സ്വാഗതം
WELCOME

News Update..

Monday, September 22, 2014

ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്: സല്‍മാന് ജാമ്യം Madhyamam News Feeds

ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്: സല്‍മാന് ജാമ്യം Madhyamam News Feeds

Link to

ദേശീയഗാനത്തെ അപമാനിച്ചെന്ന കേസ്: സല്‍മാന് ജാമ്യം

Posted: 22 Sep 2014 12:07 AM PDT

Image: 

തിരുവനന്തപുരം: സിനിമാ തിയേറ്ററില്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റിലായ സല്‍മാന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു മാസം മുമ്പാണ് സല്‍മാനെ അറസ്റ്റ് ചെയ്തത്. കേസില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചപ്പോഴും സല്‍മാന്‍ തടവില്‍ തുടരുകയായിരുന്നു.

കഴിഞ്ഞ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം നിള നിയേറ്ററില്‍ പ്രദര്‍ശനത്തിന് മുന്നെയുള്ള ദേശീയ ഗാനത്തിന്‍െറ സമയത്ത് സല്‍മാന്‍ അടക്കമുള്ളവര്‍ എഴുന്നേറ്റ് നിന്നി െല്ലന്നാണ് കേസ്. ദേശീയ ഗാന സമയത്ത് ഇവര്‍ കൂവിയെന്നും ആരോപണമുണ്ട്. സംഭവത്തത്തെുടര്‍ന്ന് പിറ്റേദിവസം രാത്രിയാണ് സല്‍മാനെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ എന്നീ വകുപ്പുകളാണ് സല്‍മാനെതിരെ ചുമത്തിയത്. സല്‍മാനൊപ്പം കേസില്‍ ഉള്‍പ്പെട്ട ഹരിഹരശര്‍മക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. സല്‍മാന്‍െറ ജാമ്യത്തിനുവേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

സല്‍മാനെതിരെ കള്ളക്കേസ് ചുമത്താന്‍ ഐ.ടി, രാജ്യദ്രോഹ നിയമങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. കേസുകള്‍ പിന്‍വലിച്ച് സല്‍മാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ^ഇന്ത്യ കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍ എന്നിവര്‍ അറസ്റ്റിനെ അപലപിച്ചിരുന്നു.
 

വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി

Posted: 22 Sep 2014 12:00 AM PDT

Image: 

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളക്കരത്തിന്‍െറ സ്ളാബുകള്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കണം. 20,000 ലിറ്റര്‍ വരെ വെള്ളക്കരം കൂട്ടരുത്. നികുതി കുടിശിക
പിരിച്ചെടുക്കുന്നത് ഊര്‍ജിതമാക്കണം. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ നികുതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ എര്‍പ്പെടുത്തിയ അധിക നികുതി നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം സുധീരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അധിക ഭാരമേല്‍ക്കാത്തതും സര്‍ക്കാറിന് സാഹായകമായ വിധത്തിലുള്ള നിര്‍ദേങ്ങള്‍ സമര്‍പ്പിക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.

ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ചു

Posted: 21 Sep 2014 11:58 PM PDT

അടൂര്‍: അതിപുരാതനമായ പള്ളിക്കല്‍ ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്രത്തിന്‍െറ ശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ചു. അപൂര്‍വമായ ഗര്‍ഭഗൃഹ വട്ടശ്രീകോവിലാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.15ന് മേല്‍ശാന്തി അരുണ്‍ ഭട്ടതിരി ക്ഷേത്രത്തിലത്തെിയപ്പോള്‍ ശ്രീകോവിലിന്‍െറ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ചുറ്റമ്പലത്തിലെ തിടപ്പള്ളി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ശ്രീകോവില്‍ മുഴുവന്‍ കത്തിയമര്‍ന്നത് കണ്ടത്.
ശ്രീകോവിലിന്‍െറ മേല്‍ക്കൂരയും മറ്റും പൂര്‍ണമായും കത്തി നിലത്തുവീണിരുന്നു. മേല്‍ശാന്തിയാണ് ക്ഷേത്രമാനേജരെ വിവരം അറിയിച്ചത്. കിഴക്കോട്ട് ദര്‍ശനമുള്ള മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറോട്ട് ദര്‍ശനമുള്ള പാര്‍വതീദേവി പ്രതിഷ്ഠയുമാണ് ഇവിടെയുള്ളത്. അടൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മഹാദേവ പ്രതിഷ്ഠക്കുമുന്നിലെ കെടാവിളക്ക് അണയുകയോ കെടാവിളക്കില്‍നിന്ന് തീ പടരുകയോ ചെയ്തിരുന്നില്ല. തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാല കരിയുകയോ ഉടയാടക്ക് തീപിടിക്കുകയോ ചെയ്യാതിരുന്നത് സംശയത്തിന് ഇടവരുത്തുന്നതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
ചുറ്റമ്പലത്തിലെ നാലുവശവുമുള്ള വാതിലുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ശ്രീകോവിലിനുള്ളിലെ പാര്‍വതിദേവി പ്രതിഷ്ഠയുടെ നടുഭാഗം രണ്ടായി മുറിഞ്ഞിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ഭക്തര്‍ രാവിലെ തന്നെ ക്ഷേത്രത്തില്‍ തടിച്ചുകൂടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വൈകുന്നേരം ആറുവരെ ക്ഷേത്രവിശ്വാസികളുടെ ആഹ്വാനപ്രകാരം പള്ളിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.

സബ്സിഡി ഭക്ഷ്യസാധനങ്ങള്‍ നീതി ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിച്ചു

Posted: 21 Sep 2014 11:44 PM PDT

ഹരിപ്പാട്: വരുമാനക്കുറവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കേണ്ട ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ ഉപയോഗശൂന്യമായി.
കണ്‍സ്യൂമര്‍ഫെഡിന്‍െറ നിയന്ത്രണത്തിലെ ഡാണാപ്പടിയിലെ നീതി ഗോഡൗണിലാണ് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഗോഡൗണ്‍ പരിശോധിക്കുകയും കേടായ ബിരിയാണി അരി, ഗോതമ്പ് നുറുക്ക്, മുളക്, തുവരപ്പരിപ്പ് എന്നിവ വിതരണം ചെയ്യരുതെന്നും നശിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ഇവ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യോപയോഗത്തിനല്ലാതെ വില്‍ക്കുകയോ ചെയ്യാന്‍ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച് ഗോഡൗണ്‍ മാനേജര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കുകയും ഇതുപ്രകാരം പൊള്ളാച്ചിയിലെ സുബ്രഹ്മണ്യത്തിന് സാധനങ്ങള്‍ വില്‍പന നടത്തി.
ശനിയാഴ്ച രാവിലെ സാധനങ്ങള്‍ കയറ്റുന്നതിനിടെ ഒരുകൂട്ടം ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. എട്ടരലക്ഷം രൂപ വിലമതിക്കുന്ന പലചരക്കുസാധനങ്ങളാണ് കേടായതെന്നും ഗോഡൗണിന്‍െറ സംഭരണശേഷിയില്‍ അധികം സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചതും കാര്യക്ഷമമായി വിതരണം ചെയ്യാത്തതുമാണ് ഇതിന് കാരണമെന്നും ഇവര്‍ ആരോപിച്ചു.
കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങള്‍ വില്‍പന നടത്തിയതെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഇവ വളം നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയുള്ളൂവെന്നുമാണ് സീനിയര്‍ മാനേജര്‍ സുനില്‍കുമാര്‍ പറഞ്ഞത്.
എന്നാല്‍, ഇത് ശരിയല്ളെന്നും കരാറുകാരന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈക്കൂലി നല്‍കിയാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയതെന്നും ഇതിന്‍െറ ഏറിയ പങ്കും നല്ല സാധനങ്ങളുടെ കൂടെ കലര്‍ത്തി പൊതുവിപണിയില്‍ വില്‍ക്കാനാണ് ഉദ്ദേശമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. തുവര 32 ചാക്ക്, 200 ചാക്ക് മുളക്, 322 ചാക്ക് റവ, ഗോതമ്പ് നുറുക്ക് തുടങ്ങിയവ കിലോക്ക് ഒരു രൂപ നിരക്കിലാണ് കരാര്‍ അടിസ്ഥാനത്തില്‍ വിറ്റത്.
സമാന സംഭവം മൂന്നുവര്‍ഷം മുമ്പ് ഗോഡൗണില്‍ നടന്നിരുന്നു. അന്ന് രണ്ടുലോഡ് അരി കെട്ടിക്കിടന്ന് നശിക്കുകയും രാത്രി ആരും അറിയാതെ ഗോഡൗണ്‍ പരിസരത്ത് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയത് വിവാദമായിരുന്നു.

ദീപികയുടേത് കാപട്യമെന്ന് ടൈംസ്; വാക് യുദ്ധം മുറുകുന്നു

Posted: 21 Sep 2014 11:27 PM PDT

Image: 

ന്യൂദല്‍ഹി: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ തികഞ്ഞ കാപട്യക്കാരിയാണെന്ന ആക്രമണവുമായി ടെംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ്. ദീപികയുടെ നഗ്നത കാണിക്കുന്ന ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് നടിയും ഇന്ത്യയിലെ പ്രമുഖ ദിനപത്രവും കൊമ്പുകോര്‍ക്കുന്നത്. ദീപിക മാറ് കാണിക്കുന്ന രീതിയിലായിരുന്നു ചിത്രം.

ഇതിനെതിരെ  രൂക്ഷമായി തന്നെ ദീപിക പ്രതികരിച്ചു. താന്‍ സ്ത്രീയാണെന്നും തനിക്ക് മാറുണ്ടെന്നും അതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്നമെന്നുമായിരുന്നു ദീപികയുടെ ചോദ്യം. ദീപികക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്ത് വന്നതോടെ ടൈംസ് ഓഫ് ഇന്ത്യ പ്രതിരോധത്തിലായി. തങ്ങള്‍ കൊടുത്ത ചിത്രം താങ്കള്‍ക്ക് അംഗീകാരമല്ളേ എന്ന് ചോദിച്ച് ടൈംസ് തല്‍ക്കാലം തടിയൂരാന്‍ നോക്കി.

എന്നാല്‍, കൂടുതല്‍ ആക്രമണവുമായി ദീപിക വീണ്ടും ആഞ്ഞടിച്ചു. സ്ത്രീകളെ ബഹുമാനിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കി വില കുറഞ്ഞ തലക്കെട്ടുകള്‍ നല്‍കുന്നതിനു പകരം അവരോട് അല്‍പം ആദരവ് കാണിച്ചുകൂടെയെന്നും ദീപിക ഫേസ്ബുക്കിലൂടെ ചോദിക്കുകയുണ്ടായി. നടി എന്ന നിലയില്‍ എന്‍െറ തൊഴിലിനെ കുറിച്ച് അജ്ഞയല്ല. അഭിനയിക്കുന്ന കഥാപാത്രത്തിനു വേണ്ടി ചിലപ്പോള്‍ അടി മുതല്‍ മുടി വരെ വസ്ത്രം ധരിക്കേണ്ടി വരും. ചിലപ്പോള്‍ നഗ്നയാവേണ്ടിയും വരും. അത് എന്‍െറ ഇഷ്ടമാണ്. ഈ തൊഴില്‍ ‘റീല്‍’ ആണ്. ‘റിയല്‍’ അല്ല. എന്നാല്‍, ടൈംസ് ചെയ്തിരിക്കുന്നത് കഥാപാത്രത്തിനു വേണ്ടി ധരിച്ച വേഷം പ്രദര്‍ശിപ്പിച്ച് തന്നെ വിലകുറിച്ച് കാണിക്കുകയായിരുന്നു. ഏതെങ്കിലും നടനെ ഇങ്ങിനെ ചിത്രീകരിക്കുമോ എന്നും അവര്‍ ചോദിക്കുകയുണ്ടായി.

ദീപികയുടെ മാധ്യമ വിമര്‍ശനം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായി. ടൈംസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രതികരണം ഉണ്ടായത്.

എന്നാല്‍, ദീപികയുടെ ധാര്‍മിക ബോധം വെറും കാപട്യമാണെന്ന വാദവുമായി ടൈംസ് ഇന്ന് തിരിച്ചടിച്ചൂ. വിവിധ മാഗസിനുകളില്‍ വന്ന ദീപികയുടെ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ടൈംസിന്‍െറ പ്രത്യാക്രമണം. ‘ദീപിക, ഞങ്ങളുടെ വീക്ഷണം ഇതാണ്’ എന്നു തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ ഓണ്‍ലൈനില്‍ നല്‍കിയ റിപോര്‍ട്ടില്‍ തങ്ങള്‍ ദീപികയുടെ സ്വകാര്യത ലംഘിച്ചിട്ടില്ളെന്ന് അവകാശപ്പെടുന്നു.

ലോകത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ ടൈംസ് ഓഫ് ഇന്ത്യക്ക് ഓണ്‍ലൈന്‍, പത്രം, ടി.വി തുടങ്ങി വിവിധ സ്ഥാപനങ്ങളുണ്ട്. ഓരോ മാധ്യമങ്ങളിലും നല്‍കുന്ന റിപോര്‍ട്ടുകളില്‍ വ്യത്യസ്ത സമീപനമാണുള്ളത്. അത് അതിന്‍െറ വായനക്കാര്‍ക്കനുസരിച്ചാണെന്ന് ടൈംസ് അവകാശപ്പെടുന്നു.  റീലും റിയലും വ്യത്യാസമുണ്ടെന്ന ദീപികയുടെ വാദം പൊള്ളയാണ്. മാഗസിനുകളിലെ കവര്‍ ചിത്രങ്ങള്‍ക്കും സ്റ്റേജ് ഡാന്‍സുകള്‍ക്കും പോസ് ചെയ്യുമ്പോള്‍ ഈ തത്വം ബാധകമല്ളേയെന്ന ചോദ്യത്തോടൊപ്പം ദീപികയുടെ വിവിധ കവര്‍ ചിത്രങ്ങളുടെ ഫോട്ടോയും ഓണ്‍ലൈന്‍ നല്‍കിയിട്ടുണ്ട്.

നികുതിവര്‍ധനവ് കേന്ദ്രവിഹിതം ലഭിക്കാത്തതിനാലെന്ന് മാണി

Posted: 21 Sep 2014 11:18 PM PDT

Image: 

കോട്ടയം: കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എം. മാണി. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8,100 കോടി ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1,110 രൂപ കുറച്ച് 7,000 കോടി മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷവും ഇത്രയും തുക മാത്രമേ ലഭിക്കു. 2,200 കോടിയുടെ ഈ കുറവ് നികത്താനാണ് നികുതി വര്‍ധിപ്പിച്ചതെന്നും മാണി പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. മദ്യനയവും നികുതി വര്‍ധനവുമായി കൂട്ടിക്കുഴക്കേണ്ട. വെള്ളക്കരം കുറക്കണമെന്ന ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്നും മാണി പറഞ്ഞു. അധിക നികുതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ധനമന്ത്രാലയം ഒറ്റക്കെടുത്ത തീരുമാനമല്ല ഇതെന്ന് മാണി വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസ് :സ്ക്വാഷില്‍ ദീപിക പള്ളിക്കലിന് വെങ്കലം

Posted: 21 Sep 2014 11:02 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന ദീപിക പള്ളിക്കലിന് സെമിയില്‍ അടിപതറി. വനിതാ വിഭാഗം സ്ക്വാഷില്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോടാണ്  ദീപിക തോല്‍വി വഴങ്ങിയത്.  സെമയില്‍ തോല്‍വി നേരിട്ട ദീപികക്ക് വെങ്കല മെഡല്‍ ലഭിക്കും.
ലോക ഒന്നാം നമ്പര്‍ താരമായ നിക്കോള്‍ ഡേവിസിനോട് മൂന്ന് ഗെയിമുകളും ദീപിക നഷ്ടപ്പെടുത്തി. സ്കോര്‍ 4-11,4-11,5-11 . ക്വാര്‍ട്ടറില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സുവര്‍ണ നേട്ടത്തിലെ പങ്കാളിയായ ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തിയാണ് ദീപിക സെമിയില്‍ കടന്നത്.

ഏഷ്യന്‍ ഗെയിംസിന്‍്റെ വനിതാ വോളിബോളില്‍ ഇന്ത്യ ജപ്പാനോട് തോറ്റു.  പ്രാഥമിക റൗണ്ടില്‍പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടും ഇന്ത്യ തോറ്റിരുന്നു.

ദീപികയുടെ  മെഡലോടെ  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം ആറായി. വനിതകളുടെ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡല്‍. ഹീന സിദ്ധു, രാഹി സ്വര്‍ണോബാദ്, അനീസ സൈദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.  

അതേസമയം  25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ രാഹി സ്വര്‍ണോബാദ് മാത്രമാണ് സെമി ഫൈനലിന് യോഗ്യത നേടി. എട്ടാം സ്ഥാനത്താണ് രാഹി ഫിനിഷ് ചെയ്തത്. അനീസ സൈദ് പത്താം സ്ഥാനത്തും ഹീന സിദ്ധു പതിനേഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വ്യക്തിഗത, ടീം ഇനങ്ങളില്‍  ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. വ്യക്തിഗത ഇനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ അയോണിക്ക പോളിന് ഏഴാമതത്തൊനെ കഴിഞ്ഞുള്ളൂ. ടീമിനത്തില്‍ ആറാമതായാണ് അയോണിക്ക ഉള്‍പ്പെടുന്ന ടീം ഫിനിഷ് ചെയ്തത്.

'ഹിന്ദു' എന്ന വാക്ക് മുസ്‌ലിംകള്‍ കണ്ടുപിടിച്ചതെന്ന് വീരപ്പമൊയ് ലി

Posted: 21 Sep 2014 10:00 PM PDT

Image: 

ബംഗളൂരു: 'ഹിന്ദു' എന്ന വാക്ക് മധ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ കണ്ടുപിടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ് ലി. ഇന്ത്യയിലുള്ളവരെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഹിന്ദുവെന്ന വാക്ക് ഉപയോഗിച്ചിരുന്നത്. വേദങ്ങളിലോ ഉപനിഷത്തുകളിലോ 'ഹിന്ദു' എന്ന വാക്കില്ലെന്നും മൊയ് ലി ചൂണ്ടിക്കാട്ടി. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മൊയ് ലിയുടെ പരാമര്‍ശം.

അതേസമയം, മൊയ് ലിയുടെ പരാമര്‍ശത്തിനെതിരെ ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ രംഗത്തെത്തി. പ്രശ്നങ്ങള്‍ വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മൊയ് ലി നടത്തരുതെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് ദേവഗൗഡ വ്യക്തമാക്കി. സമാധാന ജീവിതം ഇല്ലാതാക്കാന്‍ പുരാതന കാലഘട്ടത്തിലേക്കും മധ്യ കാലഘട്ടത്തിലേക്കും എന്തിനാണ് നമ്മള്‍ മടങ്ങി പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മോഷണക്കുറ്റമാക്കിയിട്ടും മണല്‍കൊള്ളക്ക് കുറവില്ല

Posted: 21 Sep 2014 09:50 PM PDT

ശ്രീകണ്ഠപുരം: അനധികൃത മണല്‍കടത്ത് മോഷണക്കുറ്റമാക്കിയിട്ടും മണല്‍കൊള്ളക്ക് കുറവില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ മിക്ക കടവുകളിലും രാപ്പകല്‍ ഭേദമന്യേ മണല്‍കൊള്ള തകൃതിയാണ്.
അംഗീകൃത കടവുകളില്‍ മണല്‍വാരല്‍ നിരോധം വന്നിട്ടുപോലും കാലവര്‍ഷം വകവെക്കാതെ മണല്‍മോഷ്ടാക്കള്‍ രംഗത്തുണ്ടായിരുന്നു. നേരത്തെ മണല്‍കടത്ത് പിടികൂടിയാല്‍ പെറ്റികേസ് മാത്രമാണുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് നാലുമാസം മുമ്പ് മണല്‍കൊള്ള മോഷണക്കുറ്റമാക്കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. മോഷണക്കുറ്റമാക്കിയതോടെ മണല്‍കടത്ത് വണ്ടിയും ഡ്രൈവറും ഉടമയുമെല്ലാം മോഷണക്കേസില്‍ പ്രതിയാകും. എന്നാല്‍, ഉന്നത രാഷ്ട്രീയ പിന്‍ബലത്തോടെയും ചില പൊലീസ് ഓഫിസര്‍മാരുടെ സഹായത്തോടെയും മണല്‍ മാഫിയകള്‍ പ്രവര്‍ത്തനം തുടരുകയാണ്. മോഷ്ടിച്ച് മണല്‍ കടത്തുന്ന ലോറികള്‍ക്ക് മുന്നില്‍ ബൈക്കില്‍ എസ്കോര്‍ട്ട് പോകുന്ന പതിവുണ്ട്. എവിടെയെങ്കിലും പൊലീസ് പരിശോധന കണ്ടാല്‍ എസ്കോര്‍ട്ട് ബൈക്കുകാരന്‍ മൊബൈല്‍ വഴി മണല്‍ ലോറിക്കാര്‍ക്ക് വിവരം കൈമാറി വണ്ടിയുടെ റൂട്ട് തിരിച്ചുവിട്ട് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
ചില കേന്ദ്രങ്ങളില്‍ പൊലീസ് സ്റ്റേഷനുകളില്‍ തന്നെ മണല്‍ മാഫിയകളുടെ ചാരന്മാരായ പൊലീസുകാരുണ്ട്. എസ്.ഐ വാഹനപരിശോധനക്കിറങ്ങുമ്പോള്‍ തന്നെ ചാരന്മാരായ പൊലീസുകാര്‍ വിവരം സന്ദേശം വഴി മണല്‍ മാഫിയക്ക് കൈമാറി മാസപ്പടി പറ്റുകയാണത്രെ. മലയോരത്തെ ഒരു പൊലീസ് സ്റ്റേഷനില്‍ മണല്‍മാഫിയയുടെ ഏജന്‍റായി പ്രവര്‍ത്തിച്ച്, ഒടുവില്‍ ഉന്നതര്‍ക്ക് വിവരം ലഭിച്ചതോടെ ഒരു പൊലീസുകാരന്‍ സ്ഥലംമാറ്റത്തിന് വിധേയനായിരുന്നു. വളപട്ടണം, മയ്യില്‍, ശ്രീകണ്ഠപുരം, പയ്യാവൂര്‍, പഴയങ്ങാടി, ഇരിക്കൂര്‍, മട്ടന്നൂര്‍, പരിയാരം, കുടിയാന്മല, ആലക്കോട്, ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളിലെല്ലാം മണല്‍കൊള്ള തകൃതിയാണ്. ഇതില്‍ മിക്കയിടത്തും അംഗീകൃത കടവുകളിലും അനധികൃത കടവുകളിലും മണല്‍കൊള്ള നടക്കുന്നുണ്ട്. വളപട്ടണത്ത് നേരത്തെ മണല്‍കൊള്ളക്കാരെ പിടികൂടിയ വിവാദത്തിനുശേഷം പൊലീസ് കാര്യമായി മണല്‍വേട്ട നടത്താറില്ളെന്ന് പറയുന്നു. ജില്ലയില്‍ ഏറ്റവുമധികം മണല്‍കൊള്ളക്കാരെ പിടികൂടുന്ന കേന്ദ്രമാണ് മയ്യില്‍ സ്റ്റേഷന്‍.
മയ്യില്‍ സ്റ്റേഷന്‍ പരിധിയിലെ നാറാത്ത്, കല്ലൂരിക്കടവ്, കമ്പില്‍, പെരുവങ്ങൂര്‍, കണ്ടക്കൈ കടവുകളിലെല്ലാം മണല്‍കൊള്ള വര്‍ധിച്ചതോടെ മയ്യില്‍ എസ്.ഐ ഇ.വി. ഫായിസ് അലി, എ.എസ്.ഐ ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന നടപടിയെടുത്തിരുന്നു. ഓട്ടോറിക്ഷ, ഓമ്നിവാന്‍, ടാറ്റാസുമോ, മിനിലോറി, പിക്ക്അപ്, കാര്‍ തുടങ്ങിയ വണ്ടികളെല്ലാം കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മണല്‍ മോഷ്ടിച്ച് കടത്തലിനിടെ മയ്യില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
ശ്രീകണ്ഠപുരം പൊലീസ് പരിധിയില്‍ ചെങ്ങളായി, മുങ്ങം, കൊവ്വപ്പുറം, കൊയ്യം, മണക്കാട്, മടമ്പം, കാഞ്ഞിലേരി, പടാരി, അമ്പത്താറ് മേഖലയിലെല്ലാം മണല്‍കൊള്ള പതിവാണ്. അലക്സ് നഗര്‍ റോഡില്‍ പൊലീസ്, മണല്‍വണ്ടി പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ മണല്‍ റോഡില്‍ തട്ടി പോയത് വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച ശ്രീകണ്ഠപുരം എസ്.ഐ സി.എച്ച്. ഉണ്ണികൃഷ്ണന്‍ ഐച്ചേരി റോഡില്‍ മണല്‍ലോറി പിടികൂടിയതിന് പിന്നാലെ കഴിഞ്ഞദിവസം കൊയ്യം കടവില്‍ വാരിക്കൂട്ടിയ നാല് ലോഡ് മണലും പിടികൂടിയിരുന്നു. പയ്യാവൂര്‍ പൊലീസ് പരിധിയിലെ കണ്ടകശ്ശേരി, പാറക്കടവ്, ചമതച്ചാല്‍ ഭാഗങ്ങളിലെല്ലാം വര്‍ഷങ്ങളായി മണല്‍കൊള്ള നടക്കുന്നുണ്ട്. പയ്യാവൂര്‍ എസ്.ഐ കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ മണല്‍കൊള്ളക്കെതിരെ നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം, മണല്‍ മോഷ്ടിച്ച് കടത്തിയ ടിപ്പര്‍ ലോറി പൊലീസ് പിന്തുടര്‍ന്നപ്പോള്‍ വീടിന്‍െറ ചുവരില്‍ പാഞ്ഞുകയറി അപകടത്തില്‍പെട്ടിരുന്നു. ഇവരെ പയ്യാവൂര്‍ പൊലീസ് പിടികൂടുകയും ചെയ്തു. മട്ടന്നൂര്‍, ഇരിക്കൂര്‍ പരിധിയില്‍ നിടുവള്ളൂര്‍, കാഞ്ഞിലേരി തിരൂര്‍, പഴശ്ശി, കുയിലൂര്‍, പടിയൂര്‍പൂവം, വെളിയമ്പ്ര, പൂക്കുണ്ട് തുടങ്ങിയ കടവുകളെല്ലാം മണല്‍മാഫിയകളുടെ പിടിയിലാണ്.
മട്ടന്നൂര്‍ സി.ഐ കെ.വി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ഒരുമാസമായി മണല്‍കൊള്ളക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചത്. പഴയങ്ങാടി, പരിയാരം മേഖലകളിലും മണല്‍മാഫിയക്കെതിരെ നിലവില്‍ പൊലീസ് കര്‍ശന നിലപാടെടുത്തിട്ടുണ്ട്. പരിയാരം എസ്.ഐ കെ. സുധീര്‍, എ.എസ്.ഐ കെ.പി.ടി. ജലീല്‍ എന്നിവര്‍ നിരവധി മണല്‍മോഷണ വണ്ടികള്‍ പിടികൂടിയിട്ടുണ്ട്. പൊലീസ് കര്‍ശനമായി നടപടി തുടരുമ്പോഴും മണല്‍മാഫിയ വീണ്ടും വിലസുന്നത് വന്‍ രാഷ്ട്രീയ പിന്‍ബലത്തോടെയാണെന്ന് പറയുന്നു. കലക്ടറും റവന്യൂ വകുപ്പുമെല്ലാം പലയിടത്തും മണല്‍കൊള്ളക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്തുതന്നെ ഏറ്റവുമധികം മണല്‍കൊള്ള നടക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി.
മോഷണക്കേസ് വന്നിട്ടും വണ്ടിയടക്കം നഷ്ടപ്പെട്ടിട്ടും മണല്‍കൊള്ളക്ക് അറുതിവരാത്തതിന് പിന്നില്‍ ആരാണെന്ന ചോദ്യവും ബാക്കിയാണ്. കരിഞ്ചന്തയില്‍ 18,000 മുതല്‍ 25,000 വരെ വിലയിലാണ് ഒരുലോഡ് മണല്‍ വില്‍ക്കുന്നത്.

ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജിത നടപടി

Posted: 21 Sep 2014 09:44 PM PDT

പാലക്കാട്: പട്ടികവര്‍ഗ മേഖലയിലെ വികസനമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചതായി പി.കെ. ബിജു എം.പി അറിയിച്ചു.
ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ കെ. രാമചന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചിറ്റൂര്‍ താലൂക്ക്, അട്ടപ്പാടി ബ്ളോക്ക്, പറമ്പിക്കുളത്തെ ആദിവാസി കോളനികള്‍ എന്നിവിടങ്ങളിലെ വികസന പ്രശ്നങ്ങള്‍ യോഗം വിലയിരുത്തി.
ഒക്ടോബര്‍ 16ന് പറമ്പിക്കുളത്ത് യോഗം ചേരാന്‍ തീരുമാനിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാലന്‍, പട്ടികവര്‍ഗ കോളനികളിലെ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഒക്ടോബര്‍ 16ന് പറമ്പിക്കുളം സെന്‍ട്രല്‍ വനംവകുപ്പിന്‍െറ ടൈഗര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ട്രൈബല്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
പറമ്പിക്കുളം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പ് തയാറാക്കിയ സമഗ്ര പ്രോജക്ട് റിപ്പോര്‍ട്ട് യോഗത്തില്‍ വിലയിരുത്തും.
പട്ടികവര്‍ഗക്കാര്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭ്യമാക്കണമെന്ന് പി.കെ.ബിജു എം.പി. നിര്‍ദേശിച്ചു. ചിറ്റൂര്‍ താലൂക്കിലെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കും. പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും ഗവ. ആശുപത്രികളില്‍ കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ചെമ്മണാംപതി-തേക്കടി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എം.പി ഫണ്ട് അനുവദിക്കും.
പറമ്പിക്കുളത്ത് ദേശസാത്കൃത ബാങ്കുകളുടെ എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും.
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചൂരുപാറ, മണ്ണെണ്ണക്കയം പ്രദേശത്തെ 26 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിക്കാത്തത് സംബന്ധിച്ച പരാതി യോഗം ചര്‍ച്ച ചെയ്തു. ചെമ്പകപാറയിലെ 23 കുടുംബങ്ങള്‍ക്ക് വൈദ്യുതി ഉടന്‍ ലഭ്യമാക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തംഗം ഡെയ്സി ജോസ്, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി. രഞ്ജിത്, ആലത്തൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി. അബ്ദുല്‍ ലത്തീഫ്, പറമ്പിക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.സി. ജോണ്‍സണ്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ആര്‍. നന്ദന്‍, ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ എ. അനുപമ, സാമൂഹികനീതി ഓഫിസര്‍ ഇന്‍ ചാര്‍ജ് ബിന്ദു ഗോപിനാഥ്, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ പി.എം. മുരളീധരന്‍, എ.ഡി.സി ജനറല്‍ എം.കെ. ഉഷ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. കൃഷ്ണദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. പ്രഭുദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, വകുപ്പ് മേധാവികളായ ടി.ആര്‍. പ്രവീണ്‍ദാസ്, ടി.കെ. രാജേന്ദ്രന്‍, എ.ആര്‍. സുഷമ, ഡോ. എസ്. വേണുഗോപാലന്‍ നായര്‍, ആര്‍. ജയചന്ദ്രന്‍, ബേബി ജോര്‍ജ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയന്തി, ജില്ലാ സപൈ്ള ഓഫിസ് സീനിയര്‍ സൂപ്രണ്ട് വി. അശോകന്‍, ബി. ഹരിഹരന്‍, സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ ഓഫിസിലെ പി. ശിവദാസ്, വി. ദാക്ഷായണി ജയശ്രീ, ടി.വി. ശ്രീകല, എം. ശ്രീധരന്‍, എസ്. ചന്ദ്രന്‍, കെ. മണി, ആര്‍.ജി. ഗണേശന്‍, കെ. ജയപ്രകാശ്, എം. കുട്ടപ്പന്‍, ബി. സെല്‍വന്‍ എന്നിവര്‍ സംസാരിച്ചു.

ടൂറിസത്തിന്‍െറ ഗുണങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കും –മന്ത്രി

Posted: 21 Sep 2014 09:41 PM PDT

പൊന്നാനി: ടൂറിസത്തിന്‍െറ ഗുണങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്ന വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍. പൊന്നാനി ബിയ്യം ബ്രിഡ്ജ് ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ക്ക് വലിയ സാധ്യതകളാണുള്ളത്. ആലപ്പുഴയിലും കുമരകത്തും ഈ പങ്കാളിത്തം കാണാം. ടൂറിസം പദ്ധതികള്‍ വരുമ്പോള്‍ പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാവണം. ഇതില്‍നിന്നുള്ള വരുമാനവും അവര്‍ക്ക് ലഭിക്കണം. ഗ്രാമീണ ജീവിതം അടുത്തറിയാനുള്ള ടൂറിസം ഈ വര്‍ഷം സംസ്ഥാനം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. പൊന്നാനിയില്‍ മറൈന്‍ മ്യൂസിയം അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയെയും മൂന്നാറിനെയും പോലെ പൊന്നാനിയെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്നും മന്ത്രി പറഞ്ഞു. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ എ.എക്സ് ഇ.പി. മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. ഇ. സിന്ധു, കെ.കെ. ബീരാന്‍കുട്ടി, സുലൈമാന്‍ മാന്തടം, രശ്മി വത്സന്‍, റീന വേലായുധന്‍, പൊന്നാനി നഗരസഭാ ചെയര്‍പേഴ്സന്‍ പി. ബീവി, പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സഫിയ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്‍റ് ടി.കെ. അബ്ദുല്‍ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എ.
എം. രോഹിത്, സി. വിജയലക്ഷ്മി, ഡി.ടി.പി.സി എക്സിക്യൂട്ടീവ് മെംബര്‍ കല്ലാട്ടേല്‍ ഷംസു, സി.പി. മുഹമ്മദ് കുഞ്ഞി, എം.വി. ശ്രീധരന്‍ മാസ്റ്റര്‍, എം. അബൂബക്കര്‍, സുശീല ചന്ദ്രന്‍, തഹസില്‍ദാര്‍ ഷിബു പി. പോള്‍, റഫീഖ് മാറഞ്ചേരി, ഇ. അബ്ദുന്നാസര്‍, വി.വി. കുഞ്ഞുണ്ണി, വി.പി. അലി എന്നിവര്‍ സംസാരിച്ചു.
കലക്ടര്‍ കെ. ബിജു സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ നന്ദിയും പറഞ്ഞു.

കൊടിയത്തൂരിലെ പത്രവിതരണത്തിന് ഇനി ‘മാധ്യമം ചെറിയാപ്പു’ ഉണ്ടാകില്ല

Posted: 21 Sep 2014 09:35 PM PDT

കൊടിയത്തൂര്‍: രണ്ടു പതിറ്റാണ്ടിലേറെയായി കൊടിയത്തൂരിലും പരിസരങ്ങളിലും 'മാധ്യമം' ഏജന്‍റായി പ്രവര്‍ത്തിച്ച കൊടിയത്തൂരിലെ നമ്പുതൊടി അബ്ദുല്‍ കരീം എന്ന 'മാധ്യമം ചെറിയാപ്പു' ഇനിമുതല്‍ പത്രക്കെട്ടുകള്‍ പൊട്ടിച്ച് വിതരണം ചെയ്യാന്‍ എത്തില്ല. കാലത്ത് നാലുമണിയോടെ സൗത് കൊടിയത്തൂര്‍ അങ്ങാടിയിലത്തെി വിതരണത്തിനുള്ള പത്രക്കെട്ടുകള്‍ എല്ലാം ശരിയാക്കി തന്‍െറ മോപ്പഡില്‍ അടുക്കിവെച്ച് വളരെ കൃത്യമായി വരിക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. ജീവിതത്തിന്‍െറ നാനാതുറകളിലും സാമ്പത്തിക അച്ചടക്കം ചെറിയാപ്പുവിന്‍െറ സവിശേഷതയായിരുന്നു. സൗമ്യപ്രകൃതക്കാരനായ അദ്ദേഹം ചെറുപുഞ്ചിരിയോടുകൂടിയായിരുന്നു എല്ലാവരെയും അഭിമുഖീകരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പത്രവിതരണം കഴിഞ്ഞ് തിരിച്ചത്തെി വീട്ടുവളപ്പിലെ പാഴ്മരത്തിന്‍െറ ശിഖരം വെട്ടിമാറ്റുന്നതിനിടെ അറ്റം നെഞ്ചത്തടിച്ച് തെറിച്ചുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. ഭാര്യയും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് മക്കളടങ്ങുന്നതാണ് കുടുംബം. ജീവിതത്തിന്‍െറ നാനാതുറകളിലുള്ള നൂറുക്കണക്കിനാളുകളാണ് മൃതദേഹം കാണാനത്തെിയത്. കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് ചെറിയാപ്പുവിന് നല്‍കിയത്. രാത്രി എട്ടിന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗത് കൊടിയത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഡോ. മീനാകുമാരി റിപ്പോര്‍ട്ട് നിയമമായാല്‍ മത്സ്യമേഖല തകരും

Posted: 21 Sep 2014 09:30 PM PDT

വലിയതുറ: ഡോ. മീനാകുമാരി അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മത്സ്യമേഖലക്ക് ഭീഷണി. പുതിയ മത്സ്യബന്ധനനിയമം സംസ്ഥാന പ്രതിസന്ധി രൂക്ഷമാക്കും. കേരളത്തിലെ പ്രമുഖ തീരങ്ങളില്‍ മത്സ്യലഭ്യതയില്‍ വന്‍കുറവുണ്ടെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പുതിയ സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലനനിയമം നടപ്പാക്കാന്‍ കേന്ദ്രമൊരുങ്ങുന്നത്.
മത്സ്യബന്ധനം നിയന്ത്രിക്കാന്‍ തീരക്കടലില്‍ നിശ്ചിത മേഖലയെ കരുതല്‍ മേഖലയായി (ബഫര്‍സോണ്‍) പ്രഖ്യാപിച്ച് കൊണ്ടുള്ള നിയമത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. തീരത്തിനടുത്ത് 200 മുതല്‍ 500 മീറ്റര്‍ വരെ ആഴം വരുന്ന മേഖലയെ കരുതല്‍ മേഖലയാക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മീനാകുമാരി അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ട്. ഇത് അംഗീകരിച്ച് നിയമമാക്കാനാണ് സാധ്യത.
ഇത് നടപ്പിലായാല്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. സംസ്ഥാനത്തെ ബോട്ടുകളില്‍ വലിയൊരു ഭാഗവും പ്രവര്‍ത്തിക്കുന്നത് സമിതി ചൂണ്ടിക്കാണിക്കുന്ന കരുതല്‍ മേഖലയിലാണ്.
നിലവില്‍ തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോ മീറ്റര്‍) പുറത്ത് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്ക് വിലക്കുണ്ട്. വിഭവപരിപാലനനയം രൂപവത്കരിക്കാതെയാണ് നിയമം നടപ്പാക്കാനൊരുങ്ങുന്നതെന്ന് ആക്ഷേപമുണ്ട്. കരട് ബില്ലിലെ വ്യവസ്ഥപ്രകാരം കടലില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരപരിധി 12 നോട്ടിക്കല്‍ മൈലാണ്. ഇതിനപ്പുറം 200 നോട്ടിക്കല്‍ മൈല്‍ വരെ പൂര്‍ണമായും കേന്ദ്ര സര്‍ക്കാറിന്‍െറ അധീനതയിലാണ്.
ഒപ്പം പ്രദേശത്തെ മത്സ്യമേഖലാ പരിപാലനവും സുരക്ഷയും കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെങ്കില്‍ യാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ പെര്‍മിറ്റും ലൈസന്‍സും നിര്‍ബന്ധമാണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പുറമെ തീരസംരക്ഷണസേനയോ മറ്റ് കേന്ദ്ര ഏജന്‍സികളോ ആയിരിക്കും പരിശോധിക്കുക. ലൈസന്‍സ് ഇല്ലാതെ ഈ മേഖലയില്‍ പ്രവേശിക്കുന്ന യാനങ്ങള്‍ പിടിച്ചെടുക്കാനും തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷം വരെ തടവിലിടാനും ഒമ്പത് ലക്ഷം വരെ പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കടലില്‍ ആഴം നിര്‍ണയിച്ച് അടയാളപ്പെടുത്താന്‍ ഒരു സംവിധാനവുമില്ല. കരുതല്‍മേഖല പ്രഖ്യാപിച്ചാല്‍ ഫലത്തില്‍ മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണമുണ്ടാകും. യാനങ്ങള്‍ എവിടെവരെ പോകാമെന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ലാത്തതിനാല്‍ നിയമലംഘനത്തിന്‍െറ പേരില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ കുറ്റക്കാരാവും.
ഇപ്പോള്‍ തന്നെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ നിരവധി മത്സ്യത്തൊഴിലാളികളാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത്. 2004ലെ സുനാമിക്കുശേഷം സംസ്ഥാനത്തെ കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞിരുന്നു. പുറമെ ട്രോളിങ് സമയം അന്യസംസ്ഥാന കപ്പലുകളും വിദേശകപ്പലുകളും സംസ്ഥാന തീരങ്ങളിലേക്ക് കടന്ന് മത്സ്യകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ വാരിപ്പോകുന്നതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യസമ്പത്ത് തേടി ആഴക്കടലില്‍ പോകേണ്ട അവസ്ഥയാണ്. ഇതിനിടയിലാണ് ഇടിത്തീയായി പുതിയ നിയമം വരാന്‍ പോകുന്നത്.

പ്രവാസി എഴുത്തുകാരുടെ ഗൃഹാതുരത്വം മാറണമെന്ന് പി. സുരേന്ദ്രന്‍

Posted: 21 Sep 2014 09:19 PM PDT

Image: 

മസ്കത്ത്: പ്രവാസി എഴുത്തുകാരുടെ രചനകളിലെ ഗൃഹാതുരത്വം മാറ്റണമെന്ന് പ്രസിദ്ധ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി സുരേന്ദ്രന്‍. പ്രവാസി എഴുത്തുകാര്‍ക്ക് അനന്തസാധ്യതകളാണുള്ളത്. വിവിധ രാജ്യക്കാരും സംസ്കാരങ്ങളുമായി ഇണങ്ങിജീവിക്കുന്ന ഇവര്‍ക്ക് ഭാഷക്ക് നിരവധി സംഭാവനകള്‍ നല്‍കാനാവും. പുതിയ ജീവിതാനുഭവങ്ങളുണ്ടാവുമ്പോള്‍ പുതിയ ഭാഷയുണ്ടാവും. നിളാതീരത്തിനും കേരളത്തിലെ ഹരിതഭംഗിക്കും കേരളീയ സ്വത്വങ്ങള്‍ക്കും സാഹിത്യത്തില്‍ ഇനി വലിയ സ്ഥാനമില്ല. കേരളത്തിലെ മികച്ച എഴുത്തുകാരെല്ലാം ഇവ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും ഇത് ആവര്‍ത്തിക്കുന്നത് ഭാഷ മരിക്കുന്നുവെന്ന തോന്നലുണ്ടാക്കും. ഗള്‍ഫിലും അമേരിക്കയിലും മറ്റും ജീവിക്കുന്ന പ്രവാസി മലയാളിക്ക് മികച്ച ജീവിതാനുഭവമുണ്ടാവും. മറ്റു ഭാഷകളില്‍ നിന്നും സംസ്കരത്തില്‍നിന്നും ലഭിക്കുന്ന ഇത്തരം അനുഭവങ്ങള്‍ മലയാള ഭാഷക്ക് മുതല്‍ക്കൂട്ടാക്കി മാറ്റാന്‍ പ്രവാസി എഴുത്തുകാര്‍ക്ക് കഴിയണം. ഫിലിപ്പിനോയുടെയും ആഫ്രിക്കന്‍ രാജ്യക്കാരുടെയും മറ്റും ജീവിതാനുഭവങ്ങള്‍ ഭാഷയിലത്തെുമ്പോള്‍ അത് ഭാഷക്ക് സംഭാവനകളാവും. പ്രവാസി ലോകത്തെ എഴുത്തുകാര്‍ പ്രാദേശിക എഴുത്തുകാരുടെയും സാഹിത്യകാരുടെയും കൂട്ടായ്മയുണ്ടാക്കണമെന്നും ഇത്തരം കൂട്ടായ്മകളിലൂടെ അതാത് രാജ്യങ്ങളിലെ സാഹിത്യവും സംസ്കാരവും അടുത്തറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ വൈവിധ്യങ്ങള്‍ നിറഞ്ഞതാവണം. മലയാള ഭാഷയില്‍ അന്യഭാഷയിലെ നിരവധി വാക്കുകളുണ്ട്. ബ്രാഹ്മണ ഭാഷയെന്ന ശുദ്ധ ഭാഷാപ്രയോഗം ഫാഷിസമാണ്. ഇത് ഭാഷക്ക് പരിക്കേല്‍പിക്കും. തിരുവനന്തപുരത്തുകാരന്‍െറയും തൃശൂരുകാരന്‍െറയും മലബാറുകാരുടെയും ഭാഷകളെ പരിഹസിക്കുന്നത് ശരിയല്ല. എല്ലാം ചേര്‍ന്നതാണ് ഭാഷ. ചെമ്മീന്‍, ഖസാകിന്‍െറ ഇതിഹാസം, സുല്‍ത്താന്‍ വീട് എന്നിവയിലെല്ലാം പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. ഭാഷയില്‍ കലര്‍പ്പ് ഭയക്കേണ്ടതില്ല. ഇതുകൊണ്ടാണ്, നാടോടിസാഹിത്യം ശക്തമായി തിരിച്ചുവരുന്നത്. ഇതോടെ, ഭാഷയില്‍ ബഹുസ്വരത വളരാന്‍ തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വരുന്ന സാഹിത്യസൃഷ്ടികള്‍ക്ക് ഒരു മൂല്യവുമില്ല. വികലമായ പ്രയോഗങ്ങളാണ് ഫേസ്ബുക്കിലും മറ്റും വരുന്നത്. ബ്ളോഗ് എഴുത്തുകാരില്‍ പലര്‍ക്കും മലയാള പദങ്ങളുടെ അര്‍ഥംപോലും അറിയില്ല. പ്രണയമാണ് മിക്കതിലും വിഷയം. പഴഞ്ചനായ പ്രകൃതിവര്‍ണനകളിലൂടെ രചനകള്‍ നടത്തുന്നവരുമുണ്ട്. എഴുത്തുകാര്‍ക്ക് പാരമ്പര്യവും ഭാഷയില്‍ പരിജ്ഞാനവും വേണം. എഴുതുന്നത് സുന്ദരിയാണെങ്കില്‍ വായനക്കാരില്‍ നല്ല സ്വീകാര്യത ലഭിക്കും. പലരും എഴുത്തുകാരുടെ ഫോട്ടോ നോക്കിയാണ് സൃഷ്ടികള്‍ വിലയിരുത്തുന്നത്. അര ശതമാനം പോലും മൗലികതയില്ലാത്ത ജീര്‍ണിച്ച വികലമായ ഭാഷയില്‍ കവിതയെഴുതിയ ഒരു പെണ്‍കുട്ടിക്ക് ഫേസ്ബുക്കില്‍ നല്ല സ്വീകാര്യത ലഭിച്ചു. ഇത് കുട്ടി സുന്ദരിയായതുകൊണ്ട് മാത്രമാണ്. ഫേസ്ബുക്കില്‍ ഫങ്ഷനല്‍ മലയാളത്തിലാണ് സൃഷ്ടികള്‍ രചിക്കുന്നത്. ഭാഷ എസ്. എം.എസ് രൂപത്തില്‍ ഉപയോഗിക്കുമ്പോള്‍ അതിന്‍െറ അനന്തസാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. നിറയെ നിധികള്‍ ഉള്ളില്‍വെച്ച് പട്ടിണികിടക്കുന്നതു പോലെയാണിത്. വ്യക്തിത്വംപോലുമില്ലാത്ത ഫേസ്ബുക്കിന്‍െറ  ഉപയോഗത്തില്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ തലത്തില്‍ ഒന്നു മുതല്‍ 12 വരെ മലയാളം പഠിച്ചാലും ഭാഷയെ കുറിച്ച് ഏകദേശ ധാരണമാത്രമാണ് ലഭിക്കുന്നത്. പാഠപുസ്തകത്തില്‍ ആവശ്യമായ പരിഷ്കരണം വരുത്താത്തതുകൊണ്ടാണിത്. പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ്. പ്രസിദ്ധ സാഹിത്യകാരന്‍ ആനന്ദിന്‍െറ കൃതികള്‍ക്ക് പാഠപുസ്തകങ്ങളില്‍ ഇടം ലഭിക്കാത്തത് അതുകൊണ്ടാണ്.
സ്കൂളുകളില്‍ ആഖ്യാനശാസ്ത്രം പഠിപ്പിക്കാത്തത് എഴുത്തുകാരുടെ ശൈലികളെ തിരിച്ചറിയുന്നതില്‍ കുട്ടികള്‍ പരാജയപ്പെടുന്നു. അധ്യാപകരുടെ ഗുണനിലവാരക്കുറവും മലയാള ഭാഷയുടെ ശാപമാണ്. ഭാഷയില്‍ ബിരുദവും ബിരദാനന്തര ബിരുദവും ബി.എഡും ഉള്ളവര്‍ക്കു പോലും മലയാളം തെറ്റില്ലാതെ എഴുതാന്‍ കഴിയുന്നില്ല. എഴുത്തുകാര്‍ ഭാഷാനിയമങ്ങള്‍ പലിക്കണമെന്ന വാദക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
 

ഗസ്സ പുനര്‍ നിര്‍മ്മിക്കാന്‍ ഇസ്ലാമിക ലോകം സഹായിക്കണം - ഖാലിദ് മിശ്അല്‍

Posted: 21 Sep 2014 09:05 PM PDT

Image: 

ദോഹ: ഇസ്രായേലിന്‍െറ ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗസ പുനര്‍നിര്‍മ്മിക്കാന്‍ ഇസ്ലാമിക ലോകത്തിന്‍െറ സഹായ ഹസ്തങ്ങള്‍ നീളണമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ ആവശ്യപ്പെട്ടു.
ദോഹയില്‍ ഞായറാഴ്ച വൈകുന്നേരം ‘സിയോണിസ്റ്റുകള്‍ക്ക് മേല്‍ ഹമാസിന്‍െറ വിജയം’ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗസ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ എല്ലാ മുസ്ലിം രാഷ്ട്രങ്ങളും തങ്ങളുടെ പങ്ക് വഹിക്കണം. ഗസയില്‍ മാത്രമായി സിയോണിസ്റ്റുകളുമായുള്ള പോരാട്ടം ഒതുങ്ങുമെന്ന് കരുതുന്നില്ല. ജറൂസലേമിലും വെസ്റ്റ് ബാങ്കിലും പോരാട്ടം തുടങ്ങുകയാണിപ്പോള്‍. ഫലസ്തീന്‍െറ ചെറുത്തുനില്‍പില്‍ നിന്ന് ജറൂസലേമിനെയും വെസ്റ്റ് ബാങ്കിനെയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വെസ്റ്റ് ബാങ്കിലെ ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ല. ഇസ്രായേലിന്‍െറ അനധികൃത കയ്യേറ്റത്തിനെതിരായ പ്രക്ഷോഭാഗ്നി അവിടെ ഉയരാന്‍ പോവുകയാണ്.
ഫലസ്തീന്‍ ഐക്യം യാതാര്‍ഥ്യമാക്കേണ്ടത് തങ്ങളുടെ കടമയാണ്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിന് ഒരുതടസവുമുണ്ടാക്കില്ല.  ഡോ. യൂസുഫുല്‍ ഖറദാവി അധ്യക്ഷനായ അന്താരാഷ്ട്ര പണ്ഡിത സഭയാണ് വിജയാഹ്ളാദ ചടങ്ങ് സംഘടിപ്പിച്ചത്. ഹമാസിന് പണ്ഡിത സഭയുമായുള്ള ഐക്യത്തിന്‍െറ പ്രതീകമാണ് ചടങ്ങെന്ന് ഖാലിദ് മിശ്അല്‍ പറഞ്ഞു.
അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ ജനറല്‍ സെക്രട്ടറി അലി മുഹ്യുദ്ധീന്‍ ഖുറദാഗി, ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീജി തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.
 

അല്‍ഐന്‍ ശരീകാത്തില്‍ ലേബര്‍ ക്യാമ്പ് കത്തിനശിച്ചു

Posted: 21 Sep 2014 08:29 PM PDT

Image: 

അല്‍ഐന്‍: അല്‍ഐന്‍ ശരീകാത്തില്‍ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടിത്തം. ക്യാമ്പിന്‍െറ ഒരുഭാഗം പൂര്‍ണമായും കത്തിനശിച്ചു. കാരവന്‍ കൊണ്ട് നിര്‍മിച്ച 50ഓളം മുറികളാണ് അഗ്നിക്കിരയായത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ് സ്വദേശികളായ 400ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
രാവിലെ പത്തുമണിക്ക് തുടങ്ങിയ തീ വൈകിട്ട് ഏഴുമണിയോടെയാണ് നിയന്ത്രണ വിധേയമായത്. ജോലി സമയമായതിനാല്‍ കൂടുതല്‍ തൊഴിലാളികളും പുറത്തായിരുന്നു. താമസസ്ഥലത്ത് ഉണ്ടായിരുന്നവര്‍ തീ കണ്ടയുടന്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി പുറത്തേക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത മുറികളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമനസേനയുടെ സന്ദര്‍ഭോചിത ഇടപെടല്‍ മൂലം സാധിച്ചു. വന്‍ദുരന്തമാണ് ഇതുവഴി ഒഴിവായത്. അപകട കാരണം വ്യക്തമായിട്ടില്ല. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കുമെന്നാണ് നിഗമനം.
പല തൊഴിലാളികളുടെയും പാസ്പോര്‍ട്ട്, പണം, കമ്പ്യൂട്ടര്‍, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ പൂര്‍ണമായും അഗ്നിക്കിരയായി. രണ്ടുദിവസം മുമ്പ് വിസ റദ്ദാക്കി നാട്ടിലേക്ക് പോകാന്‍ തയാറായിരുന്ന പാകിസ്താനിയുടെ പാസ്പോര്‍ട്ടും കമ്പനിയില്‍നിന്ന് ആനുകൂല്യമായി കിട്ടിയ  6000 ദിര്‍ഹവും നഷ്ടമായി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തയാറാക്കി വെച്ചിരുന്ന പെട്ടികളും ചാമ്പാലായി.

റിക്രൂട്ടിങ് ഫീസ് വര്‍ധിപ്പിക്കില്ല - തൊഴില്‍ മന്ത്രാലയം

Posted: 21 Sep 2014 08:05 PM PDT

Image: 

റിയാദ്: സൗദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള മന്ത്രാലയ ഫീസ് നിലവിലുള്ള 2000ല്‍ നിന്ന് 2300 റിയാലായി വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. പുതുവര്‍ഷം മുതല്‍ ഫീസ് വര്‍ധിക്കുമെന്ന് മാധ്യമവാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍െറ വെളിപ്പെടുത്തല്‍. റിക്രൂട്ടിങിന് സര്‍ക്കാര്‍ ഈടാക്കുന്ന 2000 റിയാല്‍ ഫീസ് മാറ്റമില്ലാതെ തുടരുമെന്നും വ്യക്തികള്‍ക്ക് പകരം റിക്രൂട്ടിങ് ഏജന്‍സികളെയും ഓഫിസുകളെയും വക്കാലത്ത് ഏല്‍പിക്കാനുള്ള ഇലക്ട്രോണിക് സേവനത്തിന് 300 റിയാല്‍ ഈടാക്കുമെന്നും മന്ത്രാലയത്തിലെ മീഡിയ സെന്‍റര്‍ മേധാവി തയ്സീര്‍ അല്‍മുഫ്രിജ് പറഞ്ഞു. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നേരിട്ട് വന്ന് റിക്രൂട്ടിങ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഈ അധിക ചാര്‍ജ് ബാധകമായിരിക്കില്ല. വിസ അപേക്ഷകര്‍ക്ക് ലഭിക്കുന്ന സേവനത്തിന്‍െറ പ്രതിഫലം എന്ന നിലക്കാണ് 300 റിയാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ അധിക നിരക്ക് കൂടാതെ വിസക്ക് അപേക്ഷിക്കാം എന്നതിനാല്‍ അധിക നിരക്ക് ആര്‍ക്കും മന്ത്രാലയം നിര്‍ബന്ധമാക്കുന്നില്ല.
വിസ നടപടികളും വക്കാലത്തും ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് മുഹര്‍റം മുതല്‍ മന്ത്രാലയം 2300 റിയാല്‍ ഈടാക്കുമെന്നതിനാല്‍ ഇത് ഫീസ് വര്‍ധനവാണെന്നു കാണിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ഇതര മന്ത്രാലയങ്ങള്‍ ഇലക്ട്രോണിക് സേവനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി നല്‍കുമ്പോള്‍ തൊഴില്‍ മന്ത്രാലയം സമാന സേവനത്തിന് 300 റിയാല്‍ ഈടാക്കുന്നതാണ് വിമര്‍ശത്തിന് കാരണമായത്. ഇലക്ട്രോണിക് സേവനത്തിന് ഫീസ് ഈടാക്കുന്നത് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വദേശികള്‍ക്ക് അധികച്ചെലവുണ്ടാക്കുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

അമേരിക്കയുടെ ‘മാവെന്‍’ ചൊവ്വാ ഭ്രമണപഥത്തില്‍

Posted: 21 Sep 2014 07:39 PM PDT

Image: 

വാഷിങ്ടണ്‍: പത്ത് മാസത്തെ യാത്രക്കുശേഷം അമേരിക്കന്‍ ബഹിരാകാശ പേടകം ‘മാവെന്‍’ (മാഴ്സ് അറ്റ്മോസ്ഫെറിക് ആന്‍ഡ് വോളറ്റൈല്‍ എവല്യൂഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തില്‍. 711 മില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ച് ഇന്ത്യന്‍ സമയം രാവിലെ 08.04നാണ് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചൊവ്വാ ഗ്രഹത്തിന്‍െറ ഉപരിതല അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിട്ടുള്ള മാവെന്‍ പേടകം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ‘നാസ’യാണ് വിക്ഷേപിച്ചത്.

ഇന്ത്യയുടെ അഭിമാന ബഹിരാകാശ പേടകം ‘മംഗള്‍യാന്‍’ പുറപ്പെട്ട് 13 ദിവസങ്ങള്‍ക്ക് ശേഷം യാത്ര തുടങ്ങിയ മാവെന്‍, മംഗള്‍യാന് ദിവസങ്ങള്‍ക്കു മുമ്പേയാണ് ചൊവ്വയിലെ ത്തിയത്. ഫ്ളോറിഡ കേപ് കനാവറിലെ കെന്നഡി സ്പേസ് സ്റ്റേഷനില്‍ നിന്ന് 2013 നവംബര്‍ 18നാണ് മാവെന്‍ പേടകവും വഹിച്ചു കൊണ്ട് അറ്റ്ലസ് 5 റോക്കറ്റ് കുതിച്ചുയര്‍ന്നത്. 4,180 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ചൊവ്വയുടെ ഭ്രമണപഥത്തിലെ ത്തി ആറാഴ്ചത്തെ പരീക്ഷണഘട്ടം പിന്നിട്ട ശേഷമാണ് ചൊവ്വയിലെ വാതകങ്ങളെക്കുറിച്ച് ഒരു വര്‍ഷം നീളുന്ന പഠനത്തില്‍ മാവെന്‍ മുഴുകുക. ചൊവ്വയുടെ ഉപരിതല അന്തരീക്ഷത്തെയും സൂര്യനും സൂര്യതാപവുമായും അതെങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നുവെന്നും മാവെന്‍ പഠനവിധേയമാക്കുന്നത്.

ചൊവ്വയില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന അന്തരീക്ഷമുണ്ടായിരുന്നതായും ജലസാന്നിദ്ധ്യം ഉണ്ടായിരുന്നതായും ശാസ്ത്രജ്ഞര്‍ കരുതുന്നു. നിലവില്‍ ഉയര്‍ന്ന താപനിലയും ജീവന്‍ അസാധ്യമായ മരുഭൂമിക്കു സമാനമായ അവസ്ഥയാണ് ചൊവ്വയിലുള്ളത്. വര്‍ഷങ്ങളായി ചൊവ്വയിലുണ്ടായിരുന്ന ജലസാന്നിധ്യം നഷ്ടപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനാകും മാവെന്‍ ഉത്തരം തേടുക. 2030ഓടെ മനുഷ്യന്‍ ചൊവ്വയിലെ ത്തുന്നതിനുള്ള സാധ്യതകള്‍ക്ക് മാവെന്‍െറ കണ്ടെ ത്തലുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

സ്കോട്ട്ലന്‍ഡും കാറ്റലോനിയയും ദേശീയതാ പ്രശ്നങ്ങളും

Posted: 21 Sep 2014 06:27 PM PDT

Image: 

ഇംഗ്ളണ്ട്, സ്കോട്ട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നീ പ്രദേശങ്ങളുടെ കൂട്ടായ്മയായ യുനൈറ്റഡ് കിങ്ഡം എന്ന ബ്രിട്ടന്‍ ലോക വന്‍ശക്തികളിലൊന്നാണ്. മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ഈ രാജ്യം അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചത്, സഖ്യ പ്രവിശ്യകളിലൊന്നായ സ്കോട്ട്ലന്‍ഡ് സ്വതന്ത്ര രാജ്യമാകാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളിലൂടെയാണ്. സ്വതന്ത്രരാജ്യമാകണോ ബ്രിട്ടന്‍െറ കൂടെ നില്‍ക്കണമോ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 18ന് നടന്ന ഹിതപരിശോധനയില്‍ 55 ശതമാനം ജനങ്ങളും ബ്രിട്ടനോടൊപ്പം നില്‍ക്കാനാണ് താല്‍പര്യപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ് ഈ ജനവിധി. രാജ്യം ശിഥിലമായിപ്പോകുമോ എന്ന ആശങ്ക തല്‍ക്കാലം ഒഴിഞ്ഞിരിക്കുകയാണ്. അതേസമയം, സ്കോട്ട്ലന്‍ഡ് സ്വാതന്ത്ര്യവാദവും ഹിതപരിശോധനയും മറ്റുചില ചര്‍ച്ചകളിലേക്ക് നമ്മെ നയിക്കുന്നുണ്ട്. യൂറോപ്യന്‍ നവോത്ഥാനത്തിന്‍െറ ഉപോല്‍പന്നങ്ങളിലൊന്നാണ് ആധുനിക ദേശീയതാ സങ്കല്‍പം. മനുഷ്യവര്‍ഗത്തിന്‍െറ ചരിത്രത്തിലെ ശ്രദ്ധേയവും പുരോഗമനകരവുമായ ഒരു ചുവട് എന്ന നിലയില്‍ ദേശരാഷ്ട്രങ്ങളുടെ രൂപവത്കരണത്തെ കാണാവുന്നതാണ്. അതേസമയംതന്നെ, രണ്ട് ലോക യുദ്ധങ്ങളടക്കമുള്ള വന്‍ദുരന്തങ്ങളും ദേശീയത മനുഷ്യരാശിക്ക് സമ്മാനിച്ചിട്ടുണ്ട്. ദേശീയതയുടെ പേരിലുള്ള സംഘര്‍ഷങ്ങളും കൂട്ടക്കൊലകളുംകൊണ്ട് നിറഞ്ഞതാണ് ആധുനിക രാഷ്ട്രീയ ചരിത്രം.
സ്വയം ദേശരാഷ്ട്രങ്ങളായിരിക്കത്തെന്നെ, അതിന്‍െറ പരിമിതികളെ ഏറ്റവും വഴക്കത്തോടെയും സര്‍ഗാത്മകതയോടെയും മറികടക്കാന്‍ ശ്രമിച്ചവരാണ് യൂറോപ്യര്‍. യൂറോപ്യന്‍ യൂനിയന്‍ ദേശാതിര്‍ത്തികളെ ലളിതവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യര്‍, ചരക്ക്, സേവനങ്ങള്‍, മൂലധനം എന്നിവയുടെ എളുപ്പത്തിലുള്ള സഞ്ചാരം യൂറോപ്യന്‍ അതിര്‍ത്തികളിലൂടെ സാധ്യമാണ്. വിസയില്ലാതെ അതിര്‍ത്തികള്‍ കടക്കാന്‍ സാധിക്കുന്ന, അംഗരാജ്യങ്ങളെല്ലാം യൂറോ എന്ന പൊതുനാണയം ഉപയോഗിക്കുന്ന അവസ്ഥ തീര്‍ച്ചയായും രാഷ്ട്രീയമായ മുന്നേറ്റംതന്നെയായിരുന്നു. അതായത്, ദേശാതിര്‍ത്തികള്‍ ഉണ്ടായിരിക്കത്തെന്നെ അതിന്‍െറ പരിമിതികളെ മറികടക്കുന്നതിനു വേണ്ടി അവര്‍ നടത്തിയ ശ്രദ്ധേയമായ ശ്രമമായി നമുക്കതിനെ കാണാവുന്നതാണ്. ലോകത്തിന്‍െറ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് താരതമ്യേന ജനാധിപത്യപരമായി വികസിതമാണ് യൂറോപ്യന്‍ നാടുകള്‍. ജനാധിപത്യ വികാസം കൈവരിച്ചിട്ടും അതിര്‍ത്തികളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ക്രമം ഉണ്ടായിരുന്നിട്ടും പിന്നെയും പിന്നെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന ചോദ്യമാണ് സ്കോട്ട്ലന്‍ഡ് സ്വാതന്ത്ര്യവാദം ഉയര്‍ത്തുന്നത്. ഇതാകട്ടെ, സ്കോട്ട്ലന്‍ഡിലെ മാത്രം കാര്യമല്ല താനും. സ്പെയിനിലെ കാറ്റലോനിയ പ്രവിശ്യയിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളികള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. കാറ്റലോനിയക്ക് സ്വാതന്ത്ര്യം വേണമോ എന്ന വിഷയത്തില്‍ ഹിതപരിശോധന നടത്താനുള്ള പ്രമേയ സെപ്റ്റംബര്‍ 20ന് സ്പാനിഷ് പാര്‍ലമെന്‍റ് പാസാക്കിക്കഴിഞ്ഞു. യൂഗോസ്ലാവ്യ എന്ന യൂറോപ്യന്‍ രാജ്യം ഏഴ് കഷണങ്ങളായി പിരിഞ്ഞിട്ട് അധികം കാലമായിട്ടില്ല. യുക്രെയ്ന്‍-ക്രീമിയ സംഘര്‍ഷങ്ങള്‍, ജോര്‍ജിയ-അബഖാസിയ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം യൂറോപ്പിലെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ദേശീയതാ പ്രശ്നങ്ങളാണ്. സ്വന്തം അതിര്‍ത്തികള്‍ക്കകത്തെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലും, രാഷ്ട്രം എല്ലാവരുടെതുമാണ് എന്നത് എല്ലാ വിഭാഗം ജനങ്ങളുടെയും ആന്തരികബോധമായി വികസിപ്പിക്കുന്നതിലും വികസിത ജനാധിപത്യ ദേശരാഷ്ട്രങ്ങള്‍ പോലും പരാജയപ്പെടുന്നുവെന്നതിന്‍െറ നിദര്‍ശനമാണ് പുതുതായി ഉയരുന്ന സ്വാതന്ത്ര്യ സമരങ്ങള്‍.
അതേസമയം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അഭിലാഷങ്ങളെ ജനാധിപത്യപരമായി പരിഗണിക്കാനുള്ള ഉയര്‍ന്ന ജനാധിപത്യ ബോധം ബ്രിട്ടനും സ്പെയിനുമെല്ലാം കാണിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആവശ്യങ്ങളെ, നമുക്ക് ഹിതപരിശോധന നടത്താം എന്ന് പറഞ്ഞ് അഭിമുഖീകരിക്കുന്നത് ഉയര്‍ന്ന ജനാധിപത്യ ബോധംതന്നെയാണ്. ഈ സമീപനം സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് പഴയ യൂഗോസ്ലാവ്യന്‍ പ്രദേശങ്ങളായ ബോസ്നിയ, സെര്‍ബിയ, കൊസോവ എന്നിവിടങ്ങളില്‍ ഇപ്പോഴും നടക്കുന്ന സംഘര്‍ഷങ്ങള്‍. ഹിതപരിശോധന എന്ന വാക്ക് ഉച്ചരിക്കുന്നവനെപ്പോലും പിടികൂടി ജയിലിലടക്കുന്ന നമ്മുടെ രാജ്യത്ത് ഈ സമീപനം വലിയ കൗതുകമായിരിക്കും.വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും ഉപദേശീയതകളുംകൊണ്ട് നിറഞ്ഞ നമ്മുടെ രാജ്യത്തിനും യൂറോപ്യന്‍ സംഭവവികാസങ്ങളില്‍ വലിയ പാഠങ്ങളുണ്ട്. കേന്ദ്രീകൃത ഭരണകൂടത്തിന്‍െറയും സൈന്യത്തിന്‍െറയും ഉരുക്കുമുഷ്ടികൊണ്ട് മാത്രം ദേശ രാഷ്ട്രങ്ങളെ ഇനിയുള്ള കാലത്ത് യോജിപ്പിച്ചുനിര്‍ത്താന്‍ കഴിയില്ല. ജനാധിപത്യം എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയുകയും ഓരോ വൈവിധ്യവും ആദരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ മാത്രമേ രാഷ്ട്രങ്ങള്‍ ശക്തിപ്പെടുകയുള്ളൂ. വൈവിധ്യങ്ങളെ ഇടിച്ചുനിരത്തി ഏകാത്മക ദേശീയത കെട്ടിപ്പടുക്കണം എന്ന് വിശ്വസിക്കുന്ന ആളുകളാണ് ഇന്ന് നമ്മുടെ നാട് ഭരിക്കുന്നത്. അത്തരമൊരു അവസ്ഥയില്‍ യൂറോപ്പില്‍നിന്നുള്ള വാര്‍ത്തകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അവര്‍ അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുക.

ജനഹിതത്തിനു മുന്നില്‍ തലകുനിച്ച ഹിന്ദുത്വ ജിഹാദ്

Posted: 21 Sep 2014 06:25 PM PDT

Image: 

2013 ആഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് അനുയായികളെ സുപ്രധാനമായൊരു കാര്യം ഓര്‍മിപ്പിച്ചുവത്രെ: ‘വരുന്ന പൊതുതെരഞ്ഞെടുപ്പ് സംഘടനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നില്ളെങ്കില്‍ അടുത്ത കാലത്തൊന്നും ഡല്‍ഹി ഭരണം സ്വപ്നം കാണേണ്ടതില്ല. ഇക്കുറി അധികാരം കിട്ടിയാലോ പിന്നെ 25 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ല.’ 10 സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 36 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സെപ്റ്റംബര്‍ 17ന് പുറത്തുവന്ന ശേഷവും ആര്‍.എസ്.എസ് ആചാര്യന്‍ പഴയ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കാരണം, മോദിതരംഗമാണ് ആര്‍.എസ്.എസിന്‍െറ സ്വപ്നം സാക്ഷാത്കരിച്ചതെങ്കില്‍ ആ തരംഗം ‘ദാ വന്നു ദേ പോയി’ എന്ന തരത്തില്‍ ദുര്‍ബലമായിരിക്കുന്നുവെന്ന് സമര്‍ഥിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. മറിച്ചുള്ള വിലയിരുത്തലുകളെല്ലാം സ്വന്തം പ്രതിച്ഛായയില്‍ അഭിരമിച്ചിരിക്കുന്ന മോദിയുടെമേല്‍ ചളി തെറിക്കാന്‍ പാടില്ല എന്ന് ശാഠ്യമുള്ളവരുടേതാണ്. ഒരു പാര്‍ട്ടി കേവലഭൂരിപക്ഷവുമായി ഡല്‍ഹിയില്‍ അധികാരത്തിലേറി 100 ദിവസം തികക്കുമ്പോഴേക്കും ജനം ആ പാര്‍ട്ടിയെ തുടര്‍ച്ചയായി മൂന്നുവട്ടം പുറംകാലുകൊണ്ട് ഇതുപോലെ ചവിട്ടിയകറ്റിയ അനുഭവം മുമ്പുണ്ടായിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഒരേസ്വരത്തില്‍ പറയുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നരേന്ദ്ര മോദിയെ അധികാരസോപാനത്തിലേക്കാനയിച്ച പശുബെല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളില്‍ -യു.പിയിലും രാജസ്ഥാനിലും ഗുജറാത്തിലും- ബി.ജെ.പിക്കേറ്റ തിരിച്ചടി അവിശ്വസനീയമാവുന്നത് മൂന്നുമാസം മുമ്പ് അവിടെ അലയടിച്ച തരംഗം ഇന്ത്യന്‍ രാഷ്ട്രീയത്തെ എന്നന്നേക്കുമായി പുതുക്കിപ്പണിയാന്‍ പോവുകയാണെന്ന പ്രതീതി സൃഷ്ടിച്ചതുകൊണ്ടാണ്. ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വമുണ്ടായിരുന്ന 23 സീറ്റുകളില്‍നിന്ന് 13 എണ്ണം സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് പിടിച്ചെടുത്തുവെന്ന് മാത്രമല്ല, ശിഥിലീഭവിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ചാരത്തില്‍നിന്ന് പുനര്‍ജനിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനും സാധിക്കുമെന്ന് ഗുജറാത്തിലെയും രാജസ്ഥാനിലെയും വിജയം തെളിയിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പുഫലം നിഷ്പക്ഷ അപഗ്രഥനത്തിന് വിധേയമാക്കിയാല്‍ എത്തിച്ചേരാവുന്ന ചില നിഗമനങ്ങളുണ്ട്. ഒന്നാമതായി മോദിയുടെ വ്യക്തിപ്രഭാവം സ്ഥായിയായ പ്രതിഭാസമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. ‘നല്ലനാളുകളെ’ക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ വാഗ്ദാനംപോലും കളിവാക്കായി മാറുമ്പോള്‍ താനേ ഉടയുന്നത് മീഡിയ കെട്ടിപ്പൊക്കിയ പ്രതിച്ഛായയാണ്.  (Achhe Din for Open After 100 Days of Modi Sarkar -മോദിയുടെ നൂറുദിവസത്തിനുശേഷം പ്രതിപക്ഷത്തിന് നല്ലദിനം എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വാര്‍ത്തക്ക് ‘ദി ഇക്കണോമിക് ടൈംസ്’ മുഖത്താളില്‍ തലക്കെട്ട് നല്‍കിയത്). പ്രതിയോഗികള്‍പോലും മോദിയില്‍ ചില പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നുവെന്നത് നേരാണ്. അവയെല്ലാം തകര്‍ന്നുവെന്നതാണ് നൂറുദിവസത്തെ ബാലന്‍സ് ഷീറ്റില്‍ മുഴച്ചുകാണുന്നത്. രണ്ടാമതായി പാര്‍ട്ടിയുടെ അമരം കാക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ട അമിത് ഷാ എന്ന വിവാദപുരുഷന്‍െറ കൈയില്‍ ഏത് തെരഞ്ഞെടുപ്പും ജയിച്ചുകയറാന്‍ ഇന്ദ്രജാല വടി ഉണ്ടെന്ന് വിശ്വസിച്ചവരെ തെരഞ്ഞെടുപ്പു ഫലം തിരുത്തിയിരിക്കുന്നു. കഴിഞ്ഞമാസം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രസിഡന്‍റ്പദം ഏറ്റെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്, ‘വിജയ് കീ ആദത് അബ് ബി.ജെ.പി വര്‍കര്‍ ദല്‍ ദേന്‍’ -വിജയിക്കുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥിരം സ്വഭാവമാക്കി മാറ്റിയെടുക്കണമെന്നാണ്. മോദി അധികാരത്തിലേറിയ ശേഷം മൂന്നുഘട്ടങ്ങളിലായി നടന്ന പ്രധാന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഏറ്റുവാങ്ങേണ്ടിവന്ന ഹാട്രിക് പരാജയം അദ്ദേഹത്തിന്‍െറ നേതൃപാടവത്തെ ചോദ്യംചെയ്യാന്‍ കാത്തിരിക്കുന്നവരുടെ കൈയില്‍ വടി കൊടുക്കുന്നതായി. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്‍രാജ് മിശ്ര, ഗിരിരാജ് കിഷോര്‍, ലാല്‍ജി ടാണ്ടന്‍ തുടങ്ങിയ പഴയ താപ്പാനകളെ മൂലക്കിരുത്തി, മോദിയുഗത്തിലെ പുത്തന്‍ ടീമിനെ ഗോദയിലിറക്കിയത് അദ്ഭുതങ്ങള്‍ കൊയ്യാമെന്ന കണക്കുകൂട്ടലോടെയായിരുന്നു. വായതുറന്നാല്‍ വര്‍ഗീയ വിഷം മാത്രം തുപ്പുന്ന ഗൊരഖ്പൂരില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗം യോഗി ആദിത്യനാഥിനെ യു.പിയുടെ മൊത്തം ചുമതല ഏല്‍പിക്കുമ്പോള്‍ അമിത് ഷായുടെ ഉള്ളിലിരിപ്പ് മുസഫര്‍നഗറിലൂടെ ഒഴുകിയ ചോരച്ചാലുകളിലൂടെ നീന്തി എത്തിപ്പിടിച്ച 71 സീറ്റുകളായിരുന്നു. വിദ്വേഷപ്രചാരണത്തിലൂടെ മാത്രം യു.പിയിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 11 സീറ്റും കൈയടക്കാമെന്ന കണക്കുകൂട്ടലിലാണ് മറ്റൊരു പാര്‍ലമെന്‍റംഗം സാക്ഷി മഹാരാജിനെ കളത്തിലിറക്കുന്നത്. ബി.ജെ.പി യു.പി അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്പേയി ചക്കിക്കൊത്ത ചങ്കരനായിരുന്നു. മൂന്നുപേരും ഭൂരിപക്ഷ സമുദായത്തിന്‍െറ അടുത്തുചെന്ന് വോട്ടുപിടിച്ചത്, ഹിന്ദുപെണ്‍കുട്ടികളെ വശീകരിച്ചെടുക്കാനും അതുവഴി മതം മാറ്റാനും ഇറങ്ങിപ്പുറപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ ഇതാ എത്തിക്കഴിഞ്ഞുവെന്നും തങ്ങള്‍ക്കല്ലാതെ മറ്റൊരു കൂട്ടര്‍ക്കും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ളെന്നും അലമുറയിട്ടുകൊണ്ടാണ്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഹെഡ്ഗേവാറുമൊക്കെ പഠിപ്പിച്ചുവിട്ട വിദ്വേഷത്തിന്‍െറ പ്രത്യയശാസ്ത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ വിഭാതവേളയിലും ഒരു മഹാരാജ്യത്തിന്‍െറ അന്ത$കരണങ്ങളെ വിഷലിപ്തമാക്കുന്നത് കണ്ട് മന$സാക്ഷിയുള്ളവര്‍ ഉള്ളുരുകി വേദനിച്ച സന്ദര്‍ഭം. ലവ് ജിഹാദിന്‍െറ പേരില്‍ മനുഷ്യരെ മനുഷ്യര്‍ക്കെതിരെ ഹിംസജന്തുക്കളാക്കി മാറ്റുന്ന ‘ഹിന്ദുത്വ ജിഹാദ്’ സര്‍വ പരിധികളും ലംഘിച്ചപ്പോള്‍ രാജ്മോഹന്‍ ഗാന്ധി വിലപിച്ചു, 1947ലെ പഞ്ചാബിന്‍െറ സ്ഫോടനാത്മക അവസ്ഥയിലേക്കാണ് യു.പി നടന്നുനീങ്ങുന്നതെന്ന്. ഏതു സമയവും വര്‍ഗീയ പൊട്ടിത്തെറി ഉണ്ടായേക്കാം.
യോഗിയും സാക്ഷിയുമൊക്കെ ഹിന്ദുപെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോവുന്നതിനെക്കുറിച്ചുള്ള കാല്‍പനിക കഥകള്‍ മെനഞ്ഞെടുത്തപ്പോള്‍ നെഹ്റു കുടുംബത്തില്‍നിന്ന് ഇറങ്ങിവന്ന മേനക ഗാന്ധി എന്ന കേന്ദ്രമന്ത്രി മൂരിയിറച്ചി കയറ്റുമതി ചെയ്ത് ആ പണംകൊണ്ട് ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നതിന്‍െറ പുതിയ കണ്ടുപിടിത്തങ്ങളാണ് ജനത്തിനു മുമ്പാകെ വിളമ്പിയത്. തന്‍െറ മണ്ഡലത്തിലും നാലഞ്ച് ഹിന്ദുയുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ വശീകരിച്ചു കൊണ്ടുപോയിട്ടുണ്ടെന്നും ലവ് ജിഹാദ് ഇല്ളെന്നു പറയാനാവില്ളെന്നും അവര്‍ തട്ടിവിട്ടു. മദ്റസകളാണ് ലവ് ജിഹാദികളെ ഉല്‍പാദിപ്പിച്ചുവിടുന്നതെന്നായിരുന്നു സാക്ഷി മഹാരാജിന്‍െറ കണ്ടത്തെല്‍. പെണ്‍കുട്ടികളെ വശീകരിച്ചുകൊണ്ടുവരുന്നവര്‍ക്ക് സമുദായ നേതൃത്വം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടത്രെ. പെണ്‍കുട്ടി ഹിന്ദുവാണെങ്കില്‍ 10 ലക്ഷം, സിഖുമതക്കാരിയാണെങ്കില്‍ 11 ലക്ഷം, ജൈനയുവതിയാണെങ്കില്‍ ഏഴുലക്ഷവും. ജനുവരി 26നും ആഗസ്റ്റ് 15നും മദ്റസകളുടെ മുകളില്‍ ദേശീയ പതാക കാണാത്തത് മുസ്ലിംകള്‍ ദേശവിരുദ്ധരായതുകൊണ്ടാണെന്ന് ആരോപിക്കാനും ഈ മനുഷ്യന്‍ മടിച്ചില്ല. ഹിന്ദുത്വവാദികളുടെ കൊണ്ടുപിടിച്ച കുപ്രചാരണം ഭൂരിപക്ഷ സമുദായം തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല, മറുപക്ഷത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് മൊത്തമായി വീഴാനും ഇടവരുത്തിയപ്പോഴാണ് പതിനൊന്നില്‍ എട്ട് സീറ്റും മുലായമിന്‍െറ പാര്‍ട്ടിക്ക് പിടിച്ചെടുക്കാനായത്. രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെ ന്യൂനപക്ഷ, സെക്കുലര്‍ വോട്ടിന്‍െറ ഏകീകരണത്തിനു പിന്നില്‍ ഹിന്ദുത്വവാദികളുടെ വിഷലിപ്ത പ്രചാരണത്തോടുള്ള പ്രതിഷേധമുണ്ട്.
വിദ്വേഷത്തിന്‍െറ രാഷ്ട്രീയംകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കില്ളെന്ന വ്യക്തമായ സന്ദേശമാണ് ഇലക്ഷന്‍ റിസല്‍ട്ട് ബി.ജെ.പിക്ക് കൈമാറുന്നത്. മോദിയെ ജനം അധികാരത്തിലേക്കാനായിച്ചത് ഗുജറാത്തില്‍ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലക്ക് ഒത്താശ ചെയ്തുകൊടുത്ത നേതാവ് എന്ന നിലക്കല്ല, പ്രത്യുത മന്‍മോഹന്‍ സിങ്ങിന്‍െറ അഴിമതിയിലാണ്ട ദുര്‍ഭരണത്തില്‍നിന്ന് ഒരു മോചനം ലഭിക്കണമെന്ന ഉത്കടമായ ആഗ്രഹംകൊണ്ടാണ്. മോദിയുടെ വിജയത്തെ വ്യാഖ്യാനിക്കുന്നതില്‍ കാണിച്ച സത്യസന്ധതയില്ലായ്മയാണ് ഭരണമാറ്റത്തെ ഹിന്ദുത്വയുടെ അംഗീകാരമായി ആഘോഷിക്കാന്‍ ഒരുവിഭാഗത്തിന് പഴുത് നല്‍കുന്നത്. ആര് നിഷേധിക്കാന്‍ ശ്രമിച്ചാലും ശരി, മതേതരമാണ് നമ്മുടെ രാജ്യത്തിന്‍െറ അടിസ്ഥാന വിചാരധാര. അതുകൊണ്ടാണ് ആര്‍.എസ്.എസിന് 90 വര്‍ഷം കഠിനാധ്വാനം ചെയ്തിട്ടും 10 ശതമാനം ഹിന്ദുക്കളുടെപോലും പിന്തുണയാര്‍ജിക്കാന്‍ സാധിക്കാതെപോയത്. വര്‍ഗീയതയോടുള്ള ജനത്തിന്‍െറ വിരക്തിക്ക് അറുതിയായി എന്ന് തെറ്റായി വിലയിരുത്തപ്പെടുന്നതുകൊണ്ടാണ് ‘ഒരിക്കല്‍പോലും താന്‍ മതേതരവാദി ആണെന്ന് അദ്ദേഹം അവകാശപ്പെട്ടതേയില്ല’ (മാതൃഭൂമി മുഖപ്രസംഗം, മേയ്21, 2014) എന്ന നിരീക്ഷണത്തിലൂടെ മോദിയുടെ അധികാരലബ്ധിയെ ‘സെക്കുലര്‍’ വ്യവസ്ഥയില്‍നിന്നുള്ള മോചനമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയോടുള്ള അസ്പൃശ്യത പൂര്‍ണമായും അപ്രത്യക്ഷമായി എന്ന് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കും തെറ്റുപറ്റിയിട്ടുണ്ട്. 31 ശതമാനം വോട്ടര്‍മാരേ ഇതുവരെ നരേന്ദ്ര മോദിയെ അംഗീകരിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്‍െറ രാഷ്ട്രീയ നിലപാടുകളെ അംഗീകരിക്കുന്നവര്‍ അതിനും താഴെയായിരിക്കും. സിനിമ പ്രവര്‍ത്തകന്‍ ലളിത് വചാനിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ ഭഗവത് ആര്‍.എസ്.എസ് അഭിമുഖീകരിക്കുന്ന അടിസ്ഥാന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്: ‘ആര്‍.എസ്.എസിന്‍െറ ഏറ്റവും പ്രയാസം നിറഞ്ഞ കാലഘട്ടം കഴിഞ്ഞു. മുമ്പ് എല്ലാവരും സംഘടനയെ അവഗണിച്ചു. അന്ന് ഞങ്ങളുടെ കൈയില്‍ പണമോ വിഭവങ്ങളോ ഉണ്ടായിരുന്നില്ല. അന്ന് കൊച്ചുപ്രസ്ഥാനമായിരുന്നു. പിന്നീട് അത് എതിര്‍ക്കപ്പെട്ടു. നിഷേധാത്മകവും തെറ്റായതുമായ പബ്ളിസിറ്റിയാണ് കിട്ടിയത്. ജനമനസ്സ് ആര്‍.എസ്.എസ് വിരുദ്ധ വികാരംകൊണ്ട് നിറഞ്ഞു. ആ കാലഘട്ടവും ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ഇനി ഞങ്ങളുടെ വിചാരഗതി ഒരിക്കലും എതിര്‍ക്കപ്പെടില്ല. വല്ല എതിര്‍പ്പുമുണ്ടെങ്കില്‍ അത് രാഷ്ട്രീയ കാരണങ്ങളാലാണ്; പക്ഷേ അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് പരിഭ്രാന്തിയില്ല. ഞങ്ങളുടേതായ രീതിയില്‍ ഞങ്ങള്‍ അതിനെ നേരിട്ടുകൊള്ളും.’ (കാരവന്‍, മേയ് 2014). സംഘടനാ ശത്രുക്കളെ സംഘ്പരിവാറിന് പല വിധേനയും നേരിടാനാവും. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തെ എളുപ്പത്തില്‍ തങ്ങളുടേതായ രീതിശാസ്ത്രത്തിലൂടെ കീഴടക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയുടെ മനസ്സ്  ശരിയായ പരിപ്രേക്ഷ്യത്തിലൂടെ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുത്വയെ അംഗീകരിക്കാത്ത 69 ശതമാനം സൂക്ഷ്മതയോടെ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തിയാല്‍ എന്തായിരിക്കും ഫലം എന്ന് നാമിപ്പോള്‍ കണ്ടു. ഇതുവരെ അരികുവത്കരിക്കപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയം മുഖ്യധാരയിലത്തെിയെന്നത് നേര്. എന്നാല്‍, അതിനര്‍ഥം സര്‍വവൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ രാഷ്ട്രീയം പൂര്‍ണമായി അസ്തമിച്ചു എന്നല്ല. മതേതരത്വത്തിന് പുതുനിര്‍വചനം തേടുന്ന മോദിഭക്തരും നിഷ്പക്ഷമതികളെന്ന് സ്വയം അവകാശപ്പെടുന്നവരുമായ അവസരവാദികള്‍ക്ക് കൂടിയുള്ള താക്കീതാണ് നൂറുദിവസത്തിനുള്ളില്‍ ഇന്ത്യന്‍വോട്ടര്‍മാര്‍ കാഴ്ചവെച്ച ഇമ്മാതിരി കൊച്ചു ഇന്ദ്രജാലങ്ങള്‍!

ഇസ്ലാമിക് സ്റ്റേറ്റ് സി.ഐ.എ സൃഷ്ടിയെന്ന സംശയം ബലപ്പെടുന്നു

Posted: 21 Sep 2014 06:01 PM PDT

Image: 
Subtitle: 
തീവ്രവാദികള്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുന്നത് സി.ഐ.എയുടെ സൃഷ്ടിയാണെന്നതിന് തെളിവാണെന്ന് ഇറാഖികള്‍ പറയുന്നു

ബഗ്ദാദ്: വളരെ ചുരുങ്ങിയ സൈന്യവുമായി ഇറാഖിലെയും സിറിയയിലെയും സുന്നിമേഖലകള്‍ നിയന്ത്രണത്തിലാക്കി മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) യഥാര്‍ഥത്തില്‍ അമേരിക്കന്‍ ചാരസംഘടന സി.ഐ.എയുടെ സൃഷ്ടിയാണോ?
ഇറാഖില്‍ സാധാരണക്കാര്‍ മുതല്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഐ.എസിന്‍െറ പിതൃത്വത്തില്‍ സംശയിക്കുന്നവരാണെന്ന് ‘ന്യൂയോര്‍ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുവട്ടം യുദ്ധം നടത്തിയിട്ടും മതിയാകാതെ ഒരിക്കല്‍കൂടി ഇറാഖില്‍ സൈനിക നീക്കം നടത്താനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് സംശയം. ഒരു മാസത്തിലേറെയായി ഐ.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഒരുവശത്ത് അമേരിക്ക നിരന്തരം വ്യോമാക്രമണം നടത്തുമ്പോഴും തീവ്രവാദികള്‍ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കിക്കൊണ്ടിരിക്കുന്നത് ഇതിന്‍െറ തെളിവാണെന്നും ഇറാഖികള്‍ പറയുന്നു.
‘ആരാണ് ഐ.എസിനെ ഉണ്ടാക്കിയതെന്ന് ഞങ്ങള്‍ക്ക് അറിയാം’ -ബഗ്ദാദില്‍ ശനിയാഴ്ച ശിയാ റാലിയെ അഭിസംബോധന ചെയ്ത് ഇറാഖ് ഉപപ്രധാനമന്ത്രി ബഹാ അല്‍ അറജി പരസ്യമായി അഭിപ്രായ പ്രകടനം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. ഒൗദ്യോഗിക പദവിയിലിരിക്കെ നടത്തിയ പരസ്യപ്രസ്താവനയെക്കുറിച്ച് അറജിയോട് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി.
പാര്‍ലമെന്‍റ് അംഗങ്ങള്‍ വരെ പങ്കെടുത്ത ശനിയാഴ്ചത്തെ റാലിയില്‍ ഒട്ടുമിക്ക പ്രഭാഷകരും, ഇറാഖില്‍ യുദ്ധം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.ഐ.എ അതീവ രഹസ്യമായി സംഘടനയെ വളര്‍ത്തിയതെന്ന് ആവര്‍ത്തിച്ചു. ഒരാഴ്ച മുമ്പ് പ്രമുഖ ശിയാ നേതാവ് മുഖ്തദ അല്‍സദ്റും ഇതേ വാദം ഉന്നയിച്ചിരുന്നു.
രാജ്യാന്തര സമ്മര്‍ദത്തിന്‍െറ മറപിടിച്ച് വീണ്ടും ഇറാഖ് ആക്രമണത്തിന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തകൃതിയായി നീക്കം തുടങ്ങിയതാണ് ഇറാഖികളെ സംശയാലുക്കളാക്കിയ പ്രധാന ഘടകം.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന മുറക്കാകും സൈനിക നീക്കമെന്ന് ആദ്യം പറഞ്ഞ ഒബാമ അതിനുപോലും കാത്തുനില്‍ക്കാതെയാണ് ഇപ്പോള്‍ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്.
പുതിയ മന്ത്രിസഭയിലെ പ്രധാന തസ്തികകളില്‍ പലതും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യത്തെ കൂടുതല്‍ ആഭ്യന്തര യുദ്ധങ്ങളിലേക്ക് തള്ളിവിടാനാണ് അമേരിക്കന്‍ ശ്രമമെന്ന് ശിയാ ഭൂരിപക്ഷം പറയുന്നു. ഇറാഖില്‍ വീണ്ടും അമേരിക്കന്‍ സൈന്യത്തെ ഇറക്കാനുള്ള നീക്കം അനുവദിക്കില്ളെന്നാണ് അവരുടെ നിലപാട്. ഇതിനെതിരെ രാജ്യമെങ്ങും പ്രകടനങ്ങള്‍ ശക്തമാണ്.
പ്രമുഖ സുന്നി നേതാവ് ഉമര്‍ അല്‍ജബൂരിയും ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കയുടെയും ഇസ്രായേലിന്‍െറയും സൃഷ്ടിയാണെന്ന് ആരോപിച്ചിരുന്നു. ഐ.എസിന്‍െറ സ്വയംപ്രഖ്യാപിത ഖലീഫ അബൂബകര്‍ ബഗ്ദാദി വര്‍ഷങ്ങളോളം അമേരിക്കന്‍ തടവിലായിരുന്നുവെന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന ഘടകമാണ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്നോളമില്ലാത്ത സീറ്റ്തര്‍ക്കം

Posted: 21 Sep 2014 01:12 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ പതിവ് തെറ്റിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ  ചതുഷ്കോണ പോര് നടക്കുമൊ എന്ന ചോദ്യമാണ് ശക്തം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ പ്രധാന സഖ്യങ്ങളില്‍ സീറ്റു വിഭജനത്തെ ചൊല്ലി ഇന്നോളമില്ലാത്ത തര്‍ക്കമാണ് നടക്കുന്നത്.
വ്യത്യസ്തമായ രാഷ്ട്രീയാന്തരീക്ഷമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനെതിരെ ഭരണവിരുദ്ധ വികാരം മുമ്പൊക്കെ പേരിനു മാത്രമായിരുന്നു. എന്നാല്‍, മോദി തരംഗവും ആം ആദ്മി പാര്‍ട്ടിയുടെ വരവും രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിച്ചു.  ഈ അന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ പ്രധാന സഖ്യങ്ങളില്‍ വിള്ളല്‍ വീഴുന്നത്. ശിവസേന കൈയടക്കിയ വല്യേട്ടന്‍ പദവി പിടിച്ചെടുക്കാന്‍ ബി.ജെ.പി തന്ത്രങ്ങള്‍ ഇറക്കിയതോടെയാണ് അതിന് തുടക്കം. ശിവസേന നിലപാട് കടുപ്പിച്ചതോടെ സഖ്യം പിരിയലിന്‍െറ വക്കിലാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍െറ വല്യേട്ടന്‍ മനോഭാവത്തെ വെല്ലുവിളിച്ച് എന്‍.സി.പിയും നിലപാട് കടുപ്പിക്കുന്നത്. ഓരോ പാര്‍ട്ടിയും ഒറ്റക്കുനിന്ന് കരുത്തു കാട്ടട്ടെ എന്നതാണ് എന്‍.സി.പി നിലപാട്.
1960ല്‍ രൂപംകൊണ്ടതു മുതല്‍  സംസ്ഥാനം  കോണ്‍ഗ്രസിന്‍േറതായിരുന്നു. നെഹ്റു-ഗാന്ധി കുടുംബത്തോട് കൂറുള്ളവരായിരുന്നു മറാത്തികള്‍. എന്നാല്‍, കാലം ചെല്ലുന്തോറും കോണ്‍ഗ്രസിന്‍െറ നടത്തം പിന്നോട്ടായി.   1978ലും 1995ലുമൊഴിച്ചാല്‍ മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസ് മാത്രമാണ്. പാര്‍ട്ടിവിട്ട ശരദ് പവാര്‍ 78ല്‍ കോണ്‍ഗ്രസിതര പാര്‍ട്ടികളെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. 95ല്‍ മുംബൈ കലാപത്തിന്‍െറ പശ്ചാത്തലത്തില്‍ ശിവസേന-ബി.ജെ.പി സഖ്യം അധികാരത്തിലത്തെി. ’99ല്‍ പാര്‍ട്ടിയുമായി വീണ്ടും പിണങ്ങിയ പവാര്‍ എന്‍.സി.പിയുണ്ടാക്കി ഒറ്റക്ക് മത്സരിച്ചെങ്കിലും സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസിനെ പിന്തുണച്ചു.
എന്‍.സി.പിയും രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. പാര്‍ട്ടി തട്ടകങ്ങളായ മറാത്ത്വാഡ, പശ്ചിമ മഹാരാഷ്ട്ര എന്നീ മേഖലകളില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ് എന്‍.സി.പി. പവാര്‍ കുടുംബത്തിനെതിരെ വളര്‍ന്നു വന്ന കര്‍ഷക നേതാക്കളാണ് പ്രധാന തലവേദന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ ബി.ജെ.പി-ശിവസേന സഖ്യത്തില്‍ ചേര്‍ന്ന രാജു ഷെട്ടിയും മഹാദേവ് ജാങ്കറും എന്‍.സി.പിയുടെ വോട്ട് ചോര്‍ത്തും. പവാര്‍ കുടുംബത്തിന്‍െറ രാഷ്ട്രീയ ആധിപത്യം തകര്‍ക്കുക എന്നതാണ് ഇവരുടെ പ്രഖ്യാപിത നയം. 2004 ല്‍ കോണ്‍ഗ്രസിനെക്കാള്‍ രണ്ട് സീറ്റുകള്‍ കൂടുതല്‍ നേടി എന്‍.സി.പി വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, മുഖ്യമന്ത്രിപദം കോണ്‍ഗ്രസിന് തന്നെ വിട്ടുകൊടുക്കുകയാണ് അന്ന് ചെയ്തത്. അജിത് പവാര്‍, ഛഗന്‍ ഭുജ്ബല്‍, സുനില്‍ തഡ്കരെ തുടങ്ങിയ നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും പ്രതികൂലമായി മുമ്പിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ കോണ്‍ഗ്രസ്-എന്‍.സി.പി കളില്‍നിന്ന് അകന്ന മുസ്ലിം ദലിത് വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പരസ്യമായി ശ്രമം നടത്തുന്നത് എന്‍.സി.പിയാണ്. 288 നിയമസഭാ മണ്ഡലങ്ങളില്‍ 144 തങ്ങള്‍ക്ക് വേണമെന്നാണ് എന്‍.സി.പിയുടെ ആവശ്യം. കോണ്‍ഗ്രസ് അത് ചെവിക്കൊണ്ടിട്ടില്ല.
ബാല്‍ താക്കറെ മരണപ്പെട്ടതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് അടുത്തമാസം നടക്കുന്നത്. രാജ് താക്കറെയുടെ എം.എന്‍.എസ് രൂപവത്കരണത്തിനു ശേഷം ചോര്‍ന്നുപോയ ബലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സേന. 2009ല്‍ എം.എന്‍.എസ് മറാത്തി വോട്ട് ചോര്‍ത്തിയതോടെ നിയമസഭയിലെ സേനയുടെ അംഗബലം 45 ആയി ചുരുങ്ങി. മാത്രമല്ല സേനയെക്കാള്‍ ഒരു സീറ്റ് കൂടുതല്‍ നേടിയ ബി.ജെ.പി പ്രതിപക്ഷ നേതൃപദവി പിടിച്ചടക്കുകയും ചെയ്തു. പഴയ വീറിലേക്ക് തിരിച്ചുവരികയാണ് ശിവസേനയുടെ ലക്ഷ്യം.
288 സീറ്റുകളില്‍ 18 എണ്ണം ചെറിയ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കി ബാക്കിയുള്ളതിന്‍െറ നേര്‍പാതി വേണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി സേനയുടെ തട്ടകമായ ദാദര്‍ ഉള്‍പെടെയുള്ള സീറ്റുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. ഇത് തങ്ങളെ പരിഹസിക്കുന്നതിന് തുല്യമായിട്ടാണ് ശിവസേന കണ്ടത്. താന്‍ ബാല്‍താക്കറെയുടെ മകനാണെന്നു പറഞ്ഞ് ഉദ്ധവ് നിലപാട് കടുപ്പിച്ചു. മാത്രമല്ല, മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായുള്ള ചര്‍ച്ചക്ക് മകന്‍ ആദിത്യ താക്കറെയെ വിട്ട് പകരം വീട്ടുകയും ചെയ്തു
2009ല്‍ ശിവസേന-ബി.ജെ.പി സഖ്യത്തിന്‍െറ കാലനായിരുന്നു രാജ് താക്കറെ. മറാത്തി വികാരം ആളിക്കത്തിച്ച് ശിവസേനയുടെ വോട്ടു പിളര്‍ത്തി. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് അന്ന് ഏറെ ആശ്വാസമായത് രാജിന്‍െറ എം.എന്‍.എസായിരുന്നു. ഉറച്ച സീറ്റുകളില്‍പോലും ശിവസേനയെ എം.എന്‍.എസ് മലര്‍ത്തിയടിച്ചു. എം.എന്‍.എസ് 13 സീറ്റുകളാണ് അന്ന് നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാടില്‍ പറ്റിയ പാളിച്ചയും തിരിച്ചടിയും എം.എന്‍.എസിനെ ഇക്കുറി എങ്ങുമില്ലാതാക്കി. ഉദ്ധവ് ശൗര്യം വീണ്ടെടുത്ത് ബി.ജെ.പിക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ മറാത്തികളുടെ ചായ്വ് അങ്ങോട്ടാണ്.

വെങ്കലദിനം

Posted: 21 Sep 2014 11:45 AM PDT

Image: 
Subtitle: 
ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍ •ബാഡ്മിന്‍റണില്‍ 28 വര്‍ഷത്തിന് ശേഷം ആദ്യമെഡല്‍

ഇഞ്ചിയോണ്‍: 17ാമത് ഏഷ്യാഡിന്‍െറ രണ്ടാം ദിനം ഇന്ത്യന്‍ മെഡല്‍ പട്ടികയില്‍ സ്ഥാനംപിടിച്ചത് രണ്ട് വെങ്കലം. ആദ്യം മെഡല്‍ ക്രെഡിറ്റ് നേടിയത് ഷൂട്ടിങ് റെയ്ഞ്ച്. ആദ്യ ദിനം ഇന്ത്യക്കായി സ്വര്‍ണം നേടിയ ജിത്തു റായ് മുന്നില്‍നിന്ന് നയിച്ച 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ദിവസത്തിലെ അവസാന ഇനമായി നടന്ന ബാഡ്മിന്‍റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് സെമി പോരിനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീം കൊറിയക്കു മുന്നില്‍ തോറ്റമ്പിയതോടെ നേട്ടം വെങ്കലത്തിലൊതുങ്ങി. 28 വര്‍ഷമായി ഏഷ്യന്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ബാഡ്മിന്‍റണിന് അന്യമായിരുന്ന മെഡലാണ് സൈന നെഹ്വാളിന്‍െറ നേതൃത്വത്തില്‍ വനിതകള്‍ നേടിയത്.
സമരേഷ് ജംഗും പ്രകാശ് നഞ്ചപ്പയുമാണ് വെങ്കലം നേടിയ ഷൂട്ടിങ് ടീമിലെ മറ്റംഗങ്ങള്‍. തന്‍െറ സുവര്‍ണ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ജിത്തുവിന് വ്യക്തിഗത 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ടീം ഇനത്തില്‍ കൃത്യത നിറഞ്ഞ അത്യുജ്ജ്വല പ്രകടനത്തിലൂടെ ജിത്തു നേടിയ 585 പോയന്‍റുകളാണ് ഇന്ത്യയെ മെഡല്‍ റൗണ്ടില്‍ എത്തിച്ചത്. കസാഖ്സ്താന്‍ താരം റാശിദ് യൂനുസ് മെറ്റോവിന് പിറകില്‍ ഏറ്റവും മികച്ച രണ്ടാം സ്കോറാണ് ആ ഘട്ടത്തില്‍ റായ് കുറിച്ചത്. സമരേഷ് ജംഗിന്‍െറ 580 പോയന്‍റും (ഒമ്പതാം സ്ഥാനം) നഞ്ചപ്പയുടെ 578 പോയന്‍റും (14ാം സ്ഥാനം) കൂടി ചേര്‍ന്ന് ആകെ 1743 പോയന്‍റാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്. സ്വര്‍ണം നേടിയ ദക്ഷിണ കൊറിയക്ക് 1744 പോയന്‍റ് ലഭിച്ചപ്പോള്‍ വെള്ളി നേടിയ ചൈനക്കും ഇന്ത്യയുടെ അതേ പോയന്‍റാണ് കിട്ടിയത്. തുടര്‍ന്ന് ബുള്‍സ്ഐ നേട്ടത്തിന്‍െറ അടിസ്ഥാനത്തിലാണ് മെഡല്‍ നിശ്ചയിച്ചത്.
 വ്യക്തിഗത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ ആദ്യ ഘട്ടത്തിലെ മുന്നേറ്റത്തിന് ശേഷമാണ് ജിത്തു റായ് പിന്നിലായത്. ആദ്യ ആറു ഷോട്ടുകള്‍ക്ക് ശേഷം, മത്സരത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ കിം ചിയോങ് യോങ്ങിനും മുന്നിലായിരുന്നു ജിത്തു. എന്നാല്‍, തൊട്ടടുത്ത ഷോട്ടില്‍ 9.5 നേടിയതോടെ രണ്ടാമതായി. ഒമ്പതാം ഷോട്ടുവരെ രണ്ടാമതായി തുടര്‍ന്ന താരം ഇടക്ക് തുല്യതയിലുമത്തെി.
എന്നാല്‍, 11ാം ഷോട്ട് ഇന്ത്യന്‍ ഷൂട്ടര്‍ക്ക് പ്രതികൂലമായി. 7.8 പോയന്‍റ് മാത്രമാണ് അതില്‍ ജിത്തുവിന് നേടാനായത്. തുടര്‍ന്ന് 14ാം ഷോട്ടിന് ശേഷം ആകെ 138.3 പോയന്‍റുമായി ആറാമതായി പുറത്തായി. തനിക്ക് മുമ്പ് ഷോട്ടെടുത്ത എതിരാളിയുടെ (കിം) 10.9 പോയന്‍റ് പ്രകടനത്തെ അഭിനന്ദിച്ച് കാണികള്‍ കൈയടിച്ചത് തന്‍െറ ശ്രദ്ധ തെറ്റിച്ചതായി മത്സരശേഷം ജിത്തു റായ് പറഞ്ഞു. കൂടാതെ തോക്ക് പുതിയതായിരുന്നതും തൊട്ടടുത്ത ദിവസങ്ങളില്‍ മത്സരിക്കേണ്ടിവന്നതും പ്രകടനത്തെ മോശമായി സ്വാധീനിച്ചതായി താരം വ്യക്തമാക്കി.
1986 സിയോള്‍ ഗെയിംസില്‍ പുരുഷ ടീം നേടിയ വെങ്കലത്തിനു ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാഡില്‍ ബാഡ്മിന്‍റണ്‍ മെഡല്‍ സ്വന്തമാക്കുന്നത്. ഏഷ്യാഡ് ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ ബാഡ്മിന്‍റണ്‍  ടീം നേടുന്ന ആദ്യ മെഡല്‍ എന്ന നേട്ടവും ഇതിനുണ്ട്.
ശനിയാഴ്ച ക്വാര്‍ട്ടര്‍ ജയിച്ച് സെമിയിലത്തെിയതോടെ ആദ്യ ദിനംതന്നെ ഇന്ത്യന്‍ വനിത ടീം ബാഡ്മിന്‍റണില്‍ മെഡലുറപ്പിച്ചിരുന്നു. എന്നാല്‍, ആതിഥേയര്‍ക്കെതിരെ 3-1ന്‍െറ ദയനീയ തോല്‍വിയാണ് സെമിയില്‍ അവരെ കാത്തിരുന്നത്. ആദ്യ സിംഗ്ള്‍സില്‍ ജയം നേടിയ സൈന നെഹ്വാള്‍ മാത്രമാണ് കൊറിയന്‍ ആക്രമണത്തെ പ്രതിരോധിച്ചത്. ജിഹ്യൂന്‍ സിങ്ങിനെതിരെ 12-21, 21-10, 9-21 സ്കോറിനാണ് സൈന ജയം നേടിയത്. രണ്ടാം സിംഗ്ള്‍സില്‍ പി.വി. സിന്ധുവിനെ 21-14, 18-21, 13-21 സ്കോറിന് തറപറ്റിച്ച് യിയോജു ബെയ് ദക്ഷിണകൊറിയയെ ഒപ്പമത്തെിച്ചു.
തൊട്ടുപിന്നാലെ നടന്ന ഡബ്ള്‍സില്‍ സിക്കി റെഡ്ഡി-പ്രദന്യാ ഗദ്രെ സഖ്യത്തെ തോല്‍പിച്ച് കിം സൊയോങ് ചാങ് അവരെ മുന്നിലത്തെിച്ചു. തുടര്‍ന്ന് നിര്‍ണായകമായ നാലാം സിംഗ്ള്‍സില്‍ മലയാളി താരം പി.സി. തുളസിയെ 12-21, 8-21 ന് അനായാസം മുട്ടുകുത്തിച്ച് കിം ഹ്യോമിനാണ് കൊറിയയെ സ്വര്‍ണപ്പോരാട്ടത്തിന് അര്‍ഹരാക്കിയത്.
മറ്റിനങ്ങളില്‍ സമ്മിശ്ര ദിനമായിരുന്നു ഇന്ത്യയുടേത്. ടെന്നിസ് പുരുഷ വിഭാഗം ടീം ഇനത്തിന്‍െറ രണ്ടാം റൗണ്ടില്‍ ഇന്ത്യ 3-0ത്തിന് നേപ്പാളിനെ തറപറ്റിച്ച് ക്വാര്‍ട്ടറിലത്തെി. തുഴച്ചിലില്‍ പുരുഷ വിഭാഗം ഹീറ്റ്സില്‍ രണ്ടാമതത്തെിയ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേക്ക് യോഗ്യത നേടി.
പുരുഷ സിംഗ്ള്‍സ് സ്കള്‍സിന്‍െറ ആദ്യ ഹീറ്റ്സില്‍ രണ്ടാമതത്തെിയ സവണ്‍ സിങ് റെപ്പഷാഗെ റൗണ്ടിന് യോഗ്യനായി. ഹാന്‍ഡ്ബാള്‍ പുരുഷ വിഭാഗം ഗ്രൂപ് പോരാട്ടത്തില്‍ ഇന്ത്യയെ 39-19ന് കൊറിയ തോല്‍പിച്ചു. വനിതാ വിഭാഗത്തില്‍ 26-26 സ്കോറിന് ഇന്ത്യ തായ്ലന്‍ഡിനെ സമനിലയില്‍ കുരുക്കി.

ഒളിമ്പിക് ചാമ്പ്യന്മാരെ തറപറ്റിച്ച് സ്കൂള്‍ ബോയ്!

Posted: 21 Sep 2014 11:31 AM PDT

Image: 
Subtitle: 
കൗമാരതാരം കിം ചിയോങ് യോങ്ങിന് ഷൂട്ടിങ്ങില്‍ ഇരട്ട സ്വര്‍ണം

ഇഞ്ചിയോണ്‍: 17കാരനായ ദക്ഷിണകൊറിയന്‍ ഷൂട്ടിങ് താരം കിം ചിയോങ് യോങ് ഇനി സ്കൂളില്‍ പോകുമ്പോള്‍ കൈയില്‍ രണ്ടു സ്വര്‍ണമുണ്ടാകും. അതില്‍ ഒന്ന് എണ്ണംപറഞ്ഞ ഒളിമ്പിക് ചാമ്പ്യന്മാരെ പിന്തള്ളി നേടിയതും മറ്റൊന്ന് തന്‍െറ ആരാധനാപാത്രം കൂടിയായ ഒളിമ്പിക് ചാമ്പ്യനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് സ്വന്തമാക്കിയതും. ഷൂട്ടിങ് റെയ്ഞ്ചില്‍ നാണംനിറഞ്ഞ ചിരിയുമായി നിന്ന കിം എന്ന ആ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ഞായറാഴ്ച ഏഷ്യാഡില്‍നിന്നുള്ള വലിയ വാര്‍ത്ത. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും സ്വര്‍ണം നേടിയാണ് കൗമാരതാരം ആതിഥേയരുടെ അഭിമാനമായത്. വ്യക്തിഗത പോരാട്ടത്തില്‍ ചൈനയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ പാങ് വെയ്യെയും തന്‍െറ ഹീറോയും നാട്ടുകാരനുമായ ഒളിമ്പിക്, ലോക ചാമ്പ്യന്‍ ജിന്‍ ജോങ് ഒയെയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് കിം ചിയോങ് യോങ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. സോളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ കിം 201.2 പോയന്‍റാണ് നേടിയത്.  199.3 പോയന്‍റുമായി പാങ് തൊട്ടുപിന്നിലത്തെിയപ്പോള്‍ ജിന്‍ ജോങ്ങിന് 179.3 പോയന്‍റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഈ ഇനത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ ദക്ഷിണ കൊറിയയുടെതന്നെ ലീ ഡേം യങ് യോഗ്യതാ റൗണ്ടില്‍ 13ാം സ്ഥാനക്കാരനായി ഫൈനലിലത്തൊതെ പുറത്തായി.
ഞായറാഴ്ച ആദ്യം നടന്ന ടീം ഇനത്തില്‍ ജിന്‍ ജോങ്ങിനും ലീ ഡേം യങ്ങിനും ഒപ്പം ചേര്‍ന്നാണ് കിം ചിയോങ് യോങ് സ്വര്‍ണം നേടിയത്. ഈ വര്‍ഷം തുടങ്ങുന്നതിന് മുമ്പുവരെ ഷൂട്ടിങ് ലോകത്തിന് അജ്ഞാതനായിരുന്ന കിം ആഗസ്റ്റില്‍ നടന്ന നാന്‍ജിങ് യൂത്ത് ഒളിമ്പിക്സില്‍ വെള്ളി നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. നാന്‍ജിങ്ങിലെ മത്സരപരിചയമാണ് തനിക്ക് ഏഷ്യന്‍ ഗെയിംസിനായി ആത്മവിശ്വാസം പകര്‍ന്നതെന്ന് കിം മത്സരശേഷം പറഞ്ഞു. ചൈനീസ് എതിരാളിയും തന്‍െറ ഹീറോയും ഉണ്ടായിരുന്ന മത്സരം എളുപ്പമാകില്ളെന്ന് അറിയാമായിരുന്നെങ്കിലും സ്വന്തം ഗെയിമില്‍ വിശ്വാസമുണ്ടായിരുന്നതായും താരം പറഞ്ഞു. എല്ലാ കൊറിയക്കാരുടെയും അനുഗ്രഹവും ഭാഗ്യവും ഒത്തുചേര്‍ന്നതോടെയാണ് സ്വപ്നനേട്ടം കൈവരിക്കാനായതെന്നും കിം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന താരങ്ങളില്‍നിന്ന് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും കുഞ്ഞു ചാമ്പ്യന്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP