സ്വാഗതം
WELCOME

News Update..

Tuesday, September 23, 2014

പൊലീസ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗരേഖ Madhyamam News Feeds

പൊലീസ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗരേഖ Madhyamam News Feeds

Link to

പൊലീസ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗരേഖ

Posted: 23 Sep 2014 12:30 AM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഏറ്റുമുട്ടല്‍ മരണങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സി.ആര്‍.പി.സി 176 പ്രകാരം മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തേണ്ടത്. സി.ഐ.ഡിയോ പ്രത്യേക പൊലീസ് സംഘമോ അന്വേഷണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു.

ഏറ്റുമുട്ടല്‍ വിവരം മനുഷ്യാവകാശ കമ്മീഷനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കണം. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്കാരമോ പാരിതോഷികമോ സ്ഥാനകയറ്റമോ നല്‍കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഏറ്റമുട്ടലിനിടെ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന കുറ്റവാളികളെകുറിച്ച് ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തേണ്ടതാണ്. ഏറ്റമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ കാലവിളംബം കൂടാതെ ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറണം.

പരിക്കേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ നടപടി സ്വീകരിക്കണം.  ഈ വിവരം അവരുടെ ബന്ധുക്കളെ അറിയിക്കണമെന്നും മാര്‍ഗരേഖയ്ക്ക് മുന്‍കാല പ്രാബല്യമില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.

പി.യു.സിഎലും ദേശീയ മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പൊതുതാല്‍പര്യ ഹരജികളിലാണ് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത്.

എന്‍ഡോസള്‍ഫാന്‍ സഹായം : 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള രോഗികളെയും പരിഗണിക്കാന്‍ യോഗം ചേരും

Posted: 22 Sep 2014 11:58 PM PDT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നേരിട്ട് തളിച്ച ജില്ലയിലെ 11 പഞ്ചായത്തുകളിലെ രോഗികള്‍ക്ക് പുറമെ മറ്റു പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്‍മൂലം രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും സഹായവും എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി 11 ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക യോഗം വിളിക്കാന്‍ കാസര്‍കോട് ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മെംബര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഒക്ടോബര്‍ ആറിനകം ചേര്‍ന്ന് രോഗം ബാധിച്ചവര്‍ക്ക് സഹായം ലഭ്യമാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍മൂലം രോഗം ബാധിച്ചവരെന്ന് അധികൃതര്‍ കണ്ടത്തെി തയാറാക്കിയ ലിസ്റ്റില്‍ 4182 പേരാണുള്ളത്. ഇതില്‍ 447 പേര്‍ 11 പഞ്ചായത്തുകള്‍ക്ക് പുറമെയുള്ളവരാണ്. ഇവരില്‍ 258 പേര്‍ക്ക് ഇതിനകം സഹായം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ലിസ്റ്റില്‍പെട്ട പലര്‍ക്കും സഹായം ലഭ്യമായിട്ടില്ളെന്ന പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് അര്‍ഹതക്കനുസരിച്ച് സഹായമത്തെിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. 11 പഞ്ചായത്തുകള്‍ക്ക് പുറമെ ചെങ്കള-86, ദേലംപാടി-20, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി-19, ബേഡഡുക്ക-13, കാസര്‍കോട് മുനിസിപ്പാലിറ്റി-8, കിനാനൂര്‍ കരിന്തളം-12, കോടോം-ബേളൂര്‍-90, പള്ളിക്കര-91, പിലിക്കോട്-28, വെസ്റ്റ് എളേരി-14, ചെറുവത്തൂര്‍-11, മറ്റു 16 പഞ്ചായത്തുകളില്‍ പത്തിന് താഴെയുമാണ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് മുളിയാര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിക്കായി ഒക്ടോബര്‍ 18ന് രൂപരേഖ തയാറാക്കും. ഒക്ടോബര്‍ 20ന് ചേരുന്ന ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ പ്രോജക്ട് അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് കാനറാ ബാങ്ക് അനുവദിച്ച 11 വീടുകളുടെ താക്കോല്‍ദാനം ഒക്ടോബര്‍ 11ന് നിര്‍വഹിക്കും. നബാര്‍ഡിന്‍െറ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 181ഉം കേരള വാട്ടര്‍ അതോറിറ്റി 55ഉം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികളില്‍ 89 എണ്ണം പൂര്‍ത്തീകരിച്ചു. 45 പദ്ധതികള്‍ പുരോഗതിയിലാണ്. 45 എണ്ണം ആരംഭിക്കാനുണ്ട്. രണ്ടെണ്ണം ഉപേക്ഷിച്ചു.
പ്രസ്തുത പദ്ധതിപ്രകാരം 66 അങ്കണവാടികളില്‍ 47 എണ്ണത്തിന്‍െറയും ആശുപത്രി നിര്‍മാണം, വികസനവുമായി ബന്ധപ്പെട്ട് 33 പദ്ധതികളില്‍ അഞ്ച് എണ്ണത്തിന്‍െറയും സ്കൂള്‍ കെട്ടിടം, വിദ്യാഭ്യാസ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട 66 പദ്ധതികളില്‍ 31 എണ്ണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാല് ആയുര്‍വേദ ആശുപത്രികളുടെയും ഒരു ഹോമിയോ ആശുപത്രിയുടെയും പദ്ധതി പൂര്‍ത്തീകരിച്ചു. മൃഗസംരക്ഷണ മേഖലയിലെ ഒരു പദ്ധതിയും പൂര്‍ത്തിയായി. വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത 55 പദ്ധതികളില്‍ ഏഴെണ്ണം പൂര്‍ത്തിയായി. 21 പദ്ധതികള്‍ പുരോഗമിച്ചുവരുന്നു.
13 എണ്ണത്തിന്‍െറ ബദല്‍ സംവിധാനങ്ങള്‍ ആലോചിച്ചുവരുന്നു. 10 എണ്ണം ഇനിയും ആരംഭിക്കേണ്ടതുണ്ട്. അതോറിറ്റിയുടെ കണ്ണൂര്‍ ഡിവിഷന്‍ ഏറ്റെടുത്ത പദ്ധതികളില്‍ ഒരെണ്ണം പൂര്‍ത്തീകരിച്ചു.
മൂന്നെണ്ണം പുരോഗതിയിലാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കുള്ള ബഡ്സ് സ്കൂള്‍ നിര്‍മാണത്തിന് കൂടുതല്‍ പരിഗണന നല്‍കാന്‍ യോഗം തീരുമാനിച്ചു. 10 ബഡ്സ് സ്കൂളുകളില്‍ കയ്യൂര്‍, പെരിയ, കുമ്പഡാജെ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് ടെന്‍ഡറായി. കള്ളാര്‍, പനത്തടി, ബെള്ളൂര്‍, പെര്‍ള എന്നിവിടങ്ങളിലെ ബഡ്സ് സ്കൂളുകളുടെ പ്രോജക്ട് അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. കാറഡുക്ക, മുളിയാര്‍, ബദിയടുക്ക പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കുള്ള ടെന്‍ഡര്‍ തയാറായിവരുന്നതായി അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, അസി. കലക്ടര്‍ കെ. ജീവന്‍ബാബു എന്നിവര്‍ പങ്കെടുത്തു.

ഇരട്ട ദേശീയ അക്കാദമികളുടെ നേട്ടത്തില്‍ തലസ്ഥാനം

Posted: 22 Sep 2014 11:50 PM PDT

തിരുവനന്തപുരം: രണ്ട് ദേശീയ അക്കാദമികള്‍ യാഥാര്‍ഥ്യമായതിന്‍െറ നിറവിലാണ് തലസ്ഥാനം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ രണ്ടു സ്ഥാപനങ്ങളാണ് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. കാര്യവട്ടം എല്‍.എന്‍.സി.പിയോട് ചേര്‍ന്ന് പുതിയ അത്ലറ്റിക് അക്കാദമിയും സായി ഏറ്റെടുത്ത തിരുവനന്തപുരം ഗോള്‍ഫ് ക്ളബില്‍ ഗോള്‍ഫ് അക്കാദമിയും പിറവിയെടുത്തു. രാജ്യാന്തരതലത്തില്‍ മികച്ച കായികതാരങ്ങളെ ഒരുക്കിയെടുക്കുകയാണ് അക്കാദമികളുടെ ലക്ഷ്യം. എല്‍.എന്‍.സി.പിയിലെ സ്പ്രിന്‍റ് ആന്‍ഡ് ജംപ്സ് അക്കാദമിയിലേക്ക് 10 പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും ഉള്‍പ്പെടെ 15 താരങ്ങള്‍ക്ക് പ്രവേശവും നല്‍കി.
ദേശീയ ജൂനിയര്‍, സീനിയര്‍ മീറ്റുകളില്‍ മെഡല്‍നേട്ടം സ്വന്തമാക്കിയവരെയാണ് ഉന്നത പരിശീലനത്തിനായി അക്കാദമിയിലേക്ക് തെരഞ്ഞെടുക്കുന്നത്. വി.നീനു, അമിതാബേബി, ജെനിമോള്‍ ജോയ്, അഞ്ചു തോമസ്, കെ.എം നിബ്ഹാ, എസ്. അര്‍ഷിത, എ.പി ഷില്‍ബി, സ്റ്റെറീനാ ജോസഫ്, മെല്‍വാ ജോര്‍ജ്, അശ്വതി ബിനു, രാഹുല്‍ ജി.പിള്ള, എം.ഡി ഷെര്‍ഷാദ്, സാല്‍ബിന്‍ ജോസഫ്, എം.ഡി ഹഫ്സീര്‍, ഡിവിന്‍ ദാമോദരന്‍ എന്നിവരാണ് അത്ലറ്റിക് അക്കാദമിയില്‍ പ്രവേശം ലഭിച്ചവര്‍. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷംമാത്രം അഞ്ചരക്കോടി രൂപയാണ് ലഭിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ മുപ്പത് ലക്ഷത്തിലധികം രൂപ കേന്ദ്ര ഫണ്ടില്‍ നിന്ന് ലഭിക്കും. രാജ്യത്ത് ആകെ അനുവദിച്ച മൂന്നു അത്ലറ്റിക് സെന്‍ററുകളില്‍ ഒന്നാണിതെന്ന പ്രത്യേകതയുമുണ്ട്. മഴക്കാലത്തും പരിശീലനം നടത്താവുന്ന നിലയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ഒരുക്കും. വരും വര്‍ഷങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനീയര്‍ തലങ്ങളിലുള്ള താരങ്ങളെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടത്തെി വിദേശ കോച്ചുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശീലനത്തിന് അവസരമൊരുക്കും.
തിരുവനന്തപുരത്ത് സായി ഏറ്റെടുത്ത ഗോള്‍ഫ് അക്കാദമി ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ അക്കാദമിയാണ്. ഈ സെന്‍ററിലേക്ക് എട്ടിനും 14 നും ഇടയില്‍ പ്രായമുള്ള 20 വിദ്യാര്‍ഥികള്‍ക്ക് ആദ്യവര്‍ഷം പ്രവേശം നല്‍കും. ഇതില്‍ 14 ആണ്‍കുട്ടികളും ആറു പെണ്‍കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. സാമ്പത്തികമായി പിന്നാക്കമോ ഇടത്തരം സാമ്പത്തിക ശേഷിയോ ഉള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് പരിശീലന സൗകര്യം. ഗോള്‍ഫ് അക്കാദമിയോട് അനുബന്ധിച്ച് കമ്യൂണിറ്റി കണക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ടെന്നീസ്, ബാഡ്മിന്‍റണ്‍, ക്രിക്കറ്റ്, സ്വിമ്മിങ്, ചെസ് തുടങ്ങിയവ പരിശീലിക്കാനും സൗകര്യം ഒരുക്കും.

ഏഷ്യന്‍ ഗെയിംസ്: സ്ക്വാഷില്‍ സൗരവ് ഘോഷാലിന് വെള്ളി

Posted: 22 Sep 2014 11:50 PM PDT

Image: 

ഇഞ്ചിയോണ്‍: ഇന്ത്യയുടെ സൗരവ് ഘോഷാലിന് ഏഷ്യന്‍ ഗെയിംസ് പുരുഷന്‍മാരുടെ സ്ക്വാഷില്‍ വെള്ളി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷിനത്തില്‍ വെള്ളി ലഭിക്കുന്നത്. കുവൈത്തിന്‍െറ അബ്ദുല്ല അല്‍ മെസ് യാനോടാണ് ഘോഷാല്‍ ഫൈനലില്‍ പരാജയപ്പെട്ടത്. ആദ്യ രണ്ടു സെറ്റുകളില്‍ സൗരവായിരുന്നു മുന്നില്‍. എന്നാല്‍ നിര്‍ണായകമായ സെറ്റുകളില്‍ ഘോഷാല്‍ പിന്നിലായി.

ലോക 16ാം നമ്പര്‍ താരവും ഏഷ്യന്‍ ഗെയിംസിലെ ഒന്നാം സീഡുമായ ഘോഷാല്‍, ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായിരുന്നു. സെമി ഫൈനലില്‍ മലേഷ്യയുടെ ബെങ് ഹീ ഹോങിനെ തോല്‍പ്പിച്ചാണ് സൗരവ് വെള്ളി ഉറപ്പിച്ചത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡല്‍ നേട്ടമാണിത്.

അസമിലും മേഘാലയിലും കനത്ത മഴ: 10 മരണം

Posted: 22 Sep 2014 11:26 PM PDT

Image: 

ഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും മേഘാലയിലും തുടരുന്ന ശക്തമായ മഴയില്‍ പത്ത് മരണം. ഗുവാഹതിയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. അതിര്‍ത്തി സുരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

അസമിലെ ദുബ്രി ജില്ലയില്‍ മണ്ണിടിച്ചിലില്‍ ഒരു കുട്ടി മരിച്ചു. ഗുവാഹതിയില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരണപ്പെട്ടു. സംസ്ഥാനത്തെ നൂറോളം ഗ്രാമങ്ങളില്‍നിന്ന് 50,000 പേരെ സെന്യം രക്ഷപ്പെടുത്തിയെന്ന് ഗോല്‍പര ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രീതം സൈകിയ പറഞ്ഞു. ദേശീയ പാത 37ന്‍െറ ചില ഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

ഒരു ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കക്കെടുതി ബാധിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കം നിരവധി ഗ്രാമങ്ങളില്‍ ഇനിയും കെടുതി വിതക്കാന്‍ കാരണമായേക്കും. ഇരുസംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെന്നിലാപുരത്തിനെതിരായ ആക്രമണം: പൊലീസ് അന്വേഷണം തുടരുന്നു

Posted: 22 Sep 2014 11:18 PM PDT

പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് തെന്നിലാപുരം രാധാകൃഷ്ണനെ അര്‍ധരാത്രി വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ലഭ്യമായ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ടൗണ്‍ നോര്‍ത് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 12നായിരുന്നു ആക്രമണം. പരിക്കേറ്റ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ഉണ്ണി, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി. ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജ്, മുന്‍ ആരോഗ്യ മന്ത്രി വി.സി. കബീര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. രാമസ്വാമി, ജനതാദള്‍ നേതാവും മുന്‍ എം.എല്‍.എയുമായ കെ. കൃഷ്ണന്‍കുട്ടി, അഡ്വ. വി. മുരുകദാസ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എം.എം. ഹമീദ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠന്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ശിവരാജന്‍, ജില്ലാ പ്രസിഡന്‍റ് സി. കൃഷ്ണകുമാര്‍, സി.എം.പി ജില്ലാ സെക്രട്ടറി മുരളി കെ. താരേക്കാട്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൈസ് മാത്യു, എ.ഐ.ബി.എ സംസ്ഥാന പ്രസിഡന്‍റ് മല്ലിക തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്.

തണ്ണീര്‍തടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted: 22 Sep 2014 11:13 PM PDT

പെരിന്തല്‍മണ്ണ: മാനത്തുമംഗലം-പൊന്ന്യാകുര്‍ശി ബൈപ്പാസില്‍ ഭൂമി കച്ചവടക്കാര്‍ അനധികൃതമായി തണ്ണീര്‍തടം നികത്തുന്നത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച രാത്രിയാണ് മറുനാടന്‍ തൊഴിലാളികളെ ഉപയോഗിച്ച് വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗം മണ്ണിട്ട് നികത്താന്‍ തുടങ്ങിയത്. ഞായറാഴ്ച ഡിവൈ.എഫ്.ഐ കക്കൂത്ത് ചെമ്പംകുന്ന് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇത് തടയുകയും കൊടി നാട്ടുകയും ചെയ്തു.
ബൈപ്പാസിന്‍െറ ഇരുവശങ്ങളിലുമായി വ്യാപകമായി തണ്ണീര്‍തടങ്ങള്‍ നികത്തയിട്ടുണ്ട്. നടപടിയെടുക്കേണ്ട റവന്യു വകുപ്പ് പരാതികള്‍ ഉയര്‍ന്നിട്ടും നിസംഗ സമീപനം കൈകൊള്ളുകയാണ്. ബൈപ്പാസിന്‍െറ ഇരുവശങ്ങളിലുമുള്ള പ്രദേശം നികത്തി വന്‍ വിലക്ക് മറിച്ച് വില്‍ക്കലാണ് ഭൂമികച്ചവടക്കാരുടെ ലക്ഷ്യം. നഗരസഭ നിവാസികളുടെ പ്രധാന ജലസ്രോതസ്സാണ് ഇവ്വിധം നശിപ്പിക്കപ്പെടുന്നത്.
2010ല്‍ മാനത്തുമംഗലം-പൊന്ന്യാകുര്‍ശി ബൈപ്പാസ് നിര്‍മാണത്തിന്‍െറ മറവില്‍ തണ്ണീര്‍തടങ്ങള്‍ നികത്തുന്നത് സംബന്ധിച്ച് നാട്ടുകാര്‍ സംസ്ഥാന തല കൃഷി-റവന്യു വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും ഹരജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ-താലൂക്ക് തല ഓഫിസുകള്‍ക്ക് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയതായി മറുപടിയും ലഭിച്ചു. എന്നാല്‍, നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി ബൈപ്പാസില്‍ ഒരു പ്രദേശവും ബാക്കിയില്ലാതെ വയല്‍ നികത്തുന്നതാണ് പിന്നീട് കണ്ടത്.

കാരുണ്യ ഫാര്‍മസി ഉദ്ഘാടനം നീളുന്നു; പിന്നില്‍ സ്വകാര്യ ലോബിയെന്ന്

Posted: 22 Sep 2014 11:07 PM PDT

സുല്‍ത്താന്‍ ബത്തേരി: കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും വയനാടിന് അനുവദിച്ച കാരുണ്യ മെഡിക്കല്‍ ഷോപ്പിന്‍െറ ഉദ്ഘാടനം അനിശ്ചിതമായി നീളുന്നതിന് പിന്നില്‍ സ്വകാര്യ ലോബിയെന്ന് ആരോപണം.
ബത്തേരി താലൂക്ക് ആശുപത്രി മാതൃ-ശിശു വിഭാഗത്തിന് മുന്നില്‍ കാരുണ്യ മെഡിക്കല്‍ ഷോപ്പിനുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇവിടേക്കുള്ള മരുന്നുകള്‍ കോഴിക്കോട് ഡിപോയില്‍ കെട്ടിക്കിടക്കുകയാണ്. കാരുണ്യ മെഡിക്കല്‍സിലെ ഫാര്‍മസിസ്റ്റ് നിയമനം വൈകുന്നതാണ് അനിശ്ചിതത്വത്തിന് കാരണമെന്നും മെഡിക്കല്‍ ഷോപ്പിനുള്ള സര്‍വ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും ബ്ളോക് പഞ്ചായത്ത് വൈ. പ്രസിഡന്‍റ് കെ.ഇ. വിനയന്‍ പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ അനുവദിച്ച 32 കാരുണ്യ മെഡിക്കല്‍ ഷോപ്പുകളില്‍ ഇനി ആരംഭിക്കാന്‍ ബാക്കിയുള്ളത് സുല്‍ത്താന്‍ ബത്തേരിയില്‍ അനുവദിച്ച കേന്ദ്രം മാത്രമാണ്.
വില്‍പന വിലയില്‍ 30 ശതമാനം മുതല്‍ 70 ശതമാനം വരെ കിഴിവില്‍ മരുന്നുകള്‍ ലഭ്യമാവുന്ന കാരുണ്യ മെഡിക്കല്‍ ഷോപ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിക്കുന്നത് തടയാന്‍ സ്വകാര്യ ലോബി പരസ്യമായി രംഗത്തത്തെിയിരുന്നു. കോടതി കേസുകളില്‍ വരെയത്തെിയ വിഷയം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് പരിഹരിക്കുകയായിരുന്നു. കാരുണ്യക്ക് വേണ്ടി ആദ്യം നിര്‍മിച്ച കെട്ടിടത്തിന്‍െറ നിര്‍മാണം സ്വകാര്യ ലോബി തീര്‍ത്ത നിയമക്കുരുക്കിന് മുന്നില്‍ പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.
സാങ്കേതികമായ നൂലാമാലകള്‍ പരിഹരിച്ച് തൊട്ടടുത്ത് തന്നെ പിന്നീട് പുതിയ കെട്ടിടം നിര്‍മിച്ചു. എന്നാല്‍, കെട്ടിടം മാസങ്ങളായി ഉദ്ഘാടനം കാത്തുകഴിയുകയാണ്. ആരോഗ്യ വകുപ്പ് ഇവിടെ പുതിയ തസ്തിക അനുവദിച്ച് ഫാര്‍മസിസ്റ്റിനെ നിയമിക്കണം. ഫാര്‍മസിസ്റ്റിന്‍െറ പേരില്‍ ലൈസന്‍സ് എടുത്താല്‍ മാത്രമേ മെഡിക്കല്‍ ഷോപ്പ് തുടങ്ങാനാവൂ.
താലൂക്ക് ആശുപത്രിയില്‍ മാത്രം ആദിവാസികള്‍ക്കടക്കം ശരാശരി 600ഓളം നിര്‍ധന രോഗികളാണ് പ്രതിദിനമത്തെുന്നത്. കാരുണ്യ മെഡിക്കല്‍ ഷോപ്പ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിക്കുന്ന പ്രക്ഷോഭത്തിന്‍െറ ഭാഗമായി ചൊവ്വാഴ്ച താലൂക്ക് ആശുപത്രി മാര്‍ച്ചും ധര്‍ണയും നടക്കുമെന്ന് ജില്ലാ ജന. സെക്രട്ടറി ജോസഫ് അമ്പലവയല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ. അബ്ദുറഹ്മാന്‍, പ്രസിഡന്‍റ് പി.വി. സിദ്ദീഖ് എന്നിവര്‍ അറിയിച്ചു. കാരുണ്യ മെഡിക്കല്‍ ഷോപ്പ് തുറക്കാത്തതിനു പിന്നില്‍ സ്വകാര്യ ലോബിയുടെ അവിഹിത ഇടപെടലാണെന്ന് ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ യോഗം ആരോപിച്ചു.
നിര്‍മാണം പൂര്‍ത്തിയായ കാരുണ്യ ഫാര്‍മസി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഡോ. രമ്യ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയ്മി മത്തായി, ഡോ. സി. അനൂപ്, ഡോ. വി.വി. സുരാജ്, മിഥുന ജോയി, എ.എന്‍. ഷീബ, വിജയനാഥ്, അജേഷ് മാത്യു എന്നിവര്‍ സംസാരിച്ചു.

കേന്ദ്രമന്ത്രിയെ കാത്ത് മെഡിക്കല്‍ കോളജ് ലൈബ്രറി

Posted: 22 Sep 2014 10:51 PM PDT

കോഴിക്കോട് : കേന്ദ്ര ആരോഗ്യമന്ത്രിയെ കാത്ത് മെഡിക്കല്‍ കോളജിന്‍െറ ആധുനിക കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി. മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു സമീപമാണ് മൂന്നുനില ലൈബ്രറി കോംപ്ളക്സ് ഉയരുന്നത്. ലൈബ്രറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞാല്‍ ലൈബ്രറി വിദ്യാര്‍ഥികള്‍ക്ക് തുറന്നുകൊടുക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നുനിലയില്‍ ഉയര്‍ന്ന ആധുനിക ലൈബ്രറി കോംപ്ളക്സിന്‍െറ ഒന്നാം നിലയില്‍ 60 കമ്പ്യൂട്ടറുകളുള്ള ലൈബ്രറിയാണ് തയാറായത്. ഇവിടെ എല്ലാ പ്രധാന മെഡിക്കല്‍ പബ്ളിക്കേഷന്‍സിന്‍െറയും പ്രസിദ്ധീകരണങ്ങള്‍ ലഭിക്കും. മെഡിക്കല്‍ കോളജിനെ ഇ-ഹോസ്പിറ്റലാക്കുന്നതിന്‍െറ ഭാഗമായി നെറ്റ്വര്‍ക്കിങ് പൂത്തിയാകാറായി. അതോടെ, അതത് ഡിപാര്‍ട്ട്മെന്‍റില്‍ ഇരുന്നുകൊണ്ടുതന്നെ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കാനാകും. ഇ-ഹോസ്പിറ്റല്‍ രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെല്ലാം ഗുണകരമാണ്.
രണ്ടാം നിലയില്‍ 150 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റിമുലേഷന്‍ ലാബാണ് സജ്ജീകരിച്ചത്. വിദ്യാര്‍ഥികള്‍ രോഗികളെ പരിചരിക്കാനത്തെുന്നതിനുമുമ്പ് ഡമ്മിയില്‍ ചികിത്സ നടത്തി പരിചയിക്കുന്നതിനാണ് ലാബ് സഹായിക്കുക. ഇതോടൊപ്പംതന്നെ ലെക്ചര്‍ ഹാളും കോക്പിറ്റുമെല്ലാം തയാറായിട്ടുണ്ട്. മൂന്നാം നിലയില്‍ 300 പേര്‍ക്കിരിക്കാവുന്ന സെന്‍ട്രലൈസ്ഡ് ഓഡിറ്റോറിയമാണുള്ളത്. ലൈബ്രറി കോംപ്ളക്സ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 20ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രി എത്തിയില്ല. അടുത്ത മാസത്തേക്ക് മന്ത്രിയുടെ തീയതി ലഭിക്കാനായി ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,000 രൂപ

Posted: 22 Sep 2014 09:55 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,500 രൂപയും പവന് 20,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ വെള്ളിയാഴ്ചയാണ് പവന്‍ വില 20,200 രൂപയില്‍ നിന്ന് 20,000 രൂപയിലേക്ക് താഴ്ന്നത്.

അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3.00 ഡോളര്‍ ഉയര്‍ന്ന് 1,219.60 ഡോളറിലെത്തി.
 

ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റണമെന്ന് ഫിഫ അംഗം

Posted: 22 Sep 2014 09:52 PM PDT

Image: 

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റ് ഖത്തറില്‍ നിന്ന് മാറ്റണമെന്നാണ് തന്‍െറ വ്യക്തിപരമായ അഭിപ്രായമെന്ന് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ തിയോ സ്വാന്‍സിഗര്‍. മത്സരങ്ങള്‍ നടക്കുന്ന മാസങ്ങളില്‍ താപനില കുത്തനെ ഉയരുന്നതും മറ്റു സാഹചര്യങ്ങളും യൂറോപ്യന്‍ ടീം അംഗങ്ങള്‍ക്ക് താങ്ങാനാവില്ല. യൂറോപ്യന്‍ കളിക്കാര്‍ക്ക് ഖത്തറിലെ കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയില്ല.
കളിക്കാരുടെ ആരോഗ്യപരമായ വിഷയങ്ങള്‍ കണക്കിലെടുത്ത് 2022ലെ ലോകകപ്പ് വേദി ഖത്തറിന് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വാന്‍സിഗര്‍ പറയുന്നു. ജര്‍മ്മന്‍ ടാബ്ളോയിഡായ ബില്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ ചൂട് കൂടിയ സമയങ്ങളില്‍ ലോകകപ്പിന് വേദിയൊരുക്കിയാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കില്ളെന്ന് മെഡിക്കല്‍ വിഭാഗം അറിയിച്ചിട്ടുണ്ടെന്നും തിയോ സ്വാന്‍സിഗര്‍ പറഞ്ഞു. എന്നാല്‍, ഇത് സ്വാന്‍സിഗറുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ളെന്നും ഫിഫ പ്രതിനിധികള്‍ വ്യക്തമാക്കി. വേനല്‍ക്കാലത്തോ ശൈത്യകാലത്തോ ലോകകപ്പ് നടത്താന്‍ സന്നദ്ധമാണെന്ന് ഖത്തര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലും പരിശീലന ക്യാമ്പിലും കളിക്കാര്‍ സമയം ചെലവഴിക്കുന്നിടത്തുമൊക്കെ അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനം ഉപയോഗിക്കാനാണ് ഖത്തറിന്‍െറ തീരുമാനം. ലോകകപ്പിനുള്ള തീയതി നിശ്ചയിക്കുന്നത് നീളുന്നത് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനെ ഒരുതരത്തിലും ബാധിക്കില്ളെന്നും മല്‍സരങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദ കൂളിങ് സാങ്കേതികവിദ്യകളാണ് വികസിപ്പിക്കുന്നതെന്നും ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എയര്‍ കണ്ടീഷന്‍ഡ് സ്റ്റേഡിയങ്ങളും വേനലിനെ പ്രതിരോധിക്കാനുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും സജ്ജമാക്കുമെന്ന് വേദി ലഭച്ചപ്പോള്‍ തന്നെ ഖത്തര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇത് പ്രായോഗികമല്ളെന്നാണ് സ്വാന്‍സിഗറിന്‍െറ വാദം.
കളിക്കാരുടെയും കാണികളുടെയും ആരോഗ്യത്തിന്‍െറ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗത്ത് നിന്ന് ആരാധകര്‍ കളി കാണാന്‍ വരികയും ഈ കാലാവസ്ഥയില്‍ സഞ്ചരിക്കുകയും ചെയ്യും. അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഫിഫ ഉത്തരം പറയേണ്ടിവരുമെന്നും സ്വാന്‍സിഗര്‍ പറയുന്നു. യൂറോപ്പിലേക്ക് ലോകകപ്പ് മാറ്റാന്‍ ഫിഫ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

ന്യൂയോര്‍ക്കില്‍ ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം: മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയായി

Posted: 22 Sep 2014 09:45 PM PDT

Image: 

അബൂദബി: യു.എന്‍ പൊതുസഭയോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. മേഖലയെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. യു.എ.ഇയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യോഗത്തില്‍ പങ്കെടുത്തു. കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് അല്‍ സയാനിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.
ഇറാഖിലെയും സിറിയയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇറാഖിലെ ഐസിലിനെ തുടച്ചുനീക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍െറ ഭീകരതാവിരുദ്ധ ശ്രമങ്ങള്‍, യമനിലെയും ഫലസ്തീനിലെയും സ്ഥിതിഗതികള്‍, ഇറാനിന്‍െറ ആണവ പദ്ധതി തുടങ്ങിയവ ചര്‍ച്ചയില്‍ വിഷയമായി. സിറിയന്‍ പ്രതിപക്ഷ കക്ഷി കൂട്ടായ്മ പ്രസിഡന്‍റ് ഹാദി അല്‍ ബഹ്റയുമായി ശൈഖ് അബ്ദുല്ല പ്രത്യേകം കൂടിക്കാഴ്ച നടത്തി. സിറിയന്‍ ജനതയുടെ ആവശ്യങ്ങളെ യു.എ.ഇ പിന്തുണക്കുന്നതായി അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ യു.എ.ഇ മുന്‍പന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സുഷമ സ്വരാജ് യു.എസിലേക്ക്

Posted: 22 Sep 2014 09:33 PM PDT

Image: 

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പത്തുദിവസത്തെ യു.എസ് സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് സുഷമ അമേരിക്കയിലെത്തുന്നത്. സന്ദര്‍ശനത്തിനിടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. യു.എന്നില്‍ ഒക്ടോബര്‍ രണ്ടിന് ലോക അഹിംസ ദിനാചരണത്തിലും സുഷമ പങ്കെടുക്കും.

അതേസമയം മോദിയുടെ യു.എസ് സന്ദര്‍ശനം മുന്‍നിശ്ചയിച്ചതില്‍ നിന്ന് ഒരു ദിവസം നേരത്തെയാക്കി. പുതുക്കിയ സമയപ്രകാരം 25ന് വ്യാഴാഴ്ചയാണ് മോദി യാത്ര തിരിക്കുക. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയാണ് മോദിയുടെ പ്രധാന അജണ്ട. ഈ മാസം 30നാണ് മോദി^ഒബാമ കൂടിക്കാഴ്ച.

കൊല്ലത്ത് ഡി.വൈ.എഫ്.ഐ ഒാഫീസിന് നേരെ വീണ്ടും ആക്രമണം

Posted: 22 Sep 2014 09:08 PM PDT

Image: 

കൊല്ലം: ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെ വീണ്ടും ആക്രമണം. ഒാഫീസിന്‍റെ പ്രധാന വാതിൽ തീവെച്ച് നശിപ്പിക്കാനാണ് അക്രമികൾ ശ്രമിച്ചത്. വാതിൽ പൂർണമായി കത്തി നശിച്ചു. തീവെച്ചതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്നയാളെ  ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി. കൊല്ലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒാഫീസിന്‍റെ ഗേറ്റ് തകർക്കാൻ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

ജയലളിതക്കെതിരായ അവിഹിത സ്വത്ത് കേസ്: വിധി ഉറ്റുനോക്കി തമിഴ് രാഷ്ട്രീയം

Posted: 22 Sep 2014 09:01 PM PDT

Image: 
Subtitle: 
വിധി എതിരായാല്‍ തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്

കോയമ്പത്തൂര്‍: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി. എം.കെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതക്കെതിരായ അവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ ബംഗളൂരു പ്രത്യേക കോടതിവിധിക്ക് ഇനി ദിവസങ്ങള്‍ മാത്രം. വിധി എതിരായാല്‍ തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്‍പിക്കപ്പെടുമെന്നും നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിധി എന്തായാലും സംസ്ഥാന ഭരണത്തിന്‍െറയും പാര്‍ട്ടിയുടെയും നിയന്ത്രണം ‘അമ്മ’യുടെ നിയന്ത്രണത്തില്‍ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
സെപ്റ്റംബര്‍ 20ന് വിധി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ‘ഇസഡ്’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ കോടതിയില്‍ ഹാജരാകാന്‍ കഴിയൂവെന്ന ജയലളിതയുടെ ഹരജി പരിഗണിച്ച് വിധി സെപ്റ്റംബര്‍ 27ലേക്ക് മാറ്റുകയായിരുന്നു. 66 കോടി രൂപയുടെ സ്വത്ത് അവിഹിതമായി സമ്പാദിച്ചതായി ആരോപിച്ച് ഡി.എം.കെ സര്‍ക്കാറിന്‍െറ കാലത്ത് 1996ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
1991-’96 കാലയളവില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സര്‍ക്കാറാണ് സംസ്ഥാനം ഭരിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഒരു രൂപ മാത്രം ശമ്പളം വാങ്ങുന്നതായി ജയലളിത പ്രഖ്യാപിച്ച കാലയളവിലെ അവിഹിത സ്വത്ത് സമ്പാദ്യമാണ് കേസിനാധാരമായതെന്നതും ശ്രദ്ധേയമാണ്. ’96 സെപ്റ്റംബറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ജയലളിതയെ അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലടച്ചിരുന്നു. ഈ സമയത്താണ് കേസിനാസ്പദമായ സ്വത്തുക്കളുടെ ആധാരങ്ങളും വസ്തുവകകളും മറ്റും തമിഴ്നാട് പൊലീസ് കണ്ടുകെട്ടിയത്. 2001ല്‍ ജയലളിത സംസ്ഥാന ഭരണത്തില്‍ തിരിച്ചുവന്നതോടെ കേസ് വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ജനറല്‍ സെക്രട്ടറി പ്രഫ. കെ. അന്‍പഴകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2003ലാണ് ബംഗളൂരു പ്രത്യേക കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയത്. 18 വര്‍ഷം വിചാരണ നീട്ടിക്കൊണ്ടുപോയ ചരിത്രവും ഈ കേസിന്‍െറ മാത്രം പ്രത്യേകതയാണ്.
ബംഗളൂരു കോടതിയില്‍ 259 പ്രോസിക്യൂഷന്‍ സാക്ഷികളും 99 പ്രതിഭാഗം സാക്ഷികളും വിസ്തരിക്കപ്പെട്ടു. ഡി.എം.കെ സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി കേസ് ചുമത്തിയെന്നായിരുന്നു ജയലളിതയുടെ വാദം. ജയലളിതയുടെ തോഴി ശശികല, വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ മരുമകള്‍ ഇളവരശി എന്നിവരും കേസിലെ പ്രതികളാണ്. 2011ല്‍ ജയലളിത കോടതിയില്‍ ഹാജരായി 1,300ഓളം ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു. കര്‍ണാടക അഡ്വക്കറ്റ് ജനറലായിരുന്ന ബി.വി. ആചാര്യ കേസില്‍നിന്ന് പിന്മാറിയതും തുടര്‍ന്ന് ഭവാനിസിങ്ങിനെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടതും വിവാദമുയര്‍ത്തിയിരുന്നു. മന$പൂര്‍വം കേസ് വിചാരണ നീട്ടിക്കൊണ്ടുപോകുന്നതായി ആരോപിച്ച് ഭവാനിസിങ്ങിന് കോടതി പിഴയിട്ടതും വാര്‍ത്തകളില്‍ ഇടംനേടി.
സുപ്രീംകോടതി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. വിധി പ്രതികൂലമായാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടിവരുമോയെന്ന ആശങ്കയാണ് അണ്ണാ കേന്ദ്രങ്ങളിലുള്ളത്. 14 വര്‍ഷം മുമ്പ് കൊടൈക്കനാല്‍ പ്ളസന്‍റ് സ്റ്റേ ഹോട്ടല്‍ കേസില്‍ ജയലളിതക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴകമൊട്ടുക്കും കലാപമഴിച്ചുവിട്ട അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ധര്‍മപുരിയില്‍ വിനോദസഞ്ചാര യാത്രക്കുപോയ മൂന്ന് വിദ്യാര്‍ഥിനികളെ ബസിനകത്ത് തീയിട്ട് കൊന്ന സംഭവം ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു.

മഞ്ഞുരുകുന്നു; ന്യൂയോര്‍ക്കില്‍ സൗദി ഇറാന്‍ കൂടിക്കാഴ്ച

Posted: 22 Sep 2014 09:00 PM PDT

Image: 

റിയാദ്: ദശകങ്ങള്‍ നീണ്ട വൈരത്തിന്‍െറ കാലത്തിന് ചരമക്കുറിപ്പെഴുതി സൗദി അറേബ്യ-ഇറാന്‍ ബന്ധത്തില്‍ ഊഷ്മളതയുടെ പുതിയ അധ്യായം തുറക്കുന്നു.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെ സൗദി ദേശീയദിനത്തിന് മുന്നോടിയായി അബ്ദുല്ല രാജാവിന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി തിങ്കളാഴ്ച അനുമോദന സന്ദേശവുമയച്ചു.
സാംസ്കാരിക, മതകീയ സമാനതകള്‍ അടിസ്ഥാനമാക്കി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യകത റൂഹാനി സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. അബ്ദുല്ല രാജാവിന് ആയുരാരോഗ്യ സൗഖ്യവും സൗദി രാഷ്ട്രത്തിന് അഭിവൃദ്ധിയും അദ്ദേഹം നേര്‍ന്നു.
സൗദി അറേബ്യയുടെയും ഇറാന്‍െറയും വിദേശകാര്യ മന്ത്രിമാര്‍ ഞായറാഴ്ചയാണ് ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയത്. 69ാമത് യു.എന്‍ ജനറല്‍ അസംബ്ളി യോഗത്തിനിടെയായിരുന്നു ഇരുരാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കുന്ന ചര്‍ച്ച.
സിറിയയിലും ഇറാഖിലും ഭീതി വിതക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഐ.എസിനെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.  
നിലവിലെ പ്രതിസന്ധി വിജയകരമായി മറികടക്കാന്‍ ഭൂതകാലത്തെ പിഴവുകള്‍ ഒഴിവാക്കേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ സൗദ് അല്‍ ഫൈസല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
മേഖലയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള രാജ്യങ്ങളാണ് സൗദിയും ഇറാനുമെന്നും പരസ്പര സഹകരണം സമാധാന സ്ഥാപനത്തില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുകയാണെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫിന്‍െറ പ്രതികരണം.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്‍റായി അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.

ജി.സി.സി പൗരന്മാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യം കുവൈത്ത്

Posted: 22 Sep 2014 08:50 PM PDT

Image: 

കുവൈത്ത് സിറ്റി: അംഗരാജ്യങ്ങളിലെ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ജി.സി.സി രാജ്യമെന്ന ബഹുമതി കുവൈത്തിന്. സൗദി, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ കൂടുതലും ജോലി ചെയ്യുന്നത് കുവൈത്തിലെന്നാണ് കണ്ടത്തൊനായത്. ജി.സി.സി സെക്രട്ടറിയേറ്റ് പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം വ്യക്തമായത്.  കുവൈത്ത് ഉള്‍പ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളിലെയും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മറ്റ് ജി.സി.സി പൗരന്മാര്‍ ജോലിചെയ്യുന്നുണ്ടെങ്കിലും സൗദികളാണ് അധികവും. കുവൈത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണം വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് ജി.സി.സി പൗരന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
1995 ല്‍ 50000 ജി.സി.സി പൗരന്മാരായിരുന്നു കുവൈത്തിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഉദ്യോഗാര്‍ഥികളായി ഉണ്ടായിരുന്നതെങ്കില്‍ 2012 ല്‍ അവരുടെ എണ്ണം 2.4 ലക്ഷമായി ഉയര്‍ന്നു. രാജ്യത്തെ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റ് ജി.സി.സി പൗരന്മാരുടെ എണ്ണത്തിലും സമാനമായ വര്‍ധനയാണ് പുതിയ സ്ഥിതിവിവര കണക്കിലുള്ളത്. കുവൈത്ത് കഴിഞ്ഞാല്‍ മറ്റ് അംഗരാജ്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ രാജ്യം സൗദിയാണ്.
 

സലാലയില്‍ വസന്തകാലത്തിന് തുടക്കമായി

Posted: 22 Sep 2014 08:13 PM PDT

Image: 

സലാല: മഴക്കാലം അവസാനിച്ച് സലാല ഉള്‍പ്പെടുന്ന ദോഫാര്‍ മേഖലയില്‍ വസന്തകാലത്തിന് തുടക്കമായി. വസന്തം ഡിസംബര്‍ അവസാനം വരെയാണ് ഉണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ഖരീഫില്‍നിന്ന് സെര്‍ബി’ലേക്ക് മാറിയതായാണ് സ്വദേശികള്‍ പറയുക. ‘സെര്‍ബ്’ കാലം പുഷ്പിക്കലിന്‍െറയും കായ്കനികള്‍ നിറയുന്നതിന്‍െറയും കൂടി കാലമാണ്. മഴക്കാലത്ത് മലയില്‍നിന്ന് താഴ്വാരങ്ങളിലേക്ക് മാറിയ ഒട്ടകക്കൂട്ടങ്ങളും ആട്ടിടയന്മാരും തിരികെ മലകളിലേക്ക് കയറിത്തുടങ്ങി.
കാലികള്‍ക്ക് തിന്നുകൊഴുക്കാന്‍ മലനിരകള്‍ നിറയെ പുല്ലാണ്. അതുകൊണ്ടുതന്നെ, കന്നുകാലി കര്‍ഷകര്‍ക്ക് ആഹ്ളാദത്തിന്‍െറ നിമിഷങ്ങളാണ് വസന്തം സമ്മാനിക്കുന്നത്.
സ്വദേശികളിലധികവും ഇനി അവരുടെ വാരാന്ത്യ അവധി ദിനങ്ങള്‍ മലമുകളിലാണ് ചെലവഴിക്കുക. മലമുകളില്‍ പൂത്ത് നില്‍ക്കുന്ന ചെടികളില്‍ നിന്നുള്ള സൗരഭ്യം വഹിച്ചത്തെുന്ന തണുത്ത കാറ്റ് ആസ്വദിക്കാനും പച്ചപ്പുല്ലുകള്‍ ഭക്ഷിച്ച കാലികളില്‍നിന്ന് ലഭിക്കുന്ന പോഷകസമൃദ്ധമായ പാലും മറ്റു വിഭവങ്ങളും ഭക്ഷിക്കാനുമായി രാത്രികാലത്തും മലകളില്‍ തന്നെ ഇവര്‍ ചെലവഴിക്കും.
കൃഷിക്കാര്‍ക്ക് വിളവെടുപ്പിന്‍െറയും സന്തോഷത്തിന്‍െറയും കാലമാണ് വസന്തം. തേനീച്ച കര്‍ഷകര്‍ക്കും നല്ല സ്വാദിഷ്ടമായ തേന്‍ ധാരാളമായി ലഭിക്കുന്ന സമയമാണിത്. ഖരീഫ് സമയത്ത്  പ്രക്ഷുബ്ധമായിരുന്ന കടല്‍ പഴയ ശാന്തതയിലേക്ക് മടങ്ങിയതിനാല്‍ മീന്‍ പിടിത്തവും സജീവമായി. ലോബ്സ്റ്റര്‍, അയക്കൂറ തുടങ്ങിയ മത്സ്യങ്ങള്‍ ധാരാളമായി ലഭിക്കുന്ന സമയം കൂടിയാണ് വന്നണയുന്നത്.
 

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രക്ക് വെങ്കലം

Posted: 22 Sep 2014 07:08 PM PDT

Image: 

ഇഞ്ചിയോൺ: ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 10 മീറ്റര്‍ എയർ റൈഫിള്‍ വ്യക്തിഗത ഫൈനലില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രക്ക് വെങ്കലം. ചൈനീസ് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. യോഗ്യതാ മത്സരത്തില്‍ അഞ്ചാം സ്ഥാനക്കാരനായാണ് ബിന്ദ്ര ഫൈനലില്‍ കടന്നത്.

ഒളിംപിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ബിന്ദ്ര. 2008ല്‍ ബെയ്ജിങ് ഒളിംപിക്സിലായിരുന്നു ഈ നേട്ടം.

രാവിലെ നടന്ന പുരുഷവിഭാഗം 10 മീറ്റർ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ അഭിനവ് ബിന്ദ്ര, സഞ്ജീവ് രജ്പുത്, ശിവകുമാര്‍ എന്നിവരടങ്ങിയ സംഘം 1863 പോയന്‍റോടെ വെങ്കല നേട്ടം കൈവരിച്ചിരുന്നു. ബിന്ദ്ര 625.4 പോയൻറും രവികുമാര്‍ 618.9 പോയൻറും സഞ്ജീവ് 618.7 പോയൻറും നേടി. ചൈനക്കും ദക്ഷിണ കൊറിയക്കുമാണ് സ്വര്‍ണവും വെള്ളിയും. 

ഒരു സ്വര്‍ണവും ഏഴ് വെങ്കലും അടക്കം എട്ട് മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്. 58 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാംസ്ഥാനത്ത്.

 

സിറിയയിൽ ഐ.എസിനെതിരെ അമേരിക്കൻ വ്യോമാക്രമണം

Posted: 22 Sep 2014 07:00 PM PDT

Image: 

വാഷിങ്ടൺ: സിറിയയിൽ ഐ.എസ് തീവ്രവാദികൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ വിമതതാവളങ്ങൾ തകർന്നതായി പെൻറഗൺ സ്ഥിരീകരിച്ചു.

യുദ്ധവിമാനങ്ങളും ബോംബർ ജെറ്റുകളും നടത്തിയ ആക്രമണത്തിനായി ടോമോഹോക് മിസൈലുകൾ ഉപയോഗിച്ചതായി പെൻറഗൺ വക്താവ് റിയർ അഡ്മിറർ ജോൺ കിർബി പറഞ്ഞു. സഖ്യകക്ഷി സേനകളും ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ട്. ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും കിർബി പറഞ്ഞു.

മാധ്യമപ്രവർത്തകരെയും സന്നദ്ധ സേവകരെയും ഐ.എസ് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്ക വ്യോമാക്രമണത്തിന് തീരുമാനിച്ചത്. ഐ.എസ്. തീവ്രവാദികളെ ഇല്ലായ്മ ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ പ്രഖ്യാപിക്കുകയും ലോകരാജ്യങ്ങളുടെ സഹകരണം തേടുകയും ചെയ്തിരുന്നു. സിറിയയിൽ അമേരിക്ക നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്.

ആഗസ്റ്റ് മുതൽ ഇറാഖിൽ ഇതുവരെ 190 വ്യോമാക്രമണങ്ങൾ അമേരിക്കൻ സേന നടത്തിയിരുന്നു.
 

രാഷ്ട്രീയക്കാരേ, നിങ്ങള്‍ക്ക് ജലവിവേകമുണ്ടോ?

Posted: 22 Sep 2014 06:55 PM PDT

Image: 

വെള്ളക്കരം കൂട്ടുമെന്ന് സര്‍ക്കാര്‍. കരം തരില്ളെന്ന് സി.പി.എം. ഈ അങ്കത്തിനിടയിലൂടെ ഒഴുകിപ്പോവുന്ന ഒരു പാവം കൈത്തോടിന് തന്‍െറ പൂര്‍വികര്‍ ഒഴുകി എത്തിയിരുന്നിടത്ത് എത്താനാവുമോ എന്ന സന്ദേഹമുണ്ട്. കേരളത്തിലെ എല്ലാ നീരൊഴുക്കുകളും അവയുടെ ലക്ഷ്യത്തെ തൊടാനാവുമോ എന്ന സംശയത്തോടെയാണ് ഒഴുകുന്നത്. രണ്ടു കോരി മണ്ണ്, അല്ളെങ്കില്‍ ഒരു കോണ്‍ക്രീറ്റ് തട, അങ്ങനെ തടസ്സത്തിന്‍െറ ആകസ്മിക വരവുകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ജലത്തിന്‍െറ സ്വാഭാവിക ഒഴുക്കിനെ വഴിമാറ്റി വിട്ടോ, വഴിയില്ലാതാക്കിയോ ആണ് നാം നമ്മുടെ വീടുകള്‍, ഫ്ളാറ്റുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍ എല്ലാം കെട്ടിയുയര്‍ത്തുന്നത്. അതുകൊണ്ടാണ് കവിക്ക് ഇങ്ങനെ പറയേണ്ടിവരുന്നത്; ‘മുണ്ടകന്‍ പാടങ്ങള്‍ പിളര്‍ന്ന് ജവഹര്‍ നഗറുകള്‍ പ്രത്യക്ഷമാകുംപോലെ’ എന്ന്. ഈ പാടങ്ങള്‍ പിളര്‍ന്ന് പ്രത്യേക്ഷമാകുന്ന നരസിംഹങ്ങള്‍ ആരെയും രക്ഷിക്കുന്നില്ല. ചവിട്ടുനിലത്തിനു കീഴില്‍ ഉറഞ്ഞുപോയ ശ്വാസം നിലച്ച ജലത്തിനുമേലാണ് ജീവിതത്തിന്‍െറ എടുപ്പുകള്‍ ഉയരുന്നത്. ജലത്തില്‍ നിന്നല്ല, ജലത്തിന്‍െറ നിലച്ച ശ്വാസത്തില്‍നിന്നാണ് ജീവന്‍ ഉദ്ഭവം കൊള്ളുന്നതെന്ന വിരോധാഭാസം പുതുസമയത്തിന്‍െറ ലീലകളിലൊന്നാണ്.
നീരൊഴുക്കിന് തടവെക്കുന്നതോ, ഒഴുക്കിനെ കൊലപ്പെടുത്തുന്നതോ മാത്രമല്ല, നമ്മുടെ അവിവേകത്തിന്‍െറ പ്രത്യക്ഷ ഉദാഹരണങ്ങള്‍, ജീവിതത്തിന്‍െറ ഓരോ നിമിഷത്തിലും നമ്മുടെ ജലസമ്പര്‍ക്കങ്ങളില്‍ നാം കാണിക്കുന്ന അശ്രദ്ധയില്‍ പാഴാവുന്ന ഭൂമിയുടെ ജീവനാണ് ജലത്തിന്‍െറ തൂക്കുമരണത്തിനുള്ള ആദ്യത്തെ വിധി. ഈ തൂക്കുമരണത്തിന്‍െറ ആരാച്ചാര്‍ നാംതന്നെയാണ്. അശ്രദ്ധയുടെയും അവിവേകത്തിന്‍െറയും നഷ്ടം, വരുംകാലത്തിന്‍േറതുകൂടിയാണെന്ന് നാം അറിയുന്നില്ല. ചെറുചെറു മറവികള്‍ കൊണ്ട് ഒഴുക്കിക്കളയുന്ന വെള്ളമെത്രയെന്ന് നാം അറിയുന്നില്ല. സ്വന്തം വീട്ടില്‍നിന്ന് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ട ഈ ജലസൂക്ഷ്മതയാണ് നമ്മളെ ഈ ഭൂമിയുടെ അവകാശിയാക്കുന്നത്.
ഈ സൂക്ഷ്മപാഠങ്ങള്‍ സ്വന്തം ജീവിതത്തില്‍നിന്ന് നമുക്ക് തുടങ്ങാന്‍ കഴിയുന്നത്ര ലളിതമാണ്. കൈകഴുകുമ്പോള്‍, കുളിക്കുമ്പോള്‍, പല്ലുതേക്കുമ്പോള്‍ അങ്ങനെ ജലസമ്പര്‍ക്കത്തിന്‍െറ ജീവിത ദൈനംദിന വഴിയില്‍ എങ്ങനെയാണ് നാം ജലം ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കൂ. പലപ്പോഴും പൈപ്പ് തുറന്നിട്ട് പല്ലു തേക്കുന്നവരുണ്ട്. ജലം ഒഴുകിക്കൊണ്ടേയിരിക്കും. കാലിലെ ചളി കഴുകിത്തീര്‍ന്നാലും വീണ്ടും വീണ്ടും കഴുകിക്കൊണ്ടേ ഇരിക്കുന്നവരുണ്ട്. കുളിക്കുമ്പോള്‍ വെള്ളത്തിന്‍െറ ഉപയോഗമെത്രയെന്ന് ഓര്‍ക്കാതെ നീരാടുന്നവരുണ്ട്. മൂത്രമൊഴിച്ചശേഷം ഫ്ളഷ് ചെയ്യുമ്പോള്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്‍െറ അളവെത്രയാണ്..? ഫ്ളഷ് ഇല്ലാതിരുന്ന കാലത്ത് നാം ഒഴിച്ച വെള്ളമെത്ര..? ഈ കണക്കില്‍ ശുദ്ധിയുടെയും അശുദ്ധിയുടെയും ശീലത്തിന്‍െറയും കണക്കെടുക്കുന്നില്ല. പക്ഷേ, നമുക്ക് ചുറ്റിലുംനിന്ന് ജലമെന്നത് അപ്രത്യക്ഷമാകുന്നുവെന്ന ബോധമുണ്ടാകുമ്പോള്‍ ശീലത്തിന്‍െറ ശുദ്ധിയുടെ അളവിലൊക്കെ അല്‍പം ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്.
കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഹോട്ടലില്‍ കയറിയപ്പോഴുണ്ടായ അനുഭവം വെള്ളത്തിനോടുള്ള നിസ്സാരത വ്യക്തമാക്കുന്നതായിരുന്നു. ഒരു ഹോട്ടലിന്‍െറ ടോയ്ലറ്റില്‍ കയറിയപ്പോള്‍ അവിടത്തെ പിസ്പോട്ടുകള്‍ക്കു മുന്നിലുടെ നടന്നപ്പോള്‍ മനുഷ്യഗന്ധമേറ്റ് ഭയന്നപോലെ എല്ലാ പിസ്പോട്ടുകളും മൂത്രമൊഴിച്ചുപോയി! തിരിച്ചുനടക്കുമ്പോഴും ഇതേ അവസ്ഥ. പിസ്പോട്ടുകള്‍ ജലംവര്‍ഷിക്കുന്നു. സെന്‍സര്‍ എന്ന ആധുനിക സംവിധാനത്തില്‍ രൂപപ്പെടുത്തിയ ഈ മൂത്രക്കലങ്ങള്‍ക്ക് അറിയില്ലല്ളോ എപ്പോഴാണ് തന്‍െറ കടമ നിര്‍വഹിക്കേണ്ടതെന്ന്. എന്നാല്‍, ചില പിസ്പോട്ടുകള്‍ കണിശത പാലിക്കുന്നവരാണ്. എന്നാലും വെറുതെ മുന്നില്‍ നിന്നാല്‍, അവയെ കടന്നുപോയാല്‍ ശീഘ്രജലവര്‍ഷം നടത്തുന്ന ഈ ആധുനികതയിലാണ് അവിവേകത്തിന്‍െറ ജലവിരുദ്ധത നാം കാണേണ്ടത്. എത്ര നിസ്സാരമായിട്ടാണ് നാം ജലത്തെ അറിയുന്നത് എന്നതിന്‍െറ തെളിവാണിത്.
10,000 ലിറ്ററില്‍ കൂടുതല്‍ കുടിവെള്ളം ഉപയോഗിക്കുന്നവരില്‍നിന്ന് ഇപ്പോള്‍ ഒരു കിലോലിറ്ററിന് നാലു രൂപയാണ് ഈടാക്കുന്നത്. ഇത് 60 ശതമാനംവരെ ഇരട്ടിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ ഈ നികുതി എന്തുകൊണ്ട് വരുന്നു എന്നതിനു പിന്നിലെ കാര്യകാരണങ്ങള്‍ വ്യക്തമാണ്. പക്ഷേ, വെള്ളക്കരം കൂട്ടുകതന്നെ വേണമെന്ന് പക്ഷക്കാരനാണ് ഇത് എഴുതുന്ന ആള്‍. വൈദ്യുതിയോട് നാം കാണിക്കുന്ന ഭയഭക്തിയൊന്നും ജലത്തിനോട് നാം കാണിക്കാറില്ല. തുച്ഛമായ നികുതി അടക്കാവുന്ന എപ്പോഴും ലഭ്യമായഒന്ന്, എന്നതിനപ്പുറം വെള്ളമെന്നത് നമ്മുടെ ഗൗരവചിന്തകളില്‍ ഒരിക്കലും ഇടംചേര്‍ന്നിട്ടില്ല.
പാഴായിപ്പോകുന്ന വെള്ളത്തെക്കുറിച്ച് നാം ആലോചിച്ചിട്ടില്ല. സര്‍ക്കാര്‍ പൈപ്പുകള്‍ റോഡില്‍ പൊട്ടിപ്പൊളിഞ്ഞ് വെള്ളമൊഴുകുന്നത് നിത്യകാഴ്ചയായതുകൊണ്ട് അതും നമ്മള്‍ ശ്രദ്ധിക്കാറില്ല. കരം കൂട്ടുന്നുവെങ്കില്‍ ഓരോ തുള്ളിക്കും നമ്മുടെ സര്‍ക്കാര്‍ ഉത്തരം പറയണം. പാഴാക്കേണ്ടതല്ല ജലമെന്ന് നാം തിരിച്ചുപറയണം. സ്വന്തം വീട്ടില്‍നിന്ന് ജലവിവേകം തുടങ്ങണം. കുടിവെള്ളം കിട്ടാത്ത മനുഷ്യര്‍ കൂടിയുള്ള ഒരു സ്ഥലമാണ് കേരളം അവരുടെ തൊണ്ട നനക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിന്‍േറതാണ്. കൂടിയ കരത്തിന്‍െറ പണം വാങ്ങുമ്പോള്‍ കൊടുക്കുന്നവരുടെ ഉത്തരവാദിത്തംകൂടി കൂടേണ്ടതുണ്ട്. ഓരോ ദിവസവും നാം എത്ര ലിറ്റര്‍ ജലം പാഴാക്കിക്കളയുന്നുണ്ടെന്ന് തിരിച്ചറിയണം. ഒരുദിവസം വെളിച്ചം പോയാല്‍ സമനില തെറ്റുന്ന മലയാളി, ഒരുദിവസം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകുന്ന ജലത്തിന്‍െറ ഉറവകളെക്കൂടി ഓര്‍ക്കണം. എപ്പോഴും ഒഴുകിയൊഴുകി തണുപ്പിക്കാന്‍ ഒരു നദിക്കും കഴിയില്ല. ഭൂമി അത്രയേറെ വരണ്ടുതുടങ്ങിയിരിക്കുന്നു.
സി.പി.എം സഖാക്കള്‍ വെള്ളക്കരം കൊടുക്കില്ല എന്ന് വാശിപിടിക്കുന്നതിനു പിന്നില്‍ അവരുടെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. അത് ഒരു സമരരീതിയെന്ന നിലയില്‍ തുടരട്ടെ. പ്രിയപ്പെട്ട രാഷ്ട്രീയക്കാരേ, നിങ്ങളുടെ മന്ത്രിമന്ദിരങ്ങള്‍ മുതല്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുവരെ ജലവിവേകത്തിനുള്ള സ്റ്റഡി ക്ളാസ് നടത്തണം. ഇല്ളെങ്കില്‍ നാളെ നിരാഹാരമിരിക്കുന്നവന് അത് അവസാനിപ്പിക്കാന്‍ ഒരു തുള്ളി വെള്ളംപോലും കിട്ടിയെന്നുവരില്ല.

മദ്യനിരോധം ഒരിക്കലും പരാജയപ്പെടില്ല

Posted: 22 Sep 2014 06:54 PM PDT

Image: 

വിജയിക്കാനല്ലാതെ പരാജയപ്പെടാന്‍ മദ്യനിരോധത്തിനാവില്ല. ലോകത്തൊരിടത്തും മദ്യനിരോധം പരാജയപ്പെട്ടിട്ടുമില്ല. ചിലയിടങ്ങളില്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ടാകാം. അതുപക്ഷേ, മറ്റു താല്‍പര്യങ്ങള്‍കൊണ്ടു മാത്രമാണ്. മദ്യനിരോധം പരാജയമാകുമെങ്കില്‍ ‘മദ്യവില്‍പന’ എന്നതാകണമല്ളോ വിജയമാകുക? മദ്യവില്‍പനയാണോ അതോ മദ്യനിരോധനമാണോ യഥാര്‍ഥ വിജയം? കേരളത്തില്‍ മദ്യക്കൊലപാതകങ്ങള്‍ പലതും നടന്നത് മദ്യനിരോധത്തിന്‍െറ പരാജയമായിട്ടായിരുന്നില്ല മറിച്ച് മദ്യവില്‍പനയുടെ ദയനീയ പരാജയമായിട്ടായിരുന്നു. സര്‍ക്കാറിന്‍െറ മുദ്രചാര്‍ത്തിയ ഒൗദ്യോഗിക മദ്യഷാപ്പുകളാണ് വൈപ്പിനിലും കുറ്റിപ്പുറത്തുമെല്ലാം കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയത്.
ബിവറേജസ് കോര്‍പറേഷന്‍ എന്ന കേരള സര്‍ക്കാര്‍ സ്ഥാപനം ‘നല്ല മദ്യം കുറഞ്ഞ വിലക്ക്’എന്ന മുദ്രാവാക്യത്തോടെ ‘ജനസേവനം’ ആരംഭിച്ചതോടെയാണ് കേരളീയര്‍ സകലരും നാണിച്ച് തലതാഴ്ത്തേണ്ട വിധത്തിലുള്ള ‘കള്ളു കേരളം’ ഉണ്ടായത്.
മദ്യഷാപ്പുകള്‍ക്കു മുന്നില്‍ പൊരിവെയിലത്തും ക്യൂ നില്‍ക്കുന്ന കേരളത്തിലെ പ്രബുദ്ധരായ മനുഷ്യര്‍ ലോകത്തിന്‍െറ മൊത്തം പുച്ഛത്തിനിരയായി. ഓരോ ബാറിന്‍െറയും ആറു മീറ്റര്‍ ചുറ്റളവില്‍ മദ്യപിച്ച് ലക്കുകെട്ട നാല് പുരുഷന്മാരെങ്കിലും ബോധമില്ലാതെ കിടക്കുന്ന കേരളക്കാഴ്ചകള്‍ ടൂറിസ്റ്റുകളുടെ വലിയ ആകര്‍ഷണമായി മാറി!
കേരളത്തിലെ പത്രമാധ്യമങ്ങള്‍ക്ക് ചൂടുള്ള അവിശ്വസനീയ വാര്‍ത്തകള്‍ പലതും കിട്ടി. മകന്‍െറ തലയറുക്കുന്ന അമ്മയും, മകനെ തല്ലിക്കൊല്ലുന്ന അച്ഛനും, അച്ഛനെ കൊല്ലുന്ന മക്കളും, ഭര്‍ത്താവിനെ വെട്ടിനുറുക്കുന്ന ഭാര്യയും മദ്യപാനത്തിന്‍െറ വിക്രിയകള്‍ സഹിക്കാനാകാതെ വന്നപ്പോഴുണ്ടായ നിലവിട്ട പ്രതികരണങ്ങളായി. മദ്യലഹരിയിലായവര്‍ മറിച്ചുള്ള കൊലപാതകങ്ങള്‍ക്കും പിന്നിലായിരുന്നില്ല. പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിച്ചു കൊന്ന അച്ഛന്മാര്‍, അമ്മയെയും അച്ഛനെയും ഭാര്യയെയുമാക്കെ കഴുത്തറുത്തും കല്ലിനടിച്ചും കൊന്നവര്‍, അല്‍പ പ്രകോപനത്തിന് സുഹൃത്തുക്കളെ കൊന്നവര്‍, വിരോധികള്‍ക്കു പകരം നിരപരാധികളെ ആളുമാറി കൊന്നവര്‍ എന്നിങ്ങനെ മദ്യവില്‍പന പരാജയപ്പെടുത്തിയ ഹതഭാഗ്യരുടെ എണ്ണം ഇവിടംകൊണ്ടും തീരുന്നില്ല. കുടിമൂലം കടംകയറി ആത്മഹത്യ ചെയ്തവരും മദ്യഭ്രാന്തില്‍ ബലാത്സംഗവും സ്ത്രീപീഡനവും നടത്തി അകത്തായവര്‍, കരള്‍ തകര്‍ന്ന് ചത്തവര്‍, സകല രോഗങ്ങളും അധികരിച്ചതിനാല്‍ ചികിത്സിച്ചു ചികിത്സിച്ച് പുരയിടവും പറമ്പും പണയപ്പെടുത്തിയവര്‍, മദ്യസ്വാധീനമുള്ള വാഹനാപകടങ്ങളില്‍പെട്ട് മരിച്ചവര്‍, അംഗവൈകല്യം ബാധിച്ചവര്‍, അധ്വാനശേഷിയും ചിന്താശേഷിയും കുറഞ്ഞുപോയവര്‍ ഒക്കെയായി കേരളം മൊത്തമായ പരാജയത്തിലേക്കാണ് മദ്യക്കൂപ്പുകുത്തിയിരുന്നത്. മദ്യപാനികള്‍ മദ്യംകൊണ്ടും മദ്യപിക്കാത്തവര്‍ മദ്യപാനികളെക്കൊണ്ടും പൊറുതിമുട്ടിയ സാമൂഹികജീവിത പരാജയമായിരുന്നു മദ്യവില്‍പന.
പൗരധര്‍മം മറക്കുന്നവര്‍
മദ്യവില്‍പനയുടെ ഭീകരതകളെ കൃത്യമായി മുന്നില്‍വെച്ചുകൊണ്ട് മദ്യനിരോധിത സമൂഹത്തെ വിശകലനം ചെയ്താല്‍ മദ്യനിരോധം പരാജയമല്ളെന്നുംആവില്ളെന്നും തിരിച്ചറിയാന്‍ കഴിയും. കൊള്ളലാഭം ലഭിച്ചിരുന്ന മദ്യവില്‍പനയെ തിരിച്ചുപിടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന മദ്യലോബിയുടെ കുത്സിത പ്രവര്‍ത്തനങ്ങളെ മദ്യനിരോധത്തിന്‍െറ പരാജയം എന്നു വിളിച്ച് കാഴ്ചക്കാരായി പരിഹാസമുതിര്‍ക്കുകയാണ് പൗരധര്‍മം മറക്കുന്നവര്‍. മദ്യപസമൂഹത്തില്‍നിന്ന് മദ്യമുക്ത സമൂഹത്തിലേക്കുള്ള മാറ്റത്തിന്‍െറ പാതയിലുണ്ടാകാവുന്ന തകരാറുകളെ പര്‍വതീകരിക്കുകയും മദ്യപസമൂഹമാണ് വേണ്ടതെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ആത്മവഞ്ചന മറ്റൊരു നിയമത്തിന്‍െറ കാര്യത്തിലും കാണാനാകാത്തതുമാണ്.
സമൂഹത്തിന്‍െറ നന്മക്കും പുരോഗതിക്കും അടിയന്തരമായി വിജയിപ്പിക്കേണ്ട മദ്യനിരോധന നിയമത്തെ നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നതില്‍ പരാജയമുണ്ടെങ്കില്‍ അത് നടപ്പിലാക്കേണ്ടവരുടെ പരാജയം മാത്രമാണ്. ആത്മാര്‍ഥതയില്ലാതെ കണ്ണടച്ചിരിക്കുന്ന ഭരണാധികാരികളും നിഷ്ക്രിയരായ ജനങ്ങളും എന്ന സാമൂഹിക ദുരവസ്ഥയില്ലാതെ മദ്യനിരോധംപോലുള്ള അടിസ്ഥാന നിയമങ്ങള്‍ക്ക് ഒരിക്കലും പരാജയപ്പെടാനാവില്ല.
മദ്യനിരോധം വന്നാല്‍ വ്യാജമദ്യമുണ്ടാക്കുന്നത് വര്‍ധിക്കും എന്ന് അന്ധമായി വാദിക്കുന്നവര്‍ അറേബ്യന്‍ രാജ്യങ്ങളെക്കുറിച്ച് എന്താണ് പറയുക?
എല്ലാ നിയമവും വിജയിക്കുമോ?
വിജയിക്കുന്നില്ല എന്നതുകൊണ്ട് നിയമങ്ങള്‍ പിന്‍വലിക്കപ്പെടേണ്ടതാണോ? ഒട്ടും വിജയിക്കാത്ത സ്ത്രീധന നിരോധന നിയമം, സ്ത്രീപീഡന വിരുദ്ധ നിയമം, കൊലപാതക നിരോധ നിയമം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളാണ് ലോകം മുഴുവനുമുള്ളത്. ഇവയെല്ലാം വിജയിച്ചിട്ടുള്ള ഒരു രാജ്യത്തെയും ചൂണ്ടിക്കാണിക്കാനുമാവില്ല. കട്ടാല്‍ കൈവെട്ടുന്ന സൗദി അറേബ്യയിലും കളവ് നടക്കുന്നു! മയക്കുമരുന്നിന് വധശിക്ഷയുണ്ടായിട്ടും സിംഗപ്പൂരില്‍ നിയമം ലംഘിക്കപ്പെടുന്നു! കൊലപാതക നിയമത്തിന്‍െറ പരാജയം എല്ലാ പത്രങ്ങളുടെയും ദിവസേനയുള്ള പ്രധാന വാര്‍ത്തകളിലൊന്നാണ്. നിയമങ്ങള്‍ എല്ലാം പരാജയമായതിനാല്‍ നിയമപാലകരായി പൊലീസ്, എക്സൈസ്, കസ്റ്റംസ് എന്നീ സംഘങ്ങളെ ഭരണകൂടം കനത്ത അധികാരങ്ങള്‍ നല്‍കി തീറ്റിപ്പോറ്റുന്നു. എന്നിട്ടും പരാജയപ്പെടുന്നതിനാല്‍ കോടതിയും ജയിലുമുണ്ടാക്കി കഷ്ടപ്പെടുന്നു. എങ്കില്‍പോലും നിയമങ്ങളെല്ലാം പരാജയമായതിനാല്‍ എല്ലാ നിയമങ്ങളും പിന്‍വലിക്കണമെന്ന് ആരും പറയുന്നില്ലല്ളോ? എന്തേ മദ്യനിരോധ നിയമം മാത്രം നൂറില്‍ നൂറും വിളയണമെന്ന ദുശ്ശാഠ്യം?
വ്യക്തിസ്വാതന്ത്ര്യത്തിന്‍െറ പേരിലാണെങ്കില്‍ നിലവിലുള്ള മദ്യവ്യാപാരം എതിര്‍ക്കപ്പെടേണ്ടതായിരുന്നല്ളോ? വ്യക്തിക്ക് ഒരു സ്വാതന്ത്യവും നല്‍കാതെ വ്യക്തി, മദ്യം ഉണ്ടാക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയായിരുന്നു! സര്‍ക്കാറില്‍നിന്നോ അല്ളെങ്കില്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരുന്നവരില്‍നിന്നോ മാത്രം പത്തിരട്ടി പണം നല്‍കി വാങ്ങി കുടിക്കാനല്ലാതെ മദ്യമുണ്ടാക്കാനും കുടിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യം എന്നേ നിരോധിക്കപ്പെട്ടതാണ്. കല്ലുപ്പ് നിരോധിച്ച് ദോഷഫലം കൂടുതലുള്ള അയഡിന്‍ ഉപ്പ് അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ പോലും പതഞ്ഞുപൊങ്ങാതിരുന്ന വ്യക്തിസ്വാതന്ത്ര്യവാദമാണ് മദ്യം നിരോധിക്കുന്ന നിയമത്തിനുനേരെ ഉണ്ടാകുന്നത്.
മദ്യനിരോധംതന്നെയാണ് വിജയം
ഏതൊരു സമൂഹത്തിലും 80 ശതമാനത്തോളം വരുന്ന മാന്യന്മാര്‍ ഏതൊരു നിയമത്തെയും അനുസരിക്കും. ശിക്ഷിക്കപ്പെടുമെന്നും സല്‍പേര് നഷ്ടപ്പെടുമെന്നും ഭയന്ന് പത്തു ശതമാനം പേരും അനുസരിക്കും. ബാക്കിയുള്ള പത്തു ശതമാനം നിയമങ്ങളെ ലംഘിക്കും. എത്ര കടുത്ത ശിക്ഷകള്‍ നല്‍കിയാലും വീണ്ടും വീണ്ടും ലംഘിക്കും.
ഇപ്പോള്‍ മണല്‍വാരലും കൂലിത്തല്ലും കള്ളനോട്ടുമൊക്കെയായി വിലസുന്ന സാമൂഹികവിരുദ്ധരും നിയമാനുസൃതമല്ലാതെ മദ്യം വില്‍ക്കുന്ന സാമൂഹിക വിരുദ്ധരും എല്ലാം നിയമം ലംഘിച്ചുള്ള മദ്യവില്‍പനക്ക് ചാടിയിറങ്ങും. നിലവില്‍ നാലുകാലിലിഴഞ്ഞും കാനയില്‍ വീണും ഇഞ്ചിഞ്ചായി മരിക്കുന്ന കുടിയന്മാരില്‍ ചിലരെങ്കിലും വാഷും മണ്ണെണ്ണയുമൊക്കെ കുടിക്കാനും അല്‍പം നേരത്തേ മരിക്കാനുമുള്ള ‘മദ്യദുരന്ത പ്രവണത’ കാണിക്കും. ഈ നിയമലംഘകരെ പ്രീണിപ്പിക്കാന്‍ സമ്പൂര്‍ണ മദ്യനിരോധത്തെ മാറ്റിവെക്കുന്നത് വരും തലമുറകളെ കൂടി മദ്യപരാക്കുകയാണ് ചെയ്യുക.
നിയമം മൂലമുള്ള മദ്യനിരോധം എന്നത് മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അത്യാവശ്യതലം മാത്രമാണ്. രാഷ്ട്രപിതാവ് പറഞ്ഞിട്ടുള്ളതുപോലെ ‘സ്വന്തം പുരയിടത്തിനടുത്ത് ഒരു മദ്യഷാപ്പുള്ളിടത്തോളം കാലം മദ്യപനെ സമീപിക്കാന്‍ ആര്‍ക്കും കഴിയില്ല.’  അതിനുമപ്പുറത്ത് നാളത്തെ തലമുറകളുടെ രക്ഷക്കാണ് സമ്പൂര്‍ണ മദ്യനിരോധം.

ഇന്ത്യയില്‍ നിര്‍മിക്കാം, ഇന്ത്യയെ തകര്‍ക്കാതെ

Posted: 22 Sep 2014 06:51 PM PDT

Image: 

വ്യവസായ മേഖലയില്‍ വന്‍ ഉണര്‍വ് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ പോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍െറ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നതാണ് പുതിയ ‘മെയ്ക് ഇന്‍ ഇന്ത്യ’ (ഇന്ത്യയില്‍ നിര്‍മിക്കുക) നയം. പദ്ധതിയുടെ പ്രഖ്യാപനം ഈ മാസം 25ന് പ്രധാനമന്ത്രി നടത്തുന്നുണ്ട്. ഇന്ത്യയെ ആഗോള  നിര്‍മാണമേഖലാ ആസ്ഥാനമാക്കുകയാണ് ലക്ഷ്യം. വ്യാവസായിക നിര്‍മാണരംഗത്തെ 25 മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ട് ലോകത്തിലെ 3000 കമ്പനികളെ ഇന്ത്യയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ ക്ഷണിക്കും. ഇതിനാവശ്യമായ പ്രചാരണ-നിര്‍വഹണ പരിപാടികളുമായി വിദേശങ്ങളിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ സജീവ പങ്കാളിത്തം വഹിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും പരിപാടികളുണ്ടാകും. പുതിയ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ പാകത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ വ്യവസായ നയരൂപവത്കരണ വകുപ്പില്‍ ക്രമീകരണങ്ങള്‍ വരുത്തിക്കഴിഞ്ഞു. ആദ്യം പത്തു നിര്‍മാണ മേഖലകളിലായി 30 രാജ്യങ്ങളിലെ പത്തുവീതം കമ്പനികളെയാണ് നേരിട്ടു ക്ഷണിക്കുക. അവരുടെ സംരംഭക നിര്‍ദേശങ്ങള്‍ എട്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കും. ‘ഇന്‍വെസ്റ്റ് ഇന്ത്യ’ എന്ന പേരില്‍, ഇന്ത്യയെ ആഗോള നിക്ഷേപരംഗത്തെ ഒന്നാമനാക്കാനായി പ്രത്യേക ഏജന്‍സിയും രംഗത്തുണ്ട്.
ഇന്ത്യക്ക് ആഗോള നിര്‍മാണശാല എന്ന പദവി ലഭിക്കുന്ന മുറക്ക് ഇവിടെ സാമ്പത്തികരംഗം കൂടുതല്‍ സജീവമാകുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷയുണ്ട്. ഇതിനു മണ്ണൊരുക്കും വിധം അടിസ്ഥാന സൗകര്യരംഗത്തും നികുതിരംഗത്തും തൊഴില്‍രംഗത്തുമെല്ലാം പുതിയ നയതീരുമാനങ്ങള്‍ വരുമെന്നാണ് കരുതേണ്ടത്. വളര്‍ച്ച മുരടിച്ച വ്യവസായ മേഖലക്ക് ഉണര്‍വു കിട്ടും. ഈ ഉണര്‍വിന്‍െറ കാരണവും ഫലവുമായി വ്യവസായനയ നടത്തിപ്പില്‍ വലിയ കാര്യക്ഷമത ഉണ്ടാകും. ഇന്ന് ഒരു പുതിയ സംരംഭം തുടങ്ങാന്‍ 12 വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകണം; ചുരുങ്ങിയത് 27 ദിവസമെടുക്കുകയും ചെയ്യും. കെട്ടിടാനുമതികള്‍ക്ക് 35 നടപടിക്രമങ്ങളും 168 ദിവസവുമെടുക്കും. ഇതെല്ലാം വെട്ടിക്കുറക്കുന്ന മുറക്ക് വ്യവസായം തുടങ്ങുക എളുപ്പമാകും. ഇങ്ങനെ, സാമ്പത്തിക വളര്‍ച്ചയുടെയും ഉണര്‍വിന്‍െറയും പ്രവര്‍ത്തനക്ഷമതയുടെയും ഗ്രാഫ് പൊങ്ങുമെന്ന ശുഭപ്രതീക്ഷകള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമിടയില്‍ ആശങ്കകളും നിലനില്‍ക്കുന്നു.
ഒന്നാമതായി, മുതലാളിത്ത ലിബറല്‍ സമ്പദ് നയങ്ങളുടെ പുതിയ ഘട്ടമായി അനിയന്ത്രിത വിദേശനിക്ഷേപം രാജ്യത്തിനുള്ളിലേക്കൊഴുകുന്നത് നമ്മുടെ സാമ്പത്തിക പരമാധികാരത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ്രാജായി മാറിയ ചരിത്രം മറക്കാറായിട്ടില്ല. കാര്യക്ഷമതയെന്നാല്‍ ഗുജറാത്തിലെപ്പോലെ വന്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാ സൗകര്യങ്ങളും അനുവദിക്കലാണോ അതോ രാജ്യത്തിന്‍െറ ആഭ്യന്തര സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി പൊതുമേഖലയെ ശക്തിപ്പെടുത്തലോ? നടപടിക്രമങ്ങളുടെയും ചുവപ്പുനാടയുടെയും അഴിമതിയുടെയും പ്രശ്നം ഇല്ലാതായാല്‍ പൊതുമേഖലക്കുതന്നെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകേണ്ടതാണ്. അതിനുപകരം പൊതുമേഖലയെ വില്‍പനക്കുവെക്കുന്ന നയം പ്രതിലോമപരമാണ്. പുതിയ നയങ്ങള്‍ കോര്‍പറേറ്റുകള്‍ക്കാണ് ഗുണം ചെയ്യുകയെന്നു ഭയക്കണം. രണ്ടാമതായി, മുതലിറക്കും കമ്പനികള്‍ വരുന്ന മുറക്ക് നാട്ടിന്‍െറ പ്രകൃതിവിഭവങ്ങളും തൊഴില്‍രംഗവും ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥ വരാം. വിദേശ കോര്‍പറേറ്റുകളുടെ വരവ് തൊഴില്‍ മേഖലയെ വളര്‍ത്തുമെന്ന് വിശ്വസിക്കാന്‍ അനുഭവസാക്ഷ്യങ്ങളേറെയില്ല. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളില്‍ സന്ധിചെയ്തുകൊണ്ടു കൂടിയാകുമോ പുതിയ നയങ്ങള്‍ നടപ്പാകുന്നതെന്നും സംശയിക്കുന്നവരുണ്ട്. മൂന്നാമതായി, വ്യവസായങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന തിരക്കില്‍ പരിസ്ഥിതിയെ അവഗണിക്കുകയും ജനങ്ങളെ കുടിയിറക്കുകയും ചെയ്യുന്നത് ന്യായമാണെന്ന കാഴ്ചപ്പാട് തല്‍പരകക്ഷികള്‍ ആസൂത്രിതമായി വളര്‍ത്തിയെടുത്തിട്ടുണ്ട്.
നമ്മുടെ മണ്ണും മനുഷ്യരെയും ഉപയോഗിച്ച് വന്‍കിട ആഗോള കോര്‍പറേറ്റുകള്‍ പണമുണ്ടാക്കുന്നതിന്‍െറ പേരായിത്തീരരുത് ‘മെയ്ക് ഇന്‍ ഇന്ത്യ’. ഇതിനെല്ലാം ഉപരിയായി, സാമ്പത്തിക വളര്‍ച്ചയായാല്‍ എല്ലാമായി എന്ന കാഴ്ചപ്പാട് തന്നെ തിരുത്തപ്പെടണം. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം അതിദ്രുതം വളരുന്നതായി ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. 15 വര്‍ഷം കൊണ്ട് കോടിപതികളുടെ എണ്ണം പന്ത്രണ്ടിരട്ടിയായി എന്ന് ഐ.എം.എഫ് പറയുന്നു. എന്നാല്‍, പാവങ്ങള്‍ കൂടുതല്‍ ഗതികേടിലുമായി. നമ്മുടെ ശക്തിയായിരുന്ന കൃഷി ഇന്ന് കൂടുതല്‍ വ്യവസായ മേഖലക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് തിടുക്കത്തില്‍ തുടങ്ങിവെക്കുന്ന ഈ പദ്ധതി ഇന്ത്യക്ക് മുതല്‍ക്കൂട്ടാകണമെങ്കില്‍ ഇനിയും ശ്രദ്ധയും ഗുണദോഷ വിചാരവും വേണ്ടതുണ്ട്. ഇന്ത്യക്കാരുടെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഇന്ത്യയില്‍ നിര്‍മാണം നടക്കട്ടെ; അത് ഇന്ത്യയെ നിര്‍മിക്കലാകട്ടെ.

മംഗളോദയത്തിന് കാതോര്‍ത്ത്

Posted: 22 Sep 2014 06:33 PM PDT

Image: 

ബംഗളൂരു:  2008ലെ ചാന്ദ്രയാന്‍ ദൗത്യവിജയത്തിനു പിന്നാലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി കണ്ണുനട്ടത് ചൊവ്വയിലേക്കായിരുന്നു. അതിന് സ്പേസ് കമീഷന്‍െറയും മന്ത്രിസഭയുടെയും അനുമതി ലഭിക്കാന്‍ താമസമുണ്ടായില്ല. അങ്ങനെ, 450 കോടി രൂപയുടെ ചൊവ്വാ ദൗത്യം 2012 ആഗസ്റ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്  പ്രഖ്യാപിച്ചു. തുടര്‍ന്ന്, 15 മാസത്തെ ഇടവേള. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനായിരുന്നു ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള ആ വിക്ഷേപണം. പിന്നീട് പേടകത്തിന് സുദീര്‍ഘമായ 300 ദിവസത്തെ യാത്രയായിരുന്നു. സൂര്യനില്‍നിന്നും മറ്റ് ഗ്രഹങ്ങളില്‍നിന്നുമുള്ള പ്രതിബന്ധങ്ങള്‍ വിജയകരമായി മറികടന്നാണ് ചൊവ്വയുടെ അന്തരീക്ഷത്തിലത്തെുന്നത്. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ആയാല്‍ ഒരു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് ഇതിനുമുമ്പ് പേടകത്തെ വിജയകരമായി ചൊവ്വയിലത്തെിച്ചത്. ഭൂമിയില്‍നിന്ന് ഏറ്റവും അകലെയത്തെിയ ഇന്ത്യന്‍ നിര്‍മിത പേടകം എന്ന ഖ്യാതി ഇതിനകം മംഗള്‍യാന്‍ സ്വന്തമാക്കിയിട്ടുണ്ട്. വെള്ളത്തിന്‍െറയും മീഥെയ്ന്‍ വാതകത്തിന്‍െറയും സാന്നിധ്യമുണ്ടോയെന്ന് കണ്ടത്തെുകയാണ് ദൗത്യത്തിന്‍െറ പ്രധാന ലക്ഷ്യം. ചൊവ്വാഗ്രഹത്തിന്‍െറയും അതിന്‍െറ ഉപഗ്രഹങ്ങളായ ഫോബോസിന്‍െറയും ഡെയ്മോസിന്‍െറയും വര്‍ണചിത്രങ്ങള്‍ എടുക്കുന്ന കാമറയും പേടകത്തിലുണ്ട്.
ഇന്ത്യയില്‍ തയാറാക്കിയ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ച പര്യവേക്ഷണ പേടകമാണ് മംഗള്‍യാന്‍. പി.എസ്.എല്‍.വി -സി 25 റോക്കറ്റിന്‍െറ സഹായത്തോടെയാണ് പേടകം വിക്ഷേപിച്ചത്. 1350 കിലോഗ്രാം ഭാരമുണ്ട് മംഗള്‍യാന്. ഇതില്‍ 850 കിലോഗ്രാം ഇന്ധനത്തിന്‍െറ ഭാരമായിരുന്നു. അതില്‍ 190 കിലോഗ്രാം ഇന്ധനം ഭൗമഭ്രമണപഥത്തില്‍നിന്ന് സൗരഭ്രമണപഥത്തിലേക്ക് തിരിച്ചുവിടാന്‍ ചെലവായി. ഒന്നര മീറ്റര്‍ വീതം വീതിയും നീളവും പൊക്കവുമുള്ള പെട്ടിയിലാണ് പേടകത്തിന്‍െറ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ളത്. അലൂമിനിയം പാളികളും പ്രത്യേക പ്ളാസ്റ്റിക്കിന്‍െറ പാളികളും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.
ലിക്വിഡ് അപ്പോജി മോട്ടോര്‍ (ലാം) എന്ന ദ്രവയിന്ധന എന്‍ജിനുപയോഗിച്ചാണ് പേടകം നിയന്ത്രിക്കുന്നത്. കൂടാതെ, ത്രസ്റ്ററുകള്‍ എന്നു പറയുന്ന എട്ട് ചെറിയ എന്‍ജിനുകളുമുണ്ട്. ഉന്നതി സൂക്ഷിക്കാനും പഥം തിരുത്താനുമാണ് ത്രസ്റ്ററുകള്‍. പേടകത്തിന്‍െറ ഭ്രമണപഥ ക്രമീകരണമായിരുന്നു യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ മൂന്നാമത്തേതും അവസാനത്തേതുമായ പഥക്രമീകരണമാണ് തിങ്കളാഴ്ച പൂര്‍ത്തിയാക്കിയത്. ലാം പരീക്ഷണാര്‍ഥം നാലു സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ലാം ഇതിനു മുമ്പ് പ്രവര്‍ത്തിച്ചത് 2013 ഡിസംബര്‍ ഒന്നിനാണ്. എന്‍ജിനുകളുടെ ശേഷി കണക്കാക്കുന്നത് ന്യൂട്ടന്‍ എന്ന യൂനിറ്റിലാണ്. ലാമിനു 440 ന്യൂട്ടന്‍ ശേഷിയുണ്ട്. ത്രസ്റ്ററുകളില്‍ ഓരോന്നിനും 22 ന്യൂട്ടന്‍ ശേഷിയുണ്ട്. മോണോമീഥൈല്‍ ഹൈഡ്രസീനും ജ്വലന സഹായികളായി നൈട്രജന്‍ ഓക്സൈഡുകളും ചേര്‍ന്നതാണ് പേടകത്തിലെ ഇന്ധനം. 852 കിലോ ഇന്ധനമായിരുന്നു വിക്ഷേപണ സമയത്ത് പേടകത്തിലുണ്ടായിരുന്നത്. നിലവില്‍ 290 കിലോ ഇന്ധനമാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കയറാന്‍ 240 കിലോ ഇന്ധനം ചെലവാകും.
പ്രധാനമായും രണ്ട് ആന്‍റിനകളാണ് സന്ദേശ കൈമാറ്റത്തിനായി പേടകത്തിലുള്ളത്. മീഡിയം ഗെയ്ന്‍ ആന്‍റിന പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കാക്കാനാണ് ഉപയോഗപ്പെടുത്തുക. തുടര്‍ന്നുള്ള ആറുമാസക്കാലത്തെ വിവിധ പരീക്ഷണങ്ങള്‍ക്കായി ഹൈ ഗെയ്ന്‍ ആന്‍റിന ഉപയോഗിക്കും. ഡിഷ് ആന്‍റിനയെപ്പോലിരിക്കുന്ന ഇതിന്‍െറ വലുപ്പം 2.2 മീറ്ററാണ്. കൂടാതെ, മറ്റു ആവശ്യങ്ങള്‍ക്കായി ലോ ഗെയ്ന്‍ ആന്‍റിനയുമുണ്ട്. മംഗള്‍യാനെ നിയന്ത്രിക്കുന്ന ബംഗളൂരുവിലെ പീനിയയിലെ ഇസ്ട്രാകില്‍നിന്നുള്ള (ISRO Telemetry Tracking and Command Network) സന്ദേശങ്ങളും ഡാറ്റകളും  സ്വീകരിക്കുന്നതിനും പേടകത്തില്‍നിന്ന് തിരിച്ചയക്കുന്നതിനുമാണ് ഈ ആന്‍റിനകള്‍.
850 വാട്ട് ഉല്‍പാദനശേഷിയുള്ള സൗരോര്‍ജ പാനലാണ് പേടകത്തിലെ വൈദ്യുതിയുടെ സ്രോതസ്സ്. 1.8 മീറ്റര്‍ നീളവും 1.4 മീറ്റര്‍ വീതിയുമുള്ള മൂന്ന് പാനലുകള്‍ ഒരു ചിറകുപോലെ ഒരു വരിയില്‍ ഘടിപ്പിച്ചതാണിത്. ലിഥിയം-അയോണ്‍ ബാറ്ററികളിലാണ് പാനലില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കുന്നത്. പേടകത്തിന്‍െറ ഭ്രമണപഥവും ഉന്നതിയും തിരിച്ചറിയാന്‍ പേടകത്തിലുള്ള രണ്ടു നക്ഷത്ര സെന്‍സറുകളും സൗരപാനല്‍ സെന്‍സറും സഹായിക്കുന്നു. ചൊവ്വയെ വലംവെച്ചുവരുന്ന ആറുമാസക്കാലം പരീക്ഷണങ്ങള്‍ നടത്താനായി അഞ്ച് പേലോഡുകളാണ് പേടകത്തിലുള്ളത്.  ചൊവ്വയോട് ഏറ്റവും അടുക്കുമ്പോള്‍ ദൂരം 372 കിലോമീറ്ററും ഏറ്റവും അകലുമ്പോള്‍ 80,000 കിലോമീറ്ററുമായിരിക്കും അകലം. ലൈന്‍മാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ (ലാപ്), മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് (എം.എസ്.എം) എന്നീ പേലോഡുകള്‍ ചൊവ്വയുടെ അന്തരീക്ഷ പഠനത്തിനുള്ളതാണ്. ഹൈഡ്രജന്‍െറയും ഡ്യൂറ്റേറിയത്തിന്‍െറയും സാന്ദ്രത അറിയാനും അന്തരീക്ഷത്തില്‍ മിഥെയ്ന്‍െറ സാന്നിധ്യം കണ്ടത്തൊനുമാണിത്. ചൊവ്വയില്‍ ജീവന്‍െറ കണികയുമുണ്ടോ എന്നറിയുന്നതിലേക്ക് നയിക്കുന്നതാണ് മീഥെയ്ന്‍ സാന്നിധ്യം. ചൊവ്വ അന്തരീക്ഷത്തിന്‍െറ ഉയര്‍ന്ന തലങ്ങളില്‍ എന്തൊക്കെയുണ്ടെന്ന് പഠിക്കാന്‍ സഹായിക്കുന്നതാണ് മാര്‍സ് എക്സോഫെറിക് ന്യൂടല്‍ കോമ്പോസിഷന്‍ അനലൈസര്‍. ചൊവ്വാഗ്രഹത്തിന്‍െറയും ഉപഗ്രഹങ്ങളായ ഫോബോസിന്‍െറയും ഡെയ്മോസിന്‍െറയും വര്‍ണചിത്രങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്ന കാമറകളാണ് മാര്‍സ് കളര്‍ കാമറ (എം.സി.സി) പേലോഡിലുള്ളത്. തെര്‍മല്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോ മീറ്റര്‍ ഗ്രഹത്തിന്‍െറ മേല്‍മണ്ണിലെ ധാതുക്കളെ അറിയുന്നതിന് സഹായിക്കും.

ദലിതുകളെ ‘സൃഷ്ടിച്ചത്’ വിദേശ അധിനിവേശകര്‍; ചരിത്രം തിരുത്തിയെഴുതി ആര്‍.എസ്.എസ്

Posted: 22 Sep 2014 01:54 PM PDT

Image: 

ന്യൂഡല്‍ഹി: ദലിത് ജാതികളേയും ഉപജാതികളേയും പ്രീണിപ്പിക്കാനുള്ള പുത്തന്‍ ആവേശത്തിന്‍െറ ഭാഗമായി ആര്‍.എസ്.എസ് ചരിത്രം തിരുത്തിയെഴുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തിന്‍െറ ചിറകിലേറി, ഹൈന്ദവതയുടെ പൊതു ചരടില്‍ കോര്‍ത്ത ‘ഹിന്ദു സ്വത്വം’ നിര്‍മിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ചരിത്രം വളച്ചൊടിക്കുന്നത്.
ദലിതുകളുടേയും മറ്റു പിന്നാക്ക ജാതികളുടേയും ഉദ്ഭവം മധ്യകാലഘട്ടത്തിലെ ‘മുസ്ലിം അധിനിവേശ’ത്തിന്‍െറ ഫലമായാണെന്ന സിദ്ധാന്തവുമായി മൂന്നു മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തത്തെി.
ഈ സിദ്ധാന്തം അടുത്തിടെ പുറത്തിറങ്ങിയ മൂന്നു പുസ്തകങ്ങളിലും ഉന്നയിക്കുന്നുണ്ട്. ബി.ജെ.പി വക്താവ് വിജയ് സോങ്കര്‍ ശാസ്ത്രി രചിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പ്രകാശനംചെയ്ത ‘ഹിന്ദു ചര്‍മകര്‍ ജാതി’, ‘ഹിന്ദു ഖാതിക് ജാതി’, ‘ഹിന്ദു വാല്മീകി ജാതി’ എന്നീ പുസ്തകങ്ങള്‍ ഇക്കാര്യം ഉന്നയിക്കുന്നു. ഹിന്ദു മതത്തില്‍ നേരത്തേ ഇത്തരം ജാതികള്‍ ഉണ്ടായിരുന്നില്ളെന്നും വിദേശ അധിനിവേശകരുടെ അതിക്രമങ്ങള്‍ കാരണമായാണ് ദലിത് ജാതികള്‍ ഉണ്ടായതെന്നുമാണ് ഇവരുടെ വാദം.
ഹൈന്ദവ വേദങ്ങള്‍ പ്രകാരം ശൂദ്രര്‍ ഒരിക്കലും തൊട്ടുകൂടാത്തവരായിരുന്നില്ളെന്ന് ആര്‍.എസ്.എസ് അധികാര ശ്രേണിയില്‍ രണ്ടാമനായ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. മധ്യകാലത്തെ ‘മുസ്ലിം അതിക്രമങ്ങ’ളുടെ ഫലമായാണ് തൊട്ടുകൂടാത്തവരും ദലിതുകളും ഇന്ത്യന്‍ മുസ്ലിംകളുമെല്ലാം ഉടലെടുത്തത്.
‘ചാന്‍വര്‍വംശ ക്ഷത്രിയ’രുടെ ഹൈന്ദവാഭിമാന ബോധത്തെ തകര്‍ക്കുന്നതിനായി, ഗോമാംസഭുക്കുകളായ മുസ്ലിം ഭരണാധികാരികള്‍ അവരെക്കൊണ്ട് പശുവിനെ കൊല്ലുക, തൊലിയുരിക്കുക, മാംസാവശിഷ്ടങ്ങള്‍ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുക തുടങ്ങിയ അറപ്പുളവാക്കുന്ന ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ഹിന്ദു തടവുകാരെ ശിക്ഷയെന്ന നിലയില്‍ ഇത്തരം ജോലികള്‍ നല്‍കി വിദേശ അധിനിവേശകര്‍ തൊലിയെ അടിസ്ഥാനമാക്കിയുള്ള ജാതികള്‍ സൃഷ്ടിച്ചുവെന്ന് ജോഷി പറഞ്ഞു.
തുര്‍ക്കി, മുസ്ലിം, മുഗള്‍ കാലഘട്ടത്തിലാണ് ദലിതുകളുടെ ഉദ്ഭവമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് സുരേഷ് സോണി അഭിപ്രായപ്പെട്ടു. മധ്യകാല മുസ്ലിം ഭരണത്തിന് കീഴില്‍  ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളുടെ ഫലമായാണ് ഇന്നത്തെ പിന്നാക്ക ജാതികളായ വാല്മീകി, സുദര്‍ശന്‍, മജാബി സിഖ്, മറ്റു 624 ഉപജാതികള്‍ എന്നിവ ഉടലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രാതീത, വേദ കാലഘട്ടത്തില്‍ പിന്നാക്ക ജാതിയായ ഖാതിക് വിഭാഗങ്ങള്‍ ബ്രാഹ്മണരായാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നും അവര്‍ ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ആര്‍.എസ്.എസ് സഹ കാര്യവാഹക് കൃഷ്ണ ഗോപാല്‍ പറഞ്ഞു. മുസ്ലിം അധിനിവേശത്തിന് മുമ്പ് ഇന്ത്യയില്‍ പന്നിവളര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. തങ്ങളുടെ മതത്തെ പ്രതിരോധിക്കുന്നതിന്‍െറ ഭാഗമായാണ് ഹിന്ദുക്കള്‍ ഇത്തരമൊരു തൊഴില്‍ സ്വീകരിച്ചതെന്നും കൃഷണ്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു.
വൈകിയാണ് ഈ മേഖലയില്‍ ആര്‍.എസ്.എസ് ഗവേഷണത്തിലേര്‍പ്പെടുന്നത്. ഇതിന്‍െറ ഭാഗമായി ആര്‍.എസ്.എസ് അനുബന്ധ സംഘടന 100ലേറെ ചരിത്രകാരന്മാരുടെ യോഗം വിളിച്ചിരുന്നു. ചരിത്രാലേഖനവും അതിന് ‘ശരിയായ’ പരിപ്രേക്ഷ്യം നല്‍കുന്നതിനാവശ്യമായ മാറ്റങ്ങളുമാണ് യോഗം ചര്‍ച്ചചെയ്തത്. ജാതിക്കും ഉപജാതിക്കും അതീതമായ പൊതു ഹിന്ദു സ്വത്വമെന്നത് ദശകങ്ങളായുള്ള ആര്‍.എസ്.എസ് ലക്ഷ്യമാണ്. ഉന്നത ജാതിക്കാരുടെ സംഘടനയായി ഉയര്‍ത്തിക്കാട്ടപ്പെടുമ്പോഴും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തിന് കീഴില്‍ ദലിത്, പിന്നാക്ക ജാതികളിലേക്ക് വേരൂന്നാനുള്ള തീവ്ര ശ്രമത്തിലാണ് ആര്‍.എസ്.എസ്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP