സ്വാഗതം
WELCOME

News Update..

Sunday, June 29, 2014

സൈന നെഹ് വാളിന് ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം Madhyamam News Feeds

സൈന നെഹ് വാളിന് ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം Madhyamam News Feeds

Link to

സൈന നെഹ് വാളിന് ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം

Posted: 29 Jun 2014 12:09 AM PDT

Image: 

സിഡ്നി: ഇന്ത്യയുടെ സൈന നെഹ് വാളിന്  ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം. സ്പെയിനിന്‍െറ കാരൊലിന മാരിനെ തോല്‍പ്പിച്ചാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടം സൈന സ്വന്തമാക്കിയത്. സ്കോര്‍: 21-18, 21-11. 750,000 ഡോളറാണ് സമ്മാനത്തുക.

മത്സരത്തിന്‍െറ തുടക്കത്തില്‍ ഒന്ന് പരുങ്ങിയ സൈന പിന്നീട് തിരിച്ചുവരികയായിരുന്നു. ടൂര്‍ണമെന്‍റില്‍ ആറാം സീഡായിരുന്നു സൈന. ഈ വര്‍ഷമാദ്യം സൈന ഇന്ത്യ ഓപണ്‍ ഗ്രാന്‍റ് പ്രിക്സ് ഗോള്‍ഡ് കിരീടവും നേടിയിരുന്നു.

കാരൊലിനയുടെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലാണിത്. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിനെയാണ് കാരൊലിന പരാജയപ്പെടുത്തിയത്.

പത്തനംതിട്ട നഗരത്തിലെ ഗതാഗത പരിഷ്കരണം: പ്രതിഷേധം ശക്തം

Posted: 28 Jun 2014 11:55 PM PDT

പത്തനംതിട്ട: ജൂലൈ ഒന്നു മുതല്‍ പത്തനംതിട്ട നഗരത്തില്‍ ഗതാഗത സംവിധാനം പരിഷ്കരിക്കുന്നത് അറിഞ്ഞിട്ടില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ടി.സക്കീര്‍ ഹുസൈന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു ചെയര്‍മാന്‍.
കഴിഞ്ഞ ആഴ്ചയില്‍ നടന്ന ആര്‍.ടി.എ ബോര്‍ഡ് യോഗമാണ് ഗതാഗത പരിഷ്കരണത്തിന് തീരുമാനിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ അധികാരത്തില്‍മേലുള്ള കടന്നുകയറ്റമാണ് ആര്‍.ടി.എ തീരുമാനമെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
അശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത്, മറ്റൊരു കാലിലേക്ക് മാറ്റുന്നതിന് സമമാണ്. നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാവുന്നതോടെ നഗരസഭയുടെ പഴയ ബസ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ പൂര്‍ണമായും ഒഴിവാക്കുകയും സെന്‍ട്രല്‍ ജങ്ഷനില്‍ ഗതാഗതകുരുക്കിന് കാരണമാവുകയും ചെയ്യും.
ഒരേ സ്ഥലത്തേക്കുള്ള ബസുകളെ സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി എന്നിങ്ങനെ തരംതിരിച്ച് പരിഷ്കാരങ്ങള്‍ യാത്രക്കാരില്‍ അടിച്ചേല്‍പിക്കുന്ന സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും സക്കീര്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ ഓട്ടോറിക്ഷയടക്കമുള്ള ടാക്സി വാഹനങ്ങള്‍ പിടിച്ച് ബസ് സ്റ്റേഷനുകളിലെത്തേണ്ടതായി വരും. ഇത് യാത്രക്കാര്‍ക്ക് അധിക പണച്ചെലവുണ്ടാക്കും. ഇതിന്‍െറ ഗുണം സ്വകാര്യ ബസ് സര്‍വീസുകള്‍ക്കാവും. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും യാത്രക്കാരെ അകറ്റുന്നതിന് കാരണവുമാകും.
മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമെടുത്ത ശേഷമേ, നഗരത്തില്‍ ട്രാഫിക് സംവിധാനം പുന$ക്രമീകരിക്കാവൂ എന്ന കൗണ്‍സില്‍ തീരുമാനം ആര്‍.ടി.എ ബോര്‍ഡിനെ അറിയിക്കുന്നതിനുള്ള ആര്‍ജവം ചെയര്‍മാന്‍ കാണിക്കണമെന്ന് സക്കീര്‍ ആവശ്യപ്പെട്ടു. ഇതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി, ആര്‍ക്കും എന്തും എങ്ങനെയും തീരുമാനിക്കാമെന്നുള്ള ആര്‍.ടി.എ ബോര്‍ഡിന്‍െറ ധാര്‍ഷ്ട്യം ഇല്ലാതാക്കണമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
വിഷയം ചര്‍ച്ചചെയ്യുന്നതിന് തിങ്കളാഴ്ച അടിയന്തര കൗണ്‍സില്‍ യോഗം ചേരുമെന്ന് നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ പിന്നീട് അറിയിച്ചു.
ചില വിവരാവകാശ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നെടുക്കുന്ന വിവരാവകാശ രേഖകള്‍ ഉപയോഗപ്പെടുത്തി തട്ടിപ്പുനടത്തുന്നതായും സാമ്പത്തിക ചൂഷണത്തിന് ഇത് കാരണമാവുന്നതായും ചെയര്‍മാന്‍ സുരേഷ്കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെയര്‍മാന്‍.
നഗരത്തിലെ വിവരാവകാശ പ്രവര്‍ത്തകനെതിരേ കൗണ്‍സിലില്‍ ഉയര്‍ന്ന പൊതുവികാരം വിവരാവകാശ കമീഷന്‍, പൊലീസ് എന്നിവര്‍ക്ക് പരാതിയായി നല്‍കുന്നതിനും കൗണ്‍സിലില്‍ തീരുമാനമായി.
നഗരസഭയുടെയൊ ബന്ധപ്പെട്ട ഏജന്‍സികളുടെയൊ മുന്‍കൂര്‍ അനുമതി വാങ്ങാതെ നഗരത്തില്‍ റോഡുകള്‍ കുഴിക്കുന്നതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മണ്ണില്‍ ആരോപിച്ചു. നഗരത്തിലെ ചില സ്ഥാപനങ്ങള്‍ നഗരസഭയുടെ അനുമതി വാങ്ങാതെ റോഡുകുഴിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പു നല്‍കി.
വാര്‍ഡ് അംഗങ്ങളുടെ അനുമതി തേടി റോഡ് കുഴിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ അധികാരം, വ്യക്തി കേന്ദ്രീകൃതമാവുന്നത് അനുചിതവും നിയമലംഘനവുമാവുമെന്ന് ടി.സക്കീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.
ചെയര്‍മാന്‍െറ അഭിപ്രായം തള്ളി ഇതിനെ കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
നഗരത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വൈദ്യുതി തടസ്സം, വാട്ടര്‍ അതോറിറ്റി പമ്പുഹൗസുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി എം.സി. ഷെരീഫ് ചൂണ്ടിക്കാട്ടി. ഈക്കാര്യത്തില്‍ വാട്ടര്‍ അതോറിറ്റിയെയും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
നഗരസഭാ കൗണ്‍സിലില്‍ വിലപ്പെട്ട തീരുമാനം എടുക്കുന്ന ദിവസത്തെ മിനുട്സ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതായി പ്രതിപക്ഷ കൗണ്‍സിലറായ ആര്‍.സാബു പറഞ്ഞു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ കൗണ്‍സിലിന് ഉറപ്പ് നല്‍കി. റഷീദാബീവി, കുഞ്ഞുഞ്ഞമ്മ വര്‍ഗീസ്, റോഷന്‍ നായര്‍, ബാബു വിളവിനാല്‍, പി.കെ അനീഷ് സംസാരിച്ചു.

വ്യാപാരികളെ ജനപ്രതിനിധികള്‍ സഹായിക്കുന്നെന്ന് ആക്ഷേപം

Posted: 28 Jun 2014 11:51 PM PDT

മുണ്ടക്കയം: പകര്‍ച്ചവ്യാധി പടരുന്നതിനിടെ മണിമലയാറ്റിലേക്കുള്ള പൊതുഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിന് നടപടി നേരിട്ട വ്യാപാരികളെ മുണ്ടക്കയത്തെ ചില ജനപ്രതിനിധികള്‍ സഹായിക്കുന്നെന്ന് ആക്ഷേപം.
വൃത്തിഹീനമായ അഞ്ചു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 10,000 രൂപ വീതം പിഴ ഒടുക്കാനും പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു.
സെക്രട്ടറി സ്വീകരിച്ച നിലപാടിനെതിരെ രഹസ്യമായി പ്രവര്‍ത്തിച്ച അംഗങ്ങള്‍ റെയ്ഡിനെ പിന്തുണക്കുന്നതിന് ഒപ്പം കുറ്റക്കാരെ സഹായിക്കുന്നു.
ഇതിനിടെ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം കെട്ടിട ഉടമ പുതുപ്പറമ്പില്‍ മൂസ 10,000 രൂപ പിഴ ഒടുക്കി.
ഹോട്ടലുകള്‍ അടക്കം അഞ്ചു വ്യാപാരസ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയതിന്‍െറ അടുത്ത ദിവസം രണ്ടു ലോഡ്ജും ഒരു ഹോട്ടലും വീണ്ടും തുറന്നത് വിവാദമായിരുന്നു.
വ്യാപാരികളെ സഹായിക്കുന്ന നിലപാടുമായി ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥന്‍മാര്‍ രഹസ്യമായി രംഗത്തു വന്നതോടെ സ്ഥാപനങ്ങള്‍ അടക്കാന്‍ വീണ്ടും സെക്രട്ടറി നിര്‍ദേശം നല്‍കി.
തുടര്‍ന്ന് അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങള്‍ ശനിയാഴ്ച വീണ്ടും തുറന്നതായി ലഭിച്ച വിവരം അനുസരിച്ചു സെക്രട്ടറി സെന്‍കുമാര്‍, മുണ്ടക്കയം എസ്.ഐ ഇന്ദ്രരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഈട്ടിക്കല്‍ ബില്‍ഡിങ്സിലെ സ്ഥാപനങ്ങളില്‍ എത്തിയെങ്കിലും കടകള്‍ അടഞ്ഞു കിടക്കുകയായിരുന്നു.
റെയ്ഡ് വിവരം ചില പഞ്ചായത്ത് അംഗങ്ങള്‍ ചിലര്‍ വ്യാപാരികള്‍ക്കു കൈമാറിയതാണ് ഇതിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം വ്യാപകം

Posted: 28 Jun 2014 11:32 PM PDT

അടിമാലി: അധികൃതരുടെ ഒത്താശയോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണങ്ങള്‍ തകൃതി. വന്‍തുക കോഴ വാങ്ങിയാണ് ഇതിന് അധികൃതര്‍ ഒത്താശചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഒട്ടേറെ നിയമവിരുദ്ധ അനുമതികള്‍ കണ്ടെത്തിയതായാണ് വിവരം. എന്നാല്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദം മൂലം കൈയേറ്റക്കാര്‍ക്കും നിയമ ലംഘകര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ പോലും വിജിലന്‍സ് എടുത്തിട്ടില്ല.
പലയിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളില്‍ നവീകരണമെന്ന പേരില്‍ ദുര്‍ബല കെട്ടിടങ്ങള്‍ പൊളിച്ച് ബഹുനില മന്ദിരങ്ങളാണ് പണിതുയര്‍ത്തുന്നത്. പഴയ കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും ഉള്ളതിനാല്‍ പുതിയ കണക്ഷനും പഞ്ഞമില്ല. റോഡ്-തോട് പുറമ്പോക്ക് ഭൂമികളിലും റവന്യൂ തരിശ് ഭൂമിയിലുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും. ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലാണ് നിര്‍മാണങ്ങള്‍ വ്യാപകമായിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 300 ലധികം നിയമവിരുദ്ധ കെട്ടിടങ്ങള്‍ ഈ താലൂക്കുകളില്‍ ഉയര്‍ന്നിട്ടുണ്ട്. മാസ്റ്റര്‍ പ്ളാനും നിര്‍മാണ ചട്ടങ്ങളും പരിഗണിക്കാതെയാണ് ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.
ചിലയിടങ്ങളില്‍ തോട്ടിലേക്കും റോഡുകളിലേക്കും ഇറക്കിയാണ് നിര്‍മാണം. അടിമാലി, പള്ളിവാസല്‍, ചിന്നക്കനാല്‍, പീരുമേട്, നെടുങ്കണ്ടം, കട്ടപ്പന, ആനച്ചാല്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ മൂന്ന് നിലകളില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തെകുറിച്ച് അന്വേഷണം നടന്നിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പട്ടയ ഭൂമിക്ക് നമ്പര്‍ നല്‍കുന്ന ലാഘവത്തോടെ രേഖകള്‍ ശരിയാക്കി നല്‍കുന്നുണ്ട്്. പള്ളിവാസല്‍ വില്ലേജില്‍ 18 കെട്ടിടങ്ങള്‍ അനുമതിയില്ലാതെ പണിതുയര്‍ത്തിയിട്ടുണ്ട്. ഇവിടെ നാലിടത്ത് മലയിടിച്ച് റോഡ് നിര്‍മാണവും നടക്കുന്നു. ഇത് അഞ്ച് വീടുകള്‍ക്ക് ഭീഷണിയായതോടെ താമസക്കാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 60 ലക്ഷത്തോളം രൂപ

Posted: 28 Jun 2014 11:29 PM PDT

ചേര്‍പ്പ്: കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ല. ചേര്‍പ്പ് കൃഷി അസി. ഡയറക്ടറുടെ കീഴിലുള്ള കൂര്‍ക്കഞ്ചേരി, ചേര്‍പ്പ്, പാറളം, അവിണിശേരി, ഒല്ലൂര്‍ എന്നീ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന കര്‍ഷകരുടെ നേന്ത്രവാഴ, ജാതി, കുരുമുളക് തുടങ്ങിയ വിളകളാണ് കാലവര്‍ഷക്കെടുതിയില്‍ നശിച്ചത്. 60 ലക്ഷത്തോളം രൂപയാണ് ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കാനുള്ളത്.
1000 നേന്ത്രവാഴകള്‍ക്ക് മുകളില്‍ നശിച്ച രണ്ട് കര്‍ഷകര്‍ക്ക് മാത്രമാണ് ഡയറക്ടറേറ്റില്‍നിന്ന് പണം അനുവദിച്ചത്. ഒരു നേന്ത്രവാഴക്ക് 100 രൂപ കണക്കിലാണ് നഷ്ടപരിഹാരം.
ബാങ്കുകളില്‍നിന്ന് കടം വാങ്ങി നേന്ത്രവാഴകൃഷി നടത്തിയ കര്‍ഷകര്‍ കടം തിരിച്ചടക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് പണം വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കടം അടച്ചുതീര്‍ക്കാത്തതിനാല്‍ പലര്‍ക്കും ഇത്തവണ ബാങ്കില്‍നിന്ന് കടം വാങ്ങാന്‍ കഴിഞ്ഞില്ല. പലിശ കൊടുക്കാന്‍ തന്നെ ഇവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടിവന്നു. ചേര്‍പ്പ് കൃഷിഭവന്‍ പരിധിയില്‍ തന്നെ ഏഴുലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കാനുണ്ട്.
സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിന് കാരണമെന്ന് പറയുന്നു. ഈ മേഖലയിലെല്ലാം നേന്ത്രവാഴകൃഷിയാണ് മുഖ്യമായും നടക്കുന്നത്. കര്‍ഷകര്‍ നിരന്തരം കൃഷിഭവനുകുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവരും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ കാലവര്‍ഷക്കെടുതി കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും ജില്ലയില്‍ തന്നെ ഒരിടത്തും കാര്‍ഷികവിളകള്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കരട് പട്ടികയില്‍ അപാകതകളേറെ; പരിഹരിക്കാന്‍ സംവിധാനമില്ല

Posted: 28 Jun 2014 11:26 PM PDT

കാസര്‍കോട്: ഗ്രാമവികസന വകുപ്പ് തയാറാക്കിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്‍െറ കരട് പട്ടികയില്‍ അപാകതകളും അവ്യക്തതകളും ഏറെ. കരട് പട്ടിക പരിശോധിച്ച് ചര്‍ച്ച നടത്താന്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തെങ്കിലും ഇതിലെ ഗൗരവകരമായ പിശകുകള്‍ തിരുത്താനും അപാകതകള്‍ പരിഹരിക്കാനും സംവിധാനമൊരുക്കിയിട്ടില്ല.
ആക്ഷേപം നല്‍കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ പട്ടികയില്‍ ഉള്‍പ്പെട്ടവരും ഒഴിവാക്കപ്പെട്ടവരും കടുത്ത ആശങ്കയിലാണ്. പട്ടിക 2014 മേയ് 19ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. മേയ് 28നകം ഗ്രാമപഞ്ചായത്തുകളില്‍ സ്പെഷ്യല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് കരട് ലിസ്റ്റ് അവതരിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ജൂണ്‍ എട്ടിന് മുമ്പ് ആക്ഷേപങ്ങള്‍ സ്വീകരിക്കുകയും ജൂണ്‍ 15നകം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തശേഷം ജൂലൈ രണ്ടിന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് സര്‍ക്കാറിന്‍െറ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ആക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള സമയപരിധി പിന്നീട് ജൂണ്‍ 17ലേക്കും ജൂണ്‍ 30ലേക്കും മാറ്റി. കുടുംബങ്ങളെ സംബന്ധിച്ച പല വിവരങ്ങളും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പല വീടുകളും ചില പ്രദേശങ്ങള്‍ തന്നെയും പട്ടികയില്‍നിന്ന് ഒഴിവായി. വിദേശങ്ങളില്‍ ജോലി ചെയ്യുന്നയാളെ പൂര്‍ണമായും ഒഴിവാക്കി. നാലുചക്ര വാഹനങ്ങള്‍ ഉള്ള കുടുംബങ്ങളില്‍ ഇല്ല എന്നാണ് ലിസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. ഈ പട്ടികയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ബി.പി.എല്‍ ലിസ്റ്റ് തയാറാക്കുമെന്നാണ് ഗ്രാമവികസന വകുപ്പ് മന്ത്രി പറഞ്ഞത്. നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റിലുള്ളതിനെക്കാള്‍ വലിയ അബദ്ധങ്ങളായിരിക്കും പുതിയ പട്ടികയില്‍ ഉണ്ടാവുക. അര്‍ഹതപ്പെട്ട പല കുടുംബങ്ങളും പുറത്തായേക്കുമെന്നാണ് ആശങ്ക. ആക്ഷേപങ്ങള്‍ നല്‍കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതല്ലാതെ പരാതികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകളില്‍ സംവിധാനം ഒരുക്കിയിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാരോ വി.ഇ.ഒമാരോ പരാതികള്‍ സ്വീകരിക്കാന്‍ തയാറായില്ലെന്ന് പരാതി ഉയരുന്നുണ്ട്. തങ്ങളെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നത്. പട്ടികയിലെ തെറ്റായ വിവരങ്ങള്‍ തിരുത്തുന്നതിന് വീടും പ്രദേശങ്ങളും വിട്ടുപോയവരും എവിടെ പരാതി നല്‍കുമെന്നറിയാതെ വലയുകയാണ്. ആക്ഷേപങ്ങള്‍ നല്‍കാനുള്ള അപേക്ഷാഫോറങ്ങള്‍ ഗ്രാമപഞ്ചായത്തുകളില്‍നിന്നും ലഭിക്കുന്നില്ലെന്നും അനുഭവസ്ഥര്‍ പറയുന്നു. വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഫോറം നമ്പര്‍ സിയില്‍ അവസാന ഭാഗത്ത് സെന്‍സസിന്‍െറ ചോദ്യാവലി പൂരിപ്പിച്ച് വെക്കണമെന്ന് പറയുന്നുണ്ടെങ്കിലും മിക്ക പഞ്ചായത്തുകളിലും ഇതും കിട്ടാനില്ല. ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ സെന്‍സസ് കരട് ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കാന്‍ പരാതികളുമായി നിരവധിയാളുകള്‍ എത്തിയെങ്കിലും ഉത്തരവാദപ്പെട്ടവരാരും പരാതികള്‍ സ്വീകരിക്കുന്നില്ല.

മണ്ണ് നീക്കലിന് അനുമതി വേണം – ജില്ലാ വികസന സമിതി യോഗം

Posted: 28 Jun 2014 11:18 PM PDT

കണ്ണൂര്‍: ആയിക്കര മാപ്പിള ബേയിലെ മണ്ണ് മാറ്റാനുളള പ്രവൃത്തി അടിയന്തരമായി നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 4.86 ലക്ഷം ടണ്‍ മണ്ണ് നീക്കാന്‍ 6.6 കോടിയുടെ പ്രവൃത്തി ജനുവരി 28ന് ടെന്‍ഡര്‍ വിളിച്ചതായി ഹാര്‍ബര്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഒരു ടെന്‍ഡര്‍ മാത്രം ലഭിച്ചതിനാല്‍ റീടെന്‍ഡര്‍ ചെയ്യേണ്ടി വന്നു. 2014 മേയ് അഞ്ചിന് റീ ടെന്‍ഡര്‍ ചെയ്തു. പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ആയതിനാല്‍ ഇതിന് സര്‍ക്കാറിന്‍െറ അനുമതി വേണം. അനുമതി ലഭിച്ചാല്‍ 10 ദിവസത്തിനകം പ്രവൃത്തി തുടങ്ങാനാവുമെന്നും എക്സി. എന്‍ജിനീയര്‍ അറിയിച്ചു. സി. കൃഷ്ണന്‍ എം.എല്‍.എയാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. പ്രവൃത്തി എത്രയും വേഗം നടത്താനാവശ്യമായ ഇടപെടല്‍ വേണമെന്ന് എം.എല്‍.എമാരായ അഡ്വ. സണ്ണി ജോസഫ്, എ.പി. അബ്ദുല്ലക്കുട്ടി, കെ.കെ. നാരായണന്‍, ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിഷയം പ്രമേയമായി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളെയും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെയുണ്ടായ അക്രമങ്ങളെയും പ്രമേയത്തില്‍ അപലപിച്ചു. കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ കടല്‍ഭിത്തിയും ആവശ്യമായിടങ്ങളില്‍ പുലിമുട്ടും നിര്‍മിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന മാട്ടൂല്‍ പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണെന്ന് ടി.വി. രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മാട്ടൂല്‍ ഭാഗത്ത് പുലിമുട്ട് നിര്‍മിക്കാനുള്ള പ്രവൃത്തിക്ക് കഴിഞ്ഞവര്‍ഷം എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വടക്കേക്കളം, കൊട്ടിയൂര്‍ മേഖലയിലെ കൈവശ കൃഷിക്കാര്‍ ഭുരിതമനുഭവിക്കുന്നതായി അഡ്വ.സണ്ണി ജോസഫ് എം.എല്‍.എയും കൃഷി മന്ത്രിയുടെ പ്രതിനിധി കെ.പി. ചന്ദ്രന്‍ മാസ്റ്ററും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍, താല്‍ക്കാലികമായി നികുതി സ്വീകരിക്കാന്‍ ഉത്തരവുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പഴശ്ശി ഡാമിന്‍െറ ജലനിരപ്പ് 15 മീറ്ററായി താഴ്ത്തിയതിനെതിരെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. മണ്‍സൂണ്‍ കണക്കിലെടുത്ത് ഡാമിന്‍െറ സുരക്ഷിതത്വം പരിഗണിച്ചാണ് ഷട്ടര്‍ തുറന്നതെന്ന് പഴശ്ശി ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ അറിയിച്ചു. 21 മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ത്താമെന്നിരിക്കെ അതിലും കുറച്ചത് ശരിയായില്ലെന്ന് സണ്ണി ജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടി. മണലെടുക്കുന്നതിന് സഹായിക്കാനാണ് നടപടിയെന്ന് ആക്ഷേപമുള്ളതായി ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍ പറഞ്ഞു.ജില്ലയില്‍ കെട്ടിക്കിടക്കുന്ന ലാന്‍ഡ് ട്രൈബ്യൂണല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തണമെന്ന് എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ചില മേഖലകളില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരെ ലഭ്യമാകുന്നില്ലെന്ന് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകം അലവന്‍സ് നല്‍കി ഡോക്ടര്‍മാരെ നിയമിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.

ആരോഗ്യമേഖല: കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനം

Posted: 28 Jun 2014 11:15 PM PDT

പാലക്കാട്: ജില്ലയില്‍ കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങളും ഹോട്ടല്‍ പരിശോധനകളും കൂടുതല്‍ സജീവമാക്കണം. ആശുപത്രിയോട് ചേര്‍ന്ന കാന്‍റീനുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കണം. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയില്‍ ശുചീകരണ പരിപാടികളും പരിശോധനകളും മറ്റും നടത്തുന്നതായി ഡി.എം.ഒ ഡോ. കെ. വേണുഗോപാലന്‍ യോഗത്തില്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗം, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ എന്നിവരുടെ സഹകരണം ഇക്കാര്യത്തില്‍ ലഭിക്കുന്നു. ജില്ലയില്‍ രണ്ട് കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡി.എം.ഒ അറിയിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ജില്ലയില്‍ 94 ഡോക്ടര്‍മാരുടെ കുറവ് ഇപ്പോഴുണ്ട്. താല്‍ക്കാലികക്കാരായ 80 ഓളം പേര്‍ പെട്ടെന്ന് ജോലി ഒഴിവാക്കിയതാണ് ഈ ക്ഷാമത്തിന് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു.
ജില്ലയില്‍ നിന്ന് വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ പുറത്തേക്ക് പോയവരെ അടിയന്തരമായി തിരിച്ചുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച കാര്യം സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു.
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍-പദ്ധതി സംബന്ധിച്ച് അവലോകനം വേണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ആവശ്യപ്പെട്ടു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് ഇത് സംബന്ധിച്ച് യോഗം ചേരുന്നതായി പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട ആക്ട് നിലവില്‍ വന്നതിന് ശേഷം പഴയ നിയമം ഉപയോഗിച്ച് കോടതിയുടെ ഉത്തരവോടെ ജില്ലയില്‍ 126 നിലങ്ങള്‍ നികത്തിയതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ആര്‍.ഡി.ഒയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇത് നടന്നതെന്നും ഇപ്പോള്‍ ഇത്തരത്തില്‍ നികത്തലുകള്‍ നടക്കുന്നില്ലെന്നും കലക്ടര്‍ അറിയിച്ചു. നെല്‍പാടങ്ങള്‍ നികത്തല്‍, അട്ടപ്പാടിയിലെ കാര്‍ഷിക പ്രശ്നം, മണല്‍ വാരല്‍, കുളമ്പുരോഗം, പുലാമന്തോള്‍ പാലത്തിന് സമീപത്തെ ചെക്ഡാം നിര്‍മാണത്തിലെ അപാകത എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി നിലനിര്‍ത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ എം.എല്‍.എമാരായ സി.പി. മുഹമ്മദ്, എ.കെ. ബാലന്‍, വി.ടി. ബല്‍റാം, എന്‍. ഷംസുദ്ദീന്‍, കെ.എസ്. സലീഖ, വി. ചെന്താമരാക്ഷന്‍, എം. ഹംസ, കെ.വി. വിജയദാസ്, എം. ചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം, സുബൈദ ഇസ്ഹാക്ക്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവര്‍ പങ്കെടുത്തു.

ഇറാഖ് റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി

Posted: 28 Jun 2014 11:12 PM PDT

Image: 

ബാഗ്ദാദ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്ന ഇറാഖില്‍ സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി. റഷ്യ ഉപയോഗിച്ച സുഖോയ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇറാഖ് വാങ്ങിയത്. വിമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉപയോഗിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമതര്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ഇറാഖ് പുതിയ വിമാനങ്ങള്‍ വാങ്ങിയത്.

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇറാഖില്‍ ഐ.എസ്.ഐ.എസിന്‍െറ ആക്രമണം കൂടുതല്‍ രൂക്ഷമാണെന്നാണ് റിപോര്‍ട്ട്. നിരവധി പട്ടണങ്ങള്‍ ഇതിനകം വിമതരുടെ അധീനതയിലായിട്ടുണ്ട്. അതേസമയം, ഈ മാസം 11ന് വിമതര്‍ പിടിച്ചെടുത്ത തിക്രീത് തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.

ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി

Posted: 28 Jun 2014 11:00 PM PDT

Image: 

ചെന്നൈ: പോരൂരില്‍ നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. ഇരുപത്തഞ്ചോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയുടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്കോണത്തുനിന്നത്തെിയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ 75 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു. തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന സമാനമായ കെട്ടിടം 12 അടി ഭൂമിയിലേക്ക് താഴ്ന്ന് ചെരിഞ്ഞു നിലംപൊത്താറായി. പൊലീസും ഫയര്‍ഫോഴ്സുമടക്കം 400ഓളം രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയവരെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 മെട്രോ റെയില്‍ കോര്‍പറേഷനും പൊതുമരാമത്ത് വകുപ്പും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരണമെന്ന് ജയലളിത നിര്‍ദേശം നല്‍കി. അപകടത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജയലളിത നിര്‍ദേശം നല്‍കി. മന്ത്രി ടി.കെ.എം ചിന്നയ്യ റവന്യൂ അഡ്മിനിസ്ട്രേഷന്‍ കമീഷണര്‍ ടി.എസ് ശ്രീധര്‍, സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ്, കാഞ്ചീപുരം ജില്ലാ കലക്ടര്‍ കെ. ഭാസ്കരന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തുണ്ട്. കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ മുറിച്ചു മാറ്റി ആളുകളെ പുറത്തെടുക്കല്‍ ശ്രമകരമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം വേണ്ടിവരും. പ്രൈം സൃഷ്ടി ലിമിറ്റഡാണ് കെട്ടിടത്തിന്‍െറ ഉടമസ്ഥര്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP