സ്വാഗതം
WELCOME

News Update..

Saturday, September 27, 2014

തിരുനാവായക്ക് സമഗ്ര തീര്‍ഥാടന ടൂറിസം പദ്ധതിയുമായി റീ–എക്കൗ Madhyamam News Feeds

തിരുനാവായക്ക് സമഗ്ര തീര്‍ഥാടന ടൂറിസം പദ്ധതിയുമായി റീ–എക്കൗ Madhyamam News Feeds

Link to

തിരുനാവായക്ക് സമഗ്ര തീര്‍ഥാടന ടൂറിസം പദ്ധതിയുമായി റീ–എക്കൗ

Posted: 26 Sep 2014 11:49 PM PDT

തിരുനാവായ: മാമാങ്ക സ്മാരകങ്ങളും നാവാമുകുന്ദ ക്ഷേത്രവും ഉള്‍പ്പെടുത്തി തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സമഗ്ര പ്രോജക്ട് റിപ്പോര്‍ട്ട് സാംസ്കാരിക സംഘടനയായ റീ-എക്കൗ ഡി.ടി.പി.സിക്ക് സമര്‍പ്പിച്ചു. റോഡ് വികസനം, വിഷ്ണു-ബ്രഹ്മ-ശിവ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ത്രിമൂര്‍ത്തി സംഗമപാലം, അത്യാധുനിക ടോയ്ലറ്റ് സൗകര്യം, ഗെസ്റ്റ് ഹൗസ്, ബലിപ്പടവുകള്‍, അങ്കത്തട്ട്, യന്ത്ര ബോട്ടുകള്‍ക്കുള്ള ജെട്ടി, ഷോപ്പിങ് കോംപ്ളക്സ് തുടങ്ങി രണ്ടുകോടി ചെലവുവരുന്ന പ്രോജക്ടാണ് സമര്‍പ്പിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകള്‍, എം.പി-എം.എല്‍.എ ഫണ്ടുകള്‍ എന്നിവ ഇതിനായി വിനിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ 20ഓളം ആര്‍ക്കിടെക്റ്റ് വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് പ്രോജക്ട് രൂപകല്‍പന ചെയ്തത്. റീ -എക്കൗ പ്രസിഡന്‍റ് സി.കെ. ശിവന്‍, സി. ഖിളര്‍, സി.പി.എം. ഹാരിസ്, എം.കെ. സതീഷ് ബാബു, കെ.പി. അലവി, പി.പി. രാഗേഷ്, ഫസലു പാലമ്പലത്ത്, ടി.പി. വാസു, ചിറക്കല്‍ ഉമ്മര്‍, സതീശന്‍ കളിച്ചാത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രോജക്ട് തയാറാക്കിയത്. മുമ്പ് നിള ടൂറിസം പദ്ധതിക്ക് റീ-എക്കൗ സമര്‍പ്പിച്ച പ്രോജക്ടില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

സ്വത്ത് സമ്പാദന കേസ്: വിധി ഒരു മണിക്ക് പ്രസ്താവിക്കും

Posted: 26 Sep 2014 11:38 PM PDT

Image: 

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി കേള്‍ക്കാന്‍  ബംഗളൂരുവില്‍ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കോടതിയില്‍ ഹാജരായി. തോഴി ശശികലയും കൂടെ എത്തിയിട്ടുണ്ട്. വിധി ഒരുമണിക്ക് പ്രസ്താവിക്കും. ഒരുമണിക്കൂര്‍ മുമ്പ് തന്നെ എത്തിയ പ്രത്യേക ജഡ്ജി ജോണ്‍ മൈക്കിള്‍ 11 മണിക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. പതിനെട്ടുകൊല്ലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് കോടതി വിധിപറയുന്നത്. വിധിപ്രഖ്യാപനം കര്‍ണാടകത്തില്‍നിന്നു മാറ്റാന്‍ ജയലളിത സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

ജയലളിതയുടെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് തമിഴ്നാട്, കര്‍ണാടക പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ താത്കാലികമായി നിര്‍മിച്ച കെട്ടിടത്തില്‍ പ്രത്യേക ജഡ്ജി ജോണ്‍ ഡി കുന്‍ഹയാണു വിധി പ്രഖ്യാപിക്കുന്നത്. ജയിലിന് മുന്നില്‍ നൂറുകണക്കിന് എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഇടക്ക് സംഘര്‍ഷമുണ്ടായി.

ചെന്നൈയില്‍ നിന്നും ഹെലികോപ്ടറില്‍ ബംഗളൂരുവില്‍ എത്തിയ ജയലളിതക്ക് ഇറങ്ങാന്‍ കോടതി പരിസരത്തു താത്കാലിക ഹെലിപ്പാഡ് തയാറാക്കിയിരുന്നു. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ്, സിറ്റി ആംഡ് റിസര്‍വ്, റാപിഡ് ആക്ഷന്‍ ഫോഴ്സ് എന്നീ വിഭാഗങ്ങള്‍ക്കു പുറമേ മഫ്തിയിലുള്ള നൂറുകണക്കിനു പോലീസുകാരും കോടതി പരിസരത്തു സെഡ് പ്ളസ് സുരക്ഷക്കായുണ്ട്.

 

298 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്ളസ് വണ്‍ പ്രവേശം ഉടന്‍

Posted: 26 Sep 2014 11:30 PM PDT

കല്‍പറ്റ: പ്ളസ് വണ്‍ പ്രവേശം ലഭിക്കാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളില്‍ പ്രവേശത്തിന് ഉടന്‍ അവസരമൊരുങ്ങും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഒരുമാസത്തിനകം പ്രവേശം ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്‍കൈയെടുത്ത് തയാറാക്കിയ ആക്ഷന്‍ പ്ളാന്‍ അനുസരിച്ചാണ് പ്രവേശം ലഭിക്കാത്ത കുട്ടികള്‍ക്ക് അഡ്മിഷന്‍ ഒരുങ്ങുന്നത്. പ്ളസ് വണ്‍ പ്രവേശത്തിന് യോഗ്യത നേടിയിട്ടും പ്രവേശം തരപ്പെടാതിരുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശക ക്യാമ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. പ്ളസ് വണ്‍ പ്രവേശം ലഭിക്കാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ മൂന്നു സ്കൂളുകളിലായി ഒരുമിച്ചുകൂട്ടിയാണ് പ്രവേശം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും മറ്റും നല്‍കിയത്. പ്രവേശം ലഭിക്കാത്തവര്‍ എസ്.എസ്.എല്‍.സിക്ക് പഠിച്ചിരുന്ന സ്കൂള്‍ അധികൃതര്‍ക്ക് വിവരം നല്‍കണമെന്ന് നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 325 കുട്ടികളാണ് പ്രവേശം ലഭിക്കാത്തവരായി ഉണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ക്ക് അലോട്മെന്‍റായി.
ഇപ്പോള്‍ 298 പേരാണ് പ്രവേശം കാത്തിരിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ താജ് മന്‍സൂര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇവരില്‍ 110 വിദ്യാര്‍ഥികള്‍ മാനന്തവാടി താലൂക്കിലും 44 വിദ്യാര്‍ഥികള്‍ വൈത്തിരി താലൂക്കിലുമാണ്. ബത്തേരി താലൂക്കില്‍ 144 പേരാണ് പ്രവേശം കാത്തിരിക്കുന്നത്. അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും മറ്റുവിവരങ്ങളും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് കലക്ടറെ അറിയിച്ചിരുന്നു. കലക്ടറുടെ നിര്‍ദേശം സ്വീകരിച്ച് സര്‍ക്കാര്‍ പുതിയ പ്ളസ് വണ്‍ സീറ്റുകള്‍ അതത് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളില്‍ സൃഷ്ടിച്ച് പ്രവേശത്തിന് അവസരമൊരുക്കിയേക്കും. സര്‍ക്കാറിന്‍െറ നിര്‍ദേശം ലഭിക്കുന്ന മുറക്ക് സ്കൂളുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കും. എന്നാല്‍, ശേഷിക്കുന്ന 298 പേരില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് സയന്‍സ് ഗ്രൂപ് തെരഞ്ഞെടുത്തിട്ടുള്ളത്.
മറ്റുള്ളവരെല്ലാം ഹ്യുമാനിറ്റീസിനോ കോമേഴ്സിനോ ആണ് മുഖ്യപരിഗണന നല്‍കുന്നത്. എട്ടു ശതമാനമാണ് പ്ളസ് വണ്ണില്‍ പട്ടികവര്‍ഗക്കാര്‍ക്ക് സംവരണമുള്ളത്. എന്നാല്‍, ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ ആദിവാസി വിഭാഗം വിദ്യാര്‍ഥികള്‍ അതില്‍ കൂടുതല്‍ വരുന്നതിനാലാണ് മിക്കവര്‍ക്കും നേരത്തേയുള്ള അലോട്മെന്‍റുകളില്‍ പ്രവേശം ലഭിക്കാതെ വന്നത്.

ഗൂഗ്ളിന് ഇന്ന് മധുരപ്പതിനാറ്

Posted: 26 Sep 2014 11:09 PM PDT

Image: 

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ജനകീയമായ സെര്‍ച്ച് എന്‍ജിനായ ഗൂഗ്ളിന് പതിനാറാം പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച് ഡൂഡിലുമായാണ് ഗൂഗ്ളിന്‍െറ ഇന്നത്തെ ഹോം പേജ്. തൊപ്പി 'ധരിച്ച' ഗൂഗ്ളിന്‍െറ ആദ്യ അക്ഷരമായ 'ജി', ഒ, എല്‍ എന്നീ അക്ഷരങ്ങളുടെ ഉയരം അളക്കുന്നതിന്‍െറ ആനിമേഷനാണ് ഡൂഡിലായി കൊടുത്തിരിക്കുന്നത്.

1998ലാണ് ഗൂഗ്ള്‍ നിലവില്‍ വന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് സ്ഥാപകര്‍. സെര്‍ച്ച് എന്‍ജിനുകള്‍ ഹോംപേജില്‍ പരസ്യം കൊടുക്കാറുണ്ടെങ്കിലും ഗൂഗ്ള്‍ ഹോം പേജ് ഒഴിച്ചിട്ടത് ശ്രദ്ധേയമാണ്.

ബിവറേജസ് മദ്യഷാപ് പൂട്ടാനുള്ള തീരുമാനത്തില്‍ പരക്കെ ആഹ്ളാദം

Posted: 26 Sep 2014 10:56 PM PDT

താമരശ്ശേരി: ടൗണിന്‍െറ ഹൃദയ ഭാഗത്ത് പൊതുജനങ്ങള്‍ക്ക് ശല്യമായി പ്രവര്‍ത്തിച്ചുവന്ന ബിവറേജസിന്‍െറ വിദേശമദ്യ വില്‍പന ഷാപ് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പരക്കെ ആഹ്ളാദം.
16 വര്‍ഷത്തോളമായി പല ഘട്ടങ്ങളിലായി ആക്ഷന്‍ കമ്മിറ്റി താമരശ്ശേരിയിലെ രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക മേഖലകളിലെ ആളുകളുടെ സഹകരണത്തോടെ മദ്യവില്‍പന കേന്ദ്രത്തിനെതിരെ നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടര വര്‍ഷം മുമ്പ് ഡി.ആന്‍ഡ് ഒ ലൈസന്‍സിന്‍െറ വിഷയത്തില്‍ ഗ്രാമ പഞ്ചായത്തിന്‍െറ അധികാരം ഉപയോഗപ്പെടുത്തി മദ്യശാല അടപ്പിച്ചിരുന്നു. കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തുറന്നത്. സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്ന വിദേശ മദ്യഷാപ്പുകളുടെ ലിസ്റ്റില്‍ താമരശ്ശേരി ഉള്‍പ്പെടുത്തിയതിനെ താമരശ്ശേരി ടൗണ്‍ വികസന സമിതി സ്വാഗതം ചെയ്തു. വിദേശ മദ്യഷാപ് പൂട്ടാനുള്ള തീരുമാനത്തെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രസിഡന്‍റ് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു.

കശ്മീര്‍ വിഷയം: പാകിസ്താന്‍െറ വാദങ്ങള്‍ തള്ളി ഇന്ത്യ

Posted: 26 Sep 2014 10:43 PM PDT

Image: 

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍െറ വാദങ്ങള്‍ തള്ളി ഇന്ത്യ. ലോകവ്യാപകമായി അംഗീകരിച്ച ജനാധിപത്യ നയങ്ങള്‍ക്കനുസൃതമായി തങ്ങളുടെ വിധി തീരുമാനിച്ചവരാണ് കശ്മീര്‍ ജനതയെന്ന് ഇന്ത്യ യു.എന്നില്‍ അറിയിച്ചു.

വിദേശ സെക്രട്ടറി തല ചര്‍ച്ചകള്‍ ഏകപക്ഷീയമായി റദ്ദാക്കി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍്റെ വാദങ്ങള്‍ ഇന്ത്യ പൂര്‍ണമായും തള്ളി.

കശ്മീര്‍ പ്രശ്നം കൂടിയാലോചനകളിലൂടെ പരിഹരിക്കാന്‍ പാകിസ്താന്‍ ഒരുക്കമാണ്. കശ്മീര്‍ പ്രശ്നത്തിന് മേല്‍ മൂടുപടമണിയിക്കാമെന്ന് ഇന്ത്യ കരുതരുതെന്നും നവാസ് ശരീഫ് പ്രസംഗത്തില്‍ പറഞ്ഞു. ജമ്മു-കശ്മീരിലെ സ്വയം നിര്‍ണായവകാശത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്. അത് ഞങ്ങളുടെ ചരിത്രപരമായ കടമയും പ്രതിബദ്ധതയുമാണ്. ആറു ദശാബ്ദം മുമ്പ് ഐക്യരാഷ്ട്ര സംഘടന കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് പ്രമേയം പാസാക്കിയിട്ടും ഇന്ത്യ അതു ചെയ്തില്ളെന്നും ശരീഫ് വിമര്‍ശിച്ചിരുന്നു.

ദുബൈ യാത്രയില്‍ ബന്ധം ഊഷ്മളമാക്കി മുഖ്യമന്ത്രിയും സുധീരനും

Posted: 26 Sep 2014 10:18 PM PDT

Image: 

ദുബൈ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരനും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കി ഇരുവരുടെയും ദുബൈ യാത്ര. മദ്യനയത്തെചൊല്ലി ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ അഭിപ്രായഭിന്നതകള്‍ക്ക്  വിരാമമാകുന്നുവെന്ന സൂചന നല്‍കുന്നതായിരുന്നു ഇവരുടെ ദുബൈയിലെ ഹ്രസ്വ സന്ദര്‍ശനം. കോണ്‍ഗ്രസ് ചാനലയായ ജയ്ഹിന്ദ് ടി.വിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ ഉമ്മന്‍ചാണ്ടിയെ ഏറെ പുകഴ്ത്തി വി.എം.സുധീരന്‍ നടത്തിയ പ്രസംഗവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ജയ്ഹിന്ദി ടി.വി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായിു ഇരുവരും ബുധനാഴ്ച രാത്രിയാണ് എത്തിയത്. കൂടെ ജയ്ഹിന്ദ് മാനേജിങ് ഡയറക്ടര്‍ കൂടിയായ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസനുമുണ്ടായിരുന്നു. മൂവരും വന്നത് ഒരേ വിമാനത്തില്‍.  നാലു മണിക്കൂര്‍ ഒന്നിച്ചുള്ള വിമാനയാത്ര തന്നെ വി.എം.സുധീരനും ഉമ്മന്‍ചാണ്ടിക്കും ഏറെക്കാലത്തിനു ശേഷമുള്ള അനുഭവമായിരുന്നു.
വ്യാഴാഴ്ച സൂധീരന് ഉച്ചഭക്ഷണം ഉമ്മന്‍ചാണ്ടിയോടൊപ്പം മകള്‍ അച്ചു ഉമ്മന്‍െറ ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ  വീട്ടിലായിരുന്നു. വൈകിട്ട് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ജയ്ഹിന്ദ് ടി.വി വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും  ഈ രീതിയില്‍ പോയാല്‍ യു.ഡി.എഫ് സര്‍ക്കാരിന് കേരളത്തില്‍ തുടര്‍ച്ചയുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.
വന്‍കിട സംരംഭങ്ങള്‍ക്കായി ശ്രമിക്കുമ്പോള്‍ തന്നെ സാധാരണക്കാരുടെ ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത. പതിനായിരങ്ങള്‍ക്കിടയില്‍ അവരുടെ പ്രശ്നപരിഹാരത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന  ഇങ്ങിനെയൊരു മനുഷ്യന്‍ അദ്ഭുതമാണ്.
താന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്നു നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടി. വയലാര്‍ രവിയും എ.കെ.ആന്‍റണിയുമാണ് മറ്റു രണ്ടുപേര്‍. കെ.എസ്.യു കാലം മുതല്‍ ഇവര്‍ക്കൊപ്പമാണ് താന്‍ പ്രവര്‍ത്തിച്ചത്- വി.എം.സുധീരന്‍ വ്യക്തമാക്കി. കേരളത്തിന്‍െറ വികസന പ്രതീക്ഷകള്‍ക്ക് കഠിനാധ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയെയാണ് നമുക്ക് ലഭിച്ചത്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എല്ലാവരും പിന്തുണ നല്‍കണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ബാറുകള്‍ അടപ്പിക്കുന്ന കാര്യത്തില്‍ ഭരണനേതൃത്വവും കെ.പി.സി.സി പ്രസിഡന്‍റും തമ്മില്‍ തുടങ്ങിയ ഭിന്നത പിന്നീട് രൂക്ഷമായിരുന്നു. കോണ്‍ഗ്രസിലെ വിവിധ ഗ്രുപ്പുകള്‍ സുധീരനെതിരെ ഒന്നിക്കുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്നാല്‍ വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ വീക്ഷണമുണ്ടാവാമെങ്കിലും വ്യക്തി ബന്ധങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ളെന്ന് വി.എം.സുധീരന്‍ പിന്നീട് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുറത്തുനിന്ന് കാണുന്നവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാനും മുഖ്യമന്ത്രിയുമായുള്ള ബന്ധം കുടുതല്‍ ഊഷ്മളമാക്കാനും ദുബൈ യാത്ര സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റായ ശേഷമുള്ള സുധീരന്‍െറ ആദ്യ ദുബൈ യാത്രയില്‍ യു.എ.ഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇടക്കാലത്തുണ്ടായ പോരിനും ഭിന്നതകള്‍ക്കും പരിഹാരമുണ്ടാക്കാനുള്ള ശ്രമവുമുണ്ടായി. ദുബൈ സര്‍ക്കാര്‍ സംഘടനകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനവും ദുബൈയില്‍ നിലച്ചിരുന്നു. ഒ.ഐ.സി.സി യു.എ.ഇ പ്രസിഡന്‍റായ എം.ജി. പുഷ്പാകരന്‍ രാജിവെക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഒരു വിഭാഗം ദുബൈ, അബൂദബി,ഷാര്‍ജ എന്നിവിടങ്ങളില്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ മറ്റൊരു വേദിയുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
ഇന്നലെ വിവിധ എമിറേറ്റുകളിലെ കോണ്‍ഗ്രസ് നേതാക്കളുമായും പ്രവര്‍ത്തകരുമായും ഷാര്‍ജയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വി.എം.സുധീരന്‍ കെ.പി.സി.സി നയം വ്യക്തമാക്കി. കോണ്‍ഗ്രസിന് പ്രവാസി പോഷക സംഘടനയായി ഒ.ഐ.സി.സി മാത്രമേയുള്ളൂവെന്നും മറ്റു പേരിലുള്ള കൂട്ടായ്മകളെല്ലാം പിരിച്ചുവിടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദുബൈയിലെ നിയമമനുസരിച്ച് ഒ.ഐ.സി.സിയെ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് സംബന്ധിച്ച് മൂന്നു മാസത്തിനകം തീരുമാനമറിയിക്കും. വിദേശ രാജ്യങ്ങളില്‍  അവിടത്തെ നിയമങ്ങള്‍ക്കകത്ത്നിന്ന് പ്രവര്‍ത്തിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പ്രവാസികള്‍ ജോലിയില്‍ ശ്രദ്ധിക്കണമെന്നും സംഘടനാ കാര്യം രണ്ടാമതേ വരേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ നാട്ടിലേക്ക് തിരിച്ചപ്പോള്‍ വി.എം.സുധീരന്‍ ഉച്ചകഴിഞ്ഞാണ് മടങ്ങിയത്. ദുബൈയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാനും ഇതിനിടയില്‍ സുധീരന്‍ സമയം കണ്ടത്തെി.

സിറിയയില്‍ ഐ.എസിനെതിരെ അമേരിക്ക വ്യോമാക്രണം തുടരുന്നു

Posted: 26 Sep 2014 10:15 PM PDT

Image: 

ഡമസ്കസ്: സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം തുടരുന്നു. അഞ്ചാം ദിവസമായ ഇന്നും വ്യോമാക്രമണം നടത്തിയതായി പെന്‍റഗണ്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അമേരിക്ക തയാറായില്ല.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ ബ്രിട്ടനും ബെല്‍ജിയവും ഡെന്‍മാര്‍ക്കും അമേരിക്കക്കൊപ്പം പങ്കുചേരുന്നതായി അറിയച്ചതിന് പിന്നാലെയാണ് ആക്രമണം.

 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ അമേരിക്കയോടൊപ്പം പങ്കുചേരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയത്. വോട്ടെടുപ്പിലൂടെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് തീരുമാനമെടുത്തത്. 43നെതിരെ 524 വോട്ടുകള്‍ക്ക് പാര്‍ലമെന്‍റില്‍ ഇത് സംബന്ധിച്ച പ്രമേയം പാസായത്.  പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആണ് പൊതുസഭയില്‍ വിഷയം അവതരിപ്പിച്ചത്.

 

മക്കയില്‍ ആദ്യ ജുമുഅക്ക് തീര്‍ഥാടകലക്ഷങ്ങള്‍

Posted: 26 Sep 2014 09:51 PM PDT

Image: 

മക്ക:  ദുല്‍ഹജ്ജ് മാസത്തെ ആദ്യത്തെയും ഹജ്ജിനു മുമ്പുള്ള അവസാനത്തെയും വെള്ളിയാഴ്ചയായ ഇന്നലെ മക്കയിലെ മസ്ജിദുല്‍ഹറാമില്‍ ജുമുഅക്ക് എത്തിച്ചേര്‍ന്നത് തീര്‍ഥാടകലക്ഷങ്ങള്‍. 41 ഡിഗ്രി രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസത്തെ ചൂടിനെ വകവെക്കാതെ ഹറം പരിസരത്തുനിന്നു അല്‍പം ദൂരെ അസീസിയ്യയില്‍ നിന്നും തീര്‍ഥാടകര്‍ വിശുദ്ധ പള്ളിയിലേക്കൊഴുകിയത്തെി.
പ്രഭാതപ്രാര്‍ഥനക്കു ശേഷം തന്നെ മസ്ജിദുല്‍ഹറാമിലേക്ക് സംഘങ്ങളായി നീക്കം തുടങ്ങിയിരുന്നു. പ്രാതലിനും ഉച്ചക്കും വിശപ്പടക്കാനുള്ളതും കരുതി രാവിലെ തന്നെ മസ്ജിദുല്‍ഹറാമിനകത്ത് ഇടം പിടിക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. അസീസിയ്യയില്‍ നിന്നു തീര്‍ഥാടകരുടെ തിരക്കു കൂടി വന്നതോടെ ബസ് ഗതാഗതം രണ്ടു സ്റ്റേഷനുകളിലായി വിഭജിച്ചു. അസീസിയ്യയില്‍ പുറപ്പെട്ട ബസുകള്‍ കുദായി സ്റ്റേഷനില്‍ ാളുകളെ ഇറക്കി. അവിടെ നിന്നു ഹറമിലേക്ക് ബസ് മാറിക്കയറുകയായിരുന്നു. അസീസിയ്യയില്‍ നിന്നു ഹറമിലേക്കു സര്‍വീസ് നടത്തുന്ന ഒമ്പത്, 10, 10എ, 11, 12 സ്റ്റേഷനുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. രാവിലെ പത്തോടെ ഹറമില്‍ പള്ളിക്കകം നിറഞ്ഞതോടെ വാതിലുകളില്‍ ചുവപ്പുലൈറ്റുകള്‍ തെളിഞ്ഞു. സുരക്ഷാസൈനികര്‍ തീര്‍ഥാടകരോട് പുറം മുറ്റങ്ങളില്‍ നമസ്കാരത്തിന് അണിനിരക്കാന്‍ ആവശ്യപ്പെട്ടു.
മസ്ജിദുല്‍ ഹറാമില്‍ ഇമാം ശൈഖ് സാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കാലുഷ്യത്തിലും സംഘര്‍ഷത്തിലും അകപ്പെട്ടുപോയ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നിലവിലെ പ്രതിസന്ധികളില്‍ പതറാതെയും നിരാശരാകാതെയും ഇസ്ലാമിന്‍െറയും മുസ്ലിംകളുടെയും അന്തസ്സും ആത്മവിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനും ഇമാം ആഹ്വാനം ചെയ്തു.
മദീനയിലെ മസ്ജിദുന്നബവിയില്‍ അടുത്ത ദിനങ്ങളിലായി മക്കയിലേക്കു ഹജ്ജിനു തിരിക്കേണ്ട തീര്‍ഥാടകര്‍ അവസാന ജുമുഅ നിര്‍വഹിച്ചു. പ്രവാചകപള്ളിയില്‍ ഇമാം ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഹുദൈഫി ജുമുഅക്ക് നേതൃത്വം നല്‍കി.
നാലില്‍ മൂന്നു ഭാഗം തീര്‍ഥാടകരേ മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുള്ളൂവെങ്കിലും ഹജ്ജിനു മുമ്പുള്ള അവസാന ജുമുഅക്ക് മസ്ജിദുല്‍ഹറാമില്‍ തന്നെ എത്തണമെന്ന ആവേശത്തിലായിരുന്നു എല്ലാവരും. ഇന്ത്യയില്‍ നിന്നുള്ള 65,000 തീര്‍ഥാടകരെ മക്ക അസീസിയ്യയില്‍ നിന്നു ഹറമില്‍ ജുമുഅ നമസ്കാരത്തിന് എത്തിക്കുന്ന ദൗത്യം അക്ഷീണം യത്നിച്ച വളണ്ടിയര്‍മാരുടെ സഹായത്തോടെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വിജയകരമായി തരണം ചെയ്തു.
രാവിലെ ആറിനു അസീസിയ്യയില്‍ തുടങ്ങിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ ഹറമിലേക്കുള്ള വരവ് പത്തോടെ പൂര്‍ത്തീകരിച്ചതായും മുഴുവന്‍ ഹാജിമാരും തിരിച്ച് അസ്ര്‍ നമസ്കാരത്തിനു മുമ്പായി അസീസിയ്യയില്‍ എത്തിച്ചേര്‍ന്നതായും കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. അനിഷ്ടസംഭവങ്ങളോ പ്രയാസങ്ങളോ ഇല്ലാതെ പരാതിമുക്തമായി ഓപറേഷന്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു.
 മലയാളി ഹാജിമാര്‍ എല്ലാവരും സന്തുഷ്ടരായി കാണപ്പെട്ടു. പ്രായാധിക്യമുള്ള മൂന്നോ നാലോ പേര്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാവരും ആവേശപൂര്‍വം ആരാധനകളിലും അനുഷ്ഠാനങ്ങളിലും മുഴുകി കഴിയുകയാണ്. വിവിധ മലയാളി സന്നദ്ധസംഘടനകളുടെ സേവകര്‍ ഇരുഹറമുകളിലും താമസസ്ഥലങ്ങളിലുമെല്ലാം തീര്‍ഥാടകരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്.
 

ബസ് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരടക്കം ആറ് മരണം

Posted: 26 Sep 2014 09:29 PM PDT

Image: 

കുവൈത്ത് സിറ്റി: ഫഹാഹീല്‍ എക്സ്പ്രസ്വേയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയുമാണ്.   അപകടത്തില്‍  മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്  വ്യക്തമല്ല.
കുവൈത്ത് സിറ്റിയില്‍ നിന്ന് ഫഹാഹീലിലേക്ക് പോയ കെ.ജി.എല്‍ കമ്പനിയുടെ 102ാം നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്.
മുന്നിലെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് കയറുകയും തുടര്‍ന്ന് മറിയുകയുമായിരുന്നു.
ബസിനടിയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. കുവൈത്ത് സിറ്റിക്കും ഫഹാഹീലിനും ഇടയില്‍ സബാഹ് സാലിമിന് സമീപത്താണ് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ അപകടമുണ്ടായത്. വെള്ളിയാഴ്ചയായതിനാല്‍ ബസില്‍ പതിവില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നു. ബസ് ഡ്രൈവറും ഏതാനും യാത്രികരും തല്‍ക്ഷണം മരിച്ചതായി ദൃക്സാക്ഷികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, മലയാളികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് രാത്രി വൈകിയും വ്യക്തത ലഭിച്ചിട്ടില്ല.
അപകടം നടന്ന വിവരം അറിഞ്ഞയുടന്‍ സ്ഥലത്തത്തെിയ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മറിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിമാറ്റിയാണ് ഉള്ളിലും അടിയിലും കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.
ബസ് മറിഞ്ഞതിനെ തുടര്‍ന്ന് ഫഹാഹീലിലേക്കുള്ള പാതയില്‍ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. ഉച്ചക്ക് അപകടം സംഭവിച്ചയുടന്‍ പത്ത് പേര്‍ മരിച്ചെന്നായിരുന്നു പ്രാഥമികവിവരം പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ആറാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.  അപകടത്തില്‍ കുവൈത്ത് പൗരന്‍മാര്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ളെന്ന് അധികൃതര്‍ അറിയിച്ചു.  
 

മോദിക്കെതിരെയുള്ള സമന്‍സ് സന്ദര്‍ശനത്തെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ്

Posted: 26 Sep 2014 08:09 PM PDT

Image: 

വാഷിങ്ടണ്‍: യു.എസ് ഫെഡറല്‍ കോടതി പുറപ്പെടുവിപ്പിച്ച സമന്‍സ് നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. സമന്‍സുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക നടപടികള്‍ ആരംഭിക്കാത്തതിനാല്‍ മോദിയുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിലെ പങ്കിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയാണ് കഴിഞ്ഞദിവസം മോദിക്ക് സമന്‍സ് അയച്ചത്. അമേരിക്കന്‍ ജസ്റ്റിസ് സെന്‍റര്‍ എന്ന സംഘടനയാണ് പരാതി നല്‍കിയത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യു.എസില്‍ എത്തിയ ദിവസം തന്നെയാണ് കോടതി സമന്‍സ് അയച്ചത്. 21 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസ്: പുരുഷവിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം

Posted: 26 Sep 2014 07:44 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷവിഭാഗം അമ്പെയ്ത്തില്‍ കോമ്പൗണ്ട് വിഭാഗത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചത്. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീമാണ് ഫൈനലില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത്.

നേരത്തെ വനിതാ വിഭാഗത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. ത്രിഷ ദേബ്, പൂര്‍വാഷ സുധീര്‍, ജ്യോതി സുരേഖ എന്നിവരടങ്ങിയ ടീമാണ് വെങ്കലം കരസ്ഥമാക്കിയത്. ഇറാനെ 217നെതിരെ 224 പോയന്‍റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഈയിനത്തില്‍ ദ.കൊറിയക്കാണ് സ്വര്‍ണം.

രണ്ട് സ്വര്‍ണവും  രണ്ട് വെള്ളിയും 15 വെങ്കലവും നേടിയ ഇന്ത്യ 16ാം സ്ഥാനത്താണ്. 91 സ്വര്‍ണവും 49 വെള്ളിയും 39 വെങ്കലവും അടക്കം 179 മെഡലുകള്‍ നേടിയ ചൈന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 32 സ്വര്‍ണവും 38 വെള്ളിയും 36 വെങ്കലവും നേടിയ ദ.കൊറിയയാണ് രണ്ടാം സ്ഥാനത്ത്.

പ്രതിസന്ധിയുടെ കാരണങ്ങള്‍ ജനങ്ങളറിയണം

Posted: 26 Sep 2014 06:49 PM PDT

Image: 

കേരളത്തില്‍ ഒരു ഭരണമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന സാങ്കേതിക മറുപടിക്ക് മാത്രമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ തുടരേണ്ടതുണ്ടോ എന്ന് സഗൗരവം ആലോചിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയും യു.ഡി.എഫ് നേതൃത്വവും തന്നെയാണ്. എത്രതന്നെ നിഷേധിച്ചാലും ഒരാളെയും ബോധ്യപ്പെടുത്താന്‍ കഴിയാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം ഇഴഞ്ഞുനീങ്ങുന്നത്. പ്രതിസന്ധിയില്ല, പ്രയാസം മാത്രമേയുള്ളൂ എന്ന് മുഖ്യമന്ത്രി ക്ഷീരബല കണക്കെ നൂറ്റൊന്നാവര്‍ത്തിക്കുമ്പോഴും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും യഥാസമയം കൊടുത്തുതീര്‍ക്കാന്‍പോലും കിട്ടാവുന്നേടത്തു നിന്നൊക്കെ കടം വാങ്ങിയും ഫണ്ട് വകമാറി ചെലവഴിച്ചും ഓവര്‍ ഡ്രാഫ്റ്റിന് വഴിതേടിയും വിയര്‍ക്കുകയാണ് ധനമന്ത്രി. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഏറ്റവും ഒടുവില്‍ 3000 കോടി രൂപയുടെ അധിക നികുതിയും സര്‍വീസ് ചാര്‍ജ് വര്‍ധനയും പ്രഖ്യാപിച്ചിട്ടും ട്രഷറി രക്ഷപ്പെടുന്ന ലക്ഷണമില്ല. സമീപഭാവിയില്‍ ശാപമോക്ഷം പ്രതീക്ഷിക്കാവുന്ന സാഹചര്യവുമില്ല. 10,000 ലിറ്ററില്‍ കൂടുതല്‍ വെള്ളമുപയോഗിക്കുന്നവര്‍ക്ക് വര്‍ധിപ്പിച്ച കരം കടുത്ത ജനകീയ പ്രതിഷേധംമൂലം 15,000 ലിറ്റില്‍ കൂടുതലുള്ള ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തിയതുകൊണ്ടുമാത്രം ജനരോഷം അടക്കാനാവുമെന്ന് കരുതാന്‍ വയ്യ. മരാമത്ത് ഉള്‍പ്പെടെ വിവിധ ജോലികള്‍ ഏറ്റെടുത്ത കരാറുകാര്‍ ബില്ലുകള്‍ മാറിക്കിട്ടാതെ പണി തുടരാനാവില്ളെന്ന് തീര്‍ത്തുപറഞ്ഞിരിക്കുന്നു. മഴക്കാലം കഴിയാറായതോടെ തകര്‍ന്നുകിടക്കുന്ന റോഡുകളും പാലങ്ങളും അടിയന്തരമായി റിപ്പയര്‍ നടത്തുകയോ പുനര്‍ നിര്‍മിക്കുകയോ ചെയ്യേണ്ടതുണ്ട്. കുടിശ്ശിക കൊടുത്തുതീര്‍ക്കാതെ പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ക്കാവില്ല. മൊത്തം പദ്ധതി പ്രവര്‍ത്തനങ്ങള്‍തന്നെ പൂര്‍ണമായി സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്‍െറ പദ്ധതി വിനിയോഗം 13.19 ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കടത്തില്‍ മുങ്ങിക്കിടക്കുന്ന സര്‍ക്കാറിന് ഇനിയുള്ള ആറുമാസത്തിനകം ശേഷിച്ച 87 ശതമാനം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാവുമെന്ന് ഏത് ശുദ്ധാത്മാവിനെയാണ് വിശ്വസിപ്പിക്കാനാവുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി കഴിയാന്‍ കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഈ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച തുകയുടെ 9.65 ശതമാനം മാത്രമേ വിനിയോഗിക്കാനായുള്ളൂവെങ്കില്‍ പഞ്ചായത്തീരാജ് എന്ന സങ്കല്‍പം തന്നെ അട്ടിമറിക്കപ്പെടുകയാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ജനകീയ വികസനം എന്ന മഹത്തായ ആശയത്തിന്‍െറ സാക്ഷാത്കാരമാണ് ഇവ്വിധം അയഥാര്‍ഥമായിത്തീരുന്നത്. നികുതി, നിയമം, ഭവന നിര്‍മാണം എന്നീ വകുപ്പുകള്‍ തങ്ങള്‍ക്ക് വകയിരുത്തിയ വിഹിതത്തില്‍ ഒരു പൈസപോലും അരക്കൊല്ലത്തിനുള്ളില്‍ ചെലവഴിച്ചിട്ടില്ലത്രെ. വല്ലതും ചെയ്ത വകുപ്പുകളും 25 ശതമാനത്തിലും താഴെ മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ആകപ്പാടെ സ്വപ്നതുല്യമായ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വന്‍ സചിത്ര പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നതാണ് നടന്നേടത്തോളമുള്ള വികസന പ്രവര്‍ത്തനങ്ങള്‍. ആ വകയില്‍ മാധ്യമങ്ങള്‍ക്ക് ഭീമമായ സംഖ്യ കുടിശ്ശിക തീര്‍ക്കാനുള്ളപ്പോള്‍തന്നെ മേലില്‍ ഭീമന്‍ പരസ്യങ്ങള്‍ വേണ്ടെന്നും തീരുമാനിച്ചിരിക്കുന്നു.
എന്തുകൊണ്ട് ഇത്തരമൊരു വന്‍ പ്രതിസന്ധിയിലേക്കും വികസന മുരടിപ്പിലേക്കും സംസ്ഥാനം എടുത്തെറിയപ്പെട്ടു എന്നറിയാന്‍ ജനങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. അസാധാരണമായ പ്രകൃതി ദുരന്തങ്ങളോ കേന്ദ്ര സഹായത്തിന്‍െറ വെട്ടിക്കുറക്കലോ നികുതി നിഷേധമോ ഒന്നും ജനങ്ങളുടെ അറിവിലില്ല. പ്രഖ്യാപിത മദ്യ നിയന്ത്രണം മൂലം വന്‍ റവന്യൂ നഷ്ടം ഉണ്ടാവുമെന്ന ചിലരുടെ മുന്നറിയിപ്പ് മുഖവിലക്കെടുത്താല്‍പോലും അതിനിയും ആരംഭിച്ചിട്ടുവേണം. നിലവിലെ ദീവാളികുളിക്ക് ഭാഗിക മദ്യ നിയന്ത്രണത്തെ ഒരുവിധത്തിലും കുറ്റപ്പെടുത്താനാവില്ല. പിന്നെയെന്ത് സംഭവിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയണം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാനോ വിഷയം ചര്‍ച്ചചെയ്യാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനോ ഉദ്ദേശ്യമില്ളെന്നാണ് സര്‍ക്കാറിന്‍െറ നിലപാട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ സുതാര്യമാക്കുകയാണ് ജനാധിപത്യത്തിന്‍െറ പ്രാഥമിക നീതിയും മര്യാദയും. അത് സര്‍ക്കാര്‍ പാലിച്ചേ പറ്റൂ. വിശിഷ്യ മാസങ്ങള്‍ക്കു മുമ്പ്  അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി സൂചിപ്പിക്കുകപോലും ചെയ്യാത്ത കനത്ത നികുതി ഭാരവും സാമ്പത്തിക ബാധ്യതകളും ജനങ്ങളുടെമേല്‍ ഓര്‍ഡിനന്‍സുകളിലൂടെ കെട്ടിയേല്‍പിക്കുന്നത് പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ അംഗീകരിക്കാനാവുന്നതല്ല. എന്തുപറഞ്ഞാലും മുമ്പ് നിങ്ങള്‍ ഭരിച്ചപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട് എന്ന സ്ഥിരം മറുപടി ഏറി വന്നാല്‍ പ്രതിപക്ഷ വിമര്‍ശങ്ങളെ നേരിടാന്‍ മാത്രമുതകുന്ന പല്ലവിയാണ്. പൊതുസമൂഹത്തെ തൃപ്തിപ്പെടുത്തുന്ന പ്രതികരണമല്ല അത്. ഭരണപക്ഷത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷത്തില്ല എന്ന ഒരേയൊരു ധൈര്യത്തില്‍ പിടിപ്പുകെട്ടതും സുതാര്യമല്ലാത്തതുമായ ജനദ്രോഹ ഭരണം തുടര്‍ന്നാല്‍ തിരിച്ചടി അപ്രതീക്ഷിതവും അസഹനീയവുമായിരിക്കുമെന്ന് ഓര്‍മിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

യുവസംരംഭകര്‍ വരുന്നു; വഴിയൊരുക്കി കേരളം

Posted: 26 Sep 2014 06:47 PM PDT

Image: 

ഏഴു വര്‍ഷം മുമ്പ് ബംഗളൂരുവിലെ സ്വന്തം വീട്ടിലിരുന്ന് നാലുലക്ഷം രൂപയുമായി തുടക്കമിട്ട സചിന്‍ ബന്‍സാലിന്‍െറയും ബിന്നി ബന്‍സാലിന്‍െറയും ഫ്ളിപ്കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി ഇന്ന് 35,000  കോടി രൂപ മൂല്യമുള്ള രാജ്യത്തെ പ്രമുഖ കമ്പനിയാണ്. 6000 കോടിയാണ് അവര്‍ക്ക് അടുത്ത കാലത്തു കിട്ടിയ ഒരൊറ്റ നിക്ഷേപം. ഡല്‍ഹിക്കാരന്‍ ദീപ് കല്‍റയുടെ 12,000 കോടി രൂപ മൂല്യമുള്ള  മെയ്ക്ക് മൈ ട്രിപ് എന്ന പേരിലുള്ള വിമാനടിക്കറ്റ് വില്‍ക്കുന്ന കമ്പനിയാണ് മറ്റൊരു വിസ്മയം. യുവാക്കള്‍ ചുക്കാന്‍പിടിക്കുന്ന ഇത്തരം നിരവധി വിസ്മയങ്ങളാണ് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ആശയങ്ങള്‍ വളര്‍ന്ന് ഇന്ന് വലിയ ലോകത്തെ കീഴടക്കുന്നു.
കേരളവും ഇപ്പോള്‍ വിസ്മയങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. നാം വലിയൊരു മാറ്റത്തിന്‍െറ പൂമുഖപ്പടിയിലാണ്.  യുവസംരംഭകരുടെ ജ്വലിക്കുന്ന ആശയങ്ങള്‍, ത്രസിപ്പിക്കുന്ന കണ്ടുപിടിത്തങ്ങള്‍, അവര്‍ക്ക് ഫണ്ട് നല്‍കാന്‍ സംവിധാനങ്ങള്‍, സര്‍ക്കാറിന്‍െറ ശക്തമായ പിന്തുണ,  കൈത്താങ്ങാകാന്‍ പരിചയ സമ്പന്നരായ വ്യവസായികള്‍... അങ്കമാലിയില്‍ നടന്ന യുവസംരംഭകമേള (YES)യിലൂടെ കേരളം പുതിയൊരു വ്യവസായ സംസ്കാരത്തിന് തുടക്കംകുറിച്ചിരിക്കുന്നു.  
2000ത്തോളം പേരെയാണ് യെസ് പരിപാടിക്ക് പ്രതീക്ഷിച്ചതെങ്കിലും എത്തിയത് 4500ലധികം പേര്‍. അപേക്ഷകരുടെ ആധിക്യംമൂലം തലേരാത്രിതന്നെ ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കി.  യുവാക്കളുടെ മഹാസംഗമത്തില്‍ ആശയങ്ങളും  ആവേശവും വാനോളം ഉയര്‍ന്നുനിന്നു. അവരുടെ അതിശയിപ്പിക്കുന്ന  കണ്ടുപിടിത്തങ്ങള്‍ എല്ലാവരിലേക്കും ഊര്‍ജം പകര്‍ന്നു. വ്യവസായവകുപ്പിന്‍െറയും കെ.എസ്.ഐ.ഡി.സിയുടെയും ഉന്നതവ്യക്തിത്വങ്ങളും അനുഭവസമ്പന്നരായ വ്യവസായ പ്രമുഖരുമൊക്കെ യുവാക്കളോടൊപ്പം അണിചേര്‍ന്നപ്പോള്‍ അതൊരു പുത്തന്‍ അനുഭവമായി. രാജ്യത്തിനു മാതൃകയായിത്തീര്‍ന്ന കേരളത്തിന്‍െറ  യുവസംരംഭക പദ്ധതി പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.
ആശയങ്ങള്‍ ലോകത്തെ ഭരിക്കുമെന്ന് മഹാ സൈദ്ധാന്തികനായ പ്ളേറ്റോ രണ്ടു സഹസ്രാബ്ദം മുമ്പു  പറഞ്ഞത് എക്കാലത്തെയും ആപ്തവാക്യമാണ്. ഡിജിറ്റല്‍ യുഗത്തിലും ആശയങ്ങള്‍തന്നെയാണു രാജാവ്. യെസ് പരിപാടിയില്‍ ആശയങ്ങളുടെ നിരവധി രാജകുമാരന്മാരത്തെന്നെ കാണാന്‍ സാധിച്ചു. ഇതിലെ ചില ആശയങ്ങള്‍ നാളെ ലോകംതന്നെ കീഴടക്കാം. അല്ളെങ്കില്‍ ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന മറ്റു ചിലര്‍. യുവാക്കളുടെ സ്വപ്നങ്ങള്‍  ആശയങ്ങളായും അവ സംരംഭങ്ങളായും മാറുന്ന വിപ്ളവകരമായ കാലഘട്ടം. തൊഴില്‍ തേടി അലയുന്നവരില്‍നിന്ന് തൊഴില്‍ദാതാക്കളായി മാറുന്ന അദ്ഭുതകരമായ കാഴ്ച.
ഫോട്ടോകോപ്പികള്‍ സൗജന്യമായി നല്‍കുന്ന കോപ്പി സ്പോട്ട് മേളയിലെ ഏറ്റവും മികച്ച ആശയമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരുവശത്ത് പരസ്യം പ്രസിദ്ധപ്പെടുത്തി അതില്‍നിന്നു ലഭിക്കുന്ന വരുമാനത്തിലൂടെ ഫോട്ടോകോപ്പി സൗജന്യമായി നല്‍കാമെന്ന് പ്രശാന്ത് മേനോനും ബിറ്റു ജോര്‍ജും കണ്ടത്തെി. പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സേവനങ്ങളും വിവരങ്ങളും എസ്.എം.എസിലൂടെ ജനങ്ങളില്‍ എത്തിക്കുന്ന അലോക് ബാബു, അഗ്രി കോപ്റ്റര്‍ ഉപയോഗിച്ച് പാടത്ത് വളമിടുന്ന അതുല്‍ കെ. ഷിബു തുടങ്ങിയ 11 പേര്‍  മേളയിലെ ആശയവിസ്ഫോടകരായി. സമീപഭാവിയില്‍തന്നെ പ്രായോഗികതലത്തില്‍ കൊണ്ടുവരാവുന്ന കണ്ടുപിടിത്തങ്ങള്‍ എന്നതുകൂടി പരിഗണിച്ചാണ് വിദഗ്ധസമിതി ഇവരെ  തെരഞ്ഞെടുത്ത് അംഗീകരിച്ചത്.  
ആശയങ്ങള്‍ ആകാശത്തുനില്‍ക്കുന്നവയല്ല; മറിച്ച്, പ്രായോഗികതലത്തില്‍ നടപ്പാക്കാവുന്നതാണെന്ന് എക്സിബിഷന്‍ മേള തെളിയിച്ചു. ആര്‍ഫ്രഡ് ജോണ്‍സന്‍െറ ഓട്ടോമാറ്റിക് ഗിയറുള്ള മോട്ടോര്‍ സൈക്കിള്‍, അസിമോവിന്‍െറ വര്‍ക്കിങ്  റോബോട്ടുകള്‍, ഹൗണ്ട് ഇലക്ട്രിക്കിന്‍െറ ശക്തിയുള്ള എന്‍ജിനുള്ള  ഇലക്ട്രിക് വാഹനം, ടെക്ജീവയുടെ മള്‍ട്ടി കോപ്ടര്‍ അഥവാ ഡ്രോണ്‍,  ലൈറ്റ് മാറ്റര്‍ ടെക്നോളജീസിന്‍െറ സോളാര്‍ അധിഷ്ഠിത ജനറേറ്ററുകള്‍  എന്നിവയാണവ. 135  സ്റ്റാളുകള്‍ എക്സിബിഷനില്‍ ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍  20 കോടി രൂപയാണ് എയ്ഞ്ചല്‍ ഫണ്ടായി (സ്റ്റാര്‍ട്ടപ്പും ഇന്‍ക്യുബേറ്ററും തുടങ്ങാനുള്ള സാമ്പത്തിക സഹായം) യുവസംരംഭകര്‍ക്ക് മാറ്റിവെച്ചിരിക്കുന്നത്. ഒരാള്‍ക്ക് 25 ലക്ഷം രൂപവരെ നല്‍കും. കുറഞ്ഞത് 80 പുതിയ സംരംഭകരെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ സാധിക്കും. ഇതില്‍ ഏതാനും പേരെങ്കിലും നാളെ ലോകം കീഴടക്കില്ളെന്ന് ആരു കണ്ടു? സ്റ്റാര്‍ട്ട് അപ്പുകളിലൂടെ എളിയ തോതില്‍ തുടങ്ങി ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച ഫേസ്ബുക്കും ഗൂഗ്ളും പോലെയുള്ള ഒരു സംരംഭം നമ്മുടെ നാട്ടിലും പിറക്കാവുന്നതേയുള്ളൂ. അത്തരം ആശയങ്ങളുടെ മിന്നലാട്ടം യെസില്‍ കാണാനായി. യുവസംരംഭകര്‍ക്ക് പ്രോത്സാഹനവും സഹായഹസ്തവുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നില്‍തന്നെയുണ്ട്. വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി രണ്ടു കോടി രൂപയുടെ സീഡ് ഫണ്ട് സംഭാവനചെയ്തു.
രണ്ടു വര്‍ഷം മുമ്പ് വിദ്യാര്‍ഥി സംരംഭകത്വ നയം പ്രഖ്യാപിച്ചപ്പോള്‍ ഐടിക്കായിരുന്നു പ്രാധാന്യം. ഇനി ഐ.ടിക്കു പുറമെ ടൂറിസം, ബിസിനസ് ഇന്നൊവേഷന്‍, ഇലക്ട്രോണിക്സ്, കൃഷി, മാനുഫാക്ചറിങ്, ആരോഗ്യസംരക്ഷണം എന്നീ ആറു മേഖലകള്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ യുവസംരംഭകര്‍ ഈ രംഗത്തേക്കു കുതിച്ചത്തൊന്‍ ഇതു വഴിയൊരുക്കും. കൂടാതെ, യുവസംരംഭക നയവും ഉടനെ പ്രഖ്യാപിക്കുന്നതാണ്. ഇതിനായി ആസൂത്രണ ബോര്‍ഡ് നിയോഗിച്ച സമിതി 27 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. യുവസംരംഭകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ലിവ്, വര്‍ക്ക്, പ്ളേ കാമ്പസുകള്‍ (live, work, play campus) അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സ്ഥാപിക്കുന്നതാണ്. സംസ്ഥാന ബജറ്റില്‍ ഓരോ വകുപ്പിന്‍െറയും ഒരു ശതമാനമാണ് യുവസംരംഭങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. 20 ശതമാനം ഹാജരും നാലു ശതമാനം ഗ്രേസ് മാര്‍ക്കും വിദ്യാര്‍ഥി സംരംഭകര്‍ക്ക് നല്‍കും.
1000 സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ 10 വര്‍ഷംകൊണ്ട് ആരംഭിക്കണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, രണ്ടു വര്‍ഷംകൊണ്ട്  777 കമ്പനികള്‍ രൂപംകൊണ്ടുകഴിഞ്ഞു. ഇതില്‍ 276 എണ്ണവും വിദ്യാര്‍ഥി സംരംഭങ്ങളാണ്. 4897 അപേക്ഷകള്‍ വ്യവസായ വകുപ്പിന്‍െറ പരിഗണനയിലുണ്ട്.  ഒരു പദ്ധതിയോടൊപ്പം അഞ്ചു ചെറുപ്പക്കാരുണ്ടാകും എന്നാണ് ഏകദേശ കണക്ക്. ഇതില്‍ കുറച്ച് സംരംഭങ്ങള്‍ വിജയകരമാകുമ്പോള്‍ അവ സൃഷ്ടിക്കുന്ന തൊഴിലും സമ്പത്തും അവര്‍ നല്‍കുന്ന നികുതിപ്പണവുമൊക്കെ സംസ്ഥാനത്തിനു വലിയ മുതല്‍ക്കൂട്ടാകും. സംരംഭകര്‍ക്ക് പരമപ്രധാനമായ അടിസ്ഥാന സൗകര്യം, സീഡ് കാപിറ്റല്‍, ടെക്നോളജി ടൈ അപ്, മാര്‍ക്കറ്റുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ സഹായങ്ങള്‍ ലഭിക്കുന്നതാണ്.
പെണ്‍കുട്ടികളുടെ സാന്നിധ്യമായിരുന്നു യെസിലെ മറ്റൊരു പ്രത്യേകത. കൊതുകിനെ നശിപ്പിക്കാനുള്ള ത്രേസ്യ തോമസിന്‍െറ ടേക്ക് ഇറ്റ് ഈസി ആശയം മേളയില്‍ പ്രത്യേക പുരസ്കാരം നേടി. പ്രതിസന്ധികളെ അതിജീവിച്ച് സംരംഭകരായ കൊച്ചുമിടുക്കികളും യെസില്‍ പങ്കെടുത്തു. മട്ടാഞ്ചേരിയില്‍ സുഗന്ധവ്യഞ്ജന ഗോഡൗണിനെ അതിമനോഹരമായ കഫേ കം ഗാലറിയാക്കി മാറ്റിയ ധന്യ ജോണ്‍സണ്‍, ചെന്നൈയില്‍ അനബൈറ്റ് എന്ന 360 ഡിഗ്രി ബ്രാന്‍ഡിങ് കമ്പനി തുടങ്ങിയ ദീന വേണുഗോപാല്‍, അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് കൊച്ചിയില്‍ സില്‍ക്ക് റൂട്ട് എസ്കേപ് എന്ന ടൂര്‍ ഓപറേറ്റിങ് കമ്പനി ആരംഭിച്ച മനീഷ പണിക്കര്‍, ന്യൂസ്പേപ്പര്‍ ബാഗുകള്‍ പ്രചാരത്തിലത്തെിച്ച ദിവ്യ തോമസ്, എട്ടാം വയസ്സില്‍ ഏറ്റവും പ്രായംകുറഞ്ഞ സി.ഇ.ഒ ആയ ശ്രീലക്ഷ്മി സുരേഷ് തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി.
സ്റ്റാര്‍ട്ടപ്പുകള്‍ വന്‍വിജയമായതിനെ തുടര്‍ന്ന്  കൂടുതല്‍ വ്യാപകമാക്കാനാണ് സര്‍ക്കാറിന്‍െറ തീരുമാനം. കൊച്ചി സ്റ്റാര്‍ട്ടപ്പിന്‍െറ മാതൃകയില്‍ സംരംഭകര്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍  അഞ്ച് ഇന്‍ക്യുബേറ്ററുകള്‍ക്ക് തുടക്കമിട്ടു. വനിതാ സംരംഭകര്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ ഇന്‍ക്യുബേറ്റര്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ ആരംഭിച്ചു.  കൊല്ലം ടി.കെ.എം കോളജ് ഓഫ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്,  കോഴിക്കോട് കിനാലൂര്‍ വ്യവസായകേന്ദ്രം, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍  ബിസിനസ് ഇന്‍ക്യൂബേറ്റര്‍, ബാലരാമപുരത്ത് കൈത്തറി ഇന്‍ക്യൂബേറ്റര്‍ എന്നിവക്കു തുടക്കമായി. അടിസ്ഥാനസൗകര്യമൊരുക്കിയാല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നു വ്യക്തമായ സാഹചര്യത്തിലാണിത്.  സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളുടെ (എസ്.എം.എസ്.ഇ) കാര്യത്തില്‍ കേരളം രാജ്യത്ത് ഇപ്പോള്‍ മുന്‍നിരയിലാണ്.
കേരളം ഒരു സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് യുവജനങ്ങള്‍ മാറ്റങ്ങള്‍ക്കു തയാറെടുക്കുന്നത്. വിദ്യാസമ്പന്നരുടെ നാടാണ് നമ്മുടേത്. ലോകത്തിന്‍െറ പല ഭാഗങ്ങളിലായി 23.63 ലക്ഷം  മലയാളികള്‍ ജോലി ചെയ്യുന്നുവെന്നാണ് സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് തയാറാക്കിയ കേരള മൈഗ്രേഷന്‍ സര്‍വേയില്‍ പറയുന്നത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിനു മലയാളികളുണ്ട്. ഇത്രയും വിപുലമായ കുടിയേറ്റം ലോകത്തുതന്നെ അപൂര്‍വമാണ്.  എന്നാല്‍, വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും മലയാളികളുടെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നു.
കേരളത്തില്‍ പ്രഫഷനല്‍ മേഖലയില്‍ മാത്രം ഏതാണ്ട് രണ്ടു ലക്ഷം പേര്‍ പ്രതിവര്‍ഷം പഠിച്ചിറങ്ങുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടെനിന്നുള്ള മസ്തിഷ്കചോര്‍ച്ച. ഇതിനു നാം പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. എമര്‍ജിങ് കേരള എന്നതിനപ്പുറം എമര്‍ജിങ് വിതിന്‍ കേരള (Emerging within Kerala) എന്നതാണ് നമ്മുടെ മുദ്രാവാക്യം. കേരളത്തിനകത്തുനിന്ന് പ്രതീക്ഷയുടെ നാമ്പുകള്‍ ഉയര്‍ന്നിരിക്കുന്നു. ബന്‍സാലികളെപ്പോലെ അവരും സ്വപ്നം കാണുന്നു.

മോദി അമേരിക്കയില്‍ എത്തി

Posted: 26 Sep 2014 01:00 PM PDT

Image: 

ന്യൂയോര്‍ക്: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലത്തെി. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 10നാണ് മോദി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലത്തെിയത്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ മോദിയെ സ്വീകരിച്ചു. അതേസമയം, ഉന്നത അമേരിക്കന്‍ ഭരണാധികാരികളാരും സ്വീകരണത്തിന് എത്തിയില്ല.
എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് മോദി ന്യൂയോര്‍ക്കിലത്തെിയത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നായിരുന്നു യാത്ര. അമേരിക്കന്‍ പര്യടനത്തിനായി തിരിച്ച മോദി കഴിഞ്ഞദിവസം ഫ്രാങ്ക്ഫര്‍ട്ടില്‍ തങ്ങിയിരുന്നു. വിമാനമിറങ്ങിയ പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യക്കാര്‍ മുദ്രാവാക്യം വിളികളോടെയും വന്ദേമാതരം ആലാപനത്തോടെയും സ്വീകരിച്ചു. അമേരിക്ക മോദിയെ സ്നേഹിക്കുന്നു എന്ന പ്ളക്കാര്‍ഡുകളും ഏന്തിയിരുന്നു. 10.35ന് മോദി കനത്ത സുരക്ഷയില്‍ ന്യൂയോര്‍ക്കിലെ പാലസ് ഹോട്ടലിലേക്കുപോയി. ശനിയാഴ്ച രാത്രി മോദി യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കൂടിക്കാണും. മൂന്നുദിവസം ന്യൂയോര്‍ക്കില്‍ തങ്ങുന്ന മോദി ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജപക്സ, ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള എന്നിവരുമായി ചര്‍ച്ച നടത്തും.പ്രസിഡന്‍റ് ബറാക് ഒബാമയുമായി അത്താഴവിരുന്ന് തിങ്കളാഴ്ചയാണ്. ന്യൂയോര്‍ക്കിലും വാഷിങ്ടണിലുമായി 50 ചടങ്ങുകളില്‍ മോദി പങ്കെടുക്കും.

 

ഐ.എസിനെതിരായ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ അംഗീകാരം

Posted: 26 Sep 2014 12:20 PM PDT

Image: 

ലണ്ടന്‍: അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ രാജ്യം പങ്കുചേരുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. വോട്ടെടുപ്പിലൂടെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് തീരുമാനമെടുത്തത്. 43നെതിരെ 524 വോട്ടുകള്‍ക്ക് പാര്‍ലമെന്‍റില്‍ ഇത് സംബന്ധിച്ച പ്രമേയം പാസായി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് പൊതുസഭയില്‍ വിഷയം അവതരിപ്പിച്ചത്. ഐ.എസ് തീവ്രവാദികളെ അടിച്ചമര്‍ത്തേണ്ടതിന്‍െറ അവശ്യകതയെ സംബന്ധിച്ച് അദ്ദേഹം ദീര്‍ഘമായി പ്രസംഗിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വ്യോമാക്രമണ നീക്കത്തിന് അനുമതി ലഭിച്ചത്. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെ ഐ.എസ് തീവ്രവാദികള്‍ തലയറുത്തു കൊലപ്പെടുത്തിയതോടെ ആക്രമണ നീക്കത്തിന് ബ്രിട്ടണില്‍ പിന്തുണയേറിയിരുന്നു.
ഐ.എസിനെ പരാജയപ്പെടുത്തുന്നതിന് വ്യോമാക്രമണം മാത്രം മതിയാകില്ളെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍ അഭിപ്രായപ്പെട്ടിരുന്നു. ഐ.എസിനെ പരാജയപ്പെടുത്താന്‍ ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരസേനയെതന്നെ ഇറക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്ത്ത് ഫൗണ്ടേഷന്‍െറ വെബ്സൈറ്റിലെഴുതിയ സുദീര്‍ഘ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒബാമ സൈനിക നീക്കം പ്രഖ്യാപിച്ച ഉടന്‍ പല രാജ്യങ്ങളും സഖ്യത്തിനൊപ്പം ചേരുന്നതിന് വിസമ്മതിച്ചിരുന്നെങ്കിലും ഹെയിന്‍സിനെ ഐ.എസ് കൊലപ്പെടുത്തിയതോടെയാണ് ലോകം പൂര്‍ണ പിന്തുണയുമായി രംഗത്തത്തെിയത്. അറബ് രാജ്യങ്ങള്‍ പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര പ്രതിനിധികള്‍ ബന്ദികളാക്കപ്പെട്ടതിനാല്‍ തുര്‍ക്കി സൈനിക നീക്കത്തില്‍നിന്ന് വിട്ടുനില്‍ക്കും.

ടെന്നീസില്‍ ആറു ജയങ്ങള്‍

Posted: 26 Sep 2014 12:16 PM PDT

Image: 

ഇഞ്ചിയോണ്‍: ടെന്നിസ് കോര്‍ട്ടില്‍ വെള്ളിയാഴ്ച ഇന്ത്യക്ക് ആറു ജയങ്ങള്‍ അഘോഷം തീര്‍ത്ത ദിനമായിരുന്നു. സിംഗ്ള്‍സ്, ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് പോരാട്ടങ്ങളിലായി രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷക്ക് മങ്ങലേറ്റത്. പുരുഷ സിംഗ്ള്‍സില്‍ സനം സിങ്ങും യുകി ഭാംബ്രിയും പുരുഷ ഡബ്ള്‍സില്‍ ദിവിജ്-യുകി, സാകേത് മൈനേനി-സനം സിങ് സഖ്യങ്ങളും വനിത ഡബ്ള്‍സില്‍ സാനിയ മിര്‍സ-പ്രാര്‍ഥന തോംബ്രെ സഖ്യവും മിക്സഡ് ഡബ്ള്‍സില്‍ സാനിയ-സാകേത് സഖ്യവുമാണ് ഇന്ത്യക്കായി ജയം കൊണ്ടുവന്നത്.
പുരുഷ സിംഗ്ള്‍സില്‍ മൂന്നാം റൗണ്ട് ജയവുമായി ഇന്ത്യയുടെ രണ്ടു താരങ്ങളും ക്വാര്‍ട്ടറില്‍ ഇടം കണ്ടത്തെി. പതിഞ്ഞ തുടക്കത്തിന് ശേഷം മികച്ച കളി പുറത്തെടുത്ത സനം സിങ് കൊറിയയുടെ ഹിയോന്‍ ചങ്ങിനെ 7-5, 6-1 സ്കോറിനാണ് തറപറ്റിച്ചത്.  യുകി ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ രങ്കതിനെ 6-3, 6-3ന് തോല്‍പിച്ച് അവസാന എട്ടില്‍ ഇടംപിടിച്ചു.
പുരുഷ ഡബ്ള്‍സിന്‍െറ രണ്ടാം റൗണ്ടില്‍ സനം-സാകേത് സഖ്യം സൗദി അറേബ്യയുടെ അമര്‍ അല്‍ഹഖ്ബനി-ഉമര്‍ ഫഹ്മി അഹ്മദ് സഖ്യത്തെ 6-0, 6-1 സ്കോറിന് മുട്ടുകുത്തിച്ചു. ദിവിജ്-യുകി സഖ്യം ഹുന്‍-ലോങ് സഖ്യത്തെ 6-2, 6-3ന് തോല്‍പിച്ചു. വനിത ഡബ്ള്‍സില്‍ സാനിയ മിര്‍സ- പ്രാര്‍ഥന  സഖ്യവും മിന്നുന്ന ജയവുമായാണ് മുന്നേറിയത്. രണ്ടാം റൗണ്ട് മത്സരത്തില്‍ മംഗോളിയയുടെ ബൊലോര്‍ എന്‍ഖ്ബയര്‍-ഗൊട്ടോവ് ദുല്‍ഗുന്‍ജല്‍ഗല്‍ സഖ്യത്തെ 6-0, 6-0ത്തിന് ഇന്ത്യന്‍ ജോടി പറപ്പിച്ചു. മിക്സഡ് ഡബ്ള്‍സില്‍ സാനിയ-സാകേത് ജോടി ഉസ്ബകിസ്താന്‍െറ ഫയ്സീവ്-സബിന ഷരിപോവ സഖ്യത്തെ 6-3, 6-4നും തോല്‍പിച്ചു. എന്നാല്‍, അങ്കിത റെയ്നക്ക് മികച്ച കളി പുറത്തെടുക്കാനായില്ല. സിംഗ്ള്‍സില്‍ ജപ്പാന്‍െറ എറി ഹോസുമിയോട് 2-6, 6-4, 1-6ന് തോറ്റ അങ്കിത മിക്സഡ് ഡബ്ള്‍സില്‍ ദിവിജിനൊപ്പം പരാജയം രുചിച്ചു. കൊറിയയുടെ യൂ മി- ലിം സഖ്യമാണ് ഇന്ത്യന്‍ സംഘത്തെ തോല്‍പിച്ചത്.

ബാഡ്മിന്‍റണില്‍ നിരാശ: സിന്ധുവിന് പിന്നാലെ സൈനയും കശ്യപും നിരാശപ്പെടുത്തി

Posted: 26 Sep 2014 12:14 PM PDT

Image: 

ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യാഡില്‍ ഏറ്റവുമധികം മെഡല്‍ പ്രതീക്ഷ പുലര്‍ത്തിയ ബാഡ്മിന്‍റണ്‍ പരീക്ഷയുടെ കോര്‍ട്ടില്‍  ഇന്ത്യ ഭംഗിയായി തോറ്റുപുറത്തായി. പുരുഷ-വനിതാ വിഭാഗങ്ങളുടെ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ട വേദികളിലെ അഞ്ചു മത്സരങ്ങളിലാണ് ഗെയിംസിന്‍െറ ഏഴാം ദിനം ഇന്ത്യ തോറ്റമ്പിയത്. ഇതോടെ വനിത ടീമിനത്തില്‍ നേടിയ ഒരു വെങ്കലം മാത്രം ഉയര്‍ത്തിക്കാട്ടി സംപൂജ്യരായി ഇന്ത്യന്‍ ബാഡ്മിന്‍റന്‍ നിര കൊറിയന്‍ മണ്ണില്‍നിന്നും മടങ്ങിയത്തെും. 1986 ഗെയിംസിനുശേഷം ബാഡ്മിന്‍റന്‍ കോര്‍ട്ട് ഇന്ത്യക്ക് സമ്മാനിച്ച ആദ്യ മെഡലുമാണ് വനിതകള്‍ നേടിയ വെങ്കലം. എന്നാല്‍, ഏഷ്യന്‍ പോരാട്ടത്തിലെ ശാപം മറ്റിനങ്ങളില്‍ മറികടക്കാന്‍ ഒളിമ്പിക് വെങ്കല ജേത്രി സൈന നെഹ്വാള്‍, ലോക ചാമ്പ്യന്‍ഷിപ് ഡബ്ള്‍ വെങ്കല ജേത്രി പി.വി. സിന്ധു, ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ ജേതാവ് പി. കശ്യപ് എന്നിവരുള്‍പ്പെട്ട ഒന്നാംനിര ടീമിന് കഴിഞ്ഞില്ല. വനിത സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ സൈന നെഹ്വാളും പുരുഷ സിംഗ്ള്‍സ് പ്രീക്വാര്‍ട്ടറില്‍ പി. കശ്യപും കെ. ശ്രീകാന്തും മിക്സഡ് ഡബ്ള്‍സ് പ്രീക്വാര്‍ട്ടറില്‍ മനു അത്രി-സിക്കി റെഡ്ഡി സഖ്യവും പുരുഷ ഡബ്ള്‍സ് ക്വാര്‍ട്ടറില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവുമാണ് തോല്‍വി വഴങ്ങിയത്. സിന്ധു വ്യാഴാഴ്ച പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
സൈന മുന്‍ ലോക ജേത്രിയും രണ്ടാം സീഡുമായ ചൈനയുടെ യിഹാന്‍ വാങ്ങിനു മുന്നിലാണ് മുട്ടുകുത്തിയത്. ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവില്‍ 18-21, 21-9, 21-7 സ്കോറിന്‍െറ ജയവുമായി യിഹാന്‍ സെമിയിലേക്ക് കുതിച്ചു. ചൈനീസ് താരവുമായി മുമ്പ് ഏറ്റുമുട്ടിയ ഒമ്പതു മത്സരങ്ങളില്‍ എട്ടെണ്ണത്തിലും തോറ്റ ചരിത്രവുമായാണ് സൈന ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങിയത്. ആദ്യ ഗെയിം 25 മിനിറ്റിലെ തകര്‍പ്പന്‍ കളിയിലൂടെ സ്വന്തമാക്കിയ സൈന കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കുമെന്ന പ്രതീതി സമ്മാനിച്ചെങ്കിലും അടുത്ത ഗെയിമില്‍ കളിമാറി. 18 മിനിറ്റിനുള്ളില്‍ ഗെയിം പിടിച്ച് മത്സരം സമനിലയിലാക്കിയ ചൈനീസ് താരം മൂന്നാം ഗെയിം 17 മിനിറ്റില്‍ സ്വന്തമാക്കി സൈനക്കും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും വന്‍ പ്രഹരമേല്‍പിച്ചു. കൃത്യതയാര്‍ന്ന ക്രോസ് കോര്‍ട്ട് സ്മാഷിലൂടെ മാച്ച്പോയന്‍റ് നേടിയെടുത്തായിരുന്നു ലോക മൂന്നാം നമ്പര്‍ താരമായ യിഹാന്‍ ജയം ആഘോഷിച്ചത്.
മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങ് വെയ് ആണ് കശ്യപിന്‍െറ ഏഷ്യന്‍ സ്വപ്നങ്ങളെ തച്ചുടച്ചത്. ലീ ചോങ്ങിനോട് മുമ്പ് നാലുതവണ മത്സരിച്ചപ്പോഴും ഒരു ഗെയിംപോലും നേടാതെ തോല്‍വി വഴങ്ങിയ ചരിത്രവുമായാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടര്‍ പോരിന് തുടക്കം കുറിച്ചത്. അതേ ചരിത്രം ആവര്‍ത്തിച്ച മത്സരത്തില്‍ 34 മിനിറ്റില്‍ 21-12, 21-11 സ്കോറിന് കശ്യപ് തലകുനിക്കുകയും ചെയ്തു.
ലോക 22 ാം നമ്പര്‍ താരമായ കെ. ശ്രീകാന്ത് ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് തോല്‍വി സമ്മതിച്ചത്. ദക്ഷിണ കൊറിയയുടെ ലോക ഏഴാം നമ്പര്‍ താരം സൊന്‍ വാന്‍ ഹോയില്‍നിന്നും ആദ്യ ഗെയിം നേരിയ വ്യത്യാസത്തില്‍ പിടിച്ചെടുത്ത ശ്രീകാന്തിന് പിന്നീട് അതേ ഫോം നിലനിര്‍ത്താനായില്ല. ശക്തമായി തിരിച്ചടിച്ച കൊറിയന്‍ താരം രണ്ടാം ഗെയിം പിടിച്ചെടുത്തു. ഇന്ത്യന്‍ താരം മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും മത്സരം രക്ഷിക്കാനായില്ല. 21-19,11-21,18-21 സ്കോറിനാണ് ശ്രീകാന്ത് തോറ്റത്.
സിംഗപ്പൂരിന്‍െറ ഡാനി ബവ ക്രിസ്നാന്‍റ്റ- യു യാന്‍ വനേസ സഖ്യത്തോടാണ് മിക്സഡ് ഡബ്ള്‍സ് പ്രീക്വാര്‍ട്ടറില്‍ മനു അത്രി-സിക്കി റെഡ്ഡി സഖ്യം പരാജയപ്പെട്ടത്. 49 മിനിറ്റുകളില്‍ 21-18, 21-23, 21-15നായിരുന്നു ഇന്ത്യന്‍ ജോടിയുടെ തോല്‍വി.  മനു അത്രി-സുമീത് റെഡ്ഡി സഖ്യം ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സന്‍-ഹേന്ദ്ര സെതിയവന്‍ സഖ്യത്തോട് 32 മിനിറ്റിനുള്ളില്‍ 12-21,19-21 ന് അടിയറവു പറഞ്ഞൂ.

ഇഞ്ചിയോണിലേക്ക് ഒരു സ്വര്‍ണ സ്വപ്നം

Posted: 26 Sep 2014 11:56 AM PDT

Image: 
Subtitle: 
മനസ്സും ശരീരവും സമര്‍പ്പിച്ച് ടിന്‍റു ലൂക്ക

കോഴിക്കോട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടിലെയും കിനാലൂര്‍ ഉഷ സ്കൂളിലെയും പച്ചപ്പിലും ട്രാക്കിലും ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ അവര്‍ സ്വപ്നം കാണുന്നു.  അര്‍ജുന അവാര്‍ഡ് എന്ന ദേശീയ കിരീടം കൂടി ശിരസ്സില്‍ ചൂടിയതോടെ ടിന്‍റു ലൂക്ക തന്നെ സ്നേഹിക്കുന്നവരോടുള്ള ഉത്തരവാദിത്തത്തിന്‍െറ കരുത്തിലാണ്. സുവര്‍ണ പതക്കം, അതില്‍ കുറഞ്ഞൊന്നും ഈ താരം സ്വപ്നം കാണുന്നില്ല.  ഒന്നാം സ്ഥാനത്തത്തെുമ്പോഴല്ളേ ആളുകള്‍ പരിഗണിക്കൂ. അപൂര്‍വനേട്ടമുണ്ടാക്കണം. അതിനുള്ള തീവ്ര തപസ്സിലാണ് അവളുടെ മനസ്സും ശരീരവും. ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് പോകാനൊരുങ്ങുമ്പോള്‍ എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് ടിന്‍റു നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. ‘ഞാന്‍  നേടുകതന്നെചെയ്യും. സ്വര്‍ണമണിയുക എന്നത് എന്‍െറ ലക്ഷ്യമാണ്. രാജ്യത്തിനുവേണ്ടി നേടുന്ന നേട്ടമായിരിക്കും അത്. എന്നെ ഞാനാക്കി വളര്‍ത്തുന്ന ഉഷ സ്കൂളിനും ഉഷേച്ചിക്കും  സമര്‍പ്പിക്കാനുള്ളതായിരിക്കും ആ നേട്ടം.’ ഇത് ആത്മവിശ്വാസം കൊണ്ട് മനസ്സും ശരീരവും  പാകപ്പെടുത്തിയ കായിക പ്രതിഭയുടെ ഉള്ളില്‍ നിന്നുള്ള വാക്കുകളാണ്.

പരിശീലനച്ചിട്ടകള്‍
ഗ്രൗണ്ടിലേക്കത്തെുന്നതുമുതല്‍ പരിശീലനം കഴിഞ്ഞ്  പുറത്തേക്കു വരുന്നതു വരെയുള്ള ഒരു അത്ലറ്റിന്‍െറ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ 80, 85 പള്‍സുള്ള ഒരു കായികതാരം പരിശീലനം തുടങ്ങി മിനിറ്റുകള്‍ പിന്നിടുമ്പോഴേക്കും അടിമുടി മാറും. ആദ്യം ലഘുവായ വ്യായാമങ്ങളിലാണ് ഓരോ ദിവസത്തെയും പരിശീലനം തുടങ്ങുക. ശരീരം വാംഅപ് ആയിക്കഴിഞ്ഞാല്‍ ട്രാക്കിലേക്ക് നീങ്ങും. പിന്നെ ചെറിയ ദൂരത്തിലുള്ള ഓട്ടം. പിന്നീട് മത്സരയിനത്തിലെ ഓട്ടം. പലതവണ അത് തുടരും. വീണ്ടും ലഘുവ്യായാമങ്ങള്‍. തുടര്‍ന്ന് ഐസ് വെച്ച് ശരീരം തണുപ്പിച്ചെടുക്കും. അതുകഴിഞ്ഞ് യോഗ, ധ്യാനം...  അങ്ങനെ മൂന്നുമണിക്കൂര്‍ പരിശീലനം.  

കോച്ച് അനുനിമിഷം നിര്‍ദേശങ്ങളുമായി ഒപ്പമുണ്ടാകും. ശാസിച്ചും അഭിപ്രായം പറഞ്ഞും, പലതും ഓര്‍മിപ്പിച്ചും പറഞ്ഞുകൊടുത്തും ഉഷയെന്ന കോച്ച്. ഇക്കാര്യത്തില്‍ ഉഷയെടുക്കുന്ന ഗൃഹപാഠങ്ങള്‍ അത്രക്കാണ്. തന്‍െറ അത്ലറ്റിക് ജീവിതത്തിലെ കഠിനപ്രയത്നങ്ങളാണ് അവര്‍ക്ക് ഇതിനു തുണയാകുന്നതെന്ന് വ്യക്തം. ടിന്‍റുവിന്‍െറ കണ്ണുകളിലെ തിളക്കം ഒന്ന് ഒളിമിന്നുമ്പോള്‍ പോലും ഉഷ അത് വായിച്ചെടുക്കും. പരിശീലനത്തിലുള്‍പ്പെട്ട കുട്ടികളുടെ കാര്യത്തിലെല്ലാം ഉണ്ടെങ്കിലും ടിന്‍റുവിന്‍െറ കാര്യത്തില്‍ അല്‍പം കൂടുതലാണ്.

കണ്ണൂരില്‍ നിന്ന് കിനാലൂരിലേക്ക്...
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ചാവശ്ശേരിയിലാണ് ടിന്‍റുവിന്‍െറ  വീട്. പിതാവ്  ലൂക്കോ, അമ്മ ലിസി. 2002ലെ ബാച്ചില്‍ 13ാം വയസ്സിലായിരുന്നു ടിന്‍റു ഉഷ സ്കൂളില്‍ പ്രവേശം നേടുന്നത്. കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്ളസ് ടു വരെയുള്ള പഠനം. അതിനുശേഷം ചേളന്നൂര്‍ കോളജില്‍നിന്ന് ബി.കോമില്‍ ബിരുദം. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥ. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടിന്‍റുവിന്‍െറ വീട് ചാവശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂളിനടുത്ത് പണി പുരോഗമിക്കുകയാണിപ്പോള്‍. ഒരു വര്‍ഷമായി ടിന്‍റു വീട്ടില്‍ പോയിട്ട്. അച്ഛനമ്മമാര്‍ കിനാലൂര്‍  സ്കൂളില്‍ വരുകയാണ് ചെയ്യുന്നത്.

800 മീറ്റര്‍ എന്ന ദൂരം
ഇപ്പോള്‍ 800  മീറ്ററിലാണ് ടിന്‍റുവിന്‍െറ ശ്രദ്ധ. പരിചയ സമ്പന്നയായ കോച്ച് എന്ന നിലയില്‍ ഉഷയുടെ  നിര്‍ദേശങ്ങള്‍ എന്താണോ അത് മനസ്സിലാക്കി ട്രാക്കില്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് ദൗത്യം. ഈ കാലയളവിനുള്ളില്‍ തന്നെ ഇത്രയും നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതിനുപിന്നിലെ അടിസ്ഥാനവും അതാണ്. അര്‍ജുന അവാര്‍ഡ് ഉഷേച്ചിക്കും കിനാലൂര്‍ സ്കൂളിനും സമര്‍പ്പിക്കുകയാണ് ടിന്‍റു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 800 മീറ്ററില്‍ ഫൈനലിലത്തൊന്‍ കഴിയാത്തതിന്‍െറ പ്രയാസം നിലനില്‍ക്കുന്നുണ്ടെങ്കിലും അക്കാര്യം ആലോചിച്ച് സമയം പോക്കാനില്ല. ‘ഒരു കായിക താരം തോറ്റമത്സരത്തെക്കുറിച്ച് ആലോചിക്കുന്നത് നല്ലതല്ല. ഏതൊരു മത്സരത്തിലും മത്സരിച്ചുനേടുന്ന പരിചയം ഏറെ ഗുണം ചെയ്യും’ -ടിന്‍റുവിന്‍െറ  ഇരുത്തം വന്ന വാക്കുകള്‍.

തോളോടു ചേര്‍ന്ന് കൂട്ടുകാരികള്‍
അര്‍ജുന അവാര്‍ഡ് നേടിയപ്പോള്‍ തോളിലേറ്റിയ കൂട്ടുകാരികളെക്കുറിച്ച് ടിന്‍റുവിന് ആയിരം നാവാണ്. ‘മൈതാനത്തില്‍ എന്‍െറ ഓരോ ചലനത്തിനും കൂട്ടായി അവര്‍ ഉണ്ട്. അവരുടെ പിന്തുണ വല്ലാത്ത പോസിറ്റിവ് എനര്‍ജിയാണ് തരുന്നത്. അടുത്താണെങ്കില്‍, കോച്ച്  എന്നതിനപ്പുറം അമ്മയായോ ചേച്ചിയായോ കൂട്ടുകാരിയായോ ഉഷേച്ചിയുടെ കരുതല്‍ ഏറെയാണ്. എത്ര ദൂരെയാണെങ്കിലും ഉഷേച്ചിയുടെ വിളിവരും. അവയെല്ലാം ഈ നേട്ടങ്ങളുടെ വളമായി മാറുന്നു. ഒപ്പം ഉഷേച്ചിയുടെ ഭര്‍ത്താവ് ശ്രീനിയേട്ടന്‍, ഉഷ സ്കൂള്‍ സെക്രട്ടറി അജനചന്ദ്രന്‍, മാനേജര്‍ പി.പി.രാജീവന്‍, അസിസ്റ്റന്‍റ് കോച്ചുമാരായ ബി. ബ്രഭിഷ, ധനേഷ് എന്നിവരും. സത്യത്തില്‍ ഇവരെല്ലാം ചേര്‍ന്നുണ്ടാക്കുന്ന ഒരു അന്തരീക്ഷമാണ് എന്നെപ്പോലെ വെറും നാട്ടിന്‍പുറത്തെ നാണം കുണുങ്ങിയായ പെണ്‍കുട്ടിക്ക് ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇടയുണ്ടാക്കുന്നത്...ടിന്‍റു പറഞ്ഞു നിര്‍ത്തുന്നു.

ഇറാഖിലേക്ക് 13,000 യു.എസ് സൈനികര്‍ തിരിച്ചത്തെുന്നെന്ന്

Posted: 26 Sep 2014 11:24 AM PDT

Image: 

ബഗ്ദാദ്: സദ്ദാമിനെതിരായ യുദ്ധത്തിനുശേഷം പൂര്‍ണമായി പിന്‍വലിക്കപ്പെട്ട അമേരിക്കന്‍ സൈന്യം ഐ.എസ് വിരുദ്ധ നീക്കത്തിന്‍െറ പേരില്‍ മടങ്ങിയത്തെുന്നു.13,000 അമേരിക്കന്‍ സൈനികര്‍ ഉടന്‍ രാജ്യത്തത്തെുമെന്ന് ഇറാഖിലെ സലാഹുദ്ദീന്‍ പ്രവിശ്യാ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റിനെ ഉദ്ധരിച്ച് ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഗ്ദാദില്‍നിന്ന് 140 കിലോമീറ്റര്‍ മാറി തിക്രീത് പട്ടണത്തിലെ സ്പീച്ചര്‍ വ്യോമതാവളത്തിലാണ് ഇവരെ വിന്യസിക്കുക. വാര്‍ത്ത അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, അമേരിക്കന്‍ സൈന്യത്തിലെ ഫസ്റ്റ് ഇന്‍ഫെന്‍ഡ്റി ഡിവിഷനിലെ 500 പട്ടാളക്കാര്‍ അടുത്തദിവസം ഇറാഖിലേക്ക് പുറപ്പെടുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിലായി വിന്യസിക്കപ്പെട്ട 1600 അമേരിക്കന്‍ പട്ടാളക്കാര്‍ നിലവില്‍ ഇറാഖിലുണ്ട്. ഏറ്റവുമൊടുവില്‍ ഈ മാസം 10ന് 475 പേരാണ് രാജ്യത്തത്തെിയത്. ഇറാഖ്, കുര്‍ദ് സൈനികരുടെ ഉപദേഷ്ടാക്കളായും അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങളുടെ കാവല്‍ക്കാരായുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് യു.എസ് അവകാശപ്പെടുന്നു. ഇറാഖില്‍ അമേരിക്കന്‍ സൈനികരെ കരയുദ്ധത്തിന് അയക്കില്ളെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.
ഐ.എസിനെതിരായ യുദ്ധത്തിന്‍െറ ഭാഗമായ വ്യോമാക്രമണം  ഇന്നലെയും തുടര്‍ന്നു. എണ്ണ മേഖലയായ ദെയ്ര്‍ അല്‍ സൂറില്‍ ഇന്നലെ രണ്ടു മേഖലകളാണ് ആക്രമിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഇവിടെയും പരിസരങ്ങളിലുമുള്ള നിരവധി താല്‍ക്കാലിക എണ്ണ ഖനന സംവിധാനങ്ങള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. വെള്ളിയാഴ്ച ടിന്‍ക് എണ്ണപ്പാടവും ഖുരിയ എണ്ണപ്പാടവുമാണ് തകര്‍ത്തത്.
പ്രതിദിനം 20 ലക്ഷം ഡോളര്‍ വരുമാനം എണ്ണവില്‍പന വഴി ഐ.എസിനുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു. എണ്ണപ്പാടങ്ങള്‍ തകര്‍ക്കുക വഴി ഐ.എസിന്‍െറ സാമ്പത്തിക ശക്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം.അതിനിടെ, സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന് കുര്‍ദ് സ്വാധീന മേഖലയായ കോബേനിക്കടുത്ത ഗ്രാമം ഐ.എസ് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്ഷുദ്ര ഗ്രഹങ്ങളില്‍നിന്ന് വെള്ളവും ഇന്ധനവും ലഭിക്കുമോ? അമേരിക്കന്‍ കമ്പനികള്‍ ഖനനത്തിന്

Posted: 26 Sep 2014 11:20 AM PDT

Image: 

വാഷിങ്ടണ്‍: അനന്തതയില്‍നിന്ന് കൂട്ടംതെറ്റി അതിവേഗത്തില്‍ പറന്നത്തെുന്ന ക്ഷുദ്രഗ്രഹങ്ങള്‍ (asteroids) പതിച്ചുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഭീതിനിറഞ്ഞ കഥകള്‍  കേട്ടുപരിചയിച്ച ലോകത്തിനു പുതിയ വാര്‍ത്ത. ഭൂമിയെ ചുറ്റുന്ന ധാതുസമ്പന്നമായ ക്ഷുദ്രഗ്രഹങ്ങളില്‍നിന്ന് വെള്ളവും ഇന്ധനവും കുഴിച്ചെടുക്കാനുള്ള നീക്കത്തിലാണ് അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍. അംഗീകാരം കാത്ത് അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നിലുള്ള കരട് നിയമം പാസായാല്‍ കമ്പനികള്‍ക്ക് യഥേഷ്ടം ഇവയില്‍നിന്ന് വെള്ളവും ഇന്ധനവും കുഴിച്ചെടുക്കാനാവും.
നാസക്കു കീഴില്‍ ചൊവ്വയില്‍ നടന്ന പര്യവേക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഹിരാകാശ ദൗത്യ കമ്പനി പ്ളാനറ്ററി റിസോഴ്സസ് പ്രസിഡന്‍റ് ക്രിസ് ലെവികിയാണ് ഇതിനു പിന്നിലെ പ്രധാന ശില്‍പി. ഭൂമിയിലുറപ്പിച്ച ദൂരദര്‍ശിനികളില്‍നിന്ന് നിരീക്ഷിച്ചാല്‍ തന്നെ ക്ഷുദ്രഗ്രഹങ്ങളിലെ ജലസാന്നിധ്യം തിരിച്ചറിയാനാകുമെന്ന് അദ്ദേഹം പറയുന്നു. അവയില്‍നിന്ന് വെള്ളമെടുക്കാനായാല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേരിടുന്ന വലിയ സാമ്പത്തിക ബാധ്യത ഭാഗികമായി ഒഴിവാക്കാനാകും. കാരണം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ആറു പേര്‍ക്ക് ഒരു വര്‍ഷം വെള്ളം സംഭരിച്ചുവെക്കാന്‍ മാത്രമുള്ള ചെലവ് 200 കോടി ഡോളറാണ് - ഒരാള്‍ക്ക് ആറു ടണ്‍ വെള്ളം എന്ന തോതിലെങ്കില്‍.
വെള്ളത്തിന്‍െറ ശാസ്ത്ര ഘടനയായ H2O ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിച്ച് ഇന്ധനമായി ഉപയോഗപ്പെടുത്താമെന്നതും മറ്റൊരു വിഷയം. നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള മൊത്തം ഇന്ധനവും ആദ്യ യാത്രയില്‍തന്നെ കരുതണം. ഇതാകട്ടെ, കൃത്രിമ ഉപഗ്രഹങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുന്നു.
ബഹിരാകാശ ഖനനം എന്നു പേരിട്ട പദ്ധതി ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് മുന്‍ നാസ ശാസ്ത്രജ്ഞന്‍ മൈക്കല്‍ ലോപസ് പറയുന്നു. ക്ഷുദ്രഗ്രഹങ്ങള്‍ക്ക് ഗുരുത്വബലം കുറവായതിനാല്‍ അവയില്‍ ഇറങ്ങാനും ഉയരാനും സമയനഷ്ടം വേണ്ടിവരില്ളെന്ന് അധികൃതര്‍ പറയുന്നു. ക്ഷുദ്രഗ്രഹങ്ങളില്‍ മാത്രമല്ല, ചന്ദ്രന്‍െറ ഉപരിതലത്തിലും ഉറഞ്ഞുകിടക്കുന്ന വെള്ളമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതൊക്കെയാണെങ്കിലും 1966ലെ യു.എന്‍ ബഹിരാകാശ ഉടമ്പടി പ്രകാരം ഭൂമിക്കു പുറത്തെ വിഭവങ്ങള്‍ സ്വന്തമാക്കുന്നതിന് കര്‍ശന വിലക്കുണ്ട്. ഇവ ഭൂമിയിലത്തെിക്കുന്നില്ളെന്നും ബഹിരാകാശത്തെ ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗപ്പെടുത്തുന്നത് ഉടമ്പടി പ്രകാരം വിലക്കപ്പെട്ടതല്ളെന്നും അനുകൂലികളും അവകാശപ്പെടുന്നു.
ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കി 2020കളില്‍ ഭൂമിക്കരികെയുള്ള ക്ഷുദ്രഗ്രഹങ്ങളില്‍നിന്ന് ആദ്യ സാമ്പിളുകളുടെ ശേഖരണം നടത്താനാണ് പരിപാടി.

‘മുതലക്കളി’യുമായി സ്റ്റീവ് ഇര്‍വിന്‍െറ വഴിയെ മകനും

Posted: 26 Sep 2014 11:03 AM PDT

Image: 

സിഡ്നി: കൂസലില്ലാതെ മുതലക്കുളത്തിലേക്ക് നടന്നടുക്കുന്ന പത്തുവയസ്സുകാരന്‍ റോബര്‍ട്ടിനെ ശ്വാസമടക്കിപ്പിടിച്ചാണവര്‍ കണ്ടുനിന്നത്. കൈയില്‍ മുതലകള്‍ക്ക് കൊടുക്കാനുള്ള മീനുകളെ അവന്‍ കരുതിയിരുന്നു. പതിയെ കരയിലേക്ക് കയറിവന്ന മുതല കുഞ്ഞുബാലനെ നോക്കി, പിന്നെ കൈയിലിരുന്ന മാംസത്തിലേക്കും. നെഞ്ചിടിപ്പോടെ നിന്ന നൂറുകണക്കിന് കാഴ്ചക്കാരില്‍ ചിലര്‍ പേടിയോടെ കണ്ണുപൊത്തുന്നുണ്ടായിരുന്നു.
കുഞ്ഞുറോബര്‍ട്ട് പക്ഷേ, ചിരിച്ചുകൊണ്ട് മുതലയുടെ ക്ഷമ പരീക്ഷിച്ച് കളിപ്പിക്കല്‍ തുടര്‍ന്നു, തടസ്സപ്പെടുത്തി അവനെ ഒഴിവാക്കാന്‍ കൂടെയുണ്ടായിരുന്ന മൃഗശാല പരിപാലകന്‍െറ ശ്രമവും. അവക്ക് തൊട്ടടുത്ത് നിലയുറപ്പിച്ച് അവന്‍ ഇടക്കിടെ ഭക്ഷണം എറിഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അതിശയപ്പെട്ടും കൂക്കിവിളിച്ചും സന്ദര്‍ശകരും കാത്തുനിന്നു.
ഈ ബാലന് പക്ഷേ, ഇതൊന്നും പുത്തരിയല്ല. അവന്‍െറ മുഴുവന്‍ പേര് റോബര്‍ട്ട് ഇര്‍വിന്‍. പ്രമുഖ മൃഗപരിപാലകനും ‘മുതലവേട്ടക്കാര’നെന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന സ്റ്റീവ് ഇര്‍വിന്‍െറ മകന്‍. 2006ല്‍ പിതാവ് വിഡിയോ ചിത്രീകരണത്തിനിടെ തിരണ്ടി മീനിന്‍െറ വാലുകൊണ്ടുള്ള കുത്തേറ്റ് മരിക്കുമ്പോള്‍ റോബര്‍ട്ടിന് പ്രായം രണ്ടുവയസ്സ്.
ഒരുമാസം പ്രായമുള്ളപ്പോള്‍ സ്റ്റീവ് കുഞ്ഞു റോബര്‍ട്ടുമായി എത്തി മുതലകള്‍ക്ക് തീറ്റകൊടുക്കുന്ന ദൃശം ലോകം മുഴുവന്‍ കണ്ടതാണ്. അവന്‍ പിതാവിന്‍െറ വഴിയത്തെന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു വ്യാഴാഴ്ച  ആസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് തീരത്തെ ബീര്‍വാക്കടുത്തുള്ള ‘ ആസ്ട്രേലിയന്‍ മ്യൂസിയ’ത്തില്‍ നടന്ന പ്രകടനം.

റോബര്‍ട്ടിന്‍െറ പ്രകടനം കാണാന്‍ മാതാവ് ടെറി, പിതാവിന്‍െറ സുഹൃത്ത് വെസ് മാന്നിയോണ്‍ എന്നിവര്‍ എത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാണാന്‍ ആളുകളത്തൊറുണ്ടെങ്കിലും ഇത്ര ജനത്തിരക്ക് ആദ്യമായിരുന്നു.
പിന്നീട് മറ്റൊരു പ്രകടനം കൂടി റോബര്‍ട്ട് നടത്തി. മുതലക്കുട്ടികളുമായുള്ള നൃത്തം. അവക്ക് തീറ്റകൊടുക്കാന്‍ വീണ്ടും എത്തിയപ്പോഴായിരുന്നു ആ കാഴ്ചവിരുന്ന്. മത്സ്യത്തെക്കാട്ടി അവന്‍ മുതലക്കുട്ടികളെ കൊതിപ്പിച്ചു. മുതലക്കുഞ്ഞ് കാലിനടുത്തേക്ക് മണപ്പിച്ച് വന്നപ്പോള്‍ അവന്‍ ചാടി വിദഗ്ധമായി ഒഴിഞ്ഞു.തെല്ലും ഭയമുണ്ടായിരുന്നില്ല, ഭയങ്കര രസമായിരുന്നു -തന്നെ സമീപിച്ച പത്രപ്രവര്‍ത്തകരോട് അവന്‍ പറഞ്ഞു.
 

കശ്മീര്‍ വിഷയം യു.എന്നില്‍ ഉയര്‍ത്തി പാകിസ്താന്‍

Posted: 26 Sep 2014 10:50 AM PDT

Image: 

ന്യൂയോര്‍ക്: ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തി, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയുടെ പൊതു സഭയില്‍ ഉയര്‍ത്തി. വിദേശ സെക്രട്ടി തല ചര്‍ച്ചകള്‍ ഏകപക്ഷീയമായി റദ്ദാക്കി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ചയാണ് ശരീഫ് പൊതുസഭയില്‍ പ്രസംഗിച്ചത്.

കശ്മീര്‍ പ്രശ്നം കൂടിയാലോചനകളിലൂടെ പരിഹരിക്കാന്‍ പാകിസ്താന്‍ ഒരുക്കമാണ്. കശ്മീര്‍ പ്രശ്നത്തിന് മേല്‍ മൂടുപടമണിയിക്കാമെന്ന് ഇന്ത്യ കരുതരുതെന്നും നവാസ് ശരീഫ് പ്രസംഗത്തില്‍ പറഞ്ഞു. ജമ്മു-കശ്മീരിലെ സ്വയം നിര്‍ണായവകാശത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്. അത് ഞങ്ങളുടെ ചരിത്രപരമായ കടമയും പ്രതിബദ്ധതയുമാണ്. ആറു ദശാബ്ദം മുമ്പ് ഐക്യരാഷ്ട്ര സംഘടന കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് പ്രമേയം പാസാക്കിയിട്ടും ഇന്ത്യ അതു ചെയ്തില്ളെന്നും ശെരീഫ് വിമര്‍ശിച്ചു. ജനഹിത പരിശോധന നടത്തുന്നതിനായി ജമ്മു-കശ്മീരിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കശ്മീരിലെ പല തലമുറകള്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കുകയാണ്. അവിടെ അക്രമം പതിവായി നടക്കുന്നു. ജനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. കശ്മീര്‍ സ്ത്രീകള്‍ കടുത്ത ദുരിതത്തിനും അവഹേളനത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ട്. അത് അന്താരാഷ്ട്ര സമൂഹത്തിന്‍െറ ഉത്തരവാദിത്വമാണെന്നും നവാസ് ശരീഫ് കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച പ്രധാനമന്ത്രി മോദി പൊതുസഭയില്‍ പ്രസംഗിക്കുന്നുണ്ട്. ശരീഫിന്‍െറ വാദങ്ങളെ മറികടക്കാനാവും അദ്ദേഹത്തിന്‍െറ പ്രധാന ശ്രമമെന്ന് കരുതുന്നു.

 

 

 

ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യവില്‍പന കൂടിയെന്ന് ബിവറേജസ് കോര്‍പറേഷന്‍

Posted: 26 Sep 2014 10:06 AM PDT

Image: 

കൊച്ചി: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയെങ്കിലും സംസ്ഥാനത്തെ മദ്യവില്‍പനയില്‍ റെക്കോഡ് വര്‍ധന. ആഗസ്റ്റില്‍ വിദേശ മദ്യത്തിന്‍െറയും ബിയറിന്‍െറയും വില്‍പനയുടെ കണക്കുള്‍പ്പെടെ ബിവറേജസ് കോര്‍പറേഷന്‍ ഹൈകോടതിയില്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 2014 ഏപ്രിലിനുശേഷം ആഗസ്റ്റ് വരെയുള്ള അഞ്ചുമാസം ബിവറേജസ് കോര്‍പറേഷന്‍ മുഖേനയുള്ള വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 516.65 കോടിയുടെ വരുമാനമാണ് അധികമായി ലഭിച്ചത്. ഈ കാലയളവില്‍ 3237.34 കോടിയുടെ വില്‍പന നടന്നു. ഇപ്പോള്‍ പ്രവര്‍ത്തനമില്ലാത്ത ബാറുകളുള്‍പ്പെടെ വില്‍പന നടത്തിയ കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍  2720.69 കോടിയുടെ വില്‍പന മാത്രമാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം നിലവിലുണ്ടായിരുന്നവയില്‍ പകുതിയിലേറെ ലൈസന്‍സില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ശേഷിക്കുന്ന 312 ബാറുകളില്‍ മാത്രമായി കഴിഞ്ഞ വര്‍ഷത്തേതിന്‍െറ ഇരട്ടി വില്‍പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 269.90 കോടിയുടെ വില്‍പന നടന്ന സ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസക്കാലയളവില്‍ നടന്നത് 491.60 കോടിയുടെ വില്‍പനയാണ്. വര്‍ധന 182.35 കോടി. ഇതില്‍ വിദേശ മദ്യവില്‍പനയില്‍നിന്ന് 403.85 കോടിയും ബിയര്‍ വില്‍പനയില്‍നിന്ന് 87.75 കോടിയും ഖജനാവിലത്തെി. മദ്യനയം ചോദ്യംചെയ്ത് നല്‍കിയ ഹരജിയിലെ വാദത്തിനിടെ ചില ബാറുകള്‍ പൂട്ടിയിട്ടും മദ്യവില്‍പന വര്‍ധിച്ചതായി ഹരജിക്കാരായ ബാറുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റുകള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്കും അനുമതി നല്‍കിക്കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം സാധ്യമാകില്ളെന്നും സര്‍ക്കാറിന്‍െറ വാദം കള്ളമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷത്തേയും 418 ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച ശേഷമുള്ള കാലയളവിലേയും വില്‍പനയുടെ കണക്കുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസുകളില്‍ വാദം പൂര്‍ത്തിയാക്കിയ സിംഗ്ള്‍ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റി.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ രാജിവെച്ചു

Posted: 26 Sep 2014 06:26 AM PDT

Image: 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവെച്ചു. നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സര്‍ക്കാറിനുള്ള പിന്തുണ എന്‍.സി.പി പിന്‍വലിച്ചതാണ് രാജിക്ക് കാരണം. പകുതി സീറ്റ് നല്‍കണമെന്നും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നുമുള്ള എന്‍.സി.പി ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു.
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വി റാവുവിന് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. ഗവര്‍ണര്‍ ഇത് രാഷ്ട്രപതിക്ക് കൈമാറും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍െറയും രാഷ്ട്രപതിയുടെയും തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാവും. കാവല്‍ മുഖ്യമന്ത്രിയാക്കി അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനും സംസ്ഥാന ഭരണം രാഷ്ട്രപതിക്കു കീഴില്‍ കൊണ്ടു വരാനും സാധ്യതയുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP