സ്വാഗതം
WELCOME

News Update..

Tuesday, July 1, 2014

തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു Madhyamam News Feeds

തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു Madhyamam News Feeds

Link to

തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

Posted: 01 Jul 2014 01:02 AM PDT

Image: 

മുംബൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച  കേസില്‍ തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തെളിവു നശിപ്പിക്കുവാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അമ്മയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മെയ് 17 ന്  തേജ്പാലിന് മൂന്നാഴ്ച ഇടക്കാല ജാമ്യം അനുദവിച്ചിരുന്നു. പിന്നീട് രണ്ടു തവണയായി ജൂണ്‍ 27 വരെയും ജൂലൈ 1 വരെയും ജാമ്യം നീട്ടി നല്‍കിയിരുന്നു.
ഗോവയില്‍ വെച്ച് നടന്ന തെഹല്‍ക്കയുടെ തിങ്ക് ഫെസ്റ്റിനിടയിലാണ് തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടി പരാതിപ്പെട്ടതോടെ എഡിറ്റര്‍ സ്ഥാനം രാജിവെച്ച തരുണ്‍ തേജ്പാലിനെ  2013 നവംബര്‍ 30-നാണ് പൊലീസ്  അറസ്റ്റു ചെയ്തത്.
സ്ത്രീത്വത്തേ അപമാനിക്കല്‍, മാനഭംഗപ്പെടുത്തല്‍, ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നിവകുപ്പുകളാണ് പോലീസ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ തരുണിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഗോവ സ ര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ ചില ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സ്വദേശി ജീവനക്കാര്‍ക്ക് വേതന വര്‍ധന: 8717 സ്ഥാപനങ്ങള്‍ക്ക് 480 ദശലക്ഷം റിയാല്‍ സഹായം

Posted: 01 Jul 2014 12:32 AM PDT

Image: 

റിയാദ്: സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതി പ്രകാരം അപേക്ഷിച്ച 8717 സ്ഥാപനങ്ങള്‍ക്ക് 480 ദശലക്ഷം റിയാല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മാനവ വിഭവശേഷി വകുപ്പ് (ഹദഫ്)അറിയിച്ചു. അവശേഷിക്കുന്ന സ്ഥാപനങ്ങള്‍ കൂടി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജൂലൈ 21 ന് മുമ്പായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ‘ഹദഫ്’ ആവശ്യപ്പെട്ടു. ഇതിനായി ‘ഹദഫി’ന്‍െറ വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്ഥാപനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുള്ള തൊഴില്‍ദാന വിഭാഗം മേധാവി ഡോ. മന്‍സൂര്‍ അല്‍ മന്‍സൂര്‍ അറിയിച്ചു.
പ്ളാറ്റിനം, പച്ച, മഞ്ഞ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ ആനുപാതികമായി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനും നിലവിലുള്ള സ്വദേശി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാനും സന്നദ്ധരാകുന്നവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ യോഗ്യത ലഭിക്കുക. മാനദണ്ഡങ്ങള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക് അപേക്ഷ ലഭിച്ച് ഒരാഴ്ച കഴിഞ്ഞ് സഹായധനം വിതരണം ചെയ്യും. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യതയും വേതനവര്‍ധനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ഏപ്രില്‍ 22 നാണ് പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. വേതനവര്‍ധന നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് വര്‍ധിപ്പിച്ച വേതനത്തിന്‍െറ 50 ശതമാനം മാനവ വിഭവശേഷി ഫണ്ടില്‍നിന്ന് ധനസഹായമായി ലഭിക്കും. വേതനവര്‍ധന ഈ മേഖലയിലേക്ക് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കടന്നുവരാന്‍ പ്രേരണയാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

ഇ-ഗവണ്‍മെന്‍റ് സേവനത്തില്‍ ബഹ്റൈന് ശ്രദ്ധേയ നേട്ടം

Posted: 01 Jul 2014 12:14 AM PDT

Image: 

മനാമ: ഇ-ഗവണ്‍മെന്‍റ് സേവനത്തില്‍ ബഹ്റൈന് ശ്രദ്ധേയ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചതായി ഗതാഗത മന്ത്രിയും  ഇക്കണോമിക് ഡവലപ്മെന്‍റ് ഫോറം ചീഫ് എക്സിക്യൂട്ടീവ് ഇന്‍ചാര്‍ജുമായ കമാല്‍ ബിന്‍ അഹ്മദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ഇ-ഗവണ്‍മെന്‍റ് സേവനങ്ങള്‍ യു.എന്‍ പട്ടികപ്പെടുത്തിയപ്പോള്‍ ബഹ്റൈന് 18ാം സ്ഥാനമാണ് ലഭിച്ചത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളൊരുക്കുന്നതില്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൂടുതല്‍ മന്ത്രാലയങ്ങളുടെ സേവനങ്ങളും ഇതര സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി നല്‍കുന്നതിന് ഈ നേട്ടം കാരണമായിത്തീരും. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് വിവിധ വകുപ്പുകളുടെ യോജിപ്പും സഹകരണവും കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളില്‍ ഇ-ഗവണ്‍മെന്‍റ് സേവനങ്ങളില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനത്താണെന്ന കാര്യവും അഭിമാനകരമാണ്. പല യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ ഈ മേഖലയില്‍ രാജ്യം ഏറെ മുന്നിലാണ്. ഇ-ഗവണ്‍മെന്‍റ് സേവനം മെച്ചപ്പെടുന്നത് രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്കും കാരണമാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ 88 ശതമാനം പേരൂം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളാണെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഉപയോഗം 161 ശതമാനമാണ്. നൂറില്‍ 78 പേരും മൊബൈല്‍ ബ്രോഡ് ബാന്‍റ് ഉപയോഗിക്കുന്നവരാണെങ്കില്‍ 13 പേര്‍ ഹോം ബ്രോഡ്ബാന്‍റ് ഉപയോഗിക്കുന്നവരാണ്. ഓരോ നൂറു പേരിലും 22 പേര്‍ ലാന്‍റ് ലൈന്‍ ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശുശ്രൂഷയുടെ അടയാത്ത വാതിലായി ഡോ. എഫ്രേം

Posted: 30 Jun 2014 11:21 PM PDT

Image: 
Subtitle: 
ഇന്ന് ഡോക്ടേഴ്സ് ദിനാചരണം

വടകര: ‘നാട് വന്ന് വിളിച്ചപ്പോള്‍, അറിവും ഭാവനയും മോഹനിദ്രയുടെ കൂടുവിട്ട്  വിശ്രമരഹിതങ്ങളായി, കര്‍മപഥങ്ങള്‍ സത്യത്തിന്‍െറ നാഴികക്കല്ലുകളായി, അങ്ങയുടെ നിഴലിനെ പോലും പിന്‍തുടരാന്‍ ആഗ്രഹിച്ചുകൊണ്ട്...’ മടപ്പള്ളി, നാദാപുരം റോഡിലെ കോട്ട ബ്രദേഴ്സ് സാംസ്കാരിക വേദി ‘ഗുരുദക്ഷിണ’ എന്ന പേരില്‍ ഡോ. കെ.സി. എഫ്രേമിന് സമര്‍പ്പിച്ച ഫലകത്തിലെ വരികളാണിവ. ഇത്തരത്തിലുള്ള നിരവധി ഫലകങ്ങളാണ് ഇവിടെയുള്ളത്.
 മടപ്പള്ളി ദേശീയപാതയോരത്തെ കദളിക്കാട്ടില്‍ ഡോ. കെ.സി എഫ്രേം(67) നാടിന്‍െറ മനസ്സിലിടം നേടിയിട്ട് നാലുപതിറ്റാണ്ടുകഴിഞ്ഞു. ഫീസിന്‍െറ ഭയമില്ലാതെ കയറിച്ചെല്ലാവുന്ന ഒരിടമാണിത്. ആദ്യകാലത്ത് വീടിന്‍െറ ഗേറ്റ് അടച്ചിട്ടിരുന്നില്ല. എല്ലാദിവസവും രാവിലെ ഏഴുമുതല്‍ രാത്രി 11മണിവരെ പരിശോധന നടക്കും. ഇതിനിടെ ഗുരുതരമായ പ്രശ്നമുള്ളവരെ വീട്ടിലത്തെിയും പരിശോധിക്കും. 1980വരെ രണ്ടുരൂപയായിരുന്നു ഫീസ്. 80മുതല്‍ 85വരെ മൂന്നുരൂപ, 85മുതല്‍ 95വരെ അഞ്ച്, 95മുതല്‍ 2008വരെ പത്ത്, 13വരെ 20 ഇപ്പോള്‍ 30. ഈ ഫീസ് നിരക്ക് ഡോക്ടര്‍ നിശ്ചയിച്ചതല്ല. ഇവിടെ വരുന്നവര്‍ തന്നെ മാറ്റിയതാണെന്ന്് ഡോക്ടര്‍ പറയുന്നു. പണത്തോട് ആര്‍ത്തിയില്ളെന്ന് ഡോക്ടര്‍ തീര്‍ത്തുപറയും. കര്‍ഷക ദമ്പതികളായ തോമസ് ചെറിയാന്‍െറയും റോസയുടെയും മകനാണ്.  കോഴിക്കോട് മെഡിക്കല്‍ കേളജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. 1973ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. മണിയൂര്‍, മടപ്പള്ളി, ചോറോട്, വടകര താഴെഅങ്ങാടി, ഓര്‍ക്കാട്ടേരി ആശുപത്രികളില്‍ ജോലി ചെയ്തു.
 96ല്‍ ‘മാനവ’ മടപ്പള്ളിയുടെ നേതൃത്വത്തില്‍ ജനകീയ ഡോക്ടര്‍ എന്ന അംഗീകാരം നല്‍കി വന്‍ സ്വീകരണം നല്‍കി.   ഭാര്യ. ജോയമ്മ. മക്കള്‍: ഷാജു (സി.എ, മസ്കത്ത്), ഡോ. ബിജു (കാര്‍ഡിയോളജിസ്റ്റ്-ഗോവ), റിജു (എറണാകുളം), റിനി, റിന്‍സി.

 

കടകംപള്ളി ഭൂമി തട്ടിപ്പ് : സര്‍ക്കാറിന്‍്റെ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു

Posted: 30 Jun 2014 11:02 PM PDT

Image: 

കൊച്ചി: കടകംപള്ളി-കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി. ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈകോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജിയിലെ പിഴവുകള്‍ പരിഹരിക്കുന്നതിനായാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നിശിത  വിമര്‍ശനങ്ങളാണ് ഹൈകോടതി നടത്തിയത്. ഈ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിന്‍മേല്‍ സിംഗില്‍ബഞ്ച് ചില പരാമര്‍ശങ്ങള്‍ നീക്കിയിരുന്നു. എന്നാല്‍ മുഴുവന്‍ പരാമര്‍ശങ്ങളും നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ വീണ്ടും ഹരജി നല്‍കിയത്.

മരങ്ങള്‍ നട്ട മനുഷ്യന്‍

Posted: 30 Jun 2014 10:44 PM PDT

Image: 

ജീന്‍ ഗിയാനോ എന്ന എഴുത്തുകാരന്‍െറ ഒരു ചെറുകുറിപ്പാണ് ‘The man who planted hope and grew happiness’. ‘മരങ്ങള്‍ നട്ട മനുഷ്യന്‍’ എന്ന പേരില്‍ കെ. അരവിന്ദാക്ഷന്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തൃശൂരിലെ ആള്‍ട്ടര്‍ മീഡിയ ആണ് പ്രസാധകര്‍. സ്വാമിനാഥനായിരുന്നു ആള്‍ട്ടര്‍ മീഡിയയുടെ ശ്വാസം. ആസ്ത്മയുടെ അസുഖമുള്ള ഒരു മനുഷ്യന്‍ തന്‍െറ ശ്വാസം മുഴുവന്‍ ഈ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന് നല്‍കുക! സ്വാമിനാഥന്‍ തന്‍െറ കൊച്ചു ശരീരത്തിനോളം കുറുകിയ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അണക്കെട്ടുകളുടെ അപകടത്തെക്കുറിച്ച്, അണക്കെട്ടുകള്‍ എന്‍െറയോ നിന്‍െറയോ എന്ന് തര്‍ക്കം തുടരുന്ന ഈ കാലത്ത് സ്വാമിനാഥന്‍ എന്ന ചെറിയ വലിയ മനുഷ്യന്‍ ഭൂമിക്ക് മുകളില്‍നിന്ന് ഈ കാഴ്ച കാണുന്നുണ്ടാവും.
‘ലിറ്റില്‍ പ്രിന്‍സ്’ പോലെ ഒറ്റവായനയില്‍ ഒരാളെ ആകെ ഉഴുതുകളയുന്ന ഒരു നേര് ‘മരങ്ങള്‍ നട്ട മനുഷ്യന്‍’ എന്ന പുസ്തകത്തിനുണ്ട്. പുസ്തകത്തിന്‍െറ ഉള്‍വഴി ഇതാണ്: ഒരാള്‍ (അത് ജീന്‍ ഗിയാനോ ആവാം) തന്‍െറ യൗവനകാലത്ത് സഞ്ചാരികള്‍ക്ക് അജ്ഞാതമായ മലമുടികളിലൂടെ യാത്രചെയ്യുകയായിരുന്നു. ആ യാത്രക്കാരനെ തന്‍െറ കാലുകള്‍ വിജനമായ ഒരിടത്ത് എത്തിക്കുന്നു. കൈയില്‍ സൂക്ഷിച്ചിരുന്ന ദാഹജലം തീര്‍ന്നിരുന്നു. അവിടെവെച്ച് അയാള്‍ ഒരു ആട്ടിടയനെ കണ്ടുമുട്ടുന്നു. എല്‍സിയാസ് ബോഫിയര്‍ എന്ന ആ മനുഷ്യന്‍ അധികം സംസാരിക്കാത്ത, ഒറ്റപ്പെട്ട മനുഷ്യരുടെ അപാരമായ ഉള്ളുറപ്പും ആഴവുമുള്ള ഒരാളായിരുന്നു. അയാള്‍ ഓക്കുമരത്തിന്‍െറ വിത്തുകള്‍ അടുത്ത മലമടക്കുകളില്‍ പാകിയിരുന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി ഭൂമിയുടെ ശൂന്യതയില്‍ അയാള്‍ മരത്തിന്‍െറ വിത്തുകള്‍ പാകുകയാണ്. ഇതുവരെ ഒരു ലക്ഷം വിത്തുകള്‍ അയാള്‍ പാകി. അതില്‍ മുക്കാല്‍പ്പങ്കും ആകാശം നോക്കിയില്ല. കുറച്ചു മാത്രം ഭൂമിക്ക് മുകളിലേക്ക് മുഖം ഉയര്‍ത്തി. എന്നിട്ടും പ്രതീക്ഷയുടെ (ജീന്‍ ഗിയാനോയുടെ ഭാഷയില്‍ ‘പ്രത്യാശയോടെ’) അവസാനിക്കാത്ത ഊര്‍ജം ആ മനുഷ്യനെ ഭൂമിയുടെ തരിശിനുമേല്‍ പച്ചയുടെ ഒരു തണല്‍ നടാന്‍ ക്ഷണിച്ചുകൊണ്ടിരുന്നു.
ബോഫിയര്‍ മരിക്കും മുമ്പ് അയാള്‍ തന്‍െറ ചുറ്റുമുള്ള വിജനത നിറയെ വരും കാലത്തിനുവേണ്ടി വൃക്ഷങ്ങള്‍ വെച്ചു. ആ വേരുകള്‍ ഭൂമിക്കടിയില്‍ അവരുടെ സഹസ്രം വിരലുകള്‍ ചേര്‍ത്തു. ഉറവകള്‍ പൊട്ടി. സ്വാര്‍ഥമല്ലാത്ത, പ്രതിഫലം ആഗ്രഹിക്കാത്ത, ബോഫിയറിന്‍െറ പ്രവൃത്തികള്‍ ചിലര്‍ക്ക് ഭ്രാന്തായി തോന്നാം. ചിലര്‍ക്ക് തമാശക്കുള്ള വകയാകാം. നമ്മുടെ നാട്ടിലും ഇപ്പോള്‍ മരങ്ങള്‍ നട്ടുതുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്ത കണ്ടപ്പോഴാണ് ബോഫിയറിനെ ഓര്‍ത്തത്. ഇവിടെ മരങ്ങള്‍ നടുന്നതിന്‍െറ പ്രത്യേകതയറിഞ്ഞാല്‍ അല്‍പം വിചിത്രമായി തോന്നാം. നിങ്ങളുടെ നാളിന് (അശ്വതി മുതല്‍ രേവതിവരെയുള്ള നാളില്‍പ്പെടാതെ ഒരാളും പോകില്ല എന്നാണ് വിശ്വാസം) ജ്യോതിഷ പ്രകാരം ഒരു വൃക്ഷമുണ്ട്. ആ വൃക്ഷമാണ് നിങ്ങള്‍ നടുന്നത്. അതായത്, മറ്റൊരു നാളുകാരന്‍െറ വൃക്ഷം നിങ്ങളുടേതല്ല. നിങ്ങളുടെ നാളിലുള്ള വൃക്ഷം എന്‍േറതുമല്ല! ജ്യോതിഷ പ്രകാരം വൃക്ഷം മാത്രമല്ല, പക്ഷിയും ഓരോ നാളുകള്‍ക്കുമുണ്ട്. വൈലോപ്പിള്ളിയുടെ പക്ഷി കാക്കയായതുകൊണ്ടാണ് അദ്ദേഹം ‘കാക്ക’യെക്കുറിച്ച് എഴുതിയത് എന്ന് ഒരിക്കല്‍ എന്‍െറ സുഹൃത്ത് പറഞ്ഞു. ടെഡ് ഹ്യൂസിന്‍െറ നാള്‍ ചോതിയും പക്ഷി കാക്കയുമായതുകൊണ്ടാണോ ‘Crow’എന്ന കവിത അദ്ദേഹം എഴുതിയത്? ജീവജാലങ്ങളെ അന്ധവിശ്വാസത്തിന്‍െറ ഇടുമുറികളിലേക്ക് (മൃഗശാലയുടെ അഴികളേക്കാള്‍ പേടിപ്പിക്കുന്ന ഞെരുക്കത്തില്‍) മെരുക്കുന്ന ഈ ബോധമാണ് ഒരു മരം നടാന്‍ ജ്യോതിഷ വിധിയെ ആശ്രയിക്കുന്നവര്‍ നമുക്ക് ചുറ്റും നട്ടുവളര്‍ത്തുന്നത്.
അപൂര്‍വമായ ചില മരങ്ങളാണ് നടുന്നതെന്നും ഇങ്ങനെയെങ്കിലും രണ്ടു മരത്തൈകള്‍ വളരട്ടെയെന്നും പറയുന്നവര്‍ ഉണ്ട്. നമുക്ക് അന്ധവിശ്വാസത്തില്‍ കാലൂന്നിനിന്നുകൊണ്ടുള്ള പാരിസ്ഥിതിക തിരിച്ചറിവാണോ വേണ്ടത്? മരത്തെ, പച്ചയെ (‘പച്ച’യെന്നു പറഞ്ഞാല്‍ തെറ്റിദ്ധരിക്കുന്ന ഈ കാലത്ത് പച്ചയെ പച്ചയെന്നല്ലാതെ എന്തു പറയും?) സ്നേഹിക്കുകയും അത് സ്വാര്‍ഥതയില്ലാതെ നട്ടുവളര്‍ത്താനുമുള്ള വിവേകമല്ളേ കാണിക്കേണ്ടത്? ജീന്‍ ഗിയാനോയുടെ ഈ പുസ്തകം ഒന്നിച്ചിരുന്നോ ഒറ്റക്കോ വായിക്കുക, നിങ്ങള്‍ ഈ ഭൂമിയെ സ്നേഹിച്ചു തുടങ്ങും. ബോഫിയര്‍ മരിക്കുംവരെ ഭൂമിയുടെ കാവല്‍ക്കാരനായിരുന്നു. നമ്മള്‍ നമ്മുടെ മാത്രം കാവല്‍ക്കാരനാകുന്നതിന്‍െറ പ്രശ്നമാണ് സ്വന്തം നാളിലുള്ള മരം നട്ട് മോക്ഷം നേടാം എന്ന തോന്നല്‍.
മരങ്ങളില്‍പ്പോലും ജാതിയും ഗുണവും തിരിച്ചവരാണ് നമ്മള്‍. മനുഷ്യന് ഉപയോഗപ്രദമാകുന്നതിന്‍െറ അളവാണ് ഒരു വൃക്ഷത്തിന്‍െറ ഗുണം നിശ്ചയിക്കുന്നത്. ചില മരങ്ങള്‍ നട്ടാല്‍ ദോഷഫലം ഉണ്ടാകുമെന്ന് പേടിച്ച് (ചെമ്പകം നട്ടാല്‍ നട്ടയാള്‍ മരിക്കുമത്രെ!) അങ്ങനെയുള്ള മരങ്ങള്‍ ഒഴിവാക്കുന്നവരുണ്ട്. ഈ ഭൂമിക്ക് തണല്‍ ആവശ്യമാണ്. ഇവിടെ ഉറവകള്‍ ആവശ്യമാണ്. പക്ഷികള്‍ക്ക് ചേക്ക ആവശ്യമാണ്. മണ്ണിനെ ചേര്‍ത്തുപിടിക്കാന്‍ വേരുകള്‍ വേണം. ബോഫിയര്‍ ഒരു കല്‍പിത കഥാപാത്രമാകാം. പക്ഷേ, ആ കഥാപാത്രം നമ്മോട് പറയുന്നത് ഒരു വിത്ത് മുളപ്പിക്കാനാണ്. ആ വിത്തിന്‍െറ ജാതിയും മതവും നോക്കാതെ, നമുക്ക് ഒരു വൃക്ഷത്തൈ നടാനാവുമെങ്കില്‍ അതാണ് ജീവിത മോക്ഷം. അത് പഠിക്കാന്‍ അത്ര വല്യ വിദ്യാഭ്യാസമൊന്നും വേണ്ട. ഒരു സാധാരണ മനുഷ്യന്‍െറ വിവേകം മതി. ആ സാധാരണക്കാരന്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ട്. അതൊന്ന് തിരിച്ചറിയുക. മരങ്ങള്‍ നടുന്ന മനുഷ്യരാവുക. സ്വാമിനാഥനെപ്പോലെ നിസ്വാര്‍ഥരായ, ജീവിച്ചുതീരും മുമ്പേ ഭൂമിയില്‍നിന്ന് നടന്നു മറഞ്ഞുപോയവരുടെ ശ്രമത്തിന്‍െറ തുടര്‍ച്ചയെങ്കിലുമാവട്ടെ അത്.

പഴയ വാക്കുകള്‍, പുതു അര്‍ഥങ്ങള്‍

Posted: 30 Jun 2014 10:41 PM PDT

Image: 

വാക്കുകള്‍ക്കും അര്‍ഥങ്ങള്‍ക്കുമിടയില്‍ എപ്പോഴും മാറിക്കൊണ്ടേയിരിക്കാവുന്ന ബന്ധം എനിക്കെന്നും കൗതുകക്കാഴ്ചയായിരുന്നു. എന്നാല്‍, ലക്ഷ്യാര്‍ഥം യഥാര്‍ഥാര്‍ഥത്തില്‍നിന്ന് കാതങ്ങളകലെയാകുമ്പോള്‍ അത് ആശങ്കക്ക് വിത്തിടുന്നു. ഇക്കാലത്ത് വിവാദബിന്ദുവായിത്തീര്‍ന്ന ഒരു പദമാണ് ‘സെക്കുലറിസം’. നമ്മുടെ ഭരണഘടനാശില്‍പികള്‍ വിദൂരഭാവനയില്‍പോലും കാണാത്ത നിഷേധാത്മകമായൊരു ഭാവം ഇതിനകം കൈവന്നിട്ടുണ്ട് അതിന്. saecularis (ലോകം / ലൗകികം) എന്ന ലാറ്റിന്‍ പദത്തിലാണ് ഇതിന്‍െറ നിഷ്പത്തി. ‘ലോകം’ എന്നതിനോളം എല്ലാം ‘ഉള്‍ക്കൊള്ളിക്കുന്ന’ മറ്റെന്തുണ്ട്?
പ്രയോഗത്തില്‍, ചര്‍ച്ചിനും സ്റ്റേറ്റിനുമിടയില്‍ കണിശമായ വിഭജനം എന്നതായിരുന്നു സെക്കുലറിസം. ഇന്ത്യയില്‍ പക്ഷേ, മതം വേറെ, രാഷ്ട്രം വേറെ എന്നൊരു വിഭജനം അസാധ്യമാണെന്നിരിക്കെ, ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന എന്ന് നാമതിന് അര്‍ഥപരിഷ്കരണം വരുത്തി. കുംഭമേള പോലൊരു മഹായജ്ഞം സര്‍ക്കാര്‍ സഹായമില്ലാതെ സംഘടിപ്പിക്കുകയെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലുമാകുമോ? ചുരുക്കിപ്പറഞ്ഞാല്‍ അവസരസമത്വം എന്നതിലേക്കുള്ള ധീരമായ ഒരു ചുവടുവെപ്പായിരുന്നു അത്.
എല്ലാ ആധുനിക ഭരണസംഹിതകളുടെയും നട്ടെല്ലായ സെക്കുലറിസത്തിന് ഇന്ത്യയില്‍ മാത്രം തികച്ചും നിഷേധാത്മകമായൊരു മാനം കൈവരുന്നത് എന്തൊരു വൈപരീത്യമാണ്! സമകാലിക ഇന്ത്യയില്‍ സെക്കുലര്‍ എന്നാല്‍ ഹിന്ദു വിരുദ്ധനും മുസ്ലിം പക്ഷപാതിയും എന്നാണ്! ഈ ദുര്‍വ്യാഖ്യാനത്തില്‍ സഹികെട്ട് ആ പദപ്രയോഗംതന്നെ ഉപേക്ഷിച്ചാലോ എന്ന് ചിന്തിക്കാറുണ്ട്. ഭാഷയുടെ, ആശയവിനിമയോപാധിയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ളെങ്കില്‍, അര്‍ഥവ്യതിയാനം വരുത്തപ്പെട്ട പദത്തിനുപകരം മറ്റൊന്ന് കണ്ടത്തെുകയല്ളേ ഉചിതം? അതിനും മേല്‍ഗതി വന്നുകൂടായ്കയില്ല. വാക്കില്‍നിന്നുള്ള പിന്തിരിഞ്ഞോട്ടം അത് ദ്യോതിപ്പിക്കുന്ന ആശയത്തില്‍നിന്നുള്ള പിന്മാറ്റംകൂടിയാകുമെന്ന ഭയവുമുണ്ട് എനിക്ക്.
കാലങ്ങളോളം ഉപരോധം കല്‍പിക്കപ്പെട്ട മറ്റൊരു പദവും ആശയവുമാണ് ‘ഫെമിനിസം’. കോളജില്‍ പഠിക്കുമ്പോള്‍ ഫെമിനിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ അധികംപേരും നെറ്റിചുളിക്കുമായിരുന്നു; ‘പുരുഷവിദ്വേഷമൂര്‍ച്ഛയാല്‍ പരാതിപ്പെട്ടു കൊണ്ടിരിക്കുന്ന പച്ചപ്പരിഷ്കാരി’ ആയിരുന്നു അവര്‍ക്കത്. ആദ്യമൊക്കെ ഞാനുമതിനോട് അകലം പാലിച്ചു; പിന്നെ ‘എന്തോന്ന് ആനക്കാര്യമോ’ എന്നൊരു ഭാവേന അതിനെ നോക്കിക്കണ്ടു; ക്രമേണ ഞാനതിന്‍െറ ശക്തമായ വക്താവായി മാറി. ഫെമിനിസ്റ്റ് ആയതിന്‍െറ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവരോട് പറയാനുള്ളത് ഇതു മാത്രം: ‘പ്രകൃതിക്കുമേല്‍ ഇത്രത്തോളം കൈയേറ്റം ഇല്ലായിരുന്നെങ്കില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണ്ടാകുമായിരുന്നില്ല എന്ന പോലെ, ലോകം ഇത്രമേല്‍ വക്രിച്ചില്ലായിരുന്നുവെങ്കില്‍ ഫെമിനിസ്റ്റുകളുടെ ആവശ്യകതയും ഉടലെടുക്കുമായിരുന്നില്ല. ഒരുവന് / ഒരുവള്‍ക്ക് മാനവികവാദി എന്നുമാത്രം അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു ദിനത്തിനായി വൃഥാ കാത്തിരിക്കാന്‍ ഞാന്‍ തയാറല്ല. അങ്ങനെ ഒരു ദിനം വരുവോളമെങ്കിലും, ഉറച്ചുതന്നെ പറയും, ഒരു ഫെമിനിസ്റ്റാണ് എന്ന്.’ ഒന്നൂടെ വിശദമാക്കിയാല്‍, ഞാനൊരു സെക്കുലര്‍ ഫെമിനിസ്റ്റ് ആണ്, തീരെ ന്യൂനപക്ഷമായ ഒരു ജനുസ്സ്!
അങ്ങനെ നാം ഏറെ പഴികേട്ട മറ്റൊരു പദത്തില്‍ എത്തിച്ചേരുന്നു  ന്യൂനപക്ഷം; ആ ഒന്നിന്‍െറ നിലനില്‍പുതന്നെ ഈ രാജ്യത്ത് ചോദ്യചിഹ്നമായിരിക്കുന്നു. നമുക്കുചുറ്റും എല്ലാതരം ന്യൂനപക്ഷങ്ങളും അന്യത്രയുണ്ടെങ്കിലും പ്രാഥമികമായി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടാണ് ആ സംജ്ഞ; നിഷേധാത്മകമായ വിവക്ഷകള്‍ പലതും ഉദ്ഭവിക്കുന്നതും. പുതിയ ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ല ഈയിടെ ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി, മുസ്ലിംകള്‍ ന്യൂനപക്ഷം അല്ളെന്ന്! തികച്ചും അസംഗതമായ ഒരു പ്രസ്താവമായിരുന്നു അത്. അവരെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷമെന്നാല്‍ പാര്‍സികളെ (ധനാഢ്യരായ ഒരു വിഭാഗം കൂടിയാണവര്‍) പോലെ തീരെ ചെറിയ വിഭാഗമാണ്; മുസ്ലിംകള്‍ അവരെക്കാള്‍ വലിയ വിഭാഗം ആയതിനാല്‍ പ്രസ്തുത പദവിക്ക് അര്‍ഹമല്ല!  
പൊളിറ്റിക്കല്‍ സയന്‍റിസ്റ്റ് ആന്ദ്രെ ലീബിച്ചിന്‍െറ അഭിപ്രായത്തില്‍, ന്യൂനപക്ഷത്തെ നിര്‍ണയിക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍, അസമത്വവും അധ$സ്ഥിതിയുമാണ്. കേവലം എണ്ണത്തിലെ കുറവ് അല്ല; വികാസരാഹിത്യമാണ്. ഈ മേഖലയില്‍ പഠനം നടത്തിയ സച്ചാര്‍ കമ്മിറ്റിയുടെ കണ്ടത്തെല്‍ മുസ്ലിംകളുടെ സാമൂഹികസാമ്പത്തികാവസ്ഥ, മറ്റേത് സമുദായത്തെക്കാളും ദയനീയമാണ് എന്നായിരുന്നു; ദലിതുകളുടെ അവസ്ഥപോലും അവരെക്കാള്‍ മെച്ചമാണ്!  ന്യൂനപക്ഷത്തിന് ഭൂരിപക്ഷവുമായി സഹവര്‍ത്തിച്ചുകൊണ്ടേ നിലനില്‍പ് സാധ്യമാകൂ എന്ന വൈരുധ്യത്തെ അംബേദ്കര്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ‘അധികാരത്തിന്‍െറ പങ്കിനായുള്ള ന്യൂനപക്ഷത്തിന്‍െറ ഏതൊരു അവകാശവാദവും വര്‍ഗീയതയായി എണ്ണപ്പെടുന്നു; അതേസമയം എല്ലാ അധികാരവും ഭൂരിപക്ഷ കുത്തകയാക്കിവെക്കുന്ന മനോഭാവമാകട്ടെ ദേശീയതയായി വാഴ്ത്തപ്പെടുന്നു!’           
‘ദേശീയത’  മറ്റെല്ലാ സ്വത്വങ്ങളെയും ഞെരിച്ചുകൊല്ലാനും വിഴുങ്ങാനും അവകാശമുള്ള സ്വത്വമായിട്ടാണ് അവതരിപ്പിക്കപ്പെടാറുള്ളത്. നേരത്തേ സൂചിപ്പിച്ച, പദങ്ങളുടെ  അര്‍ഥതലങ്ങള്‍ മാറ്റിമറിക്കുന്നതിലും ‘ദേശീയത’ അതിന്‍േറതായ തുടര്‍ പങ്ക്  നിര്‍വഹിച്ചുവരുന്നുണ്ട്. തല്‍ക്കാലം ഈ കുറിപ്പിന് വിരാമമിടേണ്ടതിനാല്‍ മറ്റൊരിക്കല്‍ കൂടുതല്‍ വ്യാഖ്യാനങ്ങളിലേക്ക് കടക്കാം. ഒരു വാക്കിനെക്കുറിച്ചുള്ള നമ്മുടെ പൊതു അവബോധം മാറുമ്പോള്‍, നമുക്ക് ചുറ്റുമുള്ള ലോകവും അതനുസരിച്ച് മാറുന്നു. ആ മാറ്റം പക്ഷേ, എല്ലായ്പോഴും ശുഭോദര്‍ക്കമാകണമെന്നില്ല.

പരിഭാഷ: ബച്ചു മാഹി

പാചകവാതക വില കൂട്ടി

Posted: 30 Jun 2014 08:41 PM PDT

Image: 

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനു പുറമെ പാചകവാതക വിലയും എണ്ണക്കമ്പനികള്‍ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാലു രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 24 രൂപയും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതകത്തിന് സിലിണ്ടറിന്  35 രൂപയും വര്‍ധനയും വര്‍ധിപ്പിച്ചു.
 

ഡോ. അഹ്മദ് അല്‍ ത്വയ്യിബിന് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം

Posted: 30 Jun 2014 08:23 PM PDT

Image: 

ദുബൈ: ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഗ്രാന്‍റ് ശൈഖായ ഡോ. അഹ്മദ് അല്‍ ത്വയ്യിബിനെ 18ാമത് ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് സമിതിയുടെ ഈ വര്‍ഷത്തെ മികച്ച  ഇസ്ലാമിക വ്യക്തിത്വ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ഇസ്ലാമിനും പരിശുദ്ധ ഖുര്‍ആനിനും മാനവകുലത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ഉന്നത ബഹുമതിക്ക് തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തിയ ഖുര്‍ആന്‍ അവാര്‍ഡ് സംഘാടക സമിതി അധ്യക്ഷന്‍ ഇബ്രാഹിം ബൂമില്‍ഹ അറിയിച്ചു. 10 ലക്ഷം ദിര്‍ഹമാണ് (1.63 കോടി രൂപ)സമ്മാനത്തുക. പാരീസ്-സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അല്‍ ത്വയ്യിബിന്‍െറ  പൂര്‍വികര്‍ സൂഫികളായിരുന്നു.
നേരത്തെ യു.എ.ഇ സര്‍വകലാശാലയില്‍ ജോലി ചെയ്തിട്ടുള്ള ഡോ.അഹ്മദ് അല്‍ ത്വയ്യിബ് ആദ്യം അല്‍ അസ്ഹര്‍ സര്‍വകലാശാല പ്രസിഡന്‍റ് എന്ന നിലയില്‍ ഗ്രാന്‍റ് മുഫ്തി ആയാണ് നിയമിതനായത്. 2010ലാണ് അല്‍ അസ്ഹറിലെ ഗ്രാന്‍റ് ഇമാമായി ഉയര്‍ത്തപ്പെട്ടത്.
മുസ്ലിം ലോകം പ്രമുഖ ആധികാരിക പണ്ഡിതനായി കണക്കാക്കുന്ന ശൈഖ അല്‍ ത്വയ്യിബ് ഇസ്ലാമിലെ സഹിഷ്ണുതയെ ഉയര്‍ത്തിക്കാട്ടുകയും എല്ലാ രാജ്യങ്ങളും സമാധാനത്തോടെ സഹവര്‍ത്താനായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പണ്ഡിതനാണ്. 1946ല്‍ ഇറാഖിലെ തെക്കന്‍ നഗരമായ ലക്സറിലാണ് ജനനം.
വിദ്യഭ്യാസ രംഗത്ത് എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും നിരവധി മഹത്തായ സേവനങ്ങള്‍ ചെയ്യുന്ന സര്‍വകലാശാലയാണ് അല്‍ അസ്ഹര്‍ എന്ന് ഇബ്രാഹിം ബൂമില്‍ഹ പറഞ്ഞു. ഇവിടെ പഠിച്ചവര്‍ പിന്നീട് തങ്ങളുടെ രാജ്യങ്ങളില്‍ പ്രസിഡന്‍റുമാരും ഉന്നത ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റു ചിലര്‍ കൂടി ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ നിന്നാണ് ഡോ. അല്‍ ത്വയ്യിബിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
റമദാന്‍ 20ന് (ജുലൈ 18) ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സില്‍ നടക്കുന്ന ഹോളി ഖുര്‍ആന്‍ സമാപന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

വാതകപൈപ്പ് ദുരന്തം ഓര്‍മപ്പെടുത്തുന്നത്

Posted: 30 Jun 2014 06:43 PM PDT

Image: 

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ജനവാസ മേഖലയിലുണ്ടായ പ്രകൃതി വാതക പൈപ്പ് ദുരന്തം ചില വീണ്ടുവിചാരങ്ങള്‍ക്ക് നിമിത്തമാകണം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ല്‍) ഉടമസ്ഥതയിലുള്ള വാതകക്കുഴല്‍ പൊട്ടിയുണ്ടായ അപകടത്തില്‍ ഇതുവരെ 19 പേര്‍ മരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍െറ എണ്ണശുദ്ധീകരണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 28 പേര്‍ മരിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഇപ്പോള്‍ പ്രകൃതി വാതക വിതരണത്തിനുള്ള ‘ഗെയ്ലി’ന്‍െറ പൈപ്പ് പൊട്ടിയത് നഗരം എന്ന ഗ്രാമത്തിലാണ്. എണ്ണ പ്രകൃതി വാതക കോര്‍പറേഷന്‍െറ (ഒ.എന്‍.ജി.സി) വാതക ശേഖരത്തില്‍നിന്ന് ഒരു സ്വകാര്യമേഖലാ വൈദ്യുതി നിലയത്തിലേക്ക് ഗ്യാസ് എത്തിക്കുന്നതാണ് പൈപ്പ്. മുക്കാല്‍ കിലോമീറ്ററോളം ചുറ്റളവില്‍ വീടുകളും തെങ്ങുകളുമെല്ലാം കത്തി നശിച്ചു. കുഴലില്‍നിന്ന് മുമ്പേ ചോര്‍ന്ന ഗ്യാസ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കെ കേടുവന്ന പൈപ്പുകള്‍ വന്‍ മര്‍ദംമൂലം പൊട്ടിത്തെറിച്ചതാണ് ദുരന്തകാരണമെന്നാണ് ഒരു ഭാഷ്യം. ഒരു ചായക്കടക്കാരന്‍ സ്റ്റൗ കത്തിച്ചപ്പോള്‍ അന്തരീക്ഷത്തിലുണ്ടായിരുന്ന വാതകത്തിന് തീപ്പിടിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും പൊലീസ് കേസിന് പുറമെ രണ്ട് ഉന്നതതല അന്വേഷണങ്ങളും ഇനി നടക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍െറ ഉത്തരവു പ്രകാരവും കേന്ദ്ര എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറ ഉത്തരവു പ്രകാരവും.
പ്രാഥമികമായിത്തന്നെ വ്യക്തമായ ചില വസ്തുതകളുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയാണ് ഒന്ന്. വാതകച്ചോര്‍ച്ചയെപ്പറ്റി നാട്ടുകാര്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിച്ചില്ല. പൊട്ടിത്തെറിയുടെ രണ്ടു ദിവസം മുമ്പുപോലും സ്ഥലവാസികള്‍ അതിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ചോരുന്നതായി അറിയിച്ചിരുന്നു. അന്ന് പരിഹാരനടപടി എടുത്തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. ദുരന്തം നടന്ന ശേഷംപോലും ഒൗദ്യോഗിക നടപടികളില്‍ അമാന്തമുണ്ടായി. വെള്ളിയാഴ്ച കാലത്ത് അഞ്ചേകാലോടെയാണ് പൊട്ടിത്തെറി നടന്നത്. ആദ്യത്തെ അഗ്നിശമന സംഘമത്തെുന്നത് ആറരക്ക്. അതിനുശേഷമാണ് ചോര്‍ച്ച അടച്ചതും തീ അണച്ചതും. ദുരന്തത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഈ കാലതാമസം ഇടയാക്കി. സാധാരണ ജനങ്ങളുടെ ജീവനും സുരക്ഷയും എത്രത്തോളം വിലമതിക്കപ്പെടുന്നു എന്ന് ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നുണ്ട് ഈ സംഭവം. സുരക്ഷയുടെ കാര്യത്തില്‍, നിയമത്തിലെ പോരായ്മ തൊട്ട് ദുരിതാശ്വാസ സംവിധാനത്തിലെ വീഴ്ചകള്‍ വരെ അനാസ്ഥയുടെ സാക്ഷ്യമാണ്. ‘വികസന’മെന്ന മന്ത്രത്തിനു മുന്നില്‍ എണ്ണവാതകക്കമ്പനികള്‍ക്കും അവയുടെ പ്രവര്‍ത്തന സൗകര്യത്തിനുമാണ് പ്രാധാന്യം. സാധാരണ ജനങ്ങളുടെ സുരക്ഷ അത്രത്തോളം പ്രധാനമല്ല. ‘വികസന’ജ്വരം കാരണം നാം ജനവാസകേന്ദ്രങ്ങളിലൂടെ, സാധാരണക്കാരുടെ പ്രതിഷേധത്തിനും ആശങ്കകള്‍ക്കും ഒട്ടും വിലകല്‍പിക്കാതെ, പൈപ്പിടുന്നു. ‘ഗെയ്ലി’നെതിരെ ഉയര്‍ന്നിട്ടുള്ള പരാതികള്‍ അനേകമാണ്. വൈപ്പിന്‍ പ്രകൃതി വാതക ടെര്‍മിനലില്‍നിന്ന് മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പൈപ്പ് നിരത്തുന്ന പദ്ധതിക്കെതിരെയടക്കം നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാധുതയും പ്രസക്തിയും നല്‍കുന്നുണ്ട് ഗോദാവരി ദുരന്തം. കുഴലെല്ലാം ഭദ്രമാണെന്ന് അധികൃതര്‍ പതിവായി ഉറപ്പുനല്‍കാറുള്ളതാണ്. ഇപ്പോള്‍ ഗോദാവരിയില്‍ അപകടം വിതച്ച പൈപ്പുകളെപ്പറ്റിയും ‘ഗെയ്ല്‍’ അധികൃതര്‍ പറഞ്ഞത് അതു തന്നെയാണ്.
ഒന്ന്-ഒന്നര മീറ്റര്‍ ആഴത്തിലാണ് പൈപ്പ് കുഴിച്ചിടുന്നത്. കനത്ത ഉരുക്കുകുഴലിന് പുറത്ത് മൂന്ന് അട്ടികളായി പോളി എതിലീന്‍ കവചമിടുന്നുണ്ട്, തുരുമ്പെടുക്കുന്നത് തടയാന്‍. ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പ്രവഹിപ്പിച്ച് ചോര്‍ച്ച ഇല്ളെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുഴലിലൂടെ വാതകം കൊണ്ടുപോകാന്‍ തുടങ്ങുക. പ്രകൃതിക്ഷോഭത്തില്‍പോലും തകരാത്തതാണ് പൈപ്പുകള്‍. ചോര്‍ച്ച മുന്‍കൂട്ടി അറിയാനും അടക്കാനും കമ്പ്യൂട്ടര്‍ സംവിധാനമുണ്ട് - ഇങ്ങനെ പോകുന്നു അവകാശവാദങ്ങള്‍. ഇനിയിപ്പോള്‍ എത്ര അന്വേഷണം നടന്നാലും നിഷേധിക്കാനാവാത്ത ഒരു വസ്തുത നിലനില്‍ക്കും: അവകാശവാദങ്ങള്‍ക്കൊന്നും ഒരു വിശ്വാസ്യതയുമില്ല. കൂടുതല്‍ ഭീകരമാണ് നമ്മുടെ നിയമനിര്‍മാതാക്കള്‍ ഇത്തരം കാര്യങ്ങളെ നിസ്സാരമായാണ് കണ്ടത് എന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്ന ഓയില്‍ ഇന്‍ഡസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റിന് (ഒ.ഐ.എസ്.ഡി) സ്റ്റാറ്റ്യൂട്ടറി അധികാരംപോലും നല്‍കിയിട്ടില്ല. അതിനര്‍ഥം, വീഴ്ചവരുത്തുന്ന കമ്പനികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരംപോലുമില്ല എന്നുതന്നെ. കുറെ മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയ ശേഷമെങ്കിലും നാം ഇത്തരം ‘വികസന’ വിഷയങ്ങളില്‍ ജനപക്ഷം ചേര്‍ന്നുള്ള വീണ്ടുവിചാരത്തിന് തയാറാവുമോ?

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP