സ്വാഗതം
WELCOME

News Update..

Saturday, July 19, 2014

മെത്തയുടെ ഇളം ചൂടില്‍ നിന്ന് മോര്‍ച്ചറിയുടെ തണുപ്പിലേക്ക് Madhyamam News Feeds

മെത്തയുടെ ഇളം ചൂടില്‍ നിന്ന് മോര്‍ച്ചറിയുടെ തണുപ്പിലേക്ക് Madhyamam News Feeds

Link to

മെത്തയുടെ ഇളം ചൂടില്‍ നിന്ന് മോര്‍ച്ചറിയുടെ തണുപ്പിലേക്ക്

Posted: 19 Jul 2014 12:45 AM PDT

Image: 

ഗസ്സ സിറ്റി: ആയിരം നാവുകള്‍ ഉണ്ട് ഇസ്രായേല്‍ നരനായാട്ട് തീര്‍ക്കുന്ന രക്തചരിത്രത്തില്‍ നിന്ന് ഗസ്സ പറയുന്ന ഓരോ കഥകള്‍ക്കും. തെറ്റും ശരിയും തിരിച്ചറിയാനാവാത്ത കുഞ്ഞുങ്ങളുടെ ചേതനയറ്റ ഉടലുകള്‍കൊണ്ട് നിറയുകയാണ് ആശുപത്രി മോര്‍ച്ചറികള്‍.

അബൂ മുസല്ല കുടുംബത്തിലെ അഹ്മദ്,വാല,മുഹമ്മദ് എന്നീ മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ ആണ് അല്‍ഖിദ്റയിലെ അല്‍ ശിഫ ആശുപത്രി മോര്‍ച്ചറി ഏറ്റുവാങ്ങിയത്. 11കാരന്‍ അഹ്മദിന്‍റെ മുഖം  പുകയും പൊള്ളലേറ്റുമേറ്റ്  കാണാനാവാത്ത വിധം കറുത്തുപോയിരുന്നു. വീടിനുമേല്‍ ഷെല്ലുകള്‍ പതിക്കുമ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഈ കുടുംബം. തകര്‍ന്നടിഞ്ഞ വീടിന്‍റെ കൂമ്പാരത്തിനിടയില്‍ പെട്ട കുട്ടികളെ വലിച്ചു പുറത്തെടുക്കുന്ന പിതാവ് ഇസ്മായീല്‍ മുസല്ലമിനെയാണ്  ആംബുലന്‍സുമായി എത്തിയവര്‍ ആ രാത്രിയില്‍ കണ്ടത്.

ഷെല്‍വര്‍ഷത്തിനിടെ മണിക്കൂറുകള്‍ വൈകി മൂന്നു മൃതദേഹങ്ങളും പേറി  ചെറുസംഘം ആശുപത്രിയിലേക്ക് യാത്രയായി. ഏതുനിമിഷവും ഇസ്രായേലിന്‍റെ ബോബ് വര്‍ഷം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു ആ യാത്ര. ‘ മത്തെയുടെ ഇളം ചൂടില്‍ ഉറങ്ങുകയായിരുന്നു ഈ കുട്ടികള്‍. ഇപ്പോള്‍ അവര്‍ യാത്രയാവുകയാണ് മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ കിടപ്പറയിലേക്ക്.’ നടത്തത്തിനിടെ ഒരു ബന്ധു പറഞ്ഞുകൊണ്ടിരുന്നു. വിടരുന്ന റോസാപൂവിന്‍റെ പ്രായമായിരുന്നു അവള്‍ക്ക്.  എന്തു കുറ്റമാണ് അവള്‍ ഇസ്രായേലിനോട് ചെയ്തത്? അദ്ദേഹത്തിന്‍റെ ആ ചോദ്യം മറുപടികളില്ലാത്ത പ്രതിധ്വനിയായി. ഇസ്രായേല്‍ ഷെല്‍ വര്‍ഷം ഏറെ നീണ്ടു നിന്നതിനെ തുടര്‍ന്ന് കുട്ടികളുടെ സംസ്കാരവും വൈകി.

ശരീരം മുഴുക്കെ പൊള്ളലേറ്റ, കയ്യും കാലും അറ്റുതൂങ്ങിയ, തല തകര്‍ന്ന ഡസണ്‍ കണക്കിന് ശരീരങ്ങള്‍ ആണ് വടക്കന്‍ ഗസ്സയിലെ കമാല്‍ അദ് വാന്‍ ആശുപത്രിയിലേക്ക് ഒഴുകുന്നത്. സാധാരണഗതിയില്‍ ആശുപത്രിക്കകത്ത് ആണ് രോഗികള്‍ സുരക്ഷ അനുഭവിക്കുക. എന്നാല്‍, ഗസ്സയിലെ ആശുപത്രികളില്‍ ചെന്നാല്‍ അറിയാം. എന്തുമാത്രം അരക്ഷിതരാണ് ഇവിടെയുള്ള രോഗികളും പരിചാരകരും എന്ന്. ഏതു നിമിഷവും പതിച്ചേക്കാവുന്ന തീഗോളത്തിന്‍റെ ഭീതിയതില്‍ ജീവന്‍ ബലിയര്‍പിച്ച് ഉള്ള സൗകര്യങ്ങളില്‍ രോഗികളെ പരിചരിക്കുകയാണ് ഇവിടുത്തെ ഡോക്ടര്‍മാര്‍.

ഇസ്രായേല്‍ മിസൈലുകള്‍ ആശുപത്രികളെ എങ്ങനെ തകര്‍ത്തുകളയുന്നുവെന്ന് കണ്ടു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ഇവിടെപോലും സുരക്ഷിതരല്ളെന്ന് തിരിച്ചറിയുന്നു-ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 57കാരനായ അബു ഇയാദിന്‍റെ വാക്കുകള്‍. ബെയ്ത് ലാഹിയയിലെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ചതിന്‍റെ ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നത്.

ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനുസില്‍ റദ്വാന്‍  കുടംബത്തിന് ഒറ്റ രാത്രികൊണ്ട് നഷ്ടമായത്  നാലു പേരെയാണ്. ഗസ്സക്കും ഇസ്രായേലിനും ഇടയിലെ ബഫര്‍സോണ്‍ ആയി അറിയപ്പെടുന്ന ഇവിടത്തെ കൃഷിഭൂമി ബുള്‍ഡോസര്‍ കൊണ്ട് വന്ന് ഇടിച്ചു നിരത്തിക്കളഞ്ഞു ഇസ്രായേല്‍.

കരയാക്രമണം തുടങ്ങിയതിനുശേഷം 24 മണിക്കൂറിനുള്ളില്‍ 55 ഫല്സതീനികള്‍ കൊല്ലപ്പെട്ടെന്ന് അല്‍ഖിദ്റയിലെ അല്‍ ശിഫ ആശുപത്രിയിലെ ഡോക്ടര്‍ അഷ്റഫ് അല്‍ ഖ്വദ്റി പറയുന്നു.
ഇസ്രായേല്‍ ആക്രമണം തുടരുകയാണെങ്കില്‍ തങ്ങള്‍ക്ക് ആശുപത്രി വിടേണ്ടി വരുമെന്ന് അല്‍ വഫ ആശുപത്രയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന 18 രോഗികളെ മറ്റെവിടേക്കെങ്കിലും മാറ്റാനുള്ള വഴി തേടുകയാണ് ഇവര്‍.

പോരാളികളുടെ തുരങ്കങ്ങളും റോക്കറ്റ് വിക്ഷേപിണികളും ലക്ഷ്യമിട്ടാണ് തങ്ങളുടെ കരയാക്രമണമെന്ന് ഇസ്രായേലിന്‍റെ വാദമെങ്കിലും നിരപരാധികളുടെ ജീവനുമേല്‍ ഷെല്‍വര്‍ഷം നടത്തിയാണ് സേന ഗസ്സക്കകത്തേക്ക് പ്രവേശിക്കുന്നത്.

 

ഉത്തര്‍പ്രദേശില്‍ 21 കോടി ജനങ്ങളുണ്ടെങ്കിലും മാനഭംഗം കുറവെന്ന് മുലായം സിങ്

Posted: 18 Jul 2014 11:56 PM PDT

Image: 

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്‍െറ പ്രസ്താവന വിവാദത്തില്‍. ഉത്തര്‍പ്രദേശില്‍ 21 കോടി ജനങ്ങളുണ്ട്, എന്നിട്ടും മാനഭംഗക്കേസുകള്‍ കുറവെന്ന പ്രസ്താവനയാണ് വിവാദമായത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മാനഭംഗക്കേസുകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുലായം ഇക്കാര്യം പറഞ്ഞത്. ഏത് സംസ്ഥാന സര്‍ക്കാറുകളാണെങ്കിലും ഇത്തരത്തിലുള്ള ഒരു കേസ് തന്നെ നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പ്രതികരിച്ചു.

ആണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ തന്നെയാണ് അവര്‍ക്ക് തെറ്റുകള്‍ പറ്റുമെന്ന മുലായത്തിന്‍െറ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

 

ഇന്‍സിനറേറ്റര്‍ തകര്‍ന്നു: മെഡിക്കല്‍ കോളജില്‍ മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ല

Posted: 18 Jul 2014 11:50 PM PDT

കോഴിക്കോട്: മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാതെ മെഡിക്കല്‍ കോളജ് ശ്വാസം മുട്ടുന്നു. ഇന്‍സിനറേറ്റര്‍ തകര്‍ന്നതോടെ പകരം സംവിധാനമില്ലാതെ പാടുപെടുകയാണ് ആശുപത്രി. മഴക്കാലം തുടങ്ങിയതോടെ മാലിന്യം എന്തുചെയ്യണമെന്നറിയാതെ ജീവനക്കാരും കുഴങ്ങുകയാണ്. മഴ വരുന്നതിനുമുമ്പ് ആശുപത്രിക്കു പുറത്ത് കുറേ മാലിന്യം കത്തിക്കാറുണ്ടായിരുന്നു.
കത്തിക്കുന്നത് ശരിയായ നടപടിയല്ളെങ്കിലും തല്‍ക്കാലം മാലിന്യമൊഴിവാക്കാന്‍ ജീവനക്കാര്‍ കണ്ട വഴിയാണിത്. കുറേ കാലം ഐ.എം.സി.എച്ചിലെ ഇന്‍സിനറേറ്ററിലേക്ക് മാലിന്യം മാറ്റാന്‍ നോക്കി. എന്നാല്‍, അമിതഭാരം വന്നപ്പോള്‍ ഈ ഇന്‍സിനറേറ്റര്‍ കേടായി. ഇതോടെ മാലിന്യങ്ങള്‍ ഐ.എം.സി.എച്ചിലേക്ക് കൊണ്ടുപോകുന്നത് നിര്‍ത്തി. നിലവില്‍ കടലാസുകളും പ്ളാസ്റ്റിക്കുകളും മെഡിക്കല്‍ കോളജ് ഇന്‍സിനറേറ്ററില്‍ കത്തിക്കുന്നുണ്ട്. പുകക്കുഴല്‍ മുഴുവനായും തകര്‍ന്നതിനാല്‍ കത്തിക്കുമ്പോഴുള്ള പുകശല്യം രോഗികള്‍ സഹിക്കുകയാണ്. സിറിഞ്ചും സൂചികളുമെല്ലാം പാലക്കാട്ടേക്ക് കൊണ്ടുപോകും. മറ്റു മാലിന്യങ്ങളുടെ നിര്‍മാര്‍ജനമാണ് പ്രശ്നമാകുന്നത്. ഇവയും കടലാസുകളുടെ കൂടെ കത്തിക്കുന്നുണ്ട്. 1000 കിലോ മാലിന്യം കത്തിക്കാവുന്നതാണ് ഈ ഇന്‍സിനറ്റേര്‍. ഇതു കേടായതോടെ മോര്‍ച്ചറിയില്‍ അഴുകിയ മൃതദേഹങ്ങള്‍ പൊതിഞ്ഞ തുണിയും പായയുമെല്ലാം തുറസ്സായ സ്ഥലത്ത് കത്തിക്കുകയാണ്.
പുതിയ ഇന്‍സിനറേറ്റര്‍ നിര്‍മിക്കാന്‍ 39 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തുക പാസായിട്ട് വര്‍ഷമൊന്നാകാറായെങ്കിലും ഇന്‍സിനറേറ്ററിന്‍െറ പണി എവിടെയുമത്തെിയിട്ടില്ല. ഇപ്പോള്‍ 39 ലക്ഷം രൂപയുടേത് മാറ്റി 63 ലക്ഷം രൂപയുടെ പുതിയ പ്രോജക്ട് തയാറായിട്ടുണ്ടെന്നാണ് അറിയുന്നത്. 5500 കിലോ മാലിന്യം കത്തിക്കാന്‍ കഴിയുന്ന തരത്തില്‍ മെഡിക്കല്‍ കോളജ്, ഐ.എം.സി.എച്ച്, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലെ മാലിന്യം ഒന്നിച്ച് നിര്‍മാര്‍ജനം ചെയ്യാവുന്ന തരത്തിലാണ് ഇന്‍സിനറേറ്റര്‍ വിഭാവനം ചെയ്യുന്നത്. എല്ലാ മാലിന്യവും കത്തിക്കാവുന്ന ഈ ഇന്‍സിനറേറ്റര്‍ നിലവില്‍ വരണമെങ്കില്‍ 39 ലക്ഷത്തോടൊപ്പം 24 ലക്ഷം രൂപ കൂടി ലഭിക്കണം. ഇത് എച്ച്.ഡി.എസില്‍നിന്ന് എടുക്കേണ്ടിവരും. എച്ച്.ഡി.എസ് ഫണ്ട് ലഭിക്കാന്‍ എച്ച്.ഡി.എസ് യോഗത്തില്‍ പ്രോജക്ട് പാസാക്കിയെടുക്കണം. തുക പാസായാല്‍ മാത്രമേ ഇന്‍സിനറേറ്ററിന്‍െറ നിര്‍മാണത്തിനുവേണ്ട മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുള്ളൂ. അതുവരെ മാലിന്യപ്പുക ശ്വസിക്കാനാണ് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും വിധി.

മാധ്യമങ്ങളിലൂടെയുള്ള തെറ്റായ മതവിധികളെ കരുതിയിരിക്കുക- ശൈഖുല്‍ അസ്ഹര്‍

Posted: 18 Jul 2014 11:26 PM PDT

Image: 

ദുബൈ: ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലൂടെ തെറ്റായ മതവിധികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍  ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് പറഞ്ഞു. ഇത്തരം മതവിധികള്‍ യുവതലമുറയെ വഴിതെറ്റിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ലോക ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം ഏറ്റുവാങ്ങാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മതത്തിന്‍െറ യഥാര്‍ഥ വിധികള്‍ പ്രചരിപ്പിക്കാന്‍ അറബ് രാജ്യങ്ങളില്‍ ശ്രമങ്ങളൊന്നും നടക്കുന്നില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് ഇക്കാര്യത്തില്‍ വേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് യഥാര്‍ഥ മതവിധികള്‍ പഠിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്.
ഇന്‍റര്‍നെറ്റിലൂടെയും മറ്റും നിരീശ്വര വാദം അറബ് ലോകത്ത് പ്രചരിപ്പിക്കാന്‍ പാശ്ചാത്യ ലോകം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വന്‍കിട കമ്പനികള്‍ ഇതിനായി പണമൊഴുക്കുന്നു. ഇസ്ലാമിന്‍െറ യഥാര്‍ഥ സന്ദേശം പൊതുജനങ്ങളിലത്തെിക്കാന്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ചാനല്‍ തുടങ്ങാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ആറുമാസത്തിനകം ചാനല്‍ യാഥാര്‍ഥ്യമാകും. അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പരിപാടികളുണ്ടാകും.
നാലര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലക്ക് കീഴില്‍ പഠനം നടത്തുന്നുണ്ട്. ഏ ഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ 102 രാജ്യങ്ങളില്‍ നിന്നുള്ള 25,000ഓളം വിദ്യാര്‍ഥികളും ഇതില്‍ പെടും. ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിക്ക് അല്‍ അസ്ഹര്‍ മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. തനിക്ക് ലഭിച്ച ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം അല്‍ അസ്ഹറിനുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്. ഈജിപ്തിനെ നിരന്തരം സഹായിക്കുന്ന യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനും അദ്ദേഹം നന്ദി പറഞ്ഞു.
വ്യാഴാഴ്ച രാത്രി അദ്ദേഹം ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമിക വിഷയങ്ങളില്‍ യു.എ.ഇ- ഈജിപ്ത് സഹകരണത്തിന്‍െറ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംവാദ സംസ്കാരം വളര്‍ത്തിയെടുക്കുന്ന ശൈഖുല്‍ അസ്ഹറിന്‍െറ രീതിയെ ശൈഖ് മുഹമ്മദ് പ്രകീര്‍ത്തിച്ചു. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, റൂളേഴ്സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി, ഇബ്രാഹിം ബൂമില്‍ഹ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

സംസ്കൃതവാരാഘോഷം: പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്

Posted: 18 Jul 2014 11:26 PM PDT

Image: 

ചെന്നൈ: സംസ്കൃതവാരം ആഘോഷിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. തിരൂമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്. ഓരോ സംസ്ഥാനത്തിന്‍െറയും ഭാഷാപൈതൃകമനുസരിച്ച് ക്ളാസിക്കല്‍ ഭാഷാവാരോഘോഷമാണ് നടത്തേണ്ടതെന്നും ജയലളിത പ്രതികരിച്ചു.

സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളില്‍ സംസ്കൃതവാരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിയുടെ സഖ്യ കക്ഷിയായ എം.ഡി.എം.കെ നേതാവ് വൈക്കോയടക്കമുള്ളവര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു. തീരുമാനത്തിനെതിരെ ഡി.എം.കെയും രംഗത്തുവന്നിരുന്നു. സംസ്കൃത ഭാഷ സാധാരണക്കാരന്‍െറ ഭാഷ അല്ളെന്നും ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഡി.എം.കെ കുറ്റപ്പെടുത്തിയിരുന്നു.

 

കാര്‍ത്തികേയന് മാന്യമായ സ്ഥാനം നല്‍കണം- കെ.സുധാകരന്‍

Posted: 18 Jul 2014 11:21 PM PDT

Image: 

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനം രാജിവെച്ച ജി.കാര്‍ത്തികേയന് മാന്യമായ സ്ഥാനം നല്‍കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. ഇക്കാലം വരെയുളള പരിചയം വെച്ച് ഏതു സ്ഥാനത്തിനും കാര്‍ത്തികേയന്‍ അര്‍ഹനാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നിരുന്ന അദ്ദേഹം ഇക്കാലമത്രയും സ്പീക്കര്‍ സ്ഥാനമെന്ന ചില്ലു കൂട്ടിലിരിക്കുകയായിരുന്നു. ഇങ്ങനെ എത്ര കാലം അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തീരുമാനമെടുക്കണം. കാര്‍ത്തികേയനെ സ്പീക്കര്‍ ആക്കേണ്ടിയിരുന്നില്ളെന്നും അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

അതിനിടെ കാര്‍ത്തികേയനെ പിന്തുണച്ച് എക്സൈസ് മന്ത്രി കെ.ബാബുവും രംഗത്തത്തെി. സ്പീക്കര്‍ സ്ഥാനം രാജി വെച്ച് മന്ത്രിമാരായവരുടെ ചരിത്രം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എം.എല്‍.എയായ ആര്‍ക്കും മന്ത്രിയാകാം. വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ബാബു പറഞ്ഞു.

 

ഗസ്സ: മരണം 300 കവിഞ്ഞു; സിവിലിയന്‍ കുരുതിക്കെതിരെ ഒബാമയുടെ കരുതല്‍ നിര്‍ദേശം

Posted: 18 Jul 2014 11:07 PM PDT

Image: 

വാഷിങ്ടണ്‍: ഒമ്പതു ദിവസമായി തുടരുന്ന ഗസ്സ ആക്രമണത്തില്‍ സിവിലിയന്‍ കുരുതിക്കെതിരെ ഇസ്രായേലിന് പ്രധാന സഖ്യ കക്ഷിയായ യു.എസിന്‍റെ കരുതല്‍ നിര്‍ദേശം. ഇസ്രായേലിന്‍റെ പ്രതിരോധ ശ്രമങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഗസ്സയില്‍ ആക്രമണം തീവ്രമാക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള അപായസാധ്യതയെ കുറിച്ചും നിരപരാധികളുടെ ജീവന്‍ നഷ്ടത്തെകുറിച്ചും കരുതല്‍ വേണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഉണര്‍ത്തി.

സിവിലിയന്‍ കുരുതി ഇസ്രായേല്‍ കുറച്ചുകൊണ്ടുവരുമെന്ന് യു.എസ് പ്രതീക്ഷിക്കുന്നതായും ഒബാമ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തിനൊപ്പം കരയുദ്ധം കൂടി ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആണ്  ഒബാമയുടെ പ്രസ്താവന.

കരയുദ്ധം തുടങ്ങിയതിനുശേഷം 65 ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായും ഇതില്‍ 15 പേര്‍ 18 വയസ്സിനു താഴെയുള്ളവരാണെന്നും ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ കഴിഞ്ഞ ജൂലൈ എട്ടിന് ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെയായി ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 307 ആയി. ഇതില്‍ ഭൂരിഭാഗവും സിവിലിയന്‍മാരാണെന്നും  50തിലേറെ പേര്‍ കുട്ടികളാണെന്നും  ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയായി 2,260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഗസ്സ മുനമ്പില്‍ കടന്ന്  17 ഫല്സതീന്‍ തോക്കുധാരികളെ കൊലപ്പെടുത്തിയതായും 13 പേരെ തടവുകാരായി പിടിച്ചതായും ഇസ്രായേല്‍ അവകാശവാദമുന്നയിച്ചു. ഹമാസിന്‍റെ  21 റോക്കറ്റ് വിക്ഷേപിണികളും നാലു തുരങ്കങ്ങളും അടക്കം150 ലക്ഷ്യകേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രായേല്‍ പറയുന്നു.

മലപ്പുറത്ത് ഗൃഹാതുരതക്ക് വീടൊരുക്കി അറബി മലയാളി

Posted: 18 Jul 2014 10:44 PM PDT

Image: 

ജിദ്ദ: ഇക്കരെ താമസം എത്രനാള്‍ നീണ്ടാലും മാനസം അക്കരെ കാത്തുസൂക്ഷിക്കുന്ന സവിശേഷത ഗള്‍ഫ് മലയാളിക്കു സ്വന്തം. എന്നാല്‍ മലനാട്ടില്‍നിന്നു നിന്നു കുറ്റിയും പറിച്ചുപോന്നു തലമുറകള്‍ കഴിഞ്ഞിട്ടും നാളികേരത്തിന്‍െറ നാടുമായുള്ള ഈ പൊക്കിള്‍കൊടി ബന്ധം മുറിയരുതെന്നു ശാഠ്യമുള്ള സൗദി മലയാളികള്‍ വിരളം. അക്കൂട്ടത്തിലൊരാളാണ് ജിദ്ദയിലെ പ്രശസ്തമായ കയറ്റുമതി സ്ഥാപനമായ അല്‍ഫദ്ല്‍ ഫ്രെയ്റ്റ് സൊലൂഷന്‍സ് ഉടമ അബ്ദുറഹ്മാന്‍ അബ്ദുല്ല യൂസുഫ്. പിതാവ് കുടഞ്ഞെറിഞ്ഞു പോന്നിട്ടും പിറന്ന മണ്ണിനോടുള്ള പിരിശം കെടാതെ സൂക്ഷിച്ച ഉമ്മയുടെ ഗൃഹാതുരതകള്‍ അനന്തരമെടുത്ത അബ്ദുറഹ്മാന്‍ ഇപ്പോള്‍ സ്വന്തം മോഹങ്ങള്‍ക്ക് മലപ്പുറം കൂട്ടിലങ്ങാടിയിലെ കടലുണ്ടി പുഴയോരത്ത് പുരകെട്ടുകയാണ്. ഇതാദ്യമായി പെരുന്നാളിന് കുടുംബവുമായി നാടു പിടിക്കുന്ന കൂട്ടുകാരുടെ ‘ഫദ്ല്‍’ ഇത്തവണ മലപ്പുറത്തത്തെുന്നത് അറബ് സജ്ജീകരണങ്ങളോടെ മലയാളത്തില്‍ പണികഴിപ്പിച്ച സ്വന്തം വീട്ടില്‍ അവരെ കുടിയിരുത്താന്‍ കൂടിയാണ്. പെരുന്നാളിന്‍െറ തൊട്ടടുത്തയാഴ്ച ആഗസ്റ്റ് നാലിന് കൂട്ടിലങ്ങാടിയിലെ പുഴയോരത്ത് നിര്‍മിച്ച വീടിന്‍െറ ഗൃഹപ്രവേശത്തിന് ഒരുങ്ങിയാണ് ഈ അറബി മലയാളിയുടെ ഇത്തവണത്തെ കേരള യാത്ര.
ബ്രിട്ടീഷ് എംബസിയില്‍ ജോലി കിട്ടി സൗദിയില്‍ കുറ്റിയടിച്ച പിതാവിന്‍െറ മകനായി ഇവിടെ ജനിച്ചുവളര്‍ന്നിട്ടും അബ്ദുറഹ്മാന്‍െറ കണ്ണിലും കരളിലും എന്നും മലയാളം പച്ചപിടിച്ചു നിന്നു. പി.ഐ.ഒ (പഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്ന വിദേശമലയാളിയുടെ വിലാസം സമ്പാദിച്ച് ഇടക്കിടെ നാടുമായുള്ള ബന്ധം പുതുക്കി. എന്തേ ഇങ്ങനെയൊരു ആത്മബന്ധം എന്ന ചോദ്യത്തിന് അബ്ദുറഹ്മാന്‍ മലപ്പുറം മനസ്സിലേറ്റി ജീവിച്ച ഉമ്മയെ അനുസ്മരിക്കും. സ്വാതന്ത്ര്യസമരക്കാലത്ത് വാഗണ്‍ട്രാജഡി ദുരന്തത്തില്‍ രക്തസാക്ഷിത്വം വരിച്ചതാണ് പിതാമഹന്‍ മുഹ്യിദ്ദീന്‍. ആ ഉപ്പയുടെ മങ്ങാത്ത ഓര്‍മകളുമായാണ് സ്വാതന്ത്ര്യത്തിന്‍െറ പുലരി തെളിയുന്നതിനു പിറകെ അബ്ദുറഹ്മാന്‍െറ പിതാവ് കൂട്ടിലങ്ങാടിയിലെ മംഗലത്തുകുടി അബ്ദുല്ല സൗദിയിലത്തെുന്നത്. ഇവിടെ ബ്രിട്ടീഷ് എംബസിയിലെ ജോലിയും പുണ്യഭൂമിക്കടുത്ത് ജിദ്ദയിലെ താമസവുമായി ഇഴുകിച്ചേര്‍ന്നതോടെ അബ്ദുല്ലക്ക് നാടത്ര കാര്യമായിരുന്നില്ല. എന്നാല്‍ ബലദില്‍ ഹാറതുശ്ശാമിലെ ‘കോട്ട’ക്കകത്തെ ജീവിതത്തില്‍ ഉമ്മ സംതൃപ്തയായിരുന്നില്ളെന്നും അവരുടെ ഉള്ളിലെന്നും നാടു പച്ചച്ചു നിന്നിരുന്നുവെന്നും അബ്ദുറഹ്മാന്‍ കണ്ടു. അതു കൊണ്ടു തന്നെയാവാം, 21ാം വയസ്സില്‍ സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനായിരിക്കെ വിദേശിയെ കല്യാണം കഴിച്ചുകൂടെന്നായിട്ടും സ്വന്തം ചുറ്റുവട്ടത്തുനിന്നു മലയാളിയെ തന്നെ മകന്‍ ഭാര്യയാകട്ടെ എന്നവര്‍ നിശ്ചയിച്ചുറപ്പിച്ചതും. ഉമ്മയുടെ ഈ മലയാളക്കൂറു തന്നെയും ആവേശിച്ചെന്ന് കൂട്ടുകാരുടെ ‘ഫദ്ല്‍’ ആയ അബ്ദുറഹ്മാന്‍. വീട്ടില്‍ ഉമ്മയും ഞങ്ങളും മലയാളം സംസാരിച്ചു. സഹോദരിസഹോദരന്മാരെല്ലാം ഈയൊരു മലപ്പുറം പെരുമ കാത്തുസൂക്ഷിക്കുന്നുണ്ട്; ചിലരൊക്കെ ഉഴപ്പുന്നുണ്ടെങ്കിലും - ചെറുചിരിയോടെ അദ്ദേഹം പറയുന്നു.  13ാം വയസ്സില്‍ ഒരു പെരുമഴക്കാലത്തായിരുന്നു ആദ്യ മലപ്പുറം യാത്ര. മുംബൈയില്‍ വിമാനമിറങ്ങി ട്രെയിനില്‍ നാട്ടിലത്തെിയപ്പോള്‍ എങ്ങും കൂരിരുട്ട്. ബലദിലെ പച്ചവെളിച്ചത്തില്‍ നിന്നു മൈലപ്പുറത്തെ ഊടുവഴികളിലേക്കിറങ്ങിയപ്പോള്‍ ശരിക്കും അന്ധാളിച്ചു പോയി. ചൂട്ടു കത്തിച്ചു വീശിയുള്ള ആളുകളുടെ യാത്ര വലിയ കൗതുകം തന്നെയായിരുന്നു. എങ്കിലും പച്ചപ്പും സമൃദ്ധമായ മഴയും ആകര്‍ഷിച്ചു. അതോടൊപ്പം ശരിയായ ജീവിതവും അവിടെയാണെന്ന് അടുത്തറിഞ്ഞു. പിന്നീട് പലവുരു നടത്തിയ യാത്രയിലൂടെ ഗള്‍ഫിന്‍െറ സമൃദ്ധിയിലും നാടിന്‍െറ പരുത്ത യാഥാര്‍ഥ്യങ്ങള്‍ ജീവിതത്തില്‍ നിന്നു വിസ്മൃതമാകരുതെന്നുറച്ചു. ഇതു മക്കളിലേക്കും പകര്‍ന്നു നല്‍കണമെന്ന ആഗ്രഹത്താലാണ് മലപ്പുറത്ത് വീടുവെച്ചതെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. മുമ്പൊരു യാത്രക്കിടെ മുംബൈ തെരുവോരത്തു മാലിന്യപ്പെട്ടി തപ്പി അതില്‍ നിന്നു ചപ്പാത്തി കുടഞ്ഞെടുത്ത് അരയില്‍ തിരുകുന്ന ഒരാളെ കണ്ടു. മക്കള്‍ക്കു ഞാനത് കാണിച്ചുകൊടുത്തു. ഇങ്ങനെയുമുണ്ട് മനുഷ്യര്‍ എന്നും നമ്മുടെ നില എന്തെന്നും അവരെ തെര്യപ്പെടുത്തുകയായിരുന്നു- അത് പറയുമ്പോള്‍ ഇപ്പോഴും ആ കണ്ണുകളില്‍ നനവ്. പരുത്ത ജീവിതയാഥാര്‍ഥ്യങ്ങള്‍ അറിയുമ്പോഴേ കാരുണ്യത്താല്‍ മനം തരളിതമാകുകയുള്ളൂ. അതുകൊണ്ട് മക്കളെയും മലപ്പുറത്തോടു ചേര്‍ത്തു നിര്‍ത്തണം. വാമൊഴിയില്‍ താന്‍ ബാക്കിവെച്ച മലയാളം പക്ഷേ, മക്കള്‍ കൈയൊഴിഞ്ഞതില്‍ കുണ്ഠിതമുണ്ട്. എങ്കിലും കേട്ടു മനസ്സിലാക്കാനാവും. എന്നല്ല, പച്ചമലയാളത്തിന്‍െറ പരിസരത്തെ മറ്റേതു രാജ്യത്തേക്കാളും അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ക്കും പി.ഐ.ഒ കാര്‍ഡ് സമ്പാദിക്കണം. മെയ്യില്ളെങ്കിലും മനസ്സെങ്കിലും മലപ്പുറത്ത് കുറ്റിയടിച്ചു നിര്‍ത്തണം. അങ്ങനെ അറബി-മലയാളത്തിന്‍െറ ഇരട്ടിമധുരം തലമുറകളിലേക്ക് അവര്‍ കൊളുത്തിവെക്കണം - ഈ സ്വപ്ന വിത്തെറിയാനാണ് കര്‍ക്കിടകപ്പെയ്ത്തിന്‍െറ തിമിര്‍പ്പില്‍ ഈ 28ന് അബ്ദുറഹ്മാന്‍ കരിപ്പൂരില്‍ പ്രാര്‍ഥനാപൂര്‍വം വിമാനമിറങ്ങുന്നത്.

ഗസ്സ: വിഭവ സമാഹരണ യജ്ഞത്തിന് തുടക്കം

Posted: 18 Jul 2014 10:16 PM PDT

Image: 

മനാമ: ഫലസ്തീനിലെ ഗസ്സ ജനതയെ സഹായിക്കുന്നതിന് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിഭവ സമാഹരണ യജ്ഞം ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്റൈന്‍ ടി.വി ആസ്ഥാനത്ത് മന്ത്രി ഡോ. സമീറ ഇബ്രാഹിം ബിന്‍ റജബ് അദ്ദേഹത്തെ സ്വീകരിച്ചു. ഉദ്യമത്തിന് അഞ്ച് മില്യന്‍ യു.എസ് ഡോളര്‍ സഹായം വാഗ്ദാനം ചെയ്ത രാജാവിന് ശൈഖ് നാസര്‍ നന്ദി പ്രകാശിപ്പിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളും ഗസ്സയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കായി സഹായങ്ങള്‍ എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈന്‍െറ ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയാണ് ഇവിടുത്തെ ജനത പ്രകടിപ്പിക്കുന്നത്. സ്ഥാപനങ്ങളും വ്യക്തികളും കമ്പനികളുമെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയും തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയും വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 38800199, 38800188, 36960081, 36960082 നമ്പറുകളില്‍ ബന്ധപ്പെടാം.
എസ്.എം.എസ് അയച്ചും സഹായം വാഗ്ദാനം ചെയ്യാം. ബറ്റല്‍കോ 99111, സൈന്‍ 1111 എന്നീ നമ്പറുകളില്‍ അയക്കണം. സീഫിലെ ആര്‍.സി.ഒ ആസ്ഥാനത്തും സിറ്റി സെന്‍ററിലെ മൂന്ന്, നാല് ഗേറ്റിലും സീഫ് മാളിലെ എന്‍ട്രന്‍സ് ആറിലും നേരിട്ട് സഹായം സ്വീകരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മാസം 25ന് കാമ്പയിന്‍ സമാപിക്കും.

സ്നേഹമസൃണനായ രാമന്‍

Posted: 18 Jul 2014 09:38 PM PDT

Image: 

കാലാതീതമായി നില്‍ക്കുന്ന സാഹിത്യകൃതികളെടുത്തുനോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, അവയില്‍ മിക്കവയും അനശ്വരപ്രണയകാവ്യങ്ങളാണ്. അതു വാമൊഴിയായോ വരമൊഴിയായോ പ്രചരിച്ചുകൊണ്ടേയിരിക്കും. ഇതിന് അപവാദമായി നില്‍ക്കുകയാണ് രാമായണം. രാമായണം ഒരു പ്രേമകഥയല്ല, അത് സ്നേഹ ഗാഥയാണ്. മക്കള്‍ക്ക് അച്ഛനമ്മമാരോടുണ്ടാകുന്ന സ്നേഹം, സനാതന മൂല്യങ്ങളോടുള്ള സ്നേഹം, ബഹുമാനം, ഭര്‍ത്താവിന് ഭാര്യയോടും തിരിച്ച് ഭാര്യക്ക് ഭര്‍ത്താവിനോടും, സഹോദരന്മാര്‍ക്ക് തമ്മില്‍ത്തമ്മിലും ഉണ്ടായിരിക്കേണ്ട സ്നേഹത്തെ അത് വരച്ചിടുന്നു. അത്യന്തം മനോഹരമാണ് ആ ചിത്രം. ആ ചിത്രത്തില്‍ മുഗ്ധരാകുമ്പോള്‍ നാം സ്വയമറിയാതെ വിമലീകരിക്കപ്പെടുന്നുണ്ട്. പവിത്ര സ്നേഹത്തിന്‍െറ അഗാധതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി ആരോ ഉമ്മതന്ന് ഉറക്കുന്നതുപോലെ നിര്‍മലമായ ഒരനുഭവമാണ് രാമായണ പാരായണം. അതില്‍ ഉദാത്തസ്നേഹത്തിന്‍െറ നെടുന്തൂണായി വര്‍ത്തിക്കുന്നത് ശ്രീരാമന്‍തന്നെയാണ്.
ദശരഥനും മക്കളില്‍ പ്രിയം രാമനോടായിരുന്നു. അയോധ്യാവാസികള്‍ ഒറ്റമനസ്സോടെ ആഗ്രഹിച്ചതും രാമന്‍ യുവരാജാവാകണമെന്നാണ്. അമ്മമാരില്‍ ശ്രീരാമനെ ഏറ്റവുമധികം സ്നേഹിച്ചത് കൈകേയിയായിരുന്നു. സഹോദരരില്‍ ഭരതന്‍െറ സ്നേഹത്തോട് കിടപിടിക്കുന്ന ഒന്നും മൂന്നുലോകത്തുമില്ല. സീതയുടെയും ഹനുമാന്‍െറയും രാമനെപ്രതിയുള്ള സ്നേഹം വരച്ചിടാന്‍ വാക്കുകളില്ല. ഇത്ര സ്നേഹം ലഭിച്ച രാമഹൃദയമോ? അത് എക്കാലവും സൗമ്യവും  ശാന്തവും പ്രേമസമ്പന്നവുമത്രെ. തുളസീദാസ രാമായണത്തില്‍ രാമന്‍ കുട്ടിക്കാലത്ത് വാശിപിടിച്ച ഒരു സന്ദര്‍ഭം വിവരിക്കുന്നുണ്ട്. ഒരുദിവസം രാമന്‍ മാനത്തെ അമ്പിളിമാമനെ വേണമെന്നുപറഞ്ഞു കരച്ചിലായി. സദാ ശാന്തനും പ്രസന്നനുമായ കുമാരന്‍െറ കരച്ചില്‍ കൊട്ടാരത്തെ ഇളക്കിമറിച്ചു. കൊട്ടാരത്തിലെ ദാസിമാര്‍ ശ്രമിച്ചിട്ടും രാമന്‍ വാശി വിടുന്നുമില്ല, കരച്ചില്‍ നിര്‍ത്തുന്നുമില്ല. ദശരഥന്‍ തന്നെ ഓടിവന്നു. തന്‍െറ കിരീടവും ചെങ്കോലും സമസ്ത ലോകങ്ങളും സമ്മാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ചന്ദ്രനൊഴിച്ച് ഒന്നുംവേണ്ട. അത് അപ്പോള്‍തന്നെ കൈയില്‍ കിട്ടുകയും വേണം! കുഞ്ഞുങ്ങളുടെ വാശികള്‍ മറികടക്കാന്‍ അമ്മമാര്‍ക്ക് നൂറായിരം ഉപായങ്ങളുണ്ടല്ളോ. കൗസല്യ ഒരു കൊച്ചുകണ്ണാടിയില്‍ ചന്ദ്രന്‍െറ പ്രതിബിംബം കാണിച്ചുകൊടുത്ത് ശ്രീരാമനോട് പറഞ്ഞുവത്രെ ‘ദാ, ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചോളൂ രാമാ, നിന്‍െറ ചന്ദ്രനെ.’
 ഒരിക്കല്‍ കൈയിലെടുത്താല്‍ ഒരു നാളും ഉപേക്ഷിക്കയില്ല ശ്രീരാമന്‍. അതുകൊണ്ട് സൂര്യവംശജനായി പിറന്നിട്ടും അദ്ദേഹം ചന്ദ്രനെ സ്വന്തം പേരിനോട് ചേര്‍ത്തു, ശ്രീരാമചന്ദ്രനായി- അതാണ്ശ്രീരാമന്‍െറ സ്നേഹം.
അദ്ദേഹത്തിന്‍െറ ചരിതം അതിപാവനമാണ്. അത് പാരായണം ചെയ്യുന്നവരും കേള്‍ക്കുന്നവരും ഒരുപോലെ വിമലീകരിക്കപ്പെടുന്നു. ആര്‍ക്കും എപ്പോഴും അനുഭവിച്ചറിയാവുന്ന യാഥാര്‍ഥ്യമാണ് ഇത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP