യു.ഡി.എഫില്‍ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ല -കുഞ്ഞാലിക്കുട്ടി Posted: 22 Jul 2014 12:37 AM PDT മലപ്പുറം: സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യു.ഡി.എഫില്‍ നടന്നിട്ടില്ളെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുമാണ്. പ്രശ്നം മുന്നണിയുടെ പരിഗണനക്ക് വരുമ്പോള്‍ മുസ്ലിംലീഗിന്‍്റെ അഭിപ്രായം അവിടെ പറയും-കുഞ്ഞാലിക്കുട്ടി പറഞ്ഞു. |
മലേഷ്യന്‍ വിമാന ദുരന്തത്തില്‍ യു.എന്‍ രക്ഷാസമിതി ദുഃഖം രേഖപ്പെടുത്തി Posted: 22 Jul 2014 12:29 AM PDT ന്യൂയോര്‍ക്ക്: യുക്രെയ്നില്‍ മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണതില്‍ ദുഃഖം രേഖപ്പെടുത്തി യു.എന്‍ രക്ഷാസമിതി സമിതി പ്രമേയം പാസാക്കി. 15 അംഗ രക്ഷാസമിതി ഐകകണ്ഠ്യേനയാണ് ആസ് േത്രലിയ തയാറാക്കിയ പ്രമേയം അംഗീകരിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്ക് തക്കശിക്ഷ നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. എന്നാല്‍ അപകടത്തിന്‍െറ നിജസ്ഥിതി ബോധ്യപ്പെടും മുമ്പ് റഷ്യയെ പ്രതിയാക്കി പ്രഖ്യാപിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് റഷ്യന്‍ പ്രതിനിധി രക്ഷാ സമിതിയില്‍ അറിയിച്ചു. പ്രമേയത്തിലെ ചില കാര്യങ്ങളില്‍ ഭേദഗതി വരുത്തിയ ശേഷമാണ് റഷ്യ അംഗീകരിച്ചത്. അതേസമയം, പ്രമേയത്തെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു. വിമാനാപകടത്തിന്‍െറ യഥാര്‍ത്ഥ കാരണം അന്വേഷിക്കാനുള്ള ചുമതല നെതര്‍ലന്‍റ്സിനെ ഏല്‍പ്പിച്ചതായി യുക്രെയ്ന്‍ അംബാസിഡര്‍ അറിയിച്ചു. അതേസമയം, പ്രശ്നത്തില്‍ ഒളിച്ചുകളി നടത്തുന്നത് റഷ്യയെ ലോകരാജ്യങ്ങളുടെ ഇടയില്‍ ഒറ്റപ്പെടുത്തുമെന്ന് നെതര്‍ലന്‍റ്സ് വിദേശകാര്യ മന്ത്രി ഫ്രാന്‍സ് ടിമര്‍മാന്‍സ് പറഞ്ഞു. വിമാനം തകര്‍ന്നതില്‍ റഷ്യക്ക് ഉത്തരവാദിത്തമുണ്ട് എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യു.എസും സഖ്യകക്ഷികളും. ഈ മാസം 17നാണ് മലേഷ്യന്‍ വിമാനം യുക്രെയ്നില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 298 പേരും മരണപ്പെട്ടു. മരിച്ചവരില്‍ 200ഓളം പേര്‍ ഡച്ചുകാരും 43പേര്‍ മലേഷ്യക്കാരും 27 പേര്‍ ആസ്ട്രേലിയന്‍ പൗരന്മാരുമാണ്. |
വെറ്ററിനറി സബ്സെന്‍ററുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍ Posted: 22 Jul 2014 12:21 AM PDT കൊട്ടിയം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ഐ.സി.ഡി.പി വെറ്ററിനറി സബ്സെന്‍ററുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. പ്രധാന മൃഗാശുപത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ്സെന്‍ററുകളില്‍ മരുന്നുകളുള്‍പ്പെടെ ഇല്ലാത്ത അവസ്ഥയാണ്. ഒറ്റമുറി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ററുകളില്‍ ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ല. മൃഗസംരക്ഷണ വകുപ്പിന്‍െറ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സുകള്‍ക്ക് കീഴിലുണ്ടായിരുന്ന സെന്‍ററുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കിയതോടെയാണ് ഈ അവസ്ഥയിലത്തെിയത്. കൊല്ലം കോര്‍പറേഷനിലെ പുന്തലത്താഴം മൃഗാശുപത്രിക്ക് കീഴില്‍ രണ്ട് സബ്സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നത്. അമ്മന്‍നടയിലും തട്ടാമലയിലുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ കന്നുകാലികളെ കെട്ടുന്നതിനുള്ള സ്ഥലംപോലും നിലവിലില്ല. തട്ടാമലയില്‍ പാലത്തറ ബൈപാസിനോട് ചേര്‍ന്ന് കൊച്ചുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.പി സബ്സെന്‍ററില്‍ കുത്തിവെപ്പിനും പരിശോധനക്കുമായി എത്തുന്ന മൃഗങ്ങളെ കെട്ടിയിരുന്നത് ബൈപാസ് റോഡിനടുത്തുള്ള തെങ്ങുകളിലും മരങ്ങളിലുമായിരുന്നു. മരങ്ങള്‍ മുറിച്ചതോടെ കന്നുകാലികളെ കെട്ടാനുള്ള സ്ഥലവും ഇല്ലാതായി. |
ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാം –മുഖ്യമന്ത്രി Posted: 22 Jul 2014 12:02 AM PDT തിരുവനന്തപുരം: കിഴക്കേകോട്ട ബസ് ടെര്‍മിനല്‍ പണിയാന്‍ അട്ടക്കുളങ്ങര സ്കൂളില്‍നിന്ന് ട്രിഡക്ക് ഭൂമി വിട്ടുനല്‍കിയ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അട്ടക്കുളങ്ങര സ്കൂള്‍ഭൂമി പൂര്‍ണമായി നിലനിര്‍ത്തി കിഴക്കേകോട്ട ബസ് ടെര്‍മിനല്‍ പണിയാനുള്ള സ്കൂള്‍ സംരക്ഷണസമിതിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ ട്രിഡ ചെയര്‍മാന്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ച് സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം സര്‍ക്കാറിന്‍െറ മുഖ്യഅജണ്ടയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനം അത്യാവശ്യമാണെങ്കിലും ജനങ്ങള്‍ക്കുകൂടി സ്വീകാര്യമാകുംവിധം നടപ്പാക്കണം. സ്കൂള്‍ നിലനിര്‍ത്തി ടെര്‍മിനല്‍ പണിയാമെങ്കില്‍ അക്കാര്യം പരിശോധിക്കാം. കിഴക്കേകോട്ട സമഗ്രവികസനവുമായി ബന്ധപ്പെട്ട് ട്രിഡ ഏറെ മുന്നേറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ പുനഃപരിശോധനക്ക് സര്‍ക്കാര്‍ ഒരുക്കമാണ്. ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ തന്നാലാവുന്നത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. അട്ടക്കുളങ്ങര സ്കൂളിന് ഈ വര്‍ഷംതന്നെ പ്ളസ് ടു അനുവദിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി സംഘടനയായ ട്രീവാക്ക് സമര്‍പ്പിച്ച ബദല്‍ പ്ളാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിച്ചു. തകരപ്പറമ്പില്‍നിന്ന് കുടിയൊഴിപ്പിക്കുന്ന 40 കടക്കാരെ പുനരധിവസിപ്പിക്കാന്‍ 250 ഓളം കടകളുള്ള കൂറ്റന്‍ വാണിജ്യസമുച്ചയം പണിയുന്നത് കച്ചവട താല്‍പര്യം മാത്രം മുന്നില്‍ കണ്ടാണെന്ന് സമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. ക്ളിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സ്കൂള്‍ സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. എസ്.എ. സുന്ദര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഇ.എം. രാധ, ജനറല്‍ കൗണ്‍സിലര്‍ സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അട്ടക്കുളങ്ങര സ്കൂള്‍ ഇടിച്ചുനിരത്തിയുള്ള വികസനത്തെ അംഗീകരിക്കാനാകില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്. ട്രിഡയുമായി കൂടിയാലോചന നടത്തിയശേഷം സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരെ വീണ്ടും കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. |
അന്യസംസ്ഥാന പാലിന് ആവശ്യക്കാരേറുന്നു Posted: 21 Jul 2014 11:57 PM PDT പാലക്കാട്: മില്‍മ പാലിന്‍െറ വില കൂട്ടിയതോടെ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പാലിന് ആവശ്യക്കാരേറി. ഒരു ലിറ്റര്‍ പാലിന് മൂന്നുരൂപയാണ് മില്‍മ വര്‍ധിപ്പിച്ചത്. 35 രൂപ വിലയുണ്ടായിരുന്നത് 38 രൂപയാക്കി വര്‍ധിപ്പിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പാല്‍ വില ലിറ്ററിന് 35, 36 രൂപ നിരക്കിലാണ് ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുന്നത്. കൊഴുപ്പുകൂടിയ പാലിന് മില്‍മാ പാലിനേക്കാളും വില കുറവാണ്. ചായക്കടകളിലും തട്ടുകടകളിലുമൊക്കെ ഇപ്പോള്‍ അന്യസംസ്ഥാന പാലുകളാണ് ഉപയോഗിച്ചുവരുന്നത്. മാത്രമല്ല, മില്‍മ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കമീഷനും മറ്റ് പ്രചാരണ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നതിനാല്‍ കച്ചവടക്കാര്‍ മില്‍മ പാലിനെ ഒഴിവാക്കുകയാണ്. വിലവര്‍ധന കൂടിയായതോടെ ഈ സാഹചര്യം സ്വകാര്യ പാല്‍ കമ്പനികള്‍ മുതലെടുക്കുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള ഹെറിറ്റേജ് മില്‍ക്, പൊള്ളാച്ചിയില്‍നിന്നുള്ള ശക്തിമില്‍ക്, ഈറോഡിലെ കവിന്‍സ് മില്‍സ്, കൊഴിഞ്ഞാമ്പാറയിലെ കൗമ, ഓംഗോ മില്‍ക് എന്നിവയാണ് ജില്ലയിലത്തെുന്ന്. ഇതില്‍ ഹെറിറ്റേജ് മില്‍ക് മൂന്നുമാസം മുമ്പ് ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, മില്‍മ പാല്‍വില വര്‍ധിപ്പിച്ചതോടെ വളരെവൈകാതെ തന്നെ അന്യസംസ്ഥാന സ്വകാര്യ പാല്‍ കമ്പനികളും വില വര്‍ധിപ്പിക്കാനുള്ള നീക്കവുമുണ്ട്. |
മന്ത്രികള്‍ക്ക് പ്രധാനമന്ത്രിയുടെ 17 ഇന കര്‍മപരിപാടി Posted: 21 Jul 2014 11:49 PM PDT ന്യൂഡല്‍ഹി: പതിനേഴ് ഇന കര്‍മ പരിപാടികള്‍ നടപ്പിലാക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഓരോ മന്ത്രാലയവും നടപ്പാക്കാനുദ്ദേശിക്കുന്ന ജനോന്മുഖ പദ്ധതികളുടെ മാര്‍ഗരേഖ തയാറാക്കി നല്‍കാനും മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. തീരദേശ എക്സ്പ്രസ് പാതകള്‍ നിര്‍മ്മിക്കുക.തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി നല്‍കിയത്. ഗതാഗത സൗകര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ തുറമുഖം, എസ്.ടി.ഡി കോളുകള്‍ക്ക് ഒരേ നിരക്ക്, കള്ളപ്പണം തടയുന്നതിനായി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക എന്നിവയും കാബിനറ്റ് സെക്രട്ടറിയേറ്റ് മന്ത്രാലയങ്ങള്‍ക്ക് അയച്ച നിര്‍ദേശത്തിലുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കാരാര്‍ ജോലികള്‍ അവസാനിപ്പിക്കാന്‍ തൊഴില്‍ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങളും പ്രധാനമന്ത്രി നിര്‍ദേശിക്കുന്നു. |
മഴ കനത്തുതന്നെ; പരക്കെ നാശം Posted: 21 Jul 2014 11:29 PM PDT മലപ്പുറം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വന്‍ നാശനഷ്ടമുണ്ടായി. ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകി കൃഷിനാശമുണ്ടായി. മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. കരുവാരകുണ്ട്: തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഒലിപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കുണ്ടോട, ചക്കാലക്കുന്ന് പാറക്കല്‍ ഭാഗങ്ങളില്‍ വീടുകളും ഏക്കര്‍കണക്കിന് കൃഷിയിടവും വെള്ളത്തിലായി. ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്തും മലയോരങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അത്താഴം കഴിക്കാനായി എഴുന്നേറ്റവരാണ് വീട്ടില്‍ വെള്ളം കയറിയത് കണ്ടത്. ഉടനെ പരിസര വീടുകളിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. പരിഭ്രാന്തിയിലായ വീട്ടുകാര്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളുമായി സുരക്ഷിത സ്ഥലങ്ങളിലത്തെിയതിനാല്‍ അപകടം ഒഴിവായി. കൂട്ടിലടച്ചിരുന്ന കോഴികള്‍, താറാവുകള്‍ എന്നിവ ഒലിച്ചുപോയതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ പതിനൊന്നോടെയാണ് വെള്ളം ഇറങ്ങിയത്. ഹുസൈന്‍, കൈപ്പുള്ളി നൗഷാദ്, പൂളക്കല്‍ നാസര്‍, വലിയപ്പന്‍ തൊടിക ഇബ്രാഹിം, മഠത്തില്‍ ബഷീര്‍, ഏറക്കാടന്‍ നാസര്‍, പടലാംകുന്നന്‍ മുഹമ്മദ്, ചെട്ടിയാര്‍തൊടിക ബഷീര്‍, സവറകുഴിയന്‍ റഫീഖ്, കൊളക്കാടന്‍ ഹസന്‍, ഓട്ടുപാറ കമാല്‍ എന്നിവര്‍ക്കാണ് നാശനഷ്ടമുണ്ടായത്. നിരവധി വാഴകള്‍, കമുക്, റബര്‍ തൈകള്‍ എന്നിവ മലവെള്ളപ്പാച്ചിലില്‍ നശിച്ചു. ഹാഡ പദ്ധതിയില്‍ മൂന്നുമാസം മുമ്പ് ഈ ഭാഗത്ത് നിര്‍മിച്ച ചെക്ഡാമാണ് ദുരിതത്തിന് കാരണം. വേണ്ടത്ര വീതിയോ ആഴമോ ഇല്ലാത്ത ഭാഗത്ത് അശാസ്ത്രീയമായാണ് ഡാം നിര്‍മിച്ചിരിക്കുന്നത്. നേരിയ തോതില്‍ വെള്ളം കൂടിയാല്‍ തന്നെ പുഴ കവിയുന്നത് പതിവായിരിക്കുകയാണ്. ജനപ്രതിനിധികള്‍, റവന്യു അധികൃതര്‍, ജലവിഭവ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കാളികാവ്: കനത്തമഴയില്‍ കല്ലാമൂല ചിങ്കക്കല്ല് ആദിവാസി കോളനി ഒറ്റപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. 13 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്ക് എത്തിപ്പെടാനുള്ള ഏക വഴിയായ ചിങ്കക്കല്ല് റോഡിന് കുറുകെയുള്ള കാട്ടുചോല കരകവിഞ്ഞൊഴുകിയതോടെയാണ് കോളനി പ്രദേശം ഒറ്റപ്പെട്ടത്. ചിങ്കക്കല്ല് കോളനിക്ക് സമീപത്തായി താമസിക്കുന്ന കുട്ടശ്ശേരി അയ്യപ്പന്‍, തടിയന്‍ മുഹമ്മദ്, ബാബു, ചുണ്ടിയംമൂച്ചി അബ്ദുട്ടി, സാജന്‍ എന്നിവരുടെ വീടുകളും ഒറ്റപ്പെട്ടു. വള്ളിപ്പൂള പുഴയോരത്തെ നിസ്കാര പള്ളി, ഭൂമിക്കാരന്‍ ശങ്കരന്‍, മാഞ്ചേരി ഫൈസല്‍, അയ്യണന്‍ അയ്യപ്പന്‍, പിലാക്കാടന്‍ ഹംസ, കോരനാത്ത് സാജിര്‍ തുടങ്ങിയവരുടെ വീടുകളും ഭീഷണിയിലാണ്. ചോക്കാട് പൊട്ടി, പുല്ലങ്കോട് സ്രാമ്പിക്കല്ല്, പെരുങ്ങപ്പാറ, മേഖലയിലും കഴിഞ്ഞ ദിവസം വെള്ളം കയറി. കാളികാവ്: കനത്ത മഴയില്‍ ചാഴിയോട് പാലത്തിന് മുകളില്‍ വെള്ളം മൂടിയത് ഗതാഗതത്തിന് ഭീഷണിയായി. തിങ്കളാഴ്ച അടക്കാകുണ്ട്, അരിമണല്‍ പുഴകള്‍ ചേരുന്ന പുഴ കരകവിഞ്ഞതോടെയാണ് പാലത്തില്‍ വെള്ളം കയറി സഞ്ചാരം പ്രയാസമായിരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവുമധികം ആളുകള്‍ താമസിക്കുന്ന ചാഴിയോട്ടേക്ക് ചെങ്കോട് പ്രദേശവുമായി ബന്ധിപ്പിച്ച് വാഹന ഗതാഗതത്തിന് അനുയോജ്യമായ പാലം വേണമെന്നത് ജനങ്ങളുടെ ചിരകാലാഭിലാഷമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല. കൈവരികള്‍ തകരുകയും ഉയരം കുറവുമായ പാലം പൊളിച്ച് ഗതാഗതം സാധ്യമാവുന്ന വി.സി.ബി കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന് മുസ്ലിം ലീഗ് ചാഴിയോട് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ബദറുദുജ ഹുദവി, കെ.ടി. ഉബൈദ് എന്നിവര്‍ സംസാരിച്ചു. |
മുന്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശവുമായി കട്ജു Posted: 21 Jul 2014 11:24 PM PDT ന്യൂഡല്‍ഹി: മൂന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരനായ ജഡ്ജിയെ രാഷ്ട്രീയ സമ്മര്‍ദത്തിനുവഴങ്ങി സംരക്ഷിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു പുതിയ ആരോപണവുമായി രംഗത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെയാണ് തന്‍െറ ബ്ളോഗിലൂടെ വിമര്‍ശവുമായി കട്ജു രംഗത്തത്തെിയത്. മദ്രാസ് ഹൈകോടതി ജഡ്ജിയുടെ അഴിമതി കണ്ടത്തെിയിരുന്നോ എന്ന് ലഹോട്ടി മറുപടി പറയണമെന്ന് കട്ജു ആവശ്യപ്പെട്ടു. അന്വേഷണം നടത്തിയോയെന്ന് വ്യക്തമാക്കണം. ജഡ്ജിയുടെ കാലാവധിസംബന്ധിച്ച് കൊളീജിയത്തെ അറിയിക്കാതെ ആയിരുന്നില്ളേ തീരുമാനമെന്നും കട്ജു ബ്ളോഗില്‍ ചോദിക്കുന്നു. യു.പി.എ സഖ്യകക്ഷിയായ ഡി.എം.കെയുടെ സമ്മര്‍ദത്തിനുവഴങ്ങി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും മുന്‍ ചീഫ് ജസ്റ്റിസുമാരും ചേര്‍ന്ന് അഴിമതിക്കാരനായ ജഡ്ജിയെ ഹൈകോടതി ജഡ്ജിയായി നിയമിച്ചുവെന്നും കഴിഞ്ഞദിവസം കട്ജു ആരോപിച്ചിരുന്നു. |
പരാധീനതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുന്നേറി–മന്ത്രി Posted: 21 Jul 2014 11:19 PM PDT തൃക്കരിപ്പൂര്‍ : പരാധീനതകള്‍ പരിഹരിച്ച് പഠനത്തിലും ഇതര മേഖലകളിലും സര്‍ക്കാര്‍ സ്കൂളുകള്‍ ഏറെ മുന്നേറിയതായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉദിനൂര്‍ ഗവ. ഹൈസ്കൂളിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങളോട് പൊതു ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. എയ്ഡഡ്, സ്വകാര്യ മേഖലകളോട് കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയരാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സാധിച്ചിട്ടുണ്ട്. സാന്ത്വനം പദ്ധതിയില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് നടക്കാവ് നെരൂദ തിയറ്റേര്‍സും സ്കൂള്‍ അധികൃതരും നല്‍കുന്ന സൈക്കിളുകളും വിതരണം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി. ജനാര്‍ദ്ദനന്‍, പടന്ന പഞ്ചായത്ത് പ്രസിഡന്‍്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സുമതി മാടക്കാല്‍, പ്രധാനാധ്യാപകന്‍ കെ. ശശിധരന്‍ അടിയോടി, കെ.വി. ജതീന്ദ്രന്‍, മനോഹരന്‍ കൂവാരത്ത്, കെ. ഉസൈനാര്‍, എം.ടി.പി. അബ്ദുള്‍ ഖാദര്‍, കെ.വി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍്റ് പി.പി. കരുണാകരന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ എ. വിജയന്‍ നന്ദിയും പറഞ്ഞു. |
രാമന്തളി ഭാഗത്തേക്കുള്ള ബസ് സമരം പിന്‍വലിച്ചു Posted: 21 Jul 2014 11:07 PM PDT പയ്യന്നൂര്‍: മൂന്നുദിവസമായി നടന്നുവരുന്ന പയ്യന്നൂര്‍ രാമന്തളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ സാന്നിധ്യത്തില്‍ നഗരസഭാ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലത്തെിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒരുഭാഗത്ത് മാത്രം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാനും ബസ്സ്റ്റോപ്പ് കൊറ്റിയില്‍ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റി നിശ്ചയിക്കാനും തീരുമാനമായി. തീരുമാനം ഇരുവിഭാഗം തൊഴിലാളികളും അംഗീകരിച്ചതോടെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ നടന്നുവരുന്ന സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ.വി. ലളിതക്ക് പുറമെ വൈസ് ചെയര്‍മാന്‍ കെ.കെ. ഗംഗാധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, സബ് ഇന്‍സ്പെക്ടര്‍ രാമചന്ദ്ര വാര്യര്‍ എന്നിവരും ഓട്ടോ, ബസ് തൊഴിലാളി യൂനിയന്‍ നേതാക്കളും സംബന്ധിച്ചു. രാവിലെ സി.ഐ.ടി.യു ഓഫിസില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് നഗരസഭാ ഓഫിസില്‍ ചര്‍ച്ച നടന്നത്. സര്‍വീസ് നടത്താത്ത ബസുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍.ടി.ഒക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് ഒരുവിഭാഗം ഓട്ടോഡ്രൈവര്‍മാര്‍ തടഞ്ഞതാണ് പ്രശ്നത്തിന് കാരണം. ഓട്ടോറിക്ഷ ബസിന് മുന്നില്‍ നിര്‍ത്തി മാര്‍ഗതടസ്സം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ബസ് ഡ്രൈവറുടെ പരാതിയില്‍ 15ഓളം ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് നടപടി സ്വീകരിച്ചിട്ടും പണിമുടക്ക് പിന്‍വലിക്കാത്ത നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. |
No comments:
Post a Comment