സ്വാഗതം
WELCOME

News Update..

Wednesday, July 23, 2014

ബംഗളൂരു ബലാല്‍സംഗ കേസ്; സ്കൂള്‍ ചെയര്‍മാന്‍ കേരവാല അറസ്റ്റില്‍ Madhyamam News Feeds

ബംഗളൂരു ബലാല്‍സംഗ കേസ്; സ്കൂള്‍ ചെയര്‍മാന്‍ കേരവാല അറസ്റ്റില്‍ Madhyamam News Feeds

Link to

ബംഗളൂരു ബലാല്‍സംഗ കേസ്; സ്കൂള്‍ ചെയര്‍മാന്‍ കേരവാല അറസ്റ്റില്‍

Posted: 23 Jul 2014 12:19 AM PDT

Image: 

ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്കൂളില്‍ ഒന്നാംക്ളാസുകാരിയെ അധ്യാപകന്‍ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ സ്കൂള്‍ ചെയര്‍മാര്‍ റുസ്തം കേരവാലയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളുടെ സുരക്ഷയില്‍ നിരുത്തരവാദപരമായ നിലപാട് കൈകൊള്ളുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളടക്കമുള്ളവര്‍ സ്കൂളിന് പുറത്തും നഗരത്തിലും പ്രതിഷേധം ശക്തമാക്കിയിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് നിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമം (പോസ്കോ) എന്നീ വകുപ്പുകള്‍ കേരവാലക്കുമേല്‍ ചുമത്തിയതായി ബംഗളൂരു പൊലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഡി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ച് പ്രതിയെ ഒളിവില്‍പോവുന്നതിന് സഹായിച്ചു എന്ന ഐ.പി.സി 201 വകുപ്പും സ്കൂള്‍ ചെയര്‍മാനെതിരെ ചുമത്തിയിട്ടുണ്ട്.

സംഭവത്തിലെ മുഖ്യപ്രതിയായ കായികാധ്യാപകന്‍ മുസ്തഫക്കുശേഷം കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് കേരന്‍വാല.
സംഭവം നടന്നത് ജൂലൈ രണ്ടിനാണെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്തത് ജൂലൈ 14ലാണ്. ഇതിനും ആറു ദിവസം കഴിഞ്ഞാണ് ആദ്യ അറസ്റ്റ് നടന്നത്.

പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് സ്കൂളിനെ അയോഗ്യമാക്കാന്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ബോര്‍ഡിന് കര്‍ണാടക സര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ട്.

തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം: വിജിലന്‍സ് നിര്‍ദേശം സര്‍ക്കാര്‍ പൂഴ്ത്തി

Posted: 23 Jul 2014 12:13 AM PDT

കഴക്കൂട്ടം: തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിച്ച് വിജിലന്‍സ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് ആക്ഷേപം. സ്വകാര്യവ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2011 ഡിസംബര്‍ 26നാണ് പരിശോധന നടന്നത്. 2012 ജനുവരി 13ന് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാറിന് വിജിലന്‍സ് ഫയല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല.
വിജിലന്‍സ് പരിശോധനയില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. വൗച്ചറുകള്‍ ഡയറക്ടര്‍ ഒപ്പിടുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. 14.03.2011 മുതലുള്ള വൗച്ചറുകളൊന്നും സെക്രട്ടറി, ട്രഷറര്‍, ഡയറക്ടര്‍ എന്നിവര്‍ പരിശോധിച്ചിട്ടില്ലെന്ന് മനസ്സിലായി. സെക്രട്ടറിയാണ് വൗച്ചറുകളില്‍ ഒപ്പിടേണ്ടതെന്ന് സ്ഥാപനത്തിലെ പ്രധാന ഉദ്യോഗസ്ഥനായ ഡയറക്ടര്‍ വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതും നടക്കുന്നില്ല. കാഷ് ബുക് അധികൃതര്‍ ശരിയാംവിധം പരിശോധിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. സാംസ്കാരികവകുപ്പിന് കീഴിലാണ് സ്മാരകത്തിന്‍െറ പ്രവര്‍ത്തനം. എന്നാല്‍ വകുപ്പിന്‍െറ നിരുത്തരവാദിത്തം ചൂണ്ടിക്കാട്ടുന്ന വിജിലന്‍സ്, നിലവില്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിനെപ്പോലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു.
ഡയറക്ടറുടെ നിയമനം സംബന്ധിച്ചും വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഡയറക്ടറുടെ നിയമനം, ശമ്പള സ്കെയില്‍, വിരമിക്കല്‍പ്രായം എന്നിവ സംബന്ധിച്ച നിയമവശങ്ങള്‍തേടി നടപടി സ്വീകരിക്കണമെന്നാണ് സാംസ്കാരികവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതായി വിവരമില്ല. 1988ല്‍ കള്‍ചറല്‍ ഡെവലപ്മെന്‍റ് ഓഫിസറായി സ്മാരകകമ്മിറ്റി നിയമിച്ചതാണ് നിലവിലെ ഡയറക്ടറെ.1000 രൂപയായിരുന്നു കണ്‍സോളിഡേറ്റഡ് പേ ആയി നല്‍കിയിരുന്ന പ്രതിഫലം.95ല്‍ നിയമനം മൂന്ന് വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് പ്രതിഫലം 1100 ആക്കി. എന്നാല്‍ തുടര്‍ന്ന് പ്രതിഫലം ശമ്പളസ്കെയിലിലാക്കുകയായിരുന്നു. 950-1650 രൂപ സ്കെയിലായും പിന്നീട് 2000 ആയും ഉയര്‍ത്തി 1996ല്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. 1997ല്‍ ശമ്പളം വീണ്ടുമുയര്‍ത്തി 1400-40-1800-50-2300 എന്ന സ്കെയിലിലാക്കി. 1999ല്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തിയതോടെ കള്‍ചറല്‍ ഡെവലപ്മെന്‍റ് ഓഫിസറുടെ തസ്തിക ഡയറക്ടര്‍ പോസ്റ്റാക്കുകയായിരുന്നു. തുടര്‍ന്ന് കമ്മിറ്റി പലതവണ ഡയറക്ടറുടെ പെന്‍ഷന്‍ പ്രായം പുതുക്കിനല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. പെന്‍ഷന്‍പ്രായം കഴിഞ്ഞും സ്കെയില്‍ അനുസരിച്ച് ഡയറക്ടര്‍ ശമ്പളം വാങ്ങിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിനെ മറികടന്ന് ഡയറക്ടര്‍ പദവിയില്‍ അതേയാളെത്തന്നെ നിയമിക്കുകയാണ് കമ്മിറ്റി ചെയ്തത്. പരിശോധനാസമയത്ത് 10790 ബേസിക് പേ അടക്കം 15,796 രൂപ പ്രതിമാസം വാങ്ങുന്നതായും കണ്ടെത്തി. നിലവില്‍ ഡയറക്ടര്‍ക്ക് 66 ആണ് പ്രായം.15,000 രൂപ കണ്‍സോളിഡേറ്റഡ് പേ ആയി നല്‍കിവരുന്നു. പെന്‍ഷന്‍പ്രായം കഴിഞ്ഞ് വര്‍ഷങ്ങളോളം ശമ്പളം കൈപ്പറ്റിയത് വിവാദമായതോടെ വീണ്ടും കണ്‍സോളിഡേറ്റഡ് പേ ആക്കി പ്രതിഫലം നല്‍കുകയായിരുന്നു.
സ്മാരകം രൂപവത്കരിച്ച വേളയില്‍ നിര്‍മിച്ച റൂള്‍ അനുസരിച്ചാണ് സ്മാരകം പ്രവര്‍ത്തിക്കുന്നത്. ഇതുപ്രകാരം കമ്മിറ്റി എടുക്കുന്ന ഏത് തീരുമാനത്തിനും സര്‍ക്കാറിന്‍െറ അംഗീകാരം വേണമെന്ന് വര്‍ഷങ്ങളോളം കമ്മിറ്റിയിലിരുന്നവര്‍ പറയുന്നു. എന്നാല്‍ നിലവിലുള്ള പല നിയമനവും സര്‍ക്കാറിന്‍െറ അംഗീകാരത്തോടെയല്ല നടന്നത്. കമ്മിറ്റികളില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തവര്‍പോലും കമ്മിറ്റി അംഗങ്ങളായുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്മാരകത്തിന്‍െറ പ്രവര്‍ത്തനത്തിന് അടിയന്തരമായി റൂള്‍ തയാറാക്കണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. സാംസ്കാരികവകുപ്പിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി അടിയന്തരപ്രാധാന്യത്തോടെ രൂപവത്കരിക്കണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായിട്ടില്ല. രാഷ്ട്രീയക്കാരാണ് നിലവിലെ കമ്മിറ്റിയുടെ ചരടുവലിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായി പൂഴ്ത്തിവെച്ചതിനുപിന്നില്‍ വന്‍ രാഷ്ട്രീയസ്വാധീനമുണ്ടെന്നാണ് ആരോപണം.

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ രോഗാതുരം

Posted: 23 Jul 2014 12:01 AM PDT

തൃശൂര്‍: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തി. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചതിന് 52 നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.ഇതില്‍ ഏഴ് കേന്ദ്രങ്ങളില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.
വീടുകളിലും കെട്ടിടങ്ങളിലും ക്യാമ്പുകളിലും മറ്റുമായി നടത്തിയ പരിശോധനയില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിന് 30 പേര്‍ക്കും, മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് 28 പേര്‍ക്കും, ശരിയായി മാലിന്യ സംസ്കരണം നടത്താത്തതിന് 58പേര്‍ക്കും നോട്ടീസ് നല്‍കി. കൊതുകിന്‍െറ ഉറവിടങ്ങള്‍ നശിപ്പിക്കാത്തതിന് 73ഉം, കക്കൂസ് കുഴിയുടെ മൂടി തകരാറിലായതിന് 30ഉം, ഓടകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് 11ഉം, മറ്റ് വിവിധ കാരണങ്ങളാല്‍ 11ഉം പേര്‍ക്ക് നോട്ടീസ് നല്‍കി. ഇതിന് പുറമെ ഒമ്പതിടങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പും, ഒരിടത്ത് തൊഴില്‍ വകുപ്പും നടപടി സ്വീകരിച്ചിട്ടുണ്ട്.
പുഴക്കല്‍ പാടത്തിന് സമീപത്ത് വലിയ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ വൃത്തി ഹീനമായ സാഹചര്യങ്ങളിലാണ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്തും കോര്‍ട്ട് കോംപ്ളക്സ് നിര്‍മിക്കുന്നിടത്തും തൊഴിലാളികള്‍ താമസിക്കുന്നത് നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ്. ചേറ്റുപുഴയില്‍ വീട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പത് തൊഴിലാളികളെ ഒരു മുറിയില്‍ താമസിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നോട്ടീസ് നല്‍കി. കോര്‍ട്ട് കോംപ്ളക്സ് നിര്‍മിക്കുന്നയിടത്ത് തൊഴിലാളികള്‍ക്ക് വൃത്തിയുള്ള കക്കൂസുകള്‍ ഇല്ലാത്തതിന്് നോട്ടീസ് നല്‍കി.
ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളടക്കം 1004 കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ 133 ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
പകര്‍ച്ചവ്യാധികളും മറ്റ് രോഗങ്ങളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 'സേഫ് കേരള'യില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസയിടങ്ങളിലും മറ്റും പരിശോധന നടത്തിയത്. തൊഴിലാളികളുടെ ആരോഗ്യ നിലവാരം, താമസ സ്ഥലത്തെ സൗകര്യങ്ങള്‍, സാനിറ്ററി നിലവാരം, കുട്ടികളുടെയും മറ്റും പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയാണ് പരിശോധനക്ക് വിധേയമാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 575 ഉദ്യോഗസ്ഥന്മാരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

പ്ളസ് ടു വിന് 379 അധിക ബാച്ചുകള്‍ അനുവദിച്ചു

Posted: 22 Jul 2014 11:50 PM PDT

Image: 

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ധാരണയായി. മൂന്നു വിഭാഗങ്ങളിലായി 699 അധിക ബാച്ചുകള്‍ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ഒന്നാമത്തെ വിഭാഗത്തില്‍ നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ളസ് ടു വിന് 379 അധിക ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനമായി.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 131 പ്ളസ് ടു സ്കൂളുകള്‍ അനുവദിച്ചു. ഇതില്‍ 43എണ്ണം  സര്‍ക്കാര്‍ സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളുമാണ്. ഇതോടെ മുഴുവന്‍ പഞ്ചായത്തുകളിലും പ്ളസ് ടു സ്കൂളുകള്‍ ആയതായി മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മുതല്‍ കാസര്‍കോട് വരെ 93 ഹൈസ്കൂളുകള്‍ ഹയര്‍സെക്കന്‍ഡറി ആയി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.ഇതില്‍ 18 എണ്ണം സര്‍ക്കാര്‍ ഹൈസ്കൂളുകളും 77 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

മുമ്പ് എസ്.എസ്.എല്‍.സി ആയിരുന്നു അടിസ്ഥാന യോഗ്യതയെങ്കില്‍ ഇന്ന് അത് പ്ളസ് ടു ആയി മാറിയിട്ടുണ്ട്. പലയിടങ്ങളിലും കുട്ടികള്‍ പ്ളസ് വണ്‍ അഡ്മിഷന്‍ കിട്ടാതെ നട്ടംതിരിയുന്ന സാഹചര്യമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ അത്യാവശ്യമെന്ന് കണ്ടാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചതെന്ന് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ബാച്ചുകളില്‍ സ്ഥിര നിയമനം ഉണ്ടാവില്ല. അധിക ബാച്ചുകളിലേക്ക് നിലവിലുള്ള അധ്യാപക ബാങ്കില്‍ നിന്നും യോഗ്യരായവരെയും ഗസ്റ്റ് ലക്ചറര്‍മാരെയും  നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ബാച്ചില്‍   കുറഞ്ഞത് 40 വിദ്യാര്‍ഥികളെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയുമുണ്ട്. പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ഏകജാലകംവഴി ആയിരിക്കില്ല. അടുത്ത വര്‍ഷം പൊതു പ്രവേശ സമ്പ്രദായത്തില്‍ പ്ളസ് വണ്‍  പ്രവേശം നടക്കും.
 

നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Posted: 22 Jul 2014 11:42 PM PDT

കോട്ടയം: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് ഹോട്ടലുകളില്‍നിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തു. നഗരസഭാ ഓഫിസിന് സമീപത്തെ അറേബ്യന്‍ റസ്റ്റാറന്‍റ്, നാഗമ്പടത്തെ ഹോട്ടല്‍ അര്‍ച്ചന, റീജന്‍സി, ബേക്കര്‍ ജങ്ഷനിലെ ഫുഡ് പാലസ് എന്നിവിടങ്ങളില്‍നിന്നാണ് പഴകിയഭക്ഷണം പിടിച്ചെടുത്തത്.
പഴകിയ ചോറാണ് കൂടുതലായും കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള ചോറ് വീണ്ടും നല്‍കാനായി വെള്ളത്തിലിട്ട നിലയിലായിരുന്നു. വേവിച്ചതും വേവിക്കാത്തതുമായ കോഴിയിറച്ചി, അച്ചാറുകള്‍, മോര്, കറികള്‍ എന്നിവയും പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കാനും 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാനും ആരോഗ്യവിഭാഗം തീരുമാനിച്ചു. നഗരസഭയുടെ ജനറല്‍ സോണില്‍പ്പെടുന്ന ടൗണ്‍ മേഖലയില്‍ നടത്തിയ പരിശോധക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജന്‍ വി. എബ്രഹാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജേക്കബ്സണ്‍, അജിത്, അഞ്ജു കെ. തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. ഭക്ഷ്യവകുപ്പ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് പഴകിയഭക്ഷണം പിടിച്ചെടുത്തിരുന്നു. നഗരത്തിലെ കെ.എസ്.ആര്‍.ടി.സി കാന്‍റീന്‍ അടക്കം അടച്ചുപൂട്ടിയിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി കണ്ടെത്തിയ 142 ക്യാമ്പുകള്‍ക്ക് നോട്ടീസ്. 88 ടീമുകളായിത്തിരിഞ്ഞ് ജില്ലയില്‍ 598 സ്ഥലങ്ങളിലായിരുന്നു ആരോഗ്യവകുപ്പിന്‍െറ പരിശോധന.
കോട്ടയം നഗരസഭയിലെ കഞ്ഞിക്കുഴി, ദേവലോകം, മൂലവട്ടം എന്നിവിടങ്ങളില്‍ നടന്ന പരിശോധനക്ക് ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡോ.ലാല്‍ ആന്‍റണി, ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരായ കെ.എം. ശശികുമാര്‍, ഇ.കെ. ഗോപാലന്‍ ,ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ പീതാംബരന്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.തങ്കമ്മ എന്നിവര്‍ പങ്കെടുത്തു.
അസം, ബംഗാള്‍ എന്നീ സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ വൃത്തിഹീനമായി കിടക്കുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് സംഘം വിലയിരുത്തി. നഗരസഭകളും ഗ്രാമപഞ്ചായത്തുകളും തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്‍സികളും ക്യാമ്പുകള്‍ ആരോഗ്യകരമായി നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.എം. ഐഷാബായി നിര്‍ദേശിച്ചു.
പലയിടങ്ങളിലും നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കും. മലേറിയ, ഫൈലേറിയ എന്നിവ കണ്ടുപിടിക്കുന്നതിന് രക്തസാമ്പിളുകളും ആരോഗ്യവകുപ്പ് ശേഖരിച്ചു.
ജില്ലയിലെ ഏറ്റവും കൂടുതല്‍ അയല്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പായിപ്പാട്ട് നടന്ന പരിശോധനയില്‍ ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദുകുമാരി, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ടി.സി. ബാബുരാജ്, ഡി.ഇ.എ.ഒ കെ.ദേവ്, ജില്ലാ മലേറിയ ഓഫിസര്‍ സുരേഷ്, എന്‍െറമോളജിസ്റ്റ ഗീതകുമാരി എന്നിവര്‍ പങ്കെടുത്തു.
ഇവിടത്തെ പത്തോളം കേന്ദ്രങ്ങള്‍ക്ക് നോട്ടീസും നല്‍കി. റെയ്ഡ് തുടരുമെന്നും അധികൃതര്‍ പറഞ്ഞു

വന്യമൃഗങ്ങളെ തുരത്താന്‍ സൗരോര്‍ജ വേലി; ഫ്ളാറ്റുകള്‍ക്കായി അര്‍ബന്‍ അഗ്രികള്‍ച്ചര്‍

Posted: 22 Jul 2014 11:38 PM PDT

തൊടുപുഴ: ഇടുക്കി റവന്യൂ ജില്ലാ ശാസ്ത്ര-ഗണിത പ്രദര്‍ശന മേള (ഇന്‍സ്പെയര്‍) വൈവിധ്യം കൊണ്ടും വേറിട്ട ആശയങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ ഒരുദിവസത്തെ മേള സംഘടിപ്പിച്ചത്. മട്ടുപ്പാവിലെ കൃഷി മുതല്‍ പെട്രോളിയം ഖനനം വരെ കുട്ടികള്‍ വിവിധ ആശയങ്ങളിലൂടെ ലളിതമായി അവതരിപ്പിച്ചു.
സ്റ്റില്‍ മോഡല്‍, എക്സ്പിരിമെന്‍റല്‍ വിഭാഗങ്ങളിലായി നടന്ന മേളയില്‍ വിവിധ സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കും. സൗരോര്‍ജം, മട്ടുപ്പാവിലെ കൃഷി, അര്‍ബന്‍ അഗ്രികള്‍ച്ചര്‍, അടുക്കള മാലിന്യ സംസ്കരണം തുടങ്ങി ഒട്ടേറെ പദ്ധതികളുടെ മാതൃക പരിചയപ്പെടുത്തി. മുണ്ടക്കയം തെക്കേമല സെന്‍റ് മേരീസ് ഹൈസ്കൂളില്‍നിന്നെത്തിയ അനിറ്റ ആഗസ്തിക്ക് മേളയിലെ വിഷയം മാത്രമായിരുന്നില്ല മാലിന്യ സംസ്കരണം. അനിറ്റയുടെ വീട്ടിലും അയല്‍വീടുകളിലും ഈ രീതിയാണ് പ്രയോഗിക്കുന്നത്.
അടുക്കള മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിലൂടെ പത്ത് സെന്‍റ് പുരയിടത്തിലും മൂന്ന് അയല്‍ വീടുകളിലും പല കൃഷികളും ചെയ്യുന്നുണ്ട്. മട്ടുപ്പാവിലെ കൃഷിയുമായാണ് മറയൂര്‍ സെന്‍റ് മേരീസ് യു.പി സ്കൂളിലെ ജൂബിമോള്‍ സിജി എത്തിയത്. മട്ടുപ്പാവില്‍ പച്ചക്കറിയടക്കം വിളകള്‍ ലാഭകരമായി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് ജൂബി വിശദീകരിച്ചു.
സൂര്യപ്രകാശത്തില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് വന്യമൃഗങ്ങളെ തുരത്താന്‍ കഴിയുന്ന സൗരോര്‍ജ വേലിയായിരുന്നു നാരകക്കാനം എസ്.ജെ യു.പി.എസിലെ സാവിയോ ബോബിയുടെ പ്രോജക്ട്.
ഇടുക്കി പോലുള്ള പ്രദേശത്ത് കര്‍ഷകരുടെ ദുരിതം നേരിട്ടുകണ്ടാണ് ഇത്തരം ആശയം ഉദിച്ചതെന്ന് സാവിയോ പറഞ്ഞു. ഫ്ളാറ്റുകളിലും മറ്റും ഉപയോഗിക്കാവുന്ന കൃഷിരീതി പരിചയപ്പെടുത്തുന്നതായിരുന്നു കാല്‍വരിമൗണ്ട് യു.പി സ്കൂളിലെ ആല്‍ബി തങ്കച്ചന്‍െറ അര്‍ബന്‍ അഗ്രികള്‍ച്ചര്‍.
ഉയരമുള്ള ഫ്ളാറ്റുകളില്‍ സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷി വിജയകരമാണെന്ന് ആല്‍ബി പറഞ്ഞു. ഉപഭോഗം കുറച്ച് വൈദ്യുതി സംരക്ഷിക്കാം എന്ന ആശയമാണ് മീന്മുട്ടി യു.പി സ്കൂളിലെ ഇര്‍ഫാന്‍ ഹബീബ് അവതരിപ്പിച്ചത്.
പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് എല്ലാ വൈദ്യുതി പദ്ധതികളുമെന്ന് ഇര്‍ഫാന്‍ പറയുന്നു. 94 മോഡലുകളാണ് വിവിധ സ്കൂളുകളില്‍നിന്ന് പ്രദര്‍ശിപ്പിച്ചത്.
പ്രോജക്ട് ഇനത്തില്‍ നൂതന കൃഷിരീതികളാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും പരിചയപ്പെടുത്തിയത്. ജൈവകൃഷി , പോളിഹൗസ്, ഗ്രീന്‍ ഹൗസ്, സംയോജിത കൃഷി, സീറോ ബജറ്റ് കൃഷി എന്നിവയാണ് കൂടുതലായി അവതരിപ്പിച്ചത്. ഊര്‍ജസംരക്ഷണ ഉപാധികളും മേളയില്‍ അണിനിരന്നു.
സോളാര്‍ സെല്‍ ഇല്ലാതെ തകിട്, പ്ളാസ്റ്റിക് കുപ്പികള്‍ എന്നിവ ഉപയോഗിച്ച് വെള്ളം ചൂടാക്കുന്ന വാട്ടര്‍ ഹീറ്ററും ശ്രദ്ധയാകര്‍ഷിച്ചു.

ശ്രീകൃഷ്ണപുരത്ത് ചുഴലിക്കാറ്റില്‍ വ്യാപക നാശം

Posted: 22 Jul 2014 11:34 PM PDT

ശ്രീകൃഷ്ണപുരം: തിങ്കളാഴ്ച അര്‍ധരാത്രി ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശം. വലമ്പിലി മംഗലം, ഈശ്വര മംഗലം ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വിനാശകാരിയായത്. വൈദ്യുതി കാലുകളും മരങ്ങളും പൊട്ടി വീണതിനെ തുടര്‍ന്ന് വലമ്പിലി മംഗലം, ഈശ്വര മംഗലം പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പന്ത്രണ്ട് വൈദ്യുതി കാലുകള്‍ പൊട്ടി വീണു. ഇതോടെ വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു.
വലമ്പിലി മംഗലം പൂതൃക്കോവില്‍ ക്ഷേത്രത്തിന് മുന്നിലെ ഏഴ് വൈദ്യുതി കാലുകളാണ് തകര്‍ന്നത്. വന്‍ മരങ്ങള്‍ ലൈന്‍ കമ്പിക്ക് മുകളില്‍ വീഴുകയായിരുന്നു. ഈശ്വരമംഗലം ശ്രീരാമജയം എല്‍.പി സ്കൂളിന് സമീപം റോഡിന് കുറുകെ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
വലമ്പിലി മംഗലം മൂര്‍ത്തിയേടത്തുമന വാസുദേവന്‍ നമ്പൂതിരിയുടെ പന്ത്രണ്ട് റബര്‍ മരങ്ങള്‍ കടപുഴകി വീണു. അവിഞ്ചിക്കുഴി നാരായണന്‍െറ വീടിന്‍െറ ഓടുകള്‍ പറന്നുപോയി. തെങ്ങും മറ്റ് മരങ്ങളും കടപുഴകി വീണു.
മഠത്തില്‍ കുമാരന്‍െറ ഇരുപത്തഞ്ചോളം റബര്‍ മരങ്ങള്‍ നശിച്ചു. ഈശ്വരമംഗലം വാഴയില്‍തൊടി ശശിയുടെ അമ്പതോളം വാഴകള്‍ നശിച്ചു. ഈശ്വരമംഗലം മുണ്ടക്കോട് ഭാഗത്തും മരങ്ങളും, വൈദ്യുതി ലൈനുകളും പൊട്ടി വീണു. ഈശ്വരമംഗലം പുനത്തില്‍ രാജുവിന്‍െറ വീടിന്‍െറ മുകളില്‍ തേക്ക് വീണ് പിറക് വശത്തിന് കേടുപറ്റി. മേലേ മുണ്ടക്കോട്ടില്‍ ജനാര്‍ധനന്‍െറ വീട്ടിലെ മരങ്ങള്‍ കടപുഴകി വീണു. ആടുതലപ്പുര കറുപ്പന്‍, ശ്രീജിത്ത്, രാധകൃഷ്ണന്‍, മനോജ് എന്നിവരുടെ വീടുകള്‍ക്കും കേടുപറ്റി. വലമ്പിലി മംഗലം മുതല്‍ ഈശ്വരമംഗലം വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരത്താണ് ചുഴലിക്കാറ്റ് അക്രമണകാരിയായത്.

അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ പരിശോധന

Posted: 22 Jul 2014 11:28 PM PDT

മേലാറ്റൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മേലാറ്റൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. തൊഴിലാളികളുടെ ആരോഗ്യം, താമസസ്ഥലം, ഭക്ഷണം, കുടിവെള്ളം എന്നിവയുടെ നിലവാരം വിലയിരുത്തി. കെട്ടിട ഉടമകള്‍ തൊഴിലാളികള്‍ക്ക് പരിമിതമായ സൗകര്യം മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും പലയിടത്തും സൗകര്യമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. മാലിന്യം സംസ്കരിക്കാനുതകുന്ന സ്ഥലവും മിക്കയിടങ്ങളിലും ഇല്ല.
തൊഴിലാളികള്‍ക്കാവശ്യമായ സൗകര്യങ്ങളും പരിരക്ഷയും ഉറപ്പുവരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് ആരോഗ്യവകുപ്പ് കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.
പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ട രോഗികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. നന്ദകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ. ചന്ദ്രശേഖരന്‍, പി. ജിതേഷ്, ടി. ശശിധരന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

മലമ്പനി പടരുന്നു

Posted: 22 Jul 2014 11:25 PM PDT

കാസര്‍കോട്: ജില്ലയില്‍ മലമ്പനി കൂടുതലായി കാണപ്പെടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ പോയി വരുന്നവരിലും ഇതര സംസ്ഥാന തൊഴിലാളികളിലുമാണ് രോഗം കാണപ്പെടുന്നത്. മലമ്പനി രോഗവാഹകരായ അനോഫിലസ് കൊതുകുകളുടെ സാന്നിധ്യവും ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലും കുമ്പള, അജാനൂര്‍, മംഗല്‍പാടി എന്നിവിടങ്ങളിലുമാണ് കൂടുതലായി മലമ്പനി രോഗികളെ കണ്ടെത്തിയത്. നീലേശ്വരത്ത് ആറും കാഞ്ഞങ്ങാട് 14ഉം കാസര്‍കോട്ട് എട്ടും കുമ്പളയില്‍ 10ഉം മംഗല്‍പാടിയിലും അജാനൂരിലും ആറുവീതവും മലമ്പനി രോഗബാധിതരെ കണ്ടെത്തി. 109 പേര്‍ക്കാണ് മലമ്പനി പിടിപെട്ടതായി സംശയിക്കുന്നത്. ഇത്തവണ ഡെങ്കിപ്പനിയും എലിപ്പനിയും മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്.
ജില്ലയില്‍ ഇതുവരെ 15 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എട്ടുപേര്‍ക്ക് എലിപ്പനി കണ്ടെത്തിയെങ്കിലും ഇതില്‍ ഒന്നുമാത്രമാണ് സ്ഥിരീകരിച്ചത്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കുമ്പള, ബളാല്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതരെ കൂടുതലായി കാണപ്പെട്ടത്.

രാമന്തളിയില്‍ നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞു

Posted: 22 Jul 2014 11:17 PM PDT

പയ്യന്നൂര്‍: മൂന്നു ദിവസം നാട്ടുകാര്‍ക്ക് യാത്രാദുരിതം സമ്മാനിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ സര്‍വീസ് നടത്താനെത്തിയ ബസ് തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധമറിയിച്ചത്.
രാവിലെ ഏഴരയോടെ പുന്നക്കടവ് പാലത്തിനടുത്ത് സംഘടിച്ചെത്തിയ നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു. ഇതുമൂലം ട്രക്കറുകളും സ്കൂള്‍ ബസുകളും യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടിവന്നു.
സമരത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ രണ്ടു മണിക്കൂറോളം ബസ് സര്‍വീസ് നിലച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരെ ശാന്തരാക്കി.
നാട്ടുകാരും ബസ് തൊഴിലാളികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് സര്‍വീസ് പുനരാരംഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഓട്ടോ തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്വകാര്യ ബസ് തടഞ്ഞതാണ് ബസ് തൊഴിലാളികളുടെ പണിമുടക്കിന് കാരണം. പയ്യന്നൂര്‍ നഗരസഭാധികൃതരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP