് തങ്ങളുടെ ആധിപത്യം വീണ്ടും തെളിയിക്കുക എന്നതും അമേരിക്കയുടെ മാവെന് വിക്ഷേപണത്തിന് പിന്നിലുണ്ട്. മംഗള്‍യാനിലെ പേലോഡ്സ് ചൊവ്വയെ വലംവെക്കുന്ന മംഗള്യാന് പേടകത്തില്‍ അഞ്ച് ഉപകരണങ്ങളാണ് (പേലോഡ്സ്) ഉള്ളത്. ഗ്രഹത്തിന്‍െറ അന്തരീക്ഷത്തെയും പ്രതലത്തെയും കുറിച്ചുളള വിവരങ്ങള്‍ ഭൂമിയിലെത്തിക്കുന്നത് ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്. പേലോഡ്സിന് ആകെ ഭാരം 15 കിലോഗ്രാം. 1. ലൈന്മാന് അല്ഫ ഫോട്ടോമീറ്റര്‍ (ലാപ്) ചൊവ്വ അന്തരീക്ഷത്തിലെ ഹൈഡ്രജന്െറയും ഡ്യൂറ്റേറിയത്തിന്െറയും തോത് കണ്ടെത്താനാണിത്. ചൊവ്വയില്‍ ഒഴുകുന്ന വെള്ളം ഉണ്ടെന്നോ ഉണ്ടായിരുന്നോ എന്ന് ഇതിലൂടെ വ്യക്തമാകും. കൂടാതെ ഡ്യൂറ്റേറിയം ഇന്ധമായുള്ള ന്യൂക്ളിയര്‍ ഫ്യൂഷന്‍ റിയാക്ടറുകളാകും ചൊവ്വയിലെ മനുഷ്യവാസത്തിനുള്ള ഊര്‍ജസ്രോതസ്. 2. മിഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് (എം.എസ്.എം) ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥേന്െറ സാന്നിധ്യമുണ്ടോയെന്ന് എം.എസ്.എം കണ്ടെ ത്തും. ചൊവ്വയില്‍ ജീവന്‍െറ സാന്നിധ്യമായ മീഥേന്‍ ഉണ്ടെങ്കില്‍ അതിന്‍െറ ഉറവിടം കണ്ടെ ത്താന് എം.എസ്.എം അന്വേഷണം നടത്തും. 3. മാര്‍സ് എക്ളോസ്ഫെറിക് ന്യൂട്രല്‍ കംപോസിഷന് അനലൈസര്‍ (മെന്‍ക) മെന്‍ക ഒരു സ്പെക്ട്രോ മീറ്ററാണ്. അന്തരീക്ഷത്തിന്‍െറ ഉയര്‍ന്ന തലങ്ങളില്‍ എന്തെല്ലാം ഘടകങ്ങളുണ്ടെന്ന് പഠിക്കാന്‍ സഹായിക്കും. ഒന്ന് മുതല്‍ 300 വരെ അറ്റോമിക് മാസ് യൂണിറ്റുള്ള ഘടകങ്ങളെകുറിച്ച് മെന്കക്ക് പഠിക്കാന്‍ കഴിയും. 4. മാര്‍സ് കളര്‍ ക്യാമറ (എം.സി.സി) ചൊവ്വയുടെ ഉപരിതലത്തിന്െറയും ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയ്മോസ് എന്നിവയുടെയും ചിത്രങ്ങള്‍ പകര്‍ത്തും. കാലാവസ്ഥ, പേടകത്തിലെ മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും എം.സി.സി പകര്‍ത്തി ഭൂമിയിലേക്ക് അയക്കും. 5. തെര്‍മല്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോ മീറ്റര്‍ (ടിസ്) ചൊവ്വയിലെ മണ്ണിന്‍െറ ഘടനയും താപവികിരണ സ്വഭാവവും പഠിക്കും. കൂടാതെ വസ്തുക്കളില്‍ നിന്ന് വരുന്ന ചൂടിനൊത്ത വര്‍ണരാജി പകര്‍ത്തി ധാതു ഭൂപടത്തിന് ടിസ് രൂപംനല്‍കും. എം.സി.സിക്ക് സമാനമായതും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതുമായ ഉപകരണമാണിത്. (ഫോട്ടോ: മംഗള്യാന് വിക്ഷേപണം) (വിഡിയോ: മംഗള്‍യാന്റെ ചൊവ്വാ പ്രവേശം) മംഗള്‍യാന്‍െറ ചൊവ്വാ പ്രവേശം |
എന്തുകൊണ്ട് മംഗള്യാന്? Posted: 23 Sep 2014 06:38 PM PDT ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്യാനിലാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന്‍െറ കണ്ണുകള്‍. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് എന്ന ഒൗദ്യോഗിക നാമമുള്ള മംഗള്യാന് ചുവന്ന ഗ്രഹത്തിന്‍െറ ഭ്രമണപഥത്തിലത്തെുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നത് നാം ഇന്ത്യക്കാര്‍ മാത്രമായിരിക്കില്ല. ഏതാണ്ട് മംഗള്‍യാന്‍െറ അതേ ലക്ഷ്യങ്ങളോടെ എന്നാല്‍, കൂടുതല്‍ സജ്ജീകരണങ്ങളുമായി പുറപ്പെട്ട് കഴിഞ്ഞദിവസം ലക്ഷ്യസ്ഥാനത്തത്തെിയ അമേരിക്കയുടെ മാവെന് എന്ന ബഹിരാകാശ വാഹനത്തിനുപോലും ഇത്രയും വാര്‍ത്താ പ്രാധാന്യം ലഭിച്ചിട്ടില്ല. ഒരു രാജ്യത്തിന്‍െറ പ്രഥമ ഗ്രഹാന്തര ദൗത്യംതന്നെ വിജയത്തോടടുക്കുന്നുവെന്നത് ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വതയാണ്. ആ നേട്ടത്തിനരികിലാണ് മംഗള്യാന്. ഒപ്പം, ബഹിരാകാശ ഗവേഷണരംഗത്തെ ഏഷ്യന്‍ ശക്തികളായ ജപ്പാനും ചൈനയും തോറ്റിടത്താണ് ഇന്ത്യയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങള്ക്കപ്പുറം നമ്മുടെ മംഗള്‍യാനുള്‍പ്പെടെയുള്ള ചൊവ്വാപര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് അതീവ പ്രാധാന്യമുള്ള സന്ദര്‍ഭം കൂടിയാണിപ്പോള്‍. നാല് പതിറ്റാണ്ടു മുമ്പ് ശാസ്ത്രലോകം തുടങ്ങിവെച്ചതാണ് ചൊവ്വായാത്ര. ഇക്കാലയളവിനുള്ളില്‍ 40ലധികം ദൗത്യങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ പലതും പരാജയപ്പെട്ടു. വിജയിച്ചവ നല്കിയ വിലപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വയില്‍ ജീവന് നിലനില്ക്കാന് സാധിക്കുമോ, അവിടെ ജലസാന്നിധ്യമുണ്ടോ തുടങ്ങിയ അന്വേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ സജീവമായ സമയത്താണ് മംഗള്യാന് ലക്ഷ്യത്തിലത്തെുന്നത്. 1877ല്‍ ഇറ്റാലിയന്‍ ജ്യോതി ശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലി എന്ന ശാസ്ത്രജ്ഞനാണ് നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തില്‍ ആദ്യമായി ചുവന്ന ഗ്രഹത്തിന്‍െറ ഭൂപടം തയാറാക്കിയത്. അതില്‍ അദ്ദേഹം കടലും വന്‍കരയുമെല്ലാം ഉള്‍പ്പെടുത്തി. ഭൂപടത്തിന്‍െറ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘അതൊരു ഊഷര ഭൂമിയല്ല, അതിന് ജീവനുണ്ട്’. തുടര്‍ന്നുള്ള ഒരു നൂറ്റാണ്ട് അതൊരു പരികല്പനമാത്രമായിരുന്നുവെങ്കില്, 1965ല്‍ ചൊവ്വയുടെ അടുത്തത്തെിയ നാസയുടെ മാരിനര്‍ 5 ഉപഗ്രഹം ഷിയാപറേലിയെ ശരിവെക്കുന്ന നിരീക്ഷണങ്ങള്‍ നടത്തി. ആ വര്‍ഷം നാഷനല്‍ അക്കാദമി ഓഫ് സയന്‍സിന്‍െറ സമ്മേളനത്തില്‍വെച്ച് നാസയിലെ ഒരു സംഘം ഗവേഷകര്‍ അത് പ്രഖ്യാപിക്കുകയും ചെയ്തു: ‘ലഭ്യമായ വിവരങ്ങളനുസരിച്ച്, ഒരു കാലത്ത് അവിടെ ജീവന് നിലനിന്നതിന്‍െറ ലക്ഷണങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.’ അമേരിക്കയിലെ അര്കനന്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നാസയുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണത്തിന്‍െറ ഫലം അടുത്തിടെ പുറത്തുവിടുകയുണ്ടായി. ചൊവ്വ ജൈവവാസയോഗ്യമെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്നായിരുന്നു കഴിഞ്ഞമാസം അസ്ട്രോബയോളജി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍െറ ചുരുക്കം. ഭൂമിയുടെ തുടക്കം മുതലേ ഉണ്ടെന്ന് കരുതുന്ന ഏതാനും സൂക്ഷ്മ ജീവികള്‍ക്ക് ചൊവ്വയിലെ സാഹചര്യത്തില്‍ നിലനില്ക്കാനാവുമത്രെ. ചൊവ്വയുടെ ഉപരിതലത്തിലെ അവസ്ഥ ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ലഭ്യമായ വിവരമനുസരിച്ച് ഈ ഗ്രഹത്തിന്‍െറ ഉപരിതല താപനില മൈനസ് 90 ഡിഗ്രിമുതല്‍ 26 വരെ മാറിക്കൊണ്ടിരിക്കാം. അതിനാല്‍, നിലവില്‍ ഏതെങ്കിലുമൊരു ജീവിക്ക് അവിടെ കഴിയാന്‍ സാധിക്കണമെങ്കില്‍, ഈ താപനിലയെ ഏതു സമയവും അതിജീവിക്കേണ്ടതുണ്ട്. ഇതുതന്നെയായിരുന്നു പരീക്ഷണം. പരീക്ഷണം വിജയമായിരുന്നു. ചെറിയ താപനിലയില്‍ ജീവികളുടെ വളര്‍ച്ച കാര്യമായി നടന്നില്ളെങ്കിലും അവ അതിജീവിച്ചു. ഇതോടെയാണ് ഇത്തരം ജീവികള്‍ക്ക് ചൊവ്വയിലെ സാഹചര്യങ്ങളില്‍ ജീവിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടത്. ചൊവ്വയിലെ ജൈവസാന്നിധ്യം സംബന്ധിച്ച് നടത്തിയ ആയിരക്കണക്കിന് അന്വേഷണങ്ങളില്‍ ഒന്നുമാത്രമാണിത്. ഭാവിയില്‍ ഇതുപോലുള്ള പരീക്ഷണങ്ങളില്‍ മംഗള്യാന് പങ്കുവഹിക്കാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. മംഗള്‍യാനില്‍ സജ്ജീകരിച്ചിട്ടുള്ള പേ ലോഡുകളില്‍ തെര്‍മല്‍ ഇമേജിങ് സ്പെക്ട്രോമീറ്റര്‍ ചൊവ്വയുടെ ഉപരിതലത്തിന്െറ സവിശേഷതകളെക്കുറിച്ചാണ് പഠിക്കുന്നത്. മറ്റൊരു പേ ലോഡായ മാര്‍സ് എക്സോഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍ (മെന്‍സ) അതിന്‍െറ അന്തരീക്ഷത്തെക്കുറിച്ചും നിരീക്ഷണം നടത്തും. മുകളില്‍ പ്രസ്താവിച്ച പരീക്ഷണത്തിന്‍െറ തുടര്‍ച്ച ആ അര്‍ഥത്തില്‍ നമുക്ക് മംഗള്‍യാനില്‍ നിന്ന് പ്രതീക്ഷിക്കാനാകുമോ? നമുക്ക് രണ്ടു നാള്‍മുമ്പ് അവിടെ സ്ഥലം പിടിച്ച മാവെന്‍െറ അജണ്ടകളില്‍ പ്രധാനം ഈ പരീക്ഷണത്തിന്‍െറ തുടര്‍ച്ചയാണ്. ചൊവ്വയിലെ ജലസാന്നിധ്യം സംബന്ധിച്ച ശാസ്ത്രലോകത്തിന് കേവലമായ ഒരു ധാരണയുണ്ട്. ഒരു കാലത്ത് ചുവന്നഗ്രഹം ജലസാന്നിധ്യത്താല്‍ സമൃദ്ധമായിരുന്നു. ഇവിടെ, ജലമൊഴുകിയതിന്െറ തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട്, ശക്തമായ സൗരവാതവും മറ്റുംകാരണം ജലം അപ്രത്യക്ഷമാവുകയായിരുന്നത്രെ. ഇപ്പോള്‍ ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെങ്കില്തന്നെ, അത് ഗ്രഹത്തിന്‍െറ ധ്രുവ മേഖലയിലാകാനാണ് സാധ്യതയെന്നും ശാസ്ത്രലോകം കരുതുന്നു. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിക്കു സമാനമായ പരിണാമ ദിശയിലൂടെതന്നെയാണ് ചൊവ്വയും കടന്നുപോയതെന്ന് കരുതുന്നു. മംഗള്‍യാന്‍െറ ആല്‍ഫാ ഫോട്ടോമീറ്റര്‍ എന്ന പേ ലോഡിന്‍െറ അന്വേഷണം ഈ ദിശയിലുള്ളതാണ്. ചൊവ്വയിലെ ഉപരിതലത്തില്‍നിന്ന് ഒൗട്ടര്‍ സ്പേസിലേക്കുള്ള ഡ്യൂട്ടിരിയം /ഹൈഡ്രജന്‍ വാതകങ്ങളുടെ ഉല്സര്ജ്ജനമായിരിക്കും ഇത് നിരീക്ഷിക്കുക. ഇത്തരത്തില്‍ മംഗള്‍യാനിലെ ഓരോ പേ ലോഡും നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ ശാസ്ത്രലോകം ഏറെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുകൂടിയാകാം മംഗള്‍യാന്‍െറ യാത്രയുടെ ഓരോ നിമിഷവും ലോക മാധ്യമങ്ങള്‍ ശ്രദ്ധയോടെ പകര്‍ത്തുന്നത്. ചില രാഷ്ട്രീയ കാരണങ്ങളും മംഗള്‍യാനെ ശ്രദ്ധേയമാക്കുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തില്‍ നേരത്തേ അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള ജപ്പാനും ചൈനയും ചൊവ്വാ പര്യവേക്ഷണത്തില്‍ തികഞ്ഞ പരാജയമാണ്. നിരവധി ചൊവ്വാദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഈ രംഗത്ത് അമേരിക്ക തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിനിടെയാണ് ഇന്ത്യയുടെ കടന്നുവരവ്. 2008ലെ ചാന്ദ്രയാന്‍ പദ്ധതി വിജയത്തിനുശേഷം ഇന്ത്യ ഏറ്റെടുത്ത സുപ്രധാന ദൗത്യമായിരുന്നു മംഗള്യാന്. നിലവില്‍, അമേരിക്കയുടെ രണ്ടു വാഹനങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ചുറ്റിത്തിരിഞ്ഞ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്: ഓപര്‍ച്യൂനിറ്റിയും ക്യൂരിയോസിറ്റിയും. കഴിഞ്ഞ 10 വര്‍ഷമായി ചൊവ്വയുടെ ഉപരിതലത്തിലുള്ള ഓപര്‍ച്യൂനിറ്റി കാര്യമായും ചുവന്ന ഗ്രഹത്തിന്‍െറ ഘടനയെക്കുറിച്ചാണ് പഠനം നടത്തുന്നത്. ഗ്രഹത്തിലെ മണ്ണും ധാതുക്കളും ഇതിനകംതന്നെ ഈ റോബോട്ടിക് വാഹനം പഠന വിധേയമാക്കി. 2020ല്‍ നാസ നടത്താനിരിക്കുന്ന ചൊവ്വയിലേക്കുള്ള മനുഷ്യയാത്രയുടെ മുന്നോടിയായാണ് 2011ല്‍ ക്യൂരിയോസിറ്റിയുടെ വിക്ഷേപണം. ഗ്രഹത്തില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ചും ജലസാന്നിധ്യവുമൊക്കെയാണ് ഈ റോബോട്ടിന്‍െറ പഠനവിഷയങ്ങള്‍. നാസയുടെ മാര്‍സ് ഒഡീസി, മാര്‍സ് റെക്കസൈന്സ് ഓര്‍ബിറ്റര്‍ എന്നിവയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസും ചുവന്ന ഗ്രഹത്തെ പരിക്രമണം ചെയ്ത് വിവരശേഖരണം നടത്തുന്നുണ്ട്. ഈ ശ്രേണിയിലേക്കാണ് മംഗള്യാന് കടന്നുവരുന്നത്. മൂന്നു വര്‍ഷം മുമ്പ്, ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം (ഹൈഡ്രോക്സില്‍ അയോണ്‍) തിരിച്ചറിയുക വഴി ചാന്ദ്രയാന്‍ ചരിത്രം സൃഷ്ടിച്ചതുപോലെ മംഗള്യാനില്നിന്നും ഒരു പക്ഷേ, അദ്ഭുതങ്ങള്‍ പിറന്നേക്കാം. |
നടേശഗുരുവിന്‍െറ പൊരുള്‍ അഥവാ നാരായണഗുരുവിന്‍െറ യോഗം Posted: 23 Sep 2014 06:37 PM PDT ശിവഗിരിയിലെ കാണിക്കപ്പെട്ടി ഒരിക്കല്‍ മോഷണം പോയി. ഇതറിഞ്ഞ് ശ്രീനാരായണ ഗുരു പറഞ്ഞു: ‘ഈ പണമെല്ലാം കാണിക്കയിടുന്നവരുടെ കൈയില്‍ കുറെശ്ശയായി കിടന്നിരുന്നെങ്കില്‍ കള്ളന് വളരെ ബുദ്ധിമുട്ടിപ്പോകുമായിരുന്നു. എല്ലാം ഒന്നിച്ച് ഒരിടത്തു കൂടിയപ്പോള്‍ അവന് എന്തെളുപ്പമായി!’ എന്താണ് ഇതിന്‍െറ അര്‍ഥം? ശിവഗിരിയില്‍ മഠം സ്ഥാപിച്ചതും അവിടെ കാണിക്കപ്പെട്ടി വെച്ചതും കള്ളന്മാര്ക്കുവേണ്ടിയാണ് എന്നാണോ? അതോ വെറുമൊരു തമാശ പറഞ്ഞതോ? അതുമല്ല, തല്ക്കാലം ഒരു തമാശയായി തോന്നുമെങ്കിലും ഭാവിയിലേക്കുള്ള ഒരു സത്യം മനസ്സില്‍ കണ്ട് പ്രവചിക്കുകയായിരുന്നോ ഗുരുദേവന്? അങ്ങനെയാണെങ്കില്‍ ശിവഗിരിയിലെ കാണിക്കപ്പെട്ടിയില്‍ കള്ളന്മാര് കൈയിട്ടുവാരുന്നതും നമ്മള് കാണേണ്ടിവരില്ളേ? ഒന്നും പറഞ്ഞുകൂടാ. ഗുരുവര്യന്മാര് അങ്ങനെയാണ്. അവര്‍ ഒരു കാര്യം പറയുമ്പോള്‍ ഒരുപാട് അര്‍ഥം ഒളിഞ്ഞിരിപ്പുണ്ടാവും. ശ്രീനാരായണ ഗുരുവാണെങ്കില്‍ ആന്തരാര്‍ഥം ഒളിപ്പിച്ചും ധ്വനിപ്പിച്ചും സംസാരിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നുതാനും. ഗുരു ജീവിച്ചിരിക്കെ സ്ഥാപിച്ചതാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ ഗുരുപ്രതിമ. ഇറ്റാലിയന്‍ മാര്ബ്ളില് പണിതീര്‍ത്ത പൂര്‍ണകായ പ്രതിമ കാണാന്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. നീണ്ടുനിവര്‍ന്നു നില്ക്കുന്ന തന്‍െറ പ്രതിമയെ നോക്കി ഗുരു പറഞ്ഞു: ‘നന്നായിട്ടുണ്ട്. ഒരുപാടുകാലം നിന്നോളും. തിന്നാനും കൊടുക്കണ്ടട്ട.’ ഇതിന്‍െറയൊക്കെ പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ നമ്മള് ചുറ്റിപ്പോവുകയേ ഉള്ളൂ. ചിന്നസ്വാമി എന്ന് അറിയപ്പെട്ടിരുന്ന കുമാരനാശാനെയാണല്ളോ സാഹിത്യരസികന്മാര്‍ ആശയഗംഭീരന്‍ എന്നു പറയുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ആശാനല്ല, ഗുരുവാണ് ആശയഗംഭീരന്‍. ഗുരു ഒരിക്കല്‍ തീവണ്ടിയില്‍ പോവുകയായിരുന്നു. എതിര്‍വശത്തിരുന്ന ഒരാള്‍ കുറെനേരം ഗുരുവിനെ ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. സംസാരവും ഭാവവുമെല്ലാം ശ്രദ്ധിച്ച അയാള്‍ കുറെ കഴിഞ്ഞപ്പോള്‍ ഗുരുവിനോടു ചോദിച്ചു: ‘ഏതാ ജാതി?’ മറുചോദ്യമായിരുന്നു മറുപടി. ‘കണ്ടിട്ടു മനസ്സിലായില്ളേട്ട’ എന്ന്. ‘ഇല്ലട്ട’ എന്ന് ചോദ്യകര്‍ത്താവ്. ‘കണ്ടിട്ടു മനസ്സിലാകാത്തത് കേട്ടാല്‍ മനസ്സിലാകുമോ?’ എന്നായി ഗുരു. നോക്കൂ, ആശയത്തിന്‍െറ ഗാംഭീര്യം. ഗുരുവിന്‍െറ ഈ ഗാംഭീര്യം, ആശയഗാംഭീര്യം അങ്ങനെതന്നെ കൈമാറിക്കിട്ടിയിരിക്കുന്നത് നടേശ ഗുരുവിനാണ്. നാരായണ ഗുരുവിന്‍െറ വചനങ്ങള്‍ പോലെതന്നെയാണ് നടേശ ഗുരുവിന്‍െറ വചനങ്ങളും. ഒന്നു പറഞ്ഞാല്‍ ഒരായിരം അര്‍ഥമുണ്ടായിരിക്കും. ഏറ്റവുമൊടുവില്‍ ശിവഗിരി മഠത്തെക്കുറിച്ച് പറഞ്ഞതു കേട്ടില്ളേ? മദ്യവ്യാപാരികളായ പ്രമാണിമാര്‍ ഇല്ലായിരുന്നെങ്കില്‍ ശിവഗിരി മഠംതന്നെ ഉണ്ടാകുമായിരുന്നില്ല എന്നത്. അതിന്‍െറയും പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ നമ്മള് ചുറ്റിപ്പോവുകയേ ഉള്ളൂ. അല്ളെങ്കില്‍തന്നെ മദ്യത്തെക്കുറിച്ചും മദ്യവ്യാപാരത്തെ കുറിച്ചും നാരായണ ഗുരു പറഞ്ഞതും നടേശ ഗുരു പറഞ്ഞതും ഒന്നല്ല, രണ്ടാണ് എന്ന പ്രചാരണം കുറെക്കാലമായി കേരളത്തില്‍ ശക്തമാണ്. ഗുരുവരുള്‍ അറിയാത്തവര്‍ അത് വ്യാഖ്യാനിക്കുന്നതു കൊണ്ടുണ്ടാകുന്ന ആശയക്കുഴപ്പമാണ് ഇത്. അതല്ലാതെ, ഒന്നുമല്ല. ആന്തരാര്‍ഥത്തില്‍ രണ്ടുപേരും പറഞ്ഞത് ഒന്നാണ്. ആത്യന്തികമായി എന്തിനുവേണ്ടിയാണ് നാരായണ ഗുരു യത്നിച്ചത്? എന്തിനുവേണ്ടിയാണ് നടേശ ഗുരു യത്നിച്ചുകൊണ്ടിരിക്കുന്നത്? ഈഴവ സമുദായത്തിന്‍െറ സമുദ്ധാരണത്തിന്. വിശാലാര്‍ഥത്തില്‍ മൊത്തം മനുഷ്യരുടെയും ഉന്നമനമാണ് ലക്ഷ്യമെങ്കിലും അടിയന്തര ലക്ഷ്യം ഈഴവരെ ഉയര്‍ത്തിക്കൊണ്ടു വരുക എന്നതാണല്ളോ. താഴെ കിടക്കുന്ന, കൃത്യമായി പറഞ്ഞാല്‍ തെങ്ങിനു താഴെ കിടക്കുന്ന ഈഴവരെ ഉയര്‍ത്തിക്കൊണ്ടുവരുക എന്നതായിരുന്നുവല്ളോ ആ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ കൃത്യമായ മാര്‍ഗങ്ങളും ഗുരു നിര്‍ദേശിച്ചിരുന്നു. വിദ്യ അഭ്യസിക്കാനും സംഘടിക്കാനും മാത്രമല്ല, വ്യാപാരവും വ്യവസായവും നടത്തി സമ്പത്തുനേടാനും ഉപദേശിച്ചു. വെറുതെയങ്ങ് ഉപദേശിച്ചുപോവുക മാത്രമല്ല, വ്യവസായം നടത്തി കാണിക്കുകയും ചെയ്തിരുന്നു. താന്‍ ആദ്യമായി ശിവഗിരിയില്‍ ചെന്നപ്പോള്‍ അവിടെ ഒരു നെയ്ത്തുശാല ഉണ്ടായിരുന്നതായും അതിന്‍െറ നടത്തിപ്പു ചുമതല ഗുരുതന്നെ ഏല്പിച്ചതായും സി. കേശവന് ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. തറിയും മറ്റു യന്ത്രങ്ങളും സ്ഥാപിച്ച് കണ്ണൂരില്‍നിന്ന് വിദഗ്ധരായ നെയ്ത്തുകാരെയും വരുത്തി, മഠത്തിലെ അന്തേവാസികളെ നെയ്ത്തു പഠിപ്പിക്കുകയാണ് ഗുരു ചെയ്തത്. നെയ്തുണ്ടാക്കിയ തുണി സമീപനാടുകളില്‍ വിറ്റ് മഠത്തിന് വരുമാനമുണ്ടാക്കുകയും അതുവഴി തുണിവ്യവസായത്തിലേക്ക് ഈഴവരുടെ ശ്രദ്ധ തിരിക്കുകയുമായിരുന്നു ലക്ഷ്യം. ഏതായാലും സംഗതി നടന്നില്ല. സാക്ഷാല്‍ സി. കേശവന് അത് ഏറ്റെടുത്തിട്ടും നന്നായില്ല. എന്തായി ശിവഗിരിയിലെ നെയ്ത്തുശാലയുടെ ഗതി എന്ന് സി. കേശവന് ആത്മകഥയില്‍ പറയുന്നുണ്ട്. നെയ്ത്തുശാല മാത്രമല്ല, പലപല വ്യവസായങ്ങളും ഗുരു നിര്‍ദേശിച്ച പ്രകാരം സമുദായാംഗങ്ങള്‍ തുടങ്ങിയിരുന്നു. ഒറ്റക്കും കൂട്ടായും. കുമാരനാശാനും കൂട്ടുകാരും ചേര്‍ന്ന് ഓടു കമ്പനി തുടങ്ങി. അതിന്‍െറ കാര്യത്തിനുവേണ്ടി പോയപ്പോഴാണല്ളോ പല്ലനയാറ്റില്‍ ബോട്ടുമുങ്ങി ആശാന് അകാലമൃത്യു അടഞ്ഞത്. ആ കമ്പനിയും മുങ്ങി. വിജയിച്ച ഒരു വ്യവസായമാണ് സി. ആര്. കേശവന് വൈദ്യര് സ്ഥാപിച്ച ചന്ദ്രിക സോപ്പ്. അതുതന്നെ വന്‍ സ്ഥാപനമായപ്പോള്‍ കോര്‍പറേറ്റ് കുത്തക ഏറ്റെടുത്തു. അത് അങ്ങനെ കൈവിട്ടുപോയി. ഇക്കാലത്ത് ഈഴവസമുദായം മറ്റുള്ളവരോട് കിടപിടിക്കുന്നത് മദ്യവ്യവസായം കൊണ്ടാണ്. അതുകൊണ്ടു മാത്രമാണ് എന്നു ചിലര്‍ സമ്മതിക്കില്ല. പലിശയിടപാടും ഉണ്ട് എന്ന് പറയും ഗോകുലവാസികളായ അക്കൂട്ടര്‍. ഏതായാലും നായര്‍ സമുദായവും മുസ്ലിം സമുദായവും നടത്തുന്നതുപോലെ ലാഭകരമായി വിദ്യാഭ്യാസക്കച്ചവടം നടത്താന്‍ ഈഴവസമുദായത്തിനു കഴിഞ്ഞിട്ടില്ല. വിദ്യ അഭ്യസിക്കണമെന്ന് ഗുരു പറഞ്ഞുവെന്നത് ശരിതന്നെ. പക്ഷേ, അതുകൊണ്ടുള്ള അഭ്യാസം അവര്‍ക്ക് അറിയാതെ പോയി. ക്രിസ്ത്യന്‍ സമുദായമാകട്ടെ, രണ്ടുവ്യവസായവും ഒരേപോലെ വിജയകരമായി നടത്തുന്നു. മദ്യവ്യാപാരവും വിദ്യാഭ്യാസ കച്ചവടവും. ഇവര്‍ക്കിടയില്‍ ഈഴവര്‍ ഇടിച്ചുനില്‍ക്കുന്നത് മദ്യവ്യാപാരം ഒന്നുകൊണ്ടുമാത്രമാണ്. അതുകൂടി ഉപേക്ഷിക്കണമെന്ന് ചില ആദര്ശധീരന്മാര് പറഞ്ഞു നടക്കുന്നതിന്‍െറ കാര്യം വേറെയാണ്. അവര്‍ക്ക് ആദര്ശക്കച്ചവടത്തിന്െറ ലാഭമുണ്ട്. ആ കച്ചവടം പെട്ടിക്കട പോലെയുള്ള ഒരു ഏര്‍പ്പാടാണ്. ഒരാള്‍ക്ക് വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ജീവിച്ചുപോകാമെന്നു മാത്രം. ഒരു സമുദായത്തിനോ പാര്‍ട്ടിക്കോ പോയിട്ട്, ഒരു ഗ്രൂപ്പിനു പോലും ആദര്ശക്കച്ചവടംകൊണ്ട് കാലയാപനം കഴിക്കാനാകില്ല. അപ്പോള്‍ പിന്നെ, ആദര്ശക്കച്ചവടക്കാരനായ വി.എം. സുധീരന് നടേശ ഗുരുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ശിവഗിരിയിലെ സന്ന്യാസിമാര്‍ ഹിയര്‍ വിളിച്ചതിന്‍െറ പൊരുളെന്താകാം? പൊരുള്‍! അതു തേടുമ്പോള്‍ ഗുരുവിലേക്കും ഗുരുവിന്‍െറ കാലത്തിലേക്കും തിരിയേണ്ടിവരുമല്ളോ. നാരായണ ഗുരുവിന്‍െറ കാലത്തുതന്നെ എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും രണ്ടുവഴിക്കായിരുന്നുവെന്ന് മനസ്സിലാക്കിയാല്‍ പ്രശ്നം തീര്‍ന്നു. നാരായണ ഗുരുവിനെക്കാള്‍ ഒരടി മുന്നില്‍ കയറി നടന്ന ശിഷ്യനായ സഹോദരന് അയ്യപ്പനോട് ഒരിക്കല്‍ കെ. അയ്യപ്പന് സംസാരിച്ചതിന്‍െറ രേഖയുണ്ട്. അത് ഇങ്ങനെ പോകുന്നു: ചോദ്യം : സ്വാമിക്ക് തന്‍െറ ശേഷം ഒരു സന്ന്യാസപരമ്പര വേണമെന്നുണ്ടായിരുന്നോ? ഉത്തരം: ഉണ്ടായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചോദ്യം: അവസാനകാലങ്ങളില്‍ എസ്.എന്‍.ഡി.പിയുടെ ഗതിക്ക് അദ്ദേഹം എതിരായിരുന്നുവെന്നും അത് അദ്ദേഹം യോഗനേതാക്കളോടു തുറന്നു പറഞ്ഞിട്ടുണ്ടെന്നും കേട്ടിട്ടുള്ളതു ശരിയാണോ? ഉത്തരം: യോഗം ഒരു സമുദായക്കാരുടെ മാത്രമായി കൊണ്ടുപോകാതെ ഒരു ജനസംഘടനയാക്കണമെന്ന് സ്വാമി പറയാറുണ്ടായിരുന്നു. അല്ലാതെ, അതിന് എതിരായിരുന്നുവെന്നു പറയുന്നതു ശരിയാണെന്നു തോന്നുന്നില്ല. അതാണ് സത്യം. യോഗവും മഠവും രണ്ടുവഴിക്കാണ് പോകുന്നതെന്നു നാരായണ ഗുരുവിന്‍െറ കാലത്തുതന്നെ സംസാരമുണ്ടായിരുന്നു. എസ്.എന്‍.ഡി.പി യോഗത്തെ ഒരു ജാതിക്കാരുടെ മാത്രം സംഘടനയായി കൊണ്ടുപോകുന്നതിനോട് ഗുരുവിന് എതിര്‍പ്പായിരുന്നു. എന്നിട്ടും ആ സംഘടനക്ക് ഒരു ജാതിക്കാരുടേത് മാത്രമായി വളരാനാണല്ളോ യോഗമുണ്ടായത്. നാരായണ ഗുരുവിന്‍െറ കാലത്തുതന്നെ അങ്ങനെയായിരുന്നെങ്കില്‍ നടേശ ഗുരുവിന്‍െറ കാലത്തും അങ്ങനെ തുടരുന്നതില്‍ തെറ്റുണ്ടോ? ഇല്ലല്ളോ. മഠത്തിന് മദ്യം വേണ്ടെങ്കില്‍ വേണ്ട, യോഗത്തിന് മദ്യം വേണമെങ്കില്‍ വേണം എന്നുവെക്കുന്നതില് തെറ്റുണ്ടോ. ഉണ്ടാവാനിടയില്ല. മതം എന്നുവെച്ചാല്‍, അഭിപ്രായം. അതേതായാലും മനുഷ്യനു ഒരുമിച്ചു കഴിയാം എന്നാണല്ളോ നാരായണഗുരു പറഞ്ഞത്. മദ്യത്തെക്കുറിച്ചും മഠത്തെക്കുറിച്ചും രണ്ടു മതമാകാം. |
സാമാന്യ നീതി ഉറപ്പാക്കുന്ന മാര്‍ഗദര്‍ശക രേഖ Posted: 23 Sep 2014 06:34 PM PDT ഏറ്റുമുട്ടല്‍ മരണങ്ങളെക്കുറിച്ച പൊലീസ് ഭാഷ്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകരുകയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കെ അക്കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിശദമായ മാര്‍ഗദര്‍ശകരേഖ രാജ്യത്തെ പൗരാവകാശ പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തകരെയും മാത്രമല്ല സമാധാന പ്രിയരായ എല്ലാവരെയും സമാശ്വസിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമാണ്. 1995നും ’97നും മധ്യേ 135 പേരുടെ മരണത്തിലേക്ക് നയിച്ച ബോംബെ പൊലീസിന്‍െറ 99 ഏറ്റുമുട്ടല്‍ അവകാശവാദങ്ങളുടെ സ്വാഭാവികതയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് പി.യു.സി.എല്‍ സമര്‍പ്പിച്ച റിട്ട് ഹരജിയടക്കമുള്ളവയുടെ പുറത്താണ് ചീഫ് ജസ്റ്റിസ് ആര്.എം. ലോധയും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാനുമടങ്ങുന്ന ബെഞ്ച് 16 ഇന മാര്‍ഗദര്‍ശകരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ഒരു സ്വതന്ത്ര സി.ഐ.ഡി ടീമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും സി.ആര്.പി.സി 176 പ്രകാരം മജിസ്ട്രേറ്റാണ് അന്വേഷണത്തിന് നേതൃത്വം നല്‍കേണ്ടതെന്നും രേഖ നിഷ്കര്‍ഷിക്കുന്നു. ഏറ്റുമുട്ടല്‍ വിവരം ഉടനടി ദേശീയ മനുഷ്യാവകാശ കമീഷനെയോ സംസ്ഥാന മനുഷ്യാവകാശ കമീഷനെയോ അറിയിച്ചിരിക്കണം. ഏറ്റുമുട്ടലിനിരയായ ആളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണമെന്നും സംഭവത്തെക്കുറിച്ച് എഫ്.ഐ.ആര് ഉടനെ കോടതിയിലത്തെിക്കണമെന്നും മാര്‍ഗദര്‍ശകരേഖ നിര്‍ദേശിക്കുന്നു. ഇരകളുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ താമസിക്കരുത്. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവിന് നഷ്ടപരിഹാരവും ഉറപ്പുവരുത്തണം. ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്ന് തെളിയുന്ന കേസുകളില്‍ ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതുണ്ട്. അവര്‍ക്ക് പാരിതോഷികമോ സ്ഥാനക്കയറ്റമോ നല്‍കരുത്. എന്നാല്‍, ഈ മാര്‍ഗദര്‍ശക രേഖക്ക് മുന്‍കാല പ്രാബല്യമുണ്ടായിരിക്കുന്നതല്ളെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തെയും ഭീകരതയെയും കുറിച്ച ഉത്കണ്ഠ ലോകത്തും രാജ്യത്തും വ്യാപകമാവുകയും അത്തരം കൃത്യങ്ങളിലേര്പ്പെട്ടതായി ആരോപിതരാവുന്ന വ്യക്തികളെയും സംഘടനകളെയും ശക്തമായി നേരിടാന്‍ ഭീകരതാ വിരുദ്ധ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തതില്‍ പിന്നെ പൊലീസിനും പ്രത്യേകാന്വേഷണ സംഘങ്ങള്‍ക്കും ലഭിച്ച ദു$സ്വാതന്ത്ര്യം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിശിതമായ വിമര്‍ശത്തിന് വിധേയമായിട്ടുള്ളതാണ്. ടാഡ, പോട്ട, യു.എ.പി.എ മുതലായ കരിനിയമങ്ങളുടെ തണലില്‍ പൊലീസ് ഉദ്യോഗസ്ഥരും നിയമപാലകരും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്ത്യയില്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറിയിരിക്കുന്നു. കേവലം സംശയങ്ങളുടെ പേരിലോ മുന്‍വിധികള്‍ വെച്ചോ പൊലീസ് പിടികൂടുന്നവരുടെ മൃതശരീരമാണ് പിന്നീട് പലപ്പോഴും ബന്ധുക്കള്‍ക്ക് കാണാനാവുന്നത് എന്ന സ്ഥിതിവന്നു. കേരളത്തില്‍നിന്ന് കശ്മീര്‍ റിക്രൂട്ട്മെന്റ് നടത്തിയെന്നാരോപിക്കപ്പെട്ടവര് രക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വിവരം മാത്രമേ ഇപ്പോഴും കിട്ടിയിട്ടുള്ളൂ. അവരുടെ മൃതശരീരങ്ങളോ മരണ സര്‍ട്ടിഫിക്കറ്റോ പോലും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. ഗുജറാത്തിലാകട്ടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല പോലുള്ള നിരവധി കേസുകളുണ്ടായെങ്കിലും കൃത്യമായ അന്വേഷണങ്ങള്‍ നടന്നില്ല. നടന്നേടത്തോളമുള്ള അന്വേഷണങ്ങളിലെ പ്രതികളായ ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍പോലും ഹാജരാവാതെ നിര്‍ബാധം വിഹരിക്കുകയാണ്. ഡല്‍ഹി സ്ഫോടനത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടാനെന്ന പേരില്‍ ബട്ല ഹൗസിലത്തെിയ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ജീവന് നഷ്ടപ്പെട്ട യുവാക്കളെക്കുറിച്ച വസ്തുതകള്‍ ഇപ്പോഴും ദുരൂഹമായിത്തുടരുന്നു. എത്ര വലിയ ഭീകരനോ തീവ്രവാദിയോ കുറ്റവാളിയോ ആണെങ്കിലും നിരായുധരായ ഒന്നോ രണ്ടോ വ്യക്തികള്‍ സായുധ പൊലീസ് സംഘത്തോടേറ്റുമുട്ടാന്‍ ഉദ്യുക്തരാവുകയില്ളെന്ന സാമാന്യബോധത്തിനുപോലും ഇത്തരം കഥകളില്‍ പ്രസക്തിയില്ല. കുപ്രസിദ്ധമായ ഗുജറാത്ത് പൊലീസിനോടേറ്റുമുട്ടി കൊല്ലപ്പെട്ടതായി ആരോപിക്കപ്പെട്ട ജാവേദ് ശൈഖ് എന്ന പ്രാണേഷ് കുമാറും സുഹൃത്ത് ഇശ്റത്ത് ജഹാനും പച്ചയായി കൊല്ലപ്പെടുകയായിരുന്നുവെന്ന സത്യം പിന്നീട് പുറത്തുവന്നു. ഇത്തരം സംഭവങ്ങളിലൊക്കെ പൊതുവായ സംഗതി, ഭരണാധികാരികളുടെ ദുശ്ചിന്തകള്ക്ക് വഴങ്ങിയോ സ്വന്തം പ്രമോഷനും പുരസ്കാരവും മോഹിച്ചോ എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്ത ചിലരും രാജ്യത്തെ പൊലീസ് സേനയില്‍ ഉണ്ടെന്നതാണ്. അതുകൊണ്ടുതന്നെ സാമാന്യ നീതിയുടെ താല്പര്യമനുസരിച്ച് പരമോന്നത കോടതി പുറപ്പെടുവിച്ച മാര്‍ഗദര്‍ശക രേഖകളില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും അവര്‍ക്ക് പുരസ്കാരത്തിനോ പ്രമോഷനോ അര്‍ഹതയില്ളെന്നും നിഷ്കര്‍ഷിച്ചത് തികച്ചും ഉചിതമായി. സൈന്യത്തിന് പ്രത്യേകാധികാരം നല്കിയ കശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലും ധീരതാ പുരസ്കാരവും ഉദ്യോഗക്കയറ്റവും ലാക്കാക്കിയുള്ള വ്യാജ ഏറ്റുമുട്ടലുകളുടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേയവസരത്തില്‍ സുപ്രീംകോടതിയുടെ ഗൈഡ്ലൈന്‍ എത്രമാത്രം നീതിയുക്തമായിരുന്നാലും അത് നടപ്പാക്കേണ്ട ഭരണനിര്വഹണയന്ത്രം ആത്മാര്‍ഥത കാണിച്ചില്ളെങ്കില്‍ ആശ്വാസവും പ്രതീക്ഷയുമൊക്കെ അസ്ഥാനത്താവും. എല്ലാ ഓരോ സംഭവത്തിലും കോടതിയെ സമീപിക്കാവുന്ന സാഹചര്യമല്ല എല്ലാ പൗരന്മാര്ക്കുമുള്ളതെന്നോര്ക്കണം. പി.യു.സി.എല്‍ പോലുള്ള പൗരാവകാശ കൂട്ടായ്മകളും പ്രവര്‍ത്തകരുമാണ് അപ്പോഴും പ്രത്യാശക്കാധാരം. |
സ്ക്വാഷില്‍ കയ്പുനീര് Posted: 23 Sep 2014 01:18 PM PDT Subtitle: പുരുഷ സിംഗ്ള്‍സ് സ്ക്വാഷ് ഫൈനലില്‍ സൗരവ് ഘോഷാലിന് അവിശ്വസനീയ തോല്‍വി ഇഞ്ചിയോണ്‍: സ്വര്ണത്തിനരികിലത്തെിയ സൗരവ് ഘോഷാലിന് ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗ്ള്‍സ് സ്ക്വാഷ് ഫൈനലില്‍ പരാജയത്തിന്‍െറ കയ്പുനീര്. ഇന്ത്യക്ക് രണ്ടാം സ്വര്‍ണവുമായി നാലാം ദിവസം ശുഭകരമായ തുടക്കമേകുമെന്ന് കരുതിയ ഇന്ത്യന്‍ ക്യാമ്പിന് നിരാശ സമ്മാനിച്ചാണ് അവിശ്വസനീയമായ തോല്‍വി. ഏഷ്യയിലെ ഒന്നാം നമ്പര്‍ താരമായ ഘോഷാല്‍ ആദ്യ രണ്ട് ഗെയിമും സ്വന്തമാക്കിയ ശേഷമാണ് കീഴടങ്ങിയത്. കുവൈത്തിന്‍െറ അബ്ദുല്ല അല്‍ മൂസായേനാണ് ഘോഷാലിനെ മറികടന്നത്. സ്കോര്‍: 10-12, 11-2, 14-12, 11-8, 11-9. ഇതോടെ, ഇന്ത്യന്‍ പ്രതീക്ഷകള്‍ വെള്ളിമെഡലിലൊതുങ്ങി. ഗംഭീര തുടക്കം; അവിശ്വസനീയ കീഴടങ്ങല്‍ ലോകറാങ്കിങ്ങില്‍ 16ാം സ്ഥാനക്കാരനായ ഇന്ത്യന്‍ താരം 46ാം സ്ഥാനക്കാരനായ അബ്ദുല്ലക്കെതിരെ എളുപ്പം ജയിച്ചുകയറുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. അത്യുജ്ജ്വലമായി കളിച്ച ഘോഷാല്‍ ആദ്യ രണ്ട് സെറ്റുകളും ജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആവേശം വര്‍ധിച്ചു. എന്നാല്‍, കുവൈത്തുകാരന്െറ പോരാട്ടവീര്യമാണ് പിന്നീട് കണ്ടത്. ചീറ്റപ്പുലിയെപ്പോലെ ചാടിവീണും കളംനിറഞ്ഞുകളിച്ചും അബ്ദുല്ല ഇന്ത്യന്‍ താരത്തെ ഞെട്ടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വിന്നറുകള്‍ കുവൈത്ത് താരത്തിന് പോയന്റുകള്‍ സമ്മാനിച്ചു. ഒടുവില്‍ തോല്‍വി നേരിട്ടതോടെ ഇന്ത്യന്‍ സംഘത്തിലുള്ളവര്‍ക്ക് നിരാശ. ഘോഷാലിന് സങ്കടവും നിരാശയും മറച്ചുവെക്കാനുമായില്ല. തനിക്കെതിരെ റഫറിയും കളിച്ചെന്ന് ഘോഷാല്‍ ആരോപിക്കുകയും ചെയ്തു. ആദ്യ രണ്ട് ഗെയിമുകളില്‍ ഘോഷാലിന്േറത് തന്‍െറ പ്രതിഭക്കും പരിചയസമ്പത്തിനും ചേര്‍ന്ന പ്രകടനമായിരുന്നു. 21 മിനിറ്റാണ് ആദ്യ ഗെയിം നീണ്ടത്. രണ്ടാം ഗെയിം തികച്ചും ഏകപക്ഷീയമായിരുന്നു. വെറും ആറ് മിനിറ്റിനുള്ളില്‍ അബ്ദുല്ല എളുപ്പം കീഴടങ്ങി. രണ്ട് പോയന്റ് മാത്രം നേടിയ എതിരാളി വമ്പന്‍ തിരിച്ചുവരവിനുള്ള ഊര്‍ജം കരുതിവെക്കുകയായിരുന്നു. മൂന്നാം ഗെയിമില്‍ പോരാട്ടം കനത്തു. 12-11എന്ന നിലയില്‍ ഒരു പോയന്റ് അകലെ സ്വര്‍ണം കാത്തിരിക്കുമ്പോഴാണ് കുവൈത്ത് താരം നാടകീയമായി തിരിച്ചുവന്നത്. തകര്‍പ്പന്‍ ഷോട്ടിലൂടെ തിരിച്ചുവരവ് അറിയിച്ച അബ്ദുല്ല എക്സ്ട്രാ പോയന്റിലൂടെ മൂന്നാം സെറ്റ് കൈയിലൊതുക്കി. നാലാം ഗെയിമില്‍ 4-8ന് പിന്നിലായ ശേഷം ഘോഷാല്‍ ആവേശത്തോടെ പൊരുതിയിരുന്നു. എന്നാല്‍, മാച്ച് പോയന്റിനരികിലത്തെിയിട്ടും ഗെയിം സ്വന്തമാക്കാനായില്ല. നാലും അഞ്ചും ഗെയിമുകളില്‍ തീര്‍ത്തും നിറംമങ്ങിയതോടെ മഞ്ഞപ്പതക്കം കൈവിട്ടുപോയി. അഞ്ചാം ഗെയിമില്‍ 7-10ന് പിന്നിലായ ശേഷം 9-10 എന്ന നിലയിലത്തെിയിരുന്നു. ഈ സമയം കുവൈത്ത് താരം ചില തടസ്സപ്പെടുത്തലുകള്‍ നടത്തിയത് റഫറിയുടെ കണ്ണില്‍പെടാതിരുന്നത് ഘോഷാലിന് വിനയായി. കണ്ണീരില്‍ കുതിര്‍ന്ന്... മത്സരശേഷം ദു$ഖിതനായി കാണപ്പെട്ട ഘോഷാല്‍ കണ്ണീരണിഞ്ഞാണ് മിക്സഡ് സോണില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. അതേസമയം, റഫറിയെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അടുത്ത കൂട്ടുകാരന് കൂടിയായ എതിരാളിയുടെ പ്രകടനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ചില തീരുമാനങ്ങളില്‍ റഫറിക്ക് തന്നെ നിരാശയുണ്ടായേക്കാമെന്നും ചിലതില്‍ താനും നിരാശയിലാണെന്നും ഘോഷാല്‍ പറഞ്ഞു. ‘രണ്ട് ഗെയിമില്‍ പിന്നിലായ ശേഷം അബ്ദുല്ല മികച്ച കളി പുറത്തെടുത്തു. അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്‍െറ ചില ഷോട്ടുകള്‍. വളരെ വളരെ പ്രത്യേകതയുള്ള തിരിച്ചുവരവായിരുന്നു അദ്ദേഹത്തിന്‍േറത്. രണ്ടാം ഗെയിമിന് ശേഷം വളരെ വളരെ പ്രത്യേകതയുള്ള കളിയും’ -ഘോഷാല്‍ പറഞ്ഞു. നിരാശയുണ്ടെന്നും നിര്‍ഭാഗ്യം കൊണ്ടാണ് വിജയം കൈവിട്ടതെന്നും ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. വെള്ളി കിട്ടിയെങ്കിലും ഘോഷാല്‍ തൃപ്തനല്ല. സ്വര്‍ണം നേടാനായി വന്നിട്ട് വെള്ളിയാണ് നേടാനായത്. ഇന്ത്യന്‍ സ്ക്വാഷിന് ഈ വെള്ളിമെഡല്‍ നേട്ടമാകുമെന്നും ഘോഷാല്‍ പറഞ്ഞു. |
സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം: 20ലേറെ ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു Posted: 23 Sep 2014 01:14 PM PDT വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ക്കെതിരെ സിറിയയിലെ താവളങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 20ലേറെ ഐ.എസ് തീവ്രവാദികളും 50 അന്നുസ്റ പോരാളികളും എട്ട് സിവിലിയന്മാരും കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സമിതി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധ വിമാനങ്ങള്‍, ഡ്രോണുകള്‍, ടോമഹോക് മിസൈലുകള്‍ എന്നിവ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. ബഹ്റൈന്‍, ജോര്ഡന്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ അറബ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ആദ്യമായി സിറിയ ആക്രമിക്കപ്പെട്ടത്. കിഴക്കന്‍ സിറിയയിലെ റഖ, ദയ്ര്‍ അല്‍സോര്‍, ഹസാക, അല്‍ബു കമാല്‍ പ്രദേശങ്ങളിലെ ഐ.എസ് പരിശീലന കേന്ദ്രങ്ങള്‍, ആസ്ഥാന മന്ദിരം, കവചിത വാഹനങ്ങള്‍, ആയുധ സംഭരണശാലകള്‍, സാമ്പത്തിക ആസ്ഥാനം എന്നിവ തകര്‍ക്കപ്പെട്ടു. ഐ.എസ് താവളങ്ങള്‍ക്ക് പുറമെ അല്‍ഖാഇദ അനുബന്ധ സംഘടനയായ ഖുറാസാന്‍ വിഭാഗത്തിന്‍െറ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച ബോംബാക്രമണം നടന്നു. സഖ്യ രാഷ്ട്രങ്ങളുടെ സഹകരണത്തോടെ വരുംദിവസങ്ങളിലും ആക്രമണം തുടരാനാണ് പദ്ധതി. ചെങ്കടലിലും അറേബ്യന്‍ കടലിലും നങ്കൂരമിട്ട അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍നിന്ന് തുടര്‍ച്ചയായി 47 ടോമഹോക് മിസൈലുകള്‍ വര്‍ഷിച്ചാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ ആക്രമണത്തിന് തുടക്കമായത്. തൊട്ടുപിറകെ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയും തീതുപ്പി. ഇറാഖില്‍ കഴിഞ്ഞ ആഗസ്റ്റ് മുതല്‍ തുടരുന്നതിനെക്കാള്‍ ശക്തമായ ആക്രമണമാണ് സിറിയയില്‍ ഇന്നലെയുണ്ടായതെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാഖില്‍ ഇതുവരെയായി 190ലേറെ തവണ വ്യോമാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സിറിയയിലെ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറുമായി ചേര്‍ന്നല്ല നീക്കമെങ്കിലും യു.എന്നിലെ സിറിയന്‍ അംബാസഡറെ ആക്രമണം സംബന്ധിച്ച് നേരത്തേ വിവരമറിയിച്ചിരുന്നതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ പൊതുസഭയില്‍ ഐ.എസ് വിഷയം ഇന്ന് ചര്‍ച്ചക്കു വരാനിരിക്കെയാണ് ആക്രമണം. ഐ.എസിനെതിരായ ആക്രമണത്തില്‍ പങ്കാളികളായതായി ജോര്ഡന് വാര്‍ത്താവിനിമയ മന്ത്രി മുഹമ്മദ് അല്മുമാനി അറിയിച്ചു. |
വെടികൊണ്ടത് വെങ്കലത്തില്‍ Posted: 23 Sep 2014 01:13 PM PDT Subtitle: ബിന്ദ്രക്ക് ഇരട്ടനേട്ടം •10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലം, ടീം ഇനത്തിലും ഇന്ത്യ മൂന്നാമത് ഇഞ്ചിയോണ്‍: ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ അഭിനവ് ബിന്ദ്രക്ക് ഇഞ്ചിയോണില്‍ ഇരട്ട വെങ്കലം. 10 മീറ്റര്‍ എയര്‍ റൈഫ്ള്‍സ് ടീമിനത്തില്‍ ഇന്ത്യയെ മെഡല്‍ നേട്ടത്തിലേക്കത്തെിച്ചതിന് പിന്നാലെ വ്യക്തിഗത ഇനത്തിലും പതക്കമണിഞ്ഞാണ് ബിന്ദ്ര ഷൂട്ടിങ് റേഞ്ചില്‍ നിന്നുള്ള രാജ്യത്തിന്‍െറ നേട്ടം അവിസ്മരണീയമാക്കിയത്. ടീമിനത്തില്‍ ബിന്ദ്രക്കൊപ്പം സഞ്ജീവ് രജ്പുത്ത്, രവികുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വ്യക്തിഗത ഇനത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ചൈനക്കാണ്. ചൈനയുടെ കൗമാരതാരം ഹാരോന്‍ വോന്‍ 209.6 അഗ്രഗേറ്റ് പോയന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ നേരിയ വ്യത്യാസത്തിലാണ് യിഫി കോ 208.9 പോയന്റില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 187.1 പോയന്റിലാണ് ബിന്ദ്ര മൂന്നാം സ്ഥാനത്തത്തെിയത്. പ്രഫഷനല്‍ കരിയറില്‍നിന്ന് വിരമിക്കുന്നതായുള്ള ബിന്ദ്രയുടെ ട്വീറ്റ് കായിക ലോകത്ത് ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു ഗെയിംസില്‍ അദ്ദേഹത്തിന്‍െറ മെഡല്‍ നേട്ടമുണ്ടായതെന്നായിരുന്നു മറ്റൊരു കൗതുകം. വ്യക്തിഗത ഇനത്തിലെ ആദ്യ 12 ഷോട്ടുകളില്‍ ബിന്ദ്രക്കായിരുന്നു മേധാവിത്വമെങ്കിലും പിന്നീട് സ്ഥാനം അഞ്ചിലേക്ക് താഴ്ന്നു. എന്നാല്‍, ഇറാന് താരം പോര്യ നോറാസിയന്െറ മോശം പ്രകടനം തുണയാക്കി 10.5, 10.6, 10.7 പോയന്റുകളിലൂടെ ബിന്ദ്ര വീണ്ടും മുന്നിലത്തെി. യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനക്കാരായാണ് ബിന്ദ്രയടക്കം മൂവര്‍ സംഘം ടീമിനത്തില്‍ ഫൈനല്‍ ഉറപ്പിച്ചത്. ഫൈനലില്‍ മൂന്നാമതത്തെിയ ഇന്ത്യന്‍ ടീം മൊത്തം 1863 പോയന്റ് സ്കോര്‍ ചെയ്തു. 1886.4 പോയന്‍േറാടെ ചൈനീസ് ടീം ഈയിനത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ 1867.6 പോയന്റ് നേട്ടവുമായി ദക്ഷിണ കൊറിയ വെള്ളിപതക്കമണിഞ്ഞു. ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയതും ബിന്ദ്രയായിരുന്നു-625.4. രവികുമാര്‍ 618.9 പോയന്റും രജ്പുത് 618.7 പോയന്റും സംഭാവന ചെയ്തു. 10 ഷോട്ടുകള്‍ വീതമുള്ള ആദ്യരണ്ട് സെറ്റുകള്‍ പിന്നിട്ടപ്പോള്‍ 102.6, 105.3, 104.5, 104.1,105.7 എന്ന സ്കോറില്‍ ബിന്ദ്രക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞെങ്കിലും 55, 60 ഷോട്ടുകളിലെ പിഴവ് തിരിച്ചടിയായി. യിഫി കോയുടെ നേതൃത്വത്തിലുള്ള ചൈനീസ് ടീം പുതിയ ഗെയിംസ് റെക്കോഡോടെയാണ് (630.7) സ്വര്‍ണം നേടിയത്. വ്യക്തിഗതപ്രകടനങ്ങളില് രവികുമാര്‍ 20ാം സ്ഥാനത്തായപ്പോള്‍ രജ്പുത് തീര്‍ത്തും നിരാശപ്പെടുത്തി. ഇഞ്ചിയോണിലെ ഇരട്ട മെഡലടക്കം ബിന്ദ്ര ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ബിന്ദ്രയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. 2008 ബെയ്ജിങ് ഒളിമ്പിക്സിലാണ് അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യസ്വര്‍ണം നേട്ടവും ഇതായിരുന്നു. ഇഞ്ചിയോണില്‍ ഇന്നലെത്തേതടക്കം ഷൂട്ടിങ് റേഞ്ചില്‍നിന്ന് ഇന്ത്യ ഇതുവരെ ജിത്തു റായിയുടെ സ്വര്‍ണമടക്കം ആറുമെഡലുകളാണ് സ്വന്തമാക്കിയത്.വിരമിക്കില്ളെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് മത്സരശേഷം ബിന്ദ്ര ആവര്‍ത്തിച്ചു. |
ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ–ടാക്സി പണിമുടക്ക് Posted: 23 Sep 2014 01:02 PM PDT തിരുവനന്തപുരം: ഓട്ടോ-ടാക്സി യാത്രാനിരക്ക് പുതുക്കിനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് യൂനിയനുകളുടെ സംയുക്ത സമരസമിതി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്കും. അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ ഗതാഗതമന്ത്രി വിളിച്ച ട്രേഡ് യൂനിയന്‍ സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഓട്ടോയുടെ മിനിമം ദൂരത്തില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള മിനിമം ചാര്‍ജ് വര്‍ധനയെന്ന ആശയം അംഗീകരിക്കാനാവില്ളെന്ന നിലപാട് ട്രേഡ് യൂനിയനുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് യോഗം അലസിയത്. ചര്‍ച്ചയില്‍ കടകംപള്ളി സുരേന്ദ്രന്, കെ. ജയമോഹന് (സി.ഐ.ടി.യു), ജോയി ജോസഫ്, പട്ടം ശശിധരന് (എ.ഐ.ടി.യു.സി), ആറ്റിങ്ങല്‍ അജിത് (ഐ.എന്‍.ടി.യു.സി), കെ. ഗംഗാധരന്, എ.സി. കൃഷ്ണന് (ബി.എം.എസ്), യു. പോക്കര് (എസ്.ടി.യു) എന്‍.എ. ലക്ഷ്മണന് (എച്ച്.എം.എസ്), കവടിയാര്‍ ധര്മരാജന് (കെ.ടി.യു.സി), ടി.സി. വിജയന് (യു.ടി.യു.സി) എന്നിവര്‍ പങ്കെടുത്തു. |
ദസ്തയേവ്സ്കിയുടെ നാട്ടിലേക്ക് ‘സങ്കീര്‍ത്തന’ത്തിന്‍െറ കഥാകാരന് Posted: 23 Sep 2014 12:55 PM PDT കൊച്ചി: വായനയുടെ ആവേശത്തില്‍ തന്‍െറ മനസ്സില്‍ ആരാധനയുടെ അനശ്വര വികാരങ്ങള്‍ തീര്‍ത്ത സാഹിത്യകാരന്‍െറ നാട്ടിലേക്ക് ആദ്യയാത്രക്കൊരുങ്ങുകയാണ് മലയാളത്തിന്‍െറ സ്വന്തം എഴുത്തുകാരന് പെരുമ്പടവം ശ്രീധരന്. ഒരുഘട്ടത്തില്‍ അദ്ദേഹത്തോട് ഇഷ്ട ഭ്രാന്ത് വരാറുണ്ടായിരുന്നെന്നും ഇപ്പോഴും അതില്‍നിന്ന് തീര്‍ത്തും മുക്തനല്ളെന്നും പെരുമ്പടവംതന്നെ പറയുന്ന, ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ സാഹിത്യകാരന് ദസ്തയേവ്സ്കിയുടെ നാട്ടിലേക്ക് പെരുമ്പടവം ഒറ്റക്കല്ല, എഴുത്തുകാരന് സക്കറിയയുമുണ്ട് ഒപ്പം. ദസ്തയേവ്സ്കിയുടെ ജീവിതവും സ്റ്റെനോ അന്നയുമായുള്ള പ്രണയവും വിപ്ളവത്തിന്‍െറ ബാനറില്‍ ഹൃദയസ്പര്‍ശിയായി പെരുമ്പടവം എഴുതിയ നോവല്‍ ‘ഒരു സങ്കീര്‍ത്തനംപോലെ’ സക്കറിയയുടെ തിരക്കഥയില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍െറ സംവിധാനത്തില്‍ ഡോക്യുഫിക്ഷനാക്കുന്നതിന്‍െറ ചിത്രീകരണത്തിനാണ് അദ്ദേഹത്തിന്‍െറ റഷ്യന്‍ യാത്ര. തന്‍െറ നോവലിന്‍െറയും കഥാപാത്രത്തിന്‍െറയും സങ്കല്പലോകത്തെ, എഴുത്തുകാരന് നേരിട്ട് അഭിമുഖീകരിക്കുന്ന തീവ്രവും വിസ്മയകരവുമായ അനുഭവമാണ് ഡോക്യുഫിക്ഷന്‍െറ വിഷയം. കഥാകാരനും തന്‍െറ കഥാപാത്രവും തമ്മിലെ വൈകാരിക ബന്ധം പ്രതിഫലിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാകും മുഖ്യ ആകര്‍ഷണം. ഫ്യോദര്‍ ദസ്തയേവ്സ്കി ജനിച്ചുവളര്‍ന്ന വീടും സായാഹ്നങ്ങള്‍ ചെലവിട്ട നേവ നദീതീരവും അനുഭവവേദ്യമാകുമ്പോള്‍ പെരുമ്പടവം എന്ന കഥാകാരനില്‍ സംഭവിക്കുന്ന മനോവ്യാപാരങ്ങളാണ് തന്‍െറ തിരക്കഥയില്‍ സക്കറിയയുടെ ഊന്നല്‍. അറുപത്തിയൊന്ന് പതിപ്പുകളിലായി ഒന്നര ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ‘ഒരു സങ്കീര്‍ത്തനംപോലെ’ ഒമ്പത് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ടോള്‍സ്റ്റോയ് ഉള്‍പ്പെടെ വിഖ്യാത എഴുത്തുകാരുടെ നാടെന്ന നിലയിലാണ് റഷ്യയോട് തനിക്ക് അടുപ്പം തോന്നിയതെന്നും ദസ്തയേവ്സ്കിയിലൂടെ ആ ബന്ധം വൈകാരികമായെന്നും പെരുമ്പടവം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ റഷ്യ കണ്ടിട്ടില്ല. സ്വര്‍ഗത്തെക്കുറിച്ച വിഖ്യാത വര്‍ണനകള്‍ സ്വര്‍ഗം കാണാതെയാണ്. റഷ്യ കാണാത്തതില്‍ തനിക്ക് വിഷമം തോന്നിയിട്ടില്ല. സോവിയറ്റ് സാഹിത്യങ്ങള്‍ വായിച്ച് ആവേശം കൊണ്ടും റഷ്യയുടെ വായനസംസ്കാരത്തിന്‍െറ ബലത്തിലുമാണ് റഷ്യന്‍ പശ്ചാത്തലത്തില്‍ തന്‍െറ നോവല്‍ എഴുതിയത്. റഷ്യയില്‍ യാത്ര ചെയ്ത സഞ്ചാര സാഹിത്യകാരന് പൊറ്റെക്കാട്ട്, ദസ്തയേവ്സ്കിയെ കാണാതെ പോന്നത് ആശ്ചര്യകരമായാണ് താനിന്നും കാണുന്നതെന്നും പെരുമ്പടവം പറഞ്ഞു. സമാന്തര സിനിമകള്‍ നിര്‍മിക്കുന്ന ബേബി മാത്യു സോമതീരത്തിന്‍െറ നേതൃത്വത്തിലുള്ള സോമ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ‘ബ്ളാക് ഫോറസ്റ്റ്’ ഓസ്കര് അവാര്‍ഡ് ജേതാവ് പോള്‍ കോക്സിന്‍െറ ‘ഫോഴ്സ് ഓഫ് ഡെസ്റ്റിനി’ എന്നിവയുടെ നിര്‍മാതാവാണ് ബേബി മാത്യു. സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെപ്പറ്റിയുള്ള ദേശീയ പുരസ്കാരം നേടിയ ഒറ്റയാള്‍, ജര്‍മനിയിലെ മലയാളി നഴ്സുമാരെക്കുറിച്ചുള്ള ‘ട്രാന്‍സ്ലേറ്റഡ് ലിവ്സ്’, ‘എ മൈഗ്രേഷന്‍ റീ വിസിറ്റഡ്’ എന്നീ ഡോക്യുമെന്ററികളുടെ സംവിധായികയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ജി. ജയനാണ് കാമറ കൈകാര്യം ചെയ്യുന്നത്. നവംബറില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ചിത്രീകരണം ആരംഭിക്കും. പെരുമ്പടവത്തും ചിത്രീകരണമുണ്ട്. 40 മിനിറ്റോളമുള്ള ഡോക്യുഫിക്ഷനില്‍ പെരുമ്പടവത്തിനുപുറമെ റഷ്യക്കാരായ രണ്ട് തിയറ്റര്‍ കലാകാരന്മാരുമാണ് അഭിനേതാക്കള്‍. |
ഉയിഗുര്‍ മുസ്ലിം ബുദ്ധിജീവിക്ക് ചൈനീസ് കോടതിയുടെ ജീവപര്യന്തം Posted: 23 Sep 2014 11:55 AM PDT സിന്‍ജ്യങ്: ഉയിഗുര്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന അക്കാദമിക വിദഗ്ധന്‍ ചൈനീസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് സാമ്പത്തികശാസ്ത്ര വിദഗ്ധനായ ഇല്‍ഹാം തുഹ്തിയെ സിന്‍ജ്യങ് ഉയിഗുര്‍ സ്വയംഭരണ പ്രവിശ്യയിലെ ഉറുംഖി കോടതിയാണ് തടവിന് ശിക്ഷിച്ചത്. ഭിന്നാഭിപ്രായങ്ങളെ അടിച്ചൊതുക്കാനുള്ള ചൈനയുടെ കടുത്ത തീരുമാനത്തിന്‍െറ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന് ലി ഫാങ്പിങ് ആരോപിച്ചു. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജ്യങ്ങില്‍ കഴിഞ്ഞയാഴ്ചയാണ് ഇല്ഹാമിനെതിരായ വിചാരണ അരങ്ങേറിയത്. ഇദ്ദേഹത്തിനെതിരായ കോടതി നടപടികളില്‍ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇല്ഹാമിനെതിരായ കോടതി വിധി ഒട്ടും അംഗീകരിക്കാനാവാത്തതാണെന്ന് അഭിഭാഷകന് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് ഇല്‍ഹാം പറഞ്ഞു. വിധിക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കും. വിധിയില്‍ ഉപയോഗിച്ച വാക്കുകള്‍ പ്രകാരം ഇതൊരു രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് അഭിഭാഷകന് പറഞ്ഞു. ഷി ജിന്‍പിങ് ഭരണകൂടത്തിന് കീഴില്‍ ഏറ്റവുമൊടുവില്‍ ശിക്ഷിക്കപ്പെടുന്ന ഉയിഗുര്‍ മിതവാദി നേതാവാണ് ഇല്‍ഹാം. ഉയിഗുര്ബിസ് ഡോട്ട് നെറ്റ് എന്ന വെബ്സൈറ്റ് വഴി മേഖലയുടെ സ്വാതന്ത്ര്യത്തിന് ഇല്‍ഹാം പ്രചാരണം നല്‍കിയതായി പ്രോസിക്യൂഷന് ആരോപിച്ചു. ഉയിഗുര്‍, ഹാന്‍ വിഭാഗങ്ങളിലെ പണ്ഡിതര്‍ക്കിടയില്‍ സംവാദം നടത്തുന്നതിനായാണ് താന്‍ വെബ്സൈറ്റ് സ്ഥാപിച്ചതെന്ന് ഇല്‍ഹാം കോടതിയെ അറിയിച്ചിരുന്നു. അക്രമം, വിഭാഗീയത എന്നിവയെ പരസ്യമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന് തെളിവായി ഉന്നയിച്ച വെബ്സൈറ്റിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളുടെ മൊഴി തള്ളിക്കളയണമെന്നും അധികൃതരുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് അവര്‍ അത്തരമൊരു മൊഴി നല്കാന് നിര്‍ബന്ധിതരായതെന്നും ഇല്‍ഹാം കോടതിയെ അറിയിച്ചിരുന്നു. ഭൂരിപക്ഷമുള്ള ഹാന്‍ ചൈനീസ് വംശജരും ഉയിഗുര്‍ മുസ്ലിംകളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സിന്‍ജ്യങ്ങില്‍ ഒമ്പത് മാസമായി തടവില്‍ കിടക്കുന്ന ഇല്‍ഹാമിനെ വിട്ടയക്കണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും ആവശ്യപ്പെട്ടിരുന്നു. കിഴക്കന്‍ തുര്‍കിസ്താന്‍ എന്ന പേരില്‍ സ്വതന്ത്ര രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുസ്ലിം തീവ്രവാദികളാണ് മേഖലയില്‍ അക്രമം നടത്തിയതെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ഇസ്ലാം മതവിശ്വാസത്തിന് മേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന തരത്തിലുള്ള സര്‍ക്കാറിന്‍െറ അടിച്ചമര്‍ത്തല്‍ നയങ്ങളാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. |
No comments:
Post a Comment