യുഗാന്തരങ്ങളായി പാടുന്ന മൂല്യങ്ങള്‍ Posted: 17 Jul 2014 12:10 AM PDT കര്‍ക്കടകം പിറന്നാല്‍ നാം രാമായണത്തെക്കുറിച്ച് ചിന്തിക്കുന്നു. കര്‍ക്കടകം പിറക്കുമ്പോള്‍ മാത്രമേ നാം രാമായണത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നു കൂടി പറയണം. എല്ലാവര്‍ഷവും പ്രസാധകന്മാര്‍ ധിറുതിപിടിച്ച് രാമായണങ്ങള്‍ ഇറക്കുന്നു. ആകര്‍ഷകമായ പരസ്യവാചകങ്ങളും കാണാം. പുസ്തകോത്സവങ്ങളില്‍ രാമായണം ഏറ്റവുമധികം വിറ്റുപോകുന്ന മാസമാണ് കര്‍ക്കടകം. കര്‍ക്കടകത്തെ പണ്ടുള്ളവര്‍ ‘കള്ള കര്‍ക്കടം’ എന്നാണ് പറഞ്ഞിരുന്നത്. പോയിപ്പോയി കള്ളത്തരം മുഴുവന്‍ ഇപ്പോള്‍ ജനത്തിന്‍െറ മനസ്സിലാണ്. വിറ്റുപോകുന്ന രാമായണങ്ങള്‍ എത്രപേര്‍ കര്‍ക്കടകത്തിലെങ്കിലും നിത്യം പാരായണം ചെയ്യുന്നുണ്ടാവും? ആലോചിക്കേണ്ടതാണ്. പക്ഷേ, ഒരു രാമായണമെങ്കിലും കര്‍ക്കടകത്തില്‍ വാങ്ങിയില്ളെങ്കില്‍ മോശമാണ് എന്നു കരുതുന്നവരാണ് കൂടുതലും. വാങ്ങിയ രാമായണം പൊടിപിടിച്ച് പൂജാമുറിയില്‍ കിടക്കും. അതു സാരമില്ല, നാലാളോട് പറയാമല്ളോ, രാമായണം വാങ്ങിയ കാര്യം. നിത്യം പാരായണം ചെയ്യുന്നവരില്‍ എത്രപേര്‍ വായിക്കുന്നതിനെക്കുറിച്ച് മനനം ചെയ്യുന്നുണ്ടാവും? മനനാത് ത്രായതെ ഇതി മന്ത്രം എന്നാണ്. മനനം ചെയ്യുന്നവനെ മാത്രമാണ് മന്ത്രം രക്ഷിക്കുന്നത്. ഇത് പ്രധാനമായൊരു സംഗതിയാണ്. സ്കൂള്‍ കുട്ടികളെ വെയിലത്തു നിര്‍ത്തുന്ന അസംബ്ളിയില്‍ ഗീത കാണാപ്പാഠം ചൊല്ലിച്ചിട്ടോ വേദമന്ത്രങ്ങള്‍ യാന്ത്രികമായി ഉരുക്കഴിച്ചിട്ടോ കാര്യമില്ല. മനനം നടക്കണം. അതെവിടെ നിന്നുവരും? അത് ഉള്ളില്‍നിന്നു വരണം. ഒരു തലമുറ മുമ്പുവരെ രാമായണം കര്‍ക്കടകം പിറന്നാല്‍ മാത്രമല്ല പാരായണം ചെയ്യപ്പെട്ടിരുന്നത്. നിത്യ പാരായണം നടന്നിരുന്നു, വീടുകളില്‍. സന്ധ്യാദീപം ഉമ്മറത്ത് കൊളുത്തി ആ വെളിച്ചത്തിലോ ശരറാന്തല്‍ വെളിച്ചത്തിലോ രാമായണം ഈണത്തില്‍ വായിക്കപ്പെട്ടിരുന്നു. വായിക്കുന്നവന്‍െറയും കേള്‍ക്കുന്നവന്‍െറയും മനസ്സില്‍ വെളിച്ചം പരന്നിരുന്നു. ഇന്ന് മണ്ണെണ്ണ വിളക്കുകളും ശരറാന്തലുകളും പോയി. പകരം ട്യൂബ് ലൈറ്റിന്‍െറ കണ്ണഞ്ചിക്കുന്ന പ്രകാശമുണ്ട്. എന്നിട്ടും ഒരുവന്‍െറയും മനസ്സിലേക്ക് ഒരു പ്രകാശവും എത്തുന്നില്ലല്ളോ ദൈവമേ! വേദം പഠിക്കുന്നവന്‍െറ ചെവിയില്‍ ഈയമുരുക്കി ഒഴിക്കണമെന്ന് പറയുന്നകാലത്തും രാമായണം അവര്‍ണന് പ്രാപ്യമായിരുന്നു. രാമായണത്തിന് അനിതര സാധാരണമായ ഒരു ശ്രേഷ്ഠതയുണ്ട്. അതിതാണ്-അതിലെ അറിവും പ്രകാശവും നിവൃത്തിയും നിവൃത്തികേടും സാധാരണ മനുഷ്യര്‍ക്കെല്ലാം എല്ലാ കാലത്തും പ്രാപ്യമായിരുന്നു. സനാതന മൂല്യങ്ങളെക്കുറിച്ച് യുഗയുഗാന്തരങ്ങളായി രാമായണം നമ്മളോട് പാടിക്കൊണ്ടിരിക്കുന്നു. |
റമ്മാസുന്‍ ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 38 മരണം Posted: 16 Jul 2014 11:58 PM PDT മനില: ഫിപ്പീന്‍സില്‍ ആഞ്ഞടിച്ച റമ്മാസുന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശം. 38 പേര്‍ ജീവന്‍ വെടിഞ്ഞു. എട്ടു പേരെ കാണാതായി. കാറ്റിനുള്ള മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോയ മൂന്നു മല്‍സ്യ തൊഴിലാളികളും ഇതില്‍പെടും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആണ് കാറ്റ് വീശിയതെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. വന്‍ മരങ്ങള്‍ പൊട്ടിവീണും കെട്ടിടങ്ങള്‍ ഇടിഞ്ഞും ആണ് കൂടുതല്‍ ദുരന്തം ഉണ്ടായത്. മനിലയില്‍ 18 ലക്ഷത്തിലേറെ പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. മിക്ക സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ദുരന്ത നിവാരണ സേന റോഡുകളില്‍ നിന്ന് തടസ്സങ്ങള്‍ നീക്കി വരികയാണ്. കഴിഞ്ഞ വര്‍ഷം കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹയാന്‍ കൊടുങ്കാറ്റില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് പുതിയ ദുരന്തം. ഹയാനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ 6,200 പേര്‍ കൊല്ലപ്പെടുകയും 40 ലക്ഷം പേര്‍ ഭവന രഹിതരാവുകയും ചെയ്തിരുന്നു. |
കൊല്ലം കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് Posted: 16 Jul 2014 11:53 PM PDT കൊല്ലം: കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കവെ പി.ഡി.പി അംഗത്തിന്‍െറ പിന്തുണയില്‍ അനിശ്ചിതത്വം തുടരുന്നു. പി.ഡി.പി വോട്ടെടുപ്പില്‍ ആരെ തുണക്കുമെന്ന് അവസാനഘട്ടത്തിലും വ്യക്തമായിട്ടില്ല. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നല്‍കണമെന്ന വ്യവസ്ഥയിലാണ് പി.ഡി.പി അംഗം എം. കമാലുദ്ദീന്‍ നേരത്തേ എല്‍.ഡി.എഫിനൊപ്പം നിന്നത്. ബുധനാഴ്ച വൈകുന്നേരം നടന്ന ചര്‍ച്ചയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണമെന്ന് കമാലുദ്ദീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ആരെ പിന്തുണക്കുമെന്ന് വോട്ടെടുപ്പ് സമയത്ത് വ്യക്തമാക്കുമെന്ന് കമാലുദ്ദീന്‍ പറഞ്ഞു. പി.ഡി.പിയുടെ പിന്തുണ തേടേണ്ടെന്നാണ് എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ ആവശ്യപ്പെട്ടത്. അതേസമയം സ്ഥാനമാനങ്ങള്‍ നല്‍കിയുള്ള പിന്തുണ തേടേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ ആര്‍.എസ്.പി നേതൃത്വവുമായി പി.ഡി.പി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ വൈകിയും പി.ഡി.പി നേതൃത്വത്തിനും വ്യക്തത വന്നിട്ടില്ല. വിദേശത്ത് പോയ ആര്‍.എസ്.പി അംഗം പി. ശ്രീകുമാരി വോട്ടെടുപ്പിനെത്തുന്നതിലും അനിശ്ചിതത്വമുണ്ട്. അങ്ങനെ വന്നാല്‍ എല്‍.ഡി.എഫിന് 27ഉം യു.ഡി.എഫിന് 26ഉം ആകും അംഗസംഖ്യ. പി.ഡി.പി അംഗം യു.ഡി.എഫിനെ പിന്തുണച്ചാല്‍ ഡെപ്യൂട്ടി മേയറെ തെരഞ്ഞടുക്കാന്‍ നറുക്കെടുപ്പ് വേണ്ടി വരും. പി.ഡി.പി അംഗം വിട്ടു നില്‍ക്കുകയോ ഇടതുപക്ഷത്തെ പിന്തുണക്കുകയോ ചെയ്താല്‍ സി.പി.എമ്മിലെ എം. നൗഷാദ് ഡെപ്യൂട്ടി മേയറാകും. യു.ഡി.എഫിലെ മുന്നണി പ്രാതിനിധ്യമനുസരിച്ച് ആര്‍.എസ്.പിയിലെ എന്‍. നൗഷാദിനാണ് സ്ഥാനാര്‍ഥിത്വത്തിന് സാധ്യത. എല്‍.ഡി.എഫിലെ കക്ഷി നിലയനുസരിച്ച് സി.പി.ഐക്കാണ് ഡെപ്യൂട്ടിമേയര്‍ സ്ഥാനത്തിന് അര്‍ഹത. എന്നാല്‍, നവംബറോടുകൂടി സി.പി.ഐക്ക് മേയര്‍ സ്ഥാനം നല്‍കാമെന്ന ധാരണയിലാണ് ഡെപ്യൂട്ടിമേയര്‍ സ്ഥാനത്തേക്ക് സി.പി.എം മത്സരിക്കുന്നത്. ആകെയുള്ള ഏഴു സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അവിശ്വാസത്തിലൂടെ നേടിയ രണ്ടടക്കം മൂന്നെണ്ണം യു.ഡി.എഫിനാണ്. രണ്ടു സ്റ്റാന്‍ഡിങ് കമ്മിറ്റികളിലാകട്ടെ 4-3 എന്ന അംഗബലത്തില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. |
ദേശീയപാതക്ക് സ്ഥലമെടുക്കാത്ത സര്‍ക്കാര്‍ പരാജയമെന്ന് ഹൈകോടതി Posted: 16 Jul 2014 11:43 PM PDT കൊച്ചി: ദേശീയപാതക്ക് സ്ഥലമേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണന്ന് ഹൈകോടതി. സ്വകാര്യ പദ്ധതികള്‍ക്ക് വേഗം സ്ഥലമെടുത്തു നല്‍കുന്ന സര്‍ക്കാറിന് ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ താല്‍പര്യമില്ളെന്ന് കോടതി കുറ്റപ്പെടുത്തി. ദേശീയപാത വികസനത്തിന് തടസം നിക്കുന്നത് സര്‍ക്കാറാണെന്നും കോടതി പറഞ്ഞു. ഭരണകാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. കര്‍ശനമായി കോടതി ഇടപെട്ടാല്‍ ജുഡീഷ്യല്‍ ആക്ടിവിസമെന്ന ആരോപണമുയരുമെന്നും കോടതി പറഞ്ഞു. ദേശീയപാതയുടെ വീതി 30 മീറ്ററായി ചുരുക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ അദ്ധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശം. |
വെള്ളവും വെളിച്ചവുമില്ല; ദുരിതംപേറി ഫിഷറീസ് സ്കൂള്‍ Posted: 16 Jul 2014 11:34 PM PDT വലിയതുറ: വെള്ളവും വെളിച്ചവുമില്ലാതെ ദുരിതംപേറി ഫിഷറീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍. അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാരോപണം. ജില്ലയില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏകസ്കൂളാണ് വലിയതുറ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. തുറന്ന് ഒന്നരമാസം പിന്നിട്ട ഇവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടില്ല. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ക്ളാസ്മുറികള്‍ കൈയടക്കിയതോടെ കുട്ടികളുടെ ദുരിതം ഇരട്ടിയായി. എട്ട് മുതല്‍ പത്താം ക്ളാസ് വരെയുള്ള കുട്ടികളുടെ താമസവും ഭക്ഷണവും സ്കൂളിലാണ്. 41 കുട്ടികളാണ് ഇപ്പോഴുള്ളത്. മൂന്ന് മുറികള്‍ ഇവര്‍ക്കായി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ രണ്ട് ക്ളാസ് മുറികള്‍ ദുരിതാശ്വാസ ക്യാമ്പിനായി നാട്ടുകാര്‍ കൈയേറി. നിലവില്‍ പഠനവും ഉറക്കവും ഒറ്റമുറിയിലാണ്. നിന്നുതിരിയാന്‍ ഇടമില്ലാത്ത മുറികളില്‍ കുട്ടികളെ ഒന്നിച്ചിരുത്തി പഠനം നടത്താന്‍ അധ്യാപകര്‍ ബുദ്ധിമുട്ടുകയാണ്. മുറികളില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടെങ്കിലും ഫാനോ ലൈറ്റോ ഇല്ല. രാത്രിയില്‍ കൊതുക് ശല്യം രൂക്ഷമാണ്. ഇംഗ്ളീഷിനും ബയോളജിക്കും ഇവിടെ അധ്യാപകരില്ല. കഴിഞ്ഞ വര്‍ഷംവരെ ഈ വിഷയങ്ങള്‍ എടുക്കാനായി ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചിരുന്നു. എന്നാല്‍, പുതിയ അധ്യായനവര്‍ഷം ആരംഭിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും പുതിയ അധ്യാപകരെ നിയമിച്ചിട്ടില്ല. കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ കഴിയാതെയും സ്കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടിലാണ്. ഫിഷറീസ് വകുപ്പില്‍നിന്ന് ദിവസം ഒരു കുട്ടിക്ക് 50 രൂപയാണ് അനുവദിച്ചിട്ടുള്ളത്.തുക കൂട്ടി നല്‍കണമെന്ന് സ്കൂള്‍ അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയിലാണ് സ്കൂളെങ്കിലും മേഖലയില്‍നിന്ന് പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ സ്കൂളിന്‍െറ അവസ്ഥ പലപ്പോഴും അറിയിക്കാന്‍ കഴിയാറില്ല. സ്കൂളിലേക്ക് ഒരു കുടിവെള്ള പൈപ്പ് ലൈന്‍ മാത്രമാണുള്ളത്. ഇതാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ കൈയടക്കിയിരിക്കുകയാണ്. സ്കൂള്‍ സന്ദര്‍ശിച്ച ബാലാവകാശ കമീഷന്‍ ക്യാമ്പ് സ്കൂളില്‍നിന്ന് ഒഴിവാക്കി കുട്ടികള്‍ക്ക് സുരക്ഷിതത്വവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണമെന്ന് കാട്ടി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. |
കാബൂള്‍ വിമാനത്താവളത്തിനു നേരെ താലിബാന്‍ ആക്രമണം Posted: 16 Jul 2014 11:18 PM PDT കാബൂള്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ താലിബാന്‍ ആക്രമണം. എയര്‍പോര്‍ട്ടിനു സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നാണ് താലിബാന്‍ റോക്കറ്റുകള്‍ തൊടുത്തു വിടുന്നത്. ശക്തമായി തിരിച്ചടിച്ചു കൊണ്ട് അഫ്ഗാന്‍ സൈന്യവും രംഗത്തത്തെിയതോടെ എയര്‍പോര്‍ട്ട് പരിസരം യുദ്ധക്കളമായി. വെടിവെപ്പും സ്ഫോടനങ്ങളും തുടരുകയാണ്. എയര്‍പോര്‍ട്ടിനു ചുറ്റും ഫൈറ്റര്‍ ജെറ്റുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈനികര്‍ വന്നു കൊണ്ടിരിക്കുകയാണ് ഇന്ന് പുലര്‍ച്ചെ 4.30നായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ ഉള്ള വാര്‍ത്തകള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടു. |
പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കും -മുഖ്യമന്ത്രി Posted: 16 Jul 2014 11:07 PM PDT തിരുവനന്തപുരം: പരിസ്ഥിതി അനുമതി ലഭിച്ചാല്‍ ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി നേടിയെടുക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമണ്.പരിസ്ഥിതി അനുമതി നേടി കമ്പനി നിയമപരമായി മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറന്മുളയിലെ ജനങ്ങളുടെ വിധി വിമാനത്താവളത്തെ എതിര്‍ക്കുന്നവര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറന്മുള വിമാനത്താ പദ്ധതി നടപ്പാക്കുമെന്ന് കെ.എം മാണി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് എം .എ ബേബി എം.എല്‍.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിക്കുകയും സി.എ.ജി കുറ്റപ്പെടുത്തുകയും ചെയ്ത പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബേബി ആരോപിച്ചു. |
ഉച്ചക്കഞ്ഞി: സ്കൂളുകള്‍ക്ക് ഫുഡ്സേഫ്റ്റി രജിസ്ട്രേഷന് മടി Posted: 16 Jul 2014 11:00 PM PDT ചാലക്കുടി: വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് 2006 പ്രകാരമുള്ള രജിസ്ട്രേഷന് മടി. അടുത്ത നാലിന് മുമ്പ് രജിസ്ട്രേഷന്‍ എടുക്കണമെന്ന് നിര്‍ദേശം നിലവിലിരിക്കേ സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി കുറച്ച് സ്കൂളുകള്‍ മാത്രമെ ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫിസുകളില്‍ ഇതിനായി അപേക്ഷ നല്‍കിയിട്ടുള്ളൂ. പല കാരണങ്ങളാലും വിദ്യാലയങ്ങള്‍ മടിച്ചുനില്‍ക്കുന്നതിനാല്‍ എ.ഇ.ഒ ഓഫിസുകളില്‍നിന്ന് ഇനിയും ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിക്കാത്ത സ്കൂളധികൃതര്‍ക്ക് രണ്ടാംവട്ടവും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 2006ലെ നിയമമനുസരിച്ച് രാജ്യത്തെ ആദായകരമായ വ്യവസായമെന്ന നിലയില്‍ ഭക്ഷണം പാകംചെയ്തു നല്‍കുന്ന സ്ഥാപനങ്ങളും ലാഭത്തിനല്ലാതെ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ഓഫിസുകളില്‍ രജിസ്ട്രേഷന്‍ എടുക്കണമെന്ന നിര്‍ബന്ധമുണ്ട്. അതുപ്രകാരമാണ് വിദ്യാഭ്യാസ മേഖലയിലെ കാന്‍റീനുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി വിതരണം നടത്തുന്ന സ്കൂളുകള്‍ക്കും രജിസ്ട്രേഷന്‍ നടത്തണമെന്ന നിബന്ധന ബാധകമാവുന്നത്. 2011 ആഗസ്റ്റ് നാലായിരുന്നു ഇത് പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. പിന്നീട് ഇതിന്‍െറ സമയം നീട്ടുകയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിര്‍ദേശം ഇതുവരെ പാലിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഉത്തരേന്ത്യയിലെ വിദ്യാലയത്തിലുണ്ടായ ഭക്ഷ്യദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നിയമം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനത്തെ ഡി.പി.ഐ തീരുമാനമെടുത്തിരുന്നു. എന്നിട്ടും ഭൂരിഭാഗം സ്കൂളുകളും രജിസ്ട്രേഷന്‍ എടുക്കാത്ത സാഹചര്യത്തില്‍ ഡി.പി.ഐ സ്കൂള്‍ തുറന്നതോടെ ബന്ധപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ ഉച്ചക്കഞ്ഞി വിതരണം നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ പരിശോധന നടത്തിയിരുന്നു. പല വിദ്യാലയങ്ങളിലും ഉച്ചക്കഞ്ഞി വിതരണത്തില്‍ ശുചിത്വപൂര്‍ണമല്ലെന്നാണ് പരിശോധനയില്‍ വെളിപ്പെട്ടത്. സ്കൂളുകളില്‍ പലയിടത്തും പാചകം ചെയ്യുന്നതിന് ജലത്തിന്‍െറ നിലവാരം വളരെ താഴ്ന്നതായി കണ്ടെത്തിയിരുന്നു. പാചകം ചെയ്ത് വിളമ്പാന്‍വെച്ച ഭക്ഷണം പലയിടത്തും തുറന്ന നിലയിലായിരുന്നു. അതുപോലെ പലയിടത്തെയും തുറന്ന പാചകപ്പുരകള്‍ നായയും പൂച്ചയും കാക്കകളും വന്നിരിക്കുന്ന അവസ്ഥയിലാണ്. മിക്ക വിദ്യാലയങ്ങളിലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്വന്തമായി കലവറയില്ല. എലികളും പാറ്റകളും ചാക്കുകള്‍ക്കിടയില്‍ വിഹരിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണത്തിന് സ്കൂളുകളെ ആശ്രയിക്കുന്ന അവസ്ഥയില്‍ ഹോട്ടലുകളെപ്പോലെ സ്കൂളുകളിലെ പാചകപ്പുരകളും സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥമാണ്. എന്നാല്‍, രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിന് വൈമുഖ്യം പുലര്‍ത്തുന്നതിന് കാരണങ്ങള്‍ പലതാണ്. ഈ സര്‍ക്കാര്‍ സ്കൂളുകളെ സംബന്ധിച്ചിടത്തോളം പ്രധാനാധ്യാപകനാണ് ഇത് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഭക്ഷ്യവിഷബാധയോ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നിയമപ്രകാരം അദ്ദേഹത്തിന്‍െറ പേരിലാണ് ശിക്ഷാനടപടികള്‍ ഉണ്ടാകുക. സ്കൂളുകളില്‍ പാചകം ചെയ്യുന്ന ജലത്തിന്‍െറ നിലവാരത്തെക്കുറിച്ച് സര്‍ക്കാറിന്‍െറ അംഗീകൃത സ്ഥാപനമായ വാട്ടര്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതുപോലെ പാചകത്തൊഴിലാളിയുടെ ആരോഗ്യനിലവാരത്തെ സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റും ഇതിനായി അപേക്ഷിക്കുന്നതിന് അത്യാവശ്യമാണ്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥിരമായ പാചകത്തൊഴിലാളികളില്ല. പാചകത്തൊഴിലാളികളുടെ യൂനിയന്‍െറ വേതനവ്യവസ്ഥകളാണ് മറ്റൊരു പ്രതിബന്ധം. |
പ്ളസ്വണ്‍: ജില്ലയില്‍ 24,000 കുട്ടികള്‍ പടിക്ക് പുറത്ത് Posted: 16 Jul 2014 10:52 PM PDT പാലക്കാട്: സപ്ളിമെന്‍ററി അലോട്ട്മെന്‍റ് മാത്രം ശേഷിക്കെ ജില്ലയില്‍ പ്ളസ്വണ്‍ പ്രവേശം കിട്ടാതെ പുറത്തിരിക്കുന്നത് 24,000 വിദ്യാര്‍ഥികള്‍. ഓരോ ബാച്ചിലും പത്തു വീതം സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെങ്കിലും ജില്ലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ല. മാനേജ്മെന്‍റ് ക്വോട്ടയും മറ്റു സംവരണ സീറ്റുകളും കഴിച്ച് 18,000 മെരിറ്റ് സീറ്റുകള്‍ മാത്രമാണ് ജില്ലയിലുള്ളത്. ഇത്തവണ 39,000 പേരാണ് എസ്.എസ്.എല്‍.സി വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതോടൊപ്പം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക്കൂടി ആദ്യഘട്ടത്തില്‍ അപേക്ഷിക്കാന്‍ അവസരം ലഭിച്ചതോടെ ഇക്കുറി മൊത്തം അപേക്ഷകരുടെ എണ്ണം 42600 ആയി ഉയര്‍ന്നു. മുഖ്യ അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയായപ്പോള്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് മിക്കയിടത്തും ശേഷിക്കുന്നത്. ഇതോടൊപ്പം സര്‍ക്കാര്‍ വര്‍ധിപ്പിച്ച പത്ത് വീതം സീറ്റുകളിലേക്ക്കൂടിയാണ് വരും ദിവസങ്ങളില്‍ സപ്ളിമെന്‍ററി അലോട്ട്മെന്‍റ് നടക്കുക. പ്രവേശനടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും പ്ളസ്വണ്‍ ക്ളാസ് തിങ്കളാഴ്ച തുടങ്ങിയിട്ടുണ്ട്. ഇതിനകം പ്രവേശം നേടിയവരില്‍ കോഴ്സ് മാറ്റവും സ്കൂള്‍ മാറ്റവും ആഗ്രഹിക്കുന്നവരില്‍നിന്നും ചൊവ്വാഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ട സ്കൂളില്‍തന്നെയാണ് ഇവര്‍ അപേക്ഷ നല്‍കേണ്ടത്. ജില്ലയില്‍ സീറ്റിന്‍െറ വന്‍കുറവ് മൂലം പൊതുവിദ്യാലയങ്ങളില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടിയ വലിയൊരു വിഭാഗം പുറത്തിരിക്കുകയാണ്. ഇഷ്ടപ്പെട്ട കോമ്പിനേഷനും സ്കൂളും കിട്ടാത്തവരുടെ എണ്ണവും കുടുതലാണ്. ആവശ്യാനുസരണം പുതിയ ബാച്ചും സ്കൂളും അനുവദിക്കുകയും നിലവിലുള്ള സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുകയും ചെയ്താല്‍ മാത്രമേ ജില്ലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. |
കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരിക്ക് Posted: 16 Jul 2014 10:43 PM PDT നിലമ്പൂര്‍: അന്തര്‍സംസ്ഥാന പാതയായ സി.എന്‍.ജി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. കരിമ്പുഴ പാലത്തിന് സമീപം ബുധനാഴ്ച ഉച്ചക്ക് മൂന്നിനാണ് അപകടം. കോഴിക്കോട് നിന്ന് വഴിക്കടവിലേക്ക് വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസും വഴിക്കടവ് ഭാഗത്തുനിന്ന് ചരക്കുമായി വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇരു വാഹനങ്ങളുടെ സൈഡ് ഭാഗങ്ങള്‍ നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ പല്ലുകള്‍ നഷ്ടമായിട്ടുണ്ട്. കൈകാലുകളുടെ എല്ലുകള്‍ക്ക് പൊട്ടലുമുണ്ട്. ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ആവിയേന്‍ സുമേഷ് (34), ക്ളീനര്‍ തൃശൂര്‍ സ്വദേശി അനില്‍ കുമാര്‍ (37), വഴിക്കടവ് കാരക്കോട് നമ്പിയാടന്‍ വിജയന്‍ (42), വഴിക്കടവ് ആനപ്പാറ ചെട്ടിയന്‍ത്തൊടിക മുഹമ്മദ് (62), ചുങ്കത്തറ വാക്കടയില്‍ ഉമ്മര്‍ (32), എടക്കര പാണാരത്തൊട്ടിക അബ്ദു (56), വഴിക്കടവ് നാരോക്കാവ് ഒറ്റകത്ത് ഫാത്തിമ സുഹ്റ (33), മകന്‍ മുഹമ്മദ് ഷിബില്‍ (10), വഴിക്കടവ് മാമാങ്കര കാരിപറമ്പില്‍ വിജയന്‍ (48), വഴിക്കടവ് തോരക്കുന്ന് ചക്കിപറമ്പന്‍ അബ്ദുല്ല (48), പൂക്കോട്ടുമണ്ണ പൂത്രോട്ടി നാസര്‍ (32), ഭാര്യ ഹിനായത്ത് (21), എടക്കര മൂര്‍ഖന്‍ മുഹസിന്‍ (19), വഴിക്കടവ് നരിവാലമുണ്ട കാളിയോടത്ത് പറങ്ങോടന്‍ (60), ചുങ്കത്തറ ചോലശ്ശേരി ജാഫര്‍ (36), ഭാര്യ നഫീസ (29), ഉപ്പട പാലക്കല്‍ റിയാസ് (32), ഹോമിയോ ഫാര്‍മസിസ്റ്റ് വഴിക്കടവ് വള്ളിക്കാടിലെ ഹരിദാസന്‍ (40), ഉപ്പടയിലെ ജനീഷ് (25), വഴിക്കടവ് മണിമൂളി രാമന്‍ക്കുന്ന് വിജയന്‍ (45), കോഴിക്കോട് നരിക്കുനി ആശാരിമണ്ണില്‍ വിജേഷ് (28), ബസ് ഡ്രൈവര്‍ വഴിക്കടവ് മരുത വരിക്കോടന്‍ സാജില്‍ ബാബു (40), കണ്ടക്ടര്‍ പോത്തുകല്‍ പാതാര്‍ ചെന്തിട്ട വിനോദ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. |
No comments:
Post a Comment